ജമാഅത്ത് ഫോബിയ, ക്രിപ്‌റ്റോ കറൻസി, മംദാനി, വൈറ്റ് കോളർ ടെററിസം

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

1. ക്രിപ്‌റ്റോ കറൻസിയും മുസ്ലീം സംഘടനകളും

ക്രിപ്റ്റോ കറൻസിയുടെ മറവിൽ കേരളത്തിലേക്ക് 300 കോടി രൂപയുടെ ഹവാല ഇടപാട് നടന്നതായി ആദായനികുതി വകുപ്പ് കണ്ടെത്തിയ വാർത്ത മറുനാടൻ മലയാളി പ്രസിദ്ധീകരിച്ചു. കൊച്ചി യൂണിറ്റിലെ ഇൻകം ടാക്സ് ഇൻവെസ്റ്റിഗേഷൻ വിഭാഗം മലപ്പുറത്തും കോഴിക്കോടും നടത്തിയ റെയ്ഡുകളിലാണ് ഈ കണ്ടെത്തൽ. ഇന്തോനേഷ്യ, സൗദി അറേബ്യ എന്നിവിടങ്ങളിൽ കേന്ദ്രീകരിച്ചാണ് ക്രിപ്റ്റോ കറൻസികളായി ഹവാല പണം സംസ്ഥാനത്തേക്ക് എത്തിക്കുന്നതെന്നും, പിന്നീട് ഇത് വിവിധ ബാങ്ക് അക്കൗണ്ടുകളിലൂടെ പണമാക്കി മാറ്റുകയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. കുറ്റകൃത്യത്തിൽ പങ്കാളിയായ രണ്ടു പേരുടെ പേരുവിവരങ്ങളും വാർത്തയിലുണ്ട്. രണ്ട് പേരും മുസ്ലീങ്ങളാണ്, മലപ്പുറം സ്വദേശികളുമാണ്. ഹവാല ഇടപാടിന് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നുണ്ടെന്നും വാർത്തയിൽ പറയുന്നു (അറിവോ, സമ്മതമോ ഒരുപ്രശ്നമല്ല! നൂറുകണക്കിന് ആളുകളുടെ ബാങ്ക് അക്കൗണ്ടുകൾ ഒരുകുഞ്ഞുപോലും അറിയാതെ ദുരുപയോഗം ചെയ്തു, ഒക്ടോബർ 31, മറുനാടൻ മലയാളി)

2. മതാടിസ്ഥാനത്തിലുള്ള സംവരണം

കേരളത്തിൽ ഒബിസി സംവരണം മതാടിസ്ഥാനത്തിൽ നൽകുന്നുവെന്ന് ദേശീയ പിന്നാക്ക വിഭാഗ കമ്മിഷൻ: മുസ്ലീം, ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് മതാടിസ്ഥാനത്തിൽ ഒബിസി സംവരണം നൽകുന്നുണ്ട്. മുസ്ലീം സമുദായത്തിന് 10 ശതമാനവും ക്രിസ്ത്യൻ സമുദായത്തിന് ആറ് ശതമാനവും സംവരണം നൽകുന്നുണ്ട്. യഥാർഥ ഒബിസി അവകാശങ്ങൾ നിഷേധിക്കപ്പെടുന്നു. മതാടിസ്ഥാനത്തിൽ ഒബിസി സംവരണം നൽകുന്നതിന് നിയമപരമായ അടിസ്ഥാനമില്ല. സെപ്റ്റംബർ ഒൻപതിന് ചേർന്ന യോഗത്തിൽ സംസ്ഥാന പിന്നാക്ക വിഭാഗ ക്ഷേമവകുപ്പ് സെക്രട്ടറി സംസ്ഥാനത്തിന്റെ നിലപാട് അറിയിച്ചു. തുടർന്ന് സംസ്ഥാന സർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടു. മതാതിരാഷ്ട്രത്തിലുള്ള സംവരണം നൽകുന്നത് രാഷ്ട്രീയനേട്ടത്തിനുവേണ്ടിയാണെന്നും കമ്മിഷൻ ചെയർമാൻ ഹൻസ് രാജ് അഹിർ കുറ്റപ്പെടുത്തി (കേരളത്തിൽ മതാടിസ്ഥാനത്തിൽ ഒബിസി സംവരണം നൽകുന്നു- ദേശിയ പിന്നാക്ക കമ്മീഷൻ, നവംബർ 1, മാതൃഭൂമി).

ഭരണഘടനയ്ക്ക് വിരുദ്ധമായി കേരളത്തിൽ നടപ്പാക്കിയിരിക്കുന്ന മുസ്ലീം-ക്രൈസ്തവ മത സംവരണം തെറ്റാണെന്ന ദേശീയ പിന്നാക്ക കമ്മിഷന്റെ നിലപാട് സ്വാഗതാർഹമെന്ന് വിഎച്ച്പി സംസ്ഥാന ജനറൽ സെക്രട്ടറി അനിൽ വിളയിൽ. കേരളത്തിലെ മുസ്ലീം, ക്രൈസ്തവ സമൂഹം മറ്റ് സംസ്ഥാനങ്ങളിലെ പോലെ പിന്നാക്കമല്ല. സാമൂഹ്യമായും വിദ്യാഭ്യാസപരമായും സാമ്പത്തികമായും ഈ വിഭാഗങ്ങൾ പിന്നാക്കമല്ല എന്ന് 2005ലെ രജീന്ദർ സച്ചാർ കമ്മിറ്റി തന്നെ കണ്ടെത്തിയിരുന്നു – എന്നായിരുന്നു വാദം (മതസംവരണം: ദേശീയ പിന്നാക്ക കമ്മിഷൻ തീരുമാനം സ്വാഗതാർഹം-അനിൽ വിളയിൽ, നവംബർ 2, ജന്മഭൂമി)

3. ബിഷപ്പിന് ഭീഷണിക്കത്ത്

താമരശ്ശേരി ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിലിന് ഭീഷണിക്കത്ത്. സ്‌കൂളിലെ ഹിജാബ് വിഷയം തങ്ങൾ പ്ലാൻ ചെയ്തതാണെന്നും 90 ശതമാനം റവന്യൂ വരുമാനം നേടിത്തരുന്നത് മുസ്ലീം സമുദായമാണെന്നും അതിനാൽ സ്‌കൂളുകളിൽ ബാങ്ക് വിളിക്കാനും നിസ്‌കരിക്കാനും സൗകര്യം ഒരുക്കണമെന്നുമാണ് കത്തിൽ പറയുന്നത്. തപാലിലാണ് കത്ത് എത്തിയത്. ഐഡിഎഫ്ഐ എന്ന പേരിൽ, കൈപ്പടയിൽ എഴുതിയ കത്താണ് ലഭിച്ചത് (സ്‌കൂളുകളിൽ ബാങ്ക് വിളിക്കാനും നിസ്‌കരിക്കാനും സൗകര്യം ഒരുക്കണം താമരശ്ശേരി ബിഷപ്പിന് ഭീഷണിക്കത്ത്, നവംബർ 1, മാതൃഭൂമി).

2017 ലെ ഊമക്കത്ത്

സമാനമായ കത്ത് 2017ൽ എഴുത്തുകാരൻ കെ.പി രാമനുണ്ണിയ്ക്കും ലഭിച്ചിരുന്നു. മതംമാറിയില്ലെങ്കിൽ കൈവെട്ടുമെന്നായിരുന്നു ഭീഷണി. ഹിന്ദു-മുസ്ലീം മതവിഭാഗങ്ങളെ താരതമ്യപ്പെടുത്തി ലേഖനമെഴുതിയതിനെ തുടർന്നാണ് ഭീഷണിക്കത്ത് ലഭിച്ചത്. നിഷ്‌കളങ്കരായ മുസ്ലീങ്ങളെ വഴിതെറ്റിക്കുന്നതാണ് ലേഖനമെന്നും ഇതിൽ നിന്ന് പിന്മാറണമെന്നുമാണ് കത്തിലെ പ്രധാന ആവശ്യം. അവിശ്വാസികൾക്ക് ദൈവം നൽകിയിരിക്കുന്ന ശിക്ഷാവിധി വധശിക്ഷയാണ്. താങ്കളുടെ കാര്യത്തിൽ ഇതിനായി ആറുമാസത്തെ കാലയളവ് നൽകുന്നു. അതിനകം മതം മാറിയില്ലെങ്കിൽ വധിക്കുമെന്നും കത്തിൽ പറയുന്നു. ജോസഫ് മാഷുടെ അനുഭവവും ഓർമ്മിപ്പിച്ചു (ആറു മാസത്തിനകം മതം മാറണം: കെ.പി രാമനുണ്ണിക്കു ഭീഷണി കത്ത്, ജൂലൈ 21, 2017, മലയാള മനോരമ). തൃശൂർ കേരളവർമ കോളജിലെ അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്തിനുനേരെയും ഇതേ സമയത്ത് ഹിന്ദു സംഘടനകളുടെ വധഭീഷണിയുണ്ടായി. മുഖത്ത് ആസിഡ് ഒഴിക്കണമെന്നായിരുന്നു പറഞ്ഞത്. കൈവെട്ടുമെന്ന ഭീഷണിയെത്തുടർന്ന് കെ.പി രാമനുണ്ണിക്ക് പൊലീസ് സുരക്ഷ ഏർപ്പെടുത്തുന്നതിനെക്കുറിച്ച് ആഭ്യന്തര വകുപ്പ് ആലോചിച്ചു (മതം മാറിയില്ലെങ്കിൽ കൈവെട്ടുമെന്നു ഭീഷണി: കെപി രാമനുണ്ണിക്കു സുരക്ഷ ഏർപ്പെടുത്തുന്നത് പരിഗണനയിൽ, ജൂലൈ 21 2017, വൈഗ ന്യൂസ്).

പിന്തുണയർപ്പിച്ച് മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളോടും സഹപ്രവർത്തകരോടുമൊപ്പം കെ.പി രാമനുണ്ണിയെ സന്ദർശിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും പിന്തുണച്ചു (ഭീഷണി: ദീപ നിശാന്തിനും കെ.പി. രാമനുണ്ണിക്കും മുഖ്യമന്ത്രിയുടെ പിന്തുണ, ജൂലൈ 21 2017, മനോരമ ഓൺലൈൻ).

ഫാൾസ് ഫ്ലാഗ്: സുദേഷ് എം രഘു

‘കാഫിറിനെ തോല്പിക്കാൻ ഷാഫിക്കു വോട്ട് ചെയ്യൂ’ എന്ന പേരിൽ തിരഞ്ഞെടുപ്പു കാലത്ത് ഷാഫി പറമ്പലിന്റേതെന്ന മട്ടിൽ മറ്റൊരു കത്ത് പ്രചരിച്ചിരുന്നു. ഇതും രാമനുണ്ണിക്കുവന്ന കത്തും താരതമ്യം ചെയ്ത് സുദേഷ് എം രഘു ഇങ്ങനെ എഴുതി:

“രാമനുണ്ണി പൊതുവെ മുസ്ലീങ്ങളെപ്പറ്റി നല്ല അഭിപ്രായം പറയുകയും മുസ്ലീം സംഘടനകൾ, പത്രങ്ങൾ എന്നിവയോടു സഹകരിക്കുകയും ചെയ്യുന്ന വ്യക്തിയാണ്. അങ്ങനൊരു വ്യക്തിക്കു തന്നെ ‘ഇസ്ലാം മതം സ്വീകരിച്ചില്ലെങ്കിൽ കൊന്നു കളയും’ എന്ന് കത്തെഴുതുന്ന ‘മുസ്ലീം ഭീകരവാദി’ ആരുടെ ഭാവന ആണെന്ന് മനസിലാക്കാൻ കോമൺ സെൻസ് മതി. പക്ഷേ, മുസ്ലീം വിഷയങ്ങളിൽ കോമൺ സെൻസ് എന്നത് പൊതുസമൂഹത്തിനില്ലാത്തതു കൊണ്ട് ആ ഊമക്കത്തും ‘മുസ്ലീം ഭീകരവാദമാ’യി എണ്ണപ്പെട്ടു, മുസ്ലീം സംഘടനകൾ നിരന്നു നിന്ന് അപലപിച്ചു. ഇതിപ്പോ ഓർക്കാൻ കാരണം, ഷാഫി പറമ്പിലിന്റെ ദയനീയാവസ്ഥ കണ്ടിട്ടാണ്. ‘കാഫിറിനെ തോല്പിക്കാൻ ഷാഫിക്കു വോട്ട് ചെയ്യൂ’ എന്ന് പറഞ്ഞ് മുസ്ലീങ്ങൾ പോസ്റ്ററടിച്ചിറക്കി അങ്ങു പ്രചരിപ്പിച്ചുവത്രേ! അഞ്ചു പൈസയുടെ കോമൺ സെൻസുള്ളവർക്കറിയാം, ഷാഫിയുടെ മുസ്ലീം പേര് വെച്ച് ഇപ്പുറത്തുള്ള അമുസ്ലീം/ഹിന്ദു വോട്ട് സിപിഎമ്മിലേക്ക് കൺസോളിഡേറ്റ് ചെയ്യാനായി ഏതോ അന്തംകമ്മി കളിച്ച നാറിയ ഒരു ഫാൾസ് ഫ്ലാഗ് പരിപാടി ആയിരുന്നു അതെന്ന്.” (ഏപ്രിൽ 27 2024, ഫേസ്ബുക്ക്/ സുദേഷ് എം രഘു)

4. ടാഗോറിന്റെ ഉദ്ധരണി

മലപ്പുറത്തെ ചങ്കരക്കുളം മുക്കുതല ജി.എം.എൽ.പി സർക്കാർ സ്‌കൂളിന്റെ മതിലിൽ ടാഗോറിന്റെ ഒരു ഉദ്ധരണി എഴുതിയിരുന്നു. ‘രത്നങ്ങളുടെ വിലകൊടുത്ത് കുപ്പിച്ചില്ലുകൾ വാങ്ങുന്നത് പോലെയാണ് മനുഷ്യസ്നേഹത്തിന് പകരം രാജ്യസ്നേഹത്തെ പ്രതിഷ്ഠിക്കുന്നത്’ – എന്നാണ് എഴുതിയിരിക്കുന്നത്. ജനം ടിവി ഇത് വാർത്തയാക്കി. സ്‌കൂൾ മതിലിലെ എഴുത്ത് രാജ്യദ്രോഹമാണെന്നായിരുന്നു ചാനലിന്റെ കണ്ടെത്തൽ. സംഭവത്തിൽ കേന്ദ്ര-സംസ്ഥാന വിദ്യാഭ്യാസ മന്ത്രിമാർക്ക് പ്രദേശവാസികൾ പരാതി നൽകിയതായും അധ്യാപകരുടെ നേതൃത്വത്തിലാണ് മതിലിൽ രാജ്യദ്രോഹ മുദ്രാവാക്യങ്ങൾ ഉയർന്നതെന്നും റിപ്പോർട്ട് ചെയ്തിരുന്നു (ടാഗോറിന്റെ ഉദ്ധരണികളെ രാജ്യദ്രോഹ മുദ്രാവാക്യമാക്കി; മലപ്പുറം സ്‌കൂളിനെതിരായ വാർത്തയിൽ ജനം ടി.വിയ്ക്ക് വിമർശനം, നവംബർ 1, ഡൂൾ ന്യൂസ്).

ടാഗോറിന്റെ ഉദ്ധരണി, ഡൂൾ ന്യൂസ് വാർത്ത

5. വെള്ളാപ്പള്ളിയുടെ വിദ്വേഷ പരാമർശങ്ങൾ

ലീഗ് വന്നാൽ ആത്മഹത്യ ചെയ്യണം

മുസ്ലീം ലീഗ് ‘വർഗീയ പാർട്ടി’യാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കൊല്ലം പുനലൂരിൽ എസ്എൻഡിപി നേതൃസംഗമത്തിൽ സംസാരിക്കവെയാണ് വെള്ളാപ്പള്ളി രൂക്ഷമായ ഭാഷയിൽ സംസാരിച്ചത്: മുസ്ലിം ലീഗ് ഭരണത്തിൽ വന്നാൽ നമ്മളെല്ലാം ആത്മഹത്യ ചെയ്യേണ്ടി വരും. പേരിൽ തന്നെയുണ്ട് അതൊരു മുസ്ലീം കൂട്ടായ്മയാണെന്ന്. എന്നാൽ അവരവകാശപ്പെടുന്നത് മതേതര പാർട്ടിയാണെന്നാണ്. അവർക്ക് മുസ്ലീം അല്ലാത്ത ഒരു എംഎൽഎയുണ്ടോ? പേഴ്‌സണൽ സ്റ്റാഫിൽ ഒരു അംഗമുണ്ടോ? ഭരണമില്ലാഞ്ഞിട്ടു പോലും അവർ പറയുന്നത് കണ്ടില്ലേ. ഒമ്പതര കൊല്ലം നഷ്ടപ്പെട്ടത് അടുത്ത ഭരണത്തിൽ പിടിച്ചെടുക്കണമെന്നാണ് പറയുന്നത്. വർഗീയ പാർട്ടിയാണത്. മതരാഷ്ട്രം നടപ്പിലാക്കലാണ് അവരുടെ താൽപ്പര്യം. നല്ല വർണക്കടലാസിൽ പൊതിഞ്ഞ പൊട്ടാസ്യം സയനേഡാണ് മുസ്ലീം ലീഗ്. മുസ്ലീം ലീഗുകാർക്ക് മനുഷ്യത്വമില്ല. അവരുടെ കൂട്ട് പിടിച്ച് നടക്കുന്നവരെ ജയിപ്പിച്ചാൽ ‘നമ്മുടെ സ്ഥിതി എന്താകു’മെന്നും അദ്ദേഹം ചോദിച്ചു (മുസ്ലീം ലീഗ് ഭരണത്തിൽ വന്നാൽ നമ്മളെല്ലാം ആത്മഹത്യ ചെയ്യേണ്ടി വരും; മുസ്ലിം അല്ലാത്ത ഒരു എംഎൽഎ ലീഗിലുണ്ടോ?’: വെള്ളാപ്പള്ളി നടേശൻ, നവംബർ 2, സമയം മലയാളം).

കേരള രാഷ്ട്രീയത്തിൽ മുസ്ലീം ആധിപത്യം

എസ്എൻഡിപി യോഗത്തിന്റെ പുനലൂർ, പത്തനാപുരം ശാഖാ നേതൃത്വസംഗമത്തിൽ വെള്ളാപ്പള്ളി മുസ്ലിം വിരുദ്ധ പരാമർശം നടത്തി: കേരളം രാഷ്ട്രീയത്തിൽ മുസ്ലിം ആധിപത്യമാണ് കാണുന്നത്. മുസ്ലിം ലീഗ് എന്നാൽ മതേതര പാർട്ടി അല്ല, വർഗീയ പാർട്ടി ആണ്. മതേതരം എന്നത് പേരിൽ മാത്രമാണ്. ഈ പാർട്ടിയിൽ ഇതര മതസ്ഥർക്ക് ഒരു സ്ഥാനവും ഇല്ല. മുസ്ലിം ലീഗ് ഭരണത്തിൽ വന്നാൽ നമ്മൾ ആത്മഹത്യ ചെയ്യേണ്ടി വരും. മതരാഷ്ട്രത്തിനുള്ള ശ്രമങ്ങളാണ് അവർ നടത്തുന്നത്. വർണ കടലാസ്സിൽ പൊതിഞ്ഞ മിഠായി പോലെ പൊട്ടാസ്യം സയനൈഡ് ആണ് ഇവർ. തൊട്ടാൽ പൊട്ടിത്തെറിക്കും. ഇത് പറഞ്ഞാൽ തന്നെ വർഗീയ വാദി ആകുമെന്ന് ബോധ്യമുണ്ട് (കേരള രാഷ്ട്രീയത്തിൽ മുസ്ലീം ആധിപത്യം: വെള്ളാപ്പള്ളി, നവംബർ 3, ജന്മഭൂമി).

വെള്ളാപ്പള്ളിയുടെ മുസ്ലീം ലീഗ് വിരുദ്ധ പരാമർശം ഏറ്റുപിടിക്കാൻ ഇല്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. സാമൂഹികാന്തരീക്ഷം മലീമസമാക്കുന്ന പ്രസ്താവനയാണ് വെള്ളാപ്പള്ളിയുടെത്. അതിന് മറുപടി നൽകിയാൽ സാമൂഹികാന്തരീക്ഷം വഷളാകും (വെള്ളാപ്പള്ളിയുടെ പരാമർശം സാമൂഹികാന്തരീക്ഷം തകർക്കുന്നത്: കുഞ്ഞാലികുട്ടി, നവംബർ 4, .മാതൃഭൂമി).

മുസ്ലീം വിഭാഗത്തിന്റെ താൽപര്യങ്ങൾ മാത്രം

മുസ്ലീം വിഭാഗത്തിന്റെ താൽപര്യങ്ങൾക്ക് അനുസരിച്ച് മാത്രമേ മറ്റുള്ളവർക്ക് ഇവിടെ ജീവിക്കാനാകൂവെന്ന് വെള്ളാപ്പള്ളി നടേശൻ: മുസ്ലീങ്ങളുടെ ആഘോഷം നടക്കുന്നിടത്ത് മറ്റൊരു സമുദായത്തിലെ ആളുകൾക്ക് ഒരു കട പോലും തുടങ്ങാനാകില്ല. അവിടെ ജനാധിപത്യം എവിടെയിരിക്കുന്നു? മതാധിപത്യമാണ് അവിടെ. അവരുടെ മതാചാരങ്ങൾ അനുസരിച്ച് മാത്രമേ മറ്റുള്ള മതക്കാർക്ക് ഇവിടെ ജീവിക്കാനും പ്രവർത്തിക്കാനും സാധിക്കൂ. ഇത് പറയാൻ ഇവിടെ ഒരു രാഷ്ട്രീയ നേതാവിനും ധൈര്യമില്ല (മുസ്ലീം വിഭാഗത്തിന്റെ താൽപര്യങ്ങൾക്ക് അനുസരിച്ച് മാത്രമേ മറ്റുള്ളവർക്ക് ഇവിടെ ജീവിക്കാനാകൂ: വെള്ളാപ്പള്ളി നടേശൻ. നവംബർ 6, ന്യൂസ് 18).

വെള്ളാപ്പള്ളിയുടെ പ്രസ്താവന, ന്യൂസ് 18 വാർത്ത

വെള്ളാപ്പള്ളി ഹിന്ദു വർഗീയവാദിയല്ല

ഒരു സമുദായത്തെ പ്രതിനിധീകരിക്കുന്ന വെള്ളാപ്പള്ളി ഹിന്ദു വർഗീയവാദിയാണെന്ന അഭിപ്രായമില്ലെന്ന് സിപിഎം നേതാവും പോളിറ്റ് ബ്യൂറോ അംഗവുമായ എ വിജയരാഘവൻ: വെള്ളാപ്പള്ളി നടേശൻ ഒരു പ്രധാനപ്പെട്ട ഒരു സമുദായത്തെ പ്രതിനിധീകരിക്കുന്ന ആളാണ്. അദ്ദേഹം അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകൾ അപ്പപ്പോൾ പ്രകടിപ്പിക്കാറുണ്ട്. അത് പൊതു സമൂഹ ധാരണക്കെതിരായ നിലപാടാണെങ്കിൽ സിപിഎം വിമർശിക്കും. പക്ഷേ, വെള്ളാപ്പള്ളി നടേശൻ വർഗീയവാദിയാണെന്ന് അഭിപ്രായമില്ല. എസ്എൻഡിപി കേരളത്തിന്റെ പൊതു സ്വത്താണ്. സാമൂഹ്യ മാറ്റത്തിന് പ്രേരണ നൽകിയ സംഘടനയാണത്. അതുകൊണ്ട് എസ്എൻഡിപിയെ സാമൂഹ്യമായാണ് വിലയിരുത്തുക. അതുകൊണ്ട് വെള്ളാപ്പള്ളി ഒരു ഹിന്ദു വർഗീയ വാദിയാണെന്ന ആരോപണം ആർക്കുണ്ടെങ്കിലും അംഗീകരിക്കുന്നില്ല (‘വെള്ളാപ്പള്ളി ഒരു ഹിന്ദു വർഗീയവാദിയാണെന്ന നിലപാട് മാധ്യമങ്ങൾക്ക് ഉണ്ടെങ്കിലും താൻ അത് അംഗീകരിക്കില്ല’; സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ, നവംബർ 22, മീഡിയ വൺ).

വെള്ളാപ്പള്ളി നടേശനെക്കുറിച്ചുള്ള എ വിജയരാഘവന്റെ പ്രസ്താവന. മീഡിയവൺ ന്യൂസ്.

പേരിൽ തന്നെ മുസ്ലീമുണ്ട്

ലീഗും എസ്എൻഡിപിയും ഒരുമിച്ച് നിന്ന് സമരം ചെയ്തവരാണെങ്കിലും തങ്ങൾക്ക് നേടാനുള്ളത് കിട്ടിക്കഴിഞ്ഞപ്പോൾ ലീഗ് കണ്ട ഭാവം നടിച്ചില്ലെന്ന് വെള്ളാപ്പള്ളി നടേശൻ: മുസ്ലീം ലീഗും താനും ഒരിക്കൽ അണ്ണനും തമ്പിയുമായിരുന്നു. സാമുദായിക സംവരണം വേണമെന്ന് പറഞ്ഞ് ഇവരെ കൂട്ടിക്കൊണ്ടുപോയി സമരം ചെയ്തു. ഡൽഹിയിൽ അടക്കം സമരം നടത്താൻ ലക്ഷങ്ങൾ ചെലവാക്കി. അവർ അവരുടെ കാര്യം സാധിച്ചു. അവരുടെ കാര്യം നേടി കഴിഞ്ഞപ്പോൾ ഒഴിവാക്കി. ഇതാണോ ഒന്നിച്ച് സമരം ചെയ്യുന്നവർ ചെയ്യേണ്ടത്. യുഡിഎഫ് ഭരണത്തിൽ വന്നാൽ വിദ്യഭ്യാസ സംവരണം നേടിത്തരാം എന്ന് പറഞ്ഞു. ആലുവ മണപ്പുറത്ത് കണ്ട ഭാവം നടിച്ചില്ല. മലപ്പുറത്ത് ലീഗിന് മാത്രം 17 കോളജ് ഉണ്ട്. പേര് തന്നെ മുസ്ലീം ലീഗ് എന്നാണ്. അതിന്റെ അർത്ഥം മുസ്ലീം കൂട്ടായ്മ എന്നാണ്. ലീഗ് മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിൽ പോലും ഇതര മതസ്ഥരില്ല. സമുദായത്തിന്റെ ദുഖമാണ് പറയുന്നത്. കരയുന്ന കുഞ്ഞിനെ പാലുള്ളു. കരഞ്ഞതു കൊണ്ട് പ്രാധാന്യം കിട്ടി. നമ്മളെ സഹായിക്കുന്നവരെ നമ്മൾ ഇഷ്ടപെടണം (ഞാനും മുസ്ലീം ലീഗും ഒരിക്കൽ അണ്ണനും തമ്പിയും ആയിരുന്നു, കാര്യം കഴിഞ്ഞപ്പോൾ അവർ ഒഴിവാക്കി: വെള്ളാപ്പള്ളി നടേശൻ, നവംബർ 23, മീഡിയ വൺ).

ലീഗ് വിഷം തുപ്പുന്ന വർഗീയവാദികൾ

യോഗത്തിന് വർഗീയത ഇല്ലെന്നും സാമൂഹിക സത്യങ്ങൾ തുറന്നു പറയുമെന്നും മുസ്ലീം ലീഗ് വിഷം തുപ്പുന്ന വർഗീയവാദികൾ ആണെന്നും വെള്ളാപ്പള്ളി നടേശൻ. എസ്എൻഡിപി യോഗം അമ്പലപ്പുഴ യൂണിയൻ നടത്തിയ ഒരു പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം: എസ്എൻഡിപി യോഗത്തിന് വർഗീയത ഇല്ല. സാമൂഹിക സത്യങ്ങളാണ് തുറന്നുപറയുന്നത്. മതവികാരം ഇളക്കിവിട്ട് മുതലാക്കുന്ന സ്വഭാവം എസ്എൻഡിപിക്ക് ഇല്ല. ബാബരി മസ്ജിദ് തകർക്കപ്പെട്ടപ്പോൾ ആദ്യം രംഗത്തിറങ്ങിയത് എസ്എൻഡിപിയാണ് നിലക്കലിൽ ക്രിസ്ത്യൻ പള്ളി വേണമെന്ന് ആവശ്യമുയർന്നപ്പോൾ അനുകൂല പ്രമേയം പാസാക്കിയത് എസ്എൻഡിപി മാത്രമാണ്. എല്ലാവർക്കും വേണ്ടി ശബ്ദിച്ചിട്ടും ഈഴവ സമുദായത്തിന് ഒന്നും ലഭിക്കാതെ വരുമ്പോഴാണ് പലതും തുറന്നു പറയുന്നത്. കേരളത്തിലെ സർവകലാശാലകളിൽ ഒന്നിൽ പോലും അധികാര സ്ഥാനത്ത് ഈഴവരില്ല. സംസ്ഥാനത്തെ ഒമ്പത് എംപിമാരിൽ ഒറ്റ പിന്നാക്ക പട്ടികജാതി വിഭാഗക്കാരില്ല അത്തരക്കാരെ നോമിനേറ്റ് പോലും ചെയ്യില്ല. മുസ്ലീം ലീഗ് വിഷം തുപ്പുന്ന വർഗീയവാദികൾ ആണെന്നും വെള്ളാപ്പള്ളി പറഞ്ഞു (യോഗത്തിന് വർഗീയത ഇല്ല, സാമൂഹിക സത്യങ്ങൾ തുറന്നു പറയും: വെള്ളാപ്പള്ളി, നവംബർ 24, കേരളകൗമുദി).

ചിലർ വിഭവങ്ങൾ തട്ടിയെടുക്കുന്നു

മതതീവ്രവാദം ശക്തിപ്രാപിക്കുന്നത് കേരളത്തിന് ഭീഷണിയാണെന്നും പൊതുവിഭവങ്ങൾ ജനസംഖ്യാനുപാതികമായി പങ്കുവയ്ക്കുന്നതിന് പകരം ചില സംഘടിത മതവിഭാഗങ്ങൾ വോട്ടുബാങ്കിന്റെ ബലത്തിൽ ഇത് തട്ടിയെടുക്കുന്നുവെന്നും എസ്എൻഡിപിയോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. യുഎഇയിലെ എസ്എൻഡിപി യോഗം സേവനം നേതൃസംഗമം ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം: കേരളത്തിലെ സാമൂഹ്യജീവിതത്തിൽ ജാതി, മത വിവേചനങ്ങൾ പുതിയ രീതിയിൽ കൂടുതൽ രൂക്ഷതയോടെ തിരിച്ചുവരുന്നു. സംവരണം പോലുള്ള നടപടികൾ ഇന്നും ലക്ഷ്യം കണ്ടിട്ടില്ല. മതതീവ്രവാദം ശക്തിപ്രാപിക്കുന്നത് കേരളത്തിന് ഭീഷണിയാണ്. പൊതുവിഭവങ്ങൾ ജനസംഖ്യാനുപാതികമായി പങ്കുവയ്ക്കുന്നതിന് പകരം ചില സംഘടിത മതവിഭാഗങ്ങൾ വോട്ടുബാങ്കിന്റെ ബലത്തിൽ ഇത് തട്ടിയെടുക്കുന്നു. ജാതിചിന്തകൾ ഉപേക്ഷിച്ച് ഒന്നിച്ചുനിന്നില്ലെങ്കിൽ കേരളത്തിൽ ഹൈന്ദവ ജനത ഇല്ലാതാകുന്ന സ്ഥിതിയുണ്ടാകും (ഒന്നിച്ചു നിന്നില്ലെങ്കിൽ കേരളത്തിൽ ഹൈന്ദവർ ഇല്ലാതാകും: വെള്ളാപ്പള്ളി, നവംബർ 25, ജന്മഭൂമി).

6. പൗരത്വ പരിശോധന എന്നാൽ കന്യകാത്വ പരിശോധനയാണോ?

എസ്.ഐ.ആറിന്റെ മറവിൽ പൗരത്വപരിശോധനയാണ് നടക്കുന്നതെന്ന ആശങ്ക രേഖപ്പെടുത്തിയ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരെ ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികല പരിഹസിച്ചു: ഈ പൗരത്വ പരിശോധന എന്നു വെച്ചാൽ കന്യകാത്വ പരിശോധന പോലെ വിഷമമുണ്ടാക്കുന്ന എന്തോ ആണെന്നാണോ മൊയ്‌ല്യാര് കരുതണത്. ഇങ്ങള് ബേജാറാകല്ലേ മൊയ്‌ല്യാരെ, ഇന്ത്യക്കാർ പേടിക്കണ്ടല്ലോ പിന്നെന്താ -ശശികല ഫേസ്ബുക്കിൽ കുറിച്ചു (പൗരത്വ പരിശോധന എന്നാൽ കന്യകാത്വ പരിശോധന പോലെ ആണെന്നാണോ കരുതണത്’; കാന്തപുരത്തെ അധിക്ഷേപിച്ച് കെ.പി ശശികല, നവംബർ 2, മാധ്യമം).

ശശികലയുടെ പ്രസ്താവന, മാധ്യമം വാർത്ത

7. ഫ്രഷ് കട്ട് സമരത്തിൽ എസ്ഡിപിഐയുണ്ട്

ഫ്രഷ് കട്ട് സമരത്തിൽ അക്രമ സംഭവവുമായി ബന്ധപ്പെട്ട് എസ്ഡിപിഐയെ പ്രതിസ്ഥാനത്ത് നിർത്തുന്നതിനെതിരേ എസ്ഡിപിഐ കോഴിക്കോട് ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി: ഫ്രഷ് കട്ട് സമരത്തിൽ എസ്ഡിപിഐ ഉണ്ട്. സമര സമിതിയിൽ എസ്ഡിപിഐ ഉണ്ട്. കഴിഞ്ഞ 6 വർഷമായി, 2019 മുതൽ, അവിടെ പ്രശ്‌നം ആരംഭിച്ചത് മുതൽ എസ്ഡിപിഐ ഉണ്ട്. പക്ഷേ, അക്രമണത്തിലോ പൊലീസിനെ ആക്രമിക്കുന്ന സംഗതിയിലൊന്നും എസ്ഡിപിഐ ഉണ്ടായിട്ടില്ല. പൊലീസിന് അത് ബോധ്യപ്പെട്ടു. സിപിഎമ്മിന്റെ ഒരു പ്രാദേശിക നേതാവിനെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചു അദ്ദേഹം പുറത്തിറങ്ങി… കഴിഞ്ഞ കുറേ കാലമായി കേരളത്തിൽ എന്ത് സമരം നടന്നാലും അതിന്റെ പിന്നിൽ എസ്ഡിപിഐ ഉണ്ട് എന്ന് പറയുന്നത് വാർത്ത കിട്ടാൻ വേണ്ടിയിട്ടുള്ളതാണ് (നവംബർ 3, ഫേസ്ബുക്ക്/ മുസ്തഫ കൊമ്മേരി).

8. ആരിഫ് ഹുസൈനെതിരെ കേസെടുക്കാത്തതെന്ത്?

മതസ്പർദ്ധയുണ്ടാക്കുന്ന തരത്തിൽ നമസ്‌കാരത്തിന് മുമ്പുള്ള ബാങ്ക് വിളിയെ അധിക്ഷേപിച്ച എക്‌സ്മുസ്ലീം നേതാവ് ആരിഫ് ഹുസൈൻ തെരുവത്തിനെതിരെ ഹൈക്കോടതിയിൽ ഹരജി. മതവിദ്വേഷം പ്രചരിപ്പിക്കുന്ന തരത്തിലുള്ള യൂട്യൂബ് പോസ്റ്റിന്റെ പേരിൽ ആരിഫ് ഹൂസൈൻ തിരുവത്തിനെതിരെ നൽകിയ പരാതിയിൽ കേസെടുക്കാത്ത പോലീസ് നടപടിയെയാണ് കോട്ടക്കൽ സ്വദേശി എം.കെ മൊയ്തീൻകുട്ടി ഹൈക്കോടതിയിൽ ചോദ്യം ചെയ്തത്. കോട്ടക്കൽ പൊലീസിലും മലപ്പുറം ഡിവൈഎസ്പിക്കും കേരള ഡിജിപിക്കും പരാതി നൽകിയിരുന്നെങ്കിലും നടപടി സ്വീകരിച്ചില്ല. തുടർന്നാണ് ഹൈക്കോടതിയിൽ ഹരജി നൽകിയത് (വിദ്വേഷ പ്രസംഗം: ആരിഫ് ഹുസൈനെതിരെ കേസെടുക്കാത്തത് ചോദ്യം ചെയ്തു ഹരജി, നവംബർ 4, മനോരമ). ദൈവനാമത്തിന് പകരം ഡിങ്കൻ എന്ന് മാറ്റി ഉപയോഗിച്ച് വാങ്ക് വിളിക്കുകയാണ് ആരിഫ് ഹുസൈൻ ചെയ്തത്.

ജസ്റ്റിസ് കൗസർ എടപ്പഗത്ത് ഹരജിയിൽ സർക്കാരിന്റെ വിശദീകരണം തേടി. നിലവിൽ പരാതിയിൽ സ്വീകരിച്ച നടപടികൾ അറിയിക്കാൻ പൊലീസിനും ഹൈക്കോടതി നിർദേശം നൽകി. വിശ്വാസികളെ അവഹേളിക്കുന്നതും, വിദ്വേഷം പ്രചരിപ്പിക്കുന്നതുമായ സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള ആരിഫ് ഹുസൈന്റെ പോസ്റ്റുകൾക്കെതിരെ നേരത്തെ ഈരാറ്റുപേട്ട സ്വദേശി എൻ.എം നിയാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. സാമൂഹിക സ്പർധയുണ്ടാക്കുന്ന പോസ്റ്റുകൾ നീക്കം ചെയ്യാൻ കോടതി ഇടപെടണം എന്നാവശ്യപ്പെട്ടായിരുന്നു ഹരജി. അന്ന് സമൂഹമാധ്യമങ്ങളിലെ ആരിഫ് ഹുസൈന്റെ പോസ്റ്റുകളും ഹരജിക്കാരുടെ വാദവും പരിശോധിച്ച കോടതി, ആരിഫ് ഹുസൈന് നോട്ടീസ് അയച്ച് വിശദീകരണം ചോദിച്ചിരുന്നു. സംഭവത്തിൽ കേസെടുത്ത്, അന്വേഷണം പുരോഗമിക്കുകയാണെന്ന് ഈരാറ്റുപേട്ട പൊലീസും കോടതിയെ അറിയിച്ചു. ഇതോടെ പോസ്റ്റുകൾ നീക്കം ചെയ്യാമെന്ന് ആരിഫ് ഹുസൈൻ കോടതിയെ അറിയിക്കുകയായിരുന്നു. കോടതി ഇക്കാര്യം രേഖപ്പെടുത്തുകയും ചെയ്തിരുന്നു (ബാങ്ക് വിളിയെ അധിക്ഷേപിച്ച വിദ്വേഷ പ്രചാരകനെതിരെ നടപടിയില്ല; ഹൈക്കോടതിയിൽ ഹരജി. നവംബർ 4 മീഡിയ വൺ ലൈറ്റ്).

ആരിഫ് ഹുസൈനെതിരായ ഹർജി, സിറാജ് വാർത്ത

9. ലവ് ജിഹാദ് യഥാർത്ഥത്തിൽ എന്താണ്?

ഷൈൻ നിഗം അഭിനയിച്ച ഹാൽ സിനിമക്ക് എതിരായ ഹരജിയിൽ ഉപയോഗിച്ച പദമായ ലവ് ജിഹാദ് കൊണ്ട് എന്താണ് യഥാർത്ഥത്തിൽ അർത്ഥമാക്കുന്നത് എന്ന് ജസ്റ്റിസ് വി.ജി അരുൺ പരാതിക്കാരോട് ചോദിച്ചു. ഒരു പ്രത്യേക മതവിഭാഗത്തിന്റെ കാര്യം വരുമ്പോൾ എന്തുകൊണ്ടാണ് ജിഹാദ് എന്ന പദം ഉപയോഗിക്കുന്നതെന്നും അദ്ദേഹം ആരാഞ്ഞു (വാട്ട് എക്‌സാറ്റ്ലി ഈസ് മെന്റ് ബൈ ലവ് ജിഹാദ്? കേരള ഹൈക്കോട്ട് ആസ്‌ക്‌സ് വൈൽ ഹിയറിംഗ് ഒബ്‌ജെക്ഷൻ ടൂ മൂവി ‘ഹാൽ’, നവംബർ 4, ലൈവ് ലോ).

10. പണ്ഡിത ഫത്‌വകളും മതമുതലാളിമാരും

മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ ഷംല ഹംസയുടെ പുരസ്‌കാര ലബ്ധിയുടെ പശ്ചാത്തലത്തിൽ നടനും അഭിഭാഷകനുമായ സി ഷുക്കൂർ ഫേസ്ബുക്കിൽ എഴുതിയത് സമകാലിക മലയാളം റിപ്പോർട്ട് ചെയ്തു: വെള്ളിയാഴ്ച ഖുത്തുബകളിൽ ഒക്കെ സിനിമയ്ക്കെതിരെ അതി ശക്തമായ പ്രചരണമായിരുന്നു നാളിതു വരെ നടന്നത്. ഇപ്പോഴും അതിനു ഒരു കുറവും വരുത്തിയിട്ടില്ല. ഇന്നലെ, ആ സമുദായത്തിലെ പുതിയ തല മുറയിലെ സ്ത്രീ മികച്ച നടിക്കുള്ള അവാർഡ് കരസ്ഥമാക്കി. സിനിമയിലെ മുസ്ലീം സമുദായത്തിനകത്തെ യാത്ര അത്ര എളുപ്പമുള്ളതായിരുന്നില്ല. പ്രത്യേകിച്ച് സ്ത്രീകൾക്ക്.. അതീവ ദുഷ്‌കരം തന്നെയാണ്. നിലമ്പൂർ ആയിഷയും സീനത്തും ഒക്കെ വഴി വെട്ടിയവരാണ്, അവരോടൊക്കെ കടുത്ത അമർഷം നിരന്തരം രേഖപെടുത്തിയിരുന്നു. മതത്തെ ആധുനിക സമൂഹം എങ്ങിനെയാണ് പരിഷ്‌കരിക്കുന്നതെന്ന് നിരന്തരം നിശ്ശബ്ദ്ധ പോരാട്ടത്തിലൂടെ തെളിയിക്കുകയാണ് കേരളത്തിലെ മുസ്ലീം സ്ത്രീകൾ… പണ്ഡിത ഫത് വകൾ നിരന്തരം പുറപ്പെടുവിക്കുമ്പോഴും, സ്റ്റേജുകളിലും വേദികളിലും സദസ്സുകളിലും മതമുതലാളിമാർ അവർക്ക് വിലക്ക് ഏർപ്പെടുത്തുകയും മറകെട്ടി തിരിക്കുകയും ചെയ്യുമ്പോഴും അതൊക്കെ പാടേ അവഗണിച്ചു, അവർ അവരുടെ സർഗാത്മകതയിൽ ആഘോഷിക്കുകയാണ്. പണ്ഡിത വേഷത്തെ നോക്കി ഉള്ളാലെ ചിരിക്കുകയാണ്. കാലം എന്തു ഭംഗിയിലാണ് ചരിത്രത്തെ രൂപപ്പെടുത്തുന്നത്. ഷംല അത്രമേൽ അടയാളപെടുത്തപ്പെടണം. അഭിനന്ദനങ്ങൾ (‘പണ്ഡിത വേഷത്തെ നോക്കി അവർ ഉള്ളാലെ ചിരിക്കുകയാണ്, എന്തു രസായിട്ടാണ് കാലം കണക്കു തീർക്കുന്നത്!’ നവംബർ 4, സമകാലിക മലയാളം).

ഇതിനെ വിമർശിച്ചുകൊണ്ട് വസിം ആർ.എസ് എഴുതിയ ഫേസ്ബുക്ക് പോസ്റ്റ്: ആധുനിക സമൂഹമാണ് മുസ്ലീം സ്ത്രീകളെ പരിഷ്‌കരിച്ചതെന്നാണ് ഷുക്കൂർ വക്കീൽ പറയുന്നത്. മുസ്ലീം പ്രശ്‌നങ്ങളെക്കുറിച്ച് അഭിപ്രായം പറയുന്ന പലരും ആവർത്തിക്കാറുള്ള ഒരു ഒഴുക്കൻ പ്രയോഗമാണത്. മുസ്ലീം സ്ത്രീകൾ എന്തു ചെയ്യുന്നു, അവർക്ക് സ്വയം പ്രതിനിധാനമുണ്ടോ എന്നതു ഒരു പ്രശ്നം. ഏജൻസി എന്നതൊക്കെ ഒരുപാടു ചർച്ച ചെയ്തു ബോറടിച്ചതാണ്. യഥാർഥത്തിൽ ആധുനികം എന്നതു തന്നെ അപര നിർമ്മിതിയുടെ ഭാഷാവ്യവഹാരമായി പ്രവർത്തിക്കുന്നുവെന്നതാണ് വസ്തുത. ആരാണ് പുറത്തുള്ളതെന്ന് സൂചിപ്പിക്കാനാണ് പലപ്പോഴും ആധുനികം എന്ന ഭാഷാവ്യവഹാരം ശ്രമിച്ചിട്ടുള്ളതെന്ന് അനേകം സാമൂഹിക പഠനങ്ങൾ നിരീക്ഷിച്ചതാണ്. ഇതിനോടൊക്കെ മല്ലിട്ടാണ് കീഴാള സമുദായങ്ങൾ ഇന്ത്യയിൽ വികസിച്ചത്. എം.എസ്.എസ് പാണ്ഡ്യന്റെ രചനകൾ ഉദാഹരണം. ബഹുജനങ്ങളെ, അവരുടെ കാമനകളെ, ഉൾക്കൊള്ളാൻ ആധുനികം എന്ന എക്സ്‌ക്ലൂസീവ് ഭാഷാവ്യവഹാരത്തിന് ഒട്ടും താൽപര്യമില്ല. ഒരു രക്ഷകപിതാവിന്റെ ഭാഷാ സൂചനയായി അതു മിക്ക സന്ദർഭങ്ങളിലും പ്രവർത്തിക്കുന്നു. ഇതൊന്നും പക്ഷേ ഷുക്കൂർ വക്കീലിനെപ്പോലുള്ളവരെയോ അവരുടെ മീഡിയ പ്രമോട്ടർമാരെയോ ഉൾകൊള്ളുന്ന പാരലൽ വേൾഡിനെ പറഞ്ഞ് മനസ്സിലാക്കാൻ കഴിയില്ലെന്ന് മാത്രം (നവംബർ 4, ഫേസ്ബുക്ക്/വസീം ആർ.എസ്).

11. ചലച്ചിത്ര പുരസ്‌കാരത്തിലെ ബിസ്മയം

ഇത്തവണത്തെ കേരള ചലച്ചിത്ര അക്കാദമി പുരസ്‌കാരത്തെക്കുറിച്ച് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി ഗോപാലകൃഷ്ണൻ. അവാർഡ് നേടിയ മുസ്ലീങ്ങളുടെ പേര് മാത്രം എടുത്തുപറഞ്ഞാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടായിരുന്നു ഗോപാലകൃഷ്ണന്റെ കമന്റ്: ബിസ്മയം… ബിസ്മയം…മികച്ച നടി ഷംല ഹംസ… മികച്ച നടൻ മമ്മൂട്ടി… പ്രത്യേക ജൂറി പരാമർശം ആസിഫ് അലി. മികച്ച സ്വഭാവ നടൻ സൗബിൻ ഷാഹിർ… മികച്ച ഛായാഗ്രഹണം ഷൈജു ഖാലിദ്, മികച്ച നവാഗത സംവിധായകൻ ഫാസിൽ മുഹമ്മദ്… ഈ തെരഞ്ഞെടുപ്പ് കാലത്ത് ഇത് ബല്ലാത്ത ബിസ്മയം തന്നെ (‘മികച്ച നടി ഷംല, നടൻ മമ്മൂട്ടി…തെരഞ്ഞെടുപ്പ് കാലത്ത് ഇത് ബല്ലാത്ത ബിസ്മയം തന്നെ’; ഫേസ്ബുക്ക് പോസ്റ്റുമായി ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണൻ നവംബർ 4 മീഡിയ വൺ).

ബി ഗോപാലകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ്

തീവ്ര ഹിന്ദുത്വ നേതാവ് പ്രതീഷ് വിശ്വനാഥും സമാനമായ ആരോപണം ഉന്നയിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു: പുരസ്‌കാരം ലഭിച്ച മുസ്ലീങ്ങളുടെ പേരെടുത്തു പറഞ്ഞശേഷം – “അൽഹംദുലില്ലാ. …ബല്ലാത്ത ബിസ്മയം….?? സിനിമ ഞമ്മക്ക് ഹറാമാണ്” – എന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിച്ചത് (നവംബർ 4, ഫേസ്ബുക്ക്/ പ്രതീഷ് വിശ്വനാഥ്).

താൻ ആരുവാ?

ഇതിനെ വിമർശിച്ചുകൊണ്ട് അഭിനന്ദ് മുരളീധരന്റെ പോസ്റ്റ്: ഇസ്ലാമിനെ വിമർശിച്ചാൽ ഇസ്‌ലാമോഫോബിയ, മുസ്ലീങ്ങളുടെ പൗരവകാശത്തിന് വേണ്ടി സംസാരിച്ചാൽ മുസ്ലീമിന്റെ തന്ത ചമയുന്നു, മുസ്ലീമിന് അർഹതപ്പെട്ട പുരസ്‌ക്കാരം നൽകിയാൽ മുസ്ലീമിനെ സോപ്പ് ഇടുന്നു….അല്ല അറിയാന്മേലാഞ്ഞിട്ട് ചോദിക്കുവാ….. താൻ ആരുവാ? മൂരികൾക്കാണോ മുസ്ലീമിന്റെ അട്ടിപേറവകാശം? (നവംബർ 6, ഫേസ്ബുക്ക് പോസ്റ്റ്/ അഭിനന്ദ് മുരളീധരൻ).

‘മേത്ത’ അവാർഡുകൾ

നവംബർ ആറിന് രാമസിംഹൻ എന്ന ഐഡി പോസ്റ്റ് ചെയ്ത കുറിപ്പ്: മേത്ത അവാർഡുകൾക്ക് അഭിനന്ദനങ്ങൾ (നവംബർ 6, ഫേസ്ബുക്ക്/ രാമസിംഹൻ).

രാമസിംഹന്റെ ഫേസ് ബുക്ക് പോസ്റ്റ്

12. കേരളത്തിലെ ലവ് ജിഹാദും കൊലപാതക വീഡിയോയും

യുവതിയെ കഴുത്തറുത്ത് കൊല്ലുന്ന വിഡിയോ ഉത്തരേന്ത്യയിൽ പ്രചരിച്ചിരുന്നു. ഏതാനും പുരുഷന്മാർ ചേർന്ന് ഒരു സ്ത്രീയെ കഴുത്തറുത്ത് കൊല്ലുന്നതാണ് ദൃശ്യം. കേരളത്തിലെ ‘ലവ് ജിഹാദ്’ ഇരയാണിത് എന്ന പേരിലാണ് സംഘ്പരിവാർ അനുകൂല ഹാൻഡിലുകൾ ഈ വിഡിയോ പ്രചരിപ്പിക്കുന്നത്. ഈ വീഡിയോ പരിശോധിച്ച ആൾട്ട് ന്യൂസ് ഇത് നിഷേധിച്ചു: ഇതേ വിഡിയോ 2019ലും വൈറലായിരുന്നു. രാജസ്ഥാനിൽ നിന്നുള്ള ഹിന്ദു പെൺകുട്ടിയെ മുസ്ലീം സമുദായത്തിൽ പെട്ടയാൾ കൊലപ്പെടുത്തുന്നു എന്ന അടിക്കുറിപ്പോടെയാണ് അന്ന് ഈ വിഡിയോ പ്രചരിച്ചത്. നേരത്തെ, മലേഷ്യൻ മാധ്യമമായ ‘ന്യൂ സ്‌ട്രെയിറ്റ്‌സ് ടൈംസി’ൽ ഈ വിഡിയോ സംബന്ധിച്ച് വാർത്ത വന്നിരുന്നു. മലേഷ്യയിൽ നടന്ന ഒരു കൊലപാതകവുമായി ബന്ധപ്പെടുത്തി 2018 മാർച്ചിൽ അവിടെ ഈ വിഡിയോ വൈറലായിരുന്നു. ഇത് തെക്കേ അമേരിക്കയിൽ നടന്ന കൊലപാതകമാണ് എന്നായിരുന്നു മലേഷ്യൻ പൊലീസിന്റെ വിശദീകരണം. ഡിജിറ്റൽ വെരിഫിക്കേഷൻ ടൂളായ ഇൻവിഡ് ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ സംഭവം നടന്നത് തെക്കേ അമേരിക്കയിലെ ബ്രസീലിലാണ് എന്ന് ആൾട്ട് ന്യൂസ് കണ്ടെത്തി. 19 കാരിയായ ബ്രസീലിയൻ യുവതി ഡെബോറ ബെസ്സയെ, മയക്കുമരുന്ന് സംഘത്തിലെ അംഗമായ ആൻഡ്രെ ഡി സൂസ മാർട്ടിൻ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു (യുവതിയെ കഴുത്തറുത്ത് കൊല്ലുന്ന വിഡിയോ, കേരളത്തിലെ ലവ് ജിഹാദ് ഇരയെന്ന് ഇരയെന്ന് പ്രചാരണം; സത്യം പുറത്തുവിട്ട് ആൾട്ട് ന്യൂസ് നവംബർ 4, മാധ്യമം).

13. മംദാനി പ്രതിക്കൂട്ടിൽ

ഹമാസ് ബന്ധമുള്ള സംഘടനയിൽനിന്ന് സൊഹ്റാൻ മംദാനി പണം വാങ്ങിയെന്ന ആരോപണം ആവർത്തിച്ച് മറുനാടൻ മലയാളി: ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് വോട്ടുപിടിക്കുക, ജാതി മത സംഘടനകളുടെ ഫണ്ട് കൈപ്പറ്റുക, പച്ചമായ മതം ഇളക്കിവിട്ട് വോട്ട് പിടിക്കുക… സാധാരണ ഇത്തരം കാര്യങ്ങളൊക്കെ ഇന്ത്യപോലുള്ള രാജ്യങ്ങളിലാണ് നടക്കുക എന്നാണ് പൊതുവെ കരുതുക. പക്ഷേ, ഏറെ പുരോഗമിച്ചുവെന്ന് പറയുന്ന അമേരിക്കയിലും കാര്യങ്ങൾ അത്രയൊന്നും മാറിയിട്ടില്ല എന്ന് വ്യക്തമാക്കുകകയാണ്, ന്യൂയോർക്ക് സിറ്റി മേയർ തിരഞ്ഞെടുപ്പ്. മംദാനിയെ ഫണ്ട് ചെയ്യുന്നത് തീവ്ര ഇസ്ലാമിക സംഘടനകൾ ആണെന്ന ആരോപണം നേരത്തെ ട്രംപ് അടക്കമുള്ളവർ ഉന്നയിച്ചിട്ടുണ്ട്. ഹമാസ് ബന്ധമുള്ള സംഘടന മംദാനിക്ക് ഫണ്ട് ചെയ്തുവന്ന ഗുരുതര ആരോപണമാണ് ന്യൂയോർക്ക് ടൈംസ് അടക്കമുള്ള മാധ്യമങ്ങൾ ഉയർത്തുന്നത്. സൊഹ്‌റാൻ മംദാനി എന്ന, പ്രശസ്ത ഇന്ത്യൻ സംവിധായക മീരാ നയ്യാരുടെ മകന്റെ മറവിൽ ജിഹാദി സംഘടനകളാണെന്ന ആരോപണം നേരത്തെയുണ്ട്. ഇപ്പോൾ, മംദാനിയുടെ പ്രചാരണത്തിന് പ്രധാനമായും ഫണ്ട് നൽകിയത് ഹമാസ് ബന്ധം സംശയിക്കുന്ന സംഘടനയിൽ നിന്നാണെന്ന് വെളിപ്പെടുത്തിയത് അദ്ദേഹത്തിന്റെ രാഷ്ട്രീയ ഉപദേഷ്ടാവ് തന്നെയാണ് (ഹമാസ് ബന്ധമുള്ള സംഘടനയിൽ നിന്ന് 1,20,000 ഡോളർ; 1993- ലെ ബോംബാക്രമണക്കേസിൽ സംശയിക്കപ്പെടുന്ന ഇമാമുമായി അടുത്ത ബന്ധം; ന്യൂയോർക്ക് മേയർ തിരഞ്ഞെടുപ്പിൽ മുന്നിട്ടുനിൽക്കുന്ന ഇന്ത്യൻ വംശജൻ മംദാനി പ്രതിക്കൂട്ടിൽ; അമേരിക്കയിലെ ഇസ്ലാമിക രാഷ്ട്രീയം മറനീക്കുമ്പോൾ -എം റിജു- നവംബർ 4 മറുനാടൻ മലയാളി.)

സൊഹ്റാൻ മംദാനിയെക്കുറിച്ചുള്ള മറുനാടൻ മലയാളി വാർത്ത

14. ചിതലരിക്കുന്ന ക്രൈസ്തവ പഠന റിപ്പോർട്ട്

കേരള സർക്കാർ കേരളത്തിലെ കൃസ്ത്യാനികളുടെ ക്ഷേമ പദ്ധതികൾ രൂപീകരിക്കുന്നതിന്നായി പിന്നാക്കാവസ്ഥ പഠിച്ചു റിപ്പോർട്ട് സമർപ്പിക്കാൻ 2020ൽ നിയമിച്ച ജസ്റ്റിസ് ജെ ബി കോശി കമ്മറ്റിയുടെ നിർദേശങ്ങളിൽ തുടർനടപടികൾ കൈകൊള്ളുന്നില്ല എന്ന ആരോപണം ഉന്നയിക്കുന്ന ലേഖനം ജന്മഭൂമി പ്രസിദ്ധീകരിച്ചു. ലേഖനത്തിലെ ചില വാദങ്ങൾ: സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ കീഴിൽ നടപ്പാക്കുന്ന കോച്ചിങ് സെന്ററുകൾ ‘കോച്ചിങ് സെന്റർ ഫോർ മുസ്ലീം യൂത്ത്’ എന്ന പേരിലാണ് കേരളത്തിൽ ആരംഭിച്ചത്. സർക്കാർ പൊതുഖജനാവിൽ നിന്ന് പണമിറക്കി ഒരു മതവിഭാഗത്തിനുമാത്രമായി നൽകുന്നത് ശരിയോ? ചോദ്യങ്ങൾ ഉയർന്നപ്പോൾ തിരുത്തൽവന്നു. പ്രധാനമന്ത്രി ജൻ വികാസ് കാര്യക്രം പദ്ധതിയിൽ നിന്ന് ക്രൈസ്തവ ജനവാസമേഖലകളെ ഒന്നാകെ ഒഴിവാക്കി സംസ്ഥാന ന്യൂ നപക്ഷ വകുപ്പ് കൈക്കൊണ്ട നടപടിക്ക് നീതീകരണമില്ല. ഇതിനായി കേരളത്തിലെ 13 ജില്ലകളിൽ രൂപീകരിച്ച സമിതികളിൽ ക്രൈസ്തവ ജനസംഖ്യാനുപാതിക പ്രാതിനിധ്യവും അട്ടിമറിച്ചു. ന്യൂനപക്ഷ കമ്മീഷൻ ആക്ടിലെ ‘മറ്റൊരു’ മാറ്റി ‘ഒരു’ എന്നാക്കിയ ഭേദഗതി, കമ്മിഷൻ അംഗത്വത്തിൽ നിന്ന് ക്രൈസ്തവരെ പുറത്തിരുത്താൻ സർക്കാർ ബോധപൂർവ്വം ശ്രമിച്ചതിന്റെ തെളിവാണ് (ക്രൈസ്തവ പഠന റിപ്പോർട്ട് ചിതലരിക്കുമ്പോൾ, ഷെവലിയാർ വി സി സെബാസ്റ്റ്യൻ, നവംബർ 5 ജന്മഭൂമി).

15. ആധാറിൽ പാക് ചാരന്മാർ

യു.പി.എ സർക്കാർ ആവിഷ്‌കരിച്ച ആധാർ അപക്വമായിരുന്നെന്ന് ബിജെപി സംസ്ഥാനാധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അന്നത്തെ ഡേറ്റാ ബേസിൽ വ്യാജ എൻട്രികളുണ്ട്. അതിൽ പാകിസ്താനി ചാരന്മാരും ഉൾപ്പെടുന്നു. 2016-ൽ താൻ രാജ്യ സഭയിൽ ഇക്കാര്യം ഉന്നയിച്ചിരുന്നു. ആധാർ കാർഡുകളുടെ എണ്ണത്തിന്റെ കാര്യത്തിൽ ഇതര സംസ്ഥാനങ്ങളു മായി താരതമ്യപ്പെടുത്തുമ്പോൾ കേരളം വളരെ വലിയ വ്യത്യാസമാണ് രേഖപ്പെടുത്തുന്നത്. കേരളത്തിലെ ജനസംഖ്യയേക്കാൾ അരക്കോടിയിലധികം ആധാർ കാർഡുകൾ വിതരണം ചെയ്‌തെന്നാണ് വിവരം (ആധാറിൽ പാക് ചാരന്മാരും: രാജീവ് ചന്ദ്രശേഖർ നവംബർ 5, മംഗളം).

ബിജെപി നേതാവിന്റെ ആരോപണം ശരിയായിരുന്നെന്ന് കേരള കൗമുദി: കണക്കുകൾ ആരോപണം ശരിവയ്ക്കുന്നു. കേരളത്തി ലെ ജനസംഖ്യയെക്കാൾ അരക്കോടിയിലധികം ആധാർ കാർഡുകൾ വിതരണം ചെയ്തിട്ടുണ്ട്. ആധാറിന്റെ അടിസ്ഥാനത്തിൽ വ്യാപകമായി വോട്ടർ പട്ടികയിൽ അനർഹർ കടന്നുകൂടിയെന്നുവേണം കരുതാൻ. കേരളത്തിൽ ആരംഭിച്ച എസ്‌ഐആർ ഏറെ അനിവാര്യമായ പ്രക്രിയയാണ് (എസ്‌ഐആർ കേരളത്തിൽ അനിവാര്യം, ആധാറിലെ ‘ദേശവിരുദ്ധത’: രാജീവ് ചന്ദ്രശേഖറിന്റെ നിരീക്ഷണം ശരിവെച്ച് കണക്കുകൾ നവംബർ 5 കേരള കൗമുദി).

16. മംദാനിയും അൽ ഖേരളവും

മംമാദാനിയുടെ വിജയം ആഘോഷിച്ചവർക്കെതിരേ സംഘപരിവാർ നേതാവ് അഡ്വ. എം കൃഷ്ണരാജ്: സോഹ്‌റാൻ മംദാനി ന്യൂയോർക് മേയറായി ജയിച്ചു എന്ന് പറഞ്ഞു ഹാലിളകി മാപ്രാകൾ രാവിലെ തന്നെ ഇറങ്ങിയിട്ടുണ്ട്. ഇന്ത്യൻ വംശജൻ… ചെറുപ്പക്കാരൻ… അമേരിക്കയിലെ ആദ്യത്തെ മുസ്ലീം മേയർ…തുടങ്ങി അയാളെ പൊക്കിക്കൊണ്ട് ഇറങ്ങിയിട്ടുണ്ട് മാപ്രാകൾ. കേരളത്തിലെ മാപ്രാകളുടെ ഈ മംദാനി സ്‌നേഹത്തിന് കാരണം വളരെ സിമ്പിളാണ്. ഇന്ത്യൻ സിനിമ സംവിധായക മീരാ നായരുടെ മകനായ മംദാനി പച്ചക്ക് ഹിന്ദു മതത്തെ ചീത്ത വിളിക്കുന്ന ഒരു അമേരിക്കൻ മുസ്ലീമാണ് എന്നത് മാത്രം. അമേരിക്കയിലെ മേയർ തിരഞ്ഞെടുപ്പിൽ എല്ലായിടത്തും ട്രമ്പിന്റെ പാർട്ടി സ്ഥാനാർഥികൾ എല്ലാവരും തോറ്റമ്പി. കൃത്യവും വ്യക്തവുമായി ട്രമ്പ് ഭരണത്തിനെതിരായ ജനവിധി (നവംബർ 5, മംദാനിയും അൽ ഖേരളവും.ഫേസ്ബുക് പോസ്റ്റ്/ അഡ്വക്കേറ്റ് എം കൃഷ്ണരാജ്).

17. പിഎം ശ്രീ പദ്ധതി: മുസ്ലീം നേതാവിന്റെ പേരിൽ വ്യാജപോസ്റ്റർ

സിപിഐയുടെ എതിർപ്പ് അവഗണിച്ചുകൊണ്ട് മുന്നണിയിൽ ചർച്ച ചെയ്യാതെ സർക്കാർ ഒപ്പുവെച്ച പിഎം ശ്രീ പദ്ധതി വിഷയത്തിൽ സിപിഐ നിലപാട് മയപ്പെടുത്തണമെന്നും വിട്ടുവീഴ്ച ചെയ്യണമെന്നും ഉമ്മർ ഫൈസി മുക്കം പ്രസ്താവന നടത്തിയതായി ഒരു പോസ്റ്റർ പ്രചരിച്ചിരുന്നു. കൈരളി വാർത്താ ചാനലിന്റെ പേരിലുള്ള ന്യൂസ് കാർഡാണ് ഉപയോഗിച്ചിരിക്കുന്നത്. ‘പിഎം ശ്രീയിൽ സിപിഐ വിട്ടുവീഴ്ച്ച ചെയ്യണം – ഉമ്മർ ഫൈസി മുക്കം’ എന്ന ടെക്‌സ്റ്റിനൊപ്പം അദ്ദേഹത്തിന്റെ ചിത്രവും കൈരളിയുടെ ലോഗോയുമുണ്ട്. ഫാക്ട് ക്രെസെൻഡോ ഇത് പരിശോധിച്ചു. വ്യാജമാണെന്ന് കണ്ടെത്തി (പിഎം ശ്രീ വിഷയത്തിൽ സിപിഐ വിട്ടുവീഴ്ച ചെയ്യണമെന്ന് മുക്കം ഫൈസി- പ്രചരിക്കുന്ന ന്യൂസ് കാർഡ് വ്യാജം. ഫാക്ട് ക്രെസെൻഡോ നവംബർ 5)

18. ആബിദ് അടിവാരത്തിനെതിരേ ജിഹാദ് ആരോപണം

മലേഷ്യയിലിരുന്ന് ഭാരതത്തിനെതിരെ ജിഹാദ് നടത്തുന്ന ആബിദ് അടിവാരം മലേഷ്യയിലേക്ക് പന്ത്രണ്ട് മലയാളികളെ എത്തിച്ചു എന്ന് അഡ്വ. കൃഷ്ണരാജ് ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. അതിനെതിരേ ആബിദ് പോസ്റ്റിട്ടു: വെറുപ്പ് തിന്നും കുടിച്ചും ജീവിക്കുന്ന ദയനീയ ജന്മങ്ങൾ, ഒന്നും രണ്ടുമല്ല. ഇത് പോലുള്ള നൂറു കണക്കിന് ശവം തീനികളാണ് കേരളത്തിൽ ജീവിക്കുന്നത്. മുസ്ലീം കുട്ടികൾ പഠിക്കുന്നത് കണ്ടാൽ, മുസ്ലീങ്ങളുടെ വീട് കണ്ടാൽ, വ്യാപാര സ്ഥാപനങ്ങൾ കണ്ടാൽ, വാഹനം കണ്ടാൽ, അവർ നല്ല ഭക്ഷണം കഴിക്കുന്നത് കണ്ടാൽ ശരീരത്തിൽ വിഷം ഉത്പാദിപ്പിക്കപ്പെടുന്ന പ്രത്യേക തരം ജീവികൾ! (നവംബർ 4, ഫേസ്ബുക്ക് പോസ്റ്റ്/ ആബിദ് അടിവാരം)

19. പിഎഫ്ഐ ഭീകരത പുതു രൂപങ്ങളിൽ

യുഎപിഎ നിയമപ്രകാരം കേന്ദ്ര സർക്കാർ നിരോധിച്ച പോപ്പുലർ ഫ്രണ്ട് കേരളത്തിൽ അവരുടെ തന്നെ രാഷ്ട്രീയ പാർട്ടിയായ എസ്ഡിപിഐയുടെ ലേബലിലും മറ്റു ചില രൂപങ്ങളിലും പ്രത്യക്ഷപ്പെടുന്നുവെന്ന് ജന്മഭൂമി: അടുത്തിടെ ഐഡിഎഫ് ഐ എന്ന ഒരു സംഘടനയിൽ നിന്ന് താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയേലിന് ലഭിച്ച ഭീഷണിക്കത്ത് ഇതിന്റെ സൂചനയാണ്. തങ്ങൾ പോപ്പുലർ ഫ്രണ്ടിന്റെ പിന്തുടർച്ചക്കാരാണെന്ന് ഈ സംഘടന പറയുന്നു. ഇതൊരു അവകാശവാദം മാത്രമാണെന്ന് കരുതാനാവില്ല. പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂളിൽ യൂണിഫോമിന് വിരുദ്ധമായി ഒരു വിദ്യാർഥിനി ഹിജാബ് ധരിച്ചെത്തി പ്രശ്‌നം ഉണ്ടാക്കിയതിന് പിന്നിൽ പോപ്പുലർ ഫ്രണ്ടിന്റെ രാഷ്ട്രീയ മുഖമായ എസ്ഡിപിഐ ആണ്. പോപ്പുലർ ഫ്രണ്ടിനൊപ്പം ചില അനുബന്ധ സംഘടനകളെയും കേന്ദ്ര സർക്കാർ നിരോധിച്ചെങ്കിലും എസ്ഡിപിഐയെ നിരോധിച്ചിരുന്നില്ല. പോപ്പുലർ ഫ്രണ്ടിന്റെ പല നേതാക്കളെയും ജയിലിൽ അടയ്ക്കുകയുണ്ടായി. ഇവർക്ക് ഇതുവരെ കോടതി ജാമ്യം കൊടുത്തിട്ടുമില്ല. ഈ സാഹചര്യത്തിലാണ് ഇക്കൂട്ടരുടെ ഭീകര പ്രവർത്തനം പുതു രൂപങ്ങളിൽ പ്രത്യക്ഷപ്പെടുന്നത് (പിഎഫ്ഐ ഭീകരത പുതു രൂപങ്ങളിൽ, നവംബർ 6 ജന്മഭൂമി).

20. തെരഞ്ഞെടുപ്പ് കാലത്തെ ഇസ്‌ലാമോഫോബിയ

കേരളത്തിലെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഡിസംബർ 9, 11 തിയ്യതികളിലായിരുന്നു നടന്നത്. ഡിസംബർ 13 ന് വോട്ടെണ്ണൽ നടന്നു. നോട്ടിഫിക്കേഷൻ വന്നത് നവംബർ 14ന് ആയിരുന്നെങ്കിലും അതിന് മുമ്പുതന്നെ ഇതുസംബന്ധിച്ച ചർച്ചകൾ തുടങ്ങിയിരുന്നു. ഇസ്‌ലാമോഫോബിക് പ്രചാരണങ്ങൾക്കൊണ്ട് ശബ്ദുമുഖരിതമായിരുന്നു തെരഞ്ഞെടുപ്പ് കാലം.

യുഡിഎഫിൽ സ്വാധീനമുറപ്പിക്കാൻ ജമാഅത്തെ ഇസ്ലാമി

മതരാഷ്ട്രവാദ സംഘടനയായ ജമാഅത്തെ ഇസ്ലാമി യുഡിഎഫിൽ സ്വാധീനമുറപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് ദേശാഭിമാനി. തദ്ദേശ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ ആവശ്യപ്പെടാനാണ് തീരുമാനം. ജമാഅത്തെ ബന്ധത്തെച്ചൊല്ലി കോൺഗ്രസിലും ലീഗിലും പ്രാദേശിക ഘടകങ്ങളിൽ കടുത്ത എതിർപ്പുയർന്നു. എന്നാൽ, ജമാഅത്തെ ഇസ്ലാമിയെ പിണക്കരുതെന്ന് യുഡിഎഫ് ജില്ലാ നേതൃത്വം പ്രാദേശിക ഘടകങ്ങൾക്ക് നിർദ്ദേശം നൽകി. ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയരൂപമായ വെൽഫെയർ പാർടിയുമായി ഇതിനകം നിരവധി സ്ഥലങ്ങളിൽ സഖ്യമുണ്ട്. മറ്റിടങ്ങളിൽ ചർച്ച പുരോഗമിക്കുന്നു. വെൽഫെയർ പാർടിയുമായുള്ള യുഡിഎഫ് തെരഞ്ഞെടുപ്പ് സഖ്യം മുസ്ലീം ലീഗ് നിഷേധിച്ചിട്ടില്ല (യുഡിഎഫിൽ പിടിമുറുക്കാൻ ജമാഅത്തെ ഇസ്ലാമി; കൂടുതൽ തദ്ദേശ സ്ഥാപനങ്ങളിൽ സഖ്യം, നവംബർ 7, ദേശാഭിമാനി).

മുസ്ലീം ഔട്ട് റീച്ച് പ്രോഗ്രാം

തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി, കേരളത്തിലെ മുസ്ലീം വിഭാഗത്തെ പാർട്ടിയിലേക്ക് അടുപ്പിക്കുന്നതിനായി ബിജെപി ഒരു പുതിയ പദ്ധതി പ്രഖ്യാപിച്ചു, ‘മുസ്ലീം ഔട്ട് റീച്ച് പ്രോഗ്രാം’ എന്ന പേരിൽ. തിരുവനന്തപുരത്തെ ബിജെപി ആസ്ഥാനത്ത് നവംബർ 7ന് നടത്തിയ വാർത്താ സമ്മേളനത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. അബ്ദുൽ സലാമുമാണ് ഇതു സംബന്ധിച്ച വിവരങ്ങൾ അറിയിച്ചത്: ബിജെപി ഒരു മതത്തിന് എതിരാണെന്ന തരത്തിൽ രൂപപ്പെടുത്തിയ നുണ പൊളിച്ച് വിശ്വാസം ആർജിക്കാനാണ് നീക്കം. ഇതുവരെ വിഷം നിറച്ചുവച്ച രാഷ്ട്രീയത്തെ പൊളിക്കാനുള്ള ആത്മാർഥമായ ശ്രമമാണ് നടത്തുക. വോട്ടു പിടിക്കാനോ ആരെയും വിഡ്ഢിയാക്കാനോ ബിജെപിയില്ല. ബിജെപി സൃഷ്ടിക്കാൻ ശ്രമിക്കുന്ന വികസിത കേരളം എല്ലാവർക്കും വേണ്ടിയുള്ളതാണെന്ന സന്ദേശമായിരിക്കും എല്ലാ മുസ്ലീം വീടുകളിലും എത്തിക്കുക (മുസ്ലീം ഔട്ട് റീച്ച് പ്രോഗ്രാം; മുസ്ലീങ്ങളെ പാർട്ടിയുമായി അടുപ്പിക്കാൻ ഗൃഹ സന്ദർശനത്തിന് ബിജെപി, നവംബർ 7, സമകാലിക മലയാളം).

ജമാഅത്തെ ഇസ്‌ലാമിയുടെ ആശയ നേതൃത്വമാണ് യു.ഡി.എഫിന്

ജമാഅത്തെ ഇസ്‌ലാമിയുടെ ആശയ നേതൃത്വമാണ് യു.ഡി.എഫിനെന്ന് തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ: ജമാഅത്തെ ഇസ്‌ലാമിയുടെ ആശയ നേതൃത്വമാണ് യു.ഡി.എഫിന്. സംസ്ഥാന വ്യാപകമായി ജമാഅത്തെ ഇസ്‌ലാമിക്കൊപ്പം കൂട്ടുകക്ഷിയായി പ്രവർത്തിക്കാനാണ് യു.ഡി.എഫ് തീരുമാനം. ഇത് ഗൗരവമുള്ള വിഷയമാണ്. മതരാഷ്ട്ര വാദത്തെ പിന്തുണക്കുമെന്ന് ജമാഅത്തെ ഇസ്‌ലാമി വീണ്ടും പ്രഖ്യാപിച്ച സാഹചര്യത്തിലാണ് കോൺഗ്രസ് കൂട്ടുചേരുന്നത്. പരസ്യ കൂട്ടുകെട്ടില്ലെന്നാണ് കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് പ്രഖ്യാപിച്ചത്. അതിന്റെയർഥം രഹസ്യ കൂട്ടുകെട്ടുണ്ടാക്കുമെന്നാണ്. മുസ്ലീം ലീഗും ജമാഅത്തെ ഇസ്‌ലാമിയുമായി ചർച്ച നടത്തുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന ഘട്ടത്തിൽ ഇടതുമുന്നണി എല്ലായിടത്തും സ്ഥാനാർഥികളെ പ്രഖ്യാപിക്കും. സീറ്റ് ചർച്ചയിലും സ്ഥാനാർഥി നിർണയത്തിലുമടക്കം എവിടെയും പ്രശ്‌നങ്ങളില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു (തുടർഭരണം ഉറപ്പായതിനാൽ ആനുകൂല്യങ്ങളൊന്നും മുടങ്ങില്ല -എം.വി. ഗോവിന്ദൻ, നവംബർ 7, മാധ്യമം).

ജമാഅത്തെ ഇസ്ലാമിയുമായി പരസ്യ സഖ്യം

ജമാഅത്തെ ഇസ്ലാമിയുള്ള ബന്ധത്തെക്കുറിച്ച് ചർച്ച ചെയ്യൽ സിപിഎമ്മിന്റെ എല്ലായ്‌പ്പോഴുമുള്ള പ്രധാന തിരഞ്ഞെടുപ്പ് തന്ത്രങ്ങളിലൊന്നായിരുന്നു. ഡിസംബർ മാസത്തിൽ നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും അതുണ്ടായി. ഇതുസംബന്ധിച്ച് ദേശാഭിമാനി പ്രസിദ്ധീകരിച്ച റിപോർട്ട്: വെൽഫെയർ പാർട്ടിയുമായി രഹസ്യധാരണ മതിയെന്ന നിലപാടിലാണ് കോൺഗ്രസ്. പരസ്യമായി എതിർത്ത് മതനിരപേക്ഷ മുഖം സംരക്ഷിച്ചുകൊണ്ട് രഹസ്യധാരണയിൽ വോട്ടും സീറ്റും ഉറപ്പാക്കുക എന്നതാണ് കോൺഗ്രസിന്റെ തന്ത്രം. എന്നാൽ കോൺഗ്രസിന്റെത് നാടകമാണെന്നും ജമാഅത്തിനെ കൈവിട്ടില്ലെന്നുമുള്ള നിലപാടിലാണ് ലീഗ്. ജമാഅത്തെ ഇസ്ലാമി മതരാഷ്ട്രവാദം ഉപേക്ഷിച്ചെന്ന് സർട്ടിഫിക്കറ്റ് നൽകിയത് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആണെന്നും ലീഗ് കോൺഗ്രസിനെ ഓർമിപ്പിക്കുന്നു. ചില പഞ്ചായത്തുകളിൽ വെൽഫെയർ പാർട്ടിയുമായി ലീഗ് സഖ്യം ഉറപ്പാക്കിയിട്ടുണ്ട്. മലപ്പുറത്ത് കോൺഗ്രസിനേക്കാൾ ഗുണം വെൽഫെയർ പാർട്ടിയുമായുള്ള സഖ്യമാണെന്നാണ് ജില്ലാ ലീഗ് നേതാക്കൾ പറയുന്നത് (ജമാഅത്തെ ഇസ്ലാമിയുമായി പരസ്യ സഖ്യത്തിന് ലീഗ്, നവംബർ 8, ദേശാഭിമാനി).

വെൽഫെയർ പാർട്ടി പിന്തുണ: സിപിഎമ്മിന്റേത് അവസരവാദം

വെൽഫെയർ പാർട്ടി പിന്തുണയെക്കുറിച്ച സിപിഎമ്മിന്റെ നിലപാട് അവസരവാദപരമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ: തദ്ദേശ തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടി യുഡിഎഫിന് പിന്തുണ നൽകിയിട്ടുണ്ട്. അത് സ്വീകരിച്ചിട്ടുണ്ട്. മറ്റ് നിക്കു പോക്കുകളൊന്നുമില്ല. അക്കാര്യം അവരും വ്യക്തമാക്കിയിട്ടുണ്ട്. അവർ ഞങ്ങളുടെ മുന്നണിയുമായി പ്രത്യക്ഷമായോ പരോക്ഷമായോ പ്രവർത്തിക്കുന്നില്ല. മൂന്ന് പതിറ്റാണ്ടുകാലം വെൽഫെയർപാർട്ടിയുടെ പഴയ രൂപമായ ജമാഅത്തെ ഇസ്ലാമി സി.പി.എമ്മിന് പിന്തുണ നൽകിയിരുന്നതാണ്. പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ജമാഅത്തെ ഇസ്ലാമിയുടെ ആസ്ഥാനത്ത് പോകാൻ ഒരു മടിയും ഉണ്ടായിരുന്നില്ല. അന്ന് വർഗീയവാദം ഉണ്ടായിരുന്നില്ലേ?. ഇതെല്ലാം സി.പി.എമ്മിന്റെ അവസരവാദമാണ് (വെൽഫെയർ പാർട്ടി പിന്തുണ യു.ഡി.എഫ് സ്വീകരിക്കും; സിപിഎമ്മിന്റേത് അവസരവാദമെന്ന് പ്രതിപക്ഷ നേതാവ്, നവംബർ 10, മാധ്യമം).

ലീഗിന് ജമാഅത്തെയും എസ്ഡിപിഐയും മതി

ജമാഅത്തെ ഇസ്ലാമിയെയും എസ്ഡിപിഐയെയും കൂടെ നിർത്താൻ തന്ത്രങ്ങൾ മെനയുന്ന മുസ്ലീം ലീഗ് മലപ്പുറം ജില്ലയിൽ കോൺഗ്രസിനെ പാടെ തഴയുന്നുവെന്ന് ജനയുഗം ലേഖനം: ജില്ലാ പഞ്ചായത്തിലടക്കം തദ്ദേശ സ്ഥാപനങ്ങളിൽ കോൺഗ്രസ് മത്സരിച്ചുകൊണ്ടിരിക്കുന്ന സീറ്റുകൾ പോലും അനുവദിക്കാൻ ലീഗ് തയ്യാറായിട്ടില്ല. കോൺഗ്രസിന്റെ സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നതിനും ഇടപെട്ടുകൊണ്ടിരിക്കുകയാണ്. കോൺഗ്രസിന്റെ ആവശ്യം ചർച്ചയ്ക്ക് പോലും എടുക്കാതെ സ്വന്തം സ്ഥാനാർതികളെ പ്രഖ്യാപിച്ചു. യുഡിഎഫ് സംവിധാനത്തെ സ്വന്തം പോക്കറ്റിലാക്കിയിരിക്കയാണ് മുസ്ലീം ലീഗ്. ജമാഅത്തെ ഇസ്ലാമിയുടെ വെൽഫയർ പാർട്ടിയുമായി സീറ്റ് ധാരണയുണ്ടാക്കാൻ നേതാക്കളെ ചുമതലപ്പെടുത്തിയ ലീഗ് നേതൃത്വം തങ്ങൾ ഒറ്റയ്ക്ക് ഭരണം പിടിക്കാൻ സാധ്യതയുള്ള ഇടങ്ങളിൽ എസ്ഡിപിഐയെയും കൂടെക്കൂട്ടുന്നുണ്ട്. വെൽഫയർ-എസ്ഡിപിഐ സഖ്യത്തെ അംഗീകരിക്കാത്ത കോൺഗ്രസ് നേതാക്കളെ അകറ്റി നിർത്തിയാണ് ലീഗിന്റെ പ്രവർത്തനം. കടുത്ത തീവ്രസ്വഭാവമുള്ള സംഘടനകളെ കൂടെ കൂട്ടി അവർക്കുകൂടി ഭരണത്തിൽ പങ്കാളിത്തം ഉറപ്പാക്കി കൊടുക്കുകയും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാന വ്യാപകമായി ഈ വിഭാഗത്തിന്റെ പിന്തുണ ഉറപ്പാക്കാനുമുള്ള ശ്രമമാണ് ലീഗ് നേതൃത്വം നടത്തുന്നത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ഈ അജണ്ട ഭാഗികമായി നടപ്പാക്കിയിരുന്നെങ്കിലും ഇക്കുറി പരസ്യമായി ജില്ലയിൽ വ്യാപകമായി വെൽഫെയർ-എസ്ഡിപിഐ പാർട്ടികളെ യുഡിഎഫിന്റെ ഭാഗമാക്കിയിരിക്കുകയാണ് ലീഗ് (മലപ്പുറത്ത് ലീഗിന് ജമാഅത്തെയും എസ്ഡിപിഐയും മതി, കോൺഗ്രസിനെ വേണ്ട, സുരേഷ് എടപ്പാൾ, നവംബർ 14, ജനയുഗം).

ലീഗിന് മുമ്പിൽ മുട്ടുമടക്കി കോൺഗ്രസ്

കോട്ടയം പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ യുഡിഎഫിൽ ലീഗിന് സീറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട ജന്മഭൂമി വാർത്ത: മുസ്ലീം ലീഗ് കണ്ണുരുട്ടിയതോടെ ജില്ലാ പഞ്ചായത്തിൽ കോൺഗ്രസ് സീറ്റ് നൽകി. മുസ്ലീം ലീഗിന് കാര്യമായ സ്വാധീനമില്ലാത്ത ജില്ലയാണ് കോട്ടയം. അവിടെയാണ് കോൺഗ്രസിനെ വരച്ച വരയിൽ നിർത്തി ലീഗ് സീറ്റ് തരപ്പെടുത്തിയത്. കോൺഗ്രസ് നേത്യത്വത്തിന്റെ തീരുമാനം ആത്മഹത്യാപരമാണെന്ന അഭിപ്രായം പാർട്ടിക്കുള്ളിൽ ശക്തമായിട്ടുണ്ട്. സീറ്റ് തന്നില്ലെങ്കിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന ഭീഷണി ലീഗ് ആവർത്തിച്ചതോടെയാണ് നേതൃത്വം വഴങ്ങാൻ തീരുമാനിച്ചത്. ഇതിൽ സംസ്ഥാന ലീഗ് നേതൃത്വത്തിന്റെ ഇടപെടലും ഉണ്ടായതായാണ് അറിയുന്നത്. ലീഗിന്റെ സമ്മർദ്ദങ്ങൾക്ക് വഴങ്ങേണ്ടതില്ലായിരുന്നുവെന്ന അഭിപ്രായമാണ് കേരളാ കോൺഗ്രസിനുള്ളത് (കോട്ടയത്ത് മുസ്ലീം ലീഗിന് മുമ്പിൽ മുട്ടുമടക്കി കോൺഗ്രസ്, നവംബർ 16, ജന്മഭൂമി).

ജമാഅത്തെ, കോൺഗ്രസ് ബന്ധം

കോൺഗ്രസ് നേതാവും കെപിസിസി അംഗവുമായ കെ ടി ജയിംസും കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാറും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്തുവന്നു. ഇതിനെക്കുറിച്ച് ദേശാഭിമാനിയുടെ റിപോർട്ട്: മതരാഷ്ട്രവാദികളായ ജമാഅത്തെ ഇസ്ലാമിയുമായി തെരഞ്ഞെടുപ്പ് സഖ്യമില്ലെന്ന നേതൃത്വത്തിന്റെ വാദം പൊളിച്ചുകൊണ്ട് കോൺഗ്രസ് നേതാക്കന്മാരായ കെപിസിസി അംഗം കെ.ടി ജയിംസും കോഴിക്കോട് ഡി സിസി പ്രസിഡന്റ് കെ പ്രവീൺകുമാറും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്ത്. ജമാഅത്തെയുടെ രാഷ്ട്രീയരൂപമായ വെൽഫെയർ പാർടിയുമായുള്ള സീറ്റ് ചർച്ചയുടെ വിശദാംശങ്ങൾ ഓഡിയോയിലുണ്ട്. പഞ്ചായത്തുമുതൽ ജില്ലവരെയും നഗരസഭകളിലുമെല്ലാം വെൽഫെയറുമായി സജീവസഖ്യം സ്ഥാപിക്കുമ്പോഴും ബന്ധം നിഷേധിച്ച് കള്ളപ്രസ്താവന തുടരുകയാണ് കോൺഗ്രസ് നേതാക്കൾ (ജമാഅത്തെ, കോൺഗ്രസ് സഖ്യചർച്ച പുറത്ത്, പി.വി ജീജോ, നവംബർ 19, ദേശാഭിമാനി).

വെള്ളാപ്പള്ളി മതനിരപേക്ഷവാദി

തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെ 24 ന്യൂസ് അഭിമുഖംചെയ്തു. വെള്ളാപ്പള്ളി നടേശന്റെ വിദ്വേഷപരാമർശങ്ങളും ചർച്ചയിൽ വന്നു. അതേക്കുറിച്ച് എം.വി ഗോവിന്ദന്റെ പ്രതികരണം: മതനിരപേക്ഷവാദികളെ വർഗീയവാദികളായി ചിത്രീകരിക്കരുത്. മതത്തിന്റെ പേരുപയോഗിച്ച് രാഷ്ട്രീയ അധികാരത്തിലേക്ക് പ്രവേശിക്കുന്നതിനുള്ള ബോധപൂർവമായ ശ്രമമാണ് വർഗീയത. സമൂഹത്തിൽ എല്ലാ ജനവിഭാഗങ്ങൾക്കും സമാധാനത്തോടെയും സഹവർത്തിത്വത്തോടെയും കഴിയാൻ പറ്റാത്ത രൂപത്തിൽ ഭിന്നിപ്പുണ്ടാകുന്ന എല്ലാവരും വർഗീയവാദികൾ ആണെങ്കിൽ ഒന്നാമത്തെ പ്രതി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആയിരിക്കും. ജമാഅത്തെ ഇസ്ലാമിയെയും എസ്ഡിപിഐയെയും മുന്നണിയിൽ എടുത്തിട്ടുള്ള വി.ഡി സതീഷനും കുഞ്ഞാലിക്കുട്ടിക്കും വർഗീയതയെ കുറിച്ച് പറയാൻ അവകാശമില്ല (നവംബർ 19, മീഡിയവൺ ഓൺലൈൻ).

മതരാഷ്ട്രവാദികളുമായുള്ള സഖ്യം സമ്മതിച്ച് ലീഗ്

മലപ്പുറം കോഡൂർ പഞ്ചായത്തിൽ മുസ്ലീം ലീഗ്, കോൺഗ്രസ് സ്ഥാനാർഥികൾക്കൊപ്പം വെൽഫെയർ പാർട്ടിയുടെ സ്ഥാനാർഥിയെയും പ്രഖ്യാപിക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചു. കോഡൂരിൽ നടന്ന യുഡിഎഫ് യോഗത്തിനുശേഷം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി തങ്ങളുടെ ജ്യേഷ്ഠൻ ഉമറലി തങ്ങളുടെ മകനായ റഷീദലിയാണ് പേരുകൾ പ്രഖ്യാപിച്ചത്.
ഇതേ കുറിച്ച ദേശാഭിമാനി വാർത്ത: മതരാഷ്ട്രവാദികളായ ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ രൂപമായ വെൽഫെയർ പാർടിയുടെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് പാണക്കാട് റഷീദലി തങ്ങൾ. ജമാഅത്തെ സ്ഥാനാർഥിയെ പ്രഖ്യാപിച്ച് പാണക്കാട് തങ്ങൾ; മതരാഷ്ട്രവാദികളുമായുള്ള സഖ്യം സമ്മതിച്ച് ലീഗ്-ഇതായിരുന്നു വാർത്തയുടെ ശീർഷകം (നവംബർ 20, ദേശാഭിമാനി).

വർഗീയതയുമായി കൂട്ടുകൂടുന്നത് കോൺഗ്രസും യുഡിഎഫും

എക്കാലത്തും വർഗീയതയുമായി കൂട്ടുകൂടിയും സഹകരിച്ചും പ്രവർത്തിക്കുന്നത് കോൺഗ്രസും യൂഡിഎഫുമാണെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി. കേരളത്തിന് പുറത്ത് ശണ്ഠ കൂടുന്നതായി ഭാവിക്കുന്ന കോൺഗ്രസും ബിജെപിയും ഇവിടെ സിപിഎമ്മിനും എൽഡിഎഫിനുമെതിരെ ഒറ്റക്കെട്ടാണ്, മുസ്ലീം ലീഗിന്റെ അറിവോടെ ന്യൂനപക്ഷ വർഗീയതയുമായും അവർ കുടിയാലോചന നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി കോർപ്പറേഷനിലെ എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തദ്ദേശതെരഞ്ഞെടുപ്പിൽ എൽഡിഎഫ് നടത്തിയ വികസന ക്ഷേമപ്രവർത്തനങ്ങൾ പരിഗണിക്കുന്നതോടൊപ്പം വർഗീയതയുമായി കൂട്ടുകൂടുന്നവരെ അകറ്റിനിർത്താനും ജാഗ്രതയുണ്ടാകണം. കേരളത്തിന്റെ സുരക്ഷിതഭാവിക്കും ക്ഷേമത്തിനും അത് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു (വർഗീയതയുമായി കൂട്ടുകൂടുന്നത് കോൺഗ്രസും യുഡിഎഫും: എം.എ ബേബി, നവംബർ 20, ദേശാഭിമാനി).

ന്യൂനപക്ഷ തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നു

മുസ്ലീം ലീഗ് ന്യൂനപക്ഷ തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നതായും ചില സ്ഥലങ്ങളിൽ മുസ്ലീം ലീഗിന്റെ അനുഗ്രഹാശിസ്സുകളോടു കൂടി ന്യൂനപക്ഷ തീവ്രവാദ പ്രവർത്തനം ശക്തിപ്പെടുന്നത് ആർഎസ്എസിന് വളരെ ഇഷ്ടമാണെന്നും എം.എ ബേബി ആരോപിച്ചു. എൽഡിഎഫിന്റെ കൊച്ചി നഗരസഭാ തെരഞ്ഞെടുപ്പ് കൺവെൻഷനിലായിരുന്നു ബേബിയുടെ പരാമർശം: ന്യൂനപക്ഷ വർഗീയ തീവ്രവാദം ആർഎസ്എസിന്റെ മറ്റേ പതിപ്പാണ്. അഭിമന്യുവിനെ കൊന്നവരുമായി കോൺഗ്രസ് കൂടിയാലോചന നടത്തി. തീവ്രവാദ പ്രവർത്തനത്തിന് ന്യായീകരണം ലഭിക്കുന്നു. ഡൽഹിയിൽ ബോംബ് സ്ഫോടനം നടന്നപ്പോൾ സിപിഎം ആദ്യം തന്നെ അപലപിച്ചു. കോൺഗ്രസ് എന്തെങ്കിലും പറഞ്ഞിട്ടുണ്ടോയെന്ന് അറിയില്ല. സിപിഎമ്മും ഇടതുപക്ഷവും മതനിരപേക്ഷതയ്ക്ക് വേണ്ടി നിലകൊള്ളുന്നു. ഇടതുപക്ഷം സമൂഹത്തിൽ മത സൗഹാർദത്തിന് വേണ്ടി നിലകൊള്ളുന്നുവെന്നും എം.എ ബേബി പറഞ്ഞു (മുസ്ലീം ലീഗ് ന്യൂനപക്ഷ തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നു; വിവാദ പരാമർശവുമായി എം.എ ബേബി, നവംബർ 20, റിപ്പോർട്ടർ ഓൺലൈൻ).

ക്രൈസ്തവരോട് ഇരട്ടനീതി

തദ്ദേശ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ സർക്കാരിനെതിരെ സീറോ മലബാർ സഭ ആഞ്ഞടിച്ചു: വിശ്വാസികൾ വോട്ട് ചെയ്യേണ്ടത് ക്രൈസ്തവരെ സംരക്ഷിക്കുകയും ചേർത്തു നിർത്തുകയും ചെയ്തവർക്ക് ആയിരിക്കണം. ഭിന്നശേഷി വിഷയത്തിൽ സർക്കാരിന്റേത് ഇരട്ട നീതിയാണ്. അധികാര മോഹികളെയും നിക്ഷിപ്ത താല്പര്യക്കാരെയും നീതിപൂർവമായ നിലപാടുകളെടുക്കാൻ ധൈര്യമില്ലാത്തവരെയും സംഘടിത ശക്തികളിലൂടെ മുന്നിൽ പ്രീണനത്തിന്റെ വിലകെട്ട രാഷ്ട്രീയം ശീലമാക്കുന്നവരെയും വിലയിരുത്താനുള്ള സമയമാണിത്. ആരെ തെരഞ്ഞെടുക്കണമന്നും ഏതു മുന്നണിയുടെ രാഷ്ട്രീയത്തെ പിന്തുണയ്ക്കണമെന്നും ക്രൈസ്തവർ തീരുമാനിക്കേണ്ടത് കഴിഞ്ഞ അഞ്ചുവർഷങ്ങളിൽ ക്രൈസ്തവർ ഉയർത്തിയതികച്ചും നീതിപൂർവകമായ ആവശ്യങ്ങളോട് ആരൊക്കെ എങ്ങനെ പ്രതികരിച്ചു എന്നത് നോക്കിയായിരിക്കണം. മുനമ്പം വിഷയം, കോശി കമ്മീഷൻ റിപ്പോർട്ട്, ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലെ 80 : 20 എന്ന അന്യായമായ അനുപാതം, ക്രൈസ്ത സ്ഥാപനങ്ങൾക്ക് നേരെ നടന്ന അധിനിവേശ ശ്രമങ്ങളിൽ പുലർത്തിയ കുറ്റ കരമായ മൗനം, ഭിന്നശേഷി വിഷയത്തിലെ ഇരട്ട നീതി, മലയോര കർഷകരോടുള്ള സമീപനം, വന്യജീവി ശല്യം നിയന്ത്രിക്കുന്നതിൽ നാളിതുവരെ പുലർത്തുന്ന അനങ്ങാപ്പാറനയം, ഇങ്ങനെ നിരവധിയുണ്ട് ചിന്തിക്കാനുള്ള വിഷയങ്ങൾ (വിശ്വാസികൾ വോട്ട് ചെയ്യേണ്ടത് ക്രൈസ്തവരെ സംരക്ഷിക്കുന്നവർക്ക്: സിറോ മലബാർ സഭ, നവംബർ 21, മെട്രോ വാർത്ത).

യുഡിഎഫിന് കൂട്ട് ജമാഅത്തെ ഇസ്ലാമി

എം.വി ഗോവിന്ദൻ കൊല്ലം ജമാഅത്തെ ഇസ്ലാമിയെ കൂട്ടുപിടിച്ചാണ് യുഡിഎഫ് തദ്ദേശ തെരഞ്ഞെടുപ്പിനെ നേരിടുന്ന തെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. കരുനാഗപ്പള്ളിയിൽ എൽഡിഎഫ് കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയാരുന്നു അദ്ദേഹം: യുഡിഎഫിന്റെ സഖ്യശക്തി ജമാഅത്തെ ഇസ്ലാമിയാണെന്ന് അവർ തന്നെ പരസ്യമായി സമ്മതിച്ചു. ഇതിന് നേതൃത്വം നൽകുന്നത് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും പി.കെ കുഞ്ഞാലികുട്ടിയുമാണ്. ഇവർക്കൊപ്പം നിൽക്കുന്ന യുഡിഎഫ് വർഗീയവാദ സമീപനം അംഗീകരിക്കുകയാണ്. മറുഭാഗത്ത് ബിജെപിയും ആർഎസ്എസും. ഹിന്ദുത്വ അജണ്ട വച്ച് മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും കമ്യൂണിസ്റ്റുകളെയും ഇന്ത്യയിൽ ജീവിക്കാൻ അനുവദിക്കില്ല എന്നതാണ് ആർഎസ്എസിന്റെ സിദ്ധാന്തം. ഇതാണ് ബിജെപിയുടെ നിലപാടും. രണ്ടുതരം വർഗീയവാദികളെയും ഇടതുപക്ഷം പരാജയപ്പെടുത്തും (യുഡിഎഫിന് കൂട്ട് ജമാഅത്തെ ഇസ്ലാമി: എം. വി ഗോവിന്ദൻ, നവംബർ 21, ദേശാഭിമാനി).

ലീഗിന്റെ മൗദൂദിപ്രേമം, വടക്ക് ലീഗ് ‘ഇൻ ‘തെക്ക് ‘ഔട്ട്’

തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി ‘വടക്ക് ലീഗ് ‘ഇൻ ‘തെക്ക് ‘ഔട്ട്’ എന്ന ശീർഷകത്തിൽ ദേശാഭിമാനി ശ്രദ്ധേയമായ ഒരു ലേഖനം പ്രസിദ്ധീകരിച്ചു. വെൽഫെയർപാട്ടിക്ക് വേണ്ടി സ്വന്തം സീറ്റ് വിട്ടുകൊടുത്തതും തെക്കൻ മേഖലകളിൽ ലീഗിനെ തഴഞ്ഞതുമായിരുന്നു ലേഖനത്തിലെ വിഷയം:

തെക്കൻ കേരളത്തിൽ സീറ്റ് നൽകാതെ കോൺഗ്രസ് ലീഗിനെ അവഗണിച്ചു. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ലീഗിനെ തഴഞ്ഞത്. ഇവിടങ്ങളിൽ ജില്ലാ പഞ്ചായത്തിൽ ഒരിടത്തും ലീഗിനെ പരിഗണിച്ചില്ല. സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങൾ പരസ്യമായി പറഞ്ഞിട്ടും കോൺഗ്രസ് ഗൗനിച്ചില്ല. തെക്കൻ ജില്ലകളിൽ ലീഗിന് സീറ്റ് നൽകിയാൽ ക്രൈസ്തവ, നായർ വോട്ടുകൾ നഷ്ടമാകുമെന്ന ഭീതിയിലാണ് കോൺഗ്രസ്. സമുദായ സന്തുലനത്തെ ഇത് ബാധിക്കുമെന്നും കോൺഗ്രസ് കരുതുന്നു. ആദ്യഘട്ടം തെരഞ്ഞെടുപ്പ് നടക്കുന്ന ഏഴ് ജില്ലകളിൽ ജില്ലാ പഞ്ചായത്തിൽ ലീഗിന് നൽകിയത് മൂന്നുസീറ്റ് മാത്രമാണ്. മുസ്ലീം ലീഗ് കഴിഞ്ഞ വർഷത്തേക്കാൾ ഇരട്ടി സീറ്റ് ജമാഅത്തെ ഇസ്ലാമിയുടെ വെൽഫെയർ പാർട്ടിക്ക് നൽകി. ഇത് മുസ്ലീം ലീഗിന്റെ മൗദൂദിപ്രേമമാണ്. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽകണ്ടാണിത്. മതരാഷ്ട്രവാദികളായ ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ കക്ഷിയായ വെൽഫെയർ പാർടിയുമായി മുസ്ലീം ലീഗിന് തെരഞ്ഞെടുപ്പ് ബന്ധമുണ്ടെന്ന് അഖിലേന്ത്യാ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ സ്ഥിരീകരിച്ചു. വെൽഫെയർ പാർട്ടിയുമായി തെരഞ്ഞെടുപ്പ് അഡ്ജസ്റ്റ്‌മെന്റുണ്ടാക്കിയിട്ടുണ്ടെന്ന് ഇ.ടി മുഹമ്മദ് ബഷീർ പറഞ്ഞിരുന്നു. ജമാഅത്തെ ബന്ധം നിഷേധിക്കുന്ന കോൺഗ്രസിനെയടക്കം വെട്ടിലാക്കുന്നതാണ് ബഷീറിന്റെ പരസ്യസമ്മതം (വടക്ക് ലീഗ് ‘ഇൻ ‘തെക്ക് ‘ഔട്ട്’, നവംബർ 21, ദേശാഭിമാനി).

ജില്ല പഞ്ചായത്ത് സീറ്റ് വിഭജനത്തിൽ അഞ്ച് തെക്കൻ ജില്ലകളിൽ മുസിംലീഗിനെ അവഗണിക്കുന്നതിലുള്ള അതൃപ്തി പാർട്ടി ഉന്നത നേതൃത്വം പരസ്യമായി പ്രകടിപ്പിച്ച വാർത്തയും അതേ ദിവസം ദേശാഭിമാനി നൽകി. സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കു പിന്നാലെ ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയും ഈ വിഷയത്തിൽ വ്യാഴാഴ്ച്ച പരസ്യ പ്രതികരണം നടത്തിയതായും വാർത്തയിൽ പറയുന്നു (ജില്ല പഞ്ചായത്ത് സീറ്റ് വിഭജനം: തെക്കൻ കേരളത്തിൽ അവഗണന; അത്യപ്തി വീണ്ടും പരസ്യമാക്കി ലീഗ്, നവംബർ 21, ദേശാഭിമാനി).

വയനാട്ടിൽ കോൺഗ്രസ് പാർട്ടിയെ നേതാക്കൾ മുസ്ലീം ലീഗിന് തൂക്കിവിറ്റെന്ന പരാതിയുമായി കോൺഗ്രസ് നേതാവ്. മുൻ ഡിസിസി ജനറൽ സെക്രട്ടറി ഗോകുൽദാസ് കോട്ടായിലാണ് പഞ്ചായത്തുകളിൽ ഒരുചർച്ചയുമില്ലാതെ ലീഗിന് സീറ്റ് വാരിക്കൊടുത്തെന്ന് ആരോപിച്ചത്. ഗോകുൽദാസിന്റെ വാദം ഡിസിസി പ്രസിഡന്റ് ടി ഐസക് തള്ളി (ആഞ്ഞടിച്ച് മുൻ ഡിസിസി ജനറൽ സെക്രട്ടറി, നവംബർ 21, ദേശാഭിമാനി).

ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ

‘ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ’ എന്ന വരികൾ ചേർത്ത് വെൽഫെയർ പാർട്ടി സ്ഥാനാർത്ഥി സാറ കൂടാരത്തിന്റെ പേരിൽ വ്യാജപോസ്റ്റർ സമൂഹ മാധ്യമത്തിലൂടെ പ്രചരിച്ചു. നിലവിൽ കൗൺസിലറായ സാറയ്ക്ക് 2020 നടന്ന തെരെഞ്ഞെടുപ്പിലും സമാന അനുഭവം നേരിട്ടിരുന്നു.

മുക്കം നഗരസഭ 18-ാം ഡിവിഷനിൽ നിന്ന് മത്സരിക്കുന്ന വെൽഫെയർ പാർട്ടി സ്ഥാനാർത്ഥിയാണ് സാറ കൂടാരം. പോസ്റ്ററിൽ സാറാ കൂടാരത്തിന്റെ ഫോട്ടോയ്‌ക്കൊപ്പം ജമാഅത്തെ ഇസ്ലാമി സ്ഥാപകൻ അബുൽ അഹ്ല മൗദൂദി, മുസ്ലീം ലീഗ് നേതാക്കളായ ഹൈദരലി ശിഹാബ്തങ്ങൾ, കുഞ്ഞാലികുട്ടി എന്നിവരുടെ ഫോട്ടോകളാണ് ചേർത്തിരിക്കുന്നത്. ഏറ്റവും മുകളിലായാണ് ‘ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ’ എന്ന വരികൾ ചേർത്തിരിക്കുന്നത്. 2020-ൽ സമാന അനുഭവം നേരിട്ടപ്പോൾ ഇത് പ്രചരിപ്പിച്ച സമൂഹ മാധ്യമ അക്കൗണ്ടുകൾക്കെതിരെ മുക്കം പൊലീസ്, ജില്ലാ കലക്ടർ, തെരഞ്ഞെടുപ്പ് കമ്മിഷൻ എന്നവർക്ക് പരാതി നൽകുകയും മുക്കം പൊലീസ് കേസ് എടുക്കുകയും ചെയ്തിരുന്നു. എന്നാൽ ഇത്തവണയും ഇത് ആവർത്തിക്കുകയാണ് (ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ’, എന്ന വരികൾ പോസ്റ്ററിൽ, തന്റെ പേരിൽ പ്രചരിക്കുന്നത് വ്യാജ പോസ്റ്ററുകളെന്ന് സ്ഥാനാർത്ഥി, പരാതി, നവംബർ 21, ഏഷ്യാനെറ്റ്).

വ്യാജ പോസ്റ്ററുകൾ പ്രചരിച്ച വാർത്ത, ഏഷ്യാനെറ്റ് ന്യൂസ്.

ഇതേ പോസ്റ്റർ പങ്കുവച്ചുകൊണ്ട് തീവ്ര ഇസ്ലാമിക നയങ്ങളുള്ള വെൽഫെയർ പാർട്ടി സ്ഥാനാർഥി യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്നുവെന്നും പ്രചാരണം നടന്നു. പ്രചരണം വ്യാജമാണെന്നും പഴയ പോസ്റ്റർ എഡിറ്റ് ചെയ്തതാനെന്നും ഫാക്റ്റ് ചെക്ക് സൈറ്റുകൾ കണ്ടെത്തി (തീവ്ര ഇസ്ലാമിക നയങ്ങളുള്ള വെൽഫെയർ പാർട്ടി സ്ഥാനാർഥി യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്നു..? പ്രചാരണത്തിന്റെ സത്യമിങ്ങനെ, നവംബർ 24, ഫാക്റ്റ്‌സ് ക്രസന്റോ).

മുസ്ലീം ലീഗിനെ ജമാഅത്ത് ഇസ്ലാമി വിഴുങ്ങി

മുസ്ലീം ലീഗിനെ ജമാഅത്ത് ഇസ്ലാമി വിഴുങ്ങിയെന്ന് സിപിഎം പോളിറ്റ് ബ്യുറോ അംഗം എ വിജയരാഘവൻ. തദ്ദേശതെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിയും യു.ഡി.എഫും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം: വെൽഫെയർ പാർട്ടിയും യു. ഡി.എഫിനൊപ്പമാണ്. ഇത് അപകടകരമായ രാഷ്ട്രീയ സൗഹൃദമാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ മുസ്ലീം സംഘടനകൾ ഇവരെ തിരസ്‌കരിക്കരിക്കുമെന്നാണ് പ്രതീക്ഷ. ലീഗ് ഒരുകാലത്ത് ഇവിടെ ജമാഅത്തെ ഇസ്ലാമിക്കെതിരായിട്ട് വലിയ പ്രചരണം നൽകിയിരുന്നു. ജമാഅത്തെ ഇസ്ലാമി വിഴുങ്ങിയ ലീഗാണിപ്പോൾ കേരളത്തിൽ ഉള്ളത്. അപ്പോൾ ലീഗ് എവിടെയാ… കോൺഗ്രസിൽ ആണ്. കോൺഗ്രസ്സിന്റെ കൂടെയാരാ… വെൽഫയർ പാർട്ടിയാണ്… കോണ്ഗ്രസ്, ലീഗ്, വെൽഫയർ പാർട്ടി എന്ന് പറയുന്ന ഒരു സമന്വയം രാഷ്ട്രീയത്തിൽ രൂപപ്പെടുത്തി വച്ചിരിക്കുന്നു (മുസ്ലീം ലീഗിനെ ജമാഅത്ത് ഇസ്ലാമി വിഴുങ്ങിയെന്ന് സിപിഎം പോളിറ്റ് ബ്യുറോ അംഗം എ വിജയരാഘവൻ, നവംബർ 21, ഏഷ്യാനെറ്റ് ന്യുസ്).

ജമാഅത്തെ ഇസ്ലാമി ആർഎസ്എസ് സമീകരണം

മതനിരപേക്ഷ, വികസിത കേരളമെന്ന മുദ്രാവക്യമാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് മുന്നോട്ടുവയ്ക്കുന്നതെന്ന് പറഞ്ഞ സിപിഎം നേതാവ് എം.വി ഗോവിന്ദൻ തുടർന്ന് സംഘപരിവാറിനെ ജമാഅത്തെ ഇസ്ലാമിയുമായി സമീകരിച്ചു: വിദ്വേഷ രാഷ്ട്രീയത്തിന്റെ വക്താക്കളായ ബിജെപിയും സംഘപരിവാറും തീവ്രവർഗീയ ശക്തികളായ ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ എന്നിവരോട് ചേർന്നുകൊണ്ടുള്ള യുഡിഎഫുമാണ് മറുഭാഗത്ത്. താൽകാലിക നേട്ടത്തിനായി നടത്തുന്ന ഈ തീവ്രവർഗീയ ബാന്ധവം ഭാവിയിൽ വലിയതോതിൽ മുറിവേൽപ്പിക്കുമെന്ന വസ്തുത കോൺഗ്രസും മുസ്ലീം ലീഗും ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു (നാട് മതനിരപേക്ഷതയ്ക്കും വികസനത്തിനുമൊപ്പം, നവംബർ 22, ദേശാഭിമാനി).

യുഡിഎഫ് ജമാഅത്ത് ശിഷ്യത്വത്തിൽ

ജമാഅത്തെ ഇസ്ലാമിയുടെ ശിഷ്യത്വത്തിലാണ് യുഡിഎഫ് സംവിധാനമെന്നും ലീഗിനെ ജമാഅത്തെ ഇസ്ലാമി വിഴുങ്ങിയെന്നും സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ. മലപ്പുറം പ്രസ് ക്ലബ്ബിന്റെ മീറ്റ് ദി ലീഡർ പരിപാടിയിൽ സംസാരിക്കുകയായിരുന്നു വിജയരാഘവൻ: ജമാഅത്ത് കൂട്ടുകെട്ട് നാടിന് ആപൽക്കരമാണ്. ആർഎസ്എസ് ഭൂരിപക്ഷ വർഗീയതയെ വളർത്തുന്നതുപോലെ ന്യൂനപക്ഷ വർഗീയതയെ ഏകോപിപ്പിക്കുന്നവരാണ് ജമാഅത്തെ ഇസ്ലാമി. മതനിരപേക്ഷവാദികൾ ഇതിനെ അനുകൂലിക്കുന്നില്ല. ഈ ബന്ധത്തിനെതിരെ അവർ രംഗത്തുവരും തദ്ദേശ തെരഞ്ഞെടുപ്പിൽ ഈ കൂട്ടുകെട്ടിനെതിരെയുള്ള പ്രതിഷേധം പ്രതിഫലിക്കും (യുഡിഎഫ് ജമാഅത്ത് ശിഷ്യത്വത്തിൽ: എ വിജയരാഘവൻ, നവംബർ 23, സുപ്രഭാതം).

ജമാഅത്തുമായി അകലം പാലിക്കണം

മതരാഷ്ട്ര വാദികളായ ജമാഅത്തെ ഇസ്ലാമിയുമായി അകലം പാലിക്കണമെന്ന് ആവർത്തിച്ച് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ. ജമാഅത്തെ അപകടകാരികൾ ആണെന്നും സമസ്ത സംസ്ഥാന ജോയിൻ സെക്രട്ടറി ഉമ്മർ ഫൈസി മുക്കം അഭിപ്രായപ്പെട്ടു. സമസ്ത മുശാവറ അംഗം ആയി തെരഞ്ഞെടുക്കപ്പെട്ട ടി കെ അബൂബക്കർ മുസ്ലിയാർക്ക് രാമനാട്ടുകരയിൽ നൽകിയ സ്വീകരണത്തിലാണ് ലീഗിന്റെ ജമാഅത്തെ ബന്ധത്തെ വിമർശിച്ചത്: ജമാഅത്തെ ഇസ്ലാമിക്ക് മതരാഷ്ട്രവാദം ഉണ്ട്. അതിൽ മാറ്റം വന്നു എന്നവർ പറയുന്നതാ, അതൊന്നും മാറിയിട്ടില്ല. അവര് പല കോലത്തിൽ വരും, സാഹിത്യം ഒക്കെ പറഞ്ഞ്, മറ്റു പലതുമായി വന്നു. ആളെ കിട്ടാതെ വന്നപ്പോഴാ രാഷ്ട്രീയ പാർട്ടിയുമായി വന്നിരിക്കുന്നത്. അവരെ ഭൂമിയിൽ തൊടാതെ ആക്കിയത് സമസ്തയാണ്. അവരെവിടെയുമില്ല. ഇല്ലാത്ത പാർട്ടിയുടെ പുറകെ ആരും പോകേണ്ടതില്ല. അവരുമായി അകലം പാലിക്കണം അവർ നുഴഞ്ഞുകയറും. അതിന് അനുവദിക്കരുത്. വൻചിതൽ പോലെ അവർ സമുദായത്തെ തകർക്കുംഅദ്ദേഹം പറഞ്ഞു (ജമാഅത്തുമായി അകലം പാലിക്കണം, നവംബർ 23, ദേശാഭിമാനി).

മതരാഷ്ട്രവാദികളുമായുള്ള സഖ്യത്തോട് എതിർപ്പ്

തീവ്ര മതരാഷ്ട്രവാദം ഉയർത്തുന്ന ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ രൂപമായ വെൽഫെയർ പാർട്ടിയുമായും എസ്ഡിപിഐയുമായുള്ള പരസ്യസഖ്യം സാധാരണ പ്രവർത്തകർക്ക് അംഗീകരിക്കാൻ പ്രയാസമുണ്ടെന്ന് ദേശാഭിമാനി. പാണക്കാട് തങ്ങൾ തന്നെ യുഡിഎഫ് സ്ഥാനാർത്ഥിയായി വെൽഫെയർ പാർട്ടി പ്രതിനിധിയെ പ്രഖ്യാപിച്ചു. എൽഡിഎഫിനെ നേരിടാൻ ഏതു മാർഗവും സ്വീകരിക്കുമെന്നാണ് യുഡിഎഫ് നിലപാടെന്ന് റിപ്പോർട്ടിൽ പറയുന്നു (വിമതപട കൂട്ടരാജി: യുഡിഎഫിൽ കലാപം, നവംബർ 24, ദേശാഭിമാനി).

ആശയ നേതൃത്വം ജമാഅത്തെ ഇസ്ലാമി

കേരളത്തിലെ യുഡിഎഫിന്റെ ആശയനേതൃത്വമായി ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും മാറിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. കേരളത്തിലെ യുഡിഎഫിന്റെ വർഗീയ ആശയരൂപീകരണത്തിന്റെ നേതൃത്വവും ഇവരാണ്. ലീഗിനും കോൺഗ്രസ്സും ചേർന്നാണ് ഇത് ചെയ്യുന്നത് (‘യുഡിഎഫിന്റെ ആശയ നേതൃത്വം ആയി ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും മാറി’ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, നവംബർ 25, 24 ന്യൂസ്).

നാടിന് നാശം

ജമാഅത്തെ ഇസ്ലാമി-യുഡിഎഫ് കൂട്ടുക്കെട്ട് നാടിന് നാശമെന്ന് സമസ്ത കാന്തപുരം വിഭാഗം. കാന്തപുരം വിഭാഗത്തിന്റെ മുഖപത്രമായ സിറാജിൽ എസ് വൈ എസ് ജനറൽ സെക്രട്ടറി റഹ്‌മത്തുള്ള സഖാഫി എളമരം എഴുതിയ ലേഖനത്തെ ഉദ്ധരിച്ചുകൊണ്ട് ജനയുഗം പ്രസിദ്ധീകരിച്ച റിപോർട്ടിലാണ് ഈ പരാമർശമുള്ളത്. ജമാഅത്തെ ഇസ്ലാമി സൃഷ്ടിക്കുന്ന ഭീകരത ഉൾപ്പെടെ തുറന്നുകാട്ടി യുഡിഎഫ് തീർത്തും അപകടകരമായ സാഹചര്യത്തിലേക്കാണ് നാടിനെ കൊണ്ട് പോകുന്നതെന്നും ലേഖനം വാദിക്കുന്നു (ജമാഅത്തെ ഇസ്ലാമി-യുഡിഎഫ് കൂട്ടുക്കെട്ട് നാടിന് നാശം: സമസ്ത, കെ.കെ ജയേഷ്, നവംബർ 26, ജനയുഗം).

മതേതര സ്വഭാവത്തെ അട്ടിമറിക്കുന്നു

കോൺഗ്രസ്സും മുസ്ലീം ലീഗും മറ്റ് യുഡിഎഫ് കക്ഷികളും കാലങ്ങളായി കാത്തുവന്ന മതേതര സ്വഭാവത്തെ അട്ടിമറിക്കുന്ന തരത്തിലുള്ള രാഷ്ട്രീയ സഖ്യമാണ് യുഡിഎഫ്- ജമാഅത്ത് സഖ്യമെന്ന് സിറാജ് ദിനപത്രം. വെൽഫെയറുമായി സഖ്യമില്ലെന്ന് യുഡിഎഫ് നേതാക്കൾ നേരത്തേ വ്യക്തമാക്കിയിരുന്നെങ്കിലും തിരഞ്ഞെടുപ്പ് ദിനം അടുക്കും തോറും ഈ കൂട്ടുകെട്ട് സംബന്ധിച്ച വാർത്തകൾ വ്യാപകമാകുകയാണെന്നും പത്രം എഴുതി (യുഡിഎഫ്- ജമാഅത്ത് സഖ്യം വ്യാപകം; പരക്കെ എതിർപ്പ്, നവംബർ 26, സിറാജ്).

ഒളിഞ്ഞും തെളിഞ്ഞും സഖ്യം

സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ രൂപമായ വെൽഫെയർ പാർട്ടിയുമായി ഒളിഞ്ഞും തെളിഞ്ഞുമുള്ള യു ഡി എഫ് കൂട്ടുകെട്ടിൽ പരക്കെ എതിർപ്പുണ്ടെന്ന് സിറാജ് ദിനപത്രം (യുഡിഎഫ്- ജമാഅത്ത് സഖ്യം വ്യാപകം; പരക്കെ എതിർപ്പ്, നവംബർ 26, സിറാജ്).

വർഗീയ ബാന്ധവത്തിനുള്ള ഇരുട്ടടി

ജമാ അത്തെ ഇസ്ലാമി-എസ്ഡിപിഐ ബന്ധത്തിനെതിരെ പ്രബല മുസ്ലീം സമുദായ സംഘടനകൾ രംഗത്തുവന്നത് വർഗീയ ബാന്ധവത്തിനുള്ള ഇരുട്ടടിയായതായി ദേശാഭിമാനി: ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ ബന്ധത്തിനെതിരെ കാന്തപുരം വിഭാഗവും സമസ്തയും മുജാഹിദ് വിഭാഗവും രംഗത്തുവന്നിട്ടുണ്ട്. ജമാഅത്തെ ഇസ്ലാമിയെ മുന്നണിയിലെത്തിച്ചത് ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്ന മുന്നറിയിപ്പാണ് സംഘടനകൾ നൽകുന്നത് (വിമതപ്പട, വർഗീയ ബന്ധം, മാങ്കൂട്ടത്തിൽ ; അടിപതറി യുഡിഎഫ് , സി.കെ ദിനേശ്, നവംബർ 26, ദേശാഭിമാനി).

രഹസ്യ സഖ്യനീക്കം

സിപിഎമ്മും കോൺഗ്രസ്സും ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ ഘടകമായ വെൽഫെയർ പാർട്ടിയുടെ പിന്നാലെയാണെന്ന് ജന്മഭൂമി. എസ്ഡിപിഐ സഖ്യം ആരോപിച്ച് പരസ്പരം ചെളി വാരിയെറിയുമ്പോഴും രഹസ്യസഖ്യ ചർച്ച പുരോഗമിക്കുന്നുണ്ടെന്നും വാർത്തയിൽ പറയുന്നു (വെൽഫെയർ പാർട്ടിക്ക് പിന്നാലെ സി പി എമ്മും കോൺഗ്രസ്സും, നവംബർ 27, ജന്മഭൂമി).

യുഡിഎഫിനെ നയിക്കുന്നത് ജമാ അത്തെ ഇസ്ലാമിയും എസ്ഡിപിഐയും

യുഡിഎഫിലെ പ്രത്യേകിച്ച് ലീഗിന്റെയും കോൺഗ്രസിന്റെയും ആശയസംഹിതയുടെ നേതൃപദവിയിലേക്ക് ജമാ അത്തെ ഇസ്ലാമിയും എസ്ഡിപിഐയും നയിക്കപ്പെട്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. തൊടുപുഴയിൽ ഇടുക്കി ജില്ലാ വികസനസപ്ലിമെന്റും എൽഡിഎഫ് പ്രകടന പത്രികയുടെയും പ്രകാശനവും തൊടുപുഴ നഗരസഭ എൽഡിഎഫ് സ്ഥാനാർഥി സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു (യുഡിഎഫിനെ നയിക്കുന്നത് ജമാ അത്തെ ഇസ്ലാമിയും എസ്ഡിപിഐയും- എം.വി ഗോവിന്ദൻ, നവംബർ 27, മാതൃഭൂമി).

മുസ്ലീം മന്ത്രിമാർ ഇല്ലാത്തത് മുസ്ലീങ്ങൾ വോട്ടു ചെയ്യാത്തതിനാൽ

കേന്ദ്രത്തിൽ മുസ്ലീം മന്ത്രിമാർ ഇല്ലാത്തത് മുസ്ലീങ്ങൾ ബിജെപിക്ക് വോട്ട് നൽകാത്തതികൊണ്ടാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ: “മുസ്ലീങ്ങൾ ഞങ്ങൾക്ക് വോട്ടു തരുന്നില്ല. കോൺഗ്രസിന് വോട്ടു കൊടുത്താൽ എന്തെങ്കിലും ഗുണമുണ്ടോ. മുസ്ലീം എംപി ഉണ്ടായാൽ മാത്രമേ മുസ്ലീം മന്ത്രിയും ഉണ്ടാകൂ. അത് കൊണ്ട് മുസ്ലീങ്ങൾ ബിജെപിക്ക് വോട്ട് ചെയ്യണം.” തദ്ദേശ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നടന്ന കോഴിക്കോട് പ്രസ് ക്ലബിന്റെ മീറ്റ് ദ് ലീഡർ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കേരളത്തിൽ ചിലർ വെൽഫെയർ പാർട്ടിക്ക് ഇടം നൽകുന്നുവെന്നും ഇത് ബിജെപി എതിർക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു (‘തദ്ദേശ തിരഞ്ഞെടുപ്പ് സെമി ഫൈനൽ അല്ല ഫൈനൽ, മുസ്ലീങ്ങൾ ബിജെപിക്ക് വോട്ട് ചെയ്യാത്തതുകൊണ്ടാണ് മുസ്ലീം മന്ത്രിമാർ ഇല്ലാത്തത്’, നവംബർ 27, മനോരമ ഓൺലൈൻ).

രാജീവ് ചന്ദ്രശേഖരിന്റെ പ്രസ്താവന, മനോരമ വാർത്ത

ജമാഅത്തെ ഇസ്ലാമി ബന്ധം ന്യായീകരിക്കാൻ ലീഗ്

തദ്ദേശീയ തെരഞ്ഞെടുപ്പിൽ മതരാഷ്ട്രവാദികളായ ജമാഅത്തെ ഇസ്ലാമിയെ അനുകൂലിക്കാൻ മുസ്ലീം ലീഗ് സമസ്തയിലെ തങ്ങളുടെ അനുകൂലികളെ രംഗത്തിറക്കിയതായി ജനയഗം (ജമാഅത്തെ ഇസ്ലാമി ബന്ധം ന്യായീകരിക്കാൻ ലീഗ്, നവംബർ 27, കെ കെ ജയേഷ്, ജനയുഗം).

മതരാഷ്ട്രവാദികളെ ന്യായീകരിക്കുന്നു

തദ്ദേശതെരഞ്ഞെുപ്പിൽ മതരാഷ്ട്രവാദികളായ ജമാഅത്തെ ഇസ്ലാമിയെ സാദിഖ് അലി തങ്ങൾ ന്യായീകരിച്ചതായി ദേശാഭിമാനി. ജമാഅത്തെ ഇസ്ലാമി മതനിരപേക്ഷ നിലപാടുള്ള സംഘടനയാണെന്ന നിലപാടാണ് മുസ്ലീം ലീഗ് പ്രസിഡന്റ പാണക്കാട് സാദിഖ് അലി തങ്ങൾക്കുള്ളതെന്നും പത്രം പറയുന്നു (ജമാഅത്തെ ഇസ്ലാമിയെ ന്യായീകരിച്ച് സാദിഖ് അലി തങ്ങൾ, നവംബർ 27, ദേശാഭിമാനി).

എതിർപ്പ് ജമാഅത്തിനോടും എസ്ഡിപിഐയോടും

ബിജെപിക്ക് ജമാഅത്തെ ഇസ്ലാമിയോടും എസ്ഡിപിഐയോടുമാണ് എതിർപ്പെന്നും മുസ്ലീങ്ങളോടല്ലെന്നും ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖർ: ബിജെപി എല്ലാ വിശ്വാസവും മതവും ബഹുമാനിക്കുന്ന പാർട്ടിയാണ്. മതത്തിനെതിരേ ഒന്നും ചെതിട്ടുമില്ല പറഞ്ഞിട്ടുമില്ല. ബിജെപി മുസ്ലീങ്ങൾക്ക് എതിരാണെന്ന നരേറ്റീവ് സൃഷ്ടിച്ചിട്ടുണ്ട്. അത് ശരിയല്ല. ഭരണഘടനയ്ക്ക് ആര് എതിർ നിന്നാലും അവർക്കൊക്കെ എതിരാവും. ജമാഅത്തിന് എതിരാണ്. എസ്ഡിപിഐക്കും എതിരാണ് (ബിജെപിക്ക് ജമാഅത്തെ ഇസ്ലാമിയോടും എസ്ഡിപിഐയോടുമാണ് എതിർപ്പ്, മുസ്ലീങ്ങളോടല്ല, രാജീവ് ചന്ദ്രശേഖർ, നവംബർ 27, ഇന്ത്യൻ എക്‌സ്പ്രസ്സ്).

തീവ്രവർഗീയ ശക്തികളുമായി കൂട്ട്

യുഡിഎഫ് തീവ്രവർഗീയ ശക്തിയുടെ കൂട്ടുകൂടുകയാണെന്ന് കേരള കോൺഗ്രസ് നേതാവ് ജോസ് കെ മാണി. എൽഡിഎഫ് തങ്ങൾക്ക് കൂടുതൽ പരിഗണന നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു (കൂടുതൽ സീറ്റും പരിഗണനയും എൽഡിഎഫ് നൽകുന്നുവെന്ന് ജോസ് കെ മാണി, നവംബർ 29 ദീപിക).

ജമാഅത്തെ ഇസ്ലാമി-കോൺഗ്രസ് അവിശുദ്ധ കൂട്ടുകെട്ട്

എറണാകുളം പറവൂരിൽ യുഡിഎഫ് ജമാഅത്തെ ഇസ്ലാമിയുമായും എസ്ഡിപിഐയുമായി അവിശുദ്ധവും വർഗീയവുമായ കൂട്ടുകെട്ട് ഉണ്ടാക്കിയിരിക്കുന്നതായി കൈരളി ടിവി വാർത്ത. വർഗീയ സംഘടനകളും വർഗീയ പാർട്ടികളുമായി കൂട്ടുകൂടുന്നതിൽ ഘടകകക്ഷികൾക്കും എതിർപ്പുണ്ടെന്ന് കൈരളി ടിവി (എറണാകുളം പറവൂരിൽ യുഡിഫ്- ജമാഅത്തെ ഇസ്ലാമി കൂട്ടുകെട്ട്; പ്രവർത്തകർക്കിടയിൽ അതൃപ്തി, നവംബർ 30, കൈരളി ടിവി).

ഭൂരിപക്ഷ വർഗീയതയെ താലോലിക്കുന്നു

സിപിഎമ്മിന്റേത് ഭൂരിപക്ഷ വർഗീയതയെ താലോലിക്കുന്ന സമീപനമാണെന്ന് രമേശ് ചെന്നിത്തല. കാലിക്കറ്റ് പ്രസ് ക്ലബ്ബിൽ നടന്ന ‘മീറ്റ് ദി ലീഡേഴ്സ്’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം: എൽഡിഎഫ് ഭൂരിപക്ഷ വർഗീയതയെ താലോലിക്കുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ വർഗീയത പറഞ്ഞാണ് വോട്ടുപിടിക്കുന്നത്. ന്യൂനപക്ഷത്തെ തള്ളി ഭൂരിപക്ഷ വർഗീയതയുമായി സിപിഎമ്മിന് തിരഞ്ഞെടുപ്പിൽ വിജയിക്കാനാകില്ല (സിപിഎമ്മിന്റേത് ഭൂരിപക്ഷ വർഗീയതയെ താലോലിക്കുന്ന സമീപനം: രമേശ് ചെന്നിത്തല, നവംബർ 30, വീക്ഷണം).

പോരാട്ടം രണ്ട് വർഗീയ മുന്നണികളോട്

തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയും അടങ്ങുന്ന രണ്ട് വർഗീയ മുന്നണികളോടാണ് എൽഡിഎഫ് ഏറ്റുമുട്ടുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ: ജമാഅത്തെ ഇസ്ലാമിയെയും എസ്ഡിപിഐയെയും ആശയപരമായി പിന്തുണച്ചുകൊണ്ടാണ് യുഡിഎഫ് നീങ്ങുന്നത്. ബിജെപിയും സംഘപരിവാറും മറുഭാഗത്ത്, ഈ രണ്ട് വർഗീയ മുന്നണിയോടാണ് എൽഡിഎഫ് ഏറ്റുമുട്ടുന്നത് (എൽ ഡി എഫ് ഏറ്റുമുട്ടുന്നത് രണ്ട് വർഗീയ മുന്നണികളോട്, നവംബർ 30, ദേശാഭിമാനി).

പറവൂരിലെ വർഗീയ കൂട്ടുകെട്ട്

വി.ഡി സതീശൻ നിയമസഭാ തിരഞ്ഞെടുപ്പുകൂടി മുന്നിൽ കണ്ട് വർഗീയ പാർട്ടികളുടെ പിന്തുണ തേടുന്നുവെന്ന് ദേശാഭിമാനി. വി.ഡി സതീശന്റെ പറവൂർ മണ്ഡലത്തിലാണ് വർഗീയ കൂട്ടുകെട്ടിന്റെ ആദ്യ പരിശീലനം. എസ്ഡിപിഐ, വെൽഫയർ പാർട്ടി എന്നിവയിൽ നിന്ന് വിജയിക്കുന്നവരെ ഘടകകക്ഷി ആക്കുമെന്നും പത്രം റിപോർട്ട് ചെയ്തു (പറവൂരിലെ വർഗീയ കൂട്ടുകെട്ട് തള്ളാതെ കോൺഗ്രസ്, നവംബർ 30, ദേശാഭിമാനി).

അവിശുദ്ധ കൂട്ടുകെട്ട്

ആലങ്ങാട് ബ്ലോക്ക് മനയ്ക്കപ്പടി ഡിവിഷനിൽ യുഡിഎഫ് സ്ഥാനാർഥിയുടെ പത്രിക തള്ളി. കോൺഗ്രസ്സും എസ്ഡിപിഐയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് കോൺഗ്രസ്സിന്റെ നേട്ടത്തിന് വേണ്ടിയാണെന്നാണ് ഇതേ കുറിച്ച് ദേശാഭിമാനിഎഴുതിയത് (എസ് ഡി പി ഐ സ്ഥാനാർഥിക്ക് കോൺഗ്രസ് പിന്തുണ, നവംബർ 30, ദേശാഭിമാനി).

ജമാഅത്തെ ഇസ്ലാമിയുമായി സഹകരിച്ചിട്ടില്ല

വെൽഫെയർ പാർട്ടിയുമായി തിരഞ്ഞെടുപ്പിൽ സഹകരിക്കുന്നതിനെക്കുറിച്ച സിപിഎമ്മിന്റെ ആക്രമണം തുടരുന്നതിനിടയിൽ മുൻകാലങ്ങളിൽ ജമാഅത്തെ ഇസ്ലാമിയുമായി തിരഞ്ഞെടുപ്പിൽ പിന്തുണ സ്വീകരിച്ചതിന്റെ കണക്കുകൾ പുറത്തുവന്നു. ഇക്കാര്യം സിപിഎം നേതാവ് പാലോളി മുഹമ്മദ് സ്ഥിരീകരിച്ചെങ്കിലും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നിഷേധിച്ചു: ആരു പറഞ്ഞാലും ശരി, ജമാഅത്തെ ഇസ്‌ലാമിയുമായി ഞങ്ങൾക്ക് ഒരു സഹകരണവും ഉണ്ടായിട്ടില്ല. ഇന്ന സ്ഥലത്ത് ഇന്നയാളെ പിന്തുണക്കും, ഇങ്ങനെയായിരുന്നല്ലോ ജമാഅത്തെ ഇസ്‌ലാമി നിലപാട്. അങ്ങനെ അവർ പ്രഖ്യാപിച്ചിട്ടുണ്ടാവും. അവർ ഏകപക്ഷീയമായി പ്രഖ്യാപിക്കുന്നതിന് ഞങ്ങൾക്ക് ഉത്തരവാദിത്തമില്ല-മലപ്പുറം പ്രസ് ക്ലബിന്റെ ‘മീറ്റ് ദ ലീഡർ’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം (‘ആരു പറഞ്ഞാലും ശരി, ജമാഅത്തെ ഇസ്‌ലാമിയുമായി സി.പി.എം സഹകരിച്ചിട്ടില്ല’; പാലോളിയെ തള്ളി എം.വി. ഗോവിന്ദൻ, നവംബർ 29, മാധ്യമം).

21. ടിപ്പു എന്ന കൊള്ളക്കാരൻ

പിണറായി ടിപ്പു സുൽത്താനെ പോലെ ഒന്നാന്തരം കൊള്ളക്കാരനാണെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ. ടിപ്പുവിനെപ്പോലെ പിണറായിയും ക്ഷേത്രങ്ങൾ കൊള്ളയടിച്ചെന്ന് അദ്ദേഹം കുറ്റപ്പെടുത്തി (പിണറായി ടിപ്പു സുൽത്താനെ പോലെ ഒന്നാന്തരം കൊള്ളക്കാരനാണ്, എല്ലാ ക്ഷേത്രങ്ങളും കൊള്ളയടിച്ചു’ മുഖ്യമന്ത്രിക്കെതിരെ കെ.സുരേന്ദ്രൻ, നവംബർ 7, മീഡിയവൺ ലൈറ്റ്).

22. വിദ്വേഷപ്രചാരകൻ പുരസ്‌കാരം നൽകുന്നത് വി.ഡി സതീശൻ

വിദ്വേഷപ്രചാരകനായ മാധ്യമപ്രവർത്തകൻ മാത്യു സാമുവലിന് വി.എം മാതൃു പുരസ്‌കാരം ലഭിച്ചു. പുരസ്‌കാര കമ്മിറ്റി വാർത്താ കുറിപ്പനുസരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് അദ്ദേഹത്തിന് പുരസ്‌കാരം നൽകുക. അഡ്വ. എ. ജയശങ്കർ മുഖ്യപ്രഭാഷണം. ഈ വാർത്ത വിവാദമായി. മാത്യു സാമുവലിന്റെ മുസ്ലീം വിരുദ്ധ പ്രഭാഷണങ്ങളും വാർത്തകളും സോഷ്യൽമീഡിയ ചർച്ച ചെയ്തു. ഇത്തരമൊരാൾക്ക് പ്രതിപക്ഷ നേതാവ് പുരസ്‌കാരം നൽകുന്നത് ഉചിതമല്ലെന്നായിരുന്നു വിമർശനത്തിന്റെ കാതൽ. മാത്യു സാമുവലിന്റെ ചില ഇസ്ലാമോഫോബിക് പ്രയോഗങ്ങൾ: മുമ്പ് മുസ്ലീങ്ങൾക്കെതിരെ വിദ്വേഷം പ്രചരിപ്പിച്ചുവെന്ന പരാതിയിൽ മാത്യു സാമുവലിനെതിരെ കേരള പൊലീസ് കേസെടുത്തിരുന്നു. കോട്ടയത്തെ ഈരാറ്റുപേട്ട നഗരത്തെ മാത്യു സാമുവൽ ‘മിനി താലിബാൻ’ എന്നും ‘ഭീകരതയുടെ കേന്ദ്ര’മെന്നും വിശേഷിപ്പിച്ചെന്നായിരുന്നു പരാതി. ഇസ്രായേൽ അതിക്രമങ്ങൾക്ക് ഇരയാകുന്ന ഫലസ്തീനികളെ പിന്തുണച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ പ്രതികരിച്ച നടൻ ദുൽഖർ സൽമാനെ വർഗീയവാദിയെന്ന് വിശേഷിപ്പിച്ചുകൊണ്ടുള്ള കുറിപ്പും നിരന്തരമായി പങ്കുവെച്ച ജനം ടി.വിയുടെ വാർത്തകളും മാത്യു സാമുവലിന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ ഇപ്പോഴുമുണ്ട് (വി.എം. മാത്യു പുരസ്‌കാരം മാത്യു സാമുവലിന്; അവാർഡ് നൽകുന്നത് വി.ഡി. സതീശൻ, നവംബർ 8, ഡൂൾന്യൂസ് ഡെസ്‌ക്).

23. മതമൗലികവാദികൾ മുസ്ലീം സ്ത്രീകളെ രണ്ടാം തരം പൗരന്മാരാക്കുന്നു

മുസ്ലീം സമൂഹത്തിൽ പുരുഷന്മാർക്കും സ്ത്രീകൾക്കും ഇടയിൽ മറ കെട്ടുന്നതിനെ സംബന്ധിച്ച് സമകാലിക മലയാളത്തിലെ അവതാരിക സി ദാവൂദുമായി നടത്തിയ അഭിമുഖത്തിൽ ചോദിച്ചു. അദ്ദേഹം മറ കെട്ടുന്നതിനോട് യോജിച്ചു. ഇതേ കുറിച്ച് സമാനമായ അഭിമുഖത്തിൽ നടൻ സി ഷുക്കൂറിനോട് ചോദിച്ചു. അദ്ദേഹത്തിന്റെ മറുപടി: ബാലിശം എന്നല്ലേ നമ്മൾ അതിനെ പറയേണ്ടത്.. എല്ലാ ബസ്സിലും അപ്പോൾ മറ ഇടേണ്ട… നമ്മൾ പബ്ലിക് ട്രാൻസ്‌പോർട്ടിൽ ബസിൽ യാത്ര ചെയ്യുന്നില്ലേ… ഞങ്ങളൊക്കെ ബസ്സിൽ യാത്ര ചെയ്യുന്നത് ഒന്നിച്ചിരുന്ന്, ഒന്നിച്ചു പാടി, ഒന്നിച്ചു കളിച്ചല്ലേ വളർന്നത്.. അപ്പോ എന്തെങ്കിലും പ്രശ്‌നം ഉണ്ടായിട്ടുണ്ടോ.. ഇതിപ്പോൾ ഈ മത മൗലികവാദികൾ മുസ്ലീം സ്ത്രീകളെ രണ്ടാം തരം പൗരന്മാരാക്കാനും, അവരെ ഒന്നിനും കൊള്ളാത്തവരാണെന്ന് സമൂഹത്തിന് ബോധ്യപ്പെടുത്തുന്നതോടൊപ്പം… മുസ്ലീം പുരുഷന്മാർ ഞരമ്പ് രോഗികൾ ആണ്… സ്ത്രീകളെ കണ്ടാൽ അവർക്ക് ലൈംഗികത മാത്രമേ ചിന്തിക്കൂ എന്നതുകൊണ്ട് സംഭവിക്കുന്നതാണ്… ദാവൂദ് എന്നും മറുപടി പോലും അർഹിക്കുന്നില്ല (സ്ത്രീകളെ കണ്ടാൽ അവർ ലൈംഗികത മാത്രമേ ചിന്തിക്കുകയുള്ളൂ, അഡ്വ. സി ഷുക്കൂർ, നവംബർ 8, സമകാലിക മലയാളം).

24. മലപ്പുറത്തെ മോശമായി ചിത്രീകരിക്കാൻ ആസൂത്രിത ശ്രമം

മലപ്പുറത്തെ മോശമായി ചിത്രീകരിക്കാൻ ആസൂത്രിത ശ്രമം ഉണ്ടെന്നും സിസ്റ്റം വിചാരിച്ചാൽ എന്തും നടക്കുമെന്നും സർവീസിൽ നിന്ന് രാജിവച്ച എസ്‌ഐ എൻ ശ്രീജിത്ത്. മലപ്പുറം എസ്പി ക്യാമ്പ് ഓഫീസിലെ മരം മുറിയുമായി ബന്ധപ്പെട്ട് മുൻ എസ്പി സുജിത്ത് ദാസിനെതിരെ പരാതി നൽകിയ ഉദ്യോഗസ്ഥനാണ് അദ്ദേഹം:
പൊലീസും സർക്കാരും ഒക്കെ ചേരുന്നതാണ് സിസ്റ്റം. ഒരാളെ കുറ്റക്കാരൻ ആക്കാനും അല്ലാതാക്കാനും അതിനു പറ്റും. സഞ്ജീവ് ഭട്ടിന്റെ ജീവിതം തന്നെ ഉദാഹരണമാണ്. മലപ്പുറം സ്വർണ്ണ കടത്തിന്റെയും ക്രിമിനലുകളുടെയും അബ്ബാണെന്ന് വരുത്തി തീർക്കുകയാണ്. പൊലീസ് എയർപോർട്ടിൽ നിന്ന് സ്വർണ്ണം പിടികൂടുന്ന ഏക സ്ഥലം കരിപ്പൂർ ആയിരിക്കും. ഇതിൽ വലിയ വീഴ്ചയാണ് പൊലീസ് വരുത്തുന്നത്. സ്വർണ്ണത്തിന്റെ മൂല്യം കണക്കാക്കുന്ന ആളും പൊലീസും തമ്മിൽ രഹസ്യബന്ധം ഉണ്ട്. അപ്രൈസർ ഉണ്ണിക്ക് ഉണ്ടായ ഉയർച്ച നാടുമുഴുവൻ കണ്ടതാണ്. വിമാനത്താവളത്തിൽ നിന്ന് പോലീസ് സ്വർണം പിടികൂടിയതിൽ 99 ശതമാനവും സുജിത്ത് ഉണ്ടായിരുന്ന സമയത്താണ്. സൗത്ത് ഇന്ത്യയുടെ ക്രൈം ക്യാപ്പിറ്റൽ എന്ന നിലയിൽ മലപ്പുറം മാറുകയും മലപ്പുറത്തുകാരെല്ലാം സ്വർണ്ണം കടത്തി രാജ്യദ്രോഹ പ്രവർത്തനത്തിന് ഉപയോഗിക്കുന്നു എന്ന് രീതിയിൽ വരുത്തി തീർക്കുകയും ചെയ്തു (‘സിസ്റ്റത്തിനെതിരെ ആഞ്ഞടിച്ച് മുൻ എസ് ഐ ശ്രീജിത്ത്’, നവംബർ 8, മാധ്യമം).

മൗദൂദി വൺ

ശ്രീജിത്തിന്റെ അഭിമുഖത്തെക്കുറിച്ച് ‘ചെങ്കൊടിയുടെ കാവൽക്കാർ’ എന്ന ഫേസ്ബുക്ക് പേജിൽ വന്ന ഒരു കമന്റ് ഇങ്ങനെ: തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഇടതുപക്ഷത്തേയും, മുഖ്യമന്ത്രിയേയും ന്യൂനപക്ഷ വിരുദ്ധരാക്കാനുള്ള കൊട്ടേഷൻ ഇത്തവണ മൗദൂദി വണ്ണാണ് ഏറ്റെടുത്തിരിക്കുന്നത്. ഇന്നലെ മുതൽ പരിപാടി തുടങ്ങിയിട്ടുണ്ട്. സ്‌പെഷ്യൽ എഡിഷനിൽ ഇന്നലെ ഒരു മണിക്കൂർ ചർച്ച ചെയ്തത് ഇയാളുടെ പ്രസ്താവനകളാണ്. ‘കേരളത്തിന്റെ സഞ്ജീവ് ഭട്ടോ?’ എന്നായിരുന്നു സ്‌പെഷ്യൽ എഡിഷന്റെ തലക്കെട്ട്.സ്വർണ്ണ കള്ളക്കടത്തുകാരുടെ കൂട്ടാളിയായിരുന്ന ഒരു കൊടും ക്രിമിനലിനെ വാഴ്ത്തിപ്പാടുകയാണ് മൗദൂദി വണ്ണിലെ ക്രിമിനൽ സംഘം. അൻവറിന്റെ തൃണമൂലം അണികളും, ബെൽറ്റ് ബോംബ് മൗദൂദികളും, സുഡാപ്പികളും (നവംബർ 9, ഫേസ്ബുക്/ചെങ്കൊടിയുടെ കാവൽക്കാർ).

25. റീൽസ് ചിത്രീകണം: ജസ്‌ന സലീമിനെതിരെ കലാപ ശ്രമക്കേസ്

ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് റീൽസ് ചിത്രീകരിച്ച ജസ്ന സലീമിനെതിരെ കലാപശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു. ഗുരുവായൂർ ക്ഷേത്രത്തിൽ ആചാരലംഘനം നടത്തിയതിന്റെ പേരിലാണ് കേസ് (ഗുരുവായൂർ ക്ഷേത്രത്തിൽ ആചാരലംഘനം നടത്തി വീണ്ടും റീൽസ് ചിത്രീകരിച്ച ജസ്‌ന സലീമിനെതിരെ കലാപശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു, നവംബർ 9, ജനം ടിവി ന്യൂസ്).

26. വന്ദേഭാരതിലെ ഗണഗീതം

എറണാകുളം ബംഗളൂരു വന്ദേഭാരത് സർവീസിന്റെ ഉദ്ഘാടനത്തിൽ എളമക്കര സരസ്വതി വിദ്യാനികേതൻ സ്‌കൂളിലെ വിദ്യാർത്ഥികളെ കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിച്ചു. സ്‌കൂൾ യൂണിഫോം ധരിച്ച ഒരുകൂട്ടം വിദ്യാർത്ഥികളും മറ്റ് രണ്ടുപേരുമാണ് ഗണഗീതം ആലപിച്ചത്. ദേശഭക്തി ഗാനമെന്ന നിലയിലാണ് ദക്ഷിണ റെയിൽവേ കുട്ടികളെ കൊണ്ട് ഗാനം ആലപിപ്പിച്ചിരിക്കുന്നത്. ഇതവർ പിന്നീട് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. വിവാദമായപ്പോൾ നീക്കം ചെയ്തു (വന്ദേഭാരത് ഉദ്ഘാടനത്തിലും ആർഎസ്എസ് അജണ്ട; ആർഎസ്എസ് ഗണഗീതം ആലപിച്ച് വിദ്യാർത്ഥികൾ, നവംബർ 8, അഴിമുഖം).

ഗൗരവതരം: മന്ത്രി ശിവൻകുട്ടി

ആർഎസ്എസ് ഗണഗീതം പാടിച്ച സംഭവം ഗൗരവതരമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി: സംഭവം ഭരണഘടനയോടുള്ള വെല്ലുവിളി. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻ റെയിൽവെയുടെ അധികാരികൾ സാമാന്യമര്യാദപോലും കാണിക്കാതെ ഭരണഘടനയെയും ജനാധിപത്യത്തെയും വെല്ലുവിളിച്ചിരിക്കുകയാണ്. ഇത് അഹങ്കാരത്തിന്റെ സ്വരമാണ്. കുട്ടികൾ പാടിയത് ദേശഭക്തിഗാനമാണെന്ന അറിവ് എളമക്കര സരസ്വതി വിദ്യാനികേതൻ സ്‌കൂൾ പ്രിൻസിപ്പലിന് എവിടെനിന്നു കിട്ടി. രാജ്യത്ത് അംഗീകരിക്കപ്പെട്ടിട്ടുള്ള ദേശഭക്തി ഗാനങ്ങൾ സ്‌കൂൾ പ്രിൻസിപ്പലല്ല തീരുമാനിക്കുന്നത്. സിബിഎസ്ഇ ആയാലും സർക്കാർ സ്‌കൂൾ ആണെങ്കിലും അത് ആരംഭിക്കുന്നതിന് ചില നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ സംസ്ഥാനസർക്കാരാണ് എൻഒസി നൽകുന്നത്. നിബന്ധന ലംഘിച്ചാൽ എൻഒസി പിൻവലിക്കാൻവരെയുള്ള അധികാരം സംസ്ഥാന സർക്കാരിനുണ്ട്. ആരുടെ സ്‌കൂൾ ആണെങ്കിലും മതേതരത്വത്തെ വെല്ലുവിളിക്കുന്ന നടപടിക്രമങ്ങൾ നടത്താൻ അനുവദിക്കില്ല (വിദ്യാർഥികളെക്കൊണ്ട് ഗണഗീതം പാടിച്ച സംഭവം – ഭരണഘടനയോടുള്ള വെല്ലുവിളി: വി.ശിവൻകുട്ടി, നവംബർ 10, ദീപിക).

സംഭവത്തിൽ വിശദമായി അന്വേഷിച്ച് എത്രയും പെട്ടെന്ന് റിപ്പോർട്ട് സമർപ്പിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിർദേശം നൽകി. സംഭവം അതീവ ഗൗരവകരമാണെന്നും കുട്ടികളെ ഏതെങ്കിലും ഒരു രാഷ്ട്രീയ സംഘടനയുടെ വർഗീയ അജണ്ടകൾക്ക് ഉപയോഗിക്കുന്നത് ഭരണഘടനാ തത്വങ്ങളുടെ നഗ്നമായ ലംഘനവും പ്രതിഷേധാർഹവുമാണെന്നും മന്ത്രി പറഞ്ഞു (കുട്ടികളെക്കൊണ്ട് ഗണഗീതം പാടിച്ചത് ഗൗരവകരം – അന്വേഷണം പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി, നവംബർ 9, ദി ക്യൂ).

വർഗീയ പ്രചാരണത്തിന് ഉപയോഗിക്കുന്നു

സംഭവത്തിൽ മുഖ്യമന്ത്രി കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. കേന്ദ്ര സർക്കാർ റെയിൽവേയെ വർഗീയ പ്രചാരണത്തിന് ഉപയോഗിക്കുകയാണെന്ന് ആരോപിച്ചു (വന്ദേ ഭാരതിലെ ഗണഗീതം: റെയിൽവേ പരിഹാസ്യരായെന്ന് മുഖ്യമന്ത്രി; റെയിൽവേയെ വർഗീയ പ്രചരണത്തിന് ഉപയോഗിക്കുന്നെന്ന് പ്രതിപക്ഷ നേതാവ്, നവംബർ 8, സമയം).

നടപടി വേണം

സ്‌കൂളിനെതിരേ നടപടി വേണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ആവശ്യപ്പെട്ടു: കുട്ടികളെ വർഗീയതയ്ക്ക് ഉപയോഗിക്കാൻ തീരുമാനമെടുത്തത് ആരാണ്. ഔദ്യോഗിക ചടങ്ങുകളെ രാഷ്ട്രീയവത്കരിക്കാൻ പാടില്ല. ആർഎസ്എസിന്റെ ഗണഗീതം വേണമെങ്കിൽ ആർഎസ്എസുകാർ പാടട്ടെ. കേരളത്തെ വീണ്ടും വർഗീയവത്കരിക്കാനാണു ബിജെപി ശ്രമിക്കുന്നത്. സമ്മർദം കൊണ്ടാണ് ആദ്യം എക്സിൽ പോസ്റ്റ് ചെയ്ത വീഡിയോ പിൻവലിച്ചശേഷം റെയിൽവെ വീണ്ടും പോസ്റ്റ് ചെയ്തത്. രാഷ്ട്രീയവത്കരണം നാട്ടുകാരുടെ ചെലവിൽ നടക്കില്ല.(വിദ്യാർഥികളെക്കൊണ്ട് ഗണഗീതം പാടിച്ച സംഭവം- ഭരണഘടനയോടുള്ള വെല്ലുവിളി: വി.ശിവൻകുട്ടി,നവംബർ 10, ദീപിക).

മനോവീര്യം തകർക്കുമെന്ന് പ്രിൻസിപ്പൽ

മന്ത്രിയുടെ നീക്കം കുട്ടികളുടെ മനോവീര്യം തകർക്കുന്നതാണെന്ന് സരസ്വതി വിദ്യാനികേതൻ സ്‌കൂൾ പ്രിൻസിപ്പൽ കെ.വി ഡിന്റോ. മന്ത്രി ആർക്കെതിരേയാണ് അന്വേഷണം പ്രഖ്യാപിക്കുന്നത്. കുട്ടികൾക്കെതിരേയാണോ. വീഡിയോ പിൻവലിച്ചതിനു പിന്നാലെ കുട്ടികൾ പേടിച്ചിരിക്കുകയാണ്. അവർക്കെതിരേ നടപടി വരുമോയെന്നാണ് ആശങ്കയുണ്ട് (വിദ്യാർഥികളെക്കൊണ്ട് ഗണഗീതം പാടിച്ച സംഭവം- ഭരണഘടനയോടുള്ള വെല്ലുവിളി: വി.ശിവൻകുട്ടി,നവംബർ 10, ദീപിക).

എന്നാൽ കോൺഗ്രസ് നേതാവ് എൻ.എസ് നുസൂർ ഇതിനെ ന്യായീകരിച്ചു: താനിതിനെ ആർഎസ്എസിന്റെ ഗണഗീതമായിട്ടല്ല കാണുന്നത്. കുട്ടികളുടെ ഗാനം കേട്ടപ്പോ എന്റെ കുട്ടിക്കാലമാണ് എനിക്കോർമ്മ വന്നത്. ഭാരത് സ്‌കൗട്ട് ക്യാമ്പിൽ പങ്കെടുക്കുമ്പോഴൊക്കെ ഈ ഗാനം ഞങ്ങൾ പാടാറുണ്ട്. ഒട്ടനവധി കലോത്സവങ്ങളിൽ ഇത് ഞാനും പാടിയിട്ടുണ്ട്. ആർഎസ്എസ് ഇതിനെ തീറെഴുതിയെടുത്തിരിക്കുകയാണ്. ആർഎസ്എസിന് അനേകം ഗണഗീതങ്ങളുണ്ട്. ദേശഭക്തിയിൽ നിരഞ്ഞ ഈ ഗാനം അവർക്കായി വിട്ടുകൊടുക്കരുത്. പാട്ടിനകത്തെ ഭഗത് സിങ് ആർഎസ്എസുകാരനാണോ ശ്രീരാമ പരമഹംസൻ അവരിൽ പെട്ടയാളാണോ ശ്രീനാരായണ ഗുരുവും വിവേകാനന്ദനും ഒന്നും ആർഎസ്എസുകാരല്ലല്ലോ ഭാരതത്തിന്റെ പൈതൃകം വിളിച്ചോതുന്ന ഇത്തരം ഗാനങ്ങളെ അങ്ങനെ വിവാദമാക്കേണ്ട കാര്യമില്ലല്ലോ (‘ഭാരതത്തിന്റെ പൈതൃകം വിളിച്ചോതുന്ന ഗാനങ്ങളെ എന്തിന് ആർഎസ്എസിന് തീറെഴുതണം? പാട്ടിലെ ഭഗത് സിങ് ആർഎസ്എസുകാരനാണോ? ശ്രീരാമ പരമഹംസൻ അവരിൽ പെട്ടയാളാണോ? ശ്രീനാരായണ ഗുരുവും വിവേകാനന്ദനും ഒന്നും ആർഎസ്എസുകാരല്ലല്ലോ?, നവംബർ 9, മറുനാടൻ മലയാളി).

27. ന്യൂനപക്ഷ അവകാശങ്ങൾ നിഷേധിക്കപ്പെടുന്നു

ഹിജാബ് വിവാദം കെട്ടടങ്ങിയ ശേഷം സിബിസിഐ പ്രസിഡന്റ് ആർച്ച്ബിഷപ് ആൻഡ്രൂസ് താഴത്ത്, ക്രൈസ്തവ സമുദായം നേരിടുന്ന വിവേചനങ്ങൾക്കും അവഗണകൾക്കുമെതിരെ ഒരു ലേഖനം എഴുതി. വിദ്യാർത്ഥിനിക്ക് ഹിജാബ് ധരിക്കാനുള്ള അവകാശം നിഷേധിച്ചതിനെതിരെ സർക്കാർ പ്രതികരിച്ചതിനെക്കുറിച്ച് ലേഖനൻ: ന്യൂനപക്ഷ അവകാശങ്ങൾ നിഷേധിക്കപ്പെടുന്നുണ്ട്. ന്യൂനപക്ഷ അവകാശങ്ങൾ ഇല്ലാതാക്കാനും ന്യൂനപക്ഷങ്ങളിലെ ന്യൂനപക്ഷങ്ങളെ തമസ്‌കരിക്കാനുമുള്ള ശ്രമങ്ങൾ അധികാരപക്ഷത്ത് നിന്നുമടക്കം നടന്നുകൊണ്ടിരിക്കുന്നു. ന്യൂനപക്ഷ അവകാശമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള ഭരണകൂട അധിനിവേശത്തിന്റെ സൂചനകൾ ദിവസേന എന്നവണ്ണം വർധിച്ചുകൊണ്ടിരിക്കുന്നു. പ്രാർത്ഥനയിലും യൂണിഫോമിലും ഒക്കെയുള്ള കടന്നുകയറ്റം ചെറുക്കപ്പെടേണ്ടതാണ്. പലവിധ കാരണങ്ങൾ പറഞ്ഞ് അവഗണിക്കുകയും പിന്തള്ളുകയും ചെയ്യുന്ന നമ്മുടെ സമുദായത്തിന്റെ ആവശ്യങ്ങൾ അത് സ്‌കോഉർഷിപ്പുകൾ ആകട്ടെ, ധനസഹായങ്ങൾ ആകട്ടെ, അധ്യാപകരുടെ പ്രശ്നങ്ങൾ ആകട്ടെ, ന്യൂനപക്ഷ അവകാശങ്ങളാകട്ടെ – ഇവയെല്ലാം അതിജീവിക്കാൻ ഒന്നിച്ചു നിൽക്കുകയും ശത്രുതാപരമായി പെരുമാറുന്നവർക്കെതിരേ ചെറുത്തുനിൽക്കുകയും വേണം (ഒറ്റക്കെട്ടായി നിന്ന് പൊരുതേണ്ട കാലം, സിബിസിഐ പ്രസിഡന്റ് ആർച്ച്ബിഷപ് ആൻഡ്രൂസ് താഴത്ത്, നവംബർ 10, ദീപിക).

28. പലസ്തീൻ അനുകൂല പരിപാടിയ്ക്ക് അനുമതിയില്ല

കോഴിക്കോട് ബീച്ചിൽ ഫലസ്തീൻ അനുകൂല പരിപാടി സംഘടിപ്പിക്കുന്നതിന് പൊലീസ് അനുമതി നിഷേധിച്ചു. ‘ഹ്യൂമാനിറ്റി ഫോർ കേരള’ വാട്ട്‌സ്ആപ്പ് കൂട്ടായ്മയാണ് പരിപാടി നടത്താൻ തീരുമാനിച്ചത്. സമാനമായ പരിപാടി മുമ്പ് നടത്തിയിട്ടുണ്ട്. അന്ന് പൊലീസ് അനുമതിയും നൽകി. എന്നാൽ ഇത്തവണ അനുമതി നൽകാനാവില്ലെന്നും സ്‌പെഷ്യൽ കോർട്ട് പെർമിഷൻ വേണമെന്നും പൊലീസ് അറിയിച്ചു. പരിപാടിക്കെതിരേ പരാതി ലഭിച്ചതാണ് കാരണമെന്നായിരുന്നു പൊലീസ് പറഞ്ഞത്. മതം-ജാതി-പാർട്ടി അടിസ്ഥാനത്തിലല്ലാത്ത പരിപാടിയായതാണ് അനുമതി നിഷേധിക്കാൻ പറഞ്ഞ മറ്റൊരു കാരണം (‘കോഴിക്കോട് ബീച്ചിൽ പലസ്തീൻ അനുകൂല പരിപാടി സംഘടിപ്പിക്കുന്നതിന് പൊലീസ് അനുമതി നിഷേധിച്ചതായി ആക്ഷേപം. ഹ്യൂമാനിറ്റി ഫോർ കേരള എന്ന വാട്‌സാപ്പ് കൂട്ടായ്മ സംഘടിപ്പിക്കാനിരുന്ന പരിപാടിക്കാണ് അനുമതി നിഷേധിച്ചത്’, നവംബർ 10, മീഡിയ വൺ).

29. പച്ച പെയിന്റടിക്കാൻ ഇത് പാകിസ്താനാണോ?

മുസ്ലീം ലീഗ് ഭരിക്കുന്ന കാസർകോട് മുൻസിപ്പാലിറ്റി ഓഫീസ് കെട്ടിടത്തിന്റെ ചുറ്റുമതിലിന് പച്ച പെയിന്റ്ാണ് അടുച്ചത്. ഇതിനെതിരേ സിപിഎം നേതാവ് രംഗത്തുവന്നു. ‘പച്ച പെയിന്റടിക്കാൻ ഇതെന്താ പാക്കിസ്താൻ ആണോ’ എന്നായിരുന്നു സിപിഎം ജില്ലാ കമ്മിറ്റി അംഗം കെ.എ മുഹമ്മദ് ഹനീഫയുടെ വിമർശനം: ലീഗിന്റെ അപ്രമാദിത്വവും നാട്ടിൽ വർഗീയ ചേരിതിരിവുണ്ടാക്കാനുള്ള ശ്രമമാണ് പച്ച പെയിന്റ് അടിച്ചതിനു പിന്നിൽ. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ എഴുപത് ശതമാനവും ഭരിക്കുന്നത് സിപിഎമ്മാണ്. എന്നാൽ, ഒരു മതിലിനും ചുവപ്പ് പെയിന്റ് അടിച്ചിട്ടില്ല. പൈസ തരണമെങ്കിൽ കാവി പെയിന്റ് അടിക്കണം എന്നുപറയുന്ന നരേന്ദ്രമോദിക്ക് തുല്യമായി കാസർകോട്ടെ നഗരസഭയിൽ മുസ്ലീം ലീഗ് മാറി (‘പച്ച പെയിന്റടിക്കാൻ ഇത് പാകിസ്താനാണോ?’; കാസർകോട് മുനിസിപ്പൽ ഓഫീസ് മതിലിന്റെ പെയിന്റിനേച്ചൊല്ലി വിവാദം, നവംബർ 10, മാതൃഭൂമി).

പച്ച പെയ്ന്റ്, മാതൃഭൂമി വാർത്ത

30. പലസ്തീൻ ഐക്യദാർഢ്യ സദസ്സിന്റെ പേരിൽ സൈബർ ആക്രമണം

പലസ്തീൻ ഐക്യദാർഢ്യ സദസ്സിൽ പങ്കെടുത്തതിന്റെ ഭാഗമായി സംഘപരിവാർ സൈബർ ആക്രമണം നേരിടേണ്ടി വന്നതായി കവിയും എഴുത്തുകാരനുമായ ആദി. ഫേസ്ബുക്കിലാണ് അദ്ദേഹം തന്റെ അനുഭവം വിവരിച്ചത്:

ഒക്ടോബർ രണ്ടിന് എറണാകുളം വഞ്ചി സ്‌ക്വയറിൽ വെച്ച് നടന്ന ചിന്ത രവി ഫൗണ്ടേഷൻ സംഘടിപ്പിച്ച ദി നെയിംസ് ഓഫ് ഗസ്സയുടെ പേരുകൾ എന്ന പലസ്തീൻ ഐക്യദാർഢ്യ സദസ്സിൽ പങ്കെടുത്തതിന്റെ ഭാഗമായി സംഘപരിവാർ വർഗീയവാദികളുടെ പ്രൊഫൈലുകളിൽ നിന്നും വലിയ തോതിലുള്ള സൈബർ അക്രമം നേരിടേണ്ടി വന്നിരുന്നു. പോസ്റ്റുകൾക്ക് കീഴിലുള്ള ചില വിദ്വേഷകരമായ കമന്റുകളായും ഇൻബോക്‌സുകൾ വരെ നീളുന്ന തെറിവിളികളായുമാണിത് ആരംഭിച്ചത്. ഇപ്പോൾ വ്യക്തിപരമായ സുരക്ഷയ്ക്കും കുടുംബത്തിന്റെ സ്വകാര്യതയ്ക്കും നേരിട്ടുള്ള ഭീഷണിയായി ഈ സൈബർ അക്രമങ്ങൾ മാറിയിരിക്കുകയാണ്. ഇന്ന് ഒരു ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽ നിന്നും കുടുംബത്തിന്റെ ഫോട്ടോകൾ സംഘ് സർക്കിളുകളിൽ പങ്കിടുമെന്നും കുടുംബത്തെ നശിപ്പിക്കുമെന്നും പറഞ്ഞുകൊണ്ട് ഒരു ഭീഷണി സന്ദേശം ലഭിക്കുകയുണ്ടായി. ഈ പ്രൊഫൈലുകൾക്ക് പിന്നിൽ പലപ്പോഴും സംഘടിത വിദ്വേഷ ശൃംഖലകളുണ്ട്. അപര വെറുപ്പിന്റെയും ഹിംസയുടെയും പ്രത്യയശാസ്ത്രത്തിലൂടെ ബന്ധപ്പെട്ടിരിക്കുന്ന പ്രവർത്തനങ്ങളിൽ ഏകോപിതരായ ഇക്കൂട്ടങ്ങളുടെ അക്രമം ഓൺലൈനിൽ നിന്ന് പുറത്തേക്ക് വ്യാപിപ്പിക്കാൻ അധിക നേരം പോലുമെടുക്കില്ല. ഒരാളെ ദേശ വിരുദ്ധൻ, അർബൻ നക്‌സൽ, ജിഹാദി അനുഭാവി, ഹിന്ദു വിരുദ്ധൻ എന്നൊക്കെ മുദ്രകുത്തുമ്പോൾ എന്താണ് സംഭവിക്കുന്നതെന്ന് നമ്മൾ കണ്ടിട്ടുണ്ട്. ഓൺലൈൻ ഭീഷണികൾക്കും ഓഫ്ലൈൻ ഉപദ്രവങ്ങൾക്കും ഇടയിലുള്ള രേഖ ഭയാനകമാംവിധം നേർത്തതാണ് (പലസ്തീൻ ഐക്യദാർഢ്യ സദസിൽ പങ്കെടുത്തതിന്റെ പേരിൽ സംഘപരിവാർ സൈബർ ആക്രമണം; കുടുംബത്തെ നശിപ്പിക്കുമെന്നും ഭീഷണിയെന്ന് എഴുത്തുകാരൻ ആദി, നവംബർ 11, മീഡിയാവൺ).

31. വൈറ്റ് കോളർ ടെററിസം

നവംബർ മാസം 10ന് ഡൽഹിയിൽ കാർ പൊട്ടിത്തെറിച്ചു. ചെങ്കോട്ടക്ക് സമീപം 13 ജീവനുകൾ ഹനിക്കുകയും നിരവധിയാളുകൾക്ക് ഗുരുതര പരിക്കേൽപിക്കുകയും ചെയ്ത സ്‌ഫോടനക്കേസിൽ ഏതാനും ഡോക്ടർമാർക്ക് പങ്കുണ്ടെന്ന് സംശയമുയർന്നതിനു പിന്നാലെ വ്യാപകമായ വിദ്വേഷപ്രചാരണം നടന്നു. ചില മാധ്യമങ്ങൾ ഇതിനെ ‘വെള്ളക്കോളർ ഭീകരത’ എന്നാണ് വിശേഷിപ്പിച്ചത്. റിപ്പോർട്ടർ ടിവി മാധ്യമപ്രവർത്തകൻ അരുൺകുമാറാണ് ഇത് വ്യാപകമായി ഉപയോഗിച്ചതെങ്കിലും മറ്റുള്ളവരും വെറുതേയിരുന്നില്ല.

അരുൺകുമാറിന്റെ ഒരു വിശദീകരണം

വൈറ്റ് കോളർ ടെററിസ്റ്റുകൾ എന്ന ഒരു വിഭാഗമുണ്ട്. സ്ലീപ്പർ സെല്ലുകളെന്നാണ് നേരത്തെ പറഞ്ഞിരുന്നത്. മറ്റു മേഖലയിൽ തൊഴിലെടുത്ത് ജീവിക്കുന്നവരാണ് ഇവർ. വൈദ്യമേഖലയിൽ ഡോക്ടർമാരായും സർവകലാശാലകളിൽ അധ്യാപകരും ഗവേഷകരുമായി മാധ്യമസ്ഥാപനങ്ങളിൽ മാധ്യമപ്രവർത്തകരായി പരസ്യഏജൻസികളിൽ ഫോട്ടോഗ്രഫർമാരായും അഭിഭാഷകരായും തൊഴിലെടുക്കുന്ന വിവിധ മേഖലകളിൽ പ്രഫഷണലുകളായിട്ടുള്ള ആളുകൾ. പല ഭീകരവാദസംഘടനകൾക്കും അവരുടെ സ്ലീപ്പർ സെല്ലുകളുണ്ട്. അവയെ തിരിച്ചറിയാൻ സമയമെടുക്കും. അങ്ങനെയൊരു സംഘത്തെയാണ് പോലിസ് കുറച്ചുദിവസമായി നിരീക്ഷിച്ചിരുന്നത്. അതിൽ മൂന്നു പേരെ അറസ്റ്റു ചെയ്തു. അവർ സർക്കാർ ആരോഗ്യസംവിധാനത്തിന്റെ ഭാഗമായിരുന്നു. മൂന്ന് ഡോക്ടർമാരുടെ അറസ്റ്റ് ഇന്ത്യയെ ഞെട്ടിച്ചു. സ്ലീപ്പർ സെല്ലുകളിലുണ്ടായിരുന്ന വൈറ്റ് കോളർ ടെററിസ്റ്റുകൾ എന്ന് വിളിക്കാവുന്നവരാണ് ഇവർ (‘വൈറ്റ് കോളർ ഭീകരരെ’ തിരിച്ചറിയാൻ സമയമെടുക്കും, നവംബർ 11, റിപ്പോർട്ടർ).

റിപ്പോർട്ടർ ടിവി ഒരു സംഘത്തെ സ്‌ഫോടനത്തിൽ ഉൾപ്പെട്ടവർ ഒളിച്ചിരിക്കുന്നുവെന്ന് എൻഐഎ പറയുന്ന ഫരീദാബാദിലേക്ക് വാർത്താ സംഘത്തെ അയച്ചു. ഫരീദാബാദ് സംഘത്തിന്റെ ഒലിത്താവളത്തിൽനിന്ന് തൽസമയം എന്നായിരുന്നു അവരുടെ നവംബർ 12ാം തിയ്യതിയിലെ ചാനൽ സ്‌ക്രോൾ. അൽ ഫലാഹ് സർവകലാശാലയ്ക്ക് മുന്നിൽനിന്ന് അവരുടെ റിപോർട്ടർമാർ ലൈവ് ചെയ്യുകയും ചെയ്തു (എന്താണ് വൈറ്റ് കോളർ ടെറർ മോഡ്യൂൾ? എവിടെയായിരുന്നു ഒളിയിടം? റിപ്പോർട്ടർ സംഘം ഫരീദാബാദിൽ, നവംബർ 12, റിപ്പോർട്ടർ).

തീവ്രവാദത്തിന്റെ മാറുന്ന മുസ്ലീം മുഖങ്ങൾ

അന്വേഷണം എന്ന ഓൺലൈൻ മാധ്യമത്തിന്റെ ശീർഷകം ഇങ്ങനെ: എന്താണ് വൈറ്റ് കോളർ ടെററിസം?: തീവ്രവാദത്തിന്റെ മാറുന്ന മുസ്ലീം മുഖങ്ങൾ ?, ചവേറുകളായി സ്ത്രീകളും?, സ്ലീപ്പർ സെല്ലുകൾ രാജ്യത്ത് വീണ്ടും സജീവമാകുന്നോ? (നവംബർ 11, അന്വേഷണം.കോം).

ഈ വാർത്തയിൽ വെള്ളക്കോളർ ടെററിസത്തെ വിശദീകരിക്കുന്നത് ഇങ്ങനെ: രാജ്യത്തിന്റെ അതിർത്തികളിൽ മുള്ളുവേലികളിൽ കൂടി നുഴഞ്ഞു കയറിയും, ആട്ടിടയൻമാരായും, ഭിക്ഷക്കാരായുമൊക്കെ വേഷം മാറിയും എത്തുന്നവരാണ് ഭീകരവാദികളെന്നാണ് പൊതുവേയുള്ള ധാരണ. എന്നാൽ, ഭീകരവാദ പ്രവർത്തനങ്ങൾ നടത്താനെത്തുന്നവർ ലോകം വികസിച്ചതിനൊപ്പം അവരുടെ സാങ്കേതിക വിദ്യകളും, ടെക്നിക്കുകളും വളർത്തിയിട്ടുണ്ട്. കൊല്ലാനും, ചാകാനും അത്യാധുനിക സാങ്കേതിക വിദ്യകൾ കണ്ടെത്താനായി, സമൂഹത്തിലെ ഉന്നത ശ്രേണിയിൽ നിന്നുള്ളവരുടെ പിന്തുണ തേടുന്നുണ്ട്. ഇന്ത്യയിൽ തന്നെ ഭീകരവാദികൾക്കു വേണ്ടി പണിയെടുക്കുന്നവരുണ്ട്. അവരുടെ ആശയങ്ങളിൽ ആകൃഷ്ടരായവർ. അവർക്കു വേണ്ടി രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ അതീവ രഹസ്യമായി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നവർ. ഡോക്ടറായും, എഞ്ചിനീയറായും, ഐ.ടി. പ്രൊഫഷണലുകളായും, മാധ്യമ പ്രവർത്തകരായും, രാഷ്ട്രീയക്കാരായും, സാംസ്‌ക്കാരിക നായകൻമാരായും, ഉദ്യോഗസ്ഥരായുമൊക്കെ അവർ നടക്കുന്നുണ്ട്. ഭരണാധികാരികളുടെ അംഗരക്ഷകരായും ഭീകരവാദ സ്ലീപ്പർസെല്ലുകൾ പ്രവർത്തിക്കുന്നുണ്ടാകാം.

വൈറ്റ് കോളർ ഭീകര സംഘം

ഡോക്ടർമാരുൾപ്പെടെ ഉന്നത വിദ്യാഭ്യാസമുള്ള പ്രഫഷനലുകളെ സംഘടിപ്പിച്ചുണ്ടാക്കുന്ന ഭീകര ശൃംഖലയാണ് വൈറ്റ് കോളർ ടെറർ മൊഡ്യൂൾ അഥവാ വൈറ്റ് കോളർ ടെറർ ഇക്കോ സിസ്റ്റം. ഇവരിലൂടെ സാമ്പത്തിക, സാധന കൈമാറ്റവും ഭീകരസംഘടനകളുടെ ആശയങ്ങൾ പ്രചരിപ്പിക്കലും നടത്തുന്നുവെന്നും ജമ്മു പൊലീസ് പറയുന്നു. സന്നദ്ധ, സാമൂഹിക പ്രവർത്തനങ്ങളുടെ മറവിൽ പ്രഫഷനൽ, അക്കാദമിക് വ്യക്തികളുടെ ശൃംഖലയിൽ നിന്നാണ് ഭീകരപ്രവർത്തനത്തിന് ഇവർ ഫണ്ട് ശേഖരിക്കുന്നത് (ചെങ്കോട്ട സ്‌ഫോടനം; അന്വഷണം ‘വൈറ്റ് കോളർ’ മൊഡ്യൂളിലേക്ക്; ചാവേറും പിന്നിലുള്ളവരും ഡോക്ടർമാർ?, നവംബർ 11, മലയാള മനോരമ).

ചാനൽ മുറികളിലെ വംശീയ സ്‌ഫോടനങ്ങൾ

റിപ്പോർട്ടർ ടിവിയിലെ അവതാരകൻ അരുൺകുമാറിന്റെ ഇതുസംബന്ധിച്ച വാർത്താ അവതരണത്തെക്കുറിച്ച് പ്രഭാഷകനും എഴുത്തുകാരനുമായ വാഹിദ് ചുള്ളിപ്പാറ എഴുതുന്നു:

ഏറ്റവും അപകടകരമായ നിലയിലാണ് അരുൺ കുമാർ ഡൽഹിയിലെ സ്‌ഫോടന വാർത്തകൾ കൈകാര്യം ചെയ്യുന്നത്. മറ്റ് അപകടങ്ങൾക്കും ആക്രമണങ്ങൾക്കും ലഭിക്കാത്ത ദൃശ്യത സ്‌ഫോടനങ്ങൾക്ക് ലഭിക്കുന്നത് അതിന്റെ അപകടത്തിന്റെയും നഷ്ടങ്ങളുടെയും വ്യാപ്തി കൊണ്ടല്ല. മറിച്ച് 9/11 ആനന്തര ലോകരാഷ്ട്രീയത്തിൽ ‘മുസ്ലീം ഭീകരനെ’ കുറിച്ച ഭീതിയുൽപാദനത്തിന്റെയും സുരക്ഷ എന്ന ഭരണയയുക്തിയുടെയും പശ്ചാത്തലമുള്ളത് കൊണ്ടാണ്. തീവ്രവാദികൾ മറ്റെവിടെയോ അല്ല മറിച്ച് നിങ്ങൾക്കിടയിൽ ജോലി ചെയ്യുന്നവരും വിദ്യാഭ്യാസം നേടുന്നവരും മറ്റുമെല്ലാം ആണെന്നാണ് അരുൺകുമാർ പ്രേക്ഷകരോട് പറയുന്നത്. വൈറ്റ് കോളർ ടെററിസ്റ്റുകൾ എന്ന് പേരിട്ട അദ്ദേഹം നടത്തുന്ന വർഗ്ഗീകരണം മുസ്ലീങ്ങൾക്കെതിരായ സാമൂഹ്യ നിരീക്ഷണത്തിനും ബഹിഷ്‌കരണത്തിനുമുള്ള ആഹ്വാനമാണ്. സ്‌ഫോടനം നടന്നതിന് തൊട്ടുടനെ തന്നെ അതിന് പിന്നിൽ മുസ്ലീങ്ങളാണ് എന്ന് നേരിട്ട് പറഞ്ഞും പറയാതെ പറഞ്ഞും മത്സരിക്കുന്ന വലതുപക്ഷ മാധ്യമപ്രവർത്തകരുടെ പിന്തുടർച്ച കാരനാണ് അരുൺ കുമാർ എന്ന് പറയാതിരിക്കാൻ വയ്യ (ചാനൽ മുറികളിലെ വംശീയ സ്‌ഫോടനങ്ങൾ, നവംബർ 11, ഫേസ്ബുക്ക്/ വാഹിദ് ചുള്ളിപ്പാറ).

റിപ്പോർട്ടർ ചാനലിൽ അരുൺകുമാർ അവതരിപ്പിച്ച വാർത്ത

ജമാഅത്തെ ഇസ്ലാമിയെ നിരോധിക്കണം

ടെററിസത്തെ ഇല്ലാതാക്കാൻ ജമാഅത്തെ ഇസ്ലാമിയെ നിരോധിക്കണമെന്ന് ഡൽഹി സ്‌ഫോടനവുമായി ബന്ധപ്പെട്ട് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ ബിജെപി നേതാവ് എ.പി അബ്ദുള്ളക്കുട്ടി ആവശ്യപ്പെട്ടു: ജമാഅത്തെ ഇസ്ലാമി, സലഫി എന്നിവയെ നിരോധിച്ചാൽ മാത്രമേ വൈറ്റ് കോളർ ടെററിസത്തെ ഇല്ലാതാക്കാനാവൂ. നേരത്തെ മദ്രസകളിൽ പഠിപ്പിച്ചിരുന്നത് രാജ്യസ്‌നേഹം ഓരോ ആളുടെയും വിശ്വാസത്തിന്റെ ഭാഗമെന്നാണ്. എന്നാൽ തങ്ങളുടേതൊഴിച്ച് ബാക്കിയെല്ലാം തെറ്റാണെന്നാണ് സലഫികളും ജമാഅത്തെ ഇസ്ലാമിയും പഠിപ്പിച്ചത്. കാഫിറുകളെ കൊന്ന് ഷഹീദായാൽ സ്വർഗം കിട്ടുമെന്ന പ്രചാരണത്തിന്റെ ഭാഗമാണ് വൈറ്റ് കോളർ ടെററിസ്റ്റുകളെ സൃഷ്ടിച്ചത്. ദൽഹിയിൽ നടന്ന സ്‌ഫോടനത്തിന് പിന്നിൽ അർബൻ ഭീകരവാദികളുടെ ഗൂഢാലോചനയാണ്. ഇതിനെതിരെ എല്ലായിടത്തും അതിശക്തമായ വികാരമുണ്ട്. അത് കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രകടമാവും (ടെററിസത്തെ ഇല്ലാതാക്കാൻ ജമാഅത്തെ ഇസ്ലാമിയെ നിരോധിക്കണം: അബ്ദുള്ളക്കുട്ടി, നവംബർ 13, ജന്മഭൂമി).

പൊട്ടിത്തെറിക്കാത്തവന്റെ പണി

ഡൽഹി സ്‌ഫോടനത്തിൽ കേന്ദ്ര സർക്കാറിന്റെ സുരക്ഷാ വീഴ്ചയെ വിമർശിക്കുന്നതുമായി ബന്ധപ്പെട്ട് കെ.ടി നിഷാന്ത് പെരുമന ഫേസ്ബുക്കിൽ എഴുതിയത്:

പൊട്ടിത്തെറിക്കുന്ന ഐറ്റങ്ങളെക്കാൾ നാം ഭയക്കേണ്ടത് പൊട്ടിത്തെറിക്കാത്ത ചില ഐറ്റങ്ങളെയാണ്. പൊട്ടിത്തെറിക്കുന്നവന്റെ ‘പണി’ തീരുന്നിടത്ത് പൊട്ടിത്തെറിക്കാത്തവന്റെ പണി ആരംഭിക്കുകയാണ്. ഇരവാദവും കോൺസ്പിറസി തിയറിയും സമാസമം കൂട്ടിക്കുഴച്ച് വാരി വിതറലാണ് ആദ്യപടി. ‘രാജാവിനെതിരെ ജനവികാരം ഉയരുമ്പോൾ…’ എന്ന ഒ.വി വിജയൻ വാചകത്തിൽ തുടങ്ങി തൊട്ടടുത്ത് നടക്കുന്ന ഇലക്ഷനിലേക്ക് കാര്യങ്ങളെ കൊണ്ടുചെന്ന് കെട്ടും. അവിടെ നിന്നത് ആ സമയത്ത് നടക്കുന്ന രാഷ്ട്രീയ വിവാദങ്ങളിലേക്ക് വലിച്ചുകൊണ്ടുപോകും (നവംബർ 13, ഫേസ്ബുക്ക് കെ.ടി നിഷാന്ത് പെരുമന).

കേരളത്തിലെ വൈറ്റ് കോളർ ടെററിസ്റ്റ്

പ്രഭാഷകൻ ഡോ. അബ്ദുള്ള ബാസിൽ സി.പിക്കെതിരേ വൈറ്റ് കോളർ ടെററിസം ആരോപിച്ച് സൈബർ ആക്രമണം നടന്നു. മാതൃകയായി ഒന്നു നൽകുന്നു:

കേരളത്തിലും വൈറ്റ് കോളർ ടെറർ ഉണ്ട്..! അതിലൊന്നാണ് അബ്ദുള്ള ബാസിൽ സി.പി യും കൂട്ടരും. ബാസിൽ ഒരു ഡോക്ടർ ആണ്. കൂടെ ഉള്ളത് എൻജിനീയർമാരും ഡോക്ടർമാരും തന്നെ. അധികം വൈകാതെ ബാസിൽ മീശ വടിച്ച് പ്രത്യക്ഷപ്പെടും..! സംഗതി ഇപ്പോ ഹറാം ആയ മീശ വെക്കുന്നത് തകിയ ആണ്. ഇവന്മാരെ സൂക്ഷിക്കുക. പ്രൊഫഷണൽ കോളേജ് കേന്ദ്രീകരിച്ച് മത ഭീകരതയുടെ ആദ്യപടികളായ മറ കെട്ടുന്നതടക്കമുള്ള താലിബാനി രീതികളെ സാമാന്യ വൽക്കരിച്ച ശേഷം കൂടുതൽ വലിയ തീവ്ര ഇസ്ലാമിലേക്ക് മുസ്ലീങ്ങളെ തള്ളിയിടുന്നതിൽ ഇവർ വലിയ പങ്ക് വഹിക്കുന്നു. ഇവരെ സൂക്ഷിച്ചില്ല എങ്കിൽ കേരളം കുട്ടിച്ചോറാകും. കാരണം ഇങ്ങനെ ആണ് റേഡിക്കലൈസേഷൻ പ്രവർത്തിക്കുക (നവംബർ 13, ഫേസ്ബുക്ക്/ റിജു കാലിക്കറ്റ്).

കേരളത്തിലും ‘വൈറ്റ് കോളർ ഭീകരത’

കേരളത്തിലും ‘വൈറ്റ് കോളർ ഭീകരത’ ഉണ്ടെന്നും അവരെ സൂക്ഷിക്കണമെന്നും എക്‌സ് മുസ്ലീം ആരിഫ് ഹുസൈൻ. ഫേസ്ബുക്കിലൂടെയായിരുന്ന ആരോപണം. യൂട്യൂബറും വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ പ്രവർത്തകനുമായ അബ്ദുള്ള ബാസിൽ സി.പിയുടെ ഫേസ്ബുക്ക് പ്രൊഫൈൽ പങ്കുവച്ചുകൊണ്ടായിരുന്നു ആരോപണം ഉയർത്തിയത്: ഇവന്മാരെ സൂക്ഷിക്കുക. പ്രഫഷണൽ കോളേജ് കേന്ദ്രീകരിച്ച് മത ഭീകരതയുടെ ആദ്യപടികളായ മറ കെട്ടുന്നതടക്കമുള്ള താലിബാനി രീതികളെ സാമാന്യ വൽക്കരിച്ച ശേഷം കൂടുതൽ വലിയ തീവ്ര ഇസ്ലാമിലേക്ക് മുസ്ലീങ്ങളെ തള്ളിയിടുന്നതിൽ ഇവർ വലിയ പങ്ക് വഹിക്കുന്നു. ഇവരെ സൂക്ഷിച്ചില്ല എങ്കിൽ കേരളം കുട്ടിച്ചോറാകും. കാരണം ഇങ്ങനെ ആണ് റേഡിക്കലൈസേഷൻ പ്രവർത്തിക്കുക (കേരളത്തിലും ‘വൈറ്റ് കോളർ ഭീകരത’ ഉണ്ട്: ഇവന്മാരെ സൂക്ഷിക്കുക: ഗുരുതര ആരോപണവുമായി ആരിഫ് ഹുസൈൻ, നവംബർ 13, ബ്രേവ് ഇന്ത്യ). ഇതേ ആരോപണം തത്വമയി യുട്യൂബ് ചാനലും ഉയർത്തിയിരുന്നു (വൈറ്റ് കോളർ ഭീകരർ കേരളത്തിൽ സജീവം. നവംബർ 11, തത്വമയി).

ആരിഫ് ഹുസൈന്റെ ആരോപണം, കർമ്മ ന്യൂസ്

നടി ലാലിക്കെതിരേ സൈബർ ആക്രമണം

ഒക്ടോബർ രണ്ടിന് ഇടത് ആഭിമുഖ്യമുള്ളവരുടെ മുൻകൈയിൽ എറണാകുളത്തെ വഞ്ചി സ്‌ക്വയറിൽ ഗസയിൽ ഇസ്രയേൽ അധിനിവേശ സേന കൊന്നൊടുക്കിയ കുഞ്ഞുങ്ങളുടെ പേര് വായിച്ചു കൊണ്ട് ഒരു ഫലസ്തീൻ ഐക്യദാർഢ്യ പരിപാടി നടന്നിരുന്നു. ‘ദ ഗസ വാക്ക്’ എന്നായിരുന്നു പരിപാടിയുടെ പേര്. മറ്റ് ജില്ലകളിലും സമാനമായ പരിപാടി നടന്നിരുന്നു. സമൂഹത്തിന്റെ വിവിധ രംഗങ്ങളിലൂടെ പ്രശസ്തമായവരാണ് പങ്കെടുത്തത്. നടിയും എഴുത്തുകാരിയുമായ ലാലി പി.എമ്മും അതിൽ പങ്കെടുത്തിരുന്നു. പേരുകൾ വായിക്കുമ്പോൾ വികാരഭരിതമായ ലാലിയുടെ വീഡിയോ ആ സയമത്തും വൈറലായിരുന്നു. ഡോക്ടർമാരും എഞ്ചിനീയർമാരും കലാകാരന്മാരുമാവേണ്ട കുട്ടികളാണ് കൊല്ലപ്പെട്ടതെന്നായിരുന്നു അവർ പറഞ്ഞത്.

ഡൽഹി സ്‌ഫോടനത്തിൽ ഏതാനും ഡോക്ടർമാരെ അറസ്റ്റ് ചെയ്തതോടെ സംഘപരിവാർ ഹാൻഡിലുകൾ ലാലിക്കെതിരേ സൈബർ ആക്രമണം ആരംഭിച്ചു. ഒരു വീഡിയോയും തയ്യാറാക്കിയിരുന്നു (നവംബർ 13, ഫേസ്ബുക്ക്/ ലാലി പി എം).

സാമൂഹിക മാധ്യമങ്ങളിലെ സൈബർ ആക്രമണത്തെ ഭയപ്പെടുന്നില്ലെന്ന് അവർ പ്രതികരിച്ചു. അതേസമയം തനിക്കെതിരെ സൈബർ ആക്രമണം ഉണ്ടായപ്പോൾ ഒപ്പമുണ്ടാകുമെന്ന് കരുതിയ ഇടതുപക്ഷം കൂടെ നിന്നില്ലെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു: ‘ഇപ്പോൾ നടക്കുന്നതിനെ പേഴ്സൺ ആക്രമണമായി കാണുന്നില്ല. ഗസയിൽ കൊല്ലപ്പെടുന്ന കുട്ടികളെക്കുറിച്ച് ഇടത് സാംസ്‌കാരിക പ്രവർത്തകർ നടത്തിയ പരിപാടിയിൽ വെച്ച് സംസാരിക്കുന്നതിനിടയിൽ വൈകാരികമായിപ്പോയിരുന്നു. സങ്കടത്തിന്റെ അങ്ങേയറ്റത്തിൽ കരഞ്ഞുപോയതായിരുന്നു. ഒരു കുഞ്ഞ് റോഡിൽ കൂടി നടന്നുപോകുന്ന സമയത്ത് വണ്ടിയിടിച്ച് മരിച്ചാൽ പോലും അവരെക്കുറിച്ച് നമ്മൾ ചിന്തിക്കാറില്ലേ. നമ്മുടെ രാജ്യത്ത് വർഷങ്ങളായി സംഘപരിവാർ നടത്തിവരുന്ന അജണ്ടയാണ് എതിരാളികളെ അപരവത്കരിക്കുക എന്നത്. ഇവിടെയുള്ള സംഘപരിവാറുകാർക്കും കാസ പോലുള്ള ക്രിസംഘികൾക്കും ഫലസ്തീൻ എന്നത് മുസ്ലീം വിഷയമായി മാറിയിട്ടുണ്ട്. അതിന് വേണ്ടി പ്രതികരിക്കുന്ന മുസ്ലീങ്ങളെയും അപരവത്കരിക്കുക എന്നതും അവരുടെ അജണ്ടയാണ്. എന്റെ കൂടെ പഠിച്ച, പ്രവർത്തിച്ച സഖാക്കൾ പോലും അതിന് വഴങ്ങിയെന്നതിൽ വല്ലാത്ത സങ്കടമുണ്ട്’ (സംഘപരിവാറിനെതിരെ ഇനിയും തുറന്നെഴുതുമെന്ന് നടി ലാലി; ‘സൈബർ ആക്രമണത്തെ ഭയപ്പെടുന്നില്ല’, നവംബർ 17, മാധ്യമം; ‘സൈബർ ആക്രമണത്തെ ഭയപ്പെടുന്നില്ല, സംഘ്പരിവാറിനെതിരെ ഇനിയും തുറന്നെഴുതും’; നടി പി.എം ലാലി, നവംബർ 17, മീഡിയാവൺ)

ജിഹാദിന് വേണ്ടി ഒരു സർവകലാശാല

ഡൽഹി സ്‌ഫോടനത്തിൽ ഫരീദാബാദിലെ അൽഫലാഹ് സർവകലാശാലയെ പ്രതി ചേർത്തതുമായി ബന്ധപ്പെടുത്തി കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലാ മുൻ വൈസ് ചാൻസലറും കേരള പബ്ലിക് സർവീസ് കമ്മിഷൻ മുൻ ചെയർമാനുമായ ഡോ. കെ.എസ് രാധാകൃഷ്ണൻ മെട്രോയിൽ ലേഖനം എഴുതി. ജിഹാദിന് വേണ്ടി ഒരു സർവകലാശാല തന്നെ എന്നായിരുന്നു ശീർഷകം: ജിഹാദ് നടത്താൻ വേണ്ടി ഒരു സർവകലാശാല തന്നെ ഉണ്ടാക്കിയെടുത്ത ഇസ്ലാമിക ഭീകരർ! ഇവർ രാജ്യത്ത് ഇത്തരം എത്ര സ്ഥാപനങ്ങൾ നിർമിച്ചിട്ടുണ്ട് എന്നതും അന്വേഷിക്കണം. എന്തായാലും ഇതിന്റെ ഒരു ശാഖ കേരളത്തിലുണ്ടാകും എന്ന കാര്യത്തിൽ സംശയമില്ല. ‘ഇസ്ലാമിക് മെഡിക്കൽ ടെററിസം’ കണ്ടെത്തിയത് കശ്മീരിലായിരുന്നു എങ്കിലും അതു മുളച്ചതും വളർന്നതും ഫരീദാബാദിലെ അൽ ഫലഹ് സർവകലാശാലയിലാണ്.

2014ലാണ് ഈ സർവകലാശാല സ്ഥാപിച്ചത്. ഉടമകൾ അൽ ഫലഹ് ചാരിറ്റബിൾ ട്രസ്റ്റ്. ചെയർമാൻ: ജവഹർ അഹമ്മദ് സിദ്ധിഖി. ന്യൂനപക്ഷ, അവഗണിക്കപ്പെട്ട, അടിച്ചമർത്തപ്പെട്ട ജനങ്ങളുടെ ആരോഗ്യ- വിദ്യാഭ്യാസ അത്യുന്നതിയായിരുന്നത്രേ ട്രസ്റ്റിന്റെ ലക്ഷ്യം. സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യയിലാകെ ന്യൂനപക്ഷ ക്ഷേമം നടപ്പിലാക്കുന്ന കാലമായിരുന്നു അന്ന്. ന്യൂനപക്ഷ ക്ഷേമം എന്നാൽ മതമൗലികവാദ, തീവ്രവാദ പ്രീണനം എന്നായിരുന്നല്ലോ സോണിയ ഭരണം നൽകിയിരുന്ന അർഥം.

ഇംഗ്ലണ്ടിൽ പ്രവർത്തിക്കുന്ന അൽ ഫലഹ് എജ്യൂക്കേഷണൽ ട്രസ്റ്റിന്റെ ധനസഹായം ഇവർക്കു ലഭിച്ചിരുന്നു. ലോകത്തെ ഇസ്ലാമിക മതമൗലികവാദ സംഘങ്ങൾക്ക് പ്രവർത്തന ഫണ്ട് നൽകുന്ന സ്ഥാപനമാണത്. ആഗോള വ്യാപകമായി ഇസ്ലാമിക വഹാബിസവും തീവ്രവാദവും പടർന്നുകയറുന്ന കാലമായിരുന്നു അത്. മുസ്ലീം അവകാശങ്ങൾ സംരക്ഷിക്കുക എന്ന് പറഞ്ഞാൽ ഇസ്ലാമിക തീവ്രവാദ സംരക്ഷണം എന്നാണ് അന്നത്തെ അർഥ കല്പന. സോണിയ ഗാന്ധിയുടെ പൊളിറ്റിക്കൽ സെക്രട്ടറി ആയിരുന്ന എ. അഹമ്മദ് പട്ടേൽ ഇക്കൂട്ടർക്ക് ഒളിഞ്ഞും തെളിഞ്ഞും സംരക്ഷണം നൽകിയിരുന്നു എന്ന ആരോപണം ഉയർന്നിരുന്നു എന്നതും ഓർക്കുക.

ജിഹാദി ഇസ്ലാമിസ്റ്റ് സംഘടനകളുടെ ആവശ്യപ്രകാരമാണ് മെഡിക്കൽ കോളെജുകളും ആശുപത്രികളും തുടങ്ങിയത് എന്ന കാര്യം എല്ലാവരും അറിഞ്ഞിരുന്നില്ല. എങ്കിലും അതായിരുന്നു സത്യം. ജിഹാദിൽ പരുക്കു പറ്റുന്നവർക്കു വേണ്ട പരിചരണം സ്വകാര്യമായി നൽകുക എന്നതാണ് ഇവരുടെ പ്രധാന ലക്ഷ്യം. ഒപ്പം മനുഷ്യ സേവനം നടത്തുന്നു എന്ന് പ്രചരിപ്പിക്കുകയും ചെയ്യാം. അതോടെ പൊലീസിന്റെ നിരീക്ഷണത്തിൽ നിന്നും അന്വേഷണത്തിൽ നിന്നും ജിഹാദികൾക്ക് രക്ഷപ്പെടാനും കഴിയും (ജിഹാദിന് വേണ്ടി ഒരു സർവകലാശാല തന്നെ, ഡോ. കെ.എസ് രാധാകൃഷ്ണൻ, മെട്രോ വാർത്ത , നവംബർ 14).

എന്തുകൊണ്ട് മുസ്ലീങ്ങൾ പ്രതിഷേധിക്കുന്നില്ല

സ്‌ഫോടനം വാർത്തകളിൽ നിറഞ്ഞുനിൽക്കെ സാമ്പത്തിക വിദഗ്ധൻ ജോസ് സെബാസ്റ്റ്യൻ ഫേസ്ബുക്കിലൂടെ ഒരു ചോദ്യം ഉന്നയിച്ചു – എന്തുകൊണ്ട് കേരളത്തിലെ മുസ്ലീം സമൂഹത്തിൽനിന്ന് ഭീകരവാദികൾക്ക് എതിരെ ശക്തമായ പ്രതിഷേധം ഉയരുന്നില്ലെന്നായിരുന്നു ചോദ്യം: ഡൽഹി സ്‌ഫോടനത്തെ തുടർന്ന് ലഭ്യമായ വിവരങ്ങൾ സൂചിപ്പിക്കുന്നത് ഇന്ത്യയിലെ പല സ്ഥലങ്ങളിലും സ്‌ഫോടനപരമ്പര നടത്താനുള്ള വമ്പൻ പദ്ധതി ഉണ്ടായിരുന്നു എന്നാണ്. ഞാൻ അത്ഭുതപ്പെടുന്നത് എന്തുകൊണ്ട് ഭീകരവാദത്തെ അസന്നിഗ്ദ്ധമായി തള്ളിപ്പറഞ്ഞുകൊണ്ടും അതിനെതിരെ നീങ്ങുന്ന കേന്ദ്ര സർക്കാർ നീക്കങ്ങൾക്കു പിന്തുണ പ്രഖ്യാപിച്ചുകൊണ്ടും കേരളത്തിലെ മുസ്ലീം സമൂഹം തെരുവിൽ ഇറങ്ങുന്നില്ല? ഇതേ മുസ്ലീം സമൂഹമല്ലേ വൻ പലസ്തീൻ ഐക്യദാർഡജീയ റാലി നടത്തിയത്? കേരളത്തിൽ അങ്ങോളമിങ്ങോളം എല്ലാ പ്രദേശങ്ങളിലും മുസ്ലീങ്ങൾ ‘സ്‌പോണ്ടേനിയസ്’ ആയി തെരുവിൽ ഇറങ്ങിയിരുന്നു എങ്കിൽ അത് രാജ്യത്ത് ആകമാനം ചർച്ച ചെയ്യപ്പെട്ടേനെ. കാരണം ഇന്ത്യയിലെ ഏറ്റവും വിദ്യാസമ്പണരും സാമ്പത്തികമായി മെച്ചപ്പെട്ടവരും ഈ കാര്യത്തിൽ എടുക്കുന്ന നിലപാട് ഇന്ത്യയിലെ ഭീകരവാദികൾക്കു ഒരു മുന്നറിയിപ്പും മൊത്തം മുസ്ലീം സമൂഹത്തിനും ഒരു മാതൃകയും ആയേനെ. ഇങ്ങനെ പറയുമ്പോൾ തനിക്ക് ഇസ്‌ലാമോഫോബിയ ബാധിച്ചിരിക്കുന്നു എന്ന ആരോപണം ഉണ്ടാകുമെന്നും അദ്ദേഹം എഴുതി (നവംബർ 15, ഫേസ്ബുക്ക്/ജോസ് സെബാസ്റ്റ്യൻ).

പ്രത്യേക സമുദായത്തിലേക്ക് ഒതുക്കരുത്

വൈറ്റ് കോളർ ടെററിസം ആരോപണം ഒരു പ്രത്യേക സമുദായത്തിലേക്ക് ചുരുക്കരുതെന്ന് സിപിഎം നേതാവ് പി സരിൻ അരുൺകുമാറിനെ തിരുത്തി. അദ്ദേഹത്തിന്റെ വാദങ്ങൾ: ഗുജറാത്ത് കലാപത്തിനിടെ അതായത് നരോദപാട്യ (2002 ഫെബ്രുവര 28) കൂട്ടക്കൊലയിൽ 97 മുസ്ലീങ്ങളെ കൊന്നതിൽ പ്രധാനി ബിജെപി മന്ത്രിസഭയിലെ വനിതാ ശിശിക്ഷേമ വകുപ്പ് മന്ത്രി ഡോ. മായാ കോഡ്‌നാനിയായിരുന്നു. അവരാണ് ആദ്യ വൈറ്റ്‌കോളർ ടെററിസ്റ്റ്. ഗർഭപരിചരണവിഭാഗം സ്‌പെഷ്യലിസ്റ്റായ ഇവരാണ് ഗർഭിണികളുടെ വയറ് ത്രിശൂലം കൊണ്ട് കുത്തിക്കീറിയത്. പ്രവീൺ തൊഗാഡിയയും ക്യാൻസർ സർജനായിരുന്നു. വൈറ്റ്‌കോളർ ടെററിസത്തെ തെറ്റായി പ്രയോഗിക്കുന്നത് തിരുത്തണമെന്നും സരിൻ മാധ്യമപ്രവർത്തകൻ അരുൺകുമാറിനെ ഉപദേശിച്ചു. കൽപ്പാത്തി രഥൽസവത്തിനിടെ സരിനിൽ നിന്ന് പ്രതികരണം തേടുന്നതിനിടയിലായിരുന്നു അദ്ദേഹത്തിന്റെ ഉപദേശം (വൈറ്റ് കോളർ ടെററിസം ഒരു പ്രത്യേക സമുദായത്തിലേക്ക് ചുരുക്കരുത്; അരുൺ കുമാറിനെ തിരുത്തി പി സരിൻ, നവംബർ 18, ഡൂൾ ന്യൂസ്).

ദൽഹി ഭീകരാക്രമണത്തിനും കേരള കണക്ഷൻ

ഭാരതത്തിനകത്തും പുറത്തും നടക്കുന്ന പല ഭീകരാകാണങ്ങൾക്കും കേരളവുമായി ബന്ധമുണ്ടെന്നും ഡൽഹി സ്‌ഫോടനത്തിന്റെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ലെന്നും ജന്മഭൂമിയുടെ എഡിറ്റോറിയൽ: ഹരിയാന ഫരീദാബാദിലെ അൽ ഫലാഹ് സർവ്വകലാശാലയുടെ ഉടമസ്ഥതയുള്ള ചാരിറ്റബിൾ ട്രസ്റ്റ് കേരളത്തിൽ പല ജില്ലകളിലായി പ്രവർത്തിക്കുന്നുണ്ട്. ഇക്കാര്യം അന്വേഷണ ഏജൻസികൾക്കും അറിയാം. മദ്രസകളും ഇസ്ലാമിക വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇതിൽപ്പെടുന്നു. ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ പോലുള്ള സംഘടനകളുടെ സജീവ സാന്നിധ്യവും കേരളത്തിൽ അധികാരം കയ്യാളുന്നവർ ഇവരോട് കാണിക്കുന്ന മൃദു സമീപനവും അങ്ങേയറ്റം ആശങ്കാജനകമാണ് (ഡൽഹി ഭീകരാക്രമണം കേരളത്തോട് പറയുന്നത്, നവംബർ 20, ജന്മഭൂമി).

ഡോക്ടറും ഇഞ്ചിനീയറും ടെററിസ്റ്റുകൾ ആകുന്നതെന്തിന്?

1940കൾ മുതൽ ഇസ്ലാമിക് തീവ്രവാദത്തിന്റെ ഗോഡ്ഫാദറായി കൽപ്പിക്കപ്പെട്ട ഈജിപ്ഷ്യൻ സ്‌കോളർ സയ്യിദ് കുത്തുബ്ബ് മുതൽ അൽ ഖ്വയ്ദയുടെ ഉസാമ ബിൻ ലാദനും അയ്മൻ അൽ സാവാഹിരിയും ഐസിസിന്റെ തലവൻ അബൂബക്കർ അൽ ബാഗ്ദാദിയും പിന്നെ ഭീകരസംഘനകളിൽ ഒളിവിലും തെളിവിലും പ്രവർത്തിക്കുന്ന ആയിരങ്ങളും വൈറ്റ് കോളർ ടെററിസ്റ്റുകളാണ് (ഡോക്ടറും ഇഞ്ചിനീയറും ടെററിസ്റ്റുകൾ ആകുന്നതെന്തിന്? അവരാരെല്ലാം?, നവംബർ 27, എം.ജെ അനീഷ്, ഏഷ്യാനെറ്റ്).

32. മാരിയോ ജോസഫ് എന്ന ട്രോജൻ കുതിര

മോട്ടിവേഷണൽ സ്പീക്കർ മാരിയോ ജോസഫിനെതിരെ ഭാര്യ ജിജി മാരിയോ ചാലക്കുടി പൊലീസിൽ പരാതി നൽകി. മർദിക്കുകയും വിലപ്പിടിപ്പുള്ള ഫോൺ തല്ലിപ്പൊട്ടിച്ചു എന്നുമാണ് പരാതിയിലുള്ളത്. കുടുംബജീവിതം പ്രമേയാക്കി നിരവധി മോട്ടിവേഷണൽ സ്പീച്ച് നടത്തുന്നവരാണ് ഇരുവരും. വധശ്രമത്തിന് ഉൾപ്പെടെയാണ് കേസെടുത്തിട്ടുള്ളത്.(‘സെറ്റ്-ടോപ് ബോക്‌സ് കൊണ്ട് തലക്കടിച്ചു’; മോട്ടിവേഷണൽ സ്പീക്കർ മാരിയോ ജോസഫിനെതിരെ ഭാര്യയുടെ പരാതിയിൽ കേസ്, നവംബർ 12, മീഡിയാവൺ). ഇസ്ലാം മതം ഉപേക്ഷിച്ച് ക്രിസ്തുമതം സ്വീകരിച്ചയാളാണ് ജോസഫ് മാരിയോ. സുലൈമാൻ എന്നായിരുന്നു ആദ്യ പേര് (പുറത്ത് ‘സ്‌നേഹപ്രചാരകർ’; അകത്ത് ക്രൂരമർദ്ദനം:പ്രശസ്ത മോട്ടിവേഷൻ സ്പീക്കർ മാരിയോ ജോസഫ് ഭാര്യയെ ആക്രമിച്ചതായി പരാതി, നവംബർ 12, അന്വേഷണം).

തീവ്രവാദബന്ധം

പരാതിക്ക് പിന്നാലെ ഭാര്യ ജിജി മാരിയോ വീഡിയോ പുറത്തുവിട്ടു. ജോസഫ് മാരിയോക്ക് തീവ്രവാദികളുമായി ബന്ധമുണ്ടെന്നായിരുന്നു ആരോപണം: തന്റെ ഭർത്താവിന് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ട്. ഫണ്ട് ദുരുപയോഗം ചെയ്യുന്നു. അതിന് ഒരിക്കലും കൂട്ടു നിൽക്കില്ല (മാരിയോ ജോസഫിന് തീവ്രവാദ സംഘടനകളുമായി ബന്ധം, ഭാര്യ ജിജി മാരിയോയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ, നവംബർ 13, കർമ്മ ന്യൂസ്).

കൊന്നാലും മുസ്ലീം തീവ്രവാദികൾ കൊന്നതാണെന്നേ പറയൂ

പൊലീസ് കേസെടുത്തതിന് പിന്നാലെ ഭാര്യ ജിജി മരിയോക്ക് എതിരെ വെളിപ്പെടുത്തലുമായി ഭർത്താവ് മാരിയോ ജോസഫും സജീവമായി. ജിജി തന്നെ മർദ്ദിക്കുമായിരുന്നെന്നും നിങ്ങളെ കൊന്നുകളഞ്ഞാലും മുസ്ലീം തീവ്രവാദികൾ കൊന്നതാണെന്നേ നാട്ടുകാർ പറയൂ…അതിന്റെ സിമ്പതി കൂടി എനിക്ക് കിട്ടുമെന്ന് ജിജി പല തവണ തന്നോട് പറഞ്ഞിട്ടുണ്ടെന്നും മാരിയോ ജോസഫ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു (‘നിങ്ങളെ കൊന്നുകളഞ്ഞാലും മുസ്ലീം തീവ്രവാദികൾ കൊന്നതാണെന്നേ നാട്ടുകാർ പറയൂ…അതിന്റെ സിമ്പതി കൂടി എനിക്ക് കിട്ടും’; ജിജി മാരിയോക്ക് എതിരെ വെളിപ്പെടുത്തലുമായി ഭർത്താവ്, നവംബർ 14, മീഡിയാവൺ).

പുറത്ത് കത്തോലിക്കൻ ഉള്ളിൽ മുസ്ലീം തീവ്രവാദി

മരിയോ ജോസഫ് വിഷയത്തിൽ ഭാര്യ കത്തോലിക്കരുടെ ഉള്ളിലെ ചില സംശയങ്ങളെ മുതലെടുക്കുകയാണെന്ന് തനിനാടൻ മലയാളി: മരിയോ ജോസഫ് എന്ന വ്യക്തിയുടെ കൺവേർഷനിൽ ഉള്ള കത്തോലിക്കരുടെ സംശയത്തെ ജിജി മുതലെടുക്കുകയാണ് ഇപ്പോൾ ചെയ്ത്‌കൊണ്ടിരിക്കുന്നത്. ഇപ്പോൾ അവൾ ആരോപിക്കുന്നത് അദ്ദേഹം ഒരു സിൻസിയർ കത്തോലിക്കൻ ആയിരുന്നില്ല ഉള്ളിൽ എന്നും ഒരു മുസ്ലീമായിരുന്നു, ഒരു മുസ്ലീം തീവ്രവാദി ആണ്, തീവ്രവാദ ബന്ധം ഉണ്ട് എന്നാണ. ഈ ആരോപണത്തിൽ കേരളത്തിലെ ജനങ്ങൾക്കിടയിൽ ‘കറൻസി’ ഉണ്ട്, കത്തോലിക്കരുടെ ഇടയിൽ അത് ചിലവാകും, അതിന് സ്വീകാര്യത കിട്ടും എന്ന് ജിജിക്ക് അറിയാം. അതുകൊണ്ട് അവർ ചൂഷണം ചെയ്യുകയാണ് അതുവച്ച് മുതലെടുക്കുകയാണ്. കേരളത്തിലെ കത്തോലിക്കർ സിംപതി കൊടുക്കുന്നത് ജിജിക്ക് ആണ്. കാരണം അവർ കത്തോലിക്കാ കുടുംബത്തിലാണ് ജനിച്ചത്. മാരിയോയേ സംശയത്തിന്റെ നിഴലിൽ നിർത്തുകയും ചെയ്യുന്നു കാരണം അദ്ദേഹം മുസ്ലീമായി ജനിച്ചു കത്തോലിക്കനായി കൺവെർട്ട് ചെയ്തത്‌കൊണ്ട് (മാരിയോ-ജിജി കുടുംബവഴക്ക്: അവളാണ് വില്ലത്തി. നവംബർ 15, ഫേസ്ബുക്ക്/ തനിനാടൻ മലയാളി).

പൊളിറ്റിക്കൽ ഇസ്ലാമിന്റെ ട്രോജൻ കുതിര

മരിയോ ജോസഫിനെയും ജിജി മാരിയോയും ക്രൈസ്തവ സമൂഹം പൂർണമായും തള്ളിക്കളയണമെന്ന് കാസ. പൊളിറ്റിക്കൽ ഇസ്ലാമിന്റെ ട്രോജൻ കുതിരയാണ് മരിയോ ജോസഫ് എന്ന് ഫേസ്ബുക്കിലെഴുതിയ കുറിപ്പിൽ കാസ പറയുന്നു. മാരിയോ ദമ്പതികളുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്നും കാസ പറയുന്നു: ഈ തട്ടിപ്പുകാരെ ഇനിയും ക്രൈസ്തവ സമൂഹം ചുമക്കരുത്. സാധാരണ കുടുംബങ്ങളിൽ ഭാര്യ ഭർത്താക്കന്മാർ തമ്മിൽ ഉണ്ടാകുന്ന വിഷയങ്ങൾ ഒന്നുമല്ല ഇപ്പോഴത്തെ ജിജിയും മാരിയോയും തമ്മിലുള്ള ഈ കലഹത്തിന് പിന്നിൽ. വിശ്വാസികളുടെ വിയർപ്പിൽ നിന്നുണ്ടായ പണം ചാരിറ്റിയുടെ പേരിൽ അനിയന്ത്രിതമായി ഫിലോകാലിയ എന്ന തട്ടിപ്പ് പ്രസ്ഥാനത്തിലേക്ക് വന്നതോടെ അതിന്റെ വിനിയോഗവും വക മാറ്റലും സൂക്ഷിപ്പും സംബന്ധിച്ച തർക്കം മാത്രമാണ് ഇപ്പോഴുള്ള ഈ കലഹത്തിന് പിന്നിലുള്ളത്.

ധ്യാനകേന്ദ്രം മുതലാളിമാർ മാരിയോയെ ഉപയോഗിച്ച് ബിസിനസ് വളർത്തിയപ്പോൾ മാരിയോ താൻ എന്തിനുവേണ്ടി വന്നോ ആ ലക്ഷ്യത്തിനുവേണ്ടി മണ്ടന്മാരായ വൈദികരെ ചവിട്ടുപടിയാക്കി സ്വന്തമായി ഒരു സ്‌പേസ് ഉണ്ടാക്കിയെടുത്തു പാരലായി വളർന്നുകയറി. സുലൈമാൻ തുർക്കി ജിഹാദി പ്രവർത്തനങ്ങൾക്ക് വേഷം മാറി വന്ന പൊളിറ്റിക്കൽ ഇസ്ലാമിന്റെ വിശുദ്ധ നുണയായ തഖിയയുടെ ഒരു ഭാഗം മാത്രമാണ്.അയാളെ സഭ തള്ളി പറയണം. സുലൈമാൻ തുർക്കിയുമായി അവിശുദ്ധ ബന്ധം ഉള്ളവർ സുലൈമാനെ പൊതിഞ്ഞു പിടിച്ചു (മാരിയോ ജോസഫ് പൊളിറ്റിക്കൽ ഇസ്ലാമിന്റെ ട്രോജൻ കുതിര; കാസ, നവംബർ 15. മീഡിയാവൺ).

പ്രശ്‌നം പ്രൊഫഷണൽ

കുടുംബ പ്രശ്‌നമല്ല, പ്രൊഫഷനൽ പ്രശ്‌നമാണ് ഭർത്താവുമായി ഉള്ളതെന്ന് ജിജി മാരിയോ മനോരമ ന്യൂസിനോടു പറഞ്ഞു (‘ഭർത്താവുമായുള്ളത് കുടുംബ പ്രശ്‌നമല്ല, പ്രൊഫഷനൽ പ്രശ്‌നമാണ്, കൂടെക്കൂടിയവർ അദ്ദേഹത്തെ തെറ്റിദ്ധരിപ്പിക്കുന്നു’, നവംബർ 21, മനോരമ ന്യൂസ്).

33. പാലത്തായി കേസും ഇസ്‌ലാമോഫോബിയയും

പാനൂർ പാലത്തായിയിൽ നാലാം ക്ലാസ്‌കാരിയെ അധ്യാപകനും ആർഎസ്എസ് നേതാവുമായ കുനിയിൽ പത്മരാജൻ പീഡിപ്പിച്ചത് കേരളത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട കേസാണ്. 2020 ജനുവരിയിൽ അധ്യാപകനും ബിജെപി തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന കടവത്തൂർ മുണ്ടത്തോട് കുറുങ്ങാട്ട് ഹൗസിൽ കെ. പത്മരാജൻ (49) വിദ്യാർത്ഥിനിയെ മൂന്നുതവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. 2024 ഫെബ്രുവരി 23ന് കേസിന്റെ വിചാരണ പോക്‌സോ കോടതിയിൽ തുടങ്ങി. പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയതിനെത്തുടർന്ന് നവംബർ 15ന് വിധി പറഞ്ഞു. പത്മരാജന് മരണംവരെ ജീവപരന്ത്യവും പോക്‌സോ വകുപ്പ് പ്രകാരം 20 വർഷം കഠിന തടവും ഉൾപ്പെടെ 40 വർഷം തടവും രണ്ട് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്.

ഭാര്യ മരിച്ചാൽ ഉത്തരവാദിത്തം എസ്ഡിപിഐക്ക്

കേസിൽ വാദം പൂർത്തിയായ ശേഷം ശിക്ഷ വിധിക്കുന്നതിന് മുന്നോടിയായി പ്രതിയായ പത്മരാജനെ കോടതിയിൽ ഹാജരാക്കി. എന്തെങ്കിലും പറയാനുണ്ടോയെന്ന ജഡ്ജി എം.ടി ജലജറാണിയുടെ ചോദ്യത്തിന് പ്രതി നൽകിയ ഉത്തരം ഇങ്ങനെ: താൻ കുറ്റക്കാരനല്ല. ഭാര്യ ആത്മഹത്യ ചെയ്താൽ അതിന് ഉത്തരവാദി എസ്ഡിപിഐയാണ്. തന്നെ പോലുള്ള നിരപരാധി ശിക്ഷിക്കപ്പെടാതിരിക്കാൻ പ്രാർഥിക്കുന്നു (തന്റെ ഭാര്യ ആത്മഹത്യ ചെയ്താൽ ഉത്തരവാദി എസ്ഡിപിഐ എന്ന് പാലത്തായി പോക്‌സോ കേസ് പ്രതി. മാധ്യമം ഓൺലൈൻ, നവംബർ 15).

പത്മരാജന് പറഞ്ഞത് രേഖപ്പെടുത്തണമെന്ന് പ്രതിഭാഗം വക്കീൽ കോടതിയോട് ആവശ്യപ്പെട്ടു. എന്നാൽ, ഇതെല്ലാം വാദം കേൾക്കുന്ന ഘട്ടത്തിൽ പറഞ്ഞതാണെന്നും രേഖപ്പെടുത്തേണ്ട ആവശ്യമില്ലെന്നും ജഡ്ജി വ്യക്തമാക്കി.

ഉത്തരവാദിത്തം എസ്ഡിപിഐ ജമാഅത്തെ ഇസ്ലാമി നേതൃത്വത്തിന്

‘പത്മരാജന്റെ ഭാര്യയും മക്കളും എന്തെങ്കിലും ചെയ്താൽ ഉത്തരവാദിത്തം പ്രദേശത്തെ എസ്ഡിപിഐ നേതൃത്വത്തിനും ജമാഅത്തെ ഇസ്ലാമിക്കും മതതീവ്രവാദ സംഘടനകൾക്കുമായിരിക്കുമെന്നും പ്രതിഭാഗം വക്കീൽ: ഈ കേസ് കെട്ടിച്ചമച്ചതാണ്. പ്രാദേശിക മതതീവ്രവാദ സംഘടനകൾക്ക് ഈ കേസിൽ പങ്കുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. തുടർന്നാണ് അന്വേഷണ സംഘത്തെ മാറ്റി പുതിയ ആളെ വെച്ചത്. എഡിഎം നവീൻ ബാബുവിന്റെ കേസ് അട്ടിമറിച്ച രത്‌നകുമാറാണ് കേസ് അന്വേഷിച്ചത്. ബിജെപി നേതാക്കൾക്കെതിരേ അതിജീവിതയുടെ മാതാവ് പരാതി നൽകിയിരുന്നു. അത് അബ്ദുറഹിമാൻ എം.എ എന്ന ഡിവൈഎസ്പി അന്വേഷിച്ച ശേഷം തെറ്റാണെന്ന് തെളിയിച്ചു. 2019ൽ പൗരത്വസമരത്തിനെതിരേ ഫേസ്ബുക്ക് പോസ്റ്റ് എഴുതിയതിന്റെ പേരിൽ മാഷെ ഒരു കേസിൽ പെടുത്തി ഒഴിവാക്കിക്കൂടെയെന്ന് കുട്ടികളെ കാൻവാസ് ചെയ്യാൻ പോയ സമയത്ത് കുട്ടിയുടെ അമ്മാവൻ അറബിക് അധ്യാപികയോട് ചോദിച്ചെന്ന് ആ അധ്യാപിക തന്നെ കോടതിയിൽ മൊഴിനൽകിയിരുന്നു. ആരോപണം ഉയർന്ന സംഭവം ഉണ്ടായതിനും ഒരാഴ്ച മുമ്പാണ് അത്. മദ്രസകളിൽ മാഷിനെതിരേ ഫത്വവ പുറത്തിറക്കിയിരുന്നു (‘പത്മരാജന്റെ ഭാര്യയും മക്കളും എന്തെങ്കിലും ചെയ്താൽ ഉത്തരവാദിത്തം എസ്ഡിപിഐയ്ക്കും ജമാഅത്തെ ഇസ്ലാമിക്കുമാണ്’; പാലത്തായി കേസിലെ പ്രതിഭാഗം വക്കീൽ, നവംബർ 15, മീഡിയാവൺ ടിവി).

കേസ് അട്ടിമറിക്കാൻ ശ്രമിച്ചത് ലീഗും എസ്ഡിപിഐയും

പാലത്തായി പീഡനക്കേസിൽ ലീഗിന്റെയും എസ്ഡിപിഐയുടെയും പ്രവർത്തകർ കേസ് അട്ടിമറിക്കാനാണ് തുടക്കത്തിൽ ശ്രമിച്ചതെന്ന് സിപിഎം നേതാവും സ്ഥലം എംഎൽയുമായ കെ.കെ ശൈലജ ആരോപിച്ചു: പ്രാദേശികമായി ലോക്കൽ പൊലീസ് അന്വേഷിച്ചാൽ തൃപ്തികരമാവില്ല എന്നൊരു തോന്നലുണ്ടായിരുന്നു. ബിജെപിയുടെ പ്രാദേശിക നേതാവാണ് പ്രതി. അതുകൊണ്ട് അവരുടെ ഭാഗത്തുനിന്ന് ഇടപെടലുകളുണ്ടാകും. അതുപോലെ ബിജെപിയെ കുറ്റം പറയുന്നുവെന്ന് പുറത്ത് നടിക്കുന്ന ചിലർ, ലീഗിന്റെയും എസ്ഡിപിഐയുടെയും എല്ലാം പ്രവർത്തകർ യഥാർഥത്തിൽ ഈ കേസ് അട്ടിമറിക്കുന്നതിനാണ് തുടക്കത്തിൽ ശ്രമിച്ചത്.

പൊലീസിനെതിരെയും അവിടുത്തെ എംഎൽഎയുമായിരുന്ന തനിക്കെതിരെയും ലീഗിന്റെയും എസ്ഡിപിഐയുടെയും ബിജെപിയുടെയും പ്രവർത്തകർ ഒരുപാട് അപവാദ പ്രചാരണങ്ങൾ നടത്തിയതായും അതെല്ലാം ആസ്ഥനത്ത് ആക്കികൊണ്ട് കേരള പൊലീസിന്റെ അന്വേഷണം തൃപ്തികരമായി നടന്നു എന്നതാണ് അങ്ങേയറ്റം ചാരിതാർഥ്യമുണ്ടാക്കുന്ന കാര്യമെന്നും ശൈലജ കൂട്ടിച്ചേർത്തു (പാലത്തായി പോക്‌സോ കേസ്; ‘ലീഗിന്റെയും എസ്ഡിപിഐയുടെയും പ്രവർത്തകർ കേസ് അട്ടിമറിക്കാൻ ശ്രമിച്ചു’; കെ.കെ ശൈലജ. നവംബർ 15, മീഡിയാവൺ).

പ്രതിസന്ധിയിലും തളരാതെ നിന്നു

ശിക്ഷിക്കാൻ പ്രധാനകാരണം ആ കുട്ടി തന്നെയാണെന്നും പ്രതിസന്ധിയിൽ തളാരെനിന്നുവെന്നും പാലത്തായി പീഡനക്കേസിൽ അന്വേഷണ സംഘത്തിലുണ്ടായിരുന്ന എസ്ഐ. പി.സി രമേശൻ: ഒരു തരത്തിലുള്ള ഗൂഢാലോചനയും ഉണ്ടായിട്ടില്ല. ശിക്ഷിക്കാൻ പ്രധാനകാരണം ആ കുട്ടി തന്നെയാണ്… എല്ലാ പ്രതിസന്ധിയിലും അവൾ തളരാതെ നിന്നു. വിധിയിൽ സന്തോഷമുണ്ടെന്നും കോടതിയിലുള്ള വിശ്വാസവും പ്രതീക്ഷയും കൂട്ടുന്ന തരത്തിലുള്ള വിധിയാണെന്നും അദ്ദേഹം പറഞ്ഞു (‘ശിക്ഷിക്കാൻ പ്രധാനകാരണം ആ കുട്ടി തന്നെയാണ്… എല്ലാ പ്രതിസന്ധിയിലും അവൾ തളരാതെ നിന്നു’; പാലത്തായി പീഡനക്കേസിൽ അന്വേഷണ സംഘത്തിലുണ്ടായിരുന്ന എസ്.ഐ. പി.സി രമേശൻ’, നവംബർ 16, മീഡിയവൺ).

എസ്ഡിപിഐ കേസ് വിവാദമാക്കിയത് പ്രതി ഹിന്ദുവായതിനാൽ

പീഡിപ്പിച്ചത് ഹിന്ദു ആയതിനാനാലാണ് എസ്ഡിപിഐ കേസ് വിവാദമാക്കിയതെന്ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി ഹരീന്ദ്രൻ. ഉസ്താദുമാർ പീഡിപ്പിച്ച കേസ് വിവാദമാക്കുന്നില്ല. പീഡിപ്പിക്കപ്പെട്ടതല്ല എസ്ഡിപിഐയുടെ പ്രശ്‌നം, പീഡിപ്പിച്ചത് ഹിന്ദുവും ഇര മുസ്ലീമും ആയതാണ്: നിങ്ങളുടെ പ്രശ്‌നം പീഡിപ്പിക്കപ്പെട്ടു എന്നുള്ളതല്ല. പീഡിപ്പിച്ചത് ഹിന്ദുവാണ് പീഡിപ്പിക്കപ്പെട്ടിട്ടുള്ളത് മുസ്ലീം പെൺകുട്ടിയാണ് ആ ഒരൊറ്റ ചിന്ത മാത്രമാണ്… എസ്ഡിപിഐകാരന്റെ ചിന്ത അത് കുടുസ്സായ ചിന്തയാണ്.. ലീഗിന്റെ ചിന്തയാണ്… അത് വർഗീയതയാണ്. അല്ലാതെ ഈ കേരളത്തിൽ എത്ര ഉസ്താദുമാർ എത്ര കുട്ടികളെ പീഡിപ്പിച്ചു… ആൺ പെൺ വ്യത്യാസമില്ലാതെ പീഡിപ്പിച്ചില്ലേ… ആ കേസിന് എന്ത് സംഭവിച്ചു എന്ന് ഇവർ ആരെങ്കിലും അന്വേഷിച്ചിട്ടുണ്ടോ… അതിന്റെ പേരിൽ എന്തെങ്കിലും ആക്ഷൻ കമ്മിറ്റികൾ ഉണ്ടോ.. പ്രശ്‌നങ്ങൾ ഉണ്ടോ… മുദ്രാവാക്യം ഉണ്ടോ.. ഇല്ലല്ലോ…. നിങ്ങളുടേത് വർഗീയതയാണ് എന്നാൽ ഞങ്ങൾ കമ്മ്യൂണിസ്റ്റുകാർ അങ്ങനെയല്ല പ്രശ്‌നങ്ങളെ സമീപിക്കുന്നത്. മുസ്ലീമാണോ പീഡിപ്പിക്കപ്പെട്ടത് ഹിന്ദുവാണോ പീഡിപ്പിക്കപ്പെട്ടത് എന്നുള്ളതല്ല… പീഡിപ്പിക്കപ്പെട്ട കുട്ടികളോട് എല്ലാക്കാലത്തും യോജിച്ച നിലപാട് സ്വീകരിച്ച പ്രസ്ഥാനമാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം. പാലത്തായിലെ പെൺകുട്ടികളോടൊപ്പം അന്നുമുണ്ട് ഇന്നുമുണ്ട് എന്നുമുണ്ട്. നിങ്ങളുടേത് കുടുസ്സായ സങ്കുചിതമായ വര്‍ഗീയമായ മനോഭാവമാണ് എന്നുള്ളത് ഈ നാട്ടിലെ ആര്‍ക്കാണ് അറിയാത്തത് (മദ്രസ ഉസ്താദുമാര്‍ എത്ര കുട്ടികളെ പീഡിപ്പിച്ചിട്ടുണ്ട് അവിടെയൊക്കെ ഇതേ പോലെ ആക്ഷന്‍ കമ്മിറ്റികള്‍ ഉണ്ടായിട്ടുണ്ടോ? പാലത്തായി പീഡനക്കേസില്‍ വര്‍ഗീയ പരാമര്‍ശവുമായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി ഹരീന്ദ്രന്‍, നവംബര്‍ 23, മീഡിയ വണ്‍).

വര്‍ഗീയ പ്രസ്താവന

ഹരീന്ദ്രന്റേത് വര്‍ഗീയ പ്രസ്താവനയെന്ന് ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുല്‍ കരീം ചേലേരി. പാലത്തായി കേസില്‍ എങ്ങനെ മതം കാണാന്‍ കഴിയുന്നു എന്നും ലീഗ് മതം നോക്കി സമീപനമെടുത്തിട്ടില്ലെന്നും അബ്ദുല്‍ കരീം ചേലേരി പറഞ്ഞു (പീഡിപ്പിച്ചത് ഹിന്ദു ആയതിനാല്‍ എസ്ഡിപിഐ വിവാദമാക്കി; പാലത്തായി കേസില്‍ പി.ഹരീന്ദ്രന്‍, നവംബര്‍ 23, മനോരമ).

ജമാഅത്തെ ഇസ്ലാമിയുടെ ക്യാപ്സ്യൂള്‍

പാലത്തായി കേസില്‍ തന്റെ വാക്കുകള്‍ വളച്ചൊടിച്ചുവെന്നും ജമാഅത്തെ ഇസ്ലാമിയുടെ കാപ്‌സ്യൂള്‍ ലീഗ് ഏറ്റെടുത്തുവെന്ന് ഹരീന്ദ്രന്‍ കുറ്റപ്പെടുത്തി (പാലത്തായി കേസ്; രാഷ്ട്രീയ വിമര്‍ശനത്തെ വര്‍ഗീയമായി വളച്ചൊടിച്ചു; ജമാഅത്തെ ഇസ്ലാമിയുടെ ക്യാപ്സ്യൂള്‍ മുസ്ലീം ലീഗ് ഏറ്റെടുത്തു; പി ഹരീന്ദ്രന്‍, നവംബര്‍ 23, 24 ന്യൂസ്).

വളച്ചൊടിച്ചു

തന്റെ പരാമര്‍ശം വളച്ചൊടിച്ചെന്ന് ഹരീന്ദ്രന്‍: പാലത്തായി പീഡനക്കേസുമായി ബന്ധപ്പെട്ട് താന്‍ നടത്തിയ പരാമര്‍ശത്തില്‍ ഉറച്ച് സിപിഎം നേതാവ് പി ഹരീന്ദ്രന്‍. ഈ മേഖലയില്‍ ആദ്യമായുണ്ടായ പീഡനമല്ല പാലത്തായിയിലേത്. ഒരേ സമുദായത്തില്‍പ്പെട്ട ഇരയും വേട്ടക്കാരനുമുണ്ടായപ്പോഴൊന്നും മുസ്ലീം ലീഗോ എസ്ഡിപിഐയോ ജമാഅത്തെ ഇസ്ലാമിയോ ഒരുതരത്തിലും അതിനെ പ്രതിഷേധമാക്കി മാറ്റാനോ ശിക്ഷ ഉറപ്പാക്കുന്ന രീതിയില്‍ അന്വേഷണം മുന്നോട്ടുകൊണ്ടുപോകണമെന്ന് ആവശ്യപ്പെടാനോ തയ്യാറായിട്ടില്ല. അത്തരം സംഭവങ്ങള്‍ ഒതുക്കിത്തീര്‍ക്കാനാണ് ശ്രമിച്ചത്. പാലത്തായിയിലെ കേസ് കൈകാര്യംചെയ്തത് വര്‍ഗീയ താത്പര്യത്തോടെയാണെന്ന പരാമര്‍ശമാണ് ഞാന്‍ നടത്തിയത്. മതപരമായ വിദ്വേഷപരാമര്‍ശം നടത്തിയെന്നത് ദുര്‍വ്യാഖ്യാനമാണ്. മുസ്ലീം ലീഗ്, എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി കൂട്ടുകെട്ടിനെ രാഷ്ട്രീയമായി വിമര്‍ശിച്ചതിനെ വളച്ചൊടിച്ചാണ് വര്‍ഗീയപരാമര്‍ശം നടത്തിയെന്ന് ലീഗ് പ്രചരിപ്പിക്കുന്നത്. പാലത്തായി കേസില്‍ പ്രതി ശിക്ഷിക്കപ്പെട്ടത് എല്‍ഡിഎഫ് സര്‍ക്കാറിന്റെ ഇച്ഛാശക്തി കാരണമാണ്. വിഷയത്തെ സിപിഎമ്മിനെതിരായി തിരിച്ചുവിടാന്‍ രാഷ്ട്രീയ ദുരുദ്ദേശ്യത്തോടെ പ്രചാരണം നടത്തിയപ്പോള്‍ സ്വാഭാവികമായും ശക്തമായി വിമര്‍ശിച്ചിട്ടുണ്ട് (പാലത്തായി പീഡനക്കേസ്; തന്റെ പരാമര്‍ശം വളച്ചൊടിച്ചെന്ന് സിപിഎം നേതാവ്, ഹരീന്ദ്രന്‍ മതനിരപേക്ഷവാദിയെന്ന് ജില്ലാ സെക്രട്ടറി, 24 മാതൃഭൂമി).

പ്രസംഗം ദുര്‍വ്യാഖ്യാനംചെയ്യുന്നു

സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം പി ഹരീന്ദ്രന്റെ പ്രസംഗം ദുര്‍വ്യാഖ്യാനം ചെയ്യുകയാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ്. അഞ്ചുതവണ ആര്‍എസ്എസിന്റെ വധശ്രമത്തിന് ഇരയായ മതനിരപേക്ഷവാദിയായ ഹരീന്ദ്രന്‍ വര്‍ഗീയപരാമര്‍ശം നടത്തുന്നയാളല്ല. അദ്ദേഹത്തെ വര്‍ഗീയവാദിയാക്കരുത്. എസ്ഡിപിഐയെ വിമര്‍ശിക്കുകയാണ് ചെയ്തത്. എസ്ഡിപിഐ പാലത്തായി പീഡനക്കേസിനെ വര്‍ഗീയമായി ഉപയോഗിക്കുന്നതിനെയാണ് ഹരീന്ദ്രന്‍ വിമര്‍ശിച്ചത്. മദ്രസ അധ്യാപകരുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശം ഹരീന്ദ്രന്‍ വിശദീകരിക്കും. ജമാഅത്തെ ഇസ്ലാമിയുടെയും എസ്ഡിപിഐയുടെയും മതരാഷ്ട്രീയം ഏറ്റെടുത്ത് നടത്തുകയാണ് മുസ്ലീം ലീഗെന്നും രാഗേഷ് കുറ്റപ്പെടുത്തി (പാലത്തായി പീഡനക്കേസ്; തന്റെ പരാമര്‍ശം വളച്ചൊടിച്ചെന്ന് സിപിഎം നേതാവ്, ഹരീന്ദ്രന്‍ മതനിരപേക്ഷവാദിയെന്ന് ജില്ലാ സെക്രട്ടറി, 24 മാതൃഭൂമി).

പി ഹരീന്ദ്രന്റെ പ്രസ്താവന, മാതൃഭൂമി ന്യൂസ്

പോക്‌സോ ദുരുപയോഗം ചെയ്തു

പ്രതി ഒരു സമുദായത്തിന് മൊത്തം വെറുക്കപ്പെട്ടവന്‍ ആയിരിക്കാം; എന്നിരുന്നാലും നിരപരാധി ആണെങ്കില്‍ അയാള്‍ ഒരിക്കലും ശിക്ഷിക്കപ്പെടരുത് എന്നാണ് ആ മതവിഭാഗത്തിന്റെ തന്നെ വിശുദ്ധ വേദഗ്രന്ഥം ഉല്‍ബോധിപ്പിക്കുന്നതെന്ന് വിരമിച്ച ഡിവൈഎസ്പി റഹിം. പോക്‌സോ വകുപ്പ് ദുരുപയോഗം ചെയ്തതിന്റെ അവസാന ഉദാഹരണമാണ് പാലത്തായി കേസ്: മുസ്ലീം സമുദായത്തിനിടയിലെ സംഘടനകള്‍ തമ്മിലുള്ള പ്രശ്‌നം രൂക്ഷമായ പ്രദേശങ്ങളില്‍ മദ്രസകളിലെ ഉസ്താദുമാര്‍ക്കെതിരെ എതിര്‍ വിഭാഗം ഉസ്താദുമാര്‍ കുട്ടികളെ ഉപയോഗിച്ച് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതികാര നടപടി എടുക്കുകയും ചെയ്യുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പോക്‌സോ കേസ് അന്വേഷിക്കുന്ന സമയത്ത് കേസിലെ ഇരയായ കുട്ടി പറയുന്നതിനപ്പുറം അന്വേഷണം വ്യാപിപ്പിക്കാന്‍ പലപ്പോഴും പൊലീസ് മടിക്കാറുണ്ട്.

ഇതിവിടെ കുറിക്കാന്‍ കാരണം ഈയടുത്ത് ഓണ്‍ലൈനായും ഓഫ്ലൈനായും ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന പാലത്തായി കേസിന്റെ വിധിയാണ്.  പോക്‌സോ ആക്ട് ഉപയോഗം ചെയ്യപ്പെട്ടതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് പാലത്തായി കേസ് എന്നാണ് മനസ്സിലാക്കുന്നത് (പോക്‌സോ വകുപ്പ് ദുരുപയോഗം ചെയ്തതിന്റെ അവസാന ഉദാഹരണമാണ് പാലത്തായി കേസെന്ന് വിരമിച്ച ഡിവൈഎസ്പി റഹിം; ഈ പോസ്റ്റ് നല്‍കുന്നത് വിവാദങ്ങള്‍ക്ക് പുതിയ തലം, നവംബര്‍ 24, മറുനാടന്‍ മലയാളി).

34. അജിത് ഡോവലിന്റെ പഴയ വിഡിയോ

‘ഭീകരപ്രവര്‍ത്തനങ്ങളെ’ ഹിന്ദു, മുസ്ലീം കണ്ണിലൂടെ കാണരുതെന്ന് അഭ്യര്‍ഥിക്കുന്ന ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ 2014 ഒരു വിഡിയോ വൈറലായി. ഡല്‍ഹി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിലാണ് വീഡിയോ ചര്‍ച്ച ചെയ്യപ്പെട്ടത്: ഭീകരതയ്‌ക്കെതിരേ പോരാടുമ്പോള്‍ ഇന്ത്യയില്‍ മുസ്ലീം  ജനസംഖ്യ, ഹിന്ദു ജനസംഖ്യ എന്ന വ്യത്യാസം ഇല്ലാത്തതിനാല്‍ തീവ്രവാദത്തെ ഹിന്ദു, മുസ്ലീം കണ്ണുകളിലൂടെ കാണേണ്ടതില്ല. ഇത് ഒരു ദേശീയ പ്രശ്നമാണ്. സാമുദായിക പ്രശ്നമല്ല. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ മറ്റേതൊരു ഹിന്ദു സംഘടനയേക്കാളും മുസ്ലീം സംഘടനകള്‍ ഞങ്ങളോടൊപ്പമുണ്ട്. ആഗോള ഭീകരതയ്‌ക്കെതിരേ 50,000 ഇസ്ലാമിക പണ്ഡിതര്‍ മതവിധി (ഫത്വ) പുറപ്പെടുവിച്ചിട്ടുണ്ട്. മാത്രമല്ല, ഇന്ത്യന്‍ മുസ്ലീങ്ങൾ തീവ്രവാദത്തെ നിരന്തരം എതിര്‍ത്തു കൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട്. ചില ഹിന്ദു സംഘടനകളും ഇതേ വേദിയില്‍ വരണമെന്ന് അവര്‍ ആഗ്രഹിച്ചു. ഭൂരിഭാഗം ഇന്ത്യന്‍ മുസ്ലീങ്ങളും അക്രമം നിരസിക്കുന്നുണ്ടെങ്കിലും, ചെറുതും അക്രമാസക്തവുമായ വിഭാഗത്തിന്റെ ചെയ്തി ഇസ്ലാമിന്റെ ശബ്ദമായി തെറ്റിദ്ധരിക്കപ്പെടുകയാണ്. ചരിത്രപരമായി ഇന്ത്യന്‍ മുസ്ലീങ്ങൾ സ്വാതന്ത്ര്യസമരത്തില്‍ കാര്യമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. അതിനാല്‍, ദേശീയ സുരക്ഷാ ആശങ്കകളെ സാമുദായിക സ്വത്വവുമായി ബന്ധിപ്പിക്കുന്നത് വിഷയം വഴിതിരിച്ചുവിടലാണെന്നും ഡോവല്‍ പറയുന്നു (ഇസ്ലാം ഭീതിക്ക് മറുപടിയായി അജിത് ഡോവലിന്റെ പഴയ വിഡിയോ, നവംബര്‍ 19, സുപ്രഭാതം). പ്രശസ്ത വസ്തുതാന്വേഷണ മാധ്യമപ്രവത്തകനും ആള്‍ട്ട് ന്യൂസ് സഹസ്ഥാപകനുമായ മുഹമ്മദ് സുബൈര്‍ ആണ് വിഡിയോ സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്. 

35. ഐഎസ്സില്‍ ചേരാന്‍ പ്രേരിപ്പിച്ചതിന് കേസ്

പതിനാറുകാരനായ മകനെ തീവ്രവാദ സംഘടനയായ ഐഎസില്‍ ചേരാന്‍ നിര്‍ബന്ധിച്ചുവെന്ന് ആരോച്ച് മാതാവിനും രണ്ടാം ഭര്‍ത്താവിനുമെതിരെ കേസെടുത്തു. വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള യുവാവിനും പത്തനംതിട്ട സ്വദേശിനിക്കുമെതിരെയാണ് കേസെടുത്തത്. വിദേശത്തായിരുന്ന യുവതിയും മകനും നാട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. വിദേശത്തുവച്ച് യുവതി ഐഎസിന്റെ വീഡിയോ കാണിച്ചുകൊടുത്ത് മകനെ ഐഎസില്‍ ചേരാന്‍ നിര്‍ബന്ധിച്ചെന്നാണ് പരാതി. കഴിഞ്ഞ മാസം ഇവര്‍ നാട്ടിലെത്തി. ഐസില്‍ ചേരാന്‍ തയ്യാറാകാത്തതിനെത്തുടര്‍ന്ന് അമ്മയും മകനും തമ്മില്‍ തര്‍ക്കമുണ്ടാവുകയും മകന്റെ വിദേശത്തുപോകാനുള്ള രേഖകള്‍ ഉള്‍പ്പെടെ നശിപ്പിച്ചതായും പറയുന്നു. തുടര്‍ന്ന് മകനെ ഇവിടെ നിര്‍ത്തി ദമ്പതികള്‍ വിദേശത്തേക്ക് പോയി. യുവതിയുടെ ആദ്യ വിവാഹത്തിലുള്ള കുട്ടിയാണിത്.

തനിച്ചായ കുട്ടിയെ ബന്ധുക്കള്‍ മതപഠനശാലയില്‍ പ്രവേശിപ്പിച്ചു. ഇവിടെവച്ച് കുട്ടി സ്ഥാപനത്തിലെ അധികൃതരോട് മാതാവ് വീഡിയോ കാണിച്ച് തീവ്രവാദ സംഘടനയില്‍ ചേരണമെന്ന് പറഞ്ഞതായി വെളിപ്പെടുത്തി. സ്ഥാപന അധികൃതര്‍ കുട്ടിയുടെ ബന്ധുക്കളെ വിവരം അറിയിക്കുകയും അവര്‍ വെഞ്ഞാറമൂട് പൊലീസില്‍ പരാതി നല്‍കുകയുമായിരു ന്നു. ആറ്റിങ്ങല്‍ ഡിവൈഎസ്പി യുടെ നേതൃത്വത്തില്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി യുഎപിഎ ഉള്‍പ്പെടുത്തി കേസെടുത്തു. കേസ് എന്‍ഐഎയ്ക്ക് കൈമാറിയതായാണ് വിവരം (പതിനാറുകാരനെ ഐഎസില്‍ ചേരാന്‍ നിര്‍ബന്ധിച്ചവര്‍ക്കെതിരെ കേസ്, ദേശാഭിമാനി, നവംബര്‍ 19).

കനകമല ഐഎസ് മൊഡ്യൂളുമായും ബന്ധം

താമസിയാതെ ജന്മഭൂമി മറ്റൊരു വാര്‍ത്തയുമായെത്തി. അമ്മയ്ക്കും രണ്ടാനച്ഛനും കനകമല ഐഎസ് മൊഡ്യൂളുമായും ബന്ധമുണ്ടെന്ന്. കുട്ടിയെ നാട്ടിലേക്ക് പറഞ്ഞയച്ചപ്പോള്‍ അമ്മയുടെ മറ്റൊരു സുഹൃത്താണ് വിമാനത്താവളത്തില്‍ നിന്ന് സ്വീകരിച്ച് ആറ്റിങ്ങലിലെ മതപഠനശാലയിലേക്ക് കൊണ്ടുപോയതെന്നും ആ ആള്‍ക്ക് കനകമല കേസുമായി ബന്ധമുണ്ടെന്നുമായിരുന്നു അത്: 

കുട്ടിയെ സ്വീകരിച്ചയാള്‍ കണ്ണൂര്‍ കനകമലയില്‍ നടന്ന ഐഎസ് റിക്രൂട്ട്‌മെന്റ്‌റ് ഗുഢാലോചന കേസില്‍ മൂന്ന് വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ച വ്യക്തിയാണ്. ഇയാള്‍ ആറ്റിങ്ങലില്‍ താവളമുറപ്പിച്ചതും ഐഎസ് സ്ലീപ്പര്‍സെല്‍ രൂപീകരിച്ചതും സംസ്ഥാന സ്‌പെഷല്‍ ബ്രാഞ്ചിന് കണ്ടെത്താനായില്ല. കനകമല ഐഎസ് മൊഡ്യൂളില്‍പ്പെട്ടവരെ നിരീക്ഷിക്കാന്‍ സംവിധാനമൊരുക്കാത്തത് സംസ്ഥാനത്തെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ ഗുരുതര വീഴ്ചയാണ് (പതിനാറുകാരനെ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ക്കാന്‍ ശ്രമം: പ്രതികള്‍ക്ക് കനകമല ഐഎസ് മൊഡ്യൂളുമായും ബന്ധം, നവംബര്‍ 20, ജന്മഭൂമി).

36. അല്‍ ഫലാഹ് സ്‌കൂളും മതംമാറ്റവും

മലപ്പുറം എടപ്പാള്‍ കക്കിടിപ്പുറം അല്‍ ഫലാഹ് എ.എം.എം ഇംഗ്ലീഷ് മിഡിയം സ്‌കൂള്‍ ക്യാമ്പസിലെ മദ്‌റസയില്‍ നടന്ന മീലാദ് കാമ്പയിന്റെ ഭാഗമായുള്ള പരിപാടിയില്‍ ഹര്‍ഷിദ് ശ്രീനിവാസന്‍ എന്ന വിദ്യാര്‍ത്ഥി പ്രവാചകനെ കുറിച്ച് പ്രസംഗിച്ചിരുന്നു. സ്‌കൂളുകാര്‍ അത് അവരുടെ ഔദ്യോഗിക പേജില്‍ പോസ്റ്റ് ചെയ്തു. രണ്ട് മാസം മുമ്പായിരുന്നു അത്.  നവംബര്‍ 19ന് ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികല ഇതിനെ അധിക്ഷേപിച്ചുകൊണ്ട് രംഗത്തുവന്നു. ഫേസ്ബുക്കിലൂടെയായിരുന്നു അധിക്ഷേപം: ‘തീവണ്ടിയിലെ പാട്ടും തേടിപ്പോയ വിദ്യാഭ്യാസ മന്ത്രി ഇതു കേള്‍ക്കണേ? ഏതോ ശ്രീനിവാസന്റെ മോനാണ് സ്‌കൂളില്‍ വയള് പറയുന്നത്. ഡല്‍ഹി സ്‌ഫോടനം സ്‌പോണ്‍സര്‍ ചെയ്ത ടീമായതോണ്ട് ഒരു അവാര്‍ഡ് കൊടുക്കാന്‍ മറക്കല്ലേ’ (നവംബര്‍ 19, ഫേസ്ബുക്ക്/ ശശികല ടീച്ചര്‍).

ശശികലയുടെ പോസ്റ്റ് സംഘ്പരിവാര്‍ ഹാന്‍ഡിലുകള്‍ ഏറ്റെടുത്തതോടെ സ്‌കൂളില്‍ മതപരിവര്‍ത്തനം നടക്കുന്നുവെന്ന വ്യാജവാര്‍ത്തയും സംഘ് വാര്‍ത്ത മാധ്യമങ്ങളിലൂടെ പുറത്തുവന്നു. ഡല്‍ഹി സ്‌ഫോടനവുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന അല്‍ഫലാഹ് ട്രസ്റ്റുമായി ബന്ധപ്പെടുത്തിയും മലപ്പുറം കക്കിടിപ്പുറം അല്‍ഫലാഹ് സ്‌കൂളിന് നേരെ അധിക്ഷേപമുണ്ടായി (‘സ്‌കൂളുകളിലും മതപരിവര്‍ത്തനം? ഹിന്ദുകുട്ടികളെ മതംമാറ്റാനോ അല്‍ ഫലഹ് സ്‌കൂളുകള്‍? നബിയെ പിന്തുടരാന്‍ ആഹ്വാനം ചെയ്യുന്ന വീഡിയോകള്‍ പ്രചരിക്കുന്നു, നവംബര്‍ 19, ജനം ടിവി)

ഈ വാര്‍ത്ത ഫേസ്ബുക്കില്‍ പങ്കുവെച്ച് ശശികല വീണ്ടും വംശീയ അധിക്ഷേപം തുടര്‍ന്നു: ഏതോ ഒരു ശ്രീനിവാസന്റെ മകന്‍ വയള് പറയുന്ന വീഡിയോ നമ്മള്‍ കണ്ടു. നാളെ ഇവറ്റകള്‍ സ്‌ഫോടനം നടത്തുമ്പോള്‍ അതുമല്ലെങ്കില്‍ ചാരപ്രവര്‍ത്തനം നടത്തുമ്പോള്‍ അതില്‍ ഇത്തരം ഹിന്ദു പേരുകള്‍ കടന്നുവരും. സുഡാപ്പികള്‍ അതുമെടുത്ത് വീശും. മക്കള്‍ ഇരകളാകണ്ടെങ്കില്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കുക. മക്കള്‍ പഠിച്ചില്ലെങ്കില്‍ പഠിച്ചില്ലെന്നേ ഉള്ളു. ഇതുപോലുള്ള ഭീകരവാദ നഴ്സറികളായ സസ്‌കൂളുകളില്‍ മക്കളെ പഠിപ്പിക്കാതിരിക്കുക (‘ഏതോ ശ്രീനിവാസന്റെ മോനാണ് സ്‌കൂളില്‍ വയള് പറയുന്നത്, നാളെ ഇവറ്റകള്‍ സ്‌ഫോടനം നടത്തുമ്പോള്‍…’; മുഹമ്മദ് നബിയെ പ്രകീര്‍ത്തിച്ച് പ്രസംഗിച്ച വിദ്യാർത്ഥിയേയും സ്‌കൂളിനെയും അധിക്ഷേപിച്ച് ശശികല, നവംബര്‍ 19, മാധ്യമം) .

37. കറുപ്പ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥികളെ പുറത്തുനിര്‍ത്തി

ശബരിമല വൃതമെടുക്കുന്നതിനായി കറുപ്പ് വസ്ത്രം ധരിച്ചെത്തിയ രണ്ടു വിദ്യാര്‍ത്ഥികളെ ക്ലാസ്സില്‍ നിന്ന് പുറത്താക്കി. തൃശൂര്‍ അളകപ്പനഗര്‍ പഞ്ചായത്ത് ഹയര്‍ സെക്കന്ററി സ്‌കൂളിലാണ് സംഭവം. ക്ലാസ്സ് ടീച്ചറും സ്റ്റാഫ് സെക്രട്ടറിയും ചേര്‍ന്ന് ഇവരെ യൂണിഫോം ധരിച്ച് വരണമെന്ന് ആവശ്യപ്പെട്ടു ഇറക്കി വിടുകയായിരുന്നു. സ്‌കൂളില്‍ വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ മുന്‍കയ്യില്‍ പ്രതിഷേധം നടന്നു. ബി ജെ പി, കോണ്‍ഗ്രസ്സ്, സി പി എം നേതാക്കളും നാട്ടുകാരും പ്രതിഷേധവുമായി സ്‌കൂളിലെത്തി.

യൂണിഫോം ധരിക്കാതെ ക്ലാസ്സിലിരുത്താന്‍ സമ്മതിക്കില്ല എന്ന നിലപാടാണ് സ്‌കൂള്‍ അധികൃതര്‍ എടുത്തിരുന്നത്. പ്രതിഷേധം തുടര്‍ന്നതിന് പിന്നാലെ പുതുക്കാട് പോലീസ് സ്ഥലത്തെത്തി. ഏറ നേരം നീണ്ട തര്‍ക്കത്തിനും ചര്‍ച്ചകള്‍ക്കുമൊടുവില്‍ കറുപ്പ് ധരിക്കാന്‍ കുട്ടികള്‍ക്ക് അനുമതി നല്‍കി (വ്രതമെടുക്കുന്നതില്‍ കറുപ്പ് വസ്ത്രം ധരിച്ചെത്തി; വിദ്യാര്‍ഥികളെ ക്ലാസില്‍ നിന്ന് പുറത്താക്കിയതായി പരാതി, അളഗപ്പനഗര്‍ പഞ്ചായത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം, നവംബര്‍ 17, മീഡിയാവണ്‍). സ്‌കൂളിലെ ഹിജാബ് നിരോധനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ചര്‍ച്ച. ഹിജാബ് വിഷയവുമായി കറുപ്പിനെ താരതമ്യം ചെയ്യുകയും ചെയ്തു. 

38. കൊച്ചിനെ കാക്ക കൊത്തും

മതനിരപേക്ഷതയെക്കുറിച്ച് നടിയും ചാനല്‍ അവതാരകയുമായ മീനാക്ഷി അനൂപ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച അഭിപ്രായങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. മതത്തിന്റെ മതിലുകള്‍ക്കപ്പുറമാണ് മതനിരപേക്ഷതയെന്നും നമ്മുടെ നാട്ടില്‍ മതനിരപേക്ഷത സാധ്യമാണോ എന്നത് വലിയ ചോദ്യമാണെന്നും പറഞ്ഞുകൊണ്ട്  ആരംഭിച്ച മീനാക്ഷിയുടെ പോസ്റ്റ്, ‘മത’മിളകില്ലെന്ന് ഓരോ മനുഷ്യരും ഉറപ്പാക്കിയാല്‍ ഈ നാട്ടില്‍ മതനിരപേക്ഷത സാധ്യമാകുമെന്ന് പറഞ്ഞുകൊണ്ടാണ് അവസാനിപ്പിച്ചത്. 

ഇതേ കുറിച്ച് സംഘപരിവാര്‍ അനുകൂലിയായ അഡ്വ. കൃഷ്ണരാജ്:  സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട, ചെറിയ വായയില്‍ വലിയ വര്‍ത്തമാനം പറയുന്ന ഈ കൊച്ചിനെ മിക്കവാറും കാക്ക കൊത്തുന്ന എല്ലാ ലക്ഷണവുമുണ്ട് (നവംബര്‍ 20, ഫേസ്ബുക്ക്/ അഡ്വ. കൃഷ്ണരാജ്).

കൃഷ്ണരാജിന്റെ പോസ്റ്റിന് കീഴെയുള്ള കമന്റുകള്‍: ‘സിനിമയില്ലാത്തതുകൊണ്ട് ഹിന്ദുക്കളെ കുറ്റം പറയുകയാണ്, അങ്ങനെ ചെയ്താല്‍ അതുവഴി ചാന്‍സ് ലഭിക്കാമല്ലോ’, ‘ഇതുപോലെ വലിയ വര്‍ത്തമാനം പറഞ്ഞ മാധവിക്കുട്ടിയെ കാക്കകള്‍ കൊത്തി, പിന്നെയാണോ ഇവള്‍’.

കോവിഡ് കാലത്ത് റീല്‍സിലൂടെ ശ്രദ്ധ നേടിയ ജാനകി ഓംകുമാര്‍, നവീന്‍ റസാഖ് എന്നിവര്‍ക്കെതിരെ വിദ്വേഷ പോസ്റ്റ് പങ്കുവെച്ചതിലൂടെയാണ് കൃഷ്ണ രാജ് ശ്രദ്ധ നേടിയത്. പിന്നീട് നസ്രിയ, ഫഹദ് ഫാസില്‍ തുടങ്ങിയവര്‍ക്കെതിരെയും അബ്ദുള്‍ റഹീമിനെതിരെയും ഇത്തരത്തില്‍ വിദ്വേഷ പോസ്റ്റുകള്‍ കൃഷ്ണ രാജ് പങ്കുവെച്ചിരുന്നു (‘ഈ കൊച്ചിനെ കാക്ക കൊത്തുന്ന എല്ലാ ലക്ഷണവുമുണ്ട്’; മീനാക്ഷിക്കെതിരെ വിദ്വേഷ പോസ്റ്റുമായി കൃഷ്ണ രാജ്, നവംബര്‍ 20, സമകാലിക മലയാളം; ഈ കൊച്ചിനെ മിക്കവാറും ‘കാക്ക കൊത്തുന്ന’ ലക്ഷണമുണ്ട്, മീനാക്ഷിക്കെതിരെ വിദ്വേഷ പോസ്റ്റുമായി അഡ്വക്കേറ്റ് കൃഷ്ണ രാജ്, നവംബര്‍ 20, ഡൂള്‍ ന്യൂസ്).

39. പള്ളിയ്ക്കു മുന്നിലെ ഫ്ലാഷ് മോബും എസ്ഡിപിഐയും

നവംബര്‍ 21ന് ഉളിയത്തടുക്ക ടൗണ്‍ ജുമാ മസ്ജിദിന് മുന്നില്‍ ശുചിത്വ മിഷന്റെ പ്രചാരണ വാഹനം എത്തിച്ചേര്‍ന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഹരിത ചട്ടം പാലിക്കണമെന്ന പ്രമേയത്തില്‍ ഫ്ലാഷ് മോബ് നടത്താനായിരുന്നു പദ്ധതി. ആ സമയത്ത് പള്ളിയില്‍ നമസ്‌കാരം നടക്കുകയായിരുന്നു. പ്രാര്‍ത്ഥനയ്ക്ക് തടസ്സമുണ്ടാകുന്ന രീതിയില്‍ സ്പീക്കറില്‍നിന്ന് വലിയ ശബ്ദം ഉയര്‍ന്നത് വിശ്വാസികള്‍ ചോദ്യം ചെയ്തു. ഇതിന്റെ പേരില്‍ സംഘാടകരുമായി തര്‍ക്കവും കയ്യാങ്കളിയും നടന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് അമ്പതോളം വരുന്ന കണ്ടാലറിയാവുന്ന ആളുകള്‍ക്കെതിരെ കാസര്‍ഗോഡ് പോലിസ് കേസെടുത്തു. കലാപാഹ്വാനം, മതസ്പര്‍ധയുണ്ടാക്കില്‍ തുടങ്ങിയവയായിരുന്നു വകുപ്പുകള്‍. 

ഈ വാര്‍ത്ത മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് എസ്ഡിപിഐ സര്‍ക്കാര്‍ പരിപാടി തടഞ്ഞുവെന്നായിരുന്നു. ഉദാഹരണത്തിന് നവംബര്‍ 22 ലെ ഇടിവി ഭാരതിന്റെ ന്യൂസ്: കാസര്‍കോട് ജുമുഅ സമയത്ത് ബോധവത്കരണ പരിപാടി തടഞ്ഞു; എസ്ഡിപിഐ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ അന്‍പത് പേര്‍ക്കെതിരെ കേസ്.

നവംബര്‍ 24 ലെ 24 ന്യൂസിന്റെ ന്യൂസ്: ‘മത സ്പര്‍ദ്ധ ഉണ്ടാക്കാന്‍ ശ്രമം’, കാസര്‍ഗോഡ് ഹരിത ചട്ട ബോധവത്കരണ പരിപാടി തടഞ്ഞു; എസ്ഡിപിഐ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 50 പേര്‍ക്കെതിരെ കേസ്. അനാവശ്യമായി തങ്ങളെ  പ്രതിചേര്‍ത്തതില്‍ എസ്ഡിപിഐ പ്രതിഷേധിച്ചു. വിശ്വാസികളും സംഘാടകരും തമ്മിലുണ്ടായ തര്‍ക്കത്തില്‍ എസ്ഡിപിഐയെ അനാവശ്യമായി വലിച്ചിഴക്കുന്ന മാധ്യമ നിലപാടിനെതിരെ എസ്ഡിപിഐ മധൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധവും രേഖപ്പെടുത്തി (ഉളിയത്തടുക്ക അനിഷ്ട സംഭവം: എസ്ഡിപിഐയെ വലിച്ചിഴക്കുന്നത് പ്രതിഷേധാര്‍ഹം, നവംബര്‍ 22, തേജസ് ന്യൂസ്).

താലിബാന്‍ ഭരണം എത്തി

ഈ സംഭവത്തിന്റെ പത്രവാര്‍ത്ത പങ്കുവച്ചുകൊണ്ട് മുന്‍ പൊലീസ് മേധാവി ഡോ. ടി.പി സെന്‍കുമാര്‍ താലിബാന്‍ ഭരണമെത്തിയെന്ന് രോഷംകൊണ്ടു: 

താലിബാന്‍ ഭരണം എത്തി എന്ന തോന്നല്‍ ചില മേഖലകളില്‍ ഉണ്ടാകുന്നുണ്ട്. കര്‍ശന നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ വലിയ പ്രശ്‌നങ്ങളായിരിക്കും ഭാവിയില്‍ ഉണ്ടാകുക. ഇവര്‍ക്കൊക്കെ ശരിയത്തു ഭരണം നിലവിലുള്ള രാജ്യങ്ങളില്‍ പൊയ്ക്കൂടേ? (നവംബര്‍ 23, ഫേസ്ബുക്ക്/ ഡോ. ടി.പി സെന്‍കുമാര്‍).

40. മുസ്ലിം വിരുദ്ധത ആസൂത്രിത പ്രോജക്ട്

കേരളത്തില്‍ ക്രൈസ്തവരെ മുസ്ലീങ്ങളുമായി സംഘര്‍ഷത്തിലാവാന്‍ ദീര്‍ഘകാല പദ്ധതി ആസൂത്രണം ചെയ്ത് നടപ്പാക്കുന്നുണ്ടെന്ന് എം ലിജു. മാധ്യമപ്രവര്‍ത്തകന്‍ കെ.ജെ ജേക്കബുമായി മലബാര്‍ ജേണല്‍ എന്ന ഓണ്‍ലൈന്‍ മാധ്യമത്തില്‍ ലീഡേഴ്‌സ് ജന്‍ നെകസ്റ്റ് എന്ന അഭിമുഖ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം: ഇതൊരു പ്രോജക്ട് ആണ്, അവര്‍ക്ക് അതിന് സംഘടനകള്‍ ഉണ്ട്. വാട്‌സപ്പ് ഗ്രൂപ്പുകള്‍ ഉണ്ട്. അന്താരാഷ്ട്ര വിഷയങ്ങളിലടക്കം പ്രചാരണം നടത്തുന്നതിന് ആവശ്യമായ ലേഖനങ്ങള്‍ തയ്യാറാക്കുന്നവരുണ്ട്. അത് പ്രചരിപ്പിക്കാനുള്ള മാര്‍ഗങ്ങളുണ്ട്. അതുകൊണ്ടുതന്നെ ഈയൊരു പ്രോജക്റ്റിനെ കൃത്യമായി മനസ്സിലാക്കി പ്രതിരോധിക്കാനുള്ള ഉത്തരവാദിത്വം മതനേതൃത്വത്തിനും രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കുമുണ്ട്. അത് നാം എക്‌സ്‌പോസ് ചെയ്യണം (ക്രൈസ്തവര്‍ക്കിടയില്‍ മുസ്ലീം വിരുദ്ധത ആസൂത്രിത പ്രോജക്ട് ആണ്, നവംബര്‍ 23, മലബാര്‍ ജേണല്‍).

41. ഫാസിസ്റ്റുകള്‍ക്ക് കളമൊരുക്കുന്ന സി ദാവൂദ്

എ.ഐ.എം.ഐ.എം മേധാവി അസദുദ്ദീന്‍ ഉവൈസിയുടെയും മാധ്യമപ്രവര്‍ത്തകന്‍ സി ദാവൂദിന്റെയും ലക്ഷ്യം ഇസ്‌ലാമോഫോബിയ വളര്‍ത്താന്‍ ഫാസിസ്റ്റുകള്‍ക്ക് കളമൊരുക്കലാണെന്ന് സംവിധായകന്‍ എം.എ നിഷാദ്. ഒരാള്‍ പാര്‍ലമെന്റില്‍ ഇരുന്നും മറ്റെയാള്‍ ഒരു ചാനലിന്റെ ഇരുട്ട് മുറിയിലിരുന്നും ആ പണി അഭംഗുരം തുടരുകയാണെന്നും നിഷാദ് വിമര്‍ശിച്ചു: 

മുസ്ലീം സമുദായത്തെ ഉന്നമനത്തിലേക്ക് നയിക്കുക എന്നതല്ല ഉവൈസിയുടെയും ദാവൂദിന്റെയും ലക്ഷ്യം. മറിച്ച് ഇസ്‌ലാമോഫോബിയ വളര്‍ത്താന്‍ ഫാസിസ്റ്റുകള്‍ക്ക് കളമൊരുക്കലാണ്. ഫേസ്ബുക്ക് കുറിപ്പിലാണ് നിഷാദ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ഉവൈസി ബിജെപിയുടെ സ്ലീപ്പിങ് സെല്‍ പ്രമാണിയാണ്. ന്യൂനപക്ഷ വോട്ടുകളില്‍ വിള്ളലുണ്ടാക്കി അതുവഴി ബിജെപി സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുകയാണ് ലക്ഷ്യം. 

സി ദാവൂദിനെ ‘കേരള മോഡല്‍ ഉവൈസി ലൈറ്റ്’ എന്ന വിശേഷണമാണ് നിഷാദ് നല്‍കുന്നത്. ദാവൂദിന് എല്ലാം മതമാണെന്നും ജൈവ കൃഷിയില്‍ ഏര്‍പ്പെടണമെന്ന സര്‍ക്കാരിന്റെ പരിപാടിയില്‍ പോലും മതം പറയുന്ന ദാവൂദ് യഥാര്‍ത്ഥത്തില്‍ ആര്‍ക്ക് വേണ്ടിയാണ് സംസാരിക്കുന്നതെന്നും നിഷാദ് ചോദിക്കുന്നു. അന്ധമായ ഇടതുപക്ഷ വിരോധം ഉളളില്‍ പേറി നടക്കുന്ന ദാവൂദ്, ഇസ്‌ലാമോഫോബിയ വളര്‍ത്താന്‍ ശ്രമിക്കുകയാണ് (ഉവൈസിയുടെയും ദാവൂദിന്റെയും ലക്ഷ്യം ഇസ്‌ലാമോഫോബിയ വളര്‍ത്താന്‍ ഫാസിസ്റ്റുകള്‍ക്ക് കളമൊരുക്കല്‍: എം.എ. നിഷാദ്, നവംബര്‍ 23, ഡൂള്‍ ന്യൂസ്).

42. ജമാഅത്ത് ഫോബിയയും ഇസ്‌ലാമോഫോബിയയും

എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്, ഫേസ്ബുക്കില്‍ ഇ്‌സലാമോഫോബിയയെകുറിച്ച് ഒരു ചോദ്യം പോസ്റ്റ് ചെയ്തു. 

കേരളത്തില്‍ ഇസ്‌ലാമോഫോബിയ ഉണ്ടോ? എന്നായിരുന്നു ചോദ്യം. ഉത്തരം ‘തീര്‍ച്ചയായും ഇല്ല’ എന്നായിരുന്നു. തുടര്‍ന്ന് ഒരു വിശദീകരണം കൂടി നല്‍കി: പക്ഷേ, ജമാഅത്ത് ഇസ്ലാമിയോട് ഫോബിയ തീര്‍ച്ചയായും ഉണ്ട് (നവംബര്‍ 24, ഫെയ്‌സ്ബുക്ക്/ എം ശിവപ്രസാദ്)

സംഘപരിവാര്‍ പ്രചാരണം ഏറ്റുപാടുന്നു

കേരളത്തില്‍ ഇസ്‌ലാമോഫോബിയ ഇല്ലെന്നും ചില മുസ്ലീം സംഘടനകളാണ് പ്രശ്നക്കാരെന്നുമുള്ള എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റിന്റെ പ്രസ്താവന സംഘപരിവാര്‍ പ്രചാരണങ്ങളുടെ ആവര്‍ത്തനം മാത്രമാണെന്ന് എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് അഡ്വ. അബ്ദുല്‍ വാഹിദ്. ഇന്ത്യയില്‍ ജാതിയില്ലെന്ന ജാതിവാദികളുടെ ആക്രോശവും വെള്ള വംശീയത കറുത്ത കറുത്ത വംശജന്റെ കുഴപ്പമാണെന്നുമുള്ള അതേ വംശീയയുക്തി തന്നെയാണ് എസ്എഫ്ഐ നേതാവിന്റെയും അവലംബം (എസ്എഫ്ഐ സംഘ്പരിവാര്‍ പ്രചാരണം ഏറ്റുപാടുന്നു-എസ്ഐഒ, നവംബര്‍ 24, മാധ്യമം).

43. ക്ഷേത്രം പൂട്ടിച്ചത് ഇസ്ലാമിസ്റ്റുകള്‍

ആറാലുംമൂട് ശിവപുരം മഹാദേവ ക്ഷേത്രം നഗരസഭ സീല്‍ ചെയ്തു. അതിക്രമിച്ച് കടക്കരുതെന്ന് ഗേറ്റില്‍ നഗരസഭ നോട്ടീസും പതിച്ചു. ഗേറ്റ് സ്ഥാപിച്ച് ചങ്ങലയിട്ട് പൂട്ടിയിട്ടുണ്ട്. ക്ഷേത്രം സ്ഥിതി ചെയ്യുന്നത് സര്‍ക്കാര്‍ വക ഭൂമിയാണെന്നന്ന് കണ്ടെത്തിയതോടെയാണ് നടപടി. എസ്ഡിപിഐ ഭീഷണിയെത്തുടര്‍ന്നാണ് ക്ഷേത്രം പൂട്ടിയതെന്ന് ഹിന്ദുത്വസംഘടനകളും പാര്‍ട്ടികളും അവകാശപ്പെട്ടു: എസ്ഡിപിഐ ഭീഷണിയെ തുടര്‍ന്നാണ് നഗരസഭ  ആറാലുംമൂട് ശിവപുരം മഹാദേവ ക്ഷേത്ര ഗേറ്റ് ഇരട്ട താഴിട്ടു പൂട്ടിയത്. പുറത്തുനിന്ന് വന്ന ഇസ്ലാമിസ്റ്റുകളാണ് ആറാലുംമൂട്ടിലെ സമാധാനം കെടുത്താന്‍ ശ്രമിക്കുന്നത്. നഗരസഭാ സെക്രട്ടറിക്കും ചെയര്‍മാനും എസ്ഡിപിഐക്കാരുടെ ഭീഷണിയില്‍ മുട്ടുവിറച്ചു. ക്ഷേത്രത്തിന്റെ അടച്ചുപൂട്ടിയ പ്രധാന കവാടം നഗരസഭ ഭക്തര്‍ക്ക് തുറന്നു കൊടുക്കും വരെ ഹിന്ദു ഐക്യവേദിയും കേരള ക്ഷേത്ര സംരക്ഷണ സമിതിയും പ്രക്ഷോഭം നടത്തും. നൂറ്റാണ്ടിനടുത്ത് പഴക്കവും പാരമ്പര്യവുമുള്ള സര്‍പ്പക്കാവ് നിലനിന്ന ഭൂമിയിലെ ശിവക്ഷേത്രത്തിനെതിരെയാണ് തീവ്രവാദ സമാന പ്രവര്‍ത്തനം നടന്നിരിക്കുന്നത്. കനാലിന്റെ കരയില്‍ വാഹനം കടക്കാന്‍ പറ്റാത്ത തരത്തില്‍ അന്‍പതോളം മുസ്ലീം കുടുംബങ്ങള്‍ പട്ടയമില്ലാതെ വര്‍ഷങ്ങളായി കുടില്‍ കെട്ടി താമസിക്കുന്നുണ്ട്, നഗരസഭ അവര്‍ക്കാദ്യം ഭൂമിയോ പട്ടയമോ നല്‍കണം. അവര്‍ ശിവപുരം ക്ഷേത്രത്തിനെതിരല്ല. ആ മനുഷ്യരുടെ ജീവിതവും തകര്‍ക്കാനാണ് പുറത്തുനിന്ന് വന്ന എസ്ഡിപിഐ സംഘം ശ്രമിക്കുന്നതെന്ന് ഹിന്ദു ഐക്യവേദി നേതാക്കള്‍ പറഞ്ഞു (ശിവപുരം ക്ഷേത്രം: നഗരസഭ പരിഹാരം കാണണം: ഹിന്ദു ഐക്യവേദി, നവംബര്‍ 24, ജന്മഭൂമി).

44. ബിജെപി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍

മലമ്പുഴ മൂന്നാം ഡിവിഷന്‍ ബിജെപി പ്രചാരകരോടൊപ്പം പ്രചാരണം നടത്തിയ എക്‌സ് മുസ്ലീം ആരിഫ് ഹുസൈന്‍ തെരുവത്തിന്റെ ഫേസ്ബുക്ക് പേജില്‍ അദ്ദേഹം ബിജെപിയെ പാര്‍ശ്വവല്‍കൃരുടെ പ്രതിനിധിയായി ചിത്രീകരിച്ചു. അവരോടുള്ള അയിത്തം ഇല്ലാതാക്കണമെന്നും എഴുതി. എക്‌സ്-രാഷ്ട്രീയ അയിത്തവാദിയെന്നാണ് സ്വയം വിശേഷിപ്പിച്ചത്: മലമ്പുഴ മൂന്നാം ഡിവിഷന്‍ ബിജെപി പ്രചാരകരോടൊപ്പം. സ്ഥാനാര്‍ഥി അവിടത്തെ മൂപ്പന്റെ മകനാണ് എന്നറിയുന്നു. സ്ഥാനാര്‍ഥികളായ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ വമ്പിച്ച ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കുക. പലയിടത്തും ബിജെപി സ്ഥാനാര്‍ത്ഥികളായി മുസ്ലീങ്ങളും ഉണ്ടെന്ന് അറിയുന്നു. അവരെയും വിജയിപ്പിക്കുക. വികസനത്തിനാവട്ടെ രാഷ്ട്രീയവും വോട്ടും. രാഷ്ട്രീയത്തിലെ അയിത്തം അവസാനിക്കണം. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും അവസരം ലഭിക്കണം. അത് ബിജെപിയിലൂടെ ആയാല്‍ അങ്ങനെ..! (നവംബര്‍ 24, ഫേസ്ബുക്ക്/ ആരിഫ് ഹുസൈന്‍ തെരുവത്ത്).

45. ‘മാപ്ര പ്രീണനം’ ലക്ഷ്യമിട്ട് സിദ്ദിഖ് കാപ്പനെ സംരക്ഷിക്കുന്നു

‘മാപ്ര പ്രീണനം’ ലക്ഷ്യമിട്ട് യുഎപിഎ കേസില്‍ ഉള്‍പ്പെട്ട സിദ്ദിഖ് കാപ്പനെ ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ സംരക്ഷിക്കുന്നുവെന്ന ആരോപണവുമായി മുന്‍ പൊലീസ് മേധാവി ഡോ. ടി.പി സെന്‍കുമാര്‍: പ്രസ് ക്ലബ് ഓഫീസ് നിർമ്മിക്കാന്‍ കേരള സര്‍ക്കാര്‍ അനുവദിച്ച 25 ലക്ഷം രൂപ കെയുഡബ്ല്യുജെ ഡല്‍ഹി ഘടകം കൈകാര്യം ചെയ്തത് ശരിയായ രീതിയിലല്ലെന്നും അക്കാലത്ത് കാപ്പനാണ് സംഘടനയുടെ ഡല്‍ഹി ഘടകത്തിന്റെ സെക്രട്ടറിയെന്നും സെന്‍കുമാര്‍ ആരോപിച്ചു. ഇതു മറച്ചുവയ്ക്കുന്ന ധനമന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും സെന്‍കുമാര്‍ ഫേസ്ബുക്ക് വീഡിയോയില്‍ പറയുന്നു (‘ധനമന്ത്രി ബാലഗോപാലിന്റെ  സത്യ പ്രതിജ്ഞാ ലംഘനവും സിദ്ദിഖ് കാപ്പനെ കാക്കലും’, നവംബര്‍ 24, ഫേസ്ബുക്ക്/ ഡോ. ടി.പി സെന്‍കുമാര്‍).

46. ഇസ്ലാം ഭീകരവാദിയാക്കിയേനെ

തന്നെ പിടിക്കാനെത്തിയ പൊലീസ് കണ്ടത് വേലുപ്പിള്ള പ്രഭാകരന്റെ ഫോട്ടോയാണെന്നും ഒപ്പമുണ്ടായിരുന്ന പഴനി ബാബയുടെ ചിത്രം തിരിച്ചറിയാത്തത് ഭാഗ്യമായെന്നും അല്ലെങ്കില്‍ ഇസ്ലാം ഭീകരവാദിയാക്കിയേനെയെന്നും വേടന്‍: പഴനി ബാബ എന്നൊരു രാഷ്ട്രീയക്കാരനുണ്ടായിരുന്നു തമിഴ്നാട്ടില്‍. ആര്‍എസ്എസ് വെട്ടിക്കൊല്ലുകയായിരുന്നു അദ്ദേഹത്തെ. ഇന്ത്യന്‍ ഇസ്ലാം പൊളിറ്റിക്സിന്റെ അടിസ്ഥാനം പഠിക്കണമെന്നുണ്ടെങ്കില്‍ പഴനി ബാബയെക്കുറിച്ച് പഠിക്കണം എന്നാണ് പിള്ളേരുടെ അടുത്ത് ഞാന്‍ പറയാറ്. അദ്ദേഹത്തിന്റെ പ്രസംഗമൊക്കെ കേള്‍ക്കേണ്ടതാണ്. ചിലയാളുകളൊക്കെ അദ്ദേഹത്തിന്റെ പ്രസംഗം അക്രമാസക്തമാണെന്നൊക്കെ പറയാറുണ്ട്. ഇവിടെയുള്ള ന്യൂനപക്ഷങ്ങള്‍ ഒരുമിച്ച് നില്‍ക്കണമെന്നാണ് അദ്ദേഹം പറയാറ്. സനാതന ധർമ്മത്തിനെതിരെ പോരാടണമെന്നും തുല്യത ഒരിക്കലും അതിലൂടെ ലഭിക്കില്ലെന്നുമാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. സാര്‍ക്ക് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത് (ആര്‍എസ്എസുകാര്‍ വെട്ടിക്കൊന്ന പഴനി ബാബയുടെ ഫോട്ടോയുമുണ്ടായിരുന്നു, പക്ഷേ പിടിക്കാന്‍ വന്ന പൊലീസുകാര്‍ക്ക് മനസിലായില്ല, കണ്ടിരുന്നുവെങ്കില്‍ ഇസ്ലാം ഭീകരവാദിയാക്കിയേനെ; വേടന്‍, നവംബര്‍ 25, മീഡിയാവണ്‍).

47. മുസ്ലീം വിരുദ്ധരായി ചിത്രീകരിക്കാന്‍ ശ്രമം

സിപിഎമ്മിനെ മുസ്ലീംവിരുദ്ധരായി ചിത്രീകരിക്കാന്‍ ശ്രമം നടക്കുന്നതായി ഡിവൈഎഫ്‌ഐ നേതാവ് വി വസീഫ് ഡൂള്‍ ന്യൂസ് അഭിമുഖത്തില്‍: ജമാഅത്തെ ഇസ്ലാമി സിപിഎമ്മിനെ മുസ്ലീം വിരുദ്ധരായി ചിത്രീകരിക്കുന്നു. സംഘിയാണെന്ന് ആക്ഷേപിക്കുന്നു.  സംഘാവ് എന്ന പദം ജമാഅത്തെ ഇസ്ലാമിയാണ് കൊണ്ടുവന്നത്. സംഘപരിവാറിനെതിരേ പ്രതിരോധം സൃഷ്ടിച്ചവരെയാണ് ഇങ്ങനെയുള്ള പദങ്ങള്‍ക്കൊണ്ട് വിശേഷിപ്പിക്കുന്നത്. സംഘപരിവാറിനെ ഏറ്റവും കൂടുതല്‍ എതിര്‍ക്കുന്നത് സിപിഎമ്മും അതിന്റെ മുഖപത്രമായ ദേശാഭിമാനിയുമാണ്. അതുകൊണ്ടാണ് മീഡിയാവണ്‍ ദേശാഭിമാനിയെ ആക്രമിക്കുന്നത് (സിപിഎമ്മിനെ മുസ്ലീംവിരുദ്ധരായി ചിത്രീകരിക്കാന്‍ ശ്രമം, നവംബര്‍ 25, ഡൂള്‍ ന്യൂസ്).

48. സോഷ്യല്‍ മീഡിയ മുഫ്തിമാര്‍

ഗായകന്‍ ഹനാന്‍ ഷായുടെ കാസര്‍കോട്ട് വച്ച നടന്ന സംഗീത നിശയില്‍ മുസ്ലീം പെണ്‍കുട്ടികളുടെ സാന്നിധ്യത്തിനെതിരേ ചില വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. ഇതിനെതിരേ കെ.പി.എസ് വിദ്യാസാഗര്‍ ഒരു ലേഖനം എഴുതി. കാസര്‍കോട്ടെ ഹനാന്‍ ഷായുടെ സംഗീത നിശയും മുസ്ലീം ആങ്ങളമാരുടെ ആകുലതയും എന്ന ശീര്‍ഷകത്തില്‍. അതില്‍ അദ്ദേഹം വിമര്‍ശകരെ വിളിച്ചത്, പര്‍ദ്ദക്കുള്ളില്‍ കുടുങ്ങിപ്പോയ സോഷ്യല്‍ മീഡിയ മുഫ്തിമാര്‍ എന്നായിരുന്നു: 

മാറ്റത്തിന്റെ വലിയ കാറ്റ് ദഹിക്കാത്ത ചിലരുണ്ട്. എവിടെയൊക്കെ പര്‍ദ്ദയിടാമെന്ന് തീരുമാനിക്കുന്ന മുസ്ലീം ആങ്ങളമാര്‍. പര്‍ദ്ദക്കുള്ളില്‍ കുടുങ്ങിപ്പോയ സോഷ്യല്‍ മീഡിയ മുഫ്തിമാര്‍. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ 25 വര്‍ഷം പിന്നിട്ടിട്ടും നേരം വെളുക്കാത്തവര്‍. മതവിലക്കുകള്‍ പെണ്ണുങ്ങള്‍ക്ക് മാത്രമാണ് ബാധകമെന്ന് കരുതിപ്പോകുന്ന കാസര്‍ഗോട്ടെ ദീനിയായ ആണുങ്ങള്‍ (കാസര്‍കോട്ടെ ഹനാന്‍ ഷായുടെ സംഗീത നിശയും മുസ്ലീം ആങ്ങളമാരുടെ ആകുലതയും, കെ.പി.എസ് വിദ്യാസാഗര്‍, നവംബര്‍ 25, നൊറികാപ്പ്).

49. മുസ്ലീംവിരുദ്ധതയ്ക്ക് കാരണം മുസ്ലീം ഭരണാധികാരികള്‍

മുസ്ലീം ഭരണാധികാരികളുടെ ക്രൂരതയാണ് രാജ്യത്തെ മുസ്ലീം വിരുദ്ധതയുടെ അടിസ്ഥാനമെന്ന് ബിജെപി നേതാവ് എം.ടി രമേശ്. റിപ്പോര്‍ട്ടര്‍ ടിവി അഭിമുഖത്തിലാണ് ഈ അഭിപ്രായപ്രകടനം: മുസ്ലീം വിരുദ്ധതയ്ക്ക്ചരിത്രപരമായ കാരണങ്ങളുണ്ട്. ഭാരതം നൂറു കണക്കിന് വര്‍ഷത്തിന്റെ അധിനിവേശത്തിന്റെ കീഴില്‍ അമര്‍ന്ന രാജ്യമാണ്. ഇ്‌സലാമിക ഭരണാധികാരികള്‍ നടപ്പാക്കിയ ക്രൂരതയും കറയും ഇതുവരെ മാഞ്ഞുപോയിട്ടില്ല. അതിപ്പോഴുംമനസ്സിലുള്ള തലമുറ ഇവിടെയുണ്ട്. ആ ജീവിതാനുഭവങ്ങള്‍ ഓര്‍ത്തെടുക്കുന്നവരില്‍ ചിലര്‍ക്ക് തീവ്രനിലപാടുകളുണ്ടായിരിക്കും (സിപിഐഎമ്മിലെ ഹിന്ദു വിഭാഗക്കാര്‍ വ്യാപകമായി ബിജെപിയിലേക്ക് വരുന്നു, അതിന്റെ അസ്വസ്ഥത അവര്‍ക്കുണ്ട്’: എം.ടി രമേശ്, നവംബര്‍ 26, റിപ്പോര്‍ട്ടര്‍ ടിവി).

50. തീവ്രവാദത്തിന് പ്രചോദനം ഖുര്‍ആന്‍

ജോസഫ് മാഷുടെ കൈവെട്ടിയതിന് പ്രചോദനമായത് ഖുര്‍ആനാണെന്ന് എക്‌സ് മുസ്ലീം ആരിഫ് ഹുസൈന്‍. കേരളത്തില്‍ ഇസ്‌ലാമോഫോബിയ ഉണ്ടോ എന്ന സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം: 

വിശ്വാസികളുടെ കണ്ണില്‍ ജോസഫ് മാഷ് മതനിന്ദകനാണ്. മതനിന്ദകനോട് എന്തു ചെയ്യണമെന്ന് ഇസ്ലാം പഠിപ്പിച്ചിട്ടുണ്ട്. കൈകാലുകള്‍ വിപരീത ദിശയിൽ വെട്ടണമെന്ന് ഈണത്തില്‍ പറയും. 5:33ല്‍ എഴുതിവച്ചിട്ടുണ്ട്. മുഹമ്മദ് നബിയെയും അള്ളാവിനെയും കളിയാക്കിയാല്‍ അതിനും മതവിധിയുണ്ട്. അത് ആരെങ്കിലും നടത്തിയോ ഇല്ലയോ എന്നത് വേറെ വിഷയം. അതിലവര്‍ക്ക് പശ്ചാത്താപമില്ല. ഇസ്ലാം പറയുന്നത് സ്വന്തം ഉമ്മയെ വ്യഭിചരിച്ചാലും സ്വര്‍ഗത്തിലെത്തുമെന്നാണ്. പകരം ശിര്‍ക്ക് ചെയ്യാതിരുന്നാല്‍ മതിയെന്നാണ്. എന്തുതന്നെ തിന്മചെയ്താലും ശിര്‍ക് ചെയ്യാതിരുന്നാല്‍ സ്വര്‍ഗത്തിലെത്തും (ഖുര്‍ആന്‍ തീവ്രവാദത്തിന് പ്രചോദനമാവുന്നുണ്ട്, നവംബര്‍ 26, ന്യൂറോണ്‍സ്).

51. പിഎം ശ്രിയില്‍നിന്ന് പിന്‍മാറിയത് ജമാഅത്തെ ഇസ്ലാമിയെ ഭയന്നിട്ട്

പിഎം ശ്രീയില്‍ നിന്ന് സിപിഎം പിന്മാറിയത് സിപിഐയെ ഭയന്നിട്ടല്ല, ജമാഅത്തെ ഇസ്ലാമിയെ ഭയന്നിട്ടാണെന്ന് എം.ടി രമേശ് ആരോപിച്ചു. ജമാഅത്തെ ഇസ്ലാമിയും സമസ്തയുമാണ് കടുത്ത എതിര്‍പ്പ് ഉയര്‍ത്തിയത്. സിപിഐ തടസം നിന്നതിന്റെ പേരില്‍ സിപിഎം ഏതെങ്കിലും പദ്ധതിയില്‍ നിന്ന് പിന്മാറിയിട്ടുണ്ടോ എന്നും എം.ടി രമേശ് ചോദിച്ചു (‘രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസെടുക്കാത്തത് കോണ്‍ഗ്രസുമായുള്ള ധാരണ; പിഎം ശ്രീയില്‍ നിന്ന് സിപിഎം പിന്മാറിയത് ജമാഅത്തെ ഇസ്ലാമിയെ ഭയന്നിട്ട്’; എം.ടി രമേശ്, നവംബര്‍ 27, 24 ന്യൂസ്).

എം.ടി രമേശിന്റെ പ്രസ്താവന, 24 ന്യൂസ്

52. ജിഹാദി കൂലി വെള്ളപൂശുകാരന്‍

ബിഡിജെഎസ്  രൂപീകരണ സമയത്ത് വെള്ളാപ്പള്ളി നടേശന്റെ ക്ഷണം സ്വീകരിച്ച് പല മീറ്റിങ്ങുകളിലും പങ്കെടുത്തുവെന്ന രാഹുല്‍ ഈശ്വറിന്റെ പ്രസ്താവനക്കെതിരേ രംഗത്തുവന്ന ഹിന്ദുത്വ വിദ്വേഷ പ്രചാരകന്‍ അഡ്വ. കൃഷ്ണദാസ് അദ്ദേഹത്തെ ജിഹാദി വെള്ളപൂശുകാരന്‍ എന്ന് ആരോപിച്ചു: ജിഹാദി കൂലി വെള്ളപൂശുകാരന്‍ രാഹുല്‍ ഈശ്വരന്‍ തട്ടിവിട്ട ഒരു കള്ളത്തരം കൂടി പുറത്തായി.  ഇത്തവണ ബലാത്സംഗ കേസിലെ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിനെ വെള്ളപൂശാനുള്ള കൊട്ടേഷന്‍ ഏറ്റെടുത്തു ഇറങ്ങിയ ജിഹാദി വെള്ളപൂശുകാരന്‍ ‘ഇര’ വിവാഹിതയായിരുന്നു എന്ന കാര്യം മറച്ചുപിടിച്ചാണ് മാങ്കൂട്ടവുമായി അവിഹിതം നടത്തിയത് എന്നങ്ങു തട്ടിവിട്ടു (രാഹുല്‍ ഈശ്വര്‍ എന്ന കപട മതേതര വാദി, നവംബര്‍ 27, ഫേസ്ബുക്ക് പോസ്റ്റ്/ അഡ്വ കൃഷ്ണ രാജ്).

ജമാഅത്തെ ഇസ്ലാമിക്ക് മുഖ്യപരിഗണന

തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സഖ്യത്തില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തെക്കാള്‍ പരിഗണന മതരാഷ്ട്രവാദികളായ ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയരൂപമായ വെല്‍ഫെയര്‍പാര്‍ട്ടിക്കാണെന്ന് ദേശാഭിമാനി. ഒൗദ്യോഗിക ഘടകകക്ഷിയല്ലാതിരുന്നിട്ടും ആവശ്യപ്പെട്ട അത്രയും സീറ്റുകള്‍ ജമാഅത്തെ ഇസ്ലാമിക്ക് നല്‍കിയെന്നും കോട്ടയത്തിനും ഇടുക്കിക്കും പുറത്ത് ജോസഫ് വിഭാഗം ചോദിച്ചതിന്റെ പകുതി പോലും നല്‍കിയില്ലെന്നും റിപ്പോര്‍ട്ടിലുണ്ട് (ജമാഅത്തെ ഇസ്ലാമിക്ക് മുഖ്യപരിഗണന, നവംബര്‍ 28, ദേശാഭിമാനി).

ജമാഅത്തെ ഇസ്ലാമിയും ആര്‍എസ്എസ്സും സമാനം

വികസനനേട്ടം മറയ്ക്കാനാണ് യുഡിഎഫ് വര്‍ഗീയ ധ്രുവീകരണ നീക്കം നടത്തുന്നതെന്ന് ദേശാഭിമാനി. ജമാഅത്തെ ഇസ്ലാമിയും ആര്‍എസ്എസ്സും സമാനമാണെന്നും ദേശാഭിമാനി എഴുതുന്നു: പാര്‍ലമെന്ററി ജനാധിപത്യത്തെയും മതനിരപേക്ഷതയെയും ന്യൂനപക്ഷാവകാശങ്ങളെയും അംഗീകരിക്കാത്തവരാണ് ജമാഅത്തെ ഇസ്ലാമിക്കാര്‍. ദരണഘടനാ മൂല്യങ്ങളെ തകര്‍ക്കുന്ന സംഘപരിവാറിന്റെ മതരാഷ്ട്രകാഴ്ചച്ചടുതന്നെയാണ് ഇവര്‍ക്കുമുള്ളത്. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഇവരുമായി സഖ്യമുണ്ടാക്കി പ്രവര്‍ത്തിക്കുകയാണ് മുസ്ലീംലീഗ് ഉള്‍പ്പെടെയുള്ള യുഡിഎഫ് ചെയ്തുകൊണ്ടിരിക്കുന്നത്. വര്‍ഗീയ ധ്രുവീകരണം ഭൂരിപക്ഷവര്‍ഗീയതയെയാണ് ശക്തിപ്പെടുത്തുക. അതാണ് സംഘപരിവാര്‍ ആഗ്രഹിക്കുന്നതും (വികസനനേട്ടം മറയ്ക്കാന്‍ വര്‍ഗീയധ്രുവീകരണ നീക്കം,  നവംബര്‍ 28, ദേശാഭിമാനി).

53. വീരനാട്യം നാടകവിവാദം

മലപ്പുറം ജില്ലാ കലോത്സവത്തില്‍ കോട്ടൂര്‍ എകെഎം എച്ച്എസ്എസ് അവതരിപ്പിച്ച ‘വീരനാട്യം’ എന്ന നാടകത്തിലൂടെ ‘ഹിന്ദു പുരാണ കഥാപാത്രങ്ങളെ അവഹേളിച്ചു’വെന്ന് ഹിന്ദു ഐക്യവേദി. വണ്ടൂരില്‍ വച്ചാണ് മലപ്പുറം സ്‌കൂള്‍ ജില്ലാ കലോത്സവം നടന്നത്. നാടകത്തിന് മത്സരത്തില്‍ ഫസ്റ്റ് എ ഗ്രേഡ് ലഭിച്ചു. നാടകത്തിന്റെ ഏതാനും ഭാഗങ്ങള്‍ സോഷ്യൽ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതുകണ്ട ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ നാടകം ഹിന്ദു പുരാണകഥകളെ അവഹേളിക്കുന്നതാണെന്ന് ആരോപിച്ചു. ചിലര്‍ സ്‌കൂളിലെത്തി അധികൃതരെ കണ്ട് സംസാരിക്കുകയും ഇതിലെ ഉള്ളടക്കത്തില്‍ പ്രതിഷേധമുണ്ടെന്ന് അറിയിക്കുകയും ചെയ്തു. രാമായണം, മഹാഭാരതം തുടങ്ങി ഹിന്ദു പുരാണങ്ങളില്‍ സ്ത്രീകളെ ചിത്രീകരിച്ചിരിക്കുന്നത് അടിസ്ഥാനപ്പെടുത്തി ആയിരുന്നു നാടകം. ഗാന്ധാരി, ശൂര്‍പ്പണഖ തുടങ്ങിയ കഥാപാത്രങ്ങളെയും ഉള്‍പ്പെടുത്തിയിരുന്നു. 

പ്രതിഷേഷധം രൂക്ഷമായതോടെ നാടകത്തില്‍ നിന്നും സ്‌കൂള്‍ അധികൃതര്‍ പിന്മാറി. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ അവതരിപ്പിക്കുക പുതിയ നാടകമെന്നും സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി (ഹിന്ദു പുരാണ കഥാപാത്രങ്ങളെ അവഹേളിച്ചു”; മലപ്പുറം ജില്ലാ സ്‌കൂള്‍ കലോത്സവത്തിലെ നാടകത്തിനെതിരെ ഹിന്ദു ഐക്യവേദി, വിവാദം, നവംബര്‍ 27, ന്യൂസ്മലയാളം).

പിന്നില്‍ ഇസ്ലാമിക തീവ്രവാദിയായ അധ്യാപകന്‍

നാടകം വാവദമായതോടെ സംവിധായകനെ ഏര്‍പ്പാടാക്കിക്കൊടുത്ത മുസ്ലീം അധ്യാപകനെ മാനേജ്‌മെന്റ് പുറത്താക്കാന്‍ ശ്രമം തുടങ്ങിയതായി വീരനാട്യം സംവിധായകന്‍ റഫീക്ക് മംഗലശ്ശേരി ഫേസ്ബുക്കില്‍ എഴുതി: നാടകം വിവാദമായതോടെ ഷൗക്കത്ത് സാറിനെ സ്‌കൂളില്‍ നിന്നും സസ്‌പെന്റ് ചെയ്യാന്‍ ഒരുങ്ങുകയാണ്…! സംഘികള്‍ അയാളുടെ പേര് ഷൗക്കത്ത് എന്നായത് കൊണ്ട് തീവ്രവാദി ചാപ്പ കുത്തി ഇസ്ലാമിക തീവ്രവാദിയാക്കാന്‍ ശ്രമിക്കുകയാണ്….! അത് ഒരിക്കലും അനുവദിക്കാനാവില്ല!. തന്നെയും ഇ്‌സലാമിക തീവ്രവാദിയാക്കിക്കൊണ്ടുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും സംവിധായകന്‍ ഫേസ്ബുക്കില്‍ കുറിച്ചു (വീരനാട്യം സംസ്ഥാന കലോത്സവത്തിലേക്കില്ല, നവംബര്‍ 28, ഫേസ്ബുക്ക് പോസ്റ്റ്/ റഫീഖ് മംഗലശേരി).

മുസ്ലീം സ്ത്രീകളുടെ സ്വാതന്ത്ര്യത്തെക്കുറിച്ച് താന്‍ തന്നെ രചിച്ച കിത്താബ് നാടകം ഇസ്ലാമിക തീവ്രവാദികള്‍ എതിര്‍ത്തിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ തന്നെയും ഇസ്ലാമിക തീവ്രവാദിയായി ചിത്രീകരിക്കുന്നുവെന്നും അദ്ദേഹം എഴുതി: മുസ്ലീം സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ പറ്റിയുള്ള കിത്താബ് നാടകം ഞാനാണ് ചെയ്തത്…! അന്ന് നിങ്ങള്‍ അതിനു വേണ്ടി കയ്യടിച്ചവരല്ലേ….? ഞാനിടുന്ന ഇസ്ലാമിക വിമര്‍ശനങ്ങള്‍ക്ക് ഫെയ്‌സ് ബുക്കില്‍ വന്ന് ലൈക്കടിക്കുന്നവരല്ലേ നിങ്ങള്‍…? കിത്താബ് ചെയ്തപ്പോള്‍ ഞാന്‍ നിങ്ങള്‍ക്ക് വലിയ മതേതരവാദിയായിരുന്നല്ലോ….! പിന്നെങ്ങിനെയാണ് വീരനാട്യം നാടകം ചെയ്തപ്പോള്‍ ഞാന്‍ നിങ്ങള്‍ക്ക് ഇസ്ലാമിക തീവ്രവാദിയായി മാറിയത് ?!(വീരനാട്യം സംസ്ഥാന കലോത്സവത്തിലേക്കില്ല, നവംബര്‍ 28, ഫേസ്ബുക്ക് പോസ്റ്റ്/ റഫീഖ് മംഗലശേരി).

54. ടിപ്പുവിനെ വിറപ്പിച്ച വൈക്കം പദ്മനാഭപിള്ള

യുദ്ധങ്ങളുടെ രാജകുമാരന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ടിപ്പു സുല്‍ത്താനെ കേരളത്തില്‍ വച്ച് രണ്ട് തവണ പരാജയപ്പെടുത്തിയ വൈക്കത്തിന്റെ ധീര പുത്രനാണ് വൈക്കം പത്മനാഭ പിള്ളയെന്ന് ജന്മഭൂമി ലേഖനം: ദക്ഷിണ ഭാരതത്തില്‍ ടിപ്പുവിന്റെ പടയോട്ടക്കാലത്ത് തിരുവിതാംകൂര്‍ പിടിച്ചെടുക്കാന്‍ എത്തിയ ടിപ്പുവിനെ പകുതി സൈനിക ബലം പോലും ഇല്ലാത്ത വൈക്കം പത്മനാഭപിള്ള ആലുവയില്‍ വെച്ചു, ആസൂത്രിതമായി  അണക്കെട്ടു തകര്‍ത്തു  തോല്‍പിച്ചുവെന്ന് ലേഖനം അവകാശപ്പെടുന്നു (ഇന്ന് വൈക്കം പത്മനാഭപിള്ളയുടെ ജന്മദിനം: ടിപ്പുവിനെ തുരത്തിയ വീരന്‍, അരുണ്‍ വിശ്വനാഥ്, നവംബര്‍ 29, വിചാരം, ജന്മഭൂമി)

55. ബാങ്ക് വിളി നിര്‍ത്തുമോ?

ജനം ടിവി ചാനല്‍ ‘മതേതര കേരളം മൗനത്തിലോ’ എന്ന തലക്കെട്ടോടുകൂടി എക്‌സ് മുസ്ലീം ആക്ടിവിസ്റ്റായ ആരിഫ് ഹുസൈന്‍ പങ്കെടുത്ത ഒരു ചര്‍ച്ചാ പരിപാടി സംപ്രേഷണം ചെയ്തു. അതില്‍ ബാങ്ക് വിളിയുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ചയും നടന്നു. അതേ കുറിച്ച് എക്‌സ് മുസ്ലീം ആക്റ്റിവിസ്റ്റ് ആരിഫ് ഹുസൈന്റെ വാദം ഇങ്ങനെ: ബാങ്ക് വിളിക്കുമ്പോള്‍ കീര്‍ത്തനം നിര്‍ത്തുന്നതുപോലെ, ഹിന്ദു പ്രചാരണത്തിന് വേണ്ടി ബാങ്ക് വിളി നിര്‍ത്തുമോ? ഹിന്ദു പ്രചാരണം അല്ലെങ്കില്‍ എന്തെങ്കിലും പരിപാടികള്‍ നടത്തുമ്പോള്‍ ബാങ്ക് ഒരെണ്ണം ഓഫ് ആക്കി കാണിക്കാന്‍ പറ്റോ? അങ്ങനെ പള്ളികളില്‍ പോയി തീരുമാനമെടുപ്പിക്കാന്‍ പറ്റോ? നിരോധിക്കപ്പെട്ട കോളാമ്പി ഉപയോഗിച്ചാണ് ബാങ്ക് വിളിക്കുന്നത്, അഞ്ച് നേരം ബാങ്ക് വിളിക്കും, അത് ഒഴിവാക്കാന്‍ പറ്റോ? മഗ്രിബ് ബാങ്കിന്റെ സമയത്ത് കീര്‍ത്തനം ഓഫ് ചെയ്യുന്നു അതിന് പകരം ബാങ്ക് ഓഫ് ചെയ്യാന്‍ പറയാലോ (ഷേവ് ഗാസ, പോലെ.. എളുപ്പമാവില്ല, നവംബര്‍ 30 ഫേസ്ബുക്ക് പേജ്/ കാസ തൃശൂര്‍). ഹിന്ദു മതം കാണിക്കുന്ന മഹത്വം എന്തുകൊണ്ട് ഇസ്ലാം മതം കാണിക്കുന്നില്ലെന്നും ഹിന്ദു മതത്തില്‍ സെമിറ്റൈസേഷന് വഴി വെക്കരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

56. ശബരിമലയില്‍ തീവ്രവാദി ആക്രമണം

വിഷ്ണു വെഞ്ഞാറമൂട് സംവിധാനം ചെയ്ത സിനിമ ശ്രീ അയ്യപ്പന്‍ ഡിസംബര്‍ മാസത്തിലാണ് പുറത്തുവന്നത്. നവംബര്‍ മാസത്തില്‍ സിനിമാ റിലീസിനോടനുബന്ധിച്ച് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സിനിമയുടെ കഥയെക്കുറിച്ച് അദ്ദേഹം സൂചന നല്‍കി: തീവ്രവാദികള്‍ ഡിസംബര്‍ ആറിന്, ശബരിമല ആക്രമിക്കാന്‍ വരുന്നതാണ് നമ്മുടെ വിഷയം. ശബരിമലയെ പറ്റിയോ അയ്യപ്പനെ പറ്റിയോ ഇതിനുമുന്‍പ് ഇങ്ങനെയൊരു കഥ വന്നിട്ടില്ല. അയ്യപ്പനെ പറ്റിയുള്ള എല്ലാ സിനിമയും ഒരേ രീതിയില്‍ തന്നെയാണ്. അവസാനം അയ്യപ്പന്‍ രക്ഷിക്കുന്ന  തരത്തിലായിരിക്കും കഥാതന്തു. അതില്‍ നിന്ന് വ്യത്യസ്തമായി  കുടുംബ പ്രേക്ഷകര്‍ക്ക് വേണ്ടിയുള്ള കണ്ടന്റുകളും ചേര്‍ത്തിട്ടാണ് ഈ സിനിമ ഒരുക്കിയിരിക്കുന്നത്. 

വാര്‍ത്താസമ്മേളനത്തിന്റെ വിഡിയോ പുറത്തുവന്നതിന് പിന്നാലെ വിഷ്ണുവിനെതിരെ വിമര്‍ശനമുയര്‍ന്നു. സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമമാണ് സംവിധായകന്‍ നടത്തുന്നതെന്ന് മിക്കവരും പ്രതികരിച്ചു (‘ശബരിമലയില്‍ തീവ്രവാദി ആക്രമണം, അതാണ് കഥ; തമ്മിലടിപ്പിക്കാനാണോ’, സംവിധായകന് വിമര്‍ശനം, നവംബര്‍ 29, മനോരമ).

57. ദാവൂദ് സിപിഎമ്മിനുമേല്‍ മുസ്ലിം വിരുദ്ധത ചാപ്പ കുത്തുന്നു

മീഡിയവൺ മാനേജിംഗ് ഡയറക്ടറായ സീ ദാവൂദ് മുസ്ലീംലീഗിന്റെ വാഴക്കാട് സമ്മേളനത്തില്‍ ‘കുട നന്നാക്കി നടന്നവരെ പിടിച്ചു സി.എച്ച് മുഹമ്മദ് കോയ സാഹിബ് അറബി അധ്യാപകരാക്കി’യെന്ന് സിപിഎം എംഎല്‍എ ചന്ദ്രസേനന്‍ ആക്ഷേപിച്ചു’ എന്നു പ്രസംഗിച്ചു. ന്യൂസ് ബുള്ളറ്റ് കേരള എന്ന ഫേസ്ബുക്ക് ചാനല്‍ ഇതിനെ വിമര്‍ശിച്ചു. ചന്ദ്രശേഖരന്‍ എന്ന എംഎല്‍എ ഇതുവരെ ഉണ്ടായിട്ടില്ലെന്നാണ് അവതാരകന്‍ കെ.ജി ബിജുവിന്റെ വാദം. ദാവൂദ് സിപിഎമ്മിന് മേല്‍ മുസ്ലീം വിരുദ്ധത ചാപ്പ കുത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. എന്നാല്‍ മാര്‍ക്സിസ്റ്റ് സ്വതന്ത്രാംഗമായ ചന്ദ്രസേനന്‍ അസംബ്ലിയില്‍ ഈ പരാമര്‍ശം നടത്തിയതിനെക്കുറിച്ച് ലീഗിന്റെ ഔദ്യോഗിക ചരിത്രകാരന്‍ എം.സി വടകര, സിഎച്ച് രാഷ്ട്രീയ ജീവചരിത്രം എന്ന പുസ്തകത്തില്‍ (പേജ് 517) വളരെ മുമ്പേ രേഖപ്പെടുത്തിയിട്ടുണ്ട് (നവംബര്‍ 30, ഫേസ്ബുക്ക് പോസ്റ്റ്/ ഹിലാല്‍ബാബു).

58. മുസ്ലീം സംഘടനകളെ പൈശാചികവല്‍ക്കരിക്കുന്നു

മുസ്ലീം സംഘടനകളെ പൈശാചികവല്‍ക്കരിക്കുന്നു എന്നും അത് ഭൂരിപക്ഷ സമൂഹത്തിനിടയില്‍ ഭീതി പടര്‍ത്തുന്നു എന്നും  ഐഎസ്എം സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം. സാമുദായിക സംഘടനകളോടുള്ള വിയോജിപ്പിന്റെ മറവില്‍ ഭൂരിപക്ഷ ഏകീകരണത്തിനുള്ള ഡോഗ് വിസിലുകളെ പ്രതിരോധിക്കാന്‍ ജനാധിപത്യ സമൂഹം തയ്യാറാകണമെന്നും യോഗം അഭിപ്രായപ്പെട്ടു (മുസ്ലീം സംഘടനകളെ പഴിചാരി വര്‍ഗീയ ധ്രുവീകരണത്തിനുള്ള ശ്രമം തിരിച്ചറിയണം: ഐഎസ്എം, നവംബര്‍ 30, മീഡിയാവണ്‍).

തയ്യാറാക്കിയത് : റെൻസൻ വി.എം, അബ്ദുൽ ബാസിത് പി.കെ, ആസിഫ് എൻ.എൻ, ദർവേഷ് നൂരി, നൂർ സബാഹ്, റാമിസ് സലാം, റിയാദ് ഷാജഹാൻ, റൈഷിൻ വി, സഈദ് റഹ്മാൻ, മുഹമ്മദ് നിയാസ് ഒ, മുഹമ്മദ് ഷംനദ്, മുഹമ്മദ് തശ്‌റീഫ്, മുഹമ്മദ് മുസ്തഫ കെ.പി, മിഷാൽ അബ്ദുറഹിമാൻ, അസ്ഹർ ഹാറൂൻ, കെ.കെ നൗഫൽ, ജിഷ എം, ഹന വഹാബ്, സുഫൈറ പി, ബാബുരാജ് ഭഗവതി, കെ. അഷ്റഫ്, മൃദുല ഭവാനി, മുഹമ്മദ് അൻഷാദ് വി.പി, എ.എസ് അജിത് കുമാർ, കമാൽ വേങ്ങര, റിദ ഫാത്തിമ, ദിലാന തസ്ലീം.

Also Read