

Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


ഒന്ന്
പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ വെച്ച് പ്രവേശന ഇന്റർവ്യൂവിൽ ചോദിച്ച ചോദ്യത്തെ പറ്റി ഷാജി എന്‍ കരുണ്‍ ഒരു അഭിമുഖ സംഭാഷണത്തിൽ പണ്ട് പറഞ്ഞത് മറക്കാനാകാതെ മനസ്സിൽ കിടക്കുന്നു. കണ്ടിട്ടുള്ള സിനിമകളിൽ നിന്ന് പ്രചോദനപരം എന്ന് പറയാവുന്ന, മറക്കാൻ പറ്റാത്ത ഒരു സീൻ പറയാനായിരുന്നു ആവശ്യപ്പെട്ടത്. മുൻപ് എന്നോ കണ്ട ‘ദ ബ്രിഡ്ജ് ഓൺ ദ റിവർ ക്വായ്’ (The Bridge on the River Kwai) എന്ന ഹോളിവുഡ് സിനിമയിലെ ഒരു ഭാഗമാണ് ഷാജി അന്ന് അവതരിപ്പിച്ചത്. രണ്ടാം ലോകമഹായുദ്ധം നടക്കുന്ന സമയം. ജപ്പാന്റെ പിടിയിൽ അകപ്പെട്ടിരിക്കുകയാണ് ഒരു വലിയ കൂട്ടം ബ്രിട്ടീഷ് പട്ടാളക്കാർ. അവരെ ജപ്പാൻ തടവിൽ വെച്ചിരിക്കുകയാണ്. ജപ്പാൻ പട്ടാളം ക്വായ് നദിക്ക് കുറുകെ ഒരു പാലം പണിയാൻ, തടവുകാരായ ബ്രിട്ടീഷ് സൈനികരെ നിയോഗിക്കുന്നു. തങ്ങൾക്ക് തന്നെ എതിരാണ് എന്നറിഞ്ഞിട്ടും തടവിൽ ആയതിനാൽ പാലം പണിയാൻ സൈന്യത്തിന്റെ കേണൽ നിർബന്ധിതനാകുന്നു. ബ്രിട്ടീഷ് കേണലിന്റെ നേതൃത്വത്തിൽ ഗംഭീരമായ ഒരു പാലം പൂർത്തിയാവുന്നു. വളരെ കഷ്ടപ്പെട്ട് ദിവസങ്ങളോളം എടുത്ത് പണി തീർത്ത പാലമാണ്. അടുത്തനിമിഷം പാലം തകരാൻ പോവുകയാണ്. പാലം തകർക്കപ്പെടും എന്ന് അറിഞ്ഞിട്ടും തന്റെ നേതൃത്വത്തിൽ പണിതീർത്ത പാലത്തിന് എന്തെങ്കിലും അപൂർണ്ണതയുണ്ടോ എന്നറിയാനായി, അവസാന നിമിഷം കേണൽ അതിലൂടെ നടക്കുന്ന ഭാഗമാണ് ഷാജി അന്ന് ഉത്തരമായി പറഞ്ഞത്. പാലം തങ്ങൾക്ക് തന്നെ എതിരാകുമെന്ന യുക്തിചിന്തയല്ല, ഒരു സ്രഷ്ടാവ് എന്ന നിലയിലുള്ള പൂർണ്ണതാസങ്കല്പമാണ് കേണലിനെ ആ നിമിഷം ഭരിച്ചത്.


