കടലെടുക്കുന്ന തീരവും കടപ്പുറത്തെ പെൺജീവിതങ്ങളും

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

“അന്ന് നല്ല വരുമാനം ഉണ്ടായിരുന്നു. കടല് കൊണ്ടുതന്നെ, ഈ പാത്രം കൊണ്ടുതന്നെ നമുക്ക് ജീവിക്കാമായിരുന്നു. ഈ പാത്രത്തിൽ ഒരു പാത്രം മീൻ കൊണ്ടുപോയി നമ്മൾ മക്കളെയും കുട്ടിയേയും നന്നായിട്ട് നോക്കി എല്ലാം ചെയ്തു. ഇപ്പോൾ നമ്മളെക്കൊണ്ട് പറ്റുന്നില്ല”. പരുത്തിയൂർ പള്ളിക്ക് സമീപത്തെ ചന്തയിൽ മത്സ്യക്കച്ചവടം നടത്തുന്ന മേരിയുടെ സംസാരത്തിൽ പ്രതീക്ഷ വറ്റിയിരുന്നു. മേരിയുടെ അടുത്തായി ആറേഴ് സ്ത്രീകൾ മീൻ നിറച്ച ചരുവങ്ങളുമായി വാങ്ങാനെത്തുന്നവരെ കാത്തിരിക്കുന്നുണ്ട്. മറ്റൊരുവശത്ത് പഴങ്ങളും പച്ചക്കറികളും വിൽക്കുന്നവരുമുണ്ടായിരുന്നു. നാൽപ്പത്തിയഞ്ച് വർഷത്തിലേറെ പഴക്കമുള്ള ആ ചന്തയിലെ കച്ചവടക്കാരെല്ലാം സ്ത്രീകളായിരുന്നു. വിലപേശലുകളുടെ ആരവമില്ലാത്ത, നിരാശയുടെ നിശ്ബദത നിറഞ്ഞ ആ ചന്തയിൽ സാധനങ്ങൾ വാങ്ങാൻ അധികമാരും എത്തുന്നുണ്ടായിരുന്നില്ല.

പൊഴിയൂർ ചന്തയിൽ മത്സ്യക്കച്ചവടം നടത്തുന്ന മേരി (ഇടത്). ഫോട്ടോ: കെ.എം ജിതിലേഷ്

“ഇത്തിരിപ്പോലെ മീൻ ഉണ്ടെങ്കിൽ അവരിപ്പോ (മത്സ്യത്തൊഴിലാളികൾ) സ്വന്തം കടപ്പുറത്ത് വിക്കുന്നില്ല. അവര് നേരെ പള്ളത്തോ പുതിയതുറയോ കൊണ്ടുപോയി വിക്കുന്നു. നമ്മൾ ഇവിടുന്ന് പത്തോ അഞ്ഞൂറോ രൂപ ആട്ടോ കൂലി കൊടുത്താണ് അവിടെ പോയി ഈ മീൻ വാങ്ങിച്ചു കൊണ്ടുവരുന്നത്. അപ്പൊ ഇത് ഇവിടെ കൊണ്ടുവരുമ്പോ ഇവിടെയും വിലയില്ലാതിരിക്കുമ്പോ നമുക്ക് ഭയങ്കര ഭയങ്കര നഷ്ട്ടമാ… മക്കൾക്ക് ഒരു നേരത്തെ കിഴങ്ങ് കഴിക്കാൻ വേണ്ടിയിട്ടാണ് നമ്മൾ ഇങ്ങനെ വരുന്നത്.” മേരി നിരാശയോടെ തുടർന്നു.

പൊഴിയൂരിലെ പരിത്തിയൂർ സ്വദേശിയായ മേരി ഇരുപത്തിയഞ്ച് വ‍ർഷമായി മീൻ വില്പന നടത്തിയാണ് ഉപജീവനം കണ്ടെത്തുന്നത്. പൊഴിയൂരിലെ മത്സ്യത്തൊഴിലാളികൾ കടലിൽ നിന്ന് കൊണ്ടുവന്നിരുന്ന മത്സ്യം വാങ്ങിയാണ് ഇവർ വിൽപ്പന നടത്തിയിരുന്നത്. എന്നാൽ പൊഴിയൂരിൽ തീരശോഷണം രൂക്ഷമായതോടെ അതെല്ലാം തകിടം മറിഞ്ഞു. തീരം നഷ്ടമായതോടെ മത്സ്യത്തൊഴിലാളികൾ മിക്കവരും മത്സ്യബന്ധനത്തിനും വിൽപ്പനയക്കുമായി മറ്റ് തീരദേശ ഗ്രാമങ്ങളെ ആശ്രയിക്കാൻ തുടങ്ങി. വളരെ ചെറിയൊരു വിഭാഗം മത്സ്യത്തൊഴിലാളികൾ മാത്രമാണ് ഇന്ന് പൊഴിയൂർ തീരത്ത് നിന്നും മത്സ്യബന്ധനം നടത്തുന്നത്. അവരിൽ പലരും കടലിൽ‌ നിന്ന് പിടിയ്ക്കുന്ന മത്സ്യം നല്ല വില ലഭിക്കാനായി മറ്റ് തീരദേശ ഗ്രാമങ്ങളിലെ ഹാർബറുകളിലോ വിപണന കേന്ദ്രങ്ങളിലോ കൊണ്ടുപോയി വിൽ‌ക്കും. ഇത്തരത്തിൽ തീര നഷ്ടം പൊഴിയൂരിലെ മത്സ്യബന്ധന വിപണനത്തെ ആകമാനം മാറ്റിമറിച്ചു. എന്നാൽ അത് ഏറ്റവും കൂടുതൽ ബാധിച്ചത് മേരിയുൾപ്പടെ അനുബന്ധത്തൊഴിലുകളിൽ ഏ‍ർപ്പെട്ടിരുന്ന പൊഴിയൂരിലെ സ്ത്രീകളെയായിരുന്നു.

