എങ്ങനെ പരിഹരിക്കാം അന്തർ സംസ്ഥാന കുടിയേറ്റ തൊഴിലാളികളുടെ സുരക്ഷാ പ്രതിസന്ധി?

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

“Capital is dead labour, that, vampire-like, only lives by sucking living labour,and lives the more, the more labour it sucks.” (Marx, 1887/1867, p.163).

കേരളത്തിൽ അടുത്തിടെയുണ്ടായ അന്തർ സംസ്ഥാന കുടിയേറ്റ തൊഴിലാളികളുടെ മരണത്തിലെ വർധനവ് ധാർമ്മികവും നയപരവും മനുഷ്യാവകാശപരവുമായ അടിയന്തര വിലയിരുത്തൽ ഭരണകൂട വ്യവസ്ഥയോട് ആവശ്യപ്പെടുന്നു. ഇന്ത്യയിലെ ഏറ്റവും അരികുവൽക്കരിക്കപ്പെട്ട കോണുകളിൽ നിന്നുള്ള ഈ അന്തർ സംസ്ഥാന കുടിയേറ്റ തൊഴിലാളികൾ കേരളത്തിന്റെ കുതിച്ചുയരുന്ന നിർമ്മാണ സംരംഭങ്ങൾക്കും, അടിസ്ഥാന സൗകര്യ വികസനങ്ങൾക്കും, വ്യവസായ സംരംഭങ്ങൾക്കും ശക്തി പകരുന്നു. എന്നിരുന്നാലും, നിയമത്തിലെ അദൃശ്യത, ജോലിയിലെ അനൗപചാരികത, എന്നിവയാൽ അവരുടെ ജീവിതം ആധുനിക അടിമത്തമായി (കെവിൻ ബെയ്ൽസ്, 1999) അടയാളപ്പെടുത്താവുന്നതാണ്. അവരുടെ അധ്വാനം ഒരു ഭരണകൂടത്തിന്റെ വികസന പദ്ധതികൾക്ക് ഉയർച്ച നൽകുന്നുണ്ടെകിലും, അവരുടെ മരണങ്ങൾ പലപ്പോഴും വെറും അപകടങ്ങളായി തള്ളിക്കളയപ്പെടുന്നു. ഈ മരണങ്ങളാൽ അവശേഷിപ്പിക്കപ്പെടുന്ന വൈകാരിക തകർച്ചകളും – കൈത്താങ്ങായി നിലനിന്ന സമ്പദ്‌വ്യവസ്ഥ ഇല്ലാതാകുമ്പോഴുള്ള അസ്ഥിരതയുടെ ആഴവും നിലവിലെ കേരള സാമൂഹ്യവ്യവസ്ഥയിൽ നിന്നും പരിശോധിക്കുകയാണ് ഈ ലേഖനം.

എന്താണ് പ്രതിസന്ധി?

പുരോഗമനപരമായ ക്ഷേമ നയങ്ങൾക്ക് പലപ്പോഴും പ്രശംസിക്കപ്പെടുന്ന കേരളം, അന്തർസംസ്ഥാന കുടിയേറ്റ തൊഴിലാളികൾക്കിടയിൽ സംഭവിച്ച തടയാൻ കഴിയുമായിരുന്ന മരണങ്ങൾക്ക് സാക്ഷ്യം വഹിക്കുകയാണ്. 2025 മെയ് മുതൽ ജൂലൈ വരെയുള്ള കാലയളവിൽ മാത്രം സംഭവിച്ച, ക്വാറി അപകടങ്ങൾ, നിർമ്മാണ സ്ഥലങ്ങളിലെ മണ്ണിടിച്ചിൽ, ഭവന യൂണിറ്റുകളുടെ ഘടനാപരമായ തകർച്ചകൾ എന്നിവ കുടിയേറ്റക്കാരുടെ ജീവൻ സംരക്ഷിക്കുന്നതിലെ വ്യവസ്ഥാപരമായ പരാജയം എടുത്തുകാണിക്കുന്നു. ഈ സംഭവങ്ങൾ ഒറ്റപ്പെട്ടതല്ല; ഭരണകൂട വ്യവസ്ഥയുടെ അവഗണന, സുരക്ഷിതമല്ലാത്ത തൊഴിൽ സാഹചര്യങ്ങൾ, ട്രേഡ് യൂണിയനുകളുടെ നിസംഗത, കൃത്യമായ പഠനങ്ങളുടെ അഭാവം, പൊതുനയ രൂപീകരണത്തിൽ കുടിയേറ്റ തൊഴിലാളികളുടെ അദൃശ്യവൽക്കരണം എന്നിവയിൽ വേരൂന്നിയ ആഴത്തിലുള്ള പ്രതിസന്ധിയിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്.

പത്തനംതിട്ടയിലെ കോന്നിയിൽ ഗ്രാനൈറ്റ് ക്വാറിയിലുണ്ടായ അപകടം. കടപ്പാട്:manorama

എന്തുകൊണ്ട് മരണങ്ങൾ ?

2025 ജൂലൈ 8 ന്, പത്തനംതിട്ടയിലെ കോന്നിയിൽ ഒരു ഗ്രാനൈറ്റ് ക്വാറിയിലുണ്ടായ പാറയിടിച്ചിലിൽ ഒഡീഷയിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളിയായ മഹാദേവ് മരിച്ചു. രക്ഷാപ്രവർത്തനങ്ങൾ തുടരുന്നതിനിടെ അദ്ദേഹത്തിന്റെ സഹപ്രവർത്തകൻ ബിഹാറിൽ നിന്നുള്ള അജയ് റായ് മരണപ്പെട്ടതായി സ്ഥിരീകരിക്കാത്ത വിവരങ്ങൾ വാർത്താ മാധ്യമങ്ങളിലൂടെ ലഭിക്കുന്നു. മഴക്കാലത്തെ മണ്ണിന്റെ അസ്ഥിരതയും, ചരിവ് സംരക്ഷണമോ, അടിയന്തര പ്രതികരണ സൗകര്യങ്ങളോ സ്ഥലത്ത് ഇല്ലാത്തതും മരണത്തെ വിളിച്ചുവരുത്തി. മഴ മൂലമുണ്ടാകുന്ന വ്യക്തമായ അപകട സാധ്യതകൾക്കിടയിലും ജോലി ചെയ്യാൻ തയ്യാറാകുന്ന കുടിയേറ്റ തൊഴിലാളികൾക്ക് അപകട മേഖലകളിൽ തൊഴിലെടുക്കുമ്പോൾ നൽകേണ്ട സംരക്ഷണ ഉപകരണങ്ങളോ പരിശീലനമോ പൂർണ്ണമായി ലഭിച്ചട്ടില്ല എന്ന് ഈ സംഭവം വ്യക്തമാക്കുന്നു.

