Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


ഇന്ത്യയിലെ അണുശക്തി നിയമം ഭേദഗതി ചെയ്തത് 2025 ഡിസംബറിലാണ്. ഇന്ത്യൻ രാഷ്ട്രീയത്തിൽ ഈ സംഭവം വലിയ ചർച്ചകൾക്കൊന്നും കാരണമായില്ല. മുഖ്യധാരാ മാധ്യമങ്ങളിലും ഈ ഭേദഗതിയുടെ പ്രത്യാഘാതങ്ങൾ അവഗണിക്കപ്പെട്ടു. ട്രംപിനും അദാനിക്കും വേണ്ടി നടത്തിയ ഭേദഗതി എന്നാണ് പ്രതിപക്ഷം പ്രതികരിച്ചത്. അറ്റോമിക് എനർജി ആക്റ്റ്, സിവിൽ ലയബിലിറ്റി ഫോർ ന്യൂക്ലിയർ ഡാമേജസ് ആക്റ്റ് എന്നിവ ഭേദഗതി ചെയ്ത്, ‘സസ്‌റ്റെയ്‌നബിൾ ഹാർനസ്സിങ് ആൻഡ് അഡ്വാൻസ്‌മെന്റ് ഓഫ് ന്യൂക്ലിയർ എനർജി ഫോർ ട്രാൻസ്ഫർമേഷൻ ഇൻ ഇന്ത്യ’ (SHANTI Act – സുസ്ഥിരമായ ആണവോർജ്ജ ഉൽപാദനം ഇന്ത്യയിൽ സാധ്യമാക്കാനുള്ള നിയമം) ആക്റ്റ് ആക്കി മാറ്റി.
സിവിൽ ലയബിലിറ്റി ഫോർ ന്യൂക്ലിയർ ഡാമേജസ് ആക്റ്റ് (ആണവ അപകട ബാധ്യത നിയമം) ഉറപ്പുനൽകിയ, ആണവോർജ്ജ പ്ലാന്റിൽ അപകടമുണ്ടായാൽ റിയാക്ടർ നിർമ്മിച്ച് വിൽപന നടത്തിയ കമ്പനിക്ക് അപകടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ബാധ്യസ്ഥതയുണ്ടെന്ന നിബന്ധന നീക്കം ചെയ്തു. പുതിയ നിയമം വിദേശരാജ്യങ്ങളിലെയും ഇന്ത്യയിലെയും കോർപ്പറേറ്റ് വ്യവസായികൾക്ക് അനായാസം ആണവോർജ്ജ വ്യവസായം നടത്താനുള്ള സാധ്യതകൾ തുറന്നുകൊടുക്കുന്നു.
2025ലെ ബജറ്റ് പ്രസംഗത്തിലാണ് ഇന്ത്യയിലെ ആണവോർജ്ജ മേഖലയിൽ ഊർജ്ജോൽപാദനം ശക്തിപ്പെടുത്തുന്നതിനെ കുറിച്ച് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ഊന്നിപ്പറയുന്നത്. കൂടുതൽ ആണവോർജ്ജ പ്ലാന്റുകൾ ഇന്ത്യയിൽ സ്ഥാപിക്കുന്നതിനുള്ള മുന്നൊരുക്കമാണ് ഈ നിയമ ഭേദഗതി. പക്ഷേ, ആണവ അപകട ബാധ്യത നിയമം നിലനിന്നിരുന്ന സമയത്തും മതിയായ പാരിസ്ഥിതിക അനുമതിയോ ജനസമ്മതമോ ഇല്ലാതെയാണ് ഇന്ത്യയിൽ ആണവ നിലയങ്ങൾ സ്ഥാപിക്കപ്പെട്ടിട്ടുള്ളത്. തമിഴ്നാട്ടിലെ കൂടംകുളം ന്യൂക്ലിയർ പവർ പ്ലാന്റിനെതിരെയാണ് ജനകീയ സമരം ഏറ്റവും ശക്തമായി നടന്നത്. പതിറ്റാണ്ടുകൾ നീണ്ടുനിന്ന പ്രക്ഷോഭം കൂടംകുളത്തെയും ഇടിന്തകരെെയിലെയും സമീപഗ്രാമങ്ങളിലെയും ജനങ്ങളുടെ പ്രതിരോധത്തിന്റെ ചരിത്രവും അടിച്ചമർത്തലിന്റെ തെളിവും കൂടിയാണ്.
മോദി സർക്കാരിന്റെ തുടർഭരണത്തോടൊപ്പം തുടരുന്ന നിയമഭേദഗതികളിൽ അവസാനത്തേതാണ് അണുശക്തി നിയമ ഭേദഗതി. 2047 ആകുമ്പോഴേക്കും ആണവോർജ്ജം ഉപയോഗിച്ച് ഉത്പാദിപ്പിക്കാൻ ലക്ഷ്യമിടുന്നത് എത്ര ഗിഗാവാട്ട് വെെദ്യുതിയാണ് എന്ന കണക്കുൾപ്പെടെ 2025ലെ ബജറ്റിൽ പ്രഖ്യാപിച്ചത് ഈ ഭേദഗതിയുടെ ആദ്യപടിയായിരുന്നു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി നിലനിൽക്കുന്ന ആണവ വിരുദ്ധ മുന്നേറ്റങ്ങൾ ഈ പ്രഖ്യാപനത്തെ വളരെ ഗൗരവത്തോടെയാണ് കണ്ടത്. റഷ്യൻ സാങ്കേതിക സഹായത്തോടെ നിർമ്മിക്കപ്പെട്ട, കടൽത്തീരത്ത് സ്ഥിതി ചെയ്യുന്ന കൂടംകുളം ആണവനിലയത്തിനെതിരെ സമരം ചെയ്ത ജനങ്ങളെയും ഈ നിയമ ഭേദഗതി കൂടുതൽ ആശങ്കകളിലേക്ക് തള്ളിവിട്ടിരിക്കുകയാണ്.


കൂടംകുളത്തെ അടങ്ങാത്ത ജനരോഷം
തമിഴ്നാട് തിരുനെൽവേലി ജില്ലയിലെ ഇടിന്തകരെെയിലാണ് കൂടംകുളം ന്യൂക്ലിയർ പവർപ്ലാന്റ് സ്ഥിതി ചെയ്യുന്നത്. മരങ്ങൾ അധികമില്ലാത്ത, പരന്നുകിടക്കുന്ന ഗ്രാമങ്ങളിലൂടെ യാത്ര ചെയ്താണ് കാറ്റാടി യന്ത്രങ്ങൾ ചുറ്റം കറങ്ങുന്ന ഇടിന്തകരെെയിൽ എത്തുന്നത്. ആ പ്രദേശത്തെ മറ്റുകെട്ടിടങ്ങളുമായി ഒട്ടും ചേർന്നു നിൽക്കാതെ, മതിൽക്കെട്ടിനകത്ത് വേറിട്ടു നിൽക്കുന്ന ന്യൂക്ലിയർ പ്ലാന്റ് ടൗൺഷിപ്പ് അവിടെ എത്തും മുന്നേ കാണാൻ കഴിയും. തമിഴ്നാട് ട്രാൻസ്പോർട്ട് കോർപറേഷന്റെ തൂത്തുക്കുടിയിലേക്കുള്ള ബസ്സിലായിരുന്നു ഇടിന്തകരെെയിലേക്കുള്ള യാത്ര. കേരളത്തിലെ പൊതുവിടങ്ങളിലേതുപോലെ സ്മാർട്ട് ഫോണുകളുടെ ബഹളങ്ങളൊന്നുമില്ലാത്ത, സാമൂഹികമായി ദുർബലാവസ്ഥയിലുള്ള ഒരു സമൂഹത്തിന്റെ നേർക്കാഴ്ചയായിരുന്നു ആ ബസ്സിലെ യാത്രക്കാർ.
കൂടംകുളം കടന്ന് ഇടിന്തകരെെയിലെത്തുമ്പോൾ, അതിവേഗ ശാസ്ത്രത്തിന്റെ ആധുനികതയ്ക്കും പിന്നിലാക്കപ്പെട്ട ഒരു നാടിനെയാണ് കാണാൻ കഴിയുന്നത്. ആണവോർജ്ജ പ്ലാന്റിനെതിരെ നടന്ന, പതിറ്റാണ്ടുകൾ നീണ്ട സമരത്തിന്റെ സജീവത നാട്ടുകാരിൽ അപ്പോഴും നിറഞ്ഞുനിന്നു. പ്രാദേശികമായ പ്രതിരോധത്തെ അടിച്ചമർത്തി ആണവോർജ്ജ വകുപ്പ് വളരെ ദൂരം മുന്നോട്ടുപോയെങ്കിലും ഗതാഗതത്തിനായി കൂടുതലും പൊതുവാഹനങ്ങളെ ആശ്രയിക്കുന്ന, സമൂഹത്തിന്റെ അടിത്തട്ടായ ആ തൊഴിലാളി സമൂഹം പുതിയ കാലത്തോട് ചില സുപ്രധാന ചോദ്യങ്ങളുയർത്തുന്നുണ്ട്. ദേശപുരോഗതിക്ക് വേണ്ടിയുള്ള ഒരു പദ്ധതിക്കായി ഒരു ഗ്രാമത്തിന് ഒന്നാകെ വില നൽകേണ്ടിവരുന്നത് എന്നതുകൊണ്ടാണ്?
ആണവോർജ്ജ പ്ലാന്റ് നിർമ്മിക്കുന്നതിനെതിരെ കൂടംകുളത്ത് 1980കളുടെ അവസാനത്തിൽ തുടങ്ങിയ സമരം ഇന്ത്യയുടെ ജനകീയ സമര ചരിത്രത്തിൽ തന്നെ ഏറെക്കാലം നീണ്ടുനിന്ന ഒരു പോരാട്ടമായിരുന്നു. റഷ്യൻ റോസാറ്റം എന്ന കമ്പനിക്കാണ് കൂടംകുളത്തെ പ്ലാന്റിന്റെ ഉടമസ്ഥത. കൂടംകുളം ആണവോർജ്ജ പ്ലാന്റ് സ്ഥാപിതമായതിന് പിന്നിലെ നിയ മലംഘനങ്ങൾ പലതാണ്. 2022ൽ തമിഴ്നാട് മുഖ്യമന്ത്രി ന്യൂക്ലിയർ പ്ലാന്റിലെ ഉപയോഗിച്ച ഇന്ധനം/ആണവമാലിന്യം റഷ്യയിലേക്ക് തന്നെ തിരിച്ചയയ്ക്കുകയോ അതല്ലെങ്കിൽ അത് സൂക്ഷിക്കാൻ ഡീപ് ജിയോളജിക്കൽ റെസ്പിരേറ്ററി നിർമ്മിക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. എന്നാൽ മാലിന്യം സൂക്ഷിക്കാനുള്ള സംവിധാനമുണ്ടാക്കുന്നതിനായി കൂടുതൽ സമയം വേണമെന്ന നിലപാടിലായിരുന്നു അറ്റോമിക് എനർജി റെഗുലേറ്ററി ബോർഡ്, വർഷങ്ങളായി ഇതേ നിലപാടിലാണ് ബോർഡ് തുടരുന്നത്. 2021ലാണ് സുപ്രീം കോടതി ന്യൂക്ലിയർ പവർ കോർപ്പറേഷന് 2022 വരെ ‘എവേ ഫ്രം റിയാക്റ്റർ’ ആയി മാലിന്യം സൂക്ഷിക്കാനുള്ള സംവിധാനമുണ്ടാക്കാൻ നിർദ്ദേശം നൽകിയത്. എന്നാൽ കൂടംകുളത്തുള്ളവർക്കും ‘എവേ ഫ്രം റിയാക്റ്റർ’ സംവിധാനത്തോട് എതിർപ്പുണ്ടായിരുന്നു.
“ഇത് എങ്കടെ മണ്ണാണ്. വാഴ്‌വാധാരം. മനസ്സിൽ ഓർക്കുന്നതൊക്കെ ഇവിടത്തെ കുറിച്ചാണ്.” കയ്യിൽ കൊന്തയുമായി ഇടിന്തകരെെയിലെ വീടിന്റെ സ്വീകരണമുറിയിലിരുന്ന് മിൽറെഡ് ഇന്നത്തെ ഇടിന്തകരെെയെ കുറിച്ച് പറഞ്ഞുതുടങ്ങി. “മീൻപിടിക്കാൻ പോകുമ്പോഴും വരുമ്പോഴും ആർക്കും സന്തോഷമില്ല. കടലിൽ മീൻപിടിക്കാൻ പോയാൽ അവർ തുപ്പാക്കിയെടുത്ത് ചുടാൻ വരും. ഇങ്ങോട്ടുവരാതെ, പോ പോ എന്ന് പറയും. നമ്മുടെ സ്ഥലത്ത് കൊണ്ടുവന്ന് ഇത് ഇട്ടിട്ട് കടലിനകത്ത് മീൻ പിടിക്കാൻ പോകാൻ പറ്റില്ല. നമ്മൾ എങ്ങനെ ജീവിക്കാനാ? മീനവ മക്കൾക്ക് കൃഷി ചെയ്യാൻ അറിയത്തില്ല, അപ്പോ അവർ എവിടെപ്പോകും ജോലി ചെയ്യാൻവേണ്ടി? ഞങ്ങൾക്കെല്ലാം സ്വത്തേ കടൽ തന്നെ. ജീവിക്കുമ്പോൾ അമ്മയും അച്ഛനും കടലിലിരുന്ത സ്വത്ത് കൊണ്ടുവന്നിട്ടാണ് ഉണ്ടാക്കി തന്നിരുന്നത്. നമ്മുടെ മക്കൾക്കും അങ്ങനെയാണ് കൊടുത്തിരുന്നത്. പ്ലാന്റിൽനിന്നുള്ള വേസ്റ്റ് അകത്ത് കുഴിയെടുത്ത് അതിൽ വെക്കും എന്ന് പറയുന്നു. അത് എത്ര കൊല്ലത്തേക്ക് അകത്തിരിക്കും?” മിൽറെഡ് ചോദിച്ചു. മിൽറെഡിന്റെ മൂന്നു മക്കളും ഇടിന്തകരെെയ്ക്ക് പുറത്ത് ജോലി ചെയ്ത് ജീവിക്കുകയാണ്.


