Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


നവംബർ 21 – ലോക ഫിഷറീസ് ദിനം
മത്സ്യത്തൊഴിലാളികൾ ലോക ഫിഷറീസ് ദിനമായി ആചരിക്കുന്ന ദിവസമാണ് നവംബർ 21. 1997 നവംബറിൽ ഏകദേശം 18 രാജ്യങ്ങളിൽ നിന്നുള്ള മത്സ്യത്തൊഴിലാളി സംഘടനകളുടെ പ്രതിനിധികൾ ന്യൂ ഡൽഹിയിൽ ഒത്തുചേർന്ന് വേൾഡ് ഫോറം ഓഫ് ഫിഷ് ഹാർവെസ്റ്റ് ആൻഡ് ഫിഷ് വർക്കേഴ്സ് എന്ന സംഘടന സ്ഥാപിക്കുകയും സുസ്ഥിര മത്സ്യബന്ധന രീതികളുടെയും നയങ്ങളുടെയും ആഗോള ഉത്തരവിന് വേണ്ടി വാദിക്കുന്ന ഒരു പ്രഖ്യാപനത്തിൽ ഒപ്പുവെക്കുകയും ചെയ്തു. ഈ സംഘടനയുടെ രൂപീകരണ തീയതിയായ നവംബർ 21 ആണ് ലോക ഫിഷറീസ് ദിനമായി ആചരിക്കുന്നത്. ഈ യോഗത്തിന് ആതിഥേയം വഹിച്ചത് കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്റെ അഖിലേന്ത്യാ സംഘടനയായ നാഷണൽ ഫിഷ് വർക്കേഴ്സ് ഫോറവും (എൻ.എഫ്.എഫ്) അതിന്റെ ചെയർമാനായിരുന്ന ഫാ. തോമസ് കോച്ചേരിയുമായിരുന്നു. ഫാ. തോമസ് കോച്ചേരിയെ ഈ സംഘടനയുടെ കോ കോഡിനേറ്ററായി തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു. ലോകമെമ്പാടുമുള്ള മത്സ്യത്തൊഴിലാളികൾക്കും മത്സ്യകർഷകർക്കും ഐക്യദാർഢ്യം പ്രകടിപ്പിക്കുക, സുസ്ഥിര മത്സ്യബന്ധനത്തിന്റെ ആവശ്യകതയെക്കുറിച്ച് അവബോധം നൽകുക, ജല ആവാസവ്യവസ്ഥ നേരിടുന്ന വെല്ലുവിളികൾ, ഉദാഹരണത്തിന് അമിതമായ മത്സ്യബന്ധനം, നാശം എന്നിവയെക്കുറിച്ച് ലോക ശ്രദ്ധക്ഷണിക്കുക, മത്സ്യബന്ധന സമൂഹങ്ങളുടെ ഉപജീവനമാർഗ്ഗങ്ങളെക്കുറിച്ച് ഊന്നൽനൽകുക എന്നിവയാണ് ഈ ദിനാചരണംകൊണ്ട് ലക്ഷ്യമിടുന്നത്.
ഈ വർഷത്തെ ദിനാചരണത്തിന്റെ മുഖ്യപ്രമേയം “ഞങ്ങൾക്ക് ഒന്നും കിട്ടിയില്ല; എങ്കിലും നിന്റെ വാക്കുപ്രകാരം ഞാൻ വല ഇറക്കാം” എന്ന ബൈബിൾ വാചകമാണ്.
ആസൂത്രണ-വികസനങ്ങളുടെ ഇരയാകേണ്ടിവരുന്ന കേരളത്തിലെ മത്സ്യത്തൊഴിലാളി സമൂഹത്തെ സംബന്ധിച്ച് ഏറെ അന്വർത്ഥമായ വാചകമാണിത്. കേരളത്തിൽ ഇതുവരെ നടന്നിട്ടുള്ള ആസൂത്രണ വികസനത്തിന്റെ ഫലങ്ങൾ ഒന്നും ലഭിക്കാത്ത പാർശ്വവൽകൃത ജനസമൂഹമാണ് മത്സ്യത്തൊഴിലാളികൾ.
തദ്ദേശ സ്വയംഭരണ സ്ഥാപങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ്
ഈ വർഷത്തെ ലോക ഫിഷറീസ് ദിനം കേരളത്തിൽ ആചരിക്കുന്നത്. പ്രാദേശിക സാമ്പത്തിക വികസനത്തിൽ തദ്ദേശ സ്ഥാപനങ്ങൾ വഹിക്കുന്ന പങ്ക് നിസ്സാരമല്ല.
ജനകീയാസൂത്രണം അവഗണിച്ച മത്സ്യമേഖല
അധികാര വികേന്ദ്രീകരണത്തിന് ആക്കം കൂട്ടാനായി നടപ്പിലാക്കിയ ജനകീയാസൂത്രണത്തിന്റെ മൂന്ന് ദശകങ്ങൾ പൂർത്തിയാകുകയാണല്ലോ? അധികാരവും സമ്പത്തും താഴേത്തട്ടിലേക്ക് നല്‍കി, വികസനപ്രക്രിയയില്‍ ജനപങ്കാളിത്തം ഉറപ്പുവരുത്തുന്നു എന്നാണ് ജനകീയാസൂത്രണത്തിന്റെ പ്രയോക്താക്കള്‍ അവകാശപ്പെടുന്നത്. വികസനം മുകള്‍ത്തട്ടില്‍ നിന്നും ആസൂത്രണം ചെയ്ത് താഴെതട്ടില്‍ നടപ്പിലാക്കികൊണ്ടിരുന്നതിന് പകരമായി വികസനാവശ്യങ്ങള്‍ താഴെ തട്ടില്‍ തന്നെ ചര്‍ച്ചചെയ്യുകയും ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുന്നു എന്നാണ് ജനകീയാസൂത്രണത്തിന്റെ പ്രത്യേകതയായി ‘ആസൂത്രണ വിദഗ്ധർ’ എടുത്തുപറയുന്ന ഒരു കാര്യം. ഇതിനായി സംസ്ഥാനത്തിന്റെ പദ്ധതി വിഹിതത്തിന്റെ വലിയൊരു ശതമാനം തുക തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറുകയും അവ എങ്ങനെ ചെലവഴിക്കണമെന്ന് കാലാകാലങ്ങളില്‍ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്യാറുണ്ട്.


