സണ്ണിയും ശബരിമലയും

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

സണ്ണിയും ഞാനും സൗഹൃദം പങ്കിടുന്നവരാണ്. അദ്ദേഹം അംബേദ്കർ ആശയങ്ങളിൽ വിശ്വസിക്കുന്നു. ഞാൻ ഗാന്ധിയൻ ധാതുക്കളിലും. അതിനർത്ഥം ഞാൻ അംബേദ്കർ ധാതുക്കൾ സ്വാംശീകരിച്ചിട്ടില്ലെന്നല്ല. അതുപോലെ സണ്ണിയും. ഇന്നത്തെ ഇന്ത്യൻ അവസ്ഥയിൽ അംബേദ്കറും ഗാന്ധിയും നെഹ്‌റുവും അത്യാവശ്യമാണ്.

ഞങ്ങളുടെ സൗഹൃദത്തിൽ സണ്ണി സൗമ്യനും മിതഭാഷിയുമാണ്. 2026 ആഗസ്റ്റ് 29-ലെ ദി ഹിന്ദു പത്രത്തിൽ നിന്നാണ് മനസ്സിലാക്കുന്നത്, മാളികപ്പുറം, ശ്രീഅയ്യപ്പൻ എന്നീ ദൈവങ്ങളെപ്പറ്റി തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാലയിലെ സമരവേദിയിൽ അദ്ദേഹം പ്രസംഗിച്ചതിനെപ്പറ്റി. സമൂഹത്തിൽ കലാപമുണ്ടാക്കുന്ന തരത്തിലുള്ളതും മതവികാരങ്ങളെ വ്രണപ്പെടുത്തുന്ന രീതിയിലും പ്രസംഗിച്ചെന്നാരോപിച്ച് ഹിന്ദു ഐക്യവേദിയുടെ സെക്രട്ടറി മനോജ് കുമാർ പൊലീസിൽ നൽകിയ പരാതിയിൽ സണ്ണിക്കെതിരെ എഫ്.ഐ.ആർ എടുത്തു. സണ്ണി ഖേദം പ്രകടിപ്പിച്ചു, എന്നാൽ തന്റെ വാദങ്ങളിൽ ഉറച്ചുനിൽക്കുകയും ചെയ്തു. ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും സണ്ണിക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ടു. വാസ്തവത്തിൽ സണ്ണിയുടെ ഖേദപ്രകടനത്തോടെ കാര്യം അവിടെ അവസാനിക്കേണ്ടതാണ്. എന്നാൽ ഹിന്ദു ഐക്യവേദി-ബി.ജെ.പി. സംഘപരിവാർ ലക്ഷ്യം ഹിന്ദുവിന്റെ വികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച്, ഹിന്ദുവോട്ടുകൾ ഐക്യപ്പെടുത്തുകയാണ്.

ഇന്ത്യയിലുടനീളം ഇത്തരം കേസുകൾ ധാരാളമുണ്ട്. പ്രധാനമന്ത്രി എൺപതാം സ്വാതന്ത്ര്യദിനത്തിൽ പല വികസന സാധ്യതകളും പറയുന്നതിനൊപ്പം, ചിന്തിക്കുന്ന ഇന്ത്യൻ പൗരരെ ഓർമ്മപ്പെടുത്തി – നിങ്ങൾ ചിന്തിക്കുന്നത് രാജ്യത്തിന് അപകടമാണ്, രാജ്യദ്രോഹമാണ്. ആർ.എസ്.എസ്.-ബി.ജെ.പി. നിഘണ്ടുവിൽ അർബൻ നക്‌സൽ കൂടാതെ ഒരു വാക്ക് കൂടി സ്ഥാനം പിടിച്ചു, ഇന്റലക്ച്വൽ നക്‌സൽ. താമസിയാതെ ഗാന്ധിയൻ നക്‌സൽ എന്ന വാക്കും നമുക്ക് കേൾക്കാം.

