യു.എൻ ഭക്ഷ്യ ഉച്ചകോടി കോർപ്പറേറ്റുകൾ കീഴടക്കുമ്പോൾ

2021 സെപ്റ്റംബർ 23ന് ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ വ്യവസ്ഥാ ഉച്ചകോടി (UN Food System Summit) നടക്കുകയാണ്. ലോക ഭക്ഷ്യക്രമത്തിന് ഒരു പുതുജീവൻ നൽകുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ഉച്ചകോടി, നിലവിലുള്ള സുസ്ഥിര കാർഷിക വ്യവസ്ഥയെ തകർക്കുന്നതിനും വ്യവസായവൽകൃത കാർഷിക ഭക്ഷ്യ വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള മുതലാളിത്ത അജണ്ടയാണെന്ന വിമർശനം വിവിധ കർഷക, പരിസ്ഥിതി, മനുഷ്യാവകാശ സംഘടനകൾ ഉന്നയിക്കുന്നുണ്ട്. ജനസംഖ്യാ വിസ്ഫോടനവും കാലാവസ്ഥാ വ്യതിയാനവും കാരണം ആഗോള ഭക്ഷ്യ വ്യവസ്ഥ തകർന്നുവെന്നും സാങ്കേതികവിദ്യയുടെ വ്യാപനം മാത്രമാണ് പരിഹാരം എന്നുമാണ് ഉച്ചകോടിയുടെ സംഘാടകർ വാദിക്കുന്നത്. ലോക കാർഷിക ഭഷ്യ വ്യവസ്ഥയെ നിയന്ത്രിക്കാനും അതിനെ മുതലാളിത്തത്തിന്റെ ഭാ​ഗമാക്കി പരമാവധി ലാഭം കൊയ്യാനും ശ്രമിക്കുന്നവരാണ് ഉച്ചകോടിക്ക് പിന്നിലുള്ളത്. സൂക്ഷ്മ കൃഷി, ഡിജിറ്റൽ കൃഷി, കാലാവസ്ഥ അനുരൂപണ കൃഷി, ബ്ലൂ എക്കണോമി മുതലായ സാങ്കേതികപദങ്ങളിലൂടെ അവർ ഇത്തരം ഉച്ചകോടികളിൽ വാഗ്ദാനങ്ങൾ വാരിവിതറുന്നു.

ഈ ഉച്ചകോടിയുടെ അടിസ്ഥാനപരമായ ഉദ്ദേശം പരസ്പര ചർച്ചകളിൽ നിന്ന് ഉരുത്തിരിയുന്ന അഭിപ്രായ സമന്വയത്തിലൂടെ നയങ്ങളോ ആഗോള ഉടമ്പടികളോ സൃഷ്ടിക്കുക എന്നതല്ല. മറിച്ച് ഭാവിയിൽ സർക്കാരുകൾ മുൻഗണന നൽകുകയും ധനസഹായം നൽകുകയും ചെയ്യേണ്ട മേഖലകൾ ഏകപക്ഷീയമായി തീരുമാനിക്കുക എന്നതാണ്. കൂട്ടത്തിൽ ആരെ, എന്തിനെ നിരാകരിക്കണം എന്നും. യഥാർത്ഥത്തിൽ നാം ജീവിക്കുന്ന സമൂഹങ്ങളിലെ അടിസ്ഥാനപരമായ വിഷയങ്ങൾ പൂർണ്ണമായി തമസ്കരിച്ചുകൊണ്ടാണ് ഈ ഉച്ചകോടിയുടെ അജണ്ടകൾ തയ്യാറാക്കപ്പെട്ടത്. ഇന്നത്തെ കാലാവസ്ഥാ-പാരിസ്ഥിതിക പ്രതിസന്ധികൾക്കുള്ള ഒരു മുഖ്യകാരണം യന്ത്രവത്കൃത കൃഷിയാണെന്ന യാഥാർത്ഥ്യം ഇവർ അതിവിദഗ്ദമായി മറച്ചുവയ്ക്കുന്നു. ലോകത്തിലെ വിവിധ തനത്-പ്രാദേശിക കാർഷിക ഭക്ഷ്യ വ്യവസ്ഥകളിൽ ആഗോളവത്കരണ നയങ്ങൾ സൃഷ്ടിച്ച ആഘാതങ്ങളെക്കുറിച്ച് ഇവർ നിശബ്ദത പാലിക്കുന്നു. ഗ്രാമീണ ചെറുകിട കർഷകർ ആണ് ലോകത്തിലെ 70 ശതമാനം ജനതയെയും തീറ്റിപ്പോറ്റുന്നത് എന്ന വസ്തുതയോട് ഇവർ മുഖം തിരിക്കുന്നു. വ്യവസായവത്കൃത കൃഷി രീതികൾ മനുഷ്യരുടെ ആരോഗ്യത്തെ എങ്ങനെയാണ് ബാധിക്കുന്നത് എന്നതും ചർച്ച ചെയ്യാതെ പോകുന്നു. വ്യവസായവത്കൃത ഭക്ഷ്യ വ്യവസ്ഥ എങ്ങനെയാണ് ഭക്ഷ്യ സുരക്ഷയെയും ചെറുകിട കർഷകരുടെ ജീവിതത്തെയും പരിസ്ഥിതിയെയും കാലാവസ്ഥയെയും മനുഷ്യരുടെ ആരോഗ്യത്തെയും ബാധിച്ചത് എന്നുള്ള ചർച്ചകളാണ് ഇന്ന് ഉച്ചകോടികളിൽ ഉയർന്നുവരേണ്ടത്. ഇതിൽ ചെറുകിട കർഷകരുടെയും ആദിവാസി-ഗോത്ര സമൂഹങ്ങളുടെയും മത്സ്യത്തൊഴിലാളികളുടെയും കന്നുകാലികളെ വളർത്തുന്നവരുടെയും കർഷക തൊഴിലാളികളുടെയും ക്രിയാത്മക പ്രാതിനിധ്യം ഉറപ്പാക്കപ്പെടുകയും വേണം.

