Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


രണ്ടാം ഭൂപരിഷ്‌കരണം ആര്ക്ക് വേണ്ടി? – 5
സി. അച്യുതമേനോൻ സർക്കാരിന്റെ മികച്ച നേട്ടങ്ങളിലൊന്നായി ഇപ്പോഴും വിലയിരുത്തുന്നത് കണ്ണൻദേവൻ ഭൂമി ഏറ്റെടുത്തതാണ്. സുപ്രീംകോടതി പോലും ഭൂമി ഏറ്റെടുത്തത് അംഗീകരിച്ചു. ഭൂമി ഏറ്റെടുത്തതിനെതിരെ കമ്പനി നൽകിയ ഹർജി സുപ്രീംകോടതി തള്ളി. നിയമപ്രകാരം 1971 ജനുവരി 21 മുതൽ കണ്ണൻദേവൻ ഭൂമി സർക്കാരിൽ നിക്ഷിപ്തമായി. സംസ്ഥാന ലാൻഡ് ബോർഡിന്റെ മാർച്ച് 29ലെ ഉത്തരവ് പ്രകാരം സർക്കാരിൽ നിക്ഷിപ്തമായത് കണ്ണൻദേവൻ കമ്പനിയുടെ 70,522 ഏക്കർ ഭൂമിയാണ്.
നിയമ നിർമ്മാണത്തിന് ശേഷം മറ്റൊരു നാടകം കൂടി തിശ്ശീലയ്ക്ക് പിന്നിൽ അരങ്ങേറി. 1971ലെ നിയമത്തിലെ വകുപ്പ് നാല് (ഒന്ന്) പ്രകാരം ഏതാനും ഏക്കർ ഭൂമി മടക്കി കിട്ടുന്നതിന് കണ്ണൻദേവൻ കമ്പനി ലാൻഡ് ബോർഡിന് ഹർജി സമർപ്പിച്ചു. വിദേശ കമ്പനിയുടെ അപേക്ഷ പരിഗണിക്കാൻ ലാൻഡ് ബോർഡിന് അധികാരമുണ്ടോ എന്ന് അന്ന് ആരും പരിശോധിച്ചില്ല. അപേക്ഷ സ്വീകരിച്ച് 57,235.57 ഏക്കർ ഭൂമി കമ്പനിക്ക് നൽകാൻ ലാൻഡ് ബോർഡ് ചെയർമാൻ കെ.സി ശങ്കരനാരായണൻ 1974 മാർച്ച് 29ന് ഉത്തരവിട്ടു. അത് പ്രകാരം ഭൂമി കണ്ണൻദേവൻ കമ്പനിക്ക് കൈമാറണമെന്ന് 1977 ഒക്ടോബർ 10ന് ഇടുക്കി കലക്ടറുടെ ഉത്തരവിറങ്ങി.
ലാൻഡ് ബോർഡിന്റെ തീരുമാനത്തിൽ അപ്പീൽ അനുവാദമില്ല. ഇക്കാര്യത്തിൽ സംശയമുന്നയിക്കുന്നവർ തെറ്റിദ്ധാരണ നിലനിർത്തുന്നവരും ബോധപൂർവം സർക്കാരിനെ ചീത്തയാക്കാൻ പ്രവർത്തിക്കുന്നവരുമാണെന്ന് മന്ത്രി ബേബി ജോൺ നിയമസഭയിൽ വ്യക്തമാക്കിയതോടെ പ്രതിരോധങ്ങളെല്ലാം അവസാനിച്ചു. മന്ത്രിയുടെ പ്രതിരോധത്തിന് മുന്നിലും രാഷ്ട്രീയ പ്രസ്ഥാനങ്ങളെല്ലാം മുട്ടുകുത്തി. കമ്പനി നൽകുന്ന പ്രസ്താവനയിലെ ന്യായാന്യായം പരിശോധിച്ച് ലാൻഡ് ബോർഡിന് തീരുമാനമെടുക്കാമെന്നായിരുന്നു സർക്കാരിന്റെ വാദം. ഭൂമി സർക്കാരിൽ നിക്ഷിപ്തമായെങ്കിലും കമ്പനിയുടെ ആവശ്യത്തിന്, പ്ലാന്റേഷൻ നടത്തിപ്പിന് ആവശ്യമുള്ള ഭൂമി തിരിച്ചുകൊടുക്കണമെന്നായിരുന്നു നിയമത്തിലെ വ്യവസ്ഥ.