“മീൻ എടുക്കാൻ അഞ്ച് മണിക്ക് പോകും. ഓട്ടോ കൂലി 400-500 രൂപ ഒക്കെ ആവും പോയി വരുന്നതിന്. വിഴിഞ്ഞത്ത് പോയാ 700-800 രൂപ ആകും. ഇവിടെ ഒമ്പത് മണിക്ക് എത്തും. 12 വരെ ഇവിടെ കച്ചവടം നടക്കും. പിന്നെ വീട്ടിൽ പോയി റെസ്റ്റ് എടുക്കും. മീൻ‌ മുഴുവൻ വിറ്റില്ലെങ്കിൽ പിന്നെ ഉണക്കി എടുക്കും. ഉച്ചയ്ക്ക് ശേഷം ഉണക്കിന്റെ പണിയാവും വീട്ടിൽ ചെന്നാൽ.” മേരി തന്റെ ദിനചര്യ പറഞ്ഞുകൊണ്ടിരുന്നപ്പോഴാണ് വാർധക്യത്തിലെത്തിയ ആ സ്ത്രീ മേരിയുടെ ചരുവത്തിനടുത്തേക്ക് വേച്ചുവേച്ച് നടന്നെത്തിയത്. മത്സ്യം വാങ്ങാനെത്തിയതാണോയെന്ന് ചോദിച്ചപ്പോൾ‌ മേരിയാണ് പറഞ്ഞത് അവരും ഇതേ ചന്തയിലെ മത്സ്യക്കച്ചവടക്കാരിയായിരുന്നുവെന്നും പ്രായാധിക്യം കാരണം ഇപ്പോൾ ജോലിചെയ്യുന്നില്ലെന്നും. ഇസ്തീനമ്മയെന്നായിരുന്നു ആ വൃദ്ധയുടെ പേര്.  “ഇവരെയൊക്കെ ചുറ്റി കണ്ടിട്ട് പോകും”  ചിരിച്ച് കൊണ്ട് ഇസ്തീനമ്മ പറ‌ഞ്ഞു. മീൻ വിൽക്കാൻ പാറശാല വരെ പോയിരുന്നെന്നും, ഈ ജോലി ചെയ്തുകൊണ്ട് ആറ് പെൺമക്കളെ വളർത്തി വിവാഹം നടത്തിയെന്നും ഇസ്തീനമ്മ പറയുന്നുണ്ടായിരുന്നു. വലിയ ഓട്ടോക്കൂലി ചെലവാക്കി മീനെടുത്ത് വിറ്റാൽ ലാഭമുണ്ടോ എന്ന ചോദ്യത്തിന് കിട്ടിയാൽ കിട്ടും, ഇല്ലെങ്കിൽ ഇല്ല എന്നായിരുന്നു മേരിയുടെ നിർവികാരമായ മറുപടി. വിറ്റ് തീരാത്ത മീനുണക്കാൻ ഇന്ന് തീരമില്ലാത്ത ബുദ്ധിമുട്ടും മേരിയെ അലട്ടുന്നുണ്ടായിരുന്നു.

തെക്കേ കൊല്ലങ്കോട് റോഡിന്റെ വശത്തായി മീനുണക്കുന്ന സ്ത്രീ. ഫോട്ടോ: കെ.എം ജിതിലേഷ്

“തീരം പോയിട്ട് മീൻ ഉണക്കാനൊന്നും പറ്റുന്നില്ല ഇപ്പോൾ. ഒത്തിരി പേരുണ്ടായിരുന്നു മുൻപ്. ഇപ്പോ ആർ‍ക്കും കരിവാടൊക്കെ ഉണക്കാൻ പറ്റത്തില്ല. കടപ്പുറത്തൊക്കെ വീടുണ്ടായിരുന്നു, അവരുടെ വീടെല്ലാം കടലിൽ പോയി. അവര് മോളിലോട്ടൊക്കെ വാടകയ്ക്ക് പോയി. ഫ്ലാറ്റ് ഒക്കെ കിട്ടി പോയവരുണ്ട്. ഗവൺമെൻ്റ് വീട് കൊടുത്ത് അങ്ങനെ പോയവരുണ്ട്.” മേരി പറഞ്ഞു നിർത്തി. ഉപജീവന മാ‍ർഗങ്ങളുടെ നഷ്ടം സ്ത്രീകളെയും അവരുടെ കുടുംബങ്ങളെയും എത്രത്തോളം രൂക്ഷമായാണ് ബാധിക്കുന്നത് എന്ന് മേരിയുടെ വാക്കുകൾ വ്യക്തമാക്കി.

കടലെടുത്തുപോയ കടകൾ

കടലെടുത്ത് തകർന്ന തെക്കേ കൊല്ലങ്കോട്-നീരോടി റോഡിന്റെ അരികിലിരുന്ന് സംസാരിക്കുകയായിരുന്നു ശാന്തമ്മയും മകൾ സഹായറാണിയും അവരുടെ അയൽക്കാരിയായ സുനിയും.

“ഒരുപാടുപേരൊക്കെ ഉണക്കുന്നുണ്ടായിരുന്നു. മീൻ വാങ്ങിച്ച് ഉണക്കിയെടുത്ത് തൂക്കി കൊടുക്കും. നെത്തോലി ഒക്കെ തൂക്കി കൊടുക്കും. ഇവിടെ ഒത്തിരി കടകളുണ്ടായിരുന്നു. വരുമാനം ഉണ്ടായിരുന്നു. ഇപ്പോ ഒന്നുമില്ല. ഞാൻ ഒരു  കൊച്ച് കട ഇട്ടു. ഞങ്ങള് രണ്ടും വികലാംഗരാണ്, പഞ്ചായത്ത് തന്ന കടയാണ്. വീട്ടാവശ്യത്തിനുള്ള ചെറിയ സാധനങ്ങളെല്ലാം വിക്കും. അരിയല്ലാതെ ബാക്കിയുള്ളതൊക്കെ കുറച്ച് വിക്കും. പിന്നെ കടല് അടച്ച് കേറി വന്ന് ഇരുമ്പ് കട നശിച്ച്. ഉപ്പുറ കൊണ്ട് പൊടി‍ഞ്ഞു, പെട്ടിക്കടയല്ലേ? പിന്നീട് ഞാൻ അതിനെ അങ്ങ് നിർത്തി.” മത്സ്യവിൽപ്പന കൂടാതെ തീരത്ത് സ്ത്രീകൾക്കുണ്ടായിരുന്ന മറ്റ് ഉപജീവനമാർഗങ്ങളെയും തീരശോഷണം വല്ലാതെ ബാധിച്ചിരിക്കുന്നതായി ശാന്തമ്മ പറഞ്ഞതിൽ നിന്നും വ്യക്തം.

