

Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


രണ്ടാം ലോകമഹായുദ്ധം ചരിത്രത്തെ ഏറെ സ്വാധീനിച്ച ഒന്നായിരുന്നു, വിശേഷാൽ ഏഷ്യയിലും ആഫ്രിക്കയിലും ലാറ്റിൻ അമേരിക്കയിലും ഉൾപ്പെടുന്ന മൂന്നാം ലോക രാഷ്ട്രങ്ങളെ. സാമ്രാജ്യത്വ ശക്തികളുടെ (Core) കീഴിൽ ഞെരുങ്ങിക്കഴിഞ്ഞ ഈ രാഷ്ട്രങ്ങളെ (Periphery) തങ്ങളുടെ നേട്ടങ്ങൾക്ക് വേണ്ടിയായിരുന്നു ബ്രിട്ടനും ഫ്രാൻസും ജർമ്മനിയും ഉൾപ്പെടുന്ന രാജ്യങ്ങൾ ഉപയോഗിച്ചിരുന്നത്. രണ്ടാം ലോകമഹായുദ്ധാനന്തരം സാമ്രാജ്യത്വ ശക്തികളുടെ ആഫ്രിക്കയിലെ ശക്തി ക്ഷയിക്കുകയും പുതിയ സ്വതന്ത്രരാഷ്ട്രങ്ങൾക്ക് അനുമതി ലഭിക്കുകയും ചെയ്തു. ഇതിന്റെ ഫലമായി ആഫ്രിക്കൻ വൻകരയിലെ നിരവധി രാജ്യങ്ങൾ സ്വാതന്ത്ര്യപ്രഖ്യാപനം നടത്തുകയും തങ്ങളുടെ രാഷ്ട്രത്തിന്റെയും ഭരണഘടനയുടെയും പരമാധികാരം ഉറപ്പിക്കുകയും ചെയ്തു.


ആഫ്രിക്കൻ വൻകരയിലെ വടക്കുകിഴക്കൻ പരിധിയിൽ ഈജിപ്റ്റുമായും ലിബിയയുമായും എത്യോപിയയുമായും ഛാഡുമായും എരിട്രിയയുമായും അതിർത്തിയും ചെങ്കടലുമായി (Red Sea) തീരം പങ്കിടുകയും ചെയ്യുന്ന രാജ്യമാണ് സുഡാൻ. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ അധീനതയിലായിരുന്ന സുഡാൻ 1956 ൽ സ്വാതന്ത്ര്യം പ്രഖ്യാപിച്ചെങ്കിലും മറ്റ് മൂന്നാം ലോക രാഷ്ട്രങ്ങളെ പോലെ തന്നെ ആഭ്യന്തരകലാപം ഒഴിയാത്ത നാടായി മാറി. ഈ ആഭ്യന്തരകലാപം ഇപ്പോൾ തീവ്ര സംഘർഷമായി മാറുകയും അതിന്റ സ്വഭാവം ആന്തരികതയിൽ നിന്ന് മാറി ബാഹ്യഘടകങ്ങൾ കൂടെ ഉൾപ്പെടുന്ന നിലയിൽ എത്തിയിരിക്കുകയുമാണ്. യു.എ.ഇ, ഇറാൻ, റഷ്യ, ഖത്തർ ഉൾപ്പെട്ട രാജ്യങ്ങളുടെ താല്പര്യം ഒരുമിച്ചുകൂടിയ ഇടമായി സുഡാനിലെ രാഷ്ട്രീയാന്തരീക്ഷം മാറി. സാമ്പത്തിക താല്പര്യങ്ങൾ മുന്നിട്ട് നിൽക്കുന്ന ഈ കൂട്ടുകെട്ടിൽ ഇരട്ടനയമാണ് യു.