സായുധ സമരം കൈയിലുള്ളതിനാൽ ജാതി അന്നൊരു പരിഗണനാ വിഷയമായില്ല

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

1972 നും 75 നും ഇടയ്ക്ക് പാർട്ടി പ്രവർത്തനം ഉണ്ടായിരുന്നോ?

പാർട്ടി പ്രവർത്തനമാണോ എന്ന് ചോദിച്ചാൽ പ്രശ്നമുണ്ട്. എന്നാൽ അതിന് വേണ്ടി നടക്കുകയായിരുന്നു. അങ്ങനെ പ്രവർത്തനം നടത്താൻ കേരളത്തിൽ ശക്തമായ പാർട്ടിയൊന്നും ഉണ്ടായിരുന്നില്ല. നക്സലൈറ്റ് പ്രസ്ഥാനത്തോട് ആഭിമുഖ്യമുള്ള ആരെങ്കിലും കണ്ടുമുട്ടി ഈ ആശയം കൈമാറുകയാണ് അന്ന് ചെയ്തത്. പലരെയും കണ്ട് സംസാരിച്ച് പാർട്ടിയിലേക്ക് എത്തിക്കാൻ ശ്രമിച്ചു. പാർട്ടി പ്രസിദ്ധീകരണങ്ങൾ വിൽക്കുന്നതിനായി ജനതാ ബുക്സ് അന്ന് തുടങ്ങിയിരുന്നു. പ്രസ്ഥാനത്തിന്റെ ഉയർന്ന കമ്മിറ്റിയിലേക്കോ നേതൃത്വത്തിലേക്കോ അന്ന് കടന്നിരുന്നില്ല. അക്കാലത്ത പാർട്ടിയിൽ ചെറിയ റോൾ മാത്രമാണ് നിർവഹിച്ചിരുന്നത്. എങ്കിലും സജീവമായിരുന്നു.

പാർട്ടി പ്രവർത്തനം നടത്തിയതിനാലാണോ അടിയന്തരാവസ്ഥ കാലത്ത് അറസ്റ്റ് ചെയ്യപ്പെട്ടത്?

സംസ്ഥാനത്ത് അന്ന് വ്യാപകമായ രീതിയിൽ അറസ്റ്റ് നടന്നു. അടിയന്തരാവസ്ഥ കാലത്ത് എൻെറ പാർട്ടി പ്രവർത്തനം ഇടുക്കിയിലാണ്. കൊടുങ്ങല്ലൂരിലെ ടി.എൻ ജോയിയും മറ്റും ഇടുക്കിയിൽ വന്നിരുന്നു. 1973 -74 കാലമാണ്. സോമദത്തനൊക്കെ അന്ന് ജയിലിലായി എന്നാണ് ഓർമ്മ. ടി.എൻ ജോയ് ആയിരുന്നു അന്ന് കോട്ടയത്തിന്റെയും ഇടുക്കിയുടെയും ഒക്കെ പാർട്ടി ചുമതലക്കാരൻ. കെ.കെ മണിയൊക്കെ അന്ന് ഇടുക്കിയിൽ നിന്ന് അറസ്റ്റിലായി. എന്നെയും പൊലീസ് അറസ്റ്റ് ചെയ്ത് പൊലീസ് ക്യാമ്പിൽ എത്തിച്ചു.

ടി.എൻ ജോയി

കെ വേണു പറയുന്നത് പ്രകാരം പല ജില്ലകളിലും അടിയന്തരാവസ്ഥക്കെതിരായ പൊലീസ് സ്റ്റേഷൻ ആക്രമണം അടക്കമുള്ള പദ്ധതി പാർട്ടി തയ്യാറാക്കിയിരുന്നു. ഇതൊന്നും ഇടുക്കിക്കാരെ ഏൽപ്പിച്ചില്ലേ?

