Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


പണ്ടാരംഭൂമി: ഒരു കൊളോണിയൽ ലേബലിന്റെ ചരിത്രം
ലക്ഷദ്വീപിലെ ഭൂമിത്തർക്കം മനസ്സിലാക്കണമെങ്കിൽ ആദ്യം ‘പണ്ടാരംഭൂമി’ എന്നവാക്കിന്റെ ചരിത്രം അറിയണം. ദ്വീപുകാരുടെ കിടപ്പാടം പിടിച്ചെടുക്കാൻ ഭരണകൂടം ഉപയോഗിക്കുന്ന ഏക ആയുധം ആ ഒറ്റവാക്കാണ്. 1600കളുടെ മധ്യത്തിൽ അറയ്ക്കൽ രാജകുടുംബത്തിന്റെ ഭരണകാലത്താണ് ‘പണ്ടാരംഭൂമി’ എന്ന സങ്കൽപ്പം പിറക്കുന്നത്. ദ്വീപുകളിൽ ഒഴിഞ്ഞുകിടന്ന ഭൂമിരാജവംശം പിടിച്ചെടുത്തു; പിന്നെ, നൂറ്റാണ്ടുകളായി അവിടെ ജീവിച്ചുപോന്ന ദ്വീപുകാർക്കുതന്നെ കൃഷിക്കായി കരാർ അടിസ്ഥാനത്തിൽ തിരികെ നൽകി, കൗൾദാർ (പാട്ടക്കാരൻ) എന്ന പേരിൽ. ഭൂമി ദ്വീപുകാരുടേതുതന്നെ; കടലാസിൽ മാത്രം അത് മറ്റാരുടെയോ ആയിമാറി. മൂന്നര നൂറ്റാണ്ട് കഴിഞ്ഞ് ഒഴിപ്പിക്കൽ നോട്ടീസായി തിരിച്ചുവരുന്നത് ആ കടലാസാണ്.
ബ്രിട്ടീഷുകാർ ഈ വ്യവസ്ഥ പൊളിച്ചില്ല, ഭദ്രമാക്കി. 1878 മുതൽ ‘കൗൾ’ (Cowle) പാട്ടവ്യവസ്ഥ ഔപചാരികമാക്കി — ഉടമസ്ഥാവകാശം സർക്കാരിൽ നിലനിർത്തി, ഉപയോഗം മാത്രം ദ്വീപുകാരന്. 1887ൽ കവരത്തി, അഗത്തി, ആന്ത്രോത്ത്, കൽപ്പേനി, മിനിക്കോയ്ത തുടങ്ങിയ തെക്കൻ (ലാക്കാദിവ്) ദ്വീപുകളിലെ നിവാസികളും പ്രാദേശിക ആമീനും തമ്മിൽ നാൽപ്പത് വർഷത്തെ പാട്ടക്കരാറുകൾ ഒപ്പിട്ടു; 1874ലെ Scheduled Districts Act പ്രകാരം 1889ൽ ലക്ഷദ്വീപ് ‘പട്ടികജില്ല’യായി. ആ പാട്ടക്കാലാവധി 1926ൽ കാലഹരണപ്പെട്ടു — എന്നിട്ടും ഒരൊറ്റ കൗൾദാറിനെയും പുറത്താക്കിയില്ല. അവർ തടസ്സമില്ലാതെ കൈവശംവെച്ചു, തെങ്ങുനട്ടു, വീടുവെച്ചു, മക്കൾക്ക് കൈമാറി. ബ്രിട്ടീഷുകാർ പോലും തൊടാൻ മെനക്കെടാത്ത ഈ കൈവശാവകാശമാണ് ഒരുനൂറ്റാണ്ടിന് ശേഷം സ്വതന്ത്ര ഇന്ത്യയിലെ ഒരു അഡ്മിനിസ്ട്രേറ്റർ ഒരു വിജ്ഞാപനം കൊണ്ട് ഇല്ലാതാക്കാൻ ശ്രമിച്ചത്.
വടക്കൻ (അമിനിദിവി) ദ്വീപുകളുടെ കഥ വേറെയാണ്. ഏകദേശം 1787 മുതൽ 1799 വരെ അമിനി, കടമത്ത്, കിൽത്താൻ, ചേത്ലത്ത്, ബിത്ര എന്നീ അഞ്ച് ദ്വീപുകൾ ടിപ്പുസുൽത്താന്റെ ഭരണത്തിലായിരുന്നു; ആകാലയളവിൽ ദർകാസ് ഭൂമി എന്ന പേരിൽ ജനങ്ങൾക്ക് ഉടമസ്ഥാവകാശം തന്നെ നൽകി. അതുകൊണ്ട് അവിടെ പണ്ടാരംഭൂമിയില്ല. കഴിവോ അധ്വാനമോ കാലപ്പഴക്കമോ അല്ല ഈ വ്യത്യാസം തീരുമാനിച്ചത് — രണ്ടരനൂറ്റാണ്ട് മുമ്പ് ആരുടെ പട്ടാളം ദ്വീപിൽ കാലുകുത്തി എന്നത് മാത്രം. ഈ യാദൃച്ഛികതയെയാണ് ഇന്ന് ഭരണകൂടം ‘സർക്കാർഭൂമി’ എന്ന അവകാശവാദമാക്കി മാറ്റുന്നത്.


നിർണായകമായ ഒരാഴ്ച്ച
2026 ആഗസ്റ്റ് അഞ്ച്. കേരള ഹൈക്കോടതിയിൽ നിന്ന് ലക്ഷദ്വീപ് കാത്തിരുന്ന വിധിവന്നു. 2023 മുതൽ 2025 വരെ ഫയൽ ചെയ്യപ്പെട്ട നാൽപതിലധികം റിട്ട് ഹർജികൾ ഒരുമിച്ച് പരിഗണിച്ച ജസ്റ്റിസ് ടി.ആർ രവി, ദ്വീപുവാസികൾക്ക് അനുകൂലമായ വിധി (2026:KER:59671) പുറപ്പെടുവിച്ചു. “ലക്ഷദ്വീപിലെ തദ്ദേശീയർ കൈവശം വെച്ചിരുന്ന ഭൂമിയിന്മേലുള്ള അവകാശമാണ് ഈ കേസുകളിലെല്ലാം അടിസ്ഥാന പ്രശ്നം” എന്ന വിധിയുടെ രണ്ടാം ഖണ്ഡികയിൽത്തന്നെ ജഡ്ജി എഴുതിവെക്കുന്നുണ്ട്. പണ്ടാരഭൂമി കൈവശംവെച്ചിരുന്ന ദ്വീപുവാസികളെ, ഭൂമിക്ക് പകരം അതിന്മേലുള്ള നിർമ്മിതികൾക്ക് മാത്രം കാശുകൊടുത്ത് ഒഴിപ്പിക്കാൻ ശ്രമം നടത്തിയ ഭരണകൂട നീക്കത്തെ കോടതി പൂർണമായി തള്ളി.
