‌‌കാടിറങ്ങുന്ന കടുവ ഒരു രാഷ്ട്രീയ പ്രശ്നമാണ്

വയനാട്ടിൽ കടുവയുടെ സാന്നിധ്യം കൂടുകയും കടുവയുടെ ആക്രമണത്തിൽ മാനന്തവാടിക്കടുത്ത് തൊണ്ടർനാട് ഒരു കർഷകൻ കൊല്ലപ്പെടുകയും ചെയ്ത പശ്ചാത്തലത്തിൽ മാനന്തവാടി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ‘ഫേൺസ്’ എന്ന പരിസ്ഥിതി സംഘടനയുടെ പ്രവർത്തകൻ അരുൺ പി.എ മനുഷ്യരും വന്യജീവികളും തമ്മിലുള്ള സംഘർഷത്തെക്കുറിച്ചുള്ള നിരീക്ഷണങ്ങൾ പങ്കുവെക്കുന്നു.

മാറുന്ന സാഹചര്യങ്ങൾക്കനുസരിച്ച് മനുഷ്യർ മാറിയത് പോലെ ആനയും കടവയും എല്ലാം മാറുന്നുണ്ട്. മാറുന്ന കാലത്തിനനുസരിച്ച് സ്വയം മാറാൻ തയ്യാറയവ മാത്രമാണല്ലോ ലോകത്ത് അതിജീവിച്ചിട്ടുള്ളത്. അതിജീവിക്കാനുള്ള ത്വര എല്ലാ ജീവികളുടെയും ഉള്ളിൽ ഉള്ളതുകൊണ്ട് അത്തരത്തിൽ സാഹചര്യങ്ങളെ മാറ്റിത്തീർക്കാൻ ഏത് ജീവിയും ശ്രമിക്കും. കാടിന്റെ സ്വഭാവവും, അതുമായി അതിരുപങ്കിടുന്ന മനുഷ്യരുടെ സ്വഭാവവും മാറുന്ന ഒരു കാലത്ത് വന്യജീവികളുടെ സ്വഭാവം മാത്രം മാറരുത് എന്ന് പറയുന്നതിൽ യുക്തിയില്ല. അതിന് അതിജീവിക്കണമെങ്കിൽ മാറിയേ മതിയാകൂ എന്നതാണ് യാഥാർത്ഥ്യം. ആ മാറ്റത്തെ മനസ്സിലാക്കുന്നതിനുള്ള പുതിയ അറിവുകൾ നമ്മളും രൂപപ്പെടുത്തിയിട്ടില്ല. മനുഷ്യരുമായി ഇടപെട്ട് തുടങ്ങുന്ന സമയത്ത് ജീവികളുടെയെല്ലാം സ്വാഭാവത്തിൽ മാറ്റം വരും. ഒരു കാലത്ത് വന്യജീവിയായി കണക്കാക്കിയിരുന്ന കുരങ്ങ് ഇന്ന് അങ്ങനെയല്ലാതായി മാറിയിട്ടുണ്ട്. മനുഷ്യരെ കണ്ടാൽ ഓടിയൊളിക്കുന്ന കുരങ്ങ് ഇന്നങ്ങനെയല്ല. നമ്മൾ കൗതുകത്തിന് വേണ്ടി അതിന് തീറ്റ നൽകി. ഇന്ന് ഭക്ഷണം തട്ടിപ്പറിക്കുന്ന സ്ഥിതിയിലേക്ക് കുരങ്ങുകൾ എത്തി. ആനയ്ക്കും ഇതുതന്നെ സംഭവിക്കുന്നതായി ഞാൻ നിരീക്ഷിച്ചിട്ടുണ്ട്. ആന നാട്ടിൻപുറത്ത് ഇറങ്ങിയട്ട് കാർഷിക വിളകൾ ഭക്ഷിക്കുന്നത് വയനാട്ടിൽ പതിവായി മാറിയിരിക്കുന്നു. ഇത് ഒരു സ്വഭാവമാറ്റമാണ്.