ശാന്തമ്മ

“ആ തീരം പോയപ്പോ മീൻ കച്ചവടം ഒക്കെ തീർന്നു. ഈ മീൻ ചെമ്പ് കൊണ്ടുപോകില്ലേ, അതൊക്കെ തീർന്നു. അന്ന് കമ്പവല വളച്ചാ അതിൽ മീൻ ഉയിരോടെ വന്ന് കയറും.  ഇന്നും ആ മീൻ എനിക്ക് ഇഷ്ടം. ആ കമ്പവലയിലുള്ള മീൻ തന്നെ എനിക്ക് ഇഷ്ടം, കഴിക്കാൻ വേണ്ടി. അതില്ലാ ഇന്ന്, ആ കമ്പ വലകളും പോയി.” കമ്പവലയിൽ ജീവനോടെ കിട്ടുന്ന മീൻ രുചിയോർമ്മ വാർധക്യം പിന്നിട്ട ശാന്തമ്മ ഒരു ചിരിയോടെ പങ്കുവെച്ചു.

ശാന്തമ്മയുടെ മകൾ സഹായറാണിയും സുനിയും റോഡിനപ്പുറം കടലെടുത്ത വീടുകളുടെ അവശിഷ്ടങ്ങൾ കിടക്കുന്ന തീരത്തിരുന്ന് സംസാരിക്കാമെന്ന് പറഞ്ഞ് അവിടേക്ക് വിളിച്ചു. വൈകുന്നേരം സ്ത്രീകൾ കൂട്ടമായി ഈ തീരത്തിരുന്ന് സംസാരിക്കുന്നത് തെക്കേ കൊല്ലങ്കോട്-നീരോടി റോഡിലൂടെ പോകുമ്പോഴുള്ള പതിവ് കാഴ്ചയാണ്.

 “നമ്മൾ വീട്ടിലുള്ള ജോലിയൊക്കെയാണ് ചെയ്തിരുന്നത്. പിന്നീട് കടലി പോകുമ്പോൾ ചില സമയത്ത് പണി ഉണ്ടായിരിക്കും, ചില സമയത്ത് പണി ഇല്ലായിരിക്കും. നമ്മൾ വീട്ടിൽ ചുമ്മാ ഇരിക്കുന്നതുകൊണ്ട് നൂല് വാങ്ങിക്കും. നൂല് വാങ്ങിച്ചാൽ അതില് ഒരു കിലോ മുടിച്ചാൽ നൂറ്റമ്പത് രൂപ കിട്ടും. അങ്ങനെ പത്ത് കിലോ വാങ്ങിച്ചാൽ രണ്ടായിരം രൂപ. അടുപ്പിച്ചൊക്കെ അങ്ങനെയൊക്കെ കിട്ടും. കിട്ടുമ്പോൾ അതെക്കൊണ്ട് നമ്മൾ മക്കളെ പഠിപ്പിക്കും. അങ്ങനെയാണ് നമ്മുടെ ജീവിതങ്ങൾ.” ശാന്തമ്മയുടെ മകൾ സഹായറാണി വല നെയ്ത്തിനെക്കുറിച്ച് പറ‍ഞ്ഞു തുടങ്ങി.

“പക്ഷേ, നേരത്തേക്കാളും ഇപ്പോ മോശമാണ് കടൽപ്പണിക്കാരുടെ അവസ്ഥ. നേരത്തെയൊക്കെ ആകുമ്പോൾ ശരിക്കും മീനൊക്കെ ഉണ്ട്. ഇപ്പോ ഈ അദാനിയുടെ വിഴിഞ്ഞം തുറമുഖം ഒക്കെ വന്നതിന് ശേഷമാണ് ഈ മത്സ്യ സമ്പത്ത് കുറയുതെന്നാണ് ആൾക്കാർ പറയുന്നത്. സ്ത്രീകൾ വല നെയ്ത്ത് കൊണ്ട് ജീവിക്കുന്നവരുമുണ്ട്. ഇപ്പോൾ കടലിൽ വരുമാനം ഇല്ലാത്തതുകൊണ്ട് വള്ളങ്ങൾക്ക് വലകള് വാങ്ങാൻ പൈസയില്ല. നൂല് വാങ്ങാനുള്ള പൈസയില്ലാത്തതുകൊണ്ട് വല ഉണ്ടാക്കാനും പറ്റുന്നില്ല. അങ്ങനെ സ്ത്രീകൾക്ക് അതും വരുമാനം ഇല്ലാതായി”. അയൽക്കാരി സുനി കൂട്ടിച്ചേർത്തു.

സുനിയും വല നെയ്തിരുന്നു. ഇപ്പോൾ ചെയ്യുന്നില്ല, തൊഴിലുറപ്പിന്റെ പണിക്ക് പോകാറുണ്ടെങ്കിലും അത് കൃത്യമായി കിട്ടുന്നില്ലെന്ന് ഇരുവരും പറയുന്നു.

“ഇവിടെ വീടുള്ള സമയത്തൊക്കെ വീട്ടില് കച്ചവടങ്ങളൊക്കെ, അപ്പ കച്ചവടമൊക്കെ ചെയ്യുമായിരുന്നു. ഇപ്പോ ഈ തീരം ഒക്കെ പോയതിന് ശേഷം ഇവിടെയുള്ള ആൾക്കാരെല്ലാം അങ്ങ് കരയിലോട്ട് പോയി. കച്ചവടം നടത്തിയാലും വാങ്ങാനിപ്പോ കുറച്ച് ആൾക്കാരേ ഉള്ളൂ. അതുകൊണ്ട് അതും ഇപ്പോ ഇല്ലാതായി, അങ്ങനെയും വരുമാനം ഇല്ലാതെയായി.” കടലെടുത്തുപോയ വീടുകളുടെ അവശിഷ്ടങ്ങൾ ചൂണ്ടിക്കാട്ടി സഹായറാണി നിരാശയോടെ പറഞ്ഞു. ആ വീടുകളിലുണ്ടായിരുന്നവരിൽ ഏറെപ്പേരും പൊഴിയൂർ വിട്ടുപോയി. സർക്കാരിന്റെ പുനരധിവാസ പദ്ധതിയിൽ ഉൾപ്പെട്ടവരെല്ലാം ഇന്ന് പൊഴിയൂരിൽ നിന്നും കുറച്ചകലെയുള്ള കാരോട് പഞ്ചായത്തിലെ നിറവ് എന്ന ഫ്ലാറ്റിലാണുള്ളത്. എന്നാൽ പുനരധിവാസ പാക്കേജിൽ ഉൾപ്പെടാതെ പോയവരും പിന്നീട് വീട് തകർന്നവരും പൊഴിയൂരിലെ സർക്കാർ സ്കൂളിലൊരുക്കിയ ക്യാമ്പിൽ ദുരിത ജീവിതം തുടരുകയാണ്.

