SIR: ടെക്നോ-ഫ്യൂഡൽ കാലത്തെ ജനാധിപത്യ അട്ടിമറി

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

പതിമൂന്ന് കോടിയിലധികം മനുഷ്യരുടെ രാഷ്ട്രീയ തുല്യതയാണ് എസ്.ഐ.ആർ പ്രക്രിയ ഇല്ലാതാക്കിയത്. ഭരണഘടനയിലെ ജനാധിപത്യം ഭരണത്തിൽ പ്രതിഫലിക്കാത്തതിൻറെ സൂചനയാണ് എസ്.ഐ.ആർ (സ്പെഷ്യൽ ഇൻറൻസീവ് റിവിഷൻ). തുല്യരല്ലാതായി തീരുന്ന മനുഷ്യരുടെ അന്തസ്സ് എന്നന്നേക്കുമായി ഇല്ലാതാക്കുന്ന ഈ പ്രക്രിയയിലൂടെ എല്ലാ പൗരരുടേയും (വി.ഐ.പികൾക്ക് വിട്ടുവീഴ്ചകളുണ്ട്. അവർക്ക് അല്ലലൊന്നും കൂടാതെ വോട്ടർ പട്ടികയിൽ ഇടം പിടിക്കാനുള്ള മാർഗമുണ്ട്! ആ വഴി തനിക്ക് വേണ്ടന്ന് പറയനുള്ള അന്തസ് കാണിച്ചയാളാണ് പ്രകാശ് രാജ്) അന്തസ്സിനെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ചേദ്യം ചെയ്തത്. ഭരണഘടനയുടെ 326-ാം അനുച്ഛേദം ഉറപ്പുനൽകുന്ന സാർവത്രിക വോട്ടവകാശം ഉറപ്പാക്കാൻ കണ്മുന്നിൽ ജീവിച്ചിരിക്കുന്ന പൗരർ മതിയാവാതെ വരുന്ന വിചിത്രമായ മാനദണ്ഡങ്ങളാണ് എസ്.ഐ.ആറിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ മുന്നോട്ടുവെച്ചത്. ആ മാനദണ്ഡങ്ങൾ മനുഷ്യനേക്കാൾ കടലാസുകൾക്കാണ് വിലനൽകിയത്!

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ആദിവാസികൾ, ദലിതർ, സ്ത്രീകൾ, പാർശ്വവത്കൃതർ, കലാപങ്ങൾ, പ്രകൃതി പ്രതിഭാസങ്ങൾ, വികസനത്തിനും ഖനനത്തിനും വേണ്ടി കുടിയൊഴിപ്പിക്കപ്പെട്ടവർ, മത-ന്യൂനപക്ഷങ്ങൾ, തൊഴിലിന് വേണ്ടി രാജ്യത്തിനകത്തേക്കും പുറത്തേക്കും കുടിയേറേണ്ടി വന്നവർ തുടങ്ങിയവരാണ് എസ്.ഐ.ആറിലൂടെ രാഷ്ട്രീയ തുല്യത നഷ്ടപ്പെട്ടവരിൽ ഭൂരിപക്ഷവും. ഇരകളെ വീണ്ടും ഇരകളാക്കുകയും കൂടുതൽ കൂടുതൽ പാർശ്വവൽക്കരിക്കുകയും ചെയ്യുകയായിരുന്നു എസ്.ഐ.ആറിലൂടെ. ഈ പ്രക്രിയ മുഴുവൻ നടന്നത് കേന്ദ്രത്തിലധികാരത്തിലിരിക്കുന്ന ബി.ജെ.പി ഗവൺമെൻറിൻറെ രാഷ്ട്രീയ പിന്തുണയോടെയും സംസ്ഥാനങ്ങളുടെ അഡ്മിനിസ്ട്രേറ്റീവ് സംവിധാനങ്ങൾ ഉപയോഗിച്ചും സുപ്രീംകോടതി നൽകിയ നിയമപരിരക്ഷയുടെ പിൻബലത്തിലുമാണ്. തെരഞ്ഞെടുപ്പ് കമ്മീഷണർമാർക്ക് അവർ ഓഫീസിലിരുന്ന് ചെയ്തുകൂട്ടുന്ന കാര്യങ്ങളുടെ പേരിൽ സിവിലും ക്രിമിനലുമായ നിയമനടപടികൾ നേരിടേണ്ടിവരില്ലെന്ന ഉറപ്പും മോദി സർക്കാർ നൽകി. അതിനായി നിയമവും കൊണ്ടുവന്നു [Chief Election Commissioner And Other Election Commissioners (Appointment, Conditions of Service and Terms of Office) Act,2023].

