

Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


കേരളത്തിൽ നിന്നുള്ള രണ്ട് കന്യാസ്ത്രീകള്‍ ഛത്തീസ്ഗഡില്‍ ആക്രമിക്കപ്പെട്ടതാണ് ഇന്ന് പത്രങ്ങളെിലെ പ്രധാന വാര്‍ത്ത. മനോരമയുടെ ലീഡ് സ്‌റ്റോറിയാണിത്. മുന്‍പേജിലും മറ്റ് പേജുകളിലുമായി നിരവധി വാര്‍ത്തകള്‍ വേറെയുമുണ്ട്. ആക്രമിക്കപ്പെട്ട കന്യാസ്ത്രീകളുടെ വീട് സന്ദര്‍ശിച്ച് പ്രത്യേക വാര്‍ത്തകളുമുണ്ട്. കേരളത്തിലെയും പുറത്തെയും മെത്രാന്‍മാരുടെയും പ്രസ്താവനകളും ഫോട്ടോ സഹിതം ചേര്‍ത്തിട്ടുണ്ട്. മതനിരപേക്ഷതയ്ക്ക് കടുത്ത ഭീഷണിയെന്ന തലക്കെട്ടോടെ മുഖപ്രസംഗവുമുണ്ട്. കേരളത്തിലെ എം.പിമാര്‍ പാര്‍ലമെന്റിന് അകത്തും പുറത്തും പ്രതിഷേധിച്ചതിന്റെ വാര്‍ത്തകളും ചിത്രങ്ങളുമുണ്ട്, നല്ലകാര്യം.
പക്ഷേ, മതനിരപേക്ഷത ഇന്നലെയല്ല തകര്‍ന്നത് എന്ന് ഓര്‍പ്പിക്കാനാണ് ഈ കുറിപ്പ്. 2024 ല്‍ മാത്രം 824 ആക്രമണങ്ങള്‍ കൃസ്ത്യാനികള്‍ക്കെതിരെ നടന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. മതനിരപേക്ഷതയെന്ന വാക്ക് ഉപയോഗിക്കേണ്ടത് ക്രിസ്ത്യാനികള്‍ക്കെതിരെ ആക്രമണങ്ങള്‍ നടക്കുമ്പോള്‍ മാത്രമല്ല. ഇന്ത്യയിലെ എല്ലാ മത ന്യൂനപക്ഷങ്ങള്‍ക്കെതിരെയും നടക്കുന്ന അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ഉപയോഗിക്കേണ്ട വാക്കാണിത്. എത്രയെത്ര മുസ്ലീങ്ങളെ ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ കൊലപ്പെടുത്തിയിരിക്കുന്നു. എത്രയെത്ര മുസ്ലീങ്ങള്‍ നിത്യേനയെന്നോണം ആക്രമിക്കപ്പെടുന്നു. ആദ്യം പറഞ്ഞ പോലെ 824 ആക്രമണങ്ങള്‍ ക്രിസ്ത്യാനികള്‍ക്കെതിരെ തന്നെയുണ്ടായി. അപ്പോഴെല്ലാം കേരളത്തിലെ ബിഷപ്പുമാര്‍ക്കും മാധ്യമങ്ങള്‍ക്കും അത് മതനിരപേക്ഷതയ്‌ക്കെതിരായ ആക്രമണങ്ങളായി തോന്നാതിരുന്നത് എന്തുകൊണ്ടാണ്?


അതിന്റെ ഉത്തരം രണ്ട് കാരണങ്ങളാണ്. ഒന്നാമതായി മലയാളികളുടെ പ്രാദേശിക വികാരം. രണ്ട് കേരളത്തിലെ ക്രിസ്ത്യാനികളുടെ വംശീയമെന്ന് വിളിക്കേണ്ട ജാതിബോധം. മലയാളികള്‍ ഉള്‍പ്പെട്ട കാര്യങ്ങള്‍ കേരളത്തില്‍ പ്രധാന വാര്‍ത്തയാകാറുണ്ട്. അത് വാര്‍ത്തയുടെ സാമ്പത്തികം. ഇപ്പോള്‍ രാഷ്ട്രീയക്കാര്‍ മുന്നോട്ടുവന്നിട്ടുണ്ട്. അത് വോട്ട് ലക്ഷ്യമിട്ടിട്ടുള്ള രാഷ്ട്രീയം. പ്രായോഗികമായി നോക്കുമ്പോള്‍ രണ്ടിനെയും കുറ്റം പറയാനാവില്ല. എന്നാല്‍ അതില്‍തന്നെ അതിന്റെ പരിമിതികള്‍ ഒളിഞ്ഞ് കിടക്കുന്നുണ്ട്.
