

Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


ഇന്ത്യ-യുഎസ് സിവിൽ ന്യൂക്ലിയർ ഉടമ്പടിയുടെ ഭാഗമായി ഇന്ത്യയുടെ അണുശക്തി നിയമങ്ങൾ ഭേദഗതി ചെയ്യാനുള്ള സർക്കാർ നീക്കം ഔദ്യോഗികമായി പ്രഖ്യാപിച്ചത് 2025 ഫെബ്രുവരിയിലെ ബജറ്റ് പ്രസംഗത്തിലാണ്. അറ്റോമിക് എനർജി ആക്റ്റ് (1962), സിവിൽ ലയബിലിറ്റി ഫോർ ന്യൂക്ലിയർ ഡാമേജസ് ആക്റ്റ് (2010) എന്നിവ ഭേദഗതി ചെയ്ത് വലിയ തോതിലുള്ള ആണവോർജ്ജ ഉത്പാദനം ലക്ഷ്യമിടുന്ന ‘ന്യൂക്ലിയർ മിഷൻ’ ധനകാര്യമന്ത്രി നിർമല സീതാരാമൻ ബജറ്റിൽ അവതരിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിൽ, നിയമഭേദഗതികളുടെ രാഷ്ട്രീയത്തെക്കുറിച്ചും ഇന്ത്യയുടെ അണുശക്തി നിയമങ്ങളെക്കുറിച്ചും മദ്രാസ് ഹെെക്കോടതിയിലെ പാരിസ്ഥിതിക നിയമ അഭിഭാഷകനായ എം വെട്രി സെൽവനുമായി നടത്തിയ അഭിമുഖം.
വിദേശ രാജ്യങ്ങൾ ഇന്ത്യയിൽ ആണവ വ്യാവസായിക പ്രവർത്തനങ്ങൾ ചെയ്യുമ്പോൾ അവിടെയുണ്ടാകുന്ന ദുരന്തങ്ങളുടെ ബാധ്യത കമ്പനികൾ ഏറ്റെടുക്കണമെന്ന ഇന്ത്യൻ നിയമം ‘സിവിൽ ലയബിലിറ്റി ഫോർ ന്യൂക്ലിയർ ഡാമേജസ് ആക്റ്റ്’ ഭേദഗതി ചെയ്യുന്നുവെന്ന വാർത്ത വന്നത് 2025 ഫെബ്രുവരിയിലാണ്. വളരെ വിചിത്രമായി, ബജറ്റ് പ്രസംഗത്തിലാണ് ഭേദഗതിയെക്കുറിച്ചുള്ള പരാമർശം ധനകാര്യമന്ത്രി നിർമല സീതാരാമൻ നടത്തിയത്. ഒരു പരിസ്ഥിതി അഭിഭാഷകനെന്ന നിലയിൽ ഈ നീക്കത്തെ താങ്കൾ എങ്ങനെ മനസ്സിലാക്കുന്നു?
ബജറ്റ് പ്രസംഗത്തിൽ ധനകാര്യമന്ത്രി നിർമല സീതാരാമൻ നടത്തിയത് ന്യൂക്ലിയർ എനർജി മിഷനെ കുറിച്ചുള്ള ഒരു പ്രഖ്യാപനമാണ്. ഈ മിഷൻ നടപ്പിലാക്കണമെങ്കിൽ സ്വകാര്യ പങ്കാളിത്തം കൂടിയേ തീരൂ എന്നും നിർമല സീതാരാമൻ പറഞ്ഞു. സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കാൻ അറ്റോമിക് എനർജി ആക്റ്റിലും സിവിൽ ലയബിലിറ്റി ഫോർ ന്യൂക്ലിയർ ഡാമേജസ് ആക്റ്റിലും ഭേദഗതികൾ വരുത്തും. ഇതാണ് ബജറ്റ് പ്രസംഗത്തിൽ നടത്തിയ പ്രസ്താവനകൾ. ഇതിന് ശേഷം പ്രസ് ഇൻഫർമേഷൻ ബ്യൂറോയും ന്യൂക്ലിയർ എനർജി മിഷനെ കുറിച്ചുള്ള ഒരു രേഖ പ്രസിദ്ധീകരിച്ചു. ആണവോർജ്ജത്തിനായി സ്വകാര്യ പങ്കാളിത്തം അനുവദിക്കുമെന്ന് മിഷനിലും അവർ കൃത്യമായി പറയുന്നുണ്ട്. ഇന്ത്യയിൽ ആണവനിലയം നടത്തുന്നത് ന്യൂക്ലിയർ പവർ കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (എൻ.പി.സി.ഐ.എൽ) ആണ്. നിലവിൽ ഇവർ എൽ ആൻഡ് ടി, ടാറ്റ പോലുള്ള സ്വകാര്യ കമ്പനികളെയും ന്യൂക്ലിയർ പ്ലാന്റിലെ റിയാക്റ്ററിനായുള്ള ഉപകരണങ്ങൾ നിർമ്മിക്കാൻ അനുവദിക്കുന്നുണ്ട്. കേന്ദ്ര സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനമായ എൻ.പി.സി.ഐ.എൽ ആണ് ആണവോർജ്ജം ഉത്പാദിപ്പിക്കുന്നതും ആണവോർജ്ജത്തിന്റെ അപകടസാധ്യത കെെകാര്യം ചെയ്യുന്നതും. റേഡീയോ ആക്റ്റീവ് വസ്തുക്കൾ, റേഡിയോ ആക്റ്റീവ് എനർജി എന്നിവയുമായി ബന്ധപ്പെട്ട എന്തുകാര്യവും കേന്ദ്ര സർക്കാരോ കേന്ദ്ര സർക്കാർ ഏജൻസികളോ ഒക്കെ മാത്രം കെെകാര്യം ചെയ്യേണ്ടതാണെന്ന് 1965ലെ അറ്റോമിക് എനർജി ആക്റ്റിൽ വ്യക്തമായി പറയുന്നുണ്ട്.


2008ൽ ഇന്ത്യയും യുഎസ്എയും ആണവകരാറിൽ ഏർപ്പെട്ട സമയത്ത് ആണവകരാറിനെതിരെ ഉയർന്നുവന്ന, പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധങ്ങൾക്ക് പ്രതിവിധിയെന്ന തരത്തിലായിരുന്നു 2010ൽ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ ഭരണകാലത്ത്, സിവിൽ ലയബിലിറ്റി ഫോർ ന്യൂക്ലിയർ ഡാമേജസ് ആക്റ്റ് രൂപപ്പെട്ടത്. അങ്ങനെയാണ് സിവിൽ ലയബിലിറ്റി ഫോർ ന്യൂക്ലിയർ ഡാമേജസ് ആക്റ്റ് നിലവിൽ വന്നത്. ഈ നിയമത്തിന്റെ പ്രാധാന്യം മനസ്സിലാക്കണമെങ്കിൽ ഇതിനെ ഭോപ്പാൽ ദുരന്തവുമായി ചേർത്ത് ചിന്തിക്കണം. 1984ലാണ് ഭോപ്പാൽ ദുരന്തം സംഭവിച്ചത്. ഭോപ്പാൽ വ്യാവസായിക ദുരന്തത്തിന് ശേഷം സർക്കാരിനോ മറ്റു സംവിധാനങ്ങൾക്കോ ദുരന്തത്തിന് കാരണമായ കമ്പനിയെ എങ്ങനെ വിചാരണ ചെയ്യണമെന്നോ അവരുടെ പ്രവൃത്തികളുടെ ഉത്തരവാദിത്തമേറ്റെടുക്കാൻ ബാധ്യസ്ഥരാക്കണമെന്നോ ദുരിതബാധിതർക്ക് നഷ്ടപരിഹാരം നൽകേണ്ടത് എങ്ങനെയെന്നോ നയങ്ങളുണ്ടായിരുന്നില്ല. അതൊരു തീവ്രദുരന്തമായിരുന്നു. 1986ൽ എൻവയോൺമെന്റ് പ്രൊട്ടക്ഷൻ ആക്റ്റി(പരിസ്ഥിതി സംരക്ഷണ നിയമം)ന്റെ രൂപീകരണത്തിന് ഈ ദുരന്തത്തിന്റെ ചരിത്രമുണ്ട്, നമുക്ക് വ്യവസായശാലകളെയും നിരീക്ഷിക്കേണ്ടതാണ് എന്ന തിരിച്ചറിവിൽ നിന്ന്. അതിനുശേഷം 1991ൽ പബ്ലിക് ലയബിലിറ്റി ഇൻഷുറൻസ് ആക്റ്റ് കൊണ്ടുവന്നു. ഇതനുസരിച്ച് വ്യാവസായിക അപകടങ്ങളുണ്ടായാൽ അതിന്റെ ആഘാതങ്ങൾക്ക് നഷ്ടപരിഹാരം തേടാനുള്ള അവകാശം ജനങ്ങൾക്ക് കിട്ടുന്നു. പ്രകൃതി ദുരന്തങ്ങൾ കാരണമുണ്ടാകുന്ന നഷ്ടങ്ങളും ഈ നിയമത്തിന്റെ പരിധിയിൽ വരും. ആണവോർജ്ജത്തിന്റെ കാര്യത്തിൽ, 1970ൽ ആദ്യ പൊഖ്റാൻ ആണവ പരീക്ഷണമുണ്ടായി. ആണവോർജ്ജത്തിനായി നമുക്ക് യുറേനിയം വേണം. റിയാക്റ്റർ പ്രവർത്തിപ്പിക്കാൻ നമുക്ക് ഇന്ധനം വേണം. ഇന്ത്യയിൽ അധികം യുറേനിയം ലഭ്യമല്ല. അതുകൊണ്ട് നമ്മൾക്ക് യുറേനിയം മറ്റ് രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യണമെങ്കിൽ യുനെെറ്റഡ് സ്റ്റേറ്റ്സ്, റഷ്യ എന്നീ രാജ്യങ്ങളുടെ പിന്തുണ വേണം. നമ്മുടെ തന്നെ റിയാക്റ്റർ നിർമ്മിക്കാനും നമുക്ക് മറ്റു രാജ്യങ്ങളുടെ പിന്തുണ വേണം.
