

Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


ഭൂമിക്കും ഉപജീവനത്തിനും വേണ്ടിയുള്ള ദേവനഹള്ളിയിലെ കർഷക പോരാട്ടം ഒടുവിൽ വിജയം കണ്ടിരിക്കുന്നു. കർണാടകയിലെ ദേവനഹള്ളി താലൂക്കിലെ 1,777 ഏക്കര്‍ കൃഷിഭൂമി എയ്‌റോസ്‌പേസ് പാര്‍ക്കിനായി ഏറ്റെടുക്കാനുള്ള നടപടിക്രമങ്ങളാണ് 1,198 ദിവസം നീണ്ടുനിന്ന ഗ്രാമീണരുടെ പ്രതിഷേധത്തെ തുടര്‍ന്ന് കര്‍ണാടക സര്‍ക്കാര്‍ ഉപേക്ഷിച്ചത്. ദേവനഹള്ളി താലൂക്കിലെ ചന്നരായപട്ടണ ഹോബ്ലിയിലെ 13 ഗ്രാമങ്ങളിലെ കൃഷിഭൂമി വികസനപ്രവർത്തനങ്ങൾക്ക് വേണ്ടി ഏറ്റെടുക്കാനുള്ള തീരുമാനം കഴിഞ്ഞ ദിവസം സർക്കാർ പിൻവലിച്ചു. ജൂലായ് 15ന് ബംഗളൂരുവില്‍ വച്ച് കര്‍ഷക പ്രതിനിധികളുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ നടത്തിയ കൂടിക്കാഴ്ചയിലാണ് ഭൂമി ഏറ്റെടുക്കല്‍ പ്രക്രിയ നിര്‍ത്തിവയ്ക്കുന്നതായി അറിയിച്ചത്. ഭൂമി വിട്ടുകൊടുക്കാൻ താല്പര്യമില്ലാത്ത കർഷകരുടെ ഭൂമി കൃഷിഭൂമിയായി തുടരാൻ അനുവദിക്കും, ഭൂമി വിട്ടുനൽകാൻ സ്വമേധയാ മുന്നോട്ടുവരുന്ന കർഷകരുടെ ഭൂമി മാത്രം കൂടുതൽ സാമ്പത്തിക നഷ്ടപരിഹാരം നൽകി ഏറ്റെടുക്കും, നിർബന്ധിത ഭൂമിയേറ്റെടുക്കൽ ഉണ്ടാകില്ല എന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
ആയിരം ദിവസങ്ങൾ പിന്നിട്ട ചരിത്ര സമരം
കർണാടകയിലെ ബെംഗളൂരുവിൽ നിന്നും 45 കിലോമീറ്റർ അകലെയുള്ള ദേവനഹള്ളി ഗ്രാമത്തിലെ 1,777 ഏക്കർ കൃഷിഭൂമി എയ്‌റോസ്‌പേസ് പാർക്കിനായി ഏറ്റെടുക്കാനുള്ള കർണാടക ഇൻഡസ്ട്രിയൽ ഏരിയാസ് ഡെവലപ്‌മെന്റ് (KIAD) ബോർഡിന്റെ തീരുമാനത്തിനെതിരെയാണ് കർഷകർ പ്രതിഷേധമുയർത്തിയത്. ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിലുള്ള മുൻ ബിജെപി സർക്കാരാണ് ഒരു വ്യവസായ പദ്ധതിക്കായി 2022 ജനുവരിയിൽ ഭൂമി ഏറ്റെടുക്കുന്നതിനുള്ള പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിക്കുന്നത്. ഭൂമി ഏറ്റെടുക്കുന്നത് എന്തിനാണെന്ന് കൃത്യമായി അറിയിക്കുകയോ നഷ്ടപരിഹാരത്തെക്കുറിച്ച് ഔദ്യോഗികമായി ജനങ്ങളെ ബോധിപ്പിക്കുകയോ ചെയ്യാതെയാണ് അന്ന് നടപടികളാരംഭിച്ചതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് തൊട്ടുപിന്നാലെ ആരംഭിച്ച കർഷക പ്രക്ഷോഭമാണ് മൂന്നരവർഷം നീണ്ടുനിന്നത്. ഭൂമി ഏറ്റെടുക്കുന്നതിനെ കർണാടകയിലുള്ള ഭൂരിഭാഗം കർഷകരും എതിർക്കുകയും അതിനെതിരെ ഒരു പ്രസ്ഥാനം ആരംഭിക്കുകയും ചെയ്തു. ദേവനഹള്ളി താലൂക്ക് ഓഫീസിന് പുറത്ത് കർഷകരുടെ ചെറിയ സംഘങ്ങൾ വർഷങ്ങളായി പ്രതിഷേധത്തിലായിരുന്നു. ഫലഭൂയിഷ്ഠമായ തങ്ങളുടെ കൃഷിഭൂമി വ്യാവസായിക വികസനത്തിനായി കോർപ്പറേറ്റുകൾക്ക് വിട്ടുകൊടുക്കില്ലെന്ന തീരുമാനത്തിൽ അവർ ഉറച്ചുനിന്നു.