നിയമം പാസാക്കിയതിന് ശേഷം കണ്ണൻദേവൻ കമ്പനിയുടെ ഏഴ് തരത്തിലുള്ള ഉപയോഗത്തിന് ഭൂമി നൽകി. ലാൻഡ് ബോർഡ് ചെയർമാന്റെ ഉത്തരവ് പ്രകാരം തേയിലകൃഷിക്ക് – 23,239 ഏക്കർ, വിറക് തോട്ടങ്ങൾ – 16,898, കാലിമേയ്ക്കൽ – 1,220, കെട്ടിടങ്ങൾ, റോഡുകൾ, ജീവനക്കാരുടെ തോട്ടങ്ങൾ – 2,671, അരുവികൾ, ചതുപ്പുകൾ – 2,465, കൃഷിയോഗ്യമല്ലാത്തത് – 6,393, എസ്‌റ്റേറ്റുകൾക്കുള്ളിലും എസ്‌റ്റേറ്റുകൾക്കിടയിലും കിടക്കുന്നത് – 4,523 ഏക്കർ എന്നിങ്ങനെയാണ്. സർക്കാർ ഉടമസ്ഥതയിലായ 70,522 ഏക്കറിൽ തനത് സ്ഥിതിയിൽ നിലനിർത്തേണ്ടതായി 43,452 ഏക്കറും വനവത്ക്കരണത്തിനായി 17,922 ഏക്കർ ഭൂമിയും കൂടി ആകെ 61,374 ഏക്കർ വനംവകുപ്പിന് കൈമാറാൻ 1977ൽ വിദഗ്ധ സമിതി റിപ്പോർട്ട് നൽകി. അതിൽ 10,458 ഏക്കർ വനംവകുപ്പിന് കൈമാറി.
റീസർവേ നടപടികൾ പൂർത്തിയാകാത്തതിനാൽ ബാക്കി ഭൂമി കൈമാറാൻ കഴിഞ്ഞില്ല. വനംവകുപ്പിന് കൈമാറാൻ തീരുമാനിച്ച ഭൂമിയിൽ പല കൈയേറ്റങ്ങളും നടന്നു. കുടിയൊഴിപ്പിക്കലിനെതിരെ പലരും ഹൈക്കോടതിയിൽനിന്ന് സ്റ്റേയും വാങ്ങി. ലാൻഡ് ബോർഡ് അവാർഡിന് ശേഷം സർക്കാർ നിരവധി ഉത്തരവുകളിറക്കിയെങ്കിലും അതെല്ലാം കടലാസിലൊതുങ്ങി. ഫലത്തിൽ കണ്ണൻ ദേവന് ഭൂമി നൽകാനുള്ള നിയമമാണ് അച്യുതമേനോൻ പാസാക്കിയതെന്ന് പറഞ്ഞാൽ സി.പി.ഐക്ക് പോലും നിഷേധിക്കാനാവില്ല.
കണ്ണൻദേവന് ലാൻഡ് ബോർഡ് ഭൂമി അനുവദിച്ചതോടെയാണ് ആധാരം രജിസ്റ്റർ ചെയ്തത്. അത് വരെ തിരുവിതാംകൂർ രാജാവ് നൽകിയ പാട്ട ഭൂമിയായിരുന്നു. നിയമനിർമ്മാണത്തിലൂടെ സി. അച്യുതമേനോൻ സർക്കാർ ആധാരം ചമച്ച് നൽകിയെന്ന് പറയാം. ആധാരം രജിസ്റ്റർ ചെയ്ത് നൽകിയ ദേവികുളം സബ് രജിസ്ട്രാർ രേഖകളൊന്നും അന്വേഷിച്ചില്ല. രജിസ്ട്രാർക്ക് കിട്ടാനുള്ളത് കിട്ടിയാൽ പിന്നെ രേഖകളൊന്നും പരിശോധിക്കില്ല. അത് ഇന്നും തുടരുന്ന വ്യവസ്ഥകളിലൊന്നാണ്. ആധാരം എഴുത്തുകാർ ഇടനിലക്കാരായിട്ടാണ് ഇപ്പോൾ പ്രവർത്തനം.