അടിയന്തരാവസ്ഥ കാലത്ത് പാർട്ടി നിലപാട് ഭരണകൂടത്തിനെതിരെ സായുധ സമരം നടത്തുകയായിരുന്നു. ഇടുക്കിയിൽ പൊലീസ് സ്റ്റേഷൻ ആക്രമണം പോലെയുള്ള സമരത്തിന് ആലോചന നടത്തിയില്ല. ഇടുക്കിയിൽ എം.എൽ പ്രസ്ഥാനവുമായി ബന്ധമുള്ള ആളുകളെ തേടിയാണ് പൊലീസ് എത്തിയത്. മഹാരാജാസിൽ പഠിക്കുന്ന കാലത്ത് തന്നെ ഞാൻ നിരീക്ഷണത്തിൽ ആയിരുന്നു. അതിനാൽ എന്നെ വേഗം അറസ്റ്റ് ചെയ്തു. അടിയന്തരാവസ്ഥയിൽ തല്ലുകൊണ്ട ആളുകളാണ് ഞങ്ങൾ. പൊലിസ് സ്റ്റേഷനിൽ വലിയ മർദ്ദനമായിരുന്നു. പോലീസ് ക്യാമ്പുകൾ ആയിരുന്നു മർദ്ദനകേന്ദ്രം. കോട്ടയത്ത് നാഗമ്പടത്ത് അത്തരമൊരു പൊലീസ് ക്യാമ്പ് ഉണ്ടായിരുന്നു. ക്യാമ്പിൽ മുക്കാൽ മണിക്കൂറോളം തുടർച്ചയായി മർദ്ദനമേൽക്കേണ്ടി വന്നു. തുണിയെല്ലാം ഊരി കളഞ്ഞിട്ട് പൊലീസുകാർ തല്ലുതുടങ്ങും. അവർക്ക് അതൊരു വിനോദമായിരുന്നു. നമ്മൾ വേദന സഹിക്കണം. ഭീകരമായ മർദ്ദനമായിരുന്നു.

തങ്കപ്പൻ നായർ എന്ന പോലീസ് ഉദ്യോഗസ്ഥൻ മർദ്ദക വീരനായിരുന്നു. ക്യാമ്പിൽ നിന്ന് ചെറുപ്പക്കാരായ പൊലീസുകാരെ വിളിച്ചുവരുത്തി തല്ലുകയായിരുന്നു നായരുടെ വിനോദം. ദിവസങ്ങൾ നീണ്ടുനിൽക്കുന്ന മർദ്ദനമുറകളാണ് അന്ന് ആവിഷ്കരിച്ചത്. എല്ലാദിവസവും രാവിലെ എഴുന്നേൽപ്പിച്ച് തല്ലുന്ന സമ്പ്രദായം പൊലീസുകാർക്ക് ഉണ്ടായിരുന്നു. എന്റെ ഉള്ളം കാലൊക്കെ അടിച്ചുപൊട്ടിച്ചിരുന്നു. നടക്കാൻ കഴിയാത്ത വിധം നീരുവന്നു. നിവർന്നു കിടക്കാൻ കഴിയാത്ത മുറിക്കുള്ളിൽ ആളുകളെ കുത്തിനിറച്ചു. ഇതൊക്കെ കേരളത്തിലുടനീളം നടന്നതാണ്. കായണ്ണ പോലീസ് സ്റ്റേഷൻ ആക്രമണത്തിൽ പങ്കെടുത്ത എം.എം സോമശേഖരനൊക്കെ ഭീകരമായ മർദ്ദനത്തിന് ഇരയായിരുന്നു. തിരുവനന്തപുരം സെൻട്രൽ ജയിലിലാണ് എന്നെ പാർപ്പിച്ചിരുന്നത്. ഞാൻ അടിയന്തരാവസ്ഥയിൽ 17 മാസം ജയിലിൽ കിടന്നു. ജയിലിൽ മർദ്ദനം അനുഭവിച്ചില്ല.

അടിയന്തരാവസ്ഥ കഴിഞ്ഞ് പിന്നീട് എന്താണ് ചെയ്തത്? പാർട്ടി പുനസംഘടനയിൽ വഹിച്ച റോൾ എന്തായിരുന്നു?

ആ സമയത്തൊക്കെ ഞാൻ പാർട്ടിയിലുണ്ട്. അടിയന്തരാവസ്ഥക്ക് ശേഷം ജയിലിൽ നിന്ന് പുറത്തുവന്നയുടനെ എറണാകുളത്ത് നിന്ന് ‘രക്തപതാക’ പ്രസിദ്ധീകരിച്ചു. അത് എത്ര ലക്കം ഇറക്കിയെന്ന് ഓർമ്മയില്ല. അങ്ങനെയൊരു പ്രസിദ്ധീകരണം ഇറക്കിയതായി ആരും പറയാറില്ല. മുരളി കണ്ണമ്പള്ളി പറഞ്ഞിരുന്നു. മാതൃഭൂമി ആഴ്ചപ്പതപ്പിലെ ലേഖനത്തിൽ അക്കാര്യം ചൂണ്ടിക്കാണിച്ചു. രക്തപതാകയിലേക്ക് കത്തുകൾ അയച്ച ആളുകളെ പോയി കണ്ടാണ് അക്കാലത്ത് സംഘടന ഉണ്ടാക്കാൻ ശ്രമം നടത്തിയത്. കെ വേണുവിന്റെ എഴുത്തിൽ രക്തപാതക പ്രസിദ്ധീകരിച്ച് കാര്യം സൂചിപ്പിച്ച് കണ്ടിട്ടില്ല.

