

Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


മലയാളിയുടെ പുതുവർഷപ്പിറവിയായ വിഷു മേടം ഒന്നിന്. ആദ്യ ഞാറ്റുവേലയായ അശ്വതിയുടെ ആരംഭം. അശ്വതിയിലിട്ട വിത്തും ഭരണിയിലിട്ട മാങ്ങയും അച്ഛൻ (അതായത് രക്ഷിതാക്കൾ) വളർത്തിയ മകനും ചീത്തയാകില്ല എന്നല്ലോ ചൊല്ല്. കാലം നോക്കി കർഷകൻ കൃഷിയിറക്കുന്ന ധന്യ മുഹൂർത്തം. സുദീർഘമായ ഫാം പ്ലാൻ അഥവാ സുവിദിതമായ കാർഷിക പദ്ധതി ഓരോ കർഷകരും പ്രാദേശിക പ്രത്യേകതകൾക്കൊത്ത് തയ്യാറാക്കിയിരുന്നു. ഒന്നാം വിളയായ വിരിപ്പിനായി നെല്ല് വിതക്കുക, പൊടിഞാറിടുക, കരനെൽകൃഷി, ചെറുധാന്യങ്ങൾ, കൂർക്ക, മധുര കിഴങ്ങ്, ചേന, ചേമ്പ്, ഇഞ്ചി, മഞ്ഞൾ, കുവ്വ ,വാഴ തുടങ്ങിയവയാണ് മേടത്തിലെ പ്രധാന കൃഷിപ്പണികൾ. വർഷകാല പച്ചക്കറിക്കുള്ള നഴ്സറിയും തയ്യാറാക്കും.


വിശ്വാസം വിജ്ഞാനത്തെ വരിക്കുന്ന ആഘോഷത്തിൻ്റെ തുടക്കം കാലത്തെ കണി കാണലോടെയാണ്. കണ്ണുപൊത്തി പിടിച്ച് മുറിയിൽ പ്രത്യേകം തയ്യാറാക്കിയ കാർഷിക വിഭവങ്ങൾക്ക് മുന്നിലേക്ക് മിഴി തുറക്കുന്നു. സാമ്പത്തിക സ്ഥിതി അനുസരിച്ച് കാരണവന്മാർ ഗൃഹാംഗങ്ങൾക്ക് പണം കൊടുക്കുന്ന പതിവുമുണ്ട്. കണിയും വിഷു കൈനീട്ടവും കൂടിയാകുമ്പോൾ വർഷം മുഴുവൻ സമ്പൽ സമൃദ്ധിയുടെ സ്വപ്നസാഫല്യം. ദിനരാത്രങ്ങൾ തുല്യമാകുമെന്നു കരുതുന്ന ഈ ദിനം വിഷുവം എന്ന വാക്കിനെ സാർത്ഥകമാക്കുന്നു. ഈ പ്രതിഭാസം ഇനി സെപ്റ്റംബർ 22 ന് (Equinox). ഉത്തര, ദക്ഷിണാർധഗോളങ്ങളിൽ രണ്ട് തിയതികളിലും കുറേശ്ശെ വ്യത്യാസങ്ങളുണ്ടാകുണ്ട്. വിളവെടുപ്പ് വേള കൂടിയാണ് വിഷു. പാടശേഖരങ്ങളിലടക്കം ഇടവിളകൾ സമ്പന്നമാക്കുന്ന വേനൽക്കാല പച്ചക്കറികളുടെ ഹരിതാഭയിൽ, കണിക്കൊന്നയും കണി വെള്ളരിയും പ്രകൃതിയിൽ സുവർണ്ണ ചാരുത ചാർത്തുന്നു. അയ്യപ്പപ്പണിക്കർ ആലപിച്ച വണ്ണം,
എനിക്കാവതില്ലേ പൂക്കാതിരിക്കാൻ
എനിക്കാവതില്ലേ കണിക്കൊന്നയല്ലേ
വിഷുക്കാലമല്ലേ പൂക്കാതിരിക്കാൻ
രണ്ടു ഉപകഥകളുണ്ട് വിഷുവിൻ്റെ പിന്നിൽ. ഇന്ദ്രമാതാവായ അദിതിയുടെ കുണ്ഡലങ്ങളും ദേവേന്ദ്രന്റെ വെണ്‍കൊറ്റകുടയും നരകാസുരന്‍ അപഹരിക്കുന്നു. അസുരനെ വധിച്ച് ശ്രീകൃഷ്ണന്‍ അതെല്ലാം തിരിച്ചുകൊടുത്ത ദിവസമാണ് വിഷുവെന്ന് ഐതിഹ്യം. തന്റെ കൊട്ടാരത്തിനുനേരെ ഉദിക്കരുതെന്ന് സൂര്യനോട് ആഞ്ജാപിച്ച ലങ്കേശ്വരനെ ശ്രീരാമന്‍ യമപുരിക്കയച്ചതാണ് മറ്റൊരു ആഖ്യാനം. എന്തായാലും വസന്ത ഋതുവിനെ വരവേൽക്കുന്ന ചടങ്ങുകള്‍ വിശ്വമാകെ നിലവിലുണ്ട്. ചുറ്റുപാടുകളോട് സമരസപ്പെട്ട് കഴിഞ്ഞുപോന്നിരുന്ന മാനവകുലത്തിന്റെ ഉയിര്‍ കൊള്ള ലാണിത്. ഉണക്കലരി (പച്ച അരി) തേങ്ങാപ്പാലില്‍ വറ്റിച്ച് വിഷു കഞ്ഞി/വിഷു കട്ട മാങ്ങാക്കറി ചേര്‍ത്ത് കഴിക്കുന്ന സമ്പ്രദായം ദേശവ്യത്യാസത്തോടെ കാണാം. വിഷുസദ്യയുടെ വിഭവങ്ങള്‍ സ്വന്തം ഇടങ്ങളില്‍നിന്ന് വിളയിച്ചെടുത്തതിന്റെ മേളപദം. ചക്ക, എരിശ്ശേരി, മാമ്പഴ പുളിശ്ശേരി, പച്ചടി, കൂട്ടുകറി, ചക്ക പ്രഥമന്‍, പഴുത്ത വരിക്കചക്ക, ചക്ക വറുത്തത്, പിന്നെ കൊണ്ടല്‍ പച്ചക്കറികളുടെ പഞ്ചാരി.