1970ലെ ആണവ പരീക്ഷണത്തെത്തുടർന്ന് യുഎസ്എ നമുക്ക് നിരോധനമേർപ്പെടുത്തി, ഇന്ത്യയ്ക്ക് യുറേനിയമോ റിയാക്റ്ററോ തരില്ലെന്ന് അവർ തീരുമാനിച്ചു. പൊഖ്റാനിലെ രണ്ടാം ആണവ പരീക്ഷണത്തെ തുടർന്നും യുഎസ്എയുടെ നിരോധനമുണ്ടായിരുന്നു. മൻമോഹൻ സിങ് പ്രധാനമന്ത്രിയായിരുന്ന സമയത്ത് ആണവ കരാർ പ്രകാരം ബിസിനസ് എളുപ്പമാക്കണമെന്നതായി സർക്കാരിന്റെ ആവശ്യം. മൻമോഹൻ സിങ് വീണ്ടും യുഎസ് ഗവണ്മെന്റുമായി സംസാരിച്ചു, യുഎസ് ചില നിയന്ത്രണങ്ങൾ നീക്കം ചെയ്യാമെന്ന് ഉറപ്പുനൽകി. അങ്ങനെയാണ് സിവിൽ ന്യൂക്ലിയർ ഇൻഡസ്ട്രി പുരോഗമിച്ചത്.


ആണവോർജ്ജത്തിന് രണ്ടുതരത്തിലുള്ള ഉപയോഗമാണ് ഉള്ളത്, സെെനിക ആവശ്യങ്ങൾക്കുള്ളതും (സ്ട്രാറ്റജിക്) ഊർജ്ജ ആവശ്യങ്ങൾക്കുള്ളതും (സിവിൽ). തമിഴ്നാട് കൂടംകൂളം ആണവ പ്ലാന്റ് ഊർജ്ജ ആവശ്യങ്ങൾക്കുള്ള സിവിൽ കാറ്റഗറിയിൽ പെടുന്നതാണ്. കൽപാക്കം മദ്രാസ് അറ്റോമിക് പവർ സ്റ്റേഷൻ നയതന്ത്ര ആവശ്യങ്ങൾക്കുള്ളതാണ്. ഫ്രാൻസ്, കാനഡ, റഷ്യ എന്നീ രാജ്യങ്ങളുമായുള്ള ആണവോർജ്ജ ഉടമ്പടികൾ ഊർജ്ജ ആവശ്യങ്ങൾക്കുള്ളതാണ്. ഈ രാജ്യങ്ങൾ അവരുടെ റിയാക്റ്ററുകൾ ഇന്ത്യയിൽ വിൽക്കാൻ തയ്യാറാണ്. 2010ൽ ഇന്ത്യയും യുഎസ്എയും ആണവോർജ്ജ ഉടമ്പടിയിലെത്തിയപ്പോൾ അതിനെതിരെ വലിയ പ്രതിഷേധങ്ങളുണ്ടായി, പ്രത്യേകിച്ച് ഇടത് പാർട്ടികളിൽ നിന്നും. അവർ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന പ്രാഥമികാവശ്യം ഉയർത്തി. അങ്ങനെയാണ് 2010ൽ സിവിൽ ലയബിലിറ്റി ഫോർ ന്യൂക്ലിയർ ഡാമേജസ് നിയമത്തിന്റെ രൂപീകരണം നടക്കുന്നത്. റിയാക്റ്റർ കാരണം എന്തെങ്കിലും അപകടങ്ങളുണ്ടായാൽ അതിന്റെ ബാധ്യത അതുണ്ടാക്കിയ കമ്പനികൾക്കുമേൽ ആണെന്നും അവർ ദുരിതബാധിതരായവർക്ക് നഷ്ടപരിഹാരം നൽകണമെന്നും ഈ നിയമം പറയുന്നു. ആരാണ് അത്തരം ദുരന്തങ്ങൾക്ക് ഉത്തരവാദിയെന്നും എത്രത്തോളമാണ് അതിലെ ഉത്തരവാദിത്തങ്ങളെന്നും ഈ നിയമത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഒരു ആണവ അപകടമുണ്ടായാൽ, അറ്റോമിക് എനർജി റെഗുലേറ്ററി ബോഡി അത് നോട്ടിഫെെ ചെയ്യുകയും, നഷ്ടം എത്രത്തോളം അല്ലെങ്കിൽ എന്തെല്ലാമാണെന്നും പറയുകയും ചെയ്യും. അങ്ങനെ ഇതെല്ലാം ഓപറേറ്ററിൽ നിന്നും അവകാശപ്പെടാൻ കഴിയും. നിലവിൽ കേന്ദ്രസർക്കാർ ആണ് ഈ ഓപറേറ്റർ, ഓപറേറ്റർ നഷ്ടപരിഹാരം നൽകാൻ ബാധ്യസ്ഥരാണ്. നഷ്ടപരിഹാരത്തിന്റെ പരിധികളും ഈ നിയമത്തിൽ നിർവ്വചിച്ചിട്ടുണ്ട്. അതനുസരിച്ചാണ് നഷ്ടപരിഹാരം തീരുമാനിക്കുന്നത്, നഷ്ടപരിഹാരത്തിനും ഒരു പരിധിയുണ്ട്. ഓരോ ആണവ അപകട സംഭവത്തിലും നൽകാവുന്ന നഷ്ടപരിഹാരം മുന്നൂറ് മില്യൺ ഡോളറിന് തുല്യമായ ഇന്ത്യൻ രൂപയായിരിക്കും. അങ്ങനെയൊരു പരിമിതി ഇതിലുണ്ട്. ഈ നിയമത്തിലെ സെക്ഷൻ 17 പ്രകാരം, ഇന്ത്യ ഫ്രാൻസിൽ നിന്നോ അമേരിക്കയിൽ നിന്നോ റിയാക്റ്റർ വാങ്ങിക്കുകയാണെങ്കിൽ ഈ രണ്ട് രാജ്യങ്ങളും ഒരു ഉടമ്പടിയിൽ പങ്കാളികളാകണം. ഈ ഉടമ്പടിയിൽ റിയാക്റ്റർ നൽകുന്ന രാജ്യത്തിന് ബാധ്യത നൽകുന്ന നിബന്ധന വേണം. ഫ്രാൻസിൽ നിന്നും റിയാക്റ്റർ വാങ്ങിക്കുകയാണെങ്കിൽ അവരുമായി ഒരു കരാറിൽ ഏർപ്പെടണം, നിങ്ങളുടെ ഉത്പന്നത്തിന്റെ തകരാർ കാരണം എന്തെങ്കിലും അപകടം സംഭവിച്ചാൽ നിങ്ങൾ അതിന് ഉത്തരവാദിയാണ് എന്നു പറയുന്നതാകണം കരാർ. ഈ നിയമത്തിൽ, അതാണ് വിതരണക്കാരുടെ ബാധ്യത. ഈ നിയമം രൂപീകരിച്ചതിന് ശേഷം, 2010ന് ശേഷം ഒരു ആണവ കരാർ പോലും ഉണ്ടാക്കിയിട്ടില്ല. കാരണം ഈ ഉത്തരവാദിത്തവും ബാധ്യതയും ഏറ്റെടുക്കാൻ അണുശക്തി വിതരണക്കാർ ആരും തയ്യാറായിരുന്നില്ല. ഏറ്റവും അവസാനത്തേത് കൂടംകുളം ആണവനിലയമായിരുന്നു. കൂടംകുളം ഈ നിയമത്തിൽ ഉൾപ്പെടുന്നതായിരുന്നില്ല, കാരണം അതിന്റെ കരാർ 1990കളിൽ ഒപ്പുവെച്ചതാണ്. പിന്നീട് 2000ങ്ങളിലാണ് അത് പുതുക്കുന്നത്. കൂടംകുളം ആണവ നിലയത്തിന് ശേഷം ഇന്ത്യയിൽ ആണവ റിയാക്റ്ററുകൾ വാങ്ങിക്കുന്നതിനുള്ള ഉടമ്പടികൾ ഉണ്ടായിട്ടില്ല. ജെയ്താപൂരിലും കൊവാഡയിലും ന്യൂക്ലിയർ പ്ലാന്റുകൾ സ്ഥാപിക്കുന്നതിനെക്കുറിച്ചുള്ള സംസാരങ്ങളുണ്ടായെങ്കിലും അതൊന്നും ഈ നിയമത്തിലെ തടസം കാരണം നടപ്പിലായിട്ടില്ല. ഫ്രാൻസ് ആയിരുന്നു ഈ ആണവ നിലയങ്ങൾ സ്ഥാപിക്കാനുള്ള ചർച്ചകളുമായി ഇന്ത്യയെ സമീപിച്ചത്.
