ഹിന്ദുത്വ രാഷ്ട്രീയത്തെക്കുറിച്ച് പഠിക്കുമ്പോൾ പ്രത്യേകം കടന്നുപോകേണ്ട ഒന്നാണ് അതാത് കാലങ്ങളിൽ അവരുടെ നേതാക്കൾ എഴുതിയ കത്തുകൾ. വാച്യാർത്ഥത്തിൽ മാത്രമല്ല ആ കത്തുകൾ വായിക്കേണ്ടത്. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ എല്ലാ കാര്യങ്ങളും എന്ന പോലെ, അത് വ്യംഗാർത്ഥത്തിൽ കൂടി മനസ്സിലാക്കേണ്ടതുണ്ട്. കോഡ് വാക്കുകളിൽ കൂടിയല്ലെങ്കിലും അവർ ആഗ്രഹിക്കുന്നത് വളച്ചുകെട്ടിപ്പറയുന്നത് കൊണ്ട് ഒരു തരം ഡീ കോഡിംഗ് ആ രാഷ്ട്രീയ സന്ദേശങ്ങൾ ആവശ്യപ്പെടുന്നുണ്ട്. ഈ ശൈലി പെട്ടെന്നൊരു ദിവസം ആർജ്ജിതമായതല്ല. ഓരോ രാഷ്ട്രീയ പ്രസ്ഥാനത്തേയും മനസ്സിലാക്കാൻ അവരുടെ ശൈലി മനസ്സിലാക്കുക പ്രധാനമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. കാലങ്ങളിലൂടെ ഉരുത്തിരിഞ്ഞു വന്ന പദാവലികളും രൂപകങ്ങളും ഉപയോഗിച്ചുള്ള പ്രത്യേക തരത്തിലുള്ള വിനിമയ സമ്പ്രദായം ഓരോ രാഷ്ട്രീയ പാർട്ടികളും ആർജ്ജിച്ചെടുത്തിട്ടുണ്ട്.
ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഭാഷാശൈലി പ്രധാനമായും രൂപപ്പെടുത്തിയത് ബാൽ ഗംഗാധർ തിലക് ആണ്. തിലക് ഇന്നത്തെ അർത്ഥത്തിലുള്ള ഫാസിസ്റ്റ് ഹിന്ദുത്വരാഷ്ട്രീയത്തെ പിൻപറ്റിയിരുന്നില്ലെങ്കിലും അതിലേയ്ക്ക് നയിച്ച നവബ്രാഹ്മണിക പ്രസ്ഥാനത്തെ രാഷ്ട്രീയമായി സൃഷ്ടിച്ച വ്യക്തിയായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലുമാണ് നവബ്രാഹ്മണികതയും ദേശീയബോധവും സമീകരിച്ചുകൊണ്ട് ആധുനികമായ ഒരു ഭാഷാശൈലിക്ക് തിലക് രൂപം കൊടുക്കുന്നത്. പഴയ സ്മൃതി – ശ്രുതി പുരാണോക്തമായ ആവർത്തനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഒരു ബ്രാഹ്മണ ഭാവന ആയിരുന്നില്ല തിലകിന്റേത്. അത് ഭൂതത്തെ ഭാവിക്ക് നേരെ തിരിച്ചു വെച്ചു. ഭൂതകാലം ധാരാളമായി ഉപയോഗിക്കപ്പെട്ടെങ്കിലും അത് ഭൂതകാലത്തിന് വേണ്ടിയായിരുന്നില്ല. ബ്രാഹ്മണിസത്തിന്റെ നവഭാവി രൂപീകരണത്തിനാവശ്യമായ സമകാലികവൽക്കരണം ഭൂതത്തിന് നൽകപ്പെട്ടു. വരമൊഴിയ്ക്കുള്ളിലാണ് ഈ ശൈലി രൂപപ്പെടുന്നത്. ബ്രിട്ടീഷ് ഭരണത്തിന്റെ എവിഡൻസ് ആക്റ്റുകളെ കബളിപ്പിക്കുന്ന രീതിയിൽ വളച്ചുകെട്ടിയുള്ള പ്രകാശനം സാധ്യമാക്കാൻ വരമൊഴി വഴക്കങ്ങളെ തിലക് ഉപയോഗിച്ചു. തന്റെ പത്രാധിപത്യത്തിലുള്ള കേസരി വാരികയുടെ മുഖപ്രസംഗങ്ങൾ വഴിയും അതിലെഴുതിയ ലേഖനങ്ങൾ വഴിയുമാണ് ഈ വരമൊഴി ശൈലി പ്രധാനമായും തിലക് രൂപപ്പെടുത്തിയത്.
