മഹാരാജാസിലെ തല്ലുകൊള്ളുന്ന ദലിത് വിദ്യാർത്ഥികൾക്കൊപ്പം

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

സി.പി.ഐ (എം.എൽ) പ്രസ്ഥാനവുമായി ബന്ധപ്പെട്ടത് എറണാകുളം മഹാരാജാസ് കോളേജിൽ പഠിക്കുന്ന കാലത്തായിരുന്നല്ലോ. ആ അനുഭവം എന്തായിരുന്നു?

1967-68 കാലത്താണ് മഹാരാജാസിൽ പ്രീഡിഗ്രി പഠനത്തിനായി ഇടുക്കിയിൽ നിന്ന് എത്തുന്നത്. അന്ന് ഇടതുപക്ഷ വിദ്യാർത്ഥി സംഘടനയിൽ അംഗമായി. അവരുടെ പ്രകടനങ്ങൾക്ക് പോയെങ്കിലും ഇടതുപക്ഷത്തോടുള്ള ഒരു ആഭിമുഖ്യമേ ഉണ്ടായിരുന്നുള്ളൂ. പിന്നീട് സിനിമയിലെത്തിയ പവിത്രൻ, കൊടുങ്ങല്ലൂർ സ്വദേശി അഷറഫ് തുടങ്ങിയവരൊക്കെ അന്ന് ഇടതുപക്ഷ സംഘടനയുടെ തലപ്പത്ത് ഉണ്ടായിരുന്നു. ടി.കെ രാമചന്ദ്രനും അന്ന് ഇടതുപക്ഷ വിദ്യാർത്ഥി രംഗത്തുണ്ടായിരുന്നു. അന്ന് മഹാരാജാസ് കോളേജിൽ കെ.എസ്.യുവിന്റെ ഭരണമാണ് നിലനിന്നത്. കെ.എസ്‌.യുക്കാർ പുറത്തുനിന്ന് ആളുകളെ ഇറക്കി ഇടത് വിദ്യാർത്ഥികളെ മർദ്ദിക്കുന്ന കാലം. ആ തല്ല് ഞാൻ ശ്രദ്ധിച്ചു. ഇടത് വിദ്യാർത്ഥി സംഘടനക്ക് വേണ്ടി അന്ന് തല്ലുകൊണ്ടതിൽ അധികം പേരും ദലിതരായിരുന്നു. ഞാനും തല്ലുകൊള്ളുന്നവർക്ക് ഒപ്പം ചേർന്നു.

കെ.എം സലിംകുമാർ

ഇടതുപക്ഷത്തിന് വേണ്ടിയാണോ അവരൊക്കെ പ്രവർത്തിച്ചത്?

ഇടതുപക്ഷത്തിന് വേണ്ടിയല്ല അവരൊക്കെ പ്രവർത്തിച്ചത്. മറിച്ച് അവർ ഇടതുപക്ഷക്കാരായിരുന്നു. ഇരിങ്ങാലക്കുട ഭാഗത്തുനിന്ന് വരുന്ന ധാരാളം കുട്ടികൾ ഉണ്ടായിരുന്നു. അവരൊക്കെ ഇടതുപക്ഷക്കാരായിരുന്നു. ദലിതരെ തിരഞ്ഞുനോക്കിയാണ് കെ.എസ്.യുക്കാർ അന്ന് തല്ലിയിരുന്നത്. ഇരിങ്ങാലക്കുട ഭാഗത്തുള്ള അയ്യപ്പൻ ചേട്ടനെയൊക്കെ സുഭാഷ് പാർക്കിൽ വച്ച് തല്ലുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഞാനൊക്കെ തല്ലുകൊണ്ടതും പ്രവർത്തിച്ചതും വേറെയാരും പറഞ്ഞിട്ടല്ല, നമ്മളൊക്കെ ഇടതുപക്ഷത്ത് നിൽക്കേണ്ടവരാണെന്ന് തിരിച്ചറിഞ്ഞിട്ടാണ്. അതേസമയം എന്റെ അച്ഛനൊക്കെ കോൺഗ്രസിൽ ആയിരുന്നു. നാട്ടിൽ വോട്ട് സമയം ആകുമ്പോൾ ആളുകൾ വന്ന് അച്ഛനെയൊക്കെ കൂട്ടിക്കൊണ്ടുപോയി വോട്ട് ചെയ്യിച്ചിരുന്നു. പശുവും കിടാവും ആയിരുന്നു അന്നത്തെ കോൺഗ്രസ് ചിഹ്നം. പശുവും കിടാവും അല്ലാതെ വേറൊരു ചിഹ്നവും അവർക്ക് അറിയില്ലായിരുന്നു. മഹാരാജാസാണ് എന്നെ ഇടതു രാഷ്ട്രീയത്തിലേക്ക് അടുപ്പിച്ചത്.