ഈ വകുപ്പ് ഭേദഗതി ചെയ്യുമെന്നാണ് ഇപ്പോൾ ഇന്ത്യൻ ഗവണ്മെന്റ് പറയുന്നത്. ഞങ്ങളുടെ ഊഹം അറ്റോമിക് എനർജി ആക്റ്റിലും ഭേദഗതി വരുത്തിക്കൊണ്ട് സ്വകാര്യ പാർട്ടികൾക്ക് ഇന്ത്യയിൽ ആണവ റിയാക്റ്റർ പ്രവർത്തിപ്പിക്കാനുള്ള അനുമതി കൂടി നൽകുമെന്നാണ്. വിതരണക്കാരുടെ ഉത്തരവാദിത്തത്തെക്കുറിച്ച് മാത്രമാണ് പ്രശ്നമുള്ളതെങ്കിൽ ലയബിലിറ്റി ആക്റ്റ് ഞങ്ങൾ ഭേദഗതി ചെയ്യുന്നു എന്നാണ് പറയേണ്ടത്. പക്ഷേ അവർ അറ്റോമിക് എനർജി ആക്റ്റും ഭേദഗതി ചെയ്യുന്നതിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. അറ്റോമിക് എനർജി ആക്റ്റിൽ പറയുന്നത് പ്ലാന്റിന്റെ ഉടമസ്ഥത നിയന്ത്രിക്കുന്നത് കേന്ദ്ര സർക്കാർ ആയിരിക്കും എന്ന് മാത്രമാണ്. അതാണ് അതിലെ ഒരേയൊരു പ്രൊവിഷൻ.


അറ്റോമിക് എനർജി ആക്റ്റ് ഭേദഗതി ചെയ്യുമെന്ന് പറയുമ്പോൾ സ്വകാര്യ ഉടമസ്ഥതയ്ക്ക് ഇടം തുറക്കുന്ന പ്രൊവിഷൻ ആയി മാറും. അങ്ങനെ ആണവോർജ്ജത്തിന്റെ സ്വകാര്യവൽക്കരണമാണ് സംഭവിക്കാൻ പോകുന്നത്. അവർ സിവിൽ ലയബിലിറ്റി ഫോർ ന്യൂക്ലിയർ ഡാമേജസ് ആക്റ്റ് ഭേദഗതി ചെയ്യുമ്പോൾ ആണവോർജ്ജ പ്ലാന്റിനുമേലുള്ള വിതരണക്കാരുടെ ബാധ്യത എടുത്തുകളയും. ഞാൻ ഈ കാര്യം പറയുന്നതിനുള്ള മറ്റൊരു തെളിവ് മുൻ ഫോറിൻ സെക്രട്ടറിയും യുഎസ് അംബാസഡറുമായ ഹർഷ് വർധൻ ശ്രിംഗ്ലയുമായുള്ള ഒരു അഭിമുഖം ഇന്ത്യൻ എക്സ്പ്രസ് 2025 ഫെബ്രുവരി 18ന് പ്രസിദ്ധീകരിച്ചിരുന്നു. അതിൽ ഹർഷ് വർധൻ ശ്രിംഗ്ല പറയുന്നത് ഇന്ത്യയും യുഎസും തമ്മിലുള്ള സംയുക്ത പ്രസ്താവനയിൽ അറ്റോമിക് എനർജി ആക്റ്റും സിവിൽ ലയബിലിറ്റി ഫോർ ന്യൂക്ലിയർ ഡാമേജസ് ആക്റ്റും ഭേദഗതി ചെയ്യുകയും നിയമം വിദേശീയരായ നിക്ഷേപകർക്ക് അനുയോജ്യമാക്കുവാനും ഉടമ്പടിയുണ്ടായിട്ടുണ്ട് എന്നാണ്. ലയബിലിറ്റി ആക്റ്റ് ഭേദഗതി ചെയ്യുമെന്നും അതിലൂടെ റിയാക്റ്റർ വിതരണം ചെയ്യുന്നവരുടെ ബാധ്യത നീക്കം ചെയ്യപ്പെടുമെന്നും ഇന്ത്യ ഉറപ്പുനൽകുന്നുണ്ട്. ഇവർ നൽകുന്ന റിയാക്റ്ററിൽ നിന്നും എന്ത് അപകടം സംഭവിച്ചാലും നമ്മളാണ് അതിന് ഉത്തരവാദി. അവർ അതിൽ ഒരു ഉത്തരവാദിത്തവുമെടുക്കില്ല.
2025 ഫെബ്രുവരി 13ന് പ്രസിദ്ധീകരിച്ച ഇന്ത്യ- യുഎസ് സംയുക്ത പ്രസ്താവനയിൽ നിന്ന്: “ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും യുഎസ്- ഇന്ത്യ 123 സിവിൽ ന്യൂക്ലിയർ അഗ്രിമെന്റ് പൂർണ അർത്ഥത്തിൽ നടപ്പിലാക്കാമെന്ന ഉടമ്പടി പ്രഖ്യാപിച്ചു. ഇന്ത്യയിൽ യുഎസ് നിർമിതമായ ന്യൂക്ലിയർ റിയാക്റ്ററുകൾ വലിയ തോതിൽ പ്രാദേശികമായും ലഭ്യമായ സാങ്കേതിക വിദ്യയുപയോഗിച്ചും സ്ഥാപിക്കുന്നതിനായുള്ള പദ്ധതികളുമായി മുന്നോട്ടുപോകും. ഇരുവരും ഇന്ത്യൻ ഗവണ്മെന്റിന്റെ ഏറ്റവും പുതിയ ബജറ്റ് പ്രഖ്യാപനത്തിലെ, അറ്റോമിക് എനർജി ആക്റ്റ്, സിവിൽ ലയബിലിറ്റി ഫോർ ന്യൂക്ലിയർ ഡാമേജസ് ആക്റ്റ് എന്നിവ ന്യൂക്ലിയർ റിയാക്റ്ററുകൾക്ക് വേണ്ടി ഭേദഗതി ചെയ്യാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്തു. ന്യൂക്ലിയർ റിയാക്റ്ററുകൾ നിർമ്മിക്കുന്നതിലും സ്ഥാപിക്കുന്നതിലും ഇന്ത്യൻ, യുഎസ് സഹകരണങ്ങൾ ഉറപ്പാക്കുമെന്നും അതിലൂടെ സിവിൽ ലയബിലിറ്റിയുടെ പ്രശ്നത്തെ അഭിമുഖീകരിക്കുമെന്നും തീരുമാനമുണ്ടായി. ഇത് മുന്നോട്ട് വൻകിട യുഎസ് നിർമ്മിത റിയാക്റ്ററുകൾ സ്ഥാപിക്കുന്നതിനും ആധുനിക സ്മോൾ മോഡുലർ റിയാക്റ്ററുകൾ സ്ഥാപിച്ച് ആണവോർജ്ജം ഉത്പാദിപ്പിക്കുന്നതിനും സഹകരണമുറപ്പാക്കും.”