പിൽക്കാല ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പ്രധാനപ്പെട്ട ചരിത്രരൂപകമായി ശിവജിയെ വളർത്തിയെടുക്കുന്നതിൽ തിലക് ഗണ്യമായ പങ്കുവഹിച്ചത് ഇന്നത്തെ ചരിത്ര വിദ്യാർത്ഥികൾക്ക് സുവിദിതമാണ്. ശിവജിയുടെ മറാത്താ സാമ്രാജ്യത്തെ ഹിന്ദു സാമ്രാജ്യമായി (ഹിന്ദു പദ്പദ ഷാഹി) വിശേഷിപ്പിക്കാൻ പിൽക്കാലത്ത് സവർക്കർക്ക് വഴി വെട്ടിയത് തിലക് ആണ്. തന്റെ ബ്രിട്ടീഷ് വിരുദ്ധ മനോഭാവത്തെ ജനകീയ പ്രസ്ഥാനമാക്കാൻ ശിവജി ഉത്സവങ്ങൾ തിലകിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ടതൊക്കെ നമുക്കറിയാം. അതോടൊപ്പം ശിവജിയുടെ ജീവചരിത്രത്തിലെ വലിയ കറകളിലൊന്നിനെ തിലക് വെളുപ്പിച്ചെടുക്കുന്നത് തന്റെ തൂലികയിലൂടെയാണ്. ഡക്കാൻ രാജാവിന്റെ ദൂതനായി സന്ധി സംഭാഷണത്തിനെത്തിയ അഫ്സൽ ഖാനെ ശിവജി ചതിച്ചു കൊന്നത് അലപനീയമായ ഒരു പ്രവൃത്തിയായാണ് അതുവരെയുള്ള ചരിത്രകാരന്മാർ അസന്ദിഗ്ദ്ധമായി രേഖപ്പെടുത്തിയത്. എന്നാൽ അതിനെ ധീര പ്രവൃത്തിയായി തിലക് വ്യാഖ്യാനിച്ചു. രാജാക്കന്മാരേയും ദേവന്മാരേയും അവരുടെ പ്രവർത്തികളേയും വ്യാഖ്യാനിക്കേണ്ടത് സാധാരണ ജനങ്ങളുടെ നീതിബോധത്തിൽ നിന്നല്ല എന്നാണ് തിലക് വ്യാഖ്യാനിച്ചത്. എന്റെയും നിങ്ങളുടേയും നീതിബോധമല്ല, ചരിത്രനായകരിൽ പതിപ്പിക്കേണ്ടത് എന്നർത്ഥം. അവർക്ക് ആരേയും കൊല്ലാം, അവരുടെ നീതിബോധം അവർ നിർണ്ണയിക്കുന്നതാണ് എന്ന മട്ടിൽ സാധാരണ ജനതയുടെ ചരിത്രത്തിൽ നിന്നും വെട്ടിമാറ്റി നായക ചരിത്രം ഉണ്ടാക്കുകയാണ് തിലക് ചെയ്തത്.
