മുപ്പതിനായിരം രൂപയ്ക്ക് ജപ്തി നേരിടുന്നവരുള്ള കേരളം

‘കിടപ്പാടങ്ങൾ ജപ്തി ചെയ്യരുത്… ജനവിരുദ്ധ സർഫാസി നിയമം റദ്ദാക്കുക…’ പത്ത് വയസ് പ്രായമുള്ള ആൺകുട്ടി ഉറക്കെ മുദ്രാവാക്യം മുഴക്കി. സർഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനം എറണാകുളം കളക്ട്രേറ്റിന് മുന്നിൽ‌ നടത്തുന്ന അനിശ്ചിതകാല സമരത്തിന്റെ പന്തലിൽ കൂടിയിരുന്ന മുതിർന്നവർ ആ മുദ്രാവാക്യം ഏറ്റുവിളിച്ചു. ഈ പന്തലിൽ സർഫാസി നിയമത്തിനെതിരായ മുദ്രാവാക്യങ്ങൾ മുഴങ്ങാൻ തുടങ്ങിയിട്ട് നൂറ് ദിവസങ്ങൾ പിന്നിടുകയാണ്.

“കാക്കനാട് നിലംപതിഞ്ഞി കോളനിയിലെ ബാബു ചേട്ടൻ മകളുടെ കല്യാണം നടത്താനായാണ് ആറ് സെന്റ് സ്ഥലം ഈട് വെച്ച് ബാങ്കിൽ നിന്ന് ലോണെടുക്കുന്നത്. 2013 ൽ ജപ്തി നടപടിയുമായി ബാങ്ക് അവരുടെ വീട്ടിലെത്തുമ്പോഴാണ് സർഫാസി നിയമത്തെപ്പറ്റി നമ്മളറിയുന്നതും അതിനെതിരെ സമരത്തിനിറങ്ങുന്നതും. അന്നിവന് ഒന്നര വയസായിരുന്നു. ‘എടപ്പാടം എപ്തി എയ്യരുത്’ എന്നാണ് ഒന്നര വയസിൽ അവൻ മുദ്രാവാക്യം വിളിച്ചിരുന്നത്. ഇപ്പോൾ അവൻ വളരെ സ്പഷ്ടമായി മുദ്രാവാക്യം വിളിക്കും. പക്ഷേ നാളിതുവരെ അവരുടെ ആധാരം തിരികെ കിട്ടിയിട്ടില്ല.” സർഫാസി വിരുദ്ധ സമരം ആരംഭിച്ചതിനെ കുറിച്ച് സർഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനത്തിന്റെ ജനറൽ കൺവീനറായ വി.സി ജെന്നി പറഞ്ഞു തുടങ്ങി.

സമരപ്പന്തലിൽ നിന്നുള്ള ദൃശ്യം. ഫോട്ടോ: സൂര്യ

“ഇരുമ്പനത്ത് ഒരു ദളിത് കുടുംബം വീട് പണിയുടെ ആവശ്യത്തിനായി അഞ്ച് ലക്ഷം രൂപ ലോണെടുത്തു. അതിൽ മൂന്നേ മുക്കാൽ രൂപ അവർ തിരിച്ചടച്ചിരുന്നു. ബാക്കി ഒന്നേ കാൽ ലക്ഷം രൂപയാണ് കിട്ടാക്കടമായി കണ്ട് വീട് പിടിച്ചെടുക്കുന്നത്. അംബാനി, അദാനി, വിജയ് മല്യ, നീരവ് മോദി തുടങ്ങിയ സമ്പന്നന്മാരുടെ എത്രയോ ലക്ഷം കോടി രൂപയാണ് കിട്ടാക്കടമായിട്ടുള്ളത്. അവരോടൊക്കെ ബാങ്കുകൾ സമവായങ്ങൾ ഉണ്ടാക്കുകയാണ് ചെയ്യുന്നത്. എന്നാൽ ദരിദ്രരായ സാധാരണ ജനങ്ങൾക്ക് പണം തിരികെ അടക്കാനുള്ള സാവകാശം പോലും കൊടുക്കുന്നില്ല. മുപ്പതിനായിരം രൂപയ്ക്ക് വരെ ജപ്തി നേരിടുന്ന കുടുംബങ്ങൾ ഇന്ന് കേരളത്തിലുണ്ട്.” വി.സി ജെന്നി പറയുന്നു.

വി.സി ജെന്നി സമരപ്പന്തലിൽ. ഫോട്ടോ: സൂര്യ

എന്താണ് സർഫാസി നിയമം?