മഹാരാജാസ് കോളേജ്. കടപ്പാട്:fb

കുടുംബം കോൺഗ്രസ്സായിട്ടും മഹാരാജാസിൽ വരുമ്പോൾ എന്തുകൊണ്ടാണ് മറ്റൊരുവഴി തെരഞ്ഞെടുത്തത്?

അന്ന് വലതുപക്ഷ വിദ്യാർത്ഥി സംഘടനയിൽ നിന്നിരുന്നത് സമ്പന്ന കുടുംബങ്ങളിൽ നിന്ന് വരുന്ന വിദ്യാർത്ഥികൾ ആയിരുന്നു. അവരാണ് മർദ്ദനത്തിന് നേതൃത്വം നൽകിയത്. മഹാരാജാസിലെ ദരിദ്രരായ വിദ്യാർത്ഥികൾ തല്ലുകൊള്ളുന്നവർ ആയിരുന്നു. മർദ്ദനത്തിന്റ രീതി അതായിരുന്നു. ഇടതുപക്ഷത്ത് നിന്നതിനാലാണ് അവരെ തല്ലിയത്. ഇങ്ങനെ സമ്പന്ന-ദരിദ്ര വേർതിരിവ് അന്ന് പ്രകടമായിരുന്നു. കോൺഗ്രസിന്റെ കുട്ടികൾ മെച്ചപ്പെട്ട സാമ്പത്തികശേഷിയുള്ള ആളുകളായിരുന്നു. മഹാരാജാസ് കോളേജിന്റെ അന്തരീക്ഷത്തിൽ ഞാൻ തല്ലുന്നവരോടൊപ്പം അല്ല ചേർന്നത്. തല്ലുകൊള്ളുന്നവരോട് ഒപ്പം നിൽക്കാൻ തീരുമാനിച്ചു. അത് എന്റെ അന്നത്തെ രാഷ്ട്രീയ തീരുമാനമായിരുന്നു.

അന്ന് എസ്.സി/എസ്.ടി ഹോസ്റ്റലിൽ അല്ലേ താമസിച്ചിരുന്നത്? ആ ഹോസ്റ്റലിലെ ബഹുഭൂരിപക്ഷം കുട്ടികളും ഇടതുപക്ഷക്കാരായിരുന്നോ?

അതെ. ഹോസ്റ്റലിലെ വിദ്യാർത്ഥികളിൽ ഭൂരിപക്ഷവും അന്ന് ഇടതുപക്ഷത്തോടൊപ്പം ആയിരുന്നു. ആ ഹോസ്റ്റൽ അങ്ങനെയായിരുന്നു. സ്വാഭാവികമായി അവർ ഇടതുപക്ഷം ആയതാണ്. സാധാരണക്കാർ, ദരിദ്രർ, ഭക്ഷണം കഴിക്കാൻ വകയില്ലാത്തവർ എന്നൊക്കെ പറയാവുന്ന വിഭാഗത്തോടൊപ്പം ആയിരുന്നു എന്റെ നിലപാട്. എന്റെ വീട്ടിന്റെ സാമ്പത്തിക സ്ഥിതി അനുസരിച്ച് മറുവശത്ത് വേണമെങ്കിൽ നിൽക്കാമായിരുന്നു. കുടുംബത്തിന്റെ സാമ്പത്തിക നില കുറച്ച് മെച്ചപ്പെട്ടതായിരുന്നു. എന്നാൽ ഇതെന്റെ രാഷ്ട്രീയമായ തെരഞ്ഞെടുപ്പ് ആയിരുന്നു. പഠിക്കുന്ന കാലത്ത് ഏതാണ് എന്റെ പക്ഷം എന്ന് ഞാൻ ചിന്തിച്ചിരുന്നു. അവിടെ സ്വാഭാവികമായി ഇടത് കൂട്ടത്തോടൊപ്പം ചേർന്നു. അത് ഇല്ലാത്തവരുടെ പക്ഷമായിരുന്നു.

ഡിഗ്രി പഠന കാലത്താണോ നക്സലൈറ്റ്-സി.പി.ഐ (എം.എൽ) രാഷ്ട്രീയത്തോട് അടുക്കുന്നത് ?

