2006ലെ മുംബൈ ട്രെയിൻ സ്‌ഫോടനക്കേസിൽ അന്യായമായി പ്രതിചേർക്കപ്പെടുകയും ഒമ്പത് വർഷത്തെ ജയിൽ വാസത്തിന് ശേഷം കോടതി കുറ്റവിമുക്തനാക്കുകയും ചെയ്ത സ്‌കൂൾ അധ്യാപകൻ അബ്ദുൽ വാഹിദ് ശൈഖിന്റെ ജീവിതം പറയുന്നു അടുത്തിടെ പുറത്തിറങ്ങിയ ബോളിവുഡ് സിനിമ ‘ഹിമോലിംഫ്‘. ജയിലിൽ ആയിരിക്കെ അദ്ദേഹം എഴുതി പ്രസിദ്ധീകരിച്ച ‘ബേഗുണാ കൈതി’ അഥവാ നിരപരാധിയായ തടവുകാരൻ എന്ന ഉറുദു പുസ്തകത്തെ ആസ്പദമാക്കിയാണ് സിനിമ നിർമ്മിക്കപ്പെട്ടിരിക്കുന്നത്. ജീവിതത്തെയും സിനിമയെയും കുറിച്ച് വാഹിദ് ശൈഖ്, അഷ്ഫാഖ് ഇ.ജെയുമായി സംസാരിക്കുന്നു. അടിയന്തരാവസ്ഥയുടെ കയ്പ്പേറിയ ഓർമ്മകൾക്ക് 47 വർഷം പിന്നിടുമ്പോൾ ഇന്ന് ഇന്ത്യ കടന്നുപോകുന്ന അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെ യഥാർത്ഥ ഇരകൾ ആരാണെന്ന് വാഹിദ് ശൈഖ് വ്യക്തമാക്കുന്നു.
താങ്കൾ ഒരു പ്രൈമറി സ്കൂൾ അദ്ധ്യാപകനായിരുന്നല്ലോ. ജയിലിൽ എത്തപ്പെടുന്നതിന് മുമ്പുള്ള വാഹിദ് ശൈഖ് എന്ന അദ്ധ്യാപകന്റെ ജീവിതം എങ്ങനെയായിരുന്നു?
ഒന്നാം ക്ലാസ് മുതൽ പത്തു വരെ ഞാൻ പഠിച്ചത് മുനിസിപ്പൽ സ്കൂളിൽ ഉറുദു മീഡിയത്തിലാണ്. പിന്നീട് കോളേജ് വിദ്യാഭ്യാസവും ടീച്ചേഴേസ് ട്രെയിനിങ് കോഴ്‌സും പൂർത്തീകരിച്ചതിനു ശേഷം 1999ൽ എനിക്ക് പ്രൈമറി സ്കൂൾ അധ്യാപകനായി ജോലി ലഭിച്ചു. ഒരധ്യാപകൻ എന്ന നിലയിൽ എനിക്ക് സമൂഹത്തിൽ എല്ലാവിധ പരിഗണനകളും ലഭിച്ചിരുന്നു. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട മഹാരാഷ്ട്രയിലെ മുസ്ലിം സമൂഹം നടത്തിയിരുന്ന ഒരുപാട് സിമ്പോസിയങ്ങളിലും സെമിനാറുകളിലും സംവാദങ്ങളിലും ഞാൻ ക്ഷണിതാവായിരുന്നു. എന്റെ നാട്ടിലെ ഹിന്ദുക്കളും മുസ്ലിംങ്ങളുമെല്ലാം ഒരാധ്യാപകൻ എന്ന നിലയിൽ എന്നെ ബഹുമാനിച്ചിരുന്നു. എന്റെ കേസിന്റെ ആവശ്യത്തിനായി ഞാൻ കോടതിയിൽ പോയപ്പോൾ അവിടെയുണ്ടായിരുന്ന ഒരു വക്കീൽ എന്റെ പൂർവ്വ വിദ്യാർത്ഥിയായിരുന്നു. ഇങ്ങനെ സമൂഹത്തിന്റെ നാനാമേഖലയിലും പരന്നു കിടക്കുന്ന വിദ്യാർത്ഥികൾ ആണ് ഒരാദ്ധ്യാപകന്റെ സമ്പത്ത്.
ജീവിതം മാറ്റിമറിച്ച അറസ്റ്റ് നടന്ന ദിവസങ്ങളിലെ അനുഭവങ്ങൾ ഒന്ന് വിവരിക്കാമോ?
