ഉപകാരപ്പെടാത്ത റബ്ബർ മരങ്ങൾക്കിടയിൽ കൊറ​ഗരുടെ ജീവിതം

കാസർഗോഡ് ബദിയട്ക്കയിലെ പെർദല എന്ന സ്ഥലത്ത് കൊറഗ ഗോത്രവിഭാഗക്കാരുടെ കോളനിയോട് ചേർന്ന് ഒമ്പത് ഏക്കറിൽ വ്യാപിച്ച് കിടക്കുന്ന ഒരു റബ്ബർ പ്ലാന്റേഷനുണ്ട്. കായ്ഫലമുണ്ടായിരുന്ന കശുമാവ് മരങ്ങൾ വെട്ടിമാറ്റിയാണ് 23 വർഷം മുമ്പ് ഈ റബ്ബർ മരങ്ങൾ ഇവിടെ വളർത്താൻ തുടങ്ങിയത്. കൊറഗ വിഭാ​ഗത്തിലുള്ള ‌‌നാൽപത്തിമൂന്ന് കുടുംബങ്ങളുടെ താമസം ഈ തോട്ടത്താൽ ചുറ്റപ്പെട്ടു കിടക്കുന്നു. ജില്ലാ പഞ്ചായത്തും പട്ടികവർ​ഗ വികസന വകുപ്പും ചേർന്ന് നടപ്പാക്കിയ പദ്ധതിയുടെ ഭാഗമായാണ് റബ്ബർ മരങ്ങൾ വെച്ചുപിടിപ്പിച്ചത്. എന്നാൽ കൊറഗരുടെ ഉന്നമനത്തിന് നടപ്പിലാക്കിയ ഈ പദ്ധതികൊണ്ട് 23 വർഷമായിട്ടും അവർക്ക് ഒരു പ്രയോജനവുമുണ്ടായിട്ടില്ല. കൊറഗ വെൽഫെയർ സൊസൈറ്റിയുടെ പേരിൽ നടപ്പിലാക്കിയ ഈ പദ്ധതിയുടെ ബാക്കിപത്രമായി ഇപ്പോൾ അവശേഷിക്കുന്നത് ടാപ്പ് ചെയ്യപ്പെടാത്ത കുറേ റബ്ബർ മരങ്ങൾ മാത്രം. കൊറഗ വെൽഫെയർ സൊസൈറ്റി എന്ന ആ സംവിധാനം പോലും ഇന്ന് നിലവിലില്ല. പുല്ലാഞ്ഞി എന്ന പേരിൽ അറിയപ്പെടുന്ന പടർപ്പുവള്ളി ചെടിയുടെ തണ്ടും തടിയും ഉപയോഗിച്ച് കുട്ടകളും മുറവും മറ്റു പലതരം പാത്രങ്ങളും ഉണ്ടാക്കുന്ന കൊറഗരുടെ ജീവിതവും സംസ്കാരവുമായി ഒരു ബന്ധവും റബ്ബർ എന്ന മരത്തിനില്ല.‌ പുല്ലാഞ്ഞിയും സമാനമായ മറ്റ് ചെടികളും ഉപയോഗിച്ച് കുട്ട മെടയാറുള്ള കൊറ​ഗർക്ക് എന്തിനായിരുന്നു ഒരു റബ്ബർ തോട്ടം? തൊണ്ണൂറുകളുടെ അവസാനം നടപ്പിലാക്കിയ ഈ പദ്ധതികൊണ്ട് ഇത്രകാലമായിട്ടും പെർദല കോളനിയിലുള്ളവർക്ക് ഒരുപകാരവും ഉണ്ടായിട്ടില്ല എന്നാണ് അവർക്കുതന്നെ പറയാനുള്ളത്. പട്ടികവർ​ഗ വികസനത്തിന്റെ പേരിൽ കേരളത്തിൽ നടപ്പിലാക്കുന്ന പദ്ധതികളുടെ വൈരുദ്ധ്യം തുറന്നുകാണിക്കുന്നതാണ് ആർക്കും ഉപകാരപ്പെടാതെ വളർന്നു നിൽക്കുന്ന ഈ റബ്ബർ മരങ്ങൾ.

