Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size
“ഈ നശിച്ച ലോകത്ത് ഞാൻ എന്തിന് ജീവിക്കണം? സത്യത്തിനും നീതിക്കും ഒരു വിലയില്ലാത്തിടത്ത് ഞാൻ എന്തിനാ ഇനി നിക്കുന്നെ?” സഹപ്രവർത്തകരുടെയും മേലുദ്യോഗസ്ഥരുടെയും മാനസിക പീഡനം കാരണം ആത്മഹത്യ ചെയ്ത കൊല്ലം പരവൂർ മുൻസിഫ് കോടതിയിലെ ഫസ്റ്റ് ഗ്രേഡ് അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ എസ് അനീഷ്യ പൊട്ടിക്കരഞ്ഞുകൊണ്ട് സുഹൃത്തക്കൾക്ക് അയച്ച ശബ്ദ സന്ദേശമാണിത്. 2024 ജനുവരി 22 ന് ആയിരുന്നു അനീഷ്യ ആത്മഹത്യ ചെയ്തത്. സഹപ്രവർത്തകരുടെയും മേലുദ്യോഗസ്ഥരുടെയും മാനസിക പീഡനത്തെക്കുറിച്ച് പേര് ഉൾപ്പടെ വ്യക്തമാക്കുന്ന നിര്‍ണ്ണായക വിവരങ്ങളടങ്ങിയ അനീഷ്യയുടെ ഡയറി പൊലീസിന് ലഭിച്ചിരുന്നു. തൊഴിൽ സ്ഥലത്തുണ്ടായ പ്രശ്നങ്ങളെയും സമ്മർദ്ദങ്ങളെയും കുറിച്ച് അനീഷ്യ അയച്ച ശബ്ദരേഖകൾ സുഹൃത്തുക്കൾ പുറത്തുവിട്ടിരുന്നു.
അനീഷ്യയുടെ ആത്മഹത്യക്ക് പിന്നാലെ പരവൂർ പോലീസ് അസ്വഭാവിക മരണത്തിനായിരുന്നു കേസെടുത്തത്. എന്നാൽ ആത്മഹത്യയുടെ കാരണത്തെക്കുറിച്ച് ഗുരുതര ആരോപണങ്ങൾ ഉയർന്നതോടെ കേസ് ജില്ലാ ക്രൈം ബാഞ്ചിന് കൈമാറുകയായിരുന്നു. കേസിൽ പ്രതികളെ പൊലീസ് സംരക്ഷിക്കുന്നു എന്ന ആരോപണവുമായി കുടുംബം രംഗത്തെത്തുകയും ചെയ്തതോടെയാണ് മരണം നടന്ന് 51 ദിവസങ്ങക്ക് ശേഷം ജില്ലാ ക്രൈം ബ്രാഞ്ചിൽ നിന്നും കേസ് സംസ്ഥാന ക്രൈം ബാഞ്ചിന് കൈമാറിയത്. ജനുവരി 30ന് ആണ് ആരോപണ വിധേയരായ കൊല്ലം ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസീക്യൂഷൻ (ഡി.ഡി.പി) അബ്ദുൽ ജലീൽ, പരവൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ (എ.പി.പി) ശ്യാം കൃഷ്ണ എന്നിവരെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്യുന്നത്. കേസ് സി.ബി.ഐയ്ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് അനീഷ്യയുടെ അമ്മ പ്രസന്ന ഹൈക്കോടതിയെ സമീപിച്ച ശേഷമാണ് മരണം നടന്ന് രണ്ട് മാസം കഴിഞ്ഞ് മാർച്ച് 20 ന് ഇവർക്കെതിരെ ഐ.പി.സി 306-ാം വകുപ്പനുസരിച്ച് ആത്മഹത്യാ പ്രേരണാ കുറ്റത്തിന് കേസെടുക്കാൻ തീരുമാനിക്കുന്നത്. കേസ് സി.ബി.ഐയ്ക്ക് വിടണം എന്ന ഹർജി ഹൈക്കോടതി ഇപ്പോഴും പരിഗണിച്ചിട്ടില്ല.
