തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാനായി പലവിധ തന്ത്രങ്ങൾ മെനയുകയാണ് നരേന്ദ്ര മോദിയും സംഘവും. വോട്ടിങ്ങ് മെഷീനുകൾ വരെ സംശയത്തിൻ്റെ നിഴലിലാണ്. ഇതിന് പുറമെയാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ പ്രധാനമന്ത്രി ഉൾപ്പെടെ നടത്തുന്ന വെറുപ്പും ഭയവും വിളമ്പുന്ന പ്രസ്താവനകൾ. വർഗീയ പ്രചാരണത്തിലുള്ള വിശ്വാസ്യതക്ക് കോട്ടം തട്ടിയതിനാലാവാം എതിർ സ്ഥാനാർത്ഥികളുടെ പത്രികകൾ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും പിൻവലിപ്പിക്കലാണ് ബി.ജെ.പിയുടെ പുതിയ തന്ത്രം. ഗുജറാത്തിലെ സൂറത്ത് മണ്ഡലത്തിൽ ആ തന്ത്രം വിജയിപ്പിക്കാൻ അവർക്കായി. കോൺഗ്രസിൻ്റെയും ബി.എസ്.പിയും ഉൾപ്പെടെ സകല സ്ഥാനാർഥികളും നാമനിർദ്ദേശ പത്രിക പിൻവലിച്ച് ബി.ജെ.പി സ്ഥാനാർഥിയുടെ എതിരില്ലാത്ത വിജയം ഉറപ്പാക്കിക്കൊടുത്തു. എന്നാൽ മധ്യപ്രദേശിലെ ഇൻഡോർ പാർലമെൻ്റ് മണ്ഡലത്തിൽ ബി.ജെ.പി നടത്തിയ സമാനമായ ശ്രമം എസ്.യു.സി.ഐ കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർഥിയുടെ ശക്തമായ ചെറുത്ത് നിൽപ്പിലൂടെ പരാജയപ്പെടുത്തപ്പെട്ടിരിക്കുന്നു. ഇൻഡോർ പാർലമെൻ്റ് മണ്ഡലത്തിൽ പത്രിക പിൻവലിക്കാൻ വിസമ്മതിച്ച എസ്.യു.സി.ഐ സ്ഥാനാർഥി അജീത്ത് സിങ്ങ് പൻവാർ കേരളീയത്തിന് നൽകിയ അഭിമുഖം.
എതിർ സ്ഥാനാർഥികളുടെ നോമിനേഷനുകൾ നിർബന്ധിതമായി പിൻവലിപ്പിക്കാനുള്ള ബി.ജെ.പി തന്ത്രത്തെ ചെറുത്തതിലൂടെ താങ്കൾ ഒരു ന്യൂസ് മേക്കറായി മാറിയിരിക്കുകയാണല്ലോ. താങ്കളും എസ്.യു.സി.ഐയും നടത്തിയ ചെറുത്തുനിൽപ്പിനെപ്പറ്റി ഒന്ന് വിശദീകരിക്കാമോ?
