തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ നികുതി വെട്ടിപ്പ് നടത്തുന്നതിനും കള്ളപ്പണം വെളുപ്പിക്കുന്നതിനുമായി മൗറീഷ്യസ്, ലംക്സംബർഗ് എന്നീ രാജ്യങ്ങളിൽ സബ്സിഡിയറി കമ്പനികൾ രജിസ്റ്റർ ചെയ്തതായ വിവരങ്ങൾ പുറത്ത്. കേന്ദ്ര മന്ത്രിയായ രാജീവ് ചന്ദ്രശേഖർ നടത്തിയ ഈ നികുതിവെട്ടിപ്പ് തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിൽ തിരുവനന്തപുരത്ത് സജീവ ചർച്ചയാവുകയാണ്. രാജീവ് ചന്ദ്രശേഖർ സ്ഥാപിച്ചതും അദ്ദേഹത്തിന് ഓഹരിയുള്ളതുമായ ജൂപ്പിറ്റർ ക്യാപിറ്റൽ എന്ന കമ്പനി കേന്ദ്ര കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന് 2020ൽ സമർപ്പിച്ച ഫോം MGT-7ൽ ആണ് ഇക്കാര്യം വ്യക്തമാകുന്നത്. ഫോം MGT-7ൽ ഹോൾഡിംഗ് സബ്സിഡിയറി, അസോസിയേറ്റ് കമ്പനികളുടെ (ജോയിൻ്റ് സംരംഭങ്ങൾ ഉൾപ്പെടെ) വിവരങ്ങൾ രേഖപ്പെടുത്തിയ ലിസ്റ്റിൽ ഈസ്റ്റ് റോക്ക് ഇന്റർനാഷണൽ ലിമിറ്റഡ്, റിവർസൈഡ് പാർട്ടിസിപ്പേഷൻ ലിമിറ്റഡ്, നിരാമയ ഹോൾഡിംഗ്, നിരാമയ ഇന്റർനാഷണൽ എന്നീ നാല് കമ്പനികളുടെ വിവരം പറയുന്നുണ്ട്. ഇതിൽ ഈസ്റ്റ് റോക്ക് ഇന്റർനാഷണൽ ലിമിറ്റഡ്, റിവർസൈഡ് പാർട്ടിസിപ്പേഷൻ ലിമിറ്റഡ് എന്നീ കമ്പനികൾ രജിസ്റ്റർ ചെയ്തിരിക്കുന്നത് മൗറീഷ്യസിലും നിരാമയ ഹോൾഡിംഗ്, നിരാമയ ഇന്റർനാഷണൽ എന്നീ കമ്പനികൾ രജിസ്റ്റർ ചെയ്തിരിക്കുന്നത് ലക്സംബർഗിലും ആണ്.
നിക്ഷേപർക്ക് വളരെ കുറഞ്ഞ നികുതി നിരക്കുള്ള, ‘ടാക്സ് ഹാവൻസ്’ എന്നറിയപ്പെടുന്ന രാജ്യങ്ങളാണ് ഇത് രണ്ടും. മറ്റ് രാജ്യങ്ങളിൽ നിന്നുള്ള കമ്പനികൾ നികുതി വെട്ടിക്കുന്നതിനും കള്ളപ്പണം നിക്ഷേപിക്കുന്നതിനും ഇത്തരം രാജ്യങ്ങളിൽ കമ്പനികൾ രജിസ്റ്റർ ചെയ്യാറുണ്ട്. ടാക്സ് ഹേവൻസ് ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ സാരമായി ബാധിക്കുന്ന നിക്ഷേപ ഇടപാടാണ്. ആഭ്യന്തര കമ്പനികൾ മറ്റെവിടെയെങ്കിലും നികുതി അടയ്ക്കുന്നത് രാജ്യത്തിന് വലിയ സാമ്പത്തിക നഷ്ടമാണ് വരുത്തി വയ്ക്കുന്നത്. 2020 ഫെബ്രുവരി 2ന് രാജീവ് ചന്ദ്രശേഖർ കമ്പനിയുടെ ഡയറക്ടർ സ്ഥാനത്ത് നിന്നും മാറിയതായാണ് ഫോം MGT-7ൽ പറയുന്നത്. അദ്ദേഹത്തിന്റെ പിതാവ് മംഗത്ത് കാരക്കാട് ചന്ദ്രശേഖരൻ ഡയറക്ടറായി തുടരുന്നു.
പത്രികയ്ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ രാജീവ് ചന്ദ്രശേഖർ ഈ വിവരങ്ങൾ മറച്ചുവച്ചു എന്ന് പരാതിയുണ്ട്. പക്ഷേ, സ്വത്തുവിവരങ്ങൾ മറച്ചുവയ്ക്കുകയും ഓഹരി മൂല്യം കുറച്ചുകാണിക്കുകയും ചെയ്തതിനാൽ രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക തള്ളണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ സമർപ്പിക്കപ്പെട്ട പൊതുതാൽപര്യ ഹർജി ഏപ്രിൽ 23ന് കോടതി തള്ളി. തെരഞ്ഞെടുപ്പ് കമ്മിഷൻ രാജീവ് ചന്ദ്രശേഖറിന്റെ പത്രിക സ്വീകരിച്ച സാഹചര്യത്തിൽ പരാതിയുണ്ടെങ്കിൽ തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയായ ശേഷം പരിഗണിക്കാം എന്നാണ് ഹൈക്കോടതി പറഞ്ഞത്. അതേസമയം തിരഞ്ഞെടുപ്പ് നാമനിർദേശ പത്രികയിൽ സ്വത്ത് വിവരങ്ങൾ മറച്ചുവെച്ചുവെന്ന പരാതിയിൽ രാജീവ് ചന്ദ്രശേഖറിനെതിരെ ആദായനികുതി വകുപ്പ് അന്വേഷണം നടത്തും.