പ്രസ്ഥാനത്തിന്റെ അന്നത്തെ സ്വഭാവമനുസരിച്ച് ഒരാൾ അറിയുന്ന കാര്യം മറ്റൊരാൾ അറിയേണ്ടതില്ലല്ലോ? അങ്ങനെ സംഭവിച്ചതാണോ?

അത് കെ.വി (കെ വേണു) അറിയേണ്ടതാണ്. കാരണം കെ വേണു രക്തപാതകയിൽ എഴുതിയിരുന്നു. എറണാകുളത്തെ പാർട്ടി അനുഭാവികളുമായി ബന്ധപ്പെട്ടാണ് രക്തപതാക പ്രസിദ്ധീകരിച്ചത്. ആലപ്പുഴയിലെ ദാസേട്ടനും മറ്റും അതിൽ സഹകരിച്ചിരുന്നു. പിൽക്കാലത്ത് കാഞ്ഞിരംചിറ സോമരരാജൻ കേസിൽ പ്രതികളായ സഖാക്കളുടെ കുടുംബങ്ങളെ സഹായിച്ചതും ദാസേട്ടനാണ്. പിന്നെ ഒരു ഗോപാലകൃഷ്ണൻ ഉണ്ടായിരുന്നു. പി.ആർ.ഡിയിൽ ജോലിയുണ്ടായിരുന്ന രാമകൃഷ്ണൻ തുടങ്ങിയവരൊക്കെ രക്തപതാക പ്രസിദ്ധീകരിക്കുന്നതിന് സഹായിച്ചിരുന്നു. അന്ന് പാർട്ടിക്ക് എറണാകുളം ജില്ലാ കമ്മിറ്റി ഒന്നുമില്ല. ഞാൻ കമ്മറ്റിയിൽ അംഗവുമായിരുന്നില്ല.

പാർട്ടിയിൽ ആരോടും ആലോചിച്ച് അനുമതി വാങ്ങിയല്ല രക്തപാതക പ്രസിദ്ധീകരിക്കുന്നത്. അടിയന്തരാവസ്ഥ കഴിഞ്ഞപ്പോൾ ഒരു പ്രസിദ്ധീകരണം ഇറക്കണം എന്ന് തോന്നി. അങ്ങനെയാണ് രക്തപാതകയിലേക്ക് എത്തിയത്. പാർട്ടി പ്രവർത്തനത്തിന്റെ ഭാഗമായി എന്തെങ്കിലും ചെയ്യണം എന്ന് തോന്നി. അങ്ങനെ സ്വയം പ്രസിദ്ധീകരിച്ചതാണ് രക്തപതാക. അന്ന് ജയിലിൽ ഉണ്ടായിരുന്നവരുമായി പരിചയപ്പെട്ട് പത്തനംതിട്ടയും കൊല്ലത്തും ഒക്കെ പോകുന്നുണ്ട്. പലരെയും കണ്ടുവെങ്കിലും ആർക്കും പാർട്ടിയോട് താത്പര്യം ഉണ്ടായിരുന്നില്ല. ജയിൽവാസ കാലത്ത് മർദ്ദനമേറ്റ് പലരുടെയും ജീവിതം തകർന്നിരുന്നു. അപ്പോൾ മറ്റ് കാര്യങ്ങൾ ആലോചിച്ചിട്ട് കാര്യമില്ല. പ്രസിദ്ധീകരണം ഇറക്കാൻ തന്നെ തീരുമാനിച്ചു. രക്തപതാക പ്രസിദ്ധീകരിച്ചതിന് ശേഷമാണ് വാസുവേട്ടനൊക്കെ രംഗത്ത് വന്നത്. അക്കാലത്ത് വാസുവേട്ടനെയൊക്കെ കാണാൻ കോഴിക്കോട് പോയിരുന്നു. വാസുവേട്ടനെ കണ്ടെങ്കിലും സംസാരിച്ച് പോവുക മാത്രമാണ് ചെയ്തത്. കോഴിക്കോട് അന്ന് നാടകക്കാരൊക്കെ ഉണ്ടായിരുന്നു.

കെ വേണുവിനൊപ്പം കെ.എം സലിംകുമാർ. കടപ്പാട്:truecopythink

പിന്നീടാണല്ലോ സാംസ്കാരിക വേദി രൂപം കൊള്ളുന്നത്. ആ കാലത്ത് എന്ത് റോളാണ് വഹിച്ചത്?

