ലോകം വീണ്ടുമൊരു മഹാമാരി ഭീഷണിയിലാണ്. മങ്കി പോക്‌സ് എന്ന കുരങ്ങുപനി 116 രാജ്യങ്ങളില്‍ പടര്‍ന്ന സാഹചര്യത്തില്‍ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ് ലോകാരോഗ്യ സംഘടന. അടിയന്തര ശ്രദ്ധ ആവശ്യപ്പെടുന്ന ഈ രോഗത്തെ ഗ്രേഡ് 3 എമർജൻസി വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മങ്കി പോക്‌സ് എന്ന ജന്തുജന്യ രോഗവുമായി ബന്ധപ്പെട്ട് രണ്ടു വര്‍ഷത്തിനിടെ രണ്ടാമത്തെ തവണയാണ് ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. എച്ച്1 എൻ1, പന്നിപ്പനി, പോളിയോ വൈറസ്, സിക വൈറസ്, എബോള, കോവിഡ് എന്നിവക്കാണ് ഇതുവരെ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത്. ആഗോള ആരോഗ്യം മേഖല നേരിടുന്ന വെല്ലുവിളിയാണ് ജീവികളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന ഇത്തരം ജന്തുജന്യ രോഗങ്ങൾ (Zoonotic diseases).
കേരളത്തിലും ജന്തുജന്യ രോഗങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് വർധിക്കുന്നുണ്ട്. കോവിഡ് മഹാമാരിക്ക് മുൻപ് കേരളത്തെ ആശങ്കയിലാക്കിയ നിപ വീണ്ടും മലപ്പുറത്ത് റിപ്പോർട്ട് ചെയ്തു. നിപ, പക്ഷിപ്പനി,പന്നിപ്പനി, എബോള, ചിക്കുൻ ഗുനിയ, മലേറിയ, പേവിഷ ബാധ, ചെള്ളുപനി, കരിമ്പനി എന്നിങ്ങനെ ജന്തുജന്യ രോഗങ്ങളുടെ പിടിയിലാണ് കേരളം. കോഴിക്കോട് ജില്ലയിൽ ആറു വർഷങ്ങൾക്ക് മുൻപ് റിപ്പോർട്ട് ചെയ്യപ്പെട്ട നിപ വൈറസ് ഈ വർഷം മലപ്പുറം ജില്ലയിൽ റിപ്പോർട്ട് ചെയ്തിരുന്നു. കേട്ടു പരിചയമില്ലാത്ത പുതിയ രോഗങ്ങളോടൊപ്പം മനുഷ്യന് സമീപത്തുനിന്നും അപ്രത്യക്ഷമായി എന്ന് നമ്മൾ കരുതിയിരുന്ന കോളറ, പ്ലേഗ് പോലുള്ള രോഗങ്ങൾ കൂടുതൽ ശക്തിയോടെ തിരിച്ചു വരുന്നു.
ജന്തുജന്യ രോഗങ്ങളുടെ കേരളം
ഇന്ത്യയിൽ പല രോഗങ്ങളും ആദ്യം റിപ്പോർട്ട് ചെയ്യുന്നത് കേരളത്തിലാണ്. 2021 ജൂലായിൽ സിക വൈറസ്, 2022 ജൂലൈയിൽ മങ്കിപോക്സ്, 2021 നവംബറിൽ നോറാ വൈറസ് എന്നീ രോഗങ്ങൾ ആദ്യം റിപ്പോർട്ട് ചെയ്തത് കേരളത്തിലാണ്. 2022 ആഗസ്തിൽ യുഎഇ-യിൽ നിന്ന് വന്ന മലയാളി യുവാവ് മങ്കിപോക്സ് ബാധിച്ച് മരിച്ചിരുന്നു. 2020ൽ ഇന്ത്യയിലാദ്യമായി കോവിഡ്-19 റിപ്പോർട്ട് ചെയ്തതും കേരളത്തിലാണ്. ഇന്ത്യയിൽ ആദ്യമായി പശ്ചിമ ബംഗാളിലെ സിലിഗുരിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട നിപ വൈറസിന്റെ രണ്ടാം വരവും 2018ൽ കേരളത്തിൽ തന്നെയായിരുന്നു.