1980കളിൽ തുടങ്ങിയ പ്രതിരോധത്തിന്റെ ഓർമ്മകളും കടൽ അന്യമാക്കപ്പെടുന്നതിന്റെ വേദനയും പ്രായം അമ്പതോടടുത്ത മിൽറെഡിന് പങ്കുവെക്കാനുണ്ടായിരുന്നു,
“കാടുമാതിരി കിടന്ന ഇടങ്ങൾ. ഒത്തിരി മക്കളുടെ നിലമെടുത്ത് തന്നെ ഈ പ്ലാന്റ് ഉണ്ടാക്കി. ഈ പ്ലാന്റിന്റെ അര കിലോമീറ്റർ അകത്തുതന്നെ ഞങ്ങടെ നാട്, ഞങ്ങടെ ഊര്, മക്കൾ എല്ലാം ഇരുക്ക്. 15 വയസ്സിൽ പോരാട്ടത്തിൽ കാലുവെച്ചതാ, കന്യാകുമാരിയിൽ ഒരു പോരാട്ടം നടന്തത്. അമ്മയുടെ കൂടെയാണ് പോയത്. അപ്പോ പത്രികകളും മീഡിയയും അധികമൊന്നുമില്ല, പൊലീസൊക്കെ അടിച്ചു നമ്മളെ. എനിക്കൊക്കെ അന്ന് പരിക്കേറ്റു.” അതിന് ശേഷം കൂടംകുളം പ്ലാന്റിനെതിരെ രൂപം കൊണ്ട ജനകീയ പ്രതിഷേധത്തിന്റെ ഭാഗമായതും മിൽറെഡ് ഓർക്കുന്നു.
“കന്യാകുമാരി എന്റെ സ്വന്തം ഊര്, അവിടെ നിന്ന് കല്യാണം കഴിഞ്ഞ് ഇവിടെ വന്നു. തൂത്തുക്കുടി, തിരുനെൽവേലി, കന്യാകുമാരി എല്ലായിടത്തും ആർപ്പാട്ട് നടത്തും ഞങ്ങൾ, ‘വേണ്ടാ വേണ്ടാ ന്യൂക്ലിയർ പ്ലാന്റ് വേണ്ടാ’, ഇത് എതിർത്താൽ പീരങ്കിയും തുപ്പാക്കിയും കൊണ്ട് വരും, പത്തു വർഷം മുമ്പുള്ള ടിയർ ഗ്യാസ് അടിച്ചു ഞങ്ങൾക്ക് നേരെ. ‘യുറേനിയം നിറക്കക്കൂടാത്’ എന്ന് പറഞ്ഞ് രാത്രിയും അവിടെത്തന്നെ ഇരുന്നു. കൂത്താൻകുളി, കൂടുതാളെ, ഇടിന്തകരെ, കൂട്ടപ്പനൈ, കൂടംകുളം, പെരുമണൽ, ഇങ്ങനെയൊക്കെ ഒത്തിരി ഗ്രാമങ്ങളുണ്ട്. എല്ലാവരും വന്നു അവിടെനിന്ന്. 127 കേസുകളുണ്ട് എനിക്ക് മുകളിൽ. കുറേ കേസുകൾ പോയി. കടലിൽ പോയി പോരാട്ടം ചെയ്തിട്ടുണ്ട്. ബോട്ടിൽ പോയി ബോട്ടിന് മേലെ നിന്ന് കൊടികാട്ടി പോരാട്ടം ചെയ്ത കേസ്, പല ഗ്രാമങ്ങളിൽ പോയി സമരം ചെയ്തു അങ്ങനെയുള്ള ഒത്തിരി കേസ്. ട്രെയ്‌നിലും പോയി പോരാട്ടം നടത്തി, കന്യാകുമാരി മുതൽ കശ്മീർ വരെ പോയി. ഹിമാലയത്തിലും പോയി. ഡൽഹി, ചെന്നൈ, തൂത്തുക്കുടി, മധുരൈ, അസാം, ട്രെയിൻ നിർത്തുന്നിടത്തൊക്കെ ഇറങ്ങി നോട്ടീസ് കൊടുത്തുകൊടുത്ത് പോകും. ഇങ്ങനെയൊക്കെ പോകുമ്പോൾ അവർ നമ്മുടെ മേലെ കേസിടും. കുറേ പിള്ളേരെയൊക്കെ ചേർത്താണ് എഫ്‌ഐആർ ഇടുക.”
ആണവോർജ്ജ പ്ലാന്റിന് എതിരായ പ്രചാരണത്തിന്റെ ഭാഗമായി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങൾ സന്ദർശിച്ച ഓർമ്മകൾ പങ്കുവെച്ച മിൽറെഡ് ഇന്ത്യയിലെവിടെയും ന്യൂക്ലിയർ പദ്ധതിക്കെതിരെ സമരം ചെയ്യേണ്ടിവരുന്നവർക്കൊപ്പം ചേരാൻ ഇപ്പോഴും സന്നദ്ധയാണ്.


പഠിക്കപ്പെടാത്ത റേഡിയേഷൻ പ്രത്യാഘാതങ്ങൾ
“ഈ പോരാട്ടം നടന്ന് 15 വർഷത്തിലധികമായി. ഇന്നും ഇവിടെ പാസ്‌പോർട്ട് കിട്ടാത്തവരുണ്ട്, വെളിനാട്ടിലേക്കൊന്നും ജോലി തേടി പോകാൻ കഴിയില്ല, കാരണം വ്യാജ എഫ്‌ഐആറുകൾ ഒരുപാടുണ്ട്. അങ്ങനെ എഫ്‌ഐആർ നിലവിലുള്ളതുകൊണ്ട് ആർക്കും പാസ്‌പോർട്ട് കിട്ടുന്നില്ല.” മത്സ്യത്തൊഴിലാളിയായ കിങ് പറയുന്നു.
“ഞാൻ എംഎ ഹിസ്റ്ററി പഠിച്ചയാളാണ്, പുറത്തേക്ക് എന്തെങ്കിലും ജോലി അന്വേഷിച്ച് പോകാൻ കഴിയില്ല. ഞാനൊരു മത്സ്യത്തൊഴിലാളിയാണ്, എനിക്ക് കുഴപ്പമില്ല. കപ്പൽ കോഴ്‌സ് പഠിച്ചവരുണ്ട്, എഞ്ചിനിയറിങ് പഠിച്ചവരുണ്ട്, ഇവർക്കൊന്നും പാസ്‌പോർട്ട് എടുക്കാൻ കഴിഞ്ഞിട്ടില്ല. പാസ്‌പോർട്ട് പുതുക്കാൻ പറ്റാത്തവർ എത്രയോ കഷ്ടപ്പെടുന്നുണ്ട്.” കൂടംകുളം ആണവോർജ്ജ പ്ലാന്റിനെതിരെയുള്ള സമരകാലത്തെ പൊലീസ് ആക്രമണം ഓർത്തെടുക്കാനുള്ള മാനസിക പ്രയാസവും കിങ് പങ്കുവച്ചു.
“മൂന്ന് പേർ അവിടെ തന്നെ മരിച്ചു. പുതുക്കോട്ടൈ, വേലൂർ എന്നീ സ്ഥലത്തുനിന്നെല്ലാം വന്ന ആളുകളുണ്ടായിരുന്നു, എല്ലാവരെയും പിടിച്ചു ജയിലിലടച്ചു. ഞങ്ങൾക്ക് വെള്ളമില്ലായിരുന്നു, കഴിക്കാൻ ഒന്നുമില്ലായിരുന്നു, കറന്റ് ഇല്ലായിരുന്നു. കടൽവഴി തൂത്തുക്കുടിയിൽ നിന്നും കേരളത്തിൽ നിന്നുമൊക്കെ ആളുകൾ കഴിക്കാൻ ഭക്ഷണവും കൊണ്ട് വന്നു, കുട്ടികൾക്കുവേണ്ടി പാൽ കൊണ്ടുവന്നു, ഇപ്പോഴും ആലോചിക്കുമ്പോൾ കണ്ണു നെറയും.” കിങ് ഓർമ്മിക്കുന്നു.
“ജൂൺ, ജൂലൈ മാസങ്ങളിൽ റാൽ മീനിന്റെ (ചെമ്മീൻ) സീസൺ ആണ്. കല്ലുകൾ കൊണ്ടിട്ടതോടെ ഈ മീനുകളുടെ സീസൺ അവസാനിച്ചു. കാൻസർ വലിയൊരു പ്രശ്‌നമാണിവിടെ, തിരുനെൽവേലി, തൂത്തുക്കുടി, കന്യാകുമാരി ഇവിടെയൊക്കെ ഇപ്പോൾ കാൻസർ കൂടുതലാണ്. കുറേപ്പേർക്ക് വൃക്കരോഗങ്ങളുമുണ്ട്. കാൻസർ പരിശോധന ക്യാമ്പ് നടത്തിയാലും ആരെങ്കിലും മുന്നോട്ടുവന്ന് അതിൽ പങ്കെടുക്കാൻ സാധ്യത കുറവാണ്. എനിക്ക് കാൻസറുണ്ടെന്ന് തിരിച്ചറിഞ്ഞാൽ എന്തായിരിക്കും എന്റെ ചിന്ത? എനിക്ക് ശ്വാസംമുട്ടലുണ്ട്. പക്ഷേ, ഞാനത് ഡോക്ടറെ കാണിച്ചപ്പോൾ ഡോക്ടർ പറഞ്ഞത് ഇത് പാരമ്പര്യമായി ഉള്ളതാണെന്നാണ്. പക്ഷേ, എന്റെ അച്ഛനോ അമ്മയ്‌ക്കോ അവരുടെ അച്ഛനോ അമ്മയ്‌ക്കോ ഒന്നും ശ്വാസംമുട്ടൽ ഉണ്ടായിരുന്നില്ല.” സംസാരിക്കുമ്പോൾ ശ്വാസമെടുക്കാൻ കിങ് പ്രയാസപ്പെടുന്നുണ്ടായിരുന്നു.


