ലഡാക്ക് ജൈവ-ആത്മീയ സംസ്കൃതിയാണ്

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

ആർഎസ്എസിന്റെ നൂറാം വാർഷികത്തിന് തുടക്കമിട്ടത് ചെങ്കോട്ടയിൽ പ്രധാനമന്ത്രി 2025 ലെ സ്വാതന്ത്ര്യ ദിനത്തിൽ ആർഎസ്എസിനെ തന്റെ മാതാപിതാ സംഘടനയായി വിശേഷിപ്പിച്ചുകൊണ്ടാണ് എന്ന് പറയുന്നതിൽ തെറ്റില്ല. 2019ൽ ജമ്മു കാശ്മീരിന്റെ സംസ്ഥാന പദവി, ഭരണഘടനയിലെ ആർട്ടിക്കിൾ 370 മോദി സർക്കാർ റദ്ദാക്കിയതിലൂടെ ഇല്ലാതാക്കി. ജമ്മു, കശ്മീർ, ലഡാക്ക് എന്നിങ്ങനെ യൂണിയൻ ഭരണപ്രദേശങ്ങളാക്കി. സംസ്ഥാന പദവി വേഗം നൽകുമെന്ന് വാഗ്ദാനം ഉണ്ടായിരുന്നു. പക്ഷേ, ഇതുവരെയും നടപ്പാക്കിയില്ല.

2019 മുമ്പ് യുവാക്കളെ ജമ്മു കശ്മീർ സ്റ്റേറ്റ് റിക്രൂട്ട്മെന്റ് വഴി സർക്കാർ സർവീസിൽ എടുത്തിരുന്നു. എന്നാൽ ഇപ്പോൾ അതില്ല. കുറച്ച് യുവാക്കളെ ജോലിക്ക് എടുത്തിട്ടുണ്ട്, കരാർ വ്യവസ്ഥയിൽ. അടിമപ്പണി, അവർക്ക് ജോലി സമയമില്ല. എപ്പോൾ വേണമെങ്കിലും പുറത്താക്കപ്പെടും. കരാറുകാരുടെ അവരോടുള്ള പെരുമാറ്റം മനുഷ്യത്വരഹിതം. യൂണിയൻ ടെറിട്ടറിയുടെ രൂപീകരണം നടന്നെങ്കിലും സെക്രട്ടേറിയറ്റിൽ ലോക്കൽ യുവാക്കളെ വേണ്ട. പഴയ കൗൺസിലിലെ ജോലിക്കാരാണ് സെക്രട്ടേറിയറ്റിൽ. അഞ്ച് ജില്ലകളുണ്ട് എന്ന് കേന്ദ്രസർക്കാർ അവകാശപ്പെടുന്നു. ഒരു പുതിയ പ്യൂണിനെ പോലും നിയമിച്ചിട്ടില്ല. നേരത്തെ ലഡാക്ക് കൗൺസിലിന് റിക്രൂട്ട്മെന്റ് ബോർഡ് ഉണ്ടായിരുന്നു. ക്ലാസ് ഫോർ, ജില്ലാ ഉദ്യോഗസ്ഥർ, ഡിവിഷൻ ഉദ്യോഗസ്ഥർ പോലും കൗൺസിൽ റിക്രൂട്ട്മെന്റിലൂടെ സാധിച്ചിരുന്നു. അവരെല്ലാം നൂറുശതമാനവും പ്രാദേശികമായിരുന്നു. ഇപ്പോൾ പുതിയ പോസ്റ്റുകൾ ഇല്ല. യു.ടി (യൂണിയൻ ടെറിറ്ററി) പബ്ലിക്ക് സർവീസ് കമ്മീഷനും ഇല്ല, ലഡാക്ക് കാഡറുമില്ല. പുറത്തുനിന്നുള്ള ആരും ഇവിടെ ജോലിക്ക് താല്പര്യപ്പെട്ടിരുന്നില്ല, ജമ്മുകശ്മീർ കാഡറുണ്ടായിരുന്നപ്പോൾ.