2001ൽ സിമി എന്ന മുസ്ലിം വിദ്യാർത്ഥി സംഘടനയുടെ നിരോധനത്തിന് ശേഷം കേന്ദ്ര സർക്കാർ നിരവധി മുസ്ലിം ചെറുപ്പക്കാരുടെ മേൽ UAPA ചുമത്തി ജയിലിൽ അടയ്ക്കുകയുണ്ടായി. ഞാനും അവരിൽ ഒരാളായിരുന്നു. രണ്ട് മാസത്തോളം ജയിലിൽ കിടന്നതിനു ശേഷം ആ കേസിൽ എനിക്ക് ജാമ്യം ലഭിച്ചു. ഏതാണ്ട് 11 വർഷത്തിന് ശേഷമാണ് ആ കേസിൽ നിരപരാധിയാണെന്ന് കണ്ട് കോടതി എന്നെ വെറുതെ വിട്ടത്. 2006 ജൂലായ് 11 ന് വൈകുന്നേരം മുംബൈയിലെ ഒരു ലോക്കൽ ട്രെയിനിൽ സ്ഫോടനം നടന്നു എന്നത് മറ്റുപലരെയും പോലെ ഞാനും മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. അതിന്റെ അന്വേഷണത്തിന്റെ ഭാഗമായി എന്നെ വിഖ്റോളി വെസ്റ്റിൽ ഉള്ള പാർക്ക് സൈറ്റ് പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. വിവിധ ലോക്കൽ പോലീസ് സ്റ്റേഷനുകൾ, ക്രൈംബ്രാഞ്ച്, ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് തുടങ്ങി നിരവധി ഏജൻസികൾ അന്വേഷണത്തിന്റെ പേരിലുള്ള ഈ പീഡനം പല ദിവസങ്ങളിലായി തുടർന്നു. അവർ നിരവധി തവണ എന്നെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. 2006 സെപ്തംബർ 29 വെള്ളിയാഴ്ച സ്റ്റേഷനിൽ ഹാജരാകണം എന്ന് പറഞ്ഞ് രാവിലെ 11ന് എനിക്ക് ഘാട്ട് കോപ്പർ പോലീസ് സ്റ്റേഷനിൽ നിന്ന് ഫോൺ കോൾ ലഭിച്ചു. ജുമുഅ നമസ്കാരത്തിന് ശേഷം ഹാജരാകാം എന്ന് പറഞ്ഞ എന്നോട് അവർ പെട്ടെന്ന് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടു. തുടർന്ന് സ്റ്റേഷനിലേക്ക് പോയ എന്നെ അവർ ഘാട്ട് കോപ്പർ സ്റ്റേഷന് സമീപത്തുള്ള ശ്രേയസ് തിയേറ്ററിനുടത്ത് നിന്നും അറസ്റ്റ് ചെയ്ത് ATS ഓഫിസിലേക്ക് കൊണ്ടുപോയി. ഏതാണ്ട് ഒരു മാസത്തോളം ഞാൻ പോലീസ് കസ്റ്റഡിയിൽ ആയിരുന്നു. അതിനുശേഷം അവർ എന്നെ ആർതർ റോഡ് ജയിലിലേക്ക് അയച്ചു.
ചോദ്യം ചെയ്യലിനിടയിലും ജയിലിലും നേരിട്ട പീഡനങ്ങളെക്കുറിച്ച് ഓർമ്മപ്പെടുത്തുന്നത് ട്രോമാറ്റിക്ക് ആണ് എന്നറിയാം. എങ്കിലും ഇന്ത്യൻ ജയിലുകളിൽ നടക്കുന്ന മനുഷ്യത്വ വിരുദ്ധമായ പീഡനങ്ങൾ പൊതുസമൂഹം അറിയുന്നതിന് വേണ്ടി ഒന്ന് വിവരിക്കാമോ?
കൊടിയ തരത്തിലുള്ള പീഡനങ്ങൾക്കാണ് ചോദ്യം ചെയ്യൽ വേളകളിൽ ഞാൻ ഇരയായത്. ജനിതകാവയവങ്ങൾക്ക് ഇലക്ട്രിക് ഷോക്ക് നൽകുക എന്നത് ഇന്റർറോഗേഷൻ സെന്ററുകളിൽ ഒരു സാധാരണ സംഭവം ആയിരുന്നു. പൂർണ്ണ നഗ്നരാക്കിയതിന് ശേഷം കൈ പുറകിൽ നിന്നും ബന്ധിച്ചു കാലുകൾ രണ്ടും 180 ഡിഗ്രിയിൽ വ്യത്യസ്ത ദിശകളിൽ ആയി വിടർത്തി വെച്ചു അവർ ഞങ്ങളെ മർദ്ദിച്ചു. മലദ്വാരത്തിൽ നല്ല ചൂടുള്ള സൂര്യപ്രകാശ് എന്ന എണ്ണ അവർ ഇൻജെക്ട് ചെയ്തു. എന്റെ മുഖം ഒരു കവർ ഉപയോഗിച്ച് മൂടിയതിന് ശേഷം കൈകൾ ഒരു ടോയ്‌ലെറ്റിന്റെ ജനാലയിൽ ബന്ധിച്ചു. മണിക്കൂറുകളോളം ആ ദുർഗന്ധം ശ്വസിച്ചു ഞാൻ നിന്നു. തലമുടികളും താടി രോമങ്ങളും ഓരോന്നായി അവർ പിഴുതെടുത്തു. മുഖം ഒരു തുണി ഉപയോഗിച്ച് മറച്ചതിനു ശേഷം ശ്വാസ ദ്വാരങ്ങളിലൂടെ അവർ വെള്ളം ഒഴിച്ചു. ആ വെള്ളത്തിലാണ്ട് ശ്വാസമെടുക്കാൻ പ്രയാസപ്പെട്ട് മുങ്ങി പോകുന്നതുപോലെ തോന്നി. ഇത് കൂടാതെ മണിക്കൂറുകളോളം എന്റെ തലയിൽ അവർ തണുത്ത വെള്ളം ഒഴിച്ചു. ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും ബെൽറ്റ് ഉപയോഗിച്ച് മണിക്കൂറുകളോളം തല്ലി. പ്രത്യക്ഷത്തിൽ പാടുകൾ കാണാതിരിക്കാൻ ശ്രദ്ധിച്ചായിരുന്നു ഈ മർദ്ദനം. എന്റെ കുടുംബത്തെ മാനഭംഗപ്പെടുത്തും എന്ന് അവർ ഭീഷണിപ്പെടുത്തി. എന്റെ മാതാപിതാക്കളെയും കുടുംബത്തെയും അവർ അസഭ്യം പറഞ്ഞു. ഇസ്ലാം മതത്തെയും പ്രവാചകൻ മുഹമ്മദിനെയും അവർ നിരന്തരം അവഹേളിച്ചു. വാക്കുകൾ കൊണ്ട് വിവരിക്കാൻ പറ്റാത്തത്ര ഭീകരമായ പീഡനങ്ങൾ ആണ് കുപ്രസിദ്ധമായ ‘ഗ്വണ്ടനാമോ ബേ’ തടവറയെ അനുസ്മരിപ്പിക്കും വിധത്തിൽ അവിടെ അരങ്ങേറിയത്. ഇതേപോലെ ശാരീരികവും മാനസികവുമായ കൊടിയ മർദ്ദനങ്ങൾക്ക് ഇരയാക്കിയതിന് ശേഷമാണ് ഞാനടക്കമുള്ള തടവുകാരിൽ നിന്നും അവർ കുറ്റസമ്മത മൊഴികൾ എടുത്തത്.