വിഷാദം കാരണമുള്ള ആത്മഹത്യകൾ ആ പ്രദേശത്ത് കൂടുന്നുണ്ടെന്നും കിങ് പറയുന്നു.
സമരം നടക്കുമ്പോൾ കോട്ടപ്പുളിയിൽ ഇടവക പുരോഹിതനായിരുന്ന ഫാദർ സുശീലനും സമാനമായ ആശങ്ക പങ്കുവച്ചു. “പെരിയതലൈയിൽ കുറേയധികം കാൻസർ രോഗികളുണ്ട്. വൃക്ക രോഗികളുമുണ്ട്. അവിടത്തെ പുരോഹിതൻ വാർഷിക മരണ കണക്കുകൾ അയച്ചുതന്നിരുന്നു. 42 മരണങ്ങളുണ്ടായതിൽ വാർധക്യത്തിലെത്തി മരിച്ചത് ഒമ്പത് പേരാണ്, ഹൃദ് രോഗങ്ങൾ കാരണം അഞ്ച് പേർ മരിച്ചു, കാൻസർ കാരണം മൂന്ന് പേർ മരിച്ചു.”
ആണവനിലയത്തിൽ നിന്നുള്ള റേഡിയേഷന്റെ പ്രത്യാഘാതങ്ങൾ പഠനവിധേയമാക്കേണ്ടതാണ് എന്നാണ് ഇവരുടെ അനുഭവം വ്യക്തമാക്കുന്നത്. കൂടംകുളത്തും സമീപ ഗ്രാമങ്ങളിലും അത്രയും തീവ്രമായ ആശങ്ക റേഡിയേഷനെക്കുറിച്ച് നിലനിൽക്കുന്നുണ്ട്.
1991 മുതല്‍ 2009 വരെ ഇന്ത്യയിലെ ആണവോര്‍ജ്ജ പ്ലാന്റുകളില്‍ 9 അപകടങ്ങള്‍ നടന്നതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കല്‍പാക്കം, ബിഎആര്‍സി, നറോറ, റാവത് ഭാട, കൈഗ, കല്‍പാക്കം എന്നീ ആണവോര്‍ജ്ജ പ്ലാന്റുകളില്‍ നടന്ന അപകടങ്ങളില്‍, പ്ലാന്റിലെ തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വികിരണമേറ്റിട്ടുണ്ട്. രാജസ്ഥാനിലെ റാവത് ഭാട്ട ആണവനിലയത്തിന് സമീപം താമസിക്കുന്നവരില്‍ നടത്തിയ ആരോഗ്യ സര്‍വ്വേയില്‍, ഇവര്‍ക്ക് ത്വക് രോഗങ്ങള്‍, ട്യൂമര്‍, കണ്ണിന് പ്രശ്‌നങ്ങള്‍, തിമിരം, വൈകല്യങ്ങള്‍, പോളിയോ, ദഹനസംബന്ധമായ രോഗങ്ങള്‍, ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന പനി, വൈകല്യത്തോടെയുള്ള ജനനം, ജീവനില്ലാത്ത കുഞ്ഞുങ്ങളുടെ ജനനം, വൈകല്യത്തോടെയുള്ള ജീവനില്ലാത്ത കുഞ്ഞുങ്ങളുടെ ജനനം എന്നിവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 1994ല്‍ പുറത്തിറക്കിയ ‘അണുമുക്തി’ മാസികയുടെ റാവത് ഭാട പ്രത്യേക പതിപ്പിലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരുന്നത്. 2012ല്‍ ആണവോര്‍ജ്ജ വകുപ്പ് തന്നെ അവര്‍ നല്‍കിയ ആര്‍ടിഐ മറുപടിയില്‍, കല്‍പാക്കത്തെ ആണവോര്‍ജ്ജ പ്ലാന്റില്‍ വികിരണമേറ്റ തൊഴിലാളികളും ബന്ധുക്കളും മരിച്ചത് അസ്ഥിമജ്ജയിലുണ്ടാകുന്ന അപൂര്‍വ്വ തരം കാന്‍സര്‍ കാരണമാണെന്ന് സമ്മതിക്കുകയുണ്ടായി. ആണവോര്‍ജ്ജ പ്ലാന്റുകളില്‍ അപകടമുണ്ടാകേണ്ടതില്ല, അവയുടെ നിലനില്‍പ് തന്നെ അപകടമാണ് എന്നതിന് തെളിവാണിത്. 1995നും 2011നും ഇടയില്‍ കൽപാക്കത്ത് ഇങ്ങനെ മരിച്ചത് ഒമ്പത് പേരാണ്. കാന്‍സര്‍ ബാധിതരായ 14 പേരില്‍ 11 പേര്‍ തൊഴിലാളികളുടെ കുടുംബാംഗങ്ങളാണ് എന്നാണ് ആര്‍ടിഐ വഴി ലഭ്യമായ വിവരം. എന്നാല്‍ ഭാഭാ അറ്റോമിക് റിസര്‍ച്ച് സെന്ററിന്റെ പ്രതികരണം ഇന്ത്യയിലെയോ ആഗോളമായോ ഉള്ള കാന്‍സര്‍ നിരക്ക് നോക്കിയാല്‍ ഇതില്‍ അസാധാരണമായി ഒന്നുമില്ല എന്നായിരുന്നു. അതേസമയം, 1999 മുതല്‍ 2009 വരെ വിവിധ തരം കാന്‍സര്‍ ബാധിതരായ 244 പേരിൽ തൊഴിലാളികളും അവരുടെ ബന്ധുക്കളും ഉള്‍പ്പെടുന്നുണ്ട് എന്ന് കൊയലീഷന്‍ ഫോര്‍ ന്യൂക്ലിയര്‍ ഡിസ്ആര്‍മമെന്റ് ആന്‍ഡ് പീസ് തയ്യാറാക്കിയ റിപ്പോര്‍ട്ട് പറയുന്നു.
ഇടിന്തകരൈയിലെ ജനങ്ങളും ഉയര്‍ന്നുവരുന്ന കാന്‍സര്‍ തോതിനെ കുറിച്ചും ശാരീരിക വൈകല്യങ്ങളോടെയും അവയവങ്ങളില്ലാതെയുമുള്ള കുഞ്ഞുങ്ങളുടെ ജനനത്തെ കുറിച്ചും പ്രസവിക്കാന്‍ കഴിയാതാകുന്ന സ്ത്രീകളെ കുറിച്ചും പറഞ്ഞിരുന്നു.


സമര സമയത്ത് ഉദ്യോഗസ്ഥരുമായി നടന്ന ഒരു ചർച്ചയെ കുറിച്ച് ഫാദർ സുശീലൻ വിശദീകരിച്ചു. “ഓരോ ഭരണകൂടത്തിനും അതാതു രാജ്യത്തെ ജനങ്ങളെ, അവിടത്തെ സംവിധാനത്തെ വികസിതമാക്കണം. രാജ്യത്തിന്റെ വികസനത്തിന് ശാസ്ത്രവും വളരെ പ്രധാനമാണ്. അതുകൊണ്ട് അവർ ആണവോർജ്ജ പ്ലാന്റിലും അണുബോംബിലും ശ്രദ്ധ പതിപ്പിക്കുന്നു. അണുവായുധം കൈവശമുള്ളതിൽ അഭിമാനിക്കുന്ന രാജ്യങ്ങളുണ്ട്. പക്ഷേ, ന്യൂക്ലിയർ കോർപ്പറേഷൻ വിളിപ്പിച്ച അന്നത്തെ യോഗത്തിൽ ഞാൻ വാദിച്ചത് മനുഷ്യരെ കുറിച്ചാണ്. ശാസ്ത്രം പ്രധാനമാണ്, പക്ഷേ അപ്പോഴും മനുഷ്യർക്ക് ജീവിക്കാൻ കഴിയണം. ആരോഗ്യത്തോടെ കഴിയാൻ പറ്റണം. ന്യൂക്ലിയർ പ്ലാന്റ് ഉണ്ടാക്കുന്നതിലൂടെ രാഷ്ട്രീയ ശക്തിയും ആയുധത്തിന്റെ ശക്തിയുമാണ് നിങ്ങൾ കാണിക്കുന്നതെന്നും അതിവിടെ വേണ്ട എന്നും ഞാൻ പറഞ്ഞു. അപ്പോൾ അവർ പറഞ്ഞു, നിങ്ങൾ തത്വചിന്തയാണ് സംസാരിക്കുന്നത്, ഞങ്ങൾ ശാസ്ത്രത്തെ കുറിച്ചും. പക്ഷേ, ശാസ്ത്രം മനുഷ്യരുടെ ജീവിതം മെച്ചപ്പെടുത്തുകയുമല്ലേ വേണ്ടത്?” തദ്ദേശീയരുടെ താൽപര്യമില്ലാതെ വിദേശ ഉടമസ്ഥതയിലുള്ള, ഇന്ത്യയിലെ ഏറ്റവും വലിയ ന്യൂക്ലിയർ പ്ലാന്റ് സ്ഥാപിക്കപ്പെട്ടതിന്റെ പിന്നിൽ നടന്ന ചർച്ചകളുടെ സ്വഭാവത്തെ കുറിച്ചുള്ള സൂചനയായിരുന്നു ഫാദർ സുശീലന്റെ വാക്കുകൾ. ഫാദർ സുശീലൻ ഇടിന്തകരൈയ്ക്കടുത്തുള്ള ഗ്രാമമായ കുത്തൻകുളിയിലെ സെന്റ് ഫ്രാൻസിസ് സേവ്യർ മാരിടൈം അക്കാദമിയുടെ ഡയറക്ടറാണ്.
“കൂടംകുളത്ത് നിന്നും രാധാപുരത്തേക്കും അഞ്ചുഗ്രാമത്തിലേക്കും നടന്നുപോയിട്ടാണ് നമ്മൾ പ്രചാരണം നടത്തിയത്. പണവും ഊർജ്ജവും ചെലവഴിച്ച് ആളുകളും ഒരുപാട് തളർന്നു. കുടുംബത്തിന്റെ കാര്യങ്ങൾ നോക്കണമെങ്കിൽ, കുട്ടികളെ വളർത്തണമെങ്കിൽ ഇതിൽ നിന്നെല്ലാം പിൻവാങ്ങണമെന്നായി. പക്ഷേ, ഇപ്പോഴും ഈ പദ്ധതി തുടരുന്നതിനോട് അവർക്കൊന്നും യോജിപ്പില്ല. ആറാമത്തെ റിയാക്റ്റർ പണിതുകൊണ്ടിരിക്കുകയാണ്. രണ്ട് പ്ലാന്റുകൾ പ്രവർത്തിക്കുന്നുണ്ട്. ഈ രണ്ട് പ്ലാന്റുകളും പ്രവർത്തിക്കുന്നതുതന്നെ പൂർണമായ ജനകീയ അനുമതിയോടെയല്ല. ഡിസംബർ 25ന് (2025) ഞാൻ കടലിൽ പോയിരുന്നു. അവർ കടലിനകത്ത് ഒരു കോംപൗണ്ട് വാൾ പണിതിട്ടുണ്ട്.” ഫാദർ സുശീലൻ പറഞ്ഞു.
“ഇന്ന് തീരത്തിന്റെ സ്വാഭാവികത നഷ്ടപ്പെട്ടു. പ്ലാന്റിന് സമീപത്തായി 20 കിലോമീറ്ററുകളോളം ദൂരത്തിൽ അവർ കടലിൽ കല്ലുകൾ പാകിയിട്ടുണ്ട്. ഉൾക്കടലിൽ നിന്നു വരുന്ന തിരകൾക്ക് തീരത്തെത്താൻ കഴിയാതെ മറ്റു ഭാഗങ്ങളിലേക്ക് ശക്തമായി തിരയടിച്ച് തീരശോഷണം ഉണ്ടാകുന്നുണ്ട്. ഇങ്ങനെ നമുക്ക് ഒരുപാട് തീരം നഷ്ടപ്പെട്ടു. കുറേ പള്ളികൾ നഷ്ടപ്പെട്ടു. ഇടിന്തകരൈയിലെ എന്റെ വീട് കടൽത്തീരത്തായിരുന്നു, ഞാനൊരു ചെറിയ കുട്ടിയായിരുന്നപ്പോൾ തീരത്തൊരു കളിസ്ഥലമുണ്ടായിരുന്നു, ഇപ്പോൾ ആരും അവിടെ കളിക്കുന്നില്ല. ആ ഭൂമി ഇപ്പോളവിടെയില്ല.” ഇടിന്തകരെെ എന്ന തീരദേശ ഗ്രാമത്തിന് ന്യൂക്ലിയർ പ്ലാന്റ് ഏൽപ്പിച്ച പരിക്കുകളെക്കുറിച്ചും ഫാദർ സുശീലൻ വിശദമാക്കി.


