കിസിഞ്ചർ; ഒരു ലോകോത്തര കുറ്റവാളി

അവസാനം അയാളും കടന്നുപോയി.’ഹെൻറി കിസിഞ്ചർ, അമേരിക്കയിലെ ഭരണവർഗ്ഗത്തിന്റെ പ്രിയപ്പെട്ട യുദ്ധക്കുറ്റവാളി ഒടുവിൽ മരിച്ചു’- റോളിങ്ങ് സ്റ്റോൺ മാഗസിന്റെ ഈ തലക്കെട്ട് എല്ലാം പറയുന്നു. അന്തരിച്ച ഇടത് എഴുത്തുകാരൻ ക്രിസ്റ്റഫർ ഹിച്ചൻസ്, ‘Trial of Henry Kissinger’ എന്ന തന്റെ വിവാദമായ പുസ്തകത്തിൽ, “ഹെൻറി കിസിഞ്ചർ ഒരു  ലോകോത്തര കുറ്റവാളിയായിരുന്നു എന്നതടക്കമുള്ള, ചെറുതും വലുതുമായ നിരവധി കുറ്റങ്ങൾ അദ്ദേഹത്തിനെതിരെ ഉന്നയിക്കുന്നുണ്ട്. 1965-ൽ ഞാൻ അദ്ദേഹവുമായി സംവാദം നടത്തുകയും സ്ട്രീറ്റ് ഫൈറ്റിംഗ് ഇയേഴ്‌സിൽ ഇത് സംബന്ധിച്ച് എഴുതുകയും ചെയ്തു. അടുത്തിടെ കിസിഞ്ചറിന്റെ ഏറ്റവും പുതിയ ജീവചരിത്രകാരനായ നിയാൽ ഫെർഗൂസൺ ഇതിന്റെ ശബ്ദരേഖ കണ്ടെത്തുകയും കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഈ സംവാദം കേൾക്കുകയും ചെയ്തു.

കിസിഞ്ചർ പ്രധാനമായും കുറ്റകൃത്യങ്ങൾ നടത്തിയത് ഇൻഡോ-ചൈന മേഖലയിലാണ്. അദ്ദേഹം അവിടെ സമാധാന ചർച്ചകൾ അനന്തമായി നീട്ടുകയും, യുദ്ധം കമ്പൂച്ചിയയിലേക്ക് നീട്ടാൻ നിർദ്ദേശിക്കുകയും, അത് നടപ്പിലാക്കുകയും, ആ വാദത്തെ പ്രതിരോധിക്കുകയും ചെയ്തു. അവിടെ ഉയർന്നുവന്ന ഭ്രാന്തമായ ‘പോൾ പോട്ട്’ ഭരണകൂടത്തെ അദ്ദേഹം പിന്തുണക്കുകയും ചെയ്തു. ഇന്തോ-ചൈനയിലെ അദ്ദേഹത്തിന്റെ ഇടപെടലിന്, നോബൽ കമ്മിറ്റിയെ നിയന്ത്രിച്ചിരുന്ന ശീതയുദ്ധ ശല്യക്കാർ അദ്ദേഹത്തിന് സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകി. ഇതിലെ കാപട്യം മറയ്ക്കാനുള്ള ശ്രമത്തിൽ, ചർച്ചകളിൽ വിയറ്റ്നാമിനെ പ്രതിനിധീകരിച്ച ലെ ഡക് തോയ്ക്ക് അവർ സംയുക്തമായി നോബൽ സമ്മാനം നൽകി. വളരെ മാന്യമായ ഒരു പ്രസ്താവനയോടെ ലെ ഡക് തോ നോബൽ സമ്മാനം നിരസിച്ചു.

വിയറ്റ്നാമിൽ സമാധാനം അടുത്തിരിക്കുന്നു എന്ന് ഹെൻറി കിസിഞ്ചർ 1972 ഒക്‌ടോബർ 26-ന് വൈറ്റ് ഹൗസ് വാർത്താ സമ്മേളനത്തിൽ പറയുന്നു. കടപ്പാട്: എ.പി

