തൃശൂ‍ർ പൂരം ഉയ‍ർത്തുന്ന സുരക്ഷാ ചോദ്യങ്ങൾ

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

കേരളത്തിന്റെ ഉത്സവപരമ്പരയിലെ സമാനമല്ലാത്ത ഒരു അനുഭവമാണ് തൃശൂർ പൂരം. വെറും ഒരു മതാഘോഷമോ ക്ഷേത്രചടങ്ങോ എന്നതിലുപരി, തലമുറകളായി കേരളീയ സമൂഹം ഒരുമിച്ച് ചേർന്ന് രൂപപ്പെടുത്തിയ ഒരു സാംസ്കാരിക മഹോത്സവമാണ് പൂരം. ‘പൂരങ്ങളുടെ പൂരം’ എന്നറിയപ്പെടുന്ന ഈ ആഘോഷം, ഓരോ വർഷവും ആയിരക്കണക്കിന് ആളുകളെ തൃശൂരിന്റെ മണ്ണിലേക്ക് ആകർഷിക്കുന്നു. തിരുവമ്പാടി, പാറമേക്കാവ് എന്നീ ദേവസ്വങ്ങളുടെ സൗഹൃദപരമായ മത്സരം കൂടിയാണ് ഈ ഉത്സവത്തിന്റെ ഉൾക്കരുത്ത്.

എന്നാൽ, തൃശൂർ പൂരത്തിന്റെ ഒരുക്കങ്ങൾക്ക് മുന്നോടിയായി ഏപ്രിൽ 21ന് സംഭവിച്ച മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം വളരെ വേദനയുണ്ടാക്കുന്ന ഒന്നാണ്. പൂരാഘോഷത്തിന് മുന്നോടിയായി ഉണ്ടായ ഈ ദുരന്തം നിരവധി കുടുംബങ്ങളെ കണ്ണീരിലും വേദനയിലും ആഴ്ത്തി. 13 പേർ മരണപ്പെട്ടതായാണ് ഇന്നലത്തെ റിപ്പോ‍ട്ടുകൾ, 23 പേർ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. വെടിക്കെട്ടിനായുള്ള തയ്യാറെടുപ്പിനിടെ ഉണ്ടായ സ്ഫോടനമാണ് ദുരന്തത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. സമീപകാലത്ത് വിവിധ സ്ഥലങ്ങളിൽ റിപ്പോർട്ട് ചെയ്ത വെടിക്കെട്ട് അപകടങ്ങൾ ആശങ്ക വീണ്ടും ശക്തമാക്കുന്നു. കഴിഞ്ഞയാഴ്ച തമിഴ്നാട് വിരുദുനഗർ ജില്ലയിലെ കട്ടനാർപട്ടി പ്രദേശത്തെ ഒരു ഫയർക്രാക്കർ നിർമ്മാണ യൂണിറ്റിൽ ഉണ്ടായ സ്ഫോടനത്തിൽ ഇരുപതിലധികം പേർക്ക് ജീവൻ നഷ്ടപ്പെടുകയും, നിരവധി കെട്ടിടങ്ങൾ നശിക്കുകയും, നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു.