സാംസ്കാരിക വേദിക്കാലത്ത് പ്രവർത്തനത്തിൽ സജീവമായിരുന്നില്ല. രക്തപതാക പ്രസിദ്ധീകരിക്കുന്ന കാലത്ത് കെ.എൻ രാമചന്ദ്രൻ ജയിലിൽനിന്ന് പുറത്തിറങ്ങി. പാർട്ടി മുഖപത്രം എന്ന നിലിയിൽ കോമ്രേഡ് വീണ്ടും പ്രസിദ്ധീകരിക്കാൻ തുടങ്ങി. അപ്പോൾ മറ്റൊരു പ്രസിദ്ധീകരണം പിന്നീട് ആവശ്യമില്ല. പാർട്ടി പുനഃസംഘടന പ്രവർത്തനങ്ങൾ തുടങ്ങി. സാംസ്കാരിക വേദിയുടെ കാലത്ത് അത്ര സജീവമായി ഞാൻ രാഷ്ട്രീയ രംഗത്ത് ഇല്ല. സാംസ്കാരിക വേദി ഇടുക്കിയിലും സജീവമായിരുന്നില്ല.

അപ്പോൾ കാഞ്ഞിരംചിറ സോമരാജനേയും കേണിച്ചിറ മഠത്തിൽ മത്തായിയെയും ഉന്മൂലനം ചെയ്യുന്ന സമയത്ത് പാർട്ടിയിൽ സജീവമായിരുന്നില്ലേ?

അക്കാലത്തെ രാഷ്ട്രീയ സംഭവങ്ങളൊക്കെ അറിയുന്നുണ്ടെങ്കിലും അതിൽ നേരിട്ട് ബന്ധങ്ങളൊന്നും ഉണ്ടായിരുന്നില്ല. സംസ്ഥാന കമ്മിറ്റിയുമായി അത്തരത്തിലൊരു ബന്ധം നിലനിർത്തിയിരുന്നില്ല. 1980കളിൽ രണ്ട് മൂന്ന് കൊല്ലമെങ്കിലും പ്രസ്ഥാനത്തിൽ നിന്ന് മാറി നിൽക്കുന്നുണ്ട്. ഇക്കാലത്താണ് വിവാഹം നടന്നത്. പിന്നീട് പ്രസ്ഥാനത്തിൽ നിന്ന് മാറി നിന്നിരുന്നു. കുടുംബത്തോടൊപ്പം നിൽക്കേണ്ട ആവശ്യകതകളും ഉണ്ടായി. 1980ൽ വിവാഹിതനാകുന്നതോടെ ഒരു തിരിച്ചുപോക്ക് ആവശ്യമായി. എന്നാൽ, പൂർണ്ണമായും വിട്ടുപോയിരുന്നില്ല. കേണിച്ചിറ സംഭവുമായി ബന്ധപ്പെട്ട ആളുകളൊക്കെ ഒളിവിൽ ഇടുക്കിയിൽ വരുന്നുണ്ട്. സഖാക്കളിൽ പലരും വീട്ടിൽ വന്ന് താമസിച്ചിരുന്നു. അവരെ സംരക്ഷിക്കുന്നതിന് വേണ്ട കാര്യങ്ങൾ ചെയ്തു.

1987ൽ സി.പി.ഐ (എം.എൽ) പിളർന്ന ശേഷമല്ലേ പാർട്ടി സംസ്ഥാന കമ്മിറ്റിയിൽ എത്തുന്നത്?

അതെ, 1984 ൽ പശ്ചിമ ബംഗാളിലെ മിഡ്നാപൂരിൽ വച്ച് നടന്ന സ്പെഷ്യൽ കൺവെൻഷൻ (അഖിലേന്ത്യാ പാർട്ടി സമ്മേളനത്തിൽ) പങ്കെടുത്തിരുന്നു. ഇക്കാലത്ത് പാർട്ടിയിൽ പ്രധാന ചുമത വഹിച്ചിരുന്നില്ല. എന്നാൽ, സംസ്ഥാന തല പ്രവർത്തക യോഗത്തിലൊക്കെ പങ്കെടുത്തിരുന്നു. സി.ആർ.സി (സി.പി.ഐ-എം.എൽ) 1987 ൽ പിളർന്നു. കെ വേണുവിന്റെയും കെ.എൻ രാമചന്ദ്രന്റെയും നേതൃത്വത്തിൽ രണ്ട് പാർട്ടികളായി മാറി. അതോടെയാണ് ഞാൻ പാർട്ടിയുടെ സംസ്ഥാന കമ്മിറ്റിയിലേക്ക് എത്തിയത്. കെ വേണുവിന്റെ നേതൃത്വത്തിൽ രൂപംകൊണ്ട പാർട്ടിയുടെ സംസ്ഥാന സമ്മേളനം കോഴിക്കോട് വെച്ചാണ് നടന്നത്. അതുകഴിഞ്ഞ് പാർട്ടിയുടെ പ്രഖ്യാപനം നടക്കുന്നത് എറണാകുളം രാജേന്ദ്ര മൈതാനിയിലാണ്. ആ പൊതുയോഗത്തിൽ ഞാൻ അധ്യക്ഷത വഹിച്ചിരുന്നു. അതിന് ശേഷം കൊല്ലം, പത്തനംതിട്ട തുടങ്ങിയ തെക്കൻ ജില്ലകളിൽ മാർക്സിസം, ലെനിനിസം, മാവോചിന്തയെ കുറിച്ച് സഖാക്കൾക്ക് ക്ലാസ് എടുക്കാൻ നിയോഗിച്ചു.

