ഉന്നത വിദ്യാഭ്യാസത്തിന് അവസരം നിഷേധിക്കപ്പെട്ട് കൊറഗ ആദിവാസി സമൂഹം

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

ബദിയടുക്കയിൽ ബസിറങ്ങി, ട്രൈബൽ പ്രമോട്ടർ തന്ന സൂചന പ്രകാരം ഒരു മരത്തെ ലക്ഷ്യമാക്കി മുന്നോട്ടുനടന്നു. ആ മരത്തിനടുത്ത് നിന്നും ഇടത് ഭാഗത്തേക്കുള്ള വഴിയാണ് കൊറ​ഗ ആദിവാസി സമൂഹം താമസിക്കുന്ന പെർടാല ഉന്നതിയിലേക്കുള്ളത്. ആളൊഴിഞ്ഞ കോൺക്രീറ്റ് വഴിയിൽ കിളികളുടെ ശബ്ദം മാത്രമാണ് കേൾക്കാനുണ്ടായിരുന്നത്. മുന്നോട്ട് നീങ്ങുന്തോറും കോൺക്രീറ്റ് പാതയുടെ സ്വഭാവത്തിലും മാറ്റം വന്നു. കുഴികളും വിള്ളലുകളും കൂടുതൽ പ്രത്യക്ഷമായിത്തുടങ്ങി. വലിയ ഒരിറക്കം ഇറങ്ങിയാണ് ഉന്നതിയിലേക്ക് എത്തിയത്. പ്രായമായ ഒരു സ്ത്രീ കാട്ടുവള്ളികൾ കൊണ്ട് തങ്ങളുടെ പരമ്പരാഗത തൊഴിലായ കുട്ട മെടയൽ മികവോടെ ചെയ്യുന്ന കാഴ്ചയാണ് ആദ്യം കണ്ടത്. ഉന്നതിയിലെ ആദ്യത്തെ വീട് ഊര് മൂപ്പത്തി വിമല‌യുടേതാണ്.

വരുമെന്ന് അറിയിച്ചിരുന്നെങ്കിലും അവർ അപ്പോൾ ജോലിത്തിരക്കിലായിരുന്നു. താഴെയുള്ള മറ്റ് വീടുകളിലേക്ക് ചെന്നപ്പോൾ അവിടെയും മൂന്ന് സ്ത്രീകൾ കുട്ട നെയ്യുകയായിരുന്നു. കുട്ടികളുടെ പഠനത്തെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് ആശ എന്ന പെൺകുട്ടി (പേര് മാറ്റിയിട്ടുണ്ട്) വീടിന് പുറത്തേക്ക് വന്നത്. പ്ലസ് ടു വിൽ പരാജയപ്പെട്ട വിദ്യാർത്ഥിനിയാണ് ആശ. സേ പരീക്ഷ എഴുതിയില്ലേ എന്ന് ചോദ്യത്തിനുള്ള ആശയുടെ മറുപടി ഇങ്ങനെയായിരുന്നു, “അയിന് പൈസ കൊടുക്കണം, വീട്ടീന്നും പഠിക്കാനൊന്നും പറഞ്ഞിറ്റ്ല. ഈട എല്ലാരും ഈട്ത്തോളെ പോവാറില്ലു.”

പെർടാല ഉന്നതിയിൽ കുട്ട നെയ്ത്തിൽ ഏർപ്പെട്ടിരിക്കുന്ന സ്ത്രീ. ഫോട്ടോ: പ്രഭിജിത്ത്

ആ മറുപടി കേട്ട് ആശയോട് വിശദമായി അന്വേഷിച്ചപ്പോഴാണ് പെർടാല ഉന്നതിയിൽ ആരും ഡിഗ്രി പഠിക്കുന്നില്ല എന്നറിഞ്ഞത്. എല്ലാവരും പ്ലസ് ടു വരെ സ്കൂളിൽ പോകും, അതിൽ ജയിച്ചാലും ഇല്ലെങ്കിലും കുട്ടികൾ മറ്റുള്ള അവസരങ്ങൾ തേടി പോകുന്നില്ല. ഉന്നത വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ആലോചനയും, അവബോധവും ഉന്നതിയിലുള്ളവ‍ർക്കിടയിൽ കുറവാണ്. അതുണ്ടാക്കിയെടുക്കാനുള്ള ശ്രമങ്ങളും കൊറ​ഗ സമു​ദായത്തിനിടയിൽ നടക്കുന്നില്ല. പഠനം തുടരാൻ തീരുമാനിച്ചാലുണ്ടാകുന്ന വലിയ സാമ്പത്തിക ബുദ്ധിമുട്ടുകളും ഇവരെ ഉന്നത വിദ്യാഭ്യാസത്തിൽ നിന്നും പിന്തിരിപ്പിക്കുന്നു. ഈ പ്രതിസന്ധി മറികടക്കുന്നതിനുള്ള ഉചിതമായ നടപടികൾ സർക്കാരിന്റെ ഭാ​ഗത്ത് നിന്നും ഉണ്ടാകാത്തതുകൊണ്ട് പഠിക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾ പോലും പിൻവലിയുന്ന പ്രശ്നം കൊറ​ഗ‍ സമുദായത്തിൽ രൂക്ഷമാണ്.