ചിലിയിൽ, ഇപ്പോൾ എല്ലാവർക്കുമറിയുന്നതുപോലെ, പ്രസിഡന്റ് സാൽവഡോർ അലൻഡെയുടെ ജനകീയ സോഷ്യലിസ്റ്റ് ഗവൺമെന്റിനെ താഴെയിറക്കിയ, 1973 സെപ്തംബർ 11ന് നടന്ന പിനോഷെ അട്ടിമറിയുടെ ആസൂത്രണത്തിൽ കിസിഞ്ചർ പ്രധാന പങ്കുവഹിച്ചു. മൊണേഡ കൊട്ടാരത്തിന് പുറത്തുവച്ച് അദ്ദേഹത്തെ പട്ടാളക്കാർ വെടിവച്ചു. ഈ സംഭവങ്ങളെ ‘മാനുഷിക മൂല്യങ്ങൾ’ സംരക്ഷിക്കുന്നതിനുള്ള ‘ഭരണമാറ്റങ്ങൾ’ എന്ന് വിശേഷിപ്പിക്കുന്ന പതിവ് യുണൈറ്റഡ് സ്‌റ്റേറ്റ്‌സിന് (അല്ലെങ്കിൽ ‘അന്താരാഷ്ട്ര സമൂഹം’) അതുവരെയുണ്ടായിരുന്നില്ല.

കിസ്സിഞ്ചർ, പിനോഷെ, ജനറൽമാർ എന്നിവർ ചേർന്നുണ്ടാക്കിയ സംഘർഷം ഒരു ഏറ്റുമുട്ടലിലേക്ക് നയിക്കുകയായിരുന്നു. എന്താണ് ചെയ്യേണ്ടത്? ചിലിയൻ ഇടതുപക്ഷത്തിൽ വലിയ ചർച്ചകൾ പൊട്ടിപ്പുറപ്പെട്ടു. ഹവാനയിൽ നിന്ന് ഫിഡൽ കാസ്ട്രോ അലൻഡെയ്ക്ക് ഒരു സ്വകാര്യ സന്ദേശം അയച്ചു:
“…പിരിമുറുക്കങ്ങൾ ഉയർന്നതായിരിക്കുമെന്ന് എനിക്ക് ഊഹിക്കാൻ കഴിയും,യുദ്ധം പൊട്ടിപ്പുറപ്പെട്ടാൽ ബാലൻസ് ഓഫ് പവർ മെച്ചപ്പെടുത്തുന്നതിന് നിങ്ങൾക്ക് സമയം ആവശ്യമാണെന്നും, സാധ്യമെങ്കിൽ ആഭ്യന്തര കലഹങ്ങളില്ലാതെ വിപ്ലവപ്രക്രിയ തുടരാനുള്ള വഴി കണ്ടെത്തുകയും,  സംഭവിക്കാനിടയുള്ള കാര്യങ്ങളുടെ ചരിത്രപരമായ ഉത്തരവാദിത്തം ഒഴിവാക്കാനും ശ്രമിക്കണം. ഇവ പ്രശംസ ലഭിക്കാവുന്ന ലക്ഷ്യങ്ങളാണ്. എന്നാൽ ഇവിടെ നിന്ന് നമുക്ക് വിലയിരുത്താൻ കഴിയാത്ത മറുവിഭാഗം, സോഷ്യലിസ്റ്റ് ഐക്യത്തിന് നൽകാൻ കഴിയാത്ത വില ആവശ്യപ്പെട്ട്, വഞ്ചനാപരവും നിരുത്തരവാദപരവുമായ നയം തുടരുകയാണെങ്കിൽ ചിലിയൻ തൊഴിലാളിവർഗത്തിന്റെ അസാധാരണമായ ശക്തി മറക്കരുത്, പ്രയാസകരമായ നിമിഷങ്ങളിൽ അത് എപ്പോഴും നിങ്ങൾക്ക് നൽകിയ ഉറച്ച പിന്തുണയും…അട്ടിമറി നടത്തുന്നവരെ തടയാനും, നിലപാടെടുക്കാത്തവരുടെ പിന്തുണ ഉറപ്പു വരുത്തുവാനും, നമ്മുടെ ആവശ്യങ്ങൾ ഉറപ്പുവരുത്തുവാനും ചിലിയുടെ ഭാഗധേയം തീരുമാനിക്കാനും അതിന് കഴിയും…”

ചിലി പ്രസിഡന്റ് സാൽവദോർ അലെൻഡേ (നടുവിൽ ) കൊല്ലപ്പെടുന്നതിന് മുൻപുള്ള ചിത്രം. കടപ്പാട്: ദി ഗാർഡിയൻ