ഏറെ കൊട്ടിഗ്ഘോഷിക്കുന്ന ‘കേരളമോഡൽ വികസന’ത്തിനും പുറത്തായിരുന്നു എല്ലാകാലത്തും കേരളത്തിലെ മത്സ്യത്തൊഴിലാളികളെന്ന് ഡോ. ജോൺ കുര്യൻ (ദി കേരള മോഡൽ: ഇട്സ് സെൻട്രൽ ടെൻഡൻസി ആൻഡ് ദി ഔട്ട്‌ലെയർ-സോഷ്യൽ സയന്റിസ്റ്റ് 1995, വോള്യം 23, നമ്പർ1-3) ചൂണ്ടികാട്ടിയിട്ടുണ്ട്. കേരളത്തിൽ ഇതുവരെയുള്ള നടന്നിട്ടുള്ള വികസന പ്രക്രിയയില്‍ പങ്കാളിത്തം നിഷേധിക്കുകയും, വികസനത്തിന്റെ ഫലങ്ങളൊന്നും തന്നെ ലഭിക്കാതെ പോവുകയും ചെയ്ത കേരളത്തിലെ മത്സ്യത്തൊഴിലാളി വിഭാഗത്തിന് ജനകീയാസൂത്രണം എന്ത് ഗുണം ചെയ്തുവെന്ന് ഔദ്യോഗിക സംവിധാനങ്ങളുടെ വക്താക്കളാരും തന്നെ ഒന്നും പറയുന്നില്ല.
തദ്ദേശ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്ന കിലയോ, മത്സ്യത്തൊഴിലാളികളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ചുമതലപ്പെട്ട സംസ്ഥാന മത്സ്യവകുപ്പോ, തീരദേശ വികസന കോർപ്പറേഷനോ കഴിഞ്ഞ 29 വര്‍ഷക്കാലം ജനകീയാസൂത്രണം മത്സ്യത്തൊഴിലാളി മേഖലയില്‍ എന്തെല്ലാം ‘ഗുണങ്ങള്‍’ ചെയ്തുവെന്ന് നാളിതുവരെ പഠനം നടത്തുകയോ പൊതുസമൂഹത്തിന് മുന്‍പാകെ അവ അവതരിപ്പിക്കുകയോ ചെയ്തിട്ടില്ല. ഏറ്റവുമധികം പാര്‍ശ്വവല്‍കൃതമായ ഒരു വിഭാഗത്തിന് ഇത്രയും ‘വലിയൊരു പദ്ധതി’എങ്ങനെ ഗുണം ചെയ്തുവെന്ന് പ്രത്യേകമായി പഠിച്ചിട്ടില്ല എന്നത് തന്നെ മത്സ്യത്തൊഴിലാളി സമൂഹത്തോടുള്ള ഔദ്യോഗിക സമീപനം വ്യക്തമാക്കുന്നതാണ്.
പാര്‍ശ്വവത്കൃതമായ ഒരു സമൂഹത്തെ പൊതുസമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരേണ്ടത്, ആ സമൂഹത്തിന്റെ സവിശേഷതകള്‍ അംഗീകരിച്ചുകൊണ്ടും അവര്‍ക്ക് പ്രത്യേകമായ പരിഗണന നല്‍കികൊണ്ടും, അവരുടെ സാമൂഹ്യവും സാമ്പത്തികവുമായ അവസ്ഥ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികള്‍ പ്രത്യേകമായി നടപ്പിലാക്കി കൊണ്ടുമായിരിക്കണം.
കേരളത്തിന്റെ പാര്‍ശ്വവത്കൃത സാമൂഹ്യ വിഭാഗങ്ങളെക്കുറിച്ച് പറയുമ്പോള്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ-മത്സ്യത്തൊഴിലാളി വിഭാഗങ്ങള്‍ എന്നാണ് സാധാരണ പറയാറ് .പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങളെപ്പോലെ സമൂഹത്തിന്റെ പിന്നാമ്പുറങ്ങളില്‍, ‘കോളനി’കളില്‍ കഴിയുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് എന്നും അവഗണന മാത്രമാണ് ലഭിച്ചിട്ടുള്ളത്. പൊതുസമൂഹത്തിന് കുറഞ്ഞ ചെലവില്‍ കൂടുതല്‍ പോഷകമൂല്യമുള്ള ആഹാരവും, ഖജനാവിലേക്ക് കോടിക്കണക്കിന് രൂപയ്ക്ക് തുല്യമായ വിദേശനാണ്യവും പ്രദാനം ചെയ്യുന്നവരാണ് കേരളത്തിലെ മത്സ്യത്തൊഴിലാളികള്‍. എന്നാല്‍ ഭൂമി, വാസയോഗ്യമായ വീട്, കുടിവെള്ളം, ശുചിത്വ സൗകര്യം,ആശുപത്രി സൗകര്യം, വിദ്യാഭ്യാസ സൗകര്യം എന്നിവ ഏറ്റവും കുറച്ചുമാത്രം ലഭിക്കുന്ന ജനവിഭാഗമായി ഇക്കൂട്ടര്‍ ഇപ്പോഴും കഴിയുന്നു. കഴിഞ്ഞ 29 വര്‍ഷങ്ങളായി നടപ്പിലാക്കികൊണ്ടിരിക്കുന്ന വികേന്ദ്രീകൃത-ജനകീയസൂത്രണ പദ്ധതികള്‍ക്കൊന്നും ഈ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യാനോ പരിഹരിക്കാനോ കഴിഞ്ഞിട്ടില്ല.