പെർദല കൊറഗ കോളനിയിലെ റബ്ബർ പ്ലാന്റേഷൻ. ഫോട്ടോ: മൃദുല ഭവാനി

2011ൽ കില നടത്തിയ സർവേയിലെ കണക്കുകൾ അനുസരിച്ച് 1644 ആണ് കാസർഗോഡ് ജില്ലയിലെ കൊറഗരുടെ ജനസംഖ്യ. കേരളത്തിൽ കാസർഗോഡ് ജില്ലയിൽ മാത്രമാണ് കൊറഗർ ഉള്ളത്. കർണാടകയിൽ ഇവരുടെ ജനസംഖ്യ കൂടുതലാണ്. ഉപജീവനത്തിനായി കൊട്ടനെയ്ത്ത് തൊഴിൽ തുടരാനുള്ള വെല്ലുവിളികൾക്കൊപ്പം പ്രാദേശിക പാരിസ്ഥിതിയിലുണ്ടായ മാറ്റങ്ങൾ അതിജീവനത്തിനുണ്ടാക്കിയ വെല്ലുവിളികളെക്കുറിച്ച് അമ്പത്തിരണ്ടുകാരനായ അമർനാഥ് സംസാരിച്ചു തുടങ്ങി.

“ബദിയട്ക്കയിൽ നിന്നും നാൽപത് രൂപയാണ് പെർദല കൊറഗ കോളനിയിലേക്ക്. പലപ്പോഴും ഓട്ടോ ഡ്രെെവർമാർ കോളനിയിലേക്ക് വരാൻ മടിക്കാറുണ്ട്. വരുന്നുണ്ടെങ്കിൽ തന്നെ അധിക ചാർജായി 60 രൂപയാണ് വാങ്ങിക്കുന്നത്.” തങ്ങൾ നേരിടുന്ന പല പ്രശ്നങ്ങളും റിപ്പോർട്ട് ചെയ്യുന്നതിനായി മാധ്യമപ്രവർത്തകരും ആക്റ്റിവിസ്റ്റുകളും എത്താറുണ്ട്, പക്ഷേ സംസാരിച്ചു കഴിഞ്ഞ് പോകുമ്പോൾ നിങ്ങൾ നിങ്ങളായും ഞങ്ങൾ ഞങ്ങളായും ബാക്കിയാകും എന്നതുകൊണ്ട് സംസാരിക്കുന്നതിൽ കാര്യമില്ല എന്നാണ് റബ്ബർ തോട്ടമുണ്ടായതിന്റെ ചരിത്രത്തെക്കുറിച്ച് ചോദിച്ചപ്പോൾ അമർനാഥിന്റെ പ്രതികരണം. മലയാളം പത്രങ്ങൾ ഇവിടെ ആരും വായിക്കാറില്ല, വായിക്കുന്നത് കന്നഡ പത്രമാണ്. അതുകൊണ്ട് പത്രത്തിൽ വാർത്ത വന്നാൽ അറിയാറില്ലെന്നും അമർനാഥ് പറഞ്ഞു. കൊറഗ, തുളു, കന്നഡ ഭാഷകളാണ് ഇവിടെയുള്ളവർ പ്രാഥമികമായി സംസാരിക്കുന്നത്. കുറച്ച് മലയാളവും സംസാരിക്കും.

“പത്രത്തിൽ വാർത്ത വരുന്നതുകൊണ്ട് എന്തെങ്കിലും ഗുണമുണ്ടാകുന്നുണ്ടോ എന്നൊന്നും ഞങ്ങൾ അറിയുന്നില്ല. ഇവിടെ ബിരുദധാരികൾ കുറേ പേരുണ്ടെങ്കിലും ആർക്കും സർക്കാർ ജോലി കിട്ടുന്നില്ല. ഭൂമിക്ക് ഇവിടെ ഭൂരിഭാഗം പേർക്കും പട്ടയം കിട്ടിയിട്ടില്ല. പട്ടയം കിട്ടിയാൽ സ്വന്തമായി സ്ഥലമായി. കൃഷി ചെയ്യാൻ സ്ഥലം സ്വന്തമായി വേണം. പ്രൊമോട്ടർമാർ കണക്കെടുത്ത് കൊണ്ടുപോകുന്നുണ്ടെങ്കിലും കാര്യമുണ്ടാകുന്നില്ല. ഊരുകൂട്ടം വർഷത്തിലൊരിക്കൽ എടുക്കുന്ന തീരുമാനങ്ങൾക്ക് അംഗീകാരം കിട്ടുന്നില്ല.” എന്നും അമർനാഥ് വ്യക്തമാക്കി.