1991 ലെ സരസിംഹം കമ്മിറ്റി റിപ്പോർട്ടിലെ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് ബാങ്കിങ് രംഗത്ത് പുത്തൻ നയങ്ങൾ നടപ്പിലാക്കി തുടങ്ങിയത്. രാജ്യത്ത് നിലവിലുള്ള നിയമങ്ങളും നീതിന്യായ സംവിധാനങ്ങളും ബാങ്ക് വായ്പയുടെ തിരിച്ചുപിടിക്കലിന് സഹായകമല്ല എന്നായിരുന്നു ഈ കമ്മിറ്റിയുടെ പൊതുനിലപാട്. അതിന്റെ പിൻതുടർച്ചയെന്നോണം 2002ൽ സെക്യൂരിറ്റൈസേഷൻ ആന്റ് റീകൺസ്ട്രക്ഷൻ ഓഫ് ഫിനാൻഷ്യൽ അസെറ്റ്‌സ് ആന്റ് എൻഫോഴ്‌സ്‌മെന്റ് ഓഫ് സെക്യൂരിറ്റി ഇന്ററസ്റ്റ് ആക്ട് എന്ന പേരിൽ സർഫാസി നിയമം നിലവിൽ വരുന്നത്. കാലതാമസത്തിന്റെ പേരിൽ സിവിൽ കോടതികളിലെ നീതിന്യായ വിചാരണ സാധാരണക്കാർക്ക് നിഷേധിച്ചുകൊണ്ട് ബാങ്കുകൾക്ക് വേണ്ടി കടം പിരിച്ചുകൊടുക്കുന്ന അതിവേഗ വിചാരണ കോടതികൾ സർഫാസി നിയമത്തിന്റെ പേരിൽ സ്ഥാപിക്കപ്പെട്ടു. വായ്പയെടുത്ത തുക അടയ്ക്കാൻ മൂന്ന് മാസം കാലാവധി വന്നാലാണ് സർഫാസി നിയമപ്രകാരം ഭൂമി ജപ്തി ചെയ്യാനുള്ള നിയമനടപടികൾ ബാങ്കുകൾ സ്വീകരിക്കുക.

“കടത്തിൽ വീണവർക്ക് സിവിൽ കോടതിയെ സമീപിക്കാനുള്ള അവകാശം റദ്ദ് ചെയ്തുകൊണ്ട് ഡെബ്റ്റ് റിക്കവറി ട്രിബ്യൂണൽ കൊണ്ടുവന്നു. വിധിയെ പെട്ടെന്ന് സമ്പാദിക്കാനാണ് ജുഡീഷ്യറിയിൽ നിന്ന് വേർപെടുത്തി കൊണ്ട് അത്തരമൊരു നീക്കം നടത്തിയത്. കേരളത്തിൽ എറണാകുളത്താണ് ഡെബ്റ്റ് റിക്കവറി ട്രിബ്യൂണലുള്ളത്. ട്രിബ്യൂണലിന്റെ ചെയർപെഴ്‌സൺ ബാങ്ക് മാനേജരാണ്. അതിന്റെ നടത്തിപ്പിനുള്ള സാമ്പത്തിക കാര്യങ്ങൾ നിർവഹിക്കുന്നത് ഇവിടുത്തെ ലീഡിങ് ബാങ്കായ കാനറാ ബാങ്കാണ്. കടത്തിൽ വീണവരുടെ ആസ്തികൾ പിടിച്ചെടുക്കാൻ ബാങ്ക് ഫൈനാൻസ് ചെയ്യുന്ന സംവിധാനമാണുള്ളത്. അവിടെ കടാശ്വാസമോ കട പരിഹാരമോ ഇല്ല. ഒരാളും ഇതിനെ ചോദ്യം ചെയ്യാനില്ല. കടത്തിൽപ്പെട്ടവർക്ക് അപ്പീൽ പോകണമെങ്കിൽ 70 ശതമാനം തുക അടയ്ക്കണം. ആർക്കാണ് അതിന് കഴിയുക?” പൊതുപ്രവർത്തകനും സർഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനത്തിന്റെ കൺവീനറുമായ പി.ജെ മാനുവൽ ചോദിക്കുന്നു.