ജൂൺ 27 ന്, തൃശൂരിലെ കൊടകരയിൽ കുടിയേറ്റ തൊഴിലാളികൾ താമസിച്ചിരുന്ന ഇരുനില കെട്ടിടം തകർന്ന് പശ്ചിമ ബംഗാളിൽ നിന്നും ഉത്തർപ്രദേശിൽ നിന്നുമുള്ള മൂന്ന് കുടിയേറ്റ തൊഴിലാളികൾ മരിച്ചു. കുടിയേറ്റക്കാരെ സുരക്ഷിതമല്ലാത്തതും തിരക്കേറിയതും നിയന്ത്രണാതീതവുമായ കെട്ടിടങ്ങളിൽ പാർപ്പിച്ച് വലിയ ലാഭം കൊയ്യുന്ന, കേരളത്തിൽ വ്യാപകമായി നടക്കുന്ന രീതിയെ ഇത് പ്രതിഫലിപ്പിക്കുന്നു. മഹാത്മാ ഗാന്ധി സർവ്വകലാശാലയിലെ അനുസന്ധാൻ നാഷണൽ റിസർച്ച് ഫൗണ്ടേഷൻ പ്രോജക്റ്റ് (ANRF 2025) കേരളത്തിലെ 14 ജില്ലകളിൽ 1552 കുടിയേറ്റ തൊഴിലാളികളിൽ നടത്തിയ ഫീൽഡ് സർവ്വേ പ്രകാരം, കുടിയേറ്റ തൊഴിലാളികളിൽ 74.1% പേർ തങ്ങളുടെ താമസസ്ഥലങ്ങളിലെ ശുചിത്വത്തിൽ സംതൃപ്തരാണെന്ന് റിപ്പോർട്ട് ചെയ്തപ്പോൾ, 25.9% പേർ അതൃപ്തി പ്രകടിപ്പിച്ചു. കൂടാതെ, ശ്വസന പ്രശ്നങ്ങൾ അല്ലെങ്കിൽ അണുബാധകൾ പോലെ ഭവന നിർമ്മാണവുമായി ബന്ധപ്പെട്ട ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾ 28.4% പേർ റിപ്പോർട്ട് ചെയ്തു. ഫീൽഡ് നിരീക്ഷണങ്ങൾ ഒരു വലിയ വ്യത്യാസം വെളിപ്പെടുത്തുന്നു — പല കുടിയേറ്റക്കാരും ഇടുങ്ങിയതും അസ്ഥിരവും വായുസഞ്ചാരമില്ലാത്തതുമായ സ്ഥലങ്ങളിലാണ് താമസിക്കുന്നത്, പലപ്പോഴും അടിസ്ഥാന ശുചിത്വമില്ല. പരിമിതമായ ഓപ്ഷനുകളും കുറഞ്ഞ അവബോധവും കാരണം നിലവാരമില്ലാത്ത അവസ്ഥകൾ സാധാരണ നിലയായി മാറുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്. ധാരണയ്ക്കും യാഥാർത്ഥ്യത്തിനും ഇടയിലുള്ള അന്തരം കേരളത്തിൽ പതിവ് പരിശോധനകൾ, മിനിമം ഭവന മാനദണ്ഡങ്ങൾ, കുടിയേറ്റ-സെൻസിറ്റീവ് ഭവന നയങ്ങൾ എന്നിവയുടെ അടിയന്തിര ആവശ്യകതയെ അടിവരയിടുന്നു. മുൻകരുതൽ പരിശോധനകൾ ആര് നടത്തണമെന്ന ചോദ്യം കഴിഞ്ഞ 25 വർഷമായി ഉത്തരം കിട്ടാതെ നിലനിൽക്കുന്നു.

കാസർഗോഡ് ജില്ലയിലെ ചെറുവത്തൂരിൽ മലയില്‍ നിന്നും മണ്ണ് ഇടിഞ്ഞുവീണുണ്ടായ അപകടം. ഫോട്ടോ:മൃദുല ഭവാനി

മെയ് 24 നും മെയ് 12 നും കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ NH-66 ൽ ഹൈവേ നിർമ്മാണത്തിനിടെ ഉണ്ടായ വ്യത്യസ്ത മണ്ണിടിച്ചിൽ അപകടങ്ങളിൽ ഝാർഖണ്ഡ് സ്വദേശിയും പശ്ചിമ ബംഗാൾ സ്വദേശിയുമായ രണ്ട് തൊഴിലാളികൾ ജീവനോടെ കുഴിച്ചുമൂടപ്പെട്ടു (കേരളീയം വെബ്, മൃദുല ഭവാനി, 2025). ആദ്യ മരണത്തിന് ശേഷം കരാറുകാർ തിരുത്തൽ നടപടികൾ സ്വീകരിച്ചില്ലെന്ന് സൂചിപ്പിക്കുന്ന തരത്തിൽ ഈ മരണങ്ങൾ പെട്ടെന്ന് സംഭവിച്ചു. ഒരു അടിയന്തര സാഹചര്യം ഉണ്ടായാൽ എങ്ങനെ ശരിയായ രീതിയിൽ ഒഴിപ്പിക്കൽ സംവിധാനം ഒരുക്കാം എന്നതിൽ ഇരുട്ടിൽ തപ്പുകയാണ് ഭരണകൂട വ്യവസ്ഥ. ഒരു അപകടം ഉണ്ടായാൽ അതിന്മേൽ കൃത്യമായ പഠനം നടത്താതെ തുടർ പ്രവർത്തനം ചെയ്യുന്നതുകൊണ്ടാണ് അപകട പ്രവചനമോ, സംരക്ഷണ ഉപകരണങ്ങളോ, ഒഴിപ്പിക്കൽ പരിശീലനമോ ഇല്ലാതാകുന്നത്. തുടർന്ന് വരുന്ന ഈ മരണങ്ങൾ ജോലി നിർത്തിവയ്ക്കുന്നതിനോ സുരക്ഷാ ഓഡിറ്റുകൾക്കോ ​​കാരണമായില്ല എന്നത് നിസാരവത്കരിക്കപ്പെടുന്ന കുടിയേറ്റ ജനതയുടെ ജീവിതത്തെ തുറന്നുകാട്ടുന്നു.

എന്തുകൊണ്ട് കുടിയേറ്റ തൊഴിലാളികൾക്ക് ഇത് സംഭവിക്കുന്നു?

ഇത്തരം കേസുകളിലെല്ലാം പൊതുവായ കാര്യം, അവ അന്തർസംസ്ഥാന കുടിയേറ്റക്കാർക്ക് സംഭവിച്ചു എന്നതാണ്. അല്ലെങ്കിൽ, മലയാളികൾക്ക് സംഭവിക്കുന്ന ദുരന്തങ്ങൾ ആഴ്ചകളോളം റിപ്പോർട്ട് ചെയ്യുന്ന മാധ്യമങ്ങൾക്ക് കുടിയേറ്റ തൊഴിലാളികളുടെ മരണത്തിൽ ഉത്കണ്ഠ ഇല്ല എന്നത് സൃഷ്ഠിക്കുന്ന മറ്റൊരു പൊതുബോധമാണ്. പലപ്പോഴും കരാറുകളോ, സാമൂഹിക സുരക്ഷയോ, നിയമപരമായ സുരക്ഷാ സംവിധാനങ്ങളോ, തൊഴിൽപരമായ അവബോധമോ ലഭിക്കാതെ അനൗപചാരികമായി ജോലി ചെയ്യുന്ന ഒരു ജനവിഭാഗമായി നിൽക്കുന്നതിനാലാവാം ഇരകളായി കുടിയേറ്റ തൊഴിലാളികൾ മാറുന്നത്. ഭരണകൂടം കുടിയേറ്റ തൊഴിലാളികളുടെ നിയമസംരക്ഷണ ചുമതല എൽക്കുന്നത് പോലെ തന്നെ ഉത്തരവാദിത്വം തൊഴിലുടമകൾക്ക് കുടിയേറ്റ തൊഴിലാളികളോടുണ്ട്. കുറഞ്ഞ വിലപേശൽ ശേഷിയും, ദുർബലതയും കാരണം തൊഴിലുടമകൾ കുടിയേറ്റ തൊഴിലാളികളെയാണ് ഇഷ്ടപ്പെടുന്നത്. പക്ഷേ, അവരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള നിയമപരമായ-മനുഷ്യാവകാശപരമായ ഉത്തരവാദിത്തം ഏറ്റെടുക്കുന്നില്ല.