ആ വിധിക്ക് കൃത്യം ഒരാഴ്ചമുമ്പ്, ജൂലൈ 28ന് രാഷ്ട്രപതി ദ്രൗപദി മുർമു മറ്റൊരു നിയമത്തിൽ ഒപ്പുവെച്ചിരുന്നു — ‘ദ ലക്ഷദ്വീപ് ടൗൺ ആൻഡ് കൺട്രി പ്ലാനിംഗ് ആൻഡ് ഡവലപ്‌മെന്റ് റെഗുലേഷൻ, 2026’. ഇവിടെയാണ് കാര്യം കിടക്കുന്നത്. ഹൈക്കോടതി ഭരണഘടനാ വിരുദ്ധമെന്ന് പ്രഖ്യാപിച്ച 2023ലെ ഭൂനികുതി ചട്ടഭേദഗതി ഏത് അധികാരമുപയോഗിച്ചാണോ സർക്കാർ നടപ്പിലാക്കിയത്, അതേ അധികാരം — ഭരണഘടനയുടെ അനുഛേദം 240 — ഉപയോഗിച്ചു തന്നെയാണ് ആ വിധിയെ പ്രായോഗികമായി മറികടക്കാവുന്ന പുതിയൊരു നിയമവും ഉണ്ടാക്കിയിരിക്കുന്നത്. അതും, ലക്ഷദ്വീപിലെ ഭൂമിയുമായി ബന്ധപ്പെട്ട ഒരു പ്രമാദമായ കേസ് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ. വെറും ഏഴ് ദിവത്തിന്റെ ഇടവേളയിൽ നടന്ന ഈ രണ്ട് സംഭവങ്ങളും യാദൃച്ഛികമായി കാണാൻ ഒരു ദ്വീപുകാരനും സാധിക്കില്ല. കോടതി ഒരു വാതിൽ അടച്ചപ്പോൾ, അതേ ആഴ്ചയിൽത്തന്നെ ഭരണകൂടം അടുത്ത വാതിൽ തുറന്നുവെച്ചു എന്നതാണ് വസ്തുത.
കോടതിവിധി
1965ലെ ഭൂനികുതി – കുടിയാൻ ചട്ടം നിലവിൽ വരുമ്പോൾ പണ്ടാരഭൂമി കൈവശം വെച്ചിരുന്ന കൗൾദാർമാരെ ചട്ടത്തിലെ 2(n) വകുപ്പ് പ്രകാരമുള്ള ഭൂവുടമ (landowner) ആയിത്തന്നെ കാണണം. കൈവശാവകാശ സർട്ടിഫിക്കറ്റ് കയ്യിലില്ലെങ്കിൽപ്പോലും, നിയമപ്രകാരമുള്ള അധികാരമില്ലാതെ ഇവരെ ഭൂമിയിൽ നിന്ന് ഒഴിപ്പിക്കാനാവില്ല എന്നതാണ് വിധിയുടെ കാതൽ.
നിർമ്മിതികൾക്ക് മാത്രം നഷ്ടപരിഹാരം കൊടുത്ത് ഭൂമി തിരിച്ചുപിടിക്കാൻ ശ്രമിച്ച ഇരുപതിലധികം ഉത്തരവുകൾ — 2023 നവംബർ മുതൽ 2025 ഓഗസ്റ്റ് വരെയുള്ളവ — കോടതി റദ്ദാക്കി. ആറുമാസത്തിനകം കൗൾദാർമാർക്കും അവരുടെ അവകാശികൾക്കും കൈവശാവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും, ബാക്കിയുള്ളവർക്ക് എട്ടുമാസത്തിനകം അത് നൽകണമെന്നും അഡ്മിനിസ്‌ട്രേറ്ററോട് കോടതി ആവശ്യപ്പെട്ടു.
25.10.2023ന് വിജ്ഞാപനം ചെയ്ത ലക്കാദിവ്, മിനിക്കോയ്, അമിനിദിവി ദ്വീപുകളുടെ ഭൂനികുതി-കുടിയാൻ (ഭേദഗതി) ചട്ടം കോടതി മുഴുവനായി ഭരണഘടനാവിരുദ്ധമെന്ന് പ്രഖ്യാപിച്ചു. പട്ടികവർഗ ദ്വീപുവാസികൾക്ക് പണ്ടാരഭൂമി കൈമാറാൻ പ്രത്യേക സംരക്ഷണം നൽകിയിരുന്ന 1965 ചട്ടത്തിലെ 15എ വകുപ്പ് നീക്കംചെയ്തത് ഈ ഭേദഗതിയിലൂടെയായിരുന്നു.


15എ വകുപ്പ്: കൊടുത്തതും തിരിച്ചെടുത്തതും
15എ വകുപ്പിന്റെ കഥ വിധിയിൽ വിശദമായി പ്രതിപാദിക്കുന്നുണ്ട്. 2019 ഓഗസ്റ്റിൽ ചേർന്ന ദേശീയ പട്ടികവർഗ കമ്മീഷന്റെ (NCST) 118-ാം യോഗത്തിൽ ഈ വിഷയം അജണ്ടയായി വന്നു. കൈവശാവകാശ അപേക്ഷകൾ വർഷങ്ങളായി തീർപ്പുകൽപ്പിക്കാതെ കിടക്കുന്നതുകൊണ്ട് പട്ടികവർഗക്കാരായ പണ്ടാരഭൂമി കൈവശക്കാർക്ക് നിയമപരമായ അവകാശം നിഷേധിക്കപ്പെടുന്നു എന്നായിരുന്നു യോഗത്തിനുമുന്നിൽ വെച്ച കുറിപ്പിന്റെ ഉള്ളടക്കം. ഈ കൂടിയാലോചനയുടെ ബലത്തിലാണ് 2020ൽ 15എ വകുപ്പ് ചട്ടത്തിൽ കൂട്ടിച്ചേർത്തത് — 2019 ഡിസംബർ 31നകം കൗൾദാർമാരിൽനിന്നോ അലോട്ടികളിൽനിന്നോ പട്ടികവർഗ ദ്വീപുവാസികൾക്ക് കൈമാറ്റം ചെയ്യപ്പെട്ട പണ്ടാരഭൂമി സാധുവായ കൈമാറ്റമായി കണക്കാക്കണം, അത്തരക്കാർക്ക് കൈവശാവകാശം നൽകണം തുടങ്ങിയ നിർദേശങ്ങളാണ് ചട്ടം 15എയിലൂടെ സർക്കാർ പ്രാബല്യത്തിൽ കൊണ്ടുവന്നത്.
മൂന്ന് വർഷത്തിന് ശേഷം, 2023ൽ, ഈ വകുപ്പ് ഒരു കാരണവും പറയാതെ എടുത്തുകളഞ്ഞു.
ഭരണഘടനയുടെ അനുഛേദം 338A(9) പ്രകാരം, പട്ടികവർഗക്കാരെ ബാധിക്കുന്ന സുപ്രധാന നയപരമായ വിഷയങ്ങളിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ NCSTയുമായി കൂടിയാലോചിക്കേണ്ടത് നിർബന്ധമാണ്. 2020ൽ 15എ കൂട്ടിച്ചേർക്കാൻ കൂടിയാലോചിച്ച അതേ ഭരണകൂടം, അത് പിൻവലിക്കുമ്പോൾ ആ ബാധ്യത “മറന്നുപോയി”. കൊടുക്കുമ്പോൾ ഓർമ്മയുണ്ടായിരുന്ന നിയമം തിരിച്ചെടുക്കുമ്പോൾ മറന്നുപോകുന്നത് മറവിയല്ല, മറിച്ച് “ഏകപക്ഷീയത പ്രകടമാക്കുന്നു” എന്നാണ് കോടതി അഭിപ്രായപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തിൽ 2023ലെ ഭേദഗതി മൊത്തത്തിൽ ഭരണഘടനാവിരുദ്ധമെന്ന് കോടതി പ്രഖ്യാപിച്ചു.
അഞ്ചാം പട്ടിക ബാധകമല്ല: വിധിയിലെ യഥാർത്ഥ പ്രഹരം
ഇതാണ് ഒരുപക്ഷേ വിധിയിലെ ഏറ്റവും ഗൗരവമുള്ള ഭാഗം. ഭരണഘടനയുടെ അഞ്ചാംപട്ടിക (Fifth Schedule) പ്രകാരമുള്ള ‘പട്ടികപ്രദേശം’ (Scheduled Area) ആണോ ലക്ഷദ്വീപ് എന്ന ചോദ്യത്തിൽ കോടതി പൂർണമായി അംഗീകരിച്ചത് ഭരണകൂടത്തിന്റെ വാദമാണ്. 1950ൽ മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്നപ്പോൾ പട്ടിക പ്രദേശമായി പ്രഖ്യാപിക്കപ്പെട്ടിരുന്നെങ്കിലും, 1956ൽ പ്രത്യേക കേന്ദ്രഭരണ പ്രദേശമായതോടെയും അനുഛേദം 240 പ്രകാരം രാഷ്ട്രപതി നേരിട്ട് ഭരിക്കുന്ന പ്രദേശമായതോടെയും അഞ്ചാം പട്ടികയുടെ പരിരക്ഷ ബാധകമല്ലാതായി എന്ന് കോടതി കണ്ടെത്തി — അഞ്ചാം പട്ടിക ‘സംസ്ഥാന’ങ്ങൾക്ക് മാത്രമുള്ളതാണ്, കേന്ദ്രഭരണ പ്രദേശമായി മാറിയതോടെ ലക്ഷദ്വീപ് അതിന് പുറത്തായി എന്നതാണ് വിലയിരുത്തൽ.