അറ്റോമിക് എനർജി ആക്റ്റ് രൂപം കൊണ്ട സാഹചര്യത്തെക്കുറിച്ച് പറയാമോ?
1948ലാണ് ഇന്ത്യയിൽ അറ്റോമിക് എനർജി കമ്മീഷൻ രൂപീകരിച്ചത്. ഹോമി ജെ ഭാഭ അതിൽ പ്രവർത്തിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസിൽ നേരിട്ട് പ്രവർത്തിക്കുന്നതാണ് അറ്റോമിക് എനർജി വകുപ്പ്. ഇവർ പാർലമെന്റിനോട് മറുപടി പറയാൻ പോലും ബാധ്യസ്ഥരല്ല. 1965ൽ നടപ്പിലാക്കിയ ഈ നിയമം ആണവോർജ്ജത്തിന്റെ പൂർണ അധികാരം കേന്ദ്ര സർക്കാരിന് നൽകുന്നതാണ്. റേഡീയോ ആക്റ്റീവ് വസ്തുക്കളുടെയും റേഡിയോ ആക്റ്റീവ് എനർജിയുടെയും, റേഡിയോ ആക്റ്റീവ് പ്രവർത്തനങ്ങളുടെയും റേഡിയോ ആക്റ്റീവ് മാലിന്യത്തിലുള്ള പൂർണനിയന്ത്രണവും ഈ നിയമം ഉറപ്പാക്കുന്നുണ്ട്. റേഡിയോ ആക്റ്റീവ് വേസ്റ്റ് മാനേജ്മെന്റ് റൂൾസ്, റേഡിയോ ആക്റ്റീവ് അറ്റോമിക് മിനറൽസ് റൂൾസ് എന്നിങ്ങനെയാണ് ഈ നിയമത്തിന് കീഴിലെ വകുപ്പുകൾ. കഴിഞ്ഞ വർഷം അറ്റോമിക് നിയമങ്ങളിൽ ഭേദഗതി വരുത്തി. അറ്റോമിക് മിനറൽ / ആണവ ധാതുക്കൾ എന്ന പട്ടികയിൽ നിന്നും അവർ ചില റേഡിയോ ആക്റ്റീവ് വസ്തുക്കളെ, മെെൻസ് ആൻഡ് മിനറൽസ് ആക്റ്റ് പ്രകാരം മാറ്റി ക്രിട്ടിക്കൽ മിനറൽ ആക്കി. പ്രത്യേക നിയമത്തിന് കീഴിൽ അറ്റോമിക് മിനറൽ എന്ന വിഭാഗത്തിൽ പെടുന്ന ധാതുക്കളുണ്ട്, ഇവ കേന്ദ്ര സർക്കാരിന്റെ റെയർ എർത്ത് ലിമിറ്റഡ് കമ്പനിയുടെ നിയന്ത്രണത്തിലാണ്.


അവർക്ക് മോണസെെറ്റ് ഖനനം ചെയ്യാനുള്ള അധികാരമുണ്ട്, മോണസെെറ്റ് ഒരു റേഡിയോ ആക്റ്റീവ് മെറ്റീരിയൽ ആണ്. മോണസെെറ്റിനെ അറ്റോമിക് മിനറൽസ് റൂളിൽ നിന്നും മാറ്റി ക്രിട്ടിക്കൽ മിനറൽ എന്ന വിഭാഗത്തിലേക്ക് മാറ്റി, അതും മെെൻസ് ആൻഡ് മിനറൽസ് ആക്റ്റ് പ്രകാരം തന്നെയാണ് ചെയ്തത്. ഇപ്പോൾ സ്വകാര്യ പാർട്ടികൾക്ക് മോണസെെറ്റ് ഖനനം ചെയ്യാനുള്ള ലെെസൻസ് നൽകുന്നുണ്ട്. അറ്റോമിക രംഗത്ത് ഇതിനകം തന്നെ സ്വകാര്യവൽക്കരണം നടക്കുന്നുണ്ട്. തമിഴ്നാടിന്റെ തീരപ്രദേശങ്ങളിൽ മണൽ ഖനനം നടക്കുന്നുണ്ട്, മോണസെെറ്റും തോറിയവും ഉള്ള പ്രദേശമാണത്. 1962ലെ അറ്റോമിക് എനർജി ആക്റ്റ് രൂപീകരിച്ചതിന്റെ അടിത്തറയാണിത്. നമുക്ക് കുറേ നിയമങ്ങളുണ്ട്, ആണവോർജ്ജവുമായി ബന്ധപ്പെട്ടത്. ഖനികളും ധാതുക്കളും എങ്ങനെ നടത്തണം എന്നതിനെക്കുറിച്ച്, ആണവോർജ്ജ ഉൽപാദനത്തിലെ റേഡിയോ ആക്റ്റീവ് മാലിന്യം എങ്ങനെ നേരിടും എന്നതിനെ കുറിച്ച്, അറ്റോമിക് എനർജിയിൽ നിന്നുള്ള റേഡിയേഷനിൽ നിന്നും സുരക്ഷ നേടുന്നതിനായുള്ള 2004ലെ നിയമം ഇതെല്ലാമുണ്ട്. ഈ നിയമമനുസരിച്ചാണ് ന്യൂക്ലിയർ പ്ലാന്റുകൾക്ക് അനുമതി നൽകുന്നത്. ഇതാണ് അറ്റോമിക് എനർജി ആക്റ്റ് 1962ന്റെ പശ്ചാത്തലം.
സ്വാതന്ത്ര്യാനന്തരം എന്തുകൊണ്ടാണ് ഇന്ത്യ ഇത്രയും അപകടകരമായൊരു ഊർജ്ജ ഉത്പാദന രീതിയോട് അകലം പാലിക്കാതിരുന്നത് എന്നാണ് കരുതുന്നത്? താങ്കൾ പറഞ്ഞതുപോലെ സെെനിക ആവശ്യങ്ങൾക്ക് വേണ്ടി ആയിരുന്നോ മറ്റു രാജ്യങ്ങളുമായി, പ്രത്യേകിച്ച് യുഎസ്സുമായി ഇന്ത്യ ആണവകരാറിൽ ഏർപ്പെട്ടത്? എന്തായിരുന്നു ഇന്ത്യയെ പ്രേരിപ്പിച്ച കാരണം? അതേക്കുറിച്ച് എന്താണ് കരുതുന്നത്?
സാമ്പത്തിക താൽപര്യമാണ് അതിലെ പ്രധാന കാര്യം. അവരുടെ ന്യൂക്ലിയർ മിഷൻ പറയുന്നത് 2047ഓടുകൂടി 100 ഗിഗാവാട്സ് എനർജി ഉത്പാദിപ്പിക്കുന്ന ന്യൂക്ലിയർ പവർ പ്ലാന്റുകൾ സ്ഥാപിക്കുമെന്നാണ്. അതാണ് അവരുടെ ആഗ്രഹം, അവരുടെ ലക്ഷ്യം. അതുപക്ഷേ വളരെ അസാധ്യമായ കാര്യമാണ്. ഈ ന്യൂക്ലിയർ മിഷൻ ഇപ്പോൾ ചെറിയ മോഡുലർ റിയാക്റ്ററുകളെക്കുറിച്ചും പറയുന്നുണ്ട്. 100 മെഗാവാട്ട്, 150 മെഗാവാട്ട് ഒക്കെ ന്യൂക്ലിയർ എനർജി ഉത്പാദിപ്പിക്കുന്ന റിയാക്റ്ററുകൾ പ്രവർത്തിപ്പിക്കുമെന്നാണ് ന്യൂക്ലിയർ മിഷൻ അവകാശപ്പെടുന്നത്. അവർ രാജ്യത്തുടനീളം ചെറിയ റിയാക്റ്ററുകൾ സ്ഥാപിക്കുമെന്നാണ് പറയുന്നത്. അവർ 100 ഗിഗാവാട്സ് ന്യൂക്ലിയർ എനർജി ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യമിടുന്നതെങ്കിൽ ഇവിടെ കൂടുതൽ റിയാക്റ്ററുകൾ സ്ഥാപിക്കപ്പെടും, കൂടുതൽ ആണവ മാലിന്യം ഉണ്ടാകും.
