എല്ലാ സ്ത്രീകളുടെയും ജീവിതസമരങ്ങള്‍ ഒരു പോലെയല്ല. തൊഴില്‍, ജാതി, മതം, ലൈംഗിക സ്വത്വം എന്നിവയുടെ അടിസ്ഥാനത്തില്‍ അവര്‍ നേരിടുന്ന അസമത്വങ്ങള്‍ ഏറിയും കുറഞ്ഞുമിരിക്കും. സ്ത്രീകളുടെ മാനസികാരോഗ്യം സമൂഹത്തിന്റെ എല്ലാത്തരത്തിലുമുള്ള വേര്‍തിരിവുകളുടെ വിടവുകളും വെളിപ്പെടുത്തുന്നതാണ്. സ്ത്രീകൾക്ക് സന്തോഷവും വിശ്രമവും കിട്ടുന്നില്ലെങ്കിൽ നമ്മളുള്ളത് ഒരു ചൂഷക സമൂഹത്തിലാണ്.
ആര്‍ത്തവകാലത്തിന് മുന്നോടിയായുള്ള മാനസിക സമ്മര്‍ദ്ദവും തലമുറകളുടെ ആശങ്കകളുടെ ഭാരം പേറുന്ന സവിശേഷ അവസ്ഥയാണ്, എന്നാൽ ആർത്തവ അവധിയോടുള്ള ഇന്ത്യൻ സമീപനം ഇപ്പോഴും അവ്യക്തവുമാണ്. കുടുംബം ഉള്‍പ്പെടെയുള്ള തൊഴിലിടങ്ങളില്‍, പൊതു ഇടങ്ങളില്‍ എത്രമാത്രം ക്വീർ മനുഷ്യർ ഉൾപ്പെടുന്ന സ്ത്രീകളുടെ മനസ്സുകളെ കാണുന്നു, എത്രത്തോളം കേള്‍ക്കപ്പെടുന്നു എന്നത് പുതിയ തലമുറയിലെ ക്വീർ മനുഷ്യർ ഉൾപ്പെടുന്ന സ്ത്രീകള്‍ ഉയര്‍ത്തുന്ന ചോദ്യങ്ങളാണ്. ക്യാമറയ്ക്കും സ്ത്രീക്കും ഇടയിലുള്ള വിടവ് അടയാളപ്പെടുത്തപ്പെട്ടുകഴിഞ്ഞതാണ്. അതിലുമേറെ വിദൂരമാണ് ക്യാമറയും ക്വീര്‍ സ്ത്രീയും തമ്മിലുള്ള വിടവ്.
സ്വന്തം കഥകൾ പറയാൻ, സിനിമയുണ്ടാക്കാൻ സ്ത്രീകൾ കഴിയുന്നതും ശ്രമിക്കുന്ന കാലഘട്ടം. പുരുഷന്റെ ക്യാമറയിലും തിരക്കഥയിലും കണ്ട സ്ത്രീയുടെ കഥകളൊന്നും സ്ത്രീയുടെ ജീവിതത്തെ പകർത്താൻ പോന്നതല്ലെന്ന് തുറന്നുപറയുന്ന എഴുത്തുകളുണ്ടാകുന്ന സമയം. ഓരോരുത്തരും അവരവരുടെ കഥകൾ പറയുന്നതിലൂടെ, അതുണ്ടാക്കുന്ന സംഭാഷണങ്ങളിലൂടെ കെട്ടുറപ്പ് നേടുന്ന ലോകം. ജാതി, ലിംഗം, വർഗീയത എന്നിവയിലൂന്നിയ ആധിപത്യങ്ങൾ തകരുന്നത് അങ്ങനെയാണ്.
സ്ത്രീകളുടെ മാനസിക സംഘര്‍ഷങ്ങള്‍ അതിലൂടെ പ്രതിഫലിക്കുന്ന സമൂഹത്തെയും കാണിച്ചുതരുന്നു. കുടുംബം, ഭരണകൂട നടപടികള്‍, രോഗങ്ങള്‍ എന്നിവയുടെ സങ്കീർണതകളിലൂടെ കടന്നുപോകുന്ന സ്ത്രീകളുടെ കഥ പറയുന്ന അന്താരാഷ്ട്ര ഫിക്ഷന്‍, നോണ്‍ ഫിക്ഷന്‍ വിഭാഗത്തിൽ ഐഡിഎസ്എഫ്എഫ്കെയിൽ പ്രദർശിപ്പിച്ച ചില സിനിമകളെക്കുറിച്ച് വായിക്കാം.