പി.ജെ മാനുവൽ സമരപ്പന്തലിൽ. ഫോട്ടോ: ആരതി എം.ആർ

ദാരിദ്ര്യത്തെ മുതലാക്കുന്ന ഏജന്റുമാർ

“2009ൽ സി.ഡിക്കട നടത്തുകയായിരുന്നു. സി.ഡി വില്പന നിന്നതിൽ പിന്നെ കട അടച്ചു പൂട്ടേണ്ടി വന്നു. അങ്ങനെ ഒരു ലക്ഷം രൂപ കടം വന്നു. കടം വീട്ടാൻ വട്ടിപ്പലിശക്കാരിൽ നിന്ന് ഒരു ലക്ഷം രൂപ കടമെടുത്തു. അവർ വീട്ടിൽ വന്ന് ബഹളം വെക്കാൻ തുടങ്ങിയപ്പോഴാണ് ബാബുരാജ് എന്ന് പറയുന്ന ഏജന്റ് വഴി മാത്യുവിനെ പരിചയപ്പെടുന്നത്.’ വൈപ്പിൻ പെരുമ്പള്ളി സ്വദേശിനി ലിനറ്റ് താനും തന്റെ കുടുംബവും പറ്റിക്കപ്പെട്ടതിന്റെ കഥ പറഞ്ഞു തുടങ്ങി. ലിനറ്റിന്റെ കുടുംബത്തിന്റെ കടം തീർക്കാനായി സഹായിക്കാമെന്നായിരുന്നു മാത്യുവും ഏജന്റ് ബാബുരാജും നൽകിയ വാക്ക്. അങ്ങനെ വീടിന്റെ ആധാരം ഈടായി നൽകി അവർ 5,20,000 രൂപ കടം വാങ്ങുകയായിരുന്നു. “ഞങ്ങൾ എല്ലാ മാസവും അയ്യായിരം രൂപ വെച്ച് മാത്യൂവിന് കൊടുക്കാനുള്ള പണം അടക്കുന്നുണ്ടായിരുന്നു. പക്ഷേ എസ്.ബി.ടി ബാങ്കിൽ നിന്ന് ജപ്തിക്ക് വന്നപ്പോഴാണ് പറ്റിക്കപ്പെട്ടത് അറിഞ്ഞത്.”

നൂറ് വർഷമായി ലിനറ്റിന്റെ തലമുറ കഴിഞ്ഞ് വന്ന വീട്ടിലേക്കാണ് എസ്.ബി.ടിയിൽ നിന്ന് ജപ്തിക്ക് എത്തിയത്. പണം നൽകി സഹായിക്കാമെന്ന് വാക്ക് നൽകിയ മാത്യൂ അവരുടെ വീടിന്റെ ആധാരം പണയം വെച്ച് 25 ലക്ഷം രൂപയാണ് എസ്.ബി.ടിയിൽ നിന്ന് വായ്പയെടുത്തത്. “വീടിന് അടുത്തുള്ള എന്റെ കൂട്ടുകാരിയാണ് ജപ്തിക്കായി ആളുകൾ വന്ന് നിൽക്കുന്നുവെന്ന് എന്നെ ആദ്യം വിളിച്ചു പറഞ്ഞത്. ഞങ്ങൾ ആകെ പേടിച്ചു പോയിരുന്നു. ജപ്തി ഒഴിവാക്കാൻ 25,000 രൂപ അടച്ചു. പക്ഷേ 2011ൽ ജപ്തി ഭീഷണിയുമായി ബാങ്കിൽ നിന്ന് വീണ്ടും വന്നു. ബാങ്കുകാർ തത്കാലത്തേക്ക് രണ്ട് ദിവസം വീട്ടിൽ നിന്ന് മാറി നിൽക്കണമെന്നാണ് ഞങ്ങളോട് പറഞ്ഞത്. ആവശ്യത്തിനുള്ള തുണിയും കുട്ടികളുടെ ബാഗുമെടുത്ത് ഞങ്ങൾ ബാങ്കുകാരെ വിശ്വസിച്ച് ഇറങ്ങി. പക്ഷേ രണ്ട് ദിവസം കഴിഞ്ഞ് വന്ന് നോക്കുമ്പോൾ ബാങ്കുകാർ മറ്റൊരു താഴിട്ട് ഞങ്ങളുടെ വീട് പൂട്ടിയിരുന്നു.” ബാങ്കുകാർ ഞങ്ങളെ ചതിക്കുകയായിരുന്നുവെന്ന് ലിനറ്റ് കരഞ്ഞുകൊണ്ടാണ് പറഞ്ഞു തീർത്തത്.