ജനകീസൂത്രണത്തിന്റെ ഏറ്റവും വലിയ സവിശേഷതയായി പറയുന്ന, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ നടത്തുന്ന വികസനവും ആസൂത്രണവും, എങ്ങനെയൊക്കെ ആയിരിക്കണമെന്നതിന് ഓരോ പഞ്ചവത്സര പദ്ധതിക്കാലത്തും സർക്കാർ വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കാറുണ്ട്. ഇതില്‍ അനിവാര്യമായും ഓരോ തദ്ദേശ സ്ഥാപനങ്ങളും ഏറ്റെടുക്കേണ്ട പദ്ധതികള്‍, അവയ്ക്ക് നിര്‍ബന്ധമായും മാറ്റിവെയ്‌ക്കേണ്ട വിഹിതം എന്നിവയെല്ലാം വിശദമായ ഉത്തരവുകളായി ഇറക്കാറുണ്ട്. ഈ മാര്‍ഗ്ഗരേഖയുടെ അടിസ്ഥാനത്തിലാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അവരവരുടെ ആസൂത്രണ നയങ്ങള്‍ക്ക് രൂപം നല്‍കുകയും, അവ സാക്ഷാത്കരിക്കുന്നതിനുള്ള പ്രോജക്റ്റുകള്‍ക്ക് രൂപം നല്‍കി നടപ്പിലാക്കുകയും ചെയ്യുന്നത്.
പ്രത്യേക പരിഗണന അര്‍ഹിക്കുന്ന പട്ടികജാതി വിഭാഗങ്ങള്‍ക്കായി പട്ടികജാതി ഉപപദ്ധതി (എസ്.സി.പി), പട്ടികവര്‍ഗ്ഗങ്ങള്‍ക്കായി പട്ടികവര്‍ഗ്ഗ ഉപപദ്ധതി (ടി.എസ്.പി), വനിതകള്‍ക്കായി വനിതാഘടകപദ്ധതി, കുട്ടികള്‍ക്കും ഭിന്നശേഷിയുള്ളവര്‍ക്കുമായി പ്രത്യേക പദ്ധതി, വയോജനങ്ങളുടെ ക്ഷേമം മുന്‍നിര്‍ത്തിയുള്ള പ്രത്യേക പദ്ധതി, എന്നിങ്ങനെ പ്രത്യേകം പ്രത്യേകം ഉപപദ്ധതികള്‍ വാര്‍ഷിക പദ്ധതിയുടെ ഭാഗമായി തയ്യാറാക്കണമെന്നും, ഉപപദ്ധതി നടപ്പിലാക്കുന്നതിനാവശ്യമായ തുക നിര്‍ബന്ധമായും വാർഷിക പദ്ധതികളിൽ മാറ്റിവെയ്ക്കണമെന്നും, ആ തുക ലാപ്‌സാക്കുകയോ, വകമാറ്റി ചെലവഴിക്കുകയോ ചെയ്യരുതെന്നും കാലാകാലങ്ങളില്‍ പുറത്തിറക്കുന്ന ഉത്തരുവുകളില്‍ നിഷ്‌കര്‍ഷിക്കാറുണ്ട്.
പട്ടികവര്‍ഗ്ഗക്കാരുടെയും, പട്ടികജാതി വിഭാഗക്കാരുടെയും, സ്ത്രീകളുടെയും കുട്ടികളുടെയും വയോജനങ്ങളുടെയും വികസനവും ക്ഷേമവും ഉറപ്പുവരുത്തുന്നതിന്
വേണ്ടിയാണ് ഓരോ തദ്ദേശ ഭരണ സ്ഥാപനവും വാര്‍ഷിക പദ്ധതിയുടെ ഭാഗമായി പ്രത്യേകമായി ഉപപദ്ധതി തയ്യാറാക്കണമെന്ന് നിഷ്‌കര്‍ഷിക്കുന്നത്. അതാത് വിഭാഗങ്ങളുടെ സാമ്പത്തിക വികസനം, സാമൂഹ്യ വികസനം, പശ്ചാത്തല വികസനം എന്നിവ ഉറപ്പുവരുത്തുന്നവയാകണം ഉപപദ്ധതികളെന്നും ഉത്തരവില്‍ പറയുന്നുണ്ട്. വ്യക്തികള്‍ക്കും, കുടുംബങ്ങള്‍ക്കും നേരിട്ട് പ്രയോജനം ലഭിക്കുന്ന പ്രോജക്ടുകളും പൊതുസൗകര്യ വികസനത്തിനുള്ള പ്രോജക്ടുകളും ഇതിന്റെ ഭാഗമായി നടപ്പിലാക്കണമെന്ന് ഉത്തരവായിട്ടുണ്ട്. ഇവിടെയെല്ലാം ഈ വിഭാഗങ്ങള്‍ക്കൊപ്പം പരിഗണിക്കേണ്ടവരായി കേരളത്തിലെ മത്സ്യത്തൊഴിലാളികളെ നമ്മുടെ ആസൂത്രണ വിദഗ്ദ്ധര്‍ കാണുന്നില്ല. ഇതുമൂലം പട്ടികജാതി-പട്ടികവര്‍ഗ്ഗ ജനവിഭാഗങ്ങള്‍ക്കും, സ്ത്രീകള്‍, കുട്ടികള്‍, വൃദ്ധജനങ്ങള്‍ മുതലായ സാമൂഹ്യ വിഭാഗങ്ങള്‍ക്കും ലഭിക്കുന്ന നാമമാത്രമായ വിഭവങ്ങള്‍പോലും അതേ പാര്‍ശ്വവല്‍കൃത വിഭാഗത്തില്‍പ്പെടന്ന മത്സ്യത്തൊഴിലാളി സമൂഹത്തിന് ലഭിക്കുന്നില്ല. മത്സ്യത്തൊഴിലാളികളുടെ സാമൂഹ്യവും സാമ്പത്തികവുമായ വികസനം ഉറപ്പ് വരുത്തുന്ന പ്രോജക്ടുകള്‍ നിര്‍ബന്ധമായും ഏറ്റെടുത്ത് നടപ്പിലാക്കിയേ മതിയാകൂ എന്ന നിര്‍ദ്ദേശമില്ലാത്തതുകൊണ്ട് തന്നെ ബഹുഭൂരിപക്ഷവും മത്സ്യത്തൊഴിലാളികള്‍ അധിവസിക്കുന്ന തദ്ദേശ ഭരണസ്ഥാപനങ്ങളിലെ വാര്‍ഷിക പദ്ധതികളിലോ, പ്രോജക്ടുകളിലൊ മത്സ്യത്തൊഴിലാളികളുടെ ക്ഷേമം മുന്‍നിര്‍ത്തിയുള്ളതോ, അവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിന് ഉതകുന്നതോയായ പദ്ധതികള്‍ ഉണ്ടാകുന്നതേയില്ല.
പതിനാലാം പഞ്ചവത്സരപദ്ധതിയുടെ ഭാഗമായി 2022-23മുതല്‍ 2026-27വരെയുള്ള വാര്‍ഷികപദ്ധതികള്‍ തദ്ദേശ സ്ഥാപനങ്ങൾ തയ്യാറാക്കുന്നതിനായുള്ള മാര്‍ഗ്ഗരേഖ (19.04.2022ലെ സ. ഉ.(കൈ)നം.84/2022/ത.സ്വ.ഭ.വ.)യുടെ ആമുഖത്തിൽ പ്രാദേശിക സാമ്പത്തിക വളർച്ചയുടെ പ്രഭവകേന്ദ്രങ്ങളായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ മാറ്റുന്നതിനാണ് പതിനാലാം പഞ്ചവത്സര പദ്ധതി ലക്ഷ്യമിടുന്നതെന്ന് വ്യക്തമാക്കുന്നുണ്ട്. ഇതോടൊപ്പം പ്രകൃതിവിഭവങ്ങൾ സംരക്ഷിച്ചുകൊണ്ട് സുസ്ഥിരവികസനം ഉറപ്പാക്കുക, കാലാവസ്ഥാ വ്യതിയാനത്തേയും പ്രകൃതിദുരന്തങ്ങളെയും അതിജീവിക്കുന്നതിനുള്ള കഴിവുകൾ ആർജ്ജിക്കാൻ സമൂഹത്തെ സഹായിക്കുക, സമഗ്രമായ സാമൂഹിക സുരക്ഷ ഉറപ്പാക്കുക, ദാരിദ്ര്യത്തിൽ നിന്നുള്ള മോചനം എന്നിവയും പതിനാലാം പഞ്ചവത്സര പദ്ധതിയിലെ സുപ്രധാന ലക്ഷ്യങ്ങളായി മാർഗ്ഗരേഖയിൽ പറയുന്നു.
മാർഗ്ഗരേഖയുടെ ഖണ്ഡിക 23.10ൽ സാമൂഹ്യനീതി ഉറപ്പാക്കൽ എന്ന തലക്കെട്ടിൽ “പാർശ്വവൽക്കരിക്കപ്പെട്ടവരെയും പ്രത്യേക പരിഗണന അർഹിക്കുന്നവരെയും (സ്ത്രീകൾ, കുട്ടികൾ, വയോജനങ്ങൾ, ട്രാൻസ് ജെൻഡർ, പട്ടികജാതി-പട്ടികവർഗ്ഗ വിഭാവങ്ങൾ, മത്സ്യത്തൊഴിലാളികൾ, പരമ്പരാഗതമേഖലയിൽ പണിയെടുക്കുന്നവർ) പ്രത്യേക പരിഗണന നൽകി മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനുള്ള പ്രവർത്തങ്ങൾക്ക് തദ്ദേശ സ്ഥാപനങ്ങൾ രൂപംനൽകണമെന്നും, അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും തുല്യനീതി ഉറപ്പാക്കുന്നതിനും തദ്ദേശഭരണ സ്ഥാപനങ്ങൾ അതീവശ്രദ്ധപുലർത്തണമെന്നും” പറയുന്നുണ്ട്.
ഏട്ടിലെപശു പുല്ല് തിന്നില്ല എന്നതുപോലെ ഇതുപോലുള്ള നിർദേശങ്ങൾ വെറും നിർദ്ദേശങ്ങൾ മാത്രമായി അവശേഷിപ്പിക്കുകയാണ് കേരളത്തിൽ നാളിതുവരെയുള്ള സർക്കാരുകൾ ചെയ്യുന്നത്.