1987 ന് മുമ്പ് ഏതെങ്കിലും സമയത്ത് ഡോ. ബി.ആർ അംബേദ്കറെ വായിക്കണമെന്നോ അംബേദ്കർ ചിന്ത മനസ്സിലാക്കണമെന്നോ തോന്നിയിട്ടുണ്ടോ?

നേരത്തേ അംബേദ്കറെ ശ്രദ്ധിച്ചിരുന്നു. എന്നാൽ ഗൗരവപൂർവം വായിച്ചിരുന്നില്ല. ഭരണഘടന നിർമ്മിച്ചയാൾ എന്ന നിലയിലാണ് വിലയിരുത്തിയത്. അതിനപ്പുറത്തേക്ക് അംബേദ്കറുടെ പുസ്തകങ്ങളിലേക്ക് കടന്നിരുന്നില്ല. മഹാരാജാസ് കാലത്ത് മുതൽ അംബേദ്കറെ കുറിച്ച് സംസാരിക്കുന്ന നിരവധി ആളുകൾ എറണാകുളത്ത് ഉണ്ടായിരുന്നു. രാജപ്പൻ അങ്ങനെയുള്ള ആളായിരുന്നു. കഥാകൃത്തായ ടി.കെ.സി വടുതല എഡിറ്റ് ചെയ്ത അംബേദ്കർ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു. പി.കെ ബാലകൃഷ്ണൻ അംബേദ്റെക്കുറിച്ച് പഠനം നടത്തി എഴുതിയിരുന്നു. ഇതൊന്നും നമ്മൾ അന്ന് ഗൗരവമായി ശ്രദ്ധിച്ചിരുന്നില്ല. സായുധ സമരം കൈയിലുള്ളതിനാൽ ജാതി അന്നൊരു പരിഗണനാ വിഷയം പോലും ആയിരുന്നില്ല.

ബി.ആർ അംബേദ്കർ

എന്നാണ് പാർട്ടിക്കുള്ളിൽ ജാതി ഒരു പരിഗണന വിഷയമായി മാറിയത് ? വി.പി സിംഗിന്റെ മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് ആണോ ജാതി പരിഗണനാവിഷയമായി തീരാൻ കാരണമായത് ?

അതിനുമുമ്പ് തന്നെ ജാതി പ്രശ്നം ചർച്ച ചെയ്ത് തുടങ്ങിയിരുന്നു. പാർട്ടി മുൻകൈയെടുത്ത് 1984ൽ തലയോലപ്പറമ്പിൽ ജാതിവിരുദ്ധ മതേതരവേദിയുടെ കൺവെൻഷൻ നടത്തിയിരുന്നു. മാർക്സിസ്റ്റ്-ലെനിസ്റ്റ് സിദ്ധാന്തങ്ങൾ ഉൾക്കൊള്ളുന്ന ദലിതർക്ക് ഇടയിൽ നേരത്തെ തന്നെ ജാതിയെ കുറിച്ചുള്ള ചർച്ച തുടങ്ങിക്കഴിഞ്ഞിരുന്നു. സീഡിയൻ എന്ന സംഘടന ഇക്കാര്യം ചർച്ച ചെയ്തിരുന്നു. സീഡിയൻ ഉണ്ടാക്കുന്നതിൽ ഒരാൾ മഹാരാജാസിൽ പഠിച്ച പിൽക്കാലത്ത് ഭാഷാ ഇൻസ്റ്റ്യൂട്ടിൽ പ്രവർത്തിച്ച് അംബേദ്കർ കൃതികൾ മലയാളത്തിൽ പ്രസിദ്ധീകരിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച വി പത്മനാഭൻ ആണ്. ഞങ്ങളൊക്കെ സുഹൃത്തുക്കൾ എന്ന നിലയിൽ അന്ന് ചർച്ചയിൽ പങ്കെടുത്തിരുന്നു. പക്ഷേ, ആ വഴിയിലേക്ക് സഞ്ചരിക്കാൻ തുടങ്ങിയിരുന്നില്ല.

