Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


റോസ്‌മേരി സള്ളിവാന്‍ Stalin’s Daughter (2016) എന്ന ജീവചരിത്ര ഗ്രന്ഥത്തില്‍ സ്റ്റാലിന്റെ മകള്‍ സ്വെറ്റ്‌ലാന ഇങ്ങനെ പറഞ്ഞതായി രേഖപ്പെടുത്തുന്നു. “എന്റെ പിതാവ് ഒരു കറുത്ത വൃത്തത്തിനുള്ളിലാണ്. അതിലേക്ക് ആരെങ്കിലും കടന്നുവോ അയാള്‍ അതോടെ ഒന്നുകില്‍ അപ്രതൃക്ഷനായി, അല്ലെങ്കില്‍ ഏതെങ്കിലും രീതിയില്‍ അയാള്‍ നശിപ്പിക്കപ്പെട്ടു.” അവര്‍ വിശ്വസിച്ചത് അത് തന്റെ പിതാവിന്റെ അതീജീവന മാര്‍ഗ്നമെന്നാണ്… (പുറം 188). സ്റ്റാലിന്‍ 1953 മാര്‍ച്ച് അഞ്ചിന് രാത്രി 9.50ന് അന്തരിച്ചു. “അദ്ദേഹത്തിന്റെ മൃതദേഹം പോലും പുതിയ ഇരകള്‍ക്കായി ദാഹിച്ചിരുന്നു” എന്നാണ് സ്റ്റാലിന്‍ ഭരണത്തില്‍ ഒരുപാട് സഹിച്ച ഡോ. റാപോപോര്‍ട്ട് പറഞ്ഞത് (പുറം 189).
ഒലേഗ് കലുഗിന്‍ യൗവനത്തില്‍ (പിന്നീടവര്‍ കെ.ജി.ബി. ജനറലായി) സ്റ്റാലിന്റെ ആരാധകയായിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം അവര്‍ ഓര്‍മ്മിച്ചു. “ഇത്തരത്തിലൊരു മോണ്‍സ്റ്ററെ അദ്ദേഹത്തിന്റെ പീഡനത്തിന് ഇരകളാകാത്തവരെല്ലാം ആരാധിച്ചിരുന്നതെങ്ങനെയെന്ന് മനസ്സിലാക്കുക പ്രയാസമാണ്.” അവര്‍ അതിന്റെ കാരണം എഴുതുന്നു. “അദ്ദേഹത്തിന്റെ പ്രചരണയന്ത്രം അത്ര ശക്തമായിരുന്നു.” (പുറം 190).
“1953 മെയ് ആദ്യവാരം മരിച്ചുകൊണ്ടിരിക്കുന്ന പിതാവിന് കാവലിരിക്കുമ്പോള്‍ സ്വെറ്റ്‌ലാന വിശ്വസിച്ചു… വിമോചനം വരികയാണ്…” എന്നാല്‍, യഥാര്‍ത്ഥത്തില്‍ ഒരു വിമോചനവും സംഭവിച്ചില്ല… അവരുടെ അച്ഛന്റെ പ്രേതം മകളെ മാത്രമല്ല രാജ്യത്തെയാകെ ഒഴിയാബാധയായി ഗ്രസിച്ചിരുന്നു. സ്റ്റാലിന്റെ അവസാന നിമിഷം സ്വെറ്റ്‌ലാന വിവരിക്കുന്നു. “അദ്ദേഹം പെട്ടെന്ന് തന്റെ ഇടതുകരം ഉയര്‍ത്തി. മുകളിലുള്ളതെന്തിനെയോ ചൂണ്ടി, കൈതാഴ്ത്തി, ഞങ്ങളെയെല്ലാം ശപിച്ച്…” (പുറം 187).
മരണശേഷം തന്റെ തലമുറയെപ്പറ്റി എഴുത്തുകാരനായ കൊണ്‍സ്റ്റാന്‍ഡിന്‍ സിമ്നോവ് എഴുതി, “നാം സത്യസന്ധരാണെങ്കില്‍, നാം സ്റ്റാലിന് മാത്രമല്ല മാപ്പ് കൊടുക്കാതിരിക്കേണ്ടത്, ഞങ്ങളുടക്കമുള്ളവര്‍ക്ക് ഞങ്ങള്‍ക്ക് മാപ്പ് കൊടുക്കാനാവില്ല… ഞങ്ങള്‍ മോശമായതൊന്നും ചെയ്തിട്ടില്ല, ഒറ്റനോട്ടത്തില്‍. പക്ഷേ, ഞങ്ങള്‍ അതുമായി പരിചതമായി എന്നതാണ് തെറ്റായിപ്പോയത്. അവിശ്വസനീയവും ഭീകരവുമായതെന്ന് ഇപ്പോള്‍ തോന്നുന്നത്, സാവകാശം ഒരു തരത്തില്‍ സാധാരണമായ ഒന്നായി, അത് ശീലമായി…” (213).


ഫയോദർ ദസ്തയേവ്സ്കിയുടെ ‘ദി ഇഡിയറ്റ്’ ഭ്രാന്തമായ ആന്തരിക ഗൂഢാലോചനകള്‍ വഴി അധികാരത്തിന്റെ മുകളിലേക്ക് കയറിപ്പോകുന്ന വിപ്ലവകാരികളെപ്പറ്റി പറയുന്നുണ്ട്. അവര്‍ തങ്ങളുടെ സഹപൗരന്മാരുടെ മൃതദേഹങ്ങള്‍ ചവിട്ടിയാണ് കയറിയത് (പുറം 216).