കോടതികളിൽ കേസില്ലാത്ത (നോൺ എ.പി.പി ഡേയ്സ്) ദിവസം അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർമാർ ഓഫീസിൽ എത്തി കേസുകൾ പഠിക്കുകയും ഓഫീസ് ജോലികൾ ചെയ്യുകയും വേണമെന്നാണ് ചട്ടം. സഹപ്രവർത്തകനായ ശ്യാം കൃഷ്ണ ജോലിക്കെത്താത്ത ദിവസങ്ങളിൽ ഹാജർ രേഖപ്പെടുത്തുന്നതിനെ അനീഷ്യ ചോദ്യം ചെയ്യുകയും നിരന്തരം ഓഫീസ് മുറി അടിച്ചിടുന്നതിന്റെ ഫോട്ടോ എടുക്കുകയും ചെയ്തിരുന്നു. കൂടാതെ, ശ്യാം കൃഷ്ണയുടെ ജോലി സംബന്ധമായ വിവരങ്ങൾ അന്വേഷിച്ചുകൊണ്ട് അഭിഭാഷകനായ കുണ്ടറ ജോസ് വിവരാവകാശ അപേക്ഷ നൽകിയിരുന്നു. ശ്യാം കൃഷ്ണ എത്ര ദിവസം അവധിക്ക് അപേക്ഷ നൽകി, എത്ര ദിവസം അവധി അംഗീകരിച്ചു, എത്രദിവസം കോടതിയിൽ ഹാജരായി തുടങ്ങിയ 18 ചോദ്യങ്ങളായിരുന്നു വിവരാവകാശത്തിൽ ഉണ്ടായിരുന്നത്. സുഹൃത്തായ കുണ്ടറ ജോസിനെ കൊണ്ട് അനീഷ്യയാണ് വിവരാവകാശം നൽകിയതെന്ന് ആരോപിക്കുകയും അനീഷ്യ മരിക്കുന്നതിന് മുന്ന് ദിവസം മുമ്പ് ജനുവരി 19 ന് മീറ്റിങ്ങ്‍ വിളിക്കുകയും വിവരാവകാശം പിൻവലിക്കണമെന്നും ഭരിക്കുന്നത് ഞങ്ങളുടെ പാർട്ടിയാണ്, കാസർഗോഡേക്ക് സ്ഥലം മാറ്റുമെന്നും ജില്ലയിലെ പ്രധാന അഭിഭാഷകൻ ഭീഷണിപ്പെടുത്തിയതായി ഡയറിയിൽ അനീഷ്യ എഴുതിയിട്ടുണ്ട്. അന്നേ ദിവസം തന്നെ, തന്റെ കോൺഫിഡൻഷ്യൽ റിപ്പോർട്ട് പരസ്യമാക്കിയെന്നും, മേലുദ്യോഗസ്ഥർ എല്ലാവരുടെയും മുന്നിൽ വെച്ച് തന്നെ അപമാനിച്ചെന്നും, വളരെ മോശമായി സംസാരിച്ചെന്നും സുഹൃത്തുക്കൾക്കയച്ച ശബ്ദ സന്ദേശത്തിൽ അനീഷ്യ പറയുന്നുണ്ട്. ജനുവരി 19ന് നടന്ന മീറ്റിംഗിന് ശേഷം പബ്ലിക് പ്രോസിക്യൂട്ടർ വി വിനോദ്, അനീഷ്യയെ തന്റെ ഓഫീസിലേക്ക് വിളിച്ച് വരുത്തി മാനസികമായി തകർക്കുന്ന രീതിയിൽ സംസാരിച്ചു എന്ന വിവരം അഡ്വ. കുണ്ടറ ജോസ് മാധ്യമങ്ങളോട് വിശദമാക്കിയിരുന്നു. അതേസമയം, ജനുവരി 19ന് നടന്ന മീറ്റിംഗിന്റെ വിശദാംശങ്ങൾ ചോദിച്ച് വിവരാവകാശ നിയമ പ്രകാരം അപേക്ഷ നൽകിയ അഡ്വ. കുണ്ടറ ജോസിനെതിരെ കൊല്ലം ബാർ അസോസിയേഷൻ കാരണം കാണിക്കൽ നോട്ടീസ് നൽകുകയാണ് ചെയ്തത്. പബ്ലിക് പ്രോസിക്യൂട്ടർ വി വിനോദിനെ അപകീർത്തിപ്പെടുത്തിയതിന് നടപടിയെടുക്കന്നതിന് മുന്നോടിയായാരുന്നു കാരണം കാണിക്കൽ നോട്ടീസ് അയച്ചത്. ബാർ അസോസിയേഷൻ സംഘടിതമായിത്തന്നെ മുതിർന്ന പ്രോസിക്യൂട്ടർമാരെ സംരക്ഷിക്കാൻ ശ്രമിക്കുന്നതിന് തെളിവാണ് ഈ സംഭവം.