അടുത്ത നിമിഷം നശിക്കാൻ പോവുകയാണെങ്കിലും ചെയ്യുന്ന ജോലി കുറ്റമറ്റതാവണം എന്ന പാഠമാണ് ഷാജി അതിൽ നിന്നും വായിച്ചത്. ഒരു കലാകാരന്റെ മനസ്സ് ഷാജി ആ കേണലിൽ കണ്ടു. പെർഫെക്ഷനെ പറ്റിയുള്ള ഉത്കടവിചാരമാണ് ഷാജിയെ അത് പറയാൻ പ്രേരിപ്പിച്ചത് എന്ന് സ്പഷ്ടം. ഒരു കലാകാരൻ എന്ന നിലയിൽ തന്റെ സൃഷ്ടിയിൽ ഉണ്ടാകേണ്ട പൂർണ്ണതയെ പറ്റി പരിപൂർണ്ണ ബോധ്യമുള്ള വിദ്യാർത്ഥിയെ ആ ഇന്റർവ്യൂ ബോർഡ് സെലക്ട് ചെയ്യുക തന്നെ ചെയ്തു. ആ തീരുമാനം തെറ്റിയില്ല എന്ന് ‘പിറവി’ യിലൂടെ ആത്മസമർപ്പണത്തിന്റെ അനേകം നിമിഷങ്ങൾ കലയിൽ അതിസൂക്ഷ്മമായി സന്നിവേശിപ്പിച്ചുകൊണ്ട് ഷാജി പിന്നീട് തെളിയിച്ചു.
രണ്ട്
ഷാജി ക്യാമറ ചെയ്ത സർഗം എന്ന സിനിമ കാണാൻ സുഹൃത്ത് ഗോപാലകൃഷ്ണനുമൊത്താണ് രാമദാസ് തിയേറ്ററിൽ പോയത്. അതിൽ ഒരു ഗാനരംഗത്തിൽ ഒരു വാഴത്തോപ്പ് കുറച്ചുനേരം കാണിക്കുന്നുണ്ട്. ഉടനെ ഗോപാലകൃഷ്ണൻ എന്റെ നേരെ തിരിഞ്ഞു ചോദിച്ചു.
“ഒരു കാറ്റ് വന്ന് മുഖത്ത് തട്ടിയില്ലേ? പച്ച ഇലകളെ തഴുകിവന്ന ഒരു തണുത്ത കാറ്റ് …?”
അത് വളരെ കൃത്യമായിരുന്നു. ശരിക്കും ഏതോ പാടത്തിന്റെ അരികിൽ വാഴത്തോപ്പിനടുത്ത് നിൽക്കുന്ന പ്രതീതി അനുഭവിക്കുകയായിരുന്നു. വാതിലുകളെല്ലാം അടച്ചിരുന്നിട്ടും രാമദാസ് തിയേറ്ററിനുള്ളിലേക്ക് ആ കാറ്റ് കയറിവന്നു.
ഷാജി വിട്ടുപോയി എന്നറിഞ്ഞ നിമിഷം, കുറേക്കൂടി നേരത്തേ വിട്ടു പോയ പ്രിയ സുഹൃത്തിനെ കൂടി ഓർത്തുപോയി.


മൂന്ന്
ഒരു ദിവസം വീട്ടിൽ ചെന്നപ്പോൾ യതീന്ദ്രൻ മാഷ് ഒരു സംസ്കൃത ശ്ലോകം ചൊല്ലിക്കേൽപ്പിച്ചു. ഭാഗവതത്തിൽ ഉള്ളതാണ്. നിർബന്ധമായും ഇത് ഹൃദിസ്ഥമാക്കണമെന്നും അടുത്തദിവസം കാണുമ്പോൾ ചൊല്ലി കേൾപ്പിക്കണമെന്നും മാഷ് ആവശ്യപ്പെട്ടു. ആ ശ്ലോകം കാണാപ്പാഠമാക്കുകയും അടുത്തദിവസം കണ്ടപ്പോൾ ഞാൻ ചൊല്ലുകയും ചെയ്തു. ഭാഗവതസപ്താഹങ്ങളിൽ ഈ ശ്ലോകം കേട്ടിട്ടുള്ളത് കൊണ്ട് അർത്ഥത്തെപ്പറ്റി ഏകദേശം ധാരണ ഉണ്ടായിരുന്നു.