സാങ്കേതികമായ ഒരു നിയമവ്യാഖ്യാനം മാത്രമായി തോന്നാം. പക്ഷേ, ഇതിന്റെ ഫലം ദ്വീപുകാരെ സംബന്ധിച്ചിടത്തോളം കനത്തതാണ്. അഞ്ചാംപട്ടിക ബാധകമായ പ്രദേശങ്ങളിൽ ഗോത്രവർഗക്കാരല്ലാത്തവർക്ക് ഭൂമി കൈമാറ്റം ചെയ്യുന്നത് നിയന്ത്രിക്കാം; PESA (പഞ്ചായത്ത് പട്ടികപ്രദേശ വ്യാപന നിയമം) പ്രകാരം ഭൂമി ഏറ്റെടുക്കുന്നതിനുമുമ്പ് ഗ്രാമസഭയുടെ അഭിപ്രായം നിർബന്ധമായും തേടണം; ഗവർണർക്ക് കേന്ദ്ര-സംസ്ഥാന നിയമങ്ങൾ പട്ടികപ്രദേശത്ത് പ്രത്യേകം പരിഷ്കരിച്ച് മാത്രമേ നടപ്പാക്കാനാവൂ.
ഇവയെല്ലാം ഭൂമി കൈമാറ്റത്തിന് മുമ്പുതന്നെ സ്വയം പ്രവർത്തിക്കുന്ന തടസ്സങ്ങളാണ് — ആരും കോടതിയിൽ പോയി തെളിയിക്കേണ്ട ആവശ്യമില്ലാതെ നിലനിൽക്കുന്നവ. ലക്ഷദ്വീപ് അഞ്ചാംപട്ടികയ്ക്ക് പുറത്താണെന്ന ഈ കണ്ടെത്തൽ നിലനിൽക്കുകയാണെങ്കിൽ, ഈ മുൻകൂർ സംരക്ഷണങ്ങളെല്ലാം ഇല്ലാതാകും.
കോടതി ഇങ്ങനെയൊരു വിധി പ്രസ്താവിച്ചെങ്കിലും ദ്വീപുകാർ ഉയർത്തുന്ന ചോദ്യങ്ങൾക്ക് ഉത്തരം ഇനിയും ബാക്കിയാണ്:
● അഞ്ചാം പട്ടിക പ്രകാരമുള്ള സ്ഥലങ്ങളിൽ മാത്രമുള്ള പ്രവേശന നിയന്ത്രണ (എൻട്രി റെസ്ട്രിക്ഷൻ) നിയമങ്ങൾ ലക്ഷദ്വീപിൽ ഇന്നും നിലനിൽക്കുന്നതെന്തുകൊണ്ടാണ്?
● ലക്ഷദ്വീപ് ഹൗസ് റെഗുലേഷൻ നിലനിൽക്കുന്നതെന്തുകൊണ്ടാണ്?
● പാർലമെന്റ് പാസാക്കുന്ന നിയമങ്ങൾ അഡ്മിനിസ്ട്രേറ്റർ ഗസറ്റിൽ പരസ്യപ്പെടുത്താതെ പ്രാബല്യത്തിൽ വരാത്തതിന്റെ കാരണം എന്താണ്?
ഇന്ത്യയിലെ ആദിവാസി-പട്ടികവർഗക്കാരുടെ ജീവിതനിലവാരത്തെക്കുറിച്ച് പഠിക്കാൻ നിയമിച്ച XAXA കമ്മിറ്റി റിപ്പോർട്ട് പ്രകാരം രാജ്യത്ത് ഏറ്റവും ഉയർന്ന അനുപാതത്തിൽ പട്ടികവർഗക്കാർ അധിവസിക്കുന്ന പ്രദേശങ്ങളിലൊന്നാണ് ലക്ഷദ്വീപ്. ആ ജനതയ്ക്ക് അഞ്ചാംപട്ടിക പോലുള്ള ഭരണഘടനാ സംരക്ഷണം ഇല്ല എന്ന ഒരു വിധി ഒരു ഹൈക്കോടതിയിൽ നിന്ന് ഉണ്ടാവുന്നത് വേദനാജനകം മാത്രമല്ല, ആശങ്കാജനകവുമാണ്.
ഇത്തരമൊരു വിധിക്കുശേഷം ബാക്കിയാവുന്നത് അനുഛേദം 338A(9) — NCSTയുമായി കൂടിയാലോചിക്കണം എന്ന നിബന്ധന — മാത്രമാണ്. അതാവട്ടെ, ഒരു നടപടിക്രമം മാത്രമാണ്; ഗ്രാമസഭയുടെയോ NCSTയുടെയോ വീറ്റോ അധികാരമല്ല. ‘സുപ്രധാന നയപരമായ വിഷയം’ ആണോ അല്ലയോ എന്ന് തർക്കിക്കാം; കൂടിയാലോചന നടന്നുവെന്ന് കാണിക്കാൻ ഒരു യോഗക്കുറിപ്പ് മതി; അഭിപ്രായം അംഗീകരിക്കണമെന്ന് നിർബന്ധവുമില്ല. ലംഘനം തെളിയിക്കാൻ ഇരയായവർതന്നെ കോടതി കയറി വർഷങ്ങളോളം കാത്തിരിക്കണം — 2023ലെ ഭേദഗതി മുതൽ ഈ വിധിവരെ ഏകദേശം മൂന്നുവർഷമെടുത്തു, അതിനിടയിൽ ഒഴിപ്പിക്കൽ നോട്ടീസുകളും സർവേകളും മുടങ്ങാതെ തുടർന്നു.
ചുരുക്കത്തിൽ, സ്വന്തം കിടപ്പാടം സംരക്ഷിക്കാൻ വീണ്ടുമൊരു നീണ്ട നിയമയുദ്ധം കൂടി ദ്വീപുകാർ നടത്തേണ്ടിവരും.


അനുഛേദം 240: നിയമസഭയില്ലാത്ത നാട്ടിലെ ‘രാഷ്ട്രപതി നിയമങ്ങൾ’
ലക്ഷദ്വീപിന് സ്വന്തമായി നിയമസഭയില്ല. അനുഛേദം 240(1)(ബി) പ്രകാരം, നിയമസഭയില്ലാത്ത കേന്ദ്രഭരണപ്രദേശങ്ങളിൽ ‘സമാധാനം, പുരോഗതി, നല്ലഭരണം’ എന്നിവയ്ക്കായി രാഷ്ട്രപതിക്ക് നേരിട്ട് റെഗുലേഷനുകൾ പുറപ്പെടുവിക്കാം. 1965ലെ ചട്ടംതന്നെ ഈ അധികാരമുപയോഗിച്ചാണ് വന്നതെന്നും, ഒരു കേന്ദ്രഭരണപ്രദേശം രൂപീകരിക്കപ്പെടുന്നതോടെ ആ പ്രദേശത്തിന്റെ ഭരണം ‘ഇടനിലക്കാരില്ലാതെ’ രാഷ്ട്രപതി നേരിട്ട് നിർവഹിക്കുന്നതായി മാറുന്നുവെന്നും വിധിയിൽത്തന്നെ കോടതി എഴുതുന്നു. പാർലമെന്റ് പാസാക്കുന്ന നിയമത്തിന്റെ അതേ ബലം ഈ റെഗുലേഷനുകൾക്കുണ്ട്. പക്ഷേ അത് നടപ്പിലാക്കുമ്പോൾ ജനങ്ങളുടെ അഭിപ്രായം കേൾക്കണമെന്ന ഒരു നിർബന്ധവുമില്ല.