ആണഹന്തകളുടെ തൊഴിലിടം
പ്രൊഫഷണലായി ജോലിയെ സമീപിക്കുകയും നീതിപൂർവ്വം ജോലി ചെയ്യുകയും ചെയ്തിട്ടും 2023 നവംബർ മുതൽ അനീഷ്യയെ നിരന്തരം അധിക്ഷേപിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്തിരുന്നുവെന്ന് അനീഷ്യയുടെ ഡയറിയിൽ നിന്നും ശബ്ദ സന്ദേശങ്ങളിൽ നിന്നും വ്യക്തമാണ്. നീതി ലഭിക്കുന്നതിനായി ജനങ്ങൾ സമീപിക്കുന്ന നീതിന്യായ സംവിധാനങ്ങളുടെ ഉള്ളിൽ നടക്കുന്ന അനീതികളുടെ തെളിവാണ് അനീഷ്യയെന്ന 41 കാരിയുടെ ആത്മഹത്യ.
സ്റ്റേറ്റ് ക്രൈം ബ്രാഞ്ചിന്റെ പരിധിയിൽ അന്വേഷണം വന്ന ശേഷം തുടക്കത്തിൽ അവർ നന്നായി പ്രവർത്തിച്ചുവെന്ന് തോന്നിയെന്നും എന്നാൽ പിന്നീട് അവരുടെ ഭാഗത്ത് നിന്നും ഒരു നീക്കവുമില്ലെന്നും അനീഷ്യയുടെ സഹോദരൻ എസ് അനൂപ് ആരോപിക്കുന്നു. “കുറ്റാരോപിതർ സ്വാധീനമുള്ളവരും, രാഷ്ട്രീയ ബന്ധമുള്ളവരുമാണെന്നാണ് മനസിലാക്കാൻ കഴിയുന്നത്. അനീഷ്യക്ക് ഇത് മനസിലായിരുന്നു. പ്രതികരിച്ചാൽ അതിലും ഭീകരമായ മാനസിക പീഡനം ഉണ്ടാക്കുമെന്ന് മനസിലായതുകൊണ്ടും ഒരു വഴി ഇല്ലാത്തത് കൊണ്ടും അവർക്കെതിരെ ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ വന്നതുകൊണ്ടുമാണ് അനീഷ്യ ആത്മഹത്യ ചെയ്തത്. അവർ എത്രത്തോളം ശക്തരാണെന്ന് നമുക്കിപ്പോൾ മനസിലാകുന്നുണ്ട്. സംസ്ഥാന ക്രൈം ബ്രാഞ്ച് അന്വേഷിച്ചു, എന്നിട്ടും നയപരമായി ഒതുക്കയാണ് ചെയ്യുന്നത്.”