ഇത്രയും എഴുതിയത് പിണറായി സര്‍ക്കാരിന്റെ ഓട്ടോക്രാറ്റിക് ഭരണത്തിന്റെ ഘടനാപരമായ ആക്രമണത്തെയും അഴിമതിയെയും സ്വജനപക്ഷപാതത്തെയും തൂത്തെറിഞ്ഞ കേരളത്തിലെ മതനിരപേക്ഷ മനസ്സ് ഐകൃജനാധിപത്യ മുന്നണിയെ അധികാരത്തിലെത്തിച്ചിട്ടും, ആരാണ് ശ്രതുവെന്ന് തിരിച്ചറിയാന്‍ വിസമ്മതിക്കുന്ന പിണറായി ഉപജാപസംഘം തുടരുന്ന നിന്ദ്യവും ഹീനവും ജനാധിപത്യവിരുദ്ധമായ നിലപാടുകള്‍ കാണുന്നതുകൊണ്ടാണ്. ഉപജാപസംഘത്തിലുള്ളവരും അതിന്റെ സ്ട്രോം ട്രൂപ്പേഴ്സും സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും യു.ഡി.എഫ്. ഭരണത്തിലെത്തിയ നിമിഷം മുതല്‍ അവര്‍ക്കു നേരെ, പ്രത്യകിച്ചും മുഖ്യമന്ത്രിക്ക് നേരെ നടത്തുന്ന വിലകെട്ട ആരോപണങ്ങളും അസഭ്യങ്ങളും കാണുന്നതുകൊണ്ടാണ്. തങ്ങളെ കേരളത്തിലെ ലിബറൽ മാർക്സിസ്റ്റുകളടക്കമുള്ള സെക്കുലർ ജനത തോൽപ്പിച്ചു എന്ന യാഥാർത്ഥ്യം പിണറായി ഉപജാപക സംഘമോ, പോളിറ്റ് ബ്യൂറോയോ മനസ്സിലാക്കാൻ ശ്രമിക്കുന്നില്ല. എന്തുകൊണ്ട് തങ്ങൾ പരാജയപ്പെട്ടു, ജനങ്ങളിൽ നല്ലൊരു വിഭാഗം, കുടുംബശ്രീ, ഹരിതകർമ്മസേന, തൊഴിലുറപ്പ് പദ്ധതി, പോഷകസംഘടനകൾ, തങ്ങൾ അനർഹമായി നിയമിച്ച കരാർ ജീവനക്കാർ എല്ലാമുണ്ടായിട്ടും എന്തുകൊണ്ട് തോറ്റു….ഇത് ഉപജാപകസംഘത്തിന് അനുകൂലമാക്കാവുന്ന ഒരു ചോദ്യവാലി പൂരിപ്പിച്ചതുകൊണ്ട് സാധിക്കില്ല. സത്യസന്ധമായി വിലയിരുത്തണം. തുറന്ന സംവാദം അനിവാര്യമാണ്. ആരുടെയെങ്കിലും സാന്നിധ്യത്തെ ഭയപ്പെട്ട് മൗനംപാലിച്ചതുകൊണ്ടായില്ല.
നിങ്ങൾ ആശാവർക്കർമാരോട്, സിൽവർലൈൻ പദ്ധതി എതിർത്തവരോട്, പാചകത്തൊഴിലാളികളോട് എങ്ങനെ പെരുമാറി… ഉന്നതവിദ്യാഭ്യാസത്തെ എങ്ങനെ നശിപ്പിച്ചു… എന്തുകൊണ്ട് കലാലയങ്ങളിൽ എസ്.എഫ്.ഐ ഗുണ്ടാസംഘങ്ങൾ വിലസി…തങ്ങൾക്ക് ഇഷ്ടമല്ലാത്തവരെ മർദ്ദിച്ച് കൊന്ന് കെട്ടിത്തൂക്കി…ആരാണ് 2016ൽ കടക്ക് പുറത്ത് എന്ന് മാധ്യമപ്രവർത്തകരോട് ആക്രോശിച്ചത്…നികൃഷ്ടജീവി, കുലുംകുത്തി, ചെറ്റ്, വീട്ടിപോയി ചോദിക്ക് എന്നീ വാക്കുകൾ പ്രയോഗിക്കാൻ മടിയില്ലാത്ത ഒരു മുഖ്യമന്ത്രി കേരളത്തിന്റെ പ്രബുദ്ധതയ്ക്ക് നേരെ കാർക്കിച്ച് തുപ്പുകയായിരുന്നില്ലേ…വിയോജിപ്പുകൾ നല്ലവാക്കുകളിലൂടെ സംസാരിക്കാൻ സാധിക്കില്ലേ…
തെരുവുകളിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തലക്കടിച്ച് പരിക്കേൽപ്പിച്ച് അവരുടെ നേരെ കെസെടുക്കുക, ഭീകരവിരുദ്ധ നിയമം ഉപയോഗിച്ച് എൻകൗണ്ടറിന്റെ പേരിൽ കൊല്ലുക, യുവാക്കളെ തടവിലിടുക, എതിർക്കുന്നവരെ ശാരീരികമായും ഭൗതികമായും ഇല്ലാതാക്കുക, കേരളത്തിന്റെ പരിസ്ഥിതിയെ നശിപ്പിക്കുക, മണ്ണ്-ക്വാറി-മണൽ മാഫിയകളെ നിർബാധം അഴിഞ്ഞാടാൻ അനുവദിക്കുക, സഹകരണ സംഘങ്ങളെ പോക്കറ്റി സംഘങ്ങളാക്കുക, കറുത്ത വസ്ത്രമുടുക്കുന്നവരെ നിരീക്ഷിക്കുക, 35 വാഹനങ്ങളുടെ അകമ്പടിയുമായി രാജസേവനം നടത്തുക, കഞ്ചാവ്-രാസ ഗുളികകള്‍ എന്നിവയ്ക്ക് നിര്‍ബാധം ക്രയവിക്രയത്തിനുള്ള അവസരങ്ങള്‍ നല്‍കുക, ലോക്കപ്പ് മര്‍ദ്ദനങ്ങള്‍, കൊലകള്‍… ഇങ്ങനെ തീരാത്ത പട്ടികയുണ്ട്. നിങ്ങള്‍ ചെയ്യുന്ന നല്ല പ്രവൃത്തികള്‍ ഇതില്‍ മുങ്ങിപ്പോവുകയാണ്.