കേരളം പനിക്കുന്നത് പലപ്പോഴും കൊതുകുജന്യ രോഗങ്ങൾ കൊണ്ടാണ്. ഡെങ്കിപ്പനി, ചിക്കുൻഗുനിയ, മലമ്പനി എന്നിവ കേരളത്തിൽ ആവർത്തിക്കപ്പെടുന്ന രോഗങ്ങളായി മാറിക്കഴിഞ്ഞു. കഴിഞ്ഞ വർഷം രാജ്യത്ത് ഏറ്റവും കൂടുതൽ ഡെങ്കിപ്പനി കേസുകളും മരണങ്ങളും രേഖപ്പെടുത്തിയത് കേരളത്തിലാണ് എന്നാണ് കേന്ദ്ര സ്ഥിതിവിവരക്കണക്ക് പ്രസിദ്ധീകരിച്ച ‘EnviStats India 2024’ എന്ന റിപ്പോർട്ടിൽ പറയുന്നത്. അതുപ്രകാരം 2023ൽ ഇന്ത്യയിൽ 9,4198 ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, അതിൽ കേരളത്തിലാണ് ഏറ്റവും കൂടുതൽ കേസുകൾ എന്നത് ഗൗരവപരമായി കാണണം. 9770 കേസുകൾ, 37 മരണങ്ങൾ എന്നത് ഒരു ചെറിയ സംഖ്യയല്ല. മലമ്പനി മരണങ്ങളിൽ ഏഴ് മരണങ്ങളോടെ, രാജ്യത്തെ ഏറ്റവും ഉയർന്ന മരണങ്ങളുടെ എണ്ണത്തിൽ കേരളം നാലാം സ്ഥാനത്താണ്
സംസ്ഥാനത്ത് കൂടുതൽ മരണത്തിനിടയാകുന്ന പനിയായി മാറിയിരിക്കുകയാണ് ലെപ്റ്റോസ്പൈറോസിസ് എന്ന എലിപ്പനി. ചികിത്സിച്ച് ഭേദമാക്കാനും പ്രതിരോധിക്കാനും ഫലപ്രദമായ മരുന്നുകളുണ്ടെങ്കിലും കേരളത്തിൽ എലിപ്പനി പ്രതിരോധിക്കാനാകുന്നില്ല. കേരളത്തിൽ ഈ വർഷം മാത്രം 1368 പേർക്കാണ് എലിപ്പനി ബാധിച്ചിട്ടുള്ളത്. ഇതിൽ 152 പേർ മരിച്ചു. മറ്റിടങ്ങളിൽ മഴക്കാലങ്ങളിൽ മാത്രം കണ്ടുവരാറുള്ള എലിപ്പനി കേരളത്തിൽ ഏതു കാലാവസ്ഥയിലും റിപ്പോർട്ട് ചെയ്യപ്പെടുന്നു. 90 ശതമാനം ആളുകളിലും ഇത് ചെറിയൊരു പനി മാത്രമായി മാറുമെങ്കിലും മറ്റു പല രോഗങ്ങൾ ഉള്ളവരാണ് എലിപ്പനി ബാധിച്ച് കൂടുതലായി മരണപ്പെടുന്നത്.
2018 ൽ കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട നിപ അന്ന് 2 പേരുടെ ജീവനെടുത്തു. മുൻകരുതലുകൾ വഴി നിപ വ്യാപനം തടഞ്ഞുവെങ്കിലും എല്ലാ വർഷവും നിപ ആവർത്തിക്കുന്നു. 2019ൽ നിപ വീണ്ടും തലപൊക്കിയത് എറണാകുളത്തായിരുന്നു. 2021 സെപ്റ്റംബറിൽ കോഴിക്കോട് ചാത്തമംഗലത്ത് നിപ ബാധിച്ച് പന്ത്രണ്ടുകാരൻ മരിച്ചു. 2023ലും കോഴിക്കോട് റിപ്പോർട്ട് ചെയ്യപ്പെട്ടതിൽ രണ്ടുപേർ മരിച്ചു. ആ വർഷം മലപ്പുറം ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട നിപ പതിനാലുകാരന്റെ മരണത്തിനിടയാക്കുകയും ചെയ്തു. കേരളത്തെ നിപ വിടാതെ പിന്തുടരുന്നുണ്ട് എന്നതിന്റെ തെളിവുകളാണ് തുടർച്ചയായി വിവിധ ജില്ലകളിലേക്കുള്ള വ്യാപനം വ്യക്തമാക്കുന്നത്. ഒരു ജില്ലയിൽ നിന്ന് മറ്റൊന്നിലേക്കുള്ള നിപ വൈറസ് വ്യാപനം വലിയ ഭീഷണിയുയർത്തുന്നുണ്ട്. കൊറോണയെക്കാൾ മരണ സാധ്യത കൂടുതലുള്ള നിപ കേരളം പേടിയോടെ വീക്ഷിക്കുന്ന ഒരു ജന്തുജന്യ രോഗമാണ്. നിപയുടെ വാഹകർ വവ്വാലുകൾ ആണെങ്കിലും വൈറസിന്റെ ഉറവിടം ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. കേരളം നിപയെക്കുറിച്ച് കൂടുതൽ ആഴത്തിലുള്ള പഠനം നടത്തിയാൽ മാത്രമേ വരും വർഷങ്ങളിൽ നിപയുടെ വ്യാപനത്തെ ലഘൂകരിക്കാൻ കഴിയൂ.
