ചരിത്രത്തിലേക്ക് നോക്കൂ, ബിരേനെ മാറ്റാൻ മോ​ദിക്ക് കഴിയില്ല

വിഭാഗീയതയുടെ അടിസ്ഥാനത്തിൽ പോരാടിയ വലുതും അക്രമാസക്തവുമായ സംഘർഷങ്ങൾ നിറഞ്ഞതാണ് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രം. ഇത്തരം സംഘർഷങ്ങൾ രണ്ടു തരത്തിലാണുള്ളത്. 1950 കളിലും 1960 കളിലും നാഗാ, മിസോ മലനിരകളിലും 1980 കളിലും 1990 കളിലും പഞ്ചാബിലും, കാശ്മീർ താഴ്‌വരയിലും നടന്നതുപോലെ വിഭജനമോ, സ്വാതന്ത്ര്യമോ ആവശ്യപ്പെടുന്ന സായുധ കലാപങ്ങളാണ് ആദ്യത്തേത്. രണ്ടാമത്തേത് ഒരു പ്രത്യേക ഇന്ത്യൻ സംസ്ഥാനത്തിനുള്ളിലോ, കേന്ദ്രഭരണപ്രദേശത്തിനുള്ളിലോ ഉള്ള ഭൂരിപക്ഷ സമൂഹം ന്യൂനപക്ഷത്തിന് മേൽ നടത്തിയ അക്രമങ്ങളാണ്. ഉദാഹരണത്തിന് 1984-ൽ ഡൽഹിയിൽ സിഖുകാർക്കെതിരെയും 2002-ൽ ഗുജറാത്തിൽ മുസ്ലീങ്ങൾക്കെതിരെയും ഹിന്ദു ആൾക്കൂട്ടങ്ങളുടെ നേതൃത്വത്തിൽ നടന്ന കൂട്ടക്കൊലയും 1989-90-ൽ ഇസ്ലാമിസ്റ്റ് ജിഹാദികളുടെ നേതൃത്വത്തിൽ കശ്മീരിലെ പണ്ഡിറ്റുകൾക്ക് നേരെ നടന്ന കലാപങ്ങളും.

കലാപത്തിൽ തകർക്കപ്പെട്ട കുക്കി ​ഗ്രാമം. കടപ്പാട്:AP

സായുധരായ മെയ്തേയ് കലാപകാരികൾ സ്വന്തമായി ഒരു രാഷ്ട്രം ആവശ്യപ്പെട്ട് നടത്തിയ കലാപത്തിലൂടെയും, സായുധരായ നാഗകൾ നാഗാലാൻഡിന്റെ തുടർച്ചയായ ജില്ലകളുമായി ചേർന്ന് ഒരു രാഷ്ട്രം രൂപീകരിക്കപ്പെടുന്നതിനായി നടത്തിയ കലാപത്തിലൂടെയും മണിപ്പൂർ ഇതിനു മുൻപ് കലാപങ്ങളുടെ ആദ്യ രൂപത്തിന് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇപ്പോഴത്തെ സംഘർഷം മെയ്തെയ്, കുക്കി എന്നീ വിഭാഗങ്ങൾ തമ്മിലുള്ള ആഭ്യന്തര പ്രശ്നമാണ്. ഇരുപക്ഷവും ഇന്ത്യയിൽ നിന്ന് സ്വാതന്ത്ര്യം വേണമെന്ന തരത്തിലുള്ള ആവശ്യവും മുന്നോട്ടുവയ്ക്കുന്നില്ല.