ജൂപ്പിറ്റർ കാപ്പിറ്റൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന നിക്ഷേപ കമ്പനിയിലൂടെ സാങ്കേതികവിദ്യ, മീഡിയ, ഹോസ്പിറ്റാലിറ്റി, വിനോദം എന്നീ മേഖലകളിലെല്ലാം രാജീവ് ചന്ദ്രശേഖറിന് നിക്ഷേപമുണ്ട്. എന്നാൽ ഇത്രയധികം സംരംഭങ്ങൾ നിയന്ത്രിക്കുന്നുണ്ടെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ വിവര പ്രകാരം രാജീവിനും ഭാര്യക്കും കൂടി ആകെയുള്ളത് 36 കോടി രൂപയുടെ ആസ്തി മാത്രമാണ്. 2021- 22 സാമ്പത്തിക വർഷം നികുതി ചുമത്തപ്പെടാവുന്ന വരുമാനമായി സത്യവാങ്മൂലത്തിൽ കാണിച്ചതാകട്ടെ വെറും 681 രൂപയും. ഒൻപത് നോൺ ലിസ്റ്റഡ് കമ്പനികളിൽ രാജീവ് ചന്ദ്രശേഖറിന് ഓഹരി പങ്കാളിത്തമുണ്ട്. അതിൽ ആറ് കമ്പനികളിലെ കൂടുതൽ ഓഹരികളും രാജീവ് ചന്ദ്രശേഖറിന്റെ പേരിലാണ്. എന്നാൽ ഈ കമ്പനികളിലെല്ലാം കൂടി 2.67 കോടി രൂപ നിക്ഷേപമേയുള്ളൂവെന്നാണ് രാജീവ് ചന്ദ്രശേഖർ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നത്. ജനപ്രാതിനിധ്യ നിയമം അനുസരിച്ച് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യാത്ത കമ്പനികൾക്ക് കമ്പനി തുടങ്ങുന്ന സമയത്തെ നിക്ഷേപ തുക ആസ്തിയായി കാണിച്ചാൽ മതി. ഈ ആറു കമ്പനികളും ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തവയല്ല. നിയമത്തിലെ ഈ പഴുതാണ് രാജീവ് ചന്ദ്രശേഖർ സമർത്ഥമായി ഉപയോഗിച്ചിരിക്കുന്നത്. ജൂപ്പിറ്റർ കാപ്പിറ്റലിന്റെ സ്ഥാപകൻ മാത്രമാണ് രാജീവ് ചന്ദ്രശേഖർ. വൻകിട വ്യവസായ ശൃംഖലകൾ സ്ഥാപിച്ച് അവ പരസ്പരം നിക്ഷേപിച്ച് പ്രധാന നിക്ഷേപകനെ രഹസ്യമായി സൂക്ഷിക്കുന്ന തന്ത്രമാണ് ജൂപ്പിറ്റർ കാപ്പിറ്റൽ പിന്തുടരുന്നത്.
രാജ്യസഭാ തെരഞ്ഞെടുപ്പിന്റെ സമയത്ത് സമർപ്പിച്ച വിവരങ്ങളുടെ കാര്യത്തിലും ഇതേ പരാതി രാജീവ് ചന്ദ്രശേഖറിനെതിരെ നിലനിൽക്കുന്നുണ്ട്. അന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ഇക്കാര്യത്തിൽ നടപടിയൊന്നും എടുത്തില്ല എന്ന് രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി നൽകിയ സുപ്രീം കോടതി അഭിഭാഷക ആവണി ബൻസാൽ ചൂണ്ടിക്കാണിക്കുന്നു. 2019ൽ തെരഞ്ഞെടുപ്പ് കമ്മീഷന് അവർ നൽകിയ പരാതി, 2022 ൽ സെൻട്രൽ ബോർഡ് ഓഫ് ഡിറക്റ്റ് ടാക്‌സിന് (സി.ബി.ഡി.ടി) കൈമാറിയിട്ടും മറുപടിയൊന്നും ലഭിച്ചിട്ടില്ല. ഈ കബളിപ്പിക്കലുകൾ ചോദ്യം ചെയ്യപ്പെട്ടിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് നികുതി വെട്ടിപ്പ് നടത്തുന്നതിനും കള്ളപ്പണം വെളുപ്പിക്കുന്നതിനുമായി മൗറീഷ്യസ്, ലംക്സംബർഗ് എന്നീ രാജ്യങ്ങളിൽ സബ്സിഡിയറി കമ്പനികൾ രജിസ്റ്റർ ചെയ്തതായുള്ള വിവരങ്ങൾ പുറത്തുവരുന്നത്. രാജീവ് ചന്ദ്രശേഖറും അദ്ദേഹത്തിന്റെ പാർട്ടിയും ഇതിനോട് പ്രതികരിക്കാൻ തയ്യാറായിട്ടില്ല.