Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


സംസ്ഥാനത്തെ ആറ് കോർപ്പറേഷനുകളിലും 87 മുനിസിപ്പാലിറ്റികളിലും ലോകബാങ്കിന്റെ സഹായത്തോടെ നാല് വർഷം മുൻപ് നടപ്പാക്കാൻ ആരംഭിച്ച ഖരമാലിന്യ സംസ്കരണ പദ്ധതിയിൽ അടിമുടി സാമ്പത്തിക അഴിമതിയും ക്രമക്കേടുകളും നടന്നതായി തദ്ദേശവകുപ്പിന്റെ വിലയിരുത്തൽ. പദ്ധതിയിൽ തുടക്കം മുതൽ നടന്ന വഴിവിട്ട നീക്കങ്ങൾ വ്യക്തമാക്കുന്ന തദ്ദേശ വകുപ്പിന്റെ കേരള മാലിന്യ സംസ്കരണ പദ്ധതി ഏജൻസിയുടെ റിപ്പോർട്ട് അടിസ്ഥാനമാക്കിയാണ് ഈ വിലയിരുത്തൽ നടത്തിയിരിക്കുന്നത്. കേരളത്തിലെ ഖരമാലിന്യസംസ്കരണ സംവിധാനം സമഗ്രമായി നവീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് 2021-ൽ കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രോജക്ട് (KSWMP) ആരംഭിക്കുന്നത്. ലോകബാങ്കിന്റെ തന്നെ വിലയിരുത്തൽ പ്രകാരം ഈ പദ്ധതിയുടെ നടപ്പാക്കൽ പുരോഗതി പരിമിതമായിരുന്നു. അക്കാരണത്താൽ അവർ പദ്ധതിക്കായി അനുവദിച്ച തുകയിൽ നിന്നും ആയിരം കോടിയോളം രൂപ പിന്നീട് വെട്ടിക്കുറയ്ക്കുകയും ചെയ്തിരുന്നു.
അഴിമതി ആരോപണങ്ങളെക്കുറിച്ചുള്ള വിജിലൻസ് അന്വേഷണം അട്ടിമറിക്കാൻ ശക്തമായ ശ്രമം നടക്കുന്നതായും റിപ്പോർട്ടിൽ ആരോപണമുണ്ട്. രാഷ്ട്രീയ താൽപര്യം മാത്രം സംരക്ഷിക്കാൻ യോഗ്യതയില്ലാത്തവരെ ഉയർന്ന ശമ്പളത്തിൽ പദ്ധതിയിൽ നിയമിച്ചതായും റിപ്പോർട്ട് പറയുന്നു. ഖലമാലിന്യ സംസ്ക്കരണ രംഗത്ത് പലതരം പ്രതിസന്ധികളെ നേരിടുന്ന സംസ്ഥാനത്തെ സംബന്ധിച്ച് ഈ പദ്ധതിയുടെ പരാജയം വലിയ കനത്ത തിരിച്ചടിയായി മാറുകയാണ്. പദ്ധതി നടത്തിപ്പിലെ വ്യാപക അഴിമതി തുടർന്നും ഇത്തരം പദ്ധതികൾ അനുവദിക്കുന്നതിനെ ബാധിച്ചേക്കുമെന്നും തദ്ദേശ വകുപ്പ് ആശങ്കപ്പെടുന്നു.