48 അവേഴ്സ്
സംവിധാനം: ആസാദെ മൊസാവി, രാജ്യം:പേർഷ്യൻ/ ഇറാൻ
ആസാദെ മൊസാവി സംവിധാനം ചെയ്ത 48 അവേഴ്സ് ഒരു രാഷ്ട്രീയ തടവുകാരന്റെ ജീവിതത്തില്‍ കിട്ടുന്ന നാല്പത്തിയെട്ടുമണിക്കൂര് പരോളിന്റെ കഥയാണ്. ഇറാനില്‍നിന്നും 2022ല്‍ പുറത്തിറങ്ങിയ ഇരുപത് മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ സിനിമ, നാദെര്‍ എന്ന രാഷ്ട്രീയ തടവുകാരന്റെയും സ്കൂള്‍ അധ്യാപികയായ ഭാര്യയുടെയും മകളുടെയും കഥ പറയുന്നു. പ്രൊഫസറായ നാദെര്‍ ഈ ചെറിയ സമയത്തിനുള്ളിലനുഭവിക്കുന്ന തീവ്രമായ വേദനയിലൂടെ കടന്നുപോകുന്ന കുടുംബത്തിനെയാണ് കാണിക്കുന്നത്. ചെറിയ മകൾ ഇതുവരെ പരിചയവും അടുപ്പവുമില്ലാത്ത പിതാവിനോടുള്ള അപരിചിതത്വത്തിലാണ്. സമയക്കുറവുള്ളതിനാൽ അവൾക്ക് എത്രയും പെട്ടെന്ന് താൻ പരിചിതനായെങ്കിൽ എന്ന് ആഗ്രഹിക്കുന്ന നാദെർ. ഉടുപ്പുമാറ്റുമ്പോൾ നാദെറിന്റെ ശരീരത്തിൽ ഭാര്യ കണ്ടെത്തുന്ന മുറിപ്പാടുകൾ. റിങ് കൊരുത്ത് ഭാര്യ കഴുത്തിലിട്ട ഒരു ചെയ്ൻ നാദെർ വാങ്ങി സ്വന്തം കഴുത്തിലിടുന്നുണ്ട്. നാൽപത്തിയെട്ട് മണിക്കൂറുകള്‍ അവസാനിക്കുന്ന ദിവസം മടങ്ങുന്നതിന് മുമ്പായി നാദെര്‍ റിങ് കൊരുത്തിട്ട മാല മടക്കി നല്‍കുന്നതിന്റെ ശബ്ദ സാന്നിധ്യം ഇവരുടെ വേര്‍പാടിന്റെ കനവും അടയാളപ്പെടുത്തുന്നുണ്ട്.
“എന്റെ കുട്ടിക്കാലത്ത് രാഷ്ട്രീയ കാരണങ്ങളാല്‍ അറസ്റ്റ് ചെയ്യപ്പെട്ടയാളാണ് എന്റെ പിതാവ്. ഇന്ന് നാല്പതാം വയസ്സിലും ഞാനതിന്റെ വേദനയും കയ്പ്പും പേറുന്നു. ജയില്‍ തടവുകാരെ മാത്രമല്ല ബാധിക്കുന്നത്. അവരുടെ കുടുംബത്തെ, പ്രത്യേകിച്ച് കുട്ടികളെ- അവരുടെ ആത്മാവിലും മനോനിലയിലും പിന്നീടുള്ള ജീവിതകാലം മുഴുവന്‍ ഈ സമ്മര്‍ദ്ദം അനുഭവിക്കും.” 48 അവേഴ്സിന്റെ സംവിധായിക ആസാദെ മൊസാവിയുടെ വാക്കുകളാണിത്. മൊസാവി കുട്ടിക്കാലത്ത് അനുഭവിച്ച വേദനയുടെ ആവിഷ്കാരമാകാം ഈ സിനിമ.
