Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


“ചോലനായ്ക്ക വിഭാഗത്തിൽ നിന്നുള്ള ഒരു വിദ്യാർത്ഥി പത്താം ക്ലാസ് പാസായപ്പോൾ അവരുടെ രക്ഷിതാവ് എന്നെ കാണാൻ വന്നു. വളരെ സന്തോഷത്തിലായിരുന്നു അവർ. ‘ടീച്ചറെ ഞങ്ങൾ ദൈവത്തെ പോലെയാണ് ഇപ്പോൾ കാണുന്നത്. എന്റെ മോൾ പരീക്ഷ പാസായി, ഇനി ഞങ്ങളുടെ ഫോമുകളൊക്കെ പൂരിപ്പിക്കാൻ ഞങ്ങളുടെ കൂട്ടത്തിൽ നിന്ന് തന്നെ ഒരാളായല്ലോ, അതുകൊണ്ട് ആർക്കും ഇനി ഞങ്ങളെ പറ്റിക്കാൻ കഴിയില്ലല്ലോ’ എന്നവർ എന്നോട് പറഞ്ഞു. ഇതുകേട്ട് എനിക്കും വളരെ സന്തോഷവും അഭിമാനവും തോന്നി. എന്നാൽ വിദ്യാർത്ഥിയുടെ സർട്ടിഫിക്കറ്റുകൾ പരിശോധിച്ചപ്പോഴാണ് സ്ക്രൈബ് വഴിയാണ് പരീക്ഷ എഴുതിയത് എന്നറിയാൻ സാധിച്ചത്. ഉള്ളിൽ തോന്നിയ സന്തോഷവും അഭിമാനവുമെല്ലാം പെട്ടെന്ന് അവിടെ നിലംപതിച്ചു… എന്റെ കണ്ണുകൾ നിറഞ്ഞു.”
മലപ്പുറം ജില്ലയിലെ നിലമ്പൂരിൽ ഗോത്ര വിദ്യാർത്ഥികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ഒരു സാമൂഹ്യ പ്രവർത്തകയുടെ അനുഭവമാണിത്. പരീക്ഷകൾ സ്വയം എഴുതാൻ കഴിയാത്ത വിദ്യാർത്ഥികൾ സഹായിയെ ആശ്രയിക്കുന്ന ‘സ്ക്രൈബ്’ സമ്പ്രദായം ആദിവാസി വിദ്യാർത്ഥികളോട് ചെയ്യുന്ന വഞ്ചനയെക്കുറിച്ച് ഏറെ ആശങ്കപ്പെടുന്ന വ്യക്തിയാണ് അവർ. സ്കൂളുകളുടെ വിജയ ശതമാനം ഉയർത്താനായി, അധ്യാപകർ ഗോത്ര വിദ്യാർത്ഥികളെ സ്ക്രൈബ് വഴി എസ്.എസ്.എൽ.സി, ഹയർ സെക്കണ്ടറി പരീക്ഷ എഴുതിക്കുന്ന രീതി വ്യാപകമായി മാറുന്നതാണ് അവരെ ആശങ്കപ്പെടുത്തുന്നത്. ‘പഠനവൈകല്യമുള്ളവർ’ എന്ന് ഈ വിദ്യാർത്ഥികളെ ലിസ്റ്റ് ചെയ്തുകൊണ്ടാണ് സ്ക്രൈബിന്റെ സേവനം അധ്യാപകർ നിർദ്ദേശിക്കുന്നത്.
‘പഠനവൈകല്യമുള്ളവർ’ എന്ന ലിസ്റ്റിലേക്ക് കൂടുതലും ഉൾപ്പെടുത്തപ്പെടുന്നത് ആദിവാസി വിദ്യാർത്ഥികളാണ്. പരീക്ഷ എഴുതാൻ ശേഷിയുള്ള വിദ്യാർത്ഥികളുടെ ആ അവകാശത്തെ പോലും നിഷേധിക്കുന്ന രീതിയിലേക്ക് സ്‌ക്രൈബ് ഉപയോഗം ആദിവാസി മേഖലയിൽ മാറിയിരിക്കുന്നു. മാനസികമായി വെല്ലുവിളികൾ നേരിടുന്നവരാണെന്ന് കാണിക്കുന്ന വ്യാജ സർട്ടിഫിക്കറ്റുകൾ ഈ വിദ്യാർത്ഥികൾക്ക് വേണ്ടി തയ്യാറാക്കപ്പെടുന്നു. നൂറ് ശതമാനം വിജയാഘോഷത്തിന്റെ ഇരകളായിത്തീരുന്ന ഇവരിൽ മിക്കവരും തുടർന്ന് പഠിക്കാൻ കഴിയാതെ വിദ്യാഭ്യാസ രംഗത്ത് നിന്നും പിഴുതെറിയപ്പെടുന്നു. ഗോത്ര വിദ്യാർത്ഥികൾ പഠനത്തിൽ നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങൾ എങ്ങനെയാണ് പരിഹരിക്കേണ്ടത് എന്ന ആലോചനകളേയും ഈ ‘കുറുക്കുവഴി’ അട്ടിമറിക്കുന്നു.


എന്താണ് സ്ക്രൈബ് സമ്പ്രദായം ?
എസ്.എസ്.എൽ.സി, പ്ലസ് ടു പോലുള്ള ബോർഡ് പരീക്ഷകളിൽ, ശാരീരിക വൈകല്യങ്ങൾ കാരണമോ മാനസിക വൈകല്യങ്ങൾ കാരണമോ സ്വന്തമായി പരീക്ഷ എഴുതാൻ കഴിയാത്ത വിദ്യാർത്ഥികളെ സഹായിക്കാൻ നിയോഗിക്കപ്പെട്ട ഒരാളെയാണ് ‘സ്ക്രൈബ്’ എന്ന് പറയുന്നത്. വിദ്യാർത്ഥി പറയുന്ന കാര്യങ്ങൾ കൃത്യമായി അതുപോലെ എഴുതുക എന്നതാണ് സ്ക്രൈബിന്റെ ചുമതല. സ്ക്രൈബായി വരുന്ന വ്യക്തിയുടെ വിദ്യാഭ്യാസ യോഗ്യത എഴുതുന്ന പരീക്ഷയുടെ യോഗ്യതയേക്കാൾ ഒരുപടി കുറവായിരിക്കണം എന്നാണ് വ്യവസ്ഥ. പ്രധാനമായും താഴെ പറയുന്ന വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കാണ് സ്‌ക്രൈബിന്റെ സേവനം ലഭിക്കാൻ അർഹതയുള്ളത്:
– കാഴ്ച പരിമിതിയുള്ളവർ
– ശാരീരിക വൈകല്യമുള്ളവർ (കൈകളുടെ ചലനശേഷി കുറഞ്ഞവർ/ഇല്ലാത്തവർ, സെറിബ്രൽ പാൾസി ബാധിച്ചവർ എന്നിവർ)
– നിർദ്ദിഷ്ട പഠന വൈകല്യമുള്ളവർ (എഴുതാനുള്ള വേഗതയെ സാരമായി ബാധിക്കുന്ന ഡിസ്ലെക്സിയ പോലുള്ള പഠന വൈകല്യങ്ങൾ ഉള്ളവർ).