തൃശൂരിൽ 2006-ലും സമാന സ്വഭാവമുള്ള വെടിക്കെട്ട് അപകടമുണ്ടായിട്ടുണ്ട്. തൃശൂ‍ർ നഗരത്തിൽ നിന്ന് അഞ്ച് കിലോമീറ്റർ അകലെ പാടൂക്കാടുള്ള പാറമേക്കാവ് ദേവസ്വത്തിന്റെ വെടിക്കെട്ട് പുരയാണ് അന്ന് പൊട്ടിത്തെറിച്ചത്. ആ അപകടത്തിൽ ഏഴ് പേർക്ക് ജീവൻ നഷ്ടപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിന് ശേഷവും സമാനമായ ദുരന്തങ്ങൾ ആവർത്തിക്കപ്പെട്ടു. കേരളത്തിലെ ഏറ്റവും വേദനാജനകമായ ദുരന്തങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നത് 2016-ലെ പുറ്റിങ്ങൽ വെടിക്കെട്ട് അപകടമാണ്. വെടിമരുന്നിന്റെയും പടക്കങ്ങളുടെയും അനധികൃത സംഭരണവും നിയന്ത്രണമില്ലാത്ത വെടിക്കെട്ട് പ്രദർശനവും കാരണം 111 പേർക്ക് ജീവൻ നഷ്ടപ്പെടുകയും 350-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഈ സംഭവം കേരളത്തിലെ വെടിക്കെട്ട് നിയന്ത്രണ സംവിധാനത്തെ തന്നെ ചോദ്യം ചെയ്യുന്ന ഒന്നായി മാറി. അതിനുശേഷം 2024-ൽ കാസർഗോഡ് ജില്ലയിലെ നീലേശ്വരത്ത് ഒരു ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് അപകടം പഴയ ചോദ്യങ്ങൾ വീണ്ടുമുയ‍ർത്തി. പടക്കങ്ങൾ സൂക്ഷിച്ചിരുന്ന കെട്ടിടത്തിലുണ്ടായ തീപിടിത്തം സ്ഫോടനത്തിലേക്ക് മാറി ആറ് പേർ മരിക്കുകയും 150-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നിയമങ്ങളുണ്ടെങ്കിലും അവ പാലിക്കപ്പെടുന്നില്ലെങ്കിൽ അപകടങ്ങൾ ആവർത്തിക്കപ്പെടും എന്നതാണ് ഈ തുടർസംഭവങ്ങൾ വ്യക്തമാക്കുന്നത്.

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം നടന്ന സ്ഥലത്ത് നിന്നുള്ള ദൃശ്യം. കടപ്പാട്:mathrubhumi

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം

കേരളത്തിലെ ഭൂരിഭാഗം ഉത്സവങ്ങളിലും വെടിക്കെട്ട് ഒരു പ്രധാന ഘടകമായി നിലകൊള്ളുന്നുണ്ട്. തൃശൂർ പൂരഘോഷങ്ങളിൽ പ്രധാനമായും നാല് ഘട്ടങ്ങളിലായി നടക്കുന്ന വെടിക്കെട്ട് പ്രദർശനങ്ങളാണുള്ളത്. പൂരത്തിന് ഒരു ദിവസം മുമ്പ് നടക്കുന്ന ‘സാമ്പിൾ വെടിക്കെട്ട്’. പൂരദിന സന്ധ്യയിൽ തെക്കോട്ട് എഴുന്നള്ളിപ്പിന് ശേഷം ഇരുപക്ഷവും അവതരിപ്പിക്കുന്ന വർണ്ണാഭമായ ‘അമിട്ട്’. പുലർച്ചെ നടക്കുന്ന പ്രധാന വെടിക്കെട്ട്. തുടർന്ന് തിരുവമ്പാടി-പാറമേക്കാവ് ഭഗവതിമാർ പരസ്പരം യാത്രപറഞ്ഞ് പിരിയുന്ന ചടങ്ങിന് ശേഷം ഉച്ചയ്ക്ക് നടക്കുന്ന സമാപന വെടിക്കെട്ട്.

തിരുവമ്പാടി ദേവസ്വത്തിന്റെ വെടിക്കെട്ട് പ്രദർശനത്തിന് വേണ്ട പടക്കങ്ങളാണ് മുണ്ടത്തിക്കോടുള്ള പടക്ക നിർമ്മാണ യൂണിറ്റ് കൈകാര്യം ചെയ്തിരുന്നത്. പടക്കങ്ങൾ കൈകാര്യം ചെയ്യുന്നത് ഇന്ത്യയിലെ Explosives Act, 1884-ഉം Explosives Rules, 2008-ഉം അനുസരിച്ചാണ്. ലൈസൻസ് ഇല്ലാതെയുള്ള സംഭരണം, ഗതാഗത സംവിധാനം, ഉപയോഗം എല്ലാം നിയമവിരുദ്ധമാണ്. ജില്ലാ കളക്ടർ, പൊലീസ്, എക്സ്പ്ലോസീവ് വിഭാഗം (PESO) എന്നിവരുടെ അനുമതി വെടിക്കെട്ടിനും പടക്ക നിർമ്മാണത്തിനും നിർബന്ധമാണ്. എന്നാൽ തൃശൂരിലുണ്ടായ അപകടത്തിൽ ഉൾപ്പെട്ട മുണ്ടത്തിക്കോട്ടെ പടക്ക നിർമ്മാണ യൂണിറ്റ് എല്ലാ നിയമാനുസൃത അനുമതികളും നേടിയതാണോ എന്നത് ഇപ്പോഴും വ്യക്തമായിട്ടില്ല. മുൻ ദുരന്തങ്ങളിലെ പോലെ, ലൈസൻസിംഗ് സംബന്ധമായ വീഴ്ചകൾ ഉണ്ടായിരിക്കാമെന്ന സംശയം ഇതിനകം ഉയർന്നിട്ടുണ്ട്.

