ശബരിമല പ്രവേശനത്തിലൂടെയും സോഷ്യല്‍ മീഡിയ ഇടപെടലുകളിലൂടെയും കേസുകളിലകപ്പെട്ട രഹന ഫാത്തിമയ്ക്ക് അനുകൂലമായി ഒടുവില്‍ സുപ്രിംകോടതിയുടെ ഇടപെടൽ ഉണ്ടായിരിക്കുകയാണ്. നേരിട്ടോ അല്ലാതെയോ മറ്റാരെങ്കിലും വഴിയോ സോഷ്യല്‍ മീഡിയ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളോട് പ്രതികരിക്കാന്‍ പാടില്ല എന്ന 2020 നവംബര്‍ 23ലെ ഹൈക്കോടതി വിധിയിലെ ഒരു ജാമ്യ വ്യവസ്ഥയാണ് ജസ്റ്റിസ് ആര്‍.എസ് ഗവായി, ജസ്റ്റിസ് വിക്രം നാഥ് എന്നിവരടങ്ങിയ സുപ്രിംകോടതി ബഞ്ച് താത്കാലികമായി റദ്ദാക്കിയത്. മതവികാരം വ്രണപ്പെടുത്താന്‍ പാടുള്ളതല്ല എന്ന ആദ്യത്തെ വ്യവസ്ഥ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെങ്കിലും അഭിപ്രായ സ്വാതന്ത്ര്യമെന്ന ഏതൊരു പൗരയുടെയും അടിസ്ഥാന അവകാശമാണ് രഹനയ്ക്ക് ഇപ്പോള്‍ തിരികെ ലഭിച്ചിരിക്കുന്നത്. അഭിപ്രായ സ്വാതന്ത്ര്യം തിരികെ ലഭിച്ചതിന് ശേഷം രഹന ഫാത്തിമ ആദ്യമായി പ്രതികരിക്കുന്നു.
ഹൈക്കോടതിയില്‍ നിന്ന് സുപ്രിംകോടതിയിലെത്തിയപ്പോള്‍ ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന പൗരന്റെ സംസാരത്തിനും അഭിപ്രായ പ്രകടനത്തിനുമുള്ള സ്വാതന്ത്ര്യം രഹനയ്ക്ക് തിരികെ ലഭിച്ചിരിക്കുകയാണ്. എങ്ങനെയായിരുന്നു ഈ നിയമ പോരാട്ടം?
സുപ്രിംകോടതിയില്‍ കോളിന്‍ ഗോണ്‍സാല്‍വസും ഹൈക്കോടതിയില്‍ രഞ്ജിത്ത് മാരാരും ആയിരുന്നു എന്റെ അഭിഭാഷകര്‍. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് അറസ്റ്റിലായതിന് ശേഷം ജാമ്യം ലഭിച്ചപ്പോൾ ജാമ്യ വ്യവസ്ഥയില്‍, വീണ്ടും മതവികാരം വ്രണപ്പെടുത്തുന്ന രീതിയിലുള്ള പ്രവര്‍ത്തികള്‍ പാടില്ലെന്ന വ്യവസ്ഥയുണ്ടായിരുന്നു. അത് കഴിഞ്ഞ് ഗോമാംസം ഉലർത്ത് എന്ന പേരില്‍ ബീഫ് റോസ്റ്റ് ഉണ്ടാക്കുന്നതിന്റെ വീഡിയോ ചെയ്ത് കഴിഞ്ഞപ്പോള്‍ ശബരിമല വിഷയത്തില്‍ കേസ് കൊടുത്ത രാധാകൃഷ്ണന്‍ ഹൈക്കോടതിയെ സമീപിച്ച് വീണ്ടും ഇവര്‍ മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള പ്രവര്‍ത്തികള്‍ ചെയ്തുവെന്നും അതിനാല്‍ ജാമ്യം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടു. അതുമായി ബന്ധപ്പെട്ടാണ് ഒരു രീതിയിലുമുള്ള കമ്മ്യൂണിക്കേഷനും അതായത് സോഷ്യല്‍ മീഡിയ വഴിയോ അല്ലാതെയോ ആരെങ്കിലും വഴിയോ ഉള്ള കമ്മ്യൂണിക്കേഷനുകള്‍ പാടില്ലെന്ന ഉത്തരവ് കൂടി അതിനൊപ്പം വന്നത്.