കുട്ടികൾ പഠനത്തിൽ നിന്നും പുറത്താകുന്നതിന്റെ കാരണങ്ങൾ ആ മേഖലയിൽ പ്രവർത്തിച്ച ഒരു അധ്യാപകനോട്‌ ചോദിച്ചപ്പോൾ പറഞ്ഞത് ഇപ്രകാരമാണ് (പേര് വെളിപ്പെടുത്തുന്നില്ല). “കുട്ടികൾക്ക് പ്ലസ് വണ്ണിലേക്ക് അഡ്മിഷൻ ലഭിക്കുകയും ക്ലാസിലേക്ക് പോവുകയും ചെയ്യും. പക്ഷേ, ഈ കുട്ടികൾ ഉച്ചഭക്ഷണം വീട്ടിൽ നിന്ന് കൊണ്ടുപോകുന്നത് കുറവാണ്, എന്തെങ്കിലും ബുദ്ധിമുട്ട് മൂലം ആകാം അത്. അതുകൊണ്ട് പുറമെ നിന്ന് പൈസ കൊടുത്ത് കഴിക്കും. രണ്ടോ മൂന്നോ ദിവസം അങ്ങനെ ചെയ്താൽ, പിന്നെ അതിനുള്ള പൈസ അവരുടെ കൈയിൽ ഉണ്ടാകില്ല. അതുകൊണ്ട് അവർ കൈയിൽ പൈസ ഇല്ലാത്ത ദിവസങ്ങളിൽ പോകില്ല. ഇത് ഇങ്ങനെ ഇടയ്ക്കിടെ സംഭവിക്കും. പിന്നീട് കുട്ടികൾ പൂർണ്ണമായും സ്കൂളിൽ പോകുന്നത് നിർത്തുകയും, വീട്ടിൽ തന്നെ ഇരിക്കുന്ന ഒരു അവസ്ഥയിലേക്ക് എത്തുകയും ചെയ്യും. കാലങ്ങളായി ഇങ്ങനെ ആണ് ഇവിടത്തെ അവസ്ഥ.”

ആരാണ് കൊറഗ?

കേരളത്തിലെ കാസർഗോഡ് ജില്ലയിലും കർണാടകയിലെ ചില ഭാഗങ്ങളിലും താമസിക്കുന്ന തദ്ദേശീയ ആദിവാസി വിഭാഗമാണ് കൊറഗ. 1881-ൽ ഇന്ത്യയിൽ നടന്ന സെൻസസിൽ കൊറഗ യെ ‘Aboriginals’ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.1789 കളിൽ ഓസ്ട്രേലിയയിലെ തദ്ദേശീയ സമൂഹത്തെ സൂചിപ്പിക്കുന്ന പദമാണ് ‘Aboriginals’ എന്നത്. 1941 -ൽ നടന്ന സെൻസസിൽ കൊറഗയെ ഡിപ്രസഡ് (Depressed)ക്ലാസായും, സ്വാതന്ത്ര്യനന്തരം ഇന്ത്യയിൽ നടന്ന 1951 ലെ സെൻസസിൽ പട്ടിക ജാതിയിലും ഉൾപ്പെടുത്തി. ചരിത്രപരമായി കൊറഗ വിഭാഗം അനുഭവിച്ച് പോന്നിരുന്ന അടിച്ചമർത്തലുകളും, വിവേചനങ്ങളും, തൊട്ടുകൂടായ്മയും, സമൂഹത്തിലെ ഒറ്റപ്പെടലും കാരണമാണ് പട്ടിക ജാതിയിൽ ഉൾപ്പെടുത്തിയത്. അതിനുശേഷം 1956ലെ രാഷ്ട്രപതിയുടെ ഓർഡർ വഴിയാണ് കൊറഗ പട്ടിക വർഗ (Scheduled Tribe) ലിസ്റ്റിൽ വരുന്നത്. 1973 ലെ ധേബർ കമ്മീഷൻ പ്രിമറ്റീവ് ട്രൈബൽ ഗ്രൂപ്പിലേക്ക് നിർദ്ദേശിച്ചു. താഴ്ന്ന സാക്ഷരതാ നിലവാരം, സാമ്പത്തിക പിന്നാക്കാവസ്ഥ, കുറയുന്നതോ സ്തംഭനാവസ്ഥയിലുള്ളതോ ആയ ജനസംഖ്യ എന്നീ സവിശേഷതകൾ കാരണം കൊറഗർ പ്രാക്തന ഗോത്ര വിഭാഗ ലിസ്റ്റിൽ ഉൾപ്പെട്ടു. 2006 ഇൽ ഇന്ത്യ ഗവൺമെന്റ് Primitive Tribal Group എന്നത് Particularly Vulnerable Tribal Group എന്നാക്കി പുനർ നാമകരണം ചെയ്തു. മുള, ചൂരൽ, വിവിധ വള്ളിച്ചെടികൾ എന്നിവ ഉപയോഗിച്ച് കുട്ട നിർമ്മിക്കുന്നതാണ് കൊറഗരുടെ പരമ്പരാഗത തൊഴിൽ. കൊറഗ എന്ന് തന്നെ പേരുള്ള ഒരു വാമൊഴി ഭാഷ അവർക്ക് ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ ഭൂരിപക്ഷം പേരും തുളു, മലയാളം, കന്നട എന്നി ഭാഷകളാണ് സംസാരിക്കുന്നത്.