കുറ്റാരോപിതരായ അഭിഭാഷകർക്ക് അവരുടെ ഡിപ്പാർട്ട്മെന്റിൽ നിന്ന് ക്ലീൻ ചിറ്റ് കിട്ടിയതിനെ ചോദ്യം ചെയ്ത അനൂപ്, ഇത്രയും വ്യക്തമായ വോയ്സ് ക്ലിപ്പും ഡയറി കുറിപ്പുകളും ഉണ്ടായിട്ടും, ശക്തമായ തെളിവുകൾ കൊടുത്തിട്ടും അവർക്ക് ക്ലീൻചിറ്റ് കൊടുത്തതിൽ നിന്ന് അവരുടെ ആ സ്വാധീനം ഊഹിക്കാവുന്നതേയുള്ളൂ എന്നും കൂട്ടിച്ചേർത്തു. വകുപ്പ് തല അന്വേഷണത്തിൽ ആരോപണ വിധേയരായ വ്യക്തികൾക്കെതിരെ യാതൊരു തെളിവുകളും കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ സസ്പെൻഷൻ പിൻവലിക്കണമെന്നും അവരെ സർവ്വീസിൽ തിരിച്ചെടുക്കണമെന്നും കേരള അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടേഴ്സ് അസോസിയേഷൻ (കെ.എ.പി.പി.എ) സർക്കാരിനോട് ആവശ്യപ്പെടുകയുണ്ടായി.
“ഇത് മരിക്കാൻ കാരണമാണോ? എത്രയോ ആളുകൾ ജോലി ചെയ്യുന്നു, അവർക്കൊക്കെ വർക്ക് പ്രഷർ ഇല്ലേ? എന്നൊക്കെയാണ് ആളുകൾ ചോദിക്കുന്നത്. ഇതൊന്നുമല്ല കാരണം, മറ്റെന്തോ ആണ് എന്നൊക്കെ പറയുന്നു. കേൾക്കുമ്പോൾ ആദ്യം എല്ലാവർക്കും അങ്ങനെ തോന്നും. പക്ഷേ ഇതേക്കുറിച്ച് വിശദവിരങ്ങൾ പിന്നീടാണ് അറിയാൻ കഴിഞ്ഞത്. അനീഷ്യ അമ്മയോടും ഭർത്താവിനോടും സുഹൃത്തുക്കളോടും പറഞ്ഞ കാര്യങ്ങളിൽ നിന്നാണ് അതിന്റെ തീവ്രത എനിക്ക് മനസിലായത്. ഒരു ദിവസത്തിൽ ഏറ്റവും കൂടുതൽ സമയം നമ്മൾ ഇരിക്കുന്നത് ഓഫീസിലും സഹപ്രവർത്തകർക്കും ഒപ്പമാണ്. ഇത്തരത്തിൽ പീഡനം തുടങ്ങിയിട്ട് വളരെക്കാലമായി. വാട്സ്അപ് ഗ്രൂപ്പിൽ അനീഷ്യയെ ലക്ഷ്യം വെച്ചുകൊണ്ട് ട്രോൾ ഷെയർ ചെയ്യുക പോലെയുള്ള കാര്യങ്ങൾ നടന്നത് അമ്മയോട് പറഞ്ഞിരുന്നു.” അനീഷ്യയുടെ സഹോദരൻ പറയുന്നു
മൈഗ്രെയിൻ ആയി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച സമയത്ത് അനീഷ്യയോട് രാത്രി ജോലി ചെയ്യാൻ നിർബന്ധിച്ച കാര്യവും അനൂപ് എടുത്ത് പറഞ്ഞു. “ഒരു ദിവസം രാത്രി 11 മണിക്ക് ഒരു പ്രതിയെ ജഡ്ജിനടുത്ത് ഹാജരാക്കാൻ അനീഷ്യ പോകണമെന്ന് പറഞ്ഞ് വിളിച്ചു. പുരുഷ എ.പി.പി മാരുണ്ടായിട്ടും അനീഷ്യ പോകണമെന്ന് നിർബന്ധം പിടിച്ചു. സുഖമില്ലാത്തതിനാൽ പോകാതെ ഇരുന്ന അനീഷ്യയെ പറ്റി അടുത്ത ദിവസം മറ്റു സഹപ്രവർത്തകരുടെ മുന്നിൽവച്ച് അസഭ്യമായി സംസാരിച്ചു. ഇത്രയും വിദ്യാഭ്യാസമുണ്ടായിട്ടും ഒരു സ്ത്രീയോട് എങ്ങനെ പെരുമാറണമെന്ന് അറിയാത്തവരാണവർ.”