ലെയിലെ പ്രതിഷേധ വേദിയിൽ പ്ലക്കാർഡ് പിടിച്ചു നിൽക്കുന്ന ലഡാക്കി കുട്ടി. കടപ്പാട്:theprint

കരാറിലൂടെയുള്ള ജോലി കൊടുക്കൽ, നമുക്ക് അറിയാവുന്നപോലെ അഴിമതിയുടെ വിളനിലമാണ്. സർക്കാർ അധ്യാപകരെ പോലും എടുക്കുന്നത് കരാർകാരിലൂടെയാണ്. കരാറുകാർ മുഴുവൻ ശമ്പളം കൊടുക്കില്ല. വ്യവസ്ഥാപിത ശമ്പളത്തിനും കരാർ ശമ്പളത്തിനും ഇടയിലുള്ള തുക കരാറുകാരനും ഉദ്യോഗസ്ഥരും വീതിച്ചെടുക്കുന്നു.

ഇനി ഭൂവിനിയോഗമെടുക്കുക, മഹാരാജ ഹരിസിങിന്റെ മുതൽ ചില നിയമങ്ങൾ നിലനിന്നിരുന്നു. ലഡാക്കിൽ അതറിയപ്പെടുന്നത് AILAN NO: 38 എന്നാണ്. തരിശു ഭൂമി കൃഷി ചെയ്യാൻ പാട്ടത്തിന് കൊടുക്കുന്നതാണ്. ‌അത്യന്തികമായും പാട്ട ഭൂമിയുടെ അവകാശം ഭൂഉടമസ്ഥന് കിട്ടുമായിരുന്നു. എന്നാൽ യു.ടി അത് നിയമവിരുദ്ധമാക്കി. കാരണം പാട്ടഭൂമിയിൽ പ്രാദേശിക ജനങ്ങൾ വീടുകളും ഹോട്ടലുകളും പണിയുന്നു. ഇന്ന് വീടുപണിയാനോ ഹോട്ടൽ നിർമ്മിക്കാനോ ലഡാക്കികൾക്ക് അനുമതി സർക്കാർ നിഷേധിക്കുന്നു; ഒട്ടേറെ കാരണങ്ങൾ നിരത്തി. ലഡാക്കിൽ രണ്ട് വന്യജീവി കേന്ദ്രങ്ങളുണ്ട്. പ്രാദേശിക ജനങ്ങൾക്ക് ഈ കേന്ദ്രങ്ങൾക്ക് അടുത്ത് അതിഥിമന്ദിരങ്ങൾ പണിയാൻ രണ്ട് കാനൽ (kanal) ഭൂമി പണ്ട് ലഭിച്ചിരുന്നു. വന്യജീവി സങ്കേതങ്ങൾക്ക് പുറത്തുള്ള ഭൂമി സ്വകാര്യ നിക്ഷേപകർക്ക് നീക്കിവെച്ചിരുന്നു. ഇന്ന് പുറത്തുനിന്നുള്ള വൻ ഹോട്ടൽ ശൃംഖലകളാണ് ഹോട്ടലുകൾ, അതിഥി മന്ദിരങ്ങൾ പണിയുന്നത്. ഇവരോട് മത്സരിക്കാൻ സാധാരണ ലഡാക്കികളുടെ ‘ചെറിയ ​ഗസ്റ്റ്ഹൗസുകൾ’ക്ക് കഴിയുമോ?

ലഡാക്കികൾക്ക് അവരുടേതായ സർക്കാരില്ല ഇന്ന്. തങ്ങളുടെതായ ജനപ്രതിനിധികളില്ല. നിയമനിർമ്മാണ അധികാരമില്ല. വെറും യു.ടികളല്ല ലഡാക്കികൾ ആവശ്യപ്പെട്ടത്. നിയമനിർമ്മാണ പദവിയുള്ള യു.ടികളാണ്. പണവും പദവിയും അധികാരവും. ദൽഹി നിയമിക്കുന്ന ലെഫ്റ്റനന്റ് ഗവർണർ, കമ്മീഷണർമാർ, സെക്രട്ടറിമാരാണ് ഭരണാധികാരികൾ, കൊളോണിയൽ ഭരണം പോലെ. ലഡാക്കികൾ 2019 ന് മുമ്പ് ആർട്ടിക്കിൾ 370നെ ശപിച്ചിരുന്നു, യു.ടിക്ക് തടസ്സമാണെന്ന് പറഞ്ഞ്. പക്ഷേ, തിരിഞ്ഞുനോക്കുമ്പോൾ അത് ലഡാക്കികൾക്ക് സംരക്ഷണം നൽകിയിരുന്നു. തങ്ങളുടെ ഭൂമി പൂർണമായും സുരക്ഷിതമായിരുന്നു. ജമ്മു കശ്മീരിൽ നിന്ന് പോലും ഭൂമി കയ്യേറാൻ ആരും വന്നില്ല. ഇന്നതല്ല ലഡാക്കിന്റെ അവസ്ഥ. ലഡാക്ക് മൊത്തം ഇന്ത്യയ്ക്കായി തുറന്നിട്ടിരിക്കയാണ്. യാതൊരു സംരക്ഷണവുമില്ല. പുറമെ നിന്നും നിരവധി വൻകിടക്കാർ ഭൂമി വാങ്ങിക്കൂട്ടുന്നു. ഒരു ഹോട്ടൽ ശൃംഖല വന്നുകഴിഞ്ഞു. അതൊക്കെ അവരുടെ ജീവിതോപാധി തട്ടിപ്പറിക്കുകയാണ്. കേന്ദ്രസർക്കാർ ഇവിടെ റോഡുകളുണ്ടാക്കി എന്നവകാശപ്പെടുന്നു. അവയെല്ലാം പട്ടാളത്തിന് വേണ്ടിയാണ്. മൻമോഹൻസിങ് പോലും ചൈനയുമായി അതിർത്തി പങ്കിടുന്ന മേഖലയിൽ വികസനം എത്തിച്ചിരുന്നു.