പണി പൂർത്തിയായിട്ടും തുറന്ന് പ്രവർത്തിക്കാത്ത പെർടാല ഉന്നതിയിലെ കമ്മ്യൂണിറ്റി ഹാൾ. ഫോട്ടോ: പ്രഭിജിത്ത്

ഉന്നത വിദ്യാഭ്യാസവും വെല്ലുവിളികളും

കുളൂറിലെ ഭാഗ്യലതക്ക് മൂന്ന് മക്കളാണ്. ഒരാളുടെ വിവാഹം കഴിഞ്ഞു. മറ്റ് രണ്ടുപേരും പഠിക്കുകയാണ്, ഒരാൾ ഡിഗ്രിയും മറ്റെയാൾ അഞ്ചാം ക്ലാസ്സിലും. മക്കളുടെ പഠനത്തെ കുറിച്ച് ചോദിച്ചപ്പോൾ ഭാഗ്യലത ഒരു ദീർഘനിശ്വാസത്തോടെ പറഞ്ഞു, “ഒരാളെ കല്യാണം കഴിഞ്ഞു. ഒരാളിപ്പോ കാസർഗോഡ് പടിക്ക്ന്ന്, ഓൾക്ക് കാലിനും കൈക്കും സുഖല്ല്യ… ദിവസം മൂന്ന് ബസ്സ് കേറി പോണം കോളേജ്ക്ക് എത്താൻ. ഈ കാലും വെച്ച് ഇങ്ങനെ ദിവസം പോവുന്നെ ബുദ്ധിമുട്ട് ആണ്… ഓൾക്ക് പോവാൻ ആകെ ഒരു ദെവസം 150 വേണം. ഓൾക്ക് ഹോസ്റ്റലിൽ അഡ്മിഷൻ ഒക്കെ ശരിയായത് ആയിരുന്നു. പക്ഷേ ഞാൻ കൂടി അവിടെ നിന്നാലേ അവളുടെ കാര്യങ്ങളൊക്കെ നോക്കാൻ പറ്റു… അതോണ്ടാണ് വീട്ടീന്ന് ന്നെ പഠിക്കാൻ വിടുന്നെ. മോനെ സ്കൂളിലേക്ക് വിടുന്നെ റിക്ഷയിലാണ്. മാസം 1500 രൂപ ആടേം കൊടുക്ക്ണം, എനക്കും ഭർത്താവിനും കൂലി പണിയാണ്… പിള്ളേരെ പഠിപ്പിക്കാൻ നമ്മള് നല്ലോണം കഷ്ടപ്പെടുന്ന്ണ്ട്.”