നക്സലൈറ്റുകൾ ലോകത്തുള്ള എല്ലാ ചിന്തകളും അന്ന് ചർച്ച ചെയ്തു. എന്നിട്ടും അംബേദ്കർ കടന്നുവരാതെ പോയത് എന്തുകൊണ്ടാണ് ?

ജാതി എന്ന് പറയുന്നത് ഒരു അവസ്ഥയായിരുന്നു. അംബേദ്കർ തങ്ങൾക്ക് വേണ്ടിയാണ് സംസാരിക്കുകയും എഴുതുകയും ചെയ്തതെന്ന് ദലിതർ പോലും ആദ്യകാലത്ത് അറിഞ്ഞിരുന്നില്ല. അംബേദ്ക‍ർ ഭരണഘടന എഴുതി, നിയമ മന്ത്രിയായി എന്നൊക്കെ പറഞ്ഞിട്ട് കാര്യമില്ല. അംബേദ്ക്കറെ തിരിച്ചറിയുന്നതിൽ ദലിത് സമൂഹം വൈകിപ്പോയി. സി.പി.ഐ(എം.എൽ) പ്രസ്ഥാനത്തിനും അതിന് കഴിഞ്ഞില്ല.

നാരായണഗുരുവിനെയും അയ്യങ്കാളിയെയും മാറ്റിനിർത്തി കൊണ്ടല്ലേ കേരളത്തിൽ മാർക്സിസം വിളമ്പിക്കൊണ്ടിരുന്നത് ? സി.പി.ഐ (എം.എൽ) സമൂഹത്തിൽ ഉയർന്ന ചിന്തകൾ മുന്നോട്ടുവെച്ച പ്രസ്ഥാനം ആയിരുന്നില്ലേ. എന്നിട്ടും എന്താണ് സംഭവിച്ചത്?

ആ അഭിപ്രായത്തോടും യോജിക്കാൻ കഴിയില്ല. നമ്മൾ പഠിച്ചതല്ല ശരിയായ മാർക്സിസം എന്നൊക്കെ പറയരുത്. അയ്യങ്കാളിയെയും നാരായണഗുരുവിനെയും കുറിച്ചെല്ലാം ചില കാര്യങ്ങൾ പറഞ്ഞിരുന്നു. ഞാൻ ജനിച്ച നാട്ടിൽ പോലും സലിംകുമാർ ആരാണെന്ന് ചോദിച്ചാൽ അവർക്ക് അറിയാൻ കഴിയില്ല. അംബേദ്കറെ നിയമമന്ത്രി ആക്കുകയും അംബേദ്കറെക്കൊണ്ട് ഭരണഘടന എഴുതിക്കുകയും ചെയ്ത ഒരു പ്രസ്ഥാനം രാജ്യത്തുണ്ട്. 1956ൽ അംബേദ്കർ മരിക്കുന്നു. 1970ൽ ദലിത് പാന്തർ പ്രസ്ഥാനം ഉണ്ടാകുന്നതുവരെ അംബേദ്കർ ഉന്നയിച്ച ആശയം പറയാൻ ആളുണ്ടായിരുന്നില്ല. മാർക്സിസം, വർഗസമരം എന്നിവ കേന്ദ്രീകരിച്ച് ആയിരുന്നു എല്ലാ ചർച്ചകളും നടന്നത്.

വാസുവേട്ടൻ (ഗ്രോ വാസു) പറയുന്നത് എം.എൽ പ്രസ്ഥാനത്തെ നയിച്ചത് സവർണ ബുദ്ധിജീവികൾ ആയിരുന്നുവെന്നല്ലേ?

ആ വിലയിരുത്തൽ അസംബന്ധമാണ്. നേതൃത്വത്തിൽ ആദിവാസിയായിരുന്നുവെങ്കിൽ രക്ഷപ്പെടുമായിരുന്നോ? ചരിത്രത്തിൽ ഇതിലും വലിയ അസംബന്ധമില്ല. ചരിത്രകാരൻ കാഞ്ച ഐലയ്യക്ക് അവസാനം നരേന്ദ്രമോദിയെ പൊക്കി പറയേണ്ടിവന്നത് നമ്മൾ കണ്ടതല്ലേ. പിന്നാക്കക്കാരനാണെന്ന് പറഞ്ഞാണ് മോദി നിൽക്കുന്നത്. ഞാനാണെങ്കിൽ പോലും അങ്ങനെ ചെയ്യൂ. രാഷ്ട്രീയത്തിന്റെ ചലനങ്ങളും അടിയൊഴുക്കുകളും മനസ്സിലാക്കണം. നമ്മുടെ രാഷ്ട്രപതിയായ ദ്രൗപദി മുർമു ആദിവാസിയാണ്. അവരെ ചൂണ്ടിക്കാണിച്ചിട്ടാണ് നരേന്ദ്രമോദി സർക്കാർ ആദിവാസികൾക്കൊപ്പമാണെന്ന് പറയുന്നത്.