നമുക്ക് ഇപ്പോൾത്തന്നെ ആണവ മാലിന്യത്തിന്റെ വലിയ സ്റ്റോക്ക് ഉണ്ട്, അതെന്തുചെയ്യണമെന്ന് നമുക്കറിയില്ല, 2013ലെ ഒരു സുപ്രീം കോടതി വിധി പറയുന്നത് എല്ലാ ആണവ മാലിന്യവും സൂക്ഷ്മമായി കെെകാര്യം ചെയ്യണമെന്നും ഉപയോഗിച്ച ആണവ ഇന്ധനം ഭൂമിക്കടിയിൽ വളരെ ആഴത്തിൽ കുഴിച്ചിടണമെന്നും (deep geological repository), അഞ്ച് വർഷത്തിനുള്ളിൽ ഈ സംവിധാനം നിർമ്മിക്കണമെന്നും കോടതി പറഞ്ഞിരുന്നു. ഇതുവരെയും ഡീപ് ജിയോളജിക്കൽ റെപോസിറ്ററിക്ക് വേണ്ടിയുള്ള നീക്കങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. അതിനുവേണ്ടി സ്ഥലം കണ്ടെത്തിയിട്ടില്ല. ആണവ മാലിന്യം ഇപ്പോൾത്തന്നെ വലിയൊരു പ്രശ്നമാണ്. ജി സുന്ദരരാജൻ വേഴ്സസ് ദ യൂണിയൻ ഓഫ് ഇന്ത്യ കേസിൽ- കൂടംകൂളം ആണവോർജ്ജ പ്ലാന്റുമായി ബന്ധപ്പെട്ട് നമ്മൾ നൽകിയ കേസാണത്, അത് സുപ്രീം കോടതി വരെയെത്തുകയും സുപ്രീം കോടതി ഡിജിആർ സ്ഥാപിക്കുന്നതിനുള്ള നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. ഇന്ത്യയ്ക്ക് ആണവശക്തിയുടെ വാണിജ്യവല്‍ക്കരണമാണ് വേണ്ടത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ അപകടങ്ങളെ ചെറുക്കാന്‍ നമുക്ക് കൂടുതല്‍ ഊര്‍ജ്ജ ഉറവിടങ്ങള്‍ വേണം.


അവര്‍ ആണവോര്‍ജ്ജത്തെ ക്ലീന്‍ എനര്‍ജി എന്നാണല്ലോ അവതരിപ്പിക്കുന്നത്?
പക്ഷേ, ഇത് ക്ലീന്‍ എനര്‍ജി അല്ല. കാലാവസ്ഥാ വ്യതിയാനം പരിഹരിക്കുന്നു എന്നതിന്റെ മറവില്‍ അവര്‍ പറയുന്നതാണ് ഇത് ക്ലീന്‍ എനര്‍ജി ആണെന്ന്. എന്നാൽ രാജ്യങ്ങള്‍ തമ്മിലുള്ള ഭൗമരാഷ്ട്രീയ ബന്ധങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യയ്ക്ക് അമേരിക്കയെ സന്തോഷിപ്പിക്കുക എന്നതാണ് ആവശ്യം. യൂറോപ്യന്‍മാരെ സന്തോഷിപ്പിക്കണം. അതുകൊണ്ടാണ് അവര്‍, ഞങ്ങള്‍ നിങ്ങളുടെ റിയാക്റ്ററുകള്‍ വാങ്ങാമെന്ന് പറഞ്ഞുകൊണ്ട് ഉടമ്പടികളില്‍ ഏര്‍പ്പെടുന്നത്. പ്രധാനമായും ഇതൊരു ജിയോപൊളിറ്റിക്കല്‍ പ്രശ്‌നമാണ്, അതില്‍ സാമ്പത്തിക താല്‍പര്യങ്ങളാണ് പ്രധാനം.


കൂടംകുളം ആണവനിലയവുമായി ബന്ധപ്പെട്ട് കേസ് നടത്തിയതിന്റെ അനുഭവത്തെക്കുറിച്ച് പറഞ്ഞില്ലേ, അത് കുറച്ചുകൂടി വിശദീകരിക്കാമോ?
കൂടംകുളം ഒരു തീരദേശഗ്രാമമാണ്. കടലിനോട് ചേര്‍ന്നുകിടക്കുന്ന പ്രദേശം. കന്യാകുമാരിയുടെ തൊട്ടടുത്താണ് കൂടംകുളം. 2011ല്‍ തിരുനെല്‍വേലി ജില്ലയിലെ കൂടംകുളത്ത് ആണവ നിലയം സ്ഥാപിക്കുന്നതിനെതിരെ വ്യാപകമായ പ്രതിഷേധങ്ങളുണ്ടായി. നമ്മള്‍ മദ്രാസ് ഹൈക്കോടതിയില്‍ ഒന്നിലധികം പൊതുതാല്‍പര്യ ഹര്‍ജികള്‍ ഫയല്‍ ചെയ്തു. മദ്രാസ് ഹൈക്കോടതി നമ്മുടെ പരാതികള്‍ തള്ളിക്കളഞ്ഞപ്പോള്‍ സുപ്രീം കോടതിയിൽ അപ്പീല്‍ നല്‍കി. മൂന്ന് അപ്പീലുകള്‍ 2013നുള്ളില്‍ സുപ്രീം കോടതി തീര്‍പ്പാക്കി, പതിനഞ്ച് നിര്‍ദ്ദേശങ്ങളാണ് ഈ തീര്‍പ്പുകളില്‍ സുപ്രീം കോടതി മുന്നോട്ടുവെച്ചത്. അതിലൊന്ന് അധികാര സ്ഥാപനങ്ങളിൽ നിന്നും മതിയായ ക്ലിയറന്‍സ് ലഭിച്ചാല്‍ മാത്രമേ കൂടംകുളം ആണവ നിലയം സ്ഥാപിക്കാന്‍ കഴിയൂ എന്നതാണ്. രണ്ടാമത്തെ നിര്‍ദ്ദേശം റിയാക്റ്ററുകളുടെയും മറ്റ് ഉപകരണങ്ങളുടെയും സുരക്ഷ കൃത്യമായ അധികാര സ്ഥാപനം തന്നെ ഉറപ്പാക്കണമെന്നാണ്, അതൊരു തുടര്‍ച്ചയുള്ള പ്രക്രിയയാണ്. ചെലവഴിച്ച ആണവ ഇന്ധനത്തെക്കുറിച്ചാണ് മറ്റ് നിര്‍ദ്ദേശങ്ങള്‍. ചെലവഴിച്ച ആണവ ഇന്ധനം എന്തു ചെയ്യണം എന്നതിനെക്കുറിച്ച് വലിയ വാദപ്രതിവാദങ്ങള്‍ നിലവിലുണ്ടായിരുന്നു. റഷ്യയുമായി ഒറിജിനല്‍ എഗ്രിമെന്റ് ഒപ്പുവെച്ചപ്പോള്‍ റഷ്യ, റിയാക്റ്ററില്‍ ഉപയോഗിച്ച ആണവ ഇന്ധനം തിരിച്ചുകൊണ്ടുപോകാമെന്ന് ഉറപ്പുനല്‍കിയിരുന്നു. റേഡിയോ ആക്റ്റിവിറ്റി കൂടിയ പ്ലൂട്ടോണിയവും യുറേനിയവും ഈ ഇന്ധനത്തില്‍ ഉള്‍പ്പെടും.
