Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


Keraleeyam Archive : Rediscovering Forgotten Voices – 3
2003 ഫെബ്രുവരി 19ന് ആണ് സർക്കാരിന്റെ നിർദ്ദേശ പ്രകാരം കേരള പൊലീസ് മുത്തങ്ങയിൽ സമരം ചെയ്ത ആദിവാസികൾക്ക് നേരെ വെടിയുതിർത്തത്. അതിക്രൂരമായ ആ സംഭവം അറിഞ്ഞ് എഴുത്തുകാരി അരുന്ധതി റോയ് പൊലീസ് അതിക്രമം നടന്ന മുത്തങ്ങ വന്യജീവി സങ്കേതം സന്ദർശിക്കുകയും കോഴിക്കോട് സബ് ജയിലിൽ കഴിയുന്ന സി.കെ ജാനുവിനെയും എം ഗീതാനന്ദനെയും നേരിൽ കാണുകയും ചെയ്തിരുന്നു. തുടർന്ന് അവർ അന്നത്തെ മുഖ്യമന്ത്രി എ.കെ ആന്റണിക്ക് 2003 ഫെബ്രുവരി 27-ന് എഴുതിയ കത്ത് കേരളീയം പ്രസിദ്ധീകരിച്ചിരുന്നു. ആർക്കൈവിൽ നിന്നും ആ കത്താണ് ഇന്ന് വീണ്ടെടുക്കുന്നത് (2003 മാർച്ച് ലക്കം).
ധാർമ്മികവീര്യം വെളിവാക്കുന്ന എന്തെങ്കിലും സംഭവങ്ങളുണ്ടാവുന്ന നിമിഷങ്ങൾ ഓരോ സാമൂഹിക ജീവിതത്തിലുമുണ്ട്. ഇത് അത്തരമൊരു നിമിഷമാണ്. ദരിദ്രരിൽ ദരിദ്രരും അങ്ങേയറ്റം ചൂഷിതരുമായ വിഭാഗം നീതിക്കുവേണ്ടി നടത്തിയ അസാധാരണവും ചരിത്രപരവുമായ സമരത്തെ ഉന്മൂലനം ചെയ്യാൻ സർക്കാർ നടത്തിയ ശ്രമമായിട്ടായിരിക്കും മുത്തങ്ങ അതിക്രമങ്ങളെ കേരള ചരിത്രം രേഖപ്പെടുത്തുക. കേരളത്തിലെ മട്ടുമിക്ക സമരങ്ങളിൽ നിന്നും വ്യത്യസ്തമായി രാഷ്ട്രീയ പാർട്ടികൾ നടത്തുന്ന അധികാര കുതിരപ്പന്തയവും കുറ്റം മാത്രം കാണുന്ന തരംതാണ പുലഭ്യം പറച്ചിലുമല്ലാത്തതിനാലാണ് അത് ചരിത്രത്തിന്റെ ഭാഗമാവുന്നത്. അധികാരി വർഗത്തിനെതിരെ ബലഹീനമായ കീഴാളർ നടത്തിയ യഥാർത്ഥ പോരാട്ടമായിരുന്നു അത്. കാൽപനികമായ ഇതിവൃത്തമാണത്. നൂറു കണക്കിന് ആദിവാസികളുടെ നേർക്ക് പൊലീസ് വെടിയുതിർത്ത മുത്തങ്ങ വന്യജീവി സങ്കേതം (ഇത്രകാലം മാവൂർ ഗ്വാളിയർ റയോൺസിന്റെ യൂക്കാലി തോട്ടമായിരുന്ന അത് അടുത്ത കാലത്താണ് അടച്ചിട്ടത്) ഞാൻ സന്ദർശിച്ചു. കോഴിക്കോട് സബ് ജയിലിൽ പൊലീസ് മർദ്ദനത്തിന്റെ അവശതയിൽ നിന്ന് മുക്തി നേടിക്കൊണ്ടിരിക്കുന്ന ജാനുവിനെയും ഗീതാനന്ദനെയും ഞാൻ സന്ദർശിച്ചു. ഇതിന് പുറമെ ദൃക്സാക്ഷികളുമായും ഞാൻ സംസാരിച്ചു.


സ്ത്രീകളും കുട്ടികളും വൃദ്ധരും ശിശുക്കളുമടങ്ങുന്ന നൂറുകണക്കിനാളുകൾക്ക് നേരെ വെടിയുതിർത്ത കേരള പോലീസിന്റെ നടപടിക്ക് സമീപകാല ചരിത്രത്തിൽ അധികം ഉദാഹരണങ്ങളില്ല. ജാലിയൻവാലാബാഗിന്റെ ഓർമ്മയുണർത്തുന്ന സംഭവമായി പോയി ഇത്. രണ്ട് പേരാണ് കൊല്ലപ്പെട്ടതെന്ന ഔദ്യോഗികഭാഷ്യം ഒട്ടും ശരിയല്ലെന്ന് സംഭവത്തിന് സാക്ഷികളായവരെല്ലാം പറയുന്നു. മരണനിരക്ക് ഇനിയും കൂടുമെന്നാണ് അവർ പറയുന്നത്.