മണിപ്പൂരിലെ സാമുദായിക സംഘർഷത്തെ മുൻകാലങ്ങളിലെ മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിലെ സമാന സംഘർഷങ്ങളുമായി താരതമ്യം ചെയ്യുന്നത് ഉചിതമായിരിക്കും. ഒരു കാര്യത്തിൽ പ്രസക്തമായ വ്യത്യാസമുണ്ട്. മണിപ്പൂരിലെ ഇരുവശത്തുമുള്ള പോരാളികൾക്ക് മറ്റു സംഘർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വളരെ അധികം ആയുധങ്ങൾ ലഭിക്കുന്നുണ്ട്. മധ്യേന്ത്യയിലെ നക്സലൈറ്റുകളും ഉത്തരേന്ത്യയിലെ ഡക്കോയിസ്റ്റുകളും പൊലീസ് സ്റ്റേഷൻ കൊള്ള ചെയ്ത് ആയുധങ്ങൾ കടത്താറുണ്ട്. എന്നാൽ മണിപ്പൂരിലേത് പോലെ പൊലീസിന്റെ ആയുധശേഖരങ്ങൾ വലിയ അളവിൽ മോഷ്ടിക്കപ്പെട്ടത് ഇന്ത്യൻ ചരിത്രത്തിൽ സമാനതകളില്ലാത്ത സംഭവമാണ്.

കലാപത്തിൽ തകർക്കപ്പെട്ട മണിപ്പൂരിലെ ചുരാചന്ദ്പൂരിലുള്ള കടകൾ. കടപ്പാട്:aljazeera

രണ്ടാമത്തെ പ്രധാന വ്യത്യാസം സംഘർഷം സൃഷ്ടിച്ച തീവ്രമായ ഭൂമിശാസ്ത്രപരമായ വിഭജനവുമായി ബന്ധപ്പെട്ടതാണ്. 2023 മെയ് മാസത്തിന് മുമ്പ്, മലയോര ജില്ലകളിലെ മെയ്തെയ്കളുടെ എണ്ണവും ഇംഫാൽ താഴ്‌വരയിലെ കുക്കികളുടെ എണ്ണവും ചെറുതായിരുന്നില്ല. എന്നാൽ ഇപ്പോൾ ഓരോ പ്രദേശത്തെയും ഭൂരിപക്ഷം, ന്യൂനപക്ഷത്തിന്റെ നിലനിൽപ് ഇല്ലാതാക്കാൻ ശ്രമിക്കുന്നു. അഹമ്മദാബാദ് പോലെയുള്ള നഗരങ്ങളിൽ അത്യന്തം നിരാശാജനകവും, കർശനമായതുമായ വേർതിരിവ് താമസസ്ഥലയുമായി ബന്ധപ്പെട്ട് മുസ്ലീങ്ങൾക്കും ക്രിസ്ത്യാനികൾക്കുമിടയിലുണ്ടെന്നത് വാസ്തവമാണ്. അഹമ്മദാബാദ് പോലുള്ള നഗരങ്ങളിൽ മുസ്ലീങ്ങളുടെയും ഹിന്ദുക്കളുടെയും താമസസ്ഥലയുമായി ബന്ധപ്പെട്ട വേർതിരിവ് കർശനവും ആഴത്തിൽ നിരാശാജനകവുമാണ് എന്നത് ശരിയാണ്. എന്നാൽ മണിപ്പൂരിൽ ഈ വിഭജനം ഭൂമിശാസ്ത്രപരവും സാമൂഹികവുമായ അർത്ഥത്തിൽ കൂടുതൽ ദൂരവ്യാപകമാണ്. ഗുജറാത്തിൽ, തീവ്ര ഹിന്ദു ചിന്താഗതിയുള്ളവർ മുസ്ലീങ്ങളെ സ്ഥിരമായ വിധേയത്വത്തിൽ നിർത്താൻ ആഗ്രഹിക്കുന്നു. മണിപ്പൂരിൽ, മിക്ക മെയ്തെയ്കളും കുക്കികളും ഒരിക്കലും പരസ്പരം കാണാൻ പോലും ആഗ്രഹിക്കുന്നില്ല.
വേറെയും ചില സമാനതകൾ മണിപ്പൂരിലും ഗുജറാത്തിലും നടന്ന കലാപങ്ങൾ തമ്മിലുണ്ട്. ഒന്നാമത്തെ കാര്യം സ്ത്രീകൾക്കെതിരെയുള്ള അക്രമവുമായി ബന്ധപ്പെട്ടതാണ്. 2023 ൽ മണിപ്പൂരിൽ നടന്നത് പോലെ ക്രൂരവും, മൃഗീയവുമായിരുന്നു 2002ൽ ഗുജറാത്തിലും സ്ത്രീകൾക്കെതിരെ നടന്ന അക്രമങ്ങൾ. രണ്ടാമത്തേത് രാഷ്ട്രീയസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളാണ്. രണ്ടിടത്തും ഭരണസ്ഥാപനങ്ങളും പ്രത്യേകിച്ച് മുഖ്യമന്ത്രിയും ഭൂരിപക്ഷത്തിനൊപ്പം നിൽക്കുകയാണ് ചെയ്തത്.