കണ്ണൻദേവൻ കമ്പനിയ തയ്യാറാക്കിയ ആധാരത്തിൽ 1976 ജനുവരി ഒന്നുമുതൽ മുൻകാല പ്രാബല്യം നൽകി. രാജാവ് നൽകിയ പാട്ടം ബ്രിട്ടീഷ് കമ്പനികളുടെ സ്വന്തം ഭൂമിയായി തീർന്നത് ഈ ആധാരത്തിലൂടെയാണ്. കെ.ഡി.എച്ച് ആക്ട് പ്രകാരം ലാൻഡ് ബോർഡ് രണ്ട് വിദേശ കമ്പനികൾക്കും കൂടി ഇടുക്കി ജില്ലയിൽ 58,741 ഏക്കർ തോട്ടഭൂമിയാണ് നൽകിയത്. എന്നാൽ, രണ്ട് കമ്പനികളും ചേർന്ന് 1977 ൽ രണ്ട് ആധാരങ്ങൾ ചമച്ച് ടാറ്റ ഫിൻലേക്ക് വിറ്റത് 1,02,034 ഏക്കർ ഭൂമിയാണ്. ഭൂമി വാങ്ങിയതായി കമ്പനിക്കുവേണ്ടി ഒപ്പുവെച്ചിരിക്കുന്ന എസ്.കെ മെഹ്‌റയുടെ പേരിന്റെ സ്‌പെല്ലിങ് പല പേജുകളിലും പലതാണ്. ആധാരത്തിന്റെ ഓരോ പേജുകളിലും എസ്. പുരി ഇട്ടിരിക്കുന്ന ഒപ്പുകളും അവസാന പേജിലെ ഒപ്പും വ്യത്യസ്ഥമാണ്. ഇതൊന്നും ആരും പരിശോധിച്ചില്ല.
ലാൻഡ് ബോർഡ് ഉത്തരവനുസരിച്ച് ദേവികുളം തഹസീൽദാരായിരുന്ന ടി.എൻ നാരായണ പണിക്കർ ഭൂമി കൈമാറിയത് ഇന്ത്യൻ കമ്പനിയായ ടാറ്റ ഫിൻലേക്കാണ്. ഇതിന് കാരണമായി നാരായണ പണിക്കർ രേഖപ്പെടുത്തിയിരിക്കുന്നത് 1977 ഡിസംബറിൽ ദേവികുളം സബ് രജിസ്ട്രാർ ഓഫീസിൽ രജിസ്റ്റർ ചെയ്ത 381/1976 നമ്പർ ആധാരപ്രകാരം കെ.ഡി.എച്ച്.പി (യു.കെ) കമ്പനിയുടെ ഭൂമി മുഴുവൻ ടാറ്റ ഫിൻലേക്ക് വിറ്റുവെന്നാണ്. നാരായണ പണിക്കരാണ് ഈ വിൽപ്പന അംഗീകരിച്ച് ഭൂമി പോക്കുവരവ് നടത്തി ടാറ്റക്ക് നൽകിയത്. ഇതിന് പിന്നിൽ രാഷ്ട്രീയ ഇടപെടൽ നടന്നിരിക്കാം. നാരായണ പണിക്കർ സ്വയം തീരുമാനിച്ചതാവാൻ വഴിയില്ല.
ഈ ഉദ്യോഗസ്ഥരെ നിയമലംഘനം നടത്താൻ പ്രേരിപ്പിച്ച രാഷ്ട്രീയ കേന്ദ്രമുണ്ടാവും. അവിടെയാണ് അന്നത്തെ മുഖ്യമന്ത്രി അച്യുതമേനോനും റവന്യൂമന്ത്രി ബേബി ജോണും കണ്ണൻ ദേവനെന്ന ബ്രിട്ടീഷ് കമ്പനിയെ സഹായിച്ചതിന്റെ പൊരുൾ അന്വേഷിക്കേണ്ടത്. പലരേഖകളും മറച്ചുവെച്ചാണ് ലാൻഡ് ബോർഡ് തീരുമാനം എടുത്തത്. 1971 ലെ കണ്ണൻദേവൻ ഭൂമി വീണ്ടെടുക്കൽ നിയമനിർമ്മാണത്തിലെ പൊള്ളത്തരം ആരും ഇതുവരെ ചൂണ്ടിക്കാണിച്ചിട്ടില്ല. ബ്രിട്ടീഷ് കമ്പനികൾ കേരളത്തിന്റെ മണ്ണിൽ കോടിക്കണക്കിന് രൂപയുടെ വിഭവകൊള്ള തുടരുന്നതിനെ സൈദ്ധാന്തികമായി ന്യായീകരിച്ചതും ചരിത്രത്തിന്റെ ഗതിമാറ്റിയ അട്ടിമറിക്ക് നേതൃത്വം നൽകിയതും അച്യുതമേനോൻ ആണ്.