ലിനറ്റിന്റെ ജപ്തി ഭീഷണി നേരിടുന്ന വീട്. ഫോട്ടോ: ആരതി എം.ആ​ർ

ഇതിനെ തുടർന്ന് ഡെബ്റ്റ് റിക്കവറി ട്രിബ്യൂണലിലും പോലീസിലും ലിനറ്റ് കേസ് കൊടുത്തു. ഇവരെ പറ്റിച്ച മാത്യു കുറ്റം സമ്മതിച്ചുവെങ്കിലും അയാൾക്കെതിരെ ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ലെന്ന് ലിനറ്റ് പറയുന്നു. “എന്റെ കുഞ്ഞുങ്ങൾക്ക് പഠിക്കാൻ പറ്റുന്നില്ല. മകളെ പ്രസവത്തിന് പോലും വീട്ടിൽ കൊണ്ടുവരാൻ പറ്റിയില്ല. വേറെ ഗത്യന്തരമില്ലാതെ ജപ്തി ചെയ്ത വീട് തല്ലിപ്പൊളിച്ച് ഞങ്ങൾ അകത്ത് കയറി. മരിക്കാതിരിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. ആത്മഹത്യ ചെയ്താൽ നിങ്ങൾക്കേ നഷ്ടമുണ്ടാകൂ എന്നാണ് ബാങ്കുകാർ പറയുന്നത്. അവർക്കെന്റെ മക്കൾക്ക് അമ്മയെയും അച്ഛനെയും കൊടുക്കാൻ പറ്റോ?” ലിനറ്റ് ചോദിക്കുന്നു. “ഒരു ദിവസമെങ്കിലും സമാധാനത്തോടെ പെരയിൽ കിടന്നുറങ്ങാൻ കഴിയണമെന്നേ ഇപ്പോൾ ഉള്ളൂ.”

ലിനറ്റ് സമരപ്പന്തലിൽ

പ്രളയവും മഹാമാരിയും കടത്തിലാക്കിയവർ

2015ലാണ് പറവൂർ പട്ടണം സ്വദേശി പുഷ്പ ഗംഗാധരൻ ജില്ലാ സഹകരണബാങ്കിൽ നിന്ന് വീട് പണിയാനായി അഞ്ച് സെന്റ് സ്ഥലം ഈടായി നൽകി നാല് ലക്ഷം രൂപ വായ്പയെടുത്തത്. 2018 വരെയും കൃത്യമായി ലോൺ അടച്ചുപോന്നിരുന്നു. പക്ഷേ 2018ലുണ്ടായ പ്രളയം അവരെ കടത്തിലാക്കി. ‘വീടിന്റെ ടൈലിട്ട് ഒരാഴ്ച കഴിയുമ്പോഴാണ് വെള്ളപ്പൊക്കമുണ്ടായത്. വീട് മുഴുവൻ മുങ്ങി. ഞങ്ങൾ കുടുംബത്തോടെ ക്യാംപിലേക്ക് പോയി.’ കാക്കനാട് സർഫാസി വിരുദ്ധ സമരത്തിൽ പങ്കെടുക്കാൻ വന്ന പുഷ്പ ഗംഗാധരൻ ഓർത്തു. ‘വെള്ളപ്പൊക്കത്തിന് ശേഷം ജോലിയൊന്നുമുണ്ടായിരുന്നില്ല. ഭർത്താവ് ബാന്റ് സെറ്റിന്റെ പണിക്കാണ് പോയിരുന്നത്. പ്രളയം വന്നതോടെ പണിയില്ലാതായി. അങ്ങനെ വായ്പാ തിരിച്ചടവ് മുടങ്ങി. 2,70,000 രൂപ വരെ ഞങ്ങൾ അടച്ചിട്ടുണ്ടായിരുന്നു. ബാക്കി 1,30,000 രൂപയാണ് അടക്കാനുണ്ടായിരുന്നത്. അങ്ങനെയിരിക്കെയാണ് കോറോണ വരുന്നത്. അതോടെ കൂലിപ്പണിക്കും പോകാൻ കഴിയാതെയായി.’

അഞ്ച് മാസം മുമ്പാണ് പുഷ്പ ഗംഗാധരന്റെ വീട്ടിലേക്ക് ആദ്യമായി ജപ്തി നോട്ടീസ് എത്തുന്നത്. 5,88,022 രൂപ അടക്കണമെന്നാണ് ബാങ്ക് ഇപ്പോൾ ആവശ്യപ്പെടുന്നത്. ആ കാലഘട്ടത്തിലാണ് സർഫാസി വിരുദ്ധ സമരത്തെക്കുറിച്ചറിയുന്നത്. ‘അവർ തന്ന ഉറപ്പിലാണ് വീട്ടിൽ കയറി താമസിക്കാൻ തുടങ്ങിയത്. ഇപ്പോൾ ഞങ്ങൾക്ക് ഒരു ധൈര്യമുണ്ട്. എന്ത് വില കൊടുത്തും ഞങ്ങൾ ജപ്തി തടയും. ഞങ്ങൾ അടച്ച തുകയൊക്കെ പലിശയിൽ പോയി എന്നാണ് പറയുന്നത്. 1,30,000 രൂപ അടയ്ക്കാൻ ഞങ്ങൾ തയാറാണ് പക്ഷേ, അതിൽ കൂടുതൽ ഒരു രൂപ പോലും അടയ്ക്കില്ല. എന്റെ ഭർത്താവിന് 64 വയസായി. ഞാൻ തൊഴിലുറപ്പിന് പോകുന്ന ആളാണ്. പിന്നെ ഞങ്ങൾ എങ്ങനെ അടയ്ക്കും?’ പുഷ്പ ഗംഗാധരൻ ചോദിക്കുന്നു.