ഈ നായക ചരിത്ര സങ്കല്പത്തിലേയ്ക്കാണ് ആധുനിക ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ നേതാക്കൾ ഒക്കെത്തന്നെ തങ്ങളെ കയറ്റി വെച്ചത്. ആദ്യം അതനുഷ്ഠിച്ചത് സവർക്കറാണ്. സവർക്കറുടെ ചരിത്രം നോക്കിയാൽ തന്റെ നീതി താൻ മാത്രം സൃഷ്ടിക്കുന്നതാണ് എന്ന ബോധ ചിത്രം വ്യക്തതയോടെ കാണാൻ കഴിയും. സവർക്കർ തിലകിന്റെ നവബ്രാഹ്മണ രാഷ്ട്രീയം പിന്തുടർന്ന് ഏതാണ്ട് 28 വയസ്സുവരെ ബ്രിട്ടീഷ് വിരുദ്ധനായിരുന്നു. എന്നാൽ ജയിലിലടക്കപ്പെട്ടതോടെ ബ്രിട്ടീഷ് അനുകൂലിയായി മാറുന്നു. ബ്രിട്ടീഷുകാർക്കെഴുതിയ മാപ്പപേക്ഷകളിലൂടെയാണ് ഈ മനംമാറ്റത്തെ സവർക്കർ പ്രതിപാദിക്കുന്നത്. തന്റെ രാഷ്ട്രീയമാറ്റത്തെ അതികഠിനമായ സ്വയം വിചാരണയിലൂടെയോ കുറ്റബോധത്തിലൂടെയോ അല്ല സവർക്കർ നിർവ്വഹിക്കുന്നത്. മറിച്ച് അതിന് വേണ്ട കുയുക്തികൾ സമാഹരിച്ചുകൊണ്ടാണ്. ആ കുയുക്തികൾക്കുള്ളിലൂടെ ബ്രിട്ടീഷ് അധികൃതർക്ക് തന്റെ മനംമാറ്റം വ്യക്തമാകുകയും ചെയ്യും. ഇത്തരം ഒരു ശൈലി, നേരും നെറിയും ജീവിതത്തിൽ നിന്ന് മാറ്റാൻ കഴിയാത്ത സാധാരണക്കാർക്ക് ആർജ്ജിക്കാൻ സാധ്യമല്ല. മറിച്ച് താൻ ഒരു ചരിത്ര പുരുഷനാണ്, തന്റെ നീതിശാസ്ത്രം താൻ നിർണ്ണയിക്കുന്നതാണ് എന്ന മട്ടിൽ ബ്രാഹ്മണ്യത്തിന്റെ എക്കാലത്തേയും സാംസ്കാരിക നിർമ്മിതികളെ സ്വാംശീകരിച്ച ഒരാൾക്ക് മാത്രമേ സാധ്യമാകൂ. തിലക് ശിവജിയെ സ്ഥാനീകരിക്കാൻ ശ്രമിച്ച ഒരിടത്തേയ്ക്കാണ് ഈ കത്തിടപാടുകൾ വഴി സവർക്കർ കയറിപ്പറ്റുന്നത്.