1969ൽ തന്നെ നക്സൽബാരിയെ കുറിച്ച് (1967ലാണ് നക്സൽബാരി കലാപം നടന്നത്) അന്വേഷിച്ച് തുടങ്ങി. അന്നത്തെ ഇന്ത്യൻ എക്സ്പ്രസ് പത്രത്തിൽ ബംഗാളിലെ രാഷ്ട്രീയവും നക്സൽബാരി സമരവും ഒക്കെ വാർത്തകളായി വന്നിരുന്നു. വായിച്ചപ്പോൾ എനിക്ക് ആഭിമുഖ്യം തോന്നി. കേരളത്തിൽ വയനാട്ടിലെ വർഗീസിന്റെ സമരവും കുന്നിക്കൽ നാരായണന്റെയും അജിതയുടെയും മന്ദാകിനിയുടെയും ഒക്കെ സംഭവങ്ങളും മലയാള പത്രങ്ങൾ റിപ്പോർട്ട് ചെയ്തു. തലശ്ശേരിയും പുൽപ്പള്ളിയുമെല്ലാം പത്രങ്ങളിൽ വലിയ വാർത്തയായി. ഈ വായനയാണ് നക്സലൈറ്റ് പ്രസ്ഥാനത്തോട് അടുപ്പം തോന്നാൻ കാരണം.

വർഗീസ്

ഹോസ്റ്റലിലെ വിദ്യാർത്ഥികൾക്കിടയിൽ ഈ സമരങ്ങളൊക്കെ അക്കാലത്ത് ചർച്ച ചെയ്യപ്പെട്ടിരുന്നോ?

ഹോസ്റ്റലിൽ വിദ്യാർത്ഥികൾ വളരെ ഗൗരവപൂർവ്വം ഇത്തരം കാര്യങ്ങൾ അക്കാലത്ത് ചർച്ച ചെയ്തിരുന്നു. ഇടതുപക്ഷ വിദ്യാർത്ഥികൾ ഇക്കാര്യത്തിൽ മുന്നിലായിരുന്നു. ഇടതുപക്ഷത്തിനുള്ളിൽ തന്നെ തീവ്ര ഇടതുപക്ഷ സ്വഭാവമുള്ളവരുടെ ഗ്രൂപ്പുകൾ രൂപംകൊണ്ട് വരുന്നുണ്ടായിരുന്നു. നിലവിലെ ഇടതുപക്ഷത്തിന് സാമൂഹ്യ പ്രശ്നങ്ങൾക്ക് പരിഹാരം നേടാൻ കഴിയില്ല എന്ന ചിന്ത രൂപപ്പെട്ടു. നക്സൽബാരി രാഷ്ട്രീയത്തെ കുറിച്ചുള്ള ചർച്ച വ്യാപകമായി. ഈ ചർച്ചകൾക്ക് പ്രധാന പങ്കുവഹിച്ചത് എം.എസ് ജയകുമാർ ആണ് (സി.പി.ഐ എം.എൽ റെഡ് ഫ്ലാഗ് അഖിലേന്ത്യാ സെക്രട്ടറി). നക്സൽബാരി രാഷ്ട്രീയത്തെക്കുറിച്ച് ജയകുമാർ നിരന്തരം സംസാരിച്ചിരുന്നു. വിദ്യാർത്ഥികൾ പൊതുവിൽ ഇതിലെല്ലാം സജീവമായി.

എം.എസ് ജയകുമാർ അന്ന് ഇടതുപക്ഷ വിദ്യാർത്ഥി സംഘടനയിൽ തന്നെയാണോ?

ഇടത് വിദ്യാർത്ഥി സംഘടനക്കുള്ളിൽ തീവ്രനിലപാടുള്ളവർ ഇത്തരം ചർച്ചകളിൽ ഏർപ്പെട്ടിരുന്നു. ജയകുമാർ അടക്കമുള്ളവർ പ്രത്യേകം വിദ്യാർത്ഥി സംഘടന ഉണ്ടാക്കിയിരുന്നില്ല. അവരൊക്കെ എം.എൽ പ്രസ്ഥാനത്തിന്റെ ഭാഗമായി മാറുകയാണ് ചെയ്തത്. ഇടതുപക്ഷ വിദ്യാർത്ഥി സംഘടനക്കുള്ളിൽ തന്നെയാണ് തീവ്ര ഇടതുപക്ഷക്കാരും പ്രവർത്തിച്ചത്. ഇതേകാലത്ത് പലരും എം.എൽ മൂവ്മെന്റിന്റെ ഭാഗമായി തീർന്നു. വെള്ളത്തൂവൽ സ്റ്റീഫൻ, ഫിലിപ്പ് എം. പ്രസാദ് തുടങ്ങിയവരൊക്കെ ഒളിവിൽ കഴിയുന്ന കാലമാണ്. ഇവരിൽ പലരും എറണാകുളത്ത് എത്തി ക്ലാസ് എടുത്തിയിരുന്നു. വെള്ളത്തൂവൽ സ്റ്റീഫനെ പൊലീസ് പിടിക്കുന്നത് തന്നെ എറണാകുളത്ത് വച്ചായിരുന്നു. പല നേതാക്കളും എറണാകുളം വഴിയാണ് സഞ്ചരിച്ചുകൊണ്ടിരുന്നത്. വിദ്യാർത്ഥികളെ ഇതൊക്കെ സ്വാധീനിച്ചിരുന്നു.