പ്രതിപക്ഷ പാർട്ടികൾ പലതും എസ്.ഐ.ആർ പ്രക്രിയക്കെതിരെ പ്രതിഷേധിച്ചെങ്കിലും അതൊന്നും ജനങ്ങളുടെ പിന്തുണയുള്ള നീണ്ടുനിൽക്കുന്ന സമരങ്ങളായി വളർത്തപ്പെട്ടില്ല. അതൊക്കെ വോട്ടുബാങ്കിനെ തൃപ്തിപ്പെടുത്താനുള്ള പരിപാടികളായി ഒതുങ്ങി. എന്നാൽ എസ്.ഐ.ആർ പ്രക്രിയയിൽ തെരഞ്ഞെടുപ്പ് കമ്മീഷണർമാർക്കിടയിൽ തന്നെ വിയോജിപ്പുകളുണ്ടായിരുന്നെന്നും അവരത് രേഖാമൂലം പ്രകടിപ്പിച്ചിട്ടുണ്ടെന്നുമുള്ള ‘ദ ഇന്ത്യൻ എക്സ്പ്രസി’ലെ ഋതിക ചോപ്രയുടെ കണ്ടെത്തൽ എസ്.ഐ.ആറിനെതിരായ പ്രക്ഷോഭങ്ങൾക്ക് പുതിയ മാനം നൽകിയിരിക്കുകയാണ്.

Representative Image

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ രാജിവെക്കണമെന്നും വരാനിരിക്കുന്ന എല്ലാ തെരഞ്ഞെടുപ്പുകളും റദ്ദുചെയ്യണമെന്നും എസ്.ഐ.ആർ പിൻലിച്ച്, 2025-ലെ വോട്ടർ ലിസ്റ്റ് തിരികെകൊണ്ടുവരണമെന്നും സി.ജെ.പി (കോക്രോച്ച് ജനതാ പാർട്ടി) ആവശ്യപ്പെട്ടിരിക്കുന്നു. മാത്രമല്ല, വോട്ടുമോഷണത്തിന് ഉത്തരവ് നൽകിയവർക്കെതിരെ ക്രിമിനൽ നടപടികളാരംഭിക്കണമെന്നും എസ്.ഐ.ആറിനെക്കുറിച്ച് അന്യേഷിക്കാൻ സ്വതന്ത്ര കമ്മീഷനെ നിയോഗിക്കണമെന്നും എസ്.ഐ.ആർ രേഖകൾ പൂർണമായും സുപ്രീം കോടതിയുടെ കസ്റ്റഡിയിൽ സൂക്ഷിക്കണമെന്നുമാവശ്യപ്പെടുന്നു.