പദ്ധതിയിൽ തൽക്കാലം എന്തെങ്കിലും തുടർ നടപടി സ്വീകരിക്കേണ്ടെന്നാണ് വകുപ്പ് മന്ത്രിയുടെയും നിലപാട്. വിഷയത്തിൽ ചീഫ് സെക്രട്ടറിയും ബന്ധപ്പെട്ട വിവിധ ഏജൻസി പ്രതിനിധികളുടെ യോഗം വിളിച്ചിരുന്നു. ആറ് കോർപ്പറേഷനുകളിലും 87 മുനിസിപ്പാലിറ്റികളിലുമാണ് ലോകബാങ്ക് ഖരമാലിന്യ പരിപാലന പദ്ധതിക്ക് തുടക്കമിട്ടത്. ബ്രഹ്മപുരം മാലിന്യ സംസ്കരണ കേന്ദ്രത്തിലുണ്ടായ വൻതീപിടുത്തവും നാശനഷ്ടങ്ങളും അതുണ്ടാക്കിയ ആഘാതവുമാണ് ജൈവ–അജൈവ മാലിന്യസംസ്കരണത്തിന് ശാസ്ത്രീയമായ സ്ഥിരം സംവിധാനം വേണമെന്ന ആലോചനയിലേക്ക് സർക്കാരിനെ എത്തിച്ചത്. തുടർന്ന് ലോകബാങ്കുമായി ചേർന്ന് പദ്ധതിക്ക് രൂപം നൽകി. നടത്തിപ്പ് നാലവർഷം ആകുമ്പോഴും അടിസ്ഥാന ലാൻഡ്ഫിൽ സൈറ്റ് പോലും മിക്കയിടത്തും കണ്ടെത്താൻ സാധിച്ചിട്ടില്ല. കേന്ദ്രീകൃത മാലിന്യസംസ്കരണത്തിനായി അഞ്ചുജില്ലകളിൽ സ്ഥലം കണ്ടെത്തിയെങ്കിലും പ്രാദേശികമായ എതിർപ്പ് ഉൾപ്പടെയുള്ള കാരണങ്ങളാൽ പ്ലാന്റ് ഒരുക്കാനായില്ല.
പദ്ധതി നടത്തിപ്പിലെ ക്രമക്കേടുകളെക്കുറിച്ചും ചില ഉന്നത ഉദ്യോഗസ്ഥരുടെ സഹായത്തോടെ നടക്കുന്ന അഴിമതിയെക്കുറിച്ചും വ്യക്തമായ പല സൂചനകൾ വകുപ്പിന് നേരത്തേ ലഭിച്ചിട്ടും വേണ്ടവിധം ഇടപെടാനോ, അഴിമതിക്കാരെ നിലക്ക് നിർത്താനോ കഴിഞ്ഞിട്ടില്ലെന്ന് ആരോപണമുണ്ട്. പരാതികൾ വ്യാപകമായതോടെയാണ് പദ്ധതി നടത്തിപ്പ് സ്തംഭിച്ചത്. സത്യസന്ധമായ അന്വേഷണത്തിലൂടെ ഉത്തരവാദികളെ കണ്ടെത്തി നടപടി സ്വീകരിക്കുകയും പദ്ധതി നടത്തിപ്പ് പുനരാരംഭിക്കുകയും ചെയ്തില്ലെങ്കിൽ കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രോജക്ട് സർക്കാരിന് നാണക്കേടായി മാറിയേക്കാം. വിവാദ വിഷയമായതിനാൽ പുതിയ സർക്കാർ ഇക്കാര്യത്തിൽ ഇതുവരെ ഒരു തീരുമാനമെടുത്തിട്ടില്ല.
രാഷ്ട്രീയ–ഉദ്യോഗസ്ഥ അവിശുദ്ധകൂട്ടുകെട്ടുകളും കെടുകാര്യസ്ഥതയുമാണ് ഈ വൻകിട പദ്ധതിയെയും താറുമാറാക്കിയതെന്ന് വ്യക്തം. ഇക്കാര്യം തദ്ദേശ വകുപ്പിന്റെ ഉയർന്ന ഉദ്യോഗസ്ഥരുൾപ്പെടെ പലരും സർക്കാർ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. തുടക്കത്തിൽ 2300 കോടി രൂപയുടെ പദ്ധതി അടങ്കലാണ് ഉണ്ടായിരുന്നത്. അതിന്റെ അടിസ്ഥാനത്തിൽ വിവിധ ഏജൻസികളും നഗരസഭകളും കൃത്യമായ തയ്യാറെടുപ്പ് ആരംഭിച്ചു. എന്നാൽ, വികേന്ദ്രീകൃത മാലിന്യ സംസ്കരണത്തിന് വിരുദ്ധമായ രീതിയിലാണ് മാലിന്യ സംസ്കരണ സംവിധാനങ്ങൾ ഒരുക്കുന്നതെന്ന വിമർശനം ഈ പദ്ധതിക്കെതിരെ ഉയർന്നെങ്കിലും അത് ചർച്ച ചെയ്യാൻ ആരും തയാറായില്ല. വികേന്ദ്രീകൃത സംസ്കരണം എന്ന ആശയത്തിലൂന്നിവേണം നടപടികളെന്നും നിർദ്ദേശം ഉയർന്നിരുന്നു. പദ്ധതി നടത്തിപ്പിന്റെ പ്രാരംഭഘട്ടം മുതൽ അതിൽ അപാകതയുണ്ടായിരുന്നു.