1957ലെയും 1967ലെയും സർക്കാരുകളുടെ നിലപാടിൽ ഉറച്ചുനിന്ന് വിദേശ തോട്ടങ്ങളുടെ ഭൂവുടമസ്ഥത സംബന്ധിച്ച് പ്രമാണ രേഖകൾ പരിശോധിച്ചെങ്കിൽ 1970കളിൽ തന്നെ സംസ്ഥാനത്തെ അഞ്ച് ലക്ഷത്തിലധികം ഏക്കർ തോട്ടഭൂമി മലയാളികൾക്ക് തിരിച്ചുപിടിക്കാമായിരുന്നു. കേരളത്തിെന്റ സാമ്പത്തിക വളർച്ചക്ക് പുതുവഴി വെട്ടാമായിരുന്നു. തോട്ടം മേഖലയിൽ അഞ്ച് ലക്ഷത്തിലധികം ഏക്കർ ഭൂമി ബ്രിട്ടീഷ് ഉടമസ്ഥതയിൽ നിലനിർത്തുന്നതിനും അവരുടെ ബിനാമി കമ്പനികളുടെ പേരിൽ ഭൂമിക്ക് ആധാരം ചമക്കുന്നതിനും നിയമം വഴിയൊരുക്കി. മലയാളികളുടെ സ്വാതന്ത്ര്യത്തെയും ഭൂരഹിതരുടെ ജീവിതത്തെയും കശാപ്പ് ചെയ്യുന്ന നിയമനിർമ്മാണമാണ് അച്യുതമേനോൻ നടത്തിയത് എന്ന കാര്യത്തിൽ സംശയമില്ല.
അക്കാലത്തെ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗങ്ങൾ ഭൂരിപക്ഷവും കോളനി നിവാസികളും തോട്ടം തെഴിലാളികളുമായിരുന്നു. ഈ നിയമനിർമ്മാണത്തിന് ശേഷം നിയമസഭയിൽ വിദേശ തോട്ടങ്ങളുടെ ഭൂമി സംബന്ധിച്ച് ആരും ചോദ്യം ഉന്നയിച്ചിട്ടില്ല. ഭൂമിക്കുവേണ്ടിയുള്ള പോരാട്ടങ്ങളെല്ലാം കെട്ടടങ്ങി. മണ്ണിൽ പണിയെടുക്കുന്നവർക്ക് കോളനികളിൽ ലഭിച്ച അഞ്ചും പത്തും സെന്റ് ഭൂമി അഭയകേന്ദ്രമായി. ആ തടവറ ഭേദിക്കാൻ ഇന്നും അവർക്ക് കഴിഞ്ഞിട്ടില്ല. അവിടുത്തെ ജീവിതം സ്വർഗ്ഗ തുല്യമാണെന്ന കമ്മ്യൂണിസ്റ്റ് നേതാക്കൾ പറയുന്നുണ്ട്.
ഇക്കാലത്ത് അധികാരബന്ധമുള്ളവർ ആവശ്യം പോലെ വനഭൂമികൈയേറി. 1971 മുതൽ 2005 വരെ ഏതാണ്ട് മൂന്നരപതിറ്റാണ്ട് കേരളത്തിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ വിദേശതോട്ടങ്ങളെ സംബന്ധിച്ച് കുറ്റകരമായ മൗനം പാലിച്ചു. റവന്യൂവകുപ്പിനുള്ളിൽ നടന്ന അട്ടിമറി പൂർണമായും മറച്ചുപിടിക്കാൻ ഭരണം കൈയാളിയവർക്കും കഴിഞ്ഞു. തോട്ടം മുതലാളിമാരുടെ പിണിയാളുകളായി റവന്യൂ ഉദ്യോഗസ്ഥർ. റവന്യൂ ഓഫിസുകളിലേക്ക് ഒഴുകിയ പണത്തിന് കണക്കില്ല. ഇടതു ഭരണകാലത്ത് സി.പി.ഐയും വലതുഭരണകാലത്ത് ഏറെക്കുറെ കേരള കോൺഗ്രസുമാണ് റവന്യൂവകുപ്പ് കൈകാര്യം ചെയ്തത്.