കിസിഞ്ചർ ആദ്യം അവിടെയെത്തി. ആർമി മേധാവിമാരിൽ ലിബറൽ ആയിരുന്ന കാർലോസ് പ്രാറ്റ്സ് കൊല്ലപ്പെട്ടു. അട്ടിമറി നടന്നു; പിനോഷെ ഭരണാധിപനായി അവരോധിക്കപ്പെട്ടു. നമ്മൾ തോൽവി ഏറ്റുവാങ്ങി. ക്രൂരമായ സ്വേച്ഛാധിപത്യത്തിന്റെ കീഴിലുള്ള നവലിബറൽ സാമ്പത്തികശാസ്ത്രം ആ കാലഘട്ടത്തിന്റെ തികഞ്ഞ മാതൃകയായിരുന്നു. സോഷ്യലിസ്റ്റുകളുടെയും കമ്മ്യൂണിസ്റ്റുകളുടെയും ഇടത് ബുദ്ധിജീവികളുടെയും മരണം ആ കാലഘട്ടത്തിൽ ആയിരങ്ങൾക്ക് മുകളിലായിരുന്നു. വർണ്ണവിവേചനം പിന്തുടരുന്ന ദക്ഷിണാഫ്രിക്കൻ സർക്കാരിനെയും, അംഗോളയിലെ വിമോചന സേനയെ തകർക്കാൻ ദക്ഷിണാഫ്രിക്കൻ സൈനികരെ അയക്കുന്ന അവരുടെ നടപടിയെയും കിസിഞ്ചറിനൊപ്പം യു.എസും പിന്തുണ നൽകി. എന്നാൽ ഇതിൽ യു.എസിന് കീഴിലുള്ള ഈ ലിബറൽ പക്ഷം തോൽവി ഏറ്റുവാങ്ങി. അംഗോളക്കാരെ സഹായിക്കാൻ ക്യൂബ സൈന്യത്തെ അയച്ചു; പ്രിട്ടോറിയയിലെ വെള്ളക്കാരുടെ ഭരണകൂടത്തിന്റെ ആദ്യത്തെ വലിയ പരാജയമായി ഇത് മാറി. പ്രിട്ടോറിയയിലെ വർണ്ണവിവേചന രാഷ്ട്രത്തിന് ആണവായുധങ്ങൾ നിർമ്മിക്കാനുള്ള അറിവ് ഇസ്രായേൽ അയയ്ക്കണമെന്ന് നിർദ്ദേശിച്ചതും കിസിഞ്ചറാണെന്ന് ചിലർ അഭിപ്രായപ്പെടുന്നു, ഇസ്രായേൽ അപ്രകാരം ചെയ്യുകയുമുണ്ടായി. തീർച്ചയായും അയാളുടെ സ്വഭാവത്തിൽ അയാളത് ചെയ്തിരിക്കാം, പക്ഷേ ‘ഓപ്പറേഷൻ സാംസണി’ൽ അയാൾ നേരിട്ട് പങ്കെടുത്തതിന്റെ തെളിവുകൾ ഞാൻ ഇതുവരെ കണ്ടിട്ടില്ല.

ദക്ഷിണേഷ്യയിൽ ഇന്ത്യ ആണവായുധങ്ങൾ കൈവശം വച്ചിരിക്കുമ്പോൾ, പാകിസ്ഥാനിലെ ഭൂട്ടോ ഗവൺമെന്റ് ആണവായുധം സ്വന്തമാക്കണമെന്ന് നിശ്ചയിച്ചു. ഇതിന് ഫണ്ട് നൽകാൻ ലിബിയയും തയ്യാറായി. ഈ നീക്കത്തിൽ ഇസ്രായേൽ കാര്യത്തിൽ ഉണ്ടായ അത്രതന്നെ ആശങ്കയില്ലെങ്കിലും, ഇന്ത്യയുടെ കാര്യത്തിൽ അമേരിക്ക ആശങ്കാകുലരായി. പിന്നീട് ഈ നീക്കങ്ങളെ എല്ലാവരും ഒരു ‘അറബ് ബോംബ്’ ആയി കണ്ടു. ഭൂട്ടോ തന്റെ ഡെത്ത് സെൽ (വധശിക്ഷക്ക് വിധിക്കപ്പെട്ടവരെ പാർപ്പിക്കുന്ന ജയിൽ മുറി) ഓർമ്മക്കുറിപ്പായ ‘ഇഫ്  ഐ  ആം അസാസിനേറ്റഡ്’-ൽ 1976ലെ പാകിസ്ഥാൻ സന്ദർശന വേളയിൽ മാഫിയ മാതൃകയിൽ കിസിഞ്ചർ ഭീഷണിപ്പെടുത്തിയതായി പറയുന്നു. ഭൂട്ടോ ഈ  ബോംബ് നിരസിച്ചില്ലെങ്കിൽ, ‘ഞങ്ങൾ ലോകം ഭയക്കുന്ന ഒരു പാഠം നിങ്ങളിൽ സൃഷ്ടിക്കും’  എന്ന തരത്തിൽ ഭീഷണിപ്പെടുത്തിയതായി പറയുന്നു. മീറ്റിംഗിൽ പങ്കെടുത്ത ഒരു മുതിർന്ന പാകിസ്ഥാൻ വിദേശകാര്യ ഓഫീസർ ഇത് വർഷങ്ങൾക്ക് ശേഷം, കൃത്യമായി പറഞ്ഞാൽ 2008 ജനുവരിയിൽ ബിസിനസ് റെക്കോർഡറിന് നൽകിയ ഒരു അഭിമുഖത്തിൽ ഇത് സ്ഥിരീകരിച്ചു:

“… കിസ്സിഞ്ചർ അൽപ്പനേരം കാത്തിരുന്നു, പിന്നീട് പരിഷ്കൃതമായ സ്വരത്തിൽ പറഞ്ഞു, ‘അടിസ്ഥാനപരമായി ഞാൻ വന്നത് ഉപദേശിക്കാനല്ല, നിങ്ങൾക്കൊരു മുന്നറിയിപ്പ് നൽകാനാണ്. പാക്കിസ്ഥാന്റെ ആണവോർജ്ജ പദ്ധതിയെ കുറിച്ച് യു.എസ്.എയ്ക്ക് ചില താല്പര്യങ്ങളുണ്ട്; അതുകൊണ്ട് എനിക്ക് പറയാനുള്ളത് അംഗീകരിക്കുകയല്ലാതെ നിങ്ങൾക്ക് ഒരു പോംവഴിയുമില്ല. ഭൂട്ടോ പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു, ‘ഞാൻ  നിങ്ങളുടെ താല്പര്യം നിരസിച്ചുവെന്നിരിക്കട്ടെ, എന്ത് സംഭവിക്കും?’ കിസ്സിഞ്ചറുടെ മുഖം തീവ്ര ഗൗരവത്തിലായി. അദ്ദേഹം ഭൂട്ടോയുടെ കണ്ണുകളിൽ നോക്കിക്കൊണ്ടു ഇങ്ങനെ പറഞ്ഞു, ”എങ്കിൽ ലോകം ഭയക്കുന്ന ഒരു പാഠം നിങ്ങളിൽ സൃഷ്ടിക്കും.”  ഭൂട്ടോയുടെ മുഖം ചുവന്നു…”