ഗ്രോ വാസു

പാർട്ടിയുടെ മേൽ സ്ഥാനങ്ങളിൽ സവർണർ വന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് എന്ന് പറയുന്നതിൽ അർത്ഥമില്ല. അതേസമയം, സവർണ നേതാക്കൾക്ക് ജാതി മൂലമുള്ള ചില പരിമിതികൾ കാണാം. അതൊക്കെ നമുക്ക് പറയാം. പക്ഷേ, അതുകൊണ്ടാണ് ഇതെല്ലാം സംഭവിച്ചത് എന്ന് പറയാൻ കഴിയില്ല. ഇ.എം.എസ് ചരിത്രമെഴുതിയപ്പോൾ അയ്യങ്കാളിയെ കുറിച്ച് ഒന്നും പറഞ്ഞില്ല എന്ന വിമർശമുണ്ട്. അത് പറഞ്ഞുനടക്കുന്ന ആളുകളുണ്ട്. അതെല്ലാം പറയുന്ന ആളുകൾ എവിടെയെത്തി എന്നതാണ് പ്രശ്നം. അവരെല്ലാം സംഘപരിവാറിലാണ് എത്തിയത്. ഇ.എം.എസ് ചരിത്രമെഴുതിയപ്പോൾ അയ്യങ്കാളിയെ കണ്ടില്ല. അതേസമയം നരേന്ദ്രമോദിയോ? നരേന്ദ്രമോദി അധികാരത്തിൽ എത്തി പിറ്റേദിവസം അയ്യങ്കാളിയുടെ ആഘോഷം നടത്തി. അപ്പോൾ ഇ.എം.എസ് സവർണ്ണനാണോ? ഇതിലെ ലോജിക്ക് പരിശോധിക്കണം. ഇത് അപകടകരമായ ലോജിക്കാണ്. എന്നെ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമാക്കിയാൽ പ്രാതിനിധ്യമായോ. ഞങ്ങളോടൊപ്പം എല്ലവരും ഉണ്ടെന്നാണ് രാഷ്ട്രീയക്കാർ പറയുന്നത്.

മാത്രമല്ല ആ രാഷ്ട്രീയത്തിന്റെയും ദിശ നോക്കുക. രണ്ടാം നരേന്ദ്രമോദി സർക്കാരിൽ ഏറ്റവും കൂടുതൽ പങ്കാളിത്തം കിട്ടിയിരിക്കുന്നത് പിന്നോക്ക വിഭാഗക്കാർക്കാണ്. നരേന്ദ്രമോദി പിന്നോക്കക്കാരന്റെ മുഖമാണ്. മോദിയുടെ മന്ത്രിസഭയിൽ എത്ര പിന്നോക്കക്കാരുണ്ട്. എത്ര ദലിതരും എത്ര ആദിവാസികളും ഉണ്ട്? അത് സംഘപരിവാർ രാഷ്ട്രീയമാണ്. രാഷ്ട്രീയത്തെ നമ്മൾ ഗൗരവപൂർവ്വം വിശകലനം ചെയ്യണം. ധാരാളം ദലിതർ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഒപ്പം നടക്കുമ്പോൾ ചോദിക്കുന്ന ഒരു ചോദ്യം നിങ്ങളുടെ നേതൃത്വത്തിൽ ദലിതരുണ്ടോ എന്നതാണ്. അത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മേൽക്കമ്മിറ്റിയിൽ ഏതെങ്കിലും ഒരു ദലിതനെ വെച്ച് പരിഹരിക്കാവുന്ന പ്രശ്നമല്ല. ഇങ്ങനെയൊരു പങ്കാളിത്തം കൊണ്ട് പരിഹരിക്കപ്പെടാവുന്നതല്ല ജാതി പ്രശ്നം. ഞാനെന്തുകൊണ്ട് 70കളിൽ അംബേദ്കറൈറ്റ് ആയില്ല എന്ന നിങ്ങളുടെ ചോദ്യത്തിനാണ് ഞാൻ ഉത്തരം പറയേണ്ടത്. അല്ലാതെ എന്നെ ഏതെങ്കിലും കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നേതാവാക്കിയോ എന്ന ചോദ്യത്തിനല്ല ഉത്തരം പറയേണ്ടത്. പത്മനാഭസ്വാമി ക്ഷേത്രത്തിൽ സമീപം ജനിച്ച ബ്രാഹ്മണനായ കൃഷ്ണൻ അംബേദ്കറൈറ്റ് ആയി. എന്നിട്ടും എനിക്ക് അംബേദ്കറൈറ്റ് ആവാൻ കഴിഞ്ഞില്ല. എന്റെ കാര്യം പറയാൻ ഒരു ബ്രാഹ്മണൻ വന്നപ്പോഴും എനിക്ക് എന്റെ ഗോത്രത്തിന്റെ കാര്യം പറയാൻ കഴിഞ്ഞില്ല. നമുക്ക് നമ്മുടെ കാര്യങ്ങൾ എത്രമാത്രം ചെയ്യാൻ കഴിയാതെപോയി എന്നാണ് ചിന്തിക്കേണ്ടത്.