“എനിക്കെന്റെ സഹോദരിയെ നഷ്ടപ്പെട്ടു. എനിക്ക് നഷ്ടപ്പെട്ട് പോയ ആൾ ഒരിക്കലും തിരിച്ചുവരില്ല. ഇതേ പോസ്റ്റിൽ ജോലിയിൽ പ്രവേശിക്കാൻ തയ്യാറാകുന്ന, അതിനായി പഠിക്കുന്ന ഒരുപാട് സ്ത്രീകളുണ്ട് ഇവിടെ. അവർക്കൊക്കെ ഇതുപോലെയുള്ള ആളുകളെയാണ് നേരിടേണ്ടി വരുന്നത്. കേരളത്തിന്റെ ഭാവിയെ അത് എത്രത്തോളം ബാധിക്കും. ഈ കുത്തഴിഞ്ഞ സംവിധാനത്തിന്റെ തലപ്പത്ത് ഇരിക്കുന്ന ആൾക്കാരാണ് പ്രശ്നം. ഇവരെ മാറ്റേണ്ടത് നമ്മുടെ, ഈ കേരളത്തിന്റെ വികസനത്തിന് അത്യാവശ്യമാണത്. എനിക്ക് ദേഷ്യമുണ്ട്. കാരണം ഇത്രയൊക്കെ തെളിവുകൾ അവൾ തന്നിട്ട് പോയിട്ടും അവർക്കെതിരെ ഒരു ചെറുവിരൽ അനക്കാൻ പറ്റുന്നില്ലല്ലോ…” നിസാഹയതയോടെ അനൂപ് പറയുന്നു.
പ്രാക്ടീസ് ചെയ്തുകൊണ്ടിരുന്ന കാലത്ത്, മകളെ വീട്ടിലാക്കി വളരെ കഷ്ടപ്പെട്ട് പഠിച്ച് അനീഷ്യ എ.പി.പി പരീക്ഷ പാസായ കാര്യം സഹപാഠിയായ അഡ്വക്കേറ്റ് രശ്മി ഓമ്മിക്കുന്നു. “പ്രോസിക്യൂട്ടേഴ്സിന് ഒരു ഗ്രൂപ്പുണ്ട്. അവരോടൊപ്പം നിക്കുന്നവരെ വളർത്തും. രാഷ്ട്രീയ ബന്ധങ്ങൾ വഴി സർവ്വീസിൽ കയറിക്കഴിഞ്ഞാൽ പിന്നെ അവരെ ആരും ഒന്നും ചെയ്യില്ല. എവിടെ വേണമെങ്കിലും സ്ഥലം മാറ്റും എന്നൊരു ധാർഷ്ട്യം അവർക്കുണ്ട്. ഈ മേഖലയിൽ ഒരുപാട് പ്രശ്നങ്ങളുണ്ട്. എന്നാൽ അനീഷ്യ വളരെ സത്യസന്ധമായി മാത്രം ജോലി ചെയ്യുന്ന വ്യക്തിയായിരുന്നു. നന്നായി കഠിനാധ്വാനം ചെയ്യുമായിരുന്നു.” എ.പി.പി ജോലി നല്ലതാണെന്നും നല്ല സംതൃപ്തിയാണുള്ളതെന്നും അനീഷ്യ ആദ്യം പറഞ്ഞിരുന്നതും രശ്മി ഓർമ്മിക്കുന്നു. അഭിഭാഷക ഗ്രൂപ്പോ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളോ ഒന്നും തന്നെ ജസ്റ്റിസ് ഫോർ അനീഷ്യ ഐക്യദാർഢ്യ സമിതിയുമായി സഹകരിക്കുന്നില്ലെന്നും സമിതി കൺവീനർ കൂടിയായ അഡ്വക്കേറ്റ് രശ്മി പറയുന്നു.
