മേരെ ഘർ ആകെ തോ ദേഖോ (എന്റെ വീട്ടിലേക്കു വരൂ) – ഷബ്നം ഹഷ്മിയുടെ നേതൃത്വത്തിൽ ദേശീയ തലത്തിൽ തുടങ്ങിവച്ച മൂവ്മെന്റിൽ പങ്കുചേർന്നത് അർദ്ധ മനസ്സോടെയായിരുന്നു. വർത്തമാന ഇന്ത്യയിൽ മനുഷ്യമനസ്സുകൾക്കിടയിൽ ആഴമേറിയേറി വരുന്ന വിഭാഗീയതയെപ്പറ്റി അറിയാതിരുന്നതുകൊണ്ടല്ല, അതിനായി വീടുകൾ സന്ദർശിച്ച് അപരരെന്ന് കരുതിയിരുന്നവരോട് സംവദിച്ച്, അവരുടെ ജീവിതവും സംസ്കാരവും തുറന്ന മനസ്സോടെ കണ്ടു മനസ്സിലാക്കുക, അങ്ങനെ മനുഷ്യർ തമ്മിൽ അടുപ്പമുണ്ടാക്കിയെടുക്കുക എന്നത് കേരളത്തെ സംബന്ധിച്ച് അത്ര സാംഗത്യമുള്ളതാണോ എന്ന സംശയം. അത്ര അടിസ്ഥാനതലത്തിൽ നിന്ന് തുടങ്ങി വെക്കാൻ മാത്രം പരസ്പരം അറിയാത്തവരല്ലല്ലോ നമ്മൾ! പൊതു ഇടങ്ങളിലെങ്കിലും ജാതി-മത-വർഗ ഭിന്നതകളില്ലാതെ നാം ഇടപെടാറുണ്ടല്ലോ, ഒന്നിച്ച് ആഹരിക്കാറുണ്ടല്ലോ, ദലിതർ കുടിച്ച ഗ്ലാസ് അയിത്തമെന്ന് കരുതി ബഹിഷ്കരിക്കുന്ന സവർണർ ഇവിടെയില്ലല്ലോ, അതൊക്കെ കേരളത്തിന് പുറത്ത് സംഭവിക്കുന്നതല്ലേ എന്നതൊക്കെയായിരുന്നു അതിൻ്റെ ന്യായീകരണങ്ങൾ. നമുക്കു വേണ്ടത് വർഗീയതയുടെ വ്യാപനത്തെപ്പറ്റി, അപകടങ്ങളെപ്പറ്റി നേരിട്ട് സംസാരിക്കാനാവുന്ന ചെറുചെറു കൂട്ടായ്മകളല്ലേ, പടിവാതിൽക്കലെത്തി നിൽക്കുന്ന വർഗീയ ഫാസിസത്തെ അടിയന്തിരമായി പ്രതിരോധിക്കേണ്ടത് അങ്ങനെയൊക്കെയല്ലേ എന്നായിരുന്നു ചിന്ത. ആയിരുന്നു എന്നല്ല, ഇപ്പോഴും അങ്ങനെയൊക്കെ തന്നെ കരുതുന്നുമുണ്ട്. എങ്കിലും, ഏതു നല്ല ചലനങ്ങളെയും, ഒരൽപ്പം സാംഗത്യക്കുറവ് തോന്നുന്നുവെങ്കിൽ കൂടി അംഗീകരിക്കുകയും ചേർന്നുനിൽക്കുകയും വേണമെന്ന തോന്നലും ശക്തമായി ഉണരുന്നുമുണ്ടായിരുന്നു.