​ഗുജറാത്ത് കലാപത്തിൽ തകർന്ന മുസ്ലീം വീടുകൾ. കടപ്പാട്: അമൻ ശർമ്മ/AP

മണിപ്പൂരിൽ, ജനസംഖ്യയുടെ 53 ശതമാനം മെയ്തെയ് വിഭാഗവും, 16 ശതമാനം കുക്കികളുമാണ്. (മൂന്നാം പ്രധാന വിഭാഗമായ നാഗകൾ 24 ശതമാനം). ഗുജറാത്തിൽ, ജനസംഖ്യയുടെ 88 ശതമാനം ഹിന്ദുക്കളാണ്, മുസ്ലീങ്ങൾ വെറും 10 ശതമാനം മാത്രവും. ഭൂരിപക്ഷവും ന്യൂനപക്ഷവും തമ്മിലുള്ള അനുപാതം മണിപ്പൂരിൽ ഏകദേശം 3:1ഉം, ഗുജറാത്തിൽ ഏകദേശം 8:1 ഉം ആണ്. മണിപ്പൂരിൽ രണ്ടു വിഭാഗങ്ങളും തമ്മിലുള്ള ജനസംഖ്യാനുപാതം ഗുജറാത്തിനേക്കാൾ സമമായിരുന്നതിനാൽ, 2002 ൽ ഗുജറാത്തിൽ നടന്നത് പോലെ അക്രമം ഏകപക്ഷീയമായിരുന്നില്ല. (കൊള്ളയടിക്കപ്പെട്ടതോ വാങ്ങുന്നതോ ആയ ആയുധങ്ങളുടെ ലഭ്യത മണിപ്പൂരിലെ അക്രമങ്ങളെ കൂടുതൽ തീവ്രമാക്കി). മണിപ്പൂരിലെ ഭൂരിപക്ഷവും ന്യൂനപക്ഷവും തമ്മിലുള്ള ബന്ധം താരതമ്യം ചെയ്യുമ്പോൾ ഗുജറാത്തിലെ പോലെ അസമമായിരിക്കില്ല, എന്നിരുന്നാലും അത് അസമമാണ്. സ്‌കൂൾകുട്ടികൾ തമ്മിലുള്ള ഏതൊരു വഴക്കിലും, ഒരാൾക്ക് എട്ട് ആൺകുട്ടികളുടെ പിന്തുണ ഉണ്ടായിരിക്കുന്നതിൽ ഒരാൾ സന്തോഷിക്കും. കുറഞ്ഞത് മൂന്ന് പേരെങ്കിലും ഉള്ളതിൽ അയാൾ സംതൃപ്തനുമായിരിക്കും. പരസ്പര സംഘർഷത്തിലുള്ള വംശങ്ങൾക്കും, പാർട്ടി കേഡറുകൾക്കും ഇത് ബാധകമാണ്. മണിപ്പൂരിലെ മെയ്തെയ്കളുടെ ആപേക്ഷികമായ ജനസംഖ്യാപരമായ ആധിപത്യം അവരെ രാഷ്ട്രീയ അധികാരത്തിലേക്ക് എത്തിക്കുന്നു. മണിപ്പൂരിൽ, എപ്പോഴും ഒരു മെയ്തെയ് മുഖ്യമന്ത്രിയും, കൂടുതൽ മെയ്തെയ് മന്ത്രിസഭാംഗങ്ങളും ഉണ്ടാകുന്നു. അതുപോലെ ഇവർക്ക് മന്ത്രിസഭയിൽ മികച്ച വകുപ്പുകളും ലഭിക്കുന്നു.