എ.ഇ സ്വീകരിക്കുന്നത്. ഒരു ഭാഗത്ത് സമാധാനത്തിനും മനുഷ്യസ്നേഹത്തിനും ഐക്യത്തിനും വേണ്ടി മുദ്രാവാക്യം വിളിക്കുമ്പോൾ തന്നെ രാജ്യത്തിന്റെ സൈന്യത്തിനെതിരെയും ജനങ്ങൾക്കെതിരെയും കലാപവും അക്രമണവും അഴിച്ചവിടുന്ന Rapid Support Force (RSF) എന്ന സൈനിക വിഭാഗത്തിന് വേണ്ട എല്ലാ പിന്തുണയും സഹായവും നൽകാനും യു.എ.ഇ ശ്രമിച്ചുകൊണ്ടിരിക്കുന്നു. എന്നാൽ ഇറാനും ഈജിപ്റ്റും Sudanese Armed Force അല്ലെങ്കിൽ SAF എന്ന സുഡാനിന്റെ ഔദ്യോഗിക സൈന്യത്തിന് വേണ്ടി സൈനിക സഹായങ്ങൾ നൽകുന്നതിലൂടെ കലാപഭൂമി വീണ്ടും കലുഷിതമായിരിക്കുന്നു. ആംനസ്റ്റി ഇന്റർനാഷണൽ അടക്കമുള്ള സംഘടനകൾ സുഡാനിൽ യു.എ.ഇ നിർമ്മിത ആയുധങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൂടാതെ ചൈനയും അവരുടെ തദ്ദേശീയമായി നിർമ്മിക്കപ്പെട്ട ഡ്രോണുകൾ RSF ന് എത്തിക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. എന്നാൽ ഈ രണ്ട് ആരോപണങ്ങളും യു.എ.ഇയും ചൈനയും നിരാകരിക്കുന്നുണ്ട്. മറുഭാഗത്ത് SAF ന്റെ കൂടെ ആയുധ സഹായങ്ങളുമായി ഇറാനും ഈജിപ്റ്റും നിലകൊള്ളുന്നു. യുദ്ധാരംഭത്തിൽ RSF നെ പിന്തുണക്കുകയും പിന്നീട് അത് പിൻവലിച്ച് SAF ന് നൽകുകയും ചെയ്ത വളരെ തന്ത്രപരമായ നയമാണ് റഷ്യ സ്വീകരിച്ചിട്ടുള്ളത്. സുഡാനിന്റെ അധികാര പരിധിയുള്ള ചെങ്കടലിന്റെ ഭാഗങ്ങളിൽ പെട്രോളിങ് അധികാരം റഷ്യക്ക് ലഭിക്കുന്ന കരാറിൽ റഷ്യയും SAF ഉം ഒപ്പിട്ടത്തോടെയാണ് റഷ്യ SAF ന് പിന്തുണ പ്രഖ്യാപിച്ചത്. ഇതുവഴി ചെങ്കടലിലും സുയെസ്(SUEZ) കനാലിലും റഷ്യക്ക് സ്വാധീനം ലഭിക്കുകയാണ്.