ഏപ്രിൽ 27നാണ് സംഭവങ്ങളുടെ തുടക്കം. അന്ന് എനിക്ക് നേരത്തെ പരിചയമുള്ള മൊഹർ സിങ്ങ് എന്നു പേരുള്ള ഒരു വക്കീൽ എന്നെ ഫോണിൽ ബന്ധപ്പെട്ടു. വളരെ പ്രധാനപ്പെട്ട ഒരു കാര്യം സംസാരിക്കാനായി സ്ഥലത്തെ ബി.ജെ.പി എം.എൽ.എ എന്നെ കാണാൻ ആഗ്രഹിക്കുന്നു എന്നായിരുന്നു അദ്ദേഹത്തിൻ്റെ സന്ദേശം. ആ ക്ഷണം ഞാൻ നിരസിച്ചു. അടുത്തത് ഗുണയിൽ നിന്നുള്ള ഒരു പൊലീസ് ഓഫീസറുടെ ഊഴമായിരുന്നു. ബി.ജെ.പിയുടെ ചില ഉന്നത നേതാക്കൾ എന്നെ കാണാനും ഇൻഡോറിൻ്റെ ‘വികസനത്തെ’ കുറിച്ച് സംസാരിക്കാനും ആഗ്രഹിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. സൂറത്തിൽ സംഭവിച്ചത് ഇൻഡോറിലും ആവർത്തിക്കുകയാണോ എന്ന ചിന്ത എന്നിൽ വന്ന് നിറഞ്ഞത് പൊലീസ് ഓഫീസറുടെ ഫോൺവിളിയോടു കൂടിയാണ്. സ്വാഭാവികമായും അദ്ദേഹത്തിൻ്റെ അഭ്യർഥനയും ഞാൻ നിരസിച്ചു. പൊലീസ് ഓഫീസർ പലതവണ വിളിച്ച് അഭ്യർഥന ആവർത്തിച്ചെങ്കിലും ഞാൻ ചെവികൊടുത്തില്ല.
ഞങ്ങൾ ഇക്കാര്യം പാർട്ടിക്കകത്ത് ചർച്ച ചെയ്തു. പിന്നീട് ഞാൻ പോലീസ് ഓഫീസറുടെ ഫോൺ എടുക്കാതായി. അതിനിടയിൽ ബി.ജെ.പിയുമായി സഹകരിക്കുന്ന ഒരു മനുഷ്യൻ, പത്രികയിൽ എന്നെ പിന്തുണച്ച ഞങ്ങളുടെ സഖാവിൻ്റെ വീട്ടിൽ പോയി കണ്ടു. പൻവാറിൻ്റെ പത്രികയിൽ താൻ ഒപ്പിട്ടിട്ടില്ല എന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കണം എന്നായിരുന്നു ആവശ്യം. അതിനായി ഏപ്രിൽ 29ന് കലക്ട്രേറ്റിലെത്തണം എന്നും വീട്ടിലെത്തിയവർ സഖാവിനോട് ആവശ്യപ്പെട്ടു. പകരമായി എന്താവശ്യവും നിവർത്തിച്ചുകൊടുക്കാം എന്ന വാഗ്ദാനവും അവർ നൽകി. ആ സഖാവ് വളരെ കാലമായി എസ്.യു.സി.ഐയുടെ പ്രവർത്തകനാണ്. എസ്.യു.സി.ഐയുടെ രാഷ്ട്രീയത്തെ സംബന്ധിച്ച് അടിയുറച്ച ധാരണയുള്ള ഒരു സഖാവ്. സ്വാഭാവികമായും അദ്ദേഹവും ബി.ജെ.പിയുടെ ആവശ്യം നിരസിച്ചു. പകരം ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരും എന്ന് ഭീഷണിപ്പെടുത്തിയെങ്കിലും അദ്ദേഹം കുലുങ്ങിയില്ല.
ബിജെപിയെ സംബന്ധിച്ചിടത്തോളം സുരക്ഷിതമായ ഒരു മണ്ഡലമാണ് ഇൻഡോർ. എന്നിട്ടും ബിജെപി നേതൃത്വം ഇത്തരം വഷളായ നടപടികൾ സ്വീകരിക്കുന്നത് എന്തിനെന്ന് മനസ്സിലാവുന്നില്ല. ഞാൻ ഫോൺ എടുക്കാതായപ്പോൾ അവർ ഗുണയിലുള്ള എൻ്റെ ഇലക്ഷൻ ഏജൻ്റിൻ്റെ പിറകെ കൂടി. പഴയ ആവശ്യങ്ങൾ തന്നെ ആവർത്തിച്ചു. പത്രിക പിൻവലിക്കാനുള്ള അവസാന ദിവസമായ ഏപ്രിൽ 29 വൈകീട്ട് നാലര വരെ ഫോൺ കോളുകൾ തുരുതുരെ വന്നിരുന്നു. വിളിച്ചവരിൽ നേരത്തെ പറഞ്ഞ രണ്ട് പേരൊഴിച്ച് മറ്റൊരാളും അവരുടെ ഐഡൻ്റിറ്റി വെളിപ്പെടുത്തിയിരുന്നില്ല. ഉദ്ദേശം മാത്രമേ ഉണർത്തിയിരുന്നുള്ളൂ. പത്രിക പിൻവലിക്കാനുള്ള സമയം കഴിഞ്ഞപ്പോൾ ഫോൺ കോളുകളും നിലച്ചു. ഈ സംഭവം നടക്കുമ്പോൾ അപ്പുറത്ത് കോൺഗ്രസ് സ്ഥാനാർത്ഥി പത്രിക പിൻവലിച്ച് ബി.ജെ.പിയിൽ ചേർന്ന് കഴിഞ്ഞിരുന്നു!