ജി. സുധാകരനും, ടി.കെ. ഗോവിന്ദനും, കുഞ്ഞികൃഷ്ണനും ചെറ്റകളും കുലംകുത്തികളുമായിരുന്നെങ്കില്‍ അവരെ നല്ല ഭൂരിപക്ഷം നല്‍കി ജനങ്ങള്‍ എന്തുകൊണ്ട് ജയിപ്പിച്ചു? എന്‍.എസ്.എസിന്റെ സുകുമാരന്‍ നായരെയും, എസ്.എന്‍.ഡി.പി.യുടെ വെള്ളിപ്പിള്ളിയെയും ഉപയോഗിച്ച് നിങ്ങള്‍ എന്തെല്ലാം കോപ്രായങ്ങള്‍ നടത്തി. ജനം അവരെ ഓലപ്പാമ്പുകളായി തള്ളി, നിങ്ങളെയും. മുസ്ലീം ലീഗിനെ നിങ്ങള്‍ വർഗീയ പാര്‍ട്ടിയാക്കി, വോട്ട് തരപ്പെടുത്താമെന്ന് നിശ്ചയിച്ചു. എന്തുണ്ടായി? ഇന്ന് അത് കേരളത്തില ഏറ്റവും നല്ല മതേതര പാര്‍ട്ടിയായി. നിങ്ങള്‍ ആലോചിക്കണം. കേരളത്തിലെ മുസ്ലീം യുവതികള്‍ക്കിയില്‍ (പ്രത്യേകിച്ചും) ക്രിയാത്മകമായ മാറ്റങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ട്. അവര്‍ പഠിക്കുന്നു, ജയിക്കുന്നു, ജോലികളില്‍ പ്രവേശിക്കുന്നു, വ്യത്യസ്തമായ ജീവിതാവബോധം പുലര്‍ത്തുന്നു.
2018ല്‍ ഒന്നാം പിറണായി സര്‍ക്കാര്‍ ‘കടക്ക് പുറത്ത്’ എന്ന് ഒരു മാധ്യമപ്രവര്‍ത്തകനോട് പറഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് അക്കൊല്ലം ‘പച്ചക്കുതിര മാസിക’യില്‍ ‘സായിപ്പും ഭായിയും പിന്നെ സഖാവും’ എന്ന ലേഖനം പ്രസിദ്ധീകരിക്കുന്നത്. (പുറം 128 – ‘ഫാസിസ്റ്റുകാലത്തെ ഗാന്ധിയന്‍ പ്രതിരോധങ്ങള്‍’, 2017) അന്നെനിക്ക് ബോധ്യപ്പെട്ടു, ഡൊണാള്‍ഡ് ട്രമ്പ് എന്ന സായിപ്പും നര്രേദ്രമോദിയെന്ന ഭായിയും സഖാവെന്ന പിണറായി വിജയനും പ്രതിനിധീകരിക്കുന്നത് ഒരെ രാഷ്ട്രീയത്തിന്‍റെ അല്ലെങ്കില്‍ രാഷ്ട്രീയമില്ലായ്മയുടെ മുഖമാണ്. “ഭയം ഒരു പ്രതീകമായി കാണുവാന്‍ അക്ഷരജ്ഞാനമുള്ള ഒരു ജനതയെ പ്രേരിപ്പിക്കുക മാത്രമല്ല ട്രമ്പ് ചെയ്തത്. അയാള്‍ സ്ത്രീകളെയും കറുത്തവരെയും ഹിസ്പാനികളെയും ചൈനക്കാരെയും ഇന്ത്യക്കാരെയും വാക്കുകളാല്‍ മുറിപ്പെടുത്തി. വെള്ളക്കാരല്ലാത്തവരുടെ നേരെ വിഷം ചീറ്റി. ജനാധിപത്യ സ്ഥാപനങ്ങളെ അയാള്‍ പൂച്ഛത്തോടെയാണ് കണ്ടത്. ലിബറല്‍ ഡെമോക്രസി ചീഞ്ഞളിയുമ്പോഴാണ് വലതുപക്ഷ മുതലാളിത്തത്തിന്റെ വിഷക്കൂണുകള്‍ പൊട്ടി മുളച്ച് ചീര്‍ക്കുന്നത്. അതിന് മൂല്യങ്ങളില്ല. ആശയങ്ങളില്ല…. ബീഭത്സമായ നഗ്നതയാണത്…” (പുറം 130, 31).
വിഷവൈറസ്സുകളുടെ വീര്യമാണ് രാഷ്ട്രീയ സ്വയംസേവകനായ നരേന്ദ്ര മോദിയെ 2014ല്‍ വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്താന്‍ സഹായിച്ചത്. കോണ്‍ഗ്രസ്സിന്റേയും ഇടതുപക്ഷങ്ങളടങ്ങുന്ന കക്ഷികളുടേയും ജനാധിപത്യ നാട്യങ്ങളെ ജനങ്ങള്‍ നിരാകരിച്ചു. ഇന്ത്യന്‍ പൗരുഷത്തിന്റെ പ്രതീകമായി അദ്ദേഹം വാഴ്ത്തപ്പെട്ടു… ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ ആര്‍.എസ്.എസ് പങ്കെടുത്തിട്ടില്ല. ബ്രിട്ടീഷ് ഏജന്‍റുമാരായി സ്വാതന്ത്ര്യ സമരത്തെ ഒറ്റിക്കൊടുത്തിട്ടേയുള്ളൂ. അവരിന്ന് ധീരദേശാഭിമാനികളായി നെഞ്ച് വിരിച്ച് രാജ്യസ്നേഹികളെ ദേശദ്രോഹികളായി ചാപ്പയടിക്കുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ ക്രൂരതയാണ് (പുറം 131).