ഇനി 2024 ല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 824 കേസുകളിലേക്ക് വരാം. എന്തുകൊണ്ടാണ് കേരളത്തിലെ മാധ്യമങ്ങള്‍ക്കും രാഷ്ട്രീയക്കാര്‍ക്കും ബിഷപ്പുമാര്‍ക്കും അത് മതേതരത്വത്തിനെതിരെയുള്ള പ്രശ്‌നമായി കാണാനാവാതിരുന്നത്? ഇതിന് കാരണം മുന്‍പറഞ്ഞ പ്രാദേശിക വികാരവും ജാതിബോധവുമാണ്. ഈ 824 കേസുകളില്‍ പലതും വലിയ പ്രതിസന്ധികളിലൂടെ ക്രിസ്തീയ വിശ്വാസം സ്വീകരിക്കുകയും അത് പിന്തുടരാന്‍ ശ്രമിക്കുകയും ചെയ്യുന്ന ദലിത്, ആദിവാസി വിഭാഗങ്ങളില്‍പ്പെട്ട ക്രിസ്ത്യാനികള്‍ക്കുനേരെയായിരുന്നു. അവര്‍ പലരും ഏക സത്യ സഭയായ കത്തോലക്കാ സഭയിലും പെട്ടവരായിരുന്നില്ല എന്നതാണ് കാരണം. സ്വന്തം മേലുനോവുമ്പോള്‍ മാത്രം ഉയർത്താനുള്ള വാക്കല്ല മതേതരത്വമെന്നത് ഇവിടുത്തെ രാഷ്ട്രീയക്കാരും ബിഷപ്പുമാരും ഓര്‍ക്കേണ്ട കാര്യമാണ്.
കേരളത്തിലെ സിറിയന്‍ ക്രിസ്ത്യാനികളുടെ ജാതിബോധത്തിലേക്ക് വന്നാല്‍, എല്ലാ കുടുംബങ്ങളും നമ്പൂതിരിമാര്‍ മതം മാറി ക്രിസ്ത്യാനികളായവരാണ് എന്നാണ് അവരുടെ കുടംബ ചരിത്രങ്ങളില്‍ എഴുതി പിടിപ്പിച്ചിരിക്കുന്നത്. എ.ഡി 52 ല്‍ കേരളത്തില്‍ എത്തിയെന്ന് വിശ്വസിക്കുന്ന തോമാശ്ലീഹയാണ് ഇവരെ മതം മാറ്റിയതെന്നും പ്രത്യേകും പറയുന്നുണ്ട്. എന്നാല്‍ ബ്രാഹ്മണര്‍ എട്ടാം നൂറ്റാണ്ടോടെ മാത്രമേ കേരളത്തില്‍ എത്തിയുള്ളുവെന്നും അതിനും പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് കേരള നമ്പൂതിരിമാര്‍ എന്ന ജാതിയുണ്ടായതുെന്നുള്ളതാണ് സത്യം. ഇങ്ങനെ നമ്പൂതിരി പാരമ്പര്യം പറയുന്ന കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികള്‍ക്ക് ഉത്തരേന്ത്യയിലെയും എന്തിന് ഏക സത്യസഭയായ കത്തോലിക്കാ സഭയിലെ തന്നെ ലത്തീന്‍ വിഭാഗത്തോടും പുച്ഛമാണെന്നതാണ് സത്യം. ഇത് മനസ്സിലാക്കണമെങ്കില്‍ ഇവര്‍ തമ്മില്‍ നടക്കുന്ന കല്യാണങ്ങളുടെ കണക്കെടുത്താല്‍ മതി.