അടിയന്തിരാവസ്ഥക്കാലത്ത് ആർ എസ് എസിന്റെ സർ സംഘ് ചാലക് ആയ ബാലാ സാഹേബ് ദേവരസ് എഴുതിയ കത്തുകളും ഈ വെളിച്ചത്തിൽ വേണം വായിക്കാൻ. ഗാന്ധി വധത്തോടെ ഇന്ത്യൻ രാഷ്ട്രീയത്തിൽ നിന്ന് ഒലിച്ചു പോയ ആർ എസ് എസിന് രാജകീയമായി തിരിച്ചുവരാൻ കിട്ടിയ സുവർണ്ണാവസരമായിരുന്നു ഇന്ദിരാ ഗാന്ധിയുടെ ഹിമാലയൻ അബദ്ധം എന്ന് വിശേഷിപ്പിക്കാവുന്ന അടിയന്തിരാവസ്ഥ. സ്വാതന്ത്ര്യത്തിന്റെ നാളുകളിൽ തങ്ങളുടെ ഏറ്റവും വലിയ എതിരാളികളിൽ ഒരാളായിരുന്ന ജയപ്രകാശ് നാരായണന്റെ തോളിൽ കയറിയിരുന്നാണ് ആ തിരിച്ചു വരവ് സംഭവിച്ചത് എന്നത് മറ്റൊരു വിപര്യയം. 1948 ഫെബ്രുവരി 4 ന് ഗാന്ധി വധത്തിന്റെ പശ്ചാത്തലത്തിൽ ആർ എസ് എസിനെ നിരോധിച്ച് അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന സർദാർ പട്ടേൽ കമ്യൂണിക്കേ പുറപ്പെടുവിച്ച പോലെ 1975 ജൂലൈ 5ന് ഇന്ദിരാഗാന്ധിയും ആർ എസ് എസിനെ നിരോധിച്ചു കൊണ്ടുള്ള കമ്യൂണിക്കേ പുറപ്പെടുവിക്കുന്നുണ്ട്. സർദാർ പട്ടേലിന്റെ ഉത്തരവിന് പിന്നാലെ ആർ എസ് എസിന്റെ അന്നത്തെ സർ സംഘ് ചാലക് ആയിരുന്ന എം.എസ് ഗോൾവാൾക്കർ അറസ്റ്റിലായ പോലെ ഇന്ദിരാഗാന്ധിയുടെ ഉത്തരവിനെ തുടർന്ന് അക്കാലത്തെ ആർ എസ് എസിന്റെ സർ സംഘ് ചാലക് ആയ ദേവരസും അറസ്റ്റിലാകുന്നു, ഗോൾവാൾക്കർ അറസ്റ്റിലായ കാലത്ത് പട്ടേലിന് കത്തെഴുതുന്നുണ്ട്. മനം മാറ്റത്തിന് വിധേയമായ സവർക്കർ പ്രയോഗിച്ച മട്ടിൽ അതേ കുയുക്തികൾ പുതിയ സന്ദർഭത്തിന് അനുയോജ്യമായി ഗോൾവാൾക്കറും ഉപയോഗിക്കുന്നത് കാണാം. അതു വരെ ത്രിവർണ്ണ പതാകയേയോ ഇന്ത്യൻ ഭരണഘടനാ നിർമ്മാണത്തേയോ അങ്ങേയറ്റം എതിർത്തിരുന്ന ഗോൾവാൾക്കർ തകിടം മറിഞ്ഞ് അവയെ അനുകൂലിക്കാൻ നിർബന്ധിതനാകുന്നു. എന്നാൽ അതിനെ പ്രകടിപ്പിക്കുന്നതാകട്ടെ കുയുക്തി നിറഞ്ഞ ഭാഷാശൈലിയിലൂടെയും.
ഇന്നും ഗാന്ധിവധത്തെ പരസ്യമായി ആർ എസ് എസ് അനുകൂലിക്കുന്നില്ല. അതേ സമയം ഗാന്ധിവധത്തിലെ പ്രതികൾ ജയിൽ വിമുക്തരായ സന്ദർഭത്തിൽ അവർക്ക് സ്വീകരണം നൽകാൻ മുന്നിട്ടിറങ്ങിയത് ആർ എസ് എസ് നേതാവായ അഭയങ്കർ അടക്കമുള്ളവർ ആണ്. ഗോഡ്സേയെ പ്രകീർത്തിക്കുന്ന ഹിന്ദുത്വ രാഷ്ട്രീയ വക്താക്കളെ പാർലിമെന്റിൽ എത്തിക്കാൻ അവർ മടിക്കുന്നില്ല. ഗാന്ധി ആത്മഹത്യ ചെയ്തതാണ് എന്ന മട്ടിൽ സിലബസ്സുകളിൽ ചരിത്രം വളച്ചൊടിക്കാൻ നടത്തുന്ന ശ്രമങ്ങളെയും നാം കാണുന്നു. ഹിന്ദുത്വ ശക്തികൾ അധികാരത്തിൽ വന്ന കാല ത്തൊക്കെ ആർക്കൈവൽ രേഖകൾ തിരുത്താനും നശിപ്പിക്കാനും നടത്തുന്ന ശ്രമങ്ങൾ നിരന്തരമായി നാം കണ്ടുകൊണ്ടിരിക്കുന്നു.