ഡൽഹിയിൽ നിന്നുള്ള യു.ടി ഭരണത്തിന് ലഡാക്കി ജീവിതം എന്തെന്നറിയില്ല. അവർ എങ്ങനെ എങ്കിലും രണ്ടു വർഷം പൂർത്തിയാക്കി, ഇവിടെ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നവരാണ്.

പരമ്പരാഗത വേഷം ധരിച്ച ലഡാക്കിൽ നിന്നുള്ള സ്ത്രീ. കടപ്പാട്:treebo.com

എന്തുകൊണ്ടാണ് ബിജെപി സർക്കാർ ലഡാക്കികളുടെ ആവശ്യങ്ങൾ—തൊഴിലവസരങ്ങൾ, ഭൂ അവകാശങ്ങൾ, നിയമനിർമ്മാണ സഭകൾ— അംഗീകരിക്കാത്തത്? ഈ മൂന്ന് വിഷയങ്ങൾ വളരെ പ്രധാനമാണെങ്കിലും ഇവയെ ലഡാക്കിന്റെ സംസ്കൃതിയുമായി പൊക്കിൾ കൊടി പോലെ ബന്ധിപ്പിക്കുന്ന ജൈവീകവും ആത്മീയവുമായ വിഷയങ്ങളുണ്ട്. ഭരണഘടനയിലെ ആറാം ഷെഡ്യൂൾ, പ്രാദേശിക ജനതയായ ലഡാക്കികളെ ശാക്തീകരിക്കുന്നതാണ്. അവരുടെ ഗ്രാമം, പ്രദേശിക തലത്തിലുള്ള നിയമങ്ങൾ, കാലാകാലങ്ങളായുള്ള ആചാരാനുഷ്ഠാനങ്ങൾ. കശ്മീർ ഭരണം ഒരിക്കലും അവരുടെ പ്രാദേശിക കാര്യങ്ങളിൽ ഇടപെട്ടിരുന്നില്ല. പരമ്പരാഗത നിയമങ്ങളിലും. ഇവർക്ക് ഗ്രാമത്തലവന്മാർ ഉണ്ടായിരുന്നു. അവർ ഗ്രാമത്തിലുള്ള അനുഷ്ഠാനങ്ങൾ, വളരെ ചെറിയ ഒരു പ്രതിഫലം പറ്റി നിയന്ത്രിച്ചിരുന്നു. വിത, കൊയ്ത്ത്, വിവാഹം, മരണം എന്നിവയെല്ലാം കാലങ്ങളായുള്ള നിയമങ്ങളും ആചാരങ്ങളും അനുസരിച്ച് അവർ അനുവ‍ർത്തിച്ചിരുന്നു. ഇന്ന് ഗ്രാമത്തലവന്മാരെ യു.ടി ഇഷ്ടാനുസരണം പിരിച്ചുവിടുന്നു. ജമ്മു കശ്മീർ ഭരണം 2019വരെ ഇതിലൊന്നും ഇടപെട്ടിരുന്നില്ല. ലഡാക്ക് ഇന്ത്യയുടെ പ്രതിരോധത്തിൽ നി‍ർണ്ണായക പങ്ക് വഹിക്കുന്നുണ്ട്. അതുപോലെത്തന്നെ ഹിമാലയത്തിന്റെ പാരിസ്ഥിതിക ദു‍ർബലത ലഡാക്കിന്റെയുമാണ്.