ഏതാണ്ട് പത്തു വർഷത്തോളം നീണ്ട ജയിൽ ജീവിതത്തിനിടയിൽ എന്നെങ്കിലും മോചനമുണ്ടാകും എന്ന് നിങ്ങൾ പ്രതീക്ഷിച്ചിരുന്നോ ?
എനിക്ക് മാത്രമല്ല, ഈ കേസിൽ പ്രതി ചേർക്കപ്പെട്ട നിരപരാധികളായ 13 പേർക്കും പൂർണ്ണ വിശ്വാസമുണ്ടായിരുന്നു ഒരു നാൾ ഞങ്ങൾ ജയിൽ മോചിതരാകും എന്ന്. ആ വിശ്വാസത്തോടു കൂടിയാണ് കേസ് നടത്തിയത്. നിർഭാഗ്യവശാൽ ഞാനൊഴികെ മറ്റെല്ലാവരും ശിക്ഷിക്കപ്പെട്ടു. 7 പേർക്ക് ജീവപര്യന്തവും 5 പേർക്ക് വധശിക്ഷയും വിധിച്ചു. അതിൽ ഒരാൾ എന്റെ അളിയനായിരുന്നു. നീണ്ട പത്തു വർഷത്തോളമുള്ള സഹവാസം കാരണം അവരെല്ലാം എന്റെ പ്രിയ സുഹൃത്തുക്കൾ ആയി മാറിയിരുന്നു.
മുംബൈ സ്‌ഫോടനക്കേസിലെ പ്രതികൾ ആർതർ റോഡ് ജയിലിൽ പീഡിപ്പിക്കപ്പെടുകയാണെന്ന് കാണിച്ച് നിരപരാധികളായ മുസ്ലിം തടവുകാർക്ക് വേണ്ടി പോരാടിയ അഭിഭാഷകൻ ഷാഹിദ് ആസ്മി ഹൈക്കോടതിയിൽ നൽകിയ ഹർജി വലിയ ചലനങ്ങൾ സൃഷ്ടിച്ചിരുന്നല്ലോ. പിന്നീട് അദ്ദേഹം കൊല്ലപ്പെടുകയും ചെയ്തു. ഷാഹിദ് ആസ്മിയും നിങ്ങളുമായുള്ള ബന്ധത്തെക്കുറിച്ച് പറയാമോ?
ജംഇയത്തുൽ ഉലമ നേതാവായിരുന്ന ഗുൽസാർ ആസ്മി ആണ് ഷാഹിദ് ആസ്മി എന്ന പ്രഗദ്ഭനായ വക്കീലിനെ ഞാനടക്കമുള്ള ഒരുപാട് ആളുകൾക്ക് വേണ്ടി വാദിക്കാൻ നിയമിച്ചത്. തീവ്രവാദ കുറ്റം ആരോപിക്കപ്പെട്ടു ജയിലിൽ കിടന്നതിനാൽ അദ്ദേഹത്തിന് ഞങ്ങളുടെ അനുഭവങ്ങളെക്കുറിച്ചും ഇന്ത്യൻ ജയിലുനുള്ളിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചും കൃത്യമായ ധാരണ ഉണ്ടായിരുന്നു. കോടതിയിലിലും ജയിലിനുള്ളിലും എങ്ങനെ പെരുമാറണം എന്ന് അദ്ദേഹം ഞങ്ങൾക്ക് കൃത്യമായി പറഞ്ഞുതന്നു. നിർബന്ധിത കുറ്റസമ്മതം, ചോദ്യം ചെയ്യൽ വേളയിൽ ഞങ്ങൾ നേരിട്ട പീഡനങ്ങൾ, കൃത്രിമ തെളിവുകളുടെ നിർമ്മാണം ഉൾപ്പടെ ഞങ്ങളുടെ പല പരാതികളും ഷാഹിദ് ആസ്മി വിചാരണ കോടതിയിൽ സമർപ്പിച്ചു. എന്നെങ്കിലും ഒരിക്കൽ ജയിൽ മോചിതരാകും എന്ന ആത്മവിശ്വാസം ഞങ്ങൾക്ക് പകർന്നു തരുന്നതിൽ അദ്ദേഹം വലിയ പങ്കാണ് വഹിച്ചത്. ജയിൽ ജീവിതം പഠനത്തിന് വേണ്ടിയുള്ള ഒരവസരമായി കാണണം എന്ന് അദ്ദേഹം പറയുമായിരുന്നു. ജയിലിൽ വെച്ച് നിയമം പഠിച്ചു വക്കീലായ ഷാഹിദിന്റെ കഥ എല്ലാ തടവുപുള്ളികൾക്കും ഒരു പ്രചോദനമാണ്. ഹിന്ദുത്വവാദികളുടെ തോക്കിനിരയായി രക്ഷസാക്ഷിത്വം വരിച്ചില്ലെങ്കിൽ, ഒരുപാട് നിരപരാധികളായ തടവുകാരുടെ വിമോചനത്തിന് വഴിയൊരിക്കിയേനെ ഷാഹിദ് ആസ്മി എന്ന മനുഷ്യസ്നേഹിയായ വക്കീൽ.