“സഖാവല്ല, അദ്ദേഹവും സംഘവും നയിക്കുന്ന ചെയ്തികളാണ് ഇടതുപക്ഷത്തെ ട്രമ്പിന്റേയും മോദിയുടേയും നിലയിലെത്തിക്കുന്നത്. അവര്‍ തമ്മില്‍ അധികാര വിന്യാസത്തിലെ സമാനതകള്‍ പോലുമില്ല. അവര്‍ പരസ്പരം തൊട്ടറിയുന്നവരാണ്. ഇടതുപക്ഷം ചീഞ്ഞു നാറുമ്പോള്‍ ആ ദുര്‍ഗ്ഗന്ധം വലതുപക്ഷത്തിന്റേതിനേക്കാള്‍ രൂക്ഷമാണ്. മാനവികതയുടെ അന്തസ്സത്തായ മാര്‍ക്സിസം പാര്‍ട്ടിയുടെ ഉള്ളില്‍ കിടന്ന് ചീഞ്ഞ് നാറുന്ന ഒരു കാലത്തിലേ, ഷുക്കൂറിനെപ്പോലെ ഒരു യുവാവിനെ കംഗാരു കോര്‍ട്ടില്‍ കല്ലെറിഞ്ഞ് കൊല്ലാനാവൂ. ഐ.എസ്. നടത്തുന്ന ഭീകരക്കൊലയില്‍നിന്ന് ഇതിനെന്താണ് വൃത്യാസം…? ടി.പി ചന്ദ്രശേഖരനെ ക്രൂരമായി വെട്ടിക്കൊല്ലാനാവു. ആര്‍.എസ്.എസിന്റെ അതേ നിലവാരത്തില്‍ അരുംകൊലയ്ക്ക് കണക്ക് പറയാനാവൂ. നിലമ്പൂര്‍ വനത്തില്‍ മാവോയിസ്റ്റുകളായ രണ്ടുപേരെ (മാവോയിസ്റ്റ് ആക്രമരാഷ്ട്രീയത്തെ ഒരു തരത്തിലും അംഗീകരിക്കുന്നില്ല) പച്ചയ്ക്ക് വെടിവെച്ച് കൊല്ലാനാവൂ…” (പുറം 137).
“ജനാധിപത്യ ധാര്‍മ്മികമൂലൃങ്ങള്‍ സംരക്ഷിക്കുന്നതില്‍, രാഷ്ട്രീയ സുതാരൃത നിലനിര്‍ത്തുന്നതില്‍, വര്‍ഗീയ-ജാതീയ പ്രീണനങ്ങള്‍ റദ്ദാക്കുന്നതില്‍, വികസനത്തില്‍, ആവിഷ്കാര സ്വാത്രന്ത്രൃത്തില്‍, ദരിദ്രന്റെയും ആദിവാസിയുടേയും ജീവിതത്തിന് അര്‍ത്ഥം നല്‍കുന്നതില്‍, പൊതുജീവിതത്തിന്റെ സംശുദ്ധിയില്‍, സാംസ്‌കാരിക ക്രേന്ദങ്ങളും സര്‍വ്വകലാശാലകളും ഏറാന്‍ മൂളികളായ മീഡിയോക്രകാറ്റുകളെക്കൊണ്ട് കുത്തി നിറയ്ക്കുന്നതില്‍… ഇവയില്‍ ഏത് മേഖലയിലാണ് വലതുപക്ഷത്തിൽ നിന്ന് വേറിട്ട നിലപാട് ഇടതുപക്ഷം കഴിഞ്ഞ ഒരു പതിറ്റാണ്ടില്‍ കൈക്കൊണ്ടിട്ടുള്ളത്” (പുറം 137).
“സത്യാനന്തരകാലം മനുഷ്യന്റെ പ്രാകൃതമായ വാസനകളുടേയും അയുക്തികങ്ങളായ നിലപാടുകളുടേയും (ന്യൂനോര്‍മല്‍) അന്തമില്ലാത്ത ആര്‍ത്തികളുടേയുമാണ്. മൂലധനത്തിന് അതിന്റെ തോക്കും മൈനും ബോംബും വളരെ സമര്‍ത്ഥമായി ഒളിപ്പിച്ച് ട്രമ്പുമാരിലൂടേയും മോദിമാരിലൂടെയും പിണറായിമാരിലൂടെയും വേഷപ്രച്ഛന്നമായി സാധാരണക്കാരന്റെ പഞ്ചേന്ദ്രിയങ്ങളെയും മനസ്സിനെയും (സോഷ്യല്‍ മീഡിയാ വഴി) കീഴടക്കാനാവുന്നു” (പുറം 137).