കേരളത്തിലെ ഭൂരഹിതരുടെ പ്രത്യേകിച്ച് ദലിത്-ആദിവാസി വിഭാഗങ്ങളുടെ ജീവിതവികാസത്തിന് താഴിട്ടു. കൃഷിഭൂമയിൽ നിന്ന് അവരെ ആട്ടിയോടിച്ചു. ഹാരിസൺസ് അടക്കമുള്ള കമ്പനികൾ രാഷ്ട്രീയ നേതൃത്വത്തിന്റെ ഒത്താശയോടെ കരുക്കൾ നീക്കി. താലൂക്ക് ലാൻഡ് ബോർഡിന് സീലിങ് റിട്ടേൺ സമർപ്പിച്ച് പാട്ടഭൂമി സ്വന്തമാക്കി. പിന്നീട് ഭൂമി മറിച്ച് വിറ്റു. പ്രമാണ രേഖകളെക്കുറിച്ചുള്ള എല്ലാ അന്വേഷണങ്ങൾക്കും തടയിട്ടതും വ്യാജരേഖകളുണ്ടാക്കി ഭൂമി സ്വന്തമാക്കുന്നതിന് അവസരം നൽകിയതും അടിയന്തിരാവസ്ഥയുടെ നിശ്ശബ്ദതയിലാണ്. ദലിതരും ആദിവാസികളും അടക്കമുള്ള ജനത സർക്കാർ തലത്തിൽ അരങ്ങേറിയ ഈ തട്ടിപ്പ് തിരിച്ചറിഞ്ഞില്ല.


1970കൾക്കുശേഷം ഇടതുമുദ്രാവാക്യം മാറി. കണ്ണൻദേവന്റെ കൈവശമുള്ള അധികഭൂമി തിരിച്ചുപിടിക്കണമെന്നാണ് പന്നീട് ആവശ്യപ്പെട്ടത്. വി.എസ്. അച്യുതാനന്ദൻ നടത്തിയ സമരം അധിക ഭൂമി തിരിച്ചുപാടിക്കാനാണ്. വിദേശകമ്പനികൾ കേരളത്തിൽ ഭൂമി തിരിമറി നടത്തിയെന്ന സത്യം വി.എസും തിരിച്ചറിഞ്ഞില്ല. തോട്ടം മേഖലയെക്കുറിച്ച് അക്കാദമിക് രംഗത്ത് നിരവധി പഠന റിപ്പോര്ട്ടുകൾ തയ്യാറാക്കിയെങ്കിലും ഭൂ വുടമസ്ഥതയെക്കുറിച്ച് അന്വേഷിച്ചില്ല. കോൺഗ്രസ്-സി.പി.ഐ ബാന്ധവം വിദേശതോട്ടം ഉടമകളെ സംബന്ധിച്ചിടത്തോളം സുവർണ കാലവുമായിരുന്നു. പി.എസ് ശ്രീനിവാസൻ, കെ.ഇ ഇസ്മായിൽ തുടങ്ങിയ സി.പി.ഐയുടെ റവന്യൂ മന്ത്രിമാർ വിദേശതോട്ടങ്ങളുടെ കാര്യത്തിൽ കണ്ണടച്ചു.