തൃശൂർ കൊടകരയിൽ കെട്ടിടം തകർന്നുണ്ടായ അപകടം. കടപ്പാട്:manorama

ജീവനക്കാരുടെ നഷ്ടപരിഹാര നിയമത്തിലായാലും (1923) പുതിയ ലേബർ കോഡിലായാലും (2020) ഒരു ജീവനക്കാരന് ജോലിക്കിടയിൽ ഉണ്ടാകുന്ന അപകടത്തിൽ പരിക്ക് സംഭവിച്ചാൽ, തൊഴിലുടമ നഷ്ടപരിഹാരം നൽകാൻ ബാധ്യസ്ഥനാണ് എന്ന് വ്യകതമാക്കുന്നു.

“If personal injury is caused to an employee by accident or an occupational disease listed in the Third Schedule arising out of and in the course of his employment, his employer shall be liable to pay compensation in accordance with the provisions of this Chapter.” (Government of India, 2020, Section 74[1]).

കുടിയേറ്റക്കാർ സാധാരണയായി അന്താരാഷ്ട്ര തൊഴിൽ സംഘടന (ILO) പറഞ്ഞിട്ടുള്ള ഏറ്റവും ഉയർന്ന അപകടസാധ്യതകൾ ഉള്ള കെട്ടിട നിർമ്മാണം, ക്വാറി, റോഡ് നിർമ്മാണം തുടങ്ങിയ അപകടകരമായ മേഖലകളിലാണ് ജോലി ചെയ്യുന്നത്.

“According to the International Labour Organization’s report Safety and Health at the Heart of the Future of Work (ILO 2019), Globally, an estimated 1,000 workers die each day from occupational accidents and another 6,500 from work-related diseases, with total work-related deaths rising from 2.33 million in 2014 to 2.78 million in 2017 (p. 3). Among the most hazardous sectors are construction, face growing vulnerability to climate-induced risks such as heat stress (p. 5). Furthermore, the need for robust enforcement of OSH standards in this high-risk sector is emphasized to address their persistent under-regulation (p. 66).”

പക്ഷേ, സുരക്ഷാ പരിശീലനം, ഇൻഷുറൻസ് അല്ലെങ്കിൽ മെഡിക്കൽ ആനുകൂല്യങ്ങൾ അപൂർവമായി മാത്രമേ അവർക്ക് ലഭിക്കാറുള്ളൂ. രജിസ്ട്രേഷൻ ഇല്ലാത്തതിനാൽ പലരും 1979 ലെ അന്തർസംസ്ഥാന കുടിയേറ്റ തൊഴിലാളി നിയമത്തിന്റെ പരിധിക്ക് പുറത്താണ്. കൂടാതെ, പ്രാദേശിക ഭാഷയിലുള്ള അവരുടെ അപരിചിതത്വം, സാമൂഹിക പിന്തുണയുടെ അഭാവം, പരാതി പരിഹാര സംവിധാനങ്ങളിലേക്കുള്ള കുറഞ്ഞ പ്രവേശനം എന്നിവ അവരെ വ്യവസ്ഥാപിതമായ അവഗണനയ്ക്ക് ഇരയാക്കുന്നു.

കേരളത്തിൽ കഴിഞ്ഞ മാസങ്ങളിലുണ്ടായ അപകടങ്ങൾ.

നടപ്പിലാക്കാത്ത നിയമപരമായ സംരക്ഷണങ്ങൾ!

അന്താരാഷ്ട്ര, ദേശീയ തലങ്ങളിൽ ശക്തമായ നിയമ, മാനദണ്ഡ ചട്ടക്കൂടുകൾ നിലവിലുണ്ടെങ്കിലും അടിസ്ഥാന യാഥാർത്ഥ്യം ഇതൊന്നും നടപ്പിലാകുന്നില്ല എന്നതും വ്യാപകമായ അവഗണന ഇക്കൂട്ടർ അനുഭവിക്കുന്നു എന്നതുമാണ്. തൊഴിൽ സുരക്ഷ, തൊഴിൽ ഔപചാരികവൽക്കരണം, സാമൂഹിക സംരക്ഷണം എന്നിവയെക്കുറിച്ചുള്ള അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ (ILO) മാനദണ്ഡങ്ങൾ കേരളത്തിലെ അസംഘടിത മേഖലകളിൽ പാലിക്കപ്പെടുന്നില്ല. മാത്രമല്ല കുടിയേറ്റ തൊഴിലാളികൾ സുരക്ഷാ വലയങ്ങളില്ലാതെ അപകടകരമായ അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്നു. മനുഷ്യാവകാശങ്ങളുടെ സാർവത്രിക പ്രഖ്യാപനം (UDHR), പ്രത്യേകിച്ച് ആർട്ടിക്കിൾ 3, 23, 25 എന്നിവ വ്യവസ്ഥാപിതമായി ലംഘിക്കപ്പെടുന്നു. കാരണം കുടിയേറ്റ തൊഴിലാളികൾക്ക് ജീവിക്കാനുള്ള അടിസ്ഥാന അവകാശങ്ങൾ, അന്തസ്സ്, സുരക്ഷിതമായ ജോലി സാഹചര്യങ്ങൾ, മതിയായ താമസം എന്നിവ നിഷേധിക്കപ്പെടുന്നു. അതുപോലെ, ഗ്ലോബൽ കോംപാക്റ്റ് ഫോർ മൈഗ്രേഷൻ (GCM) പറയുന്ന ന്യായവും ധാർമ്മികവുമായ റിക്രൂട്ട്‌മെന്റ് സുഗമമാക്കേണ്ടതിന്റെയും മാന്യമായ തൊഴിൽ സാഹചര്യങ്ങൾ ഉറപ്പാക്കേണ്ടതിന്റെയും ആവശ്യകത (ഒബ്ജക്റ്റീവ് 6), കുടിയേറ്റവുമായി ബന്ധപ്പെട്ട എല്ലാ പ്രക്രിയകളിലും മനുഷ്യന്റെ അന്തസ്സ് ഉയർത്തിപ്പിടിക്കാനുള്ള ബാധ്യതയെ ശക്തിപ്പെടുത്തുക (ഒബ്ജക്റ്റീവ് 13), കൂടാതെ, കുടിയേറ്റക്കാരുടെ മൈഗ്രേഷൻ സ്റ്റാറ്റസ് പരിഗണിക്കാതെ, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, പാർപ്പിടം എന്നിവയുൾപ്പെടെയുള്ള അടിസ്ഥാന സേവനങ്ങൾ ആക്‌സസ് ചെയ്യാനുള്ള അവകാശം (ഒബ്ജക്റ്റീവ് 15), ആതിഥേയ സമൂഹങ്ങൾക്കുള്ളിൽ പൂർണ്ണമായ ഉൾപ്പെടുത്തലിലൂടെയും സാമൂഹിക ഐക്യം വളർത്തുന്നതിലൂടെയും കുടിയേറ്റക്കാരെ ശാക്തീകരിക്കേണ്ടതിന്റെ പ്രാധാന്യം (ഒബ്ജക്റ്റീവ് 16) എന്നിവ മനസിലാക്കുവാനോ നടപ്പിലാക്കുവാനോ നിലവിലുള്ള വ്യവസ്ഥാപിത രീതി ശീലിച്ചിട്ടുമില്ല.