മോദി-ബി.ജെ.പി ഭരണത്തിൻറെ തകർച്ച മുന്നിൽ കാണുന്ന ലിബറൽ ഡെമോക്രാറ്റിക്ക് പാർട്ടികൾ അടുത്ത ഭരണത്തിലെ തങ്ങളുടെ പങ്ക് ഉറപ്പാക്കാൻ വേണ്ടിയാണെങ്കിലും സി.ജെ.പി മുന്നോട്ടുവെച്ച മുദ്രാവാക്യങ്ങൾ ആവർത്തിക്കുന്നു. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷൻ രാജിവെക്കാത്ത പക്ഷം ഒക്ടോബർ 2-ന് ഗാന്ധി ജയന്തി ദിനത്തിൽ മുംബൈയിൽ പ്രക്ഷോഭം ആരംഭിക്കുമെന്നും സി.ജെ.പി പ്രഖ്യാപിച്ചിരിക്കുന്നു. കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന സി.ജെ.പി കേരള ഘടകത്തിൻറെ പ്രഖ്യാപന ചടങ്ങിൽ സി.ജെ.പി മീഡിയാ വിഭാഗം തലവനായ വിജയി മല്ലിംഗ ഇത് പ്രഖ്യാപിക്കുകയും ചെയ്തതാണ്. മാത്രമല്ല, ബി.ജെ.പി-മോദി ഭരണത്തോട് വിയോജിപ്പുള്ള സംഘടനകളെ യോജിപ്പിക്കുന്നതിനുള്ള സാധ്യതയും അവർ ആരായുന്നുണ്ട്. അതിനുള്ള തെളിവാണ് കൊച്ചിയിലെ സമ്മേളനത്തിൽ എ.ഐ.ഡി.എസ്.ഒ (ഓൾ ഇന്ത്യാ ഡെമോക്രാറ്റിക്ക് സ്റ്റുഡൻറസ് ഓർഗനൈസേഷൻ), ഐസ (ഓൾ ഇന്ത്യാ സ്റ്റുഡൻറ്സ് അസോസിയേഷൻ), ഒന്നാം ജന്ദർമന്ദർ സമരത്തെ തുടർന്ന് രൂപീകരിക്കപ്പെട്ട വിവിധ സ്റ്റുഡൻറ്സ് കളക്റ്റീവുകളുടെയും പ്രാതിനിധ്യം. പ്രത്യക്ഷ സമരമാരംഭിക്കുമ്പോൾ അവിടെ കൂടുതൽ സംഘടനകൾ എത്തിയേക്കാം.

സി.ജെ.പി നടത്തിയ മൂവ്മെൻറുകളുടെ പരിസമാപ്തി പരിശോധിച്ചാൽ ഈ സമരവും വിജയിക്കാൻ – കുറഞ്ഞത് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ​ഗ്യാനേഷ് കുമാർ രാജിവെച്ച് പുറത്തുപോവാനെങ്കിലും സാധ്യതയുണ്ട്. പക്ഷേ, പ്രശ്നമതല്ല. ഋതിക ചോപ്രയുടെ കണ്ടെത്തൽ കമ്മീഷനകത്തെ തർക്കങ്ങൾ മാത്രമല്ല പുറത്തുകൊണ്ടുവന്നിരിക്കുന്നത്. എസ്.ഐ.ആർ പ്രക്രിയ വോട്ടർ പട്ടികയിൽ പേരുചേർക്കുകയും പേര് നീക്കംചെയ്യുകയും ചെയ്യുന്ന പ്രക്രിയയെ കേന്ദ്രീകരിക്കപ്പെട്ടെന്നും ഇതിന് കാരണം ECI NET പോലുള്ള കേന്ദ്രീകരണ സ്വഭാവമുള്ള സോഫ്റ്റ്‌വെയറുകളുടെ ഉപയോഗമാണെന്നും അവർ കണ്ടെത്തിയിട്ടുണ്ട്. ആ പ്രശ്നത്തെ സി.ജെ.പിയോ ഏതെങ്കിലുമൊരു രാഷ്ട്രീയ പാർട്ടിയോ സംഘടനയോ അഭിസംബോധന ചെയ്തതായി കാണുന്നില്ല.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ, തെരഞ്ഞെടുപ്പ് കമ്മീഷണ‍ർമാരായ സുഖ്ബീർ സിംഗ് സന്ധു, വിവേക് ജോഷി എന്നിവ‍ർ.