എത്ര കഷ്ടപ്പെട്ടാലും മക്കളെ പഠിപ്പിക്കണമെന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണ് ഭാഗ്യലതയുടെ കുടുംബം. കുളൂർ എന്ന സ്ഥലത്ത് നിന്നാണ് അവരുടെ മകൾ ശില്പയ്ക്ക് (പേര് മാറ്റിയിട്ടുണ്ട്) കാസർഗോഡ് ഗവൺമെന്റ് കോളേജിലേക്ക് പോകേണ്ടത്. മഞ്ചേശ്വരത്തെ മീഞ്ച പഞ്ചായത്തിലുള്ള ഒരു ഉൾഗ്രാമമാണ് കുളൂർ. അവരുടെ വീട്ടിൽ നിന്നും പ്രധാന സ്റ്റോപ്പ്‌ ആയ ചിഗുർപാതയിലേക്ക് മൂന്ന് കിലോമീറ്ററുണ്ട്. സ്വന്തം വാഹനം ഇല്ലാത്തതിനാൽ ഓട്ടോ റിക്ഷ മാത്രമാണ് അവിടേക്ക് എത്താനുള്ള മാർഗ്ഗം. അവിടെ നിന്ന് ഹോസങ്കടിയിലേക്ക് ബസിൽ പോയാൽ കാസർഗോഡേക്കുള്ള ബസ് കിട്ടും. ഹോസങ്കടിയിൽ നിന്ന് ബസ് കയറി കാസർഗോഡ് ടൗണിൽ ഇറങ്ങി, വീണ്ടും അവിടെ നിന്ന് ഒരു ബസ് മാറി കയറിയാൽ മാത്രമേ കാസർഗോഡ് ഗവൺമെൻറ് കോളേജിലേക്ക് ശില്പയ്ക്ക് എത്താൻ സാധിക്കൂ. ഇത്രയും പ്രയാസപ്പെട്ട് കോളേജിലേക്ക് എത്താൽ വിദ്യാർത്ഥികൾ സ്വാഭാവികമായും മടിക്കും. എന്നാൽ ശാരീരികമായ പ്രയാസങ്ങളെ നേരിട്ടുകൊണ്ടാണ് ശില്പ ഇത്രയും യാത്ര ചെയ്ത് കോളേജിലേക്ക് ദിവസവും എത്തുന്നത്. എന്നാൽ വിദ്യാഭ്യാസം നേടുന്നതിനായി കൊറഗ സമുദായത്തിലെ പുതുതലമുറ കാണിക്കുന്ന ഈ താത്പര്യത്തിന് ഒരുതരത്തിലുമുള്ള പിന്തുണയും അധികാരികളുടെ ഭാഗത്ത് നിന്നും ലഭിക്കുന്നില്ല.

കുളൂർ ഉന്നതിയിൽ ഏഴ് സ്‌കൂൾ വിദ്യാർഥികളാണ് നിലവിൽ ഉള്ളത്. കുളൂറിൽ നിന്ന് ഏകദേശം ഏഴ് കിലോമീറ്റർ അപ്പുറത്താണ് അവർ പഠിക്കുന്ന സ്‌കൂൾ. നിലവിൽ അവർ സ്കൂളിലേക്ക് എത്താൻ ഓട്ടോറിക്ഷയിലാണ് യാത്ര ചെയ്യുന്നത്. ഇങ്ങനെ പോകുമ്പോൾ ഒരു കുട്ടിയുടെ കുടുംബത്തിന് ഒരു മാസം 1500 രൂപയാണ് ചെലവാകുന്നത്. ആദിവാസി വിദ്യാർഥികൾക്ക് സ്കൂളിലെത്താൻ വാഹന സൗകര്യം ഒരുക്കുന്ന ‘വിദ്യാ വാഹിനി’ എന്ന പദ്ധതി കുളൂരിൽ നടപ്പിലാക്കിയാൽ ഈ കുടുംബങ്ങൾക്ക് അത് വലിയ സഹായമായി മാറും. എന്നാൽ ‘വിദ്യാ വാഹിനി’ കൊറഗ ഉന്നതികളിലേക്ക് ഇതുവരെയും എത്തിയിട്ടില്ല.

പെർടാല ഉന്നതിയിലെ കുട്ടികൾക്ക് കായിക മത്സരങ്ങളിൽ ലഭിച്ച ട്രോഫികൾ, ഉന്നതിയിലെ ക്ലബ്ബിൽ നിന്ന്.