റാഖ്വെല്‍സ് നോട്ട്-സോ-സീക്രട്ട് ഡയറി
സംവിധാനം: റാഖ്വെല്‍ ഏജിയ, രാജ്യം: സ്പെയ്ന്‍
റാഖ്വൽ ഏജിയ എന്ന മുപ്പത്തിയൊന്നുകാരിയുടെ ഡയറിയെക്കുറിച്ചുള്ള ഡോക്യുമെന്ററിയാണ്. ഇടക്കിടെ തന്റെ സഹോദരനും എഴുതാനുപയോഗിച്ചിരുന്ന ഡയറികൾ പിന്നീട് പരിശോധിക്കുമ്പോൾ റാക്വെൽ കണ്ടെത്തുന്നത് ചെറുപ്പത്തിൽ, കൗമാരത്തിൽ അനുഭവിച്ച ബുദ്ധിമുട്ടേറിയ ചിന്തകളാണ്, പ്രത്യേകിച്ചും ആണ്‍കുട്ടികളെക്കുറിച്ചും കാമുകന്മാരെക്കുറിച്ചും. വെറുപ്പിന്റെ ഭാഷയില്‍ തനിക്ക് കത്തെഴുതിയ കാമുകനെക്കുറിച്ചും റാഖ്വെല്‍ ഡയറിയില്‍ എടുത്തുപറയുന്നുണ്ട്. രക്ഷിതാക്കൾ വിവാഹത്തിൽനിന്നും വേർപെട്ട ശേഷം സ്കീസോഫ്രീനിയ ബാധിച്ച അമ്മയ്ക്കൊപ്പം ജീവിക്കുന്നതിനെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് ഈ ഡോക്യുമെന്ററി അവസാനിക്കുന്നത്. നിശ്ശബ്ദത നിറഞ്ഞ വീട്ടിൽ ഒറ്റയ്ക്ക് സോഫയിലിരിക്കുന്ന ഒരു ഷോട്ട് മാത്രമാണ് റാഖ്വലിന്റെ ഈ ഓട്ടോബയോഗ്രഫിക് ഡോക്യുമെന്ററിയിലുള്ളത്.
ബാള്‍ഡിലോക്‌സ് ( കാല്‍കാപ്‌ജെ)
സംവിധാനം: മാര്‍തെ പീറ്റേഴ്‌സ്, രാജ്യം:ബെല്‍ജിയം
“ഈയിടെയായി ആശുപത്രി എന്നെ സ്വാഗതം ചെയ്യുന്നത് ഒരു മെഡിക്കല്‍ മിറാക്കിള്‍ ആയിട്ടാണ്. എന്നെ രക്ഷിക്കാന്‍ വേണ്ടതെല്ലാം ചെയ്ത ഡോക്ടര്‍മാര്‍ പറയുന്നതനുസരിച്ച് ജീവിക്കാന്‍ എനിക്കുകഴിയാറില്ലെന്നോര്‍ത്താല്‍ നന്ദികേടാണെന്ന് തോന്നാറുണ്ട്. രോഗം ഭേദമായെങ്കിലും ശാരീരികവും മാനസികവുമായി ഉടഞ്ഞുപോയതിന്റെ ബാക്കിയാണ് ഞാന്‍. എന്റെ പിതാവിന്റെ ക്യാമറ ലെന്‍സിലൂടെ ഞാന്‍ ഒന്നുംതന്നെ ഓര്‍മ്മിക്കാത്ത ജീവിതത്തിലേക്ക് നോക്കുകയാണ്. ക്യാന്‍സറിനെ അതിജീവിച്ച കുട്ടിയില്‍ നിന്ന് ഇരുപത് വയസ്സിലേക്ക് വളരുമ്പോള്‍ ഞാന്‍ മുറിവുകള്‍ക്കും ആഗ്രഹങ്ങള്‍ക്കുമിടയില്‍ രോഗത്തിന്റെ വേരുകളെ തിരയുകയാണ്.’ മാര്‍തെ പീറ്റേഴ്‌സ് എഴുതുന്നു.