ദുരിതാശ്വാസ ക്യാമ്പിലെ സ്ത്രീ ജീവിതം

വീട് നഷ്ടമായ ആറോളം കുടുംബങ്ങൾ എട്ട് മാസമായി പൊഴിയൂരിലെ ഗവൺമെന്റ് സ്കൂളിന്റെ പഴയ കെട്ടിടത്തിലാണ് താമസിക്കുന്നത്. അവിടേക്ക് എത്തുമ്പോൾ മുറ്റത്ത് കല്ലുകൂട്ടിയുണ്ടാക്കിയ അടുപ്പിൽ വച്ച കലത്തിൽ എന്തോ വേവുന്നത് നോക്കിയിരുന്ന് സംസാരിക്കുന്ന സ്ത്രീകളെ കാണാമായിരുന്നു. സ്ത്രീകൾ മാത്രമാണപ്പോൾ അവിടെയുണ്ടായിരുന്നത്.

“വീട് നഷ്ടപ്പെട്ടു. നഷ്ടപ്പെട്ടതിനു ശേഷം അവര് പറയുകയാണ്, നിങ്ങള് വീട് കിട്ടും വരെ ക്യാമ്പില് താമസിക്കൂ ഞങ്ങള് ഭക്ഷണം എല്ലാംതരാമെന്ന്. രണ്ട് വർഷത്തിൽ കൂടുതലായി ഞങ്ങള്ക്ക് വീട് പോയിട്ട് ഒരു ആനുകൂല്യവും കിട്ടിയില്ല.” ഹൃദയമേരി തന്റെ കുടുബത്തിന് അനുവദിച്ച ക്ലാസ്മുറിയുടെ വാതിലിൽ നിന്ന് പറഞ്ഞു. ആ ക്ലാസ്മുറിക്കുള്ളിൽ ബെ‍ഞ്ചുകളടുപ്പിച്ചിട്ടാണ് അവർ കിടക്കുന്നത്. ഒരു കുടുംബത്തിന് ഒരു ക്ലാസ്മുറിയാണ് നൽകിയിരിക്കുന്നത്. സ്കൂളിലെ ആകെയുള്ള മൂന്ന് ശുചിമുറികളാണ് ഈ ആറ് കുടുംബങ്ങളും ഉപയോഗിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങളില്ലാത്തതിന്റെ പ്രശ്നങ്ങൾ കാരണം ക്യാമ്പിൽ ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നത് സ്ത്രീകളാണ്.

ഹൃദയമേരിയും (ഇടത്) പ്രസന്നയും (വലത്) ഹൃദയമേരിയുടെ അമ്മയ്ക്ക് ഒപ്പം. ഫോട്ടോ: കെ.എം ജിതിലേഷ്.

“വെള്ളമില്ല. വെള്ളം തരുന്നില്ല. പഞ്ചായത്തീന്ന് വെള്ളമൊക്കെ തന്നിട്ടിരുന്നു. ഇപ്പോ ആ വെള്ളം കൂടെ നിർത്തലാക്കി. കുടിക്കാനും കൂടെ വെള്ളം ഇല്ല. ഞങ്ങൾ അപ്പുറത്തൊക്കെ പോയി ആ സ്കൂളിൽ നിന്ന് (പുതിയ സ്കൂൾ) കുടിക്കാൻ വേണ്ടി വെള്ളം എടുക്കും. ഇല്ലെങ്കിൽ മറ്റ് വീട് വീടാൻ തോറും പോയി അങ്ങനെ എടുത്തുകൊണ്ട് വന്ന് കുടിക്കും.” ഹൃദയമേരി പറഞ്ഞു. സ്ത്രീകളാണ് വെള്ളം എടുക്കാനായി പോകുന്നത്. സ്ത്രീകൾക്ക് ഇവിടെ വസ്ത്രം മാറാൻ പോലുമുള്ള സ്വകാര്യത ഇല്ല എന്നതാണ് മറ്റൊരു പ്രധാന പ്രശ്നം. “ബാത്റൂമിലിരുന്ന് അങ്ങനെ മാറും. ഇല്ലെങ്കിൽ മക്കളില്ലാത്ത സമയം ആണെങ്കിൽ അങ്ങനെ മാറും. ഒറ്റ മുറിയായിട്ടാണ് തന്നിരിക്കുന്നത്.” ഒരു ക്ലാസ് റൂമിൽ എല്ലാവരും കൂടി കഴിയേണ്ടി വരുന്നതിന്റെ പ്രശ്നങ്ങൾ ഹൃദയമേരി വിഷമത്തോടെ പറയുന്നത് കേട്ട് അവിടേക്ക് നടന്നുവന്ന പ്രസന്നയും ഇതേ അഭിപ്രായം പങ്കുവെച്ചു. “ഡ്രസ്സ് മാറാൻ ഡ്രസ്സ് എടുത്തിട്ട് അപ്പുറത്തെ ക്ലാസ്റൂം കാലിയാണെങ്കിൽ അവിടെ പോയി മാറും. അങ്ങനെയൊക്കെയാണ് അഡ്ജസ്റ്റ് ചെയ്യുക. ഇപ്പോ രണ്ടോ മൂന്നോ ബാത്റൂമാണുള്ളത്. ഇതിൽ തന്നെയല്ലേ ഞങ്ങൾക്ക് പോകാൻ പറ്റൂ, എല്ലാത്തിനും. വീടില്ലാത്ത ഒരു ബുദ്ധിമുട്ട് തന്നെ ഞങ്ങൾക്ക്.”