പ്രശസ്ത എഴുത്തുകാരനും പൊളിറ്റിക്കൽ സയന്റിസ്റ്റുമായ ബെൻഡിക്ട് അൻഡേഴ്സൺ അദ്ദേഹത്തിന്റെ 1983 ൽ പ്രസിദ്ധീകരിച്ച ‘Imagined Communities’ എന്ന പുസ്തകത്തിൽ പറയുന്നുണ്ട്, “Colonial borders were not merely lines on a map; they were the birthplaces of future conflict” എന്ന്. വാസ്തവത്തിൽ സുഡാനിൽ നടന്നതും ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതും ഇത് തന്നെയാണ്. സുഡാൻ ഉൾപ്പടെ ആഭ്യന്തര രാഷ്ട്രീയ അസുന്തലിതാവസ്ഥയുള്ള എല്ലാ രാഷ്ട്രങ്ങളുടെയും വേരുകൾ ചെന്നെത്തുന്നത് കോളനി ഭരണത്തിലേക്കും സാമ്രാജ്യത്വത്തിലേക്കുമാണ്. 1899 മുതൽ 1956 വരെ സുഡാൻ ബ്രിട്ടന്റെയും ഈജിപ്റ്റിന്റെയും അധീനതയിൽ ആയിരുന്നു. സ്വാതന്ത്ര്യാനന്തരം സുഡാൻ നേരിട്ടത് ഇപ്പോൾ നടക്കുന്നതുൾപ്പടെ മൂന്നാമത്തെ വലിയ ആഭ്യന്തരയുദ്ധമാണ്. ഒന്നാം സുഡാൻ ആഭ്യന്തരയുദ്ധം 1955 ന് തുടങ്ങി വലിയ നാശനഷ്ടങ്ങളും രാഷ്ട്രീയ അസ്ഥിരതയും സൃഷ്ടിച്ച് 1972 ൽ അവസാനിക്കുകയുണ്ടായി. സ്വാതന്ത്ര്യാനന്തരം സുഡാനിലെ തെക്കൻ പ്രാദേശങ്ങൾ നേരിടേണ്ടിവന്ന അനാസ്ഥക്കെതിരെ ജനങ്ങൾ കേന്ദ്രസർക്കാറിനെതിരെ സുഡാന്റെ തലസ്ഥാനമായ ഖാർത്തൂമിൽ നടത്തിയ കലാപമാണ് ഒന്നാം സുഡാൻ ആഭ്യന്തര യുദ്ധത്തിലേക്ക് നയിച്ചത്. 17 വർഷം നീണ്ട യുദ്ധം 1972 ഫെബ്രുവരി 27 ന് പ്രശ്‌സ്തമായ ‘Addis Ababa Agreement’ ലൂടെ തണുപ്പിക്കാൻ സർക്കാരിന് സാധിച്ചു. ഇതുപ്രകാരം സുഡാന്റെ തെക്കൻ പ്രദേശത്തിന് സ്വയംഭരണാവകാശം ലഭിച്ചു. എന്നാൽ 11 വർഷങ്ങൾക്കിപ്പുറം 1983 ൽ സുഡാൻ ചരിത്രത്തിലെ ഏറ്റവും വലിയ യുദ്ധത്തിന് അവിടെ കളമൊരുങ്ങി. 1983 മുതൽ 2005 വരെ 22 വർഷങ്ങൾ നീണ്ടുനിന്ന ആഭ്യന്തരയുദ്ധം ഒന്നാമത്തേത്തിന്റെ തുടർച്ചതന്നെയായിരുന്നു. അതുകൂടാതെ സൈനിക ഭരണകൂടം ഇസ്ലാം അല്ലാതെ മറ്റു മതസ്ഥരും താമസിക്കുന്ന രാജ്യത്തെ മൊത്തമായി ഇസ്ലാമിക് നിയമമായ ‘ശരിയ’ അല്ലെങ്കിൽ ശരിയത്ത് (Sharia Law) ന്റെ കീഴിൽ ആക്കാൻ ശ്രമിച്ചതും യുദ്ധത്തിന് കാരണമായി. മുസ്ലീം ഇതര മതസ്ഥർ ജീവിച്ച രാജ്യത്തിന്റെ തെക്ക് ഭാഗത്ത് ഇതിനെതിരെ SUDAN PEOPLE’S LIBERATION ARMY (SPLA) യുടെ നേതൃത്വത്തിൽ കലാപം രൂപപ്പെടുകയും വലിയ അക്രമണങ്ങളിലേക്കും 2011 ൽ സൗത്ത് സുഡാൻ എന്ന രാജ്യത്തിന്റെ ജനനത്തിനും അത് കാരണമാവുകയും ചെയ്തു. സുഡാൻ ഗവണ്മെന്റും SPLA യും തമ്മിൽ നടത്തപെട്ട 2005 ലെ ‘Comprehensive Peace Agreement’ ഉം ജനഹിത പരിശോധനയുമാണ് 2011 ലെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ചത്. ഇതുവരെ 35 ഭരണ അട്ടിമറികൾക്ക് സാക്ഷിയായ സുഡാനിന്റെ ആഭ്യന്തര രാഷ്ട്രീയ അസ്ഥിരത ഇതിൽ നിന്ന് വ്യക്തമാണ്.