അമർനാഥ്

കൊട്ട നെയ്യാനുള്ള പുല്ലാഞ്ഞി തേടി കേരളത്തിലെ കാടുകളിലേക്ക് പോകാൻ ഇപ്പോൾ ഭയമാണെന്നാണ് അമർനാഥ് പറയുന്നത്. വനം വകുപ്പ് ഉദ്യോ​ഗസ്ഥരിൽ നിന്നും മുൻകാലങ്ങളിൽ നേരിട്ട അധിക്ഷേപവും ആക്രമണങ്ങളുമാണ് കാരണം. കാഞ്ഞങ്ങാട് വെള്ളരിക്കുണ്ടിൽ പുല്ലാഞ്ഞിക്കായി പോയപ്പോൾ ചിലർ ആക്രമിച്ചിരുന്നു എന്നും അമർനാഥ് പറയുന്നു. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ കാമദേവനെ ആരാധിക്കുന്ന പൂരം എന്ന പത്തുദിവസങ്ങളോളം നീണ്ടുനിൽക്കുന്ന ഹെെന്ദവ ആഘോഷത്തിന് പുല്ലാഞ്ഞിയുടെ പൂക്കളാണ് പ്രധാനമായും ഉപയോഗിക്കുന്നത്. അതിനാൽ ആ പ്രദേശങ്ങളിൽ നിന്നും പുല്ലാഞ്ഞി ശേഖരിക്കാൻ ഭയമാണെന്നും അമർനാഥ് പറയുന്നു.

കർണ്ണാടകയിലെ സുള്ള്യയിൽ ആണ് സാധാരണയായി പുല്ലാഞ്ഞി ശേഖരിക്കാൻ പോകാറുള്ളത്. കുടകിലും ആവശ്യം വരുമ്പോൾ പോകാറുണ്ട്. എന്നാൽ അവിടെയും പുല്ലാഞ്ഞിയുടെ ലഭ്യത കുറഞ്ഞിട്ടുണ്ടെന്നതാണ് അമർനാഥിന്റെ അനുഭവം. “പുല്ലാഞ്ഞി അങ്ങനെ എല്ലായിടത്തും വളരുന്ന, വളർത്താൻ പറ്റുന്നൊരു ചെടിയല്ല. അമ്പതുകൊല്ലം മുമ്പൊക്കെ ഇവിടെ കടുവയൊക്കെ ഉണ്ടായിരുന്ന കാടായിരുന്നു. അന്ന് പുല്ലാഞ്ഞിയും ഉണ്ടായിരുന്നു. കാട്ടിൽത്തന്നെ ജീവിച്ചിരുന്ന ആളുകളാണ് ഞങ്ങൾ. സുള്ള്യയിൽ നിന്നൊക്കെ കാട്ടിലൂടെ നടന്നുവന്നിരുന്നതായി അച്ഛൻ പറയുമായിരുന്നു.” അമർനാഥ് ഓർമ്മിക്കുന്നു. കോവപ്പന്തൽ പോലെ പുല്ലാഞ്ഞി വളർത്താൻ ശ്രമിച്ചാൽ അത് പടർന്നു കയറുമെന്ന് വിചാരിച്ച ഒരു കലക്ടർ ജില്ലയിലുണ്ടായിരുന്ന കാര്യവും പുല്ലാഞ്ഞി ക്ഷാമത്തെക്കുറിച്ച് പറയുന്നതിനിടയിൽ അമർനാഥ് സൂചിപ്പിച്ചു.

പുല്ലാഞ്ഞി. ഫോട്ടോ: മൃദുല ഭവാനി

കൊറഗ വിഭാഗത്തിന് ഒരു പരിചയമില്ലാത്ത റബർ കൃഷി ഇവിടേക്ക് കൊണ്ടുവരാൻ ഏഴ് ലക്ഷം രൂപയാണ് അന്ന് വിനിയോ​ഗിച്ചത്. കശുമാവിൻതോട്ടം നിന്നിരുന്ന സ്ഥലം സ്വകാര്യ വ്യക്തിയുടെ പേരിലുള്ളതായിരുന്നു. അത് വാങ്ങിയാണ് പിന്നീട് പഞ്ചായത്ത് റബ്ബർ നട്ടത്. റബ്ബർ ടാപ്പിങ്ങിന് പരിശീലനം ലഭിച്ച പത്തോളം കൊറഗർ വരുമാനം കൃത്യമായി കിട്ടാത്തതിനാൽ പണി ചെയ്യുന്നത് നിർത്തി. വർഷങ്ങളായി ടാപ്പിങ് നടത്താത്ത മരങ്ങളുടെ കാടായി മാറി ഇപ്പോൾ ആ തോട്ടം.

ആദിവാസി ജനതയുടെ വികസനത്തിന് എന്ന പേരിൽ നടപ്പിലാക്കുന്ന മറ്റ് ചില പദ്ധതികളോടും അമർനാഥ് കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചു. “വനിതകൾക്ക് ഓട്ടോ നൽകുന്ന പദ്ധതിയടക്കം ഒന്നോ രണ്ടോ പേർക്ക് മാത്രം ലഭ്യമാക്കുന്ന തരത്തിലാണ് നടപ്പിലാക്കുന്നത്. വേണ്ടത് അടച്ചുറപ്പുള്ള ഭൂമിയാണ്, നമുക്ക് വേണ്ടത് എന്താണോ അത് തരുന്നില്ല. വേണ്ടാത്തതാണ് തരുന്നത്. ഇനി ഒരു കട തുടങ്ങിയാൽ അവിടെ നമ്മൾ തൊട്ടുകൂടാത്തവരാണ്. ആരും സാധനങ്ങൾ വാങ്ങാൻ വരില്ല. കൊറഗ സമുദായത്തിൽ നിന്നും പ്രൊമോട്ടർ ഇല്ല. മറാഠി നായ്ക്കർ വിഭാഗക്കാർക്കാണ് പ്രൊമോട്ടർ ആയി ജോലി കിട്ടുന്നത്. മലയാളം അറിയുന്നവർക്ക് മാത്രമേ ജോലി കിട്ടൂ. ഞങ്ങൾക്ക് കന്നഡ മാത്രമേ അറിയൂ, എന്ത് പരാതി കൊടുക്കുന്നുണ്ടെങ്കിലും മലയാളത്തിൽ എഴുതിക്കൊടുക്കണം. പ്രൊമോട്ടർക്ക് ഇതേപ്പറ്റി പരാതി കൊടുത്തിട്ടുണ്ട്.” അമർനാഥ് പറഞ്ഞു.

റബ്ബർ തോട്ടത്തിൽ കുറച്ച് കാലം തൊഴിലെടുത്തിരുന്ന കാര്യം പെർദല കോളനിയിൽ താമസിക്കുന്ന കുമാർ ഓർമ്മിക്കുന്നു. “റബ്ബർ ടാപിങ് തൊഴിലിന്റെ ചുമതല ധന്വന്തരി സെന്ററിനായിരുന്നു. ഒരു ദിവസം 150 രൂപയാണ് ഒരാൾക്ക് കിട്ടുന്നത്. പത്തുവർഷത്തോളം റബ്ബർ ടാപ്പിങ് നടന്നിട്ടുണ്ട്. കാണത്തൂർ വട്ടംതട്ടയിലായിരുന്നു ട്രെയ്നിങ്. ആഴ്ചയിലൊരിക്കലാണ് പെെസ കിട്ടുക. രാവിലെ നാലുമണി മുതൽ പതിനൊന്ന് മണിവരെയാണ് ജോലി. ഏഴ് മണിക്കൂർ 500 രൂപയുടെ തൊഴിൽ ചെയ്യുന്നുണ്ടെങ്കിലും അതിന്റെ പകുതിപോലും കിട്ടുന്നില്ല. കൊട്ട മെടയലാണ് ചെയ്തുകൊണ്ടിരുന്നത്. ഇപ്പോൾ കൂലിപ്പണിക്ക് പോയാണ് കഴിയുന്നത്.”