“പെൺകുട്ടികളൊക്കെ ഉണ്ടെങ്കില് അവർക്കിപ്പോ ഒരു മുറിയില്ല, ബാത്റൂമില്ല, അങ്ങനെ ബുദ്ധിമുട്ടില്ലേ? ഇപ്പോ ഇവിടെ ഒരു വീട്ടിലുള്ള ഒരാൾക്ക് ഡ്രസ്സ് മാറണമെങ്കിൽ അടുത്ത വീട്ടിലെ സ്ത്രീയോട് വന്നിട്ട് പറയും, നിങ്ങൾ കുറച്ച് പുറത്ത് നിൽക്കാവോ ഡ്രസ്സ് മാറട്ടെ എന്ന്. അതിപ്പം അവരുടെ ഭർത്താവ് ഉറങ്ങിക്കിടക്കുന്ന സമയത്ത് മാറിക്കൊടുക്കാൻ പറ്റുമോ?” സ്കൂളിലെ മറ്റൊരു താമസക്കാരിയായ പ്രിൻസിയുടേതാണ് ചോദ്യം

“നമ്മുടെ വീടാകുമ്പോൾ ബാത്റൂം ഉണ്ട് അതിനകത്ത്, ഒരു അടുക്കള, ഒരു റൂം, ഒരു ഹാൾ. ഇവിടെ തുണി വെക്കുന്നതും, നമ്മൾ ചോറ് വേവിക്കുന്നതും ഒരു മുറിയിലാണ്, അവിടെ തന്നെയാണ് കിടന്നുറങ്ങുന്നത്. എല്ലാം ഒരു ക്ലാസ് റൂമിനകത്ത് വെച്ച് കഴിച്ചു പോകാൻ ഭയങ്കര ബുദ്ധിമുട്ടാണ്. ഞങ്ങൾക്കൊരു സമാധാനം ഇല്ല.” ആ ഒറ്റമുറി ജീവിതത്തിന്റെ ബുദ്ധിമുട്ടുകൾ പ്രിൻസി വിവരിച്ചു,

ദുരിതാശ്വാസ ക്യാമ്പായി പ്രവർത്തിക്കുന്ന സ്കൂളിൽ ഒരു കുടുംബത്തിന് നൽകിയിരിക്കുന്ന ക്ലാസ് മുറി. ഫോട്ടോ: കെ.എം ജിതിലേഷ്

സൗകര്യ കുറവ് മൂലം എല്ലാ കുടുബത്തിലെയും സ്ത്രീകൾ ഒരുമിച്ചാണ് കിടക്കുന്നതെന്നും മക്കൾ ഓരോ കുടുംബത്തിനും ലഭിച്ച ക്ലാസ്മുറികളിലാണ് കിടക്കുന്നതെന്നും അവ‍ർ പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങളില്ലാത്തതുകൊണ്ട് ഇതിൽ ഒരു കുടുംബത്തിലെ 22 വയസുള്ള പെൺകുട്ടിയെ ബന്ധുവീട്ടിൽ നിർത്തിയിരിക്കുകയാണ്. ഭക്ഷണം മൂന്നുനേരവും ആ കുട്ടിക്ക് എത്തിച്ചു നൽകുമെന്ന കാര്യം കൂട്ടിത്തിലൊരമ്മ വേദനയോടെ പങ്കിട്ടു.

“സ്ത്രീകൾക്ക് ഒരു മാസത്തിൽ വരുന്ന ബുദ്ധിമുട്ട് അറിയാല്ലോ (ആർത്തവം)? പാഡ് ഡിസ്പോസ് ചെയ്യാനോ അങ്ങനെയൊന്നും സൗകര്യമില്ല. ആ നാലഞ്ച് ദിവസം നമുക്കുള്ള ബുദ്ധിമുട്ടുകൾ പെണ്ണുങ്ങൾക്കറിയാം. ആണുങ്ങളാകുമ്പോൾ പുറത്ത് എവിടെയായിരുന്നാലും അവര് പോയി യൂറിൻ പാസ് ചെയ്യും. പക്ഷേ നമുക്ക് അങ്ങനെ പറ്റില്ല. ഈ മഴയത്തായിരുന്നാൽ പോലും നമുക്ക് പുറത്തിറങ്ങി ബാത്റൂമിൽ പോകണം. ഈ ആ ബാത്റൂമിൽ പോകുമ്പോ പോലും അതിനകത്ത് എന്തിരിക്കും എന്നുള്ള ഒരു ഭയമുണ്ട്. റൂമിനകത്തൊക്കെ പാമ്പ് കയറിയത് നമ്മൾ നേരിട്ട് കണ്ടതാണ്. അപ്പൊ ആ ബാത്റൂമിനകത്ത് എന്തിരിക്കും, അങ്ങനെ പേടിച്ച് പേടിച്ച് ഒക്കെയാണ് ബാത്റൂമിലൊക്കെ പോവുന്നത്. ഭയങ്കരമായ ബുദ്ധിമുട്ടുണ്ട്.” പ്രിൻസി പറഞ്ഞു നിർത്തി.

ഗ്യാസ് അടുപ്പോ മറ്റ് സൗകര്യങ്ങളോ സ്കൂളിലെ ക്യാമ്പിൽ നൽകിയിട്ടില്ല. ക്ലാസ്മുറിക്കകത്ത് ഗ്യാസും സിലിണ്ടറും ഉപയോഗിച്ച് പാചകം ചെയ്യാനുള്ള സൗകര്യങ്ങളും ഇല്ല. മഴയാണെങ്കിൽ പുറത്തെ അടുപ്പിൽ ഭക്ഷണമുണ്ടാക്കാൻ ബുദ്ധിമുട്ടാണെന്നും അവിടെയുണ്ടായിരുന്ന സ്ത്രീകൾ പറഞ്ഞു. അപ്പോൾ വാർധക്യത്തിലെത്തിയ ഒരു സ്ത്രീ ഒരു ചെറിയ ചോറ്റുപാത്രമെടുത്ത് അതിലെ ചോറ് തുറന്നുകാണിച്ചു. പരിചയക്കാരുടെ വീട്ടിൽപ്പോയി ഉണ്ടാക്കി കൊണ്ടുവന്നതാണെന്നും ഉച്ചയ്ക്ക് പകുതി കഴിച്ച ശേഷം രാത്രിയിലേക്ക് ബാക്കി വച്ചതാണെന്നും പറയുമ്പോൾ സങ്കടത്താൽ അവരുടെ ശബ്ദം ഇടറി.