സത്യാനന്തരകാല ഹിപ്പോക്രാറ്റ് മലയാളിക്ക് മേൽപ്പറഞ്ഞതൊന്നും മനസ്സിലാകണമെന്നില്ല. ലഡാക്കിനും മറ്റ് പ്രാദേശിക തദ്ദേശീയ ജനതകൾക്കും അവരുടേതായ സംസ്കൃതികളുണ്ടായിരുന്നു. അഞ്ച്-ആറ് നൂറ്റാണ്ടുകളുടെ കോളനിവൽക്കരണം power is might – അധികാരമാണ് ശക്തി – എന്ന അഹങ്കാരത്തിൽ, ഭൂമിയിലെ സർവ്വമാന തദ്ദേശീയ സംസ്കൃതികളെയും ജലം, മണ്ണ്, വായു എന്നിവയെയും തങ്ങളുടെ കുത്തക സ്ഥാപിക്കാനും ലാഭമുണ്ടാക്കാനും രാഷ്ട്രീയ അധികാരത്തിനുമായി ഉപയോഗിച്ചു. അതിന്റെ ഫലമാണ് ഇന്ന് അതിപ്രളയം, അത്യുഷ്ണം, വരൾച്ച, യുദ്ധങ്ങൾ, കെടുതികൾ, കുടിയേറ്റങ്ങൾ, മരണം, പട്ടിണി എന്നിവയായി ഭൂമിയുടെ അതിജീവനം അസാധ്യമാക്കുന്നത്.

ഈ ഭൂമിയുടെ അതിജീവനത്തിന് വൈവിധ്യം, സംവാദം, ജനാധിപത്യം എന്നിവ അത്യന്താപേക്ഷിതമാണ്. ആർഎസ്എസ് ഇവ മൂന്നിനെയും കുറേശ്ശകുറേശ്ശയായി കൊടും വിഷം കുത്തിവെച്ച് കൊല്ലുകയാണ്. ഇന്ത്യയുടെ അതിസൂക്ഷ്മമായ രക്തധമനിയിലേക്കും ഈ കൊടും വിഷം ഇന്നെത്തിക്കഴിഞ്ഞു. ഇന്നലെ അതിന്റഎ ഒരു ഉദാഹരണം ഗാന്ധിയുടെ രാഷ്ട്രീയ വധമായിരുന്നു. ഇന്നതിന്റെ ഉദാഹരണം ദരിദ്രന്റെ, ദലിതന്റെ, മുസ്ലീമിന്റെ, പൗരന്റെ വോട്ടവകാശം തട്ടിപ്പറിക്കലാണ്. ​ഗാന്ധി വധം പോലെത്തന്നെയുള്ള ഒരു രാഷ്ട്രീയ കൊലപാതകം. ആർഎസ്എസ് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ വ്യത്യസ്ത മതസ്ഥരെയും സംസ്കൃതിയുടേയും ഭാഷകളെയും വൈവിധ്യമേറിയ പ്രകൃതിയേയും നശിപ്പിച്ച് യൂണിഫോമിറ്റി (ഏകതാനത) ഉണ്ടാക്കാനുള്ള കഠിന പ്രയത്നത്തിലാണ്. ജ‍ർമ്മൻ നാസിസം പത്ത് കൊല്ലം കൊണ്ട് അവസാനിച്ചുവെങ്കിൽ, ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ആർഎസ്എസ് മുഖേനയുള്ള നശീകരണം നൂറു കൊല്ലം കൊണ്ട് തീരില്ല എന്ന് മോഹൻ ഭാ​ഗത് വ്യം​ഗഭാഷയിൽ ‘സൗമ്യദീപ്തനായി’ പറയുന്നുണ്ട്. മൂന്ന് പതിറ്റാണ്ടുകൾ കൂടി വേണം ആർഎസ്എസിന് ഈ ദൗത്യം പൂർത്തീകരിക്കാൻ.