എം.എസ് ജയകുമാർ

ഇവരൊക്കെ വിദ്യാർത്ഥികളുടെ യോഗം വിളിച്ചിരുന്നോ?

പാർട്ടിക്കാർ എറണാകുളത്ത് വിദ്യാർത്ഥികളുടെ യോഗം നടത്തിയിരുന്നു. അന്നത്തെ ചർച്ചകൾ നക്സൽബാരിയുടെ മഹത്വവും വരാൻപോകുന്ന വിപ്ലവത്തെക്കുറിച്ചുള്ള സന്ദേശങ്ങളുമൊക്കെ ആയിരുന്നു. ജന്മിവിരുദ്ധ സമരവും വർഗീസ് രക്തസാക്ഷി ചരിത്രവുമൊക്കെയാണ് പലരും അന്ന് വിശദീകരിച്ചത്. പിന്നീടാണ് മാവോയിസത്തിലേക്ക് വളരുന്ന മാർക്സിസത്തിന്റെ മനസിലാക്കൽ ഉണ്ടായത്. അക്കാലത്ത് ഇക്കാര്യമൊന്നും തിരിച്ചറിഞ്ഞിരുന്നില്ല. മാർക്സിസ്റ്റ് ആയതിന് ശേഷം പാർട്ടിയിലേക്ക് വരുന്ന ആളുകളുണ്ട്. അവർ സിദ്ധാന്തം പഠിച്ചിട്ട് വരുന്നവരാണ്. ഞാനൊന്നും സിദ്ധാന്തം വായിച്ച് പഠിച്ചതിനുശേഷം ഇടതുപക്ഷത്തേക്ക് വന്നവരല്ല. പിന്നീട് മാർക്സിസം എന്താണെന്ന് മനസിലാക്കാൻ ശ്രമിക്കുകയാണ് ചെയ്തത്.

നക്സൽബാരി കലാപത്തെക്കുറിച്ച് വലിയ വിവരണം ഒക്കെ അന്ന് ക്ലാസെടുത്തവർ നടത്തിയിരുന്നു. അന്ന് ഞാൻ മനസിലാക്കിയിരുന്നത് നക്സൽബാരി സമരത്തിൽ ആദിവാസികൾ ഉണ്ടായിരുന്നുവെന്നാണ്. സ്ത്രീകളും കുഞ്ഞുങ്ങളും അടക്കം ആ സമരത്തിൽ പങ്കെടുത്തിരുന്നു. അത് എനിക്കൊരു വലിയ വൈകാരിക പ്രശ്നമായി അനുഭവപ്പെട്ടു. അത് മാർക്സിസം ഒന്നും പഠിച്ചിട്ട് വിലയിരുത്തേണ്ട കാര്യമല്ല. സ്വാഭാവികമായും മർദ്ദനമേൽക്കുന്നവരുടെ ഭാഗത്താണ് നമ്മൾ. വയനാട്ടിൽ വർഗീസും അങ്ങനെയായിരുന്നു. വർഗീസിനെ പൊലീസ് കൊന്നതാണെന്ന് അന്നുതന്നെ സംശയമുണ്ടായിരുന്നു. വർഗീസിന്റെ ദേഹത്ത് തോക്ക് കെട്ടിവെച്ചതൊക്കെ കാണുമ്പോൾ കൊലപാതകം ആണെന്ന് മനസിലാക്കിയിരുന്നു. അതിന് നമ്മള് എതിരാണ്. വർഗീസിന്റെ പ്രവർത്തനമാകട്ടെ വയനാട്ടിലെ ആദിവാസികൾക്ക് വേണ്ടിയായിരുന്നു. അന്ന് പത്രങ്ങളിൽ വന്ന വാർത്തകൾ വായിച്ചാൽ ആദിവാസികൾക്കെതിരായ വലിയ കടന്നുകയറ്റുമാണ് ഭരണകൂടം നടത്തിയത്. നമ്മൾ കണ്ടതും അതാണ്.

അന്ന് സമൂഹത്തിലേക്ക് നോക്കിയത് ഒരു ആദിവാസിയുടെ നോട്ടമായിരുന്നോ?