“ഒരു കൊച്ചുകുട്ടിയെ എന്ന പോലെ എന്നെ ഉപദേശിക്കുന്ന ഡോക്ടറേക്കാൾ എനിക്ക് മനസ്സിലാകുന്നത്, കയ്യിൽ സ്വയം മുറിപ്പെടുത്തിയ അടയാളങ്ങൾ യൂണിഫോമിനടിയിൽ മറച്ചുപിടിക്കുന്ന നഴ്സിനെയാണ്,” മാർതെ പറയുന്നു, വേദനയെയും വേദനയുടെ ഉറവിടങ്ങളെയും മനസ്സിലാക്കുന്ന വാക്കുകളാണത്. ചെറുപ്പത്തിൽ തന്നെ ക്യാൻസർ ബാധിതയായ മാർതെ പീറ്റേഴ്സിന് അവളുടെ രക്ഷിതാക്കൾ പകർത്തിയ ബാല്യകാല വീഡിയോകളാണ് ഡോക്യുമെന്ററിയുടെ ദൃശ്യങ്ങളാകുന്നത്. അവളുടെ ജീവിതത്തെ ഓർമിച്ചെടുക്കുന്ന റെക്കോഡുകളാകുന്നത്. ആത്മകഥാശെെലിയിലുള്ള ഈ ഡോക്യുമെന്ററി സ്നേഹം, ശരീരം, വേദന എന്നിവയുമായുള്ള ബന്ധം ഈ റെക്കോഡുകളിൽ ഇഴപിരിച്ച് പരിശോധിക്കുകയാണ്. ട്യൂബ് ഫീഡിങ്ങിനെക്കുറിച്ചുള്ള ഓർമ്മകൾ വിശദീകരിക്കുമ്പോൾ തോന്നിയേക്കാം, ജീവിതത്തിന്റെ ആദ്യകാലത്ത് അവർ അനുഭവിച്ച വേദനയും ഫീഡിങ് റ്റ്യൂബ് ഫിറ്റ് ചെയ്ത പാവക്കുട്ടിയും അവരുടെ ജീവിതത്തിന്റെ ഭാഗമായതിൽ അത്ഭുതപ്പെടാൻ ഒന്നുമില്ലെന്ന്.
എ മൂവ്
സംവിധാനം:ഇലാഹി ഇസ്മയിലി, രാജ്യം:ഇറാന്‍
ഇലാഹി ഇസ്മയിലിയുടെ, എ മൂവ് ഇറാനിലെ മഹ്സാ അമീനിയുടെ കസ്റ്റഡി കൊലപാതകത്തെ തുടർന്നുണ്ടായ ‘ജിൻ, ജിയാൻ, ആസാദി’ എന്ന മുന്നേറ്റത്തിനെ അടയാളപ്പെടുത്തുന്ന ഡോക്യുമെന്ററിയാണ്. മഹ്സാ അമീനിയുടെ മരണത്തിന് ശേഷം സ്വന്തം വീട്ടിലേക്ക് ഹിജാബ് ധരിക്കാതെ എത്തിച്ചേർന്നതിന് ശേഷം, കുടുംബത്തിൽ അതേക്കുറിച്ച് നടക്കുന്ന സംഭാഷണങ്ങളും സംവാദങ്ങളുമാണ് ഇലാഹി ഇസ്മയിലി ചിത്രീകരിച്ചിരിക്കുന്നത്. ഈദ് ആഘോഷത്തിനായി ബന്ധുവിന്റെ വീട്ടിലേക്ക് പോകുമ്പോഴും ഇതൊരു വലിയ പ്രശ്നമായി ചർച്ച ചെയ്യപ്പെടുന്നുണ്ട്, ഹിജാബ് ധരിക്കാതെ പോകുന്നത് ആതിഥേയരുടെ വിശ്വാസത്തെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ഇലാഹിയുടെ പിതാവ് പറയുന്നു, ഞാൻ എങ്ങനെയാണോ അങ്ങനെ പോകാനാണ് എനിക്ക് താൽപര്യമെന്ന് ഇലാഹി ഉറച്ചുനിൽക്കുന്നു. ആതിഥേയരുമായി ഇലാഹി സംസാരിക്കുന്നു, ഹിജാബ് ധരിക്കുന്നതും ധരിക്കാതിരിക്കുന്നതും പൂർണമായും നിങ്ങളുടെ സ്വാതന്ത്ര്യമാണ് എന്നാണ് ആതിഥേയരുടെ നിലപാട്. ഹിജാബ് ധരിക്കാതിരിക്കാൻ തീരുമാനിക്കുന്ന കാരണങ്ങളെക്കുറിച്ച് കുടുംബാംഗങ്ങളുമായി സംസാരിക്കുമ്പോൾ ആ തീരുമാനവുമായി അവരും പൊരുത്തപ്പെടുന്നത് എങ്ങനെയെന്നും ഈ ഡോക്യുമെന്ററി കാണിക്കുന്നു.