മുത്തങ്ങയിൽ സംഭവിച്ചതിന് ന്യായീകരണമില്ല, മാപ്പർഹിക്കാത്ത പാതകമാണത്. ആദിവാസികൾ ഉദ്യോഗസ്ഥരെ ബന്ദികളാക്കിയതാണ് പ്രകോപനത്തിനിടയാക്കിയതെന്ന പൊലീസ് വാദവും ന്യായീകരിക്കാനാവില്ല. സന്ധി സംഭാഷണത്തിലൂടെ പ്രശ്നപരിഹാരത്തിന് ശ്രമിക്കാതെ വെടിവെപ്പ് നടത്തിയതിന് അർത്ഥം മനുഷ്യജീവന് പൊലീസ് ഒട്ടും വിലകൽപ്പിക്കുന്നില്ലെന്നാണ്. ആദിവാസികളുടെ ജീവൻ മാത്രമല്ല, ബന്ദികളായി പിടിച്ച പൊലീസുകാരന്റെയും വനപാലകന്റെയും കാര്യവും അവർ ശ്രദ്ധിച്ചില്ല. സാക്ഷാൽ ഭീകരന്മാർ തട്ടിക്കൊണ്ടുപോയപ്പോഴും ബന്ദി നാടകം കളിച്ചപ്പോഴുമൊന്നും പണ്ട് സർക്കാർ ഇങ്ങനെയായിരുന്നില്ല. പോലീസുകാരനെ കൊന്നയാൾ ശിക്ഷിക്കപ്പെടണം. എന്നാൽ അതിന്റെ പേരിൽ അവിടെ കൂടിയ മുഴുവൻ ആളുകളെയോ ഗോത്രമഹാസഭയുടെ മറ്റ് പ്രവർത്തകരെയോ മുഴുവൻ ആദിവാസികളെയോ കുറ്റവാളികളാക്കുന്നത് ശരിയല്ല.
ദുരന്തത്തെ അതിജീവിച്ചവരിൽ പലരെയും ആശുപത്രിയിൽ ഞാൻ കണ്ടു. ശരീരത്തിനേറ്റ പരിക്കിനേക്കാൾ അവരെ നൊമ്പരപ്പെടുത്തുന്നത് കുഞ്ഞുകുട്ടികളടക്കമുളള കുടുംബാംഗങ്ങളുടെ തിരോധാനമാണ്. പൊലീസിന്റെ ലാത്തിയടിയേറ്റപ്പോൾ കൈയിൽ നിന്ന് ഊർന്നുവീണ് പിഞ്ചു കുഞ്ഞിനെ അന്വേഷിക്കുന്ന ഒരാളെ ഞാൻ കണ്ടു. സ്ത്രീകളെയും വൃദ്ധരെയും കാണാതായിട്ടുണ്ട്. അവർ മരിച്ചോ അതോ, മുറിവും വിശപ്പുമായി ഒളിവിൽ നരകിക്കുകയാണോ എന്ന് ആർക്കും അറിഞ്ഞുകൂടാ.
സംഭവം കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടിട്ടും കാണാതായവരുടെ പട്ടിക തയ്യാറാക്കി ജയിലുകളിലും ആശുപത്രികളിലും കഴിയുന്നവരുടെ പേരുവിവരങ്ങളുമായി ഒത്തുനോക്കാനും, പ്രിയപെട്ടവരുടെ കാര്യത്തിൽ ദുഃഖവും അനിശ്ചിതത്വവും അനുഭവിക്കുന്നവർക്ക് ആശ്വാസമരുളാനും യാതൊരു ശ്രമവും അധിക്യതരുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. അവരുടെ സ്ഥാനത്ത് താങ്കളായിരുന്നുവെങ്കിൽ എങ്ങനെയിരിക്കുമെന്ന് താങ്കൾക്ക് ചിന്തിക്കാനാവുമോ? അതിനിടെ പ്രദേശത്തെ ആദിവാസികളെ പൊലീസ് ഭീതിയിലാഴ്ത്തുകയാണ്. പൊലീസ് ആദിവാസി ഊരുകളിൽ കടന്നുചെന്ന് ആണുങ്ങളെ പിടിച്ച് തൊഴിച്ച് വലിച്ചിഴച്ചു കൊണ്ടുപോകുന്നു. അവർക്ക് എന്ത് സംഭവിച്ചുവെന്ന് കുടുംബങ്ങൾക്ക് അറിഞ്ഞുകൂടാ. ഗ്രാമങ്ങൾ സന്ദർശിച്ച ഞങ്ങൾക്ക് പേടിച്ചരണ്ട ഏതാനും സ്ത്രീകളും കുഞ്ഞുങ്ങളും മാത്രമുള്ള പ്രേതക്കുടിലുകളാണ് കാണാൻ കഴിഞ്ഞത്. പുരുഷന്മാരെല്ലാം ഒളിച്ചോടിയിരിക്കുന്നു. ഈ പ്രക്ഷോഭത്തെ തന്നെ തുടച്ചുനീക്കുകയായിരുന്നു സർക്കാരിന്റെ ഉദ്ദേശ്യം. ഇരുത്തംവന്നവരുടെ വൃത്തികെട്ട രാഷ്ട്രീയക്കളിയാണ് അവിടെ നടന്നത്. മാധ്യമപ്രവർത്തകർക്കും കാമറാമാന്മാർക്കും നേരെ ഭീഷണിയും കൈയേറ്റ ശ്രമവുമുണ്ടായി. പതിനഞ്ചു മണിക്കൂർ നേരത്തേക്ക് വെടിവെപ്പ് നടന്ന പ്രദേശം മുഴുവൻ മാധ്യമപ്രവർത്തകർക്ക് മുന്നിൽ കൊട്ടിയടച്ചിരിക്കുകയായിരുന്നു.