ദുരിതാശ്വാസ ക്യാമ്പിലെ സ്ത്രീകൾ. ഫോട്ടോ: കെ.എം ജിതിലേഷ്

സ്ത്രീകളുടെ സാമ്പത്തിക ബാധ്യത

“സത്യം പറഞ്ഞാൽ ഞങ്ങടെ ഇവിടുത്തെ ആണുങ്ങൾ പണിക്ക് പോകും, നേരെ വീട്ടിൽ വന്നിരിക്കും. ഈ കുട്ടികളുടെ കാര്യങ്ങൾ എന്തൊക്കെ ആയിരുന്നാലും അത് വീട്ടിലുള്ള അമ്മമാര് തന്നെ നോക്കണം. ആണുങ്ങൾക്ക് ഇതിനെക്കുറിച്ച് അറിയില്ല. പെണ്ണുങ്ങൾക്കാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നത്. രാവിലെ അഞ്ച് മണിക്ക് എണീറ്റ് കുട്ടികളെ സ്കൂളിൽ വിടണം. പെണ്ണുങ്ങള് തന്നെയാണ് എല്ലാം ചെയ്യുന്നത്.” സുനി പറ‍ഞ്ഞു.

സഹായറാണിയും കുടുംബ കാര്യങ്ങൾ നോക്കുന്നതിന്റെ ബുദ്ധിമുട്ട് വിശദമാക്കി. “പണ്ടെന്ന് വെച്ചുകഴിഞ്ഞാ വള്ളത്തില് ഇതുപോലെ എഞ്ചിനൊക്കെ ഇല്ലായിരുന്നു. കൈത്തൊഴിലായിരുന്നു. അപ്പോ അവര് പോയ ഉടനെ നിറയെ മത്സ്യങ്ങളൊക്കെ കിട്ടി നമുക്ക് വീട്ടിലൊക്കെ ഡെയിലി വരുമാനം ആയിരുന്നു. ഇപ്പോ ആണുങ്ങള് ഒരു വീട്ടില് നിന്ന് പണിക്ക് പോയാ അവര് രണ്ടാഴ്ച മൂന്നാഴ്ച്ച കഴിഞ്ഞിട്ടാ വരുന്നത്. വന്നിട്ട് കിട്ടിയ കാശ് നമ്മുടെ കയ്യില് കൊണ്ടു തരും. നമ്മള് എന്താ ചെയ്യാ, അതിനെ പക്വപൂർവ്വം നമ്മള് ഉപയോഗിക്കണം. മക്കളുടെ കാര്യം നോക്കണം, ഫീസ് കാര്യം നോക്കണം, സ്കൂള് കാര്യങ്ങള് നോക്കണം.”

“നമ്മുടെ നാട്ടിലാണെങ്കിൽ ആ കാശ് ഉടനെ കയ്യിൽ കിട്ടും. ഇത് ദൂരെ ആകുമ്പോഴത്തേക്കും അവര് കരയ്ക്ക് വന്ന് ആ മീന് വിറ്റ് ആ പൈസ അവിടുത്തെ ‌കമ്മീഷൻകാരന്റെ കയ്യിൽ ഏൽപ്പിച്ചാണ് ആ പൈസ ഇങ്ങോട്ട് അയക്കുക. അങ്ങനെയൊക്കെ ആകുമ്പോഴത്തേക്കും ഒരു അഞ്ചു ദിവസം ആകും ഈ പൈസ നാട്ടിലെത്താൻ വേണ്ടി. അത്രയും നാളുവരെക്കും ഈ വീട്ടില് ഭയങ്കര ബുദ്ധിമുട്ടായിരിക്കും. കടം വാങ്ങി ആയിരിക്കും ചെലവാകുക. ചിലപ്പോ ഒരു 5000 രൂപ ആയിരിക്കും കടം വാങ്ങുന്നത്. നമ്മൾ വിചാരിക്കും അടുത്ത പണിക്ക് പോയിരിക്കുകയല്ലേ, കിട്ടും. ചെലപ്പോ കിട്ടുന്നത് 2000 രൂപയായിരിക്കും. ഈ 2000 രൂപ കൊണ്ട് നമുക്കീ 5000 ത്തിന്റെ കടം തീർക്കാൻ പറ്റുമോ?” സുനി ചോദിക്കുന്നു. തീരശോഷണം മൂലം മറ്റ് കടലോര ഗ്രാമങ്ങളിലേക്ക് തൊഴിലിനായി പോകുന്ന മത്സ്യത്തൊഴിലാളികളുടെ വീടുകളിലെ സ്ത്രീകൾക്ക് സാമ്പത്തിക – കുടുംബ കാര്യങ്ങളുടെ ഭാരം ഒറ്റയ്ക്ക് നേരിടേണ്ടതായി വരുന്നുണ്ട്.

“പിന്നെ ഒന്നുമില്ല എങ്കിൽ നമ്മള് കടം മറിക്കണം. ഞങ്ങളുടെ നാടിനെ സംബന്ധിച്ച് ആ കടം മറിക്കാൻ പോകുന്നതും പെണ്ണുങ്ങളാണ്.” സുനിയും സഹായറാണിയും ചിരിച്ചുകൊണ്ട് ഒരുപോലെ പറഞ്ഞു. “ഇവിടെ നേരത്തെയൊക്കെ ഈ മൈക്രോ ഫിനാൻസ് ഒക്കെ ഇല്ലായിരുന്നു. ഇപ്പോ ഈ മുത്തൂറ്റ്, ഈസാഫ് അങ്ങനത്തെ കുറെ മൈക്രോ ഫിനാൻസ് ഒക്കെ ഉണ്ട്. അവര് ഇങ്ങനെ ലോണുകളൊക്കെ കൊടുത്ത്, ആ ലോൺ ചിലവര് കൃത്യമായിട്ട് യൂസ് ചെയ്ത് അടയ്ക്കും. ചിലര് ലാവിഷായിട്ടൊക്കെ ചെലവാക്കും. പക്ഷേ, അത് അടയ്ക്കാൻ വേണ്ടി ബുദ്ധിമുട്ടുന്നത് പെണ്ണുങ്ങൾ തന്നെയാണ്.” സുനി പറഞ്ഞു. ആണുങ്ങൾ തന്നെ അത് അടച്ചുതീർക്കുമെന്ന് സഹായറാണിയപ്പോൾ കൂട്ടിച്ചേർത്തു.