എങ്ങനെ? എങ്ങനെ ചെയ്യണം അത്? വെറുതെ ഒരന്യ മതക്കാരിയുടെ വീട്ടിൽ പോയിരുന്ന് ചായ കുടിച്ച്, ഫോട്ടോ എടുത്തു പോരുന്നതിൽ എന്തർത്ഥം? കേരളീയാന്തരീക്ഷത്തിൽ വർഗപരമായ അന്തരങ്ങളെ നേർക്കുനേർ അഭിമുഖീകരിക്കുന്നതായിരിക്കും കുറേക്കൂടി നല്ലത്. അതുപോലും പഠന കാലത്തും ചികിത്സാ കാലത്തിൻ്റെ ആദ്യഘട്ടത്തിലും ഈയിടെ പ്രളയകാലത്തും ഒക്കെ ഉണ്ടായിട്ടുള്ളതുമാണ്. അങ്ങനെ ചിന്തിച്ചപ്പോഴാണ് കോഴിക്കോടിൻ്റെ ഇന്നും ഉണങ്ങാത്ത മുറിവായ മാറാട് എന്ന കടലോര ഗ്രാമം മനസ്സിലെത്തിയത്. അതെ, അങ്ങോട്ടു തന്നെയാണ് പോകേണ്ടത്. ഡോക്ടറെന്ന നിലയിൽ ചികിത്സാനുഭവങ്ങളുടെ സമാഹാരമായ ‘ഡോക്ടർ ദൈവമല്ല’ എന്ന കൃതിയിൽ ‘മാറാടു നിന്നു വന്ന പെണ്ണുങ്ങൾ’ ഉണ്ടു താനും. കലാപം മതഭേദമന്യേ ആ സ്ത്രീകളുടെ ജീവിതത്തോട് എന്താണ് ചെയ്തതെന്നതിൻ്റെ ഒരു ചെറു ചിത്രമാണത്.
അഡ്വ. സീനത്തിനെ വിളിച്ചു. കടലോരത്തിൻ്റെ ഉപ്പും വിയർപ്പും അറിഞ്ഞ് വളർന്നവൾ. വളർന്നിട്ടും നാട്ടുകാർക്കൊപ്പം നിൽക്കുന്നവൾ. കോർപ്പറേഷൻ കൗൺസിലർ ആയിരുന്നവൾ. ഇപ്പോൾ സമീപ വാർഡിലെ മെമ്പർ. സ്ത്രീകൾക്ക് സൗജന്യ നിയമസഹായം ചെയ്യുന്ന പുനർജനിയുടെ പ്രധാന തൂണുകളിൽ ഒരാൾ. അവൾക്ക് സമ്മതം, വേണ്ടതു ചെയ്യാം. എല്ലാ നല്ല കാര്യങ്ങൾക്കും നല്ല സിനിമകൾക്കും ഒപ്പമെത്തുന്ന സുഹൃത്ത് നസീമയും റെഡി. പ്രത്യേകിച്ച് ആലോചനകളോ, ആസൂത്രണങ്ങളോ ഇല്ല. ചെല്ലുന്ന വീടുകളിലുള്ളവരെ കേൾക്കുക, നമ്മൾ കുറച്ചു മാത്രം സംസാരിക്കുക എന്ന് യാത്രയിൽ തീരുമാനം. മൂന്ന് മുസ്ലീം നാമധാരികൾ, അതും ഇടതുപക്ഷക്കാർ, ഒരു ഹിന്ദു കടൽ തൊഴിലാളിയുടെ വീട്ടിലേക്കാണ് യാത്ര എന്നു മാത്രമേ അറിയുമായിരുന്നുള്ളു. മാറാട് വാർഡ് മെമ്പർ സുരേഷാണ് വഴികാട്ടിയും നിഷ്കാമ സഹായിയും. തൊട്ടടുത്ത വാർഡിലെ മെമ്പർ കൂടി അദ്ദേഹത്തോടൊപ്പം വന്നു. സുരേഷിൻ്റെ നിശ്ശബ്ദ ജനസ്വാധീനം പലപ്പോഴായി വരും മണിക്കൂറുകളിൽ വെളിവാകുന്നുമുണ്ടായിരുന്നു.