നഷ്ടമാകുന്ന കടലും തീരവും ഉപജീവനവും
“സർക്കാർ ഇവിടെ എട്ട് റിയാക്റ്ററുകൾ നിർമ്മിക്കാനാണ് പദ്ധതിയിടുന്നത്. ഇപ്പോൾ ആറെണ്ണമുണ്ട്. 1000 മെഗാവാട്ടിന്റേതാണ് ഒരു റിയാക്റ്റർ. ന്യൂക്ലിയർ പാർക്ക് എന്നാണിപ്പോൾ വിളിക്കുന്നത്. ഈ നിയമഭേദഗതി കോർപ്പറേറ്റുകൾക്ക് സഹായകമാണ്, തീരപ്രദേശത്ത് തന്നെയായിരിക്കും അവർ ഇത്തരം പദ്ധതികൾ കൊണ്ടുവരിക. ആർക്കൊക്കെ തീരദേശത്ത് സ്വന്തം ബിസിനസ് തുടങ്ങണം അവർക്ക് സ്‌മോൾ മോഡുലർ റിയാക്റ്ററുകൾ സ്ഥാപിക്കാം, അവരുടെ വൈദ്യുതി ഉപയോഗത്തിനു വേണ്ടി. വളരെ അപകടകരമാണ് അവസ്ഥ, കാരണം ഈ റിയാക്റ്റർ വിൽക്കുന്നവർക്ക് അത് കാരണമുണ്ടാകുന്ന അപകടങ്ങളിൽ ഉത്തരവാദിത്തമില്ലാതാക്കുന്ന രീതിയിലാണ് നിയമം ഭേദഗതി ചെയ്തിരിക്കുന്നത്.” സമരത്തിലെ നേതാക്കളിൽ ഒരാളായ, മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ പ്രതിനിധിയായ പുഷ്പരാജൻ പറഞ്ഞു.


കഴിഞ്ഞ മുപ്പത് വർഷമായി തീരദേശ ഗ്രാമങ്ങളിൽ നടന്ന അപൂർവ്വ ധാതുക്കളുടെ ഖനനവും ന്യൂക്ലിയർ പ്ലാന്റ് സ്ഥാപിച്ചതിന് ശേഷമുള്ള വികിരണവും കാരണം മത്സ്യത്തൊഴിലാളി സമൂഹത്തിലുള്ളവർക്ക് പലതരം രോഗങ്ങൾ വരുന്നതായും കോസ്റ്റൽ പീപ്പിൾസ് ഫെഡറേഷൻ എന്ന സംഘടനയുടെ ഭാഗമായി പ്രവർത്തിക്കുന്ന പുഷ്പരാജൻ പറയുന്നു. കന്യാകുമാരി, തൂത്തുക്കുടി, തിരുനെൽവേലി, രാമനാഥപുരം എന്നീ ജില്ലകളിൽ പ്രവർത്തിക്കുന്ന കൂട്ടായ്മയാണിത്. ഖനനം കാരണമാണോ, റേഡിയേഷൻ കാരണമാണോ ആരോഗ്യപ്രശ്‌നങ്ങൾ എന്ന് പഠിക്കാനുള്ള ശ്രമങ്ങളൊന്നും അധികാരികൾ നടത്തിയിട്ടില്ലെന്നും പുഷ്പരാജൻ പറയുന്നു.
“മണൽ ഖനനം നടക്കുന്നുണ്ടായിരുന്നു വർഷങ്ങളോളം. അതിനും റേഡിയേഷൻ പ്രത്യാഘാതങ്ങളുണ്ട്. അവർ നിയമവിരുദ്ധമായി ധാതു മണൽ ഖനനം ചെയ്തിട്ടുണ്ട്. വൃക്കരോഗങ്ങളും ക്യാൻസറും ഇവിടെ കൂടുതലാണ്. ഈ പ്രശ്‌നം പരിഗണിക്കണമെന്ന് ഗവണ്മെന്റിനോട് ഞങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. പക്ഷേ, ഗവണ്മെന്റിന്റെ ഭാഗത്തു നിന്നും അനുകൂല സമീപനം ഉണ്ടായിട്ടില്ല. തീരദേശങ്ങളിൽ ഇത്തരം രോഗങ്ങൾ എന്തുകൊണ്ട് ഉണ്ടാകുന്നു എന്നതിന്റെ കാരണങ്ങൾ അന്വേഷിക്കാൻ അവർ തയ്യാറായിട്ടില്ല. കോസ്റ്റൽ പീപ്പിൾസ് ഫെഡറേഷൻ എന്ന കൂട്ടായ്മയാണ് ഇങ്ങനെയൊരു ശാസ്ത്രീയ പഠനം നടത്തണമെന്ന ആവശ്യം ഉന്നയിച്ചത്. ജില്ലാ കളക്ടറെയും ഞങ്ങൾ കണ്ടിരുന്നു. പക്ഷേ, ഗവണ്മെന്റ് ഞങ്ങളുടെ പ്രശ്‌നം പഠിക്കാൻ ഒരു പാനൽ പോലും രൂപീകരിച്ചിട്ടില്ല. 1990കൾ മുതൽ ഖനനം നടക്കുന്നുണ്ട്. ഇപ്പോൾ ഖനനം നിർത്തി. കന്യാകുമാരി, തൂത്തുക്കുടി, തിരുനെൽവേലി തീരങ്ങളിലെ മണൽക്കൂനകളെല്ലാം അവർ നശിപ്പിച്ചുകഴിഞ്ഞു. ഇപ്പോൾ അവർ കടലിന് അകത്തായാണ് ഖനനം ചെയ്യുന്നത്.” വികസന പ്രവർത്തനങ്ങൾ തീരത്തിനും തീരദേശത്തെ മനുഷ്യർക്കുമേൽപിക്കുന്ന ആഘാതങ്ങൾ പുഷ്പരാജൻ വിവരിച്ചു.
“ആണവോർജ്ജ പ്ലാന്റിനടുത്ത് കഴിയുന്ന മത്സ്യത്തൊഴിലാളികളുടെ ചലനങ്ങളെല്ലാം നിയന്ത്രിതമായി.” മത്സ്യത്തൊഴിലാളികളെയും കടലിന്റെ ഭൂപ്രകൃതിയെയും പ്ലാന്റ് എങ്ങനെയെല്ലാം ബാധിച്ചു എന്നതിനെ കുറിച്ച് പുഷ്പരാജൻ പറയുന്നു. മീനുകളുടെ ലഭ്യത കുറഞ്ഞതുകൊണ്ട് കടലിൽ മീൻപിടിക്കാൻ പോകുന്നവരുടെ എണ്ണവും കുറഞ്ഞുവെന്നും പുഷ്പരാജൻ നിരീക്ഷിക്കുന്നു. “പ്ലാന്റിന് പിന്നിലായി അവർ വലിയൊരു പാലം പണിതിട്ടുണ്ട്, ഒരു പോർട്ട് പോലുള്ള ഘടന. മത്സ്യത്തൊഴിലാളികൾക്ക് ധാരാളം മീൻ കിട്ടിയിരുന്ന സ്ഥലമാണത്. കാരണം നിറയെ കല്ലുകളുള്ളൊരു സ്ഥലമാണ്. ഇപ്പോൾ ആ ഭാഗത്തേക്ക് മത്സ്യത്തൊഴിലാളികൾ പോകുന്നത് നിരോധിച്ചിരിക്കുകയാണ്. കടലിൽ പട്രോളിങ് നിരന്തരം നടക്കുന്നുണ്ട്. മത്സ്യത്തൊഴിലാളികളുടെ ചലനങ്ങൾ നീരിക്ഷിക്കാൻ സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. തമിഴ്‌നാട് കോസ്റ്റൽ സെക്യൂരിറ്റി ഗ്രൂപ്പ് പട്രോളിങ് നടത്തുന്നുണ്ട്. പ്ലാന്റിനടുത്തേക്ക് വരരുത് എന്ന് മത്സ്യത്തൊഴിലാളികൾക്ക് നിർദ്ദേശം നൽകുകയാണ്. അവർ നിയന്ത്രിതരും നിരീക്ഷിക്കപ്പെടുന്നവരുമാണ് ഇപ്പോൾ. മീനുകളുടെ ലഭ്യത കുറഞ്ഞിട്ടുണ്ട് എന്നാണ് പൊതുവെ പറയപ്പെടുന്നത്. എന്താണ് കാരണമെന്ന് നമുക്കറിയില്ല. പ്ലാന്റ് കാരണമാണോ കടലിലേക്ക് പ്ലാന്റിൽ നിന്നും ചൂടു വെള്ളം ഒഴുക്കി വിടുന്നതുകൊണ്ടാണോ കാലാവസ്ഥാ വ്യതിയാനം കാരണമാണോ എന്നൊന്നും അറിയില്ല, അതേക്കുറിച്ച് ശാസ്ത്രീയ പഠനങ്ങളൊന്നും നടത്തിയിട്ടില്ല. മീനുകളുടെ ലഭ്യതക്കുറവു കാരണം വളരെ കുറച്ചുപേർ മാത്രമേ കടലിലേക്ക് തന്നെ പോകുന്നുള്ളൂ. ഗ്രാമങ്ങളിൽ വളരെ കുറച്ച് ബോട്ടുകൾ മാത്രമേ കാണാൻ കഴിയൂ. തീരശോഷണം സംഭവിക്കുന്നതും നിങ്ങൾ കണ്ടുകാണും, വളരെ അപകടകരമാണത്. പ്ലാന്റിന് പിന്നിലായി കടലിൽ നടക്കുന്ന വികസന പ്രവർത്തനങ്ങളാണ് കാരണം. അവർക്ക് പല ഹാർബറുകളുണ്ട്, പ്ലാന്റിലേക്ക് ഉപകരണങ്ങൾ കൊണ്ടുവരുന്നതിനായി. സ്വാഭാവികമായും തീരത്തുള്ള ഇത്തരം നിർമ്മിതികൾ തീരദേശ ഗ്രാമങ്ങളുടെ സ്വാഭാവിക പരിസ്ഥിതിയെ മാറ്റും. കന്യാകുമാരി മുതൽ രാമേശ്വരം, ചെന്നൈ വരെ നമുക്കത് കാണാം.”