സമരപ്പന്തലിൽ നിന്നുള്ള ദൃശ്യം, 94-ാം ദിവസം. ഫോട്ടോ: ആരതി എം.ആ​ർ

വഴിയാധാരമാകുന്ന മൂന്ന് കുടുംബങ്ങൾ

കാക്കനാട് സ്വദേശിനി ശാന്തമ്മ 2009ൽ പെങ്ങളുടെ വിവാഹത്തിനായാണ് 2 ലക്ഷം രൂപ ലോണെടുത്തത്. പക്ഷേ തുടരെയുണ്ടായ മരണങ്ങൾ ആ വീടിനെ പിടിച്ചുലച്ചു. “ഞങ്ങൾ മൂന്ന് കുടുംബങ്ങളാണ് ഈ വീട്ടിൽ കഴിയുന്നത്. ഈ വീട് ലേലത്തിന് വിടുമെന്നാണ് ബാങ്കുകാർ വന്നു പറഞ്ഞത്. ആരോ ഒരാൾ അഞ്ച് ലക്ഷം രൂപയ്ക്ക് ഈ വീട് ലേലത്തിന് പിടിക്കാൻ തയ്യാറാണത്രേ…” ഹോളോബ്രിക്‌സിട്ട പണി കഴിയാത്ത വീടിനുള്ളിലിരുന്ന് ശാന്തമ്മ പറഞ്ഞു. “അഞ്ച് ലക്ഷം രൂപ കിട്ടിയാൽ ബാങ്കിലെ കടം തീർക്കാൻ മാത്രമേ തികയുള്ളൂ. അതിന് ശേഷം ഞങ്ങൾ എങ്ങോട്ട് പോകാനാണ്?”

ശാന്തമ്മ ചേച്ചി വീടിന് മുന്നിൽ. ഫോട്ടോ: ആരതി എം.ആർ

വീട്ടുപണി ചെയ്താണ് ശാന്തമ്മ കുടുംബം പുലർത്തുന്നത്. 9000 രൂപയൊക്കെ കൊടുത്ത് വാടകയ്ക്ക് പോകാൻ ഞങ്ങൾക്കാകില്ലെന്ന് ശാന്തമ്മ പറയുന്നു. അന്നന്നത്തെ ചിലവുകൾ നടത്താൻ തന്നെ കഷ്ടപ്പെടുന്ന, രണ്ട് മുറി വീട്ടിൽ മൂന്ന് കുടുംബങ്ങൾ കഴിയുന്ന ഇവർ ഏത് നിമിഷവും ജപ്തി ചെയ്യപ്പെട്ട് നിരത്തിലേക്ക് ഇറക്കപ്പെടാമെന്ന സ്ഥിതിയിലാണ് ഇന്നുള്ളത്. കടത്തിൽ നിന്ന് കര കയറാൻ വേറെ എന്താണ് മാർഗമെന്ന് ഇവർക്ക് അറിയുകയുമില്ല.

ജാതിയും ജപ്തിയും

പുത്തൻലവേലിക്കരയിലെ മിനിത്താഴത്തുള്ള അംബേദ്കർ കോളനിയിലെ ഏഴോളം വീടുകളാണ് ജപ്തി ഭീഷണി നേരിടുന്നത്. മക്കളുടെ കല്യാണത്തിനും ചികിത്സയ്ക്കുമൊക്കെയായ് വളരെ തുച്ഛമായ പണം ലോണെടുത്തവരാണ് ഈ പട്ടയഭൂമിയിൽ കഴിയുന്ന ദലിത് കുടുംബങ്ങൾ. പണി കഴിയാത്ത, ഹോളോബ്രിക്‌സിൽ തീർത്ത വീടുകളുടെ മുന്നിലിരുന്ന് അവരോരുത്തരും കടന്ന് പോകുന്ന ജപ്തി ഭീഷണിയെ കുറിച്ച് പറഞ്ഞു. സുലോചന, ഉഷ, ലാലി, തങ്കപ്പൻ, രാജമ്മ, ഷൈല തുടങ്ങിയവരെല്ലാം ഏത് നിമിഷവും കുടിയൊഴിപ്പിക്കപ്പെടാവുന്നവരായി, ജില്ലാ സഹകരണബാങ്കുകളുടെ കടക്കാരായി മാറിയവരാണ്.