ജൻജാവീഡ് സൈനിക വിഭാഗത്തിൽനിന്നും രൂപപ്പെട്ട RSF എന്ന സൈനിക ഗ്രൂപ്പ് സുഡാൻ പ്രസിഡന്റ് ആയിരുന്ന ഒമർ അൽ ബഷറിന്റെ സമയത്താണ് പ്രവർത്തനം ആരംഭിച്ചത്. സുഡാൻ അതിർത്തി സംരക്ഷിക്കാനായി നിർമ്മിച്ച ഇത് യെമൻ യുദ്ധത്തിൽ പങ്കെടുത്തു. നിലവിലെ ആഭ്യന്തര കലാപത്തിന്റെ പെട്ടന്നുള്ള കാരണം 2023 ൽ SAF ഉം RSF ഉം തമ്മിൽ നടന്ന പരാജയപ്പെട്ട ഭരണമാറ്റമാണ്. സുഡാനിലെ ഡാർഫുർ പ്രദേശമാണ് നിലവിലെ ആഭ്യന്തര കലാപത്തിന്റെ ഉറവിടം. സുഡാനീസ് സൈന്യവും (Sudanese Armed Forces or SAF), RSF (Rapid Support Force) എന്ന സൈനിക വിഭാഗവും തമ്മിൽ നടക്കുന്ന ഈ ആഭ്യന്തര കലാപം വർഷങ്ങളായുള്ള പരാജയപ്പെട്ട അധികാര കൈമാറ്റത്തിന്റെയും പോരാട്ടത്തിന്റെയും സംഘട്ടനത്തിന്റെയും ബാക്കിപത്രമാണ്. യുദ്ധത്തിന്റെ വേരുകൾ സാമ്രാജ്യത്വകാലം വരെ എത്തിനിൽക്കുന്നതാണെങ്കിലും ഇപ്പോഴത്തെ യുദ്ധത്തിന് സുഡാൻ പ്രസിഡന്റ് ആയിരുന്ന ഒമർ അൽ ബഷറിന്റെ ഭരണവുമായി നേരിട്ടുള്ള ബന്ധമുണ്ട്. 1989 മുതൽ 2019 വരെ സുഡാനിന്റെ പ്രസിഡന്റ് ആയിരുന്ന അദ്ദേഹം 1989 ൽ ഭരണത്തിൽ വന്ന ഉടൻ തന്നെ രാജ്യത്തിന്റെ പ്രധാനമന്ത്രി പദവി പൊളിച്ചുകളയുകയും രാജ്യത്ത് ഏകാധിപത്യ ഭരണം നടപ്പിലാക്കുകയും ചെയ്തു. 2019 ൽ തന്നെ അദ്ദേഹം സുഡാനീസ് ആംഡ് ഫോഴ്‌സിന്റെ തലവനായി വിശ്വസ്ഥനായിരുന്ന അബ്ദുൽ ഫതഹ് അൽ ബുർഹാനെ നിയമിച്ചു. എന്നാൽ രണ്ട് മാസത്തിനുള്ളിൽ ജനറൽ ഫതഹ് അൽ ബുർഹാനിന്റെയും SAF ന്റെയുംനേതൃത്വത്തിൽ ഒമർ അൽ ബഷറിനെ ഒരു സൈനിക അട്ടിമറിയിലൂടെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് സ്ഥാനഭ്രംശനാക്കി. തുടർന്ന് ഭരണയുദ്ധം പുതുതായിവന്ന രാഷ്ട്രത്തലവനായ ഫതഹ് അൽ ബുർഹാനും RSF ന്റെ തലവനായ ജനറൽ മുഹമ്മദ് ഹംദാൻ ദാഗാലോയും തമ്മിലായി.