എന്നാൽ കാഴ്ചക്കാരിൽ നിന്നുമുണ്ടായ പ്രതികരണം ഇസ്‌ലാം മതം യാഥാസ്ഥിതികമാണ് എന്ന മുൻവിധിയെ പ്രകടമാക്കുന്നതായിരുന്നു. രക്ഷിതാക്കളുമായുള്ള ഇലാഹിയുടെ സംവാദങ്ങളിൽ സാമ്പ്രദായികതയോട് ചേർന്നുപോകാനുള്ള ഉപദേശങ്ങൾ കാഴ്ചക്കാർ പ്രതീക്ഷിച്ചു എന്ന രീതിയിൽ പൊട്ടിച്ചിരികൾ ഉയർന്നു. എന്നാൽ, ഇലാഹിയുടെ തീരുമാനങ്ങളോട് കുടുംബാംഗങ്ങളും ചേർന്നു നിൽക്കുന്നതായാണ് ഡോക്യുമെന്ററിയിൽ കാണുന്നത്. രംഗങ്ങള്‍ ഈ ചിരികള്‍ക്കുമേല്‍ കടന്നുവന്നു. മഹ്സ അമീനിയുടെ മരണത്തിന് ശേഷം മതനിയമങ്ങളോട് പ്രതിഷേധിക്കുന്ന ഇറാനിയൻ സ്ത്രീകൾ സ്വത്വ പ്രകാശനത്തിൽ കുടുംബങ്ങളെയും ചേർത്തു നിർത്തുന്നത് എങ്ങനെ എന്നുകൂടി ആണ് ഈ ഡോക്യുമെന്ററി പറയുന്നത്.
അവർ ഒഡീസി ഈസ് റെഡ്
സംവിധാനം നേഹ:ചതുർവേദി, ആയുഷി ശ്രീറാംവർ, താഹിർ അഹമ്മദ് ഖുറെെശി, നവോമി ജെഹാൻ രാജ്യം:ഇന്ത്യ/ ഫ്രാൻസ്/ സ്പെയ്ൻ
മഹാരാഷ്ട്രയിലെ കാമാത്തിപുര എന്ന ചുവന്നതെരുവിൽനിന്നുള്ള പുതിയ തലമുറയുടെ യാത്ര രേഖപ്പെടുത്തുകയാണ് അവർ ഒഡീസി ഈസ് റെഡ് എന്ന ഡോക്യുമെന്ററി. ഗാർഹിക പീഡന അന്തരീക്ഷത്തെ അതിജീവിച്ച ലെസ്ബിയൻ സ്ത്രീ ആയ റോബിൻ ചൗരാസ്യ രൂപീകരിച്ച ക്രാന്തി എന്ന എൻജിഓ എങ്ങനെയാണ് കാമാത്തിപുരയിലെ പുതിയ തലമുറ സ്ത്രീകളുടെ ജീവിതത്തെക്കുറിച്ച് സംസാരിക്കുന്നത്, അവർക്കിടയിൽ പ്രവർത്തിക്കുന്നത് എന്നാണ് അവർ ഒഡീസി ഈസ് റെഡ് (2022) പറയുന്നത്. ലെെംഗിക തൊഴിൽ ചെയ്യുന്ന അമ്മമാരുടെ കൂടെയുള്ള ജീവിതങ്ങളിൽ അനുഭവിച്ച ലെെംഗിക പീഡനങ്ങളെക്കുറിച്ചുള്ള തുറന്നുപറച്ചിലുകളായ ‘ലാൽ ഭട്ടി എക്സ്പ്രസ്’ എന്ന നാടകത്തിന്റെ ഷോയ്ക്ക് വേണ്ടി നടത്തിയ സ്പെയ്ൻ യാത്രയിലാണ് ഡോക്യുമെന്ററിയുടെ തുടക്കം. ഇവരിൽ, ലെെംഗിക തൊഴിൽ സ്വന്തം താൽപര്യത്തോടെ തൊഴിലായി സ്വീകരിച്ചവരും ലെെംഗിക തൊഴിൽ ചെയ്യാൻ നിർബന്ധിതരായവരുടെയും, റെഡ് സ്ട്രീറ്റിലേക്ക് ട്രാഫിക് ചെയ്യപ്പെട്ടവരുടെയും മക്കള്‍ ഉണ്ട്. ക്രാന്തി എന്ന എൻജിഓയുടെ പുനരധിവാസ പ്രവർത്തനങ്ങൾ എന്തൊക്കെയെന്നാണ് ഡോക്യുമെന്ററി ചിത്രീകരിക്കുന്നത്. ക്രാന്തിയിലെ അംഗങ്ങളുടെ മാനസികാരോഗ്യത്തെ കുറിച്ചുള്ള ചർച്ചകളും, സഹജീവിതം എങ്ങനെ അവരുടെ മുറിവുണങ്ങുന്നതിനെ (ട്രോമ ഹീലിങ്ങ്) സഹായിക്കുന്നു എന്നുമെല്ലാം ഡോക്യുമെന്ററിയിൽ സംസാരിക്കുന്നു.