കോൺഗ്രസ് കൂടാതെ മറ്റ് ഏതെല്ലാം പാർട്ടികളും സ്വതന്ത്രരുമാണ് ഭീഷണിക്ക് വഴങ്ങിയത്? അവരുടെ നിലപാടിനെ എങ്ങനെ വിലയിരുത്തുന്നു?
പതിമൂന്ന് സ്വതന്ത്ര സ്ഥാനാർഥികളെ ബി.ജെ.പി സ്വാധീനിച്ചിരുന്നു എന്നാണ് എനിക്ക് കിട്ടിയ വിവരം. പക്ഷേ, ഞങ്ങളുടെ പോരാട്ടം ബി.ജെ.പിയെ അവരുടെ പദ്ധതി നടപ്പിലാക്കുന്നതിൽ നിന്നും പിന്നോട്ടടിപ്പിച്ചു. നിലവിൽ ഇൻഡോറിൽ ബി.ജെ.പിയുമായി ഏറ്റുമുട്ടുന്ന രാഷ്ട്രീയ പാർട്ടി എസ്.യു.സി.ഐയും ബി.എസ്.പിയും മാത്രമാണ്. മറ്റുള്ളവർ സ്വതന്ത്ര സ്ഥാനാർഥികളാണ്. തങ്ങളുടെ പത്രികകൾ നിയമവിരുദ്ധമായി തള്ളിക്കളഞ്ഞതിനെതിരെ ചില സ്വതന്ത്ര സ്ഥാനാർഥികൾ കലക്ടറുടെ ചേമ്പറിന് മുന്നിൽ പ്രതിഷേധിക്കുകയുണ്ടായി. അത്ര പോലുമുള്ള പ്രതിരോധം കോൺഗ്രസിൻ്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. ഒരധികാരവുമില്ലാത്ത ഞങ്ങളുടെ പാർട്ടിയോ ഞങ്ങളുടെ പ്രവർത്തകരോ പ്രകടിപ്പിച്ച ഇച്ഛാശക്തിയും ജനാധിപത്യത്തോടുള്ള പ്രതിബദ്ധതയും പോലും അവർ കാണിച്ചില്ല. ഇത് അങ്ങേയറ്റം ദൗർഭാഗ്യകരമാണ്.
തെരഞ്ഞെടുപ്പ് വിജയത്തേക്കാൾ വിലയുള്ള ഈ വിജയം ഇൻഡോറിലെയും മധ്യപ്രദേശിലേയും തിരഞ്ഞെടുപ്പ് ഫലത്തെയും, എസ്.യു.സി.ഐ മുന്നോട്ടുവെക്കുന്ന രാഷ്ട്രീയത്തെയും സ്വാധീനിക്കാൻ പോവുന്നതാണ് എന്ന് തോന്നുന്നുണ്ടോ?