‘യം പ്രവ്രജന്തമനുപേതമപേതകൃത്യം
ദ്വൈപായനോ വിരഹകാതര ആജുഹാവ
പുത്രേതി, തന്മയതയാ തരവോ /ദിനേദു
സ്തം സർവ്വഭൂതഹൃദയം മുനിമാനതോസ്മി’
(ആചാരങ്ങൾ ഒന്നും അനുഷ്ഠിക്കാതെ സന്യാസത്തിനായി യാത്ര പുറപ്പെട്ടുപോയ തന്റെ മകനായ ശ്രീശുകനെ കാണാത്തതിൽ ഉള്ള വിരഹദുഃഖം കൊണ്ട് അച്ഛനായ ദ്വൈപായനൻ (വേദവ്യാസൻ) അല്ലയോ പുത്രാ എന്ന് വിളിച്ചു. അപ്പോൾ വൃക്ഷങ്ങൾ വിളി കേട്ടു. പ്രകൃതിയുമായുള്ള തന്മയീഭാവം കൊണ്ട് സർവ്വഭൂതങ്ങളുടെയും ഹൃദയമായി മാറിയ ശ്രീശുകൻ വൃക്ഷത്തലപ്പുകളാൽ പ്രതിധ്വനിച്ചു എന്നർത്ഥം. പ്രകൃതിയുടെ എല്ലാ ദൂതഹൃദയങ്ങളിലും വസിക്കുന്ന ആ മഹാമുനിയെ ഞാൻ നമസ്കരിക്കുന്നു.)
“ഈ ശ്ലോകം സ്ക്രീനിൽ ചിത്രീകരിച്ചത് നീ കണ്ടിട്ടുണ്ടോ?” മാഷ് ചോദിച്ചു.
“ശ്ലോകമൊക്കെ ചിത്രീകരിക്കാൻ പറ്റുമോ മാഷേ?”
“പറ്റും. പ്രതിഭയുണ്ടെങ്കിൽ പറ്റും. ക്യാമറാമാൻ ഷാജി അത് ചെയ്തിട്ടുണ്ട്.”
“ഏതു സിനിമയിൽ? “
“അരവിന്ദൻ സംവിധാനം ചെയ്ത ‘കാഞ്ചന സീത’യിൽ അങ്ങനെ കാണിക്കുന്നുണ്ട്. അതിൽ സീത പ്രകൃതിയാണ്. രാമൻ വനത്തിലൂടെ നടന്ന് സീതേ… എന്ന് വിളിക്കുമ്പോൾ വിളി കേൾക്കുന്നത് പ്രകൃതിയാണ്, ഉലയുന്ന വൃക്ഷശിഖരങ്ങളാണ്, ഇളകുന്ന ഇലച്ചാർത്തുകളാണ്, ഒഴുകുന്ന ജലമാണ്… ആ ശ്ലോകത്തിൽ കണ്ട സർവ്വഭൂതഹൃദയം തന്മയീഭവിക്കുന്നത് ആ സിനിമ കാണിച്ചുതരുന്നു…”
താൻ പഠിച്ച ശ്ലോകത്തെ സ്ക്രീനിൽ നിന്ന് വായിച്ചെടുത്ത, അല്ലെങ്കിൽ സ്ക്രീനിലെ കാഴ്ചയിൽ ശ്ലോകത്തെ കണ്ടെടുത്ത ആ ഗുരുവിന്റെ ശ്രദ്ധയെ ഞാൻ മനസ്സുകൊണ്ട് നമസ്കരിച്ചു.