എന്തുകൊണ്ട് കേരളം?
ആരോഗ്യ മേഖലയിൽ കേരളം കൈവരിച്ചിരിക്കുന്ന നേട്ടങ്ങൾ ലോകപരിചിതമാണെങ്കിലും അടിക്കടിയുണ്ടാകുന്ന പകർച്ച വ്യാധികളും ജന്തുജന്യ രോഗങ്ങളും തീർക്കുന്ന ഭീഷണിയിലാണ് കേരളം. രോഗങ്ങൾ ആവർത്തിക്കപ്പെടുമ്പോഴും പുതിയ രോഗങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോഴും വ്യാപനത്തെ പ്രതിരോധിക്കാനാകുന്നുണ്ടെങ്കിലും വീണ്ടും രോഗം വരുന്നത് തടയാൻ സംസ്ഥാനത്തിനാകുന്നില്ല. കാലാവസ്ഥയിലും ജീവിത ശൈലിയിലും പരിസ്ഥിതിയോടുള്ള മനുഷ്യന്റെ മനോഭാവത്തിലും വന്ന മാറ്റമാണ് ജന്തുജന്യ രോഗങ്ങൾ കേരളത്തിൽ കൂടാനുള്ള കാരണമെന്നാണ് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ആനിമൽ ഡിസീസസിലെ മുൻ ഡെപ്യൂട്ടി ഡയറക്ടർ ഡോ.സ്വപ്ന സൂസൻ എബ്രഹാം പറയുന്നത്. “ജനസംഖ്യാ വർധനവിനോടൊപ്പം കാലാവസ്ഥയിൽ സംഭവിച്ചിരിക്കുന്ന വ്യതിയാനം വളരെ പ്രധാനപ്പെട്ടതാണ്. മഴകാലത്തല്ല മഴ വരുന്നത്, അപ്പോൾ മഴക്കാലത്തുണ്ടാകാനിടയുള്ള പകർച്ച വ്യാധികളെ നേരിടുന്നതിൽ ഒരു കൃത്യത ഇല്ലാതാവും. കാലാവസ്ഥാവ്യതിയാനം മൂലം പ്രാണികൾ പരത്തുന്ന രോഗങ്ങളും (vector borne diseases ) വർധിക്കുന്നുണ്ട്. ഗുജറാത്തിൽ പുതുതായി റിപ്പോർട്ട് ചെയ്ത ചന്ദിപുര എന്ന വൈറസ് അതിനുദാഹരണമാണ്. കാലാവസ്ഥ വ്യതിയാനം ഇത്തരത്തിലുള്ള പ്രാണികളുടെ സാന്ദ്രതയേയും ആവാസ വ്യവസ്ഥയെയും ബാധിച്ചിട്ടുണ്ട്. അതുപോലെ ആഗോളതാപനം പുതിയ രോഗങ്ങളുടെ വരവിനു കാരണമാകുന്നുണ്ട്. അടുത്തിടെ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ട അമീബിക് മസ്തിഷ്കജ്വരം അതിനൊരുദാഹരണമാണ്. പ്രകൃതിയുടെ സന്തുലിതാവസ്ഥ നഷ്ടമാകുന്നത് കൊണ്ടാണ് ഇത്തരത്തിലുള്ള സൂക്ഷ്മ ജീവികൾ രോഗകാരികളായി മാറുന്നത്.”
മലയാളിയുടെ മാറിയ കൃഷിരീതിയും നിപ പോലുള്ള രോഗങ്ങൾക്ക് കാരണമാകുന്നുണ്ടെന്നും ഡോ.സ്വപ്ന സൂസൻ ചൂണ്ടിക്കാട്ടുന്നു. “വാണിജ്യാടിസ്ഥാനത്തിലുള്ള ഇന്നത്തെ കൃഷിരീതി വീടുകളിലും മറ്റു സ്വകാര്യ ഇടങ്ങളിലും വവ്വാലുകളുടെ എണ്ണം കൂട്ടുന്നു. റംബൂട്ടാനും, പൈനാപ്പിളും പോലുള്ള ഫലവർഗങ്ങൾ കൂട്ടത്തോടെ കാണുമ്പോൾ വവ്വാലുകൾ, എലികൾ പോലുള്ള ജീവികൾ സ്വാഭാവികമായും ആകർഷിക്കപ്പെടും”.