അടിയന്തിരാവസ്ഥയിലെ ആർ എസ് എസ് പ്രവർത്തനത്തേയും ഇതിന് സമാന്തരമായി കാണാം. ആർ എസ് എസ് ഇന്ന് ഏറ്റവും കൂടുതൽ ഉയർത്തിപ്പിടിക്കുന്ന പൊൻ തൂവൽ അടിയന്തിരാവസ്ഥയ്ക്കെതിരെ അവർ നടത്തിയ ‘ആവേശകരമായ’ ചെറുത്തു നില്പിനെയാണ്. ഈയടുത്ത കാലത്ത് പോലും ആർ എസ് എസ് പ്രഖ്യാപനദിനത്തെ സംവിധാൻ ഹത്യാദിനമായി പുനർ നാമകരണം ചെയ്യാൻ മോഡി ഗവണ്മെന്റ് ശ്രമിക്കുകയുണ്ടായി. ഈയൊരു പശ്ചാത്തലത്തിലാണ് ദേവറസ് ജയിലിൽ നിന്നെഴുതിയ ഈ കത്തുകളുടെ പ്രസിദ്ധീകരണം പ്രസക്തമാകുന്നത്. എങ്ങനെയാണോ തടവിലായ ഗോൾവാൾക്കർ കാവിക്കൊടി വാദം മാറ്റി വെച്ച് ത്രിവർണ്ണ പതാകയെ അംഗീകരിക്കാൻ മുതിർന്നത്, അതേ മട്ടിലാണ് ദേവരസ് അടിയന്തിരാവസ്ഥയോടുള്ള എതിർപ്പ് മാറ്റിവെച്ച് അതിനെ അനുകൂലിക്കാൻ തയ്യാറാകുന്നത്.
സവർക്കറേയും ഗോൾവാൾക്കറേയും പിൻപറ്റി എഴുതുന്ന ഈ കത്തുകളുടെ സാധാരണ വായനയിൽ നിന്നു തന്നെ അത് ഉൾക്കൊള്ളുന്ന സന്ദേശം ഡീകോഡ് ചെയ്തെടുക്കുക എളുപ്പമാണ്. അതുവരെ പിന്തുടർന്ന പ്രവർത്തനങ്ങളെ മുഴുവൻ തള്ളിപ്പറഞ്ഞ് ഇന്ദിരാഗാന്ധിയ്ക്ക് നേരെ ഹസ്തദാനത്തിനായി കൈ നീട്ടുകയാണ് ദേവരസ് ചെയ്യുന്നത്. അതോടൊപ്പം തന്നെ ന്യൂനപക്ഷങ്ങൾക്കെതിരെ ആ സംഘടന പുലർത്തിവരുന്ന വെറുപ്പും അറപ്പും പോലും മൂടിവെയ്ക്കാനുള്ള വിഫലശ്രമങ്ങളും ഹിന്ദുത്വത്തിന്റെ വളച്ചു കെട്ടിയ ഭാഷാശൈലിയിലൂടെ ദേവരസ് വെളിവാക്കുന്നു. അതിനായി ആർ എസ് എസിന്റെ പാഠപുസ്തകങ്ങളായ ഗോൾവാൾക്കറിന്റെ ഗ്രന്ഥങ്ങളെ വരെ സാഹചര്യത്തിന്റെ സൃഷ്ടി മാത്രമായി ദേവരസ് വിശേഷിപ്പിക്കുന്നു. സവർക്കറുടെ മാപ്പപേക്ഷകൾക്ക് സമാനമായി വായിക്കേണ്ട ഒന്നാണ് സാമാന്യാർത്ഥത്തിൽ മാപ്പപേക്ഷകൾ അല്ലെങ്കിൽ പോലും ഈ കത്തുകൾ.