മത്സ്യത്തൊഴിലാളികളെ പുറന്തള്ളുന്ന പദ്ധതികൾ
പഞ്ചവത്സര പദ്ധതിയുടെ മാർഗ്ഗരേഖയിൽ ഇപ്രകാരം ഭംഗിവാക്കുകൾ എഴുതിവെച്ചിട്ട്, മത്സ്യത്തൊഴിലാളികളെ കൂടുതൽ കൂടുതൽ പാർശ്വവത്കൃതരും ദരിദ്രരുമാക്കുന്ന പദ്ധതികളാണ് കേരളത്തിൽ അധികാരത്തിലിരുന്ന എല്ലാ സർക്കാരുകളും നടപ്പിലാക്കിയിട്ടുള്ളതും ഇപ്പോഴും നടപ്പിലാക്കികൊണ്ടിരിക്കുന്നതും. മത്സ്യത്തൊഴിലാളികളുടെ ദുരിതങ്ങളും സങ്കടങ്ങളും പരിഗണിക്കാതെ നടപ്പിലാക്കുന്ന വിഴിഞ്ഞം അദാനി തുറമുഖനിർമ്മാണം, തീരദേശ ഹൈവേനിർമ്മാണം, സീ പ്ലെയിൻ പദ്ധതി, ബ്ലൂ ഇക്കോണമി നടപ്പിലാക്കാനുള്ള പദ്ധതി എന്നിവയുടൊക്കെ അനന്തരഫലങ്ങൾ കടലിന്റെയും, മത്സ്യവിഭവങ്ങളുടേയും ജൈവ-പാരിസ്ഥിക നാശത്തിനും അതുവഴി മത്സ്യത്തൊഴിലാളികളുടെ ജീവിതം കൂടുതൽ ദുഷ്കരമാക്കുന്നതിനും കാരണമാകുന്നവയുമാണ്. ഈ പദ്ധതികളെയെല്ലാം കേരളത്തിലെ മൂന്ന് മുന്നണികളും ആവേശപൂർവ്വം അംഗീകരിക്കുകയും, ഈ പദ്ധതികളുടെ പിതൃത്വം ഏറ്റെടുക്കാൻ പരസ്പരം മത്സരിക്കുകയും ചെയ്യുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. കേന്ദ്ര സർക്കാർ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന കടൽമണൽ ഖനനത്തെയും, കേന്ദ്രത്തിന് പരമാധികാരമുള്ള എക്സ്ക്ലൂസീവ് ഇക്കണോമിക് സോണിൽപ്പെട്ട ആഴക്കടൽ മത്സ്യബന്ധനത്തിന് വിദേശ കോർപ്പറേറ്റുകൾക്കുൾപ്പെടെ ലൈസൻസ് നൽകാനുള്ള തീരുമാനത്തെയും, സമീപകാലത്ത് കേരളത്തിന്റെ കടൽത്തീരത്തുണ്ടായ കപ്പലപകടങ്ങളിൽ മതിയായ നഷ്ടപരിഹാരം നൽകാതിരിക്കുന്നതിന് കപ്പൽകമ്പനികളെ സഹായിക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സമീപനത്തെയും ഇതിനൊപ്പം ഓർക്കേണ്ടതുണ്ട്.
നടപ്പിലാക്കുന്നത് ആരുടെ ക്ഷേമം ?
ക്ഷേമപ്രവർത്തനങ്ങൾ നടത്തുന്നതിൽ ഇരു മുന്നണികളും മത്സരിക്കുന്നുവെന്ന് പറയുന്ന സന്ദർഭത്തിൽ തന്നെ മത്സ്യമേഖലയിൽ ക്ഷേമപ്രവർത്തനങ്ങൾ എങ്ങനെയാണ് നടപ്പിലാക്കിയിട്ടുള്ളതെന്നും ഇപ്പോൾ നടപ്പിലാക്കുന്നതെന്നും കൂടി ഈ സന്ദർഭത്തിൽ പരിശോധിക്കുന്നത് നന്നായിരിക്കും. ഐക്യരാഷ്ട്രസഭ വികസന പദ്ധതി (യു.എൻ.ഡി.പി) യുടെ മാനദണ്ഡമനുസരിച്ച് ഒരു സമൂഹം ഉദ്പാദിപ്പിക്കുന്ന ജി.ഡി.പിയുടെ ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനമെങ്കിലും ആ സമൂഹത്തിന്റെ സാമൂഹ്യക്ഷേമ പദ്ധതികൾക്കായി ഒരു ക്ഷേമരാഷ്ട്രം ചെലവഴിക്കണമെന്ന് നിഷ്കർഷിച്ചിട്ടുണ്ട്. എന്നാൽ കേരളത്തിലെ മത്സ്യമേഖലയെ സംബന്ധിച്ച് ഇത് വെറും ഒരു ശതമാനം ആണെന്ന് കാണാം. 2019-20 വർഷം മത്സ്യമേഖയിൽ നിന്നുള്ള ജി.ഡി.പി 10,73,610 ലക്ഷം രൂപയായിരുന്നു. മത്സ്യമേഖയിലെ സാമൂഹ്യ ക്ഷേമപദ്ധതികൾക്കായി ചെലവഴിച്ച തുകയാകട്ടെ 11,112 ലക്ഷം രൂപയും. മത്സ്യമേഖലയിലെ ജി.ഡി.പിയുടെ 1.03 ശതമാനം മാത്രമേ സാമൂഹ്യസുരക്ഷാ പദ്ധതിയ്ക്ക് വേണ്ടി ചെലവഴിച്ചിട്ടുള്ളൂ. 8.2 ലക്ഷം ഗുണഭോക്താക്കൾക്കായാണ് ഈ തുക ചെലവഴിച്ചിട്ടുള്ളത്. അപ്പോൾ ഒരു ഗുണഭോക്താവിന് ശരാശരി ലഭിച്ചത് വെറും 1354/-രൂപ മാത്രം (അവലംബം: പതിനാലാം പഞ്ചവത്സര പദ്ധതി, മത്സ്യമേഖല വർക്കിംഗ് ഗ്രൂപ്പ് റിപ്പോർട്ട്. -പേജ് 38). സാമൂഹ്യ സുരക്ഷാ പദ്ധതികൾ നിർലോഭം നടപ്പിലാക്കുന്നുവെന്ന് പറയുന്ന ഒരു സർക്കാറിന്റെ കാലഘട്ടത്തിലാണ് ഒരു വർഷം ഒരു മത്സ്യത്തൊഴിലാളിക്കായി ശരാശരി ചെലവഴിക്കുന്നത് വെറും 1354/-രൂപ ആണെന്ന കാര്യം സർക്കാർ രേഖകളിലൂടെ പുറത്തുവരുന്നത്.
സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റി (എം.പി.ഇ.ഡി.എ)യുടെ 31/03/2025ലെ കണക്ക്പ്രകാരം രാജ്യം കഴിഞ്ഞ സാമ്പത്തികവർഷം 62,408.45 കോടി രൂപ (7.45ബില്യൺ യു.എസ്.ഡോളർ)യ്ക്ക് തുല്യമായ വിദേശനാണ്യം സംസ്കരിച്ച സമുദ്രോത്പന്നങ്ങളുടെ കയറ്റുമതിയിലൂടെ നേടിയിട്ടുണ്ട്. അതിൽ കേരളത്തിൽ നിന്നുള്ള കയറ്റുമതിയുടെ മൂല്യം 7456.84 കോടി രൂപയാണ്. സമുദ്രോത്പന്ന കയറ്റുമതിയിൽ 43,334.25 കോടി രൂപയും ചെമ്മീൻ കയറ്റുമതിയിലൂടെയാണ് ലഭിച്ചത്. സമുദ്രോത്പന്ന കയറ്റുമതിയുടെ 43.76 ശതമാനവും ചെമ്മീനാണ് (അവലംബം: വാർഷിക റിപ്പോർട്ട്, എം.പി.ഇ.ഡി.എ.31/03/2025).
എന്നാൽ അതിനനുസൃതമായ പരിഗണന സർക്കാരുകളിൽ നിന്ന് ഇവർക്ക് പലപ്പോഴും ലഭിക്കാറില്ലെന്ന് മാത്രമല്ല, ഒരേ മാനദണ്ഡമുള്ള ക്ഷേമപദ്ധതികളിൽ മറ്റുള്ളവർക്ക് നൽകുന്ന ആളോഹരി ആനൂകൂല്യത്തിന്റെ 40 ശതമാനം മാത്രമേ മത്സ്യത്തൊഴിലാളി സമൂഹത്തിലെ ആളോഹരി ആനുകൂല്യത്തിന് നൽകുന്നുള്ളൂ.
കേരള സർക്കാരിന്റെ 2024ലെ ഇക്കണോമിക് റിവ്യൂ റിപ്പോർട്ട് അനുസരിച്ച് 2022-23ൽ (31/08/2023 വരെ) ഒരു മത്സ്യത്തൊഴിലാളിക്ക് ക്ഷേമപദ്ധതികൾ പ്രകാരം എല്ലാ ഏജൻസികളിൽ നിന്നും ലഭിച്ച ശരാശരി തുക 10,180.2 രൂപയും, അതേ മാനദണ്ഡമുള്ള ഒരു മുന്നാക്ക സമുദായ അംഗത്തിന് മുന്നാക്ക വികസന കോർപ്പറേഷൻ മുഖേന ലഭിച്ച ശരാശരി തുക 23,420.1 രൂപയും ആയിരുന്നു. (അവലംബം:-സംസ്ഥാന പ്ലാനിംഗ് ബോർഡ്,ഇക്കണോമിക് റിവ്യൂ റിപ്പോർട്ട് 2024). മത്സ്യത്തൊഴിലാളിക്ക് ലഭിച്ച ശരാശരി തുകയുടെ രണ്ടരയിരട്ടിയിലധികം തുക അതേ മാനദണ്ഡമുള്ള മുന്നാക്കസമുദായ അംഗത്തിന് ലഭിച്ചു. ഇത് തെളിയിക്കുന്നത് മത്സ്യത്തൊഴിലാളികളോടുള്ള പൊതു അവഗണനയാണ്.
ഇങ്ങനെ മത്സ്യമേഖലയെ അവഗണിക്കുന്ന മുന്നണികൾക്ക് മത്സ്യത്തൊഴിലാളികളുടെ ക്ഷേമം ലക്ഷ്യമിട്ടുകൊണ്ടുള്ള പദ്ധതികൾ നിർബന്ധമായി നടപ്പിലാക്കണമെന്ന് തദ്ദേശസ്ഥാപനങ്ങളോട് എങ്ങനെ ആവശ്യപ്പെടാൻകഴിയും?