1988ലായിരുന്നു ഒറിജിനല്‍ എഗ്രിമെന്റ്. സോവിയറ്റ് യൂണിയന്‍ പിളര്‍ന്നതിന് ശേഷം, രാജീവ് ഗാന്ധിയുടെ മരണത്തിന് ശേഷം പലതും മാറി. 1990കളുടെ അവസാന കാലത്ത് റഷ്യയുമായുള്ള ആണവ ഉടമ്പടികള്‍ പുതുക്കിയെങ്കിലും അതുമുതല്‍ റഷ്യ ആണവ മാലിന്യം തിരിച്ചുകൊണ്ടുപോകുന്നില്ല. അതിപ്പോള്‍ ഇന്ത്യന്‍ ഗവണ്മെന്റിന് ഭാരമായിരിക്കുകയാണ്. ചെലവഴിച്ച ആണവ ഇന്ധനം കൂടംകുളം ആണവനിലയത്തിന്റെ ക്യാംപസില്‍ സൂക്ഷിക്കാന്‍ പാടില്ല എന്ന് സുപ്രീം കോടതി പറഞ്ഞിട്ടുണ്ട്. സ്ഥിരമായൊരു ഡീപ് ജിയോളജിക്കല്‍ റെപോസിറ്ററിയിലേക്ക് അത് മാറ്റണമെന്നും, അതിനായി വളരെ ആഴത്തില്‍ ഭൂഗര്‍ഭ ടണല്‍ കുഴിച്ച് അതിലേക്കെത്തിക്കണമെന്നുമാണ് സുപ്രീം കോടതി നല്‍കിയ നിര്‍ദ്ദേശം. അതാണ് അവര്‍ക്ക് ആകെയുള്ള പരിഹാരം, അതും വളരെ നാശകരമായ പരിഹാരമാണ്. അതുകൊണ്ടാണ് നമ്മള്‍ ആണവോര്‍ജ്ജത്തെ എതിര്‍ക്കുന്നത്. ആണവ മാലിന്യം റിയാക്റ്ററിനോട് ചേര്‍ന്നു സൂക്ഷിക്കുന്നതുതന്നെ വളരെ അപകടകരമാണ്. ഫുകുഷിമയില്‍ ദുരന്തം സംഭവിച്ചത് അങ്ങനെയാണ്.
ഇവിടെ നമുക്ക് രണ്ട് റിയാക്റ്ററുകള്‍ ഇപ്പോള്‍ത്തന്നെയുണ്ട്, അതോടൊപ്പം നാല് റിയാക്റ്ററുകള്‍ കൂടെ നിര്‍മ്മിക്കുകയാണ്. അതോടൊപ്പം ആണവമാലിന്യവും അവിടെത്തന്നെ സൂക്ഷിക്കുകയാണെങ്കില്‍ എന്താണ് സംഭവിക്കാന്‍ പോകുന്നത്? ഒരു അപകടമുണ്ടായാല്‍ അതിന്റെ ആഘാതം എത്രത്തോളമായിരിക്കും? അതുകൊണ്ടാണ് കൂടംകുളത്തുള്ള ആണവമാലിന്യം അവിടെനിന്നും നീക്കം ചെയ്ത് മറ്റെങ്ങോട്ടെങ്കിലും മാറ്റാന്‍ ഞങ്ങള്‍ പറയുന്നത്. ആണവമാലിന്യം സൂക്ഷിക്കാനുള്ള ഡിജിആര്‍ നിര്‍മ്മിക്കാന്‍ ഒരു സംസ്ഥാനവും ഇടം തരികയില്ല. പക്ഷേ എല്ലാവർക്കും ആണവോര്‍ജ്ജം വേണം! അതുകൊണ്ടാണ് സുപ്രീം കോടതിയില്‍ ന്യൂക്ലിയര്‍ പവര്‍ കോര്‍പറേഷന്‍ ലിമിറ്റഡ്, ഡിജിആര്‍ നിര്‍മ്മിക്കാന്‍ സ്ഥലം കണ്ടെത്താന്‍ കഴിയുന്നില്ലെന്ന് പറഞ്ഞ് പരാതി സമര്‍പ്പിച്ചത്. താല്‍ക്കാലികമായി എവേ ഫ്രം റിയാക്റ്റര്‍ ഡീപ് ജിയോളജിക്കല്‍ റെപോസിറ്ററി നിർമ്മിക്കാമെന്ന് ന്യൂക്ലിയര്‍ പവര്‍ കോര്‍പറേഷന്‍ ലിമിറ്റഡ് കോടതിയെ അറിയിച്ചു. നാല്‍പതും അന്‍പതും വര്‍ഷങ്ങളോളം എവേ ഫ്രം റിയാക്റ്റര്‍ ആയി മാലിന്യം നിക്ഷേപിച്ച ശേഷം നമ്മള്‍ മാലിന്യം ഡീപ് ജിയോളജിക്കല്‍ റെപോസിറ്ററിയിലേക്ക് മാറ്റാമെന്നാണ്. സുപ്രീം കോടതി ഈ വിഷയത്തില്‍ ഇതുവരെയും തീരുമാനമെടുത്തിട്ടില്ല. നിലവില്‍ കൂടംകുളം ആണവനിലയത്തില്‍ മൂന്ന് എവേ ഫ്രം റിയാക്റ്റര്‍ മാലിന്യ സംസ്‌കരണ സ്ഥലം നിര്‍മ്മിക്കുന്നുണ്ട്, അതിലേക്ക് അവര്‍ ചെലവഴിച്ച ആണവ ഇന്ധനം മാറ്റും. ആണവ നിലയത്തില്‍ കൂടുതല്‍ റിയാക്റ്റര്‍ കൊണ്ടുവരുന്നതിനുള്ള പാരിസ്ഥിതിക അനുമതി അവര്‍ക്ക് 2008ല്‍ കിട്ടി, 2012ല്‍ കോസ്റ്റല്‍ റെഗുലേഷന്‍ സോണ്‍ ക്ലിയറന്‍സും കിട്ടി. സിആര്‍സെഡ് ക്ലിയറന്‍സിനെതിരെ ഞങ്ങള്‍ കേസ് ഫയല്‍ ചെയ്തിരുന്നു, ഈ കേസ് സുപ്രീം കോടതിയില്‍ കെട്ടിക്കിടക്കുകയാണ്. കൂടംകുളം പ്ലാന്റില്‍ നാല് റിയാക്റ്ററുകള്‍ കൂടി നിര്‍മ്മിക്കാനുള്ള പരിപാടികള്‍ തുടങ്ങി. കൂടംകുളം 3, 4, 5, 6 എന്നിവ നിർമ്മാണത്തിലിരിക്കുകയാണ്. അതോടുകൂടി ആറ് റിയാക്റ്ററുകള്‍ വരും, അത് എട്ട് ആയി ഉയര്‍ത്താനും സാധ്യതയുണ്ട്.


ദേശീയ ഹരിത ട്രിബ്യൂണലിന് ആണവനിലയങ്ങളുടെ കാര്യത്തിൽ ഇടപെടാന്‍ എത്രത്തോളം സ്വാതന്ത്ര്യമുണ്ട്? അവര്‍ക്ക് ഇടപെടാന്‍ കഴിയുമോ?