അപെക്സ് കോ ചെയർമാനും ലഡാക്ക് ബുദ്ധിസ്റ്റ് അസോസിയേഷൻ മുഖ്യനുമായ ചെറിങ് ഡോ‍ർജെ ലാക്റൂക് (ജമ്മു കശ്മീരിലെ മുൻ മന്ത്രി) ഇന്ത്യൻ എക്സ്പ്രസിനുള്ള അഭിമുഖത്തിന്റെ അവസാന ഭാഗത്ത് (290.9.2025, The Wire) എന്തുകൊണ്ട് ബിജെപി (ആർഎസ്എസ്) തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നില്ല എന്ന ചോദ്യത്തിനുള്ള മറുപടിയിൽ ഇക്കാര്യം തുറന്നു പറയുന്നു:

“കാരണം അത് ബിജെപിയുടെ ഐഡിയോളജിയാണ്. അത് ഹോമോജിനിറ്റിക്കായാണ് (ഏകതാനത) നിലകൊള്ളുന്നത്. എല്ലാം ഒരുപോലെയും ഒന്നുമായിരിക്കാൻ ആഗ്രഹിക്കുന്നു. പ്രാദേശിക ജനങ്ങളെ അധികാര ശാക്തീകരണം നടത്താൻ അവർ ഇഷ്ടപ്പെടുന്നില്ല. ആറാം ഷെഡ്യൂൾ പ്രാദേശിക ജനങ്ങളെ ശക്തിപ്പെടുത്തുന്നു.”

ചെറിങ് ഡോ‍ർജെ ലാക്റൂക്

ഇന്ത്യ മുഴുവൻ സ്വയംസേവകർ കുറുവടിയും വാളുമായി നീങ്ങുന്ന ചിത്രം ഭീകരം മാത്രമല്ല അശ്ലീലവുമാണ്. ഇന്ത്യൻ ജനത ഒന്നാകെ സ്വയംസേവകർ ആകണമെന്ന് വന്നാൽ ക്രൂരമല്ലേ.

2014 മുതൽ (തൽക്കാലം വാജ്പേയിയുടെ കൂട്ടു ഭരണം മറക്കുക) മണിപ്പൂർ, കാശ്മീർ, ആസാം, ഡൽഹി (പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള ഷഹീൻബാഗ് അഹിംസാത്മക പ്രതിഷേധം) കർഷക സമരം, ചത്തീസ്ഗർ, ഉത്തരാഖണ്ഡ്, യു.പി, ഹിമാചൽ പ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളിൽ ഉണ്ടാകുന്ന എല്ലാ ജനകീയ പ്രതിരോധങ്ങളെയും സായുധമായി നേരിടുന്നതിന് സജ്ജമാണ് ആർഎസ്എസ് ബിജെപി സഖ്യം. സ്റ്റേറ്റിന്റെ ഭരണഘടന സംവിധാനങ്ങളെ ജനാധിപത്യവിരുദ്ധമായി അതിനായി ഉപയോഗിക്കുന്നതിനും അവർ തയ്യാറാണ്. തങ്ങളുടെ പ്രപിതാമഹന്മാർ 1929-36 കാലങ്ങളിൽ ഇറ്റലിയിലെ ഫാസിസത്തിൽ നിന്നും ജർമ്മനിയിൽ നിന്നും പഠിച്ച ഫാസിസ്റ്റ് പാഠങ്ങൾ പ്രയോഗിക്കാനും മടിയില്ല. ജനങ്ങളോ, പ്രകൃതിയോ ഒരു പ്രശ്നമല്ല. അധികാരവും കോർപ്പറേറ്റുകളുടെ വളർച്ചയുമാണ് പ്രധാനം. 2014 – 2025 മുതലുള്ള ജനകീയ പ്രതിരോധങ്ങൾ പൊതുസമൂഹത്തിന്റെ ചെറിയ, ചെറിയ സിവിൽ മുന്നേറ്റങ്ങളാണ്. അവ പൂർണ്ണമായും അഹിംസാത്മകങ്ങളാണ്.