നാല്
ഷാജിയുടെ സിനിമയിൽ നിന്ന് ഏറ്റവും മൂല്യവത്ത് എന്ന് തോന്നിയ ഒരു നിമിഷം പറയാൻ ആവശ്യപ്പെട്ടാൽ, നിശ്ചയമായും മനസ്സിൽ നിന്ന് ഒരിക്കലും മായാത്ത ഒന്നുണ്ട്. പിറവിയിലെ പ്രേംജിയുടെ ഒരു അവതരണമാണ് അത്. മകനെ അന്വേഷിച്ചുള്ള അവസാനിക്കാത്ത അലച്ചിൽ ആണല്ലോ അതിൽ ഉടനീളം. മകൻ വന്നിറങ്ങുന്ന ബസ്സിൽ നിന്നും നേരെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരാനായി ബസ് വന്ന് തിരിയുന്ന സ്ഥലത്തേക്ക് ദിവസേനയുള്ള വൃദ്ധപിതാവിന്റെ യാത്ര. തോണിയിൽ പുഴ കടന്നുവേണം അവിടെ എത്താൻ. കടത്തുകാരൻ ശങ്കരനുമായി വലിയ ആത്മബന്ധമാണ്. മറ്റുള്ളവരോട് വലിയ കരുതൽ ഉള്ളയാളാണ് തോണിക്കാരൻ. സ്വന്തക്കരോ ബന്ധുക്കളോ ഇല്ലാത്ത ആളാണ്. തുഴച്ചിൽ ജോലിക്ക് ഗ്രാമീണരിൽ നിന്ന് കൂലിയായി കിട്ടുന്ന ചില്ലറ തുട്ടുകൾ വൈകുന്നേരം ആകുമ്പോൾ ഷർട്ടിന്റെ പോക്കറ്റിൽ നിന്നും കൈക്കുമ്പിളിൽ എടുത്ത് അവിടെ തന്നെയുള്ള ചായക്കടക്കാരനെ ഏൽപ്പിക്കുകയാണ് പതിവ്. എത്രയുണ്ട് എന്ന കണക്ക് നോക്കൽ ഒന്നുമില്ല. പണം കുറെയധികം ആയി എന്നും തിരിച്ച് വാങ്ങിക്കുന്നില്ലേ എന്നും ഇവിടെ സൂക്ഷിച്ചാൽ കള്ളന്മാർ കൊണ്ടുപോകുമോ എന്ന് പേടിയുണ്ടെന്നും തോണിക്കാരനെക്കാൾ നിസ്വാർത്ഥനായ ചായക്കടക്കാരൻ ഒരിക്കൽ പരിഭവം പറയുന്നുണ്ട്.
“അത് അവിടെ ഇരിക്കട്ടെ, കണക്കൊന്നും സൂക്ഷിക്കേണ്ട. നിങ്ങൾക്ക് ഒരു മകളില്ലേ, അത് എന്റെ മകൾ ആണെന്ന് കൂട്ടിയാൽ മതി.”
ഇതാണ് അതിന് തോണിക്കാരന്റെ മറുപടി. അത്തരം മനസ്സുള്ള ഒരാളാണ് മകനെ തിരയുന്ന അച്ഛന്റെ ആശ്രയം. മകൻ വരാൻ വൈകുന്നതിനെ തുടർന്ന് ഉറക്കം തന്നെ നഷ്ടപ്പെട്ട പിതാവ് വെളുപ്പിന് അന്വേഷിച്ച് ഇറങ്ങുകയാണ്. ബസ് അന്ന് മുടക്കമാണ് എന്ന് അറിഞ്ഞിട്ടും തോണിക്കാരൻ വെളുപ്പിന് തോണിയിറക്കുകയാണ്. അക്കരെ പോയി ബസ് കാണാതെ അവർ ഇരുവരും തിരിച്ചുവരുന്നു. നിരാശാഭരിതമാണ് അച്ഛന്റെ മുഖം. അറിഞ്ഞുകൊണ്ടുതന്നെ ഒരു പാഴ്ശ്രമം നടത്തേണ്ടി വന്നതിന്റെ വിഷമത്തിൽ കുനിഞ്ഞിരുന്ന് തിരിച്ച് തുഴയുകയാണ് തോണിക്കാരൻ.