വിഷുപക്ഷിയുടെ അസാന്നിധ്യം ആശങ്കയുണര്‍ത്തുമ്പോള്‍, വേനല്‍ ചൂടില്‍ കുടിനീരിനായി കേഴുന്ന മനുഷ്യനടക്കമുള്ള ജീവജാലങ്ങളുടെ ദീനരോദനം. നെഞ്ചകം വീണ്ടുകീറിയതുപോലെ ജലസേചനം കാത്തു കിടക്കുന്ന കൃഷിയിടങ്ങള്‍. കഷ്ടനഷ്ടങ്ങളുടെ പെരുമ്പറയടികളില്‍, തരിശേറുന്ന വയല്‍ കണക്കെ വിലാപമുയര്‍ത്തുന്ന കൃഷിക്കാരന്റെ ഹൃത്തലം. സുന്ദരവും സുസ്ഥിരവുമായിരുന്ന പ്രകൃതി മനുഷ്യന്റെ അത്യാര്‍ത്തിയും അതിക്രമങ്ങളും മൂലം കീഴ്‌മേല്‍ മറിക്കപ്പെടുമ്പോള്‍ അസ്വസ്ഥതയും അശാന്തിയും അവനിയില്‍ വ്യാപകമാകുകയാണ്. ആഗോള താപനമുയര്‍ത്തുന്ന സുനാമികളില്‍, കാലാവസ്ഥ വ്യതിയാനത്തിന്റെ ഓളപരപ്പില്‍ അതിജീവനം എങ്ങനെയെന്നറിയാതെ തുഴയറ്റ്, അലമുറയിട്ടുകേഴുന്ന ജനതതി. എങ്കിലും ആശയും ആശ്വാസവുമായി ആഘോഷങ്ങള്‍ അനവരതം ആഗമിക്കുന്നു. കൊന്ന പൂക്കുമ്പോള്‍ ഉറങ്ങിയാല്‍ മരുതു പൂക്കുമ്പോള്‍ പട്ടിണിയെന്ന പഴമൊഴിയോര്‍ത്ത് ജനങ്ങള്‍ മുഴുവന്‍ കൃഷിക്കായി പാടത്തേക്ക്, പറമ്പിലേക്ക് പദമൂന്നുന്ന പഴയകാല പതിവു ദൃശ്യം കാണുമാറാകട്ടെ.
കാലമിനിയുമുരുളും
വിഷു വരും വര്‍ഷം വരും
തിരുവോണം വരും
പിന്നെയോരോ തളിരിനും പൂവരും
കായ്‌വരും അപ്പോഴാരെന്നും
എന്തെന്നും ആര്‍ക്കറിയാം.
ആകുലതകള്‍ അസ്തമിക്കാത്ത ഒരു ജീവിതഘട്ടത്തെകുറിച്ച് ആശങ്കപ്പെടുകയാണ് ‘സഫലമീയാത്ര’യില്‍ എന്‍.എന്‍. കക്കാട്. അപ്പോഴും കര്‍ണികാരസൂനങ്ങള്‍ ഉമ്മറത്ത് കിങ്ങിണി ചാര്‍ത്തുമ്പോള്‍ ശോണിമയണിഞ്ഞ് പുലരിയെത്തുന്നു. വര്‍ഷപാതത്തിന് കാതോര്‍ത്ത്, വിഷുഫലത്തിന്റെ സുകൃതത്തില്‍ പ്രതീക്ഷാ മുകുളങ്ങള്‍ പ്രഫുല്ലമാകുകയാണ്.