സോനം വാങ്ചക് ലോകത്തിൽ അറിയപ്പെടുന്ന കാലാവസ്ഥാ സമരപ്രവർത്തകനാണ്. പൂർണ്ണമായും അഹിംസാത്മകമാണ് സമരരീതി, ​ഗാന്ധിയാൻ. കേന്ദ്രവുമായി അദ്ദേഹം ലഡാക്കിന്റെ അടിസ്ഥാന ആവശ്യങ്ങളുമായി ചർച്ച നടത്തി. പലതവണ സത്യാഗ്രഹ സമരം നടത്തി, 2019 മുതൽ. 2025 മെയ് 27ന് ഏതാണ്ട് കരാറിലെത്തിയതാണ്. പക്ഷേ, എന്തുകൊണ്ട് തുടർന്ന് മുന്നോട്ടുപോയില്ല? സിവിൽ സൊസൈറ്റി ഗ്രൂപ്പുകളുടെ കൂട്ടായ്മയിൽ ലഡാക്കിന് സംസ്ഥാന പദവി ലഭ്യമാക്കുന്നതിനും ആറാം പട്ടികയിൽ ഉൾപ്പെടുത്തുന്നതിനുമായി സോനം അഹിംസാത്മക സമരം നടത്തുകയായിരുന്നു. ലഡാക്കി യുവാക്കളായിരുന്നു സമരത്തിൽ. 2025 സെപ്തംബർ 24ന് ഹിംസാത്മകമായി. സോനം സത്യാഗ്രഹം അവസാനിപ്പിച്ചു. ചൗരിചൗര പോലീസ് സ്റ്റേഷൻ ചുട്ടെരിച്ച് പോലീസുകാരെ കൊലപ്പെടുത്തിയ തുടർന്ന് ഗാന്ധി സത്യാഗ്രഹം പിൻവലിച്ചതുപോലെ. ബ്രിട്ടീഷ് സർക്കാർ അക്രമത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും ഗാന്ധിയിൽ ചുമത്തി. അതുപോലെതന്നെ ഇന്ത്യൻ ജനാധിപത്യ സർക്കാരും അതുതന്നെ ചെയ്തു. അതിൽ കൊലചെയ്യപ്പെട്ട ഒരാൾ കാർഗിൽ യുദ്ധത്തിൽ അന്നത്തെ സർക്കാരിന്റെ അഭിമാനപുത്രനായിരുന്നു. തുടർന്ന് സോനം വാങ് ചക്കിനെയും അദ്ദേഹത്തിന്റെ വിദ്യാഭ്യാസ പരീക്ഷണ പ്രസ്ഥാനത്തെയും സർക്കാർ ഏജൻസികളുടെ തടവിലാക്കി; സോനം ജോധ്പൂർ ജയിലിലും. 2014 മുതൽ ഈ മാതൃക ആർഎസ്എസ് – ബിജെപി വളരെ തന്ത്രപരമായി പിന്തുടരുന്നത് കാണാം, ഏത് ജനകീയ സമരങ്ങളിലും.

സോനം വാങ്ചക്കിനെ മോചിപ്പിക്കാൻ ആവശ്യപ്പെട്ട് നടന്ന പ്രതിഷേധത്തിൽ നിന്നും. കടപ്പാട്:pti

നേപ്പാളിലെയോ ശ്രീലങ്കയിലെയോ മറ്റേതെങ്കിലും ചെറിയ രാജ്യങ്ങളിലെയോ പോലെ രാജ്യവ്യാപകമായ സിവിൽ വാർ ഇന്ത്യയിൽ സംഭവിക്കില്ലെന്ന് അറിയാം, ആർഎസ്എസ് – ബിജെപി സ്റ്റേറ്റിന്. അത്ര വൈവിധ്യമുണ്ടല്ലോ ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്. ചെറിയ ചെറിയ ജനകീയ സമരങ്ങളെ സായുധമായി നേരിടാം; സമരക്കാരെ തടവിലിടാം. കോടതി കയറ്റാം. ജസ്റ്റിസ് ബി നാ​ഗരത്നത്തിനെ പോലെ സത്യസന്ധരും ധീരരുമായ സുപ്രീംകോടതി ന്യായാധിപന്മാരുടെ കാലം വൈകാതെ അവസാനിക്കും. അയോധ്യാ വിധിയുടെ ‘കാർമ്മികത്വത്തിന് മുഖ്യപങ്ക് വഹിച്ച ഡി.വൈ ചന്ദ്രചൂഡിന്റെ അടുത്ത ദിവസങ്ങളെ പരാമർശം — അയോധ്യാ വിധി ഭൂരിപക്ഷ വിശ്വാസത്തിന്റെതാണ്, അതിലെന്ത് തെറ്റ്? — ശ്രദ്ധേയമാണ്. സുപ്രീംകോടതി കൊളീജിയം അംഗമായ ജസ്റ്റിസ് നാ​ഗരത്ന, ഗുജറാത്ത് ഹൈക്കോടതിയിൽ നിന്നും ജസ്റ്റിസ് വിപുൽ മനുഭായ് പഞ്ചോലിയെ പാട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസാക്കി ഉയർത്തിയതും തുടർന്ന് ഈയിടെ സുപ്രീംകോടതിയിലേക്ക് സീനിയോറിറ്റി മറികടന്ന് നിയമിച്ചതിനുമെതിരെ വിയോജിപ്പ് രേഖപ്പെടുത്തുകയുണ്ടായി. ജസ്റ്റിസ് പഞ്ചോലിയെ ഉന്നത നീതിപീഠത്തിന്റെ ഭാഗമാക്കുന്നതിൽ ആർഎസ്എസ് – ബിജെപിയുടെ കണ്ണുണ്ട്. അദ്ദേഹത്തിന് രണ്ട് കൊല്ലം ചീഫ് ജസ്റ്റിസ്സായി ഇരിക്കാനാവും. 2023 ഫെബ്രുവരിയിൽ നിയമവിദഗ്ധർ മോഹൻ ഗോപാൽ കരൺ ഥാപ്പറുമായുള്ള അഭിമുഖത്തിൽ ചൂണ്ടിക്കാട്ടിയതുപോലെ ഉന്നത നീതിപീഠം ക്രമേണ ഹിന്ദുത്വയായി മാറുകയല്ലേ? പിന്നെന്തിന് ആർഎസ്എസ് ഭരണഘടന മാറുന്നതിന് വേണ്ടി വാദിക്കണം.