സ്വാഭാവികമായും ആദ്യം പോയ വീട്ടുമുറ്റം ഇടതുപക്ഷ പ്രവർത്തകൻ കൂടിയായ ബാബുവിൻ്റേതും പ്രീതയുടേതുമായിരുന്നു. രണ്ടുപേരും 20 വർഷം മുമ്പ് നടന്ന സംഭവങ്ങൾ ഓർമ്മിച്ചെടുത്തു. ആ ചെത്തിത്തേച്ച കൊച്ചു വീട് 20 വർഷം മുമ്പ് രക്ഷതേടിയെത്തിയ മുസ്ലീങ്ങളുൾപ്പെടെയുള്ളവരുടെ അഭയസ്ഥാനമായിരുന്നുവെന്ന് മനസ്സിലായി. ഞങ്ങൾ വന്ന വിവരമറിഞ്ഞ് പതുക്കെപ്പതുക്കെ വലുതായി വന്ന അയൽക്കൂട്ടത്തിൻ്റെ സാക്ഷിമൊഴികളും അതു സ്ഥിരീകരിച്ചു. വന്നവരിൽ ഹിന്ദു സ്ത്രീകളും മുസ്ലിം സ്ത്രീകളുമുണ്ടായിരുന്നു. ചിലരൊക്കെ മനസ്സിലിപ്പോഴും പച്ചയായി, ചോരയുടെ ചുവപ്പായി നിൽക്കുന്ന 2002ലെയും 2003 ലെയും കലാപങ്ങളെപ്പറ്റി വാചാലരായി. ഇതാ ഈ റോഡിലൂടെ, അന്നിത് മൺവഴിയായിരുന്നു, വാളുമേന്തി ആക്രോശിച്ചാണ് പോയിരുന്നത്, ഞങ്ങൾ ശ്വാസമടക്കിയിരുന്ന് ജനലിലൂടെ… ഇതാ ഈ ബാബുവേട്ടൻ്റെ അച്ഛൻ, ശ്വാസംമുട്ടൽ അധികരിച്ച് പിറ്റേന്നാണ് മരിച്ചത്. “അതെ, ശവം വീട്ടിലേക്ക് കൊണ്ടുവരാൻ പോലും സമ്മതിക്കില്ലെന്ന്! ശത്രുക്കളെ സംരക്ഷിച്ചതിന് ഏറെ ഒറ്റപ്പെടുത്തി ഞങ്ങളെ.”
കലാപത്തിലുൾപ്പെട്ടവരെന്നറിയാതെ വാതിൽ തുറന്നപ്പോൾ അകത്തുകയറിയവരെ സംരക്ഷിക്കേണ്ടി വന്ന കഥ മറ്റൊരു വീട്ടമ്മ പറയാൻ തുടങ്ങി. ഒന്നര വയസ്സുകാരി പേരക്കുട്ടിയ്ക്ക് ഇത്തിരി കഞ്ഞിവയ്ക്കാൻ തുനിഞ്ഞപ്പോൾ വിളക്കണയ്ക്കൂ എന്ന് ഒളിഞ്ഞിരുന്നവരുടെ ശാസന ! അതെന്തിനാ വിളക്കണക്കുന്നതെന്ന നിഷ്കളങ്ക ചോദ്യത്തിന് ഒരു ആക്രോശമായിരുന്നു മറുപടി. പിറ്റേന്നാൾ രാവിലെ ഒമ്പത് പേർ വെട്ടേറ്റു മരിച്ച കഥ കേൾക്കുമ്പോഴാണ് കഥയറിയാതെയാടിയ ആട്ടത്തെപ്പറ്റി യോർത്ത് അവർ നടുങ്ങിയത്. “ഇതാ ഈ മതിലു കണ്ടില്ലേ, ഇത് പൊലീസ് സ്റ്റേഷൻ്റേതാണ്. ഇത് അന്ന് ഇവിടെയില്ലാട്ടോ!” പിന്നെ കൊള്ളകളുടെ കഥകൾ, ഫ്രിഡ്ജും, ടി.വിയുമൊക്കെ വളപ്പിലെ കിണറ്റിൽ വലിച്ചിട്ട കഥ, ഭേദപ്പെട്ട അന്യമതക്കാരൻ്റെ വീടിൻ്റെ വാതിലും ലോക്കും വരെ അഴിച്ചെടുത്ത് കൊണ്ടുപോയ കഥ. “ഇതാ, ഈ വീടും പറമ്പും തുച്ഛവിലയ്ക്ക്ക്ക് വിറ്റുപോയതാണ് മാപ്ലാര്.” അവിടെയിപ്പോൾ താമസം അന്യനാട്ടുകാരി സ്കൂൾ ടീച്ചർ. ആ വീടിനുള്ളപോലെ അപൂർവം വീടുകൾക്കേ ഇന്നും മാറാട് മതിലുകളുള്ളൂ. വേലികൾ പോലും. മനസ്സുകളിൽ മുറിവുകളുടെ നീറ്റൽ ഇന്നും വിട്ടുമാറിയിട്ടില്ലെങ്കിലും മാറാടുകാർക്ക് മതിലുകൾ അസ്വസ്ഥത തന്നെയാണ്!