ഇപ്പോഴത്തെ മുഖ്യമന്ത്രി ഒരു മെയ്തെയ് ആണെന്ന് മാത്രമല്ല തന്റെ വംശീയ സ്വത്വം ഉയർത്തിപ്പിടിക്കാൻ മടി കാണിക്കാത്ത വ്യക്തിയുമാണ്. പ്രശ്‌നങ്ങൾ ആരംഭിച്ച് മൂന്ന് മാസങ്ങൾക്കുള്ളിൽ അദ്ദേഹം പക്ഷപാതപരമായ നിരവധി പ്രസ്താവനകൾ നടത്തിയിരുന്നു. ഒരു കുക്കികൾക്കും പ്രവേശിക്കാൻ കഴിയാത്ത പ്രദേശമായ താഴ്‌വരയും (വാലി), മെയ്തെയ്കളിൽ നിന്നും അകന്നുനിൽക്കുന്ന മലഞ്ചെരിവും (ഹിൽ) എന്ന നിലയിൽ സംസ്ഥാനത്തെ വിഭജിക്കുന്നതിന് അദ്ദേഹം നിശബ്ദമായി അംഗീകാരം നൽകി. ക്രമസമാധാനം ഒരു സംസ്ഥാന വിഷയമായിട്ടും സർക്കാർ ആയുധപ്പുരകൾ കൊള്ളയടിക്കപ്പെട്ടതും, നിരപരാധികളായ പൗരന്മാർ കൊല്ലപ്പെട്ടതും, സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെട്ടതും തടയാൻ മുഖ്യമന്ത്രി തയ്യാറായില്ല, അല്ലെങ്കിൽ അദേഹത്തിനു കഴിഞ്ഞില്ല. പതിറ്റാണ്ടുകളായി പഞ്ചാബിലും കാശ്മീരിലും ഗുജറാത്തിലും വിഭാഗീയ അക്രമങ്ങൾ കാരണമുണ്ടായ മുറിവുകൾ ഇപ്പോഴും ശരിയായ രീതിയിൽ ഉണങ്ങിയിട്ടില്ല. മണിപ്പൂരിലെ അവസ്ഥ കൂടുതൽ ദാരുണമാണ്. വംശീയ സംഘർഷം സംസ്ഥാനത്തെ സാമൂഹിക ഘടനയ്ക്കും, രാഷ്ട്രീയ അഖണ്ഡതയ്ക്കും ആഴത്തിലുള്ളതും ഒരുപക്ഷെ തിരിച്ചുപിടിക്കാനാവാത്തതുമായ നഷ്ടം വരുത്തി. മറ്റു വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും ഈ പ്രശ്നത്തിന്റെ അനുരണനങ്ങൾ ഉണ്ട്. പ്രത്യേകിച്ച് മിസോറാമിൽ, കുക്കികൾ അഭയം തേടുകയും മെയ്തെയ്കളോട് അവിടെ നിന്ന് പലായനം ചെയ്യാൻ ആഹ്വാനങ്ങൾ ഉണ്ടാകുകയും ചെയ്യുന്നു.

​ഗുജറാത്ത് കലാപത്തിൽ ശരീരത്തിന്റെ 75 ശതമാനവും പൊള്ളലേറ്റ മുസ്ലീം ബാലൻ. കടപ്പാട്: മനീഷ് സ്വരൂപ്/AP

അക്രമങ്ങളും കഷ്ടപ്പാടുകളും എത്ര ഭയാനകവും അസഹിഷ്ണുതയുള്ളതുമാണെന്ന് കണക്കിലെടുക്കുമ്പോൾ, മണിപ്പൂർ മുഖ്യമന്ത്രി അത് തടയാൻ എത്രമാത്രം പങ്കുവഹിച്ചുട്ടുണ്ടെങ്കിലും (എന്തെങ്കിലും ഉണ്ടെങ്കിൽ), അദ്ദേഹം ഇപ്പോഴും അധികാരത്തിൽ തുടരുന്നത് എന്തുകൊണ്ടാണ്? പാർലമെന്റിൽ പ്രതിപക്ഷ എംപിമാർ മാത്രമല്ല ഈ ചോദ്യം ചോദിക്കുന്നത്; നമ്മുടെ നാട്ടിൽ സമാധാനവും ഐക്യവും ആഗ്രഹിക്കുന്ന ഓരോ പൗരനും അത് ചോദിക്കുന്നു. മുഖ്യമന്ത്രിയെ ആഴ്ചകൾക്ക് മുമ്പ് പുറത്താക്കേണ്ടതായിരുന്നു. എന്നിട്ടും ബിജെപിയിലെയും കേന്ദ്ര സർക്കാരിലെയും മേലധികാരികളുടെ അംഗീകാരത്തോടെ അദ്ദേഹം അധികാരത്തിൽ തുടരുന്നു. ബിരേൻ സിംഗ് അധികാരത്തിൽ തുടരുന്നതിന്റെ ഒരു പ്രധാന കാരണം, തങ്ങൾ എപ്പോഴെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെന്ന് സമ്മതിക്കാനുള്ള നരേന്ദ്ര മോദി ഭരണകൂടത്തിന്റെ വിമുഖതയാണ്. അവരുടെ ഭരണം എപ്പോഴും കുറ്റമറ്റതായി അവതരിപ്പിക്കപ്പെടണം എന്നവർ ആഗ്രഹിക്കുന്നു.

നോട്ട് അസാധുവാക്കലിന്റെ സാമ്പത്തിക ആഘാതങ്ങൾ, കോവിഡ് -19 കാലത്തെ ആസൂത്രിതമല്ലാത്ത ലോക്ക്ഡൗണുകൾ മൂലമുണ്ടായ സാമൂഹിക കഷ്ടപ്പാടുകൾ, ഇന്ത്യ അവകാശപ്പെടുന്ന ആയിരക്കണക്കിന് ചതുരശ്ര കിലോമീറ്റർ പ്രദേശത്തേക്ക് ചൈനീസ് സൈന്യം നടത്തിയ കടന്നുകയറ്റം – ഇത്തരം നിരവധി ആഘാതങ്ങളുണ്ടാക്കിയ നയങ്ങളോ, അവക്ക് പിന്നിലുള്ള വ്യക്തികളോ ഒരിക്കലും മാറ്റപ്പെട്ടിട്ടില്ല. ഒരു “മുഖ്യമന്ത്രി”, തിരഞ്ഞെടുപ്പിൽ അവർക്ക്‌ ബാധ്യതയാണെന്ന് തോന്നുകയാണെങ്കിൽ ബി.ജെ.പിയെ ഭരിക്കുന്ന ദ്വയം (മോദി-അമിത്ഷാ) അയാളെ മാറ്റിയേക്കാം. എന്നാൽ, ബിരേൻ സിംഗിനെ ഇപ്പോൾ നീക്കം ചെയ്യുന്നത്, അദ്ദേഹവും അദ്ദേഹത്തിന്റെ പാർട്ടിയും മണിപ്പൂരിലെ പ്രതിസന്ധി തെറ്റായി കൈകാര്യം ചെയ്തു എന്നതിനെ അംഗീകരിച്ച് കൊടുക്കലാകും. കൂടാതെ, ബി.ജെ.പി പുതിയ മുഖ്യമന്ത്രിയെ നിയമിച്ചാൽ ഇത് കേന്ദ്ര ആഭ്യന്തര മന്ത്രിയും രാജിവെക്കണമെന്ന ആവശ്യത്തിലേക്ക് നയിച്ചേക്കാം. എന്റെ വീക്ഷണത്തിൽ ഇതൊരു ന്യായമായ ആവശ്യമായിരിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മണിപ്പൂരിലേക്ക് ഒരു ഹ്രസ്വ യാത്ര നടത്തിയെങ്കിലും സ്ഥിതിഗതികളിൽ ശരിയായ അവബോധം അദ്ദേഹത്തിന് പിടികിട്ടിയതായി തോന്നുന്നില്ല. എന്നിരുന്നാലും, പ്രധാനമന്ത്രിയുമായുള്ള അദ്ദേഹത്തിന്റെ സാമീപ്യം അർത്ഥമാക്കുന്നത് ഷായെ സംരക്ഷിക്കാൻ അദ്ദേഹത്തിന്റെ പാർട്ടി എല്ലാം ചെയ്യും എന്നാണ്.

ബിരേൻ സിം​ഗും നരേന്ദ്ര മോദിയും. കടപ്പാട്:deccan chronicle

ഒരുപക്ഷെ ഏറ്റവും നിർണായകമായ കാര്യം, മണിപ്പൂരിലെ ഇപ്പോഴത്തെ മുഖ്യമന്ത്രിയുടെ പുറത്താക്കൽ 2002 ലെ കലാപത്തിന് ശേഷം ഗുജറാത്ത് മുഖ്യമന്ത്രിയെ പുറത്താക്കാതിരുന്ന ബി.ജെ.പിയുടെ നടപടിയെക്കുറിച്ച് വീണ്ടും അസുഖകരമായ ചോദ്യങ്ങൾ ഉയർത്തും എന്നതാണ്. അന്നത്തെ ഗുജറാത്തിലെ സംഭവങ്ങളും, ഇപ്പോഴത്തെ മണിപ്പൂരും സമാനമായ അവസ്ഥയാണ്. ‘രാജധർമ്മം’ കൈവിട്ടത്തിന് അദ്ദേഹത്തെ വിമർശിച്ചതിന് ശേഷം, പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയി, നരേന്ദ്ര മോദിയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും നീക്കാൻ ആഗ്രഹിച്ചു. ക്യാബിനറ്റിലെ അദ്ദേഹത്തിന്റെ മുതിർന്ന സഹപ്രവർത്തകരായ അരുൺ ജെയ്റ്റ്‌ലിയും എൽ.കെ അദ്വാനിയും അതിൽ നിന്നും പിന്തിരിയാൻ അദ്ദേഹത്തെ സ്വാധീനിച്ചു. മണിപ്പൂർ മുഖ്യമന്ത്രിയെ മാറ്റാൻ ആവശ്യപ്പെടാൻ തന്റെ സങ്കീർണ്ണമായ ഭൂതകാലം കാരണം നിലവിലെ പ്രധാനമന്ത്രിക്ക് കഴിയില്ല. ‘രാജധർമ്മം’ അനുഷ്ഠിക്കാൻ അദ്ദേഹത്തോട് ആവശ്യപ്പെടാൻ പോലും മോദിക്ക് കഴിയില്ല.

ഞാൻ സൂചിപ്പിച്ചതുപോലെ, 1980 കളിൽ പഞ്ചാബിൽ, 1990 കളിൽ ജമ്മു കശ്മീരിൽ, 2000 ത്തിൽ ഗുജറാത്തിൽ നേരിട്ടതിനേക്കാൾ ഗുരുതരമാണ് ഇന്നത്തെ മണിപ്പൂരിലെ സ്ഥിതി. നിലവിൽ പരസ്പരം സംഘർഷത്തിലുള്ള സമുദായങ്ങൾ തമ്മിലുള്ള വിള്ളൽ പരിഹരിക്കാനും, സാമൂഹിക വിശ്വാസവും ഭരണകൂടത്തിന്റെ അധികാരവും പുനഃസ്ഥാപിക്കുവാനുമുള്ള ശ്രമം ആരംഭിക്കുന്നതിന് മുൻപ്, നിർബന്ധമായും നടപ്പിലാക്കേണ്ട ആദ്യപടി നിലവിലെ മുഖ്യമന്ത്രിയെ മാറ്റുക എന്നുള്ളതാണ്. ധാർമ്മികതയും പ്രായോഗികതയും ഒരേ സമയം ബിരേൻ സിംഗിനെ പുറത്താക്കണമെന്ന് ആവശ്യപ്പെടുന്നു. ദൗർഭാഗ്യകരമെന്നു പറയട്ടെ, ഇത് സംഭവിക്കാൻ സാധ്യതയില്ല. കാരണം, രാജ്യത്തെ ഏറ്റവും ശക്തരായ രണ്ട് വ്യക്തികളുടെ, ഇന്ത്യൻ പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും സംരക്ഷണം വ്യത്യസ്ത കാരണങ്ങളാൽ ആണെങ്കിലും മണിപ്പൂർ മുഖ്യമന്ത്രിക്ക് ലഭിക്കുന്നുണ്ട്.

വിവർത്തനം: നിഖിൽ വർ​ഗീസ്, കടപ്പാട്: ദി സ്ക്രോൾ.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read