സമാന അഭിപ്രായം തന്നെയാണ് ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞൻ ഡോ.സജീവ് ടി.വി. കേരളീയത്തോട് പങ്കുവെച്ചത്. “നിപ വൈറസ് വാഹകരായ പഴംതീനി വവ്വാലുകൾ (Fruit bats) നാട്ടിൻ പ്രദേശങ്ങളിൽ വ്യാപകമായി കാണപ്പെടുന്ന ജീവിയാണ്. വളരെ അപൂർവമായി മാത്രമേ ഇവ വനാന്തരങ്ങളിൽ കാണുന്നുള്ളൂ. വൻ മരങ്ങളിലും, സർപ്പക്കാവുകളിലും, കണ്ടൽ കാടുകളിലും ഒക്കെ ഇവ ധാരാളമായി കാണുന്നുണ്ട്. നിപ വൈറസിനെ ഫലപ്രദമായി നേരിടാൻ സ്വീകരിക്കേണ്ട മുൻകരുതൽ എന്തെന്നാൽ അതിന്റെ വലിയ തോതിലുള്ള വാഹകരായ വവ്വാലുകൾക്ക് ഏറ്റവും ആരോഗ്യത്തോടെ ജീവിക്കാനുള്ള സൗകര്യം ഉറപ്പാക്കണം എന്നതാണ്. കൂട്ടത്തോടെ വവ്വാലുകൾ കാണപ്പെടുന്ന വൻ മരങ്ങളും മറ്റും നശിപ്പിക്കപ്പെടുമ്പോൾ വവ്വാലുകൾ സമ്മർദ്ദത്തിലാകുന്നതിന്റെ ഫലമായി വവ്വാലുകളിൽ കാണപ്പെടുന്ന നിപ വൈറസ് പുറത്തേക്ക് പ്രവഹിക്കുന്നു. അതായത് വവ്വാലുകളുടെ ആരോഗ്യം കുറയുമ്പോൾ അവയുടെ ശരീരത്തിലെ സൂക്ഷ്മാണുക്കൾ ഉമിനീരിലൂടെയും മൂത്രത്തിലൂടെയും പുറത്തേക്ക് പ്രവേശിക്കുകയും പുതിയ കേന്ദ്രം അന്വേഷിക്കാൻ തുടങ്ങുകയും ചെയ്യുന്നു. ഇങ്ങനെയാണ് ഇവ പന്നി പോലുള്ള മറ്റു ജീവികളിലേക്കും മറ്റും വ്യാപിക്കുന്നത്.”
സാധാരണ ഗതിയിൽ സമ്മർദത്തിൽ അല്ലാത്ത വവ്വാലുകളുടെ സാമിപ്യം ഉണ്ടാകുമ്പോൾ മനുഷ്യർക്ക് രോഗമുണ്ടാകാനുള്ള സാധ്യത വളരെ കുറവാണെന്നും ഇവിടെയാണ് വവ്വാലുകൾ ജീവിക്കുന്ന ചുറ്റുപാടുകളെ അതേപടി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത കടന്നുവരുന്നതെന്നും ഡോ.സജീവ് ടി.വി. ചൂണ്ടിക്കാട്ടി. ” കേരളത്തിൽ ഹൈവേ വികസന പ്രവർത്തനങ്ങൾക്കായി മുറിച്ചു മാറ്റിയ വന്മരങ്ങൾ, വവ്വാലുകൾ പോലുള്ള ഒരുപാട് ജീവജാലങ്ങളുടെ ആവാസ വ്യവസ്ഥയായിരുന്നു എന്നത് തിരിച്ചറിയപ്പെടാതെ പോകുന്ന വസ്തുതയാണ്. നമ്മുടെ വികസന പ്രവർത്തനങ്ങളിൽ ദീർഘകാല വീക്ഷണവും പരിസ്ഥിതി ബോധം കാത്തു സൂക്ഷിക്കലും വളരെ കുറവാണ്. കോഴിക്കോട്ടെ പച്ചപ്പുള്ള സ്ഥലങ്ങൾ പെട്ടെന്നൊരു ദിവസമാണ് ഹൈവേയ്ക്ക് വേണ്ടി കയ്യേറിയത്. വവ്വാലുകളും മരപ്പട്ടികളും മറ്റു ജീവികളുമൊക്കെ കൂട്ടത്തോടെ ജീവിച്ചിരുന്ന ആ ജൈവസമ്പത്ത് പിന്നീട് വിലകൂടിയ പ്ലോട്ടുകളായി മാറിയപ്പോൾ അവിടെ ജീവിച്ചിരുന്ന ജന്തുലോകം നേരിട്ടത് വലിയൊരു ഭീഷണിയായിരുന്നു. വൻമരങ്ങളുള്ള സ്ഥലങ്ങൾ തീർച്ചയായും സംരക്ഷിക്കപെടുക തന്നെ വേണം. വനം, കൃഷി, ജൈവ വൈവിധ്യ ബോർഡ്, ഇറിഗേഷൻ-പ്ലാൻറ്റേഷൻ കോർപ്പറേഷൻ, പി.