– ബുദ്ധിപരമായ വെല്ലുവിളികൾ/ഓട്ടിസം ഉള്ളവർ.
സ്ക്രൈബിന് യോഗ്യരായ വിദ്യാർത്ഥികൾ അംഗീകൃത മെഡിക്കൽ ബോർഡ് നൽകുന്ന ഭിന്നശേഷി സർട്ടിഫിക്കറ്റ് (പുതിയ നിയമമനുസരിച്ച് UDID കാർഡ്) ഹാജരാക്കണം. പരീക്ഷ എഴുതുന്നതിനുള്ള പരിമിതിയുണ്ട് എന്ന് സർട്ടിഫിക്കറ്റിൽ വ്യക്തമാക്കണം. ഇതിനായി ഗവൺമെന്റ് സൈക്കോളജിസ്റ്റും, സൈക്കാട്രിസ്റ്റും നൽകുന്ന ഡിസബിലിറ്റി സർട്ടിഫിക്കറ്റ് സഹിതം വിദ്യാഭ്യാസ വകുപ്പിന് അപേക്ഷ നൽകണം. കൂടാതെ വിദ്യാർത്ഥികൾ സമർപ്പിക്കുന്ന, മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റിന്റെ ഓരോ പകർപ്പ് വിദ്യാർത്ഥികളുടെയോ രക്ഷിതാക്കളുടെയോ കൈവശവും അതാത് സ്കൂൾ പ്രഥമാദ്ധ്യാപകരുടെ രേഖകളോടൊപ്പവും അതാത് ജില്ലാ വിദ്യാഭ്യാസ ഓഫീസർമാരുടെ കാര്യാലയത്തിലും പ്രത്യേകം സൂക്ഷിക്കേണ്ടതാണ്.
സ്ക്രൈബ് ദുരുപയോഗം ചെയ്യപ്പെടുന്നതെങ്ങനെ ?
നിലമ്പൂർ മേഖലയിൽ നടത്തിയ അന്വേഷണത്തിന്റെ പശ്ചാത്തലത്തിൽ കണ്ടെത്താൻ സാധിച്ചത് സർക്കാർ സ്കൂളുകളിലടക്കം നടന്നുകൊണ്ടിരിക്കുന്ന സ്ക്രൈബ് ദുരുപയോഗത്തിന്റെ വിവിധ തലങ്ങളാണ്. കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആന്റ് ടെക്നോളജിയിൽ അപ്ലൈഡ് എക്കണോമിക്സിൽ പി.എച്ച്.ഡി ചെയ്യുന്ന വിനോദ് ചെല്ലൻ സ്ക്രൈബ് ദുരുപയോഗത്തെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്. പ്രാക്തന ഗോത്ര വിഭാഗമായ ചോലനായ്‌കരിൽ നിന്നും ആദ്യമായി ഉന്നത വിദ്യാഭ്യാസം നേടിയ വ്യക്തിയാണ് നിലമ്പൂർ മാഞ്ചീരി സ്വദേശിയായ വിനോദ് ചെല്ലൻ. “ഗോത്രവിഭാഗത്തിൽ നിന്ന് വരുന്ന ഓരോ വിദ്യാർത്ഥികളുടെയും പ്രഥമലക്ഷ്യം വിദ്യാഭ്യാസത്തിലൂടെ പൊതുജീവിതത്തിന്റെ ഭാഗമാകുക എന്ന് തന്നെയാണ് . മികച്ച വിദ്യാഭ്യാസം നേടുക, തൊഴിൽ പ്രാവീണ്യം നേടുക, അത് വഴി സാമുദായിക വികസനം (community development) സൃഷ്ടിക്കുക എന്ന സ്വപ്നത്തോട് കൂടിയാണ് ഓരോ മാതാപിതാക്കളും കുട്ടികളെ അവരുടെ വളരെ ചെറുപ്രായത്തിൽ തന്നെ ഊരിൽ നിന്ന് ഹോസ്റ്റലുകളിലേക്കും എംആർഎസ്സുകളിലേക്കും അയക്കുന്നത്. എന്നാൽ സ്ക്രൈബ് എക്സാം വഴി നേടുന്ന വിദ്യാഭ്യാസം അവരെ കാട്ടിലും വീട്ടിലും ജീവിക്കാൻ പറ്റാത്ത അവസ്ഥയിൽ കൊണ്ട് ചെന്നെത്തിക്കുന്നു. ഞാൻ അടക്കമുള്ള മുൻകാല ഗോത്ര വിദ്യാർത്ഥികൾ പഠിക്കുന്ന കാലത്ത് ഭാഷാ പ്രശ്നം രൂക്ഷമായിരുന്നു. മതിയായ യാത്രാ സൗകര്യമോ, വിദ്യാലയങ്ങളോ, മറ്റ് അടിസ്ഥാന സൗകര്യങ്ങളോ ഇല്ലായിരുന്നു. എന്നിട്ട് പോലും ഞങ്ങൾക്കിടയിലെ 98 ശതമാനം വിദ്യാർത്ഥികൾക്കും എഴുതാനും വായിക്കാനും അറിയാമായിരുന്നു. എല്ലാവർക്കും മികച്ച വിദ്യാഭ്യാസവും ലഭിച്ചിരുന്നു. ഇന്ന് 50 ശതമാനം വിദ്യാർത്ഥികൾക്കും ഭാഷാപ്രശ്നമില്ല. മികച്ച ഹോസ്റ്റൽ സൗകര്യം, വാഹന സൗകര്യം ഇവയെല്ലാം ഉണ്ടായിട്ടും കുട്ടികൾ സ്ക്രൈബിന് വിധേയരാവുന്നു എന്നത് വളരെയേറെ സങ്കടകരമായ വസ്തുതയാണ്. ഇത് വ്യക്തമായും ഗോത്ര വിദ്യാർത്ഥികളോട് ചെയ്യുന്ന അനീതി തന്നെയാണ്.”