ഷാഹിദിനെപ്പോലെ താങ്കളും ജയിൽ ഉപരിപഠനത്തിനുള്ള ഒരു വേദിയായി ഉപയോഗിച്ചിരുന്നല്ലോ. അതിനെക്കുറിച്ച് പറയാമോ?
ജയിലിൽ ചിലവഴിക്കേണ്ടി വരുന്ന നീണ്ടകാലം ഉപകാരപ്രദമായി ഉപയോഗിക്കണം എന്ന ഷാഹിദ് അടക്കമുള്ളവരുടെ ഉപദേശം കാരണമാണ് ഞങ്ങളിൽ പലരും പഠിക്കാൻ ആരംഭിച്ചത്. ജയിലിൽ വെച്ച് ഞാൻ ഇന്ദിര ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ (IGNOU) കീഴിൽ ഇംഗ്ലീഷിൽ മാസ്റ്റേഴ്സ് ബിരുദം എടുത്തു. കൂടാതെ മൗലാന ആസാദ് ഉർദു യൂണിവേഴ്സിറ്റിയിൽ നിന്ന് ജേർണലിസം കോഴ്‌സും പൂർത്തിയാക്കി. ഇത് കൂടാതെ ഞാൻ ബോംബൈ സർവകലാശാലയിൽ നിന്ന് നിയമവും IGNOU വിൽ നിന്ന് ടീച്ചിങ് ഉൾപ്പടെ മറ്റു ചില സർട്ടിഫിക്കറ്റ് കോഴ്‌സുകളും പൂർത്തിയാക്കി. എന്റെ കൂടെയുള്ള പല സഹതടവുകാരും LLB, MA, MBA, മെഡിക്കൽ ഉൾപ്പടെ പല കോഴ്‌സുകളും പഠിച്ചിരുന്നു.
‘ബേഗുണാ കൈതി’ എന്ന പുസ്തകം എഴുതുന്നതിൽ താങ്കൾ നേരിട്ട പ്രതിസന്ധികൾ എന്തെല്ലാമാണ്? ജയിലിൽ വച്ചുള്ള എഴുത്ത് അനുഭവങ്ങൾ പങ്കുവയ്ക്കാമോ?
എന്റെ പുസ്തകത്തിന്റെ ഭൂരിഭാഗവും ഞാൻ ജയിലിനുള്ളിൽ വെച്ചാണ് എഴുതിയത്. ‘State terrorism’ എന്നായിരുന്നു ആദ്യം ഞാൻ പുസ്തകത്തിന് വേണ്ടി കണ്ടുവച്ച പേര്. എന്നാൽ ഞാനുൾപ്പടെയുള്ള നിരപരാധികളായ തടവുകാരുടെ ജീവിതാനുഭവങ്ങളുടെ തുറന്നെഴുത്തിന്, ‘നിരപരാധിയായ തടവുകാരൻ’ എന്ന തലക്കെട്ടായിരിക്കും കൂടുതൽ യോജിക്കുക എന്ന പുസ്തക പ്രസാധകന്റെ നിർദ്ദേശം കാരണമാണ് ‘ബേഗുണ കൈതി ‘ എന്ന പേര് നൽകിയത്. ജയിലിൽ വെച്ച് പൂർത്തിയായ പല പേജുകളും ഞാൻ എന്നെ കാണാൻ വരുന്ന സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും കൈവശം പുറത്തേക്ക് ഒളിച്ചുകടത്തുകയാണുണ്ടായത്. നിരവധി തവണ ഞാൻ എഴുതിത്തീർത്ത പേജുകൾ ജയിലധികൃതർ പിടിച്ചെടുത്ത് കത്തിച്ചു കളഞ്ഞിട്ടുണ്ട്. ജയിലിൽ വെച്ച് പുസ്തകമെഴുതാൻ തുനിഞ്ഞതിന്റെ പേരിൽ കൊടിയ മർദ്ദനങ്ങളാണ് എനിക്ക് നേരിടേണ്ടി വന്നത്.
‘ഹീമോലിംഫി’ലൂടെ സിനിമ എന്ന മാധ്യമത്തിലേക്ക് ജീവിതാനുഭവത്തെ മാറ്റുമ്പോൾ സംവിധായകന് നൽകിയ നിർദ്ദേശങ്ങൾ എന്തെല്ലാമായിരുന്നു?
വാഹിദ് ശൈഖ് എന്ന നിരപരാധിയായ മുസ്ലിം തടവുകാരന്റെ ബയോപിക് എന്നതിലുപരി ഞങ്ങൾക്കെതിരെ കെട്ടിചമച്ച കേസിലേക്ക് ശ്രദ്ധ ചെലുത്തണം എന്നതായിരുന്നു ഞാൻ സംവിധായകന് കൊടുത്ത പ്രധാന നിർദ്ദേശം. ഈ കേസിൽ അന്യായമായി അറസ്റ്റ് ചെയ്യപ്പെട്ട് ഇന്നും ജയിലിൽ കഴിയുന്ന മറ്റു തടവുകാരുടെയും ജീവിതകഥ പരിഗണിക്കണം എന്ന് ഞാനവരോട് പറഞ്ഞു. ഈ സിനിമാ പ്രവർത്തകർ ഇന്റർനെറ്റിൽ എന്നെ കുറിച്ച് ലഭ്യമായ എല്ലാ ലേഖനങ്ങളും ഇന്റർവ്യൂകളും, ഞാനെഴുതിയ പുസ്തകവും വിശദമായി പഠിച്ചു. കേസിന്റെ ചാർജ്ഷീറ്റും മറ്റനുബന്ധ രേഖകളും അവർ പഠിച്ചിരുന്നു. അതിനുശേഷം ഒരുപാട് തവണ അവർ എന്നോട് മണിക്കൂറുകളോളം സംസാരിച്ച് സിനിമക്ക് വേണ്ട കാര്യങ്ങൾ കുറിച്ചെടുത്തു. തിരക്കഥാ രചനക്കിടയിൽ പലതവണ അതെന്നെ കാണിച്ച് അഭിപ്രായങ്ങൾ ചോദിച്ചിരുന്നു. ഒരു ദിവസം മുഴുവൻ അണിയറ പ്രവർത്തകരുമൊത്ത് മുംബൈയിലെ ഒരു ഹോട്ടൽ മുറിയിൽ വച്ച് സംവിധായകൻ എന്റെ ഇന്റർവ്യൂ നടത്തിയിരുന്നു. സിനിമാ ക്രൂവിലെ എല്ലാവരും അവർക്ക് വേണ്ട കാര്യങ്ങൾ എന്നോട് വിശദമായി ചോദിച്ചു മനസ്സിലാക്കി.