മത്സ്യമേഖലയ്ക്ക് പ്രത്യേക ഘടക പദ്ധതി
“മത്സ്യമേഖല ഉള്‍പ്പെടുന്ന തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ സാമൂഹ്യ സാമ്പത്തിക വികസനത്തിനും പുനരധിവാസത്തിനുമുള്ള പ്രോജക്ടുകള്‍ ആവിഷ്‌കരിക്കേണ്ടതാണ്” (ഖണ്ഡിക 8.3.4) എന്നൊരു ഒഴുക്കന്‍മട്ടിലുള്ള പ്രസ്താവന നടത്തുന്നു എന്നല്ലാതെ ഇതിനുള്ള പ്രോജക്റ്റുകള്‍ അനിവാര്യ പ്രോജക്ടുകളായി നടപ്പിലാക്കണമെന്ന് മാർഗ്ഗരേഖ നിഷ്‌കര്‍ഷിക്കുന്നില്ല. അതുകൊണ്ട് തന്നെയാണ് മത്സ്യത്തൊഴിലാളി മേഖലകളിലെ തദ്ദേശഭരണ സ്ഥാപങ്ങളില്‍ പോലും മത്സ്യത്തൊഴിലാളികളുടെ ക്ഷേമം മുന്‍ത്തിയുള്ള പ്രോജക്റ്റുകള്‍ ഉണ്ടാകാതെ പോകുന്നത്. ഇവിടങ്ങളില്‍ മത്സ്യവകുപ്പിന്റെ ഉദ്യോഗസ്ഥന്‍ (ഫിഷറീസ് ഓഫീസർ) പഞ്ചായത്തിന്റെ നിയന്ത്രണത്തില്‍ ഉണ്ടെങ്കില്‍ പ്രസ്തുത ഉദ്യോഗസ്ഥനെ കണ്‍വീനറാക്കി പ്രത്യേകം വര്‍ക്കിങ് ഗ്രൂപ്പ് രൂപീകരിക്കണമെന്ന് നിര്‍ദ്ദേശമുണ്ടെങ്കിലും കൃഷി ഓഫീസര്‍ കണ്‍വീനര്‍ ആയുള്ള കൃഷിയും അനുബന്ധ വികസനവും വര്‍ക്കിങ് ഗ്രൂപ്പ് ആണ് തീരദേശ തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ പോലും പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതും പ്രോജക്റ്റുകള്‍ തയ്യാറാക്കുന്നതും. ഇങ്ങനെ മാർഗ്ഗനിർദ്ദേശങ്ങൾക്ക് വിരുദ്ധമായി കൃഷി ഓഫീസർ കൺവീനറായുള്ള വർക്കിംഗ് ഗ്രൂപ്പുകൾ തയ്യാറാക്കുന്ന മത്സ്യമേഖലയിലുള്ള തദ്ദേശ സ്ഥാപനങ്ങളുടെ പ്രൊജക്റ്റ്‌കൾക്ക് പോലും ജില്ലാതല ആസൂത്രണസമിതി അംഗീകാരം നൽകുകയും, നടപ്പിലാക്കുകയും ചെയ്യുന്ന അവസ്ഥയാണ് നിലവിലുള്ളത്.
പൊതു മാനദണ്ഡമനുസരിച്ച് മലനാട്ടിലേയോ ഇടനാട്ടിലെയോ ഒരു തദ്ദേശ സ്ഥാപനത്തില്‍ രൂപം നല്‍കുന്ന പ്രോജക്ടുകള്‍ക്ക് സമാനമായ, തീരദേശ സ്ഥലങ്ങളിലെ ജനങ്ങളുമായോ, അവരുടെ ജീവനോപാധികളുമായോ, ജീവിതരീതികളുമായോ യാതൊരു തരത്തിലും ബന്ധമില്ലാത്തതും തീരദേശജനതയുടെ ജീവിതനിലവാരത്തെ ഒട്ടും മുന്നോട്ടുകൊണ്ടുപോകാൻ സഹായിക്കാത്തതുമായ പ്രോജക്ടുകൾക്ക് രൂപം നല്കാനും നടപ്പിലാക്കാനും തീരദേശ തദ്ദേശ സ്ഥാപനങ്ങളും നിര്‍ബന്ധി തരാകുന്നു. ഇത്തരം പദ്ധതികളും പ്രോജക്ടുകളും മത്സ്യത്തൊഴിലാളികള്‍ക്ക് എത്രമാത്രം ഗുണകരമാവുമെന്ന് ആലോചിക്കാവുന്നതേയുള്ളൂ!.


മത്സ്യത്തൊഴിലാളി ക്ഷേമമാണ് ലക്ഷ്യമിടുന്നതെങ്കില്‍ തീരദേശ തദ്ദേശ സ്ഥാപനങ്ങളില്‍ എങ്കിലും മത്സ്യത്തൊഴിലാളികളുടെ സാമൂഹ്യവും സാമ്പത്തികവുമായ ഉന്നമനം ഉറപ്പാക്കുന്നതിനുള്ള ഉപപദ്ധതികളും പ്രോജക്ടുകളും ഉണ്ടാവണമെന്നും ഇവ അനിവാര്യ പദ്ധതികളും പ്രോജക്ടുകളും ആയിരിക്കുമെന്നും സമയബന്ധിതമായും സുതാര്യമായും ഇവ നടപ്പിലാക്കണമെന്നും, ഇതിനായി വക കൊള്ളിക്കുന്ന തുക യാതൊരുകാരണവശാലും ലാപ്‌സ് ആക്കരുതെന്നും, വക മാറ്റി ചെലവഴിക്കരുതെന്നും സര്‍ക്കാര്‍ ഉത്തരവ് ഇറക്കണം. പട്ടികജാതി പട്ടികവര്‍ഗ്ഗ ഉപ പദ്ധതി പോലെയും വനിതാഘടക പദ്ധതി പോലെയും തീരദേശ വികസനത്തിനും മത്സ്യമേഖലയുടെ വികസനത്തിനും ഒരു കോസ്റ്റല്‍സബ് പ്ലാന്‍ വേണം. ലോക ഫിഷറീസ് ദിനത്തിന്റെയും, തദ്ദേശ സ്വയം ഭരണതെരഞ്ഞെടുപ്പിന്റെയും പശ്ചാത്തലത്തിൽ ഈ വിഷയം മത്സ്യത്തൊഴിലാളി സമൂഹവും മത്സ്യത്തൊഴിലാളിസംഘടനകളും ഗൗരവമായി ചർച്ചചെയ്യുമെന്ന് പ്രതീക്ഷിക്കാം.