ആഗോള ഭീമന്മാരും വ്യവസായവത്കൃത ഭക്ഷണക്രമത്തിന്റെ നിർമ്മാതാക്കളുമായ യൂണിലിവറിനെ പോലുള്ളവർ ആഗോള ഭക്ഷ്യ വ്യവസ്ഥ ന്യൂനതകളുള്ളതാണെന്നും അതിനെ പുനർനിർമ്മിക്കണമെന്നും ഇത്തരം വേദികളിൽ പറയുമ്പോൾ ഏത് ഭക്ഷ്യ വ്യവസ്ഥയെക്കുറിച്ചാണ് അവർ സംസാരിക്കുന്നതെന്നും പുനർനിർമ്മണത്തിലൂടെ ആർക്കാണ് ഗുണം കിട്ടുന്നതെന്നും സംശയിക്കുക സ്വാഭാവികം മാത്രം. നിലവിലുള്ള ആഗോള ഭക്ഷ്യ-കാർഷിക വ്യവസ്ഥകൾ പൂർണമായും തകർന്നതും അടിമുടി അഴിച്ചുപണിയേണ്ടതുമാണ് എന്നത് യാഥാർത്ഥ്യമാണ്. ലോകത്തെ 75 ശതമാനം കൃഷി ഭൂമിയും, 80 ശതമാനം ശുദ്ധജലവും ഉപയോഗിക്കുന്ന വൻകിട-വ്യവസായവത്കൃത കാർഷിക മേഖലയിൽ നിന്നാണ് 90 ശതമാനം ഹരിതഗൃഹ വാതകങ്ങളും പുറന്തള്ളപ്പെടുന്നത്. എന്നാൽ ഇവർ ലോകത്തെ ആകെ ജനതയുടെ 30 ശതമാനത്തിന്റെ ഭക്ഷ്യ ആവശ്യങ്ങൾ മാത്രമേ നിറവേറ്റുന്നുള്ളൂ എന്നതാണ് വലിയ വൈരുധ്യം.

യു.എൻ ഉച്ചകോടിയിലെ മുഖ്യ അജണ്ടകൾ

 • കാലാവസ്ഥ വ്യതിയാനം ഒരു പുതിയ വിപണി അവസരം.
 • ബയോ ടെക്‌നോളജി.
 • ഭക്ഷ്യ കാർഷിക മേഖലകളിലെ ഡിജിറ്റലൈസേഷൻ.
 • കൃത്രിമ പ്രോട്ടീൻ, മാംസം.
 • കാർഷിക ഭക്ഷ്യ മേഖലകളിലെ നയരൂപീകരങ്ങളിൽ കോർപ്പറേറ്റ് ഇടപെടലുകൾക്ക് സാധുത നൽകുക.