ജയിൽ മോചിതനായതിന് ശേഷം താങ്കൾ മുൻകൈയെടുത്തു രൂപീകരിച്ച ‘ഇന്നസൻസ് നെറ്റ്‌വർക്ക്’ എന്ന സംഘടനയുടെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിക്കാമോ?
2015ൽ ഞാൻ ജയിൽ മോചിതനായതിന് ശേഷം 2016ൽ ആണ് ക്വിൽ ഫൗണ്ടേഷൻ പോലെയുള്ള സംഘടനകളുടെ സഹായത്താൽ ‘ഇന്നസൻസ് നെറ്റ്‌വർക്ക്’ രൂപീകരിക്കുന്നത്. ഇന്ത്യാ രാജ്യത്ത് അന്യായമായി തടവിലാക്കപ്പെട്ട മുഴുവൻ മനുഷ്യർക്കും വേണ്ടി ശബ്ദിക്കാനാണ് ഞങ്ങൾ ‘ഇന്നസൻസ് നെറ്റ്‌വർക്ക്’ എന്ന കൂട്ടായ്മ രൂപീകരിച്ചത്. ജയിൽ മോചിതരായ തടവുകാരുടെ പുനരധിവാസം, നഷ്ടപരിഹാരം നൽകൽ, തടവുകാർക്കെതിരെയുള്ള മനുഷ്യവാകാശ ലംഘനങ്ങൾക്കെതിരെ പ്രതികരിക്കുക, അവരുടെ കുടുംബത്തിന് സഹായം നൽകുക, ജയിൽ നിയമ പരിഷ്കരണത്തെക്കുറിച്ച് സംസാരിക്കുക, നിരപരാധികളായ തടവുകാർക്ക് നിയമസഹായം നൽകുക തുടങ്ങിയവയാണ് ഞങ്ങളുടെ പ്രധാന പ്രവർത്തനങ്ങൾ. ഈ വിഷയങ്ങളെ അടിസ്ഥാനമാക്കി ഒരുപാട് കാമ്പയിനുകളും സെമിനാറുകളും ഞങ്ങൾ നടത്തിയിട്ടുണ്ട്. മുംബൈ സ്ഫോടനത്തിന്റെ വാർഷികത്തിൽ കേസിന്റെ വിവിധ വശങ്ങളെക്കുറിച്ചായിരുന്നു ഞങ്ങളുടെ ആദ്യ കാമ്പയിൻ. theinnocent.in എന്ന വെബ്സൈറ്റിലൂടെയും Acquit Undertrial എന്ന യൂട്യൂബ് പേജിലൂടെയും നിരന്തരം ഞങ്ങൾ നിരപരാധികളായ തടവുകാരുടെ അവകാശത്തെക്കുറിച്ച് സംസാരിച്ചുകൊണ്ടിരുന്നു. നിരപരാധികളായ ഒരുകൂട്ടം മനുഷ്യരുടെ ജീവിതാനുഭവങ്ങളെക്കുറിച്ചുള്ള ഒരു പുസ്തകം ‘ഇന്നസൻസ് നെറ്റ്‌വർക്ക്’ ഉടൻ പുറത്തിറക്കും.
തീവ്രവാദവുമായി ബന്ധപ്പെട്ട് രാജ്യത്ത് രജിസ്റ്റർ ചെയ്യപ്പെട്ട കേസുകളിലെല്ലാം ഒരു സ്ഥിരം പാറ്റേൺ കാണാൻ സാധിക്കും. എന്തുകൊണ്ടാണ് ഇങ്ങനെയുള്ള കേസുകളിൽ ഭരണകൂടം നിരപരാധിയായ മുസ്ലിമിനെ നിരന്തരം വേട്ടയാടുന്നത്?
ഇസ്ലാമോഫോബിയ എന്നത് ഒരു അന്താരാഷ്ട്ര പ്രതിഭാസം ആണ്. സെപ്റ്റംബർ 11 വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന് ശേഷം അത് പതിന്മടങ്ങായി വർധിച്ചു. ഇന്ത്യയിലെ എല്ലാ ഭരണകൂട സ്ഥാപനങ്ങളിലും ഇസ്ലാം വിരുദ്ധത കാണാൻ സാധിക്കും. കൂടാതെ മുസ്ലിമിനെ ഭയപ്പെടുത്തി കീഴ്പ്പെടുത്തിയില്ലെങ്കിൽ അവർ ഭാരതത്തിൽ ഭരണം സ്ഥാപിക്കാൻ സാധ്യതയുണ്ട് എന്ന ഒരു ഹിന്ദുത്വ ഭാഷ്യവും നിലവിൽ ഉണ്ട്. അത് നടപ്പിലാക്കാനുള്ള ഒരു സംവിധാനമായി രാജ്യത്തെ പൊലീസ് വ്യവസ്ഥ മാറിപ്പോയി എന്നത് വളരെയധികം സങ്കടകരമാണ്.
