27-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മത്സരവിഭാഗത്തിലുള്ള ക്ലോണ്ടികെ എന്ന യുക്രൈന്‍ സിനിമ യുദ്ധത്തെക്കുറിച്ചുള്ളതാണ്. റഷ്യ അധിനിവേശം നടത്തിയ യുക്രൈൻ മണ്ണില്‍ ജീവിക്കുന്ന ഇര്‍ക്കയുടെയും ഭര്‍ത്താവ് തോലിക്കിന്റെയും ജീവിതത്തിലൂടെ കടന്നുപോയാണ് മരിയാന എര്‍ ഗൊര്‍ബാച്ച് സംവിധാനം ചെയ്ത ഈ സിനിമ യുദ്ധക്കെടുതികളെക്കുറിച്ച് വിശദമാക്കുന്നത്. അതിര്‍ത്തിയില്‍ നിന്നും യുക്രൈനിലേക്ക് പോയി സുരക്ഷിത ജീവിതം നയിക്കണമെന്ന് തോലിക് ആഗ്രഹിക്കുന്നുണ്ടെങ്കിലും ഇര്‍ക്ക അതിന് തയ്യാറല്ല. അവരുടെ സഹോദരൻ യാരിക് യുക്രൈൻ ഭാഗത്താണ് താമസം. അയാള്‍ പൂര്‍ണ ഗര്‍ഭിണിയായ ഇര്‍ക്കയെ തന്റെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുന്നുണ്ട്.
തോലിക് റഷ്യയുടെ പക്ഷത്ത് നിന്ന് യുക്രൈനെ ഒറ്റിക്കൊടുക്കുകയാണെന്നാണ് യാരിക്കിന്റെ ധാരണ. അതിനാല്‍ ഇരുവരും നിരന്തരം കലഹിക്കുന്നുണ്ട്. എന്നാല്‍ തോലിക് ഇര്‍ക്കയുടെ സുരക്ഷയെ കരുതിയാണ് റഷ്യന്‍ അനുകൂലികളോട് സന്ധി ചെയ്യുന്നത്. അല്ലെങ്കില്‍ സൈന്യം അവളെ ഉപദ്രവിക്കുമെന്ന് അയാള്‍ ഭയപ്പെടുന്നുണ്ട്. അതിനായി അയാള്‍ തന്റെ കാര്‍ റഷ്യന്‍ അനുകൂലികള്‍ക്ക് നല്‍കുന്നുണ്ടെങ്കിലും പലതവണ ചോദിച്ച ശേഷമാണ് അത് തിരികെ കിട്ടുന്നത്. ഇര്‍ക്കയെ ആശുപത്രിയിലെത്തിക്കാൻ എന്തുചെയ്യുമെന്ന ആശങ്ക അയാള്‍ക്കുണ്ട്. ഒരു ഘട്ടത്തില്‍ കാര്‍ തിരികെ ലഭിക്കാനായി വീട്ടിലെ ഏക പശുവിനെ കൊന്ന് സൈനികര്‍ക്ക് മാംസത്തിനായി നല്‍കാനും അയാള്‍ തയ്യാറാകുന്നു. സൈന്യത്തിന്റെ സാന്നിധ്യമുള്ള അതിര്‍ത്തി പ്രദേശങ്ങളില്‍ ജീവിക്കുന്ന സ്ത്രീകള്‍ നേരിടുന്ന സുരക്ഷിതത്വമില്ലായ്മ കൂടിയാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. ചിത്രത്തിന്റെ ക്ലൈമാക്സ് രംഗം അങ്ങേയറ്റം വൈകാരികമായാണ് ചിത്രീകരിച്ചിരിക്കുന്നത്. റഷ്യൻ സൈന്യം തകര്‍ന്ന ആ വീട്ടിലേക്ക് കടന്നുവരുമ്പോഴാണ് ഇര്‍ക്കയ്ക്ക് പ്രസവ വേദനയുണ്ടാകുന്നത്. സൈന്യം തോലിക്കിനെയും അയാള്‍ വീട്ടിലെ ബേസ്മെന്റില്‍ പൂട്ടിയിട്ടിരുന്ന യാരിക്കിനെയും പിടികൂടി ചോദ്യം ചെയ്യുന്നു. ആദ്യം തോലിക്കിനോട് യാരിക്കിനെയും പിന്നീട് യാരിക്കിനോട് തോലിക്കിനെയും വെടിവച്ച് കൊല്ലാൻ ആവശ്യപ്പെടുന്നു. എന്നാല്‍ യാരിക് നിങ്ങള്‍ രാജ്യദ്രോഹിയല്ല, പക്ഷെ ഭീരുവാണ് എന്ന് തോലിക്കിനോട് പറഞ്ഞ് സൈനികരിലെ നേതാവിനെ വെടിവച്ച് കൊല്ലുന്നു. അതോടെ സൈന്യം ഇരുവരെയും വെടിവച്ച് കൊല്ലുന്നു. ഇതേ സമയത്ത് തന്നെ ഒറ്റയ്ക്ക് സോഫയിലിരുന്ന് ഇര്‍ക്ക പ്രസവിക്കുന്നു. ചിത്രം എല്ലാ സ്ത്രീകള്‍ക്കുമായാണ് സമര്‍പ്പിച്ചിരിക്കുന്നത്.