നിയമപരമായ റിക്രൂട്ട്മെന്റ് രീതികൾ ഇല്ല എന്നുള്ളതും, പരാതി പരിഹാര സംവിധാനങ്ങൾ കുടിയേറ്റക്കാർക്ക് വലിയതോതിൽ അപ്രാപ്യമാണ് എന്നതും ഇതിന്റെ ആക്കം കൂട്ടുന്നു. ദേശീയ തലത്തിൽ, ജീവിക്കാനുള്ള അവകാശം (ആർട്ടിക്കിൾ 21), സമത്വം (ആർട്ടിക്കിൾ 14) തുടങ്ങിയ ഭരണഘടനാ ഉറപ്പുകൾ വിവേചനവും സ്ഥാപനപരമായ നിസ്സംഗതയും നേരിടുന്ന നിരവധി കുടിയേറ്റക്കാരെ സംബന്ധിച്ച് വെറും ആഗ്രഹം മാത്രമായി തുടരുന്നു എന്നതാണ് ഈ സംഭവങ്ങൾ സൂചിപ്പിക്കുന്നത്. ഏറ്റവും നിർണ്ണായകം, അന്തർസംസ്ഥാന കുടിയേറ്റ തൊഴിലാളികളുടെ അവസ്ഥ മെച്ചപ്പെടുത്തുന്നതിനായി പ്രത്യേകം നടപ്പിലാക്കിയ 1979 ലെ അന്തർസംസ്ഥാന കുടിയേറ്റ തൊഴിലാളി നിയമം (Inter-State Migrant Workmen Act) കടലാസിൽ മാത്രമാണ് എന്നതാണ്. തൊഴിലാളികളുടെ രജിസ്ട്രേഷൻ, യാത്രാ അലവൻസ്, വൈദ്യസഹായം തുടങ്ങിയ അവകാശങ്ങൾ, തൊഴിലധിഷ്ഠിത വിദ്യാഭ്യസം, അവകാശ സംരക്ഷണ ബോധം, സുരക്ഷിത ജീവിതം എന്നിവയെല്ലാം കുടിയേറ്റ തൊഴിലാളികളിൽ നിന്ന് അകലെയായി നിൽക്കുന്നു. ഈ വ്യവസ്ഥാപിത പരാജയങ്ങൾ നിയമപരമായ ഉത്തരവാദിത്തത്തെ ഇല്ലാതാക്കുക മാത്രമല്ല, കുടിയേറ്റ തൊഴിലാളികളെ മരണത്തിലേക്ക് നയിക്കുന്ന അദൃശ്യതയുടെയും ദുർബലതയുടെയും ഒരു ചക്രത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

കുടിയേറ്റക്കാരുടെ മരണാന്തര ആനുകൂല്യങ്ങൾ

അന്തർസംസ്ഥാന കുടിയേറ്റ തൊഴിലാളി ക്ഷേമ പദ്ധതി (2010) പ്രകാരം, കുടിയേറ്റ തൊഴിലാളികളുടെ മരണമുണ്ടായാൽ അവരുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം കേരള കെട്ടിട, മറ്റ് നിർമ്മാണ തൊഴിലാളി ക്ഷേമ ബോർഡ് വഴി നൽകി വരുന്നുണ്ട്. രജിസ്റ്റർ ചെയ്ത തൊഴിലാളികൾക്ക്, ഈ പദ്ധതി പ്രകാരം രണ്ട് ലക്ഷം രൂപയുടെ മരണ ആനുകൂല്യവും, മൃതദേഹം തൊഴിലാളിയുടെ സ്വന്തം സംസ്ഥാനത്തേക്ക് കൊണ്ടുപോകുന്നതിന് പരമാവധി 50,000 രൂപയും വാഗ്ദാനം ചെയ്യുന്നു. രജിസ്റ്റർ ചെയ്യാത്ത കുടിയേറ്റക്കാർക്ക് പോലും അടിയന്തര സഹായമായി 25,000 രൂപയും, സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിനുള്ള സഹായവും ലഭിക്കും. കേരള തൊഴിലാളി ക്ഷേമ നിധിയുടെ കീഴിലുള്ള അനുബന്ധ വ്യവസ്ഥകളിൽ അപകട മരണത്തിന് 25,000 രൂപ, മരണാനന്തര സഹായമായി 5,000 രൂപ, ശവസംസ്കാര ചെലവുകൾക്ക് 2,000 രൂപ എന്നിവ ഉൾപ്പെടുന്നു. സെന്റർ ഫോർ മൈഗ്രേഷൻ പോളിസി ആൻഡ് ഇൻക്ലൂസീവ് ഗവേണൻസിന്റെയും (CMPIG) അനുസന്ധാൻ നാഷണൽ റിസർച്ച് ഫൗണ്ടേഷൻ (ANRF) പ്രോജക്ട്ന്റെയും ഡാറ്റ പ്രകാരം, ഈ പദ്ധതിയിൽ ആകെ 1,64,980 കുടിയേറ്റ തൊഴിലാളികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2014 നും 2025 മാർച്ചിനും ഇടയിൽ, 173 കുടിയേറ്റ മരണങ്ങൾ രേഖപ്പെടുത്തി ക്ഷേമ ബോർഡ് 6.3 കോടി രൂപയുടെ ആനുകൂല്യങ്ങൾ വിതരണം ചെയ്തു. ഈ ചട്ടക്കൂട് ഉണ്ടായിരുന്നിട്ടും, വെല്ലുവിളികൾ നിലനിൽക്കുന്നുണ്ട് — പ്രത്യേകിച്ച് കുറഞ്ഞ രജിസ്ട്രേഷൻ, അവബോധം, ഭരണപരമായ കാലതാമസം — ഇത് നിരവധി കുടിയേറ്റ കുടുംബങ്ങളെ അവരുടെ ആവശ്യമുള്ള സമയത്ത് പിന്തുണയില്ലാതെയാക്കുന്നു.