‘സ്പെഷ്യൽ ലേർണിംഗ് ഡിസബലിറ്റി’ എന്ന കാറ്റഗറിയെ ആണ് പ്രധാനമായും അധ്യാപകർ ഇതിനായി ദുരുപയോഗം ചെയ്യുന്നത്. പശ്ചിമഘട്ടത്തിലെ ഗോത്രവിഭാഗങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ കീസ്‌റ്റോൺ ഫൗണ്ടേഷൻ പ്രവർത്തക (പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല) ഈ പ്രശ്നത്തിന്റെ ആഴം കുറച്ചുകൂടി വിശദമാക്കി.
“ലേണിംഗ് ഡിസബിലിറ്റി ആരോപിച്ചാണ് ഗോത്ര വിദ്യാർത്ഥികളെ കൊണ്ട് സ്ക്രൈബ് എഴുതിപ്പിക്കുന്നത്. അങ്ങെനെ ഒരു അസുഖമുണ്ടെങ്കിൽ അത് പത്താം ക്ലാസ്സിൽ എത്തുമ്പോഴാണോ കണ്ടുപിടിക്കുന്നത് ? അഞ്ച് വയസ്സ് മുതൽ പഠനത്തിനായി ഊരിൽ നിന്നിറങ്ങുന്ന കുട്ടികൾ പ്ലസ് ടു വരെ എംആർഎസിലാണ് (Tribal Model Residential Schools) പഠിക്കുന്നത്. എന്നിട്ടും അവർക്ക് ഒന്നുമറിയില്ല എന്നത് എങ്ങനെ വിശ്വസിക്കാനാണ് ? സ്കൂളിൽ നിന്നും നൽകുന്ന ഈ സ്ക്രൈബ് സർട്ടിഫിക്കറ്റിൽ ഒപ്പ് വെക്കുന്നത് അവരുടെ രക്ഷിതാക്കൾ ആണെന്ന് എന്തുറപ്പാണുള്ളത്. ഇനി അവർ തന്നെയാണെങ്കിൽ ബേസിക് എഡ്യൂക്കേഷൻ പോലുമില്ലാത്ത അവരോട് എന്ത് പറഞ്ഞുകൊണ്ടാണ് തങ്ങളുടെ മക്കളുടെ ഇല്ലാത്ത വൈകല്യ സർട്ടിഫിക്കറ്റിൽ ഒപ്പുവെപ്പിക്കുന്നത് ? ലേണിംഗ് ഡിസബിലിറ്റി ഉണ്ടെന്ന് ആരോപിക്കുന്ന വിദ്യാർത്ഥികളിൽ ലാപ്ടോപ്പ് നന്നായി ഉപയോഗിക്കുന്നവരുണ്ട്. അതവരുടെ സഹോദരങ്ങൾക്ക് പഠിപ്പിച്ച് നൽകുന്നുണ്ട്. നന്നായി ചിത്രം വരക്കുന്നവരുണ്ട്. ആർട്സിലും സ്പോർട്സിലും മികവ് തെളിയിച്ചവരുണ്ട്. ഇവർക്കെല്ലാം എങ്ങെനെയാണ് ലേണിംഗ് ഡിസബിലിറ്റി ഉണ്ടെന്ന് സ്ഥാപിക്കാൻ കഴിയുന്നത്? ഇങ്ങനെ സ്ക്രൈബ് എക്സാം എഴുതിപ്പിച്ചാൽ കേരളത്തിൽ ഏറ്റവും കൂടുതൽ മാനസിക വൈകല്യം അനുഭവിക്കുന്നവരായി ഗോത്ര വിദ്യാർത്ഥികൾ മാറും. അതിനെക്കുറിച്ചോർത്ത് ഞങ്ങൾക്ക് നല്ല ആശങ്കയുണ്ട്.”
സ്ക്രൈബ് ദുരുപയോഗത്തിന്റെ പ്രശ്നങ്ങൾ
പഠനവൈകല്യം എന്നത് യഥാർത്ഥത്തിൽ തലച്ചോറുമായി ബന്ധപ്പെട്ട ഒരു ന്യൂറോ ഡെവലപ്‌മെൻ്റൽ അവസ്ഥയാണ്. വിവരങ്ങൾ സ്വീകരിക്കാനും സംസ്ക്കരിക്കാനും കൈകാര്യം ചെയ്യാനുമുള്ള തലച്ചോറിൻ്റെ കഴിവിനെ ഇത് ബാധിക്കുന്നു. ഇതനുഭവിക്കുന്ന ഒരു കുട്ടിയ്ക്ക് എഴുതാനും വായിക്കാനും സംസാരിക്കാനും ഗണിത ശാസ്ത്ര സംബന്ധിയായ പ്രശ്നങ്ങൾ പരിഹരിക്കാനുമുള്ള കഴിവ് കുറവായിരിക്കും. പരസ്പരം ബന്ധപ്പെട്ട് കിടക്കുന്ന Dyslexia, DysPraxia, Discalculia, Dysgraphia എന്നീ അസ്വസ്ഥതകൾ പഠനവൈകല്യത്തിൻ്റെ ഭാഗമാണെന്ന് മനഃശാസ്ത്ര വിദഗ്ധർ പറയുന്നു. കൂട്ടി വായിക്കാനുള്ള ബുദ്ധിമുട്ട്, ഗണിതത്തിൽ പിന്നോട്ട് പോകുക, വായനയോടും എഴുത്തിനോടും വിമുഖത കാണിക്കുക, മോശം കൈയ്യെഴുത്ത്, പുതിയ കഴിവുകൾ ആർജ്ജിക്കുവാൻ പ്രയാസം, നോക്കി എഴുതുമ്പോൾ പോലും