വയനാട്ടിൽ വൈദ്യുതി വേലി തകർകക്കുന്ന കാട്ടാന. കടപ്പാട്: the hindu

ജീവന്റെ ലോകത്ത് ഏറ്റവും അടിസ്ഥാനപരമായ ആശയമാണ് തിയറി ഓഫ് എനർജി എഫിഷ്യൻസി. അതായത് ഒരു മരം വളരണമെങ്കിൽ അതിന് വളരാൻ വേണ്ട ഏറ്റവും അനുയോജ്യമായ സിസ്റ്റം അതുണ്ടാക്കിയെടുക്കും. മരം വളരാൻ ആവശ്യമായ വെള്ളം അത് മണ്ണിൽ നിന്നും കണ്ടെത്തും, മറ്റ് പോഷകങ്ങൾ കണ്ടെത്തും. എത്രമാത്രം പുറത്തേക്ക് കൊടുക്കാൻ കഴിയുമോ അത് കൊടുക്കുകയും ചെയ്യും. ഏത് സിസ്റ്റവും നിലനിന്ന് പോകുന്നത് കാര്യക്ഷമമായ എനർജി മാനേജ്മെന്റിലാണ്. ഒരു ജീവിക്ക് ജീവിക്കാൻ വേണ്ട ഊർജ്ജം അത് തീർച്ചയായും സംരക്ഷിച്ചിരിക്കും. എത്ര കണ്ടെത്താൻ കഴിയുമോ അത്രയും കൂടുതൽ കണ്ടെത്തിയിരിക്കും. അധികമുള്ളത് അടുത്ത തലമുറയ്ക്ക് കൈമാറി വംശം നിലനിർത്താൻ ശ്രമിക്കും. തിയറി ഓഫ് എനർജി എഫിഷ്യൻസി എന്നതിന്റെ അടിസ്ഥാനത്തിൽ നോക്കിയാൽ ഏറ്റവും കുറഞ്ഞ നടപ്പിൽ ഊർജ്ജം ചിലവഴിച്ച് ഭക്ഷണം എങ്ങനെ കണ്ടെത്താം എന്ന് ജീവികൾ ചിന്തിക്കും. കുറഞ്ഞ ഊർജ്ജത്തിൽ ഭക്ഷണം കണ്ടെത്താൻ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് നാട്ടിലേക്കും കൃഷിയിടത്തിലേക്കും മൃഗങ്ങൾ വരുന്നത്. മനുഷ്യരും അതുപോലെയാണ്.

വളരെ ദരിദ്രമായ ഒരു വനഭൂമിയിൽ ഭക്ഷണം തേടുന്നതിനേക്കാൾ എളുപ്പത്തിൽ കൃഷിഭൂമിയിൽ ഭക്ഷണം തേടാൻ കഴിയും എന്ന് മൃഗങ്ങൾ തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ട്. അവരുടെ സ്വഭാവത്തിൽ അത്തരം മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. ആനയുടെ കാര്യത്തിൽ അത് വളരെ വ്യക്തമാണ്. കടുവയുടെ കാര്യത്തിലും അങ്ങനെ സംഭവിച്ചിട്ടുണ്ടോ എന്നത് വിശദമായി പഠിക്കേണ്ട കാര്യമാണ്. മുമ്പ് നാട്ടിലേക്കിറങ്ങിയ കടുവകളെല്ലാം അവശതകളുള്ളവയായിരുന്നു. അങ്ങനെ അല്ലാതെ വന്നിട്ടുണ്ടെങ്കിൽ കടുവയുടെ സ്വഭാവത്തിൽ മാറ്റങ്ങളുണ്ടായിട്ടുണ്ടോ എന്ന് വളരെ ഗൗരവത്തോടെ അന്വേഷിക്കേണ്ടതുണ്ട്. വനഭൂമിയുടെ ഉള്ളിൽ ഭക്ഷണ ലഭ്യത ഇല്ലാതായിട്ടുണ്ട്. കാട്ടിൽ ഭക്ഷണം ഇല്ലാതാവുകയും നാട്ടിൻപുറത്ത് ഭക്ഷണം ധാരാളം കിട്ടുന്നുമുണ്ട്. ഭക്ഷ്യവിള കൃഷി വയനാട്ടിലെല്ലാം ധാരാളം ഉണ്ട്. 10 സ്ക്വയർ കിലോമീറ്റർ സ്ഥലത്ത് അലഞ്ഞുതിരിഞ്ഞ് നടന്ന് ഭക്ഷണം കഴിക്കുന്നതിനേക്കാൾ എളുപ്പമാണ് ആനയ്ക്ക് ഒരു വാഴത്തോട്ടത്തിൽ ഇറങ്ങി ഭക്ഷണം കഴിക്കുന്നത്. മൃഗങ്ങൾക്ക് ഇത്തരത്തിൽ മാറ്റങ്ങൾ ഉണ്ടാകുന്നുണ്ട്. അതിനനുസരിച്ച് മനുഷ്യർ എങ്ങനെയാണ് മാറേണ്ടത് എന്ന് നമ്മൾ ചിന്തിക്കുന്നുണ്ടോ?