എറണാകുളം ജില്ലയിലെ പിറവത്ത് 2024 മാർച്ചിൽ ഉണ്ടായ അപകടം. മൂന്ന് കുടിയേറ്റ തൊഴിലാളികൾ കൊല്ലപ്പെട്ടു. കടപ്പാട്:newindianexpress

കേരള സംസ്ഥാന ആസൂത്രണ ബോർഡിന്റെ 2021 ലെ പഠനമനുസരിച്ച് (Parida & Raman, 2021), സംസ്ഥാനത്തെ ആഭ്യന്തര കുടിയേറ്റ തൊഴിലാളികളുടെ എണ്ണം 28 ലക്ഷത്തിനും 34 ലക്ഷത്തിനും ഇടയിലാണെന്ന് കണക്കാക്കപ്പെടുന്നു. എന്നിരുന്നാലും, കുടിയേറ്റക്കാരെക്കുറിച്ചുള്ള ഔദ്യോഗിക സർക്കാർ ഡാറ്റ വിഘടിച്ച് സ്ഥിരതയില്ലാത്തതായി തുടരുന്നു, വിവിധ വകുപ്പുകൾ വ്യത്യസ്ത കണക്കുകൾ നൽകുന്നു. കുടിയേറ്റ ക്ഷേമം പരിഹരിക്കുന്നതിനായി ലക്ഷ്യമിട്ടുള്ള ഒരു പ്രധാന സംരംഭം 2017 നവംബറിൽ കേരള സർക്കാർ ആരംഭിച്ച ആവാസ് ഇൻഷുറൻസ് പദ്ധതിയാണ്. ഔപചാരികവും അനൗപചാരികവുമായ മേഖലകളെ ഉൾക്കൊള്ളുന്ന 18 നും 60 നും ഇടയിൽ പ്രായമുള്ള കുടിയേറ്റ തൊഴിലാളികൾക്ക് ആരോഗ്യ ഇൻഷുറൻസും അപകട മരണ പരിരക്ഷയും വാഗ്ദാനം ചെയ്യുന്നതിനാണ് ഈ പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്. CMPIG – ANRF ഗവൺമെന്റിൽ നിന്നും ശേഖരിച്ച ഡാറ്റയനുസരിച്ച് , 2023 മാർച്ച് 1 വരെ ആകെ 5,16,320 തൊഴിലാളികൾ ആവാസിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നിരുന്നാലും, ഈ കണക്ക്, പദ്ധതി ഘടനാപരവും സജീവവുമായ രീതിയിൽ പ്രവർത്തിച്ചിരുന്ന പ്രാരംഭ കാലയളവിലെ (2017–2020) രജിസ്ട്രേഷനുകളെ ഏതാണ്ട് പൂർണ്ണമായും പ്രതിഫലിപ്പിക്കുന്നു. 2020 ന് ശേഷം, പദ്ധതിക്ക് കാര്യമായ തിരിച്ചടികൾ നേരിട്ടു; രജിസ്ട്രേഷൻ കേന്ദ്രങ്ങൾ ഫലപ്രദമായി പ്രവർത്തിക്കുന്നത് നിർത്തി, വ്യവസ്ഥാപിതമായ എൻറോൾമെന്റ് നടന്നില്ല. പദ്ധതി നിലനിർത്തുന്നതിനുള്ള പ്രധാന തടസ്സങ്ങളായി സംസ്ഥാന സർക്കാർ സാമ്പത്തിക പരിമിതികളും ഭരണപരമായ വെല്ലുവിളികളും ചൂണ്ടിക്കാണിക്കുന്നു. അഭിലാഷകരമായ ലക്ഷ്യങ്ങൾ ഉണ്ടായിരുന്നിട്ടും, ആവാസ് തുടർച്ച നിലനിർത്തുന്നതിൽ പരാജയപ്പെട്ടു. ഇത് കേരളത്തിലെ കുടിയേറ്റ തൊഴിലാളികളിൽ ഭൂരിഭാഗത്തെയും —ദശലക്ഷക്കണക്കിന് വരുന്ന — അടിസ്ഥാന ഇൻഷുറൻസ് പരിരക്ഷയുടെ പരിധിക്ക് പുറത്താക്കി. പദ്ധതി പരിഹരിക്കാൻ ശ്രമിച്ച പ്രധാന പ്രശ്നം — ദുർബലരായ കുടിയേറ്റ തൊഴിലാളികൾക്ക് കവറേജിന്റെയും പ്രവേശനക്ഷമതയുടെയും അഭാവം — വലിയതോതിൽ പരിഹരിക്കപ്പെടാതെ കിടക്കുന്നതായി നീതി ആയോഗിന്റെ റിപ്പോർട്ടിൽ സംസ്ഥാന സർക്കാർ തന്നെ സൂചിപ്പിക്കുന്നു. നിലവിൽ അന്തർസംസ്ഥാന കുടിയേറ്റ തൊഴിലാളികൾക്കായുള്ള കേരളത്തിന്റെ ഡിജിറ്റൽ രജിസ്ട്രേഷൻ പ്ലാറ്റ്‌ഫോമായ അതിഥി പോർട്ടൽ 2022 ജൂലൈ 7 ന് ഔദ്യോഗികമായി ആരംഭിച്ചു, 19,80,000 രൂപ പദ്ധതി ചെലവിൽ നടപ്പിലാക്കിയ ഈ പദ്ധതി, സംസ്ഥാനത്തിന്റെ ആരോഗ്യ സംരക്ഷണ, ക്ഷേമ സംവിധാനങ്ങളുമായി കുടിയേറ്റ തൊഴിലാളികളെ സംയോജിപ്പിക്കുക എന്ന ലക്ഷ്യത്തിനായി പ്രവർത്തിക്കുന്നു. CMPIG-ANRF ഡാറ്റ പ്രകാരം, 2025 ജൂൺ 20 ലെ കണക്കനുസരിച്ച്, 10,133 തൊഴിലുടമകളും 1,827 കോൺട്രാക്ടർമാരും 4,02,000 കുടിയേറ്റ തൊഴിലാളികളും പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. CHIS-PLUS എംപാനൽ ചെയ്ത സർക്കാർ ആശുപത്രികളിൽ 25,000 രൂപ വരെയുള്ള ഇൻ-പേഷ്യന്റ് മെഡിക്കൽ കവറേജും, 2 ലക്ഷം രൂപ മരണ നഷ്ടപരിഹാരവും സ്ഥിരമായ വൈകല്യത്തിന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരവും ഉൾപ്പെടെ ഗണ്യമായ സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ ഈ പദ്ധതി വാഗ്ദാനം ചെയ്യുന്നു.

ഔപചാരിക ഉൾപ്പെടുത്തലിലേക്കുള്ള ഒരു സുപ്രധാന ചുവടുവയ്പ്പായി രജിസ്ട്രേഷൻ കണക്കുകൾ അടയാളപ്പെടുത്തുന്നുണ്ടെങ്കിലും, നിർണായക വെല്ലുവിളികൾ നിലനിൽക്കുന്നു. പല കുടിയേറ്റ തൊഴിലാളികൾക്കും അതിഥി പോർട്ടലിനെക്കുറിച്ച് അറിയില്ല, രജിസ്ട്രേഷൻ പ്രക്രിയകൾ പലപ്പോഴും വിഘടിച്ചതോ തൊഴിലുടമയെ ആശ്രയിച്ചോ ആണ്, കൂടാതെ ജോലിസ്ഥലങ്ങളിലോ ജില്ലകളിലോ ഉടനീളമുള്ള അവകാശങ്ങളുടെ പോർട്ടബിലിറ്റി വ്യക്തമല്ല. അതിഥി പോർട്ടലിന്റെ സാധ്യതകൾ പൂർണ്ണമായി മനസ്സിലാക്കുന്നതിന്, കുടിയേറ്റക്കാരുടെ ചലനാത്മകതയ്ക്കും ദുർബലതയ്ക്കും അനുസൃതമായി ശക്തമായ ഇടപെടലുകൾ, സ്ഥിരമായ ഡാറ്റ അപ്‌ഡേറ്റ്, ശക്തമായ പരാതി പരിഹാര സംവിധാനങ്ങൾ എന്നിവ ആവശ്യമാണ്.