ഒരു സംസ്ഥാനത്ത് ഭൂമിസംബന്ധിച്ച സമഗ്രമായ ഒരു നിയമം കൊണ്ടുവരണമെങ്കിൽ അത് നിയമസഭയിൽ അവതരിപ്പിക്കണം, ചർച്ച ചെയ്യണം, ഭേദഗതികൾ നിർദേശിക്കാൻ ജനപ്രതിനിധികൾക്ക് അവസരമുണ്ടാകണം. ലക്ഷദ്വീപിൽ ഇതൊന്നുമില്ല. അഡ്മിനിസ്‌ട്രേറ്റർ കരട് തയ്യാറാക്കുന്നു, ആഭ്യന്തരമന്ത്രാലയം അംഗീകരിക്കുന്നു, രാഷ്ട്രപതി ഒപ്പുവെക്കുന്നു — ഒരു സംസ്ഥാനത്തിന് സമാനമായ ഒരു ഭൂപരിഷ്കരണ ചട്ടക്കൂട് നിലവിൽവരാൻ ഇത്രയും മതി. ദ്വീപിലെ ഒരൊറ്റ മനുഷ്യനോടും ചോദിക്കേണ്ടതില്ല.
ഈ ഘടനാപരമായ ശൂന്യതയുടെ ഏറ്റവും പുതിയ ഉൽപ്പന്നമാണ് ജൂലൈ 28ന് ഒപ്പിട്ട ടൗൺ ആൻഡ് കൺട്രി പ്ലാനിംഗ് റെഗുലേഷൻ.
പുതിയ റെഗുലേഷൻ: ഭൂമി കയ്യേറാൻ ഓരോ കാരണങ്ങൾ
‘ദ ലക്ഷദ്വീപ് ടൗൺ ആൻഡ് കൺട്രി പ്ലാനിംഗ് ആൻഡ് ഡെവലപ്‌മെന്റ് റെഗുലേഷൻ, 2026’ ആകാശത്തുനിന്ന് പൊട്ടിവീണതല്ല. 2021ൽ കരടായി അവതരിപ്പിക്കപ്പെട്ട, ദ്വീപുകാരുടെ കടുത്ത പ്രതിഷേധം നേരിട്ട ലക്ഷദ്വീപ് ഡെവലപ്‌മെന്റ് അതോറിറ്റി റെഗുലേഷന്റെ (LDAR) നേർത്തുടർച്ചയാണിത്. അന്ന് ദ്വീപ് ഒന്നടങ്കം എതിർത്ത് തോൽപ്പിച്ചത് അഞ്ചുവർഷത്തിന് ശേഷം പേരുമാറ്റി, ഇത്തവണ ചർച്ചയ്ക്കുപോലും വെക്കാതെ, രാഷ്ട്രപതിയുടെ ഒപ്പോടെ തിരിച്ചെത്തി.
‘വികസനം’ എന്ന വാക്ക് ഒരു കുരുക്കായി മാറുമ്പോൾ
റെഗുലേഷനിലെ നിർവചന വകുപ്പ് ‘വികസനം’ എന്നതിനെ നിർവചിക്കുന്നത് അസാധാരണമായ വിശാലതയോടെയാണ്: കെട്ടിടനിർമാണം, എൻജിനീയറിംഗ് പ്രവൃത്തി, ഖനനം, ക്വാറി, കുന്ന് ഇടിച്ചുനിരപ്പാക്കൽ, ഭൂമിയുടെ ഉപയോഗത്തിലെ ഏതൊരു ഭൗതിക മാറ്റവും, ഭൂമി വിഭജനം — എല്ലാം ‘വികസനം’.
ഈ വിശാലതയുടെ പ്രായോഗിക അർത്ഥം ലളിതമാണ്. ഒരു ദ്വീപുകാരൻ വീടിന് ഒരു മുറി കൂട്ടിച്ചേർത്താൽ അത് വികസനമാണ്. ചോർന്നൊലിക്കുന്ന മേൽക്കൂര മാറ്റിയാൽ അത് വികസനമാണ്. തെങ്ങിൻതൈ നടാൻ അല്പം മണ്ണ് നിരപ്പാക്കിയാൽ അതും വികസനമാണ്. ഓരോന്നിനും അതോറിറ്റിയുടെ മുൻകൂർ അനുമതി വേണം. അതായത്, തലമുറകളായി താൻ താമസിക്കുന്ന ഭൂമിയിൽ ഒരു കല്ല് നക്കാൻ ദ്വീപുകാരൻ ഇനി ഒരു ഓഫീസിന്റെ ദയ കാത്തിരിക്കണം.
ഈ അനുമതികൾക്കാവട്ടെ പരിമിതമായ കാലാവധി മാത്രം. കാലാവധി കഴിഞ്ഞ് പുതുക്കിയില്ലെങ്കിൽ കനത്ത പിഴ. ഈ ആനുകാലിക പുതുക്കൽ ബാധ്യത ചെയ്യുന്നതെന്താണ്? ഒരാളുടെ സ്വന്തം വീടിന്മേലുള്ള അവകാശത്തെപ്പോലും അതോറിറ്റിയുടെ തുടർച്ചയായ ദയാദാക്ഷിണ്യത്തെ ആശ്രയിച്ചുനിൽക്കുന്ന ഒന്നാക്കി മാറ്റുന്നു. ഉടമസ്ഥാവകാശം ഒരു ലൈസൻസായി തരംതാഴ്ത്തപ്പെടുന്നു — ഓരോ കൊല്ലവും പുതുക്കേണ്ട, റദ്ദാക്കാവുന്ന ഒരു ലൈസൻസ്.
‘പ്ലാനിംഗ് ഏരിയ’: ഒരു വിജ്ഞാപനത്തിന്റെ ദൂരം
ഏറ്റവുമധികം വിമർശിക്കപ്പെടുന്നത് പ്ലാനിംഗ് ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റിക്ക് ഏതുപ്രദേശത്തെയും ‘പ്ലാനിംഗ് ഏരിയ’യായി പ്രഖ്യാപിക്കാനും, ‘പൊതു ആവശ്യം’ ചൂണ്ടിക്കാട്ടി അതിനുള്ളിലെ സ്വകാര്യഭൂമി ഏറ്റെടുക്കാനുമുള്ള അധികാരമാണ്.
കൃഷിഭൂമി പരിമിതമായ, ജനസാന്ദ്രത കൂടിയ, ചുറ്റും കടലുള്ള ഒരു ദ്വീപിൽ ഭൂമി നഷ്ടപ്പെടുന്ന ഒരാൾക്ക് പകരം ഭൂമി കണ്ടെത്തുക അസാധ്യമാണ്. അതുകൊണ്ട് ‘വിപണിവിലയുടെ ഇരട്ടി നഷ്ടപരിഹാരം’ എന്ന വാഗ്ദാനം ഇവിടെ അർത്ഥശൂന്യമാണ്. കാശുകൊടുത്ത് പുതിയൊരു ദ്വീപ് വാങ്ങാൻ കഴിയില്ലല്ലോ. ഭൂമി പോയാൽ പോയതാണ്; ബാക്കിയുള്ളത് പലിശ തരുന്ന ഒരു ബാങ്ക് ബാലൻസും ദ്വീപ് വിട്ടുപോകേണ്ട നിർബന്ധിതാവസ്ഥയുമാണ്.
ഇത് സൈദ്ധാന്തിക ആശങ്കയല്ല. പ്രഫുൽ പട്ടേൽ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററായി ചാർജെടുത്തതിനുശേഷം നടത്തിയ കുടിയൊഴിപ്പിക്കൽ നീക്കങ്ങൾ ചില്ലറയല്ല. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് പണ്ടാരംഭൂമി ഒഴിപ്പിക്കൽ ശ്രമമായിരുന്നു എന്നതാണ് വാസ്തവം.