ഒമർ അൽ ബഷറിന്റെ ഭരണകാലത്ത് തനിക്കെതിരെ ഉയരുന്ന ശബ്ദങ്ങളെ അടിച്ചമർത്താൻ രൂപീകരിച്ച RSF എന്ന മിലിറ്ററി ഗ്രൂപ്പാണ് ഇന്ന് രാജ്യത്തിന്റെ സമാധാനം കളയുന്നത്. പട്ടിണിയും ക്ഷാമവും അരക്ഷിതാവസ്ഥയും നിലനിൽക്കുന്ന സുഡാനിലെ മൂന്നിൽ ഒന്ന് ജനങ്ങളും യുദ്ധം മൂലം തങ്ങളുടെ സ്ഥലത്ത് നിന്ന് തുടച്ചുമാറ്റപ്പെട്ടിട്ടുണ്ടെന്ന് യു.എൻ റിപ്പോർട്ടുകൾ കാണിക്കുന്നു. 2023 ഏപ്രിൽ 15 ന് യുദ്ധം തുടങ്ങിയതിന് ശേഷം 60,000 ൽ അതികം വരുന്ന മനുഷ്യരാണ് കൊല്ലപ്പെട്ടത്. വിദേശ നിക്ഷേപത്തിലൂടെ സുഡാനിലെത്തുന്ന വിദേശ രാജ്യങ്ങൾ രണ്ട് ചേരിയായി തിരിയുന്നതാണ് യുദ്ധത്തെ കൂടുതൽ വഷളാക്കുന്നത്. സുഡാനിന്റെ ഭൂമിശാസ്ത്ര സ്ഥാനവും അതിന്റ നയതന്ത്ര പ്രാധാന്യവും തന്നെയാണ് വിദേശശക്തികളെ മുതലെടുപ്പിന് പ്രേരിപ്പിക്കുന്നത്. ഒരേ സമയം ചെങ്കടലുമായും വടക്കേ ആഫ്രിക്കയുമായും മധ്യാഫ്രിക്കയുമായും അതിർത്തിയുള്ള സുഡാൻ ആഫ്രിക്കൻ വൻകരയിലെ പൊന്മുട്ടയിടാൻ കഴിവുള്ള താറാവാണെന്നുള്ള ബോധ്യം ഇവർക്കൊക്കെയുണ്ട്. ഇറാനും ഖത്തറും ഈജിപ്റ്റും SAF നെ മുൻനിർത്തി വടക്കുകിഴക്കൻ പരിധിയിൽ സ്വാധീനം ഉണ്ടാക്കാൻ ശ്രമിക്കുമ്പോൾ യു.എ.ഇ യുടെ അവസാന പ്രതീക്ഷ RSF ന്റെ പക്ഷം ചേരുക എന്നതാണ്. RSF നെ സംരക്ഷിക്കുകയും സഹായിക്കുകയും ചെയ്യുന്നതിലൂടെ യു.എ.ഇ ക്ക് സാമ്പത്തിക നേട്ടം ലഭിക്കുന്നതിലുപരി യുദ്ധത്തിൽ RSF വിജയിച്ചാൽ സുഡാനിലും ചെങ്കടലിലും ഉൾപ്പെടെയുള്ള എല്ലാ തന്ത്രപ്രധാന മേഖലകളിലും യു.എ.ഇക്ക് അധികാരം ലഭിക്കും. ഹോൺ ഓഫ് ആഫ്രിക്കയിലും വടക്ക് കിഴക്കൻ ആഫ്രിക്കയിലും വർഷങ്ങളായി നിലനിൽക്കുന്ന സൗദി സ്വാധീനത്തെ ചെറുക്കാനും യു.എ.ഇ ലക്ഷ്യമിടുന്നു. അതിനായി ഇരട്ടിയിൽ കൂടുതൽ സാമ്പത്തിക സഹായങ്ങളാണ് എത്യോപ്യക്കും കെനിയക്കും ചാഡിനും യു.എ.യി നൽകുന്നത്. 2018 ന് ശേഷം 6 ബില്യൺ ഡോളറാണ് യു.എ.ഇ സുഡാനിലും സുഡാനിലെ തുറമുഖത്തിലും നിക്ഷേപിച്ചിട്ടുള്ളത്. സുഡാനിൽ നിന്നുള്ള സ്വർണത്തിന്റെ ഇറക്കുമത്തിൽ ഒന്നാം സ്ഥാനത്തുള്ള യു.എ.ഇക്ക് സ്വർണത്തേക്കാൾ മോഹം ചെങ്കടലും അവിടെ നിർമ്മിക്കാനിരിക്കുന്ന തുറമുഖവുമാണ്. അതുവഴി ആ പ്രാദേശത്ത് സൗദിയെ പിന്നിലാക്കി ഒറ്റയാൻ ആകാനുള്ള ആഗ്രഹവും അവർക്കുണ്ട്.