കലാപശേഷം പിറന്ന പുതുതലമുറക്കാർ പഴയ കഥകൾ കുറേയൊക്കെ കേട്ടിട്ടുണ്ട്. മാറാട് നിന്നാണെന്ന് പറയാൻ നിൽക്കാറില്ല ഞങ്ങൾ എന്ന് ബാബുവിൻ്റെ മകൾ ഡിഗ്രി വിദ്യാർത്ഥിനി അനഘ. നോർത്ത് ബേപ്പൂർ എന്നേ ഞങ്ങൾ പറയൂ എന്നവളും കൂട്ടുകാരിയും. അനഘ എൻ്റെ കയ്യിലൂടെയാണ് പിറന്നതെന്ന് അവളുടെ അമ്മ. കലാപത്തിൻ്റെ പിറ്റേക്കൊല്ലം. അവളുടെ ചേച്ചിയുമതെ. പല ഗ്രാമങ്ങളിലും ചെല്ലുമ്പോൾ അമ്മമാർ ഓർത്തുപറയുന്ന ഇത്തരം ആഹ്ലാദം അധ്യാപകരെപ്പോലെ ഡോക്ടർമാരുടെയും ജീവിത സൗഭാഗ്യമാണ്. പെൺകുട്ടികളിൽ ചിലർ പാട്ടുകൾ പാടിത്തന്നു. ‘മേരെ ഘർ ആകെ തോ ദേഖോ’ ടൈറ്റിൽ ഗാനവും സച്ചിദാനന്ദൻ മാഷിൻ്റെ സന്ദേശവും വന്നവരെ കേൾപ്പിച്ചു. പെൺകുട്ടികൾ നല്ല ആവേശത്തിലായിരുന്നു. “ഞങ്ങൾ ഫ്രണ്ട്സിനിടയിൽ ഒരു വിവേചനവുമില്ല. ഞങ്ങൾക്ക് ഓണവും ബക്രീദും തിരുവാതിരയും ഒക്കെ ഒന്നിച്ചുതന്നെ ആഘോഷം. ഇനി ഒരിക്കലും ഈ ഒരുമ നഷ്ടപ്പെടരുത് എന്നുതന്നെയാണ് ഞങ്ങടെ ആഗ്രഹം” എന്നവർ വിവേകികളായി. പ്രീതയും അയൽക്കാരിയും കട്ടൻ ചായയുണ്ടാക്കി. നസീമയുടെ കയ്യൊപ്പുള്ള ഉണ്ണിയപ്പവും വറുത്ത കായയും എല്ലാവരും പങ്കിട്ടുകഴിച്ചു. യാത്ര പറഞ്ഞ് കുറച്ചപ്പുറം കടലിന്നഭിമുഖമായുള്ള മുസ്ലീം വീട്ടിലേക്ക് പോയപ്പോൾ അനഘയും കൂട്ടുകാരിയും കൂടെ വന്നു.