അച്യുതമേനോൻ സർക്കാർ കേരളത്തോട് ചെയ്ത നീതികേടായിരുന്നു കണ്ണൻ ദേവൻ നിയമനിർമ്മാണം. കേരളീയരെ കൊളോണിയൽ അടിമത്തത്തിന് വിധിക്കുകയായിരുന്നു സർക്കാർ. സ്വാതന്ത്ര്യത്തിന് നേർക്ക് വലിയ ഭീഷണിയാണ് അത് ഉയർത്തിയത്. ഇതിലൂടെ ആപൽക്കരമായൊരു കെണിയിലാണ് ഭൂരഹിതർ അകപ്പെട്ടത്. ആ കുരുക്കിൽ നിന്ന് ഇന്നും അവർക്ക് പുറത്ത് കടക്കാനായിട്ടില്ല. പാർശ്വവൽക്കരിക്കപ്പെട്ട മനുഷ്യരുടെ വീണ്ടെടുപ്പ് അതോടെ അസാധ്യമായി. നിയമനിർമ്മാണം പുതിയ ചരിത്രപ്രതിസന്ധി സൃഷ്ട്രിച്ചു. 1970-73 കാലത്ത് സംസ്ഥാനത്ത് സി.പി.എം നടത്തിയ മിച്ചഭൂമി കാണിച്ചുകൊടുക്കൽ സമരം, കുടികിടപ്പ് വളഞ്ഞെടുക്കൽ സമരം എന്നിവയൊന്നും വിദേശതോട്ടങ്ങളെ ബാധിച്ചില്ല. ഇക്കാലത്ത് സംയുക്ത കർഷക തൊഴിലാളി സമരസമിതിയുടെ നേതൃത്വത്തിൽ മിച്ചഭൂമിയിൽ പ്രവേശിക്കുകയും നിയമം ലംഘിക്കുകയും ചെയ്തു. എന്നാൽ, ഈ സമരങ്ങളൊന്നും കൊളോണിയൽ കൊള്ളക്ക് എതിരായില്ല. ജന്മിത്ത നിർമ്മാർജനത്തിനായി നടപ്പാക്കിയ നിയമം വിദേശ തോട്ടംഭൂമിയെ തൊട്ടില്ല.
1973 നവംബർ അവസാന ആഴ്ചയിൽ ചേർന്ന സി.പി.എം കേന്ദ്രകമ്മിറ്റി യോഗം പാസാക്കിയ ഭൂപ്രശ്‌നങ്ങളെ സംബന്ധിച്ച പ്രമേയത്തിൽ ചില കാര്യങ്ങൾ വിശദീകരിക്കുന്നുണ്ട്. ഭൂപരിധി നിയമത്തിൽനിന്ന് ഒരു ഭൂമിയെയും ഒഴിവാക്കിക്കൂടാ. ഉൽപ്പാദന സംബന്ധമായ കാരണങ്ങളാൽ ചെറുതാക്കി വീതിച്ചുകൂടാത്ത വൻതോട്ടങ്ങൾ ദേശസാൽക്കരിക്കേണ്ടതാണ്. എന്നാൽ, ചെറിയ തോട്ടങ്ങളെയും ഭൂപരിധിനിയമത്തിൻകീഴിൽ കൊണ്ടുവരേണ്ടതാണ്. തോട്ടമുടമകളെ തോട്ടത്തിന്റെ പരിധിക്ക് പുറമേ മറ്റുതരത്തിലും കൃഷിഭൂമി കൈവശംവെക്കാൻ അനുവദിക്കരുതെന്ന നിലപാടിൽ സി.പി.ഐ(എം) ഉറച്ചുനിന്നപ്പോഴാണ് അച്യുതമേനോൻ സർക്കാർ ഭൂരിപക്ഷം ഉപയോഗിച്ച് നിയമം പാസാക്കിയത്.
അക്കാദമിക തലത്തിൽ നടന്ന പഠനങ്ങൾ ഇടതുചിന്തകരുടെ മുൻകൈയിലായതിനാൽ ഭൂപരിഷ്‌കരണത്തിന്റെ ഗുണഫലങ്ങളാണ് ഏറെ ചർച്ച ചെയ്തത്. പിൽക്കാലത്ത് അതിന് നേതൃത്വം നൽകിയത് ഡോ. ടി.എം. തോമസ് ഐസക്ക്, ഡോ. രാജൻ ഗുരുക്കൾ, ഡോ. കെ.എൻ. ഗണേഷ്, ഡോ. രാംകുമാർ തുടങ്ങിയ ഇടതുപക്ഷ ബുദ്ധിജീവികളാണ്. അവർ ഭൂപരിഷ്‌കരണത്തെ വാനോളം പുകഴ്ത്തി. ലോകത്തിന് മാതൃകയാണ കേരളമെന്ന് പ്രചരിപ്പിച്ചു. തോട്ടംമേഖലയിലെ വിദേശമേധാവിത്വവും കൊളോണിയൽ ചൂഷണവും അടിയാളത്തവുമൊന്നും ഇവരുടെ പഠനങ്ങളിലും കാഴ്ചയിലും പതിഞ്ഞില്ല. അതിനാൽ ബ്രിട്ടീഷ് കമ്പനികളുടെ കൊള്ളക്ക് അറുതിവരുത്തുന്നതിന് പകരം ഈ മണ്ണിന്റെ ഉടമസ്ഥത ഉറപ്പിച്ച് നൽകിയത് അച്യുതമേനോൻ സർക്കാരാണെന്ന് സി.പി.എം പിന്നീട് പറഞ്ഞില്ല.