തെറ്റ് സംഭവിക്കുക എന്നിവയൊക്കെയാണ് പ്രധാനമായും പഠനവൈകല്യത്തിൻ്റെ ലക്ഷണങ്ങൾ. പഠന വൈകല്യത്തിൻ്റെ ഔപചാരികമായ രോഗനിർണ്ണയം സാധാരണയായി നടത്തുന്നത് കുട്ടിക്ക് 7 വയസ്സിനും 9 വയസ്സിനും ഇടയിൽ (ക്ലാസ് 2 മുതൽ 4 വരെ) ആയിരിക്കും. സർട്ടിഫിക്കേഷൻ മാനദണ്ഡ പ്രകാരം കേരളത്തിൽ ഒരു വിദ്യാർത്ഥിക്ക് പഠനവൈകല്യം ഉണ്ടോ എന്ന് തീരുമാനിക്കുന്നത് വിദഗ്ദ്ധ സമിതിയുടെ നേതൃത്വത്തിൽ കൃത്യമായ പരിശോധനകളിലൂടെയാണ് (NIMHANS specific learning disorder (NSLD) പോലുള്ള ടൂളുകൾ ഉപയോഗിച്ച്). ഈ പരിശോധനയിൽ കുട്ടിക്ക് ശരാശരി ബുദ്ധി ഉണ്ടെന്നും, എന്നാൽ വായന, എഴുത്ത് അല്ലെങ്കിൽ കണക്ക് പോലുള്ള ഒരു പ്രത്യേക മേഖലയിൽ കഴിവ് കുറവുണ്ടെന്നും ശാസ്ത്രീയമായി തെളിയിക്കണം. ഈ സർട്ടിഫിക്കറ്റ് ലഭിച്ചാൽ മാത്രമേ സഹായിയുടെ സേവനം പരീക്ഷകളിൽ ലഭിക്കാൻ അർഹതയുള്ളൂ. ആദിവാസി വിദ്യാർത്ഥികൾക്ക് ഈ സർട്ടിഫിക്കറ്റ് ലഭ്യമാക്കിയാണ് സ്കൂൾ അധികതർ സ്ക്രൈബ് എഴുതിക്കുന്നത്.
കൺസൾട്ടന്റ് സൈക്കോളജിസ്റ്റായ റിൻഷിബ പഠനവൈകല്യത്തെക്കുറിച്ച് കൂടുതൽ വിശദമാക്കി. “ഒരു കുട്ടിക്ക് ലേണിംഗ് ഡിസബിലിറ്റി ഉണ്ടോ എന്ന് പരിശോധിക്കുമ്പോൾ അമ്മയുടെ ഗർഭധാരണം തൊട്ട് ജനനം വരെയുള്ള കാര്യങ്ങൾ ഇതിന് അനിവാര്യമാണ്. ഇതിന്റെ ആദ്യത്തെ ലക്ഷണം സംസാരിക്കാനുള്ള ബുദ്ധിമുട്ടാണ്. എട്ട് വയസ്സ് മുതലാണ് നമുക്ക് ലേണിംഗ് ഡിസബിലിറ്റി കണ്ടുപിടിക്കാൻ കഴിയുക. അതുവരെയുള്ളതിനെ ‘ലേണിംഗ് ഡിഫിക്കൽറ്റി’ ആയാണ് പരിഗണിക്കുക. ആദ്യം ഐക്യു ടെസ്റ്റ് നടത്തിയതിന് ശേഷമാണ് ലേണിംഗ് ഡിസബിലിറ്റി ടെസ്റ്റ് ചെയ്യുന്നത്. ലേണിംഗ് ഡിസബിലിറ്റി ഉള്ള കുട്ടികൾക്ക് മതിയായ പരിശീലനം ചെറുപ്പം തൊട്ടേ ലഭിച്ചാൽ നമുക്കിത് പരിഹരിക്കാൻ സാധിക്കും. ഗോത്ര വിദ്യാർത്ഥികൾക്ക് വേണ്ടി ജോലി ചെയ്ത സമയത്ത് ലേണിംഗ് ഡിസബിലിറ്റിയുള്ള കുട്ടികളെക്കാൾ ലേണിംഗ് ഡിഫിക്കൽറ്റി ഉള്ള വിദ്യാർത്ഥികളെയാണ് കാണാൻ സാധിച്ചത്. ഭാഷാ പ്രശ്നത്തെ പലപ്പോഴും തെറ്റിദ്ധരിച്ച് കാണാനുള്ള പ്രവണത കൂടുതലായിരിക്കും. അവർ വളർന്ന അന്തരീക്ഷത്തിൽ നിന്ന് പറിച്ച് നടുമ്പോഴുള്ള സാമൂഹിക പ്രശ്നത്തെ ലേണിംഗ് ഡിസബിലിറ്റിയായി കാണുന്നത് അനീതിയാണ്.”


പ്രാഥമിക ക്ലാസ്സുകളിൽ വെച്ച് ലേണിംഗ് ഡിസബിലിറ്റി ഉണ്ടോ എന്ന് കണ്ടെത്തി പരിഹരിക്കാതെ പത്താം ക്ലാസ്സിൽ എത്തുമ്പോൾ പരീക്ഷയിൽ വിജയിക്കാൻ വേണ്ടി സ്ക്രൈബ് ഉപയോഗിക്കുന്നതിനെയാണ് ഇവരെല്ലാം ചോദ്യം ചെയ്യുന്നത്. ഈ രീതി വിദ്യാർത്ഥിയുടെ ദീർഘകാല അക്കാദമിക വളർച്ചയ്ക്ക് ഒരു തരത്തിലും സഹായകമല്ല എന്ന് വ്യക്തം. സാമൂഹികവും ഭാഷാപരവുമായ വെല്ലുവിളികൾ നേരിടുന്ന വിദ്യാർത്ഥികളെ വിജയിപ്പിക്കാനായി ഈ സംവിധാനം ദുരുപയോഗം ചെയ്യന്നുത് അതിലേറെ ദോഷകരമാണ്.