ക്രമസമാധാന പാലനത്തിന്റെ പേരിൽ, എഡിജിപി (ലോ & ഓർഡർ) യുടെ മാർഗനിർദേശപ്രകാരം ആഭ്യന്തര കുടിയേറ്റ തൊഴിലാളികളെ ലക്ഷ്യമിട്ട് കേരള പോലീസ് സംസ്ഥാനവ്യാപകമായി ഡിജിറ്റൽ നിരീക്ഷണ സംരംഭം നടപ്പിലാക്കിയിട്ടുണ്ട് (CMPIG-ANRF 2025). കെൽട്രോൺ വികസിപ്പിച്ചെടുത്ത ജനമൈത്രി BT – മൈഗ്രന്റ് ലേബർ മൊഡ്യൂൾ, എല്ലാ ജില്ലകളിലുമുള്ള കുടിയേറ്റ തൊഴിലാളികളുടെ വിശദമായ വ്യക്തിഗത ഡാറ്റ ശേഖരിക്കുന്നതിനും സംഭരിക്കുന്നതിനും ഉപയോഗിക്കുന്നു. ശേഖരിച്ച വിവരങ്ങളിൽ വ്യക്തിഗത തിരിച്ചറിയൽ വിശദാംശങ്ങൾ, സ്ഥിരവും താൽക്കാലികവുമായ വിലാസങ്ങൾ, മുൻ താമസസ്ഥലങ്ങൾ, തൊഴിൽ ചരിത്രം, ജോലി മേഖല (സംഘടിത/അസംഘടിത), ക്രിമിനൽ രേഖകൾ (എന്തെങ്കിലും ഉണ്ടെങ്കിൽ), ഫോട്ടോഗ്രാഫുകൾ, വിരലടയാളങ്ങൾ, തദ്ദേശ പോലീസ് സ്റ്റേഷനുകളിൽ നിന്നുള്ള NOC എന്നിവ ഉൾപ്പെടുന്നു. സുരക്ഷയും കണ്ടെത്തലും വർദ്ധിപ്പിക്കുക എന്നതാണ് പ്രഖ്യാപിത ഉദ്ദേശ്യമെങ്കിലും, ഈ പ്രക്രിയയിൽ വ്യക്തമായ നിയമപരമായ സുരക്ഷാ മാർഗങ്ങളോ സ്വകാര്യതാ പരിരക്ഷകളോ വിവരമുള്ള സമ്മത പ്രോട്ടോക്കോളുകളോ ഇല്ല. ഇത് കുടിയേറ്റക്കാരുടെ ക്രിമിനലൈസേഷൻ, നിരീക്ഷണം, പ്രൊഫൈലിംഗ് എന്നിവയെക്കുറിച്ചുള്ള ഗുരുതരമായ ആശങ്കകൾ ഉയർത്തുന്നു. ഈ സമീപനം ഇതിനകം സാമൂഹിക-സാമ്പത്തിക അരികുവൽക്കരണം നേരിടുന്ന ഒരു സമൂഹത്തോടുള്ള കളങ്കവും അവിശ്വാസവും ശക്തിപ്പെടുത്താൻ സാധ്യതയുണ്ട്. സമഗ്രമായ ഒരു കുടിയേറ്റ ക്ഷേമമോ പുനരധിവാസ ചട്ടക്കൂടോ ഇല്ലാത്ത സാഹചര്യത്തിൽ, സ്വകാര്യത, അന്തസ്സ്, വിവേചനമില്ലായ്മ എന്നിവയ്ക്കുള്ള ഭരണഘടനാപരമായ അവകാശങ്ങളുമായി അത്തരം ഡാറ്റ ശേഖരണം പൊരുത്തപ്പെടുന്നുണ്ടോ എന്ന് വിലയിരുത്തേണ്ടത് നിർണായകമാണ്. ഉത്തരവാദിത്തം, ഉപയോഗത്തിലെ സുതാര്യത, ഡാറ്റ സംരക്ഷണ മാനദണ്ഡങ്ങൾ, അത്തരം വിപുലമായ പ്രൊഫൈലിംഗ് രീതികൾക്കുള്ള നിയമപരമായ ന്യായീകരണം എന്നിവ വിശദമായി പഠന വിധേയമാക്കേണ്ടതുണ്ട്.

കുടിയേറ്റ തൊഴിലാളികളുടെ താമസസ്ഥലം. കടപ്പാട്:deccanchronicle

അവകാശികളില്ലാത്ത മൃതദേഹങ്ങൾ

ഇന്ത്യയിലെ ആഭ്യന്തര കുടിയേറ്റ തൊഴിലാളികളുടെ മരണങ്ങൾ പലപ്പോഴും തിരിച്ചറിയപ്പെടാതെ പോകുന്നു, തിരിച്ചറിയൽ രേഖകളുടെയോ നിയമപരമായ രേഖകളുടെയോ ബന്ധപ്പെടാവുന്ന കുടുംബാംഗങ്ങളുടെയോ അഭാവം മൂലം അവകാശപ്പെടാത്ത മൃതദേഹങ്ങൾ ധാരാളം ഉണ്ടാകുന്നു. ഭരണഘടനാ ഉറപ്പുകളും തൊഴിൽ സംരക്ഷണവും ഉണ്ടായിരുന്നിട്ടും, മരണപ്പെട്ട കുടിയേറ്റ തൊഴിലാളിയുടെ മൃദദേഹത്തിന് ബഹുമാനം ലഭിക്കാതെ പോകുന്നു. ജീവിച്ചിരിക്കുമ്പോഴും, തൊഴിലിൽ ഏർപ്പെടുമ്പോഴും, മരണപ്പെടുമ്പോഴും അന്തസില്ലാത്തവരായി എന്തുകൊണ്ട് കുടിയേറ്റ തൊഴിലാളികളെ ചിത്രീകരിക്കുന്നു എന്നുള്ളത് ഈ വ്യവസ്ഥിയിലെ ഓരോ മനുഷ്യരും ആത്മ വിമർശനപരമായി പരിശോധിക്കേണ്ടതാണ്. മിനസോട്ട പ്രോട്ടോക്കോൾ (OHCHR, 2016), ICRC ഫീൽഡ് മാനുവൽ (ICRC, WHO, & PAHO, 2006) തുടങ്ങിയ അന്താരാഷ്ട്ര മാർഗ്ഗനിർദ്ദേശങ്ങൾ മരണത്തിൽ അന്തസ്സിനുള്ള അവകാശം, ശരിയായ തിരിച്ചറിയലിന്റെ ആവശ്യകത, കുടുംബ അറിയിപ്പ് എന്നിവയെ ഊന്നിപ്പറയുന്നു. എന്നിരുന്നാലും, ഘടനാപരമായ അദൃശ്യത, അപര്യാപ്തമായ ഡാറ്റ, ദുർബലമായ അന്തർ-സംസ്ഥാന ഏകോപനം എന്നിവ അവകാശികളില്ലാത്ത മൃദദേഹങ്ങളാക്കി അന്തർ സംസ്ഥാന കുടിയേറ്റ തൊഴിലാളികളെ മാറ്റുന്നു. അന്തർ-സംസ്ഥാന മരണ അറിയിപ്പ് സംവിധാനങ്ങൾ അല്ലെങ്കിൽ ഏകീകൃത കുടിയേറ്റ രജിസ്ട്രികൾ പോലുള്ള സംവിധാനങ്ങളുടെ അഭാവത്തിൽ, നിരവധി കുടിയേറ്റ തൊഴിലാളികളുടെ മൃതദേഹങ്ങൾ അജ്ഞാതമായി സംസ്കരിക്കുകയോ ദഹിപ്പിക്കുകയോ ചെയ്യുന്നുണ്ടെങ്കിൽ അത് ധാർമ്മികവും മാനുഷികവുമായ മാനദണ്ഡങ്ങൾ ലംഘിക്കുക മാത്രമല്ല, ഉറ്റവരുടെ കുടുംബങ്ങൾക്ക് ദീർഘകാല ആഘാതത്തിനും കാരണമാകുന്നു (NHRC, 2019). ഒരു തൊഴിലാളിയും അജ്ഞാതാവസ്ഥയിൽ മരിക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതിന്, ആഭ്യന്തര നിയമപരമായ സുരക്ഷാ സംവിധാനങ്ങളും അന്താരാഷ്ട്ര മനുഷ്യാവകാശ മാനദണ്ഡങ്ങളും സംയോജിപ്പിച്ച് കുടിയേറ്റ തൊഴിലാളി മരണങ്ങൾ കൈകാര്യം ചെയ്യുന്നതിനായി ഉത്തരവാദിത്തമുള്ളതുമായ ഒരു പ്രോട്ടോക്കോൾ എല്ലാ സംസ്ഥാനങ്ങളും സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്.