തീവ്രവാദ കേസുകളുമായി ബന്ധപ്പെട്ട് പൊതുസമൂഹത്തിൽ നിലനിൽക്കുന്ന മനോഭാവത്തെ എങ്ങനെ മനസ്സിലാക്കുന്നു?
രാജ്യത്ത് തീവ്രവാദാരോപണത്തിന്റെ പേരിൽ രജിസ്റ്റർ ചെയ്യപ്പെട്ട കേസുകളിൽ ഭൂരിഭാഗവും കൃത്യമായ പ്ലാനിംഗോടെ കെട്ടിച്ചമക്കപ്പെട്ട കേസുകൾ ആണ് എന്ന് ഇവിടുത്തെ ബഹുഭൂരിപക്ഷം മുസ്ലിംകൾക്കും അറിയാം. ബോംബ് പൊട്ടിയത് അമ്പലത്തിലായാലും പള്ളിയിലായാലും മുസ്ലിംകളെയാണ് പ്രതി ചേർക്കുന്നത്. അടിസ്ഥാന ആവശ്യങ്ങളിൽ നിന്നും ജനങ്ങളുടെ ശ്രദ്ധതിരിച്ചുവിടാനും അവരെ ഭയപ്പെടുത്തി തങ്ങളുടെ അജണ്ടകൾ നടപ്പിലാക്കാനും വേണ്ടി ഭരണകൂടം നിർമ്മിച്ചെടുത്തതാണ് ഈ ഇസ്ലാമിക തീവ്രവാദ കഥ. ജനദ്രോഹപരമായ തീവ്രവാദം എന്ന ആശയത്തിന് ഇസ്ലാമിന്റെ ഒരടിസ്ഥാന ഗ്രന്ഥത്തിലും സ്ഥാനം ഇല്ല. ജനങ്ങൾക്ക് ആത്മസംസ്ക്കരണത്തിന്റെയും വിമോചനത്തിന്റെയും വഴിയൊരുക്കുന്ന ജിഹാദാണ് ഇസ്ലാമിലുള്ളത്. സാധാരണക്കാരനായ ഒരു ഹിന്ദുവിന്റെ ഉള്ളിൽ അകാരണമായ മുസ്ലിം ഭീതി ജനിപ്പിക്കുകയാണ് ഇത്തരത്തിലുള്ള ഭരണകൂട നിർമ്മിത കേസുകൾ ചെയ്യുന്നത്.
കുറ്റവിമുക്തനാക്കപ്പെടുകയും ജയിൽ മോചിതനാവുകയും ചെയ്തതിന് ശേഷം ഭരണകൂട സംവിധാനങ്ങൾ എങ്ങനെയാണ് താങ്കളെ നോക്കിക്കാണുന്നത്? എന്തെങ്കിലും അനുഭവങ്ങളുണ്ടോ?
കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ കൈയിൽ ഒരു വാർ ബുക്ക് ഉണ്ട്. തീവ്രവാദ ആരോപണ കേസുകളിൽ പ്രതിചേർക്കപ്പെട്ട മുഴുവൻ മുസ്ലിങ്ങളുടെയും പേരുകളും മറ്റു വിവരങ്ങളും അതിലുണ്ട്. ദേശീയ മനുഷ്യാവകാശ കമ്മീഷന് മുമ്പാകെ സർക്കാർ നടത്തിയ വെളിപ്പെടുത്തലിൽ ആണ് എന്റെ പേര് കൂടെ ഉൾപ്പെട്ട ഇങ്ങനെയൊരു പുസ്തകത്തെക്കുറിച്ച് ഞാൻ അറിഞ്ഞത്. കാലമെത്രകഴിഞ്ഞാലും ഞങ്ങളൊക്കെ ഈ ഭരണകൂടത്തിന്റെ കണ്ണിൽ തീവ്രവാദികൾ തന്നെ ആയിരിക്കും.
ജൂൺ 25ന് അടിയന്തരാവസ്ഥയുടെ 47-ാമത് വാർഷികം കടന്നുപോവുകയാണല്ലോ. എന്നാൽ അടിയന്തരാവസ്ഥയുടെ കാലത്ത് നടന്നതിനേക്കാൾ ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങളല്ലേ രാജ്യത്തിന്റെ പല ഭാഗങ്ങളിലും മുസ്ലിങ്ങൾ അനുഭവിക്കുന്നത്?