അവിടം വേറൊരൂഷ്മള ലോകമായിരുന്നു. ഒറ്റപ്പെട്ടവരെങ്കിലും ജീവിതത്തെ ചിരികൊണ്ട് നേരിടുന്ന അയൽക്കാരായ നാലഞ്ചു ഉമ്മമാർ ഞങ്ങളെ വരവേൽക്കാൻ അവിടെയുണ്ടായിരുന്നു. കലാപത്തിൻ്റെ, കൊള്ളകളുടെ കഥകൾ അവർക്കുമുണ്ടായിരുന്നു പറയാൻ. മക്കളില്ലാത്ത ഉമ്മ, കൊള്ളയടിക്കപ്പെട്ട തറവാട് വീടുവിട്ട്, ഒറ്റയ്ക്കുവാങ്ങി പുതുക്കി 20 വർഷമായി താമസിക്കുന്ന ഓമനത്തമുള്ള കൊച്ചുവീട്ടിലെ അകമുറിയിൽ ഞങ്ങളിരുന്നു സംസാരിച്ചു. ഒറ്റയ്ക്ക് കഴിയുന്ന മറ്റൊരയൽക്കാരി, കലാപത്തിൽ പരുക്കേറ്റ മോന്തായമുള്ള വീട്ടിൽ ഇപ്പോഴും ഒറ്റയ്ക്ക് കഴിയുന്നു പകൽ മുഴുവൻ. രാത്രി ഇത്തിരി കിഴക്കുള്ള മകളുടെ വീട്ടിൽ പോയി കിടക്കും. ഒരു മകനുള്ളത് കലാപകാലത്ത് മാറാട് വിട്ടുപോയി ദൂരെയൊരിടത്ത് കുടുംബവുമൊത്തു കഴിയുന്നു. ഉമ്മയോട് കരുതലുണ്ട് എങ്കിലും “എത്രയാന്നു കരുതിയാ ഓനോട് സഹായിക്കാൻ പറയുക! ഓനും കുടുംബവും കുട്ടികളുമുണ്ട്.” ഉമ്മയുടെ വീടിൻ്റെ ഉത്തരം അതുകൊണ്ടുതന്നെ കാലത്തിൻ്റെ തീരുമാനം കാത്ത് താഴോട്ടമരേണ്ടതെപ്പോൾ എന്നോർത്തു കഴിയുന്നു, ഉമ്മയും. മൂന്നാമത്തെ ഉമ്മ അതീവ ഓമനത്തമുള്ള പേരക്കുട്ടികളെ ചൂണ്ടി അവരെ നോക്കാത്ത മരുമകനെപ്പറ്റി പറഞ്ഞു. കള്ളിനും മയക്കുമരുന്നിനും അടിമപ്പെട്ട അവൻ ഇടയ്ക്കിടെ ജയിലിലാകും. വന്നാൽ ഊമയായ മകളെ അടിക്കും, ഇടിക്കും. തിരിച്ചു പോയിക്കഴിഞ്ഞാൽ അടുത്ത കുഞ്ഞിനെ പോറ്റാൻ അവൾക്ക് വിധിയാവും. ഇനിയിപ്പൊ അതു നടക്കില്ല. ഓളെ പ്രസവം നിർത്യേലോ എന്ന് ഉമ്മയും സുഹൃത്തും ചിരിയോടെ. ജയിലിൽ ബാപ്പ ചപ്പാത്തിയുണ്ടാക്കും എന്ന് നാലു വയസ്സുകാരി മകൾ വെല്ല്യുമ്മയെ ചേർന്ന് നിന്ന് മന്ത്രിക്കുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും ജീവിക്കാൻ ഏറ്റവും നല്ല സലാണ് മാറാട് എന്നു വീട്ടുകാരി ഉമ്മ. കയ്യീ പൈസയുണ്ടെങ്കീട്ടോ എന്നൊരു കൂട്ടിച്ചേർക്കലും. ചിരിയും ചിന്തയും പകർന്ന കുറച്ചു സമയം.
തിരിച്ചുപോക്കിനെപ്പറ്റി ആലോചിച്ചു പുറത്തിറങ്ങിയപ്പോൾ നസീമ, “അല്ലാ, നമുക്കവിടെയും പോണ്ടേ?” അരയ സമാജക്കാരുടെ വീടാണ് അവളുദ്ദേശിച്ചത്. “ഇവിടെയൊന്നും കിട്ടിയ സ്വാഗതമൊന്നുമുണ്ടായീന്നു വരില്ലാട്ടോ” എന്ന് നേരത്തേ മുന്നറിയിപ്പുണ്ടായിരുന്നു. എന്നാലും പോകാമെന്ന് ഞാനും സീനത്തും. ഇടവഴികളിലൂടെ നടന്ന് കടലിനെ നോക്കി നിൽക്കുന്ന ആ വീട്ടിലേയ്ക്ക്. വഴിയിൽ നിന്നുതന്നെ വീട്ടമ്മയെയും മൂന്ന് വയസ്സുകാരൻ പേരക്കുട്ടിയെയും കണ്ടു മിണ്ടാനായത് ആത്മവിശ്വാസമേകി. വികൃതിക്കുട്ടി, അംഗൻവാടിയിലെ സ്വാതന്ത്ര്യ ദിനാഘോഷ പുതുവസ്ത്രം മാറ്റാതെ വാശിപിടിച്ച് നടക്കുകയാണ്. ഡോക്ടറാണെന്ന് ആരോ പറഞ്ഞപ്പോൾ ‘സൂചിണ്ടോ’ എന്നായി ഇത്തിരി പേടിയോടെ ചോദ്യം. മുറ്റത്തു തന്നെ നിന്ന അവൻ്റെ മുത്തശ്ശനിലേയ്ക്കുള്ള ദൂരം അങ്ങനെ പെട്ടെന്നു കുറഞ്ഞു ഞങ്ങൾക്ക്.