ഡബ്ല്യു.ഡി, തദ്ദേശ ബയോ മോണിറ്ററിങ് കമ്മിറ്റി എന്നിവയുടെയെല്ലാം പ്രവർത്തനം ഇവിടെ വേണം. നിപയുമായി ബന്ധപ്പെട്ട് പ്രദേശിക തലത്തിലുള്ള വിവിധ ജൈവ വൈവിധ്യ കമ്മിറ്റികൾ ഉടനടി ചെയ്യേണ്ട കാര്യങ്ങൾ എന്തെന്നാൽ അവരുടെ പഞ്ചായത്തിൽ വവ്വാലുകൾ കൂട്ടത്തോടെ താമസിക്കുന്ന ഇടം കണ്ടെത്തി, കൃത്യമായി അത് മാപ്പ് ചെയ്ത് അവിടെ നിലനിർത്തുന്നുണ്ട് എന്ന് ഉറപ്പു വരുത്തുകയാണ്. അതിനാവശ്യമായ നിയമ സംവിധാനം കൊണ്ട് വന്ന് എത്രയും പെട്ടെന്ന് പ്രൊട്ടക്ടഡ് ഏരിയാസ് ( സംരക്ഷണ മേഖല) ആക്കി മാറ്റണം. വവ്വാലുകളുടെ സംരക്ഷണത്തിന് കേരളത്തിൽ ഇൻസ്സ്ടിട്യൂഷൻ മെക്കാനിസം നിലവിലുണ്ട്. കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും ബയോ ഡൈവേഴ്‌സിറ്റി മോണിറ്ററിങ് കമ്മിറ്റി (ബി എം സി)യുണ്ട്. കേരളത്തിൽ അത് സ്റ്റേറ്റ് ബയോ ഡൈവേഴ്‌സിറ്റി ബോർഡിന്റെ ടെക്നിക്കൽ സപ്പോർട്ടോടുകൂടിയാണ് പ്രവർത്തിക്കുന്നത്. ഓരോ ജില്ലയിലും ഇതിനുള്ള കോർഡിനേറ്റർമാരുണ്ട്. ഈ പ്രവർത്തനങ്ങൾ സംയോജിപ്പിക്കണം.”
മനുഷ്യരുടെ ശീലങ്ങൾ മാറ്റിയാൽ ഈ രോഗങ്ങൾ ഒരു പരിധി വരെ വ്യാപിക്കുന്നത് തടയാനാകുമെന്ന് സൂസൻ അബ്രഹാമിന്റെ അഭിപ്രായം. “ഇന്നുള്ള ഓരോ വൈറസിനും മ്യുട്ടേഷൻ സംഭവിച്ച് ഇനിയുള്ള കാലത്തും പകർച്ച വ്യാധികൾ ഉണ്ടാവുക തന്നെ ചെയ്യും. പക്ഷേ അതിനെ ചെറുക്കാനാവശ്യമായ കൃത്യമായ മുൻകരുതലുകൾ നമ്മൾ സ്വീകരിക്കേണ്ടതുണ്ട്. എലിപ്പനിയെ നിയന്ത്രിക്കാൻ എലികൾ പെരുകുന്നതിനുള്ള സാഹചര്യം ഇല്ലാതെയാക്കണം. അതിനു നമ്മുടെ മാലിന്യസംസ്കരണ രീതികളിൽ മാറ്റം വരുത്തേണ്ടതുണ്ട്.പക്ഷിപ്പനിയെ നിയന്ത്രിക്കാൻ പക്ഷികളെ കൂട്ടത്തോടെ കൊന്നൊടുക്കേണ്ടി വരുന്നത് ഈ മേഖലയിൽ ജീവിത മാർഗം കണ്ടെത്തുന്ന കർഷകരെ പ്രതികൂലമായി ബാധിക്കും. അക്കാരണത്താൽ അതിന് മറ്റു നിയന്ത്രണ മാർഗ്ഗങ്ങൾ ആലോചിക്കേണ്ടതുണ്ട്.”
“ഒരു മാരക രോഗം വ്യാപിച്ചതിനുശേഷമുള്ള പ്രതിരോധ പ്രവർത്തനങ്ങൾ കേരളത്തിൽ വളരെ വേഗത്തിൽ നടക്കുന്നുണ്ട് എങ്കിലും അതുവരാതെ നോക്കുന്നതിനുള്ള മുൻകരുതലുകളിൽ ജാഗ്രതയില്ല എന്നത് ആരോഗ്യ വകുപ്പ് പൊതുവിൽ കേൾക്കുന്ന ഒരു വിമർശനമാണ്. നിപ വിഷയത്തിലും വളരെ വ്യാപകമായി ഉയർന്നു കേട്ട ഒരു വാദമാണത്. പക്ഷെ ഒരു ജന്തു ജന്യരോഗം പകരുന്നതിൽ ആരോഗ്യ വകുപ്പ് മാത്രമല്ല, പരിസ്ഥിതി വകുപ്പ് കൂടി ഉത്തരവാദിത്തം ഏറ്റെടുക്കണം” എന്നാണ് ഡോ.സജീവ് ടി.വിയുടെ അഭിപ്രായം.