അടിയന്തരാവസ്ഥ ചുരുങ്ങിയ സമയത്ത് മാത്രം നിലനിന്നിരുന്ന ഒരു പ്രക്രിയയായിരുന്നു. രാജ്യവ്യാപകമായി ഒരൊറ്റ തവണ മാത്രമാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാൽ സാധാരണക്കാരനായ മുസ്ലിം ദിനംപ്രതി ഭരണകൂട ഭീകരത അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. മുസ്ലിങ്ങൾക്ക് ഇന്ത്യയിൽ എല്ലാ ദിവസവും അടിയന്തരാവസ്ഥയെക്കാൾ ഭീകരം ആണ്. ദിവസം കൂടുംതോറും അതിന്റെ തീവ്രത വർധിക്കുകയാണ്. ഓരോ ദിവസവും മുസ്ലിംകൾ കൂട്ടത്തോടെ അറസ്റ്റ് ചെയ്യപ്പെടുന്നു. തീവ്രവാദവും രാജ്യദ്രോഹവുമായി ബന്ധപ്പെട്ട നിയമങ്ങളിൽ ഭേദഗതി വരുത്തി മുസ്ലിങ്ങളെ ജീവിതാവസാനം വരെ ജയിലിലേക്ക് തള്ളുകയാണ്. ജയിലിൽ അവർ കനത്ത മർദ്ദനങ്ങൾക്ക് ഇരയാവുന്നു. അവകാശങ്ങൾക്ക് വേണ്ടി തെരുവിൽ ഉയരുന്ന മുസ്ലിം ശബ്ദങ്ങളെ അറസ്റ്റ് ചെയ്തും വെടിവെച്ചും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ് ഭരണകൂടം. എല്ലാ തരത്തിലുള്ള ഇസ്ലാമിക അടയാളങ്ങൾക്ക് നേരെയും അതിക്രമം നടക്കുന്നു. പള്ളികൾ പൊളിച്ചു നീക്കൽ ഭീഷണി നേരിടുകയാണ്. പള്ളിയിൽ നിന്നുള്ള ബാങ്കുകൾ നിരോധിക്കപ്പെടുകയാണ്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും മുസ്ലിമിന് വേണ്ടി ഡീറ്റെൻഷൻ സെന്ററുകൾ പണിഞ്ഞുകൊണ്ടിരിക്കുകയാണ്. ബുൾഡോസറുകളാൽ രാജ്യത്ത് നിയമം നടപ്പിലാക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. അടിയന്തരാവസ്ഥയുടെ കാലത്ത് നടന്നതിനേക്കാൾ ക്രൂരമായ ചെയ്തികളാണ് ഇതെല്ലാം.
ഹിമൊലിംഫ്: ഭരണകൂടം ഉന്നം വയ്ക്കുന്ന മുസ്ലിം ജീവിതങ്ങളിലേക്ക്
സിനിമയുടെ സംവിധായകൻ സുദർശൻ ഗമാരെയും നടൻ റിയാസ് അൻവറും സംസാരിക്കുന്നു.
ചെയ്യാത്ത കുറ്റത്തിന് മുംബൈ ആർതർ റോഡ് ജയിലിൽ എട്ട് വർഷത്തോളം ചിലവഴിച്ചതിനിടയിലെ ഏതോ ഒരു രാത്രിയിലാണ് വാഹിദ് ശൈഖ് എന്ന പ്രൈമറി സ്കൂൾ അദ്ധ്യാപകൻ തന്റെ അനുഭവങ്ങൾ എഴുതിയിടാൻ തീരുമാനിച്ചത്. ജയിലിൽ അനുഭവിച്ച പീഡനങ്ങളെക്കുറിച്ചും തനിക്കെതിരെ കെട്ടിചമച്ച കേസിനെക്കുറിച്ചും ബലം പ്രയോഗിച്ച് പൊലീസ് സംഘടിപ്പിച്ച കുറ്റസമ്മത മൊഴികളെക്കുറിച്ചും അന്വേഷണ ഏജൻസികളുടെയും ജയിലധികൃതരുടെ മുൻവിധികളെക്കുറിച്ചും ഇസ്ലാമോഫോബിയയെക്കുറിച്ചും വാഹിദ് നടത്തിയ തുറന്നെഴുത്തായിരുന്നു ‘ബേഗുണാ കൈതി’ അഥവാ നിരപരാധിയായ തടവുകാരൻ എന്ന പുസ്തകം. ഉറുദുവിലുള്ള പുസ്തകം പുറത്തിറങ്ങിയിട്ട് അഞ്ച് വർഷത്തിന് ശേഷം അത് ‘ഹിമൊലിംഫ്’ എന്ന പേരിൽ ഈ വർഷം മെയ് 27ന് ഒരു ബോളിവുഡ് ചലച്ചിത്രമായിരിക്കുകയാണ്. ഏകദേശം 120ഓളം തിയറ്ററുകളിൽ ആണ് ഹിമോലിംഫ് റിലീസ് ചെയ്തത്. “ഹിമോലിംഫ് എന്ന പദത്തിന്റെ അർത്ഥം ഉറുമ്പിന്റെ രക്തം എന്നാണ്. ഭരണകൂടം ഒരുറുമ്പിനെ പോലെ ചവിട്ടിമെതിക്കാൻ ശ്രമിച്ച ഒരുപാട് മനുഷ്യരിൽ ഒരാൾ നടത്തിയ ചെറുത്തുനിൽപ്പിന്റെയും അതിജീവനത്തിന്റെയും കഥയാണ് ഈ സിനിമ.” സംവിധായകൻ സുദർശൻ ഗമാരെ പറഞ്ഞു.
പ്രൈമറി സ്കൂൾ അദ്ധ്യാപകനായ വാഹിദ് ശൈഖിനെ മഹാരാഷ്ട്രയിലെ മുമ്പ്രയിൽ വെച്ചാണ് 2006ൽ നടന്ന മുംബൈ ട്രെയിൻ സ്ഫോടനത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് മുംബൈ ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. എൻ.ഡി.ടി.വിയിലെ ജേർണലിസ്റ്റായ സുനെത്ര ചൗധരിയുടെ ‘Behind Bars’ എന്ന പുസ്തകത്തിലൂടെയാണ് മറാത്താ നാടകപ്രവർത്തകനായ സുദർശൻ, വാഹിദ് ശൈഖിന്റെ ജീവിതകഥ അറിയുന്നത്. 13 അദ്ധ്യായങ്ങളുള്ള പുസ്തകത്തിലെ ‘Wahid and the different shades of torture’ എന്ന തലക്കെട്ടിലുള്ള ഒമ്പതാമത്തെ അദ്ധ്യായത്തിലാണ് വാഹിദ് നേരിട്ട പീഡനത്തെക്കുറിച്ച് വിവരിക്കുന്നത്. ഈ പുസ്തകം വായിച്ചതിന് ശേഷം വാഹിദ് എഴുതിയ ‘ബേഗുണ കൈതി’ എന്ന പുസ്തകവും സുദർശൻ വായിച്ചു. “ഈ പുസ്തകം എന്നെ ആഴത്തിൽ സ്വാധീനിച്ചു. ഇതിന്റെ ഓരോ പേജുകളും അങ്ങേയറ്റം കുറ്റബോധത്തോടെയാണ് ഞാൻ വായിച്ചു തീർത്തത്. അത്രക്ക് ഭീകരമായിരുന്നു അദ്ദേഹം നേരിട്ട അനുഭവങ്ങൾ.” സംവിധായകൻ സുദർശൻ ഗമാരെ പറഞ്ഞു.