രണ്ട് സൈനിക വിഭാഗങ്ങൾ തമ്മിലുള്ള പോരാട്ടം സുഡാനിനെ കത്തിക്കുമ്പോൾ അതിന്റെ ഗുണം കൊയ്യുകയാണ് യു.എ.ഇ, ഈജിപ്റ്റ്, ഇറാൻ പോലുള്ള വിദേശ രാജ്യങ്ങൾ. യുദ്ധത്തിന് അന്ത്യം കുറിക്കാൻ ഐക്യരാഷ്ട്ര സഭയുടെ സെക്യൂരിറ്റി കൗൺസിൽ 2024 മാർച്ച് 8 ന് പ്രമേയം പാസാക്കിയിരുന്നു. അതേ മാസം തന്നെ SAF ഉം RSF ഉം സമാധാന ചർച്ചകൾ നടത്തിയെങ്കിലും ഫലം കണ്ടിരുന്നില്ല. അമേരിക്കയുടെ നേതൃത്വത്തിൽ ജനീവയിൽ വെച്ച് 2024 ആഗസ്റ്റ് 14 ന് നടത്തപ്പെട്ട സമാധാന ചർച്ചകൾ സുഡാൻ ബഹിഷ്‌ക്കരിക്കുകയുണ്ടായി. അതിനുള്ള കാരണം അമേരിക്കയുടെ കൂടെ യു.എ.ഇ യും മാധ്യസ്ഥത വഹിക്കാൻ ശ്രമിച്ച ഇരട്ടതാപ്പാണ്. ഇതിന് പിന്നാലെ സുഡാന് പിന്തുണയുമായും യു.എ.ഇ യെ വിമർശിച്ചും അന്താരാഷ്ട്ര തലത്തിൽ നിരവധി സംഘടനകളും വ്യക്തികളും എത്തിയിരുന്നു. ആഗസ്റ്റിൽ യു.എ.ഇ ലെ ദുബായിൽ വെച്ച് നടത്താനിരുന്ന സംഗീതപരിപാടി, പ്രശസ്ത അമേരിക്കൻ റാപ്പ് ആർട്ടിസ്റ്റ് മേക്കൽമോർ സുടാനെ പിന്തുണച്ചതുകൊണ്ട് ഒഴിവാക്കുകയുണ്ടായി. പതിനെട്ട് മാസത്തോളമായി കത്തുന്ന സുഡാനിനെ എങ്ങനെ ആളികത്തിക്കാമെന്നും അതുവഴി എന്തൊക്കെ നേട്ടങ്ങൾ കൊയ്യാമെന്നും മാത്രമാണ് യു.എ.ഇ ഉൾപ്പടെയുള്ള രാജ്യങ്ങൾ നോക്കുന്നത്.
(മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയിലെ ഇന്റർനാഷണൽ റിലേഷൻസ് ആന്റ് പൊളിറ്റിക്സ് ഡിപ്പാർട്ട്മെന്റിൽ രണ്ടാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയാണ് ലേഖകൻ.)