ജന്തുജന്യ രോഗങ്ങൾ സൃഷ്ടിക്കുന്ന വെല്ലുവിളികൾ ഫലപ്രദമായി പ്രതിരോധിക്കാനും പൊതുജനാരോഗ്യം സംരക്ഷിക്കാനും നമ്മുടെ ആരോഗ്യ സമീപനങ്ങളിൽ നയപരമായ ഒരു മാറ്റം ആവശ്യമാണ്. മനുഷ്യന്റെ ആരോഗ്യം മാത്രം കേന്ദ്രീകരിച്ചുകൊണ്ടുള്ള പ്രതിരോധ പ്രവർത്തനങ്ങളും മരുന്നുപയോഗവും കൊണ്ട് ജന്തുജന്യ രോഗനിയന്ത്രണം സാധ്യമല്ല. മനുഷ്യനെയും മൃഗങ്ങളെയും ബാധിക്കുന്ന എല്ലാ സൂക്ഷ്മജീവികളും ഒരേ പരിസ്ഥിതിയിലാണ് നിലനിൽക്കുന്നത് എന്നതുകൊണ്ടുതന്നെ മനുഷ്യനു ചുറ്റുമുള്ള ജീവജാലങ്ങളുടെയും, അവയുടെ ആവാസ വ്യവസ്ഥയുടെയും ആരോഗ്യം സംരക്ഷിക്കേണ്ടത് ജന്തുജന്യ രോഗനിയന്ത്രണത്തിന് അനിവാര്യമാണ്. മനുഷ്യരുടെ ആരോഗ്യം എന്നത് പ്രകൃതിയുടെയും മറ്റു ജീവജാലകങ്ങളുടെയും ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. മനുഷ്യാരോഗ്യത്തോടൊപ്പം മൃഗങ്ങളുടെയും പരിസ്ഥിതിയുടെയും ആരോഗ്യം നിലനിര്‍നിത്തുക എന്ന ലക്ഷ്യത്തോടെ ലോകാരോഗ്യ സംഘടന വിഭാവനം ചെയ്ത ഏകാരോഗ്യം (വൺ ഹെൽത്ത്) എന്ന സമീപനം പ്രസക്തമാകുന്നത് ഇവിടെയാണ്.
വേണ്ടത് ഏകാരോഗ്യമെന്ന സമീപനം
ഏകാരോഗ്യം എന്ന ആശയം പ്രാവർത്തികമാക്കിയാൽ മാത്രമേ ജന്തുജന്യ രോഗനിയന്ത്രണം ഫലവത്താവുകയുള്ളൂ എന്നാണ് ഗവേഷകനായ ഡോ. ദിവിൻ മുരുകേഷ് പറയുന്നത്. “ചുറ്റുമുള്ള ജന്തുലോകത്തിന്റെയും പ്രകൃതിയുടെയും വൈവിധ്യവും അവ സംരക്ഷിക്കപ്പടേണ്ടതിന്റെ അനിവാര്യതയും മനുഷ്യൻ തിരിച്ചറിയുക വഴി മാത്രമാണ് ഏകാരോഗ്യം എന്ന ആശയം സാധ്യമാവൂ. ഓന്തും അരണയും പാമ്പും പക്ഷികളും തേരട്ടയും മിന്നാമിനുങ്ങുകളും പൂത്താങ്കീരികളും ഒക്കെയുള്ള നമ്മുടെ നാട്ടിൻ പുറങ്ങളിലെ ജൈവ സമ്പത്ത് ഇന്ന് ഘട്ടംഘട്ടമായി അപ്രത്യക്ഷമായി കൊണ്ടിരിക്കുകയാണ്. വീട് നിർമിക്കുന്നതിനും മറ്റും വെട്ടു കല്ല് എടുക്കുന്നത്, ക്വാറി പൊട്ടിക്കുന്നത് പോലെ നാൾക്കുനാൾ പ്രകൃതി കയ്യേറ്റം ചെയ്യപെടുന്നു. ഏതൊരു നിലത്തെയും തരം മാറ്റി മനുഷ്യന്റെ ആവശ്യത്തിനായി മാറ്റാൻ നമ്മുടെ നിയമ സംവിധാനത്തിനകത്ത് തടസങ്ങളൊന്നുമില്ല. പക്ഷെ അത് മനുഷ്യർ ചർച്ച ചെയ്യുന്നതേയില്ല. തണ്ണീർ തടങ്ങളും കണ്ടൽ കാടുകളും വേസ്റ്റ് ലാൻഡ് ആണെന്ന് കരുതിയിരുന്ന ഒരു കാലം ഇപ്പോൾ കഴിഞ്ഞു പോയിട്ടേയുള്ളൂ.”
