നിശബ്ദതയുടെ വന്യതയിലൂടെ

ചിത്രകലാ പഠനകാലം മുതൽ ഹൃദയത്തിൽ സൂക്ഷിക്കുന്ന ആഗ്രഹങ്ങളിലൊന്നായിരുന്നു സൈലന്റ് വാലിയുടെ വന്യതയെ സ്വതന്ത്രമായൊന്ന് നടന്നു കാണുക എന്നത്. എന്തുകൊണ്ടോ കൈയെത്തും ദൂരത്തായിട്ടും അതുമാത്രമങ്ങനെ നീണ്ടുപോയി.

കാടുണരുന്നത് കാണാൻ ഏറെ രസമാണ്. മുന്നിലെ വെളിച്ചം വീണിട്ടില്ലാത്ത പച്ചകൾക്കും മീതെ അകലെ പ്രഭാത കിരണങ്ങളേറ്റു സ്വർണ്ണ നിറമായ നിഗൽ മുടി ഉയർന്നു നിന്നു. ആഹ്ലാദം നിറച്ച് ചുറ്റിലും പല തരം പക്ഷികളുടെ ശബ്ദങ്ങൾ കേട്ടുതുടങ്ങി. തൊട്ടടുത്ത മരത്തിലൊരു പാരഡൈസ് ഫ്ലൈകാച്ചർ വന്നുപോയി. ഇടയ്ക്ക് ഒരു മലമുഴക്കി കരഞ്ഞു. മുന്നിലെ പ്ലാവിലെ ചക്ക തിന്നാൻ മലയണ്ണാനും, കരിങ്കുരങ്ങുകളും പരസ്പരം മത്സരിച്ചു.

ചോലവനങ്ങളും പുൽമേടുകളും നിറഞ്ഞ പലതരം ആവാസവ്യവസ്ഥകളെ നിലനിർത്തുന്ന എന്നാൽ ബാഹ്യ ഇടപെടലുകളിൽ നിന്ന് പൂർണ്ണ സംരക്ഷണമുള്ള സൈലന്റ് വാലി അത്യപൂർവ്വങ്ങളായ ഓർക്കിഡ് സസ്യങ്ങളാലും പലതരം കാട്ടുകാശിത്തുമ്പകളാലും കുറിഞ്ഞികളാലും ദക്ഷിണേന്ത്യയിലെ ഏകയിനം റോഡോഡെൻഡ്രോൺ വൃക്ഷങ്ങളാലും സമ്പന്നമാണ്. കടുവയും, പുലിയും, കാട്ടുപട്ടികളും, കരടിയും പലതരം കീരികളും നീർനായകളും കാട്ടുപൂച്ചകളും അടക്കമുള്ള മാംസഭുക്കുകളും, സസ്യഭുക്കുകളായ ആനയും കാട്ടുപോത്തും മ്ലാവും കാട്ടാടും കൂരനും പന്നിയും പറക്കുന്ന അണ്ണാനും മുയലുകളും തുടങ്ങി പലതരം കുരങ്ങുകളും കുട്ടിത്തേവാങ്കുകൾ വരേയും നിറഞ്ഞുനിൽക്കുന്ന നിബിഡ വനം.

പരുവക്കുളത്തിന് മേലെ എത്തിയപ്പോള്‍ താഴെ അകലെ കാഞ്ഞിരപ്പുഴ ഡാം തിളങ്ങി നിന്നു. മേലെ മേഘക്കൂട്ടങ്ങൾ കുടയാക്കി നിഗൽ മുടി മലയും അപ്പുറത്ത് ലോപിച്ച്, ലോപിച്ച് പൂച്ചക്കുന്നായ് മാറിയ പൂജക്കുന്നും തലയുയർത്തിപ്പിടിച്ചങ്ങനെ നിന്നു.

അല്പനേരം തണുപ്പു നൽകുന്ന വെയിലിൽ മലർന്നു കിടന്നു. മഴമേഘം പടരാൻ തുടങ്ങുന്നതുകണ്ട് വേഗത്തിൽ മലയിറങ്ങാൻ തുടങ്ങി. വഴിയിൽ പലയിടങ്ങളിലും മുള്ളൻചക്കകൾ കായ്ച്ചു കിടക്കുന്നുണ്ടായിരുന്നു.

സൈരന്ധ്രി വാച്ച് ടവറിനുമുകളിൽ നിന്നുള്ള സൈലന്റ് വാലിയുടെ മായക്കാഴ്ച സുന്ദരം തന്നെ. താഴെ ഇടതൂർന്ന ചോലവനങ്ങൾ, പുൽമേടുകൾ. അകലെ കുന്തിപ്പുഴ ഒഴുകിയെത്തുന്നതും അതിനു മേലെയുള്ള തൂക്കുപാലവും ദൂരെ കൃത്യമായി കാണാം. അന്ന് ഡാം പണിയാൻ തീരുമാനിക്കപ്പെട്ടത് അവിടമായിരുന്നുവത്രേ. എങ്കിൽ ഈ ജൈവ വൈവിദ്ധ്യങ്ങളത്രയും ഇന്ന് വെള്ളത്തിൽ മുങ്ങിത്തീർന്നു പോയേനെ.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

September 13, 2021 3:19 pm