ഛത്തീസ്ഗഡില്‍ ഇപ്പോള്‍ കന്യാസ്ത്രീകള്‍ക്കെതിരെ നടന്നതിനേക്കാള്‍ ആയിരം മടങ്ങ് വ്യാപ്തിയുള്ള ക്രിസ്ത്യാനികളുടെ കൂട്ടക്കുരുതി 2008 ല്‍ ഒഡീഷയിലെ കാന്ധമാലില്‍ നടന്നിരുന്നു. അന്ന് ഈ ബിഷപ്പുമാരും രാഷ്ട്രീയക്കാരും മാധ്യമങ്ങളും അറിഞ്ഞതേയില്ല. 2008 ഓഗസ്റ്റില്‍ തുടങ്ങിയ അക്രമങ്ങള്‍ ഒരു വര്‍ഷത്തോളം നീണ്ടുനിന്നു. നൂറോളം ക്രിസ്ത്യാനികള്‍ ബി.ജെ.പി, ആര്‍.എസ്.എസ് ആക്രമമണങ്ങളില്‍ കൊല്ലപ്പെട്ടു. 80,000 ത്തോളം ആളുകള്‍ നാടുവിട്ടോടി. പലരും ഇന്നും വീടുകളില്‍ തിരിച്ചെത്തിയിട്ടില്ല. തിരിച്ചെത്തിയാല്‍ അവര്‍ കൊല്ലപ്പെട്ടേക്കാം. നിരവധി സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെട്ടു. ഒരു കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത് തെരുവിലൂടെ പരസ്യമായി നടത്തിച്ചു. ഇന്ത്യയില്‍ ക്രിസ്ത്യാനികള്‍ക്കെതിരെ നടന്ന ഏറ്റവും വലിയ വംശഹത്യയായിരുന്നു അത്. എന്നാല്‍ ഇതിനെതിരെ പ്രതികരിക്കാനോ ആക്രമിക്കപ്പെട്ട ക്രിസ്ത്യാനികള്‍ക്ക് ആശ്വാസം നല്‍കുവാനോ കേരളത്തിലെ ബിഷപ്പുമാരോ രാഷ്ട്രീയക്കാരോ മാധ്യമങ്ങളോ തയ്യാറിയില്ല എന്നതാണ് സത്യം. അന്ന് ‘മതമില്ലാത്ത ജീവന്‍’ എന്ന പുസ്തകത്തെക്കിറിച്ച് ചര്‍ച്ച നടക്കുന്ന സമയാണ്. കേരളത്തിലെ ഒരു പ്രമുഖ ബിഷപ്പ് പ്രതികരിച്ചത് ഞങ്ങള്‍ക്ക് കാന്ധമാലിനേക്കാള്‍ വലിയ വിഷയം ‘മതമില്ലാത്ത ജീവ’നാണ് എന്നാണ്.


എന്റെ വെബ്‌സൈറ്റായ countercurrents.org ഇത് വിപുലമായി ആര്‍ക്കൈവ് ചെയ്തിട്ടുണ്ട്. എന്റെ സുഹൃത്തായ അന്തരിച്ച ചലച്ചജിത്ര സംവിധായകന്‍ കെ..പി ശശി ഇതേക്കുറിച്ച് ‘വോയ്സ് ഫ്രം ദ റൂയിൻസ് : കാന്ധമാല്‍ ഇന്‍ സേര്‍ച്ച് ഓഫ് ജസ്റ്റിസ്’ എന്ന പേരില്‍ ഒന്നര മണിക്കൂറോളം വരുന്ന ഡോക്യുമെന്ററി എടുത്തിട്ടുണ്ട്. ഏഴ് വര്‍ഷത്തോളമെടുത്താണ് അദ്ദേഹം ഈ ഡോക്യുമെന്ററി പൂര്‍ത്തിയാക്കിയത്. അതിനായി സാമ്പത്തികമായി നട്ടം തിരിഞ്ഞ അദ്ദേഹത്തെ സഹായിക്കാന്‍ ഇവിടുത്തെ ബിഷപ്പുമാരോ പ്രമുഖ ക്രിസ്ത്യാനികളോ തയ്യാറായില്ല എന്നതാണ് സത്യം. ആ ഡോക്യുമെന്ററി പൂര്‍ത്തിയാക്കാനായി countercurrents.org സഹനിർമ്മാതാവുകയും എന്റെ സഹോദരന്‍ ബേബി മാത്യു ഒരു ലക്ഷത്തോളം രൂപ സംഭാവന നല്‍കുകയും ചെയ്തു. ഞാന്‍ ഇതെഴുതിയത് ഇന്ത്യയില്‍ ക്രിസ്ത്യാനികള്‍ക്കെതിരെ നടന്ന ഏറ്റലും വലിയ വംശഹത്യ ഡോക്യുമെന്റ് ചെയ്യാനിറങ്ങിയ ഒരു സംവിധായകനെ ക്രിസ്ത്യാനികളും ബിഷപ്പുമാരും അകറ്റി നിര്‍ത്തിയതിനെക്കുറിച്ച് പറയാനാണ്. ആ ഡോക്യുമെന്ററി ഇന്നേവരെ കേരളത്തിലെ ഒരു ക്രിസ്ത്യന്‍ വിഭാഗവും അവരുടെ പരിപാടികളുടെ ഭാഗമായി പ്രദര്‍ശിപ്പിക്കുവാന്‍ തയാറായിട്ടില്ല എന്നതാണ് സത്യം.