സഹജീവികളെക്കുറിച്ചും അവരുമായി മനുഷ്യൻ ഐക്യപ്പെട്ട് ജീവിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുമുള്ള അടിസ്ഥാന പാഠങ്ങൾ വിദ്യാലയങ്ങളിലെ ശാസ്ത്ര പാഠപുസ്തകങ്ങൾ പഠിപ്പിക്കുന്നുണ്ടോ എന്ന ചോദ്യവും ദിവിൻ ഉന്നയിച്ചു. മനുഷ്യ ജീവനെ പോലെ തന്നെ പ്രധാനപ്പെട്ടതാണ് മറ്റു ജീവികളുടേതും എന്ന ബോധം വളർന്നു വരുന്ന തലമുറയിൽ ഉണ്ടാകേണ്ടതുണ്ട്. അതിന് സ്‌കൂൾ തലം മുതലേ തന്നെ അത്തരം വിഷയങ്ങൾ പഠിപ്പിക്കേണ്ടതുണ്ട്. World snake Day ആചരിക്കുന്ന ദിവസം മാത്രം സ്‌കൂളുകളിൽ പാമ്പുകളുടെ പ്രാധാന്യത്തെക്കുറിച്ചുള്ള ക്ലാസ്സുകളോ ,ക്വിസ് മത്സരമോ സംഘടിപ്പിച്ചിട്ടു കാര്യമില്ലെന്നും നിത്യജീവിതത്തിൽ കുട്ടി പഠിച്ചിരിക്കേണ്ട കാര്യമാണത് എന്നും ശാസ്ത്ര വിദ്യാഭ്യാസം മസ്തിഷ്‌കത്തിന്റെ ഘടന പഠിപ്പിക്കലല്ല എന്നും ദിവിൻ അഭിപ്രായപ്പെട്ടു.
‘One health’ എന്ന ആശയം സാധ്യമാക്കാൻ സമൂഹത്തിൽ സിറ്റിസൺ സയൻസ് (പൗരശാസ്ത്രം) പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അതെങ്ങനെ സാധ്യമാക്കാമെന്നും ദിവിൻ മുരുകേഷ് കേരളീയത്തോട് വിശദമാക്കി. “പൗരശാസ്ത്രം വളർത്തുക വഴി സഹജീവികളെ അറിയാനും സംരക്ഷിക്കാനും നശിപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കാനും ഉണ്ടാകേണ്ട മനുഷ്യന്റെ തിരിച്ചറിവാണ് പരിപോഷിപ്പിക്കുന്നത്. നാട്ടിൽ വെള്ളി മൂങ്ങയെ കാണുമ്പോൾ നാട്ടുകാർ ഉടനെ ഫോറെസ്റ്റ് ഡിപ്പാർട്ട്മെന്റിനെ അറിയിക്കും, പക്ഷെ വെള്ളിമൂങ്ങയ്ക്ക് നാട്ടിൽ മാത്രമേ ജീവിക്കാനാകൂ. അതുപോലെ പരിസരത്ത് ഒരു പാമ്പിനെ കണ്ടാൽ അതിനു വിഷം ഉണ്ടോ ഇല്ലയോ എന്ന് മനസിലാക്കാതെ ഉടനെ അതിനെ തല്ലിക്കൊല്ലാനാണ് ആളുകൾ ശ്രമിക്കുക. പക്ഷെ അവിടെയാണ് ഫോറെസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ സഹായം അഭ്യർത്ഥിക്കേണ്ടത്. സഹജീവികളുടെ സുരക്ഷയെ കുറിച്ച് അറിവില്ലാത്ത ആളുകളാണ് ഇങ്ങനെ പ്രവർത്തിക്കുന്നത്. അത് മാറണം. ഇന്ത്യയിൽ എലിയെ ആരാധിക്കുന്ന ഒരു ക്ഷേത്രമുണ്ട്, എലി കഴിച്ച ഭക്ഷണമാണ് അവിടത്തെ പ്രസാദം. പക്ഷെ ആ സ്ഥലത്ത് അക്കാരണം കൊണ്ട് പ്ളേഗോ എലിപ്പനിയോ റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുള്ളതായി വാർത്തകളിൽ കണ്ടില്ല. സഹജീവികളോട് ഐക്യപ്പെട്ടു കൊണ്ടുള്ള സംസ്‍കാരം അവിടെ രൂപപ്പെട്ടുവന്നിട്ടുണ്ട്. “ഏകാരോഗ്യം സാധ്യമാക്കാൻ ദീർഘവീക്ഷണത്തോടു കൂടെയുള്ള ഒരു ഗവേഷണ പിൻബലം ആവശ്യമുണ്ടെന്നും കൃഷിയുമായും വന്യജീവികളുമായും ബന്ധപ്പെട്ട് നമ്മുടെ നാട്ടിലുള്ള ഗവേഷണ സ്ഥാപനങ്ങളെ വേണ്ടവിധത്തിൽ പ്രയോജനപ്പെടുത്താൻ കഴിഞ്ഞാൽ നിലനിൽക്കുന്ന പ്രതിസന്ധിയെ ശാസ്ത്രത്തിന്റെ ശരിയായ പ്രയോഗത്തിലൂടെ നേരിടാനാകുമെന്നും ദിവിൻ മുരുകേഷ് പറയുന്നു.
ലോകബാങ്കിന്റെ സഹകരണത്തോടെ രാജ്യത്താദ്യമായി ഏകാരോഗ്യ പദ്ധതി നടപ്പിലാക്കാനുള്ള തയ്യാറെടുപ്പിലാണ് കേരളം. 2023 ൽ കേരള നിയമസഭ പാസാക്കിയ പൊതുജനാരോഗ്യ ബില്ലും ഏകാരോഗ്യമെന്ന സമീപനമാണ് മുന്നോട്ട് വെക്കുന്നത്. വികസിത രാജ്യങ്ങൾക്ക് സമാനമായ വളർച്ച കേരളത്തിലെ ആരോഗ്യ മേഖലയിലുണ്ടെന്ന് പറയുമ്പോഴും ജീവിത ശൈലീ രോഗങ്ങളുടെ വർദ്ധനവും ജന്തുജന്യ രോഗങ്ങൾ ഉയർത്തുന്ന വെല്ലുവിളികളും നാം തിരിച്ചറിയേണ്ടതുണ്ട്. ചുറ്റുമുള്ള ജീവികളെയും അവയുടെ ആവാസ വ്യവസ്ഥയെയും പരിഗണിക്കുന്ന സമീപനത്തിലൂടെ മാത്രമേ ജന്തുജന്യ രോഗങ്ങളെ നേരിടാനും നിയന്ത്രിക്കാനും സാധ്യമാകൂ എന്ന യാഥാർത്ഥ്യം സമൂഹമെന്ന രീതിയിൽ നാം തിരിച്ചറിയേണ്ടതുണ്ട്. ഇപ്പോഴുണ്ടാകുന്ന പല രോഗങ്ങൾ സംബന്ധിച്ച ആശങ്കകളും ഊഹാപോഹങ്ങളും മനുഷ്യരെ പ്രകൃതിയിൽ നിന്നും ജീവജാലങ്ങളിൽ നിന്നും അകറ്റുന്നതാണ്. അതിനു പരിഹാരമായി ഏകാരോഗ്യം പോലെയുള്ള ശാസ്ത്രീയ അറിവുകൾ സാധാരണ ജനങ്ങളിലേക്ക് എത്തുന്ന പ്രവർത്തനങ്ങൾ ആവശ്യമാണ്. ഇത്തരം സമീപനത്തിലൂടെ ജന്തുജന്യ രോഗങ്ങളെ ഫലപ്രദമായി പ്രതിരോധിക്കുന്നതിനോടൊപ്പം മനുഷ്യരും പ്രകൃതിയുമായുണ്ടായിരുന്ന സന്തുലിത ബന്ധം തിരികെ കൊണ്ട് വരാൻ സാധിക്കും. എല്ലാ ജീവജാലങ്ങൾക്കും ഈ പ്രകൃതിയിൽ പ്രാധാന്യമുണ്ടെന്നും, ഓരോന്നും പരസ്പര ബന്ധിതമാണെന്നും, ആവാസ വ്യവസ്ഥയിലെ ഒരു ജീവനുണ്ടാകുന്ന ഭീഷണി പോലും മൊത്തം ആവാസ വ്യവസ്ഥയുടെ ആരോഗ്യത്തെ ബാധിക്കുമെന്നത് കണക്കിലെടുത്തുകൊണ്ടുള്ള വികസന പ്രവർത്തനങ്ങളാണ് ഇനിയുള്ള കാലം ആവശ്യപ്പെടുന്നത്. ഇത്തരം സമീപനങ്ങളിലൂടെ മാത്രമേ കേരളം ഇപ്പോൾ നേരിടുന്ന ആരോഗ്യ പ്രതിസന്ധിക്ക് പരിഹാരം കാണാൻ കഴിയുകയുള്ളൂ.