ഒന്നാംഘട്ടം പിന്നിട്ടപ്പോൾ, പ്രാഥമിക വിലയിരുത്തലിൽ പദ്ധതി നടത്തിപ്പിലെ അനാസ്ഥയും ക്രമക്കേട് പരാതികളും കാരണം തുക വെട്ടിക്കുറക്കേണ്ടിവരുമെന്ന് ലോകബാങ്ക് സൂചന നൽകിയിരുന്നു. കഴിഞ്ഞവർഷം അവസാനമായപ്പോഴേക്കും പദ്ധതി വിഹിതം ഒറ്റയടിക്ക് 400 കോടി രൂപയിലും താഴെയായി തീരുമാനിച്ചതോടെ നടപടികൾ സ്തംഭിച്ചുവന്ന് കെഎസ്ഡബ്ല്യൂഎംപി റിപ്പോർട്ടിൽ പറയുന്നു. പദ്ധതിയുടെ മെല്ലെപോക്കിലും പ്രവർത്തന പുരോഗതിയിലും ലോകബാങ്ക് രേഖാമൂലം കടുത്ത അതൃപ്തി രേഖപ്പെടുത്തിയതായും പറയുന്നുണ്ട്.


തകർച്ചയ്ക്ക് കാരണം അഴിമതിയും നിയമനങ്ങളും
പദ്ധതി താറുമാറായതിന് പ്രധാനകാരണം തലപ്പത്ത് നടന്ന വൻ അഴിമതിയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. അനധികൃത നിയമനങ്ങൾ തകർച്ച വേഗത്തിലാക്കി. രാഷ്ട്രീയ താത്പര്യങ്ങൾ സംരക്ഷിക്കാനായി നടത്തിയ നിയമനമാണ് പലതും. ബന്ധപ്പെട്ട വിഷയത്തിൽ അടിസ്ഥാന യോഗ്യതയില്ലാത്തവരെയും വലിയ തസ്തികയിൽ ഉയർന്ന ശമ്പളത്തിൽ നിയമിച്ചു. യോഗ്യതയില്ലാതെ പ്രധാന തസ്തികയിൽ നിയമിക്കപ്പെട്ടവരെ സംരക്ഷിക്കാൻ വകുപ്പിലെ രണ്ട് വനിതാ ഉദ്യോഗസ്ഥർ നിരന്തരം ഇടപെട്ടതായാണ് റിപ്പോർട്ടിൽ പറയുന്നത്. ഇരുവരുടെയും പേരുകളും റിപ്പോർട്ടിൽ പറയുന്നുണ്ട്. സാങ്കേതിക വിദഗ്ധരുടെ യോഗ്യതയില്ലായ്മയും, കൺസൾട്ടന്റുമാർക്ക് നൽകിയ അവിഹിത സംരക്ഷണവും തകർച്ചക്ക് മറ്റ് കാരണങ്ങളാണ്. ലോകബാങ്കിന്റെ മറ്റൊരുപദ്ധതിയിൽ ജോലി ചെയ്യവേ ലക്ഷക്കണക്കിന് രൂപയുടെ അഴിമതി നടത്തിയെന്ന ആരോപണത്തിൽ പുറത്താക്കപ്പെട്ടയാളെ ഈ പദ്ധതിയുടെ ഉന്നത തസ്തികയിൽ നിയമിച്ചു. 1.5 ലക്ഷം രൂപയായിരുന്നു ഇദ്ദേഹത്തിന്റെ ശമ്പളം. ഇതിനെതിരെ ഉയർന്ന പരാതിയിൽ പദ്ധതി ഡയറക്ടറായിരിക്കേ ദിവ്യ എസ് അയ്യർ ഐ.എ.എസ് വിഷയത്തിൽ സർക്കാരിന് കത്ത് നൽകിയിരുന്നതാണ്. ഈ ഉദ്യോഗസ്ഥൻ മുൻപ് ജോലി ചെയ്ത വകുപ്പിൽ അദ്ദേഹം നടത്തിയ ക്രമക്കേടുകൾ സംബന്ധിച്ച് വിശദമായ റിപ്പോർട്ടും ലഭിച്ചിരുന്നു.
അഴിമതി ആരോപണം വ്യക്തമായി തെളിയിക്കുന്ന റിപ്പോർട്ടുകൾ ലഭിച്ചിട്ടും ഉദ്യോഗസ്ഥൻ ഉന്നത തസ്തികയിൽ തുടരാനുള്ള സഹായം നൽകിയത് ഇടതുപക്ഷ സംഘടനയിലെ രണ്ട് വനിതാ ഉദ്യോഗസ്ഥരാണെന്നാണ് റിപ്പോർട്ടിൽ അവരുടെ പേരുൾപ്പെടെ പറയുന്നത്. പദ്ധതി ക്രമക്കേടിനെക്കുറിച്ചുള്ള വിജിലൻസ് അന്വേഷണം തങ്ങളുടെ സ്വാധീനം ഉപയോഗിച്ച് ഇടക്കാലത്ത് നിർത്തിവപ്പിച്ചതായും ആരോപണമുണ്ട്. ഇരുവർക്കും സർക്കാരിലുണ്ടായ ശക്തമായ സ്വാധീനമാണ് ഇത് വ്യക്തമാക്കുന്നത്.
മുൻസർക്കാരിന്റെ കാലത്ത് രാഷ്ട്രീയ താൽപര്യം കൊണ്ടുമാത്രം നിയമിക്കപ്പെട്ട ഒരു ഉന്നത തസ്തികയിലുളള സാങ്കേതിക വിദഗ്ധൻ പദ്ധതിക്ക് അത്യന്താപേക്ഷിതമായ സിവിൽ, അല്ലെങ്കിൽ എൻവിറോൺമെന്റൽ എൻജിനീയറിങ് ബിരുദമില്ലാത്തയാളാണ്. കെമിക്കൽ മേഖലയിൽ പ്രാവീണ്യമുള്ള വ്യക്തിയെ ഈ തസ്തികയിൽ നിയമിക്കുന്നതിനെതിരെ തുടക്കത്തിൽ തന്നെ പ്രതിഷേധം ഉയർന്നിരുന്നു. ഈ ഉദ്യോഗസ്ഥനാണ് തദ്ദേശസ്ഥാപനങ്ങൾക്ക് പദ്ധതി നടത്തിപ്പിൽ സാങ്കേതിക ഉപദേശവും പ്രായേഗിക നിർദ്ദേശവും നൽകേണ്ടത്. എന്നാൽ, നാളിതുവരെ അങ്ങനെയൊന്ന് ഉണ്ടായിട്ടില്ലെന്ന് വിവിധ തദ്ദേശസ്ഥാപനങ്ങൾ പറയുന്നു. ഒരു മുൻ എം.പി.യുടെ ബന്ധുവന്ന നിലയ്ക്ക് മാത്രമാണ് യോഗ്യതയില്ലാഞ്ഞിട്ടും ഈ വ്യക്തിയെ ഉയർന്ന തസ്തികയിൽ നിയമിച്ചതെന്നാണ് ആക്ഷേപം. സ്വകാര്യ കൺസൾട്ടന്റായി ജോലി ചെയ്തിരുന്ന ഒരാളെയും അവിശുദ്ധ കൂട്ടുകെട്ടിന്റെ ഭാഗമായി പദ്ധതിയുടെ ഉയർന്ന പദവിയിൽ പ്രോജക്റ്റ് മാനേജ്മെന്റ് വിഭാഗത്തിൽ നിയമിച്ചു. താക്കോൽസ്ഥാനത്തുള്ള ഇദ്ദേഹവും സാങ്കേതികമേഖലയിലെ പ്രമുഖനും ചേർന്നാണ് ക്രമക്കേടുകൾക്ക് ചുക്കാൻ പിടിച്ചതെന്നാണ് ആരോപണം.
പൂനെ ആസ്ഥാനമായ എസ്എംഎസ് ലിമിറ്റഡ് എന്ന കമ്പനിക്ക് നൽകിയ 100 കോടി രൂപയുടെ ബയോ മൈനിങ് കരാറിന് പിന്നിൽ പ്രോജക്റ്റ് മാനേജ്മെന്റിലെ ഉന്നത ഉദ്യോഗസ്ഥനാണെന്നാണ് റിപ്പോർട്ടിൽ പേരെടുത്ത് പറയുന്നത്. ഏജൻസിയെക്കുറിച്ച് വേണ്ടത്ര പരിശോധന നടത്തിയിരുന്നില്ല. പലവിധ തെളിവുകൾ പുറത്തുവന്നതോടെ അന്വേഷണം നടക്കാനിരിക്കേ പ്രോജക്റ്റ് ഡയറക്ടർ ഉന്നതനെ പുറത്താക്കി.


മാലിന്യസംസ്കരണം സ്തംഭനാവസ്ഥയിലേക്ക്
പദ്ധതിയുടെ കൃത്യമായ വിജയത്തിന് അടിസ്ഥാനം കമ്യൂണിറ്റി കൺസൾട്ടേഷനും സാമൂഹിക, പാരിസ്ഥിക മാനേജ്മെന്റും പാലിക്കപ്പെടുക എന്നതാണ്. ഇക്കാര്യങ്ങൾക്കായി ചുമതലപ്പെടുത്തിയതും വിഷയത്തിൽ അടിസ്ഥാന യോഗ്യതയില്ലാത്തവരെയായിരുന്നു. അതോടെ കമ്യൂണിറ്റി കൺസൾട്ടേഷൻ നടപടി പൂർണമായി അട്ടിമറിക്കപ്പെട്ടു. തദ്ദേശസ്ഥാപനങ്ങൾക്ക് തയാറാക്കിയ ഖരമാലിന്യ പ്ലാനുകൾ പ്രായോഗികമല്ലാത്ത രേഖകൾ മാത്രമായിരുന്നു എന്നാണ് വകുപ്പിന്റെ വിലയിരുത്തൽ.
100 കോടിയുടെ ബയോമൈനിങ് കരാറിലും വൻ അഴിമതിയും ക്രമക്കേടും നടന്നുവന്നാണ് ആരോപണം. ഒരു മുൻ കൺസൾട്ടന്റിന്റെ ഇടപെടലാണ് ഇതിന് പിന്നിലെന്നാണ് പരാതി. ചർച്ചയും നിർദ്ദേശങ്ങളും തേടാതെ കാലഹരണപ്പെട്ട തുമ്പൂർമൂഴി പോലെയുള്ള മാതൃകകൾക്ക് പിന്നാലെ പോയി ഫണ്ട് പാഴാക്കിയത് പദ്ധതി നടത്തിപ്പിനെ പിന്നോട്ടടിപ്പിച്ചു. പലയിടത്തും നിർമ്മിച്ച ബയോമൈനിങ് പ്ലാന്റുകൾ എങ്ങുമെത്താതെ കിടക്കുകയാണ്. മാലിന്യസംസ്കരണം ശാസ്ത്രീയമായി നടത്തിയിരുന്ന നഗരസഭകളിൽ പലതും ബയോമൈനിങ് പ്ലാന്റുകളുടെ പേരിൽ പ്രതിസന്ധിയിലായി. അതോടെ മാലിന്യസംസ്കരണം പൂർണ്ണ സ്തംഭനാവസ്ഥയിലേക്ക് എത്തി. സർക്കാരിന്റെ അടിയന്തര ഇടപടലുണ്ടാകുമെന്ന പ്രതീക്ഷയിലാണ് നഗരസഭകൾ.
ക്രമക്കേട് സംബന്ധിച്ചും, സാമ്പത്തിക അഴിമതി ആരോപണങ്ങൾക്കെതിരെയും ശക്തമായി നടപടി സ്വീകരിച്ചിരുന്നതായി അന്നത്തെ വകുപ്പ് അധികൃതർ പറയുന്നു. പുതിയ പദ്ധതികൾ ലഭിക്കാനുള്ള തടസം ഒഴിവാക്കാൻ ലോകബാങ്ക് ഖരമാലിന്യസംസ്കരണ പദ്ധതിയിൽ നടന്ന മുഴുവൻ സാങ്കേതിക, ഭരണപരമായ പ്രശ്നങ്ങളും ക്രമക്കേടുകളും അന്വേഷിക്കണമെന്നും സാധ്യമെങ്കിൽ പദ്ധതി പുനരാരംഭിക്കാൻ നീക്കം നടത്തണമെന്നുമാണ് പദ്ധതിക്ക് മേൽനോട്ടം വഹിച്ച ഉന്നത ഉദ്യോഗസ്ഥരും ചില വിദഗ്ധരും ചീഫ് സെക്രട്ടറിക്ക് മുൻപിൽ വച്ച റിപ്പോർട്ടിൽ പറയുന്നത്.