ഗ്രാമസഭയെ മായ്ച്ചുകളയാനുള്ള അധികാരം
അപകടം പൂർണമായും തിരിച്ചറിയണമെങ്കിൽ ടൗൺ ആൻഡ് കൺട്രി പ്ലാനിംഗ് റെഗുലേഷനോടൊപ്പം മറ്റൊരു നിയമവും കൂടി വായിക്കണം — ലക്ഷദ്വീപ് പഞ്ചായത്ത് റെഗുലേഷൻ, 2022ലെ സെക്ഷൻ 6. ഇത് ടൗൺ പ്ലാനിംഗ് റെഗുലേഷന്റെ ഭാഗമല്ല. പക്ഷേ അതിനോട് ചേർത്തുവായിക്കുമ്പോൾ മാത്രമേ ഭരണകൂടത്തിന്റെ കൈയിലെ ആയുധത്തിന്റെ യഥാർത്ഥ വലുപ്പം മനസ്സിലാവൂ.
സെക്ഷൻ 6(1) പ്രകാരം, താൻ ആവശ്യമെന്ന് കരുതുന്ന അന്വേഷണത്തിനുശേഷം, വെറും ഒരു വിജ്ഞാപനത്തിലൂടെ അഡ്മിനിസ്ട്രേറ്റർക്ക് പലതും ചെയ്യാം:
‣ ഒരു ഗ്രാമത്തിൽ ഏതെങ്കിലും പ്രദേശം ഉൾപ്പെടുത്താം;
‣ ഒരു ഗ്രാമത്തിൽനിന്ന് ഏതെങ്കിലും പ്രദേശം ഒഴിവാക്കാം;
‣ ഒരു പ്രാദേശിക പ്രദേശം ഇനി ഗ്രാമമായി തുടരില്ല എന്ന് പ്രഖ്യാപിക്കാം;
‣ ഏതൊരു ഗ്രാമത്തിന്റെയും പ്രദേശമോ പേരോ മാറ്റാം.
ഇതിലെ ഏറ്റവും ഗൗരവമുള്ള ഭാഗം സെക്ഷൻ 6(3) ആണ്: ഒരു പ്രദേശം ഗ്രാമത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടാൽ, ആ പ്രദേശത്തിന്മേലുള്ള ഗ്രാമസഭയുടെ അധികാരപരിധി അതനുസരിച്ച് ചുരുങ്ങും. അതായത്, ആ ഭൂമിയുടെ മേലുള്ള സാമൂഹിക നിയന്ത്രണം സ്വയമേവ ഇല്ലാതാകുന്നു.
ഇവിടെ മൂന്ന് കാര്യങ്ങളാണ് ആശങ്കാജനകം:
ഒന്ന്, സെക്ഷൻ 6ൽ എവിടെയും ഗ്രാമസഭയുടെയോ ഗ്രാമപഞ്ചായത്തിന്റെയോ അംഗീകാരം ആവശ്യപ്പെടുന്നില്ല. അഡ്മിനിസ്ട്രേറ്റർക്ക് ഒറ്റയ്ക്ക് തീരുമാനിക്കാം.
രണ്ട്, ഒരു പ്രദേശം ഗ്രാമസഭയുടെ കീഴിൽനിന്ന് ഒഴിവാക്കുമ്പോൾ, ആ ഭൂമിയിലെ തദ്ദേശീയരുടെ തലമുറകളായുള്ള ഉപയോഗത്തെയും ഉടമസ്ഥതയെയും സംരക്ഷിക്കുന്ന ഏക പ്രാദേശിക അധികാരകേന്ദ്രം മറികടക്കപ്പെടുന്നു.
മൂന്ന്, ഇത് ടൗൺ ആൻഡ് കൺട്രി പ്ലാനിംഗ് റെഗുലേഷനിലെ “പ്ലാനിംഗ് ഏരിയ” പ്രഖ്യാപനാധികാരത്തിന്റെ ഇരട്ട സഹോദരനാണ്. ഇതുരണ്ടും പ്രഖ്യാപിക്കാനുള്ള അധികാരം ഒരൊറ്റ അഡ്മിനിസ്ട്രേറ്ററിൽ നിക്ഷിപ്തമാണ്.
ഈ രണ്ട് അധികാരങ്ങളും ചേർത്തുപിടിച്ചാൽ ക്രമം ഇങ്ങനെയാവും: ഒരു വിജ്ഞാപനത്തിലൂടെ ഒരു പ്രദേശം ഗ്രാമസഭയുടെ പരിധിയിൽനിന്ന് പുറത്താക്കുക; അടുത്ത വിജ്ഞാപനത്തിലൂടെ അതിനെ ‘പ്ലാനിംഗ് ഏരിയ’യാക്കുക; മൂന്നാമത്തേതിലൂടെ ‘പൊതു ആവശ്യം’ത്തിന് ഏറ്റെടുക്കുക. ഒരുഘട്ടത്തിലും ദ്വീപുകാരന്റെ സമ്മതം ആവശ്യമില്ല. ഗ്രാമസഭ എതിർപ്പ് രേഖപ്പെടുത്തിയാൽപ്പോലും അത് പരിഗണിക്കണമെന്ന് നിയമം അനുശാസിക്കുന്നില്ല. അത് ഒരു അറിയിപ്പ് മാത്രമാണ്; ഉത്തരവാദിത്തമുള്ള ഒരു കേൾക്കൽ അല്ല.


കൊളോണിയൽ മാതൃകയിലുള്ള ഇന്ത്യൻ നിയമം
ഇന്ത്യയിലെ ഏതെങ്കിലുമൊരു സംസ്ഥാനത്തിന്റെ ടൗൺ പ്ലാനിംഗ് നിയമം അടുത്തുവെച്ച് വായിച്ചാൽ മതി, വ്യത്യാസം തനിയെ തെളിയും. 1992ലെ 74-ാം ഭരണഘടനാഭേദഗതി (അനുഛേദം 243ZD) സ്ഥലാസൂത്രണത്തിന്റെ ചുമതല ഏൽപ്പിച്ചിരിക്കുന്നത് തിരഞ്ഞെടുക്കപ്പെട്ട ജില്ലാ ആസൂത്രണസമിതിയെയാണ് — അംഗങ്ങളിൽ മൂന്നിൽ രണ്ടും ജനങ്ങൾ വോട്ടുചെയ്ത് അയക്കുന്നവർ. ലക്ഷദ്വീപിൽ ആ വഴി അടഞ്ഞുകിടക്കുന്നു. ചീഫ് ടൗൺ പ്ലാനറെ നിയമിക്കുന്നത് അഡ്മിനിസ്ട്രേറ്റർ; സർക്കാർ രൂപീകരിക്കുന്ന പ്ലാനിംഗ് ആൻഡ് ഡെവലപ്‌മെന്റ് ബോർഡിന്റെ ചെയർപേഴ്സണും അദ്ദേഹം തന്നെ. സർക്കാർ നിർദേശങ്ങൾ അനുസരിക്കാൻ പ്ലാനിംഗ് അതോറിറ്റികൾ ബാധ്യസ്ഥരാണ്. തദ്ദേശസ്ഥാപനവുമായി തർക്കമുണ്ടായാൽ അവസാനവാക്ക് സർക്കാരിന്റേതാണ് — അത് നടപ്പാക്കിയെ തീരൂ.