ഗോത്ര വിദ്യാർത്ഥികളും ഇരട്ട വെല്ലുവിളിയും
സ്കൂൾ വിദ്യാഭ്യാസത്തിൽ ഗോത്ര വിദ്യാർത്ഥികൾ രണ്ട് തരത്തിലുള്ള വെല്ലുവിളികളാണ് പ്രധാനമായും നേരിടുന്നത്, ഭാഷാപരമായ തടസ്സങ്ങളും സാമൂഹിക പ്രശ്നങ്ങളും. ഭാഷാപരമായ വെല്ലുവിളിയെ സ്ക്രൈബിലൂടെ മറികടക്കുന്നത് വിദ്യാർത്ഥികളുടെ ആത്മവിശ്വാസം തകർക്കുന്ന നീക്കമാണ്. ഗോത്ര വിദ്യാർത്ഥികൾ നേരിടുന്ന ഭാഷാപരമായ വെല്ലുവിളികൾ അവരെ എങ്ങനെയാണ് ‘പഠനവൈകല്യമുള്ളവർ’ എന്ന ഗണത്തിലേക്ക് തള്ളിവിടുന്നത് എന്ന് നോക്കാം. ചോലനായ്ക്ക, കാട്ടുനായ്ക്ക വിഭാഗത്തിലെ കുട്ടികളാണ് പ്രധാനമായും നിലമ്പൂരിലെ എംആർഎസ്സിൽ പഠിക്കുന്നത്. അവരുടെ മാതൃഭാഷ മലയാളമല്ല. ആദിദ്രാവിഡ ഭാഷയുടെ വകഭേദമായ ചോലനായ്ക്കൻ ഭാഷയിലാണ് ഇവർ സംസാരിക്കുന്നത്. മലയാളം പഠിക്കുക എന്നത് അതുകൊണ്ടുതന്നെ അവർക്ക് പ്രയാസമാണ്. അവരുടെ കൂട്ടത്തിൽ തന്നെ മലയാള ഭാഷ നന്നായി കൈകാര്യം ചെയ്യുന്നവരും വളരെ സാവധാനത്തിൽ ഭാഷ ഉൾക്കൊള്ളുന്നവരുമുണ്ട്. ഈ ഭാഷാ പ്രശ്നത്തോടൊപ്പം സിലബസ് സമയോചിതമായി പഠിച്ച് തീർക്കുക എന്നത് ഇവർക്ക് ഇരട്ടിഭാരമായി മാറുന്നു. ഒരു ഗോത്രവിദ്യാർത്ഥിക്ക് ചോദ്യങ്ങൾ വായിച്ച് മനസ്സിലാക്കാനോ ഉത്തരങ്ങൾ കൃത്യമായി എഴുതാനോ കഴിയാതെ വരുമ്പോൾ, അധ്യാപകർ പലപ്പോഴും ഇത് ഭാഷാപരമായ തടസ്സമായല്ല, മറിച്ച് പഠനത്തിലെ വൈകല്യമായി (Dyslexia/Dysgraphia) തെറ്റിദ്ധരിക്കാറുണ്ട്. അങ്ങനെ സ്ക്രൈബിലേക്ക് എത്തുന്ന വിദ്യാർത്ഥികൾ തുടർ പഠനത്തിൽ നിന്നും പുറത്താക്കപ്പെടുന്ന കാഴ്ച നിലമ്പൂരിൽ വ്യാപകമാണ്.
വിദ്യാർത്ഥികളുടെ പുറത്താകൽ
പൊതുവിദ്യാലയങ്ങളിൽ നിന്നുള്ള ആദിവാസി വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് അതിരൂക്ഷമായി തുടരുകയാണ്. സംസ്ഥാന ശരാശരിയേക്കാൾ ഉയർന്ന തോതിലാണ് ആദിവാസി വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് എന്ന് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. സംസ്ഥാനത്ത് ഏറ്റവുമധികം പട്ടികവർഗക്കാർ അധിവസിക്കുന്ന വയനാട് ജില്ലയിൽ കൊഴിഞ്ഞുപോക്കിന്റെ ശരാശരി കണക്ക് മറ്റ് ജില്ലകളെ അപേക്ഷിച്ച് കൂടുതലാണ്. 2024 ൽ ജില്ലയിൽ സ്കൂൾ പഠനം പാതിവഴിയിലുപേക്ഷിച്ചത് 838 പട്ടികവർഗ വിദ്യാർഥികളാണ്. ഹയർസെക്കണ്ടറി തലത്തിലാണ് ഏറ്റവും കൂടുതൽ കൊഴിഞ്ഞുപോക്കുണ്ടായത്. ജില്ലയിൽ 453 വിദ്യാർഥികളാണ് ഹയർസെക്കണ്ടറി ക്ലാസുകളിൽ പഠനം പാതിയിലുപേക്ഷിച്ചത്. ഒന്ന് മുതൽ പത്താം തരം വരെ 385 കുട്ടികൾ കൊഴിഞ്ഞുപോയിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
വയനാട് മാനന്തവാടിക്കടുത്ത് ആദിവാസി വിദ്യാർത്ഥികൾക്കിടയിൽ പ്രവർത്തിക്കുന്ന സാമൂഹ്യ പ്രവർത്തകനും കർഷകനുമായ കെ.ആർ പ്രതീഷ് സ്ക്രൈബ് കൊഴിഞ്ഞുപോക്കിന് ആക്കം കൂട്ടും എന്ന് വിലയിരുത്തുന്നു. “വയനാട് ജില്ലയിൽ നിന്നും സ്ക്രൈബ് എഴുതുന്നതിൽ 95 ശതമാനവും ഗോത്ര വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളാണെന്നത് ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്. എഴുതാനോ വായിക്കാനോ യാതൊരു ബുദ്ധിമുട്ടും ഇല്ലാത്ത ഗോത്ര വിദ്യാർത്ഥികളെ, ബുദ്ധിപരമായ വൈകല്യമുള്ളവരായി അല്ലെങ്കിൽ സ്പെഷ്യൽ ലേണിംഗ് ഡിസബിലിറ്റിയുള്ളവരായി വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ സംഘടിപ്പിച്ച്, അവർക്ക് വേണ്ടി സ്ക്രൈബിനെ തയ്യാറുക്കുന്നു. അത് പത്താം ക്ലാസിന് ശേഷം വിദ്യാർത്ഥികളെ ഡ്രോപ്പ് ഔട്ടിലേക്ക് എത്തിക്കുകയും സ്കൂൾ അധികൃതർ പണമടച്ച് പരീക്ഷ രജിസ്റ്റർ ചെയ്യുന്നതിലൂടെ ഡ്രോപ്പ് ഔട്ട് വിവരങ്ങൾ ഔദ്യോഗികമായി ഡോക്യുമെന്റ് ചെയ്യപ്പെടാതെ പോവുകയും ചെയ്യുന്നു. എൽ.പി ക്ലാസ് മുതൽ പത്താം ക്ലാസ് വരെ എത്തിയിട്ടും സ്വന്തം പേര് പോലും എഴുതാൻ പറ്റാതെയാണ് പല കുട്ടികളും പാസായിപ്പോവുന്നത്. കുട്ടികൾക്ക് പഠിക്കാൻ പറ്റിയ അന്തരീക്ഷം അല്ല ഊരുകളിലുള്ളത്. ആറ് പേരടങ്ങുന്ന കുഞ്ഞ് വീടുകളിലാണ് പലരും താമസിക്കുന്നത്. ഒരു പഠനമുറി പോലും അവർക്കില്ല. വൈകല്യമുള്ളവർ എന്ന് മുദ്രകുത്തി നേടുന്ന വിജയം ഭാവിയിൽ അവർക്ക് തൊഴിൽ മേഖലയിലോ മറ്റ് ഉന്നത പഠനത്തിനോ തടസ്സമായി മാറാൻ സാധ്യതയുണ്ട്.” കെ.ആർ പ്രതീഷ് പറഞ്ഞു.