ലഡാക്ക് വിഷയം ഒരു ചെറിയ കാര്യമല്ല; നമ്മുടെ ജനാധിപത്യത്തെ ആഴത്തിൽ ബാധിക്കുന്ന വലിയ പ്രശ്നമാണ്. ഭൂമിയുടെ അതിജീവനത്തിന്റെയും. മധ്യവർ​ഗിയുടെ സുഖാലസ്യത്തിൽ രസിച്ചിരിക്കുന്ന നമുക്ക് ഇതൊന്നും മനസ്സിലാകണമെന്നില്ല.

ലഡാക്കിന്റെ ഏത് ചരിത്ര നിമിഷവും എന്നെ ഓർമിപ്പിക്കുക, പീറ്റർ മാത്തിസന്റെ ‘The Snow Leopard’ ആണ്.

“മഹാ മാർജ്ജാരരിൽ ഏറ്റവും നിഗൂഢമാണ് ഹിമ പുള്ളിപ്പുലി. അതിന്റെ സാമൂഹ്യവ്യവസ്ഥയെ പറ്റി യതൊന്നുമറിയില്ല. മിക്കവാറും എല്ലായെപ്പോഴും അത് ഒറ്റയ്ക്കാണ് കാണപ്പെടുക; പുലികൾ ചെയ്യാറുള്ള പോലെ ഒരു കൊലക്ക് അതിനെ കണ്ടുമുട്ടിയേക്കാം; അത് മനുഷ്യപ്പറ്റില്ലാത്തതായിരിക്കാം, ഏകനായിരിക്കാം, ശരിയായ പുലിയെപ്പോലെ…” (പുറം: 145).

The Snow Leopard, കവർ

ഹെർമൻ മെർവിൽ-ന്റെ മോബിഡിക്കിനെ പോലെ അത് കടലിന്റെ/മഞ്ഞിന്റെ അനന്തതയിലെവിടെയോ ഉണ്ട്. പിടിതരാതെ.

പീറ്റർ മാത്തിസൻ അങ്ങനെയൊരു അന്വേഷണത്തിലാണ്. ലഡാക്കിലുള്ള ഹിമാലയത്തിന്റെ ഹിമപാളികളിലൂടെ. ആർഎസ്എസ്സിന്റെ ബുൾഡോസർ ഹിംസയ്ക്ക് ല​ഡാക്കിന്റെ ആയിരക്കണക്കിന് വർഷങ്ങളിലൂടെ രൂപപ്പെട്ട സംസ്കൃതിയെ എങ്ങനെ സ്പർശിച്ചറിയാനാകും? കാരണം ആർഎസ്എസ്സിന് സംവേദനത്തിന്റെ സ്പർശിനികളില്ല. വെറുപ്പിന്റെ കൊമ്പുകളും ദംഷ്ട്രകളുമേയുള്ളൂ.

Also Read

7 minutes read October 7, 2025 2:37 pm