ഈ ഘടനയ്ക്ക് ഒരു പൂർവ മാതൃകയുണ്ട്; പക്ഷേ, അത് സ്വതന്ത്ര ഇന്ത്യയിൽ തിരഞ്ഞാൽ കിട്ടില്ല. ‘ടൗൺ ആൻഡ് കൺട്രി പ്ലാനിംഗ്’ എന്ന പേരുപോലും പുതിയതല്ല — 1945ൽ ഗോൾഡ്കോസ്റ്റിൽ (ഇന്നത്തെ ഘാന) ബ്രിട്ടീഷുകാർ കൊണ്ടുവന്ന ഓർഡിനൻസിന്റെ പേര് അക്ഷരംപ്രതി ഇതുതന്നെയായിരുന്നു. ബ്രിട്ടീഷ് ആഫ്രിക്കയിലുടനീളം ഈ മാതൃക ആവർത്തിച്ചു, എപ്പോഴും ഒരു ജോഡിയായി: ഭൂമി ആരുടേതെന്ന് ഒരു ഭൂനിയമം തീരുമാനിക്കുന്നു, ആ ഭൂമി എങ്ങനെ ഉപയോഗിക്കാമെന്ന് ഒരു ആസൂത്രണനിയമം തീരുമാനിക്കുന്നു.


കെനിയയിൽ ആ ശൃംഖല ക്രൗൺ ഉടമസ്ഥതയിൽ തുടങ്ങി, കമ്മീഷണർ ഓഫ് ലാൻഡ്സിലൂടെയും ടൗൺ പ്ലാനിംഗ് അതോറിറ്റിയിലൂടെയും വികസന അനുമതിയിലൂടെയും കടന്ന്, ഒടുവിൽ ആ മണ്ണിൽ ജീവിക്കുന്ന മനുഷ്യനിൽ ചെന്നുനിന്നു. ആഫ്രിക്കക്കാരനെ നിയമം കണ്ടത് ഉടമയായല്ല, ക്രൗണിന്റെ ദയയിൽ കഴിയുന്ന tenant-at-will ആയാണ്. ലക്ഷദ്വീപിലെ ശൃംഖലയും ഇതേ വഴിക്കുതന്നെ നീങ്ങുന്നു: അഡ്മിനിസ്ട്രേറ്റർ, പ്ലാനിംഗ് ബോർഡ്, ചീഫ് ടൗൺ പ്ലാനർ, പ്ലാനിംഗ് അതോറിറ്റി, മാസ്റ്റർപ്ലാൻ, വികസനാനുമതി — അങ്ങേയറ്റത്ത് ദ്വീപുകാരൻ. കൗൾദാറെ ഭരണകൂടം നോക്കിക്കണ്ടതും ഇതേ കണ്ണിലൂടെതന്നെ, ഒഴിപ്പിക്കാവുന്ന ഒരു പാട്ടക്കാരനായി. ആഗസ്റ്റ് അഞ്ചിന് ഹൈക്കോടതി തള്ളിക്കളഞ്ഞത് ആ വ്യാഖ്യാനത്തെയാണ്.
ലക്ഷദ്വീപ് ഒരു കോളനിയാണെന്ന് അതിനർത്ഥമില്ല. പക്ഷേ, ഒരു നിയമത്തിന്റെ സ്വഭാവം കിടക്കുന്നത് അതിന്റെ ലക്ഷ്യപ്രഖ്യാപനത്തിലല്ല, ഘടനയിലാണ്. മാസ്റ്റർപ്ലാനും ഭൂവിനിയോഗ നിയന്ത്രണവും ഏറ്റെടുക്കൽ അധികാരവും നിയമിക്കപ്പെട്ട ഒരൊറ്റ ഉദ്യോഗസ്ഥന്റെ കൈയിൽ ഒരുമിച്ചുകൂട്ടുന്ന ചട്ടക്കൂടിന്റെ വംശാവലി ചെന്നുനിൽക്കുന്നത് 74-ാം ഭേദഗതിയിലല്ല, നെയ്റോബിയിലും ലാഗോസിലും അക്രയിലുമാണ്. ഒപ്പിട്ടത് ഇന്ത്യൻ രാഷ്ട്രപതിയാണെന്നതുകൊണ്ട് ആ ഘടന മാറുന്നില്ല.
ഒന്നരനൂറ്റാണ്ട് മുമ്പ് ബ്രിട്ടീഷുകാർ ചെയ്തതും ഇതുതന്നെയായിരുന്നു. ദ്വീപുകാരുടെ പരമ്പരാഗത ഭൂവിനിയോഗത്തെ അവർ ‘സർക്കാർ ഭൂമിയിലെ പാട്ടം’ എന്ന് പുനർനിർവചിച്ചു. ആരെയും ഒഴിപ്പിച്ചില്ല; ഒഴിപ്പിക്കാനുള്ള സാധ്യത കടലാസിൽ ഒളിപ്പിച്ചുവെക്കുക മാത്രം ചെയ്തു. ഒളിഞ്ഞുകിടന്ന ആ സാധ്യതയാണ് 2023ലെ ഭേദഗതിയിലൂടെ ഭരണകൂടം പുറത്തെടുക്കാൻ ശ്രമിച്ചതെന്ന് വിധി തന്നെ വ്യക്തമാക്കുന്നു.
തദ്ദേശീയരുടെ ഭൂമിയവകാശത്തെ ഒരു സാങ്കേതിക നിർവചനംകൊണ്ട് ദുർബലപ്പെടുത്തുന്ന ഈ വിദ്യ കൊളോണിയൽ ഭരണകൂടങ്ങൾ ലോകമെമ്പാടും പയറ്റിയതാണ്. അതിന്റെ ഏറ്റവും ക്രൂരമായ ഉദാഹരണം ദക്ഷിണാഫ്രിക്കയിലെ 1913ലെ നേറ്റീവ്‌സ് ലാൻഡ് ആക്ടാണ്. കറുത്തവർഗക്കാരായ ദക്ഷിണാഫ്രിക്കക്കാർക്ക് രാജ്യത്തിന്റെ വെറും ഏഴ് ശതമാനം ഭൂമിയിൽ മാത്രമേ അവകാശമുണ്ടായിരുന്നുള്ളൂ; ബാക്കി തൊണ്ണൂറ്റിമൂന്ന് ശതമാനം വെള്ളക്കാരായ കുടിയേറ്റക്കാർക്കും കോർപറേറ്റ് കാർഷിക-ഖനന താൽപര്യങ്ങൾക്കുമായി ‘സംവരണം’ ചെയ്യപ്പെട്ടു. ‘നേറ്റീവ് റിസർവ്’ എന്ന, കേൾക്കാൻ നിഷ്പക്ഷമെന്ന് തോന്നുന്ന പദാവലിയിലൂടെയാണ് ആ കൊള്ള നിയമവിധേയമായത്. ഒരു നൂറ്റാണ്ടിലേറെ കഴിഞ്ഞിട്ടും ദാരിദ്ര്യത്തിന്റെയും അസമത്വത്തിന്റെയും രൂപത്തിൽ അതിന്റെ ബാക്കിപത്രം ദക്ഷിണാഫ്രിക്കൻ സമൂഹം പേറുന്നുവെന്ന് ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നു.
നേരിട്ടൊരു താരതമ്യം അതിശയോക്തിയാവും — ലക്ഷദ്വീപ് ഒരു അപ്പാർത്തീഡ് വ്യവസ്ഥയല്ല, ജനാധിപത്യ ഇന്ത്യയിലെ ഒരു കേന്ദ്രഭരണപ്രദേശമാണ്. കൗൾദാർമാരെ ഭൂവുടമകളായി അംഗീകരിച്ചും ഏകപക്ഷീയമായ ഭേദഗതി റദ്ദാക്കിയും ഒരു സ്വതന്ത്ര ജുഡീഷ്യറി ഇടപെട്ടു എന്നതുതന്നെ ആ വ്യത്യാസം കാണിക്കുന്നു.