സുൽഫിക്കർ അലി ഭൂട്ടോ. കടപ്പാട്: ദി ഡോൺ

1977 ജൂലായ് 4-5 രാത്രിയിൽ, യുഎസ് ആശീർവാദത്തോടെ ഭൂട്ടോ സർക്കാർ അട്ടിമറിക്കപ്പെട്ടു. 1977 സെപ്തംബറിൽ രാജ്യത്തുടനീളം ഭൂട്ടോയെ അഭിവാദ്യം ചെയ്ത വലിയ ജനക്കൂട്ടം സൈന്യത്തെ ഭയപ്പെടുത്തി. ഭൂട്ടോയെ അറസ്റ്റ് ചെയ്യുകയും കൊലപാതകക്കുറ്റം ചുമത്തുകയും ചെയ്തു. നീണ്ടതും വിവാദപരവുമായ രണ്ട് വിചാരണകൾക്ക് ശേഷം 1979 ഏപ്രിൽ 4 ന് പുലർച്ചെ 2 മണിക്ക് ഭൂട്ടോയെ തൂക്കിലേറ്റി. വിജയകരമായ മറ്റൊരു കിസിഞ്ചർ ഓപ്പറേഷൻ. കിസിഞ്ചർ ഫോഗി ബോട്ടം ക്ലബിൽ വച്ച് ആരാധിക്കപ്പെടുകയും വൈറ്റ് ഹൗസിലേക്ക് നിരന്തരം ക്ഷണിക്കപ്പെടുകയും ചെയ്തു. ഇന്ദിരാഗാന്ധിയെയും ഷെയ്ഖ് മുജീബുർ റഹ്മാനെയും കുറിച്ച് അദ്ദേഹത്തിന്റെ വാക്കാലുള്ള ഉപദേശം അവർ തേടി. ഇരുവരെയും കൊലപ്പെടുത്താൻ അദ്ദേഹം നിർദ്ദേശിച്ചുണ്ടോ? തെളിവില്ല, എന്നാൽ സാധ്യത മുഴുവനായി തള്ളിക്കളയാനാകുകയുമില്ല. ഇന്ദിരാ ഗാന്ധി സിയ-ഉൾ-ഹഖ് സ്വേച്ഛാധിപത്യത്തിനെതിരെ കടുത്ത നിലപാട് സ്വീകരിക്കുകയും, മുജീബ് സോവിയറ്റ് യൂണിയനുമായി കൂടുതൽ അടുക്കുകയും ചെയ്തിരുന്നു. പിന്നെ എങ്ങനെയാണ് ഈ സാധ്യത തള്ളിക്കളയുക? മാത്രമല്ല, ഇന്ദിര ഗാന്ധിയെ കൊലപ്പെടുത്തിയ അവരുടെ സിഖ് അംഗരക്ഷകരിൽ ഒരാൾ ലാഹോർ നഗരത്തിന് പുറത്തുള്ള സിഖ് പരിശീലന ക്യാമ്പുകൾ സന്ദർശിച്ചിരുന്നു. മൂന്നാമതൊരു കൊലപാതകം,  ഹവാഡ് സർവകലാശാലയിലെ മര്യാദക്കാരനായിരുന്ന പ്രൊഫസർക്ക് (കിസിഞ്ചർ) ഒരു വലിയ നേട്ടമായിരിക്കും.

സോവിയറ്റ് യൂണിയൻ തകരുന്നതിന് ഒരു വർഷം മുമ്പ്, കിസിഞ്ചർ വൈറ്റ് ഹൗസിനെ ഉപദേശിച്ചു, ‘പിനോഷെ ശൈലിയിലുള്ള സ്വേച്ഛാധിപതി’യാണ് ഫലമെങ്കിൽപ്പോലും അവിടെ  ഒരു പുതിയ സംവിധാനത്തിന് പ്രവർത്തിക്കാനാകും. ബ്രിക്സ് ലോകത്ത് നിന്ന് ചൈന മാത്രം കിസിഞ്ചറുടെ മരണത്തിൽ അനുശോചിച്ചു. നിക്സണിന്റെ ബീജിംഗ് സന്ദർശനത്തിനും ചൈനയുമായുള്ള രാഷ്ട്രീയ-സാമ്പത്തിക ബന്ധങ്ങൾ പുനരാരംഭിക്കുന്നതിലും അദ്ദേഹം സഹായകമായി വർത്തിച്ചു. അതിന ശേഷം അടുത്ത മാസങ്ങളിൽ ബീജിംഗിനോട് സ്വീകരിക്കുന്ന ശീതയുദ്ധത്തിന് സമാനമായ സമീപനത്തെ അദ്ദേഹം വിമർശിക്കുകയും ചെയ്തു. ഒരു പതിറ്റാണ്ട് മുമ്പ്, ന്യൂയോർക്കിൽ നടന്ന ദി നേഷൻസിന്റെ വാർഷിക പാർട്ടിയിലേക്ക് അദ്ദേഹത്തെ ക്ഷണിച്ചു. പങ്കെടുക്കാൻ അദ്ദേഹം വിമുഖനായിരുന്നു, പക്ഷേ ശത്രുവുമായി ഇടപഴകുന്നത് ചെറുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. അവിടെ വച്ച് കത്രീന വാൻ ഡെൻ ഹ്യൂവലിനോട് കിസിഞ്ചർ പറയുന്നത് എന്റെ ഒരു സുഹൃത്ത് കേട്ടു: “ഞാൻ ഒരു യുദ്ധക്കുറ്റവാളിയാണെന്ന് കരുതുന്ന ഒരു പാർട്ടിയിൽ ഞാൻ പങ്കെടുക്കുന്നത് വിചിത്രമാണ്.’ ഒരുപക്ഷേ അദ്ദേഹം പറഞ്ഞതിൽ വച്ച് ഏറ്റവും സത്യസന്ധമായ വാചകം.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

December 2, 2023 11:29 am