ടെക്നോ-കാപ്പിറ്റലിസം, ടെക്നോ-ഫ്യൂഡലിസം, ഹിന്ദുത്വ

സാങ്കേതികവിദ്യാ വികാസത്തിൻറേയും ഡിജിറ്റൽ പ്ലാറ്റ്-ഫോമുകളുടേയും കാലത്തെ കാപ്പിറ്റലിസത്തേയാണ് ടെക്നോ-കാപ്പിറ്റലിസം എന്ന് വിശേഷിപ്പിക്കുന്നത്. അവിടെ മനുഷ്യരുടെ പെരുമാറ്റത്തെക്കുറിച്ചുള്ള വിവരങ്ങൾ, ഡിജിറ്റൽ ഇടങ്ങളിലെ തിരച്ചിലുകൾ, തിരയുന്ന ഇടം എല്ലാം ‍കച്ചവടത്തിൻറെ അസംസ്കൃതവസ്തുവാണ്. ടെക്നോ-കാപ്പിറ്റലിസം, ശാസ്ത്ര ഗവേഷണത്തേയും മനുഷ്യൻറെ സർഗാത്മകതയേയും സ്വകാര്യവത്കരിക്കുന്നുവെന്നാണ് ടെക്നോ-കാപ്പിറ്റലിസത്തെ നിർവചിച്ച ലൂയിസ് സുവാരസ്-വില്ല (Luis Suarez-Villa)യുടെ കണ്ടെത്തൽ. ടെക്നോ-കാപ്പിറ്റലിസം, ടെക്നോ-ഫ്യൂഡലിസത്തിന് ജന്മം നൽകിയിരിക്കു എന്നാണ് യാനീസ് വരോഫാക്കീസ് (Yanis Varofakis) നെ പോലുള്ള സാമ്പത്തിക ശാസ്ത്രവിദഗ്ദരുടെ വാദം. ആപ്പ് സ്റ്റോറുകൾ വഴിയും ക്ലൗഡ് സ്പേസുകളുടെ ഉടമസ്ഥതയിലൂടേയും ഡിജിറ്റൽ കമ്പോളങ്ങളുടെ വളർച്ചയുടെ ഫലമായും ഈ മാധ്യമങ്ങളിലൂടെയുള്ള പരസ്യവിപണിയിലൂടേയുമാണ് ടെക്നോ-ഫ്യൂഡലിസം നിലനിൽക്കുന്നത്.

ആപ്പ് സ്റ്റോറുകളുടേയോ ക്ലൗഡ് സ്പേസുകളുടേയോ ഉടമസ്ഥർ പരമ്പരാഗത മുതലാളിമാരെപ്പോലെ വിപണിയിൽ മത്സരിച്ച് ഉൽപന്നങ്ങൾ വിറ്റല്ല ലാഭവിഹിതം തന്നിലെത്തിക്കുന്നത് (ലാഭം, ഉൽപന്നം ഉൽപാദിപ്പിക്കപ്പെടുമ്പോൾ തന്നെ ഉൽപാദിപ്പിക്കപ്പെടുന്നുണ്ടെന്നും ഉൽപന്നങ്ങളുടെ കൈമാറ്റത്തിലൂടെ അത് പണരൂപത്തിൽ മുതലാളിയുടെ കൈകളിൽ എത്തിച്ചേരുക മാത്രമാണ് ചെയ്യുന്നത് എന്നുമാണ് മാർക്സിൻറെ കണ്ടെത്തൽ), മറിച്ച് ഡിജിറ്റൽ ഇടങ്ങൾ വാടകയ്ക്ക് കൊടുത്താണ്. രണ്ട് സിദ്ധാന്തങ്ങളും ആധുനിക സാങ്കേതികവിദ്യകളുടെ കോർപ്പറേറ്റുവൽക്കരണത്തിലേക്കാണ് വിരൽചൂണ്ടുന്നത്.

സോഫ്റ്റ്‌വെയറുകളും ആധുനിക ഹാർഡ്‌വെയറുകളും ക്ലൗഡ് സ്പേസുകളും കോർപ്പറേറ്റ് ഉടമസ്ഥതയിലാവുന്നതോടെ പരമ്പരാഗത മാർക്കറ്റുകളും തൊഴിലാളികളും കോർപ്പറേറ്റ് നിയന്ത്രണത്തിലാവുന്നതിനോടൊപ്പം ഭരണകൂടവും ഗവൺമെൻറുകളും പുതുക്കിപ്പണിയപ്പെടുന്നുണ്ടെന്നാണ് ഈ രണ്ട് സിദ്ധാന്തങ്ങളും സമർഥിക്കുന്നത്. ടെക് ഭീമന്മാരുടെ നിയന്ത്രണത്തിലുള്ള ക്ലൗഡ് സ്പേസുകളും അവർ നി‍ർമ്മിക്കുന്ന സോഫ്റ്റ്‌വെയറുകളും ഹാർഡ്‌വെയറുകളും ഉപയോഗിക്കുന്നതിലൂടെ ഭരണകൂടങ്ങളുടെ പരമാധികാരം പരിമിതപ്പെടുകയും പ്ലാറ്റ്-ഫോം ആർക്കിടെക്ചർ എല്ലാ ഭരണകൂട സ്ഥാപനങ്ങളേയും നിയന്ത്രിക്കുന്ന അവസ്ഥയുണ്ടാവുകയും ചെയ്യുന്നു. ഗവൺമെൻറ് കൈകാര്യം ചെയ്യേണ്ട വിവരങ്ങളും പണമിടപാടും പ്രതിരോധവും ഐഡൻറിറ്റി വെരിഫിക്കേഷനും ദൈനദിന പ്രവർത്തനങ്ങളും ടെക് കമ്പനികളുടെ സഹായത്തോടെ മാത്രം കൈകാര്യം ചെയ്യാൻ പറ്റുന്ന അവസ്ഥയിൽ ഭരണകൂടവും സർക്കാരും മറ്റ് ഭരണകൂട സ്ഥാപനങ്ങളും ടെക് കമ്പനികൾക്ക് വാടക നൽകേണ്ട ഉപഭോക്താവ് മാത്രമായി തീരുന്നു. മാത്രമല്ല, പൊതുജനങ്ങളുമായുള്ള ഭരണകൂട സ്ഥാപനങ്ങളുടെ ബന്ധം ടെക് കമ്പനികളുടെ ഇടനിലയോടുകൂടി മാത്രം സംഭവിക്കുന്ന സാഹചര്യവും ഉടലെടുക്കുന്നു.