അതൊരു ആദിവാസിയുടെ നോട്ടം ആണെന്ന് പറയാൻ കഴിയില്ല. ആദിവാസികളൊന്നും അങ്ങനെയല്ല. ആക്രമിക്കപ്പെടുന്ന ആളുകളിൽ ഞാനും പെടുന്നുവെന്ന് എനിക്ക് തോന്നിയിരുന്നു. ഒന്നിനും ശേഷിയില്ലാത്ത പ്രതിരോധിക്കാൻ പോലും കഴിവില്ലാത്ത മനുഷ്യർക്കിടയിലേക്കാണ് പൊലീസ് ആക്രമണം നടത്തിയത്. ആക്രമണത്തിന് ഞാൻ എതിരായിരുന്നു. അതാണ് പ്രധാന കാരണം. ചാരുമജൂംദാരും വർഗീസും കമ്മ്യൂണിസ്റ്റുകാരായിരുന്നു. അപ്പോൾ സ്വാഭാവികമായും നമ്മൾ കമ്മ്യൂണിസത്തിന് അനുകൂലമായി. എന്നിട്ട് മാർക്സിസത്തെക്കുറിച്ച് അന്വേഷിച്ച് തുടങ്ങി. സാമൂഹികമായ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം വിപ്ലവം ആണെന്നുള്ള ചിന്തയിലേക്ക് നീങ്ങി.

അപ്പോൾ ഡിഗ്രി പൂർത്തിയാക്കാതെ, അതിനുമുമ്പ് തന്നെ വിപ്ലവത്തിലേക്ക് ഇറങ്ങിയോ?

മഹാരാജാസിലെ ഡിഗ്രി പഠനം പൂർത്തിയാക്കാൻ കഴിഞ്ഞില്ല. വിദ്യാഭ്യാസം വേണ്ടപോലെ മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയുണ്ടായി. അത് രാഷ്ട്രീയ സ്വാധീനം കൊണ്ടാണെന്ന് പറഞ്ഞാൽ രാഷ്ട്രീയത്തെ കുറ്റപ്പെടുത്തലാകും. രാഷ്ട്രീയം നമ്മുടെ തെരഞ്ഞെടുപ്പായിരുന്നു. പൊലീസ് ഇടപെടൽ ശക്തമായതോടെ വിദ്യാഭ്യാസം അവസാനിപ്പിച്ചു. വിദ്യാഭ്യാസത്തിലൂടെ മുന്നോട്ടുപോകുക എന്നത് നമ്മുടെ തെരഞ്ഞെടുപ്പ് അല്ല. അത് വേണ്ടെന്നു വെച്ചു. വിദ്യാഭ്യാസത്തിലൂടെ ജോലി നേടാമായിരുന്നു. അതേസമയം വീട്ടിൽ ജീവിക്കാൻ മിനിമം സൗകര്യമുണ്ടായിരുന്നു. ജോലി കിട്ടിയാൽ ജീവിത സൗകര്യം വർദ്ധിപ്പിക്കാം.

അന്നത്തെ വിദ്യാർത്ഥികളിൽ ഏറെ പേരും പഠിച്ച് സർക്കാർ സർവീസ് ഉദ്യോഗം നേടണമെന്ന് ആഗ്രഹമുള്ളവർ ആയിരുന്നില്ലേ?

അങ്ങനെ തന്നെയായിരുന്നു. എന്നോടൊപ്പം പഠിച്ചവരിൽ അപൂർവ്വം ചില ആളുകൾ മാത്രമാണ് സർക്കാർ സർവീസിൽ കയറാതിരുന്നത്. ഞങ്ങൾക്ക് തിരിച്ചുചെല്ലാൻ ഭൂമിയുണ്ടായിരുന്നു. അതൊരു ആത്മവിശ്വാസമായിരുന്നു. അന്ന് കുടുംബത്തിൽ ഭൂമിയേറെ ഉണ്ടായിരുന്നു. അതിൽ കൃഷിയുണ്ടായിരുന്നു. അതുകൊണ്ട് തിരിച്ചുചെല്ലാൻ സ്ഥലം ഉണ്ടായിരുന്നു. അധ്വാനിച്ച് ജീവിക്കാൻ കഴിയുന്ന ഒരു സൗകര്യം ഉണ്ടായിരുന്നു. അതിനാലാണ് ഇടതുപക്ഷത്തോടൊപ്പം അടുത്തത്.

സർക്കാർ സർവീസിൽ നിന്ന് ശമ്പളം വാങ്ങി ഒരു പെറ്റി ബൂർഷ്വാ ജീവിതം നയിക്കണമെന്ന് ആഗ്രഹമുണ്ടായില്ലേ?

