Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


പട്ടികജാതി-പട്ടിക വർഗ വികസന വകുപ്പ് മന്ത്രി കെ.എ തുളസി പ്രതിനിധീകരിക്കുന്ന ജില്ലയില്‍ പട്ടികവര്‍ഗ കുടുംബങ്ങള്‍ക്കായുള്ള ഭവനനിര്‍മ്മാണ പദ്ധതികള്‍ വന്‍ തകര്‍ച്ചയിലെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്. പാലക്കാട് ട്രൈബല്‍ ഓഫിസ് പരിധിയിലുളള ആദിവാസി മേഖലയില്‍ നടപ്പാക്കിയ പദ്ധതിയാണ് പരാജയപ്പെട്ടത്. സംസ്ഥാനത്തെ മുഴുവന്‍ ആദിവാസി കുടുംബങ്ങള്‍ക്കും തലചായ്ക്കാന്‍ സുരക്ഷിതമായ ഇടം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ച പദ്ധതികളാണ് ഉദ്യോഗസ്ഥരുടെ അനാസ്ഥയും കൃത്യമായ മേല്‍നോട്ടമില്ലായ്മയും കാരണം വഴിമുട്ടിനില്‍ക്കുന്നത്.
സംസ്ഥാനത്ത് ഒരു പട്ടികവര്‍ഗ കുടുംബം പോലും ഭവനരഹിതരായി ഉണ്ടാകരുത് എന്ന് ലക്ഷ്യമിട്ടാണ് സംസ്ഥാന സര്‍ക്കാര്‍ പട്ടികവര്‍ഗ ഡയറക്ടറേറ്റ് വഴി ഒരു ഭവന നിര്‍മ്മാണ പദ്ധതി ആവിഷ്‌കരിച്ചത്. പദ്ധതിക്കായി കോടികള്‍ ഒഴുക്കി. പൂര്‍ത്തിയായത് ഏതാനും വീടുകള്‍ മാത്രം. 2008-09 മുതല്‍ ‘അഡീഷണല്‍ ട്രൈബല്‍ സബ് പ്ലാന്‍’, ‘ജനറല്‍ ഹൗസിംഗ്’, ‘കോര്‍പ്പസ് ഫണ്ട്’ എന്നിവ വഴി ആദിവാസി മേഖലയിലേക്ക് വന്‍തുക അനുവദിച്ചിരുന്നു.
പാലക്കാട് ട്രൈബല്‍ ഓഫിസിന് കീഴില്‍ 2017-18 സാമ്പത്തിക വര്‍ഷം മുതല്‍ വീടുമില്ലാത്ത എല്ലാ കുടുംബങ്ങള്‍ക്കും പൂര്‍ണ്ണമായി വീട് ലഭ്യമാക്കുന്ന ‘ലൈഫ് മിഷന്‍’ പദ്ധതിയിലേക്ക് ഇതിനെ സംയോജിപ്പിച്ചു. എന്നാല്‍, സാമ്പത്തിക സഹായം കൃത്യമായി നല്‍കിയിട്ടും ഭവനനിര്‍മ്മാണം കാതലായ പുരോഗതി നേടിയില്ല. വീടുകളുടെ നിര്‍മ്മാണ പുരോഗതി വളരെ പിന്നിലായി. വളരെ കുറച്ചുപേര്‍ മാത്രമാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. വീടില്ലാത്ത ഗോത്രവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് പുതിയ വീട് വയ്ക്കുന്നതിനായി സാമ്പത്തിക സഹായം നല്‍കുന്നതായിരുന്നു ഈ പദ്ധതി.


2016 മാര്‍ച്ച് 31ന് മുന്‍പ് പാലക്കാട് ട്രൈബല്‍ ഓഫീസര്‍ കണ്ടെത്തിയ 994 ഗുണഭോക്താക്കള്‍ക്കായി വീട് നിര്‍മ്മാണത്തിന് 21.76 കോടി രൂപ വിതരണം ചെയ്‌തെങ്കിലും, വെറും 157 വീടുകള്‍ മാത്രമാണ് പൂര്‍ത്തിയായത്. 2016-17 കാലയളവില്‍ അനുവദിച്ച 509 വീടുകളില്‍ 181 എണ്ണം മാത്രമാണ് പണിതീര്‍ന്നത്. 328 വീടുകളുടെ നിര്‍മ്മാണം ഇന്നും വിവിധ ഘട്ടങ്ങളിലായി മുടങ്ങിക്കിടക്കുന്നു. ഇതില്‍ 26 കുടുംബങ്ങളുടെ വീടുപണി ഒന്നാം ഘട്ടത്തിലും 31 പേരുടേത് രണ്ടാം ഘട്ടത്തിലുമാണ്. ഭൂരിഭാഗം ഗുണഭോക്താക്കളുടെയും വീടുപണി വിവിധ ഘട്ടങ്ങളില്‍ തടസ്സപ്പെട്ടു. ഇത് പദ്ധതി നടപ്പിലാക്കുന്നതില്‍ വകുപ്പിന്റെ ഗുരുതര വീഴ്ചയാണ്.
ഉദാഹരണത്തിന്, വീട് നിര്‍മ്മിക്കേണ്ട എന്ന് ഗുണഭോക്താക്കള്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് 29.85 ലക്ഷം രൂപ യാതൊരു പ്രയോജനവുമില്ലാതെയായി. പട്ടികവര്‍ഗ വിഭാഗങ്ങളുടെ ഉന്നമനത്തിനും അവരുടെ ഭവന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് ഇത് കനത്ത തിരിച്ചടിയാണ്. പട്ടികവര്‍ഗക്കാര്‍ക്ക് വീട് നല്‍കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് നിരവധി പദ്ധതികളും ഫണ്ടുകളും ഉണ്ടെങ്കിലും, വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പലര്‍ക്കും വീട് പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ല എന്നത് നിരാശാജനകമാണ്. ഇത് നിലവിലെ സാമ്പത്തിക സഹായ രീതിയുടെ ഫലപ്രാപ്തിയെ ചോദ്യം ചെയ്യുന്നു.