കാഞ്ച ഐലയ്യ

കേരള നിയമസഭ 1975 ആണല്ലോ അന്യാധീനപ്പെട്ട ആദിവാസി ഭൂമി തിരിച്ചുപിടിക്കുന്നതിന് നിയമം പാസാക്കിയത്. നിയമം നടപ്പാക്കുന്നതിന് 1987ൽ ചട്ടം നിർമ്മിക്കുകയും ചെയ്തു? ഇതൊന്നും പാർട്ടി ചർച്ച ചെയ്തിരുന്നില്ല ?

ഇത്തരം നിയമനിർമ്മാണങ്ങൾ ഒന്നും ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. നിയമസഭയിൽ നടക്കുന്ന ചർച്ചകളോ നിയമനിർമ്മാണങ്ങളോ ഒന്നും പാർട്ടിയുടെ അജണ്ടയിൽ ഉണ്ടായിരുന്നില്ല. 1975 ലെ ആദിവാസി ഭൂനിയമം പാർട്ടി ഒരിക്കലും ചർച്ച ചെയ്തിരുന്നില്ല. പാർട്ടി സായുധസമരത്തിലൂടെ അധികാരം പിടിച്ചെടുക്കുന്നതിനുള്ള പദ്ധതിയാണ് ചർച്ച ചെയ്തത്. നിയമസഭയിൽ നടന്ന നിയമനിർമ്മാണത്തെ ആരും പരിശോധിച്ചില്ല. അതിനെക്കുറിച്ച് ഞാനടക്കം അറിഞ്ഞിരുന്നില്ല. ആദിവാസികൾക്കിടയിലും ഇക്കാര്യങ്ങൾ ചർച്ച ചെയ്തിരുന്നില്ല.

സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം ഭരണഘടനയിൽ ഉണ്ടായിരുന്നു. എന്നാൽ നമ്മൾ ജനകീയ ജനാധിപത്യ വിപ്ലവത്തിന് വേണ്ടി മുന്നിട്ടിറങ്ങിയവരാണ്. ജീവിതത്തിന്റെ വലിയൊരു ഭാഗം പാർട്ടിക്കുവേണ്ടി നീക്കിവെച്ചു. സായുധ വിപ്ലത്തിലൂടെ ഭരണകൂടം പിടിച്ചെടുത്ത് സോഷ്യലിസം നടപ്പാക്കാമെന്ന് വിശ്വസിച്ചു. ലോകത്ത് പല രാജ്യങ്ങളിലും വിപ്ലവം നടന്ന ചരിത്രമെല്ലാം നമ്മൾ വായിച്ചു. അതുപോലൊരു വിപ്ലവം ഇവിടെയും നടക്കുമെന്ന് വിശ്വസിച്ചു. ഇന്ത്യൻ ഭരണഘടന ചെയ്യാൻ ഉദ്ദേശിക്കുന്ന കാര്യങ്ങളെക്കുറിച്ച് നമ്മൾ അറിഞ്ഞ് തുടങ്ങിയത് വളരെ വൈകിയാണ്. അതേസമയം ഭരണഘടനയിൽ പറയുന്ന കാര്യങ്ങൾ നിത്യജീവിതത്തിൽ പാലിക്കാനാണ് ഞാൻ ശ്രമിച്ചത്. ഭരണഘടനക്ക് അനുസരിച്ചായിരുന്നു എൻെറ ജീവിതം. എന്നാൽ, ഭരണഘടന തത്വം പറഞ്ഞല്ല ജീവിച്ചത്.

(തുടരും)

Also Read