കേരളത്തിൽ അടുത്തിടെയുണ്ടായ കുടിയേറ്റ മരണങ്ങളുടെ പെരുപ്പം സൂചിപ്പിക്കുന്നത് സംസ്ഥാനത്തിന്റെ അധികാരപരിധിയിലുള്ള ജീവൻ സംരക്ഷിക്കുന്നതിൽ ഭരണകൂട – പൊതുസമൂഹ വ്യവസ്ഥ പരാജയപ്പെട്ടു എന്നതാണ്. ഇവ അപകടങ്ങളല്ല; സ്ഥാപനപരമായ അവഗണന, നിയന്ത്രണ നിഷ്‌ക്രിയത്വം, ഏറ്റവും ദുർബലരായവരോടുള്ള അവഗണന എന്നിവ മൂലമുണ്ടാകുന്ന തടയാവുന്ന ദുരന്തങ്ങളാണ്. ഒരു ക്ഷേമ മാതൃക എന്ന ഖ്യാതി കേരളം ഉയർത്തിപ്പിടിക്കണമെങ്കിൽ, കുടിയേറ്റ തൊഴിലാളികളുടെ ജീവിതത്തെ അരികുവത്കരണത്തിൽ നിന്ന് നയം, സംരക്ഷണം, പൊതുജന സഹാനുഭൂതി എന്നിവയുടെ കേന്ദ്രത്തിലേക്ക് കൊണ്ടുവരണം. താമസ സ്ഥലങ്ങളിലെ അപകടങ്ങൾ ഏറ്റവും ഗൗരവപരമായി കാണേണ്ടതാണ്.

കേരളത്തിലെ കുടിയേറ്റ തൊഴിലാളികൾ. കടപ്പാട്:gulfnews

അന്താരാഷ്ട്ര തലത്തിൽ നോക്കുകയാണെങ്കിൽ കുവൈത്തിലെ മംഗഫിൽ കുടിയേറ്റ തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിലുണ്ടായ തീപിടുത്തത്തിൽ 46 ഇന്ത്യൻ കുടിയേറ്റ തൊഴിലാളികൾ കൊല്ലപ്പെട്ടു, അതിൽ 20ൽ അധികം തൊഴിലാളികൾ കേരളത്തിൽ നിന്നുള്ളവരായിരുന്നു. ഇതിന് ശേഷം ഗൾഫ് രാജ്യങ്ങളിൽ വ്യാപകമായി കുടിയേറ്റ തൊഴിലാളി ക്യാമ്പുകളിൽ പരിശോധനയും നവീകരണവും ഭരണകൂടങ്ങൾ ഏർപ്പെടുത്തി. യു.എ.യിൽ ലേബർ ക്യാമ്പുകളിലെ ആവർത്തിച്ചുള്ള തീപിടുത്തങ്ങൾക്ക് ശേഷം 2008ൽ, അടിസ്ഥാന അഗ്നി സുരക്ഷയില്ലാത്ത 400 ലധികം സുരക്ഷിതമല്ലാത്ത ലേബർ ക്യാമ്പുകൾ ദുബായ് അധികൃതർ കണ്ടെത്തി അടച്ചുപൂട്ടി. 2014 ൽ, അബുദാബി ഗവണ്മെന്റ് തൊഴിലാളി താമസസ്ഥലങ്ങൾക്ക് നിർബന്ധിത ലൈസൻസിംഗ് ഏർപ്പെടുത്തി, അനധികൃത വെയർഹൗസ് ഭവനങ്ങൾ പൊളിച്ചുമാറ്റി. വിദേശത്ത് മാത്രമല്ല, ഇന്ത്യയ്ക്കുള്ളിലും കുടിയേറ്റ തൊഴിലാളികൾക്ക് പതിവായി പരിശോധനകൾ നടത്തേണ്ടതിന്റെയും, അഗ്നി സുരക്ഷാ മാനദണ്ഡങ്ങൾ നടപ്പിലാക്കേണ്ടതിന്റെയും, മാന്യമായ ഭവന മാനദണ്ഡങ്ങൾ പാലിക്കേണ്ടതിന്റെയും അടിയന്തിര ആവശ്യകതയാണ് ഇവ ചൂണ്ടിക്കാണിക്കുന്നത്. കുടിയേറ്റ തൊഴിലാളികളെ താമസിപ്പിക്കുന്നവർക്ക് ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നിന്ന് സാക്ഷ്യപ്പെടുത്തിയ താമസ സൗകര്യം നൽകാനുള്ള അനുമതി പരിശോധനയ്ക്ക് ശേഷം നൽകേണ്ടതിന്റെ പ്രാധാന്യത്തെ ഇത് എടുത്ത് കാണിക്കുന്നു. കുടിയേറ്റ തൊഴിലാളികൾ താമസിക്കുന്ന ഇടങ്ങൾക്ക് കർശനമായ ലൈസൻസിംഗ് നടപ്പിലാക്കുന്നതിലൂടെയും, ആരോഗ്യ, അഗ്നിശമനാ മാനദണ്ഡങ്ങൾ പാലിക്കുന്ന തൊഴിലുടമ നൽകുന്ന താമസസ്ഥലങ്ങൾ നിർബന്ധമാക്കുന്നതിലൂടെയും, അതിഥി പോലുള്ള ഡിജിറ്റൽ പോർട്ടലുകളിലേക്ക് ക്ഷേമ അവകാശങ്ങൾ സംയോജിപ്പിക്കുന്നതിലൂടെയും ഈ മാതൃകയിൽ നിന്ന് അന്തർസംസ്ഥാന കുടിയേറ്റ തൊഴിലാളികൾക്ക് പ്രയോജനം നേടാനാകും.