മേല്‍പറഞ്ഞതിനെ നിര്‍ദ്ദയം കേരളീയന്റെ സെക്കുലര്‍ മനസ്സ് പരാജയപ്പെടുത്തിയതാണ് 2026 മേയ് നാലിന് നാം കണ്ട യു.ഡി.എഫിന്റെ വിജയം. അതിനെതിരെ ആദ്യനിമിഷം മുതല്‍ ഭ്രാന്തിളകിയപോലെ പിണറായി ഉപജാപസംഘാംഗങ്ങള്‍ സോഷ്യല്‍ മീഡിയായിലൂടെയും അല്ലാതെയും ഭീഷണികളും അപഹാസ്യങ്ങളും കൊണ്ട് അക്രമിക്കുന്നത് ലജ്ജാകരമാണ്. നാളെ നിങ്ങള്‍ പെണ്‍വിഷയത്തില്‍ ഡിലിറ്റുള്ളവരെ ഉപയോഗിച്ച് യു.ഡി.എഫ് നേതാക്കളെ കെണിയിലാക്കും. യു.ഡി.എഫിന് നിങ്ങള്‍ ഒരു രണ്ടര വര്‍ഷമെങ്കിലും കൊടുക്കൂ. ക്രിയാത്മകമായ രീതിയില്‍, രാഷ്ട്രീയ സദാചാരങ്ങളിലൂന്നി വിമര്‍ശിക്കൂ, ജനവിധിയെ മാനിക്കൂ. അതിന് ആദ്യം ചെയ്യേണ്ടത് തന്റെ പിതാവായ സ്റ്റാലിനെപ്പറ്റി മകള്‍ സ്വെറ്റ്‌ലാന പറഞ്ഞതിന്റെ അര്‍ത്ഥം മനസ്സിലാക്കുകയാണ്. “എന്റെ പിതാവ് ഒരു കറുത്ത വൃത്തത്തിനുള്ളിലാണ്.” അദ്ദേഹത്തിന്റെ പ്രേതം (Ghost) അദ്ദേഹം അന്തരിച്ചിട്ടും റഷ്യയുടെ മേലുള്ള പിടി അയച്ചിട്ടില്ല. കേരളത്തില്‍ ജനങ്ങള്‍ ഇന്ന് സ്വത്രന്തരാണ്. അവര്‍ക്ക് പഴയ ഭയമില്ല. ബിഗ്ബ്രദറുടെ ഡിറ്റക്ടീവ് കണ്ണുകള്‍ അവരുടെ മേലില്ല.


എന്നാല്‍ ബിഗ്ബ്രദറുടെ ഉപജാപകസംഘത്തിൽ നിന്നും ബിഗ്‌ബ്രദറിന് പുറത്ത് കടക്കാനായിട്ടില്ല. അദ്ദേഹത്തോട് സത്യംപറയാന്‍ ആരും തയ്യാറല്ല. സത്യം പറയുന്നവര്‍ പുറത്ത് പോയി, നില്‍ക്കക്കള്ളിയില്ലാതെ. അണികള്‍ക്ക് സത്യമറിയാം. ഉപജാപകസംഘവും അതിന്‍റെ ബിഗ്‌ബ്രദറും അത് മനസ്സിലാക്കാന്‍ കൂട്ടാക്കുന്നില്ല. വ്യക്തിപരമായി പിണറായി വിജയനെന്ന മൂത്ത സഹോദരനോട് എനിക്ക് യാതൊരു വെറുപ്പുമില്ല. കടുത്ത വിമര്‍ശനങ്ങളുണ്ട്. ഇത് പഠിപ്പിച്ചത് ഇരുപത്തെട്ടുകൊല്ലമായി തുടരുന്ന സാന്ത്വന പരിചരണത്തിലെ അനുഭവങ്ങളാണ്. അദ്ദേഹം രോഗബാധിതനാവുമ്പോള്‍ എന്റെ ചെറിയ മനസ്സിലും വേദന തോന്നാറുണ്ട്. അത് മനുഷ്യനും മനുഷ്യനും തമ്മിലുള്ള കമ്മ്യൂണിയന്‍ ആണ്.
ഇടതുപക്ഷം തിരിച്ചുവരുമെന്ന് പിണറായി വിജയന്‍ ഉറപ്പിച്ചു പറയുന്നു. അത് സന്തോഷകരമാണ്. ഇടതുപക്ഷം ജനാധിപത്യമൂല്യങ്ങളും രാഷ്ട്രീയ സദാചാരബോധങ്ങളുമായി തിരിച്ചുവരണം. പക്ഷേ, അവരുടെ മുഖ്യശ്രതു, അണികളല്ല, ഉപജാപക സംഘമാണ്. അത് തകര്‍ന്നാലെ നേരത്തെ പറഞ്ഞത് സംഭവിക്കൂ. അതോടെ അവര്‍ തിരിച്ചറിയും മോദിയെപ്പോലെ ഒരു കോണ്‍ഗ്രസ് മുക്ത കേരളമല്ല ആവശ്യം. കോണ്‍ഗ്രസ് ശ്രതുവല്ല. കേരളത്തിന്റെ മുഖ്യശത്രു ആര്‍.എസ്.എസ് – ബി.ജെ.പിയാണ്. മോദി പറയുന്ന ‘ഡബ്ബിള്‍ എഞ്ചിന്‍’ കേരളീയര്‍ തിരിച്ചറിയണം. അത് വാസ്തവത്തില്‍ ഒരു ഡബ്ബിള്‍ ബാരല്‍ തോക്കാണ്. മുന്നിലേക്കും പിന്നിലേക്കും വെടിയുതിര്‍ക്കാവുന്ന ഒന്ന്. അവര്‍ക്ക് മസില്‍ പവറും, മണി പവറും, മെഷ്യന്‍ പവറുമുണ്ട്. തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണം പിടിച്ചെടുത്തതും, തിരുവനന്തപുരം ജില്ലയിലെ രണ്ട് അസംബ്ലി സീറ്റുകളില്‍ ജയിച്ചതും (രണ്ടിടത്ത് വളരെ ചെറിയ മാര്‍ജിനില്‍), കൊല്ലം ജില്ലയില്‍ ചാത്തന്നൂരില്‍ ജയിച്ചതും എന്തുകൊണ്ടാണെന്ന് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും കോണ്‍ഗ്രസും പരിശോധിക്കണം.
ആര്‍.എസ്.എസ്-ബി.ജെ.പിയുടെ ഉത്തരേന്ത്യന്‍ ലോബികള്‍ മതവും ഇതര ഏജന്‍സികളും ഡീലിമിറ്റേഷനും ഉപയോഗിച്ച് ദക്ഷിണേന്ത്യയെ കാല്‍ക്കീഴിലാക്കാന്‍ ശ്രമിക്കുന്നു. തമിഴ്‌നാടും കേരളവും അവര്‍ പ്രതേകിച്ചും നോട്ടമിട്ടിട്ടുണ്ട്. Dedicated Rare Earth Mineral Corridor – അതാണ് 2026-27 ക്രേന്ദ്ര സംസ്ഥാന ബഡ്ജറ്റുകളില്‍ നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്ന അപൂര്‍വ്വ ധാതു മണല്‍ ഇടനാഴി. സമ്പൂര്‍ണ്ണമായും ഖനനത്തിനും സംസ്ക്കരണത്തിനുമായി മാറ്റി വെയ്ക്കപ്പെട്ട ഈ ഇടനാഴി അതീവ ഗൗരവതരമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ഇതിനകംതന്നെ പാരിസ്ഥിതികമായും ആരോഗ്യപരമായും കടുത്ത വെല്ലുവിളികള്‍ നേരിടുന്ന കേരളത്തിന് മേല്‍ പതിക്കുന്ന ഇടിത്തീ ആവാന്‍ ഇടയുണ്ടിത്. ഇല്‍മനൈറ്റ്, റൂട്ടൈന്‍, സിലിക്കോണ്‍, സില്ലിമനൈറ്റ്, ലൂക്കോക്സിൻ എന്നീ അപൂര്‍വ്വ ധാതുക്കളുടെ ഭൂമിയാണ് കേരളം. ഇവയുടെ വന്‍തോതിലുള്ള ഖനനം ഉന്നമിട്ട് പശ്ചിമഘട്ട തീരദേശ മേഖലകളും തുറമുഖ നഗരങ്ങളും പിടിച്ചെടുക്കുകയാണ് ഇവരുടെ തിരഞ്ഞെടുപ്പ് സ്ട്രാറ്റജി. അപകടകരമായ ഖനനം കേരളത്തിലെ ജനജീവിതത്തേയും ആവാസവ്യവസ്ഥയേയും പ്രതികൂലമായി ബാധിക്കും. മോണോസൈറ്റില്‍ ഉയര്‍ന്ന അളവില്‍ തോറിയം അടങ്ങിയിട്ടുണ്ട്. ഈ തോറിയമാണ് ഇന്ത്യയില്‍ അടുത്തിടെ വൃവസായവല്‍ക്കരണത്തിന് അനുമതി നല്‍കിയ സ്വകാര്യ ആണവ റിയാക്ടറുകളില്‍ ഉപയോഗിക്കുക. കൂടാത, യുറേനിയം, റേഡിയം, ലെഡ്, റാഡോണ്‍, ആക്ടീവ് മൂലകങ്ങളും ഇവിടെയുണ്ട്. ഖനന പ്രക്രിയയില്‍ നിന്നുണ്ടാകുന്ന ആണവവികിരണങ്ങള്‍ പരിസരത്തെ വായുവിലും ജലത്തിലും മണ്ണിലും കലരുന്നത് മാരകമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് കേരളത്തെ നയിക്കും. കരവെയ്ക്കുകയും, കരയെടുക്കുകയും ചെയ്യുന്ന ഒരു സ്വാഭാവിക പ്രക്രിയ ഇവിടെയുണ്ട്. തീരങ്ങളില്‍ അതിരൂക്ഷമായ കടലാക്രമണം ഉണ്ടാകാം. ഉപ്പുവെള്ളം ഭൂഗര്‍ഭജലത്തിലേക്ക് വ്യാപിക്കും. ശുദ്ധജലസ്ത്രോതസ്സുകള്‍ ഇല്ലാതാകും. ജൈവവൈവിധ്യം തകരും. ബി.ജെ.പി സര്‍ക്കാര്‍ അടുത്തിടെ കൊണ്ടുവന്ന ശാന്തി നിയമം വഴി അദാനിക്ക് ആഭ്യന്തര ആണവ ഉല്‍പാദനത്തിന് ലൈസന്‍സ് നല്‍കിയിട്ടുണ്ട്. ചെറുകിട നഗരങ്ങളില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കുക മോദി സര്‍ക്കാറിന്റെ വികസന ലക്ഷ്യമാണ്. ലോകത്തുടനീളം (ചൈനയാണ് മുന്നില്‍) അപൂര്‍വ ധാതുക്കള്‍ക്കായുള്ള പരക്കം പാച്ചിലിലാണ് ലോകരാഷ്ട്രങ്ങൾ, കോര്‍പ്പറേറ്റുകള്‍.