ആവശ്യമായ പാരിസ്ഥിതികാഘാത പഠനമൊന്നും നടത്താതെയാണ് പരിസ്ഥിതി ലോല പ്രദേശമായ ഇടിന്തകരെെ തീരത്ത് കൂടംകുളം ആണവോർജ്ജ പ്ലാന്റ് നിർമ്മിച്ചതെന്ന വസ്തുതയും പുഷ്പരാജൻ ചൂണ്ടിക്കാണിക്കുന്നു, ഇന്ത്യയിൽ പാരിസ്ഥിതികാഘാത പഠനങ്ങൾ അട്ടിമറിക്കപ്പെട്ടതും മറ്റൊരു നിയമഭേദഗതിയിലൂടെയായിരുന്നു.
“കന്യാകുമാരി മുതൽ രാമേശ്വരം വരെയുള്ള ദ ഗൾഫ് ഓഫ് മാന്നാർ ബയോ റിസർവ്വ് സംരക്ഷിത മേഖലയാണ്. ഗൾഫ് ഓഫ് മാന്നാറിന്റെ തീരത്ത് വലിയ നിർമ്മാണങ്ങളൊന്നും നടത്താൻ പാടില്ല. കൂടംകുളം ന്യൂക്ലിയർ പ്ലാന്റ് നിൽക്കുന്നത് ഭൂകമ്പ മേഖലയിലാണ് (സീസ്മിക് മേഖല) ഇങ്ങനെയൊക്കെ ആയിരിക്കുമ്പോഴും അവർ ഈ പ്ലാന്റ് നിർമ്മിച്ചു. എല്ലാ ഇഐഎ പഠനങ്ങളിലും അവർ യഥാർത്ഥ പാരിസ്ഥിതികാഘാതത്തിന്റെ കൃത്യമായ ചിത്രം നൽകാതെ പോകുകയാണ്. ഇഐഎ റിപ്പോർട്ട് തയ്യാറാക്കുന്ന ശാസ്ത്രജ്ഞർ സർക്കാരിന് വേണ്ടിയാണ് ഇത് ചെയ്യുന്നത്. ജനങ്ങൾക്കോ ജനക്ഷേമത്തിനോ വേണ്ടിയല്ല. കോർപ്പറേറ്റുകൾക്ക് അനുകൂലമായ ‘വസ്തുനിഷ്ഠ പഠന’മാണ് നടക്കുന്നത്. തീരവുമായി ചേർന്ന് പാരിസ്ഥിതിക പ്രശ്‌നങ്ങളിൽ ഇടപെട്ട എന്റെ ജീവിതത്തിൽ ഒരിക്കൽപോലും കേട്ടിട്ടില്ല ജനങ്ങളുമായി ചേർന്ന് പാരിസ്ഥിതികാഘാത പഠനം നടത്തി എന്ന്. പബ്ലിക് ഹിയറിങ്ങിലും ജനങ്ങൾക്ക് പറയാനുള്ളത് കേട്ട ശേഷം അവ ഒരിക്കലും പരിഗണിക്കാതിരിക്കുകയാണ് ചെയ്യുന്നത്.” നിയമഭേദഗതിക്ക് മുമ്പും പാരിസ്ഥിതിക ആഘാത പഠനങ്ങൾ നിയമവിരുദ്ധമായിട്ടാണ് നടന്നിരുന്നതെന്ന് ഓർമ്മിപ്പിക്കുകയാണ് പുഷ്പരാജന്റെ വാക്കുകൾ.
അവസാനിക്കാത്ത കേസുകൾ
സമരം നടന്ന് പതിനാല് വർഷങ്ങൾ കഴിഞ്ഞിട്ടും കോടതികൾക്ക് ഇവർക്കെതിരെയുള്ള കേസുകൾ അവസാനിപ്പിക്കാൻ കഴിയുന്നില്ല. പുഷ്പരാജൻ പറയുന്നു. “365 കേസുകളാണ് കൂടംകുളം സമരവുമായി ബന്ധപ്പെട്ട് ഉള്ളത്. മൂന്ന് നേതാക്കളാണ് എല്ലാത്തിലും പേര് ചേർക്കപ്പെട്ടത്. എല്ലാത്തിലും ഉദയകുമാർ ആണ് ഒന്നാം പ്രതി, ഞാനായിരിക്കും രണ്ടാം പ്രതി, മൂന്നാം പ്രതി ഫാദർ ജേസുരാജും. ഞങ്ങൾ ഇപ്പോഴും ഹിയറിങ്ങിനായി കോടതിയിൽ പോകുന്നു, സമരം നടന്നിട്ട് പതിമൂന്നു വർഷങ്ങളായി. കോടതിയിൽ ഒന്നും സംഭവിക്കാറില്ല. സർക്കാർ ഞങ്ങളെ കോടതിയിൽ ഹാജരാകാൻ നിർബന്ധിക്കുകയാണ്. നമ്മൾ അവിടെ പോകുന്നു. കോടതിക്ക് മുന്നിൽ ഹാജരാകുന്നു. തിരിച്ചുവരുന്നു. അതാണ് സംഭവിക്കുന്നത്. അതല്ലാതെ അവിടെ ഒന്നും സംഭവിക്കുന്നില്ല. നമുക്കെതിരെ ആരോപിക്കുന്നതൊന്നും അവർക്ക് തെളിയിക്കാൻ കഴിയുന്നില്ല. എല്ലാം വ്യാജ കേസുകളാണ്,” പുഷ്പരാജൻ പറയുന്നു. ദേശദ്രോഹം, രാജ്യത്തിനെതിരെ യുദ്ധം ചെയ്യുക തുടങ്ങിയ വകുപ്പുകളാണ് സമരം ചെയ്തവർക്കെതിരെ ചുമത്തിയത്.
“നമ്മൾ പ്രതിരോധിച്ചു, മൂന്ന് വർഷങ്ങൾ നീണ്ടുനിന്നു സമരം. സമാധാനപരമായ പ്രതിഷേധരീതികളായിരുന്നു. പ്രശ്‌നപരിഹാരത്തിനായി നമ്മൾ കോടതികളെ സമീപിച്ചു. ഒന്നും സംഭവിച്ചില്ല. ജനങ്ങളുടെ സമാധാനപരമായ പ്രതിഷേധങ്ങളോട് സർക്കാരിന്റെ ഭാഗത്തുനിന്നും ഒരു പ്രതികരണവുമുണ്ടായിട്ടില്ല. അവർ ഒരു ജനകീയ സമരത്തെ തള്ളിക്കളയുകയാണ് ചെയ്തത്. ജനങ്ങളുടെ കാഴ്ചപ്പാടുകൾക്ക് അവർ ഒട്ടും വിലകൊടുത്തില്ല. ജനങ്ങളുടെ കാഴ്ചപ്പാടുകൾ പരിഗണിച്ച് റിയാക്റ്ററുകളുടെ എണ്ണം കുറയ്ക്കുന്നതിനു പകരം അവർ റിയാക്റ്ററുകളുടെ എണ്ണം കൂട്ടിക്കൊണ്ടിരിക്കുകയാണ് ചെയ്യുന്നത്. അവർ സ്വന്തം തീരുമാനത്തിൽ വളരെ ധാർഷ്ട്യത്തോടെ മുന്നോട്ടുപോയി, ജനങ്ങളുടെ കാഴ്ചപ്പാടുകളൊന്നും ബഹുമാനിക്കപ്പെട്ടില്ല, പരിഗണിക്കപ്പെട്ടില്ല. ജനകീയ പ്രതിരോധത്തെക്കുറിച്ച് ഇത്രയധികം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടും ബ്യൂറോക്രസി ഒന്നും ചെയ്തില്ല. അവർ ഈ പ്രവൃത്തികളെയെല്ലാം ന്യായീകരിക്കുകയായിരുന്നു. അവർ പറയുന്നത് ന്യൂക്ലിയർ എനർജി ശുദ്ധമാണ് എന്നാണ്. ന്യൂക്ലിയർ ഡിപാർട്ടമെന്റും ഗവണ്മെന്റും നടത്തുന്നൊരു വ്യാജ പ്രചാരണമാണത്.”
ഇന്ത്യയിലെമ്പാടും ആണവ നിലയങ്ങൾക്കെതിരെ തദ്ദേശ ജനതയുടെ ഭാഗത്ത് നിന്നും എതിർപ്പുകളുണ്ടായിട്ടും പദ്ധതികളുമായി മുന്നോട്ടുപോകാനും കോർപ്പറേറ്റുകളെ ഈ മേഖലയിലേക്ക് കൊണ്ടുവരാനുമുള്ള സർക്കാർ നീക്കത്തെ പുഷ്പരാജൻ രൂക്ഷമായി വിമർശിച്ചു. ജനങ്ങളുടെ സുരക്ഷിതത്വം, ജീവനോപാധി, പരിസ്ഥിതി ഇതൊന്നും പരിഗണിപ്പെടുന്നില്ലെങ്കിൽ എന്ത് ചെയ്യാൻ കഴിയുമെന്ന് അദ്ദേഹം ആശങ്കപ്പെടുന്നു.
“ഇന്ത്യയുടെ തീരത്തെ ജനങ്ങൾ ആണവ പദ്ധതികളെ പ്രതിരോധിച്ചിട്ടുണ്ട്. ആദ്യം മഹാരാഷ്ട്രയിൽ കൊണ്ടുവന്നപ്പോൾ അവിടെയുള്ള ആളുകൾ ഇവിടെ വേണ്ട എന്നു പറഞ്ഞു പ്രതിരോധിച്ചു. പിന്നീട് ആന്ധ്രപ്രദേശിലേക്ക് കൊണ്ടുപോയി, അവിടെയും ജനകീയ പ്രതിരോധമുണ്ടായി. പിന്നീട് കേരളത്തിലേക്ക് കൊണ്ടുപോയി, കേരളത്തിലെ ജനങ്ങളും പ്രതിരോധിച്ചു. അവസാനം അത് തമിഴ്‌നാട്ടിലേക്ക് വന്നു. പശ്ചിമബംഗാളിലും ഗുജറാത്തിലും ആളുകൾ ന്യൂക്ലിയർ പ്ലാന്റുകൾക്കെതിരെ സമരം ചെയ്തു. പക്ഷേ എന്തുണ്ടായി? സർക്കാരിൽനിന്നുള്ള പ്രതികരണങ്ങൾ എന്താണ്? അവർ നിയമങ്ങൾ ദുർബലമാക്കുകയാണ്. സമാധാനപരമായ പ്രതിരോധങ്ങൾക്ക് ഇന്ത്യയിൽ ഒട്ടും വിലയില്ലാതാകുകയാണ്.” പുഷ്പരാജൻ പറഞ്ഞു.


14 വർഷങ്ങൾക്ക് മുമ്പ് കൂടംകുളം സമരത്തെക്കുറിച്ച് തയ്യാറാക്കിയ എസ് അനിതയുടെ ‘നോ: എക്കോസ് കൂടംകുളം’ എന്ന പുസ്തകത്തിൽ ഇടിന്തകരൈയിലുള്ള ജനങ്ങളുടെ യഥാർത്ഥ വികസന ആവശ്യങ്ങളെക്കുറിച്ച് ഇടിന്തകരൈയിലെ മത്സ്യത്തൊഴിലാളിയായ ഒരു സ്ത്രീ ഇപ്രകാരം പറയുന്നുണ്ട്.
“ഞാൻ ജനിച്ച, എന്റെ പൂർവ്വികർ വിശ്രമിക്കുന്ന ഈ തീരദേശ ഗ്രാമത്തിൽ തന്നെ എനിക്ക് ജീവിക്കുകയും മരിക്കുകയും വേണം… തീർച്ചയായും നല്ല റോഡുകൾ, കുറച്ചധികം ബസ്സുകൾ കൂടെ, സ്‌കൂളുകൾ, ഒരു നല്ല ആശുപത്രി ഇതൊക്കെ ഉണ്ടായാൽ അതെല്ലാം ശരിയായ അർത്ഥത്തിൽ നമുക്ക് വികസനമാകും. വെള്ളവും വൈദ്യുതിയും നമ്മുടെ ജീവിതത്തിന് കൂടുതൽ സ്ഥിരത കൊണ്ടുവരും, കാര്യങ്ങൾ എളുപ്പമാക്കും. ഈ രാജ്യത്ത് ഊർജ്ജ ക്ഷാമത്തിന് കാരണമാകുന്നത് നമ്മുടെ ജീവിതരീതികളല്ലെന്ന് ഓർമ്മിപ്പിക്കട്ടെ! നമുക്ക് വേണ്ടാത്ത കാര്യങ്ങൾക്കോ നമ്മൾ ആഗ്രഹിച്ചിട്ടില്ലാത്ത കാര്യങ്ങൾക്കോ വേണ്ടി വലിയ വില കൊടുക്കുവാൻ നമ്മൾ തയ്യാറല്ല. കുറേയധികം മാസങ്ങൾ ഉപയോഗിക്കാൻ ആവശ്യമായ വൈദ്യുതി ഇവിടത്തെ കാറ്റാടി യന്ത്രങ്ങളിൽ നിന്നും ഉൽപാദിപ്പിക്കുന്നുണ്ടാകും. പ്രകൃതി തരുന്ന സൗരോർജ്ജവും ധാരാളം വൈദ്യുതിയുണ്ടാക്കാൻ പറ്റുന്നതാണ്. ഇതെല്ലാം ദൈവം സൗജന്യമായി തന്നിരിക്കുന്നതാണ്. നമുക്ക് അതിനെല്ലാം ഉടമയാകാൻ കഴിയുമോ? അതിനെല്ലാം വിലയിടാൻ കഴിയുമോ?”
എന്താണ് നിയമഭേദഗതിയിലെ അപകടങ്ങൾ?
ആണവോർജ്ജ പ്ലാന്റുകളിൽ അപകടങ്ങളുണ്ടായാൽ അതിന്റെ ഉത്തരവാദിത്തം പ്ലാന്റ് നടത്തുന്ന കമ്പനികൾ ഏറ്റെടുക്കണമെന്ന ക്ലോസ് നീക്കം ചെയ്ത് രണ്ട് നിയമങ്ങളിലും വലിയ മാറ്റങ്ങൾ വരുത്താതെ പുതിയ പേരിൽ അവതരിപ്പിക്കുകയാണ് ഭേദഗതിയിലൂടെ യൂണിയൻ സർക്കാർ ചെയ്യുന്നതെന്ന് ചെന്നെെയിലെ ‘പൂവുലകിൻ നൻപർകൾ’ എന്ന പരിസ്ഥിതി സംഘടനയുടെ പ്രവർത്തകനായ അഡ്വക്കേറ്റ് വെട്രി സെൽവൻ പറയുന്നു.
“ബജറ്റ് പ്രസംഗത്തിൽ നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചത് അനുസരിച്ചാണെങ്കിൽ 2047 ആകുമ്പോഴേക്ക് 100 GW ആണവോർജ്ജം ഉത്പാദിപ്പിക്കണമെങ്കിൽ ഇന്ത്യയിൽ ആയിരത്തോളം സ്മോൾ മോഡുലർ റിയാക്റ്ററുകൾ സ്ഥാപിക്കേണ്ടിവരും. പുതിയ നിയമമനുസരിച്ച് സ്വകാര്യ പാർട്ടികൾക്ക് റിയാക്റ്ററുകൾ സ്ഥാപിക്കാം, അവർക്ക് ആണവ ധാതുക്കൾ ഖനനം ചെയ്യാനുള്ള അനുമതി കൂടെ കിട്ടുന്നുണ്ട്. റിയാക്റ്ററുകളുടെ സ്വകാര്യവൽക്കരണം മാത്രമല്ല, ആണവ ധാതുക്കളുടെയും സ്വകാര്യവൽക്കരണമാണ് നടക്കുന്നത്. ജാർഖണ്ഡിലെ ജാദുഗുഡയിൽ യുറേനിയം ഖനികളുണ്ട്, കേരളത്തിന്റെയും തമിഴ്നാടിന്റെയും തീരദേശ മേഖലയിൽ തോറിയം ഉണ്ട്. അവിടെയും അവർക്ക് ഖനനം നടത്താം.” നിലവിലുള്ള കൂടംകുളത്തെ പ്ലാന്റിലെ സ്മോൾ മോഡുലർ റിയാക്റ്റർ തന്നെ സാങ്കേതിക തടസ്സം കാരണം മാസങ്ങളോളം പ്രവർത്തിക്കാതിരിക്കാറുണ്ടെന്നും വെട്രിസെൽവൻ ചൂണ്ടിക്കാട്ടി.