നമ്മുടെ തൊഴിലിടങ്ങൾ അധ്വാന ചൂഷണ രീതികളിൽ നിന്നും മാറേണ്ടതാണ്. നിയമപരമായ ഉടമസ്ഥാവകാശത്തിലൂടെ സാമ്പത്തിക ചൂഷണത്തിനായി കുടിയേറ്റ തൊഴിലാളികളുടെ മേലുള്ള പൂർണ്ണ നിയന്ത്രണം ഏറ്റെടുക്കുന്ന തൊഴിലുടമകൾ (കെവിൻ ബെയ്ൽസ് 1999) ആപത്കരമായ സാഹചര്യങ്ങളിൽ ജോലി ചെയ്യാൻ അവരെ പ്രേരിപ്പിക്കുന്നു. തൊഴിൽ ഉടമകൾ സമ്മർദ്ദം ചെലുത്തുന്ന സാഹചര്യങ്ങളിൽ നിന്നും കുടിയേറ്റ തൊഴിലാളികളെ സംരക്ഷിക്കുന്ന അന്താരാഷ്ട്ര പ്രമാണങ്ങൾ ദേശവ്യാപകമായി നടപ്പിലാക്കി എല്ലാത്തരം തൊഴിലാളികളുടെയും അന്തസ്സ് നിലനിർത്തേണ്ടത് പൗര സമൂഹത്തിന്റെ കടമയാണ്.

REFERENCES

Arabian Business. (2008, July 2). 400 Dubai labour camps risk closure. https://www.arabianbusiness.com/industries/industries-culture-society/400-dubai-labour-camps-risk-closure-44240 

Asianet News. (2025, July 8). Kerala: Rescue operations underway for worker trapped in landslide; one dies. https://newsable.asianetnews.com/kerala-news/kerala-rescue-operations-underway-for-worker-trapped-in-landslide-one-dies-articleshow-74qg4yd?utm_source=chatgpt.com

Bales, Kevin. 1999. Disposable People: New Slavery in the Global Economy. Berkeley: University of California Press.

Government of India. (1923). The Employees’ Compensation Act, 1923 (Act No. 8 of 1923). Ministry of Labour and Employment. https://labour.gov.in/sites/default/files/TheEmployeesCompensationAct1923.pdf

Government of India. (1950). Constitution of India. Ministry of Law and Justice. https://legislative.gov.in/sites/default/files/COI_1.pdf 

Government of India. (1973). Code of Criminal Procedure (CrPC). Ministry of Law and Justice. https://legislative.gov.in/sites/default/files/A1974-02.pdf 

Government of India. (1979). The Inter-State Migrant Workmen (Regulation of Employment and Conditions of Service) Act, 1979. Ministry of Labour and Employment. https://labour.gov.in/acts/inter-state-migrant-workmen-regulation-employment-and-conditions-service-act-1979 

Gulf News. (2018, July 30). Warning after four people die in fire at illegal labour housing in Abu Dhabi. https://gulfnews.com/uae/warning-after-four-people-die-in-fire-at-illegal-labour-housing-in-abu-dhabi-1.847519 

India Today. (2025, June 27). Two-storey building housing migrant workers collapses in Kodakara, Thrissur; death toll at 3, one missing. https://www.indiatoday.in/kerala/story/two-storey-building-housing-migrant-workers-collapses-in-kodakara-thrissur-death-toll-1-missing-kerala-2746957-2025-06-27?utm_source=chatgpt.com

India Today. (2025, June 27). Two-storey building housing migrant workers collapses in Kodakara. https://www.indiatoday.in/

International Committee of the Red Cross (ICRC), World Health Organization (WHO), & Pan American Health Organization (PAHO). (2006). Management of dead bodies after disasters: A field manual for first responders. https://www.icrc.org/en/doc/assets/files/other/icrc_002_0892.pdf 

International Labour Organization (ILO). (1975). C143 – Migrant Workers (Supplementary Provisions) Convention, 1975 (No. 143). https://www.ilo.org/dyn/normlex/en/f?p=NORMLEXPUB:12100:0::NO::P12100_ILO_CODE:C143 

International Labour Organization (ILO). (1981). C155 – Occupational Safety and Health Convention, 1981 (No. 155). https://www.ilo.org/dyn/normlex/en/f?p=NORMLEXPUB:12100:0::NO::P12100_ILO_CODE:C155 

International Labour Organization (ILO). (2015). R204 – Transition from the Informal to the Formal Economy Recommendation, 2015 (No. 204). https://www.ilo.org/dyn/normlex/en/f?p=NORMLEXPUB:12100:0::NO::P12100_INSTRUMENT_ID:330336 

International Labour Organization. (2019). Safety and health at the heart of the future of work: Building on 100 years of experience (p. 6). ILO. https://www.ilo.org/global/topics/safety-and-health-at-work/publications/WCMS_686645/lang–en/index.htm 

International Organization for Migration (IOM). (2018). Global Compact for Safe, Orderly and Regular Migration. United Nations. https://www.iom.int/global-compact-migration 

Khaleej Times. (2020, August 13). Fire breaks out in UAE labour camp caravans, 44 evacuated. https://www.khaleejtimes.com/emergencies/fire-breaks-out-in-uae-labour-camp-caravans-44-evacuated 

Marx, K. (1887). Capital: A critique of political economy. Volume I (S. Moore & E. Aveling, Trans.; F. Engels, Ed.; 4th German ed.). Progress Publishers. https://www.marxists.org/archive/marx/works/download/pdf/Capital-Volume-I.pdf (Original work published 1867).

Ministry of Human Resources and Emiratisation (MOHRE). (2022). Labour accommodation standards and inspection guidelines. United Arab Emirates Government. https://www.mohre.gov.ae

Ministry of Law and Justice, Government of India. (2020). The Occupational Safety, Health and Working Conditions Code. https://labour.gov.in/sites/default/files/OSH_Code_Gazette.pdf

NHRC. (2019). Guidelines/procedures for inquiring custodial deaths. National Human Rights Commission of India. https://nhrc.nic.in 

Office of the United Nations High Commissioner for Human Rights (OHCHR). (2016). The Minnesota Protocol on the Investigation of Potentially Unlawful Death (2016). https://www.ohchr.org/sites/default/files/Documents/Publications/MinnesotaProtocol.pdf 

Onmanorama. (2025, July 7). One dead after Konni granite quarry collapse in Pathanamthitta. https://www.onmanorama.com/news/kerala/2025/07/07/pathanamthitta-quarry-accident.html?utm_source=chatgpt.com

Onmanorama. (2025, May 24). Migrant worker dies in NH-66 landslide in Kannur. https://www.onmanorama.com/news/kerala/2025/05/24/kannur-highway-landslide-death-nh-66.html?utm_source=chatgpt.com

Parida, J. K., & Raman, K. R. (2021). A study on In-migration, Informal Employment and Urbanization in Kerala. Kerala State Planning Board. https://www.docslib.org/doc/4768824/in-migration-informal-employment-and-urbanization-in-kerala 

The New Indian Express. (2023, January 28). Athidhi app for migrant workers in Kerala goes live in April. https://www.newindianexpress.com/states/kerala/2023/Jan/28/athidhi-app-for-migrant-workers-in-kerala-goes-live-in-april-2542067.html 

United Nations. (1948). Universal Declaration of Human Rights. https://www.un.org/en/about-us/universal-declaration-of-human-rights

മൃദുല ഭവാനി. (2025, May 17). നിർമ്മാണ തൊഴിലാളികളുടെ ജീവനെടുക്കുന്ന ദേശീയപാത: ജാഗ്രതയുടെ കേരളീയം. https://www.keraleeyammasika.com/national-highway-accident-kerala-kasaragod-megha-engineering-hill-collapse-killed-migrant-labour/

Also Read