പക്ഷേ, രീതിക്ക് മാറ്റമില്ല. തദ്ദേശീയരുടെ പരമ്പരാഗത ഭൂവിനിയോഗം ആദ്യം ഒരു കൊളോണിയൽ ‘പാട്ട’/’സംവരണ’ വ്യവസ്ഥയായി പുനർനിർവചിക്കപ്പെടുന്നു; ഒരുനൂറ്റാണ്ടിലേറെ കഴിഞ്ഞ്, ഭൂമി തിരിച്ചെടുക്കാനുള്ള ന്യായീകരണമായി അതേ നിർവചനം പൊടിതട്ടിയെടുക്കപ്പെടുന്നു. രണ്ടിടത്തും ആ പുനർനിർവചനം നടത്തുന്നത്, ബാധിക്കപ്പെടുന്ന ജനതയ്ക്ക് നിയമനിർമാണത്തിൽ ഒരുശബ്ദം പോലുമില്ലാത്ത കേന്ദ്രീകൃത അധികാരകേന്ദ്രമാണ്. രണ്ടിടത്തും ന്യായീകരണത്തിന്റെ ഭാഷ ഒന്നുതന്നെ — ‘വികസനം’, ‘ക്രമീകൃത ആസൂത്രണം’.
1887ലെ കരാർ എഴുതിയത് ഒരു ബ്രിട്ടീഷ് ഉദ്യോഗസ്ഥനാണ്. 2026ലെ റെഗുലേഷൻ എഴുതിയത് ഒരു ഇന്ത്യൻ അഡ്മിനിസ്ട്രേറ്ററാണ്. രണ്ടിടത്തും ദ്വീപുകാരൻ ഒപ്പിടാൻ പോയിട്ട് ഒന്നെത്തി നോക്കാൻപോലും സാധിക്കാതെ നിസ്സഹായരായി നോക്കിനിൽക്കേണ്ടിവന്നു എന്നതാണ് യാഥാർഥ്യം. ബാക്കിനിൽക്കുന്ന ചോദ്യം ഒന്നുമാത്രം: അമ്പത് വർഷം കഴിഞ്ഞ് ലക്ഷദ്വീപ് എങ്ങനെയിരിക്കണമെന്ന് തീരുമാനിക്കുന്നത് ആര് — ആ ദ്വീപുകളിൽ ജീവിക്കുന്നവരോ, അതോ ഡൽഹിയിൽ നിന്ന് നിയമിക്കപ്പെടുന്ന ഒരു രാഷ്ട്രീയക്കാരനോ?


NCST കൂടിയാലോചന: നടന്നോ എന്ന് ആർക്കുമറിയില്ല
ലക്ഷദ്വീപിലെ ഭൂരിഭാഗം നിവാസികളും പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവരാണ്. അനുഛേദം 338A(9) പ്രകാരം അവരെ ബാധിക്കുന്ന സുപ്രധാന നയരൂപീകരണത്തിൽ NCST (National Commission for Scheduled Tribes)യുമായി കൂടിയാലോചിക്കൽ നിർബന്ധമാണ്. ഒരു ദ്വീപസമൂഹത്തിന്റെ മുഴുവൻ ഭൂവിനിയോഗവും നിയന്ത്രിക്കുന്ന ഒരു നിയമം ‘സുപ്രധാന നയപരമായ വിഷയം’ അല്ലെന്ന് ആരും വാദിക്കില്ല.
എന്നിട്ടും, ഈ റെഗുലേഷൻ പുറപ്പെടുവിക്കും മുമ്പ് അത്തരമൊരു കൂടിയാലോചന നടന്നോ എന്ന കാര്യത്തിൽ ഇന്നും വ്യക്തതയില്ല. മുൻ കേന്ദ്ര സെക്രട്ടറി ഇഎഎസ് ശർമ്മ ആഗസ്റ്റ് 8ന് NCST സെക്രട്ടറിക്ക് അയച്ച കത്തിൽ ഈ സംശയം ഔദ്യോഗികമായി ഉന്നയിക്കുന്നുണ്ട്. 2023ലെ ഭേദഗതി റദ്ദാക്കപ്പെട്ടത് കൃത്യമായി ഇതേ വീഴ്ചയുടെ പേരിലാണെന്നത് ഓർക്കണം. കോടതി വിധിക്ക് ഒരാഴ്ച മുമ്പ് ഒപ്പിട്ട നിയമത്തിലും അതേ ചോദ്യംതന്നെ ബാക്കിനിൽക്കുന്നു എന്നത് യാദൃച്ഛികമാണോ?
സർക്കാരിന്റെ നിലപാട്
അടിസ്ഥാന സൗകര്യ വികസനത്തിനും ടൂറിസത്തിനും ക്രമീകൃതമായ നഗരാസൂത്രണത്തിനും ഈ റെഗുലേഷൻ അനിവാര്യമാണ്. ഭൂമി ഏറ്റെടുക്കൽ, 2013ലെ ഭൂമി ഏറ്റെടുക്കൽ-പുനരധിവാസ നിയമപ്രകാരമുള്ള നടപടിക്രമങ്ങളും നഷ്ടപരിഹാരവും പാലിച്ചാകും. മാലദ്വീപിന് സമാനമായ ടൂറിസം വളർച്ചയാണ് ലക്ഷ്യം; മെച്ചപ്പെട്ട റോഡുകളും പൊതു സൗകര്യങ്ങളും നിക്ഷേപവും ഇതിലൂടെ ലഭിക്കും. ഇതൊക്കെയാണ് സർക്കാരിന്റെ വാദങ്ങൾ.
ഈ വാദത്തിൽ ഒരു ഭാഗം ശരിയുമാണ് — ദ്വീപുകൾക്ക് മെച്ചപ്പെട്ട അടിസ്ഥാനസൗകര്യങ്ങൾ വേണം, അതിൽ തർക്കമില്ല. പക്ഷേ, ചോദ്യം വികസനം വേണോ വേണ്ടയോ എന്നതല്ല. ആരുടെ സമ്മതത്തോടെ, ആരുടെ ചെലവിൽ എന്നതാണ്. ഗ്രാമസഭാ അനുമതി തേടാതെ പലപ്പോഴും ഭൂമി ഏറ്റെടുക്കാൻ ശ്രമിച്ച അതേ ഭരണകൂടമാണ് നടപടിക്രമങ്ങൾ പാലിക്കുമെന്ന് ഇപ്പോൾ ഉറപ്പുനൽകുന്നത്. 2020ൽ NCSTയോട് ചോദിച്ചിട്ട് 2023ൽ ചോദിക്കാൻ മറന്ന അതേ ഭരണകൂടം. മാലദ്വീപ് മാതൃകയെക്കുറിച്ച് പറയുമ്പോൾ, അവിടെ ദ്വീപുവാസികൾക്ക് സ്വന്തം തെരഞ്ഞെടുക്കപ്പെട്ട സഭയും വോട്ടും ഉണ്ടെന്ന വസ്തുത കൂടി ചേർത്തുപറയേണ്ടതാണ്.
ഒരു ജയം, ഒരു കീഴടങ്ങൽ — ഒരേ വിധിയിൽ
ഈ വിധിയെ ഒറ്റവാക്കിൽ ‘ദ്വീപുവാസികളുടെ വിജയം’ എന്ന് വിളിച്ചാൽ പൂർണചിത്രം കിട്ടില്ല. സൂക്ഷ്മമായി നോക്കിയാൽ ഈ വിധി രണ്ട് വിപരീത ദിശകളിലേക്കാണ് സഞ്ചരിക്കുന്നത്. ഒരുവശത്ത്, നിർദിഷ്ട വസ്തുതകളിൽ ദ്വീപുവാസികൾക്ക് അനുകൂലമായ വിധി: കൗൾദാർമാരെ ഭൂവുടമകളായി അംഗീകരിച്ചു, 2023ലെ ഭേദഗതി റദ്ദാക്കി, ഇരുപതിലധികം ഭരണപരമായ ഉത്തരവുകൾ അസാധുവാക്കി, കൈവശാവകാശ സർട്ടിഫിക്കറ്റ് സമയബന്ധിതമായി നൽകാൻ നിർദേശിച്ചു.
മറുവശത്ത്, ദ്വീപുവാസികളുടെ ഏറ്റവും ശക്തമായ വാദം — ലക്ഷദ്വീപ് അഞ്ചാംപട്ടിക പ്രകാരമുള്ള പട്ടികപ്രദേശമാണ് എന്നത് — അതേ വിധിയിൽത്തന്നെ കോടതി തള്ളി. ദീർഘകാലാടിസ്ഥാനത്തിൽ കൂടുതൽ നിർണായകം ഈ രണ്ടാമത്തെ കണ്ടെത്തലാവും.
