കേരള യൂണിവേഴ്സ്റ്റി ക്യാമ്പസിൽ വിശാലമായ ഒരു പച്ചത്തുരുത്തുണ്ട്. അധികം ആളനക്കമില്ലാതെ ഏക്കറുകളോളം പടർന്നുകിടക്കുന്ന പച്ചപ്പ്. ഇറക്കുമതി ചെയ്ത വൈദേശിക സസ്യമായ അക്കേഷ്യ മരങ്ങളാണ് കൂടുതലെങ്കിലും പതിറ്റാണ്ടുകളായി ഒരു ആവാസവ്യവസ്ഥ അവിടെ രൂപപ്പെട്ടിരുന്നു. കൈകടത്തലുകൾ അധികം ഇല്ലാതിരുന്നതുകൊണ്ടുതന്നെ ജൈവവൈവിധ്യത്താൽ അവിടം സമ്പന്നമായിരുന്നു. എന്നാൽ അക്കേഷ്യ മരങ്ങൾ വെട്ടിമാറ്റുന്നതിന്റെ ഭാഗമായി ആ പച്ചത്തുരുത്ത് ഒറ്റയടിക്ക് തെളിക്കപ്പെട്ടു. അക്കേഷ്യയ്ക്ക് പല പ്രശ്നങ്ങളുമുണ്ടെങ്കിലും പച്ചത്തുരുത്ത് ഒന്നാകെ വെളുപ്പിച്ചതോടെ നഗരമധ്യത്തിൽ ആശ്വാസമായിരുന്ന ഒരു ആവാസവ്യവസ്ഥയാണ് നിരവധി ജീവികൾക്ക് പെട്ടെന്ന് നഷ്ടമായത്. ഈ വിധമായിരുന്നോ അക്കേഷ്യ വെട്ടിമാറ്റേണ്ടിയിരുന്നത്?
പണ്ടെന്നോ അപ്പൻ പറഞ്ഞുതന്ന ബഷീറിന്റെ ഭൂമിയുടെ അവകാശികളുമോർത്ത് ജന്തുശാസ്ത്രം പഠിക്കാൻ ഇറങ്ങിയ എന്നെ ഞാനാക്കിയത് ആ തുരുത്താണ്. എല്ലാ ദിവസവും ക്ലാസിൽ പോയില്ലെങ്കിലും കൈയിലുള്ള ചെറിയ ക്യാമറയും എടുത്ത് ഈ കാട്ടിലേക്ക് പോവുക പതിവായിരുന്നു. 92 ഇനം പക്ഷികളും 105 ഇനം പൂമ്പാറ്റകളും 30 ഇനം തുമ്പികളും ഈ ചെറിയ കാലയളവിൽ എനിക്കും സുഹൃത്തുക്കൾക്കും അവിടെ കാണാൻ സാധിച്ചു. സാമൂഹിക വനവൽക്കരണത്തിന്റെ ഭാഗമായി നട്ടുപിടിപ്പിച്ച അക്കേഷ്യ മരങ്ങൾ ഒന്നാകെ വെട്ടിമാറ്റപ്പെട്ടപ്പോൾ എനിക്കറിയുന്ന അവിടെയുള്ള ജീവികളെക്കുറിച്ചാണ് ഞാൻ ചിന്തിച്ചത്. അക്കേഷ്യ നട്ടത് അശാസ്ത്രീയമായിട്ടാണെങ്കിലും 30 വർഷമായി അവിടെയുള്ള ജീവജാലങ്ങൾ ഈ സസ്യങ്ങളുമായി അനുനയിച്ച് ജീവിക്കുകയായിരുന്നു. ഒരിക്കലും ഈ വേഗതയിൽ ചെയ്യേണ്ടതായിരുന്നില്ല അക്കേഷ്യ വെട്ടിമാറ്റൽ. ഇനിയും അവിടെ കാട് വളരാൻ അനുവദിക്കണം. യൂണിവേഴ്സിറ്റിക്ക് ചുറ്റും അതിവേഗം വളരുന്ന തിരുവനന്തപുരം നഗരത്തിന് തീർച്ചയായും ഇത്തരം പച്ചത്തുരുത്തുകളെ ആവശ്യമുണ്ട്.