എന്റെ അമ്മയുടെ സഹോദരൻ കാട്ടാന ചവിട്ടി മരിച്ചതാണ്. രാത്രിയിൽ മടങ്ങിവരുന്ന സമയത്ത് കാപ്പിത്തോട്ടത്തിൽ നിന്നും ഇറങ്ങിവന്ന കാട്ടാനയുടെ ചവിട്ടേൽക്കുകയായിരുന്നു. എന്റെ മറ്റൊരു സഹോദരൻ ഒരാഴ്ച മുമ്പ് സ്കൂട്ടറിൽ വരുമ്പോൾ മാൻ മുന്നിലേക്ക് ചാടി സ്കൂട്ടറിൽ ഇടിച്ചതിനെ തുടർന്ന് വീണ് പരിക്കേറ്റിരുന്നു. ഇവർ രണ്ടുപേരും കർഷകർ ആയിരുന്നില്ല. ഒരാൾ കച്ചവടക്കാരനും രണ്ടാമത്തെയാൾ പെയ്ന്റിംഗ് ജോലി ചെയ്യുന്നയാളുമാണ്. അപ്പോൾ കർഷകരെ മാത്രമല്ല ഈ വിഷയം ബാധിക്കുന്നത്. കാടിനോട് ചേർന്ന് താമസിക്കുന്നവരെയെല്ലാം പലരീതിയിൽ ബാധിക്കുന്നുണ്ട്.