ഇതോടൊപ്പം സംഭരണശാലയുടെ വലിപ്പവും ഒരു പ്രധാന ചോദ്യമായി മാറുന്നു. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം, വലിയ അളവിൽ സ്ഫോടകവസ്തുക്കൾ ഒരേ സ്ഥലത്ത് സൂക്ഷിച്ചിരുന്നതായി സൂചനകളുണ്ട്. നിയമങ്ങൾ ഓരോ യൂണിറ്റിലും സൂക്ഷിക്കാവുന്ന പരമാവധി അളവ് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, അതിലധികം സംഭരണം നടത്തിയാൽ അത് നിയമലംഘനമായി കണക്കാക്കപ്പെടും. മുണ്ടത്തിക്കോട് സ്ഫോടനത്തിന്റെ തീവ്രത, ഈ പരിധികൾ പാലിക്കപ്പെട്ടിരുന്നോ എന്ന സംശയം ശക്തമാക്കുന്നു. യൂണിറ്റിന്റെ സ്ഥാനം സംബന്ധിച്ചും ചോദ്യങ്ങൾ ഉയരുന്നുണ്ട്. ഒറ്റപ്പെട്ട വയൽപ്രദേശത്തായിരുന്നു പടക്ക നിർമ്മാണം നടന്നിരുന്നതെങ്കിലും, സ്ഫോടനത്തിന്റെ ആഘാതം സമീപ പ്രദേശങ്ങളിലേക്കും വ്യാപിച്ചു. നിയമങ്ങൾ പ്രകാരം, ഇത്തരം യൂണിറ്റുകൾ വാസസ്ഥലങ്ങളിൽ നിന്ന് സുരക്ഷിത അകലം പാലിക്കുകയും, ആഘാതം നിയന്ത്രിക്കാൻ ബഫർ സോണുകൾ ഉറപ്പാക്കുകയും വേണം. എന്നാൽ മുണ്ടത്തിക്കോട് സംഭവത്തിൽ അത്തരം സുരക്ഷാ വ്യവസ്ഥകൾ പാലിക്കപ്പെട്ടിട്ടുണ്ടോ എന്നത് വ്യക്തമല്ല.

തൊഴിലാളികളുടെ എണ്ണവും പ്രധാനമാണ്. ഒരേസമയം ജോലി ചെയ്യാവുന്ന ആളുകളുടെ എണ്ണം നിയമപരമായി നിയന്ത്രിക്കപ്പെട്ടിട്ടുള്ളതാണെങ്കിലും, സംഭവസമയത്ത് വലിയൊരു സംഘം തൊഴിലാളികൾ സ്ഥലത്ത് ഉണ്ടായിരുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇത് അപകടസാധ്യത വർദ്ധിപ്പിക്കുന്നതിനൊപ്പം നിയമലംഘനത്തിനും വഴിവെക്കുന്നു.
സംഭവത്തിന് ശേഷം തുടർച്ചയായ സ്ഫോടനങ്ങൾ ഉണ്ടായതും രക്ഷാപ്രവർത്തനം വൈകിയതും സുരക്ഷാ സംവിധാനങ്ങളുടെ അഭാവം വ്യക്തമാക്കുന്നു. ശരിയായ സ്റ്റോറേജ് വിഭജനം, ഫയർ സേഫ്റ്റി സംവിധാനം, അടിയന്തര നിയന്ത്രണ സംവിധാനങ്ങൾ എന്നിവ നിലവിലുണ്ടായിരുന്നെങ്കിൽ നാശനഷ്ടം കുറയ്ക്കാൻ കഴിയുമായിരുന്നില്ലേ എന്ന ചോദ്യമുയരുന്നുണ്ട്.