മത്സ്യത്തൊഴിലാളികൾ ആർക്ക് വോട്ട് ചെയ്യണം?
ദേശീയ തലത്തിലും സംസ്ഥാന തലത്തിലും പ്രാദേശിക തലത്തിലും മത്സ്യത്തൊഴിലാളികൾ നിരന്തരം അവഗണിക്കപ്പെടുകയും അവരുടെ പരിമിതമായ ജീവിതാവശ്യങ്ങളെ പോലും നിഷേധിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നത് എങ്ങനെയെന്ന് മുകളിൽ പറഞ്ഞ കാര്യങ്ങളിൽ നിന്ന് വ്യക്തമാണല്ലോ? ഇക്കാര്യത്തിൽ കേരളത്തിലെ മൂന്ന് രാഷ്ട്രീയ മുന്നണികളും ഒരേതൂവൽ പക്ഷികളാണെന്നതാണ് അനുഭവം. കേരളത്തിലെ മത്സ്യത്തൊഴിലാളികൾ സുസംഘടിതരല്ലാത്തതും, രാഷ്ട്രീയാവശ്യങ്ങൾ കൂട്ടായി നിന്ന് നേടിയെടുക്കാൻ കഴിയുന്ന തരത്തിൽ ഒരു സ്വതന്ത്ര രാഷ്ട്രീയ ശക്തിയായി വികസിക്കാത്തതുമാണ് മൂന്ന് മുന്നണികളും മത്സ്യത്തൊഴിലാളി വിഭാഗത്തെ അവഗണിക്കുന്നതിന് മുഖ്യകാരണം. കേരളത്തിലെ മത്സ്യത്തൊഴിലാളി സമൂഹം ഒരു സ്വതന്ത്ര രാഷ്ട്രീയ ശക്തിയായി മാറി അധികാരത്തിൽ പങ്കാളിത്തം നേടാൻ കഴിഞ്ഞാൽ മാത്രമേ വിഭവങ്ങളുടെ തുല്യവിതരണത്തിന്റെ പങ്ക് നേടാനും ജീവിതാവശ്യങ്ങൾ നേടാനും കഴിയുകയുള്ളൂ. എന്നാൽ ഒരു സ്വതന്ത്ര രാഷ്ട്രീയ ശക്തിയായി വികസിക്കുന്നതിനിയിടയിൽ വരുന്ന ഇത്തരം തെരഞ്ഞെടുപ്പുകളിൽ കേരളത്തിലെ മത്സ്യത്തൊഴിലാളി സമൂഹവും ഒരു രാഷ്ട്രീയ സമ്മർദ്ദ ശക്തിയായി മാറേണ്ടതുണ്ട്. മൂന്ന് മുന്നണികളും മത്സ്യത്തൊഴിലാളികളെ ദ്രോഹിക്കുന്ന നയങ്ങളുടെ വ്യക്താക്കളാണെങ്കിലും, കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന പദ്ധതികളെല്ലാം തന്നെ കടലിന്റെയും കടൽ സമ്പത്തിന്റെയും ജൈവ-ആവാസ വ്യവസ്ഥകളെ അപ്പാടെ തകർക്കുന്നതും അതുവഴി മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തിന് ഏറെ പ്രതിബന്ധം സൃഷ്ടിക്കുന്നതുമാണ്. മാത്രമല്ല, ജനങ്ങളെ ജാതി, മതം, ഭാഷ, വേഷം, ഭക്ഷണം എന്നിവയുടെ അടിസ്ഥാനത്തിൽ ഭിന്നിപ്പിച്ച് നിർത്തുന്നതിനായി നിരന്തരം പ്രവർത്തിക്കുന്ന ബിജെപിയാണ് കേന്ദ്ര സർക്കാരിന് നേതൃത്വം നൽകുന്നത്. അതുകൊണ്ടുതന്നെ കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ മുഖ്യശത്രു ബിജെപിയാണ്. ബിജെപിയുടെ സ്ഥാനാർഥികൾ ഒരു കാരണവശാലും ജയിക്കരുതെന്നതായിരിക്കണം ഈ തദ്ദേശ തെരഞ്ഞെടുപ്പിലെ കേരളത്തിലെ മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ രാഷ്ട്രീയ തന്ത്രം. ബിജെപിയുടെ സ്ഥാനാർഥികളെ പരാജയപ്പെടുത്താൻ കഴിയുന്ന സ്ഥാനാർഥി ആരാണോ അവർക്ക് വോട്ട് ചെയ്യുക എന്നതിനായിരിക്കണം മുഖ്യ പരിഗണന നൽകേണ്ടത്.
അതോടൊപ്പം, മത്സ്യത്തൊഴിലാളി മേഖലയിലെ പ്രശ്നങ്ങൾ ഉയർത്തി ഒരു സ്വതന്ത്ര രാഷ്ട്രീയശക്തിയായി കേരളത്തിലെ മത്സ്യത്തൊഴിലാളി സമൂഹം സ്വയം വികസിക്കുക എന്ന ദീർഘകാല ലക്ഷ്യം മുൻനിർത്തി മത്സ്യത്തൊഴിലാളി സമൂഹം ഐക്യപ്പെടേണ്ടതുമുണ്ട്. എങ്കിൽ മാത്രമേ “ഞങ്ങൾക്ക് ഒന്നും കിട്ടിയില്ല; എങ്കിലും നിന്റെ വാക്കുപ്രകാരം ഞാൻ വല ഇറക്കാം” എന്ന ഈ ദിനത്തിലെ മുഖ്യപ്രമേയത്തോട് നീതി പുലർത്താൻ കഴിയൂ.