വിവിധ പുരോഗമന സംഘടനകളുടെ പിന്തുണ കർഷകർക്ക് ലഭിച്ചതോടെ പ്രതിഷേധം കൂടുതൽ വ്യാപകമായി. ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള വിശാലമായ ഭൂമിയാണ് റിയൽ സ്റ്റേറ്റ് ലോബിയുടെ ലക്ഷ്യമെന്നാരോപിച്ച് കർണാടകയിലെ വിവിധ കർഷക പ്രസ്ഥാനങ്ങൾ സമരത്തിന് പിന്തുണയുമായി രംഗത്തുവന്നിരുന്നു. സമരം ശക്തമായതോടെ കർഷകർക്കൊപ്പം കർണാടക രാജ്യ റൈത സംഘ, ഹസിരു സേന, എദ്ദെള്ളൂ കർണാടക, സംയുക്ത ഹൊറാട്ട കർണാടക തുടങ്ങിയ സംഘടനകളും പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളും പങ്കുചേർന്നു. പാല്യ, ഹരലുരു, പോളനഹള്ളി, നല്ലൂർ, മല്ലേപുര, നല്ലപ്പനഹള്ളി, ചീമച്ചനഹള്ളി, മട്ടബർലു, മുദ്ദേനഹള്ളി, ചന്നരായപട്ടണ, എസ് തെല്ലഹള്ളി, ഹയാദൽ, ഗോകരെ ബച്ചനഹള്ളി എന്നീ വില്ലേജുകളെ ഉൾപ്പെടുത്തിയ അന്തിമ വിജ്ഞാപനം പിന്നീട് കർണാടക സർക്കാർ പുറത്തിറക്കി. തുടർന്ന് ജൂൺ 25 ന് ‘ദേവനഹള്ളി ചലോ’ എന്ന പേരിൽ വലിയ പ്രതിഷേധ റാലി കർഷകർ സംഘടിപ്പിച്ചു. സമരത്തിനിടെയുണ്ടായ പൊലീസ് നടപടിക്കെതിരെ ദേശീയതലത്തിൽ തന്നെ വലിയ എതിർപ്പുകളുണ്ടായി. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധം ആരംഭിക്കുമെന്ന് കർഷകർ സർക്കാരിന് മുന്നറിയിപ്പ് നൽകി. പ്രതിഷേധക്കാരെ അഭിസംബോധന ചെയ്ത നടൻ പ്രകാശ് രാജ്, ഏറ്റെടുക്കലിനായി നീക്കിവച്ചിരിക്കുന്ന ഭൂമി ഡീ-നോട്ടിഫൈ ചെയ്യുമെന്ന കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനത്തെക്കുറിച്ച് സിദ്ധരാമയ്യയെ ഓർമ്മിപ്പിക്കുകയും ചെയ്തു. വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് അവർ കോൺഗ്രസ് ഹൈക്കമാൻഡിന് ഒരു തുറന്ന കത്ത് അദ്ദേഹം എഴുതുകയും ചെയ്തു. ജൂലൈ 4 ന് മുഖ്യമന്ത്രി കർഷകരുടെ പ്രതിനിധികളുമായി പ്രാഥമിക ചർച്ച നടത്തിയെങ്കിലും ജൂലൈ 15 നുണ്ടായ അവസാനയോഗത്തിലാണ് കർഷകർക്കനുകൂലമായ തീരുമാനമുണ്ടാകുന്നത്.