നിലമ്പൂരിലെ അവസ്ഥയും സമാനമാണ്. നിലമ്പൂരിൽ പ്രവർത്തിക്കുന്ന കീസ്റ്റോൺ ഫൗണ്ടേഷന്റെ ടെക്‌നിക്കൽ കോർഡിനേറ്റർ ആയ ശ്യാംജിത്ത് പി.കെ അത് വിശദമാക്കി. “ചാലിയാർ പഞ്ചായത്തിൽ ‘തിരികെ’ പ്രൊജക്റ്റ് (പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനും സ്കൂൾ പ്രവേശനം നേടാത്ത കുട്ടികളെ സ്കൂളിൽ പ്രവേശിപ്പിക്കുന്നതിനും സമഗ്ര ശിക്ഷാ കേരളം നടപ്പിലാക്കുന്ന പദ്ധതി) നടപ്പിലാക്കുന്ന സമയത്ത് സ്കൂൾ അധ്യാപകർ പറയുന്ന ഒരു കാര്യം, ക്ലാസിലെ അറ്റൻഡൻസ് രജിസ്റ്ററിൽ നിന്ന് കുട്ടികളുടെ പേര് ഒഴിവാക്കാൻ പറ്റില്ലെന്നും അത് എട്ടാം ക്ലാസിലോട്ടും ഒൻപതാം ക്ലാസിലോട്ടുമെല്ലാം ഫോർവേഡ് ചെയ്യുമെന്നുമാണ്. എന്നാൽ ഊരുകളിൽ ചെന്നാൽ ക്ലാസ്സിൽ ഹാജരുള്ള കുട്ടികളെ നമുക്ക് ഊരുകളിൽ കാണാൻ സാധിക്കും. സ്കൂളുകളിൽ ടെക്നിക്കലി നമുക്ക് ഡ്രോപ്പ് ഔട്ട് കാണാൻ സാധിക്കില്ല. ഇങ്ങനെ ഒരു സാഹചര്യം തുടർന്ന് പോവുന്നതിനാൽ കുട്ടി ക്ലാസിൽ വന്നാലും ഇല്ലെങ്കിലും പത്താം ക്ലാസിൽ ആ കുട്ടിയെ നമുക്ക് സ്ക്രൈബ് ലിസ്റ്റിൽ കാണാം. പരീക്ഷക്ക് വരുന്ന കുട്ടിക്ക് അവർ ഏത് പരീക്ഷക്കാണോ ഏത് വിഷയത്തിനാണോ വരുന്നതെന്ന് പോലും അറിയില്ല. സ്മാർട്ട് ക്ലാസ് റൂം പദ്ധതി വരുന്നതിന് മുൻപ് പത്താം ക്ലാസ് എഴുതിയ എല്ലാ കുട്ടികൾക്കും നല്ല രീതിയിൽ മുന്നേറാൻ സാധിച്ചിട്ടുണ്ട്. എല്ലാവരും പലയിടങ്ങളിലായി ജോലിയിൽ കയറി. ഗോത്രവർഗ്ഗ വിദ്യാർത്ഥികളുടെ ഉന്നമനത്തിനായി സർക്കാർ വലിയ തുക ചെലവാക്കുന്നുണ്ട്. എന്നിട്ടും കുട്ടികൾക്ക് സ്വയം എഴുതാനുള്ള അടിസ്ഥാന ശേഷി നേടാൻ സാധിക്കുന്നില്ല എന്നത് അവിശ്വസനീയവും സങ്കടകരവുമാണ്. എല്ലാ സൗകര്യങ്ങളുമുണ്ടായിട്ടും സ്ക്രൈബ് ആവശ്യമായി വരുന്നുണ്ടെങ്കിൽ അത് അദ്ധ്യാപനത്തിൻ്റെയും പരിശീലനത്തിൻ്റെയും പാളിച്ചയും, വിദ്യാഭ്യാസ നയത്തിലെ വീഴ്ചയുമാണ് സൂചിപ്പിക്കുന്നത്. ട്രൈബൽ മേഖലയിലെ ഗുണനിലവാര വിദ്യാഭ്യാസ സംവിധാനങ്ങളെയെല്ലാം സർക്കാർ ഇല്ലാതാക്കി. ബദൽ സ്‌കൂളുകൾ, ആൾട്ടർനേറ്റീവ് സ്കൂളുകൾ തുടങ്ങിയവയെല്ലാം ഗുണനിലവാര വിദ്യാഭ്യാസം ഇല്ലാതാക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ് സർക്കാർ നിർത്തലാക്കിയത്. എന്നിട്ടിപ്പോൾ സ്മാർട്ട് ക്ലാസ്റൂമുകളിൽ ഇരുത്തി കുട്ടികളെ കൊണ്ട് സ്ക്രൈബ് എഴുതിപ്പിക്കുന്നു.”