ഇത് ഒരു രാഷ്ട്രീയ പ്രശ്നമാണ്

അടിസ്ഥാനപരമായി ഇത് ഒരു രാഷ്ട്രീയ പ്രശ്നമാണ്. ഇതൊരു പരിസ്ഥിതി പ്രശ്നമാണ് എന്ന് പറയുന്നതുകൊണ്ട്, അങ്ങനെ ലേബൽ ചെയ്യുന്നതുകൊണ്ട് ചിലർക്ക് ലാഭമുണ്ട്. ഇത് ഒരു രാഷ്ട്രീയ പ്രശ്നമായി തന്നെ കാണണം. ഇത് ഒരു രാഷ്ട്രീയ പ്രശ്നമാണ് എന്ന് പറയാൻ കാരണം ഇതിൽ ഒരു രാഷ്ട്രീയമായ ഇടപെടൽ വേണ്ടതുണ്ട് എന്നതുകൊണ്ടാണ്. ഈ സംഘർഷം കാരണം നഷ്ടമുണ്ടാകുന്നതും പ്രതിസന്ധികൾ നേരിടുന്നതും സമൂഹത്തിലെ ഏറ്റവും ദുർബലരായ ജനവിഭാ​ഗങ്ങളാണ്. ഏത് സാമൂഹിക സംഘർഷത്തിലും അങ്ങനെതന്നെയായിരിക്കുമല്ലോ. സമൂഹത്തിന്റെ അധികാരശ്രേണിയിൽ ഏറ്റവും താഴെയുള്ളവർക്ക് ഇതിനെ നേരിടാൻ കഴിയാത്ത അവസ്ഥയുണ്ട്. അതാണ് യഥാർത്ഥത്തിൽ അഭിസംബോധനം ചെയ്യേണ്ടത്. അത് പരിഗണിച്ചാൽ ഇതൊരു രാഷ്ട്രീയ പ്രശ്നമായി മാറും. ഇത് രാഷ്ട്രീയ പ്രശ്നമായി പരിഗണിക്കുന്നതിൽ പലർക്കും താത്പര്യമില്ലാത്തതിനാലാണ് പരിസ്ഥിതി പ്രശ്നമാക്കുന്നത്. അപ്പോൾ പരിസ്ഥിതി പ്രവർത്തകരെ കുറ്റം പറഞ്ഞിരിക്കാം. കൃഷി നശിക്കുന്നതിന്റെ കാരണം വന്യജീവികൾ ആണ് എന്നതിനാൽ വന്യജീവികളോട് സഹിഷ്ണുത കാണിക്കാൻ കഴിയുന്നില്ല എന്ന് കർഷകർ പറയുന്നതിൽ ന്യായമുണ്ട്. ആ കൃഷികൊണ്ട് മാത്രമായിരിക്കും അവർ ഉപജീവനം നടത്തുന്നത്. അവിടെ ഭീമമായ ഒരു നഷ്ടം അവർക്കുണ്ടാകുന്നുണ്ട്. ആനയ്ക്ക് ആനയുടെ ജീവിതം പ്രധാനമായതുപോലെ കർഷകർക്ക് അവരുടെ ജീവിതവും പ്രധാനമാണ്. ഈ രണ്ട് കൂട്ടരും അവരവരുടെ ജീവിതവുമായി മുന്നോട്ടുപോകുന്നതിന്റെ ഭാഗമായി ഉണ്ടാകുന്ന സംഘർഷങ്ങളെ ലഘൂകരിക്കേണ്ടത് നഷ്ടം വരുന്നയാൾ മാത്രമല്ല. വനവും വന്യജീവികളും സമൂഹത്തിന്റെ സമ്പത്താണ്. കാട് നിലനിൽക്കുന്നതിന്റെ ഗുണഭോക്താക്കൾ ശുദ്ധവായു ശ്വസിക്കുന്ന, ശുദ്ധജലം കിട്ടുന്ന എല്ലാ മനുഷ്യരുമാണ്. അതുകൊണ്ടുതന്നെ സമൂഹത്തിന്, സമതലങ്ങളിലും തീരങ്ങളിലുമെല്ലാം ജീവിക്കുന്ന മനുഷ്യർക്ക് ഇക്കാര്യത്തിൽ ഉത്തരവാദിത്തമുണ്ട്. വനവും വന്യജീവികളും സംരക്ഷിക്കപ്പെടുന്നതിന്റെ ഭാരം വനത്തിനോട് ചേർന്ന് താമസിക്കുന്ന സമൂഹത്തിന് മാത്രം വരരുത്. സമൂഹം അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുക എന്ന് പറയുന്നതും ഒരു രാഷ്ട്രീയ പരിഹാരമാണ്. കർഷകർക്ക് അവർക്കുണ്ടാകുന്ന നഷ്ടങ്ങൾക്ക് വലിയ വില നൽകണം. വന്യജീവി സംരക്ഷണത്തിന്റെ ഭാഗമായിക്കൂടി ഉണ്ടാകുന്ന നഷ്ടമായി അത് പരിഗണിക്കേണ്ടതാണത്. അത്തരത്തിലുള്ള രാഷ്ട്രീയ ചിന്തയാണ് ഉണ്ടായിവരേണ്ടത്. മനുഷ്യജീവന്റെ നഷ്ടം പരിഹരിക്കാൻ കഴിയാത്ത നഷ്ടം തന്നെയാണ്. അത് മനസ്സിലാക്കിത്തന്നെയാണ് ഇത് പറയുന്നത്.