വർഷങ്ങളായി ടാപ്പിങ് നടക്കാത്ത റബ്ബർ മരം. ഫോട്ടോ: മൃദുല ഭവാനി

“ഒരു വർഷം മുൻപ് കളക്ടറുടെ മീറ്റിങ് നടന്നിരുന്നു. റബ്ബർ തോട്ടത്തിലെ കാട് വൃത്തിയാക്കി തരാമെന്നും ടാപിങ് വീണ്ടും തുടങ്ങാം എന്നും പറഞ്ഞിരുന്നു. അന്നന്ന് ജോലി ചെയ്ത് ജീവിക്കുന്നവരാണ് നമ്മൾ. പണി ചെയ്യേണ്ടേ? റബ്ബർ ടാപിങ് ചെയ്താൽ ഒരു ദിവസം കിട്ടുന്ന 125 രൂപ കൊണ്ട് ഇന്ന് എന്താണ് കിട്ടുന്നത്? തൊഴിലുറപ്പ് പദ്ധതിയുടെ ജോലിക്ക് പോകുകയും കൊട്ട മെടയലും ആണ് ഇപ്പോൾ ജീവിക്കാനായി ചെയ്യുന്നത്.” മുമ്പ് റബ്ബർ ടാപിങ് ചെയ്തിരുന്ന പെർദല കോളനിയിലെ വിമല പറയുന്നു. റബ്ബർ തോട്ടത്തിന് പകരം പുല്ലാഞ്ഞി നട്ടുപിടിപ്പിക്കാം എന്ന നിർദ്ദേശത്തോടും വിമലയ്ക്ക് എതിർപ്പുണ്ട്. “അതുകൊണ്ട് കാര്യമില്ല, പുല്ലാഞ്ഞി അങ്ങനെ നട്ടുപിടിപ്പിക്കാൻ കഴിയുന്നതല്ല.” പുല്ലാഞ്ഞി വെച്ചുപിടിപ്പിക്കാനുള്ള മുൻ ജില്ലാ കലക്റ്റർ സജിത് ബാബു നടത്തിയ ശ്രമങ്ങളെക്കുറിച്ച് വിമല പ്രതികരിച്ചു.

“കൊറഗരുടെ ആറ് കോളനിയാണ് ബദിയട്ക്ക പഞ്ചായത്തിലുള്ളത്. ഇവിടെയെല്ലായിടത്തും കൊട്ട മെടയൽ തന്നെയാണ് പ്രധാന ഉപജീവന മാർ​ഗം. 23 വർഷത്തോളം മുമ്പാണ് റബ്ബർ തെെകൾ വെച്ചുപിടിപ്പിച്ചത്. ഇന്ന് മരങ്ങളെല്ലാം വലുതായല്ലോ. ഇനി അത് ഉപയോഗശൂന്യമാണ്. അതിന് ഘട്ടംഘട്ടമായി ചെയ്യേണ്ടതൊന്നും ചെയ്തിട്ടില്ല. കൊറഗർക്ക് അത് ചെയ്യാൻ അറിയുകയില്ല. റബ്ബർ നട്ട ഭൂമിയിൽ ഇവരുടെ പൂർവ്വികരുടെ ഭൂമിയുമുണ്ട്. വരുമാനമുണ്ടാക്കാനാണ് പദ്ധതി കൊണ്ടുവന്നതെങ്കിലും അത് വിജയമായില്ല.”പ്ലാന്റേഷൻ വരുന്ന 1998-99 കാലത്ത് വാർഡ് മെമ്പറായിരുന്ന ഡി ശങ്കര അഭിപ്രായപ്പെട്ടു.