അംബേദ്കർ കോളനിയിലെ സുലോചന ജപ്തി ഭീഷണി നേരിടുന്ന വീടിന് മുന്നിൽ. ഫോട്ടോ: ആരതി എം.ആ​ർ

“മകളുടെ കല്യാണത്തിനാണ് 2007ൽ നാല് സെന്റ് സ്ഥലം പട്ടയം പണയം വെച്ച് 60,000 രൂപ എടുത്തത്. അതിൽ 40,000 രൂപ അടച്ചു. പക്ഷേ അവർ അടച്ചില്ലെന്നാണ് പറയുന്നത്. 2018ലെ പ്രളയത്തിൽ പൈസ അടച്ച രസീതൊക്കെയുണ്ടായിരുന്നത് ഒലിച്ച് പോയി. അതിനിടയിൽ ഭർത്താവിന് സ്‌ട്രോക്ക് വന്ന് കിടപ്പിലായി.” സുലോചന ചേച്ചി തന്റെ ദുരിതങ്ങൾ പങ്കുവെച്ചു. “2010ലാണ് ആദ്യമായി ജപ്തി നോട്ടീസ് വന്നത്. അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി സാറിനെ കണ്ട് സംസാരിച്ചതിന് ശേഷം കുറെകാലം ജപ്തിയുടെ പേര് പറഞ്ഞ് ആരുംവന്നിട്ടില്ല. പക്ഷേ ഇപ്പോൾ വീണ്ടും ജപ്തിക്കായി ബാങ്ക് വരുന്നുണ്ട്.”

ജപ്തി ചെയ്താൽ കിടപ്പിലായ ഭർത്താവിനെയും കൊണ്ട് എങ്ങോട്ട് പോകുമെന്ന ആശങ്കയിലാണ് സുലോചനയുള്ളത്. പൊലീസ് വന്നാൽ ഇറങ്ങേണ്ടി വരുമെന്നൊക്കെയുള്ള ഭീഷണിയാണ് ബാങ്കുകാർ പറഞ്ഞത്. പക്ഷേ പൊലീസല്ല പട്ടാളം വന്നാലും ഇറങ്ങില്ല എന്ന നിലപാടിലാണ് സുലോചന.

ജില്ലാ സഹകരണബാങ്കിൽ നിന്ന് ഒന്നരലക്ഷം രൂപ വായ്പയെടുത്ത ഉഷയുടെ സ്ഥിതിയും മറ്റൊന്നല്ല. തെങ്ങുകയറ്റത്തൊഴിലാളിയായിരുന്ന ഭർത്താവ് തെങ്ങിൽ നിന്ന് വീണ് അപകടം പറ്റിയതോടെയാണ് വായ്പ അടവ് മുടങ്ങിയത്. “രണ്ടരലക്ഷത്തോളം രൂപ ഞങ്ങൾ അടച്ചതാണ്. പക്ഷേ അതെല്ലാം പലിശയിൽ പോയി എന്നാണ് അവർ ഇപ്പോൾ പറയുന്നത്.” ഉഷ പറയുന്നു. ഭർത്താവിന്റെ പേരിലെടുത്ത ലോൺ തന്റെയോ തന്റെ മരുമകളുടെയോ പേരിലാക്കി തരാനായി പല പ്രാവശ്യം ഉഷ ബാങ്കിനെ സമീപിച്ചതാണ്. പക്ഷേ ബാങ്കുകാർ ആ അപേക്ഷ നിരസിച്ചു. മുഴുവൻ തുകയും ഒരുമിച്ച് അടക്കണമെന്നാണ് ബാങ്ക് ആവശ്യപ്പെടുന്നത്.