വീടിൻ്റെ തൂണുകളും ഭിത്തികളും സ്വസ്തി ചിഹ്നവും ഹനുമാനും വിവേകാനന്ദ സ്വാമികളും അലങ്കരിക്കുന്നുണ്ടായിരുന്നു. വീടിനു പുറത്ത് നിരത്തോരം കാവിക്കൊടി കാറ്റിൽ പാറുന്നുണ്ടായിരുന്നു. മതിലോ വേലിയോ ഇല്ലാത്ത ആ വീടും തൊട്ടടുത്തു തന്നെയുള്ള മുസ്ലിം സ്ത്രീവീടുകളോട് നമ്മൾ ശത്രുക്കളൊന്നുമല്ലെന്ന് മൂകം മന്ത്രിക്കുന്നുണ്ടായിരിക്കണം. ഞങ്ങൾ വരാന്തയിലേയ്ക്കു കയറി. അവിടേയ്ക്ക് 3-4 കസേരകൾ വന്നു. അകത്തേയ്ക്കിരിക്കുന്നോ, ഇവിടെ മതിയോ എന്ന ഉപചാരം. എന്തിനു വന്നു, എന്തുപറയണം എന്ന് പരസ്പരമറിയാതെ പരിചയപ്പെടൽ. ഞങ്ങളുടെ പേരുകൾ അദ്ദേഹത്തിൽ ഇത്തിരി അമ്പരപ്പുണ്ടാക്കിയോ എന്നു ശങ്ക. സംഭാഷണം തുടർന്നപ്പോൾ കടലിൽ പോയിരിക്കുന്ന മുതിർന്ന ആൺമക്കളുടെ ചാവക്കാട്ടുകാരായ ഇണകളും വാതിൽക്കൽ വന്നു നിന്നു. സഹവാർഡ് മെമ്പറെങ്കിലും സീനത്ത് അവരുടെ ക്ഷേമവിവരങ്ങളും വിദ്യാഭ്യാസ സ്ഥിതിയുമൊക്കെ തിരക്കി. ബികോം കാരിക്ക് എന്തെങ്കിലും ജോലിക്ക് ശ്രമിച്ചൂടേ എന്നു ചോദിച്ചു. ബികോം വിദ്യാർത്ഥിനി അനഘ അതിനെ പിന്തുണച്ചു.
മഞ്ഞുരുകിയപ്പോൾ ഗൃഹനാഥൻ പഴയ ഭീതിതമായ ഓർമകൾ ഓർത്തെടുത്തു പങ്കുവയ്ക്കാൻ തയ്യാറായി. കലാപം തീരദേശത്തൂടെ പടർന്നപ്പോൾ പരപ്പനങ്ങാടിയിൽ വെച്ചാണ് അദ്ദേഹത്തിൻ്റെ മുൻകൈയിന് വെട്ടേറ്റത്. നീളത്തിൽ മുറിവുണങ്ങിയ പാട് അദ്ദേഹം കാണിച്ചു തന്നു. അന്ന് അരോഗദൃഢഗാത്രനായ നാൽപ്പതുകാരനായിരുന്നിരിക്കണം അദ്ദേഹം. പിന്നീട് കടലിൽ പോകാനായില്ല. തോളിൽ കൈയിട്ടു നടന്നിരുന്നവരായിരുന്നു പെട്ടെന്ന് ശത്രുപക്ഷങ്ങളിലായത്. തോണിയോടെ കത്തിയ്ക്കപ്പെട്ടവർ, വെട്ടി മരിച്ചവർ, മുറിവേറ്റു ജീവിക്കേണ്ടി വന്നവർ, ദീർഘകാലം ജയിലിൽ കിടക്കേണ്ടി വന്നവർ… തങ്ങളുടെ മാറാട് അവർക്ക് നഷ്പ്പെടുകയായിരുന്നു….