കൊറഗ കോളനിയിലെ കുട്ട നെയ്യുന്ന സ്ത്രീ. വീഡിയോ: മൃദുല ഭവാനി

റബ്ബർ പ്ലാന്റേഷൻ അനുയോജ്യമല്ലാത്ത ഒരു സ്ഥലത്ത് കൊണ്ടുവന്നതിന്റെ ഉത്തരവാദിത്തത്തിൽ നിന്നും ഒഴിയുന്നതരത്തിലുള്ള പ്രതികരണമാണ് ജനപ്രതിനിധികളുടെയെല്ലാം ഭാ​ഗത്ത് നിന്നും ഉണ്ടായത്. അക്കാലത്തെ മെമ്പർക്ക് എന്തിനാണ് ഇത്തരത്തിലുള്ള ഒരു പദ്ധതി രൂപകല്പന ചെയ്തത് എന്നതിൽ വ്യക്തതയില്ലാത്തതുപോലെ തന്നെ എന്തുകൊണ്ട് ഇത് നിലച്ചുപോയി എന്നതിനെക്കുറിച്ച് നിലവിലെ മെമ്പർക്കും വ്യക്തതയുണ്ടായിരുന്നില്ല.

“റബ്ബർ ടാപിങ് ചെയ്തുവന്നിരുന്നുവെങ്കിലും ഷീറ്റ് അടിക്കാനുള്ള മെഷീൻ കേടായതിനെത്തുടർന്ന് നിർത്തി. എട്ട് വർഷത്തോളമായി ടാപിങ് നടക്കുന്നില്ല. ട്രൈബൽ‌ ഓഫീസർമാരുടെ ഇടപെടലുകളൊന്നും വേണ്ടത്ര ഗുണം ചെയ്യുന്നില്ല. മൂന്ന് തലമുറ മുമ്പുള്ളവർക്ക് ആ ഭൂമി നൽകാനുള്ള തീരുമാനം ആയിട്ടുണ്ടെങ്കിലും അതിന്റെ രേഖകളൊന്നും പലർക്കും ഇല്ല. മൂന്ന് പേർക്ക് മാത്രമാണ് ഡോക്യുമെന്റ് ഉള്ളത്” എന്നാണ് നിലവിലെ വാർഡ് മെമ്പർ ശ്യാമപ്രസാദ് മാന്യ പറയുന്നത്. മറാഠി നായ്ക്കർ വിഭാഗക്കാരനാണ് ശ്യാമപ്രസാദ്. മൂന്നു മാസം മുമ്പ് ഭൂമി സംബന്ധിച്ച് കലക്ടർക്ക് അപേക്ഷ കൊടുത്തെങ്കിലും മറുപടിയുണ്ടായിട്ടില്ലെന്നും ശ്യാമപ്രസാദ് പറഞ്ഞു.‌

പെർദലയിലെ ഒരു കടയ്ക്ക് മുന്നിൽ വിൽക്കാൻ വച്ചിരിക്കുന്ന കുട്ടകൾ. ഫോട്ടോ: മൃദുല ഭവാനി

ടാപിങ് നടത്തുന്നതിനായി റബ്ബർ മരങ്ങൾ കോളനിയിലെ കുറച്ചു വീടുകൾക്കായി വീതിച്ചു കൊടുക്കാമെന്ന് ട്രെെബൽ എക്സ്റ്റൻഷൻ ഓഫീസർ വന്ന് മീറ്റിം​ഗ് നടത്തി പറഞ്ഞെങ്കിലും പിന്നീട് ഒന്നും ‌സംഭവിച്ചില്ലെന്നാണ് എസ്.ടി പ്രമോട്ടർ പറയുന്നത്. “അത് ചെയ്യാമെന്ന് കോളനിയിലെ ആളുകൾ അംഗീകരിച്ചിരുന്നതാണ്. പുതുതായി വന്ന ട്രെെബൽ എക്സ്റ്റൻഷൻ ഓഫീസറുടെ ഭാഗത്ത് നിന്നും തുടർന്ന് നടപടികളുണ്ടായിട്ടില്ല” എന്നാണ് എസ് ടി പ്രൊമോട്ടറായ പുഷ്പ വേണി പറയുന്നത്.