എസ്.യു.സി.ഐ, ഇടതിനെ പ്രതിനിധീകരിക്കുകയും ജനങ്ങളുടെ ഇടയിൽ ഇടത് ജനാധിപത്യത്തിൻ്റെ സന്ദേശം എത്തിക്കാനും ശ്രമിക്കുന്നുണ്ട്. പക്ഷേ, മറ്റ് രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പിന്തുണയില്ലാത്തത് ഒരു പ്രതിബന്ധം തന്നെയാണ്. ഫാസിസത്തോട് ഒറ്റക്ക് പൊരുതേണ്ട കഠിനമായ സാഹചര്യത്തെയാണ് ഞങ്ങൾ അഭിമുഖീകരിക്കുന്നത്. വാക്കിനൊത്ത് ഉയരാൻ പുരോഗമനം അവകാശപ്പെടുന്ന പ്രസ്ഥാനങ്ങൾക്ക് സാധിക്കാത്തത് വേദനാജനകമാണ്. ധാർമ്മികമായി നമ്മൾ വിജയിച്ചിട്ടുണ്ടെങ്കിലും മറ്റ് പ്രസ്ഥാനങ്ങളുടെ അവസരവാദ നിലപാടുകൾ കാരണം യഥാർഥത്തിൽ പോരടിക്കുന്ന പ്രസ്ഥാനമായ ഞങ്ങൾക്ക് വോട്ട് കുറയാനുള്ള സാഹചര്യമാണ് സൃഷ്ടിച്ചിട്ടുള്ളത്.
മധ്യപ്രദേശിൽ എത്ര സീറ്റുകളിലാണ് എസ്.യു.സി.ഐ മത്സരിക്കുന്നത്. ഹിന്ദി ഹൃദയഭൂമിയിലെ ഇടതുപക്ഷ രാഷ്ട്രീയത്തിൻ്റെ ഉയർച്ച താഴ്ചകളെപ്പറ്റി സംസാരിക്കാമോ?
ആറ് സീറ്റുകളിലായാണ് എസ്.യു.സി.ഐ മധ്യപ്രദേശിൽ മത്സരിക്കുന്നത്. ഒരു കാലത്ത് ശക്തമായ ട്രേഡ് യൂണിയൻ പ്രസ്ഥാനം നിലനിന്നിരുന്ന പ്രദേശമായിരുന്നു ഇൻഡോർ. ഒരു കാലത്തിവിടെ ധാരാളം മില്ലുകൾ ഉണ്ടായിരുന്നു . ഇൻഡോറിൽ നിന്നും ഇടതുപക്ഷ നേതാവായ ഹൊമിംദാജി പാർലമെൻ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു എന്ന വസ്തുത വിസ്മരിക്കാവുന്നതല്ല. ഇന്നും ഇൻഡോറിലെ ജനങ്ങൾ ആദരവോടെ ഓർക്കുന്ന പേരാണ് അദ്ദേഹത്തിൻ്റേത്.
ആ കാലത്തിൻ്റെ തുടർച്ച പേറുന്ന ഒരു യുവ വിപ്ലവപ്രസ്ഥാനമായാണ് ഇൻഡോറിലെ പുരോഗമന ചിന്താഗതിക്കാരും മറ്റ് ഇടതുപക്ഷ പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന നല്ല മനുഷ്യരും എസ്.യു.സി.ഐയെ കാണുന്നത്. എന്നാൽ ഇടതു പാർട്ടികളുടെ ഔദ്യോഗിക നിലപാട് പുരോഗമനകാരികളായ മനുഷ്യരുടെ താത്പര്യങ്ങളെ പ്രതിഫലിപ്പിക്കുന്നില്ല.
ഈ പാർലമെൻ്റ് തെരഞ്ഞെടുപ്പിന്റെ ഫലത്തെ മധ്യപ്രദേശിൽ നിന്നുള്ള ഇടതുപക്ഷ സ്ഥാനാർത്ഥിയെന്ന നിലയിൽ എങ്ങനെ നിരീക്ഷിക്കുന്നു? ഉത്തരേന്ത്യയിൽ ഇടതുപക്ഷത്തിനുള്ള ഭാവി സാധ്യതകളെ എങ്ങനെ കാണുന്നു?
