Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


കേരളത്തിലെ സാമൂഹ്യ, രാഷ്ട്രീയ, സാംസ്കാരിക മേഖലകളിൽ നടക്കുന്ന ഇസ്ലാമോഫോബിക് പ്രസ്താവനകളെയും സംഭവങ്ങളെയും അടയാളപ്പെടുത്തുന്ന ഇസ്ലാമോഫോബിയ റിസർച്ച് കലക്റ്റീവിന്റെ 2025ലെ പ്രതിമാസ റിപ്പോർട്ടുകൾ കേരളീയം വെബിൽ വായിക്കാം. ‘ഇസ്ലാമോഫോബിയ ക്ലിനിക്’ എന്ന പേരിലാണ് റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നത്. 2025 ജൂൺ (1-15) റിപ്പോർട്ട്.
മെയ് 19ന് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. പി.വി അന്‍വര്‍ രാജിവച്ചതിനെത്തുടര്‍ന്നായിരുന്നു ഉപതിരഞ്ഞെടുപ്പ് ആവശ്യമായി വന്നത്. മെയ് അവസാനവാരം തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി. ജൂണ്‍ 23ന് വോട്ടെണ്ണി. ഇടതുസ്ഥാനാര്‍ത്ഥിയായ എം സ്വരാജ്(എല്‍ഡിഎഫ്), ആര്യാടന്‍ ഷൗക്കത്ത് (യുഡിഎഫ്), മുന്‍ എംഎല്‍എ പി.വി അന്‍വര്‍, അഡ്വ. മോഹന്‍ ജോര്‍ജ് (എന്‍ഡിഎ), സാദിഖ് നടുത്തൊടി (എസ്ഡിപിഐ) എന്നിവരായിരുന്നു പ്രധാനമായും മത്സരരംഗത്തുണ്ടായിരുന്നത്. തിരഞ്ഞെടുപ്പിനൊടുവില്‍ ആര്യാടന്‍ ഷൗക്കത്ത് വിജയിച്ചു.
തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരും മുമ്പുതന്നെ ഇതു സംബന്ധിച്ച ഇസ്‌ലാമോഫോബിക് പ്രചാരണങ്ങള്‍ തുടങ്ങിയിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണം അതിൻ്റെ ഉച്ചസ്ഥായിയിലെത്തി. ഫലപ്രഖ്യാപനമായിരുന്നു അടുത്ത ഘട്ടം. മെയ് 19ന് ആരംഭിച്ച തിരഞ്ഞെടുപ്പ് കാല ഇസ്‌ലാമോഫോബിക് ചര്‍ച്ച ജൂണ്‍ മൂന്നാം വാരത്തോടെയാണ് അവസാനിച്ചത്.
കേരളത്തിൽ മണ്ഡല വികസന പ്രശ്നങ്ങളോ പൊതു സാമൂഹിക – രാഷ്ട്രീയ പ്രശ്നങ്ങളോ ആണ് മിക്ക ഉപതിരഞ്ഞെടുപ്പുകളിലും കൂടുതൽ ചർച്ചയാവാറുള്ളത്. എന്നാൽ മലപ്പുറം ജില്ലയിലെ നിലമ്പൂരിൽ നടന്ന തിരഞ്ഞെടുപ്പ് വ്യത്യസ്തമായ വ്യവഹാര ഭാഷ തന്നെ ഉൽപാദിപ്പിച്ചു.
ജിഹാദി, ഭീകരവാദി, ഇസ്‌ലാമിക തീവ്രവാദം, രാജ്യദ്രോഹി, മതമൗലികവാദി, താലിബാൻ, പുരോഗമന മുസ്ലീം, യാഥാസ്ഥിതിക മുസ്ലീം, ഹിന്ദുത്വ താലിബാൻ, പൊളിറ്റിക്കൽ ഇസ്‌ലാം, സംഘപരിവാറിൻ്റെ ഇസ്‌ലാം പതിപ്പ്, ഇസ്‌ലാമിക സംഘപരിവാർ, മുസ്ലീം വർഗീയത, തീവ്ര മത സംഘടന, ഭീകര ബോംബ്, വർഗീയ ഭീകരർ, സംഖാവ്, മാപ്ലാവ് തുടങ്ങിയ അസംഖ്യം വിശേഷണങ്ങളും ഫലസ്തീന്‍ പ്രശ്‌നം, മതരാഷ്ട്രം, മതേതരത്വം, ജനാധിപത്യം, ഹിന്ദുത്വ, വർഗീയത, ന്യൂനപക്ഷ വർഗീയത, ഭൂരിപക്ഷ വർഗീയത, രാഷ്ട്ര വിരുദ്ധത, യൂറോപ്യൻ മതേതരത്വം, ദേശീയത, ദേശവിരുദ്ധത, നിരീശ്വരവാദം, ദേശീയ മുസ്ലീം, അന്ധവിശ്വാസം, അനാചാരം, പൗരോഹിത്യം, സാമുദായിക രാഷ്ട്രീയം, മുസ്ലീം സ്ത്രീ, ഇസ്‌ലാമിക ഭരണകൂടം തുടങ്ങിയ ആശയങ്ങളും മുസ്ലീം ജനസംഖ്യാ വർദ്ധനവ്, മലപ്പുറം വിരുദ്ധത, മാപ്പിള സ്ഥാൻ, കുട്ടിപ്പാകിസ്ഥാൻ, സ്വർണ്ണക്കടത്ത്, കള്ളക്കടത്ത്, കശ്മീർ പ്രശ്നം, വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, മലബാർ കലാപം , മതേതര മുഖം മൂടി, മൗദൂദി – മദനി ചേരി, പിഡിപി, പിന്നിൽ ജമാഅത്തെ ഇസ്‌ലാമി, പഹൽഗാം ആക്രമണം, മാപ്പിള ഭാരതം, ജോസഫ് മാഷിൻ്റെ കൈവെട്ട്, ലൗജിഹാദ്, അഫ്സൽ ഗുരു, ഹമാസ്, അജ്മൽ കസബ്, ജയ്ഷെ മുഹമ്മദ്, ലഷ്കറെ തൊയ്ബ, ആർ എസ് എസ്, ജനതാ പാർട്ടി, ജനസംഖം, വർഗീയ സഖ്യം, പ്രവാചകൻ്റെ കേശം, മത – രാഷ്ട്രീയ വിഷക്കൂട്ട്, ലീഗിൻ്റെ തനിനിറം തുടങ്ങിയ പ്രചാരണങ്ങളും ഇതിന്റെ ഭാഗമായി ചര്‍ച്ച ചെയ്യപ്പെട്ടു. ഇസ്‌ലാമോഫോബിയയുടെ ഉൽപാദകർ ആരാണ് എന്ന ചർച്ചയും വികസിച്ചു. പി സി ജോർജ്, വെള്ളാപ്പള്ളി നടേശൻ, കാസ, ആരിഫ് ഹുസൈൻ തെരുവത്ത്, അഡ്വ ജയശങ്കർ, ജന്മഭൂമി, ജനം ടി വി, മറുനാടൻ മലയാളി തുടങ്ങി അനേകം ഹിന്ദുത്വ സൈബർ യൂറ്റ്യൂബർമാരും പതിവ് വിദ്വേഷ പ്രചരണങ്ങൾക്ക് ഉപതിരഞ്ഞെടുപ്പ് ഒരു സന്ദർഭമാക്കി മാറ്റി.
ഇസ്‌ലാമോഫോബിയ ഒരു കക്ഷി രാഷ്ട്രീയ പ്രശ്നമല്ല. എന്നാൽ ഹിന്ദുത്വ പാർട്ടിയായ ബിജെപ യുടെ പതിവു പരിപാടിയാണിത്. കണക്കുകൾ സൂചിപ്പിക്കുന്നത് സിപിഎം അടക്കമുള്ള പാർട്ടികളും ഒട്ടും പിന്നിലല്ലെന്നാണ്. കഴിഞ്ഞകാല തിരഞ്ഞെടുപ്പു കാലത്തില്‍നിന്ന് വ്യത്യസ്തമായി ഇസ്‌ലാമോഫോബിക് പ്രചാരണങ്ങളെ കോണ്‍ഗ്രസ് പ്രതിരോധിച്ചു. വി.ഡി സതീശനായിരുന്നു ഇതില്‍ മുന്നില്‍. എന്നാല്‍ ഇതിനിടയിലും സിപിഎമ്മിനെ പ്രതിരോധത്തിലാക്കാന്‍ ചില യുഡിഎഫ് നേതാക്കള്‍ വംശീയയുക്തികൾ ഉപയോഗിച്ചുവെന്നത് ഇസ്‌ലാമോഫോബിയയുടെ ആഴം കാണിക്കുന്നു.
1. വര്‍ഗീയശക്തികളുടെ വോട്ട് വേണ്ട
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപനം വരുന്നതിന് തൊട്ടുമുമ്പുതന്നെ മുസ്ലീം സംഘടനകള്‍ക്കെതിരേയുള്ള ആക്രമണങ്ങള്‍ക്ക് ഇടതുപക്ഷ മുന്നണി തുടക്കമിട്ടു. സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി വി.പി അനിലാണ് ആക്രമണത്തിന് തുടക്കമിട്ടത്. നിലമ്പൂരില്‍ വര്‍ഗീയശക്തികളായ എസ്ഡിപിഐയുടെയും ജമാഅത്തെ ഇസ്‌ലാമിയുടെയും വോട്ട് വേണ്ടെന്ന് മെയ് 25ാം തിയ്യതി മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുന്നതിനിടയില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു: “ജമാഅത്തെ ഇസ്‌ലാമിയും എസ്ഡിപിഐയും മറുഭാഗത്താണെന്ന് തെളിയിക്കപ്പെട്ടുകഴിഞ്ഞു. അക്കാര്യത്തില്‍ ഞങ്ങള്‍ക്ക് പ്രതിസന്ധിയില്ല. ജമാഅത്തെ ഇസ്‌ലാമിയും എസ്ഡിപിഐയുമായുള്ള കൂട്ടുകെട്ട് പ്രതിസന്ധിയിലാക്കുന്നത് യുഡിഎഫിനെയാണ്. കോണ്‍ഗ്രസ്സിനെയും മുസ്ലീം ലീഗിനെയുമാണ്. ഈ കൂട്ടുകെട്ടിനെതിരായ ശക്തമായ മതനിരപേക്ഷ നിലപാടിനെയാണ് ഇടതുപക്ഷം പ്രതിനിധാനം ചെയ്യുന്നത്. മതനിരപേക്ഷതയ്ക്ക് വിള്ളലേല്‍ക്കാന്‍ ഒരാളെയും അനുവദിക്കില്ല. നിലമ്പൂരില്‍ എസ്ഡിപിഐയുടെയും ജമാഅത്തെ ഇസ്‌ലാമിയുടെയും ഒരു വര്‍ഗീയശക്തിയുടെയും വോട്ട് എല്‍ഡിഎഫിന് വേണ്ട.” (മെയ് 25, റിപ്പോർട്ടർ ഒഫീഷ്യല്‍ ഇന്‍സ്റ്റഗ്രാം പേജ്)
എന്നാല്‍ സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.എം സിദ്ദീഖ് ഈ നിലപാടില്‍ തിരുത്തല്‍ വരുത്തി. ഉപതെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം. സ്വരാജിന് എസ്ഡിപിഐയുടെയും ജമാഅത്തെ ഇസ്ലാമിയുടെയും അടക്കം എല്ലാവരുടെയും പിന്തുണ വേണമെന്നായിരുന്നു അദ്ദേഹം അഭിപ്രായപ്പെട്ടത്. നിലമ്പൂര്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിലായിരുന്നു സിദ്ദിഖിന്റെ പ്രസംഗം: “നിലമ്പൂരിന്റെ ശബ്ദം ഉയര്‍ന്നുകേള്‍ക്കണമെങ്കില്‍ ഈ തെരഞ്ഞെടുപ്പില്‍ എല്ലാ മനുഷ്യന്റെയും പിന്തുണ വേണം. കോണ്‍ഗ്രസ് എന്നോ ലീഗ് എന്നോ ബിജെപിയെന്നോ എസ്ഡിപിഐ എന്നോ ജമാഅത്തെ ഇസ് ലാമിയെന്നോ വ്യത്യാസമില്ലതെ മനുഷ്യന്റെ എല്ലാ പിന്തുണയും ഞങ്ങള്‍ ആഗ്രഹിക്കുകയാണ്. പിന്തുണ കിട്ടുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. അതിന് പറ്റിയ പടയാളിയെയാണ് നിലമ്പൂരിലെത്തിച്ചത്.” (ജൂണ്‍ 2, മീഡിയാവണ്‍).
എന്നാല്‍ താമസിയാതെ സ്ഥാനാര്‍ത്ഥി തന്നെ അത് തിരുത്തി. മനുഷ്യസ്‌നേഹവും മനുഷ്യത്വവും ഉയര്‍ത്തിപ്പിടിക്കുന്ന എല്ലാ നല്ല മനുഷ്യരുടെയും വോട്ട് വേണം. വര്‍ഗീയവാദികളെ നല്ല മനുഷ്യരായി കാണുന്നില്ലെന്നും എം സ്വരാജ് പറഞ്ഞു. (ജൂണ്‍ 3, ദി ക്യൂ).
2. ആര്യാടന്‍ ഷൗക്കത്ത് മതേതരവാദിയും ദേശീയ മുസ്ലീമിന്റെ മകനും
ആര്യാടന്‍ ഷൗക്കത്തിന്റെ സ്ഥാനാര്‍ത്ഥിത്വം കോണ്‍ഗ്രസ്സ് പ്രഖ്യാപിച്ച ഉടന്‍ മറുനാടന്‍ മലയാളി അദ്ദേഹത്തെക്കുറിച്ച് ഒരു വാര്‍ത്ത പ്രസിദ്ധീകരിച്ചു. ആര്യാടന്‍ ഒരു ദേശീയ മുസ്ലീമിന്റെ മകനും അങ്ങേയറ്റം മതേതരവാദിയുമാണെന്നായിരുന്നു വാര്‍ത്തയില്‍ പറഞ്ഞിരുന്നത്: കളിച്ചുനടക്കേണ്ട പ്രായത്തില്‍ ഒരു കൈക്കുഞ്ഞുമായി, ഭര്‍ത്താവിനാല്‍ ഉപക്ഷേിക്കപ്പെട്ട ആ സ്ത്രീകള്‍ നിരനിരയായി ചാലിയര്‍ പുഴയിലേക്ക് ബക്കറ്റുമായി പോവുന്ന ഒരു ലോങ് ഷോട്ടോടെയാണ്, മീരാജാസ്മിന് മികച്ച നടിക്കുള്ള ദേശീയ പുരസ്‌ക്കാരം നേടിക്കൊടുത്ത ‘പാഠം ഒന്ന് ഒരു വിലാപം’ അവസാനിക്കുന്നത്. അന്ധവിശ്വാസങ്ങളും, അനാചാരങ്ങളും, പൗരോഹിത്യവുമൊക്കെ എങ്ങനെ പാവം സ്ത്രീകളുടെ ജീവിതം ദുരിതമയമാക്കുന്നു എന്ന് കാണിച്ച, ഈ ടി വി ചന്ദ്രന്‍ സിനിമയുടെ കഥാകൃത്തും നിര്‍മ്മാതാവും, ഒരു വളര്‍ന്നവരുന്ന രാഷ്ട്രീയക്കാരനാണ് എന്ന് അറിഞ്ഞപ്പോള്‍, ഈ പടം കണ്ട ഇന്ത്യക്കുപുറത്തുള്ളവര്‍ അത്ഭുതപ്പെട്ടിരുന്നു. ഒരു യുവ കോണ്‍ഗ്രസ് നേതാവിന് ഇത്രയും ധൈര്യമോ? അതാണ് ആര്യാടന്‍ ഷൗക്കത്ത്. 29 വര്‍ഷം നിലമ്പൂര്‍ എംഎല്‍എയായ കേരളരാഷ്ട്രീയത്തിലെ അതികായനും, അങ്ങേയറ്റം മതേതരവാദിയും, ദേശീയ മുസ്ലീമുമായ ആര്യാടന്‍ മുഹമ്മദിന്റെ മകന്‍ പിന്നെ അങ്ങനെ ആയില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ (മെയ് 26, മറുനാടന്‍ മലയാളി).
3. ജിഹാദികളുടെ എച്ചില്‍ നക്കികള്‍
നിലമ്പൂരില്‍ വി.എസ് ജോയിയെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കണമെന്ന ഒരു ആവശ്യം ചില കേന്ദ്രങ്ങള്‍ ഉയര്‍ത്തിയിരുന്നു. അന്‍വറും ഈ പക്ഷക്കാരനാണെന്നാണ് ചില മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തിരുന്നത്. ഇതേ കുറിച്ച് ക്രിസ്ത്യന്‍ ഐക്യവേദിയെന്ന ഫേസ്ബുക്ക് പേജ് ഒരു കുറിപ്പ് പ്രസിദ്ധീകരിച്ചു.
‘ഞമ്മടെ ആള്‍ക്കാര്‍’ ജനസംഖ്യയില്‍ 55 ശതമാനമുള്ള നിലമ്പൂര്‍ മണ്ഡലം കൈപ്പിടിയിലൊതുക്കാന്‍ പി.വി അന്‍വറും ഷൗക്കത്തും തമ്മില്‍ നടക്കുന്ന പോരാട്ടത്തിന് ഇടയിലെ വെറും കോമാളി മാത്രമാണ് വി എസ് ജോയിയെന്ന പോസ്റ്ററിനോടൊപ്പമായിരുന്നു പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്: നിലമ്പൂരില്‍ ക്രിസ്ത്യാനിയെ പോലെ ബിജെപിക്കും റോള്‍ ഇല്ല. ഇന്ന് നിലമ്പൂര്‍ സംഭവിച്ചത് നാളെ കേരളത്തിലെ ഒരു പാട് മണ്ഡലങ്ങളില്‍ സംഭവിക്കുമെന്ന് ജനസംഖ്യ കണക്ക് പഠിക്കുന്ന ആര്‍ക്കും (മനസ്സിലാവും). 2021ലെ സെന്‍സെസ് നടന്നില്ല എങ്കിലും സ്‌കൂളുകളിലെ കുട്ടികളുടെ എണ്ണം വച്ച് പഠിച്ചാല്‍ പോലും മനസിലാകും. എന്നിട്ടും ഇപ്പോഴും ജിഹാദി വര്‍ഗീയത ആണ് കേരളത്തിലെ ഭൂരിപക്ഷ വര്‍ഗീയത എന്ന് മനസിലാക്കാന്‍ കഴിയാത്ത ക്രിസ്ത്യാനി ഒന്നുകില്‍ ജനസംഖ്യ കണക്കു മനസിലാക്കാന്‍ കഴിയാത്ത വിധം തലച്ചോറ് ദ്രവിച്ചവര്‍ ആയിരിക്കും. അല്ലെങ്കില്‍ ഭൂരിപക്ഷ വര്‍ഗീയത ജിഹാദി വര്‍ഗീയത ആണ് എന്ന് അറിഞ്ഞു, അതിന്റെ തോളില്‍ കയ്യിലിട്ടു ജിഹാദികളുടെ എച്ചില്‍ നക്കി ജീവിക്കാന്‍ ആഗ്രഹിക്കുന്ന വെറും എച്ചില്‍ നക്കികള്‍ ആയിരിക്കും. കേരളത്തെ താരതമ്യം ചെയ്യാന്‍ കഴിയുന്ന ഏക ഇന്ത്യന്‍ സംസ്ഥാനം കശ്മീര്‍ മാത്രം ആണ് (മെയ് 17, ഫേസ്ബുക്ക് പേജ്/ക്രിസ്ത്യന്‍ ഐക്യവേദി).
പോസ്റ്ററിലെ മറ്റൊരു വാചകം ഇതാണ്: നിലമ്പൂരില്‍ ക്രിസ്ത്യാനിക്ക് കാഴ്ചക്കാരുടെ റോള്‍ മാത്രമേയുള്ളൂ. നിലമ്പൂര്‍ സമീപ ഭാവിയിലെ ‘അല്‍ കേരള’ത്തിന്റെ സൂചനയാണ്. ‘ഞമ്മടെ ആള്‍ക്കാര്‍’ 71 മണ്ഡലങ്ങളില്‍ ജനസംഖ്യയില്‍ ഭൂരിപക്ഷം ആയിക്കഴിഞ്ഞാല്‍ പിന്നെ മറ്റുള്ളവര്‍ വെറുതെ കാഴ്ചക്കാര്‍ മാത്രമാകും.
നിലമ്പൂര്‍ മണ്ഡലത്തിലെ മുസ്ലീങ്ങളുടെ എണ്ണവും ‘വര്‍ധിച്ചുവരുന്ന മുസ്ലീം ജനസംഖ്യ’യെന്ന പ്രചാരണവുമാണ് പോസ്റ്റിന്റെ പ്രകോപനമെന്ന് കരുതുന്നു.
4. ലീഗിന്റെ അതിപ്രസരം
സ്ഥാനാര്‍ത്ഥി നിര്‍ണയംതന്നെ ഇസ്‌ലാമോഫോബിക് ആക്രമണങ്ങള്‍ക്ക് വിധേയമായി. നിലമ്പൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ നടന്നത് മുസ്ലീം ലീഗിന്റെ അതിപ്രസരമെന്ന് ബിജെപി നേതാവ് പി.സി. ജോര്‍ജ് കുറ്റപ്പെടുത്തി. നിലമ്പൂരില്‍ മുസ്ലീങ്ങൾ മാത്രമല്ല ഉള്ളത്. ആര്യാടന്‍ ഷൗക്കത്ത് വിജയ സാധ്യതയുള്ള സ്ഥാനാര്‍ഥിയല്ല. ജനകീയരായ നേതാക്കളെ മാറ്റിയാണ് ഷൗക്കത്തിന് സീറ്റ് നല്‍കിയത്. ഇത് മറ്റ് മതവിഭാഗങ്ങള്‍ക്കിടയില്‍ മോശം അഭിപ്രായം ഉണ്ടാക്കി. അത് ഷൗക്കത്തിന് ഗുണം ചെയ്യില്ല (മെയ് 28, മാധ്യമം).


5. വ്യാജ സ്ക്രീന്‍ഷോട്ട്
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ ഒരു വ്യാജസ്‌ക്രീന്‍ ഷോട്ട് സാമൂഹികമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായിരുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയുടെ പേരിലുള്ള ‘നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐ സ്ഥാനാര്‍ഥിയെ പിന്‍വലിക്കണം – രാഹുല്‍ മാങ്കൂട്ടത്തില്‍’ എന്ന ഒരു പ്രസ്താവനയായിരുന്നു പോസ്റ്ററിന്റെ ഉള്ളടക്കം. അയ്യപ്പന്‍ കുട്ടി വിളയില്‍ എന്ന ഐഡിയാണ് പോസ്റ്റ് ചെയ്തിട്ടുള്ളത്. സത്യന്‍ ടി സത്യന്‍ ടി എന്ന ഐഡി പോസ്റ്റ് ഷെയര്‍ ചെയ്തു. ഡി.വൈ.എഫ്.ഐ മുന്‍ ജില്ലാ സെക്രട്ടറിയും നന്നമുക്ക് ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റും നിലവില്‍ സി.പി.എം ഇടപ്പാള്‍ ഏരിയ സെക്രട്ടറിയുമായ ടി. സത്യനാണ് പോസ്റ്റര്‍ പ്രചരിപ്പിച്ചതെന്ന് രാഹുല്‍ ഫേസ് ബുക്കില്‍ ആരോപിച്ചു. നിലമ്പൂരിലെ പ്രബുദ്ധ വോട്ടര്‍മാര്‍ കരുതിയിരിക്കുക, പച്ച വെള്ളത്തിന് തീ പിടിപ്പിക്കുന്ന വ്യാജ പ്രചാരണങ്ങളുമായി സി.പി.എം ഇറങ്ങിയിട്ടുണ്ട്. കൊള്ളാവുന്ന ആഭ്യന്തര മന്ത്രിയല്ലെങ്കിലും വ്യാജ പ്രചാരകനെതിരെ പരാതി നല്‍കിയിട്ടുണ്ടെന്നും രാഹുല്‍ പോസ്റ്റിലൂടെ അറിയിച്ചു (മെയ് 30, മാധ്യമം, ഫേസ്ബുക്ക് പോസ്റ്റ്/ രാഹുല്‍ മാങ്കൂട്ടത്തില്‍, മെയ് 30).


6. സ്വരാജിനെ കുടുക്കാന്‍ കെ.എം ഷാജി
പൊതുവെ യുദ്ധത്തിനെതിരേ നിലപാടെടുക്കുക ഇടതുപക്ഷത്തിന്റെ രീതിയും ശീലവുമാണ്. അന്താരാഷ്ട്ര തലത്തിലുള്ള എല്ലാ യുദ്ധങ്ങളോടും ഇതേ ശൈലിതന്നെയാണ് ഇടതുപക്ഷം എന്നും വച്ചുപുലര്‍ത്താറുള്ളത്. പഹല്‍ഗാം ആക്രമണത്തിനുശേഷമുണ്ടായ ഇന്ത്യ പാക് സംഘര്‍ഷത്തെയും ഇങ്ങനെയാണ് അവര്‍ നോക്കിക്കണ്ടത്.
എന്നാല്‍ നിലമ്പൂര്‍ തിരഞ്ഞെടുപ്പില്‍ സ്വരാജിന്റെ യുദ്ധവിരുദ്ധ നിലപാടിനെ ചോദ്യം ചെയ്ത് ലീഗ് നേതാവ് കെ എം ഷാജി രംഗത്തെത്തി. മുസല്‍മാന്റെ ആത്മാഭിമാനത്തിനേറ്റ ക്ഷതമാണ് പഹല്‍ഗാമിലേതെന്നും പാകിസ്താനാണ് യുദ്ധം തുടങ്ങിവച്ചതെന്നും അതുകൊണ്ട് തിരിച്ചടി അനിവാര്യമായിരുന്നെന്നും പറഞ്ഞ ഷാജി ‘യുദ്ധം അനാവശ്യമാണെന്ന പ്രസ്താവനയില്‍ നിലമ്പൂരിലെ സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ സ്വരാജ് ഉറച്ചുനില്‍ക്കുന്നുണ്ടോ?’ എന്ന ചോദ്യവുമായി അദ്ദേഹത്തെ കുടുക്കാന്‍ ശ്രമിച്ചു (മെയ് 30, 24ന്യൂസ്).
7. ഫലസ്തീനുവേണ്ടി സംസാരിക്കും മലപ്പുറത്തിന് വേണ്ടി മിണ്ടില്ല
നിലമ്പൂരിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം. സ്വരാജിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മുന്‍ എം.എല്‍.എയുമായ പി.വി. അന്‍വര്‍ ആഞ്ഞടിച്ചു. പിണറായിസത്തെ താലോലിക്കുന്നതില്‍ മുന്‍പന്തിയിലാണ് സ്വരാജെന്നും ഫലസ്തീനിലെ മുസ്ലീങ്ങൾക്ക് വേണ്ടി സംസാരിക്കുന്ന അദ്ദേഹം പക്ഷേ, മലപ്പുറത്തുള്ളവര്‍ക്ക് വേണ്ടി മിണ്ടില്ലെന്നും അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു: ജില്ല പൊലീസ് സൂപ്രണ്ട് ഒരു ജനവിഭാഗത്തെ വക്രീകരിച്ച് ക്രിമനലുകളാക്കുമ്പോള്‍ ലോകത്തുള്ള എല്ലാ കാര്യങ്ങളിലും അഭിപ്രായം പറയുന്ന സ്വരാജ് ഒരു ഫേസ്ബുക് പോസ്റ്റെങ്കിലും ഇട്ടിട്ടുണ്ടോ? സ്വരാജ് സംസാരിക്കും ഫലസ്തീനിലെ മുസ്ലീങ്ങൾക്ക് വേണ്ടി. അതിന് മുടക്കൊന്നുമില്ലല്ലോ? ലോകത്ത് ഉണ്ട് എന്ന് പറയുന്ന ഇസ്‌ലാമോഫോബിയക്കെതിരെയും സംസാരിക്കും. എന്നാല്‍, ഇന്ത്യയില്‍ നടക്കുന്ന, മലപ്പുറത്തോ നിലമ്പൂരില്‍ തന്റെ മൂക്കിന്‍ചുവട്ടിലോ നടക്കുന്ന വിഷയങ്ങളെ കുറിച്ച് മൂപ്പര്‍ സംസാരിക്കില്ല (മെയ് 31, മാധ്യമം). സ്വരാജിന്റെ നിലപാടുകള്‍ സോഷ്യല്‍മീഡിയ ഹാന്‍ഡിലുകള്‍ ചര്‍ച്ചയായ സമയത്താണ് അന്‍വര്‍ ഇത്തരമൊരു വിമര്‍ശനവുമായി രംഗത്തുവന്നത്.
8. ആര്യാടന്‍ ഇസ്‌ലാമോഫോബിയയുടെ ഉല്‍പ്പാദകന്‍
തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടന്ന മീഡിയാവണ്‍ ചര്‍ച്ചയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അഡ്വ. സഹീദ് റൂമി കോണ്‍ഗ്രസ്സിന്റെ സ്ഥാനാര്‍ത്ഥി തിരഞ്ഞെടുപ്പിനെ വിമര്‍ശിച്ചു. തന്റെ മുന്‍കാല നിലപാടുകളെ ഷൗക്കത്ത് തള്ളിയിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം: പോലിസിന്റെ ആര്‍എസ്എസ് വല്‍ക്കരണത്തെയാണ് അന്‍വര്‍ എതിര്‍ത്തത്. വെറും കക്ഷിരാഷ്ട്രീയമാറ്റമാണ് ആവശ്യമെങ്കില്‍ കോണ്‍ഗ്രസ് ഓഫിസിലേക്ക് പോയാല്‍മതിയായിരുന്നു. അന്‍വര്‍ ഉന്നയിച്ച പ്രശ്‌നങ്ങളെ വ്യക്തിപരമായി മാറ്റാനാണ് ശ്രമിക്കുന്നത്. ആര്യാടന്‍ ഷൗക്കത്തിന് പോരായ്മകളുണ്ട്. അതു ഞങ്ങള്‍ തുറന്നുപറഞ്ഞു. അദ്ദേഹം എല്ലാവര്‍ക്കും സ്വീകാര്യനല്ല. അദ്ദേഹത്തെ സ്ഥാനാര്‍ത്ഥിയാക്കുമ്പോള്‍ യുഡിഎഫ് ശ്രദ്ധിക്കണമായിരുന്നു. ഷൗക്കത്ത് കേരളത്തിലെ ഇസ്‌ലാമോഫോബിയയുടെ ഉല്‍പ്പാദകനായിരുന്നു. അതിലദ്ദേഹം മാപ്പു പറഞ്ഞിട്ടില്ല. അദ്ദേഹത്തിന്റെ പോരായ്മകള്‍ പൊതുസമൂഹത്തോട് തുറന്നുപറയണമെന്നാണ് അന്‍വര്‍ പറഞ്ഞത്. (മെയ് 31, ബിഗ് ഫൈറ്റ്, മീഡിയാവണ്‍)
9. അന്‍വറിന്റെ ചതിയെന്ന് മുഖ്യമന്ത്രി
ഒരു വഞ്ചന കാരണമാണ് നിലമ്പൂര്‍ നിയമസഭാ മണ്ഡലത്തില്‍ ഇപ്പോള്‍ ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടി വന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചു. മുന്‍ എം.എല്‍.എ പി.വി.അന്‍വറിനെ പേരെടുത്തു പറയാതെയായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. നിലമ്പൂരില്‍ എല്‍ഡിഎഫിന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുയായിരുന്നു അദ്ദേഹം: ‘ഏറ്റവും വലിയ വഞ്ചന കാണിച്ചതിന്റെ ഫലമാണ് ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടത്തേണ്ടി വന്നത്. വാരിയംകുന്നന്റെയും സഖാവ് കുഞ്ഞാലിയുടെയും പോരാട്ടത്തിന് സാക്ഷ്യംവഹിച്ച മണ്ണാണിത്. ഒപ്പംതന്നെ വാരിയംകുന്നനെ പിടികൂടാന്‍ ചതി കാണിച്ചവരുടെ മണ്ണുംകൂടിയാണിത്. നമ്മളും ഒരു ചതിക്കിരയായാണ് ഇത്തരമൊരു തിരഞ്ഞെടുപ്പ് നേരിടേണ്ടി വന്നത്. അതില്‍ ആശങ്കപ്പെടുന്ന മുന്നണിയല്ല എല്‍ഡിഎഫ്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചപ്പോള്‍ തന്നെ മണ്ഡലത്തില്‍ മാത്രമല്ല, സംസ്ഥാനത്താകെ വലിയ സ്വീകാര്യതയാണ് ഉണ്ടായത് (ജൂണ്‍ 1, മാതൃഭൂമി).


‘ചതിച്ചവരുടെ മണ്ണെന്ന’ പ്രയോഗത്തിനെതിരേ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പ്രതികരിച്ചു. മുഖ്യമന്ത്രി ജില്ലയെ അധിക്ഷേപിച്ചുവെന്നായിരുന്നു അദ്ദേഹമുയര്‍ത്തിയ ആരോപണം: മലപ്പുറം ജില്ലക്കെതിരെ ‘വലിയ ചതി’ പ്രയോഗം നടത്തിയ ആളാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വര്‍ണക്കടത്തിന്റെയും കള്ളപ്പണത്തിന്റെ നാടാണെന്ന് പറഞ്ഞും ജില്ലയെ അധിക്ഷേപിച്ചിരുന്നു. ഈ ചതിപ്രയോഗം മലപ്പുറത്തുകാര്‍ക്ക് മറക്കാനാവില്ല. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ പരിണത ഫലമാണ് നിലമ്പൂര്‍ തെരഞ്ഞെടുപ്പ്. ചതിയെ കുറിച്ചാണ് മുഖ്യമന്ത്രി ഇന്നലെ ഇവിടെ സംസാരിച്ചത്. ചതിയെന്ന പ്രയോഗം ഉപയോഗിക്കാന്‍ ഏറ്റവും യോഗ്യനായ ആള്‍ മുഖ്യമന്ത്രി പിണറായി വിജയനാണ്. മാസങ്ങള്‍ക്ക് മുന്‍പാണ് ഹിന്ദു പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ 150 കിലോ സ്വര്‍ണവും 123 കോടി രൂപയും മലപ്പുറത്തുനിന്ന് മാത്രമായി പിടിച്ചെടുത്തെന്ന് പറഞ്ഞത്. ആ പണം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കാനാണെന്നും പറഞ്ഞു. എല്ലാ ജില്ലകളിലും കള്ളപ്പണവും സ്വര്‍ണവും പിടിക്കാറുണ്ട്. എന്നാല്‍ ആ ജില്ലകളെ കുറിച്ച് മുഖ്യമന്ത്രി മിണ്ടിയില്ല. മലപ്പുറം ജില്ലക്കെതിരെ മുഖ്യമന്ത്രി നടത്തിയ ചതി പ്രയോഗം കേരളം മറക്കാന്‍ പാടില്ല (ജൂണ്‍ 2, മറുനാടന്‍ മലയാളി).
മുഖ്യമന്ത്രിയുടേത് വര്‍ഗീയ കാര്‍ഡാണെന്ന് ജന്മഭൂമി ദിനപത്രം കുറ്റപ്പെടുത്തി. മുഖ്യമന്ത്രി വര്‍ഗീയ ധ്രുവീകരണത്തിലൂടെ മുസ്ലീം വോട്ടുകള്‍ സമാഹരിക്കാന്‍ നീക്കം നടത്തുന്നു. ഹിന്ദുക്കളുടെ ജീവനെടുത്ത വാരിയന്‍കുന്നനെ പ്രകീര്‍ത്തിക്കുന്നു. വാരിയന്‍കുന്നനെ മഹത്വവല്‍ക്കരിക്കുന്നു. കേരളത്തിന് പുറത്ത് മുസ്ലീങ്ങൾ വേട്ടയാടപ്പെടുകയാണെന്ന് വ്യാജആരോപണവും മുഖ്യമന്ത്രി ഉയര്‍ത്തി (ജൂണ്‍ 3, ജന്മഭൂമി).
കോണ്‍ഗ്രസ്സിന് ആര്‍എസ്എസ് ബാന്ധവം
മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം വിവാദമായതോടെ സിപിഎം നേതാവ് കെ.ടി കുഞ്ഞിക്കണ്ണന്‍ ഡൂള്‍ ന്യൂസില്‍ ‘കോണ്‍ഗ്രസ്സിന്റെ ആര്‍എസ്എസ് ബാന്ധവം: ചരിത്രവും വര്‍ത്തമാനവും’ എന്ന പേരില്‍ ഒരു ലേഖനമെഴുതി. അദ്ദേഹത്തിന്റെ വാദങ്ങള്‍ ഇങ്ങനെ പോകുന്നു: 1967ല്‍ മലപ്പുറം രൂപീകരണ സമയത്ത് കോണ്‍ഗ്രസ് ആര്‍എസ്എസ്സുകാരോട് ചേര്‍ന്നുനിന്നു. ആര്‍എസ്എസ് മുന്നോട്ടുവച്ച കുട്ടിപ്പാക്കിസ്താനാവുമെന്ന മുദ്രാവാക്യം ഏറ്റുപിടിച്ചു. 1921ലെ സമരത്തോട് കോണ്‍ഗ്രസ് ശരിയായ നിലപാടല്ല എടുത്തത്. അന്നത്തെ അഭയാര്‍ത്ഥികളോട് നിഷ്‌കരുണമായി പെരുമാറി. സ്വാതന്ത്ര്യാനന്തരം ബ്രിട്ടീഷുകാര്‍ അടിച്ചേല്‍പ്പിച്ച മുസ്ലീം വിരുദ്ധ നയങ്ങള്‍ മദിരാശി സര്‍ക്കാര്‍ അതുപോലെ തുടര്‍ന്നു. അത് റദ്ദാക്കിയത് ഇഎംഎസ് സര്‍ക്കാരാണ്. 1960ല്‍ പട്ടാമ്പിയില്‍ ഇഎംഎസ്സിനെ തോല്‍പ്പിക്കാന്‍ ജനസംഘത്തെ കൂട്ടുപിടിച്ചു. അവരുടെ സ്ഥാനാര്‍ത്ഥിയെ പിന്‍വലിപ്പിച്ചു. തൃശൂര്‍ മണ്ഡലത്തില്‍ സുരേഷ് ഗോപി ജയിച്ചപ്പോള്‍ കോണ്‍ഗ്രസ്സിന് 9 ശതമാനം കുറഞ്ഞു. ആ വോട്ടുകള്‍ ബിജെപിയിലേക്ക് പോയി. ഹിന്ദു മഹാസഭയും ആര്‍എസ്എസ്സും കോണ്‍ഗ്രസ്സിനകത്ത് വളര്‍ന്നുവന്ന ഭൂരിപക്ഷ വര്‍ഗീയ സംഘടനകളാണ്. അവയ്ക്ക് രൂപം കൊടുത്തതും കോണ്‍ഗ്രസ്സാണ്. ശബരിമല പ്രശ്‌നത്തില്‍ കെപിസിസിയുടെ നിലപാട് ഹിന്ദുവര്‍ഗീയതയെ സഹായിക്കുന്നതായിരുന്നു (ജൂണ്‍ 3, ഡൂള്‍ ന്യൂസ്).
വഞ്ചന നടത്തിയത് മുഖ്യമന്ത്രി
മുഖ്യമന്ത്രിയുടെ പ്രസംഗത്തെക്കുറിച്ച് പി വി അന്‍വറും പ്രതികരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ വഞ്ചിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു: പിണറായി ആദ്യം വഞ്ചിച്ചത് വിഎസ് അച്യുതാനന്ദനെ. അതിന്റെ ഭാഗമായാണ് പിണറായിയുടെ ഇപ്പോഴത്തെ മുഖ്യമന്ത്രി സ്ഥാനം. ശബരിമല വിഷയത്തില്‍ ഹിന്ദുക്കളെയും പിണറായി വഞ്ചിച്ചു. അതിന്റെ മുഖ്യ പ്രചാരകനാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി. (ജൂണ്‍ 4, ചന്ദ്രിക).
മലപ്പുറം ചതിയന്മാരുടെ മണ്ണല്ല
മലപ്പുറം ചതിയന്മാരുടെ മണ്ണാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നതായി കോണ്‍ഗ്രസ് നേതാവ് എം എം ഹസന്‍ കുറ്റപ്പെടുത്തി. മലപ്പുറത്തെ ജനങ്ങളെ മുഖ്യമന്ത്രി അപമാനിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു (ജൂണ്‍ 4, വീക്ഷണം).
മലപ്പുറം മുഴുവന്‍ തീവ്രവാദികളുടെ നാടാണോ?
മുഖ്യമന്ത്രിയുടെ പ്രസംഗത്തിനെതിരേ പ്രതിപക്ഷ നേതാവ് വി ഡി സതീശനും പ്രതികരിച്ചു. മലപ്പുറം മുഴുവന്‍ തീവ്രവാദികളുടെ നാടാണെന്ന നിലപാടില്‍ മുഖ്യമന്ത്രി ഉറച്ച് നില്‍ക്കുന്നുണ്ടോയെന്നായിരുന്നു ചോദ്യം. നിലമ്പൂരില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ കാലങ്ങളില്‍ സി.പി.എം നേതാക്കള്‍ മലപ്പുറത്തെ ജില്ലയെ പ്രതിക്കൂട്ടില്‍ നിര്‍ത്തി നടത്തിയ പ്രസ്താവനകള്‍ ചൂണ്ടിക്കാണിച്ചായിരുന്നു സതീശന്റെ വിമര്‍ശനം: മലപ്പുറം മുഴുവന്‍ തീവ്രവാദികളുടെ നാടാണെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്നുണ്ടോ? രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വിജയിച്ചത് തീവ്രവാദികളുടെ വോട്ട് നേടിയിട്ടാണോ? നിലമ്പൂര്‍ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പഴയ പ്രസ്താവനകളില്‍ ഉറച്ച് നില്‍ക്കുന്നുണ്ടോ. മലപ്പുറം ജില്ലയെ കുറിച്ച് ഗുരുതരമായ ആരോപണം ഉന്നയിച്ച ആളാണ് മുഖ്യമന്ത്രി. ഡല്‍ഹിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ പി.ആര്‍ ഏജന്‍സി വഴി സംഘ്പരിവാറിന് കുടപിടിച്ച് കൊണ്ടിരിക്കുന്ന സമീപനമാണ് കണ്ടത്. നിലമ്പൂരില്‍ ഇടതുപക്ഷത്തിന് നേതൃത്വം നല്‍കുന്നത് എ. വിജയരാഘവനാണ്. അദ്ദേഹം മലപ്പുറത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയിട്ടുള്ള ഒരു ഡസനിലേറെ പ്രസ്താവന നടത്തിയിട്ടുണ്ട്. ഒടുവില്‍, പറഞ്ഞത് പ്രിയങ്ക ഗാന്ധി വിജയിച്ചത് തീവ്രവാദികളുടെ വോട്ട് നേടിയാണെന്നാണ്. ഇത്, വിജയരാഘവന്‍ ഒറ്റക്ക് പറഞ്ഞതല്ല. പിണറായി വിജയന്‍ പറഞ്ഞത് ആവര്‍ത്തിച്ചതാണ്. മലപ്പുറത്ത് എന്ത് സമരം നടന്നാലും അപ്പോള്‍ സി.പി.എം നേതാക്കള്‍ പറയുന്നത്, പിന്നില്‍ മുസ്ലീം തീവ്രവാദികളാണ് അല്ലെങ്കില്‍ ഇസ്‌ലാം തീവ്രവാദികളെണെന്ന്. ദേശീയ പാത സ്ഥലമെടുപ്പിനെതിരെ സമരം നടത്തിയവരെപ്പോലും സി.പി.എം തീവ്രവാദികളാക്കി. ഇപ്പോഴും അതേ നിലപാടു തന്നെയാണോ സി.പി.എമ്മിനുള്ളതെന്ന് വ്യക്തമാക്കണം (ജൂണ്‍ 4, മാധ്യമം).
സതീശന്‍ വര്‍ഗീയ ചേരിതിരിവുണ്ടാക്കുന്നു
തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുണ്ടായ മലപ്പുറം ജില്ലാ വിവാദത്തില്‍ സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവനും ഇടപെട്ടു. മലപ്പുറം ജില്ലാ രൂപവത്കരണത്തിനെതിരെ നിലപാടെടുക്കുകയും അതിനെതിരെ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുകയും ചെയ്തത് ആര്യാടന്‍ മുഹമ്മദ് ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ന്യൂനപക്ഷ ജനവിഭാഗമാണ് മലപ്പുറത്ത് കൂടുതല്‍ എന്നതിനാലാണ് ജില്ല വരുന്നതിനെ യു.ഡി.എഫ് എതിര്‍ത്തത്. എന്നാല്‍, സമൂഹത്തിന്റെയും ഒരു ജനതയുടെയും താല്‍പര്യം നോക്കിയാണ് ഇ.എം.എസ് സര്‍ക്കാര്‍ മലപ്പുറം ജില്ല രൂപവത്കരിച്ചതെന്നും അദ്ദേഹം വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു (ജൂണ്‍ 4, 2025, മാധ്യമം).
മുഖ്യമന്ത്രി ഇസ്‌ലാമോഫോബിയ പടര്‍ത്തുന്നു
മലപ്പുറത്തെ കുറിച്ച് ആര്‍എസ്എസും സംഘ്പരിവാറും പ്രചരിപ്പിക്കുന്ന അതേകാര്യങ്ങളാണ് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും പറയുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍ വിമര്‍ശിച്ചു: ‘ആര്‍എസ്എസിനെയും സംഘ്പരിവാറിനെയും വെല്ലുന്ന തരത്തില്‍ അവരുടെ മലപ്പുറം വിരുദ്ധ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കുന്നത് സിപിഎമ്മും അവരുടെ നേതാക്കളുമാണ്. മുസ്ലീം വിരുദ്ധത പ്രചരിപ്പിക്കുന്നതും കൊണ്ടുനടക്കുന്നതും മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാരുമാണ്. കേരളത്തില്‍ ആര്‍എസ്എസും അവരുടെ നേതാക്കളും പറയുന്നതിനേക്കാള്‍ കൊടിയ വര്‍ഗീയ വിഷലിപ്തമായ പ്രചാരണങ്ങള്‍ കഴിഞ്ഞ ദിവസങ്ങളിലായി നേരിട്ട് നടത്തിയത് മുഖ്യമന്ത്രിയാണ്. ഇസ്‌ലാമോഫോബിയ വളര്‍ത്തുന്ന പ്രസ്താവനകളാണ് മുഖ്യമന്ത്രി ഉള്‍പ്പെടെ നടത്തുന്നത് – സന്ദീപ് പറഞ്ഞു (ജൂണ്‍ 4, 2025, മീഡിയാവണ്‍).
കോണ്‍ഗ്രസ്സിന്റെ മലപ്പുറം സ്‌നേഹം കപടം
കോണ്‍ഗ്രസ് ഉയര്‍ത്തിക്കൊണ്ടുവന്ന മലപ്പുറം വിവാദം അവര്‍ക്ക് തന്നെ തിരിച്ചടിയായെന്ന് സിപിഐയുടെ മുഖപത്രമായ ജനയുഗം നിരീക്ഷിച്ചു: ജില്ലാ രൂപീകരണകാലം മുതല്‍ കോണ്‍ഗ്രസ്സിന്റെ നിലപാട് മലപ്പുറം വിരുദ്ധമാണ്. കോണ്‍ഗ്രസ്സും ജനസംഘവും സംയുക്തമായാണ് മലപ്പുറം രൂപീകരണത്തെ എതിര്‍ത്തത്. ജീവന്‍ പോയാലും ജില്ലാ രൂപീകരണം അനുവദിക്കില്ലെന്ന് പറഞ്ഞവരാണ് ഇപ്പോള്‍ മലപ്പുറം സ്‌നേഹവുമായി വരുന്നത്. ആര്യാടന്‍ മുഹമ്മദ് മലപ്പുറത്തിനെതിരേ നടത്തിയ പോരാട്ടം മുസ്ലീംലീഗുകാര്‍ക്ക് മറക്കാനാവില്ല. പാണക്കാട് തങ്ങളെ അധിക്ഷേപിച്ചത് ആര്യാടന്‍ മുഹമ്മദാണ്- ജനയുഗത്തിന്റെ വാദങ്ങള്‍ ഇങ്ങനെ പോകുന്നു (ജൂണ്‍ 5, ജനയുഗം).
സ്വരാജിനെതിരേ ചോദ്യങ്ങളുമായി യുഡിഎഫ് യുവനേതൃത്വം
മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ യുഡിഎഫിലെ ഏതാനും യുവ നേതാക്കള്‍ സ്ഥാനാര്‍ത്ഥി സ്വരാജിനെതിരേ ചോദ്യങ്ങളുമായി മാധ്യമങ്ങളെ കണ്ടു. യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്, കോണ്‍ഗ്രസ് നേതാവായ രാഹുല്‍ മാങ്കൂട്ടത്തില്‍ തുടങ്ങിയവരായിരുന്നു സ്വരാജിനെതിരേയുള്ള നീക്കത്തിന് നേതൃത്വം നല്‍കിയത്: മലപ്പുറത്തിന്റെ ഉള്ളടക്കം വര്‍ഗീയമാണെന്ന് സിപിഎം നേതാക്കളുടെ അഭിപ്രായത്തിനോട് സ്വരാജിന് യോജിപ്പുണ്ടോ?, വയനാട് മണ്ഡലത്തില്‍ രാഹുലും പ്രിയങ്കയും വിജയിച്ചത് ന്യൂനപക്ഷവര്‍ഗീയ വോട്ടുനേടിയാണെന്ന സിപിഎം നേതാവ് വിജയരാഘവന്റെ അഭിപ്രായത്തെ പിന്താങ്ങുന്നുണ്ടോ? മലപ്പുറം സ്വര്‍ണക്കടത്തിന്റെയും തീവ്രവാദത്തിന്റെയും കേന്ദ്രമാക്കി അവഹേളിച്ച മുഖ്യമന്ത്രിയുടെ അഭിമുഖം പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുമോ? (ജൂണ്‍ 6, വീക്ഷണം).
മാപ്പിളസ്ഥാന്‍ വേണ്ടെന്ന് പറഞ്ഞത് വാജ്‌പേയ്
യുഡിഎഫ് മലപ്പുറത്തിനെതിരേ ഇല്ലാക്കഥയുമായി വരികയാണെന്ന് മന്ത്രി രാജീവ് കോണ്‍ഗ്രസ്സിനെയും യുഡിഎഫിനെയും കുറ്റപ്പെടുത്തി. മലപ്പുറം വേണ്ടെന്ന് പറഞ്ഞത് കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദാണ്. കോണ്‍ഗ്രസ്സും ബിജെപിയും തമ്മില്‍ അന്തര്‍ധാരയുണ്ടെന്ന് ആം ആദ്മി പാര്‍ട്ടി പറഞ്ഞിട്ടുണ്ട്. മലപ്പുറത്തിനെതിരേ അന്തര്‍ധാര നേരത്തെയുണ്ട്. മാപ്പിളസ്ഥാന്‍ വേണ്ട എന്ന കണ്‍വെഷന്‍ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തത് വാജ്‌പേയിയാണ്. ആര്യാടന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രകടനം നടത്തി. തിരഞ്ഞെടുപ്പില്‍ ഓരോന്നും വിവാദമാക്കാനാണ് ലീഗ് ശ്രമിക്കുന്നത് (ജൂണ്‍ 6, ദേശാഭിമാനി).
കുട്ടിപ്പാകിസ്ഥാനും മാപ്പിളസ്ഥാനും
മലപ്പുറം വിവാദത്തില്‍ ദേശാഭിമാനി ‘നിലമ്പൂരിലെ ചുവരെഴുത്തുകള്‍’ എന്ന ശീര്‍ഷകത്തില്‍ ഒരു എഡിറ്റോറിയല്‍ എഴുതി. കുട്ടിപ്പാകിസ്ഥാനും മാപ്പിളസ്ഥാനും കോണ്‍ഗ്രസ്സിന്റെയും സംഘപരിവാറിന്റെയും സൃഷ്ടിയാണെന്ന് എഡിറ്റോറിയല്‍ ആരോപിച്ചു: 1969 ജൂണ്‍ 16ന് ഇ എം എസ് സര്‍ക്കാര്‍ മലപ്പുറം ജില്ല രൂപീകരിച്ചപ്പോള്‍ സംഘപരിവാറുമായി ചേര്‍ന്ന് കോണ്‍ഗ്രസ് നടത്തിയ സമരം മുസ്ലീം വിരുദ്ധതയിലൂന്നിയതായിരുന്നു. കുട്ടിപ്പാകിസ്ഥാന്‍, മാപ്പിളസ്ഥാന്‍ തുടങ്ങിയ ആക്ഷേപങ്ങള്‍ ഇവര്‍ ഉയര്‍ത്തി (ജൂണ്‍ 7, ദേശാഭിമാനി എഡിറ്റോറിയല്‍, നിലമ്പൂരിലെ ചുവരെഴുത്തുകള്‍). അതേ ദിവസം ദേശാഭിമാനി പ്രസിദ്ധീകരിച്ച ‘മലപ്പുറം വിരുദ്ധതയെ അന്നേ കുഴിച്ചുമൂടി, ആ നാട്’ എന്ന ശ്രീകുമാര്‍ ശേഖറിന്റെ ലേഖനവും ഇതേ ആശയങ്ങളാണ് ഉന്നയിച്ചത് (ജൂണ്‍ 7, ദേശാഭിമാനി).
കോണ്‍ഗ്രസിന്റെ മലപ്പുറം കാപട്യം
ജൂണ്‍ 6ന് ജനയുഗത്തില്‍ ‘കോണ്‍ഗ്രസിന്റെ മലപ്പുറം കാപട്യം’ എന്ന ശീര്‍ഷകത്തില്‍ ടി കെ മുസ്തഫ ഒരു ലേഖനം എഴുതി. മലപ്പുറം രൂപീകരണത്തിന്റെ ചരിത്രത്തില്‍ കോണ്‍ഗ്രസിന്റെ നിലപാട് പിന്തിരിപ്പനാണെന്നായിരുന്നു ലേഖനത്തിന്റെ വാദം: വിവാദങ്ങളുണ്ടാക്കി വോട്ടര്‍മാര്‍ക്കിടയില്‍ ആശങ്ക പടര്‍ത്തുകയാണ്. 1969 ജൂണ്‍ 16ന് ഇഎം എസ് സര്‍ക്കാര്‍ മലപ്പുറം ജില്ല രൂപീകരിച്ച കാലം മുതല്‍ ജില്ലയെ ജനസംഘക്കാര്‍ ദേശവിരുദ്ധപ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി ചിത്രീകരിച്ചിരുന്നു. കൊച്ചുപാകിസ്താനെന്ന് പരിഹസിച്ചു. ഇവര്‍ക്കൊപ്പം ചേര്‍ന്നുകൊണ്ട് മലപ്പുറത്തെ കുട്ടിപ്പാക്കിസ്താനെന്ന് വിളിച്ചത് ആര്യാടനും എം പി ഗംഗാധരനുമാണ്. വഴിക്കടവില്‍നിന്നും പൊന്നാനിയില്‍നിന്നുമായി ഇരുവരുടെയും നേതൃത്വത്തില്‍ രണ്ട് ജാഥകളും നടന്നു. മലപ്പുറം ജില്ലാ വിരുദ്ധ സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് കെ കേളപ്പന്‍ നടത്തിയ ഒരു പ്രസംഗം ഇങ്ങനെയായിരുന്നു: “മലപ്പുറം ജില്ലയില്‍ വളരെ നീളത്തില്‍ കടല്‍ക്കരയുണ്ട്. കടല്‍ത്തൊഴിലാളികള്‍ ബഹുഭൂരിപക്ഷവും മുസ്ലീങ്ങളാണ്. അവര്‍ ഇന്നുതന്നെ പാകിസ്ഥാനുമായി കച്ചവടം നടത്തുന്നുണ്ട്. ഇവിടത്തെ പൊലീസുകാര്‍ക്ക് അത് തടുക്കാന്‍ സാധിച്ചിട്ടില്ല. മേലില്‍ ഒട്ടും സാധ്യവുമല്ല. രാജ്യരക്ഷാപരമായ ഇക്കാരണം കൊണ്ടാണ് ഞാന്‍ ജില്ലയെ എതിര്‍ക്കുന്നത്. ഇപ്പോള്‍ കളക്ടറും മറ്റും ഹിന്ദുക്കള്‍ ആണെങ്കിലും അടുത്തുതന്നെ തല്‍സ്ഥാനങ്ങളില്‍ മാപ്പിളമാര്‍ കയറിക്കൂടും” – ഇങ്ങനെ പോകുന്നു ലേഖനം (ജൂണ്‍ 9, ജനയുഗം, കോണ്‍ഗ്രസിന്റെ മലപ്പുറം കാപട്യം, ടി കെ മുസ്തഫ).
10. പുരോഗമന മുസ്ലീമിനെതിരെ യാഥാസ്ഥിതികരും പൊളിറ്റിക്കല്‍ ഇസ്ലാമിസ്റ്റുകളും
ജൂണ്‍ 2ന് മാതൃഭൂമി ചാനലില്‍ ഒരു ചര്‍ച്ച നടന്നു. അഭിലാഷ് മോഹനും മറ്റ് രണ്ട് മാതൃഭൂമി മാധ്യമപ്രവര്‍ത്തകരുമാണ് ചര്‍ച്ചയിലുണ്ടായിരുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിനെതിരേ മുസ്ലീങ്ങളിലെ യാഥാസ്ഥിതികരും പൊളിറ്റിക്കല്‍ ഇസ്‌ലാമിസ്റ്റുകളും അണിനിരന്നിരിക്കുന്നുവെന്നാണ് അദ്ദേഹം പറയാന്‍ ശ്രമിച്ചത്. ഷൗക്കത്ത് പുരോഗമന പക്ഷത്ത് ഉറച്ചുനിന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു: “മലപ്പുറത്തെ മറ്റു മണ്ഡലത്തില്‍നിന്ന് വ്യത്യസ്തമായി നിലമ്പൂര്‍ 50 ശതമാനത്തിനു മുകളില്‍ മുസ്ലീം പോപ്പുലേഷനുള്ള മണ്ഡലമല്ല. 43 ശതമാനമേയുള്ളൂ. 45 ശതമാനം ഹൈന്ദവ വോട്ടുകളാണ് ഉള്ളത്. പട്ടികജാതിക്കാര്‍ ഏകദേശം 8 ശതമാനം വരും. അതും ഹിന്ദുക്കളുടെ വോട്ടില്‍ ഉള്‍പ്പെടുന്നു. ക്രൈസ്തവര്‍ 12 ശതമാനം. ആബിദ് അടിവാരം പൊളിറ്റിക്കല്‍ ഇസ്ലാമിസത്തിന്റെ വക്താവാണ്. അദ്ദേഹം അന്‍വറിനെയാണ് പിന്തുണയ്ക്കുന്നത്. മുഹമ്മദലി കിനാലൂര്‍ കാന്തപുരം വിഭാഗത്തിന്റെ യുവജനനേതാവാണ്. ഇവര്‍ രണ്ട് വ്യത്യസ്ത ധാരകളാണ്. ഒന്ന് പാരമ്പര്യ ഇസ്ലാമിനെ പിന്തുണയ്ക്കുന്നു. മറ്റൊന്ന് പൊളിറ്റിക്കല്‍ ഇസ്‌ലാമിനെ പിന്തുണയ്ക്കുന്നു. ഇവര്‍ രണ്ട് പേരും രണ്ട് തലങ്ങളില്‍ നിന്നുകൊണ്ട് അന്‍വറിനെ പിന്തുണയ്ക്കുന്നു. അതായത് മതയാഥാസ്ഥിതികതയും പൊളിറ്റിക്കല്‍ ഇസ് ലാമും അന്‍വറിനെ പിന്തുണയ്ക്കുന്നു. ആര്യാടന്‍ ഷൗക്കത്ത് പുരോഗമനകാരിയായതാണ് കാരണം. അങ്ങനെയൊരു വോട്ട് പൂളിങ് അന്‍വറിനനുകൂലമായി ഉണ്ടാകുമെങ്കിലും ജയിക്കാന്‍ സാധ്യതയില്ല.”(ജൂണ്‍ 2, മാതൃഭൂമി ന്യൂസ്)
ഇതിന് ആബിദ് അടിവാരം നല്‍കിയ മറുപടി താന്‍ ഒരിക്കലും പൊളിറ്റിക്കല്‍ ഇസ്‌ലാമിന് അനുകൂലമായിരുന്നില്ലെന്നും മറിച്ച് കോണ്‍ഗ്രസ്‌കാരനായിരുന്നുവെന്നുമാണ്: “ഞാന്‍ ഇന്ന് വരെ പൊളിറ്റിക്കല്‍ ഇസ്ലാം എന്ന ആശയത്തെ സപ്പോര്‍ട്ട് ചെയ്യുന്ന ഒരു വരിപോലും എഴുതിയതായി എന്നെ വായിക്കുന്നവര്‍ പറയില്ല, ആ ആശയത്തിന് എതിരെ ഒരുപാട് എഴുതിയിട്ടുമുണ്ട്. വിദ്യാര്‍ത്ഥി കാലം മുതല്‍ കെഎസ്‌യു പ്രവര്‍ത്തകനായിരുന്നു. ഇപ്പോഴും കോണ്‍ഗ്രസ് എന്ന ആശയത്തെ സപ്പോര്‍ട്ട് ചെയ്യുന്നയാളാണ് ഞാന്‍. തെരെഞ്ഞെടുപ്പ് ചിത്രത്തില്‍ സ്വരാജും ഷൗക്കത്തും മാത്രം ഉണ്ടായിരുന്ന സമയത്ത് ഷൗക്കത്തിനെ വിജയിപ്പിക്കണം എന്ന് ഇതേ വാളില്‍ എഴുതിയിട്ടുണ്ട്. എന്ന് മാത്രമല്ല പിവി അന്‍വറുമായി പല തവണ കൊമ്പ് കോര്‍ത്തിട്ടുമുണ്ട്. മുഹമ്മദലി കിനാലൂരും പിവി അന്‍വറിനെ രൂക്ഷമായി വിമര്‍ശിക്കുന്ന പോസ്റ്റുകള്‍ എഴുതിയിട്ടുണ്ട്.”
തുടര്‍ന്നദ്ദേഹം എന്തുകൊണ്ട് താന്‍ അന്‍വറിനെ പിന്തുണച്ചുവെന്നതിന് കാരണം വ്യക്തമാക്കി: “അന്‍വര്‍ മത്സരത്തിന് ഇറങ്ങിയപ്പോള്‍ ഈ ഉപതെരഞ്ഞെടുപ്പില്‍ അന്‍വറിനെയാണ് സപ്പോര്‍ട്ട് ചെയ്യേണ്ടത് എന്നാവശ്യപ്പെട്ട ഞാനും മുഹമ്മദലി കിനാലൂരും ഉള്‍പ്പെടെ നിരവധി പേര്‍ അതിന് വ്യക്തമായ കാരണം പറഞ്ഞിട്ടുണ്ട്. അന്‍വര്‍ ഇടത് കൂടാരം വിട്ടപ്പോള്‍ ഉന്നയിച്ച ചില പ്രധാനപ്പെട്ട രാഷ്ട്രീയ ആരോപണങ്ങളുണ്ട്, അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് സംഘപരിവാര്‍-സിപിഎം ഡീലാണ്, മലപ്പുറത്തെ പ്രശ്‌നബാധിത ജില്ലയാക്കാന്‍ പിണറായി വിജയന്റെ ഒത്താശയോടെ നടത്തിയ ശ്രമമാണ്, പൊലീസിലെ സംഘിവല്‍ക്കരണമാണ്” (ജൂണ്‍ 2, ഫേസ്ബുക്ക്/ ആബിദ് അടിവാരം).
11. നിറയുന്നത് സമുദായ രാഷ്ട്രീയം
നിലമ്പൂരില്‍ നിറയുന്നത് സാമുദായിക രാഷ്ട്രീയമാണെന്നാണ് ‘മറുനാടന്‍ മലയാളി’ നിരീക്ഷിച്ചത്. മുന്‍കാലത്ത് ലീഗിന്റെ സാമുദായിക രാഷ്ട്രീയത്തെ എതിര്‍ത്ത മതേതരനായ ഷൗക്കത്തിന്റെ സ്ഥാനാര്‍ത്ഥിത്വം കോണ്‍ഗ്രസ്സിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്നും അവര്‍ എഴുതി: യുഡിഎഫിനും എല്‍ഡിഎഫിനും വേണ്ടത് മുസ്ലീം വോട്ടുകളാണ്. കോണ്‍ഗ്രസ് നേതാവാണ് ആര്യാടന്‍ മുഹമ്മദും ആര്യാടന്‍ ഷൗക്കത്തും. ലീഗിലേക്ക് ചാഞ്ഞുനില്‍ക്കുന്ന മലപ്പുറം മനസ് തിരിച്ചറിഞ്ഞവരാണ്. മുസ്ലീം ലീഗിന്റെ മാത്രമല്ല എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും അടക്കമുള്ള മതമൗലികവാദികളുടെ കണ്ണിലെ കരടായിരുന്നു അദ്ദേഹം. ജമാഅത്തെ ഇസ്ലാമിക്കെതിരെ അതിശക്തമായ കാമ്പയിന്‍ ആണ് ആര്യാടന്‍ നടത്തിയത്. ജമാഅത്ത് ആകട്ടെ എല്‍ഡിഎഫിന് വോട്ട് മറിച്ചുകൊടുത്ത് ആര്യാടനെ മലര്‍ത്തിയടിക്കാന്‍ ശ്രമിച്ചു. പക്ഷേ നടന്നില്ല. ശരിഅത്ത് വിവാദത്തിലും ഷാബാനു കേസിലും എല്ലാം ആര്യാടന്‍ പുരോഗമന പക്ഷത്തിന് ഒപ്പമായിരുന്നു. ഇന്ത്യന്‍ മുസ്ലീങ്ങള്‍ക്ക് ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ സംഘടനകള്‍ ആവശ്യമില്ല എന്ന് അദ്ദേഹം ഒരു ഇംഗ്ലീഷ് പത്രത്തിനുള്ള അഭിമുഖത്തില്‍ പറഞ്ഞു (ജൂണ്‍ 4, 2025, മറുനാടന്‍ മലയാളി).
12. മതേതര മുഖംമൂടിയണിഞ്ഞ വര്‍ഗീയവാദികള്‍
മലപ്പുറം ഒരു പ്രത്യേക രാജ്യമാണെന്നും പ്രത്യേകം ചിലയാളുകളുടെ സംസ്ഥാനമാണെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഏപ്രില്‍ മാസത്തില്‍ നിലമ്പൂരിലെ എസ്എന്‍ഡിപി യോഗം കണ്‍വെന്‍ഷനില്‍ പ്രസംഗിച്ചിരുന്നു. ആ സമയത്തുതന്നെ അത് വലിയ വിവാദമായിരുന്നു. നിലമ്പൂരിലും ഈ വിഷയം ചര്‍ച്ചയ്ക്ക് വന്നു. ഉപതിരഞ്ഞെടുപ്പ് സമയത്ത് നിലമ്പൂരില്‍ നടന്ന എസ്ന്‍ഡിപിയോഗം പ്രവര്‍ത്തകസംഗമത്തില്‍ വെള്ളാപ്പള്ളിയെ അദ്ദേഹത്തിന്റെ മകനും ബിഡിജെഎസ് നേതാവുമായ തുഷാര്‍ വെള്ളാപ്പള്ളി ന്യായീകരിച്ചു. വെള്ളാപ്പള്ളിയെ വിമര്‍ശിച്ചവരെ ‘മതേതര മുഖംമൂടിയണഞ്ഞ വര്‍ഗീയവാദിക’ളെന്നായിരുന്നു അദ്ദേഹം ആക്ഷേപിച്ചത്: മതത്തിന്റെ പേരുപറഞ്ഞ് അധികാരക്കസേരയില്‍ കയറിയിരിക്കുന്നവര്‍ യോഗത്തെ മതേതരത്വം പഠിപ്പിക്കാന്‍ വരേണ്ട. മതേതര മുഖംമൂടിയണിഞ്ഞ വര്‍ഗീയവാദികളെ തുറന്നുകാട്ടിയതിനാണ് വെള്ളാപ്പള്ളിയെ ആക്രമിക്കുന്നത്. കേരളത്തിലെ പിന്നാക്ക, പട്ടികജാതി വിഭാഗങ്ങള്‍ നേരിടുന്ന വിവേചനവും മാറ്റി നിറുത്തലുകളും നെഞ്ചുറപ്പോടെ വിളിച്ചുപറയാന്‍ അദ്ദേഹം മാത്രമേയുള്ളൂ. അദ്ദേഹത്തിന്റെ ജീവനു ഭീഷണിയുയര്‍ത്താനും ഇവര്‍ മടിക്കുന്നില്ല (ജൂണ്‍ 9, കേരളകൗമുദി).
എന്‍ഡിഎ സ്ഥാനാര്‍ഥി മോഹന്‍ ജോര്‍ജിന്റെ വിജയത്തിനായി വഴിക്കടവ്, മൂത്തേടം പഞ്ചായത്തുകളില്‍ നടന്ന ബിഡിജെഎസ് കുടുംബ സംഗമങ്ങളില്‍ സംസാരിക്കുമ്പോഴും ഇതേ കാര്യം തുഷാര്‍ പരാമര്‍ശിച്ചു: എസ്എന്‍ഡിപി യോഗം ജനറല്‍ സെകട്ടറി വെള്ളാപ്പള്ളി നടേശന്റെ മലപ്പുറം പരാമര്‍ശം രാഷ്ട്രീയ കേരളം എക്കാലവും ചര്‍ച്ചചെയ്യും. ഭൂരിപക്ഷ ജനവിഭാഗം ന്യൂനപക്ഷങ്ങളാല്‍ മാത്രം ഭരിക്കപ്പെടുന്നത് ജനാധിപത്യമല്ല. വര്‍ഗീയത ഇല്ലാത്തവരും ദേശീയതയും ഭരണഘടനയും സംരക്ഷിക്കുന്നവരുമായിരിക്കണം മലപ്പുറം ഭരിക്കേണ്ടത് എന്നാണ് വെള്ളാപ്പള്ളി പറഞ്ഞതിന്റെ സാരാംശം. ലീഗുകാര്‍ വൈകാരികമായി ഇത് ഏറ്റുപിടിച്ചു. മുസ്ലീം ലീഗ് ജനാധിപത്യ മതേതര പാര്‍ട്ടിയല്ല (ജൂണ്‍ 16, മനോരമ ഓണ്‍ലൈന്‍).
13. തിരഞ്ഞെടുപ്പ് പിന്തുണ
നിലമ്പൂര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ആര്യാടന്‍ ഷൗക്കത്തിന് പിന്തുണ പ്രഖ്യാപിച്ചു. മലപ്പുറം ജില്ലയെ ക്രിമിനലുകളുടെ ഹബ്ബായി ചിത്രീകരിക്കാന്‍ ശ്രമമുണ്ട്. പൊലീസിനെ നിയന്ത്രിക്കാന്‍ മുഖ്യമന്ത്രിക്ക് കഴിയുന്നില്ല. നിലമ്പൂര്‍ ജനവിധി സര്‍ക്കാരിനെതിരായ വിധിയായി മാറണം. അതിനുവേണ്ടിയാണ് യു.ഡി.എഫിന് പിന്തുണ നല്‍കുന്നത്- പിന്തുണ പ്രഖ്യാപിച്ചതിനുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പാര്‍ട്ടി നേതാവ് റസാഖ് പലേരി പറഞ്ഞു (ജൂണ്‍ 9, ഏഷ്യാനെറ്റ്). ഇതിന് രണ്ട് ദിവസം മുമ്പ് മറ്റൊരു വാര്‍ത്ത ഇന്ത്യന്‍ എക്‌സ്പ്രസ് പ്രസിദ്ധീകരിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫിന്റെ അസോസിയേറ്റ് മെമ്പറാകുമെന്നായിരുന്നു വാര്‍ത്തയുടെ സാരം (ജൂണ്‍ 7, ഡൂള്‍ ന്യൂസ്).
തങ്ങളുടെ പിന്തുണ ഇടതുപക്ഷത്തിനായിരിക്കുമെന്ന് പിഡിപിയും പ്രഖ്യാപിച്ചു. മുന്‍തിരഞ്ഞെടുപ്പിലും പിഡിപി, എല്‍ഡിഎഫിനായിരുന്നു പിന്തുണ നല്‍കിയിരുന്നത്. വര്‍ഗീയ ഫാസിസത്തിനെതിരേയും സാമ്രാജ്യത്വത്തിനെതിരേയും ശക്തമായ നിലപാട് എക്കാലവും സ്വീകരിച്ചുവരുന്ന ഇടതുമുന്നണിക്കൊപ്പം ചേര്‍ന്നുനില്‍ക്കാനാണ് പിഡിപിക്ക് ആശയപരമായി കൂടുതല്‍ കഴിയുന്നതെന്ന് വൈസ് ചെയര്‍മാന്‍ അഡ്വ. മുട്ടം നാസര്‍ പറഞ്ഞു(ജൂണ്‍ 10, മാതൃഭൂമി). ഇതേ ദിവസങ്ങളില്‍ അഖിലകേരള ഹിന്ദു മഹാസഭ എല്‍ഡിഎഫിനെ പിന്തുണച്ചിരുന്നു. അത് കാര്യമായി ചര്‍ച്ച ചെയ്യപ്പെട്ടില്ല.
വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണ പ്രഖ്യാപനം ഇടതുപക്ഷത്തെ പ്രകോപിപ്പിക്കുകയും വലിയ പ്രചാരണത്തിന് കാരണമാവുകയും ചെയ്തു. കടുത്ത വിമര്‍ശനമാണ് സിപിഎം നേതാക്കള്‍ അഴിച്ചുവിട്ടത്. പാര്‍ട്ടി സെക്രട്ടറി എം വി ഗോവിന്ദന്‍, എളമരം കരിം, എം സ്വരാജ് തുടങ്ങിയവരാണ് ഇവരില്‍ പ്രമുഖര്‍. വി ഡി സതീശനെപ്പോലുള്ളവര്‍ തിരിഞ്ഞെടുപ്പ് പിന്തുണയെ ന്യായീകരിക്കുകയും ചെയ്തു.
ഭാരത ഹിന്ദുമഹാസഭയുടെ പിന്തുണ
അഖില ഭാരത ഹിന്ദു മഹാസഭ എല്‍ഡിഎഫിനെയാണ് പിന്തുണച്ചത്. നിലമ്പൂരില്‍ നടത്തിയ പത്രസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് സ്വാമി ദത്താത്രേയ സായി സ്വരൂപനാഥാണ് ഇക്കാര്യം അറിയിച്ചത്: നിലമ്പൂരില്‍ അഖിലഭാരത ഹിന്ദുമഹാസഭാ സ്ഥാനാര്‍ഥിയെ നിര്‍ത്തുകയോ പിന്‍വലിക്കുകയോ ചെയ്തിട്ടില്ല. എല്‍ഡിഎഫ് വിജയം കാലഘട്ടത്തിന്റെ ആവശ്യമാണ്. പിണറായി സര്‍ക്കാര്‍ വികസനത്തിന്റെ തേരോട്ടം നടത്തുകയാണ്. എല്‍ഡിഎഫ് തുടര്‍ഭരണം ഉണ്ടാകും. ജനം അതാഗ്രഹിക്കുന്നു. വര്‍ഗീയലഹളകള്‍ ഇല്ലാത്ത സംസ്ഥാനമാണ് കേരളം. മതേതര രാജ്യമായ ഇന്ത്യയില്‍ മതേതര കക്ഷികള്‍ അധികാരത്തില്‍ എത്തണം (ജൂണ്‍ 10, മാതൃഭൂമി).
എന്നാല്‍ സ്വരാജിന് നല്‍കിയ പിന്തുണയെ അഖില്‍ ഭാരത ഹിന്ദു മഹാസഭ സംസ്ഥാന പ്രസിഡന്റ് സ്വാമി ഭദ്രാനന്ദ് ചോദ്യം ചെയ്തു. ഒരു പത്രക്കുറിപ്പും പുറത്തിറക്കി. ‘നിലമ്പൂരിലെ വോട്ടര്‍മാരുടെ ശ്രദ്ധയ്ക്ക്: ഹിന്ദു മഹാസഭയുടെ പേരില്‍ എം. സ്വരാജിന്റെ പ്രചാരണത്തിന് എത്തിയത് ഉടായിപ്പ് സ്വാമി’- ഇതായിരുന്നു ശീര്‍ഷകം. പ്രധാന വാദങ്ങള്‍ ഇതായിരുന്നു: എല്‍.ഡി.എഫിന്റെ ഔദ്യോഗിക ക്ഷണം ലഭിക്കാതെയാണ് ശ്രീജിത്ത് എന്ന ദത്താത്രേയ സായ് സ്വരൂപ് നാഥ് നിലമ്പൂരിലെത്തിയത്. 1915-ല്‍ രൂപംകൊണ്ട രാജ്യത്തെ ആദ്യ ഹിന്ദുത്വ പാര്‍ട്ടിയും, വീര്‍ സവര്‍ക്കര്‍ അധ്യക്ഷത വഹിച്ചതും, രാജ്യശ്രീ ചൗധരിജി നേതൃത്വം നല്‍കുന്നതുമായ അഖില്‍ ഭാരത് ഹിന്ദു മഹാസഭയുമായി ശ്രീജിത്തിന് യാതൊരുവിധ ബന്ധങ്ങളും ഇല്ല. നിലവില്‍ അഖില്‍ ഭാരത് ഹിന്ദുമഹാസഭയ്ക്ക് ഒന്നിലധികം വിമത വിഭാഗങ്ങളുണ്ട്; പ്രസ്തുത വിമത വിഭാഗത്തിൽപ്പെട്ട ചക്രപാണി മഹാരാജ് എന്ന വ്യക്തിയുടെ ഘടകത്തിലെ ആളാണ് ശ്രീജിത്ത്. ഹിന്ദു മഹാസഭയുടെ പ്രാഥമിക അംഗത്വമോ, ഭാരവാഹിത്വമോ തെളിയിക്കുന്ന കൃത്യമായ രേഖകള്‍ പോലും ഹാജരാക്കാന്‍ കഴിയാതെ ഹിന്ദു മഹാസഭയുടെ ദേശീയ അധ്യക്ഷനാണെന്ന് അവകാശപ്പെട്ട ചക്രപാണിയുടെ ഹര്‍ജികളെ 2012-ലും, 2022-ലും സുപ്രീം കോടതി തള്ളിയിരുന്നു. തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശിയാണ് സായ് സ്വരൂപ് നാഥ് എന്ന പേരില്‍ അറിയപ്പെടുന്ന ശ്രീജിത്ത്. ബീഫ് സ്വാമി എന്നും, കുളിസീന്‍ കുട്ടനെന്നും അറിയപ്പെടുന്ന ശ്രീജിത്ത് ഹൈന്ദവ സമൂഹത്തിനും, ഹിന്ദുമഹാസഭയ്ക്കും ധാരാളം ചീത്തപ്പേര് പകര്‍ന്ന് നല്‍കിയ വ്യക്തിത്വമാണ്. ശ്രീജിത്തിന് വ്യക്തമായ ഒരു ഗുരുപാരമ്പര്യമോ, സാധനാ സമ്പ്രദായമോ ഉള്ളതായി അറിവില്ലെന്നാണ് ഇയ്യാളുമായി ബന്ധപ്പെട്ട ഹൈന്ദവ ആചാര്യന്മാര്‍ വ്യക്തമാക്കിയിട്ടുള്ളത്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ പ്രധാന നേതാവായിരുന്ന നേതാജി എന്ന് വിളിക്കപ്പെട്ടിരുന്ന സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകളായ രാജ്യശ്രീ ചൗധരിജിയാണ് അഖില്‍ ഭാരത് ഹിന്ദു മഹാസഭയുടെ നിലവിലെ യഥാര്‍ത്ഥ ദേശീയ അധ്യക്ഷ. താനാണ് കേരള ഘടകം അധ്യക്ഷനെന്നും സ്വാമി ഭദ്രാനന്ദ് വ്യക്തമാക്കി (ജൂണ്‍ 9, ഫേസ്ബുക്ക്/ സ്വാമി ഭദ്രാനന്ദ).
എന്നാല്‍ അഖില്‍ ഭാരത് ഹിന്ദുമഹാസഭയുടെ പിന്തുണ സ്വീകരിക്കുമോയെന്ന ചോദ്യത്തിന് അതാരാണെന്ന് തനിക്കറിയില്ലെന്നായിരുന്നു എം.വി ഗോവിന്ദന്റെ പ്രതികരണം (ജൂണ്‍ 10, ഏഷ്യാനെറ്റ്). ആരാണെന്നറിയാതെ പിന്തുണ വേണ്ട എന്ന് പറയില്ലെന്നും അദ്ദേഹം പറഞ്ഞു: എല്‍ഡിഎഫിനു പിന്തുണ നല്‍കിയ ഹിന്ദുമഹാസഭ ആരാണെന്നു പോലും അറിയില്ല. ആരാണെന്നറിയാതെ പിന്തുണ വേണ്ട എന്ന് പറയാനില്ല. എന്റെയടുത്ത് ഒരു സ്വാമിയും വന്നിട്ടില്ല. ഒരു സ്വാമിയെക്കുറിച്ചും എനിക്ക് വിവരവുമില്ല. എല്‍ഡിഎഫിനെ പിന്തുണയ്ക്കണമെന്ന് ഒരു സ്വാമിയോടും പറഞ്ഞിട്ടില്ല. അങ്ങനെയൊരു മുന്നണിയും ഐക്യവുമില്ല. ജമാഅത്തെ ഇസ്ലാമി വിവാദം മറച്ചുവയ്ക്കാന്‍ യുഡിഎഫ് സൃഷ്ടിച്ചതാകാം അത്” ഗോവിന്ദന്‍ പറഞ്ഞു (ജൂണ്‍ 10, മനോരമ ഓണ്‍ലൈന്‍).
സിപിഎം പിബി അംഗം എ വിജയരാഘവനുമായി കൂടിക്കാഴ്ച നടത്തിയെന്നും നേരത്തെ എം വി ഗോവിന്ദനെയും കണ്ടിരുന്നെന്നും കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പ് മുതല്‍ അഖില ഭാരത ഹിന്ദുമഹാസഭ എല്‍ഡിഎഫിനെ പിന്തുണയ്ക്കുന്നുണ്ടെന്നും മീഡിയാവണിനു നല്‍കിയ അഭിമുഖത്തില്‍ പിന്തുണ പ്രഖ്യാപിച്ച സംഘടനയുടെ നേതാക്കള്‍ പറഞ്ഞു (ജൂണ്‍ 10, മീഡിയാവണ്‍).
എന്നാല്‍ ഇതേ ദിവസം തന്നെ അഖില്‍ ഭാരത് ഹിന്ദുമഹാസഭയുടെ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത സ്വാമി ദത്താത്രേയ സായി സ്വരൂപനാഥ് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവനുമായുള്ള ഫോട്ടോ മാധ്യമങ്ങള്‍ പുറത്തുവിട്ടു (ജൂണ്‍ 10, മാധ്യമം).
തെരഞ്ഞെടുപ്പ് കാലത്ത് പല സാമുദായിക പ്രതിനിധികളും വരും. തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ വരുന്നവരെ ഒഴിവാക്കാന്‍ പറ്റില്ലെന്നുമാണ് ഇതേ കുറിച്ച് വിജയരാഘവന്‍ പറഞ്ഞത്: ഹിന്ദുമഹാസഭ ഇപ്പോഴുണ്ടോ എന്നുപോലുമറിയില്ല. അവര്‍ ആര്‍എസ്എസില്‍ ലയിച്ചില്ലേ. ഇല്ലാത്ത സംഘടനയുടെ പിന്തുണയെക്കുറിച്ചുള്ള മറുപടി അപ്രസക്തം. പിന്തുണ ഇല്ലാത്തയാളുടെ പിന്തുണ എങ്ങനെ സ്വീകരിക്കുമെന്നും വിജയരാഘവന്‍ ചോദിച്ചു (ജൂണ്‍ 10, മീഡിയാവണ്‍).
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സി.പി.എം സ്ഥാനാര്‍ഥി എം. സ്വരാജിന് ഹിന്ദു മഹാസഭ പിന്തുണ പ്രഖ്യാപിച്ചതില്‍ പ്രതികരിച്ച മറ്റൊരാള്‍ ഹിന്ദു ഐക്യ വേദി നേതാവ് കെ.പി. ശശികലയാണ്. അത് പുതിയ കാര്യമല്ലല്ലോയെന്നും പണ്ടും അതങ്ങനെ തന്നെയല്ലേയെന്നും ശശികല ഫേസ്ബുക് കുറിപ്പില്‍ കുറിച്ചു: ‘നിര്‍മ്മല്‍ ചന്ദ്രചാറ്റര്‍ജിയും നാഥുറാം വിനായക് ഗോഡ്‌സേയും സവര്‍ക്കറുമടക്കം ഹിന്ദുമഹാസഭയുടെ ഒരു നേതാവും ഒരിക്കലും ആര്‍എസ്എസ്സുകാരായിരുന്നില്ലല്ലോ? അവര്‍ ഇടതു പക്ഷത്തെ പിന്തുണക്കേണ്ട കാര്യമില്ല, അവര്‍ ഇടതുപക്ഷം തന്നെയല്ലേ’ (ജൂണ്‍ 10, മാധ്യമം).
അഖില ഭാരതീയ ഹിന്ദു മഹാസഭയുമായുള്ള ബന്ധം സിപിഎം നേതാക്കള്‍ ആവര്‍ത്തിച്ചു നിഷേധിച്ചെങ്കിലും 2020 തിരഞ്ഞെടുപ്പിലും ബന്ധമുണ്ടായിരുന്നെന്ന് തെളിയിക്കുന്ന ഫോട്ടോഗ്രാഫുകള്‍ കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍ മാധ്യമങ്ങള്‍ക്ക് നല്‍കി. സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണനും വി ശിവന്‍കുട്ടിയും ഹിന്ദു മഹാസഭ നേതാവ് സ്വാമി ദത്താത്രേയ സായി സ്വരൂപ് നാഥുമായി തമ്മില്‍ സംസാരിക്കുന്ന ചിത്രമാണ് അദ്ദേഹം പുറത്തുവിട്ടത്. ഹിന്ദു മഹാസഭ 2020 ഫെബ്രുവരിയില്‍ അവരുടെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തതാണ് ഈ ചിത്രം. വട്ടിയൂര്‍ക്കാവില്‍ മഹാസഭ സിപിഎമ്മിനെ പിന്തുണച്ചുവെന്നാണ് ചന്ദ്രിക നല്‍കിയ വാര്‍ത്തയില്‍ പറയുന്നത് (ജൂണ്‍ 12, ചന്ദ്രിക).
യുഡിഎഫിന്റേത് വര്‍ഗീയ കാര്‍ഡ്
നിലമ്പൂരിലെ മുസ്ലീം സംഘടനകളുടെ പിന്തുണയെ വര്‍ഗീയ കാര്‍ഡിറക്കിയ കളിയായാണ് ജനയുഗം ചിത്രീകരിച്ചത്. ജൂണ്‍ 9ാം തിയ്യതിയില്‍ അവര്‍ നല്‍കിയ റിപ്പോർട്ടില്‍ പറയുന്നതിങ്ങനെ: ഉപതെരഞ്ഞെടുപ്പില്‍ പരാജയം മണത്ത യുഡിഎഫ് ഒടുവില്‍ വര്‍ഗീയകാര്‍ഡ് പുറത്തിറക്കി. യുഡിഎഫിന് വേണ്ടി ആ കര്‍മ്മം നിര്‍വഹിച്ചത് വെല്‍ഫെയര്‍ പാര്‍ട്ടിയാണെന്ന് മാത്രം. 2019 മുതല്‍ നടന്ന ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിലും വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫിനൊപ്പമാണ് നിലയുറപ്പിച്ചിരുന്നത്. എന്നാല്‍ മുന്നണിക്ക് വര്‍ഗീയനിറം പകരുന്നതിലെ അപകടം മുന്നില്‍ക്കണ്ട കോണ്‍ഗ്രസ് നേതാക്കള്‍ അതെല്ലാം കയ്യോടെ നിഷേധിക്കുകയായിരുന്നു. തങ്ങള്‍ ആരുടേയും പിറകെ പിന്തുണ തേടി പോയിട്ടില്ലെന്നായിരുന്നു ന്യായീകരണം. നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തും അദ്ദേഹത്തിന്റെ പിതാവ് ആര്യാടന്‍ മുഹമ്മദും വെല്‍ഫെയര്‍ പാര്‍ട്ടിയുടെ വര്‍ഗീയതയെ കടുത്ത ഭാഷയിലാണ് മുന്‍കാലങ്ങളില്‍ വിമര്‍ശിച്ചിരുന്നത് (ജൂണ്‍ 9, ജി ബാബുരാജ്, ജനയുഗം).
യുഡിഎഫ് വര്‍ഗീയശക്തികള്‍ക്ക് പിന്നാലെ
യുഡിഎഫ് എല്ലാ വര്‍ഗീയ ശക്തികളുമായി ചേര്‍ന്ന് മുന്നോട്ട് പോകുന്ന അവസ്ഥയാണ് ഉള്ളതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ വിമര്‍ശിച്ചു. വര്‍ഗീയ ശക്തികളെ കൂട്ടുപിടിക്കുക, ഒത്തു തീര്‍പ്പുണ്ടാക്കുക എന്നതാണ് യുഡിഎഫ് രാഷ്ട്രീയം. കഴിഞ്ഞ രണ്ട് ലോക്‌സഭാ തിരഞ്ഞെടുപ്പുകളിലും പാലക്കാട് ഉപതിരഞ്ഞെടുപ്പിലും ഉണ്ടായ വര്‍ഗീയ കൂട്ടുകെട്ട് നിലമ്പൂരിലും ആവര്‍ത്തിക്കുകയാണെന്നും മഴവില്‍ സഖ്യം ഇപ്പോഴും ശക്തിയായി നില്‍ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു (ജൂണ്‍ 10, മാതൃഭൂമി). യുഡിഎഫ് വര്‍ഗീയ ശക്തികളുടെ കൂടാരമായി മാറിയെന്നും മറ്റൊരിടത്ത് അദ്ദേഹം ആരോപിച്ചു (ജൂണ്‍ 10, മീഡിയാവണ്‍).
പിഡിപി പീഡിതവിഭാഗം, ജമാഅത്ത് വര്‍ഗീയവാദികള്‍
പിഡിപി സിപിഎമ്മിന് പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തില്‍ എം.വി.ഗോവിന്ദന്‍ പിഡിപിയെയും വെല്‍ഫെയര്‍ പാര്‍ട്ടിയെയും താരതമ്യം ചെയ്തു. പിഡിപി പീഡിത വിഭാഗമാണെന്നും ജമാഅത്തെ ഇസ് ലാമി വര്‍ഗീയ ശക്തിയാണെന്നുമായിരുന്നു അദ്ദേഹം പറഞ്ഞുവച്ചത്: ‘പിഡിപിയും ജമാഅത്ത ഇസ്ലാമിയും ഒരു പോലെയല്ല. അതില്‍ ഒരു സംശയവും വേണ്ട. ജമാഅത്തെ ഇസ്ലാമി ലോകത്തെമ്പാടുമുള്ള ഒരു വര്‍ഗീയ ശക്തിയാണ്. ആര്‍എസ്എസ് പോലെ ഇസ്ലാമിക രാഷ്ട്രം വേണമെന്ന് വാദിക്കുന്നവരാണ് അവര്‍. ആ നിലപാടല്ല പിഡിപിക്കുള്ളത്. കേരളത്തെ സംബന്ധിച്ച് പിഡിപി പീഡിപ്പിക്കപ്പെട്ട ഒരു വിഭാഗമാണ്. യുഡിഎഫ് എല്ലാ വര്‍ഗീയ ശക്തികളുമായി മുന്നോട്ട് പോകുന്നു. അവര്‍ അതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടിവരും (ജൂണ്‍ 10, മാതൃഭൂമി).
തീവ്രവാദത്തിന്റെ ഭൗതിക കേന്ദ്രം
വര്‍ഗീയ ശക്തികളുടെ വോട്ട് വേണ്ടെന്ന് പറയാന്‍ ആര്യാടന്‍ ഷൗക്കത്തിന് തന്റേടമില്ലെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം വെല്ലുവിളിച്ചു: ഇസ്ലാമിക തീവ്രവാദത്തിന്റെ ഭൗതിക കേന്ദ്രം മൗദൂദിയാണെന്ന് പറഞ്ഞ ആര്യാടന്‍ ഷൗക്കത്ത് തിരഞ്ഞെടുപ്പില്‍ അത് എന്തിന് മറച്ചുവെച്ചു എന്ന് യുഡിഎഫും ഷൗക്കത്തും മറുപടി പറയണം (ജൂണ്‍ 10, മാതൃഭൂമി).
അപ്രഖ്യാപിത ഘടകകക്ഷി
ജമാഅത്തെ ഇസ്ലാമി യുഡിഎഫിന്റെ അപ്രഖ്യാപിത ഘടകക്ഷിയാണെന്നായിരുന്നു എം സ്വരാജിന്റെ വിമര്‍ശനം: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും എല്ലാ മണ്ഡലങ്ങളിലും യുഡിഎഫിന്റെ അപ്രഖ്യാപിത ഘടകകക്ഷിയായാണ് ജമാ അത്തെ ഇസ്ലാമി പ്രവര്‍ത്തിച്ചത്. ഇത്തരം സന്ദര്‍ഭങ്ങളിലെല്ലാം ചേരേണ്ടവര്‍ തമ്മിലാണ് ചേരുക. അതില്‍ പ്രത്യേക പ്രാധാന്യമൊന്നും കാണുന്നില്ല. ഇത്തരം വിഷയങ്ങളില്‍ ആര്യാടന്‍ മുഹമ്മദ് വളരെ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നുവെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു (ജൂണ്‍ 10, മാതൃഭൂമി).
സംഘപരിവാറിന്റെ ഇസ്ലാം പതിപ്പ്
യുഡിഎഫിന് മതരാഷ്ട്രവാദികളുടെ പിന്തുണ ലഭിച്ചുവെന്നായിരുന്നു ദേശാഭിമാനിയുടെ റിപ്പോർട്ട്. ‘നിലമ്പൂരിലെ പിന്തുണയ്ക്ക് പ്രത്യുപകാരം: ജമാഅത്തെ ഇസ്ലാമിയുടെ പാര്‍ട്ടിക്ക് യുഡിഎഫ് അംഗത്വം’ ഇതായിരുന്നു വാര്‍ത്താശീര്‍ഷം: മതരാഷ്ട്രവാദികളായ ജമാഅത്തെ ഇസ്ലാമിയുമായി മുന്നണി ബന്ധത്തിന് യുഡിഎഫ് ധാരണ. ഇതനുസരിച്ച് ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയകക്ഷിയായ വെല്‍ഫെയര്‍ പാര്‍ടിക്ക് യുഡിഎഫില്‍ അസോസിയേറ്റ് അംഗത്വം നല്‍കും. നിലമ്പൂരില്‍ യുഡിഎഫിന് പിന്തുണ നല്‍കുന്നതിന് പ്രത്യുപകാരമാണ് അസോസിയേറ്റ് അംഗത്വം. ജമാഅത്തെ ഇസ്ലാമി നേതാക്കളുമായടക്കം കൂടിയോലോചിച്ചാണ് യുഡിഎഫ് നേതൃത്വം അസോസിയേറ്റ് അംഗത്വം അംഗീകരിച്ചത്. പി വി അന്‍വര്‍ തുടര്‍ച്ചയായി ആവശ്യപ്പെട്ടിട്ടും അംഗത്വം നിഷേധിച്ച പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് ജമാഅത്തെയുമായുള്ള ധാരണയ്ക്ക് മുന്‍കൈയെടുത്തത്. സംഘപരിവാറിന്റെ ഇസ്ലാംപതിപ്പായി അറിയപ്പെടുന്ന ജമാഅത്തെ ഇസ്ലാമിയുടെ ആശയാടിത്തറ മതമൗലികവാദവും വര്‍ഗീയതയുമാണ്. ഇവരുടെ പിന്തുണ സ്വീകരിക്കുന്നതിലും വെല്‍ഫെയര്‍ പാര്‍ടിക്ക് അസോസിയേറ്റ് അംഗത്വം നല്‍കുന്നതിലും ഒരുവിഭാഗം കോണ്‍ഗ്രസ്- മുസ്ലീംലീഗ് നേതാക്കള്‍ക്ക് എതിര്‍പ്പുണ്ട് (ജൂണ്‍ 10, ദേശാഭിമാനി).
സിപിഎമ്മിന്റേത് ഇരട്ടത്താപ്പ്
മുന്‍തിരഞ്ഞെടുപ്പുകളില്‍നിന്ന് വ്യത്യസ്തമായി വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണ യുഡിഎഫ് സ്വീകരിക്കുക മാത്രമല്ല, അതില്‍ ആവശ്യമായ വിശദീകരണവും നല്‍കി. പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് ഈ വിഷയത്തില്‍ പ്രതികരണം നടത്തിയത്: സിപിഎമ്മിന് പിന്തുണ കൊടുത്തപ്പോള്‍ വെല്‍ഫെയര്‍ പാര്‍ട്ടി മതേതര പാര്‍ട്ടി, യുഡിഎഫിനെ പിന്തുണയ്ക്കുമ്പോള്‍ വര്‍ഗീയ പാര്‍ട്ടി ഓന്തിനെ പോലെ നിറം മാറുന്ന ഇരട്ടത്താപ്പാണ് സിപിഎമ്മിന്. പിഡിപി പിന്തുണ കിട്ടിയതില്‍ എന്തേ പരിഭവം ഇല്ലാത്തത് എന്നും സതീശന്‍ ചോദിച്ചു (ജൂണ്‍ 10, മാതൃഭൂമി).
ജമാഅത്തെ ബന്ധം എന്ന ആരോപണത്തിനും അദ്ദേഹം മറുപടി പറഞ്ഞു: സിപിഎമ്മിന് ജമാഅത്തുമായി പൂര്‍വബന്ധമുണ്ട്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി സിപിഎം ജമാഅത്തിന്റെ പിന്തുണ തേടി മത്സരിച്ചിരുന്നു. വ്യക്തമായ രാഷ്ട്രീയനിലപാടുള്ള സംഘടനയാണ് ജമാഅത്തെ ഇസ്‌ലാമിയെന്ന് പിണറായി വിജയന്‍ അന്ന് പറഞ്ഞപ്പോള്‍ ആര്‍ക്കും പ്രശ്നമില്ലായിരുന്നു. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫിന് നിരുപാധിക പിന്തുണ നല്‍കിയിട്ടുണ്ട്. അത് ഞങ്ങള്‍ സ്വീകരിക്കും (ജൂണ്‍ 10, മീഡിയാവണ്‍).
പിന്തുണ സ്വീകരിക്കും
വെല്‍ഫെയര്‍ പാര്‍ട്ടിയുമായി യുഡിഎഫ് ചര്‍ച്ച നടത്തിയിട്ടില്ലെന്നായിരുന്നു മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. വെല്‍ഫെയര്‍ പാര്‍ട്ടി സ്വന്തംനിലക്കാണ് പിന്തുണ പ്രഖ്യാപിക്കുന്നത്. ആര് പിന്തുണ പ്രഖ്യാപിച്ചാലും അവരുടെ കാര്യമാണ്. യുഡിഎഫ് മുന്നണിയായിട്ടാണ് മത്സരിക്കുന്നത്. കുറേക്കാലം സിപിഎമ്മിനെയും വെല്‍ഫയര്‍പാര്‍ട്ടി പിന്തുണച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. (ജൂണ്‍ 10, മീഡിയാവണ്‍).
ജമാഅത്തെ ഇസ്ലാമി മുസ്ലീം ലീഗിന്റെ മാസ്റ്റര്‍ ഹെഡ്
യുഡിഎഫ് വര്‍ഗീയ മുന്നണിയായി മാറിയെന്നായിരുന്നു എം വി ഗോവിന്ദന്റെ മറ്റൊരു ആക്ഷേപം. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണ സ്വീകരിച്ച വി ഡി സതീശനെയും അദ്ദേഹം വിമര്‍ശിച്ചു. സതീശന്‍ വര്‍ഗീയ വാദികളെ വെള്ള പൂശുകയാണ്. ഇനിയും മതനിരപേക്ഷ മുന്നണിയാണെന്ന് അവര്‍ക്ക് അവകാശപ്പെടാനാകില്ല. ഇനി യുഡിഎഫ് എന്ന പേര് അവര്‍ക്ക് ഉപയോഗിക്കാന്‍ അവകാശമില്ല. മുസ്ലീം സമൂഹത്തിലെ ചെറിയ പാര്‍ട്ടിയാണ് ജമാഅത്തെ ഇസ് ലാമിയെങ്കിലും ആശയപരമായി നയിക്കുന്നത് അവരാണ്: മുസ്ലീം സമുദായത്തിലെ ഏറ്റവും ചെറിയ വിഭാഗമാണ് ജമാഅത്തെ ഇസ്ലാമിയെങ്കിലും അവര്‍ ആശയപരമായി മുസ്ലീം ലീഗിന്റെ മാസ്റ്റര്‍ ഹെഡായിരിക്കുകയാണ്. സിപിഎമ്മുമായി ഒരു കാലത്തും ജമാഅത്തെ ഇസ്ലാമിക്ക് ഒരു ബന്ധവുമുണ്ടായിട്ടില്ല. ഇനി ഉണ്ടാകുകയുമില്ല (ജൂണ്‍ 10, മനോരമ ഓണ്‍ലൈന്‍).
അജണ്ട സെറ്റ് ചെയ്യുന്നത് ജമാഅത്തെ ഇസ്ലാമി
മുസ്ലീം സമുദായത്തിന്റെ അജണ്ട സെറ്റ് ചെയ്യുന്നത് ജമാഅത്തെ ഇസ്ലാമിയാണെന്ന് അഡ്വ. ജയശങ്കര്‍: മുസ്ലീം മതമൗലികവാദം ഈ നാട്ടില്‍ പിടിമുറുക്കുന്നത് എങ്ങനെയാണെന്നറിയാന്‍ ജാമിഅ മില്ലിയയിലേക്കൊന്നും പോകേണ്ട. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഇന്‍ഡിപെന്‍ഡന്‍സ് എങ്ങനെ ശക്തരായി എന്ന് നോക്കിയാല്‍ മതി. അവര്‍ ഏതേത് മേഖലയിലേക്കാണ് കടന്നുകയറിയിട്ടുള്ളതെന്ന് വലിയ വിഷയമാണ്. 100-110 വോട്ടേ ഉള്ളതെങ്കിലും മുസ്ലീം സമുദായത്തിന്റെ ധൈഷണികവും രാഷ്ട്രീയവുമായ അജണ്ട സെറ്റ് ചെയ്യുന്നത് ജമാഅത്തെ ഇസ്ലാമിയാണ്. അവരുടെ ചാനലും പത്രവുമാണ്. അതു പിന്തുടരുന്ന ജോലി മാത്രമേ ജോലിയേ എസ്.ഡി.പി.ഐക്കും മുസ്ലീംലീഗിനും സമസ്തക്കുമുള്ളൂ. സമസ്തയിലുള്ളവര്‍ ജമാഅത്തെ ഇസ്ലാമിയെ എതിര്‍ക്കുന്നവരാണെങ്കിലും പിന്തുടരുന്നത് ഇവരുടെ വിധ്വംസക രാഷ്ട്രീയമാണ്. മാധ്യമവും സുപ്രഭാതവും മൂന്നുനാല് ദിവസം വായിച്ചാല്‍ ഏതാണ് മാധ്യമം ഏതാണ് സുപ്രഭാതം എന്ന് മനസ്സിലാവില്ല. ജമാഅത്തെ ഇസ്‌ലാമിയുടെ ആശയങ്ങള്‍ ഇവരെയൊക്കെ വിഴുങ്ങിക്കഴിഞ്ഞു. സിറാജിനെ സ്വാധീനിക്കുന്നുണ്ട്. ചന്ദ്രികയ്ക്ക് ജമാഅത്തെ ഇസ്ലാമിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മൗനം പാലിക്കേണ്ടിവരുന്നത് ഇക്കാരണത്താലാണ് (ജൂണ്‍ 10, ഏഷ്യാനെറ്റ്).
മതരാഷ്ട്രവാദം ഒഴിവാക്കി
വിവാദങ്ങള്‍ക്ക് മറുപടി പറയുന്നതിനിടയില്‍ ജമാഅത്തെ ഇസ്‌ലാമി മതരാഷ്ട്രവാദം ഒഴിവാക്കിയെന്ന് വി ഡി സതീശന്‍ അഭിപ്രായപ്പെട്ടു: ജമാഅത്തെ ഇസ്ലാമി വര്‍ഗീയശക്തികളോ മതരാഷ്ട്രവാദികളോ അല്ല. യുഡിഎഫ് പിന്തുണ സ്വീകരിക്കുന്നതില്‍ ഒരു തെറ്റുമില്ല. നിരുപാധിക പിന്തുണ ജമാഅത്തെ ഇസ്ലാമി നല്‍കിയിട്ടുണ്ട്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 20 മണ്ഡലങ്ങളിലും യുഡിഎഫിന് ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ ലഭിച്ചിരുന്നു. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനാണ് അവര്‍ ഈ നിലപാടെടുത്തത്. ജമാഅത്തെ ഇസ്ലാമി വര്‍ഗീയശക്തികളാണെന്ന് ഞങ്ങള്‍ പറഞ്ഞിട്ടില്ല. മതരാഷ്ട്രവാദം അവര്‍ ഇപ്പോള്‍ ഉന്നയിക്കുന്നില്ല- സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു (ജൂണ്‍ 10, ദേശാഭിമാനി). പിന്നീട് ഇതിനെ കേന്ദ്രീകരിച്ചും ചര്‍ച്ചകള്‍ വികസിച്ചു.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ സത്യവാങ്മൂലവുമായി ദേശാഭിമാനി
ജമാഅത്തെ ഇസ്ലാമി മതരാഷ്ട്രവാദമുപേക്ഷിച്ചുവെന്ന വി ഡി സതീശന്റെ പ്രസ്താവനയെ നേരിടാന്‍ ദേശാഭിമാനി 2014 ജനുവരി 18 ന് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ് മൂലം പുറത്തുവിട്ടു. അബ്ദുള്‍ സമദ് എന്നയാള്‍ ഹൈക്കോടതിയില്‍ നല്‍കിയ പൊതുതാല്‍പ്പര്യ ഹര്‍ജിക്ക് മറുപടിയായാണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്. ജമാ അത്തെ ഇസ്ലാമിയുടെ പ്രവര്‍ത്തനങ്ങള്‍, സാമ്പത്തിക സ്രോതസ്സുകള്‍, പ്രത്യയശാസ്ത്രങ്ങള്‍ എന്നിവയെക്കുറിച്ച് സംസ്ഥാനത്ത് ഉചിതവും നീതിയുക്തവുമായ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു പൊതുതാല്‍പര്യ ഹർജി. ജമാഅത്തെ ഇസ്ലാമി ഭരണഘടന ഇന്ത്യന്‍ ഭരണഘടനയോട് അവഗണന കാണിക്കുകയും ദേശീയ താല്‍പ്പര്യത്തിനെതിരെ ചിന്തിക്കാന്‍ അനുയായികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുവെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. രമേശ് ചെന്നിത്തലയാണ് അന്ന് ആഭ്യന്തരമന്ത്രി. കെ എം മാണി നിയമമന്ത്രിയും. വി ഡി സതീശന്‍ എംഎല്‍എയായിരുന്നു. ആഭ്യന്തര വകുപ്പ് അണ്ടര്‍ സെക്രട്ടറി മേരി ജോസഫാണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്.
ആഭ്യന്തര വകുപ്പ് അണ്ടര്‍ സെക്രട്ടറി മേരി ജോസഫ് സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ വാദങ്ങള്‍ ഇവയാണ്:
1957-ല്‍ പ്രസിദ്ധീകരിച്ച മലയാളത്തിലുള്ള ജമാഅത്തെ ഇസ്ലാമിയുടെ ഭരണഘടന പരിശോധിച്ചുറപ്പിക്കുമ്പോള്‍, ദൈവികമല്ലാത്ത ഏതെങ്കിലും സര്‍ക്കാര്‍ സംവിധാനത്തിന് കീഴില്‍ വഹിക്കുന്ന ഏതെങ്കിലും കുഞ്ചിക സ്ഥാനങ്ങളോ (പ്രധാന സ്ഥാനങ്ങളോ) അതിന്റെ നിയമ നിര്‍മ്മാണ സഭയിലെ അംഗത്വമോ അതിന്റെ കോടതി വ്യവസ്ഥയ്ക്ക് കീഴിലുള്ള ന്യായാധിപസ്ഥാനത്ത് നിയമിക്കപ്പെട്ടവനോ ആണെങ്കില്‍ ആ സ്ഥാനം ഉപേക്ഷിക്കണം എന്ന് നിര്‍ദ്ദേശിക്കുന്നു.
ഏതെങ്കിലും ദൈവികമല്ലാത്ത സര്‍ക്കാര്‍ സംവിധാനത്തിന്റെ ഭാഗമാകുകയോ അതിന്റെ നിയമങ്ങള്‍ നടപ്പിലാക്കുന്നതില്‍ പങ്കുചേരുകയോ ചെയ്താല്‍, ആ ഉപജീവനമാര്‍ഗത്തില്‍ നിന്ന് കഴിയും വേഗം ഒഴിവാകുക’ എന്നാണ്. ‘നിര്‍ബന്ധിതമായ അവസ്ഥയിലല്ലാതെ, കാര്യങ്ങള്‍ പരിഹരിക്കുന്നതിന് അനിസ്ലാമിക കോടതികളെ സമീപിക്കരുത്’ എന്നും പറയുന്നു. ഈ ദേശവിരുദ്ധ തത്വങ്ങള്‍ ഭരണഘടനയില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ, ഇന്ത്യയിലെ ഭരണഘടനാ സ്ഥാപനങ്ങള്‍ക്ക് കീഴിലുള്ള ഏതെങ്കിലും ജോലി നിരസിക്കാന്‍ ജമാഅത്തെ ഇസ്ലാമി അനുയായികളോട് കര്‍ശനമായി നിര്‍ദ്ദേശിക്കുന്നു, ഇത് ആത്യന്തികമായി ദേശീയ താല്‍പ്പര്യത്തിന് വിരുദ്ധമായി ചിന്തിക്കാന്‍ അനുയായികളെ പ്രോത്സാഹിപ്പിക്കുന്നു. ജമാഅത്തെ ഇസ്ലാമിയുടെ പ്രവര്‍ത്തനങ്ങള്‍ തുടര്‍ച്ചയായും സൂക്ഷ്മമായും സര്‍ക്കാര്‍ നിരീക്ഷിച്ചുവരികയാണ്. നടത്തിയ അന്വേഷണങ്ങളില്‍ ഇതുവരെ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളൊന്നും ശ്രദ്ധയില്‍പ്പെട്ടിട്ടില്ല, സംഘടനയുടെ (ജമാ അത്തെ ഇസ്ലാമിയുടെ) പ്രവര്‍ത്തനങ്ങള്‍ ദേശവിരുദ്ധമാണെന്ന് കണ്ടെത്തിയാല്‍, കേന്ദ്ര സര്‍ക്കാരുമായി സഹകരിച്ച് സംഘടനയെ നിരോധിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ജമാഅത്തെ ഇസ്ലാമിയുടെ പ്രസിദ്ധീകരണ വിഭാഗമായ ഇസ്ലാമിക് പബ്ലിഷിങ് ഹൗസ് പ്രസിദ്ധീകരിച്ച 14 പുസ്തകങ്ങള്‍ നിരോധിക്കുന്നതിനുള്ള നിയമ നടപടികള്‍ പുരോഗമിക്കുകയാണ്.
കേരളത്തിലെ രഹസ്യാന്വേഷണ വിഭാഗം 268 പൗരരുടെ ഇ-മെയില്‍ ഐ.ഡി ചോര്‍ത്തിയെന്നാരോപിച്ച് 2012 ജനുവരിയില്‍ മാധ്യമം ആഴ്ചപ്പതിപ്പില്‍ കവര്‍ സ്റ്റോറി വന്നു. ഇതിനെ തുടര്‍ന്ന് പത്രാധിപര്‍ ഉള്‍പ്പടെയുള്ളവരെ പ്രതിയാക്കി ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ കേസെടുത്തു. ഈ കേസ് നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് സത്യവാങ് മൂലം സമര്‍പ്പിച്ചത് (ജൂണ്‍ 10, ദേശാഭിമാനി, സമകാലിക മലയാളം).
സഖ്യകക്ഷികളും എതിര്
ജമാഅത്തെ ഇസ്ലാമിയുമായി ബന്ധപ്പെട്ട വെല്‍ഫെയര്‍ പാര്‍ട്ടിയെ വെള്ളപൂശിയ സതീശന്‍ കുറച്ചുകൂടെ ജാഗ്രത കാണിക്കണമായിരുന്നുവെന്ന് യുഡിഎഫിലെ ലീഗ്, കേരള കോണ്‍ഗ്രസ് സഖ്യകക്ഷികള്‍ അഭിപ്രായപ്പെട്ടതായി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തു (ജൂണ്‍ 10, ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്).
ജനാധിപത്യത്തെ അംഗീകരിക്കാത്ത ജമാഅത്തെ ഇസ്ലാമി
വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണയെ ഇടത് ആഭിമുഖ്യമുള്ള അഴിമുഖം കൈകാര്യം ചെയ്തത് ജനാധിപത്യത്തെ അംഗീകരിക്കാത്ത ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ ഷൗക്കത്ത് സ്വീകരിക്കുമോയെന്ന ചോദ്യത്തോടെയാണ്: ജനാധിപത്യത്തെ അംഗീകരിക്കാത്ത ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ ആര്യാടന്‍ ഷൗക്കത്ത് സ്വീകരിക്കുമോ? അതോ, തെരഞ്ഞെടുപ്പ് ജയിക്കാന്‍ നിലപാടുകള്‍ ഉപേക്ഷിക്കുമോ? ഷൗക്കത്തും ജമാഅത്തെ ഇസ്ലാമിയും തമ്മില്‍ നടന്ന പരസ്യമായ ആരോപണ-പ്രത്യാരോപണങ്ങള്‍ കേരളം കേട്ടതും വായിച്ചതുമാണ്. ഒമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഷൗക്കത്ത് തന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ അതിനിശിതമായി തന്നെ ജമാഅത്തെയുടെ മതമൗലികതയും ജനാധിപത്യ വിരുദ്ധതയും വിളിച്ചു പറഞ്ഞിട്ടുണ്ട്. ഇന്നത്തെ മതഭീകര സംഘടനകള്‍ക്ക് ആശയബലം നല്‍കുന്നത് ജമാഅത്തെ ഇസ്ലാമി സ്ഥാപകനായ അബുല്‍ അഹ്ലാ മൗദൂദിയുടെ പുസ്തകങ്ങളാണ് എന്നു പറയാന്‍ ധൈര്യം കാണിച്ച രാഷ്ട്രീയ നേതാവായിരുന്നു ഒമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പത്തെ ആര്യാടന്‍ ഷൗക്കത്ത് എന്നതിന് അദ്ദേഹത്തിന്റെ തന്നെ വാക്കുകളാണ് സാക്ഷ്യം. ഈ വിളിച്ചു പറച്ചിലുകള്‍ക്ക് ജമാഅത്തെ നേതാക്കളില്‍ നിന്നും അണികളില്‍ നിന്നും ഷൗക്കത്തിന് നേരിടേണ്ടിവന്നതെന്തൊക്കെയാണെന്ന് അദ്ദേഹം മറന്നു കളയാന്‍ സാധ്യതയില്ല. മൗദൂദി പുസ്തകങ്ങള്‍ ആസ്പദമാക്കി തന്നെയായിരുന്നു ഷൗക്കത്ത് ജമാഅത്തെ ഇസ്ലാമിയുടെ ‘യാഥാര്‍ത്ഥ്യത്തെ’ തുറന്നു കാണിക്കാന്‍ രംഗത്തിറങ്ങിയത്. ജനാധിപത്യം എന്നത് മൗദൂദി എതിര്‍ത്ത ആശയമാണ്. ജനാധിപത്യമല്ല, മതാധിപത്യമാണ് തങ്ങളുടെ മാര്‍ഗമെന്ന് സമ്മതിച്ചിരുന്നവരും അതിനായി തയ്യാറെടുപ്പുകള്‍ നടത്തുന്നവരുമാണ് ജമാഅത്തെക്കാര്‍ എന്ന ഉറച്ച ബോധ്യം കൊണ്ടുനടന്നിരുന്ന ഷൗക്കത്ത് ഇപ്പോള്‍ അതേ മതാശയക്കാരുടെ പിന്തുണ സ്വീകരിക്കുന്നത് കൗതുകമാണ്. മൗദൂദിയുടെ പുസ്തകങ്ങള്‍ എല്ലാം തന്നെ ജമാഅത്തെക്കാര്‍ അവരുടെ അടിസ്ഥാന മതഗ്രന്ഥങ്ങളാക്കിയിരിക്കുകയാണ്. ആ പുസ്തകങ്ങളിലെ പരാമര്‍ശങ്ങളാകട്ടെ രാജ്യത്തിന്റെ ജനാധിപത്യ മതേതരത്വ സംവിധാനങ്ങള്‍ക്ക് വിരുദ്ധവും, അവയെയെല്ലാം പൂര്‍ണമായും നിരാകരിക്കുന്നതുമാണെന്നാണ് ഷൗക്കത്ത് കണ്ടെത്തിയിട്ടുള്ളത് (ജൂണ്‍ 10, അഴിമുഖം).
ഇതേ കുറിപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയോടും അവര്‍ ചില ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. ആര്യാടന്‍ ഷൗക്കത്ത് ജമാഅത്തെ ഇസ്ലാമിക്കെതിരേ ഉയര്‍ത്തിയ ഗുരുതരമായ ആക്ഷേപങ്ങള്‍ നിങ്ങള്‍ പൊറുത്തു കൊടുത്തോ എന്നതായിരുന്നു അത്.
2016ല്‍ ജമാഅത്തെ ഇസ്‌ലാമിയെ വിമര്‍ശിച്ച് ആര്യാടന്‍ ഷൗക്കത്ത് മാതൃഭൂമിയില്‍ എഴുതിയ ‘വേണ്ടത് മത ഭരണകൂടമല്ല, മതേതര ജനാതിപത്യം’ എന്ന ലേഖനത്തെ സൂചിപ്പിച്ചുകൊണ്ടായിരുന്നു അഴിമുഖം തങ്ങളുടെ റിപ്പോർട്ട് തയ്യാറാക്കിയിരുന്നത്. ആ ലേഖനം പങ്കുവച്ചുകൊണ്ട് അദ്ദേഹം അതേ ദിവസം ഒരു പോസ്റ്റും ഇട്ടിരുന്നു, ‘വ്യക്തിഹത്യയല്ല…ആശയ സംവാദത്തിന് ജമാഅത്തെ ഇസ്‌ളാമി തയ്യാറുണ്ടോ ..???’ എന്ന ശീര്‍ഷകത്തില്‍. അതിലെ പ്രധാന വാദങ്ങള്‍ ഇങ്ങനെയായിരുന്നു: അബുല്‍ അഹ്ലാ മൗദൂദി തന്റെ പുസ്തകങ്ങളായ ‘ഇസ്ലാമിന്റെ രാഷ്ട്രീയ സിദ്ധാന്തം’ ‘മതേതരത്വം ദേശീയത്വം ജനാധിപത്യം ഒരു താത്വീക വിശകലനം’ തുടങ്ങി നിരവധി പുസ്തകങ്ങളിലൂടെ ഭീകരവാദ പ്രസ്ഥാനങ്ങളെ ആശയപരമായി ആയുധമണിയിക്കുന്ന തത്വസംഹിതയാണ് അവതരിപ്പിക്കുന്നത്. ജനാധിപത്യ മതേതര സംവിധാനത്തെ നിരാകരിക്കുക മാത്രമല്ല അതിനെ നിഷ്‌കാസനം നടത്തി പകരം മതഭരണകൂടം കൊണ്ടു വരണം എന്നുകൂടി മൗദൂദി പറയുന്നു. തുടര്‍ന്ന് ജമാഅത്തെ ഇസ്ലാമിയോട് അദ്ദേഹം ചില ചോദ്യങ്ങളും ഉന്നയിക്കുന്നുണ്ട്: ഈ പുസ്തകത്തിന്റെ ആദ്യ പേര് ‘ജമാഅത്തെ ഇസ്ലാമിയുടെ സന്ദേശം ‘ എന്നായിരുന്നില്ലേ ..? ഈ പുസ്തകം ജമാഅത്തെ ഇസ്ലാമിയെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമുള്ളതാണ് എന്നതിന്റെ തെളിവല്ലേ ..?? ഇതിലെ പരാമര്‍ശങ്ങള്‍ രാജ്യത്തിന്റെ ജനാധിപത്യ മതേതരത്വ സംവിധാനങ്ങള്‍ക്ക് വിരുദ്ധവും പൂര്‍ണമായും നിരാകരിക്കുന്നതുമല്ലേ? ഇതിലെ പരാമര്‍ശങ്ങള്‍ ഒരു പൊതു ചര്‍ച്ചക്ക് ജമാഅത്തെ ഇസ്ലാമി തയ്യാറുണ്ടോ? (ഒക്ടോബര്‍ 7, 2016, ഫേസ്ബുക്ക്/ ആര്യാടന്‍ ഷൗക്കത്ത്)
മതരാഷ്ട്രവാദികള്‍ക്ക് സീറ്റ്
ജൂണ്‍ 11ന് ദേശാഭിമാനി നല്‍കിയ ഒരു വാര്‍ത്ത മതരാഷ്ട്രവാദികളായ ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയസംഘടനയായ വെല്‍ഫെയര്‍ പാര്‍ട്ടിക്ക് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റു നല്‍കുമെന്നാണ്. നിലമ്പൂര്‍ തിരഞ്ഞെടുപ്പില്‍ നല്‍കിയ പിന്തുണയ്ക്ക് പ്രത്യുപകാരമാണ് ഇതെന്നും വാര്‍ത്ത തുടരുന്നു (ജൂണ്‍ 11, ദേശാഭിമാനി).
മതനിരപേക്ഷ കേരളത്തോടുള്ള വഞ്ചന
വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണ സ്വീകരിച്ചത് മതനിരപേക്ഷ കേരളത്തോടുള്ള വഞ്ചനയാണെന്നാണ് മന്ത്രി മുഹമ്മദ് റിയാസിന്റെ അഭിപ്രായം: ജമാഅത്തെ ഇസ്ലാമിയുമായുള്ള യുഡിഎഫ് ബാന്ധവം അധികാരക്കൊതിയാണ്. പരസ്യമായി മതരാഷ്ട്രവാദികളുമായി കൈകോര്‍ക്കുന്ന നിലപാട് മതനിരപേക്ഷ കേരളത്തോടുള്ള വഞ്ചനയാണ്. ബിജെപിക്ക് മതധ്രുവീകരണത്തിന് സൗകര്യം ചെയ്തുകൊടുക്കുകയാണ് ഇതിലൂടെ കോണ്‍ഗ്രസ് ചെയ്യുന്നത്. കോണ്‍ഗ്രസ്സിലെ മതനിരപേക്ഷ വിശ്വാസികള്‍ ജമാഅത്തെ ഇസ്‌ലാമിയുമായുള്ള കൂട്ടുകെട്ടിനെ എതിര്‍ക്കും (ജൂണ്‍ 11, മാധ്യമം).
പിഡിപിക്ക് മതരാഷ്ട്രവാദമില്ല
പിഡിപി പിന്തുണയ്ക്ക് ആദ്യം വിശദീകരണം നല്‍കിയത് എം വി ഗോവിന്ദന്‍ മാസ്റ്ററാണെങ്കിലും താമസിയാതെ സ്ഥാനാര്‍ത്ഥിയായ സ്വരാജും മുന്നോട്ടുവന്നു. പിഡിപിക്ക് വര്‍ഗീയതയില്ലെന്നും അവര്‍ മതരാഷ്ട്രവാദികളല്ലെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്: പിഡിപിക്ക് വര്‍ഗീയതയില്ല. ആരുടെ വോട്ട് വേണമെന്ന് ഞാന്‍ വ്യക്തമായി മറുപടി പറഞ്ഞിട്ടുണ്ട്. പിഡിപിക്ക് മതരാഷ്ട്രവാദമില്ല. വിമര്‍ശനമുന്നയിക്കുന്നവരാണ് അതിന് മറുപടി പറയേണ്ടത്. പിഡിപി മതനിരപേക്ഷ ചേരിയെ ശക്തിപ്പെടുത്താന്‍ നിലപാട് സ്വീകരിക്കുന്നവരാണ്. മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്നവര്‍ പിന്തുണയ്ക്കുന്നതില്‍ പുതുമ ഇല്ല. മതരാഷ്ട്രവാദം ഉയര്‍ത്തുന്നവരുമായി ഒരു ബന്ധവുമില്ലെന്നും സ്ഥാനാര്‍ത്ഥിയെ നോക്കി വോട്ട് ചെയ്യണമെന്നതുമായിരുന്നു അവരുടെ ആദ്യ നിലപാട് (ജൂണ്‍ 11, മീഡിയാവണ്‍).
വര്‍ഗീയകക്ഷികളുടെ വീതംവയ്പ്
മുസ്ലീം ഉള്ളടക്കമുള്ള പാര്‍ട്ടികളുടെ പിന്തുണയെക്കുറിച്ച് ജന്മഭൂമിയുടെ റിപ്പോർട്ട് മുസ്‌ലീം സംഘടനകളെ ഇടത് വലത് പാര്‍ട്ടികള്‍ വീതംവച്ചുവെന്നായിരുന്നു: മുസ്ലീം വര്‍ഗീയ സംഘടനകളെ ഇരുമുന്നണികളും വീതംവച്ചു. യുഡിഎഫ് ജമാഅത്തെ ഇസ്‌ലാമിയുടെ പിന്തുണയുറപ്പിച്ചപ്പോള്‍ ഇടതുമുന്നണി പിഡിപിയുടെ പിന്തുണ ഉറപ്പാക്കി. പിഡിപി പീഡിപ്പിക്കപ്പെട്ടവരുടെ പാര്‍ട്ടിയാണെന്നാണ് എം.വി ഗോവിന്ദന്റെ പുതിയ നിര്‍വചനം. നിലമ്പൂരില്‍ ഇരുമുന്നണികളും വര്‍ഗീയപ്രീണനത്തിലും വിദ്വേഷപ്രചാരണത്തിലും മല്‍സരിക്കുകയാണ്. മുസ്ലീംസംഘടനകളുമായി വിലപേശി കച്ചവടമുറപ്പിച്ചിരിക്കുന്നു. മുസ്ലീംവര്‍ഗീയതക്കെതിരേ ശക്തമായ നിലപാടെടുത്ത ആര്യാടന്‍ മുഹമ്മദിന്റെ മണ്ഡലത്തില്‍ ഇരുമുന്നണികളും മുസ്ലീംവര്‍ഗീയ ഭീകര സംഘടനകളെ വീതം വച്ച് തിരഞ്ഞെടുപ്പ് വിജയത്തിന് ശ്രമിക്കുന്നു. മുസ്ലീം വര്‍ഗീയ സംഘടനകളെ ഇരുമുന്നണികളും വീതംവച്ചു. വര്‍ഗീയ കാര്‍ഡിറക്കി നേട്ടം കൊയ്യാണ് ശ്രമം. ജമാഅത്തെ ഇസ്ലാമിയും പിഡിപിയും നടത്തുന്ന ഇരവാദത്തിന്റെ ഫലമായി ലഭിക്കുന്ന വോട്ടുകളാണ് ലക്ഷ്യം. മുസ്ലീം വര്‍ഗീയഭീകര സംഘടനകളുമായി ഇരു മുന്നണികളും വോട്ടുകച്ചടം നടത്തിയിരിക്കുന്നു. ജമാഅത്തെ ഇസലാമിയെ നിരോധിക്കണമെന്നു പറഞ്ഞിരുന്ന ആര്യാടന്‍ ഷൗക്കത്ത് ജയിക്കാനായി ജമാഅത്തെ ഇസ്ലാമിക്കു മുന്നില്‍ മുട്ടുകുത്തിനില്‍ക്കുന്നു. കേരളത്തിലെ യുവാക്കളെ തീവ്രവാദികളാക്കുന്നതില്‍ മഅദനിയ്ക്ക് പങ്കുണ്ടെന്നായിരുന്നു സിപിഎമ്മിന്റെ ആദ്യ നിലപാട്. പി ജയരാജന്റെ പുസ്തകം മുസ്ലീം തീവ്രവാദത്തിന്റെ അംബാസഡറായി വിശേഷിപ്പിച്ചത് മഅദനിയെയാണ്. ആയുധശേഖരണവും ആയുധപരിശീലനവും ലഭിച്ച ഐഎസ്സിന്റെ വിപുലീകരിച്ച രൂപമാണ് പിഡിപി (ജൂണ്‍ 11, ജന്മഭൂമി).
രണ്ടു മുന്നണികളും വര്‍ഗീയ കാര്‍ഡിറക്കുന്നു
നിലമ്പൂരില്‍ ഇരുമുന്നണികളും വര്‍ഗീയ കാര്‍ഡിറക്കുന്നതായി ബിജെപി നേതാവ് കെ സുരേന്ദ്രന്‍: ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പറയാതെ തീവ്രമതവാദികളുടെ വോട്ടിനായി പരക്കം പായുന്നു. യുഡിഎഫ് ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ പരസ്യമായി സ്വീകരിക്കുന്നു. മതനിരപേക്ഷയുടെ ആളായി നിന്ന് ഷൗക്കത്ത് സ്വന്തം കാര്യംവന്നപ്പോള്‍ രാജ്യാന്തര ഭീകരവാദ സംഘടനയായ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ സ്വീകരിച്ചിരിക്കുന്നു. മതരാഷ്ട്രവാദത്തിന്റെ വക്താക്കളാണ് ജമാഅത്തെ ഇസ്ലാമി. ഇടതുപക്ഷം പഴയ ഐഎസ്സ്എസ്സുകാരുടെ പിന്തുണ സ്വീകരിച്ചിരിക്കുന്നു. ഇരുമുന്നണികളും ഭീകവാദികളെ താലോലിക്കുന്നു. മതരാഷ്ട്രവാദമാണ് എല്ലാ ഭീകരസംഘടനകളുടെയും അടിസ്ഥാനം. ജമാഅത്തെ ഇസ്ലാമിയും പിഡിപിയും ഒരേ ആശയം പിന്തുടരുന്നു (ജൂണ്‍ 11, ജന്മഭൂമി).
ലീഗും കോണ്‍ഗ്രസ്സും ജമാഅത്തെ ഇസ്‌ലാമിയുടെ സ്വാധീനത്തില്‍
മുസ്ലീം ലീഗിന്റെയും കോണ്‍ഗ്രസിന്റെയും രാഷ്ട്രീയ നേതൃത്വം ജമാഅത്തെ ഇസ്ലാമിയുടെ സ്വാധീനത്തിലാണ് എന്ന് നിലമ്പൂരിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി എം സ്വരാജ്. പിഡിപി നിലപാട് തിരുത്തിയിട്ടുണ്ട്. ജമാഅത്തെ ഇസ്ലാമിയും നവീകരണത്തിന് തയ്യാറായാല്‍ സമൂഹം അംഗീകരിക്കും. പിഡിപി മതരാഷ്ട്രവാദം മുന്നോട്ടു വെയ്ക്കുന്നുണ്ടോ എന്ന് വിമര്‍ശിയ്ക്കുന്നവര്‍ വ്യക്തമാക്കണം. ജമാഅത്തെ ഇസ്ലാമി നേരത്തേ സ്ഥാനാര്‍ത്ഥിയെ നോക്കി വോട്ട് ചെയ്യും. അരാഷ്ട്രീയമായ തീരുമാനമായിരുന്നു അത്. ജമാഅത്തെ ഇസ്ലാമി അപ്രഖ്യാപിത ഘടകകക്ഷിയായി പ്രവര്‍ത്തിയ്ക്കുന്നു. അവര്‍ യുഡിഎഫിനെ പിന്തുണക്കുന്നതില്‍ അത്ഭുതമില്ല. സംസ്ഥാന നിയമസഭയിലേക്ക് 140 മണ്ഡലത്തിലും യുഡിഎഫിനെ അവര്‍ പിന്തുണച്ചു. മതനിരപേക്ഷ സമൂഹത്തിന്റെ മുമ്പില്‍ യുഡിഎഫ് നേതാക്കള്‍ മറുപടി പറയേണ്ടിവരും. മാനവിക മൂല്യങ്ങളില്‍ വിശ്വസിയ്ക്കുന്നവര്‍ ഇടതുപക്ഷത്തെ പിന്തുണക്കും. മുസ്ലീം ലീഗിന്റെയും കോണ്‍ഗ്രസിന്റെയും രാഷ്ട്രീയ നേതൃത്വം ജമാഅത്തെ ഇസ്ലാമിയുടെ സ്വാധീനത്തിലാണ് (ജൂണ്‍ 11, കൈരളിന്യൂസ്).
വിദ്വേഷപരാമര്‍ശവുമായി എക്‌സ്മുസ്ലിം ആരിഫ് ഹുസൈന്‍
ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് സ്വീകരിക്കുമെന്ന് പരസ്യമായി പറഞ്ഞ യുഡിഎഫിനെ വിമര്‍ശിച്ച് എക്‌സ്മുസ്ലിം ആരിഫ് ഹുസൈന്‍ ഫേസ്ബുക്കില്‍ ഒരു കുറിപ്പെഴുതി. ബിജെപി പഴയ ബിജെപി അല്ലെന്നായിരുന്നു പാതി കാര്യവും പാതി തമാശയുമായി അദ്ദേഹം പറഞ്ഞത്. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം: ബിജെപിയും ഒരുപാട് മാറി..! ?? ബിജെപി പഴയ ബിജെപി അല്ല . .!?? എന്റെ വോട്ട് ബിജെപിക്ക്..! ?? ഇസ്ലാമിക തീവ്രവാദികളും ഹിന്ദു തീവ്രവാദികളും ഒരു നാണയത്തിന്റെ രണ്ട് വശം ആണ് എന്നാണല്ലോ പറഞ്ഞിരുന്നത്… അപ്പൊ നാണയത്തിന്റെ ഒരു വശത്തിനു കൊടുക്കുന്ന ആനുകൂല്യം മറുവശത്തിനും കൊടുക്കണം . .! അല്ലെങ്കില്‍ ഈ അല്ലെങ്കില്‍ ഈ അറ്റം ചെത്തിയ പരിപാടിക്ക് നിക്കരുത്…! അപ്പൊ പറഞ്ഞ പോലെ..! ബിജെപി പഴയ ബിജെപി അല്ല..! (ജൂ 10, ഫേസ്ബുക്ക്/ ആരിഫ് ഹുസൈന്‍)
ജമാഅത്തെ ഇസ്‌ലാമി ആര്‍എസ്എസ്സിന്റെ ഇസ്‌ലാം പതിപ്പ്
ജമാഅത്തെ ഇസ്‌ലാമി ആര്‍എസ്എസ്സിന്റെ ഇസ്‌ലാംപതിപ്പാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു: ജമാഅത്തെ ഇസ്ലാമിയും പിഡിപിയും ഒരുപോലെയല്ല. പിഡിപിയും ജമാഅത്തെ ഇസ്ലാമിയും തമ്മില്‍ സാമ്യമില്ല. ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന് പറഞ്ഞവരാണ് ജമാഅത്തെ ഇസ്ലാമി. ഇന്നലത്തെ പിഡിപി അല്ല ഇന്നുള്ളത്. അന്നത്തെ തീവ്രവാദ സ്വഭാവമോ പ്രവര്‍ത്തനമോ പിഡിപിക്ക് ഇന്നില്ല. കോണ്‍ഗ്രസിന്റെ തലയില്‍ നില്‍ക്കുന്ന ജമാഅത്തെ ഇസ്ലാമി എന്ന ഭാരം അവര്‍ ഇറക്കിവെയ്ക്കട്ടെ. ആര്‍എസ്എസിന്റെ ഇസ്ലാം പതിപ്പാണ് ജമാഅത്തെ ഇസ്ലാമി (ജൂണ്‍ 11, റിപ്പോർട്ടര്‍ ടിവി).
ഇതേ കാര്യം ബിനോയ് വിശ്വം അദ്ദേഹത്തിന്റെ ജനയുഗം അഭിമുഖത്തിലും ആവര്‍ത്തിച്ചു(ജൂണ്‍ 13, ജനയുഗം). ജമാഅത്തെ ഇസ്ലാമിയും ആര്‍എസ്സ്‌എസും മതരാഷ്ട്രവാദമാണ് ഉയര്‍ത്തുന്നതെന്നും അഭിമുഖത്തില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു. അറ്റം ചെത്തിയ പരിപാടിക്ക് നിക്കരുത്…! അപ്പൊ പറഞ്ഞ പോലെ..! ബിജെപി പഴയ ബിജെപി അല്ല..! (ജൂണ്‍ 10, ഫേസ്ബുക്ക്/ ആരിഫ് ഹുസൈന്‍).
വൈറ്റ് വാഷ് അടിക്കുന്ന മുന്നണികള്‍
ജൂണ്‍ 11ാം തിയ്യതി ഗോപീകൃഷ്ണന്‍ മാതൃഭൂമിയില്‍ വരച്ച കാര്‍ട്ടൂണ്‍ ഇരു മുന്നണികളും തങ്ങള്‍ക്ക് പിന്തുണ നല്‍കിയ മുസ്ലീം പാര്‍ട്ടികളെ തേച്ച് കഴുകി മിനുക്കുന്നതാണ്. മുന്നണികള്‍ വര്‍ഗീയ പാര്‍ട്ടികളെ വൈറ്റ് വാഷ് ചെയ്യുന്നുവെന്നായിരിക്കണം അര്‍ത്ഥം. കാര്‍ട്ടൂണില്‍ പെയിന്റിന്റെ പാട്ടയില്‍ നിലമ്പൂര്‍ വൈറ്റ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത് (ജൂണ്‍ 11, മാതൃഭൂമി കാര്‍ട്ടൂണ്‍).
സിപിഎം ആരോപണങ്ങള്‍ അവസരവാദപരം
നിലമ്പൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിന് പിന്തുണ പ്രഖ്യാപിച്ച വെല്‍ഫെയര്‍ പാര്‍ട്ടിക്കെതിരെ സി.പി.എം ഉന്നയിക്കുന്ന ആരോപണങ്ങള്‍ അവസരവാദപരമാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ. ഷഫീഖ്: ‘2015 ലെ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയും ഇടതുപക്ഷവും തമ്മിലാണ് ധാരണ. അന്നത്തെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഞങ്ങളും തമ്മിലായിരുന്നു ചര്‍ച്ച. അദ്ദേഹവും ഞങ്ങളുമായി നേരിട്ട് മുഖാമുഖം നടത്തിയ ചര്‍ച്ചകളില്‍ പങ്കെടുത്തയാളാണ് ഞാന്‍. തിരുവനന്തപുരം എകെ.ജി സെന്ററിന്റെ എതിര്‍വശത്തുള്ള സഖാവിന്റെ (കോടിയേരി) ഫ്‌ലാറ്റ്, പിന്നീട് എ.കെ.ജി സെന്റര്‍, ആലപ്പുഴ ജില്ല കമ്മിറ്റി ഓഫിസ് എന്നിവിടങ്ങളിലാണ് ചര്‍ച്ച നടന്നത്. ഇവിടെ എല്ലാം നടന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് കേരളത്തില്‍ 2015ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടി -സി.പി.എം സഹകരണമുണ്ടാകുന്നത്. അന്ന് ആലപ്പുഴ ജില്ലയില്‍ ഈ തീരുമാനം നടപ്പാക്കാന്‍ അന്നത്തെ മന്ത്രി ജി. സുധാകരന്റെ വസതിയില്‍ ചര്‍ച്ച നടത്തിയിരുന്നു. അന്നത്തെ ജില്ല സെക്രട്ടറിയായ മന്ത്രി സജി ചെറിയാനുമായും സംസാരിച്ചിട്ടാണ് ആലപ്പുഴ ജില്ലയിലെ വെല്‍ഫെയര്‍-സി.പി.എം ധാരണ രൂപപ്പെടുത്തുന്നത്. അരൂക്കുറ്റി, പാണാവള്ളി തുടങ്ങിയ പഞ്ചായത്തുകളില്‍ സഹകരിച്ച് മത്സരിച്ചു, ഒരുമിച്ച് ഭരിച്ചു മുന്നോട്ടുപോയി. ആ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മുമായി ധാരണയിലേര്‍പ്പെട്ട് മത്സരിച്ച അത്രയും സീറ്റുകള്‍ എല്‍.ഡി.എഫിലെ പല ഘടകക്ഷികള്‍ക്കും ഉണ്ടായിരുന്നില്ല (ജൂണ്‍ 11, മാധ്യമം).
സഖ്യമില്ല, ഉണ്ടാവുകയുമില്ല
എന്നാല്‍ ജമാഅത്തുമായി സഖ്യമുണ്ടായിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ആവര്‍ത്തിച്ചു: ജമാഅത്തെ ഇസ്‌ലാമിയുമായി മുന്‍കാലങ്ങളില്‍ സഖ്യമുണ്ടായിട്ടില്ല. ഇപ്പോഴുമില്ല. ഭാവിയില്‍ ഉണ്ടായിരിക്കുകയുമില്ല. വര്‍ഗീയവാദികളുമായി ചേര്‍ന്നുനില്‍ക്കുന്നത് യുഡിഎഫാണ്. തോല്‍വി ഭയന്ന് യുഡിഎഫ് വെല്‍ഫെയറുമായി അപകടകരമായ സഖ്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു (ജൂണ്‍ 12, ടൈംസ് ഓഫ് ഇന്ത്യ).
അഴിഞ്ഞുവീണത് മതേതര മുഖംമൂടി
യുഡിഎഫ് -വെല്‍ഫെയര്‍ പാര്‍ട്ടി സഖ്യത്തെ ജനയുഗവും തള്ളി. ഇതോടെ യുഡിഎഫിന്റെ മതേതര മുഖംമൂടി അഴിഞ്ഞുവീണുവെന്നായിരുന്നു അവരുടെ വിമര്‍ശനം: കാല്‍ച്ചുവട്ടിലെ മണ്ണ് നഷ്ടപ്പെടുന്നെന്ന തിരിച്ചറിവില്‍ എങ്ങനെയെങ്കിലും പിടിച്ചുനില്‍ക്കാന്‍ മതരാഷ്ട്രവാദികളുമായി യുഡിഎഫ് ഉണ്ടാക്കിയ സഖ്യം മതേതരസമൂഹത്തില്‍ ആശങ്ക പടര്‍ത്തുന്നു. മതേതരത്വത്തെക്കുറിച്ചും ദേശീയതയെക്കുറിച്ചും നിരന്തരം വാചകക്കസര്‍ത്ത് നടത്തുന്നവര്‍ ഒരു ഉപതെരഞ്ഞെടുപ്പില്‍ ജയം ലക്ഷ്യമാക്കി തീവ്രസ്വഭാവമുളള ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ സംഘടനയായ വെല്‍ഫയര്‍ പാര്‍ട്ടിയുമായി പരസ്യമായി കൈകോര്‍ക്കുന്ന കാഴ്ചയാണ് നിലമ്പൂരിലുള്ളത്. മുസ്ലീം ലീഗിനുവേണ്ടി എക്കാലത്തും കരുനീക്കങ്ങള്‍ നടത്താറുള്ള ജമാഅത്തെ ഇസ്ലാമിയുമായി ഇതാദ്യമായാണ് കോണ്‍ഗ്രസ് പരസ്യമായ തെരഞ്ഞെടുപ്പ് ധാരണയ്ക്ക് തയ്യാറാകുന്നത്. ഞെട്ടലോടെയാണ് കേരളത്തിലെയും നിലമ്പൂരിലെയും മതേതര വിശ്വാസികള്‍ യുഡിഎഫ്-വെല്‍ഫയര്‍ പരസ്യബാന്ധവ പ്രഖ്യാപനത്തെ കണ്ടത്. ആര്‍എസ്എസിന്റെ ഇസ്ലാമിക രൂപമായ ജമാഅത്തെ ഇസ്ലാമിയുമായി തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കിയ കോണ്‍ഗ്രസ് അക്ഷരാര്‍ത്ഥത്തില്‍ ജനമനസുകളില്‍ ഒറ്റപ്പെടുകയും ചെയ്തു. പരമ്പരാഗതമായി കോണ്‍ഗ്രസിന് വോട്ട് ചെയ്യുന്ന നിലമ്പൂരിലെ ക്രിസ്ത്യന്‍ സമൂഹം ജമാഅത്തെ ബാന്ധവത്തെ വളരെ ഗൗരവത്തോടെയാണ് കാണുന്നത് (ജൂണ്‍ 11, ജനയുഗം ഓണ്‍ലൈന്‍).
വര്‍ഗീയ ശക്തികളുമായി കൂട്ടുകെട്ടുണ്ടാക്കിയത് സിപിഎം
വര്‍ഗീയശക്തികളുമായി കൂട്ടുകെട്ടുണ്ടാക്കിയത് സിപിഎമ്മാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. പിഡിപിയുമായി കൂട്ടുകൂടാം ജമാഅത്തെ ഇസ്ലാമിയുമായും വെല്‍ഫെയറുമായും കൂട്ടുകൂടേണ്ടെന്ന് പറയുന്ന സിപിഎമ്മിന്റെ നയം ജനങ്ങള്‍ തിരിച്ചറിയും. അടിയന്തരാവസ്ഥയ്ക്കു ശേഷം ബിജെപിയുമായുടെ മുന്‍ഗാമിയായ ജനസംഘവുമായി തിരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കി മല്‍സരിച്ചവരാണ് സിപിഎം. പൊതുവേദിയില്‍ കെ ജി മാരാര്‍ക്കും പിണറായി വിജയനും സിപിഎമ്മും ജനസംഘവും ഒരുമിച്ച് തന്നെയാണ് പ്രവര്‍ത്തിച്ചത് (ജൂണ്‍ 12, സിറാജ്).
കോണ്‍ഗ്രസ്സും ലീഗും മറുപടി പറയണം
വെല്‍ഫെയര്‍ പാര്‍ട്ടിയുമായി തിരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കിയ കോണ്‍ഗ്രസ്സും ലീഗും നിലപാട് വ്യക്തമാക്കണമെന്നും മറുപടി പറയണമെന്നും ഐഎന്‍എല്‍ ആവശ്യപ്പെട്ടു. രണ്ട് തവണ ജമാഅത്തെ ഇസ്ലാമിയെ നിരോധിച്ചത് കോണ്‍ഗ്രസ് ഭരണകാലത്താണ്. നിരോധനത്തെ സ്വാഗതം ചെയ്തവരാണ് ലീഗുകാര്‍. അതിനെതിരേ ശബ്ദിച്ചതിന് അഖിലേന്ത്യാ പ്രസിഡന്റിനെ പുറംതള്ളിയ ചരിത്രവുമുണ്ട്. അതേ ജമാഅത്തെ ഇസ്ലാമിയുമായി തിരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കിയത് തോല്‍വി മുന്നില്‍കണ്ടാണെന്നും ഐഎന്‍എല്‍ സംസ്ഥാന പ്രസിഡന്റ് അഹമ്മദ് ദേവര്‍കോവില്‍ എംഎല്‍എ പറഞ്ഞു (ജൂണ്‍ 12, ദേശാഭിമാനി).
മതനിരപേക്ഷതയോടുള്ള വെല്ലുവിളി
വെല്‍ഫെയര്‍ പാര്‍ട്ടിയുമായി തിരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കിയത് മതനിരപേക്ഷതയോടുള്ള വെല്ലുവിളിയാണെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് താമരശ്ശേരി രൂപത. വോട്ടിനുവേണ്ടി മതതീവ്രതയെ മാന്യതയാക്കുന്ന തന്ത്രങ്ങള്‍ ജനാധിപത്യസംസ്‌കാരത്തിന് അപമാനമാണ്. തീവ്രമതരാഷ്ട്രവാദവും അജണ്ടയുമുള്ള സംഘടനയുടെ ഇന്ത്യന്‍ രാഷ്ട്രീയരൂപവുമായി ചേര്‍ന്ന് വോട്ട് ബാങ്ക് പ്രീണനരാഷ്ട്രീയം കളിക്കുന്നതിലൂടെ മതനിരപേക്ഷത, പൊതുനന്മ, ജനാധിപത്യമൂല്യങ്ങള്‍ എന്നിവ ബലി കൊടുക്കുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നതെന്നും കത്തോലിക്കാ കോണ്‍ഗ്രസ് ഡയറക്ടര്‍ ഫാ. മാത്യു തുമുള്ളില്‍ ആരോപിച്ചു (ജൂണ്‍ 12, ദേശാഭിമാനി).
തീവ്ര മതസംഘടനയെ വെള്ളപൂശുന്നു
തീവ്ര മതസംഘടനയെ വെള്ളപൂശാനുള്ള തെളിവ് സമൂഹത്തിനു മുന്നില്‍ കോണ്‍ഗ്രസ് വെളിപ്പെടുത്തണമെന്ന് കേരള മുസ്ലീം ജമാഅത്ത്. നാല് വോട്ടിനായി ജമാഅത്തെ ഇസ്ലാമിയെ വെള്ളപൂശുന്നത് അസംബന്ധമാണ്. മൗദൂദിയന്‍ ആശയത്തെ ഇപ്പോഴും അംഗീകരിക്കുകയും പിന്തുടരുകയും ചെയ്യുന്ന ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയമുഖമാണ് വെല്‍ഫെയര്‍പാര്‍ട്ടിയെന്നും കേരള മുസ്ലീം ജമാഅത്ത് സംസ്ഥാന സെക്രട്ടറി മജീദ് കക്കാട് അഭിപ്രായപ്പെട്ടു (ജൂണ്‍ 12, ദേശാഭിമാനി).
സിപിഎമ്മിന് എന്നും വര്‍ഗീയവാദികളുമായി സഖ്യം
അടിയന്തരവാസ്ഥയ്ക്ക് ശേഷം സിപിഎം വര്‍ഗീയവാദികളുമായി കൂട്ടുചേര്‍ന്ന ചരിത്രമാണുള്ളതെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. ബിജെപിയുടെ മുന്‍ഗാമിയായ ജനസംഘവുമായി സിപിഎം അക്കാലത്ത് സഖ്യമുണ്ടാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പിലും മല്‍സരിച്ചു. കൂത്തുപറമ്പില്‍ പിണറായി വിജയന്‍ ജനസംഘവുമായി ചേര്‍ന്നാണ് മല്‍സരിച്ചത്. 5000 വോട്ടിന് വിജയിച്ചു. ജമാഅത്തെ ഇസ്ലാമിയുമായും സിപിഎം കൂട്ടുചേര്‍ന്നിട്ടുണ്ട്. പിഡിപിയുടെ തോളിലും കയ്യിട്ടിട്ടുണ്ട് (ജൂണ്‍ 12, വീക്ഷണം).
മുസ്ലീം വര്‍ഗീയ സംഘടനകള്‍ മുന്നണിയെ നിയന്ത്രിക്കുന്നു
സിപിഎമ്മിന്റെ മിക്കവാറും വാദങ്ങള്‍ പിന്നീട് ജന്മഭൂമി അവരുടെ എഡിറ്റോറിയലില്‍ ആവര്‍ത്തിച്ചു. എല്ലാ ആരോപണങ്ങളും അവര്‍ സിപിഎമ്മിനുകൂടി ബാധകമാക്കിയെന്നതാണ് ഒരു വ്യത്യാസം. ജന്മഭൂമി എഡിറ്റോറിയലില്‍ നിന്ന്: മുസ്ലീം വര്‍ഗീയതയെ മുന്നണികള്‍ ഉപയോഗപ്പെടുത്തുക മാത്രമല്ല, മുസ്ലീം വര്‍ഗീയ സംഘടനകളാണ് മുന്നണിയെ നിയന്ത്രിക്കുന്നത്. മതേതരവിരുദ്ധവും ജനാധിപത്യവിരുദ്ധവും രാഷ്ട്രവിരുദ്ധവുമായ ആശയങ്ങളുടെ വിരിക്കാരായി മുന്നണികള്‍ മാറി. തിരഞ്ഞെടുപ്പ് സഖ്യത്തിന് മുന്നണികള്‍ നല്‍കിയ ഉറപ്പുകള്‍ എന്താണെന്ന് ആര്‍ക്കും അറിയില്ല. മൗദൂദിയന്‍-മഅദനി ചേരികളെ ആശ്രയിക്കുന്ന നിലപാടുകള്‍ മുസ്ലീം സമൂഹത്തെ ആഴത്തില്‍ സ്വാധീനിക്കും (ജൂണ്‍ 12 ജന്മഭൂമി എഡിറ്റോറിയല്‍, നിലമ്പൂരിന്റെ പാഠവും വെല്ലുവിളിയും).
മതനിരപേക്ഷത മുഖംമൂടി
ജമാഅത്തെ ഇസ്ലാമി മതനിരപേക്ഷ സമൂഹത്തില്‍ നുഴഞ്ഞുകയാറാനായി മുഖംമൂടി അണിയുകയാണെന്ന് ‘ജമാഅത്തെ ഇസ്ലാമിയുടെ പുതിയ കുപ്പായങ്ങള്‍’ എന്ന ലേഖനത്തില്‍ പി ടി മുഹമ്മദ് സാദിഖ് എഴുതി: ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കുമെതിരെ അക്ഷരങ്ങളും ശബ്ദങ്ങളും ധാരാളം ചെലവാക്കിയ ജമാഅത്തെ ഇസ്ലാമി ജനാധിപത്യ മതനിരപേക്ഷ സമൂഹത്തില്‍ നുഴഞ്ഞുകയറാന്‍ പുതിയ കുപ്പായങ്ങള്‍ തുന്നുന്ന തിരക്കിലാണ്. ധൈഷണിക ചര്‍ച്ചകളില്‍ തല്‍ക്കാലം ദൈവിക ഭരണമെന്ന സംഞ്ജപോലും ഉപയോഗിക്കേണ്ടതില്ലെന്ന് അവര്‍ തീരുമാനിച്ചിട്ടുണ്ട്. കൃത്യമായ അജന്‍ഡകളോടുകൂടിയാണ് അവര്‍ ഇന്ത്യയെപ്പോലെ ഒരു ജനാധിപത്യ -മതനിരപേക്ഷ രാഷ്ട്രത്തില്‍ ഭരണഘടന നല്‍കുന്ന ആനുകൂല്യങ്ങള്‍ ഉപയോഗിച്ച് ജനാധിപത്യത്തില്‍ നേരിട്ട് ഇടപെടുന്നത്. ജമാഅത്തെ ഇസ്ലാമി കൃത്യമായ അജന്‍ഡകളുള്ള രാഷ്ട്രീയപ്രസ്ഥാനമാണ്. കേവലമൊരു മതസംഘടനയല്ല. കശ്മീരിലും പാകിസ്ഥാനിലും ബംഗ്ലാദേശിലും അഫ്ഗാനിസ്ഥാനിലുമൊക്കെ ജമാഅത്തെ ഇസ്ലാമി രാഷ്ട്രീയ പാര്‍ട്ടിയാണ്. ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കുകയെന്ന ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിനിടെ ജനങ്ങളെ കൈയിലെടുക്കാനുള്ള തന്ത്രങ്ങളാണ് അവരുടെ ഓരോ നീക്കവും. വര്‍ഗീയപ്രശ്‌നം സൃഷ്ടിക്കാന്‍ ജമാഅത്തെ ഇസ്ലാമിയും അവരുടെ ജിഹ്വകളും വ്യഗ്രത കാണിക്കുന്നു (ജൂണ്‍ 13, ദേശാഭിമാനി).
ജമാഅത്തെ ഇസ്ലാമി ഭീകരബോംബ്
‘സതീശന്‍ പുണരുന്നത് ഭീകരബോംബിനെ’യെന്ന ശീര്‍ഷകത്തില്‍ ജന്മഭൂമി എഴുതിയ ജൂണ്‍ 13ലെ എഡിറ്റോറിയലില്‍ ജമാഅത്തെ ഇസ്‌ലാമിയെ
ഭീകരബോംബാണെന്നാണ് വിശേഷിപ്പിച്ചത്. വിഘടനവാദവും മതരാഷ്ട്രവാദവും ഭീകരവാദവും ഉടല്‍പൂണ്ട സംഘടനയായ ജമാഅത്തെ ഇസ്‌ലാമിയെന്ന എപ്പോഴും പൊട്ടാവുന്ന ബോംബിനെ സതീശന്‍ തലയിലെടുത്തുവച്ചിരിക്കുന്നു. ഐഎസ്എസ് രൂപംമാറിയ പിഡിപിയും അപകടകാരിതന്നെ. മതരാഷ്ട്രവാദത്തിലും അതിന്റെ പേരിലുള്ള വിഘടനവാദത്തിലും ഭീകരവാദത്തിലും ആഗോള സ്വഭാവം കൈമുതലായ സംഘടനയാണ് ജമാഅത്തെ ഇസ്ലാമിയും അവരുടെ രാഷ്ട്രീയമുഖമായ വെല്‍ഫെയര്‍ പാര്‍ട്ടിയും. സതീശനും ഇതറിയാം. പക്ഷേ, ഉപതിരഞ്ഞെടുപ്പ് ജയിക്കാന്‍ അപകടകരമായ ചുവടുമാറ്റം നടത്തിയിരിക്കുകയാണ്. രാജ്യത്തുനടന്ന എല്ലാ ഭീകരാക്രമണങ്ങളിലും ജമാഅത്തെ ഇസ്ലാമിക്ക് പങ്കുണ്ടെന്നും എഡിറ്റോറിയല്‍ ആരോപിച്ചു (ജൂണ്‍ 13, ജന്മഭൂമി എഡിറ്റോറിയല്‍).
മതതീവ്രതയും നിരീശ്വരത്വം
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വെല്‍ഫെയര്‍ പാര്‍ട്ടിക്കും ജമാഅത്തെ ഇസ്‌ലാമിക്കും എതിരെ ഉയര്‍ന്ന വിമര്‍ശനത്തില്‍ എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി ഫേസ്ബുക്കിലൂടെ പ്രതികരിച്ചു: വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ജമാഅത്ത് ബന്ധവും ജമാഅത്തെ ഇസ്ലാമിയുടെ മതതീവ്രതയും തെരഞ്ഞെടുപ്പിനു മുമ്പില്‍ ചര്‍ച്ച ചെയ്യുമ്പോള്‍ സി.പി.എമ്മിന്റെ കമ്മ്യൂണിസ്റ്റ് ആശയവും കമ്മ്യൂണിസത്തിന്റെ നിരീശ്വരത്വവും ചെഗുവേരിസവും കൂടി ചര്‍ച്ച ചെയ്യണം. മാര്‍ക്സിനെയും മാര്‍ക്സിസത്തെയും സി.പി.എം ഇതുവരെ തള്ളിയിട്ടില്ലെന്നു മാത്രമല്ല, ആശയമായി അരക്കിട്ടുറപ്പിച്ചിട്ടേയുള്ളൂ. മതത്തിന്റെ പ്രതിരോധം ആദര്‍ശാധിഷ്ഠിതമാവണം, ഏകപക്ഷീയമാവരുത്. ഇസ്‌ലാമിക ആദര്‍ശങ്ങള്‍ക്ക് വിരുദ്ധമാണ് ജമാഅത്തെ ഇസ്‌ലാമി എന്ന് സമസ്ത മുശാവറ അംഗം ഉമര്‍ ഫൈസി മുക്കം ആരോപിച്ചിരുന്നു. ഉമര്‍ ഫൈസിയുടെ പരാമര്‍ശത്തിനുള്ള പരോക്ഷ മറുപടിയാണ് ഫേസ്ബുക്ക് പോസ്റ്റ് (ജൂണ്‍ 13, മാധ്യമം).
ഫലസ്തീന്‍: സിപിഎമ്മിന്റെ തിരഞ്ഞെടുപ്പ് സ്‌പെഷ്യല്‍
തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സിപിഎം ഇറക്കുന്ന സ്‌പെഷ്യലാണ് ഫലസ്തീന്‍ പ്രശ്‌നമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു. അതിശക്തമായ എതിര്‍പ്പും വെറുപ്പും ജനങ്ങള്‍ക്കിടയില്‍ ഉണ്ടെന്ന് തിരിച്ചറിഞ്ഞാണ് സി.പി.എം ഫലസ്തീന്‍ പ്രശ്‌നവുമായി ഇറങ്ങിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു: കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സി.എ.എയും ഫലസ്തീനും പറഞ്ഞു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് ശേഷം ഫലസ്തീനെ കുറിച്ച് സി.പി.എം പറഞ്ഞിട്ടില്ല. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സിപിഎം ഇറക്കുന്ന സ്‌പെഷ്യലാണ് ഫലസ്തീന്‍ വിഷയം. പതിറ്റാണ്ടുകളായി ഫലസ്തീന്‍ ജനതക്ക് പിന്തുണ പ്രഖ്യാപിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. മോദി സര്‍ക്കാര്‍ വന്ന ശേഷമാണ് ഇസ്രായേല്‍ അനുകൂല നിലപാട് സ്വീകരിക്കാന്‍ തുടങ്ങിയത്. ഇസ്രായേല്‍ നിലപാട് സ്വീകരിക്കുന്ന ബി.ജെ.പിയുമായി ബാന്ധവമുള്ളവരാണ് കേരളത്തിലെ സി.പി.എം എന്നും സതീശന്‍ ആരോപിച്ചു. സി.പി.എം, കേഡര്‍മാരോട് നിര്‍ദേശിച്ചത് പച്ചക്ക് വര്‍ഗീയത പറഞ്ഞ് വോട്ട് പിടിക്കാനാണ്. ഓരോ വീട്ടിലും പോയി അവിടെ താമസിക്കുന്ന ആളുടെ മതം നോക്കി അഭിപ്രായം പറയുന്ന രീതിയിലേക്ക് അവര്‍ മാറി. ഒരു കാലത്തും ഒരു രാഷ്ട്രീയ പാര്‍ട്ടിയും ചെയ്യാത്ത തരത്തില്‍ പച്ചക്ക് വര്‍ഗീയത പറയുന്നു. വര്‍ഗീയത പറഞ്ഞും വിഷയം മാറ്റിപ്പറഞ്ഞും തെരഞ്ഞെടുപ്പിന്റെ അജണ്ട മാറ്റാന്‍ മുഖ്യമന്ത്രിയും സി.പി.എമ്മും ശ്രമിക്കേണ്ടെന്നും സതീശന്‍ പറഞ്ഞു (ജൂണ്‍ 13, മാധ്യമം).
ഇസ്രായേല്‍ ബന്ധത്തെക്കുറിച്ചുള്ള സിപിഎം നിലപാട് ഇരട്ടത്താപ്പെന്ന് സോളിഡാരിറ്റി സംസ്ഥാന അധ്യക്ഷന്‍ തൗഫീഖ് മാമ്പാട് അഭിപ്രായപ്പെട്ടു: ഒരു വശത്ത് ഇസ്രായേലിനെതിരെ പാര്‍ട്ടി നിലപാടുകള്‍ പ്രഖ്യാപിക്കുകയും മറുവശത്ത് സര്‍ക്കാര്‍ തലത്തില്‍ സഹകരിച്ച് പദ്ധതികളും പരിപാടികളും നടപ്പാക്കുകയും ചെയ്യുന്നത് സി.പി.എമ്മിന്റെ ഇരട്ടത്താപ്പാണ്. 2017ലെ പ്രധാനമന്ത്രിയുടെ ഇസ്രായേല്‍ സന്ദര്‍ശനത്തെ നിശിതമായി വിമര്‍ശിച്ച മുഖ്യമന്ത്രി 2022ല്‍ ഇസ്രായേല്‍ കൗണ്‍സല്‍ ജനറല്‍ ടാമി ബന്‍ ഹൈമിനെ സ്വീകരിക്കുകയും ടൂറിസം മേഖലയിലടക്കമുള്ള സഹകരണങ്ങളുടെ സാധ്യതകള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു. 2019ല്‍ ടെല്‍അവീവില്‍ നടന്ന ഇന്റര്‍നാഷണല്‍ മെഡിറ്ററേനിയന്‍ ടൂറിസം മാര്‍ക്കറ്റില്‍ (ഐ.എം.ടി.എം) കേരളം പങ്കെടുത്തു. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും മന്ത്രിയുമായ പി. രാജീവിന്റെ ഭാര്യ ഡോ. വാണി കേസരി ഇസ്രായേലിലെ ഹൈഫ യൂണിവേഴ്‌സിറ്റിയില്‍ ഫാക്കല്‍റ്റി മെമ്പറായി തെരഞ്ഞെടുക്കപ്പെട്ടു. കേരള സര്‍ക്കാര്‍ ഇസ്രായേലുമായി സഹകരിച്ച് പല മേഖലയിലും സഹകരിക്കുന്നു. ഇസ്രായേലുമായുള്ള ഇന്ത്യയുടെ എല്ലാ പ്രതിരോധ സൈനിക സഹകരണവും അവസാനിപ്പിക്കണമെന്ന സി.പി.എം ജനറല്‍ സെക്രട്ടറി എം.എ ബേബിയുടെ പ്രസ്താവന ഇരട്ടത്താപ്പാണ് (ജൂണ്‍ 13, മാധ്യമം).
ഇസ്രായേല്‍ നിലപാടിന്റെ ഉത്തരവാദിത്തം കോണ്‍ഗ്രസ്സിനാണെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ കോണ്‍ഗ്രസ് തുറന്ന വഴിയിലൂടെയാണ് ബിജെപി സര്‍ക്കാര്‍ ഇസ്രയേലുമായുള്ള ചങ്ങാത്തം ശക്തമാക്കിയത്: ഇസ്രയേലുമായി ഒരു ബന്ധവുമില്ലാത്ത രാജ്യമായിരുന്നു ഇന്ത്യ. എന്നാല്‍ അമേരിക്കന്‍ സമ്മര്‍ദത്തിനു വഴങ്ങി സാമ്രാജ്യത്വവിരുദ്ധ നയം പൊളിച്ചെഴുതി. ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ യാസര്‍ അറഫാത്തിനൊപ്പം ഒരുമിച്ച് ജനങ്ങളെ കണ്ട പ്രധാനമന്ത്രിയായിരുന്നു ജവഹര്‍ലാല്‍ നെഹ്റു. അത് ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയ്ക്ക് വലിയ അംഗീകാരമുണ്ടാക്കിക്കൊടുത്തു. ധീരമായ നിലപാടായിരുന്നു അത്. സാമ്രാജ്യത്വവിരുദ്ധവും ജനാധിപത്യ അനുകൂലവുമായ ചേരിചേരാനയം തുടര്‍ന്നതിനാല്‍ മൂന്നാംലോക രാജ്യങ്ങള്‍ ഇന്ത്യയെ ബഹുമാനിച്ചു. എന്നാല്‍ പതിയെ ഇസ്രയേല്‍ അനുകൂല നിലപാടിലേക്ക് മാറി. ഇപ്പോള്‍ ഇസ്രയേലില്‍നിന്നാണ് വലിയതോതില്‍ ആയുധം ഇറക്കുമതി ചെയ്യുന്നത്. ഐക്യരാഷ്ട്രസഭയില്‍ ഇസ്രായേലിനെതിരെ പ്രമേയം വന്നപ്പോള്‍ അനുകൂലിച്ച് വോട്ടുചെയ്യാന്‍ തയ്യാറാകാത്ത സ്ഥിതിയിലേക്ക് എത്തി. ഒന്നല്ല പലതവണ ഇത് ആവര്‍ത്തിച്ചു- പോത്തുകല്ല്, കരുളായി, പൂക്കോട്ടുംപാടം എന്നിവിടങ്ങളില്‍ എല്‍ഡിഎഫ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് റാലികള്‍ ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി (ജൂണ്‍ 15, ദേശാഭിമാനി).
ഇസ്രായേലിനെതിരായ പരാമര്‍ശങ്ങള്‍ക്കിടെ കോണ്‍ഗ്രസിനെ ലക്ഷ്യമിട്ട് മുഖ്യമന്ത്രി നടത്തിയത് ചരിത്രത്തെ വളച്ചൊടിക്കലാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി ഇതിനോട് പ്രതികരിച്ചു. ഫലസ്തീന്‍ ജനതയുടെ മോചനത്തിനായും അവകാശങ്ങള്‍ക്കായും മഹാത്മ ഗാന്ധിയുള്ള കാലം മുതല്‍ കോണ്‍ഗ്രസിന് പ്രഖ്യാപിത നിലപാടുണ്ട്. അത് ഏതെങ്കിലും തെരഞ്ഞെടുപ്പ് വിജയത്തിനോ വോട്ട് ലഭിക്കാനോ ഉള്ളതല്ലെന്നും വേണുഗോപാല്‍ വ്യക്തമാക്കി (ജൂണ്‍ 16, മാധ്യമം).
സിപിഎം പച്ചയ്ക്ക് വര്‍ഗീയത പറയുന്നു
തീവ്രവര്‍ഗീയത പറയുന്ന സംഘടനകളെയും മറികടന്ന് പച്ചവെള്ളത്തിന് തീ പിടിപ്പിക്കുന്ന വര്‍ഗീയത ഉണ്ടാക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കുറ്റപ്പെടുത്തി. സര്‍ക്കാരിനെതിരായ ജനങ്ങളുടെ പ്രതിഷേധം മറച്ചു വയ്ക്കുന്നതിനു വേണ്ടിയാണ് അവര്‍ വര്‍ഗീയത പറയുന്നതെന്ന് നിലമ്പൂര്‍ യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം കുറ്റപ്പെടുത്തി (ജൂണ്‍ 13, മനോരമ).
ആളുകള്‍ അകറ്റിനിര്‍ത്തുന്ന വിഭാഗമാണ് ജമാഅത്തെ ഇസ്‌ലാമി
ആളുകള്‍ അകറ്റിനിര്‍ത്തുന്ന വിഭാഗമാണ് ജമാഅത്തെ ഇസ്ലാമിയെന്നും ഒരു വര്‍ഗീയ ശക്തിയുടെയും പിന്തുണ എല്‍ ഡി എഫിന് ആവശ്യമില്ലെന്നും പിണറായി വിജയന്‍ പ്രതികരിച്ചു: ആളുകള്‍ അകറ്റിനിര്‍ത്തുന്ന വിഭാഗമാണ് ജമാഅത്തെ ഇസ്ലാമി. ശരിയായ നന്മയുടെ രാഷ്ട്രീയമാണ് എല്‍ ഡി എഫ് മുന്നോട്ടുവെക്കുന്നത്. നില്‍ക്കക്കള്ളിയില്ലാതെ എന്ത് നിലപാടും സ്വീകരിക്കുന്ന അവസ്ഥയാണ് യു ഡി എഫിനുള്ളത്. ജമാഅത്തെ ഇസ്ലാമി സ്വീകാര്യതക്ക് വേണ്ടി പല നിലപാടുകളും സ്വീകരിച്ചിട്ടുണ്ട്. ജമാഅത്ത് ഇസ്ലാമിയുടെ മാധ്യമ ദിനപത്രത്തിന്റെയും ചാനലിന്റെയും ഉദ്ഘാടനങ്ങള്‍ക്ക് അന്നത്തെ പാണക്കാട് തങ്ങളെ ക്ഷണിച്ചിരുന്നു. ഉദ്ഘാടനങ്ങള്‍ക്ക് പാണക്കാട് തങ്ങള്‍ പങ്കെടുത്തിരുന്നില്ല. ജമാഅത്തെ ഇസ്ലാമിക്ക് മാറ്റമുണ്ടായിട്ടില്ല. സമൂഹം അകറ്റി നിര്‍ത്തുന്ന വിഭാഗമായ ജമാഅത്തെ ഇസ്ലാമിയുമായുള്ള യുഡിഎഫിന്റെ സഖ്യംലീഗിന്റെ അറിവോടെയാണ്. കോണ്‍ഗ്രസ്സിനു മാത്രം ഇത്തരമൊരു നിലപാട് സ്വീകരിക്കാനാവില്ല. താല്‍ക്കാലിക ലാഭത്തിനുവേണ്ടിയുള്ള നിലപാട് നാടിനെ എങ്ങനെ ബാധിക്കുമെന്ന് യുഡിഎഫ് നേതൃത്വം ചിന്തിക്കുന്നില്ല. ഒരു വിഘടന വര്‍ഗീയ വിഭാഗവുമായി ഒരു സഖ്യവും വേണ്ടെന്ന് എല്‍ഡിഎഫ് നേരത്തെ തീരുമാനിച്ചിരുന്നു (ജൂണ്‍ 13, കൈരളി ന്യൂസ്, ജൂണ്‍ 14 ദേശാഭിമാനി).
നിലപാടുകളില്‍ ദുരൂഹത
ഇന്ത്യന്‍ ജനാധിപത്യത്തോടുള്ള ജമാഅത്തെ ഇസ്ലാമിയുടെ നിലപാടുകളില്‍ ദുരൂഹതയും സംശയങ്ങളും ഉണ്ടെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സാണ് ഇതു സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. വി ഡി സതീശന്‍ ജമാഅത്തെ ഇസ്ലാമിയെ ‘വൈറ്റ് വാഷ്’ ചെയ്തത് കോണ്‍ഗ്രസ്സിന്റെ സഖ്യകക്ഷികള്‍ക്കിടയില്‍ അതൃപ്തിയുണ്ടാക്കിയതായും അതിന്റെ ആഴം കുറക്കാന്‍ സണ്ണി ജോസഫ് വിവിധ ക്രൈസ്തവ-മുസ്ലീം മതനേതാക്കളെ കണ്ടതായും വാര്‍ത്തയില്‍ പറയുന്നു. സതീശന്റെ പ്രസ്താവന സിപിഎമ്മിനും ബിജെപിക്കും സാധ്യതയുണ്ടാക്കിയെന്നും അഖിലേന്ത്യാ തലത്തില്‍ അപകടമുണ്ടാക്കുമെന്ന ആശങ്കയും അദ്ദേഹം പങ്കുവച്ചു (ജൂണ്‍ 14, ഇന്ത്യന്‍ എക്‌സ്പ്രസ്).
തമിഴ്‌നാട്ടില്‍ നിന്ന് ജയിച്ചവരെ രാജിവപ്പിക്കുമോ?ജമാഅത്തെ പിന്തുണയില്‍ തമിഴ്‌നാട്ടില്‍നിന്ന് ജയിച്ചവരെ സിപിഎമ്മും പാര്‍ട്ടി പോളിറ്റ്ബ്യൂറോ അംഗവുമായ പിണറായി വിജയനും രാജിവെപ്പിക്കുമോയെന്ന് വി ഡി സതീശന്‍ ചോദിച്ചു. കാലടി ഗോപിയുടെ കഥാപാത്രത്തെപ്പോലെ ഓരോ വീട്ടിലും ആ വീട്ടുകാരുടെ മതമനുസരിച്ച് വോട്ടു പിടിക്കുന്ന രീതിയിലേക്ക് സിപിഎം മാറിയിരിക്കുന്നുവെന്നും അദ്ദേഹം പരിഹസിച്ചു(ജൂണ്‍ 14, മനോരമ). മറ്റു സംസ്ഥാനങ്ങളില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ കൂടി പിന്തുണയോടെ സീറ്റുകള്‍ നേടിയതിനെക്കുറിച്ചാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.
വര്‍ഗീയഭീകരരെ മുന്നണികള്‍ പങ്കിട്ടെടുത്തു
ജന്മഭൂമിയില്‍ ജൂണ്‍ 14ാം തിയ്യതി മറുപുറം എന്ന പംക്തിയില്‍ കെ കുഞ്ഞിക്കണ്ണന്‍ ‘പിഡിപിയും ജമാഅത്തെയും പിന്നെ പിണറായി വിജയനും’ എന്ന ശീര്‍ഷകത്തില്‍ ഒരു ലേഖനം എഴുതിയിരുന്നു. സ്വാതന്ത്ര്യസമരത്തില്‍ വാരിയന്‍കുന്നത്തിനെ ചതിച്ച പ്രദേശമെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തെ കുറിച്ച് പറഞ്ഞു തുടങ്ങിയ ലേഖനം നിലമ്പൂര്‍ തിരഞ്ഞെടുപ്പില്‍ യുഡിഎഫും എല്‍ഡിഎഫും യഥാക്രമം ജമാഅത്തെ ഇസ്ലാമിയും പിഡിപിയുമായി ഉണ്ടാക്കിയ സഖ്യത്തെക്കുറിച്ചും പരാമര്‍ശിക്കുന്നു: അയാളെ(വാരിയന്‍കുന്നത്തിനെ) എന്തിനാണ് പിണറായി വാഴ്ത്തിയതെന്നല്ലെ നിലമ്പൂരിലെ ചോദ്യം. ഇപ്പോഴതിന് ഉത്തരമായി. വാരിയന്‍കുന്നത്തിനെ അവതാരമായി കാണാന്‍ കഴിയുന്ന മഅദനിയെ പുകഴ്ത്താന്‍ വരിനില്‍ക്കുകയല്ലേ നേതാക്കള്‍. പിഡിപിയെ സഖ്യകക്ഷിയുമാക്കി. ജമാഅത്തെ ഇസ്ലാമി യുഡിഎഫ് സഖ്യത്തിലുമെത്തി. പോരേ പൂരം. വര്‍ഗീയഭീകരരെ പങ്കിട്ടെടുത്തു ഇരുമുന്നണികളും. (ജൂണ്‍ 14, ജന്മഭൂമി).


ജമാഅത്തെ ഇസ്ലാമി ഭീകരാക്രമണത്തില്‍ പ്രതിഷേധിക്കാത്ത ഏക പ്രസ്ഥാനം
ജമ്മു കശ്മീരിലുണ്ടായിട്ടുള്ള ഭീകരാക്രമണത്തില്‍ പ്രതിഷേധിക്കാത്ത രാജ്യത്തെ ഏക പ്രസ്ഥാനം ജമാഅത്തെ ഇസ്‌ലാമിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ആരോപിച്ചു: ജമ്മു കശ്മീരിലുണ്ടായിട്ടുള്ള ഭീകരാക്രമണത്തില്‍ പ്രതിഷേധിക്കാതെ അതിനെതിരായിട്ട് നിലപാട് സ്വീകരിക്കാത്ത പ്രധാനപ്പെട്ട പ്രസ്ഥാനം ഏതാണെന്ന് ചോദിച്ചാല്‍ അതിന് ഒറ്റ ഉത്തരമേയുള്ളൂ അത് ജമാഅത്തെ ഇസ്‌ലാമിയാണ്. വി.ഡി സതീശന്‍ അതിനാണ് മറുപടി പറയേണ്ടത്. ജമാഅത്തെ ഇസ്‌ലാമിയെ അസോസിയേറ്റ് ആക്കിയ ആദ്യത്തെ സംഭവം കേരളത്തിലാണ്. അത് യുഡിഎഫ് ആണ്. ജമാഅത്തെ ഇസ്‌ലാമി എന്നു പറയുന്ന ഒരു വര്‍ഗീയ സംഘടനക്ക്, എല്ലാ അര്‍ഥത്തിലും ജനാധിപത്യവിരുദ്ധമായി മതരാഷ്ട്രം സൃഷ്ടിക്കുന്നതിനു വേണ്ടിയുള്ള ഒരു പാര്‍ട്ടിക്ക്, പൂര്‍ണമായ അര്‍ഥത്തില്‍ പിന്തുണ നല്‍കി അവരെ ഒപ്പം നിര്‍ത്തി അസോസിയേറ്റാക്കി മാറ്റിയ ആദ്യത്തെ പാര്‍ട്ടി യുഡിഎഫാണ്. കോണ്‍ഗ്രസും ലീഗുമാണെന്ന് ചരിത്രം രേഖപ്പെടുത്തും. ജമാഅത്തെ ഇസ്‌ലാമിയുടെ നിലപാട് തിരുത്തി എന്നു പറയുന്നത് അവരെ വെള്ള പൂശാനുള്ള ബോധപൂര്‍വമായ ശ്രമത്തിന്റെ ഭാഗമാണ്. ജമാഅത്തെ ഇസ്‌ലാമി ഒരു മാറ്റവും വരുത്തിയിട്ടില്ല. അതിന്റെ ഉദാഹരണമാണ് പഹല്‍ഗാം ആക്രമണത്തിലെ നിലപാട് (ജൂണ്‍ 14, മീഡിയാവണ്‍).


എം.വി ഗോവിന്ദന്റെ ഈ ആരോപണത്തിനു മുമ്പ് പഹല്‍ഗാം ആക്രമണത്തെ ജമാഅത്തെ ഇസ്‌ലാമിയുമായി ബന്ധപ്പെടുത്തിയത് സിപിഎമ്മിലെത്തന്നെ എളമരം കരിമായിരുന്നു: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പ്രതീക്ഷ നഷ്ടപ്പെട്ട യുഡിഎഫ് വര്‍ഗീയ കക്ഷികളുടെ കൂട്ടുക്കെട്ട് തേടുന്നു. അതിന്റെ ഫലമായി ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ പാര്‍ട്ടിയായ വെല്‍ഫെയര്‍ പാര്‍ട്ടി നിലമ്പൂരില്‍ യുഡിഎഫിനെ പിന്തുണക്കും. യുഡിഎഫിന്റേത് അവിഹിത വേഴ്ചയാണ്. രാജ്യം തീവ്രവാദ ആക്രമണം നേരിട്ട പശ്ചാത്തലമാണ്. തീവ്രവാദ ശക്തികളുമായി കൂട്ടുകൂടുന്നത് ചിന്തിക്കാന്‍ കഴിയില്ല. വൃത്തികെട്ട രാഷ്ട്രീയമാണിത് (ജൂണ്‍ 10, ഫേസ്ബുക്ക് പേജ്/സിഐടിയു കേരള).
വര്‍ഗീയ വിഭജനമുണ്ടാക്കി രാഷ്ട്രീയ ലാഭമുണ്ടാക്കാനാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ ശ്രമിക്കുന്നതെന്ന് ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂര്‍ ഇതിനോട് പ്രതികരിച്ചു: പഹല്‍ഗാം ഭീകരാക്രമണം ഉണ്ടായപ്പോള്‍ ജമാഅത്തെ ഇസ്‌ലാമി പ്രതികരിച്ചില്ലെന്ന പച്ചക്കള്ളമാണ് സിപിഎം സംസ്ഥാന സെക്രട്ടറി പറയുന്നത്. സമൂഹത്തില്‍ വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കാന്‍ വ്യാജം പ്രചരിപ്പിക്കുന്ന സെക്രട്ടറിക്കെതിരെ നിയമനടപടി സ്വീകരിക്കും. മുസ്ലീം സമുദായത്തെക്കുറിച്ചും മലപ്പുറം ജില്ലയെ സംബന്ധിച്ചും ഇടതുപക്ഷം കാലങ്ങളായി രൂപപ്പെടുത്തിയ വംശീയ ബോധത്തിന്റെ തുടര്‍ച്ചയാണ് പാര്‍ട്ടിസെക്രട്ടറിയുടെ ഈ പ്രസ്താവനയും. മുസ്ലീം സമുദായത്തെയും സംഘടനകളെയും അപരവല്‍ക്കരിക്കുകയും ഭീകരവല്‍ക്കരിക്കുകയും ചെയ്യുന്ന ആഖ്യാനങ്ങളാണ് കേരളത്തില്‍ സി.പി.എം ഓരോ തെരഞ്ഞെടുപ്പുകളിലും ഉയര്‍ത്തുന്നത്. ഇസ്ലാമോഫോബിയ നാള്‍ക്കുനാള്‍ കേരളത്തില്‍ ബലപ്പെട്ടുവരുന്നതില്‍ സി.പി.എം നല്‍കുന്ന സംഭാവന വളരെ വലുതാണ് (ജൂണ്‍ 14, മീഡിയാവണ്‍).
തൊട്ടുപിന്നാലെ ജമാഅത്തെ ഇസ്‌ലാമി എം വി ഗോവിന്ദനെതിരേ വക്കീല്‍ നോട്ടീസയച്ചു. പരാമര്‍ശം തിരുത്തണം, ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണം തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിച്ചിരുന്നത്. അഡ്വ. അമീന്‍ ഹസ്സന്‍ മുഖേനയാണ് നോട്ടീസ് അയച്ചത്. ഏപ്രില്‍ 23ന് ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യ അധ്യക്ഷന്‍ പഹല്‍ഗാം ആക്രമണത്തെ അപലപിച്ചുകൊണ്ട് നടത്തിയ പ്രസ്താവന നോട്ടീസില്‍ എടുത്തുപറഞ്ഞിട്ടുണ്ട്. വ്യാജപ്രചാരണം നടത്തി ഇസ്‌ലാമോഫോബിയ പടര്‍ത്തി നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനുള്ള ശ്രമമാണ് എം.വി. ഗോവിന്ദന്‍ നടത്തുന്നതെന്നും നോട്ടീസില്‍ പറയുന്നു (ജൂണ്‍ 14, മീഡിയാവണ്‍).
പഹല്‍ഗാം ആക്രമണത്തില്‍ ജമാഅത്തെ ഇസ്‌ലാമി പ്രതിഷേധിച്ചില്ലെന്ന പ്രസ്താവന അടുത്ത ദിവസം ഗോവിന്ദന്‍ ഭാഗികമായി തിരുത്തി. പഹല്‍ഗാമിന് ശേഷം കശ്മീരില്‍ നടന്ന പ്രതിഷേധത്തില്‍ ജമാഅത്തെ ഇസ്‌ലാമി ഇല്ലെന്നാണ് താന്‍ പറഞ്ഞതെന്ന് അദ്ദേഹം അവകാശപ്പെട്ടു: ‘പഹല്‍ഗാം ആക്രമണം നടന്നതിന് പിന്നാലെ ആദ്യം പ്രതിഷേധം നടന്നത് ജമ്മു കശ്മീരിലാണ്. അതില്‍ പങ്കെടുക്കാത്ത ഒരേയൊരു വിഭാഗം ജമാഅത്തെ ഇസ്‌ലാമിയാണ്. വസ്തുതാപരമായ കാര്യം തന്നെയാണ് താന്‍ പറഞ്ഞത്. പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തിനെതിരെ അതിശക്തമായ ജനകീയമായ മുന്നേറ്റമുണ്ടായപ്പോള്‍ അതില്‍ നിന്ന് ഒഴിഞ്ഞുനിന്ന ഒരേയൊരു വിഭാഗം ജമാഅത്തെ ഇസ്‌ലാമിയാണ്. ആ പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നു’- ഗോവിന്ദന്‍ പറഞ്ഞു. കശ്മീരി ജമാഅത്തെ ഇസ്‌ലിമി നിരോധനത്തിലല്ലേ എന്ന ചോദ്യത്തിന് എന്ത് നിരോധനമെന്നായിരുന്നു മറുപടി (ജൂണ്‍ 15, മീഡിയാവണ്‍).
പഹല്‍ഗാം ആക്രമണത്തെ പിന്തുണച്ചു എന്ന വ്യാജം പ്രചരിപ്പിച്ച ബിജെപി-സിപിഎം നേതാക്കള്‍ക്കെതിരെ ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന പൊലീസ് മേധാവിക്കും മലപ്പുറം ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്‍കി: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കെ. എസ് രാധാകൃഷ്ണന്‍, സിപിഎം എറണാകുളം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.എസ് അരുണ്‍ കുമാര്‍, സിപിഎം തിരുവമ്പാടി ഏരിയ കമ്മറ്റി അംഗം നാസര്‍ കൊളായി എന്നിവര്‍ക്കെതിരെയാണ് ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന അസ്സിസ്റ്റന്റ് സെക്രട്ടറി കെ. നജാത്തുള്ള പരാതി നല്‍കിയത്. മത സ്പര്‍ദ്ധയും വര്‍ഗീയ വിഭജനവും ഉണ്ടാക്കി കലാപത്തിന് ശ്രമിക്കുന്നു. കേരളത്തില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ഒരു മുസ്ലീം സംഘടനയെ ദേശദ്രോഹികളും പാകിസ്ഥാന്‍ വാദികളുമായി ചിത്രീകരിച്ച് ഹിന്ദു, ക്രിസ്ത്യന്‍ സമുദായങ്ങള്‍ക്കിടയില്‍ മുസ്ലീം ഭീതി (ഇസ്ലാമോഫോബിയ) പടര്‍ത്തി അതുവഴി മത സ്പര്‍ദ്ധയും കലാപവും സൃഷ്ടിക്കാനുള്ള ശ്രമം നടത്തുന്നു. നിലമ്പൂര്‍ മണ്ഡലത്തിലെ മതസൗഹാര്‍ദ്ധത്തോട് കൂടി കഴിഞ്ഞ് വരുന്ന വിവിധ മത വിഭാഗങ്ങള്‍ക്കിടയില്‍ വര്‍ഗീയ ചേരിതിരിവുണ്ടാക്കുന്നു- പരാതിയില്‍ പറയുന്നു (ജൂണ്‍ 16, മീഡിയാവണ്‍).
ജമാഅത്തെ ഇസ്‌ലാമി ബന്ധം: പ്രിയങ്ക ഗാന്ധി മറുപടി പറയണം
ജമാത്തെ ഇസ്‌ലാമി ബന്ധത്തില്‍ പ്രിയങ്കാ ഗാന്ധി മറുപടി പറയണമെന്ന് സിപിഎം നേതാവ് എം വി ഗോവിന്ദന്‍ ആവശ്യപ്പെട്ടു: ജമാത്തെ ഇസ്‌ലാമി പഴയപോലെയല്ല എന്ന് പരസ്യമായി ഒരു രാഷ്ട്രീയ പാര്‍ട്ടി പറയുകയാണ്. ഇന്ത്യയിലാദ്യമായാണ് ജമാഅത്തെ ഇസ്‌ലാമിയെക്കുറിച്ച് ഈ നിലപാട് സ്വീകരിക്കുന്നത്. ആ നിലപാട് തന്നെയാണോ കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ നേതൃത്വത്തിനുള്ളത് എന്ന് പ്രിയങ്ക ഗാന്ധി എം.പി വ്യക്തമാക്കണം. മണ്ഡലത്തില്‍ കുറേ വോട്ടുകള്‍ ലഭിക്കുന്നതിന് വേണ്ടി വരാന്‍ പോകുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും അസംബ്ലി തെരഞ്ഞെടുപ്പിലും ജമാഅത്തെ ഇസ്‌ലാമി ഉള്‍പ്പെടുന്ന യുഡിഎഫ് മുന്നണിയെക്കുറിച്ച് അഖിലേന്ത്യാ നേതൃത്വം പരിശോധനക്ക് വിധേയമാക്കേണ്ടതുണ്ട്. ആ ബാധ്യത അവര്‍ നിര്‍വഹിക്കണം (ജൂണ്‍ 15, മീഡിയാവണ്‍).
തൊട്ടടുത്ത ദിവസം ബിജെപിയും ഇതേ ആവശ്യം ഉന്നയിച്ചു. കോണ്‍ഗ്രസ്സിന്റെ സംസ്ഥാന നേതൃത്വം ജമാഅത്തെ ഇസ്‌ലാമിയുമായി ബന്ധം സ്ഥാപിച്ചതിനെക്കുറിച്ച് പ്രിയങ്കാഗാന്ധി മറുപടി പറയണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ആവശ്യപ്പെട്ടു: ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്നുവെന്ന് പറയുന്ന രാഹുലിന്റെ പാര്‍ട്ടി ഇസ്ലാമിക ഭരണകൂടം സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ജമാഅത്തെ ഇസ്‌ലാമിയെ കൂടെ കൂട്ടിയിരിക്കുന്നു. മാപ്പിളഭാരതത്തെ പിന്തുണയ്ക്കുന്നത് കാപട്യമാണ്. അഫ്‌സല്‍ ഗുരുവിനും ഹമാസിനുമൊപ്പം നില്‍ക്കുന്നവരെ പിന്തുണയ്ക്കുന്നതും കാപട്യം തന്നെ (ജൂണ്‍ 16, ഇന്ത്യന്‍ എക്‌സ്പ്രസ്).
ജമാഅത്തെ ഇസ്‌ലാമി: വെല്ലുവിളിച്ച് വി.ഡി സതീശന്‍
ജമാഅത്തെ ഇസ്‌ലാമിയുമായി സിപിഎം മുന്‍കാലങ്ങളില്‍ ഉണ്ടാക്കിയ ബന്ധം തെളിയിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗത്തിന്റെ വീഡിയോ വി ഡി സതീശന്‍ പുറത്തുവിട്ടു. വീഡിയോ വ്യാജമാണെങ്കില്‍ കേസെടുക്കട്ടെയെന്നും സതീശന്‍ വെല്ലുവിളിച്ചു. ആരെങ്കിലും എന്തെങ്കിലും പറയുന്നതിന് കേസെടുക്കാന്‍ നടക്കുകയല്ല തങ്ങളെന്നായിരുന്നു എം.വി ഗോവിന്ദന്റെ പ്രതികരണം: ഇത്രയും വിവരക്കേട് പറയുന്ന പ്രതിപക്ഷ നേതാവിനെ കണ്ടിട്ടില്ലെന്നും അദ്ദേഹം പരിഹസിച്ചു (ജൂണ്‍ 15, മീഡിയാവണ്‍).
എല്‍ഡിഎഫ്-വെല്‍ഫെയര്‍ പാര്‍ട്ടി സഹകരണം
വിവാദം കൊടുമ്പിരി കൊണ്ടിരിക്കുന്നതിനിടയില്‍ പത്രങ്ങള്‍ എല്‍ഡിഎഫ്-വെല്‍ഫെയര്‍ പാര്‍ട്ടി തിരഞ്ഞെടുപ്പ് സഹകരണം വ്യക്തമാക്കുന്ന പട്ടിക പുറത്തുവിട്ടു. വിവിധ ജില്ലകളില്‍ നടന്ന തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫ്-വെല്‍ഫയര്‍ പാര്‍ട്ടി സകരണത്തോടെ തിരഞ്ഞെടുപ്പ് വിജയിച്ചതിന്റെ കണക്കുകളാണ് പ്രസിദ്ധീകരിച്ചത് (ജൂണ്‍ 15, മാധ്യമം).
ജമാഅത്തെ ഇസ്‌ലാമി അധികാരത്തില്‍ വന്നാല്‍ നാടിന്റെ സമാധാനം നശിക്കും
ജമാഅത്തെ ഇസ്ലാമിയും പിഡിപിയും അധികാരത്തില്‍ വന്നാല്‍ നാടിന്റെ സമാധാനം നശിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഓര്‍മപ്പെടുത്തി. ബിജെപി നിലമ്പൂര്‍ തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോ ആയ വികസിത നിലമ്പൂര്‍ പുറത്തിറക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം: ഭരണഘടനയ്ക്ക് എതിര്‍നില്‍ക്കുന്ന ജമാഅത്തെ ഇസ്ലാമിയുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കിയിരിക്കുന്നു. ജമാഅത്തെ ഇസ്‌ലാമി ഭീകരവാദ സംഘടനയാണെന്ന് 2018ല്‍ ഉമ്മന്‍ചാണ്ടി പറഞ്ഞിട്ടുണ്ട്. അതില്‍ ഇപ്പോള്‍ എന്ത് മാറ്റമാണ് ഉണ്ടായത്. അജ്മല്‍ കസബിന്റെ സംഘടനയെയും ഹമാസിനെയും ഭീകരകായാണ് കാണുന്നത്. ജമാഅത്തെ ഇസ്‌ലാമി ഇവരെ ന്യായീകരിക്കുന്നു. കോണ്‍ഗ്രസ്സ് ഇതേ കുറിച്ച് എന്തുപറയുന്നുവെന്ന് പ്രിയങ്കാ ഗാന്ധിയോട് ചോദിക്കണം. ജമാഅത്തെ ഇസ്ലാമിയും പിഡിപിയും അധികാരത്തില്‍ വന്നാല്‍ നാടിന്റെ സമാധാനം നശിക്കുമെന്നും അദ്ദേഹം പറഞ്ഞു (ജൂണ്‍ 15, ജനം ടിവി).
മുസ്ലീം രാജ്യവും മുസ്ലീം ലോകവും
മുസ്ലീം ലോകവും മുസ്ലീം ലാജ്യവുമെന്ന അപകടകരമായ നിലാപാടാണ് ജമാഅത്തെ ഇസ്‌ലാമിയ്ക്കുള്ളതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. യുഡിഎഫ് ജമാഅത്ത് കൂട്ടുകെട്ട് ദൂരവ്യാപകമായ ഫലമുണ്ടാക്കുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി (ജൂണ്‍ 16, ദേശാഭിമാനി).
മതമൗലികവാദികള്‍ക്ക് കീഴ്‌പ്പെടരുത്
മതമൗലികവാദികള്‍ക്ക് വീഴ്‌പ്പെടാതെ ജനിച്ച മണ്ണില്‍ ജീവിക്കാന്‍ ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് കാസ ആഹ്വാനം ചെയ്തു. ഭാരതത്തില്‍ മെത്രാനെതിരേ ബോംബെറിഞ്ഞതും ഇടുക്കിയില്‍ അരമന അടിച്ചു തകര്‍ത്തതും കോണ്‍ഗ്രസ് ആണ്. ജോസഫ് മാഷിന്റെ കൈ വെട്ടിവരെ തള്ളിപ്പറയാന്‍ ഇന്നുവരെ ഇടത് വലതു മുന്നണികള്‍ തയ്യാറായിട്ടില്ല. ക്രൈസ്തവ സമുദായത്തിന് കിട്ടേണ്ട ആനുകൂല്യങ്ങള്‍ ഇല്ലാതാക്കി 80 ശതമാനവും മുസ്ലീങ്ങൾക്ക് കൊടുത്തതിനു പിന്നില്‍ ഇടത് വലതു മുന്നണികളാണ്. ലൗജിഹാദിനെതിരേ ബോധവല്‍ക്കരണം നടത്തിയ വൈദികനെ വാഹനമിടിപ്പിച്ചു കൊല്ലാനും ശ്രമിച്ചു- കാസ പുറത്തിറക്കിയ ലഘുലേഖയില്‍ പറയുന്നു (ജൂണ്‍ 16, ജന്മഭൂമി).
ജമാഅത്തെ ഇസ്‌ലാമി അഖണ്ഡതയ്‌ക്കെതിരേ
ജമാഅത്തെ ഇസ്‌ലാമി രാജ്യത്തിന്റെ അഖണ്ഡതയ്ക്കെതിരേ നിലകൊളളുന്നവരാണെന്നും യുഡിഎഫ് അവരെ പരസ്യമായി പിന്തുണച്ചുകൊണ്ട് ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്നത് കാപട്യമാണെന്നും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ പ്രകടനപത്രിക പുറത്തിറക്കിക്കൊണ്ടുള്ള യോഗത്തില്‍ സംസ്ഥാന സെക്രട്ടറി രാജീവ് ചന്ദ്രശേഖര്‍. ജമാഅത്തെ ഇസ്ലാമിയും പിഡിപിയും പരിധിയിലധികം ശക്തിപ്രാപിച്ചാല്‍ നാടിനാപത്താണെന്നും അദ്ദേഹം നിലമ്പൂരില്‍ നടന്ന യോഗത്തില്‍ അഭിപ്രായപ്പെട്ടു (ജൂണ്‍ 16, ജന്മഭൂമി).
ലീഗിന്റെ ലക്ഷ്യം മതരാഷ്ട്രം സ്ഥാപിക്കല്‍
ലീഗിന്റെ ലക്ഷ്യം മതരാഷ്ട്രം സ്ഥാപിക്കലാണെന്ന് ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി. നിലമ്പൂരില്‍ സംഘടിപ്പിച്ച കുടുംബയോഗത്തിലായിരുന്നു അദ്ദേഹം ഈ ആരോപണം ഉയര്‍ത്തിയത്: മലപ്പുറം ജില്ലയിലെ ഭൂരിപക്ഷ പ്രദേശത്തും പ്രത്യേകിച്ച് നിലമ്പൂരില്‍ വോട്ടിനുവേണ്ടി മതേതരത്വം പറയുകയും ജയിച്ചുകഴിഞ്ഞാല്‍ മതം നോക്കി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന രാഷ്ട്രീയപാര്‍ട്ടിയാണ് ലീഗെന്നുമായിരുന്നു മറ്റൊരു ആരോപണം (ജൂണ്‍ 17, മെട്രോവാര്‍ത്ത).
ജമാഅത്തെ ബന്ധം ആത്മഹത്യാപരം
ജമാഅത്തെ ഇസ്ലാമിയുമായുള്ള യുഡിഎഫിന്റെ സഖ്യം ആത്മഹത്യാപരമാണെന്ന് സിപിഎം നേതാവ് എം എ ബേബി: മതഭരണകൂടത്തെ പിന്തുണയ്ക്കുന്ന ജമാഅത്തെ ഇസ്ലാമിയെപ്പോലെ ഒരു സംഘടനയുമായുള്ള കൂട്ടുകെട്ട് യുഡിഎഫിന് അപകടം ചെയ്യം. അത് ആത്മഹത്യാപരമാണ്. ഈ സഖ്യം യുഡിഎഫിനെ ഛിന്നഭിന്നമാക്കും. നേരത്തെത്തന്നെ ഇത്തരം സംഘടനകളുമായി യുഡിഎഫിന് നിശ്ശബ്ദമായ സഖ്യമുണ്ടായിരുന്നു. ഇപ്പോള്‍ അത് പരസ്യമായി(ജൂണ്‍ 17, ടൈംസ് ഓഫ് ഇന്ത്യ).
എന്നാല്‍ യുഡിഎഫിന് പിന്തുണ പ്രഖ്യാപിക്കാന്‍ ജമാഅത്തെ ഇസ്ലാമിക്ക് എല്ലാ അവകാശമുണ്ടെന്നും അതേസമയം ആശയപരമായി അവരോട് തങ്ങള്‍ക്ക് വിയോജിപ്പുകളുണ്ടെന്നും അതേ ദിവസം കുഞ്ഞാലിക്കുട്ടി ഇതേ പത്രത്തോട് പറഞ്ഞു.
വര്‍ഗീയസഖ്യത്തെ വോട്ടര്‍മാര്‍ തള്ളും
വര്‍ഗീയ സഖ്യത്തെ നിലമ്പൂര്‍ മണ്ഡലത്തിലെ വോട്ടര്‍മാരെ തള്ളുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍: വര്‍ഗീയത നാശം വിതയ്ക്കും. ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയും ഒരു പോലെ ആപത്ത്. അവര്‍ തമ്മിലടിക്കുന്നത് നശിക്കാനല്ല, വളരാനാണ്. അതുകൊണ്ടാണ് യുഡിഎഫിന്റെ ജമാഅത്തെ ബന്ധത്തെ എതിര്‍ക്കുന്നത്. ഹിന്ദു രാഷ്ട്രം വേണമെന്ന് ആര്‍എസ്എസ് പറയുന്നതുപോലെ ഇസ്ലാമിക രാഷ്ട്രം വേണമെന്നാണ് ജമാഅത്തെ ഇസ്‌ലാമി വാദിക്കുന്നത്. ലീഗിന്റെ ആദ്യകാല നേതാക്കള്‍ ജമാഅത്തെ ഇസ്‌ലാമിയെ തള്ളിയിട്ടുണ്ട്. പക്ഷേ, പ്രിയങ്കാ ഗാന്ധിക്ക് അതിന് കഴിഞ്ഞില്ല (ജൂണ്‍ 17, ജനയുഗം).
ദൈവരാജ്യം സ്ഥാപിക്കുക ലക്ഷ്യം
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി ലീഗ് ജമാഅത്തെ ഇസ്ലാമി ബാന്ധവം ഒരിക്കല്‍ക്കൂടി അരക്കിട്ടുറപ്പിക്കുകയാണെന്നും ആദ്യമൊക്കെ പിന്തുണ, പിന്നെ അത് നിരുപാധികമായി, ഇപ്പോള്‍ നയ പരിപാടികളില്‍ സ്വാധീനം ചെലുത്തിത്തുടങ്ങിയെന്നും ഡോ. ഹുസൈന്‍ രണ്ടത്താണി. ദേശാഭിമാനിയില്‍ എഴുതിയ ‘ലീഗ് ജമാഅത്തെ ഇസ്ലാമി ബാന്ധവം’ എന്ന ലേഖനത്തിലേതാണ് ഈ പരാമര്‍ശം: ജമാഅത്തെ ഇസ്ലാമി ഇപ്പോള്‍ യുഡിഎഫിന്റെ ഭാഗമാകുകയാണ്. വര്‍ഗീയതയെ പച്ചയായി മാലയണിയിക്കാന്‍ വി ഡി സതീശനും രംഗത്തെത്തി. ഇനി താലി ചാര്‍ത്തേണ്ട കാര്യമേ ഉള്ളൂ. പലപ്പോഴും ആര്‍എസ്എസുമായി പരസ്യ ചങ്ങാത്തമുണ്ടാക്കിയ ജമാഅത്തെ ഇസ്ലാമി നിലനില്‍പ്പിനായി ഏത് സംബന്ധവും സ്വീകരിച്ചേക്കും. ആര്‍എസ്എസിന്റെയും ജമാഅത്തെ ഇസ്ലാമിയുടെയും ‘ദൈവം’ രണ്ടാണെങ്കിലും രാജ്യത്ത് മതസ്പര്‍ധ വളര്‍ത്താന്‍ ഇവരുടെ ‘ദൈവരാജ്യങ്ങള്‍’ ധാരാളം മതിയാകും. ലോകത്തെ ബഹുഭൂരിപക്ഷം മുസ്ലീം സംഘടനകളും ജമാഅത്തുകാരെ തള്ളിയതാണ്. സാഹിത്യരംഗത്തും പ്രവര്‍ത്തനരംഗത്തും ശാസ്ത്രീയ മുന്നേറ്റമുണ്ടാക്കി മറ്റ് സംഘടനകളുടെ പ്രവര്‍ത്തന രീതിയെ വെല്ലാന്‍ ജമാഅത്തെ ഇസ്ലാമിക്ക് കഴിഞ്ഞിട്ടുണ്ട്. ഇതിന്റെ മറവില്‍ ദൈവരാജ്യം സ്ഥാപിക്കാനാകുമെന്നാണ് ഇവരുടെ കണക്കുകൂട്ടല്‍. തങ്ങള്‍ മൗദൂദിയെ തള്ളിയിട്ടുണ്ടെന്ന് യുവ ജമാഅത്തുകാര്‍ പറയുന്നുണ്ടെങ്കിലും മുതിര്‍ന്നവര്‍ അത് അംഗീകരിക്കുന്നില്ല. ജമാഅത്തെ ഇസ്ലാമിയെന്നാല്‍ മൗദൂദിയന്‍ ആശയം തന്നെയാണെന്ന് നേതാക്കള്‍ സ്വകാര്യ യോഗങ്ങളില്‍ ആവര്‍ത്തിക്കുന്നു. പേര് മാറ്റണമെന്ന് യുവ വിഭാഗത്തിന് മോഹമുണ്ട്, അവരെ സമാധാനിപ്പിക്കാനാണ് വെല്‍ഫെയര്‍ പാര്‍ടി സ്ഥാപിച്ചത് (ജൂണ്‍ 17, ദേശാഭിമാനി).


വര്‍ഗീയകൂട്ടുകെട്ടിനെതിരേ രാജി
യുഡിഎഫിന്റെ ജമാഅത്തെ ബന്ധത്തില്‍ പ്രതിഷേധിച്ച് പാലക്കാട് കോട്ടായി മണ്ഡലത്തിലെയും തരൂര്‍ ബ്ലോക്കിലെയും ഏതാനും കോണ്‍ഗ്രസ് നേതാക്കള്‍ കോണ്‍ഗ്രസില്‍നിന്ന് രാജിവച്ചതായി ദേശാഭിമാനി റിപ്പോർട്ട് ചെയ്തു (ജൂണ്‍ 17, ദേശാഭിമാനി).
ലക്ഷ്യം വര്‍ഗീയ പ്രചാരണം
നാണവും മാനവുമില്ലാതെ നിലമ്പൂരിലെ പോര്‍വിളി എന്ന ശീര്‍ഷകത്തില്‍ ജന്മഭൂമി എഴുതിയ എഡിറ്റോറിയല്‍ രണ്ട് പാര്‍ട്ടികളെയും കുറ്റപ്പെടുത്തുന്നതായിരുന്നു. ഇരുപാര്‍ട്ടികളും ലക്ഷ്യമിടുന്നത് വര്‍ഗീയതയാണെന്നായിരുന്നു പത്രത്തിന്റെ നിലപാട്: നാണവും മാനവുമില്ലെന്ന് തെളിയുന്നതാണ് നിലമ്പൂരില്‍ ഇരുമുന്നണികളുടെയും പ്രചാരണം. തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ത്തന്നെ, വര്‍ഗീയ പ്രചാരണത്തിലാണ് തങ്ങളുടെ ഊന്നലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയതാണ്. വാരിയംകുന്നന്റെ പ്രശ്നം എടുത്തിട്ട് തുടക്കം കുറിച്ചത് അതിനാണ്. സിപിഎമ്മിന് പിഡിപിയാണ് കൂട്ടിനെങ്കില്‍ കോണ്‍ഗ്രസ് ജമാഅത്തെ ഇസ്ലാമിയുമായി കൂട്ടുചേര്‍ന്നിരിക്കുന്നു. വെൽഫെയർ പാര്‍ട്ടി അവരുടെ തോളത്താണ്. ഇസ്രായേലിനെ തെമ്മാടി രാജ്യമെന്ന് മുഖ്യമന്ത്രി വിശേഷിപ്പിക്കുമ്പോള്‍ അഭിപ്രായം പറയാതെ കോണ്‍ഗ്രസ് മാറിനില്‍ക്കുന്നു. വര്‍ഗീയ വോട്ടിനെ സ്വാധീനിക്കാന്‍ തൊപ്പിയും തലേക്കെട്ടുമണിയാന്‍ തങ്ങള്‍ക്ക് മടിയില്ലെന്ന് അവര്‍ തെളിയിച്ചിരിക്കുന്നു (ജൂണ്‍ 17, ജന്മഭൂമി).
ബിജെപിയും വെല്‍ഫെയര്‍ പാര്‍ട്ടിയും സമാനം
ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ ഭാവിയില്‍ ഏതെങ്കിലും കാലത്ത് സ്വീകരിക്കുമോയെന്നത് ഭാവിയിലെ കാര്യമാണെന്ന് സിപിഎം നേതാവ് എ വിജയരാഘവന്‍: കാലത്തിന്റെ രാഷ്ട്രീയമനുസരിച്ച് തീരുമാനമെടുക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകള്‍. ആര്‍എസ്എസിന് ബിജെപി എന്ന പോലെയാണ് ജമാഅത്തെ ഇസ്‌ലാമിക്ക് വെല്‍ഫയര്‍ പാര്‍ട്ടി. ആര്‍എസിഎസിന്റെ മുസ്ലീം പതിപ്പാണ് ജമാഅത്തെ ഇസ്‌ലാമി. ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ ഇടതുപക്ഷം ഒരുകാലത്തും സ്വീകരിച്ചിട്ടില്ല. പിഡിപി പിന്തുണയും വെല്‍ഫയര്‍ പാര്‍ട്ടി പിന്തുണയും ഒരുപോലെയല്ല- മനോരമയിലെ നേരെച്ചൊവ്വെ എന്ന അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വിജയരാഘവന്‍ (ജൂണ്‍ 17, മീഡിയാവണ്‍).
ജമാഅത്തെ ഇസ്‌ലാമിയെ ഒരു മുന്നണിയുടെ ഭാഗമാക്കുന്നത് ആദ്യം
ജമാഅത്തെ ഇസ്‌ലാമിയെ ലോകത്ത് ആദ്യമായിട്ടാണ് ഒരു മുന്നണിയുടെ ഭാഗമാക്കുന്നതെന്നും അത് ഇവിടെയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍: ജമാഅത്തെ ഇസ്‌ലാമി തങ്ങളുടെ അസോസിയേറ്റ് ഘടകക്ഷിയാണെന്ന് വി.ഡി സതീശന്‍ പറഞ്ഞിട്ടുണ്ട്. ഞങ്ങള്‍ ഒരിക്കല്‍പോലും ഒരു വര്‍ഗീയ പ്രസ്ഥാനവുമായിട്ടും രാഷ്ട്രീയ മുന്നണി ഉണ്ടാക്കിയിട്ടില്ല. ഇനിയും ഉണ്ടാക്കില്ല. യുഡിഎഫും ജമാഅത്തെ ഇസ്‌ലാമിയും തമ്മിലുള്ളത് പൂര്‍ണമായും രാഷ്ട്രീയ ഐക്യമുന്നണിയാണ്. അവര്‍ യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കുന്ന സ്ഥിതി അടുത്ത ഘട്ടത്തിലുണ്ടാകും. ന്യൂനപക്ഷ വര്‍ഗീയതയെ ഉപയോഗപ്പെടുത്തി യുഡിഎഫും, ഭൂരിപക്ഷ വര്‍ഗീയതയെ ഉപയോഗപ്പെടുത്തി ബിജെപിയും നില്‍ക്കുകയാണ്. ഈ രണ്ട് വര്‍ഗീയശക്തികള്‍ക്കെതിരായിട്ടുള്ള ഒരു ജനാധിപത്യ പ്രസ്ഥാനത്തിന്റെ മതനിരപേക്ഷ ഉള്ളടക്കമാണ് ഞങ്ങള്‍ കൈകാര്യം ചെയ്യുന്നത്. അടിയന്തരാവസ്ഥ കഴിഞ്ഞ ഘട്ടം വന്നപ്പോള്‍ ആര്‍എസ്എസുമായി ചേര്‍ന്നിട്ടുണ്ടെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു (ജൂണ്‍ 18, മാതൃഭൂമി ന്യൂസ്, മീഡിയാവണ്‍).
ഹിന്ദു രാഷ്ട്രവത്കരണത്തെ കുറിച്ച് വാതുറക്കാത്തതെന്ത്
ഒരിക്കലും സംഭവിക്കാനിടയില്ലാത്ത ഇന്ത്യയുടെ ഇസ്‌ലാമികവത്കരണത്തെ കുറിച്ച് തുടരെത്തുടരെ ആധിപ്പെടുന്ന സിപിഎം നേതാക്കള്‍ എന്തുകൊണ്ടാണ് ഇന്ത്യയില്‍ യാഥാര്‍ഥ്യമായിക്കഴിഞ്ഞ ഹിന്ദു രാഷ്ട്രവത്കരണത്തെ കുറിച്ച് നിലമ്പൂരില്‍ വാ തുറക്കാതിരുന്നതെന്ന് കാന്തപുരം വിഭാഗം യുവനേതാവ് മുഹമ്മദലി കിനാലൂര്‍. ജമാഅത്തെ ഇസ്ലാമിയുടെ വര്‍ഗീയത മാത്രം തുലഞ്ഞാല്‍ മതിയോ? ആര്‍എസ്എസിന്റെ വര്‍ഗീയത തുലയ്(ക്ക)ണ്ടേ? എന്നും ഫേസ്ബുക്ക് കുറിപ്പില്‍ ചോദിച്ചു: ഇന്ത്യ ഇസ്ലാമിക രാഷ്ട്രം ആകാനുള്ള ഒരു സാധ്യതയും ഇല്ലാതിരുന്നിട്ടും സിപിഎമ്മിന് അക്കാര്യത്തില്‍ വലിയ ആശങ്കയുണ്ട്. അതിന്റെ കാരണം മനസിലാക്കാവുന്നതേയുള്ളൂ. ഇന്ത്യ ഏറെക്കുറെ ഹിന്ദു രാഷ്ട്രമായി മാറിക്കഴിഞ്ഞു. അല്ലെങ്കില്‍ അതിന്റെ തൊട്ടടുത്തുണ്ട്. എന്നിട്ടും ആ വകയില്‍ പിണറായി വിജയനോ ഗോവിന്ദന്‍ മാഷിനോ ഒരു ആശങ്കയുമില്ല. അതേക്കുറിച്ച് ഒരു പ്രസ്താവനയും എല്‍ഡിഎഫിന്റെ നിലമ്പൂര്‍ വേദികളില്‍ കേട്ടില്ല! ജമാഅത്തെ ഇസ്‌ലാമിയോട് കേരളത്തിലെ സുന്നി വിഭാഗങ്ങള്‍ ഉന്നയിക്കുന്ന പ്രശ്‌നം മതപരവും ആദര്‍ശപരവുമാണെന്നും സിപിഎമ്മിന് അതൊരു രാഷ്ട്രീയ അജണ്ടയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി (ജൂണ്‍ 17, മീഡിയാവണ്‍).
പ്രവാചകന്റെ ‘ബോഡിവേസ്റ്റ്’
വിവാദം കനക്കുന്നതിനിടയില്‍ യുഡിഎഫ് നേതാവ് വി ഡി സതീശന്‍ പിണറായി വിജയന്റെ പഴയൊരു പ്രസ്താവനയുമായി രംഗത്തുവന്നു. പിറവം ഉപതിരഞ്ഞെടുപ്പ് സമയത്ത് പ്രവാചകന്റെ നഖം, മുടി എന്നിവയെ മുഖ്യമന്ത്രി ബോഡി വേസ്റ്റ് എന്ന് വിശേഷിപ്പിച്ചിരുന്നു. ഇതേ കാര്യം നിലമ്പൂരില്‍ പറയുമോയെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം(ജൂണ്‍ 18, ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്).
ജമാഅത്തെ ഇസ്ലാമി സംഘപരിവാറിന് വഴിവെട്ടുന്നവര്‍
ജമാഅത്തെ ഇസ്ലാമി സംഘപരിവാറിന് വഴിവെട്ടുന്നവര്‍ എന്ന ശീര്‍ഷകത്തില്‍ പുത്തലത്ത് ദിനേശന്‍ ദേശാഭിമാനിയില്‍ ഒരു ലേഖനം എഴുതി. ജമാഅത്തെ ഇസ്‌ലാമി മതരാഷ്ട്രവാദം ഉപേക്ഷിച്ചുവെന്ന വി ഡി സതീശന്റെ നിലപാടായിരുന്നു വിഷയം. ഈ നിലപാട് മുസ്ലീം സംഘടനകള്‍ക്ക് അസ്വീകാര്യമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. ജമാഅത്തെ ഇസ്‌ലാമിയും ആര്‍എസ്എസ്സും സമാനമായ സംഘടനകളാണെന്നും അദ്ദേഹം ആരോപിച്ചു: സംഘപരിവാറിനെപ്പോലെ ജമാഅത്തെ ഇസ്‌ലാമിയും ഇന്ത്യന്‍ ഭരണഘടന മുന്നോട്ടുവയ്ക്കുന്ന മതനിരപേക്ഷതയെ അംഗീകരിക്കുന്നില്ല. മതരാഷ്ട്രവാദമാണ് ഇവരുടെ ഭരണഘടനയും പരിപാടിയും ഉയര്‍ത്തിപ്പിടിക്കുന്നത്. മറ്റ് മതവിശ്വാസികളെ തുല്യ പൗരരായി കണക്കാക്കുന്നില്ല. മുസ്ലീങ്ങളെല്ലാം മതരാഷ്ട്ര സ്ഥാപനത്തിനായി രംഗത്തിറങ്ങണമെന്ന കാഴ്ചപ്പാടാണ് ഇവര്‍ക്ക്.
മതമാണ് രാഷ്ട്രത്തിന്റെ അടിസ്ഥാനമെന്ന ജമാഅത്തെ ഇസ്ലാമിയുടെ കാഴ്ചപ്പാടുതന്നെയാണ് സംഘപരിവാറിനുമുള്ളത്. ഹിന്ദുക്കളെയെല്ലാം രാജ്യത്തിന്റെ ഭാഗമായിക്കാണുകയും മറ്റ് മതക്കാരെ രണ്ടാംകിട പൗരരായി കാണുകയും ചെയ്യുന്നതാണ് അവരുടെ രീതി. മതത്തിന്റെ അടിസ്ഥാനത്തില്‍ രാഷ്ട്രം സൃഷ്ടിച്ച് ന്യൂനപക്ഷങ്ങള്‍ ഭൂരിപക്ഷത്തിന് കീഴ്‌പ്പെട്ട് ജീവിക്കണമെന്ന പൊതു സമീപനം ജമാഅത്തെ ഇസ്‌ലാമിയും സംഘപരിവാറും പങ്കുവയ്ക്കുന്നുവെന്നര്‍ഥം. മതനിരപേക്ഷതയെന്നത് ഒരു യൂറോപ്യന്‍ കാഴ്ചപ്പാടാണെന്നാണ് രണ്ട് കൂട്ടരും വാദിക്കുന്നത്. പ്രാദേശിക സവിശേഷതകളോ ദേശരാഷ്ട്രത്തിന്റെ അതിര്‍ത്തികളോ ഇവര്‍ അംഗീകരിക്കുന്നില്ല. ഈ സിദ്ധാന്തപ്രകാരം കശ്മീരില്‍ അക്രമം നടത്തിയ ഭീകരരും അവരെ തടയാന്‍ ശ്രമിച്ച് ജീവന്‍ നഷ്ടപ്പെട്ട ആദില്‍ഷായും ഒരേ ദേശീയതയുള്ളവരും മരണപ്പെട്ട മറ്റുള്ളവര്‍ മറ്റൊരു ദേശീയതയുള്ളവരുമാണ്.
സംഘപരിവാറിന്റെയും ജമാഅത്തെ ഇസ്‌ലാമിയുടെയും മതരാഷ്ട്രവാദത്തിന്റെ പൊള്ളത്തരങ്ങളെ തുറന്നുകാട്ടിയാല്‍ അത് മതങ്ങള്‍ക്കെതിരെയുള്ള പടയൊരുക്കമായി ഇവര്‍ പ്രചരിപ്പിക്കുന്നു. ഇസ്ലാമോഫോബിയയുടെ വക്താക്കളാണെന്ന് മുദ്ര കുത്തപ്പെടുന്നു. ജമാഅത്തെ ഇസ്‌ലാമിയുടെ മതരാഷ്ട്ര കാഴ്ചപ്പാടുകളെ മുസ്ലീം മത സംഘടനകളും ഇസ്ലാം മതവിശ്വാസികളും പൊതുവില്‍ അംഗീകരിക്കുന്നില്ല. ജമാഅത്തെ ഇസ്‌ലാമിയുടെ മതരാഷ്ട്രവാദം ഫലത്തില്‍ സംഘപരിവാറിന്റെ ഹിന്ദുത്വ രാഷ്ട്രീയത്തെ സഹായിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നതാണ്. (ജൂണ്‍ 17, ജമാഅത്തെ ഇസ്ലാമി സംഘപരിവാറിന് വഴിവെട്ടുന്നവര്‍, ദേശാഭിമാനി).
മതഭീകരതയ്ക്ക് പിന്തുണ
‘നിലമ്പൂരിലെ ചോദ്യം’ എന്ന ശീര്‍ഷകത്തില്‍ ജന്മഭൂമി ജൂണ്‍ 18ാം തിയ്യതി എം ബാലകൃഷ്ണന്റെ ഒരു ലേഖനം പ്രസിദ്ധീകരിച്ചു. ജമാഅത്തെ ഇസ്‌ലാമിയെക്കുറിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന്റെ ഒരു നിരീക്ഷണം പങ്കുവച്ചാണ് ലേഖനം തുടങ്ങുന്നത്. ജമാഅത്തെ ഇസ്‌ലാമിയെ നിരോധിക്കണമെന്ന് ഒരിക്കല്‍ അദ്ദേഹം ആവശ്യപ്പെട്ടിരുന്നതായി ലേഖനം പറയുന്നു. ‘മുസ്ലീം മതഭീകരവാദി’കള്‍ മുന്നണി രാഷ്ട്രീയത്തെ ഉപയോഗിക്കുന്നുവെന്ന സൂചനയാണ് ലേഖനത്തിലുടനീളം കാണുന്നത്:
നിലമ്പൂരിലെ തെരഞ്ഞെടുപ്പ് കേരള രാഷ്ട്രീയത്തെ വഴിത്തിരിവിലെത്തിച്ചിരിക്കുന്നു. മത വര്‍ഗീയതയെ പ്രീണിപ്പിച്ച മുന്നണി രാഷ്ട്രീയം മതഭീകരതയെ പിന്തുണയ്ക്കുന്ന തലത്തിലെത്തിനില്‍ക്കുന്നു. മുന്നണികള്‍ മുസ്ലീം വര്‍ഗീയതയെ പ്രീണിപ്പിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിട്ടതെങ്കില്‍ മുസ്ലീം മതഭീകരവാദികള്‍ മുന്നണി രാഷ്ട്രീയത്തെ ഉപയോഗിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ഘട്ടത്തിലേക്ക് അത് മാറിയിരിക്കുന്നു. കോണ്‍ഗ്രസിന്റെയും പിഎസ്പിയുടെയും സഖ്യകക്ഷിയായി മുസ്ലീം ലീഗ് രംഗത്തെത്തിയതോടെ കേരള രാഷ്ട്രീയം സാമുദായിക രാഷ്ട്രീയ പ്രീണനത്തിന്റെ ചളിക്കുണ്ടിലേക്ക് അധഃപതിക്കുകയായിരുന്നു. മതരാഷ്ട്രവാദത്തിന്റെ യഥാര്‍ത്ഥ വക്താക്കളായ ജമാഅത്തെ ഇസ്‌ലാമിയെ സഖ്യകക്ഷിയാക്കുകവഴി മുസ്ലീം സാമുദായിക രാഷ്ട്രീയ പ്രീണനത്തില്‍ നിന്ന് പൊളിറ്റിക്കല്‍ ഇസ്ലാമിനെ ആശ്ലേഷിക്കുന്ന അപകടകരമായ അവസ്ഥയിലേക്ക് കേരള രാഷ്ട്രീയം വഴിമാറിയിരിക്കുന്നു. മുസ്ലീം ലീഗ് ഉത്പാദിപ്പിച്ച സാമുദായിക രാഷ്ട്രീയത്തിന്റെ വിഷക്കൂട്ട് ജമാഅത്തെ ഇസ്ലാമിയുടെ മതരാഷ്ട്രീയ വിഷക്കൂട്ടുമായി കൂടിക്കുഴയുകയാണ്.
പിഡിപി, പീഡിതരുടെ പാര്‍ട്ടിയാണെന്ന സിപിഎമ്മിന്റെ പുതിയ സൈദ്ധാന്തിക വാദം ഇതിന്റെ മറ്റൊരു പതിപ്പാണ്. ജമാഅത്തെ ഇസ്‌ലാമിയുടെ മതരാഷ്ട്ര വാദത്തില്‍ നിന്ന് വേറിട്ടതല്ല പിഡിപിയുടെ ഇസ്ലാമിക രാഷ്ട്രീയമെന്ന് തിരിച്ചറിയാത്തവരല്ല സിപിഎം. മുസ്ലീമിന്റെ മതവും മുസ്ലീമിന്റെ രാഷ്ട്രീയവും വേറെവേറെയല്ലെന്ന മത ആശയത്തില്‍ നിന്നാണ് ഐഎസ്എസ് ഉണ്ടാകുന്നത്.
ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ പ്രവേശനമല്ല ജമാഅത്തെ ഇസ്‌ലാമി തന്നെയാണ് എതിര്‍ക്കപ്പെടേണ്ടത്. അല്ലാഹുവിന്റെ ഭൂമിയില്‍ അല്ലാഹുവിന്റെ ഭരണം- ഹുകുമത്തെ ഇലാഹി- എന്ന ലക്ഷ്യ സാധ്യത്തിന് തീവ്ര പ്രത്യയശാസ്ത്രം വിതച്ച് മതരാഷ്ട്രം കൊയ്യാമെന്ന ദുഷ്ടലക്ഷ്യമാണ് അതിനുള്ളത്. മതഭീകരത പ്രചരിപ്പിക്കുന്നതും മത തീവ്രവാദം വളര്‍ത്തുന്നതും സാമുദായിക സംരക്ഷണത്തിന്റെ ലേബലിലാണ് (ജൂണ്‍ 18, ജന്മഭൂമി).


ദേശീയതയും ദേശവിരുദ്ധതയും തമ്മിലുള്ള മല്‍സരം
ദേശീയതയും ദേശവിരുദ്ധതയും തമ്മിലുള്ള മല്‍സരമാണ് നിലമ്പൂരില്‍ നടക്കുന്നതെന്ന് ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പി കെ കൃഷ്ണദാസ്. പഹല്‍ഗാം കൂട്ടക്കൊലയെ അപലപിക്കാത്ത സംഘടനകളാണ് ജമാഅത്തെ ഇസ്ലാമിയും പിഡിപിയും. ഭാരതം നടത്തിയ ഓപറേഷന്‍ സിന്തൂറിനെ ഇവര്‍ അനുകൂലിച്ചില്ല. ഇരു സംഘടനകള്‍ക്കും പാകിസ്താന്‍ നിലപാടാണ് ഉള്ളത്. നാല് വോട്ടിനുവേണ്ടി ജയ്‌ഷെ മുഹമ്മദ്, ലഷ്‌റെ തൊയ്ബ തുടങ്ങിയ ഭീകര സംഘടനകളുടെ കാലുപിടിക്കാന്‍ ഇടത് വലത് മുന്നണികള്‍ മടിക്കില്ല (ജൂണ്‍ 18, ജന്മഭൂമി).
സിപിഎം ഇസ്‌ലാമോഫോബിയ ഉണ്ടാക്കാന്‍ ശ്രമിക്കുന്നു
സിപിഎം ഇസ്‌ലാമോഫോബിയ പ്രചരിപ്പിക്കുകയാണെന്ന് വി ഡി സതീശന്‍. ‘അടിയന്തരാവസ്ഥ കഴിഞ്ഞ ഘട്ടം വന്നപ്പോള്‍ ആര്‍.എസ്.എസുമായി ചേര്‍ന്നു. അടിയന്തരാവസ്ഥ അര്‍ധ ഫാഷിസത്തിന്റെ രീതിയായിരുന്നു. അപ്പോള്‍ മറ്റൊന്നും നോക്കേണ്ടതില്ല. യോജിക്കുന്നവരുമായിട്ടൊക്കെ യോജിച്ചു’ എന്ന എം.വി ഗോവിന്ദന്റെ പരാമര്‍ശത്തെക്കുറിച്ചായിരുന്നു വി ഡി സതീശന്റെ പ്രതികരണം: നിലമ്പൂരിലെ സി.പി.എം- ബി.ജെ.പി ബാന്ധവത്തില്‍ ഞങ്ങള്‍ക്ക് ഒരു ഭയവുമില്ല. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും വെല്‍ഫെയര്‍ പാര്‍ട്ടി പിന്തുണച്ചിട്ടുണ്ട്. അതു തന്നെയാണ് ഇപ്പോഴും സംഭവിച്ചത്. അന്നില്ലാത്ത വിവാദം എന്തിനാണ് ഇപ്പോഴുണ്ടാക്കുന്നത്. സി.പി.എം ഇസ്ലാമോഫോബിയ ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്. അതിന് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പേര് ഉപയോഗിക്കുകയാണ്. സി.പി.എമ്മിന് ഭൂരിപക്ഷത്തോടും ന്യൂനപക്ഷത്തോടും ഒരു സ്നേഹവുമില്ല. തെരഞ്ഞെടുപ്പില്‍ ജയിക്കാനുള്ള തട്ടിപ്പാണ് കാണിക്കുന്നത് (ജൂണ്‍ 18, മാധ്യമം).
സിപിഎം – ആര്‍എസ്എസ് സഹകരണം
അടിയന്തരാവസ്ഥ കഴിഞ്ഞ ഘട്ടം വന്നപ്പോള്‍ ആര്‍.എസ്.എസുമായി സഹകരിച്ചുവെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ തുറന്നുപറച്ചില്‍ തിരഞ്ഞെടുപ്പില്‍ ഒരു വിവാദമായി. വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫിന് പിന്തുണപ്രഖ്യാപിച്ചതിനെച്ചൊല്ലിയുള്ള ചര്‍ച്ചക്കിടയിലാണ് ഗോവിന്ദന്‍ ഇത് പറഞ്ഞത്. ഗോവിന്ദന്റെ പ്രസ്താവനയെ സിപിഐ തള്ളി.
ജനതാ പാര്‍ട്ടി നേതാവായിരുന്ന ബി.ജെ.പി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. രാമന്‍ പിള്ള ഗോവിന്ദന്റെ വാദം ശരിവച്ചു: അന്ന് സി.പി.എം ആര്‍.എസ്.എസിന്റെ വോട്ടുകള്‍ സ്വീകരിച്ചത് ഏറെ സന്തോഷത്തോടെയായിരുന്നു. അടിയന്തരവസ്ഥക്കെതിരെ പോരാടിയ പാര്‍ട്ടികളുമായി യോജിച്ച് മത്സരിക്കാമെന്നും അവരുടെ സ്ഥാനാര്‍ഥി ആരായാലും അവര്‍ക്ക് വോട്ട് ചെയ്യണമെന്നായിരുന്നു ആര്‍.എസ്.എസിന്റെ നിലപാട്. ഇക്കാര്യം ദേശാഭിമാനിയില്‍ പോയി പി.ഗോവിന്ദപ്പിള്ളയെ കണ്ട് അറിയിക്കുകയും ചെയ്തു. സിപിഎം നേതൃത്വത്തെ ഇക്കാര്യം അറിയിക്കാനായി അദ്ദേഹത്തെ ചുമതലപ്പെടുത്തി. പരിപൂര്‍ണമായി സഹകരിക്കാനും അവര്‍ തയാറായി. വോട്ട് വേണ്ട എന്ന് ആരും പറയില്ല എന്നാണ് സഹകരിച്ചുപോകുന്നതിനെ കുറിച്ച് സൂചിപ്പിച്ചപ്പോള്‍ പി.ജി സന്തോഷത്തോടെ പ്രതികരിച്ചത്. 77 ന് ശേഷം ഒരിക്കല്‍ പോലും സിപിഎമ്മുമായി ഒരിക്കലും സഹകരിച്ചില്ല. വോട്ടെടുപ്പിന് മാസങ്ങള്‍ക്ക് ശേഷം കണ്ണൂരും കാസര്‍കോടുമായി സംഘട്ടനങ്ങളും കൊലപാതകങ്ങളും നടന്നു. അതോടെ ഇരുകൂട്ടരും അകന്നു (ജൂണ്‍ 18, മാധ്യമം).
വിവാദം കനത്തതോടെ എം വി ഗോവിന്ദന്‍ കൂടുതല്‍ വിശദീകരണവുമായി വന്നു. തങ്ങള്‍ ജനതാ പാര്‍ട്ടിയുമായാണ് സഹകരിച്ചതെന്നും ജനസംഘവുമായിട്ടല്ലെന്നും അദ്ദേഹം പറഞ്ഞു (ജൂണ്‍ 19, ടൈംസ് ഓഫ് ഇന്ത്യ)
ആര്‍എസ്എസ്സുമായുള്ള ഐക്യമെന്ന ആരോപണത്തോട് മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിച്ചു. സെക്രട്ടറിയുടെ പ്രസ്താവന മാധ്യമങ്ങള്‍ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി: ആര്‍.എസ്.എസോ അനുബന്ധ സംഘടനകളോ ആയി സി.പി.എമ്മിന് യാതൊരു ബന്ധവുമില്ല. എം.വി. ഗോവിന്ദന്റെ വാക്കുകള്‍ വളച്ചൊടിച്ച് വാര്‍ത്തകള്‍ വന്നു. അതിന്റെ യാഥാര്‍ഥ്യം പിന്നീട് അദ്ദേഹം തന്നെ വ്യക്തമാക്കി. ശത്രുവിന്റെ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ എല്ലാകാലത്തും സി.പി.എം തയാറാണ്. ആര്‍.എസ്.എസുമായി ഒന്നിക്കാനുള്ള ശ്രമം ഒരിക്കലും ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു (ജൂണ്‍ 18, മാധ്യമം).
ആരോപണം സിപിഎം പോളിറ്റ്ബ്യൂറോ അംഗം സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എ. വിജയരാഘവനും നിഷേധിച്ചു: ഇടതുപക്ഷം ഒരു കാലത്തും ഒരു വര്‍ഗീയ ശക്തികളുമായും കൂട്ടുകൂടിയിട്ടില്ല. അടിയന്തരാവസ്ഥക്കുശേഷം ജനത പാര്‍ട്ടി മുന്നണിയിലേക്കുള്ള ക്ഷണം സി.പി.എം നിരസിച്ചത് ആ കൂട്ടുകെട്ടില്‍ ആര്‍.എസ്.എസ് ഉണ്ടായിരുന്നതിനാലാണ്. എല്ലാതരം വര്‍ഗീയതയുമായും കൂട്ടുകൂടിയ ചരിത്രമാണ് യു.ഡി.എഫിനുള്ളത്. 1982ല്‍ മഞ്ചേശ്വരത്ത് ബി.ജെ.പി നേതാവ് കെ.ജി. മാരാര്‍ കോണ്‍ഗ്രസിന്റെയും മുസ്ലീം ലീഗിന്റെയും സ്ഥാനാര്‍ഥിയായാണ് മത്സരിച്ചത്. കാസര്‍കോട്ട് ഒ. രാജഗോപാലായിരുന്നു യു.ഡി.എഫ് സ്ഥാനാര്‍ഥി.
തുടക്കം മുതല്‍ വര്‍ഗീയതയിലൂന്നിയായിരുന്നു യു.ഡി.എഫ് പ്രചാരണമെന്നും വിജയരാഘവന്‍ പറഞ്ഞു (ജൂണ്‍ 18, മാധ്യമം).
അടിയന്തരാവസ്ഥക്കാലത്ത് ആര്‍.എസ്.എസുമായി സി.പി.എം സഖ്യം ചേര്‍ന്നെന്നും അത് വലിയ അപരാധമല്ലെന്നും തുറന്ന് സമ്മതിച്ച എം.വി. ഗോവിന്ദന്‍ നിലമ്പൂരടക്കം തെരഞ്ഞെടുപ്പുകളില്‍ വിജയത്തിന് ആര്‍.എസ്.എസ് വോട്ട് സമാഹരണം നടത്താനാണ് ലക്ഷ്യമിടുന്നതെന്ന് ആര്‍.എം.പി.ഐ സംസ്ഥാന സെക്രട്ടറി എന്‍. വേണു ആരോപിച്ചു (ജൂണ്‍ 18, മാധ്യമം).
ഇടതുപക്ഷം സഹകരിച്ചിട്ടുള്ളത് ജനതാ പാര്‍ടിയുമായിട്ടാണെന്നും ജനസംഘമായിട്ടല്ലെന്നുമായിരുന്നു ഇടതു സ്ഥാനാര്‍ത്ഥി എം സ്വരാജിന്റെ ന്യായീകരണം. വര്‍ഗീയവാദികളുടെ വോട്ടിനുവേണ്ടി അഴകൊഴമ്പന്‍ നിലപാട് സ്വീകരിക്കുന്നവരല്ല തങ്ങളെന്നും ഏത് ഘട്ടത്തിലും സ്വീകരിക്കുന്ന ഒരേയൊരു നിലപാട് മതനിരപേക്ഷതയാണെന്നും അദ്ദേഹം വ്യക്തമാക്കി: മൊറാര്‍ജി ദേശായിയെ പ്രധാനമന്ത്രിയാക്കിയ 1977ലെ തെരഞ്ഞെടുപ്പില്‍ ജനതാ പാര്‍ടിയുമായാണ് ഇടതുപക്ഷം സഹകരിച്ചത്. വ്യത്യസ്ത ധാരയിലുള്ളവരെല്ലാം ഇതില്‍ പങ്കാളികളായി. നിയമസഭാ ഉപതെരഞ്ഞെടുപ്പായപ്പോള്‍ ജനതാ പാര്‍ടി ആര്‍എസ്എസിനാല്‍ നിയന്ത്രിക്കപ്പെടുന്നു എന്ന ആരോപണം ഉയര്‍ന്നു. അപ്പോഴാണ് ആര്‍എസ്എസ് വോട്ട് വേണ്ടെന്ന് ഇഎംഎസ് വ്യക്തമാക്കിയത്. തുടര്‍ന്ന് ആര്‍എസ്എസ് പിടിമുറുക്കിയ ജനതാ പാര്‍ടിയുമായി കോണ്‍ഗ്രസാണ് സഹകരിച്ചത്. വര്‍ഗീയതയെ എല്ലാ കാലത്തും എതിര്‍ക്കുകയും മതനിരപേക്ഷ നിലപാട് ഉയര്‍ത്തിപിടിക്കുകയുമാണ് ഇടതുപക്ഷം ചെയ്തിട്ടുള്ളതെന്നും സ്വരാജ് പറഞ്ഞു (ജൂണ്‍ 18, ദേശാഭിമാനി).
സ്വാരാജ് പറഞ്ഞതില്‍നിന്ന് വ്യത്യസ്തമായി ജനതാപാര്‍ട്ടിയിലെ പല നേതാക്കളും ജനസംഘത്തിന്റെ അഖിലേന്ത്യാ നേതാക്കളായിരുന്നു. ഉദാഹരണത്തിന് സുന്ദര്‍ സിങ് ഭണ്ഡാരി ജനതാപാര്‍ട്ടി രൂപീകരിക്കുന്നതുവരെ ജനസംഘത്തിന്റെ ജനറല്‍ സെക്രട്ടറിയായിരുന്നു. ജനസംഘത്തിന്റെ ട്രഷററായിരുന്ന നാനാജി ദേശ് മുഖ് ജനതാപാര്‍ട്ടിയില്‍ രൂപീകരിക്കപ്പെട്ടശേഷം അതിന്റെ ജനറല്‍ സെക്രട്ടറിയായി മാറി. ഇദ്ദേഹം അക്കാലത്ത് മലപ്പുറം ജില്ലാ വിരുദ്ധ സമരത്തിലും പങ്കെടുത്തു.
‘മറക്കാമോ കോലീബി’യെന്ന ശീര്‍ഷകത്തില്‍ തിരഞ്ഞെടുപ്പ് ദിവസം ദേശാഭിമാനി ഒരു വാര്‍ത്ത പ്രസിദ്ധീകരിച്ചു. 1991ല്‍ കോണ്‍ഗ്രസ്സും ലീഗും ബിജെപിയും ഒരുമിച്ച് മല്‍സരിച്ച കാര്യം ഈ വാര്‍ത്തയില്‍ എടുത്തുപറഞ്ഞു. ബേപ്പൂര്‍ നിയമസഭാ മണ്ഡലത്തിലും വടകരയിലുമായിരുന്നു കോലീബി സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥികള്‍ മല്‍സരിച്ചത്. വടകരയില്‍ ടി കെ ഹംസക്കെതിരേ ഡോ.കെ മാധവന്‍ എന്ന ആര്‍എസ്എസ്സുകാരനായിരുന്നു സ്ഥാനാര്‍ത്ഥി. വടകരയില്‍ (ലോക്‌സഭ) കെ.പി ഉണ്ണികൃഷ്ണനു പകരം സ്വതന്ത്രനായ അഡ്വ. എം രത്‌നസിങ്ങിനെ മല്‍സരിപ്പിച്ചു (ജൂണ്‍ 19, ദേശാഭിമാനി).
സിപിഎമ്മും ബിജെപിയുമായുള്ള തിരഞ്ഞെടുപ്പ് സഖ്യത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ട രാമന്‍പിള്ള തന്റെ ആത്മകഥയായ ‘ധര്‍മ്മം ശരണം ഗച്ഛാമി’യില്‍ വോട്ടു കച്ചവടത്തിന്റെ കഥകള്‍ വെളിപ്പെടുത്തിയിട്ടുണ്ടെന്നും ദേശാഭിമാനി എഴുതി(ജൂണ്‍ 19, ദേശാഭിമാനി). പട്ടാമ്പിയില്‍ ഇഎംഎസ്സിനെതിരേ ത്രികോണ മല്‍സരം ഒഴിവാക്കാന്‍ ജനസംഘത്തിന്റെ സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച മാതൃഭൂമി വാര്‍ത്തയായിരുന്നു ദേശാഭിമാനി പുറത്തുകൊണ്ടുവന്ന മറ്റൊരു തെളിവ് (ജൂണ്‍ 19, ദേശാഭിമാനി).
1967 ആഗസ്റ്റ് ഒന്നാം തിയ്യതി ആര്‍എസ്എസ്സിനെക്കുറിച്ച് എംഎം തോമസ് എംഎല്‍എയുടെ ചോദ്യത്തിന് മുഖ്യമന്ത്രി ഇഎംഎസ് നല്‍കിയ മറുപടി മാധ്യമങ്ങള്‍ പുറത്തുവന്നു. രാഷ്ട്രീയ സ്വയംസേവക് സംഘ് (ആര്‍എസ്എസ്) എന്നൊരു സംഘടന കേരളത്തില്‍ പ്രവര്‍ത്തിച്ചുവരുന്നതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ? എന്നു തുടങ്ങിയ ഏതാനും ചോദ്യങ്ങളായിരുന്നു എംഎല്‍എയുടേത്. ആര്‍എസ്എസ് ഹിന്ദുക്കളുടെ സന്നദ്ധ സംഘടനയാണെന്നായിരുന്നു ഇഎംഎസ്സിന്റെ മറുപടി.
സൈനിക പരിശീലനം നല്‍കുന്നതായി അറിവില്ല. എന്നാല്‍ ഡ്രില്‍, ലാത്തി മുതലായ കായികപരിശീലനം നല്‍കുന്നതായി അറിവുണ്ട്. പൊതുക്ഷേത്രങ്ങളുടെ പരിസരം ഉപയോഗിക്കുന്നില്ല. എന്നാല്‍ ചില സ്വകാര്യ കോവിലുകളുടെ പരിസരം ഇതിനായി ഉപയോഗിക്കുന്നുണ്ട് എന്നും മുഖ്യമന്ത്രി നിയമസഭയില്‍ മറുപടി നല്‍കി (ജൂണ്‍ 19, മീഡിയാവണ്‍).
ആര്‍എസ്എസ്സുമായി ഒരു സഖ്യവുമുണ്ടായിട്ടില്ലെന്നു പറഞ്ഞ മുഖ്യമന്ത്രിക്ക് മറുപടിയായി സിപിഎം നേതാവ് പി സുന്ദരയ്യയുടെ കത്തിനെക്കുറിച്ച് കെ സി വേണുഗോപാല്‍ ഫേസ്ബുക്കില്‍ ഒരു പോസ്റ്റിട്ടു: സിപിഎമ്മിന്റെ ആദ്യ ജനറല്‍ സെക്രട്ടറി പി സുന്ദരയ്യയെ അങ്ങേയ്ക്ക് ഓര്‍മയുണ്ടാവും. ജനറല്‍ സെക്രട്ടറി സ്ഥാനവും പി.ബി അംഗത്വവും രാജിവെച്ചുകൊണ്ട് സുന്ദരയ്യ 102 പേജ് വരുന്ന രാജിക്കത്ത്, 1975 സെപ്റ്റംബര്‍ 28ന് പാര്‍ട്ടിക്ക് നല്‍കിയിട്ടുണ്ട്. അതില്‍ അദ്ദേഹം പാര്‍ട്ടി സ്ഥാനമാനങ്ങള്‍ രാജിവെയ്ക്കുന്നതിന് 10 കാരണങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതില്‍ ആദ്യത്തേത് ഇതാണ്: ‘അടിയന്തരാവസ്ഥയെ നേരിടുന്നു എന്നതിന്റെ പേരില്‍ സാമ്രാജ്യത്വപക്ഷപാതിയായ ജനസംഘവുമായും ഫാഷിസ്റ്റ് സംഘടനയായ ആര്‍എസ്എസുമായും കൂട്ടുചേരുന്നതിനെ കേന്ദ്ര കമ്മിറ്റിയിലെ ഭൂരിഭാഗം അംഗങ്ങളും അനുകൂലിച്ചിരിക്കുന്നു. ഇത് നമ്മുടെ പാര്‍ട്ടിക്ക് വലിയ ദോഷമുണ്ടാക്കും. നമ്മുടെ രാജ്യത്തെയും പുറത്തെയും ജനാധിപത്യ സമൂഹങ്ങളില്‍, സാമ്രാജ്യത്വവിരുദ്ധ, സോഷ്യലിസ്റ്റ് ശക്തികള്‍ക്കിടയില്‍ നമ്മള്‍ ഒറ്റപ്പെടും (ജൂണ്‍ 19, ഫേസ്ബുക്ക്/ കെ.സി വേണുഗോപാല്‍).
അസത്യം പാടില്ലെന്ന് പ്രമോദ് രാമന്‍
ജമാഅത്തെ ഇസ്ലാമിയെന്നല്ല ആര്‍ക്കുമെതിരേയും അസത്യപ്രചാരണം പാടില്ലെന്ന് എഡിറ്റേഴ്‌സ് ടോക്കില്‍ എഡിറ്റര്‍ പ്രമോദ് രാമന്‍ അഭിപ്രായപ്പെട്ടു:
രാജ്യത്തിന്റെ മതനിരപേക്ഷ – ജനാധിപത്യ – ഫെഡറല്‍ ഭരണഘടനയ്ക്ക് അകത്തുനിന്നുകൊണ്ട് പ്രവര്‍ത്തിക്കുന്ന ഒട്ടനേകം സംഘടനകളില്‍ ഇസ്ലാമിക പ്രത്യയശാസ്ത്രം പുലര്‍ത്തുന്ന ചിലതില്‍ പെട്ട ഒന്നാണ് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്. നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഈ സംഘടനയെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. എന്നാല്‍ മറ്റേതൊരു സംഘടനയ്ക്ക് എതിരേയുമെന്ന പോലെ ജമാഅത്തെ ഇസ്‌ലാമി ഹിന്ദിന് എതിരേയും അസത്യപ്രചാരണം ഉണ്ടാകാന്‍ പാടില്ല. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിലും മറ്റുചില രാഷ്ട്രീയ സന്ദര്‍ഭങ്ങളിലും ജമാഅത്തെ ഇസ്‌ലാമി ഹിന്ദിനെക്കുറിച്ച് ഉണ്ടായ അസത്യപ്രചാരണങ്ങള്‍ തുറന്നുകാട്ടണമെന്നും അദ്ദേഹം പറഞ്ഞു (ജൂണ്‍ 18, മീഡിയാവണ്‍).
ജമാഅത്തെ ഇസ്‌ലാമിയെ നിരോധിക്കണം
ജമാഅത്തെ ഇസ്ലാമിയെ അടിയന്തിരമായി നിരോധിക്കണമെന്ന് ശിവസേന ആവശ്യപ്പെട്ടു. ജമാഅത്തെ ഇസ്ലാമി രാജ്യത്തു ഭീകരവാദത്തിന് മരുന്നിട്ടുകൊടുക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിക്കുമെന്നും സംഘടന അറിയിച്ചു (ജൂണ്‍ 21, മനോരമ).
വിജയിക്കുന്നത് വെല്‍ഫെയർ പാര്‍ട്ടി
ജയിക്കുന്നത് ആരായാലും സഭയിലെത്തുന്നത് ആഗോള മുസ്ലീം തീവ്രവാദ പ്രസ്ഥാനമായ ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയപ്രസ്ഥാനമായ വെല്‍ഫെയര്‍ പാര്‍ട്ടിയായിരിക്കുമെന്ന് ‘വിജയിക്കുന്നത് വെല്‍ഫയര്‍ പാര്‍ട്ടി’ എന്ന ശീര്‍ഷകത്തില്‍ അനന്തപുരി ദ്വിജന്‍ എഴുതിയ കുറിപ്പില്‍ പറയുന്നു. ജമാഅത്തെ ഇസ്‌ലാമിയുടെ ആഗോള തീവ്രവാദം, ജനാധിപത്യ മതേതര രാജ്യങ്ങളിലെ ഇരവാദം, വോട്ടിനുവേണ്ടി അവയെ കണ്ടില്ലെന്നു നടിക്കുന്ന പ്രീണന രാഷ്ട്രീയം, എല്ലാം മുസ്ലീം തീവ്രവാദികള്‍ മതരാഷ്ട്രനിര്‍മിതിക്കുള്ള ചവിട്ടുപടികളായി പ്രയോജനപ്പെടുത്തുന്നു- തുടങ്ങിയവയായിരുന്നു പ്രധാന ആരോപണങ്ങള്‍. ഇരുമുന്നണിയ്ക്കും വര്‍ഗീയതയെ സംബന്ധിച്ച് ഒരേ നിലപാടാണ്. തങ്ങള്‍ക്കൊപ്പമുള്ളവര്‍ മതേതരര്‍, എതിര്‍പക്ഷക്കാര്‍ വര്‍ഗീയവാദികള്‍. ലേഖകന്റെ അഭിപ്രായത്തില്‍ ഹിന്ദു തീവ്രവാദവും നേരിയ അളവില്‍ ക്രൈസ്ത തീവ്രവാദവും ഇന്ത്യയില്‍ ശക്തമാവുന്നത് ഇക്കാരണത്താലാണ് (ജൂണ്‍ 21, ദീപിക).
നിലമ്പൂരില്‍ ഹിന്ദു മുസ്ലീം ധ്രുവീകരണം
നിലമ്പൂരില്‍ ശക്തമായ ഹിന്ദു, മുസ്ലീം ധ്രുവീകരണം സംഭവിച്ചിട്ടുണ്ടെന്നും പി.വി. അന്‍വര്‍ പിടിക്കുന്ന വോട്ടുകള്‍ ജയപരാജയം നിര്‍ണയിക്കുമെന്നും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മുസ്ലീങ്ങളുടെ ചില പ്രവൃത്തികള്‍ ഹൈന്ദവ വികാരം ഉണര്‍ത്തിയിട്ടുണ്ട്. അതുകൊണ്ട് ബിജെ.പിക്കാരുടെ ഉള്‍പ്പെടെ വോട്ടുകള്‍ ഹിന്ദുവായ ഇടതു സ്ഥാനാര്‍ത്ഥി എം.സ്വരാജിന് കിട്ടും. കൂടുതല്‍ മുസ്ലീം വോട്ടുകള്‍ അന്‍വറിനും ലഭിക്കാം. അന്‍വര്‍ 25,000 വോട്ടു പിടിച്ചാല്‍ യു.ഡി.എഫിന്റെ സാദ്ധ്യത മങ്ങും. അത് സംഭവിച്ചില്ലെങ്കില്‍ വലിയ ഭൂരിപക്ഷത്തോടെ യു.ഡി.എഫിന് വിജയം പ്രതീക്ഷിക്കാം (ജൂണ്‍ 23, കേരള കൗമുദി).
ശ്രീനാരായണ സര്‍വകലാശാലയുടെ ആദ്യ വൈസ് ചാന്‍സലര്‍ മുസ്ലീം
യോഗത്തിന്റെ ആസ്ഥാനമായ കൊല്ലത്ത് ശ്രീനാരായണ ഓപ്പണ്‍ സര്‍വകലാശാല സ്ഥാപിച്ചപ്പോള്‍ ആദ്യ വൈസ് ചാന്‍സലറാക്കിയത് ഗുരുവിന്റെ ചിത്രം പോലും കണ്ടിട്ടില്ലാത്ത പ്രവാസിയായ മുസ്ലീമിനെയാണ്. ഇടതുസര്‍ക്കാരിന്റെ ഈ തീരുമാനത്തെ താന്‍ ചോദ്യം ചെയ്തപ്പോള്‍ ആദ്യം എതിര്‍ക്കാന്‍ വന്നത് മുസ്ലീംലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയാണ്-എസ്.എന്‍.ഡി.പി യോഗത്തിന്റെയും എസ്.എന്‍. ട്രസ്റ്റിന്റെയും സാരഥ്യത്തില്‍ മൂന്ന് പതിറ്റാണ്ട് പൂര്‍ത്തിയാക്കിയ വെള്ളാപ്പള്ളി നടേശൻ കണയന്നൂര്‍ യൂണിയന്‍ നല്‍കിയ സ്വീകരണത്തില്‍ മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
മുസ്ലീമിന് താന്‍ എതിരല്ല. കേരളത്തിലെ നോമിനേറ്റഡ് എം.പിമാരില്‍ ഒറ്റ പിന്നാക്ക വിഭാഗക്കാരനില്ല. ഏഴ് പേര്‍ ന്യൂനപക്ഷങ്ങളും രണ്ടാള്‍ സവര്‍ണവിഭാഗവുമാണ്. ഇത് ചൂണ്ടിക്കാണിച്ചപ്പോഴും തനിക്കെതിരെ രൂക്ഷവിമര്‍ശനങ്ങളുണ്ടായി. ഇവരുടെ മതേതരത്വം ഇങ്ങനെയൊക്കെയാണ്. മലപ്പുറത്തും ഇക്കാര്യങ്ങള്‍ തന്നെയാണ് താന്‍ പറഞ്ഞത്. അവിടെ മുസ്ലീം നേതാക്കളുടെ പേരില്‍ സര്‍ക്കാര്‍ ശമ്പളം കൊടുക്കുന്ന 11 കോളേജുകളുണ്ട്. നമുക്ക് ഒന്നുപോലുമില്ല. കേരളത്തില്‍ ആകെയുള്ളത് 11 എണ്ണം മാത്രം. 44 ശതമാനം ഹിന്ദുക്കളും 11 ശതമാനം ക്രൈസ്തവരും മലപ്പുറത്തുണ്ട്. അവര്‍ കോളേജ് അഡ്മിഷനുവേണ്ടി മുസ്ലീങ്ങളുടെ മുന്നില്‍ കേഴണം. ഇതൊക്കെ പറഞ്ഞതു കൊണ്ട് മുസ്ലീം വിരോധിയായി ചിത്രീകരിച്ചാലൊന്നും ഭയക്കില്ല. ലീഗിന്റെ അനീതിയെയാണ് ചൂണ്ടിക്കാട്ടിയത്. അവര്‍ക്കൊപ്പം ഭായിഭായിയെന്ന് പറഞ്ഞ് സംവരണ സമുദായ മുന്നണിയുണ്ടാക്കി എല്‍.ഡി.എഫിനെ താഴെയിറക്കാന്‍ വര്‍ഷങ്ങളോളം നടന്നയാളാണ് താന്‍. അധികാരത്തിലേറി വിദ്യാഭ്യാസ വകുപ്പ് കൈയില്‍ കിട്ടിയപ്പോള്‍ ലീഗ് തനിനിറം കാട്ടി. ഒരു സമുദായം മാത്രം നന്നായാല്‍ മതിയെന്നാണ് അവരുടെ നിലപാട്. മതേതരത്വം പറഞ്ഞ ഈഴവര്‍ എവിടെയെത്തിയെന്നും മതം പറഞ്ഞവര്‍ എവിടെയെത്തിയെന്നും ആലോചിച്ചാല്‍ മതി യാഥാര്‍ത്ഥ്യം തിരിച്ചറിയാമെന്നും വെള്ളാപ്പള്ളി പറഞ്ഞു (ജൂണ്‍ 23, കേരള കൗമുദി).
14. ഫലപ്രഖ്യാപനത്തിന് ശേഷം
ജൂണ്‍ 23ാം തിയ്യതിയായിരുന്നു വോട്ടെണ്ണല്‍ നടന്നത്. തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ആര്യാടന്‍ ഷൗക്കത്ത് വിജയിച്ചു. പിന്നീട് നടന്ന ഇസ്ലാമോഫോബിക് പ്രാചരണങ്ങളുടെ കേന്ദ്ര പ്രമേയം ഇതായിരുന്നു:
നിലമ്പൂരില്‍ കണ്ടത് മുസ്ലീം ലീഗിന്റെ വിജയം
നിലമ്പൂരില്‍ കണ്ടത് മുസ്ലീം ലീഗിന്റെ വിജയമാണെന്നും അവിടെ ഉയരുന്നത് ലീഗിന്റെ കൊടികളാണെന്നും വെള്ളാപ്പള്ളി നടേശന്‍ ചൂണ്ടിക്കാട്ടി: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഹിന്ദു മുസ്ലീം വികാരമുണ്ടായി. ഹിന്ദുവോട്ടുകള്‍ എല്‍ഡിഎഫിന് ലഭിച്ചു. നിലമ്പൂരില്‍ കണ്ടത് മുസ്ലീം ലീഗിന്റെ വിജയം. ഉയരുന്നത് ലീഗിന്റെ കൊടി. സ്വരാജ് മികച്ച പ്രകടനം കാഴ്ചവച്ചു. അഭിമാനകരമായ വോട്ട് നേടാന്‍ സാധിച്ചു. പി.വി അന്‍വറിനും അഭിമാനകരമായ വോട്ട് നേടാന്‍ സാധിച്ചു. ബിജെപിക്ക് 12,000 വോട്ടുകള്‍ ഉണ്ടായിരുന്നു. അത് കിട്ടില്ലെന്ന് ഞാന്‍ നേരത്തെ പറഞ്ഞതാണ്. കാരണം ഒരു മുസ്ലീം വികാരം ലീഗ് ഇളക്കിവിട്ടിരുന്നു. അതുകൊണ്ടുതന്നെ മറുഭാഗത്ത് ഒരു ഹിന്ദു വികാരവും ഉണ്ടായി’-വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു (ജൂണ്‍ 23, മീഡിയാവണ്‍).
യുഡിഎഫിനെ ജയിപ്പിച്ചത് വര്‍ഗീയ വാദികളും, തീവ്രവാദികളും
നിലമ്പൂരില്‍ യുഡിഎഫ് ജയിച്ചത് വര്‍ഗീയ ശക്തികളുടെ പിന്തുണകൊണ്ടാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍: ജനങ്ങള്‍ക്കിടയില്‍ സര്‍ക്കാര്‍ വിരുദ്ധ വികാരമുണ്ടെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. അത് സത്യമല്ല. ജനങ്ങളുടെ ആവശ്യം മുന്‍നിര്‍ത്തിയാണ് സര്‍ക്കാര്‍ പോകുന്നത്. ഭരണവിരുദ്ധ വികാരം ഉണ്ടെങ്കില്‍ യുഡിഎഫിന് വോട്ടുകള്‍ ഇതിനേക്കാള്‍ കൂടുമായിരുന്നു. തങ്ങള്‍ക്ക് ലഭിച്ച വോട്ടുുകള്‍ക്ക് കുറവില്ല. അത് നിലനിര്‍ത്താന്‍ സാധിച്ചിട്ടുണ്ട്. നൂനപക്ഷ ഭൂരിപക്ഷ വര്‍ഗീയതയെ തരാതരം ഉപയോഗിക്കുന്നത് മതനിരപേക്ഷതയ്ക്ക് ഭീഷണിയാകുമെന്നും ഗോവിന്ദന്‍ പറഞ്ഞു (ജൂണ്‍ 23, മാതൃഭൂമി).
ജമാഅത്തെ ഇസ്ലാമി വോട്ട് നേരത്തെ തന്നെ യുഡിഎഫിന് നല്‍കി. അത് നേരത്തെ തന്നെ പ്രഖ്യാപിച്ചു. ഇപ്പൊ ജയിച്ചെങ്കിലും ദൂരവ്യാപക ഫലം ജമാഅത്തെ കൂട്ടുകെട്ട് ഉണ്ടാക്കും. വര്‍ഗീയ വാദികളും, തീവ്രവാദികളും ആണ് യുഡിഎഫിനെ ജയിപ്പിച്ചത്. വര്‍ഗീയ വാദികളെയും തീവ്രവാദികളെയും എതിര്‍ത്താണ് എല്‍ഡിഎഫ് ഇത്രയും വോട്ട് നേടിയത്. എല്‍ഡിഎഫിന് കിട്ടിയത് മതനിരപേക്ഷ വോട്ടുകള്‍. മതനിരപേക്ഷ വാദികളുടെ പിന്തുണ നേടാന്‍ എല്‍ഡിഎഫിന് സാധിച്ചു. വര്‍ഗീയ കൂട്ടുകെട്ടിനെ നാട് തിരിച്ചറിയണം. ഭൂരിപക്ഷ, ന്യൂനപക്ഷ വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുകയാണ് യുഡിഎഫ് ചെയ്തത്. ഇതിനെതിരെ പ്രതിരോധം തീര്‍ക്കേണ്ടതുണ്ട്. ജനങ്ങള്‍ കരുതി ഇരിക്കണം. നേരത്തെയും ഇത്തരം കൂട്ടുകെട്ടുകള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ കേരളം അതിനെ അതിജീവിച്ചിട്ടുണ്ട്. (ജൂണ്‍ 23, മീഡിയാവണ്‍)
ജമാഅത്തെ ഇസ്‌ലാമിയുടെ വിജയം
നിലമ്പൂരിലേത് ജമാഅത്തെ ഇസ്ലാമി അടക്കമുള്ള ഇസ്ലാമികസംഘടനകളുടെ വിജയമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍: കേരള ജനതക്കുമേല്‍ അടിച്ചേല്‍പ്പിച്ച അനാവശ്യ ഉപതെരഞ്ഞെടുപ്പ് ആണ് നിലമ്പൂരില്‍ നടന്നത്. ലോക്‌സഭയില്‍ കിട്ടിയ വോട്ട് നിലയില്‍ നിന്ന് യുഡിഎഫിന് വലിയ വോട്ട് കുറഞ്ഞിട്ടുണ്ട്. അവരുടെ വോട്ട് പിടിച്ചു നിര്‍ത്തിയത് മുസ്ലീം തീവ്രവാദ സംഘടനകളുടെ വോട്ടുകള്‍ കൂടി ലഭിച്ചതോടെയാണ്. അതോടൊപ്പം എല്‍.ഡി.എഫ് വോട്ട് വിഭജിച്ചതും കോണ്‍ഗ്രസിനെ സഹായിച്ചു. തിരഞ്ഞെടുപ്പിന് വേണ്ടി ഏതറ്റവും വരെ പോയി, അപകടകാരികളായ ജമാഅത്ത് ഇസ്ലാമി പോലുള്ളവരെ മുഖ്യധാര രാഷ്ട്രീയത്തിലേക്ക് കൊണ്ട് വരുന്നത് കേരളത്തിന്റെ ഭാവിക്ക് തന്നെ അപകടമാണ്. കേരളത്തിലെ ജനങ്ങള്‍ ഇതിനെ എതിര്‍ക്കണം. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് വിജയം ജമാഅത്തെ ഇസ്ലാമി അടക്കമുള്ള ഇസ്‌ലാമിക സംഘടനകളുടേതാണ് (ജൂണ്‍ 23, മാധ്യമം).
മതവര്‍ഗീയ ശക്തികളുടെ കൂട്ടുകെട്ടിന്റെ വിജയം
മതവര്‍ഗീയ ശക്തികളുടെ തുറന്ന കൂട്ടുകെട്ടിനുവേണ്ടി യുഡിഎഫ് മുന്‍കൈയെടുക്കുകയാണെന്നും അതിന്റെ വിജയമാണ് നിലമ്പൂരില്‍ കണ്ടതെന്നും മന്ത്രി മുഹമ്മദ് റിയാസ്: എല്ലാ മതവര്‍ഗീയ ശക്തികളുമായും തുറന്ന കൂട്ടുക്കെട്ടിന് യു.ഡി.എഫിന് മുന്‍കൈ എടുക്കുകയാണ്. മതരാഷ്ട്ര വാദികളായ ജമാഅത്തെ ഇസ്‌ലാമിയെ രണ്ടു കൈയ്യും നീട്ടി യു.ഡി.എഫ് സ്വീകരിച്ചു. ജമാഅത്തെ ഇസ്ലാമി എന്ന അപ്പം യു.ഡി.എഫിന് ഇന്ന് മധുരിക്കും നാളെ കയ്ച്ചിരിക്കും- അദ്ദേഹം പ്രവചിച്ചു (ജൂണ്‍ 23, മാധ്യമം).
രാഷ്ട്രവിരുദ്ധരുടെ വിജയം
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ ജനവിധി യു.ഡി.എഫിന്റെ വിജയമായി കണക്കാക്കാനാകില്ലെന്നും മതതീവ്രവാദ-രാഷ്ട്രവിരുദ്ധ സംഘടനയായ ജമാഅത്തെ ഇസ്‌ലാമിയുടെ വിജയമാണെന്നും ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ കൃഷ്ണദാസ് (ജൂണ്‍ 23, മാധ്യമം).
വര്‍ഗീയവാദികളുടെ പിന്തുണ വാങ്ങിയില്ല
മണ്ഡലത്തില്‍ തിരിച്ചടി ഉണ്ടായി. എങ്കിലും ഇടതുപക്ഷം മുന്നോട്ടുവെച്ച രാഷ്ട്രീയ നിലപാടില്‍ നിന്ന് ഒരു കടുകുമണി പോലും വ്യതിചലിക്കാതെ മുന്നോട്ടുപോകാന്‍ സാധിച്ചെന്ന് ഇടതുപക്ഷ മുന്നണി സ്ഥാനാര്‍ത്ഥി എം സ്വരാജ്: ഞങ്ങള്‍ നാടിനെയും ജനങ്ങളെയും ബാധിക്കുന്ന പ്രശ്നങ്ങള്‍ മാത്രമാണ് ചര്‍ച്ച ചെയ്തത്. എതിര്‍ക്കുന്നവര്‍ കൊണ്ടുവന്ന വിവാദങ്ങളുടെ പിന്നാലെ പോയില്ല. ഞങ്ങള്‍ ഏതെങ്കിലും വിവാദങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരികയും ചെയ്തില്ല. ഞങ്ങള്‍ ഞങ്ങളുടെ രീതിയില്‍ മുന്നോട്ടുപോയി. എനിക്ക് ഞാനായി തന്നെ മത്സരിക്കാന്‍ സാധിച്ചൂ. ഏതെങ്കിലും തരത്തില്‍ വിട്ടുവീഴ്ചയ്ക്കോ ഒത്തുതീര്‍പ്പിനോ പോകേണ്ടി വന്നില്ല. പരാജയപ്പെട്ട് നില്‍ക്കുന്ന സമയത്തും പറയുന്നു ഒരു വര്‍ഗീയവാദിയുടെയും ഒരു പിന്തുണയും ഒരു കാലത്തും ഞങ്ങള്‍ക്ക് ആവശ്യമില്ല(ജൂണ്‍ 23, സമകാലിക മലയാളം).
നിലമ്പൂരില്‍ വര്‍ഗീയ കൂട്ടുകെട്ടിന്റെ വിജയം
നിലമ്പൂരിലെ യുഡിഎഫ് വിജയത്തെ വര്‍ഗീയ ശക്തികളെ കൂട്ടുപിടിച്ചുള്ള വിജയമെന്ന് സിപിഎം പോളിറ്റ് ബ്യുറോ അംഗം എ.വിജയരാഘവന്‍. ന്യൂനപക്ഷ -ഭൂരിപക്ഷ വര്‍ഗീയശക്തികളുമായി യുഡിഎഫ് കൂട്ടുകൂടുകയാണ്. ഇതിന്റെ പ്രത്യാഘാതം ഭാവിയില്‍ കാണാനാവുമെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി.
വോട്ട് ചെയ്തവരെ സിപിഎം അപമാനിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ ഇതിനോട് പ്രതികരിച്ചു (ജൂണ്‍ 24, മീഡിയാവണ്‍).
മുസ്ലീം വര്‍ഗീയതയുടെ വിജയം
നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വിജയം മുസ്ലീം വര്‍ഗീയതയുടെ വിജയമാണെന്ന് ജന്മഭൂമി ദിനപത്രം. മുസ്ലീം ന്യൂനപക്ഷ വര്‍ഗീയതയെ ആളിക്കത്തിച്ച് ഇരുമുന്നണികളും പരസ്പരം മല്‍സരിക്കുകയാണ്. ഈ മല്‍സരത്തില്‍ വിജയിച്ചത് യുഡിഎഫാണ്. മുസ്ലീം ലീഗ്, വെല്‍ഫെയര്‍ പാര്‍ട്ടി, ജമാഅത്തെ ഇസ്‌ലാമി തുടങ്ങിയ സംഘടകള്‍ യുഡിഎഫിനൊപ്പമായിരുന്നെങ്കില്‍ പിഡിപിയെയാണ് സിപിഎം കൂട്ടുപിടിച്ചത്. ജമാഅത്തെ ഇസ്‌ലാമിക്കെതിരേയാണ് സിപിഎം പ്രചാരണം നടത്തിയതെങ്കിലും അവര്‍ തിരഞ്ഞെടുപ്പില്‍ ഉപയോഗിച്ചത് ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ ആശയങ്ങളാണ്. ഇരുവിഭാഗവും ബിജെപിക്കെതിരേ നടത്തിയ വിദ്വേഷ പ്രചാരണം ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ അജണ്ടയായിരുന്നു. ഒരു ഭാഗത്ത് മഅദനിയും മറുഭാഗത്ത് മൗദൂദിയും അണിനിരന്ന തിരഞ്ഞെടുപ്പില്‍ വികസനത്തേക്കാള്‍ ചര്‍ച്ചയായത് മുസ്ലീം രാഷ്ട്രീയമാണ് (ജൂണ്‍ 24, ജന്മഭൂമി).
ആഘോഷിച്ച് ഹിന്ദുത്വ താലിബാനും ഇസ്ലാമിക സംഘപരിവാരവും
എല്‍ഡിഎഫിന്റെ പരാജയം തങ്ങള്‍ക്കു കൂടി ആഘോഷിക്കാനുള്ളതാണെന്ന് സംഘപരിവാരവും ഇസ്ലാമിക സംഘപരിവാരും തെളിയിക്കുന്നുവെന്ന് എം സ്വരാജ്: എല്‍ഡിഎഫിന്റെ പരാജയത്തില്‍ ഏറ്റവും കൂടുതല്‍ ആഘോഷിക്കുന്നത് സംഘപരിവാരമാണ്. വര്‍ഗീയവിഷ വിതരണക്കാരി മുതല്‍ ആര്‍എസ്എസ്സിന്റെ കൂലിപ്പണി നിരീക്ഷകര്‍ വരെ സകല വര്‍ഗീയവാദികളും ഇക്കൂട്ടത്തിലുണ്ട്. സ്വന്തം സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടിട്ടും സംഘപരിവാരം ആഘോഷിച്ചു തകര്‍ക്കുകയാണ്. സംഘപരിവാരത്തിനൊപ്പം ജമാഅത്തെ ഇസ്‌ലാമിയുമുണ്ട്. എല്‍ഡിഎഫ് പരാജയം / യുഡിഎഫ് വിജയം തങ്ങള്‍ക്കു കൂടി ആഘോഷിക്കാനുള്ളതാണെന്ന് സംഘപരിവാരവും ഇസ്ലാമിക സംഘപരിവാരവും ഒരുമിച്ച് തെളിയിക്കുന്നു. ഒരു കമ്യൂണിസ്റ്റ് എന്ന നിലയില്‍ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുമ്പോഴും ആഹ്ലാദിക്കാന്‍ ഇതില്‍പരം എന്തു വേണം. ഒരേ സമയം ഹിന്ദുത്വ താലിബാനും ഇസ്ലാമിക സംഘപരിവാരവും കൈകോര്‍ത്തു നിന്ന് അക്രമിക്കുന്നുവെങ്കില്‍, സകല നിറത്തിലുമുള്ള വര്‍ഗീയ ഭീകരവാദികള്‍ ഒരുമിച്ച് ആക്രമിക്കുന്നുവെങ്കില്‍ അതിനേക്കാള്‍ വലിയ ആഹ്ലാദവും അഭിമാനവും വേറെയില്ല (ജൂണ്‍ 24, ഫേസ്ബുക്ക്/ എം സ്വരാജ്).


കോണ്‍ഗ്രസ്സില്‍ നിന്ന് രാജി
ജമാഅത്തെ ഇസ്‌ലാമിയുമായി കൂട്ടുകെട്ടുണ്ടാക്കിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്സില്‍നിന്ന് ഏതാനും പേര്‍ രാജിവച്ചതായി ജന്മഭൂമി റിപ്പോർട്ട് ചെയ്തു. കണ്ണൂരിലെ എടക്കാട് പഞ്ചായത്തിലെ ചിലരാണ് പാര്‍ട്ടി വിട്ടത് (ജൂണ്‍ 25, ജന്മഭൂമി).
ജമാഅത്തെ ഇസ്‌ലാമിയുമായി യോജിപ്പില്ല
ജമാഅത്തെ ഇസ്‌ലാമിയുമായി തങ്ങള്‍ക്ക് ആശയപരമായി യോജിപ്പില്ലെന്ന് ലീഗ് നേതാവ് എം കെ മുനീര്‍. ജമാഅത്തെ ഇസ്‌ലാമി അവരുടെ വീട്ടിലിരുന്ന് പിന്തുണച്ചാല്‍ എന്തു ചെയ്യുമെന്നും മുനീര്‍ ചോദിച്ചതായി ജന്മഭൂമി റിപ്പോർട്ട് ചെയ്തു (ജൂണ്‍ 25, ജന്മഭൂമി).
മതമൗലികവാദികളുടെ വിജയം
ജമാഅത്തെ ഇസ്‌ലാമിയുമായി ബന്ധം സ്ഥാപിച്ച് തിരഞ്ഞെടുപ്പ് വിജയിച്ച സംഭവം ദേശീയതലത്തില്‍ പ്രചാരണത്തിനുപയോഗിക്കുമെന്ന് ജന്മഭൂമി. ബിജെപി നേതാക്കളെ ഉദ്ധരിച്ചുകൊണ്ടാണ് വാര്‍ത്ത. നിലമ്പൂരിലേത് മതമൗലികവാദികളുടെ വിജയമാണെന്നാണ് ബിജെപിയുടെ വാദം (ജൂണ്‍ 25, ജന്മഭൂമി).
ക്രഡിറ്റ് ലീഗിനോ?
നിലമ്പൂരിലേത് ലീഗിന്റെ വിജയമാണെന്ന് യുഡിഎഫില്‍ തര്‍ക്കം നടക്കുന്നതായി ദേശാഭിമാനി. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ വിജയം കോണ്‍ഗ്രസും ചില മാധ്യമങ്ങളും മതിമറന്ന് ആഘോഷിക്കുമ്പോള്‍, ജയത്തിന്റെ ക്രെഡിറ്റിലും പി.വി അന്‍വറിനെ കൂടെക്കൂട്ടുന്നതിലും ഭിന്നത രൂക്ഷമെന്ന് തുടങ്ങുന്ന റിപ്പോർട്ടിലാണ് ഈ ആശയമുള്ളത്: വിജയശില്‍പ്പികള്‍ തങ്ങളാണെന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ പിന്തുണയോടെ ലീഗ് നേതാക്കളും യുഡിഎഫ് മാധ്യമങ്ങളും അവകാശപ്പെടുമ്പോഴും അവര്‍ക്ക് മാത്രമായി ക്രെഡിറ്റ് നല്‍കേണ്ടതില്ലെന്ന വാദമാണ് മറുവിഭാഗത്തിന്. പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഇവര്‍ക്കൊപ്പമാണ്. ആര്യാടന്‍ മുഹമ്മദ് ലീഗിനെ വെല്ലുവിളിച്ച് വിജയിച്ച മണ്ഡലമാണ് നിലമ്പൂരെന്നും ഇവര്‍ ഓര്‍മിപ്പിക്കുന്നു. എന്നാല്‍, ആര്യാടന്‍ ഷൗക്കത്ത് പാണക്കാട് സന്ദര്‍ശിച്ച് വിജയത്തിന്റെ എല്ലാ ക്രെഡിറ്റും മുസ്ലീം ലീഗിന് നല്‍കി. മണ്ഡലത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തനം സജീവമാകാന്‍ വൈകിയെന്ന് ഡിസിസി പ്രസിഡന്റ് ജോയിക്ക് ഒരു കുത്തും നല്‍കി (ജൂണ്‍ 26, ദേശാഭിമാനി).
വര്‍ഗീയ തീവ്രവാദ പ്രസ്ഥാനങ്ങളുമായി കൂട്ടുകൂടി നിലമ്പൂരില്‍ യുഡിഎഫ് നേടിയ വിജയത്തെ മാധ്യമങ്ങള്‍ വാഴ്ത്തുപാട്ടാക്കി മാറ്റിയെന്ന് ഇതേ ദിവസം നല്‍കിയ മറ്റൊരു റിപ്പോർട്ടില്‍ ഇതര മാധ്യമങ്ങളെയും കുറ്റപ്പെടുത്തി (ജൂണ്‍ 26, ദേശാഭിമാനി).
പിന്തുണ ആദ്യമായല്ല
ജമാഅത്തെ ഇസ്‌ലാമി ആദ്യമായല്ല യുഡിഎഫിനെ പിന്തുണയ്ക്കുന്നതെന്ന് വിജയിച്ച സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത്. ഇതിനു മുമ്പ് രാഹുല്‍ഗാന്ധിയെ പിന്തുണച്ചിട്ടുണ്ട്. അതിനു മുമ്പും പിന്തുണ നല്‍കിയിട്ടുണ്ട്. ഇന്ത്യാ മുന്നണിയെന്ന ആശയത്തെ ആര് പിന്തുണച്ചാലും അവരുമായി സഹകരിക്കാന്‍ തയ്യാറാണ്. ഹിന്ദു വോട്ടുകള്‍ നേടാനുള്ള വലിയ ശ്രമം ഇടുതപക്ഷം നടത്തി. നിലമ്പൂര്‍ അതിനൊന്നും ചെവികൊടുത്തില്ല (ജൂണ്‍ 25, റിപ്പോർട്ടർ ടിവി)
മതരാഷ്ട്രവാദം ഉന്നയിച്ചിട്ടില്ല
തങ്ങള്‍ക്കെതിരേ ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ക്കൊടുവില്‍ ജമാഅത്തെ ഇസ്‌ലാമി മതരാഷ്ട്രവാദത്തില്‍ വിശദീകരണവുമായി എത്തി. ജമാഅത്തെ ഇസ്‌ലാമി ഇതുവരെ മതരാഷ്ട്രവാദം ഉന്നയിച്ചിട്ടില്ലെന്നും ഏഴര പതിറ്റാണ്ടായ പ്രസ്ഥാനത്തിന്റെ ഭരണഘടനയില്‍ അത് വ്യക്തമാക്കിയിട്ടുണ്ടെന്നും കേരള അമീര്‍ പി മുജീബ് റഹ്‌മാന്‍ പറഞ്ഞു. പ്രസിദ്ധീകരണങ്ങളിലും പുസ്‌തകങ്ങളിലും അത് വ്യക്തമാണ്. ഖുര്‍ആനും നബിചര്യയും അനുസരിച്ചാണ് ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തിക്കുന്നതെന്നും മലപ്പുറത്ത് നടത്തിയ പത്രസമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി (ജൂണ്‍ 26, മാതൃഭൂമി). മുഖ്യമന്ത്രിയും എം.വി ഗോവിന്ദനും പറയുന്നത് പച്ചക്കള്ളമാണെന്നും അദ്ദേഹം ആരോപിച്ചു (ജൂണ്‍ 26, മാധ്യമം).
നിലമ്പൂരിലെ വിജയം ജമാഅത്തെ ഇസ്‌ലാമിയുടേത്
മതേതരത്വത്തിന് വിരുദ്ധമായി നിലനില്‍ക്കുന്ന സംഘടനയാണ് ജമാഅത്തെ ഇസ്‌ലാമിയെന്നും നിലമ്പൂരിലെയും വയനാട്ടിലെയും വിജയം കോണ്‍ഗ്രസിന്റേതല്ല, ജമാ അത്തെ ഇസ്‌ലാമിയുടേതാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്ര ശേഖര്‍. കോണ്‍ഗ്രസിന്റെ റിമോട്ട് കണ്‍ട്രോള്‍ ജമാഅത്തെ ഇസ്‌ലാമിയുടെ കൈയിലാണ്. തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കോണ്‍ഗ്രസ് ഏതു വഴിയും തേടും. അവിടെ മതേതരത്വമോ, മറ്റ് മൂല്യങ്ങളോ പരിഗണിക്കപ്പെടില്ല. മറ്റെല്ലാ സംഘടനകള്‍ക്കും പ്രസിഡന്റും സെക്രട്ടറിയുമൊക്കെയാണ് പദവികളെങ്കില്‍ ഇവരുടെ മേധാവി ‘അമീര്‍ ‘ എന്നാണ് അറിയപ്പെടുന്നത്. വിദ്വേഷത്തിന്റെ രാഷ്ട്രീയമാണ് ജമാ അത്തെ ഇസ്ലാമിക്കുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും ജനങ്ങളെ വിഡ്ഢികളാക്കുകയാണ്. ഒരു കൈയില്‍ ഭരണഘടനയും മറ്റൊരു കൈയില്‍ ജമാ അത്തെ ഇസ്‌ലാമിയുമായുള്ള സഖ്യവുമാണുള്ളത്. ജമാ അത്തെ ഇസ്‌ലാമിക്കെതിരെ എഫ്‌ഐആര്‍ ഇല്ലെന്നാണ് വിഡി സതീശന്‍ പറയുന്നത്. എന്നാല്‍, അവര്‍ അപകടം നിറഞ്ഞ സംഘടനയാണെന്ന് പണ്ട് ഉമ്മന്‍ ചാണ്ടി പറഞ്ഞിട്ടുണ്ടെന്നും രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു (ജൂലൈ 2, ന്യൂസ് 18).


15. സംഘാവും മാപ്ലാവും
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ ഫലം വന്നതിന് പിന്നാലെ ‘വാപ്പുട്ടിക്ക സംഘാവിന്റെ വാ പൂട്ടി’യെന്ന് മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഫാത്തിമ തെഹ്ലിയ ഫേസ്ബുക്കില്‍ എഴുതി(ജൂണ്‍ 23, ഫേസ്ബുക്ക്/ ഫാത്തിമ തെഹ്ലിയ) ഇതിന്റെ പേരില്‍ തഹ്ലിയയ്ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. സംഘപരിവാര്‍ നേതാവ് ശശികലയുമായി ഉപമിച്ചുകൊണ്ടുള്ള പോസ്റ്റുകളും സമൂഹമാധ്യമങ്ങളിലുണ്ടായിരുന്നു.
മീഡിയാ മലയാളം ഇതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്തു. ‘സംഘാവ്’, ‘മാപ്ലാവ്’ എന്നീ വിശേഷണങ്ങള്‍ ജമാഅത്തെ ഇസ്‌ലാമിക്കാരാണ് നിര്‍മിച്ചതെന്നും മറ്റുള്ളവരിലേക്ക് അത് കടന്നുകയറിക്കഴിഞ്ഞെന്നും അവതാരകര്‍ അവകാശപ്പെട്ടു: ജമാഅത്തെ ഇസ്‌ലാമിയുടെ ആശയപ്രചാരണരീതി (ലീഗിനെ) സ്വാധീനിച്ചിട്ടുണ്ട്. അവര്‍ താര്‍ക്കികന്മാരായതിനാല്‍ ഇത്തരം വാക്കുകള്‍ കോയിന്‍ ചെയ്യുന്നതില്‍ മിടുക്കന്മാരാണ്. അന്‍വര്‍ ‘പിണറായിസം’, ‘മരുമോനിസം’ പോലുള്ള വാക്കുകള്‍ ഉപയോഗിച്ചിരുന്നു. അതിനേക്കാള്‍ അപകടകരമാണ് ഈ വാക്കുകള്‍. അതുപോലെയൊരു പ്രയോഗമാണ് ‘ഹിന്ദുത്വ ഇടതുപക്ഷം’. അതും ജമാഅത്തെ ഇസ്‌ലാമിക്കാരാണ് ഇറക്കിയത് (ജൂണ്‍ 25, മീഡിയമലയാളം, ആര്‍ഡിഎക്‌സ്).
ഫാത്തിമ തെഹ്ലിയ ഇതിന് ഒരു മറുപടി പറഞ്ഞു. ആര്‍എസ്എസുമായി കൂട്ടുകൂടിയിട്ടുണ്ടെന്ന് അഭിമാനപൂര്‍വം പറയുന്നവരെ സംഘാവെന്നല്ലാതെ മറ്റെന്താണ് വിളിക്കുകയെന്ന് അവര്‍ പങ്കുവെച്ച വീഡിയോയില്‍ ചോദിക്കുന്നു. കുറേക്കാലമായി സിപിഐഎം തിരഞ്ഞെടുപ്പിനെ നേരിടുന്നത് വര്‍ഗീയമായിട്ടാണെന്നും ആരോപിച്ചു. പാലക്കാട് ഉപതിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പത്രങ്ങളില്‍ സിപിഐഎം നല്‍കിയ പരസ്യത്തെയും വടകര ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രചരിച്ച കാഫിര്‍ സ്‌ക്രീന്‍ഷോട്ടിനെയും ചൂണ്ടിയായിരുന്നു തെഹ്ലിയയുടെ പരാമര്‍ശം (ജൂണ്‍ 28, റിപ്പോർട്ടർ ടിവി).
പിന്നീട് ‘മാപ്ലാവ്’, ‘സംഘാവ്’ തുടങ്ങിയ പ്രയോഗങ്ങളുടെ ഉപജ്ഞാതാക്കളെ സോഷ്യല്‍മീഡിയ കണ്ടെത്തി. ചില റിപ്പോർട്ടുകളനുസരിച്ച് ‘മാപ്ലാവ്’ ബെന്‍ മമ്മുട്ടിയുടെയും ‘സംഘാവ്’ നസറുദ്ദീന്‍ മണ്ണാര്‍ക്കാടിന്റെയും പ്രയോഗങ്ങളാണ്. രണ്ട് പേര്‍ക്കും ജമാഅത്തെ ഇസ്ലാമിയുമായി ബന്ധമില്ല (ജൂണ്‍ 25, ഫേസ്ബുക്ക്/നസറുദ്ദീന്‍ മണ്ണാര്‍ക്കാട്).
സംഘാവല്ലെന്ന് തെളിയിക്കട്ടെ
നിരന്തരം വര്‍ഗീയപരാമര്‍ശം നടത്തുന്ന പി.സി ജോര്‍ജിനെതിരേ കേസെടുത്തുകൊണ്ട് സംഘാവല്ലെന്ന് തെളിയിക്കട്ടെയെന്ന് എംഎല്‍എ നജീബ് കാന്തപുരം ഫേസ്ബുക്കിലൂടെ മുഖ്യമന്ത്രിയെ പരിഹസിച്ചു: നുണയും പറഞ്ഞ് വര്‍ഗീയത മുഴുവന്‍ വീശിയെറിഞ്ഞ ശേഷം പി സി ജോര്‍ജ്ജിന്റെ ഒരു വെല്ലുവിളിയുണ്ട്, ധൈര്യമുണ്ടെങ്കില്‍ മുഖ്യമന്ത്രി കേസെടുക്കട്ടെയെന്ന്! രണ്ടുദിവസമായി, സോഷ്യല്‍ മീഡിയയില്‍ മുഴുവന്‍ സംഘാവെന്ന വിളിക്ക് മറുപടി എഴുതാനുള്ള ഓട്ടത്തിലാണ് സഖാക്കള്‍ മുഴുവന്‍. അതെല്ലാം ഒരൊറ്റ നിമിഷം കൊണ്ട് കൗണ്ടര്‍ ചെയ്യാവുന്ന അവസരമാണിത്. പി സി ജോര്‍ജ്ജിനെതിരെ കേസെടുക്കാന്‍ മുഖ്യമന്ത്രി ആഭ്യന്തരമന്ത്രിക്ക് നിര്‍ദ്ദേശം നല്‍കണം (രണ്ടും ഒരാള്‍ അല്ലെങ്കില്‍) (ജൂണ്‍ 25, ഫേസ്ബുക്ക്/നജീബ് കാന്തപുരം).