ഈ സംഭവത്തെ കൂടുതൽ ഗുരുതരമാക്കുന്നത് കാലാവസ്ഥാ ഘടകങ്ങളാണ്. ഉയർന്ന താപനിലയിൽ സ്ഫോടക വസ്തുക്കൾ സംഭരിക്കുന്നത് പ്രത്യേക ശ്രദ്ധ ആവശ്യമായ വിഷയമാണ്. എന്നാൽ ഈ ഘടകങ്ങൾ കൃത്യമായി പരിഗണിച്ചിരുന്നോ എന്നതും പരിശോധിക്കപ്പെടേണ്ടതാണ്. ഇവയെല്ലാം പരിശോധിക്കുമ്പോൾ, ഇത് ഒരു ഒറ്റപ്പെട്ട അപകടമെന്നതിലുപരി പല ഘടകങ്ങളിലുമുണ്ടായ വീഴ്ചകളുടെ ഫലമാണെന്ന് വിലയിരുത്താവുന്നതാണ്.

തൃശൂർ പൂരം വെടിക്കെട്ടിനുള്ള പടക്കങ്ങളുടെ നിർമ്മാണം, ഫയൽ ഫോട്ടോ. കടപ്പാട്:thehindu

PESO സുരക്ഷാ മാനദണ്ഡങ്ങൾ

ഇന്ത്യയിൽ പെട്രോളിയം ആന്റ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസേഷൻ (PESO) എന്ന സർക്കാർ സ്ഥാപനമാണ് പടക്കങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നത്. ഒരു പടക്ക നിർമ്മാണ യൂണിറ്റ് ആരംഭിക്കാൻ ആദ്യം ആവശ്യമായത് PESO യുടെ സൈറ്റ് അപ്രൂവൽ ആണ്. Explosives Rules, 2008 പ്രകാരം, ഒരു നിർമ്മാണ യൂണിറ്റ് സ്ഥാപിക്കുന്നതിന് മുമ്പ് സൈറ്റ് ലേ ഔട്ട് പ്ലാൻ സമർപ്പിക്കണം. ഇതിൽ ഓരോ ഷെഡിന്റെയും സ്ഥാനം, സംഭരണത്തിനുള്ള സംവിധാനങ്ങൾ, തൊഴിലാളികളുടെ പ്രവർത്തന മേഖല, സുരക്ഷാ അകലം എന്നിവ വ്യക്തമായി അടയാളപ്പെടുത്തണം. പടക്ക നിർമ്മാണശാലയ്ക്കും ജനവാസ പ്രദേശങ്ങൾക്കും ഇടയിൽ ‘safety distance’ നിർബന്ധമാണ്. ഈ അകലം explosive quantity അനുസരിച്ച് മാറും. ഉദാഹരണത്തിന്, ഉയർന്ന തോതിൽ explosives സൂക്ഷിക്കുന്ന യൂണിറ്റുകൾക്ക് നൂറ് മീറ്റർ വരെ സുരക്ഷാ ബഫർ സോൺ ആവശ്യമാണ്.

പടക്ക നിർമ്മാണത്തിൽ ഏറ്റവും കർശനമായി നിയന്ത്രിക്കപ്പെട്ടിട്ടുള്ള ഘടകമാണ് സംഭരണം. PESO നിയമപ്രകാരം ഓരോ യൂണിറ്റിനും അനുവദിച്ചിരിക്കുന്ന സംഭരണ അളവ് ലൈസൻസിൽ വ്യക്തമായി രേഖപ്പെടുത്തിയിരിക്കും. ഓരോ ‘licensed magazine’-ലും സൂക്ഷിക്കാവുന്ന പരമാവധി അളവ് അനുവദിച്ച ലൈസൻസ് കപ്പാസിറ്റിക്കുള്ളിൽ മാത്രം ആയിരിക്കണം. ഈ കപ്പാസിറ്റി സാധാരണയായി കിലോഗ്രാം അടിസ്ഥാനത്തിലാണ് നിശ്ചയിക്കുന്നത്, ഓരോ കാറ്റഗറിക്കും വ്യത്യസ്ത പരിധികളുണ്ട്. ഉദാഹരണത്തിന്, ചെറുകിട പടക്ക നിർമ്മാണ യൂണിറ്റിൽ ചില തരം explosive composition-ന് നൂറ് കിലോഗ്രാം പരിധി മാത്രമേ അനുവദിക്കപ്പെടൂ. വലിയ ലൈസൻസ്ഡ് യൂണിറ്റുകളിൽ പോലും ഇത് നിയന്ത്രിതമായ പരിധിയിലാണ്. ഈ പരിധി കടന്നാൽ അത് നേരിട്ട് നിയമലംഘനമായി കണക്കാക്കപ്പെടുന്നു. അതുപോലെ, വ്യത്യസ്ത രാസഘടകങ്ങൾ ഒരേ സ്ഥലത്ത് ചേർത്ത് സൂക്ഷിക്കുന്നത് അനുവദനീയമല്ല. ഓരോ component-നും വേർതിരിച്ച കംപാർട്ട്മെന്റ് ഉണ്ടായിരിക്കണം. ഇത് പാലിക്കാത്തത് അപകടസാധ്യത നേരിട്ട് വർദ്ധിപ്പിക്കുന്ന ഘടകമാണ്.