തുല്യതയ്ക്കായുള്ള അനീഷ്യയുടെ ശ്രമങ്ങൾ
സ്ത്രീകൾക്കെതിരായ അതിക്രമം ലൈംഗികമായിരിക്കണം, ശാരീരികമായിരിക്കണം, കൃത്യമായി രേഖപ്പെടുത്താൻ പറ്റുന്ന തരത്തിലായിരിക്കണം, അതായത് പാടുകൾ അവശേഷിപ്പിക്കുന്ന തരത്തിലാകണം എന്നെല്ലാം ആളുകൾ ധരിച്ചുവെച്ചിട്ടുണ്ടെന്ന വിമർശനമാണ് സാമൂഹിക പ്രവർത്തകയും ജസ്റ്റിസ് ഫോർ അനീഷ്യ ഐക്യദാർഢ്യ കൂട്ടായ്മയുടെ ഭാഗവുമായ പി.ഇ ഉഷ ഉന്നയിക്കുന്നത്. “ഒരു സ്ത്രീ എന്ന നിലയ്ക്ക് അവരെ ഒറ്റപ്പെടുത്തി, അവരുടെ അറിവും അനുഭവം ഇല്ലാതാക്കുന്ന, അതൊന്നും പ്രസക്തമാല്ലാതാക്കുന്ന തരത്തിൽ കുറേക്കാര്യങ്ങൾ ഉണ്ടായിട്ടുണ്ട്. ഇതിൽ ജൻഡർ വലിയൊരു ഭാഗം തന്നെയാണ്. നിയമമനുസരിച്ച് കാര്യങ്ങൾ നടക്കണമെന്ന് വാശിപിടിക്കുന്ന ആളാണ് അനീഷ്യ. എന്നാൽ സീനിയേഴ്സിന് ആവശ്യം വളരെ ഫ്ലക്സിബിൾ ആയിട്ടുള്ള സ്ത്രീയെയാണ്. അത് നടക്കാത്തതുകൊണ്ടാണ് അനീഷ്യയെ ഒറ്റപ്പെടുത്തുകയും സംഘടിതമായി ജോലിയിൽ ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്തത്.”
സീനിയോരിറ്റി വളരെ പ്രാധാന്യത്തോടെ കാണുന്ന ഈ ഡിപ്പാർട്ട്മെന്റിൽ ഒന്നര വർഷം മുമ്പ് ജോലിയിൽ പ്രവേശിച്ച ശ്യാം എന്ന അഭിഭാഷകൻ അനീഷ്യയോട് മേൽക്കോയ്മയോടെ പെരുമാറിയത് അയാൾ പുരുഷനായതുകൊണ്ടും സംഘടനയുടെ എക്സിക്യൂട്ടീവ് മെമ്പർ ആയതുകൊണ്ടുമാണെന്നും പി.ഇ ഉഷ പറയുന്നു. ശ്യാം നിരന്തരം മോശമായി പെരുമാറുകയും കാര്യങ്ങൾ ചെയ്യാൻ സമ്മതിക്കാതിരിക്കുകയും അയാളുടെ ജോലി കൂടി അനീഷ്യയെക്കൊണ്ട് ചെയ്യിപ്പിക്കാൻ ശ്രമിക്കുകയും ആണധികാരം കാണിക്കുകയും ചെയ്തിരുന്നതായി ഉഷ ചൂണ്ടിക്കാട്ടുന്നു.
“കേരളത്തിലെ സ്ത്രീകളുടെ വളർച്ചയും സമൂഹത്തിന്റെ വളർച്ചയും യോജിക്കുന്ന തരത്തിലല്ല. സ്ത്രീകൾ ഉന്നത വിദ്യാഭ്യാസവും ജോലിയും നേടി മുന്നോട്ടുവരുന്നു. അടുത്ത കാലത്ത് നടന്ന ആത്മഹത്യകളൊക്കെ നോക്കൂ… ചെറുപ്പക്കാരികളായ, പ്രൊഫഷണൽ ജോലി ചെയ്യുന്നവരാണ് എല്ലാം. സ്ത്രീകൾ ലക്ഷ്യബോധത്തോടെ, കഠിനമായ പ്രയത്നത്തിലൂടെ നേടിയടുക്കുന്ന നേട്ടങ്ങളെ സമൂഹം പ്രത്യേകിച്ച് കേരളത്തിലെ ആണധികാര സമൂഹം വില കല്പിക്കുന്നില്ല. കേരളത്തിൽ എല്ലാരംഗത്തും നിലപാടില്ലാത്ത സ്ത്രീകളെ ഒപ്പം നിർത്തി, അവർക്ക് പ്രശ്നമില്ലല്ലോ എന്ന് ചൂണ്ടിക്കാണിക്കുന്ന പ്രവണതയുണ്ട്. നിയമപരമായി നിലനിൽക്കാനുള്ള ഇടങ്ങൾ ഉപയോഗിക്കുന്ന സത്രീകളെ അംഗീകരിക്കില്ല.”
അനീഷ്യയുടെ മരണം ഒരു ഇൻസ്റ്റിറ്റ്യൂഷൻ കൊലപാതകമാണെന്നും പി.ഇ ഉഷ ആരോപിക്കുന്നു. “തൊഴിലിടത്തിൽ ജോലി ചെയ്യാനുള്ള തടസങ്ങൾ ഒഴിവാക്കിവരുമ്പോൾ, നിയമപരമായി കാര്യങ്ങൾ ചെയ്യുമ്പോൾ നിങ്ങളെന്താണ് എനിക്കൊപ്പം നിൽക്കാത്തത് എന്ന് അനീഷ്യ അത്ഭുതപ്പെടുകയാണ്. സത്യത്തിനും നീതിക്കും ഒരു വിലയുമില്ലെന്ന് അവർ തിരിച്ചറിയുകയാണ്. മേലുദ്യോഗസ്ഥൻ, സഹപ്രവർത്തകർ ഒക്കെ കൂട്ടമായിട്ടാണ് മീറ്റിങ്ങിലൊക്കെ ഇവർക്കെതിരെ വയലൻസ് കാണിച്ചിട്ടുള്ളത്. തുല്യതയുടെ പ്രതലം ഉണ്ടാക്കാനുള്ള അനീഷ്യയുടെ എല്ലാ ശ്രമങ്ങളും അവിടെ പരാജയപ്പെടുന്നു.” പി.ഉ ഉഷ പറഞ്ഞു.
ജീവനക്കാരുടെ അസോസിയേഷന് അനീഷ്യയുടെ മരണത്തിൽ നിർണായക പങ്കുണ്ടെന്നും പി.ഇ ഉഷ ചൂണ്ടിക്കാണിക്കുന്നു. “രാഷ്ട്രീയ നിയമനം വഴി വന്നിട്ടുള്ള പ്രോസിക്യൂട്ടർമാരാണ് ഇവരിലധികവും. രാഷ്ട്രീയ നിയമനങ്ങളിലൂടെ വരുന്നവർക്ക് ഭരണസംവിധാനങ്ങളോടോ നിയമസംഹിതയോടോ ആയിരിക്കില്ല വിധേയത്വം, അവർക്ക് ജോലി കൊടുത്ത രാഷ്ട്രീയ പാർട്ടിയോടാകും. “
തനിക്ക് പ്രിയപ്പെട്ടവരെയല്ല, മറിച്ച് ഹൈക്കോടതി രജിസ്ട്രാർ, സിറ്റി പൊലീസ് കമ്മീഷണർ, സംസ്ഥാന വനിതാ കമ്മീഷൻ, ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ എന്നിവരെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു അനീഷ്യയുടെ ആത്മഹത്യക്കുറിപ്പ്. നീതിന്യായ സംവിധാനങ്ങളിൽ അവർ അർപ്പിച്ചിരുന്ന വിശ്വാസത്തെയും പ്രതീക്ഷയെയുമാണ് ഇത് സൂചിപ്പിക്കുന്നത്. കഠിനാധ്വാനത്തിലൂടെ ഏറെ ആഗ്രഹിച്ച നിയമ ബിരുദവും നിയമ സംവിധാനത്തിലെ ജോലിയും സ്വന്തമാക്കിയ ഒരു സ്ത്രീയുടെ അധ്വാനത്തെയും സമർപ്പണത്തെയും പോലും പരിഗണിക്കാൻ കഴിയാത്ത തരത്തിൽ നമ്മുടെ നീതിന്യായ വ്യവസ്ഥ ജീർണ്ണിച്ചിരിക്കുന്നു എന്നാണ് അനീഷ്യയുടെ ആത്മഹത്യയും അന്വേഷണം ദുർബലപ്പെടുത്താൻ നടന്ന ശ്രമങ്ങളും വ്യക്തമാക്കുന്നത്.