Representative Image

ടെക്നോ-കാപ്പിറ്റലിസവും ടെക്നോ-ഫ്യൂഡലിസവും ഭരണകൂട അധികാരത്തെ കേന്ദ്രീകരിക്കുകയും ഭരണനിർവഹണ വിഭാഗങ്ങളിലേക്ക് അധികാരം കേന്ദ്രീകരിക്കാനുള്ള (Hyper Centralization) സാഹചര്യം സൃഷ്ടിക്കുകയും ചെയ്യുന്നു. ടെക്-കമ്പനികളുമായി സഖ്യത്തിലാവുന്ന ഗവൺമെൻറിലേക്ക് അധികാരം സ്വാഭാവികമെന്നോണം കേന്ദ്രീകരിക്കപ്പെടുന്നു. ഡാറ്റ ആർക്കിടെക്ചർ കേന്ദ്രീകരിക്കപ്പെടുന്നതിലൂടെ ഭരണനിർവഹണവും നീതിനിർവഹണവും എല്ലാം ഓട്ടോമാറ്റഡ് ആവുകയും സാമ്പത്തിക മണ്ഡലം പൂർണമായും ഒറ്റ അധികാര കേന്ദ്രത്തിൻറെ വരുതിയിലാവുകയുംചെയ്യുന്നു. മോദിയുടെ കാലത്ത് ഈ പ്രക്രിയ ത്വരിതപ്പെടുന്നുണ്ട്. അതിനുള്ള ഏറ്റവും മികച്ച തെളിവാണ് എസ്.ഐ.ആറുമായി ബന്ധപ്പെട്ട കണ്ടെത്തലുകളിലൂടെ പുറത്തുവന്നിരിക്കുന്നത്.

എസ്.ഐ.ആർ പ്രക്രിയക്ക് ഉപയോഗിച്ചിരിക്കുന്ന ഇസിഐ നെറ്റ്, ഇറോ നെറ്റ്, വോട്ടർ പോർട്ടലുകൾ, ബി.എൽ.ഒ ആപ്പ് തുടങ്ങിയവ സർക്കാർ മേഖലയിലുള്ള എൻ.ഐ.സി, സി-ഡാക്ക് പോലുള്ള സ്ഥാപനങ്ങളുടെ സൃഷ്ടിയും മേഖദൂത് പോലുള്ള സർക്കാർ ഉടമസ്ഥതയിലുള്ള സെർവറാണ് ഉപയോഗപ്പെടുത്തുന്നതെങ്കിൽ പോലും പിൻനിരയിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയറുകളിലും ക്ലൗഡ് സ്പേസിലും ടെക് ഭീമന്മാരുടെ സാന്നിധ്യം കാണാൻ സാധിക്കും. അതിൽ ക്ലൗഡ് സ്പേസ് ദാതാക്കളായ Microsoft Azure (അസൂർ), Amazon Web Services (AWS – എ.ഡബ്യൂ.എസ്) എന്നിവർ ഉണ്ട്. ‌Oracle Database (ഒറാക്കിൾ ഡിബി) പോലുള്ള ഡാറ്റാബേസ് മോട്ടോറുകളുണ്ട്. ആപ്പുകൾ ലഭ്യമാക്കുന്ന ഗൂ​ഗിൾ സ്റ്റോർ പോലുള്ള ആപ്പ് സ്റ്റോറുകളുണ്ട്, പൊതുമേഖലയിൽ നി‍ർമ്മിക്കപ്പെട്ട ആപ്പുകൾ കൈകാര്യം ചെയ്യുന്ന ടി.സി.എസ്, വിപ്രോ പോലുള്ള സ്ഥാപനങ്ങളുണ്ട്, വിവിധ സിസ്റ്റങ്ങളെ കോർത്തിണക്കുന്ന എച്ച്.സി.എൽ ടെക് പോലെ വിവിധ കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ടെലികോം നെറ്റ് വർക്കുകളുണ്ട്. എല്ലാം കൂടിചേരുന്ന സങ്കീർണമായ ഒരു പ്രക്രിയയാണ് എസ്.ഐ.ആർ.