PESO സംവിധാനം സ്ഥിരമായ പരിശോധന (inspection) മോഡലിലാണ് പ്രവർത്തിക്കുന്നത്. നിയമപ്രകാരം രണ്ട് പ്രധാന പരിശോധനകൾ നിർബന്ധമാണ് — ലൈസൻസ് നൽകുന്നതിന് മുൻപുള്ള ‘per-licensing inspection’, ലൈസൻസ് ലഭിച്ച ശേഷം നടക്കുന്ന ‘periodic inspection’.
Explosives Rules പ്രകാരം തൊഴിലാളികളുടെ നിയന്ത്രണം വളരെ കർശനമാണ്. ഓരോ നിർമ്മാണ ഷെഡിലും ഒരേസമയം പ്രവർത്തിക്കാവുന്ന തൊഴിലാളികളുടെ എണ്ണം പരിമിതമാണ്. സാധാരണയായി ഇത് ചെറിയ സംഖ്യകളിൽ മാത്രമേ അനുവദിക്കപ്പെടൂ. കാരണം ആളുകൂടുന്നത് explosion risk വർദ്ധിപ്പിക്കുന്നു. അതിനൊപ്പം, സ്ഫോടകവസ്തു കൈകാര്യം ചെയ്യുന്നത് പരിശീലനം ലഭിച്ച തൊഴിലാളികൾ മാത്രമായിരിക്കണം, പരിശീലനം കിട്ടാത്ത തൊഴിലാളികൾ അനുവദനീയമല്ല. തൊഴിലിടങ്ങളിൽ പുകവലി, മൊബൈൽഫോൺ ഉപയോഗം, മെറ്റൽ ഫ്രിക്ഷൻ ഉപകരണങ്ങൾ എന്നിവ പൂർണ്ണമായും നിരോധിച്ചിരിക്കുന്നു. ഈ ചെറിയ വീഴ്ചകളും വലിയ അപകടത്തിലേക്ക് നയിക്കാമെന്നതാണ് നിയമത്തിന്റെ അടിസ്ഥാനം.

തൃശൂർ പൂരത്തിലെ തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട്. കടപ്പാട്:ulsavapremiyoutube

പുനർവിചാരവും അനിവാര്യ പരിഷ്‌കരണങ്ങളും

തൃശ്ശൂർ പൂരം ക്രൈസിസ് മാനേജ്മെന്റ് പ്ലാൻ പൂരത്തിന്റെ സുരക്ഷിത നടത്തിപ്പിനായി രൂപീകരിച്ചിരിക്കുന്ന ഒരു സമഗ്ര നിയന്ത്രണ രേഖയാണ്. പടക്കങ്ങളുടെ ഗുണനിലവാരം, രാസഘടകങ്ങളുടെ നിയന്ത്രണം, ലൈസൻസിംഗ് വ്യവസ്ഥകൾ, ശബ്ദപരിധി, സുരക്ഷാ അകലം, മോർട്ടാർ സംവിധാനങ്ങളുടെ സ്ഥാപനം, ഷെല്ലുകളുടെ കൈകാര്യം, കാണികളുടെ നിയന്ത്രണം, റിസ്ക് അസസ്മെന്റ്, പ്രദർശനാനന്തര സുരക്ഷാ നടപടികൾ എന്നിവയെല്ലാം ഇതിൽ വിശദമായി നിർവചിച്ചിരിക്കുന്നു. ഉത്സവത്തിന്റെ ഗൗരവവും ജനസാന്ദ്രതയും കണക്കിലെടുത്ത് ഓരോ ഘട്ടത്തിനും കർശനമായ മാനദണ്ഡങ്ങൾ നിശ്ചയിച്ചിരിക്കുന്നതും ശ്രദ്ധേയമാണ്.