സണ്ണി എം കപിക്കാട്

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര റിട്ടയർ ചെയ്യുന്നതിന് (2018, ഒക്ടോബർ) മുമ്പുള്ള മാസങ്ങളിൽ ഉന്നതനീതിപീഠം മൂന്ന് ചരിത്രവിധികൾ പ്രസ്താവിച്ചു. അതിലൊന്ന് ശബരിമല സ്ത്രീപ്രവേശനമാണ്. അയ്യൻകാളിയും ചട്ടമ്പിസ്വാമിയും ശ്രീനാരായണഗുരുവും ബ്രഹ്‌മാനന്ദ സ്വാമി ശിവയോഗിയും സഹോദരൻ അയ്യപ്പനും വി.ടി. ഭട്ടതിരിപ്പാടും കേളപ്പജിയും ആത്മീയ ഗുരുക്കന്മാരും മനുഷ്യസ്‌നേഹികളും രൂപപ്പെടുത്തിയ നവോത്ഥാന ധാരകൾ വേരോടിയ കേരളം, അതിനുശേഷം പിന്തിരിഞ്ഞ് നടന്ന് പ്രാകൃതവും അന്ധവിശ്വാസജടിലവുമായ ഒരുത്തരാധുനിക സത്യാനന്തര കാലത്തിലേക്ക് എത്തുന്നതാണ് വർത്തമാനം. ഒരു ഭാഗത്ത് ക്രിസ്ത്യൻ പൗരോഹിത്യം, മറ്റൊരു ഭാഗത്ത് ഇസ്ലാം തീവ്രവാദപൗരോഹിത്യം, ഇതിന്റെയെല്ലാം ചൂഷണത്തിനായി സംഘപരിവാറിന്റെ ഹിന്ദുത്വം. അതാണ് ഇന്നത്തെ കേരളത്തിന്റെ ധാർമ്മിക പ്രതിസന്ധി. ഈ പ്രതിസന്ധിയെ മറികടക്കാനുള്ള വഴിയാണ് എഴുത്തുകാരും സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകരും ചെയ്യേണ്ടതെന്ന് ഉറച്ച് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ.

ഇന്ത്യ ഇന്ന് നേരിടുന്നത് കടുത്ത ധാർമ്മിക പ്രതിസന്ധിയാണ്, ഭൂമി അതിജീവന ഭീഷണിയും. ഇതിനെ തുരങ്കം വയ്ക്കുന്നതാണ് ഇന്ത്യയിലെ രാഷ്ട്രീയ-ഭരണ പ്രതിപക്ഷങ്ങളടക്കം. വല്ലപ്പോഴും ഈ ധാർമ്മിക പ്രതിസന്ധിയിൽ വെളിച്ചം വീശുന്നത് രാഹുൽ ഗാന്ധിയാണ്. പക്ഷേ, അദ്ദേഹം ഒറ്റയ്ക്കാണ്, പാർട്ടി പോലും കൂടെയില്ല.

ശബരിമല സ്ത്രീപ്രവേശനത്തിന്റെ വിധി വന്ന ദിവസം മാർക്‌സിസ്റ്റ് പാർട്ടിയും സംഘപരിവാറുമെല്ലാം വിധിയെ സ്വാഗതം ചെയ്തു. കോൺഗ്രസ് മൗനം പാലിച്ചു. പിറ്റേന്നാൾ എല്ലാവരും മലക്കം മറിഞ്ഞു. ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കുന്നതുകൊണ്ട് ശ്രീ അയ്യപ്പന്റെ ബ്രഹ്‌മചര്യത്തിന് കോട്ടം തട്ടും, ഋതുചക്രം നിലയ്ക്കാത്ത സ്ത്രീകൾ അയ്യപ്പന്റെ ബ്രഹ്‌മചര്യ വ്രതത്തിന് ദോഷം ചെയ്യും. അയ്യപ്പകീർത്തനങ്ങളുമായി സംഘപരിവാർ സ്ത്രീകളെ തെരുവിലിറക്കി. മാർക്‌സിസ്റ്റ് പാർട്ടി തങ്ങൾ മതനിരപേക്ഷരാണെന്ന് വരുത്താൻ രണ്ട് വഞ്ചികളിൽ കാലിട്ട് തരാതരം കളിച്ചു. കോൺഗ്രസും പറഞ്ഞു, തങ്ങൾ വിശ്വാസികൾക്ക് എതിരല്ലെന്ന്.