ഉച്ചകോടി ചർച്ച ചെയ്യാത്ത വിഷയങ്ങൾ

 • ഭക്ഷ്യ പരമാധികാരം.
 • മനുഷ്യാവകാശം.
 • ആദിവാസി ഗോത്ര സമൂഹങ്ങളുടെ അവകാശങ്ങളും പരമാധികാരവും.
 • ഭൂമിയുടെ അവകാശം.
 • വംശീയ പ്രശ്നങ്ങൾ.
 • ചെറുകിട കർഷകരും ഗോത്ര ജനവിഭാഗങ്ങളും മറ്റ് പാർശ്വവത്കൃത സമൂഹങ്ങളും നേരിടുന്ന അടിച്ചമർത്തലുകളും കുടിയൊഴിപ്പിക്കലുകളും.
 • ഭക്ഷ്യ വ്യവസ്ഥയിലുള്ള കോർപ്പറേറ്റ് ഇടപെടലുകൾ വരുത്തുന്ന പാരിസ്ഥിതിക, സാമൂഹ്യ, സാസ്കാരിക, സാമ്പത്തിക ആഘാതങ്ങൾ.

ഇന്ത്യയിലെ ദേശീയ കർഷക സമരത്തിൽ നിന്നും

ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രതിനിധികളെ തിരഞ്ഞെടുത്തതിലും അജണ്ടകൾ തീരുമാനിച്ചതിലും ജനാധിപത്യ മര്യാദകൾ പാലിച്ചില്ല എന്നും ആക്ഷേപമുണ്ട്. വിവിധ മേഖലകളുടെ പ്രാതിനിധ്യം ഉറപ്പുവരുത്തും എന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും യു.എൻ പങ്കെടുപ്പിച്ചിരിക്കുന്ന പ്രതിനിധികളിൽ മൂന്നിൽ ഒന്ന് വൻകിട കോർപ്പറേറ്റ് കമ്പനികളോ അവയുടെ ഫണ്ടിങ്ങിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകളോ ആണ്. ലോകത്തെ 70 ശതമാനം ജനതയെ തീറ്റിപ്പോറ്റുന്ന ചെറുകിട നാമമാത്ര കർഷകരുടെ ശബ്ദം ഭക്ഷ്യ ഉച്ചകോടിയിൽ നിന്ന് തുടച്ചു നീക്കപ്പെട്ടിരിക്കുന്നു. നവലിബറൽ നയങ്ങളിലൂടെയും ലാഭക്കൊതിയിലൂടെയും ഇന്ന് അനുഭവിക്കുന്ന ഭക്ഷ്യ, ജൈവവൈവിധ്യ, കാലാവസ്ഥാ പ്രതിസന്ധികളിലേക്ക് ലോകത്തെ തള്ളിവിട്ട അതേ അന്തർദേശീയ കോർപ്പറേഷനുകളും സാമ്പത്തിക സ്ഥാപനങ്ങളും ആണ് ഈ ഉച്ചകോടിയിൽ നേതൃസ്ഥാനം വഹിക്കുന്നത്. ലോകത്തെ ശതകോടീശ്വരന്മാരുടെ കൂട്ടായ്മ ആയ വേൾഡ് എക്കണോമിക് ഫോറം, ആഫ്രിക്കയിൽ ഹരിത വിപ്ലവം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ ബിൽഗേറ്റ്സ് ഫൗണ്ടേഷൻ സ്ഥാപിച്ച അലയൻസ് ഫോർ ഗ്രീൻ റെവല്യൂഷൻ ഇൻ ആഫ്രിക്ക, ബിൽഗേറ്റ്സ് ഉൾപ്പടെ ലോകത്തെ വിവിധ കോർപ്പറേറ്റുകൾ ഫണ്ട് ചെയ്യുന്ന ഗ്ലോബൽ അലയൻസ് ഫോർ ഇംപ്രൂവ്ഡ് ന്യൂട്രീഷൻ തുടങ്ങിയ സംഘടനകളെയാണ് ഉച്ചകോടിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കൂടാതെ യു.എൻ ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷൻ അടുത്തിടെ ലോകത്തെ വിവിധ കീടനാശിനി-വിത്ത് ഉൽപ്പാദന കമ്പനികളുടെ കൂട്ടായ്മ ആയ ‘ക്രോപ് ലൈഫ് ഇന്റർനാഷണൽ’ എന്ന സംഘടനയുമായി ഒരു പങ്കാളിത്ത ഉടമ്പടി ഒപ്പു വച്ചിരുന്നു. ഇതിൽ നിന്നെല്ലാം വ്യക്തമാകുന്നത് ഈ ഉച്ചകോടിയുടെ ലക്ഷ്യം വിപണി കേന്ദ്രീകൃതവും, ഏകപക്ഷീയമായ സാങ്കേതികവിദ്യകളിൽ അധിഷ്ഠിതവും, സ്വകാര്യ മേഖലയുടെ കൈപ്പിടിയിൽ ഒതുങ്ങുന്നതുമായ പരിഹാരങ്ങൾ സൃഷ്ടിക്കുക എന്നതാണ്.