എന്നാൽ ഈ സമഗ്രമായ നിയന്ത്രണ ഘടനയിൽ ഒരു അടിസ്ഥാനപരമായ വിടവ് നിലനിൽക്കുന്നു. വെടിക്കെട്ട് പ്രദർശനത്തിന്റെ സുരക്ഷാ ക്രമീകരണങ്ങളെ വിശദമായി ഉൾക്കൊള്ളുന്ന ക്രൈസിസ് മാനേജ്മെന്റ് പ്ലാൻ, പടക്ക നിർമ്മാണ യൂണിറ്റുകളിലെ സുരക്ഷാ മാനദണ്ഡങ്ങൾ, സംഭരണ സംവിധാനങ്ങൾ, തൊഴിലാളികളുടെ സുരക്ഷ, ഉൽപാദന ഘട്ടത്തിലെ അപകടസാധ്യതകൾ തുടങ്ങിയ നിർണായക ഘടകങ്ങളെ സമഗ്രമായി ഉൾപ്പെടുത്തുന്നതിൽ പരിമിതമാണ്. യഥാർത്ഥത്തിൽ അപകടങ്ങളുടെ തുടക്കം പലപ്പോഴും പ്രദർശന വേദികളിലല്ല, മറിച്ച് നിർമ്മാണവും സംഭരണവും നടക്കുന്ന ഘട്ടങ്ങളിലാണ് എന്നത് ഈ വിടവ് കൂടുതൽ ഗൗരവുമുള്ളതാക്കുന്നു.

ഈ യാഥാർത്ഥ്യം പുറ്റിങ്ങൽ ക്ഷേത്ര ദുരന്തത്തെ തുടർന്ന് ജസ്റ്റിസ് പി.എസ് ഗോപിനാഥൻ കമ്മീഷൻ നൽകിയ റിപ്പോർട്ടും സ്ഥിരീകരിക്കുന്നു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ വലിയ അളവിൽ സ്ഫോടക വസ്തുക്കൾ സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്തതോടൊപ്പം, ജില്ലാ ഭരണകൂടം, പൊലീസ് ഉൾപ്പെടെയുള്ള നിയന്ത്രണ ഏജൻസികളുടെ ഗുരുതരമായ മേൽനോട്ട വീഴ്ചയും നിയമലംഘനങ്ങൾക്ക് നൽകിയ അനുമതിയും ഈ ദുരന്തത്തിന്റെ പ്രധാന കാരണങ്ങളായി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ PESO മാനദണ്ഡങ്ങളുടെ കർശനമായ നടപ്പാക്കൽ, മുൻകൂട്ടിയുള്ള പരിശോധനയും അനുമതിയും നിർബന്ധമാക്കൽ, സംഭരണ നിയന്ത്രണം ശക്തമാക്കൽ, സുരക്ഷാ അകലം–ശബ്ദപരിധി–സമയം എന്നിവയുടെ കർശന പാലനം, കൂടാതെ ഭരണപരമായ ഉത്തരവാദിത്വവും വകുപ്പുകൾ തമ്മിലുള്ള ഏകോപനവും ഉറപ്പാക്കൽ തുടങ്ങിയ ശുപാർശകൾ അത്യന്താപേക്ഷിതമായി മാറുന്നു. പ്രാദേശിക പാരമ്പര്യ വെടിക്കെട്ട് പ്രദർശന രീതികളിൽ നിന്ന് ഘട്ടംഘട്ടമായി മാറി, അപകടസാധ്യത കുറവുള്ള ആധുനികവൽക്കരിച്ച വെടിക്കെട്ട് രീതികൾ സ്വീകരിക്കണമെന്നതാണ് കമ്മീഷന്റെ മറ്റൊരു നിർദേശം. ആഘോഷങ്ങളുടെ ഭംഗി നിലനിർത്തുന്നതിനൊപ്പം മനുഷ്യജീവിതത്തിന്റെ സുരക്ഷയാണ് ഏറ്റവും ഉയർന്ന മൂല്യം എന്ന ബോധം ഒരുമിച്ച് ഏറ്റെടുക്കേണ്ടതുണ്ട്.

Also Read

6 minutes read April 22, 2026 10:53 am