മഹാരാജാസ് കോളേജിൽ പഠിക്കുമ്പോൾ പൊലീസ് പലപ്പോഴും പിടിച്ചുകൊണ്ടുപോയിരുന്നു. നന്നായി മർദ്ദിക്കുകയും ചെയ്തിരുന്നു. ഫിലിപ്പ് എം. പ്രസാദ് എറണാകുളം വഴി പോയി എന്ന് അറിഞ്ഞാൽ പൊലീസ് വിദ്യാർത്ഥികളെ കൊണ്ടുപോയി മർദിച്ചിരുന്നു. ബിഎസ്.സി രണ്ടാം വർഷം പഠിക്കുമ്പോൾ പൊലീസ് സ്ഥിരമായി വന്ന് വിളിച്ചുകൊണ്ടുപോയി തല്ലി. കെമിസ്ട്രി പരീക്ഷ എഴുതാൻ പോലും പൊലീസ് അനുവദിച്ചില്ല. പരീക്ഷാ ദിവസമാണ് ഹോസ്റ്റലിന് പുറത്തുനിന്ന് പിടിച്ചുകൊണ്ടുപോയത്. കൈയൊക്കെ പുറകിൽ കെട്ടിയിട്ടാണ് പൊലീസ് ഇടിക്കുന്നത്. ഞാൻ ഒരിക്കൽ പൊലീസ് സ്റ്റേഷനിൽ ഇടികൊണ്ട് ബോധം കെട്ട് വീണു. കൊടുങ്ങല്ലൂർകാരനായ ഹമീദിന് ഇതേപോലെ പൊലീസിൽ നിന്ന് തല്ലുകൊണ്ടു.

ജയകുമാറിനും ഒക്കെ അന്ന് മർദ്ദനം ഏറ്റിട്ടുണ്ട്. എന്നെ സ്ഥിരമായി പൊലീസ് പിടിച്ചുകൊണ്ട് പോകുമായിരുന്നു. മർദ്ദനം പേടിച്ച് പഠനം നിർത്തി പോയവരുമുണ്ട്. ഹോസ്റ്റലിൽ പൊലീസ് കയറി എല്ലാ മുറികളിലും പുസ്തകങ്ങൾ പരിശോധിച്ചിരുന്നു. സുഭാഷ് പാർക്കിൽ കൊണ്ടുപോയിരുത്തി കായലിൽ കെട്ടിത്താക്കും എന്നൊക്കെ പൊലീസ് ഭീഷണിപ്പെടുത്തി. അന്ന് ചോദിക്കാനും പറയാനും ആരും ഉണ്ടായിരുന്നില്ല. തല്ലിക്കൊന്ന് കെട്ടിത്തൂക്കിയാലും ആരും ചോദിക്കില്ല. അതേസമയം, ചില പൊലീസുകാർ ഉപദേശിക്കുകയും ചെയ്യുമായിരുന്നു. പഠിച്ച് നല്ല ജോലിയൊക്കെ നേടണം എന്ന് പറയും. മറ്റുചിലർ പൂർണമായും മർദ്ദനമാണ്. പൊലീസിന്റെ ദൃഷ്ടിയിൽ നമ്മളൊക്കെ തീവ്രവാദികൾ ആയിരുന്നു. രാജ്യത്തെ തകർക്കാൻ നിൽക്കുന്ന ശക്തികൾ എന്നാണ് മുദ്രകുത്തിയത്. ഈ അനുഭവങ്ങളിലൂടെ സമ്പത്ത് ഉണ്ടാക്കുന്ന ഒരു സ്വപ്നത്തിലേക്കല്ല ഞാൻ സഞ്ചരിച്ചത്. അവനവൻ നന്നാവുക എന്നൊരു പ്രത്യയശാസ്ത്രം അന്ന് ചിന്തയിലില്ല. അതിന് ആരുടെയും പ്രേരണയില്ല. എന്റെ ബോധ്യത്തിലാണ് അത്തരമൊരു തീരുമാനം എടുത്തത്.

അന്ന് എം.എൽ പ്രസ്ഥാനത്തിൽ കടന്നുവന്ന വലിയൊരു വിഭാഗം അങ്ങനെ ചിന്തിച്ച ആളുകളല്ലേ?

ആണ്. അവരുടെ കൂടെയാണ് ഞാൻ ചേർന്നത്. ഹോസ്റ്റലിൽ നിന്ന് വിട്ടുപോകുമ്പോൾ എന്റെ വസ്ത്രങ്ങൾ, ചെരിപ്പ്, പുസ്തകങ്ങൾ എല്ലാം സുഹൃത്തുക്കൾക്ക് കൊടുത്തിട്ടാണ് മടങ്ങിയത്. വീട്ടിൽ പൈസയുള്ളതിനാൽ പാന്റ് ഇട്ടാണ് കോളേജിൽ പോയിരുന്നത്. വില കൂടിയ ഷർട്ടും മുക്കാൽ പവൻ മോതിരവും രണ്ട് പവൻ മാലയും വീട്ടുകാർ വാങ്ങി തന്നിരുന്നു. ആദിവാസി കുട്ടികൾ ആരും തന്നെ ഇങ്ങനെ കോളേജിൽ വന്നിരുന്നില്ല. എന്റെ പുസ്തകമൊക്കെ വാങ്ങി പഠിച്ച ആളുകൾ പ്രഫസർമാരും ഉന്നത ഉദ്യോഗസ്ഥരും ഒക്കെയായി മാറി. ചില സുഹൃത്തുക്കൾ പിൽക്കാലത്ത് അവരുടെ ഭാര്യമാരോട് ഒക്കെ എന്റെ വസ്ത്രം ഇട്ട് നടന്ന കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. അതൊക്കെ ഓർക്കുന്ന ആളുകളുമുണ്ട്. ആ വേഷവും അതുണ്ടാക്കുന്ന മനോഭാവവും ഉണ്ട്. അതെല്ലാം ഉപേക്ഷിച്ചിട്ടാണ് മഹാരാജ്യത്തിൽ നിന്ന് മടങ്ങിയത്.