“ഞാൻ പറഞ്ഞില്ലേ ബസ് ഇല്ലാന്ന്… അവിടത്തെ ഒറ്റ പിടിവാശി കാരണമാണ് ഞാൻ ഇത്ര നേരത്തെ തോണി കൊണ്ടുപോന്നത്… ഇങ്ങനെ എല്ലാ ദിവസവും പോകേണ്ട, കുഞ്ഞിങ്ങെത്തിക്കോളും…”


തോണിക്കാരന് പരിഭവം അടക്കി നിർത്താൻ ആയില്ല. ആ വാചകങ്ങൾ നിസ്സഹായാവസ്ഥയോടെ, തന്നെ മറ്റൊരാൾ ഉൾക്കൊണ്ടതിലുള്ള സ്നേഹത്തോടെ, അതേസമയം ദയാവായ്പുള്ള ഒരു നേർത്ത ചിരിയോടെ സ്വീകരിക്കുന്ന, പ്രേംജിയുടെ അവിസ്മരണീയമായ പ്രകടനം! ഒരു നിഴൽ വന്ന് ഒന്ന് തഴുകി പോകുന്ന പോലെ അത്രയും സ്വാഭാവികമായി, ഒന്നിലേറെ ഭാവത്തെ ഉൾക്കൊണ്ട് തിടം വെക്കുന്ന ആ അതുല്യ പ്രതിഭയുടെ മുഖത്തിന്റെ കാഴ്ച്ച…! ഒപ്പം, അദ്ദേഹം കൈത്തലം നെഞ്ചുവരെ ഉയർത്തി തോണിക്കാരന് ഒരു അർദ്ധാഭിവാദ്യം കൊടുക്കുന്നുണ്ട്. പുഴമദ്ധ്യത്തിൽ വച്ച് നടക്കുന്ന മൂകമായ ആ വിനിമയരംഗം സിനിമയെ ക്ലാസിക് നിലവാരത്തിലേക്കാണ് ഉയർത്തുന്നത്. ആ ഒറ്റ നിമിഷത്തെ ആ ഒറ്റ പ്രവൃത്തി എത്രയോ വ്യാഖ്യാനക്ഷമമാണ്! ആ ഒരു നിമിഷം തന്റെ സിനിമയിൽ പകർത്താൻ തീരുമാനിച്ച സംവിധായകന്റെ സാംസ്കാരിക ഔന്നത്യം ഏത് കൊടുമുടിയേക്കാളും മുകളിൽ നിൽക്കും. ആ ആംഗ്യം സഹജാവബോധമുള്ള ഒരു മനുഷ്യനെ അറിഞ്ഞതിന്റെ സംതൃപ്തിയിൽ നിന്നും വരുന്നതാണ്. അത് മനുഷ്യന്റെ ദുഃഖത്തിൽ പങ്കുചേരുന്നവനോടുള്ള അഭിവാദ്യമാണ്. അത് കരുതലുള്ള ഒരു സഹജീവിയെ ഒപ്പം കിട്ടിയതിലുള്ള സന്തോഷമാണ്. തന്റെ മകനെ കാണാതായതിന്റെ വിഷമം അതേ അളവിൽ മറ്റൊരാൾ കൂടി സ്വീകരിച്ചിരിക്കുന്നു എന്നറിഞ്ഞ ഒരാളുടെ ശരീരത്തിന്റെ സ്വാഭാവിക ചലനമാണ് അത്. സ്നേഹത്തിന്റെ ആഴം അറിയാവുന്ന നിങ്ങളെപ്പോലെയുള്ള മനുഷ്യരാണ് ഈ ഭൂമിയെ ജീവിക്കാൻ കൊള്ളാവുന്നതാക്കുന്നത് എന്ന ബോധ്യത്തിൽ നിന്നുണ്ടാകുന്ന ആദരവിന്റെ പ്രകടനം കൂടിയാണ് ആ ആംഗ്യം.
സ്നേഹം എന്ന മൂല്യത്തെ ദൃശ്യം ആക്കുകയായിരുന്നു ആ നിമിഷത്തിൽ ഷാജി. അമൂർത്തതയെ മൂർത്തതയാക്കുന്ന മായാജാലം! അതിനപ്പുറം ഒരു കലാകാരന് ഒന്നും ചെയ്യാനില്ല. കല അപൂർവമായി, ചില നിമിഷങ്ങളിൽ ഇത്തരത്തിൽ സ്വർഗ്ഗത്തെ ചെന്ന് തൊടാറുണ്ട്. മതം സൃഷ്ടിച്ച ആ സങ്കല്പത്തെ എത്തിപ്പിടിക്കാൻ മതത്തിന് ഇന്നുവരെ കഴിഞ്ഞിട്ടില്ല. പക്ഷേ, കല പലപ്പോഴും അവിടേക്ക് ആനയിച്ചുകൊണ്ടുപോകുന്നു!