അച്യുതമേനോൻ ഊടും പാവുമിട്ട് നെയ്‌തെടുത്ത നിയമം കണ്ണൻദേവന് മാത്രമല്ല മറ്റ് വിദേശതോട്ടങ്ങളുടെയും ഭൂമിയും സംരക്ഷിക്കുന്നതിനുള്ള അടിത്തറയായി. വിദേശ സായ്പന്മാർ 1947 ൽ വിട്ടെറിഞ്ഞ് പോയ തോട്ടഭൂമിയിൽ ഏറെയും സ്വദേശീയരായ ധനികരുടെ കൈയിലെത്തി. വ്യാജ ആധാരങ്ങളെ അവർ വെളിപ്പിച്ചെടുത്തു. ഉദാഹരണമായി ചിങ്കൽപ്പേട്ട് സബ് രജിസ്ട്രാർ ഓഫിസിലെ രണ്ട് പാട്ടഉടമ്പടികൾ പ്രകാരം മലയാളം പ്ലാന്റേൻ എന്ന ബ്രിട്ടീഷ് കമ്പനിക്ക് 30,000 ഏക്കർ ഭൂമിയുണ്ടായിരുന്നു. ഇന്ന് 10,000 ൽ താഴെ ഏക്കർ ഭൂമിയെ കണ്ടെത്താനാവു. പലരും കൈയേറി സ്വന്തമാക്കി കഴിഞ്ഞു.


സമൂഹത്തിൽ അധികാര ബന്ധമുള്ളവരുടെ കൈയേറ്റം ആരും ചോദ്യം ചെയ്യില്ല. ഭൂപരിഷ്‌കരണ നിയമം നടപ്പാക്കുന്നതിന് നേതൃത്വം വഹിച്ച സംസ്ഥാന ലാൻഡ് ബോർഡ് ഇവരെയെല്ലാം വഴിവിട്ട് സഹായിച്ചു. ലാൻഡ് ട്രിബ്യൂണൽ, താലൂക്ക് ലാൻഡ് ബോർഡ് തുടങ്ങിയ സർക്കാർ സംവിധാനങ്ങളെല്ലാം ഈ അഴിമതിക്ക് മുന്നിൽ കണ്ണടച്ചു. ഭൂപരിഷ്‌കരണ നിയമം അനുസരിച്ച് പരിധിയിൽ കവിഞ്ഞ ഭൂമി കൈവശം വയ്ക്കുന്ന വ്യക്തികൾ റിട്ടേൺ ഫയൽ ചെയ്യേണ്ടതാണ്. അത് യഥാസമയം ചെയ്യുന്നില്ലെങ്കിൽ സ്വമേധയാ കേസ് എടുത്ത് വിചാരണ നടത്തി പരിധിയിൽ കവിഞ്ഞ ഭൂമി ഏറ്റെടുക്കാൻ താലൂക്ക് ലാൻഡ് ബോർഡിന് അധികാരമുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ ലാൻഡ് ബോർഡുകൾ അട്ടിമറി നടത്തിയെന്നാണ് അന്വേഷണ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
സർക്കാർ രൂപീകരിച്ച താലൂക്ക് ലാൻഡ് ബോർഡുകൾ വഴി വിദേശ കമ്പനികളും സ്വദേശികളും ഭൂമി സ്വന്തമാക്കി. ഭൂതകാലത്തെ ഏറിയ ഭാഗവും മറവിയിലേക്ക് തള്ളാനാണ് കമ്മ്യൂണിസ്റ്റ് പാർട്ടികൾ ഇഷ്ടപ്പെടുന്നത്. മുന്നണി രാഷ്ട്രീയത്തിനുള്ളിലെ നാണംകെട്ട ഒത്തുതീർപ്പുകളും നെറികെട്ട നിലപാടുകളാണ് വിദേശ കമ്പനികളുടെ താൽപ്പര്യം സംരക്ഷിച്ചത്. ഇതിന്റെ തുടർച്ചയാണോ മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രഖ്യാപിച്ച രണ്ടാം ഭൂപരിഷ്‌കരണം. തോട്ടം ഉടമകളെ സംരക്ഷിക്കാനുള്ള കുറുക്ക് വഴിയാണോ?