ഇറങ്ങാൻ തുടങ്ങുമ്പോൾ അദ്ദേഹം ചുറ്റുമുണ്ടായ പുതിയ മാറ്റങ്ങളെപ്പറ്റി പറഞ്ഞു. കടലിന് സമാന്തരമായി പോകുന്ന പുതിയ റോഡ്, ശക്തമായ കടൽഭിത്തി, ചീറിപ്പാഞ്ഞു പോവുന്ന വാഹനങ്ങൾ. ലേശം കൂടി തെക്കോട്ടുപോയാൽ ടൂറിസ്റ്റ് സന്ദർശന സ്ഥലമായ ഗോദീശ്വരം ബീച്ച്, പുറമ്പോക്കിൽ പുതുതായി സ്ഥലം കൊടുത്ത് അധിവസിപ്പിച്ച ഹരിജനങ്ങൾ … അദ്ദേഹത്തിൻ്റെ പേരമക്കൾ മൂന്നു പേരും ചുറ്റുമുള്ള തുറസ്സിൽ അയൽക്കുഞ്ഞുങ്ങളുമൊത്ത് ആർത്ത് കളിക്കുന്നു. അവരുടെ ആഹ്ലാദാരവങ്ങൾ കടൽത്തിരമാലകൾ ഏറ്റുപിടിക്കുന്നു.
നിരത്തോരം പാർക്കു ചെയ്ത കാറിനടുത്തേയ്ക്കു നടക്കവേ അദ്ദേഹം കൂടെ വന്നു. നഷ്ടപ്പെട്ട നല്ല കാലത്തെപ്പറ്റി വീണ്ടും പറഞ്ഞു. “മുസ്ലിം, ഹിന്ദു എന്ന ഭേദമൊന്നുമില്ലായിരുന്നു പണ്ട്. കലാപമാണ് എല്ലാം തകിടം മറിച്ചത്. മുസ്ലിങ്ങൾക്കായിരുന്നു കൂടുതൽ നഷ്ടം. നൂറ്റി അമ്പതോളം വീടുകളാണ് അവർക്ക് ഉപേക്ഷിച്ച് പോകേണ്ടി വന്നത്…” ഞാനാ തളർന്ന കണ്ണുകളുടെ ആഴങ്ങളിലേയ്ക്ക് നോക്കി. അതിലെ ആത്മാർത്ഥത എന്നെയും തളർത്തി. “എനിക്കറിയാം, എനിക്കറിയാം. അക്കാലത്തെ മാറാടു നിന്നു വന്നിരുന്ന രോഗികളിലൂടെ ഞാൻ ഏറെ കേട്ടിട്ടുണ്ട്.” ബാഗ് തുറന്ന് കയ്യിൽ കരുതിയിരുന്ന ‘ഡോക്ടർ ദൈവമല്ല’ എന്ന പുസ്തകത്തിൻ്റെ കോപ്പി എടുത്ത് ‘സ്നേഹപൂർവം’ എന്നെഴുതി ആ കയ്യിലേൽപ്പിക്കുമ്പോൾ ഓർത്തു, ഇത്ര സ്നേഹത്തോടെ, ഇത്ര ഉദ്ദേശശുദ്ധിയോടെ ഞാനെഴുതിയ ഒരു പുസ്തകം ആർക്കും ഇതുവരെ കൊടുത്തിട്ടില്ലല്ലോ എന്ന്!
അതെ, മാറാട് വീണ്ടും വലിയ അനുഭവമായി. ആത്മവിലാപത്തിൻ്റെ, കുറ്റബോധത്തിൻ്റെ വലിയ വലിയ മാറാട് അനുഭവങ്ങൾ ഇന്ത്യ അതിൻ്റെ ഗർഭത്തിൽ ഇനിയുമേറെ ഒളിപ്പിച്ചുവെയ്ക്കുന്നുണ്ടോ?
വീടുകളിലേക്കു പോകുമ്പോൾ നാം ഹൃദയത്തിൻ്റെ ഉള്ളറകളിലേക്ക് കൂടി കടക്കുന്നുണ്ട്.