വനസംരക്ഷണ ഫണ്ട് കർഷകർക്കും നൽകണം

വയനാട്ടിലെ ചീരാലിൽ കടുവയെ പിടിക്കണമെന്നാവശ്യപ്പെട്ട് കർഷകർ നടത്തുന്ന സമരം. കടപ്പാട്: the hindu

എന്നാൽ ആന ഒരു വാഴത്തോട്ടമോ നെൽവയലോ നശിപ്പിച്ചാൽ, കടുവ പശുവിനെ പിടിച്ചാൽ അതിന് മതിയായ നഷ്ടപരിഹാരം നൽകണം. സംഭവിച്ച നഷ്ടത്തേക്കാൾ വലിയ നഷ്ടപരിഹാരം നൽകണം. ഗതികെട്ട മനുഷ്യരും അതിലും ഗതികെട്ട വന്യജീവികളും തമ്മിലുള്ള സംഘർഷമാണ്. രണ്ട് തട്ടിൽ നിന്ന് തർക്കിച്ചാൽ ഇതിന് പരിഹാരം കാണാൻ കഴിയില്ല. രാഷ്ട്രീയമായ പരിഹാരങ്ങൾ തീർച്ചയായും ഉണ്ടായിവരണം. ഗതികെട്ട കർഷന്റെ ചിലവിൽ വൈൽഡ് ലൈഫ് കൺസർവേഷൻ ചെയ്യേണ്ടതില്ല. ഗുണഭോക്താക്കളായ എല്ലാവരും അതിന് വില കൊടുക്കണം. ഇനിയുള്ള കാലത്ത് വനത്തിനുള്ളിലേക്ക് മാത്രം വരേണ്ടതല്ല വനം സംരക്ഷിക്കുന്നതിനുള്ള ഫണ്ട്. പ്രൊജക്ട് എലഫന്റിന്റെയും, പ്രൊജക്ട് ടൈഗറിന്റെയും ഫണ്ട് വൈൽഡ് ലൈഫ് കൺസർവേഷൻ കാരണം നഷ്ടമുണ്ടായ പ്രാദേശിക സമൂഹത്തിനും നൽകണം. ഒരു തെങ്ങിന് കിട്ടുന്ന നഷ്ടപരിഹാരം എന്നത് അതിൽ നിന്നും പ്രതീക്ഷിക്കുന്ന വരുമാനത്തിന്റെയും അതിനായി നടത്തിയ അധ്വാനത്തിന്റെയും നഷ്ടമായി കണക്കാക്കണം. അതിന് കൊടുക്കുന്ന തുക അത്രയും ആയിരിക്കണം. കറവയുള്ള പശുവിനെ കടുവ പിടിച്ചാൽ ആ കറവക്കാലത്ത് കർഷകനുണ്ടാകുന്ന വരുമാനത്തിന്റെയും പശുവിന് ഇത്രയും കാലം കൊടുത്ത തീറ്റയുടെയും നഷ്ടമായി പരിഗണിക്കണം. ആ രീതിയിൽ സർക്കാർ ഈ വിഷയം കൈകാര്യം ചെയ്യണം. ഇപ്പോൾ വനസംരക്ഷണ പ്രവർത്തനങ്ങൾക്ക് ചിലവഴിക്കുന്ന തുക നഷ്ടമുണ്ടാകുന്ന കർഷകർക്കും നൽകണം. ഈ ഫണ്ട് ചിലവഴിച്ചിട്ട് വന്യജീവികൾക്കും ഗുണമില്ല, പ്രാദേശിക സമൂഹത്തിനും ഗുണമില്ല എന്നതാണ് ഇപ്പോഴത്തെ അവസ്ഥ.