അംബേദ്കർ കോളനിയിലെ 68 വയസുകാരൻ തങ്കപ്പൻ ചേട്ടന്റെയും സ്ഥിതി മറ്റൊന്നല്ല. മകളുടെ കല്യാണത്തിനായി മകന്റെ പേരിൽ 2015 ജനുവരി 5ന് 75,000 രൂപ വായ്പ എടുത്തതായിരുന്നു ഇവർ. എന്നാൽ അപ്രതീക്ഷിതമായി മകന് ആക്‌സിഡന്റുണ്ടായി. “ആശുപത്രീം കാര്യങ്ങളുമൊക്കെയായുള്ള ഓട്ടത്തിൽ അടവ് മുടങ്ങി. അങ്ങനെയിരിക്കെയാണ് ജപ്തി നോട്ടീസ് വന്നത്. നമുക്ക് വേറെ സ്ഥലമോ വീടോ ഉണ്ടായിരുന്നെങ്കിൽ കുഴപ്പമില്ലായിരുന്നു. ഈ പട്ടയഭൂമിയിൽ കഴിയുന്ന ഞങ്ങൾ എങ്ങോട്ട് പോകാനാണ്?” തങ്കപ്പൻ ചോദിക്കുന്നു.

അംബേദ്കർ കോളനിയിലെ തങ്കപ്പൻ ചേട്ടൻ ജപ്തി ഭീഷണി നേരിടുന്ന വീടിന് മുന്നിൽ. ഫോട്ടോ: ആരതി എം.ആ​ർ

സമ്പന്നർക്കും ദരിദ്രർക്കും പ്രത്യേകം നിയമങ്ങളുള്ള ഇന്ത്യ!

അതിസമ്പന്നരും അതിദരിദ്രരുമുള്ള രാജ്യമാണ് ഇന്ത്യ. രണ്ട് വിഭാഗത്തിനും പ്രത്യേകം പ്രത്യേകം നിയമങ്ങളുമാണുള്ളതെന്ന് നമുക്ക് കാണാവുന്നതാണ്. “കിട്ടാക്കടം 80 ശതമാനം വരുത്തിയിരിക്കുന്നത് ഇവിടുത്തെ കോർപ്പറേറ്റുകളാണ്. അവരുടെ ഒരു മൊട്ടുസൂചി പോലും ജപ്തി ചെയ്യുന്നില്ല. രണ്ട് സെന്റ് മൂന്ന് സെന്റ് ഭൂമിയുള്ള മനുഷ്യരെ ജപ്തി ചെയ്യുന്നത്.” പി.ജെ മാനുവൽ പറയുന്നു. “ഇന്ത്യൻ ജനതയുടെ വൈവിധ്യതയെ ഒരു തരത്തിലും പരിഗണിക്കാതെയാണ് അമേരിക്കയിൽ നിന്നും സർഫാസി പോലൊരു നിയമത്തെ ഇന്ത്യൻ സാഹചര്യത്തിൽ നടപ്പാക്കിയിരിക്കുന്നത്. സർഫാസിയുടെ മൂന്നാം വകുപ്പ് മുതൽ ആസ്തി പുന‍ർനിർമ്മാണ കമ്പനി സ്ഥാപിച്ച് കടപരിഹാരമുണ്ടാക്കുക എന്നാണ് പറയുന്നത്. ഇന്ത്യൻ ബാങ്കുകളിൽ കിട്ടാക്കടമായി കിടക്കുന്ന ആസ്തികൾ ഒരുമിച്ച് കോർപ്പറേറ്റ് ഭീമന്മാർ ഒരുമിച്ചെടുക്കും. അനിൽ അംബാനിയെ പോലെ ബാങ്കറപ്റ്റായ ഒരാൾ വലിയ രീതിയിൽ കിട്ടാക്കടങ്ങൾ വാങ്ങിച്ചിട്ടുണ്ട്.. എസ്.ബി.ടിയുടെ വിദ്യാഭ്യാസ വായ്പകൾ 115 കോടിയോളം രൂപയുടേത് 67 കോടിക്ക് എടുത്തു. വലിയ റിയൽ എസ്‌റ്റേറ്റ് കച്ചവടമാണ് നടക്കുന്നത്.” അദ്ദേഹം ആരോപിച്ചു. “അദാനിയെ പോലുള്ള കോർപ്പറേറ്റുകൾക്ക് വേണ്ടി പാപ്പരത്വ നിയമം ഉണ്ടാവുകയാണ്. അതിസമ്പന്നരെ കൂടെയിരുത്തി ചർച്ച ചെയ്ത് കടമെഴുതി തള്ളുകയും വീണ്ടും കടം കൊടുക്കുകയും ചെയ്യുന്ന നിയമം പാവങ്ങളുടെ മേൽ സർഫാസി നിയമം അടിച്ചേൽപ്പിക്കുന്നു.”