വിദ്യാർത്ഥിയുടെ ‘ഇഷ്ടം’ അപ്രസക്തം
വിദ്യാർത്ഥികളുടെ താത്പര്യ പ്രകാരമല്ല അവരെ സ്ക്രൈബിന് നിർദ്ദേശിക്കുന്നതെന്ന ഗുരുതരമായ പരാതിയും നിലനിൽക്കുന്നുണ്ട്. ഈ വർഷം പത്താം ക്ലാസ് പരീക്ഷ എഴുതുന്ന നിലമ്പൂരിലെ മൂന്ന് ഗോത്ര വിദ്യാർത്ഥികളുമായി സംസാരിച്ചപ്പോൾ അവർ ആ പ്രശ്നം ചൂണ്ടിക്കാണിച്ചു. “ഞങ്ങൾക്ക് സ്ക്രൈബ് എഴുതാൻ തീരെ താല്പര്യമില്ല. ഇംഗ്ലീഷും ഗണിതവും ഹിന്ദിയും പഠിക്കാൻ മറ്റ് വിഷയത്തെക്കാൾ ഇത്തിരി ബുദ്ധിമുട്ടായിരുന്നു. ബാക്കി വിഷയങ്ങൾക്കൊക്കെ നല്ല പോലെ മാർക്കുണ്ട്. അപ്പോൾ ടീച്ചർ സ്ക്രൈബ് എഴുതാൻ പറഞ്ഞു. അതിനാൽ ഇനി എല്ലാ വിഷയവും വേറെ ഒരു കുട്ടിയാണ് ഞങ്ങൾക്ക് വേണ്ടി എഴുതുന്നത്. സ്ക്രൈബിന് വേണ്ടി ഒരു ടെസ്റ്റ് നടത്തിയിരുന്നു. അതിൽ തന്നെ ജനറൽ നോളജ് ചോദ്യങ്ങൾ പോലും ഉണ്ടായിരുന്നു. അതിൽ ഇംഗ്ലീഷ് ചെയ്യാൻ കുറച്ച് ബുദ്ധിമുട്ടായി തോന്നി. അത് പ്രകാരമാണ് ഞങ്ങളിപ്പോൾ സ്ക്രൈബ് എഴുതുന്നത്. ഭാവിയെ കുറിച്ചോർത്ത് ഞങ്ങൾക്ക് ഭയമുണ്ട്. കൂടാതെ ഞങ്ങളെ അലട്ടുന്ന പ്രധാന പ്രശ്നം മറ്റുള്ളവർ ഞങ്ങളെ ‘ഐ ഇ ഡി കുട്ടികൾ’ എന്ന് വിളിച്ച് അധിക്ഷേപിക്കുന്നു എന്നതാണ്. ഇത് ഞങ്ങളെ മാനസികമായി വളരെയധികം അലട്ടുന്നുണ്ട്. ഞങ്ങളുടെ മാതാപിതാക്കൾക്കും സ്ക്രൈബ് എഴുതുന്നതിന് താത്പര്യം ഇല്ല. അവർ അത് സ്കൂളിൽ വിളിച്ച് പറഞ്ഞിട്ട് പോലും ഞങ്ങൾ സ്ക്രൈബ് എഴുതാൻ നിർബന്ധിതരായി.”
ഇവരുടെ സ്ക്രൈബ് സർട്ടിഫിക്കറ്റിൽ രക്ഷിതാവിന്റെ സ്ഥാനത്ത് ഒപ്പ് വെച്ചിരിക്കുന്നത് സ്കൂൾ അധ്യാപകരുടെ നിർദേശ പ്രകാരം ഹോസ്റ്റലിലെ റെസിഡൻഷ്യൽ അധ്യാപികയാണ് എന്നതും ഗുരുതരമായ പ്രശ്നമാണ്.
പാർശ്വവത്കൃത വിഭാഗങ്ങളിലെ സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സർക്കാർ സംവിധാനമായ കേരള മഹിളാ സമഖ്യ സൊസൈറ്റിയുടെ നിലമ്പൂരിലെ ഒരു പ്രവർത്തക സ്ക്രൈബിന് വിധേയരാകുന്ന വിദ്യാർത്ഥികളുടെ അവസ്ഥ വിവരിച്ചു. “മഹിളാ സമഖ്യയുടെ ഹോസ്റ്റലിൽ ചോലനായ്ക്ക വിഭാഗത്തിൽ നിന്ന് വരുന്ന 16 വിദ്യാർത്ഥികളുണ്ട്. ഈ വർഷം എസ്.എസ്.എൽ.സി എഴുതുന്ന കുറച്ച് വിദ്യാർത്ഥികൾ അവർക്ക് കണക്ക് പഠിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞുകൊണ്ട് എന്നെ സമീപിച്ചു. അതിന് പരിഹാരമായി അവർക്ക് ഒരു ട്യൂഷൻ ടീച്ചറെ ഏർപ്പെടുത്താൻ ഞങ്ങൾ തീരുമാനിച്ചു. പിന്നീടാണ് അറിയുന്നത് കണക്ക് പഠിക്കാൻ കുറച്ച് ബുദ്ധിമുട്ടാണെന്ന കാരണത്താൽ അവരെ സ്ക്രൈബിന് വിധേയമാക്കുകയാണെന്ന്. ചോലനായ്ക്ക വിഭാഗത്തിന്റെ ജനസംഖ്യ ഇപ്പോൾ തന്നെ വളരെ കുറവാണ്. അവരുടെ അതിജീവനത്തിനുള്ള കഴിവ് എന്നെന്നേക്കുമായി ഇല്ലാതാക്കുകയാണ് ഇതിലൂടെ.” (പേര് വെളിപ്പെടുത്താൻ അവർ ആഗ്രഹിക്കുന്നില്ല).