ശബരിമല സ്ത്രീപ്രവേശന വിധിക്കെതിരെ നടന്ന സമരം. കടപ്പാട്:thehindu

ശബരിമല വിധി സുപ്രീം കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടു. വിചാരണ തുടരുകയാണ്. അയോധ്യ വിധിയുടെ അനുബന്ധം പോലെ ഭൂരിപക്ഷ വിശ്വാസത്തെ പരിഗണിച്ച് ശബരിമല വിധിയും അട്ടിമറിക്കപ്പെട്ടുകൂടായികയില്ല. കവി സച്ചിദാനന്ദന്റെ ‘കോഴിപ്പങ്ക്’ എന്ന കവിതയാണ് ഓർമ്മയിലെത്തുന്നത്. എന്റെ കോഴിയെ നിങ്ങൾ എടുത്തോളൂ, എന്റെ പങ്ക് എനിക്ക് (അത് പങ്കാകാം) എനിക്ക് തരണം എന്ന് വിചാരിക്കുന്ന ന്യായാധിപന്മാർ ഉന്നതനീതിപീഠത്തിൽ കൂടിക്കൊണ്ടിരിക്കുകയാണെന്ന് മോഹൻ ഗോപാൽ അയോധ്യ വിധിക്ക് ശേഷം ഒരഭിമുഖത്തിൽ പറയുകയുണ്ടായി.

ഇനി 1958-ലേക്ക് പോകാം. എനിക്ക് അന്ന് അഞ്ച് വയസ്സാണ്. അയ്യപ്പഭക്തനായ അച്ഛന്റെ കൂടെ വണ്ടിപ്പെരിയാർ വഴി പതിനാറു നാഴിക നടന്നാണ് ശബരിമലയിലെത്തുന്നത്. ഇന്ന് പറഞ്ഞാൽ വിശ്വസിക്കില്ല, ഞങ്ങൾ വിരിവെച്ചത് പതിനെട്ടാം പടി കയറിച്ചെന്ന് മേൽശാന്തിയുടെ മുറിയ്ക്ക് പുറത്താണ്. ആകെ അമ്പതിൽ കൂടുതൽ ഭക്തരില്ല. ഞാൻ അയ്യപ്പന് ചുറ്റും മറ്റ് കുട്ടികൾക്കൊപ്പം ഓടിക്കളിച്ചത് ഓർക്കുന്നു. പത്താം ക്ലാസിലെത്തുമ്പോഴേക്കും ചാലക്കയം വഴിയായി യാത്ര. പമ്പയിൽ മുങ്ങിക്കുളിച്ച് കയറുമ്പോൾ ശരീരം മുഴുവൻ മലം. അതോടെ ഞാൻ യാത്ര നിർത്തി. കാലത്തിന്റെ അതിവേഗതയിൽ ജനങ്ങൾ തിങ്ങിനിറഞ്ഞു. പവിത്രമായ സ്ഥലം മലിനമായി. ഒടുവിൽ നാം കാണുന്നത് പിണറായി സർക്കാരിന്റെ അവസാന വർഷങ്ങളിൽ സ്വർണ്ണപ്പാളികളും (സ്വർണ്ണമായതെല്ലാം) തന്ത്രിയും ദേവസ്വം ബോർഡും അറിഞ്ഞുകൊണ്ടുതന്നെ മോഷ്ടിക്കപ്പെടുന്നതാണ്. കേസ് കോടതിയിലാണ്. ശബരിമല ഒരു ധനമാർഗമായപ്പോഴാണ് അവിടെ അന്ധവിശ്വാസങ്ങളും മിത്തും വർദ്ധിക്കുന്നത്. ശബരിമല അയ്യപ്പനും മുസ്ലിമായ വാവരും തമ്മിലുള്ള സൗഹൃദം ഇപ്പോൾ ആരും ഓർമ്മിക്കുന്നില്ല.