സാമ്പത്തിക കാര്യങ്ങൾ നോക്കുന്നത് സ്ത്രീകൾക്ക് ബുദ്ധിമുട്ടാണോ എന്ന് ചോദിച്ചപ്പോൾ, “ഞങ്ങളുടെ നാടിനെ സംബന്ധിച്ച് ഈ ആണുങ്ങൾ കിട്ടുന്ന പൈസ അവര് പെണ്ണുങ്ങളുടെ കയ്യില് കൊണ്ടു കൊടുത്തോളും. അതായത് ആണുങ്ങൾ ജോലി ചെയ്താലും പൈസ പെണ്ണുങ്ങളുടെ കയ്യിലാണ്. പിന്നെ പൈസ ഇല്ലെങ്കിൽ അത് പെണ്ണുങ്ങളാണ് കണ്ടെത്തേണ്ടത് എന്നതും ഉണ്ട്. പക്ഷെ അവര് പത്തോ ഇരുന്നൂറോ ഒക്കെ ചോദിക്കുമ്പോൾ നമ്മൾ വഴക്ക് പറഞ്ഞിട്ടാണ് കൊടുക്കുന്നത്. പാവം അവര് കൊണ്ടുവരുന്ന പൈസയാണ്.” സുനി പറയുമ്പോൾ അത് ശരിയെന്ന് സമ്മതിച്ച് സഹായറാണിയും സമാന അനുഭവം പങ്കുവെച്ചു.

ട്രെയിനിങ് അല്ല പരിഹാരം

“ഞങ്ങളുടെ അമ്മമാരൊക്കെ മത്സ്യകച്ചവടത്തിന് പോയിരുന്നു. അന്ന് വാഹനങ്ങളില്ലാതെ നെയ്യാറ്റിങ്കര വരെ ഞങ്ങളുടെ അമ്മമാര് നടന്നു പോയാണ് മത്സ്യ കച്ചവടം നടത്തിയിരുന്നത്. മുൻപ് ഞങ്ങളുടെ ഈ പൊഴിയൂര് പ്രദേശം വാറ്റിൻ്റെ കേന്ദ്രമായിരുന്നു. സ്ത്രീകളാണ് വാറ്റുന്നത്. കുടുംബശ്രീ പ്രസ്ഥാനം ഒക്കെ വന്നതോടെ ചെറിയ ചെറിയ തൊഴിൽ, കുട നന്നാക്കാനും, ഷാംപൂ, സോപ്പ് സിറപ്പ് ഉണ്ടാക്കാനും പണ്ടുകാലങ്ങളിൽ പഠിച്ചു. പിന്നെയാണ് അവര് ഉണക്കമീൻ സംസ്കരണം, അച്ചാറിടാനൊക്കെ ട്രെയിനിങ്ങൊക്കെ തന്നത്. അന്ന് ഞങ്ങൾക്ക് വിശാലമായ കടപ്പുറം ഉണ്ടായിരുന്നു. ഇന്ന് ആ തീരം നമുക്ക് നഷ്ടപ്പെട്ടു, വരുമാനവും. മത്സ്യസമ്പത്തും കുറഞ്ഞു. മത്സ്യത്തിൻ്റെ വരവ് തന്നെ ധാരാളമായിട്ട് കുറഞ്ഞു.” പൊഴിയൂർ സ്വദേശിയും പൊഴിയൂരിൽ സ്ത്രീകൾകൾക്കിടയിൽ നിരവധി കാലം പ്രവർത്തിച്ച് പരിചയമുള്ള വ്യക്തിയുമായ സെലിൻ കേരളീയത്തോട് പറഞ്ഞു.

സെലിൻ

“കുടുംബശ്രീയുടെ ഓണച്ചന്തയ്ക്കോ വല്ല വിപണന മേളകൾ സംഘടിപ്പിക്കുമ്പോഴോ ഞങ്ങൾ ഇവിടുന്ന് ഫ്രഷ് ആയിട്ട് മീന് കിട്ടിയാൽ അത് ഉണക്കി പാക്ക് ചെയ്ത് നല്ല സ്റ്റിക്കറൊക്കെ ഒട്ടിച്ച് കൊണ്ടുപോകും. സ്റ്റിക്കറില്ലെങ്കിലും നമ്മുടെ മീനിൻ്റെ ആ വൃത്തിയും ആ മണവും കൊണ്ട് തന്നെ തിരുവനന്തപുരത്തൊക്കെ ഉള്ളവരൊക്കെ ധാരാളം വാങ്ങുമായിരുന്നു. ഇന്ന് ഞങ്ങൾക്ക് തീരമില്ല. ഈ പുതിയതുറ ചന്തയില് അന്യ ദേശത്ത് നിന്നൊക്കെ കരുവാട് കൊണ്ടുവരും. അത് വാങ്ങി മറിച്ച് കച്ചവടം ചെയ്യലാണ്. ഇപ്പോ അങ്ങനെ ഇവിടുത്തെ സ്ത്രീകൾ ചെയ്യുന്നുണ്ട്”.