അംബേദ്കർ കോളനിയിലെ ഷൈല. ജപ്തി ഭീഷണി നേരിടുന്ന വീടിന് മുന്നിൽ. ഫോട്ടോ: ആരതി എം.ആർ

പ്രതിരോധം തീർക്കുന്ന സമരം

“പിണറായി സർക്കാർ, സഹകരണ ബാങ്കുകളിൽ സർഫാസി നിയമം പ്രയോഗിക്കില്ലെന്നും കിടപ്പാടം സംരക്ഷിക്കുന്ന രീതിയിലുള്ള നിയമങ്ങൾ കൊണ്ടു വരുമെന്നും പറഞ്ഞുവെങ്കിലും അടിസ്ഥാന വർഗത്തിന്റെ അല്ലെങ്കിൽ തൊഴിലാളി വർഗത്തിന്റെ പാർട്ടിയാണെന്ന് പറയുന്ന സി.പി.എം തന്നെയാണ് ഇന്ന് നല്ലൊരു ശതമാനം ആളുകളെയും കുടിയിറക്കുന്നത്. അതുകൊണ്ടാണ് ഞങ്ങൾ സമരത്തിലേക്ക് ഇറങ്ങിയത്.” വി.സി ജെന്നി പറയുന്നു. “അഞ്ചോളം ജപ്തികൾ സമരപന്തലിൽ നിന്ന് തടഞ്ഞിട്ടുണ്ട്. പീപ്പിൾസ് അർബൻ ബാങ്കിന്റെ മൂന്ന് ജപ്തി തടഞ്ഞു. മൂന്നും അഞ്ച് ലക്ഷത്തിന് താഴെയുള്ള തുകകളാണ് പാവപ്പെട്ട മനുഷ്യർ എടുത്തിരിക്കുന്നത്. ഈട് വെച്ച വസ്തു ബാങ്കിന് നേരിട്ട് പിടിച്ചെടുക്കാം. അതാണ് ഈ നിയമത്തിന്റെ പ്രത്യേകത. ഓരോ ദിവസവും പരാതികൾ വന്നു കൊണ്ടിരിക്കുകയാണ്. സമരം ജനങ്ങൾ ഏറ്റെടുത്ത് തുടങ്ങിയെന്നതിന്റെ തെളിവാണത്. അതാണ് ഇവിടുത്തെ വിജയം.”

“കേരള ബാങ്കിലാണ് ഏറ്റവും കൂടുതൽ സർഫാസി ജപ്തികൾ നടക്കുന്നത്. ഇതൊരു വലിയ രാഷ്ട്രീയ സാമൂഹിക പ്രശ്‌നമാണ്. ജില്ലാ സഹകരണബാങ്കും സംസ്ഥാന സഹകരണബാങ്കും ലയിപ്പിച്ചിട്ട് ഉണ്ടായതാണ് കേരള ബാങ്ക്. ഗ്ലോബലൈസേഷന്റെ അജണ്ടയായ കേന്ദ്രീകരണത്തിനാണ് അത് വഴിവെക്കുന്നത്. ഇപ്പോ മൂന്ന് സെന്റിനും അഞ്ച് സെന്റിനും പണം കൊടുക്കുന്നില്ല. പകരം നെടുമ്പാശ്ശേരി വിമാനത്താവളത്തിനും കൊച്ചി മെട്രോയ്ക്കുമാണ് കൊടുക്കുന്നത്. ഭൂമിയെ ക്രയവിക്രയത്തിന് വിട്ടുകൊടുക്കുകയാണ്.” പി.ജെ മാനുവൽ അഭിപ്രായപ്പെട്ടു.

സമരപന്തലിൽ ഉണ്ടായിരുന്ന ജപ്തി ഭീഷണി നേരിടുന്നവരിൽ ഭൂരിഭാഗവും ഒരു കാലത്ത് ആത്മഹത്യയെ കുറിച്ച് ചിന്തിച്ചിരുന്നവരാണ്. അവരുടെ ഓർമ്മകളിൽ ആ കാലവും ഉണ്ട്. പക്ഷെ ഇന്ന് തങ്ങൾ ഒറ്റക്കല്ല എന്നും ഏത് വിധേനയും ജപ്തി നടപടികളെ തടയുമെന്നുള്ള ഉറപ്പിലാണ് അവരുള്ളത്. “ഞങ്ങൾ ഒറ്റക്കായിരുന്നപ്പോൾ ഭയമുണ്ടായിരുന്നു. ഇന്ന് ഞങ്ങൾക്കറിയാം നമ്മളാരും ഒറ്റക്കല്ലെന്ന്.” മുദ്രാവാക്യങ്ങൾ മുഴങ്ങുന്ന സമരപന്തലിൽ ഇരുന്ന് ലിനറ്റ് പ്രതീക്ഷയോടെ പറഞ്ഞു.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

May 5, 2023 11:29 am