മഹാരാജാസ് കോളേജ്. കടപ്പാട്:wikipedia

രാഷ്ട്രീയമായ ഒരു പുതിയ വഴി തിരഞ്ഞെടുക്കുകയാണോ ചെയ്തത്‍?

അതെ. രാഷ്ട്രീയവും സാമൂഹികവുമായ ഒരു പുതിയ വഴിതന്നെയാണ് തെരഞ്ഞെടുത്തത്. ഗോത്ര പാരമ്പര്യമുള്ള ഒരു സമൂഹത്തിൽ നിന്നാണ് വന്നത്. ഗോത്ര സംസ്കാരത്തിന്റെ ഭാഗമായുള്ള ജീവിതത്തിലെ പല അനുഷ്ഠാനങ്ങളും അടക്കം ഞാൻ വേണ്ടെന്നുവച്ചു. അത് എനിക്കന്ന് സാധ്യമായി. അതിൽ ചില പ്രാകൃതമായ അംശങ്ങളും ഉണ്ടായിരുന്നു. അതെല്ലാം അവിടെത്തന്നെ ഉപേക്ഷിച്ചു.

പഠനം അവസാനിപ്പിച്ച് വീട്ടിലെത്തിയപ്പോൾ കുടുംബം അതിനെ എങ്ങനെയാണ് വിലയിരുത്തിയത് ?

കുടുംബം മാത്രമല്ല എൻെറ ഗോത്രം മുഴുവൻ ഞാൻ പറഞ്ഞത് അംഗീകരിച്ചില്ല. മഹാരാജാസിലെ പഠനം ഉപേക്ഷിച്ചത് ഗോത്രത്തിലെ ആളുകൾക്ക് മാത്രമല്ല, ആ പരിസരങ്ങളിലുള്ള ആളുകൾക്കും ഉൾക്കൊള്ളാനായില്ല. അവർക്ക് എന്നിൽ വലിയ പ്രതീക്ഷകൾ ഉണ്ടായിരുന്നു. പലരും ഞാനൊരു ഡോക്ടറാകണമെന്ന് ആഗ്രഹിച്ചു. മഹാരാജാസിൽ പഠിച്ച കാലത്ത് ഞാൻ തന്നെ ഒരു ഡോക്ടർ ആകുമെന്ന് പറഞ്ഞിരുന്നു. അന്ന് അക്കാര്യത്തിൽ എനിക്ക് താല്പര്യവും ഉണ്ടായിരുന്നു. അത് സമൂഹത്തിൽ വലിയ പ്രതീക്ഷ ഉണ്ടാക്കി. പഠനം ഉപേക്ഷിച്ച് നാട്ടിലേക്ക് തിരിച്ചുചെല്ലുന്ന എന്നോട് സമൂഹത്തിന് അത്ര മതിപ്പുണ്ടായിരുന്നില്ല. ഞാൻ ജനിച്ച ഗോത്രത്തിൽ നിന്ന് ആദ്യമായിട്ടാണ് ഒരാൾ മഹാരാജാസിൽ പഠനത്തിന് എത്തുന്നത്. അതിനാൽ സമൂഹത്തിന് അതങ്ങ് സ്വീകരിക്കാൻ ബുദ്ധിമുട്ടായിരുന്നു. ക്രമേണ ഞാൻ നക്സലൈറ്റ് ആയി എന്ന് സമൂഹം അറിഞ്ഞ് തുടങ്ങി. അത് വലിയ ആഘാതമായി.

അവർക്ക് നക്സലൈറ്റുകൾ ആരാണെന്ന് അറിയാമായിരുന്നോ?