ശബരിമല ഒരു ഹൈന്ദവക്ഷേത്രമാണെന്ന് ഐതിഹ്യങ്ങളേയുള്ളൂ. അത് മലയരയുടെ കാട്ടിലെ ദൈവമായിരുന്നു എന്നതിനാണ് കൂടുതൽ ചരിത്രതെളിവുകൾ എന്നും വായിച്ചിട്ടുണ്ട്. പ്രതിഷ്ഠ ബുദ്ധനാണെന്നും. ഇതൊന്നും രാഷ്ട്രീയ പാർട്ടികൾ തലകുലുക്കി സമ്മതിച്ചുതരില്ല. സണ്ണി ചില കാര്യങ്ങൾ പറഞ്ഞു. ആരെയെങ്കിലും വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിൽ അതിന് ക്ഷമ ചോദിക്കുകയും ചെയ്തു. സമൂഹമാധ്യമങ്ങളിൽ സണ്ണിയുടെ ഭാര്യയെയും പെൺമക്കളെയും പേരക്കുട്ടികളെയും അപമാനിക്കുന്ന രീതിയിൽ അസഭ്യം പറയുന്നതും മരിച്ചുപോയ മാതാപിതാക്കളെ അപകീർത്തിപ്പെടുത്തുന്നതും ഏത് ദൈവത്തിന്റെ പേരിലാണ്. കേരളമേ, ലജ്ജിക്കുന്നു.

പമ്പ നദിയിലെ മാലിന്യങ്ങൾ ഭക്ഷിക്കാനെത്തുന്ന കാട്ടുപന്നി ശബരിമലയിൽ നിന്നുള്ള ദൃശ്യം. കടപ്പാട്:scroll.in

ഹിന്ദുയിസത്തിന്റെ സനാതന മൂല്യങ്ങളെന്ന് ​ഗാന്ധി വിശേഷിപ്പിച്ച സത്യത്തിന്റെയും അഹിംസയുടെയും ചേതനയിൽ നിന്നുകൊണ്ട് ഗാന്ധിയുടെ ‘ഭാഷ’യിൽ (ഇന്നുണ്ടായിരുന്നെങ്കിൽ) പറഞ്ഞാൽ സ്ത്രീകളെ ശബരിമലയിൽ പ്രവേശിപ്പിച്ച്, പഴയ അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും അറുതിവരുത്തണമെന്നുള്ള ആത്മബോധം ഉണ്ടാകേണ്ടത് ഹിന്ദുക്കളിൽ നിന്നാണ്… കേരളം ഇന്നാവശ്യപ്പെടുന്നത് ദലിത്-ആദിവാസി സ്ത്രീകൾ സ്വമേധയാ മനഃശുദ്ധി വ്രതമെടുത്ത്, ഇരുമുടിക്കെട്ടുമായി കറുത്ത വസ്ത്രം ധരിച്ച് സന്നിധാനത്തേക്ക് അഹിംസാത്മകമായി നീങ്ങണമെന്നാണ്. അവരുടെ ചുണ്ടിലും മനസ്സിലും ഒരേ മന്ത്രമേ വേണ്ടൂ, ബുദ്ധം ശരണം, ധർമ്മം ശരണം, സംഘം ശരണം ഗച്ഛാമി. ശബരിമല ധർമ്മശാസ്താവിന്റെ ക്ഷേത്രം എല്ലാ ജാതികൾക്കും മതങ്ങൾക്കും ലിംഗഭേദങ്ങൾക്കും അതീതനായിരുന്ന ശ്രീ ബുദ്ധഭഗവാന്റെ ശരണമന്ത്രങ്ങളാൽ മുഖരിതമാകണം. എല്ലാ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കത്തിച്ചാമ്പലാവട്ടേ. ആ മാധുര്യമേറിയ ശരണം വിളികളാൽ, ജാതി-മത-ലിംഗഭേദമന്യേ മാനവസമൂഹം മാത്രമല്ല, ഭൂമിയിലെ പുല്ലും പുഴുവും വായുവും ജലവും സ്വാതന്ത്ര്യത്തിന്റെ പുലരിയിലെത്തട്ടേ. ബുദ്ധനും നാരായണഗുരുവും ഗാന്ധിയും അംബേദ്കറും ധന്യരാകട്ടേ.

പ്രിയ സ്‌നേഹിതൻ സണ്ണിയോട് പറയാനുള്ളത് ബുദ്ധൻ പറഞ്ഞതാണ്: സമൂഹമാധ്യമങ്ങളിൽ നിങ്ങൾക്ക് നേരെയുള്ള അസഭ്യ-പുലഭ്യ-മരണഭീഷണികൾ നിങ്ങൾ സ്വീകരിക്കാതിരിക്കുക. ആ അസഭ്യവും പുലഭ്യവും ആരിൽ നിന്ന് വന്നുവോ, അവരിലേക്ക് തന്നെ മടങ്ങും.

Also Read

4 minutes read September 5, 2026 2:12 pm