സുദർശൻ ഈ കഥ തന്റെ സുഹൃത്തും താൻ മുമ്പ് ചെയ്ത ഷോർട് ഫിലിമിലെ നടനുമായ റിയാസ് അൻവറിനോട് പറഞ്ഞു. ഈ കഥ സിനിമയാക്കി കൂടുതൽ ആളുകളിലേക്ക് എത്തിക്കാനുള്ള തന്റെ ആഗ്രഹവും സുദർശൻ റിയാസിനോട് പങ്കുവച്ചു. തുടർന്ന് രണ്ടു പേരും വാഹിദുമായി ബന്ധപ്പെട്ടു.
സുദർശനും റിയാസും മുംബൈയിലെ ഒരു ഹോട്ടൽ മുറിയിൽ വച്ച് ദീർഘനേരം വാഹിദുമായി സംസാരിച്ചു. തിരക്കഥ പൂർത്തിയാക്കി തന്നെ കാണിക്കാം എന്ന ധാരണയിൽ വാഹിദ് അവർക്ക് സിനിമ ചെയ്യാനുള്ള അനുവാദം കൊടുത്തു. പിന്നീട് അവർ മുമ്പ്രയിലെ വാഹിദിന്റെ വീട്ടിലേക്ക് പോയി കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും നാട്ടുകാരോടും സംസാരിച്ചു. ഏകദേശം 20,000 പേജോളം വരുന്ന ചാർജ്ഷീറ്റും വിധിപ്പകർപ്പും വിശദമായി പഠിച്ചു. കേസുമായി ബന്ധപ്പെട്ട് ലഭ്യമായ എല്ലാ രേഖകളും ലേഖനങ്ങളും ശേഖരിച്ചു. സിനിമക്കുവേണ്ടി അണിയറ പ്രവർത്തകർ മുംബൈ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ ഉറ്റവരുമായും മുംബൈ പോലീസുമായും സംസാരിച്ചു. “പതിനൊന്ന് മാസം നീണ്ട ഗവേഷണവും തുടർന്ന് നാലുമാസമെടുത്ത തിരക്കഥാ രചനയും ആയിരുന്നു. അതിനിടയിലെല്ലാം വാഹിദ് ഞങ്ങൾക്ക് ചില നിർദ്ദേശങ്ങൾ തന്നിരുന്നത് സിനിമയുടെ ആധികാരികത വർധിപ്പിച്ചു,” സംവിധായകൻ സുദർശൻ പറഞ്ഞു.
ഒരു വൈകാരിക യാത്രയായിരുന്നു തനിക്ക് ഹിമൊലിംഫ് എന്നാണ് സിനിമയിൽ വാഹിദ് ശൈഖിന്റെ റോൾ അഭിനയിച്ച റിയാസ് അൻവർ പ്രതികരിച്ചത്. വാഹിദുമായി മണിക്കൂറുകളോളം സംസാരിച്ച് അയാളുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും സ്വഭാവവരീതികളും റിയാസ് മനസ്സിലാക്കിയിരുന്നു. “ഞാൻ വാഹിദിനെപ്പോലെ നടക്കാനും ഇടം കൈ കൊണ്ടെഴുതാനും വാഹിദിനെപ്പോലെ വസ്ത്രമണിയാനും തുടങ്ങി. വാഹിദിനെപ്പോലെ ഞാൻ തിരക്കുനിറഞ്ഞ മുംബൈ ലോക്കൽ ട്രെയിനുകളിൽ സഞ്ചരിക്കാൻ തുടങ്ങി. വാഹിദ് ജീവിച്ചുതീർത്ത നിമിഷങ്ങളെ ഓർത്തെടുക്കാൻ വേണ്ടി മുംബൈ ആർതർ റോഡ് ജയിലിന് പുറത്ത് ഞാൻ മണിക്കൂറുകളോളം നിന്നു.” റിയാസ് പറഞ്ഞു.
സുഹൃത്തുക്കളുടെ ഒരു കൂട്ടായ സംരംഭം കൂടിയായിരുന്നു ഈ സിനിമ. സിനിമാറ്റൊഗ്രാഫർ രോഹൻ മഹാജനും എഡിറ്റർ ഹേമന്ത് മഹാജനുമടക്കം പല അണിയറപ്രവർത്തകരും നവാഗതരായിരുന്നു. മൂന്ന് സുഹൃത്തുക്കളുടെ കൂടെ സുദർശൻ ആരംഭിച്ച ടിക്കറ്റ്ബാരി ഫിലിംസ്, അധിമാൻ ഫിലിംസ്, എ ബി ഫിലിംസ് എന്റർടൈൻമെന്റ് എന്നിവരുടെ ബാനറിലാണ് ചിത്രം നിർമ്മിച്ചത്.