2047 ആകുമ്പോഴേക്കും 100 ഗിഗാവാട്ട് ആണവോർജ്ജം ഉത്പാദിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമാക്കുന്നതെന്ന് നിർമ്മല സീതാരാമൻ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞിരുന്നു. ഒരു ഗിഗാവാട്ട് എന്നാൽ 1000 മെഗാവാട്ട് ആണ്. അതായത്, ആയിരക്കണക്കിന് സ്മോൾ മോഡുലാർ റിയാക്റ്ററുകൾ ഉണ്ടെങ്കിൽ മാത്രമേ 100 ഗിഗാവാട്ട് ആണവോർജ്ജം ഉത്പാദിപ്പിക്കാൻ കഴിയൂ. ആയിരക്കണക്കിന് സ്മോൾ മോഡുലാർ റിയാക്റ്ററുകൾ ഇന്ത്യയിൽ വരാൻ പോകുന്നു എന്ന് കൂടിയാണ് ഇത് വ്യക്തമാക്കുന്നത്. ഇതിലേറെയും സ്വകാര്യ നിക്ഷേപങ്ങളാണെന്ന് ഉറപ്പാണ്. ആണവ ബാധ്യതാ നിയമത്തിൽ വന്ന തിരുത്തലുകൾ കൂടുതൽ അപകടകരമാകുന്നത് ഈ പശ്ചാത്തലത്തിലാണെന്ന് അഡ്വ. വെട്രിസെൽവൻ വിശദമാക്കുന്നു.
“ഈ നിയമത്തിൽ വരുത്തിയ പ്രധാന മാറ്റങ്ങളിലൊന്ന് സ്വകാര്യ കമ്പനികൾക്ക് നഷ്ടപരിഹാരം ആവശ്യപ്പെടാനുള്ള അവകാശമാണ്. 2010ലെ ലയബിലിറ്റി ആക്റ്റിൽ ഒരു പ്രത്യേക ഭാഗമുണ്ട്, റിയാക്റ്റർ വിതരണക്കാരുമായി ഒരു ധാരണാപത്രം ഉണ്ടായിരിക്കും. എന്തെങ്കിലും അപകടം സംഭവിക്കുകയാണെങ്കിൽ അതിന്റെ ഉത്തരവാദിത്തം വിതരണക്കാരുടേതാണ്. അതിന് നഷ്ടപരിഹാരവും നൽകേണ്ടതാണ്. ഇത്തരമൊരു അപകടമുണ്ടായാൽ അതിനുള്ള നഷ്ടപരിഹാരം കേന്ദ്ര സർക്കാർ നൽകുകയും കേന്ദ്ര സർക്കാർ ഈ തുക വിതരണക്കാരിൽ നിന്നും ഈടാക്കുകയും ചെയ്യും. ഓരോ ധാരണാപത്രത്തിലും ഈ നഷ്ടപരിഹാരത്തിനുള്ള അവകാശം ഉണ്ടായിരിക്കണം എന്നാണ് നേരത്തെയുണ്ടായിരുന്ന നിയമം പറയുന്നത്. ഈ ക്ലോസ് ഉണ്ടായിരുന്നത് കാരണം കാനഡയോ മറ്റേതെങ്കിലും വിദേശ രാജ്യങ്ങളിലെ കമ്പനികളോ ഇന്ത്യൻ ഗവണ്മെന്റുമായി ഒരു ധാരണാപത്രത്തിൽ പങ്കുചേരാൻ താൽപര്യപ്പെട്ടിരുന്നില്ല. പുതിയ നിയമത്തിൽ സെക്ഷൻ 16 പറയുന്നത്, ധാരണാപത്രത്തിൽ വിതരണക്കാർക്കുള്ള ബാധ്യത ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിൽ നഷ്ടപരിഹാരം ആവശ്യപ്പെടാൻ കഴിയും എന്നാണ്. സ്വാഭാവികമായും വിതരണക്കാർ ഇങ്ങനെയൊരു വകുപ്പ് ഉള്ള ധാരണാപത്രത്തിൽ പങ്കാളിയാകാൻ തയ്യാറാവുകയില്ല. ഈ ക്ലോസ് ഉൾപ്പെടുത്തരുതെന്ന് അവർക്ക് ആവശ്യപ്പെടാം. അപകടങ്ങളുണ്ടാകുമ്പോൾ അതിൽ അവരുടെ ബാധ്യതയെ നമുക്ക് ചോദ്യം ചെയ്യാൻ കഴിയില്ല. വിതരണക്കാർ അതോടെ സുരക്ഷിതമാകുന്നു.” നിലവിലെ നിയമത്തിന്റെ സങ്കീർണത അഡ്വ. വെട്രിസെൽവൻ വിശദീകരിച്ചു.


അമ്പതോളം പുതിയ റിയാക്റ്ററുകൾ വരുമ്പോൾ അവയിലുണ്ടാകുന്ന ആണവമാലിന്യം എത്രത്തോളമായിരിക്കും എന്നതും ഈ നിയമഭേദഗതി ഉയർത്തുന്ന നിർണ്ണായക ചോദ്യമാണെന്ന് വെട്രിസെൽവൻ പറയുന്നു. “കത്തിത്തീരുന്ന യുറേനിയം പ്ലൂട്ടോണിയം ആകുന്നു. പ്ലൂട്ടോണിയം ഉയർന്ന തോതിൽ റേഡിയോ ആക്റ്റീവ് ആണ്. അത് ദീർഘകാലത്തോളം വികിരണങ്ങൾ പുറപ്പെടുവിക്കും. പ്ലൂട്ടോണിയം ഉണ്ടാകുന്നത് ഒരു റിയാക്റ്ററിനകത്ത് മാത്രമാണ്, ഓരോ റിയാക്റ്ററിലും അഞ്ചു വർഷത്തേക്ക് പ്രവർത്തിക്കാനുള്ള ഇന്ധനം ഉണ്ടായിരിക്കും. കൂടംകുളത്ത് ഇതുവരെ ആയിരം കിലോഗ്രാം യുറേനിയം ഉപയോഗിച്ചുകഴിഞ്ഞിട്ടുണ്ടെന്നാണ് എം.വി രമണയുടെ കണക്കുകൂട്ടൽ. ഇത് കത്തിത്തീർന്ന് പ്ലൂട്ടോണിയം ആകുമ്പോഴേക്ക് 500 കിലോഗ്രാം പ്ലൂട്ടോണിയം ഉണ്ടായിരിക്കും. ഇത് ഒരു റിയാക്റ്ററിലെ മാത്രം കാര്യമാണ്. ഇത് വളരെ കൃത്യമായി സൂക്ഷിക്കണം, കെെകാര്യം ചെയ്യണം. 2013ൽ, ഈ മാലിന്യം സൂക്ഷിക്കുന്നതിനായി ഒരു ഡീപ് ജിയോളജിക്കൽ റെസ്പിരേറ്ററി കണ്ടെത്തണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു. ഭൂമിക്ക് നാശകരമാണ് ഈ മാലിന്യം. പക്ഷേ, ഈ മാലിന്യം സൂക്ഷിക്കാൻ നമുക്ക് അതല്ലാതെ വേറെ വഴികളില്ല. ഈ മാലിന്യം നശിപ്പിക്കാനുള്ള സാങ്കേതികവിദ്യയൊന്നും നമുക്കില്ല. ഈ മാലിന്യത്തിൽ നിന്നും റേഡിയേഷൻ പുറത്തേക്ക് വരാതെ സംരക്ഷിക്കുവാൻ മാത്രമേ കഴിയൂ. ഭൂമിയിൽ അത്രയും ആഴത്തിൽ അതിനെ സൂക്ഷിക്കാനേ കഴിയൂ.” വെട്രിസെൽവൻ പറഞ്ഞു.