എന്തുകൊണ്ടെന്നാൽ, ഈ കേസിലെ ഉത്തരവുകൾ റദ്ദായത് ഒരു നിശ്ചിത ഭേദഗതിയിലെ നടപടിക്രമ വീഴ്ചയുടെ പേരിലാണ് — NCST കൂടിയാലോചന നടന്നില്ല എന്നതിന്റെ പേരിൽ — അഞ്ചാംപട്ടികയുടെ സ്വയം പ്രവർത്തിക്കുന്ന സംരക്ഷണത്തിന്റെ പേരിലല്ല. നാളെ ഭരണകൂടത്തിന് ഒരു യോഗക്കുറിപ്പ് NCSTക്ക് അയച്ചു എന്ന് കാണിക്കാൻ കഴിഞ്ഞാൽ, എത്ര വിശാലമായ ഭൂമി ഏറ്റെടുക്കൽ നിയമമായാലും ഈ തടസ്സം മറികടക്കാം.
അതായത്, ഭരണകൂടത്തിന്റെ ഒരു തെറ്റ് കോടതി തിരുത്തിയപ്പോൾത്തന്നെ, ആ തെറ്റ് ഇനി ആവർത്തിക്കാതിരിക്കാൻ വേണ്ടത് ഒരു ഔപചാരിക കത്തിടപാട് മാത്രമാണെന്ന വഴിയും തുറന്നുകിടക്കുന്നു. കോടതി ദ്വീപുകാർക്ക് ഒരു യുദ്ധം ജയിച്ചുകൊടുത്തു; അതേസമയം അടുത്ത യുദ്ധത്തിൽ അവരുടെ കൈയിലുള്ള ഏറ്റവും വലിയ ആയുധം ഊരിവാങ്ങുകയും ചെയ്തു.
ജൂലൈ 28ന് ഒപ്പുവെച്ച ടൗൺ ആൻഡ് കൺട്രി പ്ലാനിംഗ് റെഗുലേഷനെ ഈ പശ്ചാത്തലത്തിൽ വേണം വായിക്കാൻ. അഞ്ചാംപട്ടിക ബാധകമല്ല എന്ന വിധി നിലനിൽക്കുന്നിടത്തോളം, ആ റെഗുലേഷനെതിരെ ഭാവിയിൽ ഉയരാവുന്ന ഏതൊരു വെല്ലുവിളിക്കും ബാക്കിയുള്ളത് ഒരു ദുർബല ആയുധം മാത്രമാണ് — കൂടിയാലോചന നടന്നോ എന്ന ഇടുങ്ങിയ, തെളിവുഭാരമേറിയ, വർഷങ്ങളെടുക്കുന്ന ഒരു വ്യവഹാരം. ഭൂമി കൈമാറ്റത്തിനുമുമ്പ് നിലനിന്നിരുന്ന ഒരു ഭരണഘടനാ മതിൽ, കൈമാറ്റം കഴിഞ്ഞശേഷം മാത്രം മുട്ടിനോക്കാവുന്ന ഒരു വാതിലായി ചുരുങ്ങിയിരിക്കുന്നു.
അതുകൊണ്ട് പണ്ടാരഭൂമി വിധിയെ ഒരന്ത്യമായല്ല, ഒരു മുന്നറിയിപ്പായാണ് വായിക്കേണ്ടത്. അനുഛേദം 240 പ്രകാരമുള്ള റെഗുലേഷൻ അധികാരം അതേപടി നിലനിൽക്കുന്നു; നിയമസഭയില്ലായ്മ അതേപടി തുടരുന്നു; അഞ്ചാംപട്ടികയുടെ സംരക്ഷണം ഇല്ലാതായി; ഗ്രാമസഭയുടെ അതിർത്തി മാറ്റാൻ അഡ്മിനിസ്ട്രേറ്റർക്ക് ഒറ്റയ്ക്ക് അധികാരമുണ്ട്; ബാക്കിയുള്ളത് ഒരു നടപടിക്രമപരമായ കൂടിയാലോചനാ വ്യവസ്ഥ മാത്രം; ടൂറിസത്തിനും ‘ആസൂത്രിത വികസന’ത്തിനുമുള്ള കോർപ്പറേറ്റ് താൽപര്യങ്ങൾ പഴയതിലും കരുത്തോടെ കാത്തുനിൽക്കുന്നു.
ഈ ഘടനയിൽ മാറ്റം വരാത്തിടത്തോളം, ‘അടുത്ത പണ്ടാരഭൂമി’ ഉയരാൻ ഒരു പുതിയ വിജ്ഞാപനം മാത്രം മതി — ഇത്തവണ ഒരുപക്ഷേ, കൂടിയാലോചന നടന്നു എന്ന് കാണിക്കാൻ വേണ്ട ഔപചാരികത കൃത്യമായി പാലിച്ചുകൊണ്ടുതന്നെ.
മൂന്നര നൂറ്റാണ്ട് മുമ്പ് ഒരു രാജവംശം ഒരു ദ്വീപുകാരന്റെ ഭൂമിക്ക് പുതിയൊരു പേരിട്ടു. ആ പേര് ഇന്നും അവന്റെ കിടപ്പാടത്തിനുമേൽ തൂങ്ങിക്കിടക്കുന്നു. ഒരു കോടതി വിധികൊണ്ട് തീരുന്നതല്ല ഈ ചോദ്യം. ഘടനാപരമായ സംരക്ഷണം ഇല്ലാതായ ഒരിടത്ത്, കോടതികളും ഭരണഘടനയും ജനങ്ങൾക്ക് നൽകുന്ന പ്രതീക്ഷ എന്താണ്?
അവലംബങ്ങൾ:
WP(C) No. 38565/2023 & connected cases, കേരള ഹൈക്കോടതി, ജസ്റ്റിസ് ടി.ആർ രവി, വിധി തീയതി 05.08.2026 (Neutral Citation 2026:KER:59671);
ദ ലക്ഷദ്വീപ് ടൗൺ ആൻഡ് കൺട്രി പ്ലാനിംഗ് ആൻഡ് ഡെവലപ്‌മെന്റ് റെഗുലേഷൻ, 2026 (ഇന്ത്യാ ഗസറ്റ്, ജൂലൈ 28, 2026);
ലക്ഷദ്വീപ് പഞ്ചായത്ത് റെഗുലേഷൻ, 2022, സെക്ഷൻ 6;
ഇഎഎസ് ശർമ്മയുടെ NCSTക്കുള്ള കത്ത് (Countercurrents, ആഗസ്റ്റ് 8, 2026);
XAXA കമ്മിറ്റി റിപ്പോർട്ട്; ബ്രിട്ടീഷ് ആഫ്രിക്കൻ കൊളോണിയൽ ഭൂ-ആസൂത്രണ നിയമങ്ങൾ സംബന്ധിച്ച രേഖകൾ — Crown Lands Ordinance 1915 (കെനിയ), Land Ordinance 1923 (ടാൻഗനിക), Town Planning Ordinance 1946 (നൈജീരിയ), Town & Country Planning Ordinance 1945 (ഗോൾഡ്കോസ്റ്റ്);
“Colonial Township Laws and Urban Governance in Kenya”, Journal of African Law (Cambridge); World Bank, ആഫ്രിക്കൻ നഗരാസൂത്രണ ചരിത്ര അവലോകനം;
Kenya Law, In the Matter of the National Land Commission (2015) KESC 3; Down To Earth, The News Minute, The South First, Article 14, Maktoob Media എന്നിവയിലെ ലക്ഷദ്വീപ് ടൂറിസം-ഭൂമി റിപ്പോർട്ടുകൾ;
South African History Online, Natives Land Act 1913 സംബന്ധിച്ച രേഖകൾ.