ഡോക്യുമെന്ററിയുടെ സംവിധായകരിൽ ഒരാളായ നവോമി ജഹാൻ സംസാരിക്കുന്നു,
“ഞാനൊരു ജെൻഡർ റെെറ്റ്സ് ആക്റ്റിവിസ്റ്റ് ആണ്. ഹ്യുമൻ റെെറ്റ്സ് ലോ ആണ് എന്റെ വിദ്യാഭ്യാസ പശ്ചാത്തലം. മനുഷ്യാവകാശങ്ങളെ കുറിച്ചുള്ള പഠനം പൂർത്തിയാക്കിയ ശേഷം ഞാൻ സ്ത്രീകൾക്കെതിരായ വയലൻസിനെ കുറിച്ചെഴുതിയിരുന്നു, വളരെ വ്യക്തിപരമായും പ്രൊഫഷണലായും ഈ വിഷയം എനിക്ക് വളരെ അടുപ്പമുള്ളതാണ്, ചില വാർപ്പുമാതൃകകൾ എങ്ങനെയാണ് വയലൻസിന് കാരണമാകുന്നതെന്നും അതുകൊണ്ട് വാർപ്പുമാതൃകകളെ കുറിച്ച് നമ്മൾ സംസാരിക്കണമെന്നും എനിക്ക് മനസ്സിലാക്കാനായി. അതുകൊണ്ട്, ഫ്രാൻസിലായിരിക്കെ എനിക്ക് തോന്നി, സ്ത്രീകൾക്കെതിരായ വയലൻസിനെ കുറിച്ച് സംസാരിക്കുമ്പോൾ ആളുകൾ അത് കൃത്യമായി മനസ്സിലാക്കണമെന്നില്ല, ഒരു വയലൻസ് റിപോർട്ട് ചെയ്ത് കേൾക്കുമ്പോൾ അതിനെയൊരു ഒറ്റപ്പെട്ട സംഭവമായി മനസ്സിലാക്കുവാനാണ് ശ്രമിക്കുക. എന്നെ സംബന്ധിച്ച് ഇത് ഒരു വ്യവസ്ഥാപിത പ്രശ്നമായി മനസ്സിലാക്കപ്പെടണം എന്നാണ്. ഞാൻ ഇന്ത്യയിൽ വന്നത് ഇന്റേൺഷിപ് അവസരങ്ങൾ തേടിയാണ്, സ്ത്രീകളോട് സംസാരിക്കുമ്പോൾ പരിഹരിക്കപ്പെടേണ്ടുന്ന ഒരു സാമൂഹ്യപ്രശ്നമായി തന്നെയാണ് സ്ത്രീകൾ ഇതിനെക്കുറിച്ച് പറയുന്നത്.
ക്രാന്തിയുടെ സഹസ്ഥാപകയായ റോബിനുമായാണ് ഞാൻ ആദ്യം സംസാരിച്ചത്, എനിക്ക് വലിയ ആത്മബന്ധം തോന്നിയ സ്ത്രീയാണ് റോബിൻ. ലെെംഗിക പീഡനങ്ങൾ എത്രത്തോളമാണ് അവളെ ബാധിച്ചതെന്നും പെൺകുട്ടികളെ എങ്ങനെയാണ് ബാധിച്ചതെന്നും എന്നെ എങ്ങനെയാണ് ബാധിച്ചതെന്നുമെല്ലാം നമ്മൾ ചർച്ച ചെയ്തിരുന്നു. അങ്ങനെ നമ്മൾ സുഹൃത്തുക്കളായി. എങ്ങനെയാണ് അതുണ്ടാക്കുന്ന ദേഷ്യവും അമർഷവുമെല്ലാം കെെകാര്യം ചെയ്യുന്നതെന്ന് ഞാൻ ചോദിച്ചു. സ്വയമേ ഉള്ളിലേക്കെടുത്ത വയലൻസിനെ അഭിമുഖീകരിക്കുകയാണ് ചെയ്യുന്നത്, സ്വന്തം മുറിവുകൾ ഉണക്കുക എന്നത് ഉള്ളിലേക്കെടുക്കപ്പെട്ട വയലൻസിനെ ഇല്ലാതാക്കുകയാണ്. സ്വയം മാറ്റിയെടുക്കുമ്പോൾ നമുക്കുചുറ്റുമുള്ള ചില കാര്യങ്ങളിലും മാറ്റമുണ്ടാകും. സ്വയം മനസ്സിലാക്കുകയും സ്വയം ഉൾക്കൊള്ളുന്ന സമുദായത്തെ മനസ്സിലാക്കുകയും ചെയ്യുന്ന പ്രക്രിയ, ഈ സംഭാഷണത്തിലൂടെയാണ് ഈ ഡോക്യുമെന്ററി നിർമിക്കാനുള്ള തോന്നലുണ്ടായത്. വർക്ക് തുടങ്ങിയത് ഫ്രാൻസിലാണ്. പിന്നീട് സ്പെയ്നിലും. അതിന് ശേഷം ഇന്ത്യയിലേക്ക് തിരിച്ചുവന്നു, ബോംബെയിൽ അവരുടെ ഷെൽട്ടർ ഹോമിൽ വെച്ചും ഡോക്യുമെന്ററി ചിത്രീകരിച്ചു.
ഇത് കമ്മ്യൂണിറ്റിയിൽ ഉള്ള ഒരാൾ ചെയ്ത സിനിമയല്ല, Hers is Ours എന്ന നമ്മുടെ കലക്ടീവ് ആണ് സംവിധാനം ചെയ്തത്. കുറച്ചു ഫെമിനിസ്റ്റ് യുവാക്കളുടെ കൂട്ടായ്മയാണ്, ആർട്ടിസ്റ്റിക്, ആക്റ്റിവിസ്റ്റ് നിലയിലുള്ള പ്രവർത്തനങ്ങളാണ് നമ്മുടേത്. ഇതൊരു ഔട്ട്സെെഡറുടെ കാഴ്ച അല്ല എന്ന് നിങ്ങൾക്ക് തോന്നിയെങ്കിൽ അതിനൊരു കാരണം ഞങ്ങൾ അവരോടൊപ്പം കുറേയധികം സമയം ചെലവഴിച്ചിട്ടുണ്ട് എന്നതാകാം.35 ദിവസങ്ങളാണ് നമ്മൾ ഒരുമിച്ച് നടന്നത്. നമ്മളെല്ലാം ഏകദേശം ഒരേ പ്രായത്തിലുള്ളവരായിരുന്നു.
നമ്മളെല്ലാം വരുന്നത് വ്യത്യസ്ത പശ്ചാത്തലങ്ങളിൽ നിന്നാണ്. ഞാൻ ഫ്രാൻസിൽ നിന്നുള്ളൊരു വെള്ളക്കാരിയാണ്, വളരെ വ്യത്യസ്തമായ രീതിയിൽ വളരാൻ കഴിഞ്ഞ വ്യക്തിയാണ്. അവർ ഇന്ത്യൻ സമൂഹത്തിൽ ഏറ്റവും അണ്ടർപ്രിവിലേജ്ഡ് ആയ ജീവിത പശ്ചാത്തലങ്ങളിൽ നിന്നും വരുന്നവർ, സഹസംവിധായകരും വ്യത്യസ്തസാഹചര്യങ്ങളിൽനിന്നുള്ളവരാണ്. സ്ത്രീകൾക്കെതിരായ വയലൻസിനെക്കുറിച്ചുണ്ടായ സംഭാഷണങ്ങളിൽനിന്നാണ് നമ്മളെല്ലാവരും മനസ്സിലാക്കാനുള്ള ശ്രമം നടത്തിയത്, അപ്പോഴും നമുക്ക് മറ്റൊരാളുടെ ജീവിതാനുഭവങ്ങളെ പൂർണമായി മനസ്സിലാക്കാൻ കഴിയില്ല.
ഈ ഫിലിം കാണാൻ തുടങ്ങുമ്പോൾ നമ്മൾ അവരെ അവതരിപ്പിക്കുന്നത് ലെെംഗിക തൊഴിലാളികളുടെ മക്കൾ എന്ന നിലയിലല്ല. അവർ ലെെംഗിക തൊഴിലാളികളുടെ മക്കളാണ് എന്ന് നമ്മൾ പറയുന്നതുവരെ നിങ്ങൾക്കും അറിയുകയില്ല, അതിനു മുമ്പ് തന്നെ നിങ്ങൾ ഈ യുവതികളുമായി മാനസികമായ അടുപ്പം രൂപപ്പെടും. “അയ്യോ, അവർ ലെെംഗിക തൊഴിലാളികളുടെ മക്കളാണല്ലോ” എന്ന കാഴ്ചയിലല്ല കാണുന്നവർ അവരുമായി അടുക്കുന്നത്. ആദ്യമായി കണ്ടപ്പോൾ തന്നെ തങ്ങളുടെ വീട് നമുക്കായി തുറന്നുതന്നവരാണ് അവർ. ഡോക്യുമെന്ററിയിൽ കാണിച്ചിരിക്കുന്ന സ്റ്റേജ് പെർഫോമൻസ് നേരിൽ കണ്ടപ്പോൾ മാത്രമാണ് അവർ ഓരോരുത്തരും അവരുടെ ജീവിതത്തിൽ അനുഭവിച്ചതെന്തൊക്കെയാണെന്ന് ഞങ്ങൾ അറിയുന്നത്. നമ്മളോരോരുത്തരും നമ്മളനുഭവിച്ച പീഡനങ്ങളേക്കാൾ എത്രയോ വലുതാണ്. ഇര ഒരൊറ്റ ലെൻസിൽ ഒതുങ്ങാത്തവരാണ്.” നവോമി ജെഹാൻ പറയുന്നു.
ഈ ഡോക്യുമെന്ററിയിൽ, പാനിക് ബ്രേക്ക് ഡൗണുകൾ ഉണ്ടാകുമ്പോൾ ശരീരങ്ങളിലൂടെ, സ്പർശത്തിലൂടെ തമ്മിൽ ആശ്വസിപ്പിക്കുന്ന, ഇരുപതിനും മുപ്പതിനും ഇടയിൽ പ്രായമുള്ള ഇന്ത്യൻ യുവതികൾ ഉയർത്തുന്ന ചോദ്യങ്ങൾ ഗൗരവമേറിയതാണ്. അത് നമ്മുടെ കാഴ്ചപ്പാടുകളെക്കുറിച്ചാണ്, സമൂഹത്തിലെ ആധിപത്യ ഘടനകളെ കുറിച്ചാണ്. സ്ത്രീകൾ സ്ത്രീകളുടെ കഥ പറയുമ്പോൾ അതിൽ പ്രകടമാകുന്നത് സമൂഹം അധികം പരിചയപ്പെടാത്ത വൈകാരികതയും സൂക്ഷ്മതയും കൂടിയാണ്. സ്ത്രീകളെക്കുറിച്ച് സ്ത്രീകളല്ലാത്തവർ സംവിധാനം ചെയ്യുന്ന സിനിമകൾക്ക് കൂടുതലും സാങ്കല്പികമായ കഥാലോകങ്ങൾ ആയിരിക്കും. യഥാർത്ഥ ജീവിതത്തിൽ സഹനം അനുഭവിക്കുന്ന ഭൂരിപക്ഷം സ്ത്രീകൾക്കും സ്വസ്ഥമായി ഇരുന്നു തിരക്കഥ എഴുതാനോ സിനിമ സംവിധാനം ചെയ്യാനുള്ള ആരോഗ്യമോ മൂലധനമോ ഉണ്ടാകണം എന്നുമില്ല. സങ്കീർണമായ ഈ ഇടപെടൽ ശ്രമങ്ങൾക്ക് ചരിത്രത്തിൽ നിരവധി ഉദാഹരണങ്ങളുണ്ട്. ക്യാമറയുമായി ഒരു സ്ത്രീയെ കാണുമ്പോൾ അത്ഭുതം കൊള്ളുന്ന സമൂഹത്തിനു തന്നെ വലിയ മാറ്റങ്ങൾ വന്നിട്ടില്ല. സ്ത്രീകളുടെ ആത്മാംശമുള്ള സിനിമകൾക്ക് ചരിത്രപരമായ പങ്കുണ്ട്, ഫെമിനിസങ്ങളുടെ ഭാവിയിലവ വളരെ നിർണായകമാണ്.