ഈ ടെക് കമ്പനികളുടെ സഹായത്തിലാണ് വോട്ടർമാരെ ചേർക്കുകയും പേര് വെട്ടുകയും ചെയ്യുന്ന പ്രക്രിയയെ കേന്ദ്രീകരിച്ചിരിക്കുന്നത്. ടെക് കമ്പനികൾ കടന്നുവന്നതോടെ വോട്ടറെ നേരിട്ടറിയാവുന്ന ഇ.ആർ.ഒ (ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ) മാർക്ക് പട്ടികയിൽ പേര് ചേർക്കാനോ ഡിലീറ്റ് ചെയ്യാനോ പറ്റാത്ത സാഹചര്യമുണ്ടായി. അതെല്ലാം ഡൽഹിയിൽ കേന്ദ്രീകരിക്കപ്പെട്ടു. ആളുകളെ പട്ടികയിൽ നിന്ന് നീക്കം ചെയ്യുന്നതും ഡൽഹിയിൽ നിന്നായി. അത് വോട്ടറെ അറിയിക്കണമെന്ന ചട്ടം ലംഘിക്കപ്പെട്ടു. ടെക്നോ-കാപ്പിറ്റലിസവും ടെക്നോ-ഫ്യൂഡലിസവും, ഭരണകൂടം നിർവഹിക്കേണ്ട ഉത്തരവാദിത്വങ്ങൾ ടെക് കമ്പനികളുടെ സഹായത്തോടെ മാത്രം നിർവഹിക്കാൻ സാധിക്കുന്ന വിധത്തിൽ മാറ്റിത്തീർത്ത ഭരണാധികാരികളുമാണ് ഇവിടെ പ്രതിയാക്കപ്പെടുന്നത്. എസ്.ഐ.ആറിനെ പ്രാവർത്തികമാക്കാൻ ഏതൊക്കെ ഭരണകൂട സ്ഥാപനങ്ങൾ ഒന്നിച്ച് പ്രവർത്തിച്ചെന്ന് നമ്മൾ കണ്ടുകഴിഞ്ഞു. അതുകൊണ്ടാണ് ഇത്രയും ക്രമക്കേടുകൾ പുറത്തുവന്നിട്ടും ഇപ്പോഴും ഗ്യാനേഷ് കുമാർ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറായിതന്നെ ഇരിക്കുന്നത്!