പുതിയ ഉത്തരവില്‍ രണ്ട് നിബന്ധനകളും ഉണ്ടായിരുന്നു. അത് കോവിഡ് കാലമായിരുന്നു. ആ സമയത്ത് സോഷ്യല്‍ മീഡിയയായിരുന്നു നമ്മുടെ കമ്മ്യൂണിക്കേഷന്റെ പ്രധാന മാര്‍ഗ്ഗം. പലരും വീടുകളിലിരുന്നാണ് ജോലി ചെയ്തത് തന്നെ. ആ സാഹചര്യത്തില്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കരുതെന്ന ഉത്തരവ് ഉപജീവനത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കി. അതുവച്ച് ഹൈക്കോടതി ഉത്തരവിന് സുപ്രിംകോടതി സ്‌റ്റേ നല്‍കി.
ആ സ്‌റ്റേ ഓര്‍ഡറിന് ശേഷം സുപ്രിംകോടതി സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം ചോദിച്ചിരുന്നു. കഴിഞ്ഞ മാസം പതിനഞ്ചിന് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. ശബരിമല വിഷയവും ബീഫ് വിഷയവും പോക്സോ കേസുമൊക്കെയുണ്ടെന്ന് ചൂണ്ടിക്കാണിച്ച് ഇവര്‍ നിരന്തരം പ്രശ്‌നക്കാരിയാണെന്നാണ് സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയത്. അതിനെതിരെ ഞങ്ങള്‍ വീണ്ടും ഹര്‍ജി നല്‍കുകയായിരുന്നു. ആ ഹര്‍ജിയിലാണ് ഇപ്പോള്‍ മാധ്യമങ്ങളിലൂടെ പ്രതികരിക്കാനുള്ള വിലക്ക് നീക്കി തന്നത്. മാധ്യമങ്ങളിലൂടെ പ്രതികരിക്കാനും അഭിപ്രായം പ്രകടിപ്പിക്കാനും പൗരന് അവകാശമുണ്ടെന്നും സോഷ്യല്‍ മീഡിയ ഒരു തൊഴിലിടം കൂടിയാണെന്നുമാണ് സുപ്രിംകോടതി നിരീക്ഷിച്ചത്. ഞാനിപ്പോള്‍ നിങ്ങളോട് സംസാരിച്ച് അത് വാര്‍ത്തയാക്കാന്‍ പോലും പാടില്ലെന്നായിരുന്നു ഇത്രയും നാളത്തെ അവസ്ഥ. ആ സാഹചര്യമാണ് കഴിഞ്ഞ ദിവസത്തെ സുപ്രിംകോടതി ഉത്തരവ് കൊണ്ട് മാറിക്കിട്ടിയത്.
ഹൈക്കോടതി ഉത്തരവ് ഭാഗീകമായി മാത്രമല്ലേ ഇപ്പോഴും നീങ്ങിക്കിട്ടിരിക്കുന്നത് ?
ആ രീതിയില്‍ ആര്‍ക്കും മുന്നോട്ട് പോകാനാകില്ല. കാരണം, മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങള്‍ പോലുമാണ് അതിലൂടെ റദ്ദ് ചെയ്യപ്പെട്ടിരുന്നത്. ആ ഭാഗം ഒഴിവാക്കി കിട്ടിയെങ്കിലും മതവികാരം വ്രണപ്പെടുത്തുന്ന പ്രവര്‍ത്തികള്‍ ഇനിയുണ്ടാകരുതെന്ന ഭാഗം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.
ശബരിമല വിഷയത്തിന്റെ വിചാരണ നടക്കുന്നത് വരെ ജാമ്യവ്യവസ്ഥ ബാധകമാണ് എന്ന രീതിയിലാണ് അഡ്വ. രാധാകൃഷ്ണന്‍ എനിക്കെതിരെ വിധി സമ്പാദിച്ചത്. നാല് വര്‍ഷത്തിന് മുകളിലായി ഈ കേസ് ആരംഭിച്ചിട്ട്. ഇതുവരെ അതിന്റെ കുറ്റപത്രം പോലും കോടതിയില്‍ സമര്‍പ്പിച്ചിട്ടില്ല. കുറെനാള്‍ നമ്മെ പൂട്ടിയിടാനുള്ള വകുപ്പായാണ് ആ വിധി സമ്പാദിച്ചിരിക്കുന്നത്. സുപ്രീംകോടതിയില്‍ സ്‌റ്റേ വാങ്ങിച്ച ശേഷവും സോഷ്യല്‍ മീഡിയയില്‍ ഞാനധികം സജീവമല്ലായിരുന്നു. പലതും കാണുമ്പോള്‍ പ്രതികരിച്ചുപോകും. എല്ലാവരെയും തൃപ്തിപ്പെടുത്തി സംസാരിക്കാന്‍ നമുക്ക് സാധിക്കുകയുമില്ല. സംസാരിക്കുമ്പോള്‍ നമുക്ക് നമ്മുടെ അഭിപ്രായം പറയേണ്ടി വരും. അങ്ങനെ അഭിപ്രായം പറയുമ്പോള്‍ സ്വാഭാവികമായും വിമര്‍ശനങ്ങളും അനുകൂല അഭിപ്രായങ്ങളുമൊക്കെ ഉണ്ടാകും. വിമര്‍ശനം വരുമ്പോള്‍ ഞാനിത് പതിവായി ചെയ്യുന്നതാണെന്ന് തെളിയിക്കപ്പെടുകയാണ്. ആര് ചെന്ന് മതവികാരം വ്രണപ്പെട്ടുവെന്ന് പറഞ്ഞാലും ഈസിയായി കേസെടുക്കാനാകും. അതുപോലെ ഈ ജാമ്യ വ്യവസ്ഥകളെല്ലാം ഉപയോഗിക്കാനും പറ്റും. ടാര്‍ജറ്റഡ് ആയതുകൊണ്ട് കുറച്ചുകൂടി ശ്രദ്ധിച്ച് മുന്നോട്ട് പോകുന്നുണ്ട്.
ജഡ്ജ്‌മെന്റും കാര്യങ്ങളും ഇങ്ങനെയൊക്കെയാണെങ്കിലും ജനങ്ങള്‍ക്കിടയിലേക്ക് ഇവര്‍ തങ്ങളുടെ വാട്‌സ്ആപ്പ്, സോഷ്യല്‍ മീഡിയ നെറ്റ്‌വര്‍ക്കുകള്‍ ഉപയോഗിച്ച് പ്രചരിപ്പിച്ചിരിക്കുന്ന കാര്യങ്ങളുണ്ട്. ഒരു രീതിയിലും ജോലി കിട്ടാതാക്കുക, താമസ സൗകര്യം കിട്ടാതാക്കുക അങ്ങനെ കുറെക്കുറെ ബുദ്ധിമുട്ടുകള്‍ ഇവരുണ്ടാക്കിയിട്ടുണ്ട്. ഞാനിപ്പോഴും ജോലി അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. പക്ഷെ ഒന്നും കിട്ടാത്ത അവസ്ഥ തന്നെയാണ് ഇപ്പോഴുമുള്ളത്. താമസ സൗകര്യത്തിനും ഇതുപോലുള്ള പ്രശ്‌നങ്ങളുണ്ടായിരുന്നു. വാടക വീടെടുക്കാന്‍ ബ്രോക്കര്‍മാര്‍ സഹായിക്കരുത്, ഇനി അവര്‍ സഹായിച്ചാലും വീട്ടുടമകളെ വിലക്കുക തുടങ്ങിയ നടപടികളാണ് സംഘപരിവാര്‍ സംഘടനകള്‍ നടത്തിയത്. സത്യം പറഞ്ഞാല്‍ ഇപ്പോള്‍ വളരെ ശ്രദ്ധിച്ചാണ് ഓരോ കാര്യത്തിലും ഇടപെടുന്നത്. ഒരു സാധാരണ ജീവിതം നയിച്ചിരുന്ന വ്യക്തിയാണ് ഞാന്‍. അഭിപ്രായങ്ങള്‍ പറഞ്ഞതിന്റെ പേരിലും സോഷ്യല്‍ മീഡിയയില്‍ ഇടപെടലുകള്‍ നടത്തിയതിന്റെ പേരിലുമാണ് ആളുകളുടെ ഇടയില്‍ അറിയപ്പെട്ടതും സംസാര വിഷയമായതും. ആളുകള്‍ അതിനെ നെഗറ്റീവ് പബ്ലിസിറ്റിക്ക് വേണ്ടി ചെയ്തുവെന്നാണ് വിമര്‍ശിക്കുന്നത്. പക്ഷെ നെഗറ്റീവ് പബ്ലിസിറ്റിക്ക് വേണ്ടി ഞാനൊന്നും ചെയ്തിട്ടില്ല. എന്റെ അഭിപ്രായം പറയുക മാത്രമാണ് ചെയ്തത്. അത് ലിമിറ്റ് ചെയ്തത് ആ രീതിയിലുള്ള സമ്മര്‍ദ്ദങ്ങള്‍ നേരിട്ടതുകൊണ്ടാണ്. ഒറ്റയ്ക്ക് നിന്ന് കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാനാകാത്ത അവസ്ഥയാണ് ഇന്ന്. കാരണം, ജോലി ഇല്ല, താമസ സൗകര്യം ഇല്ല എന്നതൊക്കെ തന്നെ. പലരുടെയും സഹായത്തോടെയാണ് പോകുന്നത്. അങ്ങനെ സഹായം സ്വീകരിക്കുമ്പോള്‍ നമ്മളെ സഹായിക്കുന്നവരുടെ സ്ഥിതിയെക്കുറിച്ച് കൂടി ബോധവാന്മാരാകണം. അവര്‍ക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയില്‍ കാര്യങ്ങള്‍ ചെയ്ത് പോകണ്ടെ?
ഇത്തരം തുടര്‍ച്ചയായ ഒരേ സ്വഭാവമുള്ള കേസുകള്‍ കൊണ്ട് എന്താണ് സംഘപരിവാര്‍ രഹനയ്‌ക്കെതിരെ ലക്ഷ്യമിട്ടത്?
സംഘപരിവാര്‍ എനിക്കെതിരെ കൊടുത്ത ഏത് കേസ് നോക്കിയാലും കോമണായി പലതും കാണാം. പത്തനംതിട്ട, തിരുവല്ല ഭാഗത്തു നിന്നുള്ള വക്കീലന്മാരായുള്ള ആര്‍.എസ്.എസ്, ബി.ജെ.പി അനുഭാവികളാണ് എനിക്കെതിരെ കേസ് കൊടുത്തിട്ടുള്ളത്. എഫ്.ഐ.ആറിന്റെ കോപ്പിയിലും പരാതിയുടെ കോപ്പിയിലും അക്കാര്യം വ്യക്തമാകുന്നുണ്ട്. ഗോമാംസം വിഷയത്തിലാണെങ്കിലും പല സ്ഥലങ്ങളില്‍ നിന്നുള്ള പരാതികളാണ് പോയത്. ഒരു സ്ഥലത്തുള്ള ആളുകള്‍ക്ക് മാത്രമല്ല, ബാക്കിയുള്ളവര്‍ക്കും പ്രശ്‌നമുണ്ടെന്ന് വരുത്തി തീര്‍ക്കാനാണ് അത്. ആ പരാതികളും ആര്‍.എസ്.എസ്, ബി.ജെ.പി അനുഭാവികളുടെ പരാതികള്‍ തന്നെയാണ്. ഒരു ഗ്രൂപ്പ് കോപ്പി, പേസ്റ്റായ പരാതികളാണ് തയ്യാറാക്കിയിരിക്കുന്നതെന്ന് നമുക്ക് കണ്ടാല്‍ തന്നെ മനസ്സിലാകും. നമ്മള്‍ സ്വസ്ഥമായി ജീവിക്കുന്നുവെന്ന് കാണുമ്പോള്‍ ഇടയ്ക്കിടെ ഇങ്ങനെ കേസുകള്‍ കൊടുത്ത് നമ്മളെ തുടര്‍ച്ചയായി പ്രശ്‌നത്തിലാക്കാനുള്ള ശ്രമങ്ങളാണ് ഇത്.
ഹൈക്കോടതിയുടെ ജാമ്യ വ്യവസ്ഥതകള്‍ രഹനയുടെ സാമൂഹിക ജീവിതത്തെ ഏത് വിധത്തിലൊക്കെയാണ് ബാധിച്ചത്?
അഭിപ്രായ സ്വാതന്ത്ര്യത്തിന് വിലക്കേര്‍പ്പെടുത്തിയത് എന്റെ സാമൂഹിക ജീവിതത്തെയും വളരെയധികം ബാധിച്ചിരുന്നു. നമുക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങളാണ് നമ്മള്‍ പറയുന്നത്. അതിനെ ഫോളോ ചെയ്യുന്നതും അറിയുന്നതുമൊക്കെയായ ആളുകളുണ്ട്. വ്യക്തിപരമായതായാലും ഏതെങ്കിലും സാമൂഹിക വിഷയത്തിലായാലും വിവരങ്ങള്‍ ലഭിക്കുന്നത് ഈ സോഷ്യല്‍ മീഡിയ വഴിയാണ്. ഇതെല്ലാം ബ്ലോക്ക് ചെയ്യപ്പെടുകയാണ്. പ്രത്യേകിച്ചും സ്ത്രീകളുടെ കാര്യമെടുത്താല്‍ ഒരു പ്രശ്‌നം വന്നപ്പോള്‍ അവര്‍ ഒതുങ്ങി, അവര്‍ മിണ്ടാതായി അല്ലെങ്കില്‍ അവരെ ഞങ്ങള്‍ നിശബ്ദരാക്കി, അവര്‍ ഇല്ലാതായി എന്ന് വരുത്തി തീര്‍ക്കാന്‍ എന്റെ ആശയവിനിമയത്തിന് വിലക്കേര്‍പ്പെടുത്തിയതിലൂടെ സംഘപരിവാര്‍ സംഘടനകള്‍ക്കായി. ഞാന്‍ പറയുന്നത് കേട്ടോ അല്ലെങ്കില്‍ അവരെ വിശ്വസിച്ചോ നിങ്ങള്‍ മുന്നോട്ട് പോകേണ്ടതില്ലെന്ന് ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കാന്‍ അവര്‍ക്ക് സാധിച്ചു. അവർ ചെയ്തതോ പ്രവര്‍ത്തിച്ചതോ ഒന്നുമല്ല ശരി, അല്ലെങ്കില്‍ അവരിപ്പോള്‍ ഇവിടെ കാണേണ്ടതല്ലേ? ഇപ്പോള്‍ അവര്‍ ഭയന്നതുകൊണ്ടാണ് ഇവിടെ കാണാത്തത് ഈ രീതിയിലുള്ള കാര്യങ്ങള്‍ പ്രചരിപ്പിക്കാന്‍ മറ്റുള്ളവര്‍ ഹൈക്കോടതി ജാമ്യവ്യവസ്ഥകളെ ഉപയോഗിച്ചുവെന്നതാണ് സത്യം.
ഞാന്‍ എവിടെയാണ്, എന്താണ് എന്ന അന്വേഷണങ്ങള്‍ ആളുകളില്‍ എപ്പോഴുമുണ്ട്. ഇപ്പോഴാണെങ്കിലും ഒരു ഫോട്ടോയോ എന്തെങ്കിലുമോ ഇടുമ്പോള്‍ നിങ്ങള്‍ സന്തോഷമായി ഇരിക്കുന്നുവല്ലോ, നിങ്ങള്‍ എവിടെയാണ്, എന്നീ ചോദ്യങ്ങളാണ് ഏറ്റവും കൂടുതലുണ്ടാകാറ്. എപ്പോഴും എല്ലാവരെയും നേരിട്ട് കണ്ട് കാര്യങ്ങള്‍ പറയാനാകില്ല. മാധ്യമങ്ങളിലൂടെയാണ് ഇന്നത് സാധ്യമാകുക. എന്നെ സംബന്ധിച്ച് എന്റെ ആശയവിനിമയം വിലക്കപ്പെട്ടതോടെ അതില്ലാതെയായി. മാത്രമല്ല, അതിലൂടെ ആളുകളെ ആശയക്കുഴപ്പത്തിലാക്കാന്‍ അവര്‍ക്ക് സാധിച്ചു. നമ്മള്‍ മിണ്ടാതിരിക്കുമ്പോള്‍ ആളുകള്‍ക്ക് എന്തുവേണമെങ്കിലും പറഞ്ഞ് പരത്താം. പിന്തുണയ്ക്കാമെന്ന് കരുതുന്ന ആളുകളെ പോലും അതില്‍ നിന്ന് പിന്നോട്ട് വലിക്കാന്‍ അവർക്ക് സാധിച്ചു.
ഹൈക്കോടതിയുടെ രണ്ടാമത്തെ ജാമ്യവ്യവസ്ഥ റദ്ദായതോടെ രഹനയുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള വിലക്കും മാറിക്കിട്ടി. എന്നിട്ടും ഇവിടുത്തെ മാധ്യമങ്ങളിലൊന്നും രഹന പ്രതികരിച്ച് കണ്ടില്ല. അതെന്താണ്?
ഡിസംബര്‍ 15ന് സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചപ്പോള്‍ മുഖ്യധാരയിലും അല്ലാത്തതുമായ മാധ്യമങ്ങൾ പല രീതിയിലുള്ള വാര്‍ത്തകള്‍ ചമച്ചുവിട്ടിരുന്നു. അതെല്ലാം എനിക്കെതിരായിരുന്നു. അതിന് നല്ല രീതിയില്‍ പ്രചാരണം കൊടുത്ത മാധ്യമങ്ങള്‍ ഇപ്പോള്‍ എനിക്ക് അനുകൂലമായ വിധി വന്നപ്പോള്‍ വാര്‍ത്ത ഒളിപ്പിക്കുകയാണ് ചെയ്യുന്നത്. അതിന് പിന്നിലും ആര്‍.എസ്.എസ്, ബി.ജെ.പി സംഘടനകളുടെ പ്രവര്‍ത്തനം തന്നെയാണെന്ന് പറയേണ്ടി വരും. അത്തരം വാര്‍ത്തകള്‍ വരുത്താതിരിക്കുന്നതാണ്. അവരുടെ ഇടപെടല്‍ എല്ലാ ഭാഗത്തുമുണ്ടെന്നാണ് ഇതില്‍ നിന്ന് നമ്മള്‍ മനസ്സിലാക്കേണ്ടത്.