“ആദിവാസി വികസന ഫണ്ട് ഉപയോഗിച്ച് ‘ധന്വന്തരി’ എന്ന ഏജൻസി വഴിയാണ് റബ്ബർ പ്ലാന്റേഷന്റെ കാര്യങ്ങൾ നടത്തിയിരുന്നത്. ഒരു ചെറിയ വിഭാഗം ആളുകൾ‌ മാത്രം അതിന്റെ ഗുണഭോക്താക്കളായതുകൊണ്ട് ഒരു കമ്മ്യൂണിറ്റിയെന്ന നിലയിൽ സ്വീകാര്യത കിട്ടാതെ പോയി. ട്രെെബൽ എക്സ്റ്റൻഷൻ ഓഫീസർമാർ മാറിമാറിവരുന്നതുകാരണം തുടർച്ചയുണ്ടായതുമില്ല. പദ്ധതി പുതുക്കുന്നതിനെക്കുറിച്ച് സംസാരിച്ചിരുന്നു. കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ വഴി സർക്കാറിലേക്ക് ഒരു പ്രൊപ്പോസൽ അയച്ചിട്ടുണ്ട്. പുല്ലാഞ്ഞിയുടെ ലഭ്യതക്കുറവ് മറികടക്കാൻ ഈ ജോലി മുളകൊണ്ട് ചെയ്യാൻ കഴിയുന്ന തരത്തിലുള്ള പരിശീലനം ഇവർക്ക് നൽകാൻ ശ്രമിക്കുന്നുണ്ട്. ബാംബു കോർപറേഷനുമായി ബന്ധപ്പെട്ട് പദ്ധതി രൂപീകരിക്കാനാണ് ആലോചിക്കുന്നത്. തേനീച്ച കൃഷിയും പരിശീലിപ്പിക്കാനുള്ള ആലോചനയുണ്ട്. ഇത്തരത്തിൽ അവിടെയുള്ള ആളുകളെ മറ്റുരീതികളിൽ പുനരധിവസിപ്പിക്കാൻ നോക്കുന്നുണ്ട്. ജില്ലയിൽ കൊറഗ വിഭാഗത്തിലുള്ളവരുടെ 217 വീടുകൾ മെച്ചപ്പെടുത്തുന്നതിനായി 5.15 കോടി രൂപയുടെ പിവിടിജി പാക്കേജ് ഫണ്ടും ഉപയോ​ഗപ്പെടുത്തും. 55 വീടുകൾ വെെദ്യുതീകരിക്കുന്നതിനായി കെ.എസ്.ഇ.ബിയോടും ശുപാർശ ചെയ്തിട്ടുണ്ട്.” പെർദലയിലെ റബ്ബർ പ്ലാന്റേഷനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ജില്ലാ ട്രെെബൽ ഡെവലപ്മെന്റ് ഓഫീസർ മല്ലിക എം ഇങ്ങനെയാണ് മറുപടി നൽകിയത്.

കോളനിക്കടുത്ത് അവശേഷിക്കുന്ന പുല്ലാഞ്ഞി ചെടി. ഫോട്ടോ: മൃദുല ഭവാനി

കൊറഗ കോളനിയിൽ അവർക്ക് ആവശ്യമില്ലാത്ത റബർ കൃഷി എന്തുകൊണ്ട് കൊണ്ടുവന്നു എന്നതിനെക്കുറിച്ച് അധികൃതർക്കും കോളനിയിലുള്ളവർക്കും വ്യക്തതയില്ല. റബ്ബർ കൃഷിയല്ല തങ്ങളുടെ ആവശ്യം എന്നതിനെക്കുറിച്ച് കൊറ​ഗ സമുദായാം​ഗങ്ങൾക്ക് നല്ല ഉറപ്പുണ്ട്. പരമ്പരാ​ഗതമായി ചെയ്യുന്ന തൊഴിലിന്റെ സംരക്ഷണവും അതിന് ആവശ്യമായ വിഭവങ്ങളുടെ ലഭ്യതയുമാണ് അവർ അടിയന്തിരമായി ആവശ്യപ്പെടുന്നത്.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

June 21, 2023 2:27 pm