പാരിസ്ഥിതിക അനുമതിയുടെ കാര്യത്തില്‍ അവര്‍ക്ക് ഇടപെടാന്‍ കഴിയും. സിആര്‍സെഡ് ക്ലിയറന്‍സ്, പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് ക്ലിയറന്‍സ് എന്നിവ നല്‍കുന്നതില്‍ അവര്‍ക്ക് ഇടപെടാം. കൂടംകുളം ന്യൂക്ലിയര്‍ പ്ലാന്റിലെ മൂന്ന് മുതല്‍ ആറ് വരെയുള്ള റിയാക്റ്ററുകള്‍ക്ക് സിആര്‍സെഡ് അനുമതികള്‍ നല്‍കിയതിനെ നമ്മള്‍ ചോദ്യം ചെയ്തപ്പോള്‍ ദേശീയ ഹരിത ട്രിബ്യൂണലിന്റെ മറുപടി, 2013ല്‍ തന്നെ ഈ ഘടകങ്ങളെയെല്ലാം സുപ്രീം കോടതി പരിഗണിച്ചിട്ടുണ്ട് എന്നും അതുകാരണം നമുക്ക് സ്വതന്ത്രമായി ഈ കാര്യങ്ങളിലേക്ക് ഇനി ഇടപെടാന്‍ കഴിയില്ല എന്നുമായിരുന്നു. അതുകൊണ്ടാണ് അവര്‍ നമ്മുടെ മാറ്റര്‍ തള്ളിക്കളഞ്ഞത്. തുടര്‍ന്ന് നമ്മള്‍ അപ്പീല്‍ നല്‍കി. യൂണിറ്റ് നമ്പര്‍ 1, 2 എന്നിവയുടെ കാര്യത്തിലായിരുന്നു നമ്മള്‍ കേസ് ഫയല്‍ ചെയ്തത്. മൂന്ന്, നാല്, അഞ്ച്, ആറ് റിയാക്റ്ററുകള്‍ക്ക് നല്‍കിയ ക്ലിയറന്‍സിനെതിരെയും നമ്മള്‍ ഗ്രീന്‍ ട്രിബ്യൂണലില്‍ പരാതി നല്‍കിയിരുന്നു. തീര്‍ച്ചയായും സുപ്രീം കോടതിയുടെ നിരീക്ഷണങ്ങള്‍ നിലനില്‍ക്കുന്നുണ്ട്, പക്ഷേ അതൊക്കെയും പരാമര്‍ശങ്ങളാണ് (obiter dictum). അവര്‍ ചില വസ്തുതകള്‍ രേഖപ്പെടുത്തി, പക്ഷേ അതൊന്നും അന്തിമ തീരുമാനങ്ങളല്ല. പക്ഷേ ദേശീയ ഹരിത ട്രിബ്യൂണല്‍ ചിന്തിക്കുന്നത് ഞങ്ങള്‍ക്ക് സുപ്രീം കോടതി വിധിയുടെ aspect ല്‍ ഇടപെടാന്‍ കഴിയില്ല എന്നാണ്. ഈ കാര്യങ്ങളില്‍ ദേശീയ ഹരിത ട്രൈബ്യൂണലിന് വലിയ അധികാരമില്ല. പാരിസ്ഥിതികമായ കാര്യങ്ങള്‍- പാരിസ്ഥിതിക അനുമതി, മലിനീകരണ നിയന്ത്രണ ബോര്‍ഡ് അനുമതി, അതിലൊക്കെ മാത്രമേ അവര്‍ക്ക് ഇടപെടാന്‍ കഴിയൂ. അങ്ങനെയാണ് അവര്‍ ഈ വിധിയെ വിലയിരുത്തുന്നത്. അതിലും അവര്‍ വളരെ സജീവമായി ഇടപെടുന്നുണ്ടെന്ന് എനിക്ക് തോന്നുന്നില്ല.


ഇന്ത്യയില്‍ നിലനില്‍ക്കുന്ന പാരിസ്ഥിതിക നിയമങ്ങള്‍ നോക്കുമ്പോള്‍ നമ്മള്‍ കാണുന്നത് പാരിസ്ഥിതിക നിയമങ്ങള്‍ വളരെയധികം ഭേദഗതി ചെയ്യപ്പെട്ടിട്ടുണ്ട് എന്നാണ്, എന്‍വയോണ്‍മെന്റല്‍ ഇംപാക്റ്റ് അസസ്‌മെന്റ് ആക്റ്റില്‍ സംഭവിച്ചതുപോലെ. നമ്മുടെ പാരിസ്ഥിതിക നിയമങ്ങള്‍ എന്തൊക്കെ ഭീഷണികളാണ് നിലവിലെ സര്‍ക്കാരില്‍ നിന്നും നേരിടുന്നത്?
2014ല്‍ ബിജെപി ഗവണ്മെന്റ് അധികാരത്തില്‍ വന്ന് നരേന്ദ്ര മോദി പ്രധാനമന്ത്രിയായതിനെ തുടർന്ന് കേന്ദ്ര വനം, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം ടിഎസ്ആര്‍ സുബ്രഹ്‌മണ്യന്‍ ചെയര്‍മാന്‍ ആയ ഒരു പ്രത്യേക കമ്മിറ്റിയെ ജൂൺ മാസത്തിൽ നിയോഗിച്ചു. ടിഎസ്ആര്‍ സുബ്രഹ്‌മണ്യന്‍ ഇന്ത്യയുടെ മുന്‍ കാബിനറ്റ് സെക്രട്ടറിയാണ്. നിലനില്‍ക്കുന്ന പാരിസ്ഥിതിക നിയമങ്ങള്‍ സമകാലിക പ്രശ്‌നങ്ങള്‍ പരിഗണിച്ച് വിശകലനം ചെയ്യാൻ ടിഎസ്ആർ സുബ്രഹ്മണ്യന് നിർദ്ദേശം കിട്ടി. ടിഎസ്ആര്‍ സുബ്രഹ്‌മണ്യന്റെ നേതൃത്വത്തിലാണ് ന്യൂ എജ്യുക്കേഷന്‍ പോളിസിയും രൂപപ്പെട്ടത്. മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എല്ലാ നിയമങ്ങളും ഒന്നായി കൂട്ടിച്ചേര്‍ക്കുന്ന രീതിയില്‍ പാരിസ്ഥിതിക നിയമങ്ങള്‍ ഭേദഗതി ചെയ്യാം എന്നായിരുന്നു ഈ കമ്മിറ്റി മുന്നോട്ടുവെച്ച നിര്‍ദ്ദേശം. പ്രശ്‌നങ്ങളെ ഏകജാലകമായ (single window clearance) രീതിയില്‍ സമീപിക്കാന്‍ പറ്റുന്ന തരത്തില്‍ നിയമങ്ങള്‍ ഭേദഗതി ചെയ്യണമെന്നായിരുന്നു ടിഎസ്ആര്‍ സുബ്രഹ്‌മണ്യന്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശം. വ്യവസായങ്ങള്‍ക്ക് ഒരൊറ്റ അപേക്ഷ നല്‍കിയാല്‍ മതിയാകും വ്യത്യസ്ത പാരിസ്ഥിതികാനുമതികള്‍ ലഭിക്കാന്‍. മലിനീകരണ നിയന്ത്രണ ബോര്‍ഡ്, പാരിസ്ഥിതികാനുമതി, സിആര്‍സെഡ് ക്ലിയറന്‍സ്, ഫോറസ്റ്റ് ക്ലിയറന്‍സ് ഇതെല്ലാം ഒരു അപേക്ഷ നല്‍കുന്നതിലൂടെ കിട്ടും. വ്യവസായങ്ങള്‍ എളുപ്പമാക്കുക എന്നതാണ് ഈ പാരിസ്ഥിതിക നിയമങ്ങള്‍ ഭേദഗതി ചെയ്യുന്നതിന്റെ പിന്നിലുള്ള ലക്ഷ്യം.