എൻെറ ഗോത്രവിഭാഗങ്ങൾക്ക് നക്സലൈറ്റ് എന്ന് പറഞ്ഞാൽ എന്താണെന്ന് അന്നും അറിയില്ല ഇന്നും അറിയില്ല. പക്ഷേ ഒരിക്കൽ പോലും ഒരാളും പരസ്യമായോ രഹസ്യമായോ എന്റെ പ്രവർത്തനത്തിന് എതിരായി വന്നിട്ടില്ല. ഞാൻ ജനിച്ച സ്ഥലത്ത് എനിക്കെതിരെ ആരും രംഗത്ത് വന്നിരുന്നില്ല. ഞാനൊരു അഭിപ്രായം പറഞ്ഞാൽ ആരും തന്നെ അതിനെ ധിക്കരിച്ച് പോകുന്നതും പറയുന്നതും കണ്ടിട്ടില്ല. നമ്മൾ സംസാരിക്കുന്നത് പോലെ സംസാരിക്കാൻ അവിടെ ആളുകളെ കിട്ടിയിരുന്നില്ല. ആ നിലയിലേക്ക് ഒന്നും ആളുകൾ എത്തിയിരുന്നില്ല.

ഉദാഹരണത്തിന് അവിടെ ഗോത്രസമൂഹം മന്ത്രവാദം തലമുറകളായി നടത്തിയിരുന്നു. ഞാൻ അതിനെല്ലാം എതിരായിരുന്നു. അനുഷ്ഠാനങ്ങളും മറ്റും നടത്തിയിരുന്ന ഒരു ഇടം ഉണ്ടായിരുന്നു. തലമുറകളായി നിലനിർത്തിയിരുന്ന വിശ്വാസമായിരുന്നു അത്. ഞാൻ അവരുടെ അന്ധവിശ്വാസങ്ങളെ ചോദ്യം ചെയ്തു. മരിക്കുന്ന ആളുകളെ മറവു ചെയ്യുന്ന സ്ഥലമുണ്ട്. അവിടെ പിശാചുക്കളും മറ്റുമിരിക്കുന്ന സ്ഥലം എന്നാണ് വിശ്വാസം. അവിടെ സാധാരണയായി ആരും പോകാറില്ല. കാടുപിടിച്ച് കിടക്കുകയായിരുന്നു. ആ കാടെല്ലാം ഞാൻ വെട്ടിത്തെളിച്ചു. അച്ഛനും അമ്മയ്ക്കും മറ്റുള്ളവർക്കും പേടിയായി. എന്നെ ചെകുത്താൻ പിടിച്ചുകൊല്ലുമെന്നാണ് അവർ പേടിച്ചത്. ചെകുത്താൻ കൊല്ലട്ടെ എന്ന് ഞാൻ അവരോട് ഉറക്കെ പറഞ്ഞു. ചെകുത്താൻ ഇല്ലെന്ന് കാണിക്കാൻ ഞാൻ അതിനെ ഉപയോഗപ്പെടുത്തി. അത്തരം ശീലക്കേടുകളിലൂടെയാണ് വളർന്നത്.

അറക്കുളത്ത് ആദിവാസികൾക്ക് ആരാധനാകേന്ദ്രം ഉണ്ടായിരുന്നു. കുടിയേറ്റത്തിന്റെ ഭാഗമായി അവിടെ നായന്മാരൊക്കെ വന്ന് താമസിച്ചു. അതോടെ അത് വലിയൊരു അമ്പലമായി മാറി. അത് ഗോത്രത്തിന്റേതായിരുന്നുവെന്ന് എന്റെ ഒരു അമ്മാമ്മ (അപ്പന്റെ ഇളയമ്മ) എപ്പോഴും പറയുമായിരുന്നു. ഒരിക്കൽ സിനിമ കണ്ടിട്ട് തിരിച്ചുവരുമ്പോൾ രാത്രി അവിടുത്തെ വിഗ്രഹം എടുത്ത് കളഞ്ഞു. അത് വലിയ പ്രശ്നമായി. അത് മഹാരാജാസിലെ വെക്കേഷൻ കാലത്തായിരുന്നു. ദൈവത്തോടാണല്ലോ കളിയെന്ന് പലരുംചോദിച്ചു. വിഗ്രഹം എടുക്കാൻ എന്നോടൊപ്പം വന്നവരെ കൊണ്ട് തിരിച്ചുവെപ്പിച്ചു. അവർ പേടിച്ചുപോയി. അമ്പലത്തിൽ പ്രസംഗിക്കാൻ വിളിച്ചപ്പോൾ ദൈവത്തിനെതിരെ സംസാരിച്ചു. അതിനാൽ പിന്നെ വിളിക്കാതായി. ഇവൻ നന്നാകില്ല എന്ന വിലയിരുത്തലിൽ സമൂഹം എത്തി. 1972 ൽ മഹാരാജ്യത്തിൽ നിന്ന് പടിയിറങ്ങി.

(തുടരും)

Also Read