“കഴിഞ്ഞ വർഷമാണ് ഞാൻ കോഴിക്കോട് എൽ.എൽ.ബി കോഴ്സിന് ചേർന്നത്. ഇ-ഗ്രാന്റ്സിന് പെട്ടെന്ന് തന്നെ അപ്ലൈ ചെയ്തിരുന്നു. എന്നാൽ രണ്ടാം വർഷം എത്തിയിട്ടും ഇ-ഗ്രാന്റ്സ് തുക കിട്ടിയിട്ടില്ല. ഹോസ്റ്റൽ കിട്ടാത്തതുകൊണ്ട് പേയിങ് ഗസ്റ്റ് ആയിട്ട് ആണ് താമസം. അതുകൊണ്ട് തന്നെ വാടക, ഭക്ഷണം, മറ്റു ചെലവ് അങ്ങനെ കൊറേ പൈസ ചെലവാകുന്നുണ്ട്. വീട്ടിലും വലിയ സാമ്പത്തിക നില ഇല്ലാത്തത് കൊണ്ട് അവരോട് ചോദിക്കുന്നതിൽ ബുദ്ധിമുട്ടുണ്ട്. ഓഫീസുമായി ബന്ധപ്പെടുമ്പോ ശരിയാവും എന്ന് ഒക്കെ ആദ്യം പറഞ്ഞെങ്കിലും, ഇപ്പോൾ പറയുന്നത് മാർച്ചിൽ വരുമെന്നാണ്. എനിക്ക് ഇപ്പോഴും പൈസക്ക് ആവശ്യമുണ്ട്.”

കോഴിക്കോട് നിയമ ബിരുദത്തിന് പഠിക്കുന്ന രൂപ (പേര് മാറ്റിയിട്ടുണ്ട്) ഇ-ഗ്രാന്റ്സ് ലഭിക്കാത്ത കാരണം പ്രയാസം നേരിടുന്ന കൊറഗ വിഭാഗത്തിപ്പെടുന്ന വിദ്യാർത്ഥിനിയാണ്. ഡിഗ്രി പഠന ശേഷം സർക്കാർ സഹായത്തോടെ യു.പി.എസ്.സി കോച്ചിങ് മലപ്പുറത്തും ഡൽഹിയിലും ചെയ്ത വ്യക്തി കൂടിയാണ് രൂപ. ആ സമയത്ത് പട്ടികവർഗ വകുപ്പ് നന്നായി സഹായിച്ചിരുന്നതായി രൂപ പറയുന്നു. എന്നാൽ, ഇപ്പോൾ കഴിഞ്ഞ കുറച്ച് കാലങ്ങളായി ഗ്രാന്റ് ലഭിക്കാത്തത് അവരുടെ പഠന ജീവിതത്തിന് തിരിച്ചടിയായി മാറിയിരിക്കുകയാണ്.

ഇ-ഗ്രാന്റ്സിന്റെ അഭാവം മൂലം രൂപയെ പോലെ പ്രതിസന്ധികൾ നേരിടുന്ന പട്ടികജാതി പട്ടികവർഗ്ഗ വിദ്യാർത്ഥികൾ കേരളത്തിൽ അനവധിയാണ്. വീടുകളിലെ സാമ്പത്തികനില മോശമായിരുന്നിട്ടും സർക്കാരിനെ വിശ്വസിച്ച് ഉന്നത വിദ്യാഭ്യാസ രംഗത്തേക്ക് കടന്നുവന്നവരാണ് ഇവർ. വിദ്യാഭ്യാസത്തിലൂടെ ചരിത്രപരമായ അടിച്ചമർത്തലുകളെ മറികടക്കാനുള്ള സാധ്യത ആദിവാസി വിദ്യാർത്ഥികൾക്ക് നിഷേധിക്കുന്ന രീതിയിലേക്ക് ഇ-ഗ്രാന്റ്സിന്റെ അഭാവം മാറുകയാണെന്ന് വിദ്യാർത്ഥികൾ വ്യക്തമാക്കുന്നു.

“ഞാൻ പഠിക്കുമ്പോൾ എന്നെ എല്ലാവരും കളിയാക്കി….. പഠിച്ചിട്ട് എന്ത് കിട്ടാനാണ് എന്ന് പറഞ്ഞിട്ട് ആയിരുന്നു കളിയാക്കിയത്…. ഇപ്പോഴും എന്റെ വിഭാഗത്തിത്തിലെ പിള്ളേര് പഠിക്കാൻ പോകുമ്പോൾ അതേ ചോദ്യം ആവർത്തിച്ച് വരുന്നുണ്ട്… പക്ഷേ, അതിനൊന്നും എന്നെ തളർത്താൻ വേണ്ടി പറ്റില്ല, എന്റെ പിള്ളേരുടെ പഠനത്തെയും തളർത്താൻ പറ്റില്ല.. ഞങ്ങൾ ഇനിയും പഠിക്കും.. ഞങ്ങളുടെ പിള്ളേരെയും പഠിപ്പിക്കും… “