“റേഡിയോ ആക്റ്റീവ് ധാതുക്കൾ, റേഡിയോ ആക്റ്റീവ് വസ്തുക്കൾ എന്നിവ കൈകാര്യം ചെയ്യേണ്ട ചുമതല കേന്ദ്ര ഗവണ്മെന്റിനായിരിക്കുമെന്ന് അറ്റോമിക് എനർജി ആക്റ്റ് വ്യക്തമായി പറയുന്നുണ്ട്. അതായിരുന്നു ഈ നിയമത്തിന്റെ ഒരു പ്രധാന പ്രത്യേകത. ഈ നിയമത്തിന് കീഴിലാണ് അറ്റോമിക് എനർജി റെഗുലേറ്ററി ബോർഡ് സ്ഥാപിതമായത്. നിയമഭേദഗതിയോടെ, അറ്റോമിക് എനർജി ആക്റ്റിൽ നിന്നും റേഡിയോ ആക്റ്റീവ് വസ്തുക്കൾ കൈകാര്യം ചെയ്യുവാനുള്ള ഒരേയൊരു അധികാര സ്ഥാപനം എന്നതിൽ നിന്നും കേന്ദ്ര ഗവണ്മെന്റിനെ ഒഴിവാക്കി. റിയാക്റ്റർ വിതരണക്കാരുടെ അപകട ബാധ്യതയും ആണവ അപകട ബാധ്യത നിയമത്തിൽ നിന്നും നീക്കം ചെയ്തു.” അഡ്വ. വെട്രിസെൽവൻ നിയമഭേദഗതിയുടെ സൂക്ഷ്മതകൾ വിവരിച്ചു.
“ഊർജ്ജോൽപാദനത്തിന് എന്തെങ്കിലും ടാർഗറ്റ് ഉണ്ടെങ്കിൽ അവർ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കുമോ? ചെർണോബിലിൽ സംഭവിച്ചത് അതായിരുന്നില്ലേ? അവർ ടെസ്റ്റ് റൺ നടത്തുകയായിരുന്നു, ഈ ടെസ്റ്റ് റൺ നിശ്ചിത ഡെഡ് ലൈനിനകത്ത് തന്നെ തീർക്കണമെന്ന് ഡയറക്ടർ ഉത്തരവ് നൽകി. എന്തോ കുഴപ്പമുണ്ടെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകിയിട്ടും ഈ ടെസ്റ്റ് റൺ പൂർത്തീകരിക്കുക എന്നതു തന്നെയായിരുന്നു ഡയറക്ടറുടെ ലക്ഷ്യം. ചെർണോബൈൽ അപകടം സംഭവിച്ചത് അങ്ങനെയാണ്. അത്തരത്തിലുള്ള സമ്മർദ്ദമായിരിക്കും സ്വകാര്യകമ്പനികൾ തൊഴിലാളികൾക്കുമേൽ വെക്കുക. ഒരു ആണവോർജ്ജ കമ്പനി തുടങ്ങുവാൻ അദാനി വളരെയധികം തയ്യാറായിരുന്നു എന്നുവേണം മനസ്സിലാക്കാൻ. ഉത്തർപ്രദേശിൽ അദാനി ഒരു ആണവോർജ്ജ പ്ലാന്റ് തുടങ്ങാൻ പോകുകയാണ്. ഈ നിയമഭേദഗതി പാസായതോടെ യുഎസ് ഗവണ്മെന്റ് ‘നാഷണൽ ഡിഫൻസ് ഓതറൈസേഷൻ ആക്റ്റ്’ എന്നൊരു നിയമം കൊണ്ടുവന്നു. അമേരിക്കൻ ഗവണ്മെന്റിന് ഇന്ത്യയിലേക്ക് ന്യൂക്ലിയർ റിയാക്റ്ററുകൾ വിൽക്കാൻ അനുമതി നൽകുന്ന നിയമമാണിത്. ഈ നിയമത്തെ ചുറ്റിപ്പറ്റി വലുതാകുന്ന വലിയൊരു ബിസിനസ് നമ്മൾക്ക് മനസ്സിലാക്കാം. അവരിതിനെ പ്രചരിപ്പിക്കുന്നത് ‘ക്ലീൻ എനർജി’ ആയിട്ടാണ്. ആണവോർജ്ജം ‘ക്ലീൻ എനർജി’ ആണെന്നത് ഒരു വ്യാജ പ്രസ്താവനയാണ്. അവർ നിർമ്മിക്കാൻ പോകുന്ന ഓരോന്നിനും കാർബൺ ഫൂട്ട്പ്രിന്റ് ഉണ്ടാകും. ആയിരക്കണക്കിന് വർഷങ്ങളോളം ഈ ആണവ മാലിന്യം സുരക്ഷിതമായി സൂക്ഷിക്കണം, അതിനും കാർബൺ ഫൂട്ട്പ്രിന്റ് ഉണ്ടാകും. അതുകൊണ്ട് ഇതിനെ ക്ലീൻ എനർജി എന്ന് പറയാൻ കഴിയില്ല. ഇക്കാര്യത്തിൽ വ്യാപാര താൽപര്യങ്ങളുണ്ട്. കാലാവസ്ഥാ സംവാദങ്ങൾക്കിടയിൽ ആണവോർജ്ജത്തെ കാർബൺ മുക്തമായി അവതരിപ്പിക്കുന്ന ഒരു ലോബി ആണവോർജ്ജ വ്യവസായ മേഖലയിലുണ്ട്.
പാരീസ് കാലാവസ്ഥാ ഉടമ്പടിക്ക് ശേഷം ഫോസിൽ ഇന്ധനങ്ങളിൽ നിന്നും സുസ്ഥിരമായ ഊർജ്ജ ഉത്പാദനത്തിലേക്ക് ഒരു മാറ്റമുണ്ടായി. പല രാജ്യങ്ങളും സൂര്യനിൽ നിന്നും കാറ്റിൽ നിന്നും വൈദ്യുതിയുണ്ടാക്കുന്നതിൽ ശ്രദ്ധിച്ചു തുടങ്ങി. ന്യൂക്ലിയർ റിയാക്റ്ററുകൾക്ക് കാർബൺ പുറന്തള്ളൽ ഇല്ലെന്ന് പറഞ്ഞുകൊണ്ട് ആണവോർജ്ജത്തെ പ്രചരിപ്പിക്കുന്ന ന്യൂക്ലിയർ ലോബി ഗ്രൂപ്പുകൾ വളരെ സജീവമായി. കാർബൺ പുറന്തള്ളലില്ലാത്ത വൈദ്യുതി ഉത്പാദന രീതിയെന്ന നിലയിലാണ് അവരിതിനെ പ്രചരിപ്പിച്ചത്, അതിൽ അവർ വിജയിക്കുകയും ചെയ്തു. ഓരോ ക്ലൈമറ്റ് ടോക്കിലും അവർ ആണവോർജ്ജത്തെ ക്ലീൻ എനർജിയായി ഉൾപ്പെടുത്താൻ ശ്രമിക്കുന്നുണ്ടായിരുന്നു. ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിക്കുന്നതിനു പരിഹാരമായി ചില കാലാവസ്ഥാ ശാസ്ത്രജ്ഞരും ആണവോർജ്ജത്തെ പിന്തുണയ്ക്കുന്നുണ്ട്. പ്രശ്‌നമെന്താണെന്നു വെച്ചാൽ, ഈ പരിഹാരങ്ങളും സംസാരങ്ങളും സംഭവിക്കുന്നത് മാർക്കറ്റ് ഇക്കോണമിയുടെ ചട്ടക്കൂടിനകത്ത് നിന്നാണ്. ഈ മാർക്കറ്റ് ഇക്കോണമി തകർക്കാതെ കാലാവസ്ഥാ പ്രശ്‌നം പരിഹരിക്കപ്പെടുകയില്ല.
സാങ്കേതികവിദ്യയും പരിസ്ഥിതിയും സംഘർഷത്തിലാകുകയാണിവിടെ. കാലാവസ്ഥാ ശാസ്ത്രം വളരെ കൃത്യമാണ്. ഓരോ രാജ്യത്തിനും ആവശ്യമായ വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള സാങ്കേതികവിദ്യയും ഉണ്ട്. നമുക്കില്ലാത്തത് രാഷ്ട്രീയ സന്നദ്ധതയാണ്. 66% കാർബൺ ബഹിർഗമനത്തിനും കാരണം 1% ആളുകളാണ്. സ്വകാര്യ ഉടമസ്ഥതയിലൂടെ സംഭവിക്കുന്ന 77% വാതക പുറന്തള്ളലുകൾക്ക് കാരണമാകുന്നത് 10% ആളുകളാണ്. അവരുടെ ഉപഭോഗം കാരണമാണ് ആഗോളമായി 47% പുറന്തള്ളലുണ്ടാകുന്നത്, ഇതാണ് പുതിയ ഇനിക്വാലിറ്റി ലാബ് റിപ്പോർട്ട് പുറത്തുവിടുന്ന കണക്ക്.”
ജനാധിപത്യത്തിന്റെ അട്ടിമറി
നിയമഭേദഗതി നടന്ന രീതി തീർത്തും ജനാധിപത്യവിരുദ്ധമായിരുന്നുവെന്ന് വെട്രിസെൽവൻ നിരീക്ഷിക്കുന്നു. “ഈ ബില്ലുകളും വളരെ രഹസ്യമാക്കി വെച്ചതായിരുന്നു. അവസാന ഘട്ടത്തിൽ മാത്രമാണ് അവരിതിനെ കുറിച്ച് പ്രഖ്യാപിച്ചത്. അധികം വൈകാതെ ഭേദഗതി നിയമമാക്കി പാസാക്കുകയും ചെയ്തു. പ്രതിപക്ഷ പാർട്ടികളിൽ നിന്നും എതിർപ്പുകളുണ്ടായിരുന്നെങ്കിലും അവർ ഈ ഭേദഗതി രണ്ട് സഭകളിലും പാസാക്കിയെടുത്തു. ബിൽ അവതരിപ്പിക്കുന്നതിന് തൊട്ടുമുമ്പായി പാർലമെന്റ് അംഗങ്ങൾക്ക് ബില്ലിനെ കുറിച്ച് അറിയിപ്പ് കിട്ടി. ജനാധിപത്യ പ്രക്രിയയെ അവർ വെട്ടിച്ചുരുക്കി. നിയമവിശദാംശങ്ങൾ അറിയുന്നതിനും സഭയിൽ അവതരിപ്പിക്കുന്നതിനുമായി ഡിഎംകെയുടെ ഒരു എംപി എന്റെ സുഹൃത്തിനെ വിളിക്കുകയുണ്ടായി. പിറ്റേ ദിവസം അവതരിപ്പിക്കാൻ പോകുന്ന ബില്ലിന്റെ വിശദാംശങ്ങൾ അവർ തലേന്ന് രാത്രിയിലാണ് അവതരിപ്പിക്കുക. നമുക്ക് പക്ഷേ പാർലമെന്റിൽ ഭൂരിപക്ഷമില്ല.”