ഇതിൽ പങ്കെടുക്കുന്ന ചെറിയ ഒരു വിഭാഗം ചെറുകിട കർഷക സംഘടനകളുടെ ശബ്ദം ഈ കോർപ്പറേറ്ററുകളുടെ മുന്നിൽ ദയനീയമായി മുങ്ങിപോകാനാണ് സാധ്യത. അതിനാൽത്തന്നെ ലോകത്തെ വിവിധ ചെറുകിട-സുസ്ഥിര കർഷക സംഘടനകൾ ഈ ഉച്ചകോടി ബഹിഷ്ക്കരിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ഇതിന് ബദലായി ഇവർ വിവിധ ജനകീയ ഭക്ഷ്യ ഉച്ചകോടികൾ നടത്താനും തീരുമാനിച്ചിട്ടുണ്ട്. ആഗോള ജനസംഖ്യയുടെ 1.5 മടങ്ങിന് ഭക്ഷണം നൽകാനുള്ള കാർഷിക വിഭവങ്ങൾ കർഷകർ ഉൽപാദിപ്പിക്കുന്നുണ്ടെങ്കിലും ഈ കർഷകർ ഉൾപ്പടെ, ഏകദേശം ഒരു ബില്യൺ ആളുകൾ ഓരോ രാത്രിയിലും വിശന്ന് ഉറങ്ങുന്നു. ഇത് അത്ര ലളിതമായ ഒരു അപാകതയല്ല, പതിറ്റാണ്ടുകളുടെ ചൂഷണത്തിന്റെയും അടിച്ചമർത്തലിന്റെയും ഫലമാണ്. കോർപ്പറേറ്റുകളുടെ നേതൃത്വത്തിൽ ഉള്ള വിപണി പരിഷ്‌കരണങ്ങളുടെ ഫലമായി കാർഷിക ഭൂമികളുടെ ഉടമസ്ഥതയും നിയന്ത്രണവും വരേണ്യവർഗത്തിന്റെയും വലിയ ബഹുരാഷ്ട്ര കോർപ്പറേഷനുകളുടെയും കൈകളിൽ കേന്ദ്രീകരിക്കപ്പെടുന്നു.

UN Food Systems Summit ബഹിഷ്കരിച്ച കർഷക സംഘടനകൾ തയ്യാറാക്കിയ വീഡിയോ

യു.എസ്, ചൈന, യൂറോപ്യൻ യൂണിയൻ എന്നിവിടങ്ങളിൽ നിന്നുള്ള നാല് കുത്തക കമ്പനികളാണ് (Bayer Crop Science-Germany, Corteva Agriscience (DowDupont) – US, Syngenta (Chem China) – China), Limagrain – France) ആഗോള വിത്ത്, വളം, കാർഷിക രാസ വിപണിയുടെ പകുതിയിലേറെയും നിയന്ത്രിക്കുന്നത്. കാർഷിക ഭക്ഷ്യ വ്യവസ്ഥയെ കുത്തക വൽക്കരിക്കുന്ന ഈ കോർപ്പറേഷനുകൾക്ക് ഈ ഭക്ഷ്യ ഉച്ചകോടി വഴി യു.എൻ ഔദ്യോഗിക പരിവേഷം നൽകുകയും കുത്തകവത്ക്കരണത്തിനും ചെറുകിട കർഷകരുടെ മേലുള്ള ചൂഷണത്തിനും നിയമപരമായ പരിരക്ഷ നൽകുകയും ചെയ്യുന്നു. BASF, Sumitomo തുടങ്ങിയ കീടനാശിനി കമ്പനികളെ യു.എൻ ഏജൻസികൾ, ‘ഫുഡ് സിസ്റ്റം ഹീറോസ്’ എന്ന് വിളിച്ചുകൊണ്ട് ആഗോള ഭക്ഷ്യ സംവിധാനങ്ങളുടെ ‘രക്ഷകരും’, ‘ചാമ്പ്യന്മാരും’ ആയി ഉയർത്തുന്നു.

ഇന്ത്യയിലെ അഗ്രി ടെക് വിപണി 2025 ഓടെ 2400 കോടി രൂപയുടേതാകും എന്നാണ് കണക്കാക്കപ്പെടുന്നത്. ഡിജിറ്റലൈസേഷൻ എന്ന ഓമനപ്പേരിൽ ഡാറ്റ ഭീമന്മാരായ മൈക്രോസോഫ്ട്, ആമസോൺ മുതലായ കമ്പനികൾ കർഷകർക്ക് ലഭ്യമാക്കുന്ന ഓൺലൈൻ ആപ്പിലൂടെ കർഷകരുടെ എല്ലാ വിവരങ്ങളും തത്സമയം കമ്പനികൾക്ക് ലഭ്യമാകുകയും അതിലൂടെ കർഷകർക്ക് തങ്ങളുടെ കാർഷിക വൃത്തിയുടെയും ഉൽപ്പന്നങ്ങളുടെയും മേലുള്ള പരമാധികാരം നഷ്ടമാകുകയും ചെയ്യുന്നു. ഇത്തരം ഒരു അജണ്ടയ്ക്ക് എല്ലാവിധ പിന്തുണയും കൊടുക്കുകയാണ് ഈ ഉച്ചകോടി.

ആഗോളതലത്തിൽ കോർപ്പറേറ്റുകളുടെയും സർക്കാരുകളുടെയും നേതൃത്വത്തിൽ കൃഷിഭൂമി കയ്യേറ്റങ്ങളും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കർഷകരെ അടിച്ചമർത്തുന്ന കോർപ്പറേറ്റുകളെ വാഴ്ത്തുന്ന ഈ വേദിയിൽ ‘ഫുഡ് സിസ്റ്റം ഹീറോസ്’ ആയി കർഷകർ അംഗീകരിക്കപ്പെടേണ്ടതില്ല. യു.എൻ പോലെയുള്ള ആഗോള ഭരണസംവിധാനത്തിൽ നിന്ന് അവർക്ക് വേണ്ടത് അത്തരം അപമാനകരമായ അധര സേവനമല്ല, മറിച്ച് ദീർഘകാലമായി അവരെ അടിച്ചമർത്തിയതും അപകീർത്തിപ്പെടുത്തിയതുമായ നിയമങ്ങൾ, നയങ്ങൾ, ചട്ടക്കൂടുകൾ എന്നിവയിൽ നിന്നുള്ള വ്യക്തമായ സ്വാതന്ത്ര്യമാണ്.

ഭക്ഷ്യ പരമാധികാരം എന്ന നഷ്ടമായ അജണ്ട

ഒരു സമൂഹത്തിന് തങ്ങളുടെ ആരോഗ്യത്തിനും സംസ്കാരത്തിനും ഉചിതമായ ഭക്ഷണം പരിസ്ഥിതി സൗഹൃദപരമായും സുസ്ഥിരമായും ഉൽപ്പാദിപ്പിക്കാനും, അവരുടെ സ്വന്തം ഭക്ഷ്യ-കാർഷിക ക്രമങ്ങൾ തീരുമാനിക്കാനുമുള്ള അവകാശം ആണ് ഭക്ഷ്യ പരമാധികാരം. വിപണിയുടെയും വൻകിട കമ്പനികളുടെയും താത്പര്യങ്ങളെക്കാൾ ഇത് ഉൽപ്പാദകരുടെയും, വിതരണക്കാരുടെയും ഉപഭോക്‌താക്കളുടെയും ആവശ്യങ്ങളും ആഗ്രഹങ്ങളും പ്രതിഫലിപ്പിക്കുന്നു. ഇത് വരുംതലമുറകളെ കൂടി ഉൾക്കൊള്ളുന്നതും അവരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതുമാണ്. ഭക്ഷ്യ പരമാധികാരം പ്രാദേശിക-ദേശീയ സമ്പദ് വ്യവസ്ഥകൾക്കും വിപണികൾക്കും മുൻഗണന നൽകുകയും കൃഷി, മത്സ്യബന്ധനം, മൃഗ സംരക്ഷണം എന്നിവയിൽ ഏർപ്പെട്ടിരിക്കുന്നവരെയും പാരിസ്ഥിതിക, സാമൂഹ്യ, സാമ്പത്തിക സുസ്ഥിരത ഉറപ്പുവരുത്തിയുള്ള ഭക്ഷ്യ ഉൽപാദനം, വിതരണം എന്നിവയിൽ ഏർപ്പെട്ടിരിക്കുന്നവരെയും ശാക്തീകരിക്കുന്നു. സുതാര്യമായ വ്യാപാരം പ്രോത്സാഹിപ്പിക്കുകയും എല്ലാ ആളുകൾക്കും വരുമാനവും ഉപഭോക്താക്കൾക്ക് അവരുടെ ഭക്ഷണവും പോഷണവും നിയന്ത്രിക്കാനുള്ള അവകാശങ്ങളും ഉറപ്പു നൽകുകയും ചെയ്യുന്നു. കൃഷി ഭൂമി, ജലം, വിത്തുകൾ, കന്നുകാലികൾ, ജൈവവൈവിധ്യം മുതലായവ പയോഗിക്കാനും കൈകാര്യം ചെയ്യാനുമുള്ള അവകാശം ഉത്പാദകരുടെ കൈകളിൽ ആണെന്ന് ഇത് ഉറപ്പുവരുത്തുന്നു. ലിംഗ, പ്രായ, വംശ, വർഗ, സാമ്പത്തിക വിവേചനങ്ങളും അടിച്ചമർത്തലുകളും ചൂഷണങ്ങളും ഇല്ലാത്ത സാമൂഹ്യബന്ധങ്ങൾ ഭക്ഷ്യ പരമാധികാരം ഉറപ്പാക്കുന്നു. ഭക്ഷ്യ പരമാധികാരം എന്ന സങ്കൽപ്പത്തിന് പ്രാധാന്യം നൽകുന്നതായരിക്കണമായിരുന്നു ഭക്ഷ്യ വ്യവസ്ഥാ ഉച്ചകോടി.

കർഷകരാണ്, കോർപ്പറേഷനുകളല്ല ആഗോള ഭക്ഷ്യക്രമത്തെ സുസ്ഥിരമായി പരിവർത്തനം ചെയ്യുന്നത്. പരസ്പരം ബന്ധിപ്പിച്ചിട്ടുള്ള നാല് പ്രധാന തൂണുകളിലൂടെ മാത്രമേ ഈ പരിവർത്തനം മുൻപോട്ട് കൊണ്ടുപോകാനാകൂ. ആദ്യം, കർഷകർക്ക് ഭൂമിയുടെയും വിഭവങ്ങളുടെയും അവകാശം ഉണ്ടായിരിക്കണം. രണ്ടാമതായി, ഭക്ഷ്യ ഉൽപാദനം, വിതരണം, ഉപഭോഗം എന്നിവയിൽ പ്രാദേശിക സമൂഹത്തിന്റെ നേതൃത്വത്തിലുള്ള നിയന്ത്രണ സംവിധാനം ഉണ്ടായിരിക്കണം. മൂന്നാമതായി, ജനങ്ങളുടെ ഭക്ഷ്യ പരമാധികാരം-അല്ലെങ്കിൽ ഭക്ഷണത്തിന്റെയും ഭക്ഷ്യ ഉൽപാദനത്തിന്റെയും അവകാശം ഉറപ്പുവരുത്തുന്നതിനും തിരിച്ചറിയുന്നതിനുമുള്ള ആളുകളുടെയും സമൂഹങ്ങളുടെയും ശക്തി-ഭക്ഷണത്തിന്റെയും കാർഷിക നയങ്ങളുടെയും കാതലായിരിക്കണം. എങ്കിൽ മാത്രമേ മതിയായതും സുരക്ഷിതവും പോഷകഗുണമുള്ളതും സാംസ്കാരികമായി യോജിച്ചതുമായ ഭക്ഷണത്തിനായുള്ള അവകാശം ഉറപ്പിക്കാൻ കഴിയൂ. യു.എൻ ഭക്ഷ്യ വ്യവസ്ഥാ ഉച്ചകോടിയുടെ പരി​ഗണനയിൽ ഇല്ലാതെ പോയതും ഭക്ഷ്യ സുരക്ഷാ അവകാശം ഉറപ്പുവരുത്തുക എന്ന സുപ്രധാന കടമയാണ്.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

September 22, 2021 12:31 pm