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിഷേധം. കടപ്പാട്:theweek

ബി.ജെ.പി കേന്ദ്രത്തിൽ അധികാരത്തിലെത്തിയതോടെയാണ് ടെക്നോ-കാപ്പിറ്റലിസവും ടെക്നോ-ഫ്യൂഡലിസവും അതിൻറെ യഥാർഥ സ്വഭാവം പുറത്തെടുക്കുന്നത്. അതിന് സഹായിക്കുന്നതാണ് അവർ മുന്നോട്ടുവെക്കുന്ന പൊളിറ്റിക്കൽ ഐഡിയോളജിയായ ഹിന്ദുത്വ. ടെക് ഭീമന്മാരുമായി സഖ്യത്തിലായി നടപ്പിലാക്കുന്ന എല്ലാ പരിപാടികളേയും ‘ഹിന്ദു സംസ്കാര’ത്തിൻറെ ഉയർത്തെഴുനേൽപ്പായി അവതരിപ്പിക്കാൻ ബി.ജെ.പി ഹിന്ദുത്വയെ ഉപയോഗപ്പെടുത്തി. സോഫ്റ്റ്‌വെയറുകൾക്കും സാങ്കേതികവിദ്യകൾക്കും എന്തിന് ട്രെയിനുകൾക്കും ഡിജിറ്റൽ ഇടങ്ങളിലൂടേയും നിയന്ത്രിക്കപ്പെടുന്ന ക്ഷേമപദ്ധതികൾക്ക് പോലും സംസ്കൃത പേരുകളോ സംസ്കൃത ചുവയുള്ള പേരുകളോ നൽകി. അങ്ങനെ ടെക് ഭീമന്മാരുടെ നന്മയും അധികാരത്തിൻറെ കേന്ദ്രീകരണവും ഉറപ്പാക്കുന്ന ടെക്നോ കാപ്പിറ്റലിസ്റ്റ്-ഫ്യൂഡലിസ്റ്റ് പദ്ധതികൾക്ക് സാംസ്കാരികമായ സാധുത നൽകി ജനപിന്തുണ ഉറപ്പാക്കി.

ടെക്നോ-കാപ്പിറ്റലിസത്തിനും ടെക്നോ-ഫ്യൂഡലിസത്തിനും അടിത്തറയൊരുക്കുന്ന പ്രക്രിയ 2014-ൽ ബി.ജെ.പി അധികാരത്തിൽ വരുന്നതിന് മുന്നേതന്നെ ആരംഭിച്ചതാണ് ഇന്ത്യയിൽ. എന്നാൽ ഈ പ്രക്രിയക്ക് അവർ ജനപിന്തുണയാർജ്ജിച്ചത് സാങ്കേതികവിദ്യകളുടെ ഉപയോഗം വിജ്ഞാന സമ്പദ് വ്യവസ്ഥയിലേക്ക് കുതിക്കാൻ സഹായിക്കുമെന്നും, അഴിമതി, തൊഴിലില്ലായ്മ ഉൾപ്പെടെയുള്ള സിസ്റ്റമിക്ക് പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കുമെന്നും പറഞ്ഞായിരുന്നു. ബി.ജെ.പി, അതേ നയം ഹിന്ദുത്വയുടെ സഹായത്തോടെ തുടരുകയായിരുന്നു.

തെരഞ്ഞെടുപ്പ് കമ്മീഷൻറെ മുഖം തത്കാലത്തേക്ക് രക്ഷിച്ചെടുക്കാൻ ​ഗ്യാനേഷ് കുമാറിൻറെ രാജി മതിയാവും. എന്നാൽ ടെക് കമ്പനികളുമായി ഭരണകൂടമുണ്ടാക്കിയിരിക്കുന്ന നമ്മുടെ സഖ്യം കൂടി ചോദ്യംചെയ്യപ്പെടുമ്പോഴേ രാഷ്ട്രീയ സമത്വം സ്ഥാപിക്കാനുള്ള പോരാട്ടം യഥാർഥത്തിൽ ആരംഭിക്കുകയുള്ളൂ. അങ്ങനെ മാത്രമേ രാജ്യത്തെ മുഴുവൻ പൗരരുടെയും അന്തസ്സ് വീണ്ടെടുക്കപ്പെടുകള്ളൂ. സി.ജെ.പിയുടെ കാഴ്ചപ്പാടുകൾ വിദൂരമല്ലാത്ത ഭാവിയിൽ അത്രത്തോളം ഉയരുമായിരിക്കും. ഇല്ലെങ്കിൽ സി.ജെ.പി നടത്തുന്ന പ്രക്ഷോഭങ്ങളെ മുതലെടുത്ത് ലിബറൽ പാർട്ടികൾ അധികാരത്തിൽ വരും. അവർ തൽസ്ഥിതി നിലനിർത്തും. ജനാധിപത്യം അട്ടിമറിക്കപ്പെട്ട നില തുടരുകയും ചെയ്യും.

Also Read

7 minutes read September 30, 2026 12:04 pm