പാലക്കാട് ട്രൈബല്‍ ഓഫിസിന് കീഴിലുള്ള ആദിവാസി ഊരുകളിലെ വീട് അറ്റകുറ്റപ്പണി പൂര്‍ത്തിയാകാത്തതിലൂടെ 1.04 കോടി രൂപ വെറുതെയായി. പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട ആളുകളുടെ ജീര്‍ണ്ണിച്ച വീടുകള്‍ നവീകരിക്കാനും, മേല്‍ക്കൂര നിര്‍മ്മിക്കാനും, അധിക മുറികള്‍ പണിയാനുമായി സംസ്ഥാന സര്‍ക്കാര്‍ ഒരു പദ്ധതി ആരംഭിച്ചിരുന്നു. തുടക്കത്തില്‍ ഒരു ലക്ഷം രൂപയാണ് നല്‍കിയിരുന്നതെങ്കിലും, 2017 ആഗസ്റ്റില്‍ ഇത് 1.5 ലക്ഷം രൂപയായി വര്‍ദ്ധിപ്പിച്ചു. മൂന്ന് ഗഡുക്കളായാണ് ഈ തുക നല്‍കിയിരുന്നത്. സാമ്പത്തിക സഹായം ലഭിച്ച 291 ഗുണഭോക്താക്കളില്‍ 188 പേര്‍ മാത്രമാണ് പണി പൂര്‍ത്തിയാക്കിയത്. ബാക്കി 103 പേരുടെ പണി ഇതുവരെ പൂര്‍ത്തിയായിട്ടില്ല. ഇതുവഴി 1.04 കോടി രൂപ ലക്ഷ്യത്തിലെത്താതെ പാഴായിപ്പോയി. ഒന്ന് മുതല്‍ ആറ് വര്‍ഷം വരെയായിട്ടും പല വീടുകളുടെയും പണി തീര്‍ന്നിട്ടില്ല.
പട്ടികവര്‍ഗ വകുപ്പിലെ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുള്ള മോണിറ്ററിംഗിന്റെയും തുടരന്വേഷണങ്ങളുടെയും അഭാവമാണ് പദ്ധതി പാളുന്നതിന് പ്രധാന കാരണമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കൃത്യമായ പ്രോജക്ട് മാനേജ്‌മെന്റും ഗുണഭോക്താക്കള്‍ക്ക് നല്‍കേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ലഭിക്കുന്നില്ല. പണം നേരിട്ട് ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് നല്‍കുന്ന നിലവിലെ രീതിക്ക് പകരം, പദ്ധതി കൃത്യമായി പൂര്‍ത്തിയാക്കാന്‍ സര്‍ക്കാരിന്റെ അംഗീകൃത നിര്‍മ്മാണ ഏജന്‍സികളെ ചുമതലപ്പെടുത്തണമെന്ന് റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു. വന്‍തോതില്‍ പൊതുപണം നഷ്ടമാകുന്ന സാഹചര്യത്തില്‍, നിര്‍മ്മാണങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്ന് ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.
പട്ടികവര്‍ഗ്ഗ വിഭാഗത്തിന്റെ ജീവിതനിലവാരം ഉയര്‍ത്താന്‍ ലക്ഷ്യമിട്ട് അനുവദിച്ച വലിയൊരു തുക, പണികള്‍ പൂര്‍ത്തിയാകാത്തത് കാരണം പ്രയോജനപ്പെടാതെ പാഴായിപ്പോയി. നിര്‍മ്മാണത്തിന്റെ പുരോഗതി കൃത്യമായി വിലയിരുത്താന്‍ ശക്തമായ ഒരു നിരീക്ഷണ സംവിധാനം കൊണ്ടുവരണം. പദ്ധതി നടപ്പിലെ സുതാര്യത ഉറപ്പാക്കാന്‍, ഉദ്യോഗസ്ഥ അഴിമതിക്ക് അറുതി വരുത്താന്‍ വകുപ്പില്‍ സോഷ്യല്‍ ഓഡിറ്റ് നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകുമോയെന്നാണ് ഇനി അറിയേണ്ടത്.