കന്നഡ കലർന്ന മലയാളത്തിൽ ശബ്ദം ഇടറികൊണ്ടാണ് മീനാക്ഷി ഇത് പറഞ്ഞത്. എങ്കിലും വിദ്യാഭ്യാസത്തിലൂടെ മുന്നോട്ടുപോകണമെന്ന ദൃഢനിശ്ചയം ആ വാക്കുകളിൽ നിറഞ്ഞുനിന്നു. പല രീതിയിലുള്ള പരിഹാസങ്ങളെയും, സാമൂഹിക വിവേചനങ്ങളേയും, രോഗങ്ങളെയും തോൽപ്പിച്ചുകൊണ്ടാണ് മീനാക്ഷി ബടോടി പഠിച്ചത്. “ഒരു കൊറഗകാരി എവിടേം വരെ പഠിക്കാനാ” എന്ന ചോദ്യത്തിന് ആ വിഭാഗത്തിൽ നിന്നും ആദ്യമായി എംഫിൽ ബിരുദം നേടിക്കൊണ്ടാണ് മീനാക്ഷി മറുപടി നൽകിയത്. കാട്ടിൽ നിന്ന് വള്ളികൾ ശേഖരിച്ച് കൂട്ടയും വട്ടിയും മെടഞ്ഞുണ്ടാക്കിയാണ് കുടുംബം മീനാക്ഷിയെ പഠിപ്പിച്ചത്.

പതിനാറ് വർഷമായി പണി തീരാത്ത ഉന്നതിയിലെ ഒരു വീട്. ഫോട്ടോ: പ്രഭിജിത്ത്

മീനാക്ഷി ഇപ്പോൾ പട്ടിക വർഗ വികസന വകുപ്പിന്റെ സാമൂഹ്യ പഠനമുറിയിൽ ടീച്ചറാണ്. തന്റെ വീട് സ്ഥിതി ചെയ്യുന്ന കുളൂറിൽ നിന്ന് കുമ്പളയിലെ പഠനമുറിയിലേക്ക് ദിവസവും പോകുന്നതിന് തന്നെ ശമ്പളത്തിന്റെ മുക്കാൽ ഭാഗവും തീർന്നിട്ടുണ്ടാകും. എന്നിട്ടും മീനാക്ഷി ഈ ജോലിയിൽ സന്തോഷം കണ്ടെത്തുന്നു. കാരണം, തന്നെ പോലെ വിദ്യാഭ്യാസ യോഗ്യതയുള്ള ഒരു സമൂഹത്തെ കൊറഗർക്കിടയിൽ സൃഷ്ടിക്കുന്നതിലൂടെ വലിയ മാറ്റം കൊണ്ടുവരാൻ കഴിയുമെന്ന് മീനാക്ഷി ഉറച്ച് വിശ്വസിക്കുന്നു.

ആദ്യം ട്രൈബൽ ഡിപ്പാർട്മെന്റിൽ ഹെല്പ് ഡസ്കിൽ ജോലി കിട്ടിയിരുന്നെങ്കിലും, മീനാക്ഷിയുടെ കുട്ടിക്കുണ്ടായ അസുഖം മൂലം അത് നിർത്തേണ്ടി വന്നു. വിദ്യാഭ്യാസ യോഗതയ്ക്ക് അനുസരിച്ചുള്ള ജോലി ആദിവാസി വിഭാഗങ്ങളിൽ നിന്നും ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കിയവർക്ക് ലഭിക്കാത്തതും സർക്കാർ സംവിധാനങ്ങളുടെ പരാജയമാണ് വ്യക്തമാക്കുന്നത്.

മലയാളം മാതൃഭാഷയല്ലാത്തതും എന്നാൽ പലപ്പോഴും മലയാളത്തിൽ വിദ്യാഭ്യാസം ചെയ്യേണ്ടി വരുന്നതും കാസർഗോഡ് ജില്ലയിലെ കൊറഗ സമുദായം നേരിടുന്ന മറ്റൊരു പ്രതിസന്ധിയാണ്.

“ക്ലാസ്സെടുക്കുമ്പോ വളരെ വേഗത്തിലാണ് ടീച്ചർമാർ പറഞ്ഞു പോകുന്നെ…. കന്നഡ പണ്ട് മുതലേ പഠിച്ചുവന്ന ഒരു കുട്ടിക്ക് അത് മനസിലാക്കിയെടുക്കാൻ വളരെ ബുദ്ധിമുട്ടാണ്. ഒപ്പം ചില മലയാള പദപ്രയോഗങ്ങൾ എന്താണെന്ന് കുട്ടികൾക്ക് മനസ്സിലാവുകേ ഇല്ല… ഒരു നോട്ടീസ് വരുന്നുണ്ടെങ്കിൽ മലയാളത്തിലാണ് വരുന്നേ… അത് സ്വന്തമായി വായിച്ചെടുക്കാൻ അവർക്ക് സാധിക്കില്ല. പഠനത്തിൽ ഭാഷയും ഒരു പ്രധാന ഘടകമാണ്, അത് മനസ്സിലാവുന്നില്ല എങ്കിൽ പഠനം മുന്നോട്ട് കൊണ്ടുപോകുന്നത് വലിയ വെല്ലുവിളിയാണ്. പി.എസ്.സി എക്സാമുകളിൽ ചോദ്യങ്ങൾ കന്നഡയിലേക്കും ട്രാൻസലേറ്റ് ചെയ്ത് വരുന്നുണ്ട്. പക്ഷേ, പലപ്പോഴും ആ ട്രാസലേഷൻ കൃത്യമായതായിരിക്കില്ല. അതുകൊണ്ട് പി.എസ്.സി എഴുതുമ്പോളും ഭാഷ ഒരു തടസമായി വരുന്നുണ്ട്.” ഭാഷാപരമായ പ്രശ്നങ്ങളെക്കുറിച്ച് മീനാക്ഷി വിശദമാക്കി.

മീനാക്ഷിയും കൊറഗ വിഭാഗത്തിലെ യുവാക്കളും ചേർന്ന് ഒരു സംഘടനയ്ക്ക് രൂപം നൽകിയിട്ടുണ്ട്, “കൊറഗ യുവക സംഘടന”. കൊറഗ വിഭാഗത്തിന്റെ അവകാശ സംരക്ഷണവും, വിദ്യാർത്ഥികളുടെ പഠന-പാഠ്യേതരതര പ്രവർത്തനങ്ങളെ സഹായിക്കുകയുമാണ് സംഘടനയുടെ ലക്ഷ്യം. എല്ലാ മാസവും യോഗം ചേർന്ന് റിപ്പോർട്ട്‌ അവതരിപ്പിച്ചും ഭാവി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തുമാണ് ഇവർ മുന്നോട്ട് പോകുന്നത്. കുട്ടിൾക്കായ് പ്രത്യേക പരിപാടികളും കരിയർ ഗൈൻഡൻസ് ക്ലാസുകളും, അനുമോദന പരിപാടികളും സംഘടന നടത്തുന്നുണ്ട്. സംഘടനയിലൂടെ തങ്ങളെ സംരക്ഷിക്കാനും, തങ്ങളുടെ അവകാശങ്ങൾ ഉയർത്തിപ്പിക്കാനും, അതുപോലെ വിദ്യാ സമ്പന്നരായ, കല കായിക മികവുള്ള വിദ്യാർത്ഥികളെ വളർത്തിയെടുക്കാനും സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഇവർ.

പണി പൂർത്തിയാകാത്ത മറ്റൊരു വീട്. ഫോട്ടോ: പ്രഭിജിത്ത്

മുടങ്ങുന്ന ഇ-ഗ്രാന്റ്സും നീതി നിഷേധവും

പട്ടികജാതി പട്ടിക വർഗ വിദ്യാർഥികൾക്കുള്ള ഇ-ഗ്രാന്റ്സ് സർക്കാർ നൽകാതിരിക്കുന്നതിലൂടെ, ഉന്നത വിദ്യാഭ്യാസ മേഖലയിൽനിന്ന് അവർ പുറന്തള്ളപ്പെടുന്ന കാഴ്ചയാണ് കേരളത്തിൽ ഇപ്പോൾ കാണുന്നത്. സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന പൗരർക്കും, പട്ടികജാതിപട്ടിക വർഗ വിഭാഗങ്ങൾക്കും പ്രത്യേക വ്യവസ്ഥകൾ (special provisions) ഏർപ്പെടുത്താൻ സംസ്ഥാനങ്ങൾക്ക് അധികാരം നൽകുന്ന ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 15(4) ലംഘനം കൂടിയാണ് ഈ അവഗണനയിലൂടെ സംഭവിക്കുന്നത്. സ്കോളർഷിപ്പുകൾ, ഹോസ്റ്റൽ സൗകര്യം, ഫീസ് ഇളവുകൾ എന്നിവ പ്രത്യേക വ്യവസ്ഥകൾ (special provisions) എന്നതിൽ ഉൾപ്പെടുന്നതാണ്. 2,77,418 വിദ്യാർത്ഥികളുടെ പേയ്മെൻ്റ് ആണ് 2023-24 വിദ്യാഭ്യാസ വർഷം കേരളത്തിൽ കെട്ടികിടക്കുന്നത് എന്നാണ് ഈ മേഖലയിൽ പ്രവ‍ർത്തിക്കുന്ന സംഘടനകൾ പറയുന്നത്. മീനാക്ഷിയെപ്പോലെ നിരവിധി പേർ ആദിവാസി സമൂഹത്തെ വിദ്യാഭ്യാസപരമായി മുന്നോട്ടുകൊണ്ടുവരാൻ ശ്രമിക്കുന്ന കാലത്താണ് ഈ അനീതി ഒരുവശത്ത് നിലനിൽക്കുന്നത്.

പുതിയ റിപ്പോർട്ട്‌ പ്രകാരം 542 കുടുംബങ്ങളും, 1800 പേരുമാണ് കാസർഗോഡ് ജില്ലയിൽ കൊറഗ സമുദായത്തിലുള്ളത്. കാസർ​ഗോഡിന്റെ അതി‍ർത്തി ​ഗ്രാമങ്ങളിൽ മാത്രമുള്ള ഈ സമൂഹം സാമൂഹികവും സാംസ്‌കാരികവും സാമ്പത്തികവുമായ ഒട്ടേറെ അസമത്വങ്ങൾ ഇന്നും നേരിടുന്നുണ്ട്. ഭൂമിയിൽ നിന്നുള്ള അന്യവൽക്കരണവും, സാമ്പത്തിക ചൂഷണങ്ങളും, അയിത്തവും, വിദ്യാഭ്യാസത്തിന്റെ അഭാവവും കൊറഗരുടെ സമൂഹ്യ പുരോ​ഗതിക്ക് ഇന്നും തടസ്സമായി നിൽക്കുന്നുണ്ട്. വനവിഭവങ്ങളുടെ ക്ഷാമവും വനാവകാശം നിയമപരമായി ലഭിക്കാത്തതും പരമ്പരാഗത തൊഴിലിനെ വല്ലാതെ ബാധിക്കുന്നുമുണ്ട്. രണ്ട് മാസം മുമ്പാണ് കൊറഗ വിഭാഗത്തിലെ ജനസംഖ്യ കുറഞ്ഞുവരുന്നതായി മാധ്യമ റിപ്പോ‍ർട്ടുകൾ പുറത്തുവന്നത്. ആ റിപ്പോ‍ർട്ടുകൾ പ്രധാനമായും കർണാടകയിലെ കൊറഗ ജനസംഖ്യയെ അടിസ്ഥാനപ്പെടുത്തിയാണെങ്കിലും കാസർഗോഡും സമാനമായ സ്ഥിതി നിലനിൽക്കുന്നുണ്ട്. മതിയായ പോഷകാഹര കുറവും, തൊഴിലില്ലായിമയും വിദ്യാഭ്യാസത്തിലെ പിന്നോക്കാവസ്ഥയും അതിന്റെ കാരണമായി വിലയിരുത്തപ്പെടുന്നു.

കൊറ​ഗ സമുദായത്തിനായി ഒരു പ്രത്യേക പാക്കേജും പ്രോജക്ടുകളും വേണ്ടതുണ്ട് എന്ന ആവശ്യത്തിലേക്കാണ് ഇതെല്ലാം വിരൽചൂണ്ടുന്നത്. അങ്ങനെയൊരു ശ്രമം സ‍ർക്കാരുകളുടെ ഭാ​ഗത്ത് നിന്നും ഇതുവരെ ഉണ്ടായിട്ടില്ല. ഉന്നതവിദ്യാഭ്യാസ രം​ഗത്തേക്ക് കൂടുതൽ പേർ എത്തുക എന്നത് സമൂഹത്തെ സംബന്ധിച്ച് ഏറെ പ്രധാനമാണ്. മീനാക്ഷിക്ക് പിന്തുടർച്ചയുണ്ടാകേണ്ടതുണ്ട്, മീനാക്ഷിയുടെ ശ്രമങ്ങൾ കൂടുതൽ പിന്തുണ ലഭിക്കേണ്ടതുണ്ട്.

Also Read

8 minutes read December 3, 2025 1:50 pm