നിലമ്പൂർ എംആർഎസിൽ അധ്യാപികയായിരുന്ന ഒരു വ്യക്തി ആദിവാസി വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്നങ്ങളുടെ ആഴം അവരുടെ സ്കൂൾ അനുഭവത്തിൽ നിന്നും കുറച്ചുകൂടി വിശദമാക്കി. “കാട്ടുനായ്ക്ക, ചോലനായ്ക്ക വിഭാഗത്തിൽ നിന്നുള്ളവരാണ് പ്രധാനമായും എംആർഎസിൽ പഠിക്കുന്നത്. അവിടെ പ്ലസ് ടുവിൽ കോമേഴ്‌സ് വിഭാഗം മാത്രമേയുള്ളൂ. അത് ഒരു പ്രധാന പ്രശ്നമാണ്. കൂടാതെ അവിടെയുള്ള ആറ് അധ്യാപകരും സ്ഥിരം അധ്യാപകരല്ല. ഈ പ്രശ്നങ്ങൾ കുട്ടികളുടെ പഠനത്തെ വല്ലാതെ ബാധിക്കുന്നു. ബഹുഭൂരിപക്ഷം കുട്ടികളും സ്ക്രൈബ് എഴുതി പാസ്സായതിനാൽ പ്ലസ് വണ്ണിൽ എത്തുമ്പോൾ അവർക്ക് അക്ഷരങ്ങൾ പോലും അറിയാത്ത അവസ്ഥയാണുള്ളത്. ഒരിക്കൽ വളരെ മിടുക്കനായ ഒരു കുട്ടിയെ ഞാൻ ചിഹ്നങ്ങൾ പഠിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു, അപ്പോഴാണ് ആ വിദ്യാർത്ഥി പറയുന്നത് അവൻ ആദ്യമായാണ് ചിഹ്നങ്ങൾ കാണുന്നതെന്ന്. ഇവരെല്ലാം വളരെ മിടുക്കരായ കുട്ടികളാണ്. മറ്റൊരു പ്രധാന പ്രശ്നം ഇവരുടെ സ്കൂൾ സമയമാണ്. രാവിലെ തുടങ്ങുന്ന ക്ലാസ് അവസാനിക്കുന്നത് രാത്രി എട്ട് മണിക്കാണ്. മതിയായ ഒരു ഒഴിവ് സമയം പോലും അവർക്കില്ല. ഈ ഒരു അസ്വാതന്ത്ര്യം പലപ്പോഴും അവരെ സ്വാതന്ത്ര്യമുള്ള ഊരുകളിലേക്ക് മടങ്ങാൻ പ്രേരിപ്പിക്കാറുണ്ട്. താൽക്കാലിക അധ്യാപകർക്ക് പകരം സ്ഥിരം അധ്യാപകർ വരണം. പല അധ്യാപകർക്കും ഗോത്ര വിദ്യാർത്ഥികളെക്കുറിച്ച് മുൻധാരണകളുണ്ട്, അവര് പഠിക്കാൻ കൊള്ളില്ല, പഠിപ്പിച്ചിട്ട് കാര്യമില്ല എന്നൊക്കെയുള്ള വംശീയമായ അധിക്ഷേപമാണ് അധ്യാപകർ നടത്തുന്നത്. പ്ലസ് ടു എത്തുമ്പോഴേക്കും പകുതി വിദ്യാർത്ഥികളും ഡ്രോപ്പ് ഔട്ടായി പോവാനുള്ള കാരണങ്ങളിതാണ്.” (പേര് വെളിപ്പെടുത്താൻ അവർ ആഗ്രഹിക്കുന്നില്ല).


വിജയശതമാനം എന്ന ലക്ഷ്യം
സ്കൂളുകളുടെ വിജയം നൂറ് ശതമാനത്തിലെത്തിക്കാനുള്ള മത്സരത്തിന്റെ ഇരകളാണ് ഈ ഗോത്ര വിദ്യാർത്ഥികൾ. അതിന്റെ പേരിൽ അരങ്ങേറുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണ്. ‘വൈകല്യമുള്ളവർ’ എന്ന് മുദ്രകുത്തി നേടുന്ന വിജയം ഭാവിയിൽ അവർക്ക് തൊഴിൽ മേഖലയിലോ മറ്റ് ഉന്നത പഠനത്തിനോ തടസ്സമുണ്ടാക്കാൻ സാധ്യതയുണ്ടെന്ന ആശങ്ക പരക്കെ നിലനിൽക്കുന്നുണ്ട്. ഒരു ഗോത്ര വിദ്യാർത്ഥിക്ക് ഭാഷാപരമോ, സാംസ്കാരികമോ ആയ പിന്തുണ ലഭിക്കാതെ വരുമ്പോൾ, ആ കുറവ് നികത്താൻ ‘ബുദ്ധിപരമായ വൈകല്യം’ എന്ന എളുപ്പവഴി തേടുന്നത് വംശീയമായ വിവേചനം കൂടിയാണ്.
അക്കാദമികമായി പിന്നാക്കം നിൽക്കുന്ന ആദിവാസി ഇതര വിദ്യാർത്ഥികളും നൂറ് ശതമാനം വിജയത്തിന് വേണ്ടി സ്ക്രൈബിന് നിർബന്ധിതരാകുന്നുണ്ട്. സ്‌ക്രൈബിന്റെ സഹായം തേടുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ അടുത്തകാലത്തുണ്ടായ വർദ്ധനവിനെക്കുറിച്ച് സർക്കാർ വിശദമായി അന്വേഷിക്കേണ്ടതാണ്. ആരാണ് ഈ സർട്ടിഫിക്കറ്റുകൾ നൽകുന്നതെന്ന് കണ്ടെത്തേണ്ടതുണ്ട്. ഗോത്ര വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്കിനെക്കുറിച്ച് വിശദമായി പഠിക്കുകയും അത് തടയുന്നതിനുള്ള പ്രായോഗിക പദ്ധതികൾ, ഗോത്ര മേഖലയിൽ നിന്നും ഉന്നത വിദ്യാഭ്യാസം നേടിയവരുടെ അഭിപ്രായങ്ങൾ കൂടി സ്വരൂപിച്ച് നടപ്പിലാക്കേണ്ടതുണ്ട്. യഥാർത്ഥ വിജയം കണക്കുകളിലല്ല, മറിച്ച് എല്ലാ വിദ്യാർത്ഥികൾക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതിലാണ് എന്ന് തിരിച്ചറിഞ്ഞ് സർക്കാർ പ്രവർത്തിക്കേണ്ടതുണ്ട്. ഒപ്പം, ഇപ്പോൾ നടക്കുന്ന വഞ്ചന നിയമപരമായി തന്നെ തടയുന്നതിനുള്ള നടപടികൾ എത്രയും വേഗം കൈക്കൊള്ളേണ്ടതുമാണ്.
(കേരളീയം ഇംപാക്ട് ജേണലിസം ഫെലോഷിപ്പ് പ്രോഗ്രാമിന്റെ ഭാഗമായി തയ്യാറാക്കിയ റിപ്പോർട്ട്).