സാമ്പത്തിക മുൻഗണനകൾ മാറണം

സുൽത്താൻ ബത്തേരിയിൽ കാട്ടാനയെ മയക്ക് വെടി വെക്കുന്ന അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്റിനറി ഓഫീസർ ഡോ.അരുൺ സക്കറിയ. കടപ്പാട്: the hindu

കാടും നാടും തമ്മിൽ വേർതിരിക്കാൻ വയനാട് പോലെയുള്ള ഒരു പ്രദേശത്ത് ഇന്ന് പ്രയാസമാണ്. കാരണം നാട്ടിലെ റോഡുകൾ കാട്ടിലേക്കും പോകുന്നുണ്ട്. അത് നമ്മൾ പറയാറില്ല. മൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങുന്നതെ ഒരു പ്രശ്നമായി പറയാറുള്ളൂ. നമ്മൾ കാട്ടിലേക്ക് കയറിക്കൊണ്ടിരിക്കുന്നതിനെക്കുറിച്ച് പറയാറില്ല. എന്തായാലും രണ്ടും അങ്ങനെ തന്നെ തുടരും. അതിനാൽ കോ-എക്സിസ്റ്റൻസ് ഉറപ്പുവരുത്താൻ വേണ്ടി നമ്മുടെ ചിന്തകൾ, ഭരണരീതികൾ മാറുകയാണ് വേണ്ടത്. ഈ നാട്ടിൽ ജീവിക്കുന്ന ഒരാളെന്ന നിലയിൽ അതിനൊന്നും വലിയ പ്രയാസമില്ല എന്നാണ് തോന്നിയിട്ടുള്ളത്. എല്ലാവരുടയും എണ്ണം കൂടിയിട്ടുണ്ട് ഇവിടെ. ആനയുടെയും കടുവയുടെയും മാത്രമല്ല, മനുഷ്യരുടെയും കൂടി. അങ്ങനെയൊരു സ്ഥലത്താണ് നമ്മൾ ജീവിക്കുന്നത് എന്നതിനാൽ ഭീതിയോടെ ഈ വിഷയം കൈകാര്യം ചെയ്യാൻ കഴിയില്ല. ഭീതി കൂട്ടുന്നതരത്തിലുള്ള ഇടപെടലുകളാണ് എല്ലാ തലത്തിലും നടക്കുന്നത്. ഭീതി, സംഘർഷം വർദ്ധിപ്പിക്കുകയേയുള്ളൂ. വിവേകത്തോടെയുള്ള, അറിവിനെ അടിസ്ഥാനമാക്കിയുള്ള രാഷ്ട്രീയ പരിഹരങ്ങളാണ് നമുക്ക് വേണ്ടത്. രാഷ്ട്രീയമായി ഈ പ്രശ്നം കൈകാര്യം ചെയ്യാൻ അറിയാത്ത ഭരണസംവിധാനങ്ങളുടെ വീഴ്ചയാണ് നമ്മൾ ഇന്ന് കാണുന്നത്. ഇത് ഒരു പരിസ്ഥിതി പ്രശ്നം എന്നരീതിയിൽ ചുരുക്കരുത്. വനസംരക്ഷണത്തെ സംബന്ധിച്ച സാമ്പത്തികമായ മുൻഗണനകൾ മാറണം. പരിസ്ഥിതി പ്രവർത്തനം എന്നത് ഇന്ന് ഭരണകൂടത്തിന്റെ സാമ്പത്തിക മുൻഗണനകളെ പുനഃവ്യാഖ്യാനം ചെയ്യുക എന്നതരത്തിൽ‌ കൂടി മാറേണ്ടതുണ്ട്. കാട്ടിലൂടെ ബാംഗ്ലൂരിലേക്ക് പോകുന്നതിനുള്ള റോഡിനാണോ അതോ ആ കാടരികിൽ കൃഷി ചെയ്യുന്ന കർഷകനാണോ കൂടുതൽ സാമ്പത്തിക പരിഗണന ലഭിക്കേണ്ടത് എന്നതാണ് ഇക്കാലത്തെ പ്രധാന ചോദ്യം.

(സംഭാഷണത്തിൽ നിന്ന് തയ്യാറാക്കിയത്)

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

January 14, 2023 10:52 am