ഒക്സാന ചെര്‍ക്കഷൈനയാണ് ചിത്രത്തില്‍ ഗര്‍ഭിണിയായ ഇര്‍ക്കയെ അവതരിപ്പിച്ചിരിക്കുന്നത്. വളരെ ബുദ്ധിമുട്ടേറിയതായിരുന്നു അവസാനരംഗമെന്ന് ഒക്സാന പറയുന്നു. ആ വേഷത്തെക്കുറിച്ചും ആ രംഗത്തെക്കുറിച്ചും യുദ്ധം തകര്‍ത്ത തങ്ങളുടെ നാടിനെക്കുറിച്ചും ഒക്സാന സംസാരിക്കുന്നു:
ഈ സിനിമയും അതിലെ കഥയും നിങ്ങള്‍ക്ക് പുതുമയായിരിക്കും. എന്നാല്‍ എന്റെ നാട്ടിലെ മനുഷ്യര്‍ അനുഭവിക്കുന്ന ജീവിതമാണ് ഇത്. ഇര്‍ക്കയെ പോലുള്ള ഒട്ടനവധി സ്ത്രീകള്‍ക്ക് യുക്രൈൻ – റഷ്യ അതിര്‍ത്തിയില്‍ താമസിക്കുന്നുണ്ട്. സ്ത്രീകളാണ് യുദ്ധത്തിന്റെ ദുരന്തം അനുഭവിക്കേണ്ടി വരുന്നത്. അത് ഏത് നാട്ടിലാണെങ്കിലും. ഈ സിനിമയിലെ സ്ത്രീ ഗര്‍ഭിണി കൂടിയാകുമ്പോള്‍ ആ ദുരിതം ഇരട്ടിക്കുന്നു. അതിനാലാണ് ഈ ചിത്രം ഞങ്ങള്‍ സ്ത്രീകള്‍ക്ക് സമര്‍പ്പിച്ചിരിക്കുന്നത്.
മഹാമാരിയുടെ കാലത്താണ് ഞങ്ങള്‍ ഈ സിനിമ ആരംഭിക്കുന്നത്. അതിര്‍ത്തിയിലെ മനുഷ്യത്വരഹിതമായ അവസ്ഥ പുറത്തുകൊണ്ടുവരേണ്ടതാണെന്നാണ് സംവിധായികയും എന്റെ സുഹൃത്തുമായ മരിന എര്‍ ഗോര്‍ബച്ച് ഈ കഥ പറഞ്ഞപ്പോള്‍ തന്നെ എനിക്ക് തോന്നിയത്.
ഗര്‍ഭിണിയായ ഇര്‍ക്കയുടെ വേഷം ഞാൻ ഇതിൽ അവതരിപ്പിക്കുമ്പോൾ ഒരു ഗര്‍ഭിണിയുടെ അവസ്ഥയെന്താണെന്ന് എനിക്ക് അറിയില്ല. അതിനാല്‍ തന്നെ ഈ വേഷം, പ്രത്യേകിച്ചും ചിത്രത്തിലെ അവസാന രംഗങ്ങള്‍ എനിക്ക് വലിയ വെല്ലുവിളിയായിരുന്നു. ഷൂട്ടിംഗ് ആരംഭിക്കുന്നതിന് മൂന്ന് മാസം മുമ്പ് ഞാൻ സിലിക്കണ്‍ സര്‍ജറി നടത്തി വയറ് ഗര്‍ഭിണികളുടേത് പോലെയാക്കി. ഏകദേശം ഒരു കിലോയോളം തൂക്കമുള്ള വയറുമായാണ് പിന്നീട് ഞാൻ ജീവിച്ചത്. അതിനാല്‍ തന്നെ ജീവിതം സാധാരണ അവസ്ഥയില്‍ നിന്നും മാറിയായിരുന്നു ആ നാളുകളില്‍ കടന്നുപോയത്. പലരും എന്നെ യഥാര്‍ത്ഥ ഗര്‍ഭിണിയെ പോലെയാണ് എന്നെ പരിഗണിച്ചത്. എനിക്ക് അതില്‍ വലിയ തമാശ തോന്നിയിരുന്നു. ഒരു ഗര്‍ഭിണിക്ക് കിട്ടേണ്ട എല്ലാ പരിഗണനകളും ഗര്‍ഭിണി അല്ലാതെ തന്നെ എനിക്ക് കിട്ടി. ഒരു ഗര്‍ഭിണി സൂക്ഷിക്കേണ്ട കാര്യങ്ങളൊക്കെ പുസ്തകങ്ങളിലൂടെയും ലേഖനങ്ങളിലൂടെയും ഞാൻ മനസ്സിലാക്കി. കൂടാതെ സംവിധായിക രണ്ട് മക്കളുടെ അമ്മ കൂടിയാണ്. അവരും ഒരു ഗര്‍ഭിണിയുടെ ജീവിതരീതികള്‍ എനിക്ക് പറഞ്ഞു തന്നിരുന്നു. അവരെനിക്ക് സംവിധായിക മാത്രമല്ല, കണ്‍സള്‍ട്ടന്റ് കൂടിയാണ്.