ഇത് നടപ്പാക്കാന്‍ തുനിഞ്ഞിറങ്ങുന്നവര്‍ മതവും വികസനവും നമ്മോട് പറയും. നമ്മെ വഞ്ചിക്കും. എല്‍.ഡി.എഫും, യു.ഡി.എഫും ഇത് തിരിച്ചറിയണം. പരസ്പരം വഴക്കടിച്ച് ആര്‍.എസ്.എസ്-ബി.ജെ.പിയെ ഇങ്ങോട്ടേയ്ക്കെടുക്കരുത്. ഇവിടെ യു.ഡി.എഫിനും എല്‍.ഡി.എഫിനും ഇടമുണ്ട്, ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിച്ചാല്‍. എല്‍.ഡി.എഫിലെ പിണറായി നയിക്കുന്ന ഉപജാപക സംഘത്തിലെ ഒരംഗമായ മുന്‍ മന്ത്രി കെ.എന്‍. ബാലഗോപാല്‍, പുതിയ മുഖ്യമന്തി ആദ്യ കാബിനറ്റ് മീറ്റിങ്ങില്‍തന്നെ ആശാവര്‍ക്കര്‍മാരുടെ ഓണറേറിയം 3000 രൂപ വര്‍ദ്ധിപ്പിച്ചതിനോട് പ്രതികരിച്ചത് “മല എലിയെ പ്രസവിച്ചതുപോലെയായി” എന്നാണ്. ഇത് എത്ര നിന്ദ്യമായ പ്രതികരണമാണ്. ഏതാണ്ട് ഒരു വര്‍ഷത്തോളം ആശാ വര്‍ക്കര്‍മാരെ വെയിലത്തും മഴയത്തും ഓടിച്ച് കഷ്ടപ്പെടുത്തിയും അപഹസിച്ചും അസഭ്യം ചൊരിഞ്ഞും രസിച്ച മുന്‍ സര്‍ക്കാറിന്റെ മന്തിയാണ്. ഇതാണ് ട്രെന്‍ഡെങ്കില്‍, താമസിയാതെ കേരളത്തിലെ കലാലയങ്ങളിലും വിദ്യാലയങ്ങളിലും പൊതുസ്ഥാപനങ്ങളിലും തെരുവുകളിലും അധികാരം നഷ്ടപ്പെട്ടതിന്റെ പകയിൽ എസ്.എഫ്.ഐയും, ഡി.വൈ.എഫ്.ഐയും മറ്റ് പോഷകസംഘടനകളും അക്രമാസക്തമാകും. ബന്ദും ഹര്‍ത്താലും കേരളത്തില്‍ പത്ത് കൊല്ലത്തിനുശേഷം നിത്യസംഭവമാകും. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ എല്‍.ഡി.എഫ്. വാഹനങ്ങളില്‍നിന്ന് മുഴങ്ങിക്കേട്ട വാചകം കൗതുകകരമാണ്, “ഞങ്ങളുടെ ഭരണത്തില്‍ ബന്ദും ഹര്‍ത്താലും ഉണ്ടായിരുന്നില്ല”. എന്തുകൊണ്ട് എന്നത് വായനക്കാര്‍ പൂരിപ്പിക്കട്ടെ. തങ്ങള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ആര്‍.എസ്.എസ്-ബി.ജെ.പി ഘോഷിക്കുന്നതും ഇപ്രകാരമാണല്ലോ, “ഇവിടെയൊന്നും വര്‍ഗ്ഗീയ ലഹളകളില്ല…”
ഉപജാപക സംഘത്തെ നയിച്ചിരുന്ന, ഇപ്പോഴും നയിക്കുന്ന പിണറായി വിജയന് മനമാറ്റം സംഭവിച്ച്, അദ്ദേഹം പാര്‍ട്ടിയെ ജനാധിപത്യത്തിലേക്ക് നയിക്കുമോ…? ഇതിനുത്തരം പറയുന്നതിന് മുമ്പായി വോട്ടെടുപ്പ് (2026 ഏപ്രില്‍ 9) ദിവസം ഉച്ചയോടെ വീട്ടിലേക്ക് അഞ്ച് വയസ് മുതല്‍ പാര്‍ട്ടിയുടെ കൊടിയുമായി നടന്ന്, സര്‍ക്കാര്‍ ജോലികള്‍ക്കൊന്നും അപേക്ഷിക്കാതെ ജീവിതം പാര്‍ട്ടിയ്ക്കായി ഹോമിച്ച നാല്‍പത്തിയേഴുകാരനായ സ്‌നേഹിതന്‍ വന്നു. ഞാനദ്ദേഹത്തോട് രാഷ്ട്രീയം സംസാരിക്കാറില്ല. ഒരു സംവാദം സാധ്യമല്ല. പാര്‍ട്ടിയ്ക്കപ്പുറം അദ്ദേഹത്തിന് ഒന്നുമില്ല. അതാണ് രീതി. യുവാക്കളുടെ ഭാഷയില്‍ കട്ട മാര്‍ക്സിസ്റ്റ്. ഞാന്‍ ചോദിച്ചിട്ടല്ല, അദ്ദേഹം പറഞ്ഞു, ഇത്തവണ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയ്ക്ക് 15-20 സീറ്റേ കിട്ടൂ… അദ്ദേഹം തുടര്‍ന്നു. നാടുനീളെ കൂറ്റന്‍ ഫ്ലക്സുകളാണ് പിണറായിയുടെ. എല്‍.ഡി.എഫ് അല്ലാതെ മറ്റാരുണ്ട്, എന്ന് താഴെയും. അദ്ദേഹം പറയുന്നത് ഞാനല്ലാതെ പാര്‍ട്ടിയില്‍ ഭരിക്കാന്‍ മറ്റാരുണ്ട്. പിന്നീടയാള്‍ പാര്‍ട്ടിയിലെ ചിലരുടെ പേരുകള്‍ പറഞ്ഞു. ദുഖത്തോടെ ഇറങ്ങിപ്പോയി. അദ്ദേഹം പറഞ്ഞത് ശരിയായിരുന്നു. കേരളത്തിലെ 140 മണ്ഡലങ്ങളിലും ഒരേ ഒരാളാണ് മത്സരിച്ചത്. പിണറായി വിജയന്‍. മഞ്ചേശ്വരം മുതല്‍ പാറശ്ശാല വരെ ഒരു മനുഷ്യന്റെ കൂറ്റന്‍ ഫ്ലക്സുകള്‍. ഇത് ഏകാധിപതിയുടെ ലക്ഷണമാണ്. അതിലും അദ്ദേഹത്തെ തെറ്റ് പറയാന്‍ ആവില്ല. നമ്മുടെ ബാല്യമാണ്, നമ്മെ നാമാക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നത്. ബുദ്ധനിലും ഗാന്ധിയിലും നാരായണ ഗുരുവിലും രമണമഹര്‍ഷിയിലും പരമഹംസരിലും, ഇപ്പുറം ഹിറ്റലറിലും ഈദി അമീനിലും ട്രിമ്പിലും മോദിയിലും സ്റ്റാലിനിലും പുട്ടിനിലുമെല്ലാം ഇത് കാണാം. എഴുത്തുകാരായ അമോസ് ഓസും മാര്‍ക്കേസും അത് രേഖപ്പെടുത്തിയിട്ടുണ്ട്.