ബംഗളൂരു നഗരത്തിന്റെ ഭക്ഷണം
ഭൂമിയേറ്റെടുക്കൽ നടപടി ബാധിക്കുമായിരുന്നത് ദേവനഹള്ളിയിലെ 13 ഗ്രാമങ്ങളിലുള്ള ഏകദേശം എഴുന്നൂറോളം കർഷക കുടുംബങ്ങളെയാണ്. എല്ലാവരുടെയും ഉപജീവനമാർഗം കൃഷി തന്നെയാണ്. ഭക്ഷ്യധാന്യങ്ങൾ, പച്ചക്കറികൾ, പഴങ്ങൾ, പൂകൃഷി, പട്ടുനൂൽ കൃഷി, കന്നുകാലികളെ വളർത്തൽ എന്നിവയിൽ നിന്നും വരുമാനം കണ്ടെത്തുന്നവരാണ് മിക്കവരും. ബെംഗളൂരു നഗരത്തിലേക്ക് വലിയ അളവിൽ പച്ചക്കറികളും പഴങ്ങളും എത്തിക്കുന്നതും ഈ കർഷകരാണ്. ബെംഗളൂരുവിന്റെ ആവശ്യങ്ങളുടെ 30 ശതമാനവും ദേവനഹള്ളി നിറവേറ്റുന്നുണ്ടെന്ന് പ്രതിഷേധത്തിൽ പങ്കെടുത്ത് സംസാരിച്ച പ്രശസ്ത പരിസ്ഥിതി പ്രവർത്തകയും കർഷക അവകാശ പ്രവർത്തകയുമായ ചുക്കി നഞ്ചുണ്ടസ്വാമി പറഞ്ഞിരുന്നു.


2018-19 കാലയളവിലാണ് ആദ്യഘട്ട ഭൂമിയേറ്റെടുക്കൽ ഇവിടെ നടക്കുന്നത്. അന്ന് ഏക്കറിന് 1.1 കോടി രൂപയാണ് വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ അന്ന് ഭൂമി വിട്ടുനൽകിയ 50 ശതമാനത്തിലധികം പേർക്കും ഇപ്പോഴും നഷ്ടപരിഹാരം ലഭിച്ചിട്ടില്ല എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ബംഗളൂരൂ അന്താരാഷ്ട്ര വിമാനത്താവള വികസനത്തിനായി ഏറ്റെടുത്ത ഭൂമിക്ക് പുറമേ, 2013-ൽ സ്പെഷ്യൽ എക്കണോമിക്ക് സോണിന്റെ വികസനത്തിനായി ഏറ്റെടുത്ത 900 ഏക്കറിലധികം ഭൂമിയുമുൾപ്പെടെ 5,000 ഏക്കറിലധികം ഭൂമിയാണ് ഈ പ്രദേശത്ത് കർഷകർക്ക് നഷ്ടമായിട്ടുള്ളത്.
ദേവനഹള്ളിയിലെ കർഷകരുടെ ഭൂമി അവർക്ക് തന്നെ തിരികെ നൽകണമെന്നായിരുന്നു 2022 സെപ്തംബറിൽ അന്ന് പ്രതിപക്ഷ നേതാവായിരുന്ന സിദ്ധരാമയ്യ കർണാടക നിയമസഭയിൽ പറഞ്ഞത്. എന്നാൽ 2023 ലെ തെരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്തി കോൺഗ്രസ് അധികാരത്തിലേറിയിട്ടും അക്കാര്യത്തിൽ തീരുമാനമായില്ല. കർഷകരുടെ പിന്തുണയാണ് കർണാടകയിൽ കോൺഗ്രസിന്റെ മടങ്ങിവരവിന് അടിത്തറയായത് എന്ന കാര്യം അവർ അതിവേഗം മറന്നുപോവുകയായിരുന്നു.
കർഷക സമരത്തിന്റെ വിജയത്തെ ‘കർണാടകയുടെ വിജയം’ എന്നാണ് സംയുക്ത ഹൊറാട്ട കർണാടകയും ഭൂമി ഏറ്റെടുക്കൽ പ്രതിരോധ സമര സമിതിയും വിശേഷിപ്പിച്ചത്. കൃഷിഭൂമി സംരക്ഷിക്കുന്നതിനായുള്ള കർഷകരുടെ ഈ അക്ഷീണ പോരാട്ടം ഇന്ത്യയിലെ മുഴുവൻ നിർബന്ധിത ഭൂമി ഏറ്റെടുക്കൽ നീക്കങ്ങൾക്കുമുള്ള താക്കീതായി മാറുന്നു.