കമ്മിറ്റിയുടെ ശുപാര്‍ശകള്‍ ഇത്തരത്തിലായിരുന്നു, പക്ഷേ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി ഈ ശുപാര്‍ശകള്‍ തള്ളിക്കളഞ്ഞു. ഈ ശുപാര്‍ശകള്‍ തള്ളിക്കളഞ്ഞെങ്കിലും ടിഎസ്ആര്‍ സുബ്രഹ്‌മണ്യന്‍ പറഞ്ഞ കാര്യങ്ങള്‍ തന്നെ ഇപ്പോള്‍ നിയമഭേദഗതികളുടെ രൂപത്തില്‍ നടപ്പിലാക്കപ്പെടുകയാണ്. 2020ലെ എന്‍വയോണ്‍മെന്റ് ഇംപാക്റ്റ് അസെസ്‌മെന്റ് ഭേദഗതി ഡ്രാഫ്റ്റ് ചെയ്തത് ടിഎസ്ആര്‍ സുബ്രഹ്‌മണ്യന്റെ ശുപാര്‍ശ അനുസരിച്ചാണ്. വന സംരക്ഷണ നിയമം ഭേദഗതി ചെയ്തു, അതില്‍ വനത്തിന്റെ നിര്‍വ്വചനം തന്നെ നേര്‍പ്പിച്ചു. നിലവില്‍ ഏറ്റവും പുതിയതായി ഫെബ്രുവരിയില്‍ വായു നിയമം (Air Act), ജല നിയമം (Water Act) എന്നിവയെ സംബന്ധിച്ച് അനുമതി ഉത്തരവ് എങ്ങനെ നല്‍കണമെന്നതിനും അതിലുള്ള അധികാരങ്ങള്‍ എന്തൊക്കെയാണെന്നും എപ്പോഴൊക്കെ നമുക്ക് നിരസിക്കാമെന്നും റെഡ് കാറ്റഗറി വ്യവസായങ്ങള്‍ എവിടെയൊക്കെ നിര്‍മ്മിക്കാം എന്നുമെല്ലാം പറയുന്ന പുതിയ മാര്‍ഗരേഖ പുറത്തിറങ്ങി. കഴിഞ്ഞ കുറേ കാലമായി ഹരിത നിയമങ്ങള്‍ നേർപ്പിച്ചുകൊണ്ടിരിക്കുകയാണ്. എന്‍വയോണ്‍മെന്റല്‍ പ്രൊട്ടക്ഷന്‍ ആക്റ്റ്, വാട്ടര്‍ ആക്റ്റ്, എയര്‍ ആക്റ്റ്, ബയോളജിക്കല്‍ ഡൈവേഴ്‌സിറ്റി ആക്റ്റ്, ഫോറസ്റ്റ് കണ്‍സര്‍വേഷന്‍ ആക്റ്റ് ഇവയെല്ലാം ഭേദഗതിക്ക് വിധേയമായി. പാരിസ്ഥിതിക കുറ്റകൃത്യങ്ങള്‍ കുറ്റവിമുക്തമാക്കി തുടങ്ങി. ശിക്ഷ നല്‍കുന്ന പല വകുപ്പുകളും എടുത്തുമാറ്റി. പിഴ അടച്ചാല്‍ മതി എന്നായി. ബിജെപിക്ക് രണ്ടുതരം നയങ്ങളാണ് ഉള്ളത്. സാംസ്‌കാരിക ദേശീയത കൊണ്ടുവരിക, സമ്പദ് വ്യവസ്ഥയെ നിയോ ലിബറൽ ആക്കുക, നിയോ ലിബറൽ ആക്കിയതിലൂടെ അവരുടെ അജണ്ട നമ്മുടെ പൊതുമേഖലാ സ്ഥാപനങ്ങള്‍ വില്‍ക്കുക എന്നതാണ്. മറ്റൊന്ന് മുഴുവന്‍ ജൈവവിഭവങ്ങളെയും കച്ചവടവല്‍ക്കരിക്കുക എന്നതാണ്. അത് ഉറപ്പാക്കുവാന്‍ അവര്‍ക്ക് ഹരിത നിയമങ്ങള്‍ ഭേദഗതി ചെയ്‌തേ മതിയാകൂ. മൈന്‍സ് ആന്‍ഡ് മിനറല്‍സ് ആക്റ്റ് ഭേദഗതി ചെയ്തു, അപ്പോള്‍ മാത്രമേ ധാതുക്കള്‍ സ്വകാര്യവല്‍ക്കരിക്കാന്‍ കഴിയൂ. വന സംരക്ഷണ നിയമം ഭേദഗതി ചെയ്താല്‍ മാത്രമേ വനവിഭവങ്ങള്‍ എടുക്കാന്‍ കഴിയൂ. ജല നിയമവും വായു നിയമവും ഭേദഗതി ചെയ്തത് റെഡ് കാറ്റഗറിയിലുള്ള വ്യവസായങ്ങള്‍ പരിസ്ഥിതിലോല പ്രദേശങ്ങളിലും കൊണ്ടുവരാന്‍ വേണ്ടിയാണ്.
ഇത്തരത്തിലുള്ള നിയമഭേദഗതികളെ ചെറുക്കാനുള്ള കരുത്ത് ഇന്ത്യയില്‍ നിലനില്‍ക്കുന്നുണ്ടെന്ന് കരുതുന്നുണ്ടോ?
നമ്മളിപ്പോഴും കരുത്തുറ്റ ജനത തന്നെയാണ്. ജനകീയ മുന്നേറ്റങ്ങള്‍ ഇപ്പോഴും ഉണ്ടാകുന്നുണ്ട്. ഇഐഎ2020 ഭേദഗതി പുറത്തിറക്കിയപ്പോള്‍ വലിയ പ്രതിരോധമല്ലേ ഉണ്ടായത്, അതുകാരണം അവര്‍ക്ക് ആ ഭേദഗതി പാസാക്കാന്‍ കഴിഞ്ഞിട്ടില്ല.
പിൻകുറിപ്പ്
ചെന്നെെയിൽ 1980കളിൽ നെടുഞ്ചെഴിയൻ എന്ന ബാങ്ക് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചു തുടങ്ങിയ പരിസ്ഥിതി സംഘടനയാണ് പൂവുലകിൻ നൻപർകൾ. ആഗോളമായ പരിസ്ഥിതി സംവാദങ്ങളെ പരിചയപ്പെടുത്തുന്നതിനുള്ള പ്രസിദ്ധീകരണങ്ങളും വിവർത്തനങ്ങളും നടത്തിയ സംഘടനയുടെ പ്രവർത്തനങ്ങൾ പിന്നീട് നിലച്ചുവെങ്കിലും 2008ൽ ഒരു സന്നദ്ധ സംഘടനയായി വീണ്ടും പ്രവർത്തനം തുടങ്ങി. പരിസ്ഥിതി നയങ്ങളെക്കുറിച്ചുള്ള അവബോധം പ്രചരിപ്പിക്കൽ, പാരിസ്ഥിതിക പ്രശ്നങ്ങളിൽ കേസുകൾ നടത്തുക, അടിത്തട്ട് തലങ്ങളിൽ പാരിസ്ഥിതികാവബോധം വളർത്തുന്ന പ്രവർത്തനങ്ങൾ എന്നിവയാണ് പൂവുലകിൻ നൻപർകൾ ചെയ്യുന്നത്.
കോയമ്പത്തൂരില്‍ ഇഷ ഫൗണ്ടേഷന്‍ വനമേഖലയുടെ ബഫര്‍ സോണില്‍ നടത്തിയ മഹാശിവരാത്രി ആഘോഷത്തിനെതിരെ നാഷണല്‍ ഗ്രീന്‍ ട്രിബ്യൂണലില്‍ സംഘടനയ്ക്ക് വേണ്ടി എം വെട്രി സെല്‍വന്‍ പരാതി നല്‍കിയിരുന്നു. ആനത്താരകളെയും ആനകളുടെ സ്വൈര്യ ജീവിതത്തെയും തടസ്സപ്പെടുത്തുന്ന മനുഷ്യ ഇടപെടലുകള്‍ ഒഴിവാക്കണമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. ചെന്നൈ മറീന ബീച്ചില്‍ സിആര്‍സെഡ് സോണുകളില്‍ നിര്‍മ്മിച്ച പെന്‍ മോണ്യുമെന്റിന്റെ പാരിസ്ഥിതിക ആഘാത പഠനത്തിലെ പിഴവുകൾ തുറന്നുകാണിച്ചത്, നെയ്‌വേലിയില്‍ നിര്‍മ്മിക്കുന്ന താപനിലയത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട്, ഗുമ്മിഡിപൂണ്ടിയിലെ രണ്ട് ഗ്രാമങ്ങളിലായി സ്റ്റേറ്റ് ഇന്‍ഡസ്ട്രീസ് പ്രമോഷന്‍ കോര്‍പറേഷന്‍ ഓഫ് തമിഴ്‌നാട് ലിമിറ്റഡ് സ്ഥാപിക്കുന്ന ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിന് നല്‍കിയ പ്രസ്താവന, തമിഴ്‌നാട്ടിലെയും പോണ്ടിച്ചേരിയിലെയും കടലില്‍നിന്നും ഹൈഡ്രോകാര്‍ബണ്‍ ഖനനം ചെയ്യാനുള്ള പെട്രോളിയം ആന്‍ഡ് നാച്യുറല്‍ മന്ത്രാലയം നടത്തുന്ന നീക്കങ്ങള്‍ക്കെതിരെയുള്ള പ്രസ്താവന എന്നിവ പൂവുലകിന്‍ നന്‍പര്‍കള്‍ ഈയടുത്തകാലത്തായി നടത്തിയ ചില പാരിസ്ഥിതിക ഇടപെടലുകളാണ്.