ഹന്നാ ആരന്റെയുടെ Eichmann in Jerusalem: A Report on the Banality of Evil (2006) പലയാവര്‍ത്തി വായിച്ചിട്ടുണ്ട്. മാര്‍ക്സിസ്റ്റായ ഹന്നാ 1961ല്‍ ജറുസലേമില്‍ എത്തുന്നത് നാസി കശാപ്പുകാരനായ (Nazi Butcher) ഐക്മാന്റെ വിചാരണ റിപ്പോര്‍ട്ട് ചെയ്യാനാണ്. റിപ്പോര്‍ട്ടിങ്ങിലായിരുന്നില്ല അവരുടെ താല്‍പര്യം. ഐക്മാന്റെ മനസ്സ് അറിയുകയായിരുന്നു. അതിലൂടെ ബഹുമാന്യമായ യൂറോപ്യന്‍ സമൂഹത്തിന്റെ സമ്പൂര്‍ണ്ണ ധാര്‍മ്മിക തകര്‍ച്ച അന്വേഷിക്കുകയും. ഐക്മാനില്‍ ആരോടെങ്കിലും വെറുപ്പോ (ഭാന്തോ രക്തദാഹമോ ഇല്ലായിരുന്നു. പക്ഷേ, അയാളുടെ മുഖം നാസി തിന്മയുടേതായിരുന്നു. മൂന്നാം സാമ്രാജ്യത്തില്‍ (Third Reich) തിന്മയ്ക്ക് അതിന്റെ സ്വാഭാവികത നഷ്ടപ്പെട്ടു. ജനങ്ങള്‍ തിന്മയെ മനസ്സിലാക്കുന്ന രീതിയില്‍ പാടെ മാറ്റം വന്നു. നാസികള്‍ അതൊരു civil norm ആയി എടുത്തു. (ഇന്ന് ആര്‍.എസ്.എസ്-ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലും നമ്മുടെ മദ്ധ്യവര്‍ഗ്ഗ ഹിന്ദുക്കളിലും കുറച്ച് ഈഴവരിലും കുറച്ചു ദലിതര്‍ക്കിടയിലും സംഭവിക്കുന്നതുപോലെ). കേവലമായ ധര്‍മ്മികത, സദാചാര മര്യാദ ജര്‍മ്മന്‍കാര്‍ക്കിടയില്‍ നിന്ന് ആവിയായി. ഹന്നാ ഉറപ്പിച്ചു പറഞ്ഞു. നന്മയ്ക്ക് മാത്രമേ ആഴമുള്ളൂ. നന്മ വിപ്ലവകരമായിരിക്കും. തിന്മ ഒരിക്കലും അങ്ങനെയല്ല.അതിന് അത്യന്തം തീവ്രമാകാന്‍ കഴിഞ്ഞേക്കും. അതിന് ഫംഗസ്സ് പോലെ ഈ ഭൂമിയാകെ വ്യാപിക്കാനായേക്കും. മുഴുവന്‍ ഭൂമിയേയും തരിശാക്കാം.
ഐക്‌മാന്‍ കോടതിയില്‍ പറഞ്ഞു. ജൂതരുടെ കൊലയുമായി എനിക്കൊരു ബന്ധവുമില്ല. ഞാനൊരിക്കലും ഒരു ജൂതനെയോ ജൂതനല്ലാത്തവനെയോ കൊന്നിട്ടില്ല… ഞാനൊരിക്കലും ഒരു മനുഷ്യനെപ്പോലും കൊന്നിട്ടില്ല. ഒരു ജൂതനെയോ ജൂതനല്ലാത്തവനെയോ കൊല്ലാന്‍ ഞാന്‍ കല്പനയിട്ടിട്ടില്ല…. ഞാനങ്ങിനെ ചെയ്തിട്ടില്ല… ഞാനീ വരികളുടെ വായനകളും അര്‍ത്ഥതലങ്ങളും വായനക്കാര്‍ക്ക് വിടുന്നു. ഒരു കാര്യം തറപ്പിച്ചു പറയാം. ഏകാധിപതികള്‍ ഭീരുക്കളാണ്, അവര്‍ക്ക് കീഴടങ്ങുന്ന സാധാരണക്കാരും.
ഈ ലേഖനം അവസാനിപ്പിക്കുമ്പോള്‍ എനിക്ക് ഒന്നേ ചെയ്യാനുള്ളൂ. പ്രാര്‍ത്ഥിക്കുക. ജ്യേഷ്ഠ സഹോദരനായ പിണറായി വിജയനില്‍ ഒരു മനഃപരിവര്‍ത്തനം യഥാര്‍ത്ഥമായി സംഭവിക്കട്ടേ… പത്ത് വര്‍ഷത്തെ തന്റെ ഭരണത്തിലൂടെ അദ്ദേഹം ഒരിക്കല്‍ക്കൂടി കടന്നുപോകട്ടെ. എന്തുകൊണ്ട് ജനങ്ങള്‍ തന്നെ നിരാകരിച്ചു… ഒരു അംഗുലീയമാലയ്ക്ക് ബുദ്ധകാലത്ത് പൂര്‍ണ്ണമായ മനപരിവര്‍ത്തനം സാധ്യമാകുമെങ്കില്‍, നമ്മുടെ ജനാധിപത്യകാലത്ത് എന്തുകൊണ്ട് അത് സംഭവ്യമല്ല. സംഭാവ്യമല്ലാത്തത് സംഭവ്യമായിത്തീരട്ടെ.