ചിത്രത്തിന്റെ അവസാന രംഗമായ സൈനികര്‍ എന്റെ ഭര്‍ത്താവിനെയും സഹോദരനെയും വെടിവച്ച് കൊല്ലുമ്പോള്‍ ഞാൻ പ്രസവിക്കുന്ന രംഗം എത്രമാത്രം മനോഹരമായെന്ന് എനിക്ക് ഇവിടെ നിന്ന് മനസ്സിലായി. പുരുഷന്മാര്‍ പലരും കണ്ണുകള്‍ അടച്ചിരിക്കുന്നത് ഞാൻ കണ്ടിരുന്നു. ആ രംഗം ഏഴ് തവണയാണ് എടുത്തത്. എന്നിട്ട് ഒടുവില്‍ അതില്‍ ഏറ്റവും നല്ലതെന്ന് ഞങ്ങള്‍ക്ക് തോന്നിയ ഒരു ടേക്ക് മാത്രം ഉപയോഗിക്കുകയായിരുന്നു. അഞ്ചാമത്തെ ടേക്ക് ആയപ്പോഴേക്കും ഞാൻ കരഞ്ഞുപോയി. ഇനി ഒരു ടേക്കിന് കൂടി ആകില്ലെന്ന് ഞാൻ മരിനയോട് പറഞ്ഞു. എന്നാല്‍ അവര്‍ സമ്മതിച്ചില്ല.
ഞാൻ നാടകത്തില്‍ നിന്നാണ് സിനിമയിലേക്ക് എത്തിയത്. ഞാനൊരിക്കലും അതിര്‍ത്തി കടന്നുള്ള യാത്ര നടത്തിയിട്ടില്ല. സത്യത്തില്‍ സുരക്ഷിതമായ ഇടത്തിലാണ് ഞാൻ ജീവിക്കുന്നത്. എന്നാല്‍ എന്റെ രാജ്യത്ത് നിരവധി പേര്‍ യുദ്ധത്തിന്റെയും അതിര്‍ത്തി പ്രശ്നത്തിന്റെയും ദുരിതങ്ങള്‍ അനുഭവിക്കുന്നുണ്ട്. യുദ്ധത്തില്‍ എപ്പോഴും നഷ്ടം സംഭവിക്കുന്നത് സ്ത്രീകള്‍ക്കാണ്. ഈ സിനിമയിലും അതുതന്നെയാണ് പറയുന്നത്. അതിന്റേതായ ഇമോഷണല്‍ ബാലന്‍സ് കിട്ടാത്ത പ്രശ്നം എനിക്ക് ഇവിടെയുണ്ടായിരുന്നു. എന്നാല്‍ ഇത്തരം സാഹചര്യങ്ങള്‍ അനുഭവിക്കേണ്ടി വന്നാല്‍ എങ്ങനെ പെരുമാറുമോ അങ്ങനെ പെരുമാറാന്‍ മരിന എനിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. പല രംഗങ്ങളിലും വൈകാരികമായി ഞാൻ തകർന്നുപോവുകയും ചെയ്തു.
സത്യത്തില്‍ എന്റെ ആ പെര്‍ഫോമൻസിന് നന്ദി പറയേണ്ടത് സംവിധായികയോടാണ്. കാരണം, അവരെന്നെ വളരെ വിദഗ്ധമായി ഒരു ഉപകരണമെന്ന നിലയില്‍ ഉപയോഗിച്ചു. അവരെന്നെ കണ്ടെത്തുകയും കൈകാര്യം ചെയ്യുകയും ചെയ്തതിന് നന്ദി.
INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE
