ആത്മകഥ വായിച്ചാൽ കെ വേണു സ്റ്റാലിനാണോ എന്ന് തോന്നും

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

ജാതിവിരുദ്ധ മതേതരവേദിയിൽ നിന്ന് അധഃസ്ഥിത നവോത്ഥാന മുന്നണിയിലേക്ക് എത്തിച്ചേർന്ന മാറ്റം എങ്ങനെയാണ് നിർവചിക്കുവാൻ കഴിയുക ?

പാർട്ടി പിളരുന്നതിന് മുമ്പാണ് ജാതിവിരുദ്ധ മതേതരവേദിക്ക് രൂപം നൽകിയത്. അത് സത്യത്തിൽ ജാതിക്കെതിരായ ഒരു സംഘടന ആയിരുന്നു. കെ വേണു ആത്മകഥയിൽ എഴുതിയതുപോലെ മഹാരാഷ്ട്രയിൽ പോയി ജാതിയെക്കുറിച്ച് അറിഞ്ഞു എന്ന് പറയുന്നതിൽ അർത്ഥമില്ല. ഇവിടില്ലാത്തൊരു യാഥാർത്ഥ്യം മഹാരാഷ്ട്രയിൽ നിന്ന് തിരിച്ചറിഞ്ഞു എന്നാണ് കെ.വി പറയുന്നത്. കെ വേണു ജനിച്ച കൊടുങ്ങല്ലൂരിലെ പുല്ലൂറ്റ് എന്ന ഗ്രാമത്തിൽ ജാതിയുണ്ട്. അവിടെ തിരക്കിയാൽ പോരേ ജാതിയുടെ കാര്യം. കൊടുങ്ങല്ലൂർക്ക് പോലും വരേണ്ടതില്ലല്ലോ.

ജാതി എങ്ങനെയാണ് സമൂഹത്തിൽ പ്രവർത്തിക്കുന്നതെന്ന് ഞാൻ മഹാരാജാസ് കോളേജിലെ അനുഭവത്തിൽനിന്ന് പറയാം. ഞാൻ മഹാരാജാസിൽ പഠിക്കുന്ന കാലത്ത് എന്റെ സഞ്ചാരവഴികളിൽ ദലിതരുടെ ഓലപുരകളിൽ മാത്രമാണ് അന്തിയുറങ്ങിയത്. ഞാൻ ആദ്യം ചെല്ലുന്ന സ്ഥലങ്ങളിൽ ഒന്ന് വൈക്കം സത്യാഗ്രഹം നടന്ന വൈക്കം ആണ്. അവിടുത്തെ കുട്ടികൾ എന്നെ ചേട്ടൻ എന്ന് വിളിക്കുമ്പോൾ ഞാൻ താമസിച്ച വീട്ടിലെ വളരെ പ്രായമുള്ള കാരണവരെ പേരിനൊപ്പം പുലയൻ എന്ന് ചേർത്താണ് വിളിച്ചിരുന്നത്. എന്നെ പുള്ള (പിള്ള) എന്ന് വിളിക്കുന്നു. ഇതാണ് ഞാൻ കണ്ട ജാതി. വെള്ളമില്ലാതെ വരുമ്പോൾ ഈഴവരുടെ കുളത്തിൽ ഇറങ്ങി പുലയർക്ക് വെള്ളമെടുക്കാൻ സ്വാതന്ത്ര്യമില്ല. ഈഴവർ വെള്ളമെടുത്ത് കൊടുക്കും. പുലയർ തൊട്ട് അശുദ്ധമാക്കരുതെന്നാണ് കീഴ്വഴക്കം.

1970 ലെ വൈക്കത്തെക്കുറിച്ചാണ് ഞാൻ പറയുന്നത്. 1924 ലാണ് വൈക്കെ സത്യാഗ്രഹം നടന്നത് എന്ന് ഓർക്കണം. അതിനടുത്ത പ്രദേശത്ത് നിന്നാണ് ഞാൻ വിവാഹം കഴിച്ചത്. വളരെ പ്രായമുള്ള ഒരാളെ പുലയ കുട്ടികൾ പറയൻ കുമാരൻ എന്നാണ് വിളിക്കുന്നത്. ഞാനാകട്ടെ അദ്ദേഹത്തെ ചേട്ടൻ എന്നാണ് വിളിക്കുന്നത്. കെ.വി നടത്തിയത് സമൂർത്ത സാഹചര്യങ്ങളുടെ സമൂർത്ത വിശകലനമാണ്. ശരിയായ വിശകലനം നടത്തിയതിനാലാണ് ലെനിന് റഷ്യയിൽ വിപ്ലവം നടത്താൻ കഴിഞ്ഞത്. നമുക്ക് സമൂഹത്തിലെ ജാതി ‌ബന്ധങ്ങൾ ഇഴപിരിച്ച് തിരിച്ചറിയാൻ കഴിഞ്ഞില്ല. ഞാൻ പാർട്ടിയുടെ പുറകിൽ പോയ ആളാണ്. വേണു പാർട്ടിയെ മുന്നിൽ നിന്ന് നയിച്ച സൈദ്ധാന്തികനാണ്. എനിക്ക് പാർട്ടിയിൽ വലിയ ഉത്തരവാദിത്വം ഉണ്ടായിരുന്നില്ല. എന്നാൽ, ഞാനിപ്പോഴും മാർക്സിസം കൈവെടിഞ്ഞിട്ടില്ല. പലരും ഞാൻ മാർക്സിസ്റ്റ് അല്ല എന്ന് പറയും. മാവോ യുദ്ധത്തെ മാത്രമല്ല രാഷ്ട്രീയമായി കണ്ടത്. രക്തരൂക്ഷിതം അല്ലാത്ത വിപ്ലവത്തെക്കുറിച്ചും മാവോ പറഞ്ഞു. ചെഗുവരെയെ ഞാൻ ഇപ്പോഴും തള്ളിപ്പറയുന്നില്ല.

വൈക്കം സത്യാഗ്രഹ സ്മാരകം. കടപ്പാട്:thehindu

പാർട്ടിയിലെ പലരും അധഃസ്ഥിത നവോത്ഥാന മുന്നണിയിലേക്ക് വന്നിരുന്നില്ല. എന്നാൽ സലിംകുമാർ മുന്നണിയുടെ പ്രവർത്തനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കാരണമെന്താണ്?

തലയോലപ്പറമ്പിൽ നടന്ന ജാതിവിരുദ്ധ മതേതരവേദിയുടെ കൺവെൻഷനിലെ ചർച്ചയാണ് അതിന്റെ തുടക്കം. പരിപാടിയിൽ കുറേ ആളുകൾ പങ്കെടുത്തിരുന്നു. ആ പരിപാടിയിൽ ഭക്ഷണത്തിന്റെ ചുമതലയാണ് പാർട്ടി എന്നെ ഏൽപ്പിച്ചത്. അത് ഏറ്റെടുത്തതിനാൽ എനിക്ക് അവിടെ നടന്ന ചർച്ച കേൾക്കാനോ കാര്യമായി പരിപാടിയിൽ പങ്കെടുക്കാനോ കഴിഞ്ഞില്ല. അതിൽ അവതരിപ്പിച്ച രേഖകൾ ഒക്കെ പിന്നീടാണ് വായിച്ചത്. എം.എം സോമശേഖരന്റെ ജാതിയെക്കുറിച്ചുള്ള വീക്ഷണം ഗൗരവമായി വായിച്ചു. അന്ന് അവതരിപ്പിച്ച പ്രബന്ധങ്ങളാണ് അംബേദ്കർ വായനയിലേക്ക് നയിച്ചത്. കെ വേണുവിന്റെ നേതൃത്വത്തിൽ രൂപംകൊണ്ട പാർട്ടി കമ്മിറ്റി തന്നെയാണ് അധഃസ്ഥിത നവോത്ഥാന മുന്നണി രൂപീകരിക്കാൻ തീരുമാനിച്ചത്.

ദലിത് ആദിവാസി വിഭാഗങ്ങളെ പ്രത്യേകമായി തന്നെ സംഘടിപ്പിക്കുക എന്നത് പാർട്ടി തീരുമാനമായിരുന്നു. മുന്നണി രൂപീകരിച്ചതോടെ പാർട്ടിക്കുള്ളിൽ ഞാനെന്ത് പറഞ്ഞാലും സലിംകുമാർ ജാതി കണ്ണിലാണ് കാണുന്നതെന്ന് വിമർശനം ഉയർന്നു. കൊയിലാണ്ടിക്കാരൻ ശിവദാസൻ അത്തരം വലിയ വിമർശനം എനിക്കെതിരെ ഉയർത്തിയിരുന്നു. അങ്ങനെ ജാതിയുടെ കണ്ണുകളിലൂടെ മാത്രം ഞാൻ കാര്യങ്ങൾ കാണുന്നു എന്ന വിമർശനം ശക്തമായി. സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം തുടങ്ങിയ ആശയങ്ങളെ സമൂഹത്തിന്റെ നിർമ്മാണത്തിനായി ഉപയോഗപ്പെടുത്തണം എന്ന ചിന്ത വന്നു. ആ സമയത്തും ആദിവാസി ഭൂമി പ്രശ്നം ചർച്ചയായില്ല. അക്കാലത്തെ പരിമിതി കൂടി നാം മനസ്സിലാക്കണം.

പാർട്ടി നേതൃത്വം പെറ്റി ബൂർഷ്വാ വിഭാഗത്തിന്റെ കൈയിലായതുകൊണ്ടാണ് ഇതൊക്കെ സംഭവിച്ചതെന്ന വിമർശനമില്ലേ? ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി വിഷയത്തിൽ 1986 ലാണ് നല്ലതമ്പിതേര കോടതിയെ സമീപിക്കുന്നത്. നല്ലതമ്പിയും സർക്കാരും തമ്മിലുള്ള ഏറ്റുമുട്ടലാണ് കോടതിയിൽ നടന്നത്. ഇതൊന്നും കേരളത്തിലെ പ്രസ്ഥാനം അറിഞ്ഞില്ലേ?

ഇന്ത്യയെന്ന മഹാരാജ്യത്തിലെ ജനങ്ങളെ അഡ്രസ് ചെയ്യേണ്ട പാർട്ടി, സമൂഹത്തിന്റെ ഓരത്ത് നിൽക്കുന്ന ആദിവാസികളുടെ പ്രശ്നങ്ങൾ ഏറ്റെടുക്കുക എന്ന് പറഞ്ഞാൽ അതിന് പരിമിതി ഇല്ലേ. ആദിവാസികളിൽ നിന്ന് ഭേദപ്പെട്ട വിദ്യാഭ്യാസം 1970കളിൽ ലഭിച്ച ഒരാളാണ് ഞാൻ. എന്നിട്ടും 1995ലാണ് ഞാൻ ആദിവാസി ഭൂനിയമം നടപ്പാക്കണം എന്ന് ആദ്യമായി ആവശ്യപ്പെട്ടത്. ഏതാണ്ട് 20 വർഷം വൈകിയാണ് എനിക്ക് കാര്യം മനസ്സിലായത്. അതിനുശേഷം ഈ കാര്യം ആദിവാസികളോട് പറയാൻ ഞാൻ നടന്നിട്ടുണ്ട്. അവർക്ക് ഇക്കാര്യത്തോട് വേണ്ടത്ര താൽപര്യമുള്ളതായി കണ്ടില്ല.

അധഃസ്ഥിത മുന്നണി എന്തെല്ലാം ചലനം ഉണ്ടാക്കി?

സി.ആർ.സി സി.പി.ഐ എം.എൽ പ്രവർത്തന കാലത്ത് ജാതി പ്രശ്നം അംഗീകരിക്കാൻ പാർട്ടി തയ്യാറായി. അവിടെയാണ് അംബേദ്കർ കടന്നുവരുന്നത്. അന്ന് പാർട്ടിക്കകത്ത് ഒരു സൈദ്ധാന്തിക പ്രശ്നമായി തീർന്നത് വർഗസമരവും ജാതിയും ആണ്. ജാതിയും വർഗവും തമ്മിലുള്ള പ്രശ്നം പാർട്ടി ഗൗരവമായി ചർച്ച ചെയ്തു. അതുകൊണ്ടാണ് സി.പി.എം സെക്രട്ടറി സീതാറാം യെച്ചൂരിയെപ്പോലെയുള്ളവർ സ്വത്വരാഷ്ട്രീയം എന്നൊക്കെ അന്ന് വിളിച്ചത്. ആ ചർച്ചകൾ ഇടതുപക്ഷത്തിനുള്ളിൽ ഇപ്പോഴും നടക്കുന്നുണ്ട്. ജാതിയും വർഗവും രണ്ടും കൂടി ഒന്നിച്ച് കൊണ്ടുപോവുക അത്ര എളുപ്പമല്ല. പാർട്ടിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥി, യുവജന, സ്ത്രീ, ട്രേഡ് യൂണിയൻ തുടങ്ങിയ ബഹുജന സംഘടനകൾ ഉണ്ടാക്കി. ഗീതാനന്ദന്റെ നേതൃത്വത്തിലായിരുന്നു മേയ് ദിന തൊഴിലാളി യൂണിയൻ രൂപീകരിച്ചത്. അതുപോലെ അധഃസ്ഥിത നവോത്ഥാന മുന്നണിയും രൂപീകരിച്ചു. അവിടെ വിപ്ലവത്തിൽ നിന്നും യുദ്ധത്തിൽ നിന്നും അല്പം വ്യതിയാന സംഭവിച്ചു. എങ്കിലും ഗറില്ല യുദ്ധത്തിന് വേണ്ടിയാണ് ഈ സംഘടനകളെല്ലാം രൂപീകരിച്ചത്.

ഈ സംഘടനകളുടെ പ്രവർത്തനങ്ങളെല്ലാം പാർട്ടി നിയന്ത്രണത്തിലായിരുന്നു. എന്നാൽ അധഃസ്ഥിത നവോത്ഥാന മുന്നണിയുടെ തീരുമാനങ്ങൾ പാർട്ടി എടുക്കേണ്ടെന്ന തീരുമാനത്തിൽ ഞങ്ങൾ എത്തി. എല്ലാത്തിന്റെയും കേന്ദ്രം പാർട്ടിയാണെന്ന നിലപാടിനെ ചോദ്യം ചെയ്തു. അത് ബ്രാഹ്മണിക്കൽ ആയ ഒരു രീതിയാണെന്ന് ചൂണ്ടിക്കാണിച്ചു. അതൊരു ബ്രാഹ്മണ ചിന്തയാണെന്ന് മുന്നണി തിരിച്ചറിഞ്ഞു. എല്ലാം കേന്ദ്രീകരിക്കപ്പെടുന്നു എന്നത് ബ്രാഹ്മണിസമാണ്. മുന്നണിയുടെ പ്രവർത്തനങ്ങൾ പാർട്ടി തീരുമാനിക്കുന്ന തലത്തിൽ അല്ല എന്നൊരു നില വന്നു. മനുസ്മൃതി കത്തിക്കാൻ മുന്നണിയാണ് തീരുമാനിച്ചത്. പാർട്ടി തീരുമാനം അനുസരിച്ചല്ല വൈക്കത്ത് മനുസ്മൃതി കത്തിച്ചത്. മുന്നണിയുടെ തീരുമാനം പാർട്ടിയെ അറിയിക്കുകയും പാർട്ടി അത് അംഗീകരിക്കുകയുമാണ് ചെയ്തത്.

പ്രതീകാത്മക ചിത്രം

അങ്ങനെ ഒരു തീരുമാനം എടുത്തത് എന്തുകൊണ്ടാണ്? മനുസ്മൃതി കത്തിക്കുന്നതിന്റെ വർത്തമാനകാല പ്രസക്തി എന്തായിരുന്നു?

ഭൂതകാലവും വർത്തമാനവും തമ്മിൽ അകലമുണ്ട്. കെ.കെ കൊച്ചിനെ പോലെയുള്ള ആളുകൾ മനുസ്മൃതി കത്തിച്ചാൽ അത് ചാരമാണെന്ന് പരിഹസിച്ചു. 1989 ലാണ് മനുസ്മൃതി കത്തിച്ചത്. പട്ടികജാതി-പട്ടികവർഗ അതിക്രമത്തിന് എതിരായ നിയമം കൊണ്ടുവരുന്നത് 1989 ൽ ആണ്. ഞാൻ കോളേജിൽ പഠിക്കുന്ന കാലത്താണ് തഞ്ചാവൂരിലെ വെൺമണയിൽ 48 ദലിതരെ കൊന്നത്. ഈ കേസിൽ ബ്രാഹ്മണരെ ശിക്ഷിക്കാൻ കഴിയില്ലെന്നാണ് കോടതി പറഞ്ഞത്. ഗുജറാത്തിലെ കേസിലും ബ്രാഹ്മണരായ പ്രതികളെ വെറുതെ വിട്ടു. ബ്രാഹ്മണരായതുകൊണ്ട് അവർ അത് ചെയ്യില്ല എന്നാണ് കോടതിയും പറയുന്നത്. ബ്രാഹ്മണർ ഹിംസ ചെയ്യില്ല എന്ന് കോടതി പോലും വിശ്വസിക്കുന്നു. അത്ര പ്രാകൃതമാണ് നമ്മുടെ വ്യവസ്ഥ. നമ്മൾ മനുസ്മൃതി കത്തിക്കുമ്പോൾ തന്നെയാണ് രാജസ്ഥാനിൽ മനുവിന്റെ പ്രതിമ സ്ഥാപിച്ചത്.

വൈക്കത്ത് മനുസ്മൃതി കത്തിക്കുന്ന പരിപാടിയിൽ കെ വേണു എത്തിയത് വിളിക്കാതെയാണ്. ആ പരിപാടിയുടെ നോട്ടീസിൽ വേണുവിന്റെ പേര് ഇല്ല. അദ്ദേഹത്തെ ക്ഷണിക്കുകയും ചെയ്തിട്ടില്ല. സമ്മേളനത്തിന് ഉദ്ഘാടനം ഒന്നുമുണ്ടായിരുന്നില്ല. ഞാനാണ് ആദ്യം സംസാരിച്ചത്. അന്ന് എറണാകുളത്തെ പാർട്ടി നേതൃത്വത്തിൽ കണ്ണമ്പള്ളി മുരളിയൊക്കെയുണ്ട്. അതിനാൽ മനുസ്മൃതി കത്തിക്കുന്ന പരിപാടിക്ക് പാർട്ടിക്കാരെ എത്തിക്കാൻ അവർ തീരുമാനിച്ചുവെന്നാണ് പിന്നീട് ഞാനറിഞ്ഞത്.

പാർട്ടിക്കാർക്ക് ഇത് വർഗ്ഗയുദ്ധത്തിന്റെ ഭാഗമാക്കി തീർക്കണമായിരുന്നു. ഇക്കാര്യങ്ങൾ അന്ന് ജയിലിൽ കിടക്കുമ്പോഴാണ് അവരൊക്കെ സംസാരിച്ചത്. ആദിശങ്കരനെ കത്തിക്കാനും അവർ ആലോചിച്ചു. ഞങ്ങൾ അതിനോട് യോജിച്ചില്ല. ശങ്കരൻ വേറെ മനുസ്മൃതി വേറെ. ജയിൽ നിന്നിറങ്ങുമ്പോൾ തൃശ്ശൂരിൽ ഒരു വാർത്താസമ്മേളനം നടത്താൻ ആലോചിച്ചു. കെ വേണു ഉൾപ്പെടെയാണ് വാർത്താസമ്മേളനം നടത്താൻ ആലോചിച്ചത്. ഞങ്ങൾ അങ്ങനെയൊരു വാർത്താസമ്മേളനത്തിൽ ഉണ്ടാകില്ല എന്ന് പ്രഖ്യാപിച്ചു. ഒന്നിച്ച് പത്രസമ്മേളനം നടത്താൻ കഴിയില്ല എന്ന് പറഞ്ഞു. എന്നുവെച്ചാൽ മനുസ്മൃതി കത്തിച്ചത് പാർട്ടിയുടെ നേതൃത്വത്തിൽ ആണെന്ന് സ്ഥാപിച്ച് എടുക്കണം. അതിനുള്ള ശ്രമമാണ് കെ വേണു ഉൾപ്പെടെയുള്ളവർ നടത്തിയത്.

കെ വേണു ആത്മകഥയിൽ മനുസ്മൃതി കത്തിച്ചതിനെ കുറിച്ച് എഴുതിയിരിക്കുന്നത് അവാസ്തവമായ കാര്യമാണ്. വൈക്കത്തെ പൊതുസമ്മേളത്തിൽ പാർട്ടിയിൽ നിന്ന് പങ്കെടുക്കാൻ ക്ഷണിച്ചത് സി.വി രാമനെയാണ്. ട്രേഡ് യൂണിയൻ നേതാവ് എന്ന നിലയിൽ വിളിച്ചത് അഡ്വ. എ.എക്സ് വർഗീസിനെയാണ്. കെ വേണു പരിപാടി കാണാൻ വേണ്ടി വന്നതായിരിക്കാം. ആത്മകഥയിൽ എഴുതിയിരിക്കുന്നത് കെ വേണു യോഗത്തിൽ പ്രസംഗിച്ചു എന്നാണ്. അത് തെറ്റായ ചരിത്ര രചനയാണ്. കെ വേണു അത് തിരുത്തേണ്ടതാണ്. അങ്ങനെ എഴുതിയത് മോശമാണ്. ചരിത്രത്തിന്റെ നിർമ്മാണത്തിൽ ഇത്തരം തെറ്റ് വന്നുകൂടാ.

ഒരന്വേഷണത്തിന്റെ കഥ, കവർ

നവോത്ഥാനം നടന്ന കേരളത്തിൽ ജാതിയില്ല എന്ന് പൊതുവിൽ പറയാറുണ്ട്. ഈ അഭിപ്രായത്തെ ബ്രേക്ക് ചെയ്യുകയായിരുന്നു വൈക്കത്തെ മനുസ്മൃതി കത്തിക്കൽ. ഇപ്പോഴും ദലിതർ കോളനികളിൽ താമസിക്കുന്നത് ജാതി കൊണ്ടാണ്. ബിഹാറിൽ ദലിത് കൂട്ടക്കൊല നടക്കുമ്പോൾ വൈക്കത്ത് പോസ്റ്റ് ഓഫീസിന് മുന്നിൽ ധർണ്ണ നടത്താറുണ്ട്. ജാതിയുടെ ഭീകരതയാണ് അത് വ്യക്തമാക്കുന്നത്. കേരളത്തിൽ സി.ടി സുകുമാരിനെ കൊല്ലുന്നു. അതിന് പുറകിൽ ഒരു ജാതിയുണ്ട് എന്ന് ആരും അംഗീകരിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് അധഃസ്ഥിതരെയും ആദിവാസികളെയും അടിച്ചമർത്തുന്ന സവർണ മേധാവിത്വത്തിന്റെ കൃതിയായ മനുസ്മൃതി വൈക്കത്ത് ചുട്ടെരിക്കുന്നു എന്ന് മുന്നണി പ്രഖ്യാപിച്ചത്. അത് ചുട്ടെരിച്ചോ ഇല്ലയോ എന്നത് പോലും തർക്കമാണ്. അതൊരു ആശയമായിരുന്നു. ആ ആശയം ഉന്നയിച്ച ആളുകളിൽ ഒരാളാണ് ഞാൻ.

ബ്രാഹ്മണിസ്റ്റ് പ്രത്യയശാസ്ത്ര ഗ്രന്ഥമാണ് മനുസ്മൃതി. ആ ആശയലോകത്തിനെതിരെ ആയിരുന്നു സമരം. അന്ന് പറഞ്ഞിരുന്ന കാര്യങ്ങളിൽ നിന്ന് ഞാൻ പുറകോട്ട് പോയിട്ടില്ല. അത് മുന്നോട്ടുകൊണ്ടുപോകാനാണ് ശ്രമിച്ചത്. വ്യക്തിപരമായി എന്റെ എഴുത്തുകൾ പരിശോധിച്ചാൽ അത് മനസ്സിലാക്കാം. പിന്നീടും പല പ്രവർത്തനങ്ങളും നടത്തിയിട്ടുണ്ട്. പ്രവർത്തനങ്ങളുടെ ഫലം എന്തെന്ന് ചോദിച്ചാൽ എന്റെ എഴുത്താണ്. അത് കൂട്ടായ ചർച്ചകളുടെ ഫലമായിരുന്നു. ആ എഴുത്തുകൾ ആണ് പരിശോധിക്കേണ്ടത്. അന്ന് 32 വർഷം മുമ്പ് മുന്നോട്ടുവെച്ച ആശയത്തിൽ നിന്ന് സലിംകുമാർ പുറകോട്ട് പോയിട്ടണ്ടോ എന്ന് പരിശോധിക്കാവുന്നതാണ്.

അന്ന് അത് ചെയ്യാൻ പറ്റിയതുകൊണ്ടാണ് സുപ്രീംകോടതി വിധി ഉണ്ടായപ്പോൾ ശബരിമല മലയരയുടേതാണെന്ന് ചിലർ വാദിച്ചത്. ഭരണഘടനാ ധാർമ്മികതയെ റദ്ദ് ചെയ്തുകൊണ്ട് നീക്കം നടത്തുമ്പോൾ കുറേ ആളുകൾ കോട്ടയത്ത് ചേർന്നിട്ട് ഭരണഘടന ഉയർത്തിപ്പിടിച്ചുകൊണ്ട് സ്ത്രീ പ്രവേശനം ആവശ്യപ്പെട്ടു. നമ്മൾ അതുവരെ പ്രയോഗിക്കാത്ത വാക്കാണ് ഭരണഘടനാ ധാർമ്മികത. അത് നമ്മൾ പറയുമ്പോൾ ഞാൻ വ്യക്തിയെന്ന നിലയിൽ പിറകോട്ടാണ് നോക്കിയത്, എൻെറ ഗോത്രജീവിതാനുഭവങ്ങളിലേക്കാണ്. ചെറിയ കുഞ്ഞ് മരിച്ച് കിടിക്കുമ്പോൾ അമ്മ തീണ്ടാരിയാണ്. കുഞ്ഞിന്റെ ശവം പോലും തീണ്ടാരിയായ അമ്മയ്ക്ക് കാണാൻ കഴിഞ്ഞില്ല. അത്ര പ്രാകൃതമായ വിശ്വാസം ആദിവാസികൾക്കിടയിൽ ഉണ്ട്. അത് എന്റെ മനസിലുണ്ട്. അത് ഹിംസാത്മകമായ ഗോത്ര നീതിയാണ്. ആ നീതിക്കുവേണ്ടിയാണ് പലരും വാദിക്കാൻ പോയത്. ശബരിമല ആദിവാസികൾക്ക് വിട്ടുകൊടുത്താൽ നീതി നടപ്പാക്കും എന്ന് പറഞ്ഞിട്ട് കാര്യമില്ല. രാഷ്ട്രീയ സ്വാതന്ത്ര്യം നിഷേധിച്ച സ്ത്രീകൾക്ക് സ്വതന്ത്ര്യം ഇല്ലെന്ന് പറഞ്ഞത് മനുസ്മൃതിയാണ്. ഈ ലോകത്ത് സ്ത്രീകൾക്ക് സ്വാതന്ത്ര്യം വേണമെന്നാണ് നമ്മൾ വാദിച്ചത്.

പാർട്ടിയിൽ അധഃസ്ഥിത നവോത്ഥാന മുന്നണിയുടെ സ്വതന്ത്ര നിലപാട് വലിയ വിവാദത്തിന് കാരണമായോ?

പാർട്ടിയിൽ പലപ്പോഴും ജാതി പ്രശ്നം വലിയ പ്രതിസന്ധിയായി തീർന്നിരുന്നു. ആ സമയത്ത് ഞാൻ പാർട്ടിയിൽ സജീവമല്ല. എന്നാൽ, പാർട്ടിയിൽ നിന്ന് പുറത്താക്കുകയും ചെയ്തില്ല. കെ വേണു അടക്കം ആരും ഒരിക്കൽപോലും പകയോടും വിദ്വേഷത്തോടും പെരുമാറിയിട്ടില്ല.

മനുസ്മൃതി കത്തിച്ചതുമായി ബന്ധപ്പെട്ട ചർച്ചകളിൽ അധഃസ്ഥിത നവോത്ഥാന മുന്നണി പാർട്ടിക്ക് കീഴ്പ്പെട്ട് നിൽക്കണം എന്നൊരു നിലപാട് പാർട്ടി നേതൃത്വം മുന്നോട്ടുവച്ചിരുന്നോ?

അങ്ങനെയൊരു വാദത്തിനൊന്നും അന്ന് സ്കോപ്പ് ഉണ്ടായിരുന്നില്ല. കാണക്കാരിയിൽ നടന്ന പ്രവർത്തക യോഗത്തിൽ പാർട്ടി പ്രതിനിധിയായി സംസ്ഥാന കമ്മിറ്റി അംഗം സി.വി രാമൻ പങ്കെടുത്തിരുന്നു. അപ്പോൾ സി.വി എന്നോട് പറഞ്ഞു, മുന്നണിയോടുള്ള പാർട്ടിയുടെ നിലപാട് പോഷക സംഘടനയോടുള്ള നിലപാടാണെന്ന്. അന്ന് കമ്മിറ്റിയിൽ പങ്കെടുത്ത വിജയൻ അങ്ങനെയൊരു നിലപാട് വേണ്ടെന്ന് പറഞ്ഞു. മുന്നണിയുടെ കാര്യങ്ങൾ ഞങ്ങൾ തീരുമാനിച്ചോളാം എന്ന് മറുപടി നൽകി. അതോടെ അവിടെയെല്ലാം അവസാനിച്ചു.

ഇക്കാര്യം കെ വേണുമായി ചർച്ച ചെയ്തിരുന്നോ?

കെ.വി (കെ വേണു) ഒരിക്കൽ വീട്ടിൽ വച്ച് ഇക്കാര്യം സംസാരിച്ചിരുന്നു. നമ്മൾ നവോത്ഥാന മുന്നണി ഉണ്ടാക്കിയത് തെരുവിൽ കിടന്ന് സംഘർഷം ഉണ്ടാക്കാനല്ലെന്ന് കെ.വി സൂചിപ്പിച്ചു. എന്നുവച്ചാൽ പാർട്ടിയും അധഃസ്ഥിത നവോത്ഥാന മുന്നണിയും തമ്മിൽ തെരുവിൽ തല്ലു കൂടുന്നു എന്നാണ് വേണു അർത്ഥമാക്കിയത്. സംഘർഷമുണ്ടാക്കുകയല്ല മുന്നണിയുടെ ലക്ഷ്യമെന്നും കെ വേണു പറഞ്ഞു. അങ്ങനെയൊക്കെ പറഞ്ഞതല്ലാതെ ഇക്കാര്യത്തിൽ കെ വേണുവിന് ഒരു നിശ്ചയം ഉണ്ടായിരുന്നതായി എനിക്കറിയില്ല. ഇതുപോലുള്ള കാര്യങ്ങളിൽ ഒരു തീരുമാനമുള്ള നേതാവായിരുന്നല്ല കെ വേണു.

പിന്നീട് കെ വേണു പാർട്ടിയിൽ നിന്ന് വിട്ടുപോകുന്ന സ്ഥിതിയാണ് ഉണ്ടായത്. അത്രമാത്രം ദുർബലമായിരുന്നു കെ വേണുവിന്റെ സംഘടന സംവിധാനം. സംഘടനയെക്കുറിച്ച് ഒരു പുനർചിന്തനം ആവശ്യമായിരുന്നു. പക്ഷേ, കെ.വി സംഘടന കേന്ദ്രീകരണത്തെക്കുറിച്ച് ചിന്തിച്ച് ഒടുവിൽ സംഘടന ഇല്ലാത്ത ഒരു ലോകത്തിലേക്കാണ് സഞ്ചരിച്ചത്. കെ.വി ആത്മകഥ എഴുതിയപ്പോൾ സ്റ്റാലിൻ ആകുകയും ചെയ്തു.

അങ്ങനെ വിലിയിരുത്താൻ കാരണം എന്താണ്?

എല്ലാം ഞാനാണെന്ന് പറയുന്ന ആൾ സ്റ്റാലിൻ ആണ്. അത് വളരെ വലിയ വൈരുദ്ധ്യമാണ്. ബോൾഷെവിക് പാർട്ടിയുടെ ചരിത്രം വായിച്ചാൽ അത് വ്യക്തമാകും. ഞാൻ എന്റെ ആത്മകഥ എഴുതുന്നു. ആ ആത്മകഥയിൽ ഞാൻ മാത്രമേയുള്ളൂ എന്ന് പറഞ്ഞാൽ എങ്ങനെയിരിക്കും. അതാണ് കെ വേണുവിെൻറ ആത്മകഥ. എന്റെ എഴുത്തുകൾ എന്റേത് മാത്രമല്ല എന്ന് പറയുന്നത് അതുകൊണ്ടാണ്. സലിംകുമാറിന്റെ ആത്മകഥ വായിച്ചിട്ട് അദ്ദേഹം പറഞ്ഞത് ഇങ്ങനെയല്ല എന്ന് നിങ്ങൾക്കും എഴുതാം. എന്റെ എഴുത്തുകൾ പ്രവർത്തനം പോലെ തന്നെ എല്ലാവരുടെയും ആയിരുന്നു എന്ന് പറയാൻ കഴിയണം. ഞാനും ആ പ്രവർത്തനത്തിൽ ഉണ്ടായിരുന്നു എന്ന് മാത്രമേ പറയാവൂ. അല്ലെങ്കിൽ ഞാൻ അതിന്റെ കൺവീനർ ആയിരുന്നു എന്ന് പറയാം. ആ ചുമതല നിർവഹിച്ചിരുന്നു എന്ന് എനിക്ക് പറയാം. അതല്ലാതെ ഞാൻ ആരാണ്? അങ്ങനെയൊരു ചോദ്യമുണ്ട്. ആ ചോദ്യത്തെ വേണു അഭിസംബോധന ചെയ്യേണ്ടതാണ്. അത് ചെയ്യുകയാണെങ്കിൽ ഞാൻ പറയില്ല സ്റ്റാലിൻ ആണെന്ന്. സ്റ്റാലിന്റെ ആത്മകഥ ഞാൻ വായിച്ചിട്ടുണ്ട്. സോവിയറ്റ് പാർട്ടി ചരിത്രം വായിക്കുമ്പോൾ ഓർത്തിരിക്കുന്ന നിരവധി പേരുണ്ട്. സ്റ്റാലിന്റെ ജൂനിയേഴ്സ് ആയിരുന്ന മികച്ച ആളുകളെ സ്റ്റാലിൻ കൊന്നുകളയുകയാണ് ചെയ്തത്.

സ്റ്റാലിന്റെ ആത്മകഥ

ആത്മകഥയിൽ ചരിത്രം സൃഷ്ട്രിച്ചത് താനായിരുന്നുവെന്ന് കെ വേണു പറയുന്നുണ്ടോ?

ഒരാൾ സ്വന്തം കഥ പറയുന്നതിനെയാണ് ആത്മകഥ എന്ന് വിളിക്കാവുന്നത്. അത് അതിന്റെ ഒരു ഡിഫക്ട് കൂടിയാണ്. അത് എന്റെ തോന്നലാണ്. ഞാൻ മനസിലാക്കുന്നത് അങ്ങനെയാണ്. എന്റെ ആത്മകഥ എന്റെ കഥയാണ്. അതിൽ എന്നെ എങ്ങനെയാണ് അവതരിപ്പിക്കുക എന്നത് ഒരു പ്രതിസന്ധിയാണ്. കെ.കെ കൊച്ചിന്റെ ആത്മകഥ വായിച്ചിട്ട് ഉണ്ണിച്ചെക്കൻ പറഞ്ഞത് വായിച്ചിട്ട് ചിരി വരുന്നു എന്നാണ്. ഒരു ഫ്രഞ്ച് എഴുത്തുകാരന്റെ പേര് ഉണ്ണിച്ചെക്കൻ എന്നോട് പറഞ്ഞു. അയാൾ പറഞ്ഞത് ആത്മകഥ എന്നാൽ കള്ളത്തരങ്ങൾ മാത്രമാണെന്നാണ്. കേരളത്തിൽ എല്ലാ സമരങ്ങളും നടന്നത് കൊച്ചിന്റെ നേതൃത്വത്തിൽ ആണെന്ന് അദ്ദേഹം അവകാശപ്പെടുന്നു. അത് ചുമ്മാ പറയുന്നതാണ്. അതൊന്നും ശരിയല്ല.

(തുടരും)

Also Read