ആണവോർജ്ജം: ചില സർക്കാർ വാദങ്ങൾ
യൂണിയൻ സർക്കാർ ആണവോർജ്ജത്തെ ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിക്കുന്നതിൽ നിന്നുള്ള വ്യതിചലനമായി അവതരിപ്പിക്കുന്നുണ്ട്. 2047 ആകുമ്പോഴേക്കും ആണവോർജ്ജ ഉത്പാദനം കൂട്ടുന്നതിനും 2070 ആകുമ്പോഴേക്കും ഇന്ത്യയുടെ കാർബൺ ബഹിർഗമന തോത് സീറോ ആക്കുന്നതിനും യൂണിയൻ സർക്കാർ ലക്ഷ്യമിടുന്നുണ്ട്. എന്നാൽ ആണവോർജ്ജ പ്ലാന്റുകളിലേക്കുള്ള ഇന്ധന ലഭ്യത, അതിന്റെ ഖനനം സൃഷ്ടിക്കാൻ പോകുന്ന പാരിസ്ഥിതിക, മാനുഷിക ആഘാതങ്ങൾ, ചെലവേറിയ ആണവോർജ്ജ പ്ലാന്റ് നടത്തുന്നതിലുള്ള അപകട സാധ്യതകൾ, പ്ലാന്റ് പ്രവർത്തിപ്പിക്കുമ്പോഴുള്ള റേഡിയേഷൻ സംബന്ധിച്ച പ്രശ്നങ്ങൾ ഇവയെല്ലാം മറച്ചുപിടിച്ചുകൊണ്ടാണ് സർക്കാരിന്റെ ഈ പ്രചാരണം നടക്കുന്നത്. സുസ്ഥിര മാർഗങ്ങളിലൂടെയുള്ള വൈദ്യുതി ഉത്പാദനം ഇന്ത്യയിൽ വലിയ തോതിൽ നടക്കുന്നുണ്ട് എന്നും സർക്കാർ വാദിക്കുന്നുണ്ട്. ഇതു കൂടുതൽ കൃത്യത ആവശ്യമുള്ള ഒരു വാദമാണ്. കാരണം ഏതൊക്കെ മാർഗങ്ങളിലൂടെ, ഏതൊക്കെ പ്രദേശങ്ങളിൽ എന്തൊക്കെ രീതികളിൽ ആരുടെയൊക്കെ ഉടമസ്ഥതയിലാണ് ഇത്തരത്തിൽ വൈദ്യുതി ഉത്പാദിപ്പിക്കുന്നതെന്ന് അറിഞ്ഞാൽ മാത്രമേ ആണവോർജ്ജം ഉപയോഗിച്ച് ഇതുവരെയില്ലാത്ത തോതിൽ ആണവോർജ്ജ ഉത്പാദനത്തിൽ കുതിപ്പുണ്ടാക്കാൻ പോകുകയാണെന്ന സർക്കാർ വാദത്തെ നേരിടാൻ കഴിയൂ. 20,000 കോടി രൂപയാണ് ന്യൂക്ലിയർ എനർജി മിഷനു വേണ്ടി 2025-26ലെ കേന്ദ്ര ബജറ്റിൽ മുതൽ മുടക്കിയിരിക്കുന്നത്.
“എട്ട് റിയാക്റ്ററുകൾ നിർമ്മാണത്തിലിരിക്കുകയാണ് (6,600 മെഗാവാട്ട്), പത്ത് റിയാക്റ്ററുകളുടെ നിർമാണത്തിനായി പദ്ധതി തയ്യാറാക്കപ്പെടുന്നുണ്ട്. 2032 ആകുമ്പോഴേക്ക് ഇന്ത്യ അതിന്റെ ആണവോർജ്ജ ഉത്പാദനം 22,480 മെഗാവാട്ട് ആക്കാൻ പദ്ധതിയിടുന്നുണ്ട്. വൈദ്യുത മന്ത്രാലയം – ഡിപ്പാർട്ട്‌മെന്റ് ഓഫ് അറ്റോമിക് എനർജി എന്നിവയും സംയുക്തമായി രൂപീകരിച്ച കമ്മിറ്റി ഇതിന്റെ സാമ്പത്തികവശങ്ങളും ഭരണപരമായ വിഷയങ്ങളും സാങ്കേതികമായ വെല്ലുവിളികളും പരിഗണിക്കും.” – സർക്കാർ പ്രചരണ കുറിപ്പിൽ നിന്ന്.
സംസ്ഥാനങ്ങൾക്ക് അവരുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി 1.5 ലക്ഷം കോടി മൂല്യമുള്ള പലിശരഹിത ലോണുകൾ അനുവദിച്ചത് 2024-25ലെ ബജറ്റിലാണ്. ഏപ്രിൽ 25ന് കാക്രപാറിൽ വെച്ച് നടന്ന ഒരു യോഗത്തിലും പാറ്റ്‌നയിൽ വെച്ച് നടന്ന ഈസ്‌റ്റേൺ റീജിയൻ പവർ മിനിസ്റ്റേഴ്‌സ് കോൺഫറൻസിലും കേന്ദ്ര ഊർജവകുപ്പ് മന്ത്രി മനോഹർ ലാൽ ഖട്ടർ ഈ സാധ്യത ഉപയോഗപ്പെടുത്തണമെന്ന് സംസ്ഥാനങ്ങളോട് അറിയിച്ചിരുന്നു. “ആണവോർജ്ജത്തിൽ മുന്നേറാൻ പോകുകയാണ് നമ്മൾ, പ്രത്യേകിച്ച് സ്‌മോൾ മോഡുലർ റിയാക്റ്ററുകൾ ഉപയോഗിക്കാനുള്ള ശ്രമങ്ങൾ. പുനസ്ഥാപിക്കാൻ കഴിയുന്ന ഊർജ്ജ ഉറവിടങ്ങളുടെയും ആണവോർജ്ജത്തിന്റെയും മേഖലയിൽ ആഗോള നേതൃത്വമാകാൻ പോകുകയാണ്.” ഔട്ട്‌ലുക്ക് മാസികയ്ക്ക് 2025 ആഗസ്റ്റിൽ നൽകിയ അഭിമുഖത്തിൽ കേന്ദ്ര മന്ത്രി മനോഹർ ലാൽ ഖട്ടർ പറഞ്ഞു. 2047 ആകുമ്പോഴേക്ക് വികസിതമായ സമ്പദ് വ്യവസ്ഥയായി മാറുന്നതിനായി സുസ്ഥിരമായ ‘ക്ലീൻ എനർജി’യുടെ കാര്യത്തിൽ മുന്നേറുമെന്നാണ് മന്ത്രി അഭിമുഖത്തിൽ വിശദീകരിക്കുന്നത്. 2025 മാർച്ചിൽ ഡൽഹിയിൽ വെച്ച് നടത്തിയ ‘ഔട്ട്‌ലുക്ക് സസ്‌റ്റെയ്‌നബിൾ പവർ കോൺക്ലേവി’ൽ ഇന്ത്യൻ ഊർജ്ജോൽപാദന മേഖലയിൽ സർക്കാരുമായി പങ്കാളിത്തം തുടർന്നുകൊണ്ട് ‘തുല്യതയിലൂന്നിയ സമൂഹ നിർമ്മിതി ലക്ഷ്യമിടണമെന്ന്’ ചർച്ചയുണ്ടായി. അമൃത് കാൽ, വികസിത് ഭാരത് എന്നീ പദ്ധതികളുടെ ഭാഗമായിട്ടാണ് ഈ പരിപാടി ഉൾപ്പെട്ട കോൺക്ലേവ് നടത്തിയത്.
2026 ജനുവരി അവസാന ആഴ്ചയില്‍ ഗോവയില്‍ നടന്ന ഇന്ത്യ എനര്‍ജി വീക്ക് പ്രോഗ്രാമിൽ ഇന്ത്യയുമായി സംയുക്തമായി ആണവോര്‍ജ്ജ പദ്ധതികള്‍ നടത്താന്‍ ആലോചിക്കുന്നതായി റഷ്യയുടെ റോസാറ്റം ഇന്റര്‍നാഷണല്‍ നെറ്റ്‌വര്‍ക്ക് സിഇഓ എഗോര്‍ ക്വ്യാറ്റ്‌കോവ്‌സ്‌കി പറഞ്ഞു. “ഇന്ത്യയില്‍ കൂടംകുളം ആണവോര്‍ജ്ജ പ്ലാന്റ് നടത്തിയതിന്റെ അനുഭവം കാണിക്കുന്നത്, നമ്മൾ ഒരു പ്രോജക്ട് തുടങ്ങിവയ്ക്കുക എന്നത് മാത്രമല്ല ആ പ്രോജക്റ്റിന്റെ കാലാവധി തീരുവോളം ഇന്ത്യയില്‍ വ്യാവസായിക പരിവര്‍ത്തനം കൊണ്ടുവരുന്നതിനായി കൂടെ നില്‍ക്കും.” എഗോര്‍ ക്വ്യാറ്റ്‌കോവ്‌സ്‌കി പറഞ്ഞു.
ആണവോർജ്ജം എന്ന വിശുദ്ധ പശു
“സ്വകാര്യ പാർട്ടികൾ വരുന്നത് ലാഭം തേടിയാണ്. ഭരണകൂടത്തിൽ നിന്നും അവർക്ക് സബ്‌സിഡി വേണം, അല്ലെങ്കിൽ അവർ താരിഫ് കൂട്ടും. ഭരണകൂടത്തിന്റെ ഭാരം കുറയ്ക്കുകയല്ല, ഭാരം കൂട്ടുകയാണ് ശരിക്കും ചെയ്യുന്നത്.” കൂടംകുളം ആണവോർജ്ജ പ്ലാന്റ് വിരുദ്ധ സമരത്തിലെ നേതാക്കളിലൊരാളായ എസ്.പി ഉദയകുമാർ പറയുന്നു. “സ്‌മോൾ മോഡുലർ റിയാക്റ്റർ എന്നത് വിജയകരമെന്ന് തെളിയിക്കപ്പെട്ട ഒരു സാങ്കേതികവിദ്യയല്ല, ഒരു ടെക്സ്റ്റ്ബുക്ക് ആശയം മാത്രമാണ്. കൂടുതൽ രാജ്യങ്ങൾ ഈ രീതി ഉപയോഗിക്കുന്നില്ല. ഒരു റെഫ്രിജറേറ്ററൊക്കെ വാങ്ങിക്കുന്നതു പോലെ എന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് അവർ എസ്എംആറുകളെക്കുറിച്ച് പറയുന്നത്. കൊണ്ടുവരിക, പ്ലഗ് ചെയ്യുക, ഉപയോഗിക്കുക. ഇത് അത്രയും എളുപ്പമല്ല. മറ്റു രാജ്യങ്ങളിൽ നിന്ന് മാത്രമല്ല, ഇന്ത്യയിൽ നിന്നും അദാനിയെ പോലുള്ളവർ ആണവോർജ്ജ പ്ലാന്റ് നിർമ്മിക്കുവാൻ തയ്യാറെടുക്കുന്നുണ്ട്. അതിലെ ആണവ മാലിന്യത്തിന്റെ ഉത്തരവാദിത്തം സർക്കാരാണ് ഏറ്റെടുക്കുക. അവർ പണമുണ്ടാക്കും പക്ഷേ, അവർക്കുവേണ്ടി പണം ചെലവഴിക്കുന്നത് നമ്മളായിരിക്കും. സ്വകാര്യ പാർട്ടികൾ വരുമ്പോൾ ഇതിന്റെ കാര്യക്ഷമത കൂടുമെന്നാണ് അവർ പറയുക. പക്ഷേ, സർക്കാർ തന്നെയായിരിക്കും അതിലേക്ക് ഇന്ധനം എത്തിക്കുന്നതും ഉപയോഗിച്ച ഇന്ധനം സൂക്ഷിക്കുന്നതും മാലിന്യം കൈകാര്യം ചെയ്യുന്നതും ഈ പ്ലാന്റിന്റെ എല്ലാത്തരം കാര്യങ്ങളും നോക്കി നടത്തുന്നതും. ഇപ്പോൾ അവർ പറയുന്നത് ഉപയോഗിച്ച ഇന്ധനം മാലിന്യമല്ല എന്നാണ്. കാരണം ഇത് നമുക്ക് പ്രോട്ടോടൈപ് ഫാസ്റ്റ് ബ്രീഡർ റിയാക്റ്ററിൽ ഇന്ധനമായി ഉപയോഗിക്കാം എന്നാണ്. പക്ഷേ ഈ ഉപയോഗിച്ച ഇന്ധനം സൂക്ഷിക്കുന്നതും സർക്കാർ തന്നെയാണ്. പൊതുധനം ഉപയോഗിച്ചായിരിക്കും ഇത് ചെയ്യുന്നത്. വളരെ കുറഞ്ഞ നിക്ഷേപം നടത്തി, സ്വകാര്യ കമ്പനികൾ പണമുണ്ടാക്കുന്ന അവസ്ഥയാണ് ഉണ്ടാകുക.” ഉദയകുമാർ പറഞ്ഞു.


“ഒരു ന്യൂക്ലിയർ പവർ പ്ലാന്റ് സ്ഥാപിച്ച് അതിന്റെ പ്രവർത്തനം തുടങ്ങിയ ശേഷം കടംകയറി അവർ പ്ലാന്റ് ഉപേക്ഷിച്ചു എന്നുവെക്കുക. അങ്ങനെ ഉപേക്ഷിച്ചു പോകാൻ ഇത് സോളാർ പ്ലാന്റോ വിൻഡ് മില്ലോ അല്ല. ഈ പ്ലാന്റിനെ സുരക്ഷിതമാക്കി നിർത്തേണ്ടതുണ്ട്, റേഡിയേഷൻ ഉണ്ടാവാം, ആണവ മാലിന്യമുണ്ടാവാം, റേഡിയോ ആക്റ്റീവ് ഉപകരണങ്ങളുണ്ടാവാം. ഇതെല്ലാം ആരാണ് കൈകാര്യം ചെയ്യുക? അവരിതിൽ നിന്നും പിൻവാങ്ങിക്കഴിഞ്ഞാൽ പിന്നെ എല്ലാം സർക്കാരിന്റെ ഭാരമായി മാറും. പൊതുസമൂഹത്തിന്റെ ഭാരമായി മാറും. നൂറു കണക്കിന് വർഷങ്ങൾ ഇതെല്ലാം അവിടെത്തന്നെയുണ്ടാകും. സാമ്പത്തിക തടസ്സമോ സാങ്കേതിക ബുദ്ധിമുട്ടുകളോ കാരണം ഇത് ഉപേക്ഷിച്ചുപോകുക എളുപ്പമല്ല. ഇത് അധികമാരും സംസാരിക്കാത്തൊരു അപകടമാണ്.” നിയമഭേദഗതി കാരണമുണ്ടാകുന്ന പുതിയ പ്രതിസന്ധികൾ ഉദയകുമാർ വിശദമാക്കി.
“ആണവോർജ്ജം ഒരു വരേണ്യ ശാസ്ത്രമാണ്, ആണവോർജ്ജം എന്നത് ഒരു വിശുദ്ധ പശുവാണ്. മുഴുവനായും ഫണ്ട് ചെയ്യുന്നത് സ്റ്റേറ്റ് ആണ്, ആണവനിലയം തുടങ്ങുന്നവർക്ക് പണത്തെക്കുറിച്ചും മൂലധനത്തെക്കുറിച്ചും ആശങ്കപ്പെടേണ്ടതില്ല. ഇതേക്കുറിച്ച് പാർലമെന്റിൽ സുതാര്യമായ ചർച്ചകളും ഉണ്ടാവുകയില്ല.” ഉദയകുമാർ പറഞ്ഞു.
ജനങ്ങളോട് അൽപ്പമെങ്കിലും ബാധ്യതയുണ്ടായിരുന്ന നിയമങ്ങൾ പോലും അട്ടിമറിക്കപ്പെടുന്ന കാലത്ത് സുരക്ഷിതമല്ലാത്ത, സുതാര്യതയില്ലാത്ത, ജനാധിപത്യപരമല്ലാത്ത ഈ വരേണ്യ ശാസ്ത്ര പദ്ധതിയെ ഇനി എങ്ങനെ പ്രതിരോധിക്കാം എന്ന ആശങ്കയാണ് കൂടംകുളത്ത് അടക്കം ഇന്ത്യയിൽ ആണവ നിലയങ്ങൾ പ്രവർത്തിക്കുന്ന സ്ഥലങ്ങളിലെ മനുഷ്യരെ ഇപ്പോൾ അലട്ടുന്നത്.