തീരശോഷണം മീനുണക്കി വരുമാനം കണ്ടെത്തിയ സ്ത്രീകളെ എങ്ങനെ ബാധിച്ചുവെന്ന് സെലിൻ വിശദമാക്കി. ഇസാഫിന്റെ സഹായത്താൽ മീനുണയക്കാൻ ഡ്രൈയർ ലഭിച്ചെങ്കിലും അത് ലാഭകരമായി മുന്നോട്ട് കൊണ്ടുപോകാൻ കഴിയാതെ വന്ന സാഹചര്യവും സെലിൻ പങ്കുവെച്ചു. “ഒരു മെഷീൻ  കിട്ടിയിരുന്നു, ഇസാഫിന്റെ കീഴിൽ. ഇവിടെ തന്നെയുള്ള 15  സ്ത്രീകളെ ചേർത്ത് ട്രെയിനിങ്ങ് തന്നു. മഴക്കാലം ആയാലും അതിൽ മീൻ ഉണക്കാമായിരുന്നു. മൂന്നാലഞ്ച് വർഷത്തോളം അതിനെ കൊണ്ടുപോയി. ഈ തീരം നഷ്ടപ്പെട്ടതിന് ശേഷം നമുക്ക് മീനിൻ്റെ വില കുറഞ്ഞു. ഞങ്ങൾ കൂടുതൽ പണം കൊടുത്ത് മീൻ വാങ്ങി ഉണക്കുന്ന കഷ്ടപ്പാടും പത്ത് പേരുടെ ജോലിയും മെനക്കേടും  നോക്കിയാൽ നമുക്ക് പ്രതീക്ഷിക്കുന്ന ലാഭം അതിലില്ല. അങ്ങനെയൊക്കെ ആയപ്പോൾ ഒന്നുരണ്ട് പേരായിട്ട് കൊഴിഞ്ഞു കൊഴിഞ്ഞ് നിന്നുപോയതാണ്.”

പലതരം സ്വയം തൊഴിൽ ട്രെയിനിങ്ങുകൾ പൊഴിയൂരിലെ സ്ത്രീകൾക്ക് ലഭിച്ചിട്ടുണ്ടെങ്കിലും ഒരു സ്ഥാപനം എന്ന നിലയിൽ സംരംഭങ്ങൾ വികസിപ്പിച്ചാൽ മാത്രമേ സ്ത്രീകൾക്ക് ഗുണകരമാകൂ എന്ന നിർദ്ദേശമാണ് സെലിൻ മുന്നോട്ടുവയ്ക്കുന്നത്.

“തയ്യൽ ട്രെയിനിങ് കഴിഞ്ഞ് കുട്ടികള് നിൽക്കുന്നുണ്ട്. കുടുംബശ്രീയുടെ ട്രെയിനിങ് വാങ്ങി, ഈ പള്ളിയുടെ കീഴിലും ട്രെയിനിങ് കിട്ടി. അല്ലാതെ ഒരു സ്ഥാപനമായിട്ട് ഇല്ല. വിധവകൾക്ക് എന്ന് പറഞ്ഞ് ഞങ്ങടെ ഇവിടെ ഒരു ട്രെയിനിങ് കൊടുത്ത് ഒരു ഗ്രൂപ്പ് ആയിട്ടുണ്ട്. ഇപ്പോ അവര് മസാല റെഡിയാക്കുന്നുണ്ട്. മീൻ മസാലയൊക്കെ ഉണ്ട്. അത് വലിയ ബിസിനസ് ആയിട്ട് വളർന്നില്ല. ഇതുവരെ അതിൽ നിന്ന് ഒരു ലാഭം എടുക്കുന്ന രീതിയില് അത് വളർന്നില്ല. ഒരു സ്ഥാപനം ഉണ്ടാക്കിയാൽ കുറച്ചുകൂടെ നല്ലതായിരുന്നേനെ. ഇതിനുവേണ്ടി ഒരിടത്ത് നിന്നും ഞങ്ങൾക്ക് സഹായം ഇങ്ങോട്ട് വരുന്നില്ല. നമ്മളായിട്ട് ഒരു സ്ഥലം കണ്ടെത്തി ഒരു ബിൽഡിംഗ് ആക്കി എല്ലാവരെയും സംഘടിപ്പിക്കാം, ആളെ സംഘടിപ്പിക്കാം, എന്നാലും പൈസ വേണമല്ലോ. അതിന് മുതൽ മുടക്കാൻ ഞങ്ങളുടെ കയ്യിലൊന്നും ഇല്ല.”

“ഹോം നഴ്സിങ്ങിന് പുറത്ത് പോകുന്നുണ്ട് സ്ത്രീകൾ. വീട്ടുജോലി ചെയ്യാൻ പുറത്ത് പോകുന്ന സ്ത്രീകളുണ്ട്. തീരം പോയതിനു ശേഷം തൊഴിലുറപ്പിനെ ആശ്രയിച്ച് കഴിയുന്നവരുണ്ട്. ഒരു കുടുംബശ്രീ മേറ്റും കൂടിയാണ് ഞാൻ. തീരദേശത്താണെങ്കിൽ നമുക്ക് വസ്തുവകകളില്ല. ഞങ്ങൾക്ക് ഒരിക്കലും 100 ദിവസം പൂർത്തിയാക്കി ഒരു സമ്മാനം വാങ്ങാൻ പറ്റിയിട്ടില്ല. പണികൾ കുറവ്. ഈ സത്യത്തിൽ ഈ തീരം പോയതോടുകൂടി സ്ത്രീകളുടെ വരുമാന മാർഗ്ഗങ്ങളൊക്കെ നിലച്ചു.” സെലിൻ നാട്ടിലെ സ്ത്രീകളുടെ നിസാഹയാവസ്ഥ വിഷമത്തോടെ പറഞ്ഞു.

തീരശോഷണം പൊഴിയൂരിൽ രൂക്ഷമായി തുടരുകയാണ്. പലരീതിയിലും തീരത്തെ ആശ്രയിച്ച് കഴിയുന്ന സ്ത്രീകളുടെ ജീവിതത്തെ സാമൂഹികമായും സാമ്പത്തികമായും തീരശോഷണം തകർത്തതെങ്ങനെയെന്ന് ഭരണസംവിധാനങ്ങൾ ഗൗരവത്തോടെ അന്വേഷിക്കേണ്ടതാണ്. തീരമില്ലാതാകുമ്പോൾ മത്സ്യബന്ധനം മാത്രമല്ല പ്രതിസന്ധിയിലാകുന്നത്, അനുബന്ധമായി നിൽക്കുന്ന അനേകം ജീവിതങ്ങൾ കൂടിയാണെന്ന് പൊഴിയൂരിലെ സ്ത്രീ അനുഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.

Also Read

10 minutes read January 21, 2026 2:58 pm