കാന്ധമാല്‍ എന്തുകൊണ്ട് കേരളത്തിലെ ക്രിസ്ത്യാനികളെ അലട്ടിയില്ല? എന്തുകൊണ്ട് ബിഷപ്പുമാര്‍ പ്രസ്താവനകളുമായി ഇറങ്ങിയില്ല? രാഷ്ടീയക്കാര്‍ എന്തുകൊണ്ട് മൗനം ദീക്ഷിച്ചു? ഒറ്റ ഉത്തരമേയുള്ളു പിന്തിരിപ്പന്‍ പ്രാദേശികതയും അളിഞ്ഞ ജാതിബോധവും. കാന്ധമാല്‍ സന്ദര്‍ശിച്ച രാഷ്ട്രീയക്കാര്‍ ആനി രാജ, മണിശങ്കര്‍ അയ്യര്‍, ബൃന്ദ കാരാട്ട്, കവിതാ കൃഷ്ണന്‍ എന്നിവര്‍ മാത്രമാണ്.
ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകള്‍ ആക്രമിക്കപ്പെട്ടതിനെ എല്ലാവരും അപലപിക്കണം. ഞാനും ശക്തമായ ഭാഷയില്‍ അപലപിക്കുന്നു. അവര്‍ക്ക് നീതി കിട്ടണം. എന്നാല്‍ നീതിയെന്നത് സുറിയാനി ക്രിസ്ത്യാനികള്‍ ആക്രമിക്കപ്പെടുമ്പോള്‍ മാത്രമല്ല വേണ്ടത്. ഇന്ത്യയിലെ എല്ലാ ന്യൂനപക്ഷങ്ങളും ആക്രമിക്കപ്പെടുമ്പോള്‍ ഉണ്ടാകണം. മുസ്ലീങ്ങള്‍ ആക്രമിക്കപ്പെടുമ്പോഴും പെന്തക്കോസ്ത് വിഭാഗങ്ങള്‍ ആക്രമിക്കപ്പെടുമ്പോഴും ഏക സത്യ കത്തോലിക്കാ സഭ പുലര്‍ത്തുന്ന മൗനം ഭയാനകമാണ്.


മഹാത്മാ ഗാന്ധി പറഞ്ഞതുപോലെ, ഒരു രാജ്യം വിലയിരുത്തപ്പെടുന്നത് അതിലെ ഏറ്റവും ദുര്‍ബലരായ വ്യക്തികളെ എങ്ങിനെ പരിഗണിക്കുന്നു എന്നതനുസരിച്ചാണ്. നമ്മുടെ ധാർമ്മികരോഷം ഉണരണം. കേരളത്തില്‍നിന്നുള്ള നസ്രാണി ക്രിസ്ത്യാനികള്‍ ആക്രമിക്കപ്പെടുമ്പോള്‍ മാത്രമല്ല, ഇന്ത്യയിലെ ഓരോ ദുര്‍ബലരും ആക്രമിക്കപ്പെടുമ്പോഴും നമ്മുടെ ധാർമ്മിക രോഷം ഉയരണം.
(Countercurrents.org എന്ന വെബ് പോർട്ടലിന്റെ എഡിറ്ററാണ് ബിനു മാത്യു)