ഇപ്പോൾ നൂറായിരം സാമൂഹ്യ മാധ്യമ ജാലകങ്ങളിലൂടെയും ന്യൂനപക്ഷ വെറുപ്പും അടിയന്തിരാവസ്ഥാ വിരുദ്ധപ്പോരാട്ടത്തിന്റെ സാഹസിക കഥകളും അയവിറക്കുന്ന സ്വയം സേവകർക്ക് മുന്നിൽ ഈ കത്തുകളെ അവതരിപ്പിക്കുന്നത് യഥാർത്ഥ പ്രതിരോധ സമരത്തിന്റെ വലിയ ഒരു ചുവടുവെയ്പായി നാം കാണണം. സവർക്കറുടേയും ഗോൾവാൾക്കറിന്റേയും കുപ്പായമിടുക വഴി തങ്ങളുടെ നുണനിർഭരമായ രാഷ്ട്രീയത്തെ സ്വയം നിർവ്വചിത നൈതികത കൊണ്ട് മൂടിവെയ്ക്കാനാണ് ദേവരസും ശ്രമിക്കുന്നത്. തങ്ങൾ നിർവ്വചിക്കുന്നതാണ് നൈതികത എന്ന കുപ്പായം യഥാർത്ഥത്തിൽ ഭീരുത്വത്തിന്റെ രാഷ്ട്രീയ പ്രകടനം മാത്രമാണ് എന്ന് മനസ്സിലാക്കാൻ ഇനിയും അമാന്തിച്ചു കൂടാ. തന്റെ ജീവിത സായാഹ്നത്തിൽ ഹിന്ദുത്വ ഫാസിസത്തിന്റെ സാംസ്കാരിക പൊയ്മുഖത്തെ പൊളിച്ചു മാറ്റി അതിന്റെ യഥാർത്ഥ ഫാസിസ്റ്റ് രൂപം വെളിപ്പെടുത്താൻ നിരന്തരം പരിശ്രമിച്ച ടി.എൻ.ജോയിയുടെ ഓർമ്മക്കായി ഈ കത്തുകൾ പ്രസിദ്ധീകരിക്കാൻ മുൻകൈ എടുത്ത ജോയ് സ്മാരക ട്രസ്റ്റിനെ അഭിനന്ദിക്കാൻ ഈ സന്ദർഭം വിനിയോഗിക്കട്ടെ. ഇത് മലയാളത്തിലേയ്ക്ക് സുതാര്യമായ വിധം വിവർത്തനം ചെയ്ത മൈത്രിയേയും, ഈ കത്തുകൾ വെളിച്ചത്ത് കൊണ്ടുവന്ന, ഈയിടെ നമ്മെ വിട്ടുപിരിഞ്ഞ മഹാനായ ഫാസിസ്റ്റ് വിരുദ്ധ പോരാളി എ. ജി. നൂറാനിയേയും ഈ സന്ദർഭത്തിൽ ഓർക്കട്ടെ.
(‘ഹിന്ദുത്വ നേതാക്കളും കത്തെഴുത്തിന്റെ രാഷ്ട്രീയവും’ എന്ന പുസ്തത്തിന് പി.എൻ ഗോപീകൃഷ്ണൻ എഴുതിയ ആമുഖം. വിവർത്തനം – ഡോ.മൈത്രി പി.യു, പ്രസാധനം: ടി.എൻ ജോയ് ഫൗണ്ടേഷൻ, കൊടുങ്ങല്ലൂർ, തൃശൂർ)