ഇടതുപക്ഷ രാഷ്ട്രീയത്തിന് വലിയ സാധ്യതകൾ നിലനിൽക്കുന്ന പ്രദേശമാണ് ഉത്തരേന്ത്യ. ചുവന്ന കൊടി കാണുമ്പോൾ ഓടിക്കൂടുന്ന ജനങ്ങളുള്ള നാടാണ് മധ്യപ്രദേശ്. ബി.ജെ.പിക്കും കോൺഗ്രസിനുമെതിരായി ഒരു ഇടതുപക്ഷ ജനാധിപത്യ ബദൽ സംഘടിപ്പിക്കാനായി മറ്റ് ഇടതുപക്ഷ പാർട്ടികളോട് നിരന്തരമായി ഞങ്ങൾ അഭ്യർഥിക്കുന്നുണ്ടെങ്കിലും അവരത് മാനിക്കുന്നില്ല. കോൺഗ്രസിനൊപ്പം ഒട്ടിനിന്ന് തിരഞ്ഞെടുപ്പ് നേട്ടങ്ങളുണ്ടാക്കലാണ് അവരുടെ ലക്ഷ്യം. ഇൻഡോറിൽ ഇത്ര ഗുരുതരമായ സാഹചര്യം സൃഷ്ടിക്കപ്പെട്ടിട്ടും എസ്.യു.സി.ഐക്കൊപ്പം നിൽക്കാൻ ഇടതുപക്ഷ പാർട്ടികൾ തയ്യാറായിട്ടില്ല. കോൺഗ്രസിനൊപ്പം നിന്ന് കോൺഗ്രസിൻ്റെ നിലപാട് സ്വീകരിക്കുകയാണ് അവർ ചെയ്തത്.
ബി.ജെ.പിക്കെതിരെ നോട്ടക്ക് വോട്ട് ചെയ്യണമെന്ന നിലപാടാണ് കോൺഗ്രസിനുള്ളത്. അതേ നിലപാടാണ് ഇടതുപക്ഷവും സ്വീകരിച്ചിട്ടുള്ളത്! നോട്ടക്ക് വോട്ട് ചെയ്ത് ബി.ജെ.പിയെ പരാജയപ്പെടുത്തുന്നത് എങ്ങനെയാണ്. എസ്.യു.സി.ഐ സ്ഥാനാർഥിയായ എനിക്ക് വോട്ടുചെയ്ത് ഇടതുപക്ഷത്തിന് പിന്തുണ ഉറപ്പാക്കുന്ന നടപടികളായിരുന്നു അവരിൽ നിന്നും പ്രതീക്ഷിച്ചത്. പക്ഷേ, അതുണ്ടായില്ല.
അങ്ങേയറ്റം വലതുപക്ഷവൽക്കരിക്കപ്പെട്ട ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇടതുപക്ഷത്തിന് നിർണായകമായ പങ്കുവഹിക്കാനുണ്ട് എന്ന് സൂചിപ്പിക്കുന്ന ഇടപെടലാണ് താങ്കളും എസ്.യു.സി.ഐയും ഇൻഡോറിൽ നടത്തിയിരിക്കുന്നത്. ജനങ്ങൾക്ക് ആത്മവിശ്വാസം നൽകുകയും ഇടതുപക്ഷ രാഷ്ട്രീയത്തിലുള്ള വിശ്വാസ്യത വർധിപ്പിക്കുന്ന ഒരു നടപടിയാണിത്.
അത്തരമൊരു ഇടപെടലിനും ഈ അഭിമുഖം നൽകിയതിനും വളരെ നന്ദി പൻവാർ.
നന്ദി ഷഹസാദ്, ഈ സന്ദേശം കേരളത്തിലെ ജനങ്ങൾക്കിടയിൽ എത്തിക്കാൻ നിങ്ങളും കേരളീയവും നടത്തിയ ശ്രമങ്ങൾക്ക്…