ഈ ഭീകരമായ പൊലീരാജ് മൂലം ആദിവാസികൾ പണിക്കുപോകാൻ ഭയക്കുന്നു. പൊതുജനം അവരെ തൊഴിലെടുപ്പിക്കാൻ അറയ്ക്കുന്നു. ഫലമോ, പൊലീസിന്റെ തീവെപ്പിൽ റേഷൻ കാർഡുപോലും കത്തിത്തീർന്ന അവർക്ക് ഇനി പട്ടിണി കിടന്ന് മരിക്കുകയേ വഴിയുള്ളൂ. അന്യാധീനപ്പെട്ട ഭൂമി തിരിച്ചുപിടിക്കാനുള്ള പ്രക്ഷോഭത്തിന് അവരെ പ്രചോദിപ്പിച്ചതുതന്നെ ഇത്തരം പ്രശ്നങ്ങളായിരുന്നു. അടിസ്ഥാനരഹിതമായ ആരോപണങ്ങളുന്നയിച്ച് തടവിലാക്കിയ മുഴുവനാളുകളെയും വിട്ടയക്കണമെന്നും അവരെ സുരക്ഷിതമായി സ്വന്തം ഊരുകളിലേക്ക് തിരിച്ചുപോകാനുളള സാഹചര്യമൊരുക്കണമെന്നും അങ്ങയോട് ആവശ്യപ്പെടുന്നു. അവരിൽ മിക്കവർക്കും അവരുടെ സമ്പാദ്യമത്രയും നഷ്ടപ്പെട്ടിരിക്കുന്നു. അവർക്ക് കഴിക്കാൻ ഭക്ഷണമില്ല, വെള്ളമെടുക്കാൻ പാത്രങ്ങളില്ല, ഉടുക്കാൻ തുണിയില്ല.
2002 ഡിസംബർ അവസാനത്തോടെ 53,000 ആദിവാസി കുടുംബങ്ങൾക്ക് സ്വന്തം ഭൂമി നൽകാമെന്ന സർക്കാർ വാഗ്ദാനം പാലിക്കപ്പെടാതിരുന്നതാണ് ഈ സംഘർഷത്തിലേക്ക് നയിച്ചതെന്ന സത്യം ഇപ്പോൾ വിസ്മരിക്കപ്പെടുകയാണ്. കഴിഞ്ഞ 28 വർഷക്കാലത്തെ മാപ്പർഹിക്കാത്ത കളളക്കളികളുടെ പരമ്പരയിൽ ഒന്നാണ് ഇതും. ഉടഞ്ഞ സ്വപ്നങ്ങൾക്കുമേൽ പടുത്തുയർത്തിയ നാടാണ് നമ്മുടേത്. സർ, താങ്കളുടെ കൈകളിൽ രക്തമാണ്. താങ്കൾ എത്രയും വേഗം തെറ്റ് തിരുത്തിയേ തീരൂ.
വാൽക്കഷ്ണം: യൂക്കാലി തോട്ടം കേടുകൂടാതെ സൂക്ഷിക്കാനുള്ള തിരക്കിൽ മനുഷ്യരെ കൊന്നൊടുക്കിയ പൊലീസ് സംഘത്തിന് ഉച്ചഭക്ഷണം ഉണ്ടായിരുന്നു. പാരിസ്ഥിതിക സംവേദന ക്ഷമത കൂടിയ പ്രദേശത്ത് ചിതറിക്കിടക്കുന്ന പ്ലാസ്റ്റിക് കപ്പുകളും ഒരു കഥ പറയുന്നുണ്ട്. ഒരായിരം ആദിവാസി കുടുംബങ്ങൾക്ക് ഉൽപാദിപ്പിക്കാനാവാത്ത ജൈവാപചയ സാധ്യതയില്ലാത്ത പാഴ്വസ്തുക്കളാണ് അവരവിടെ ബാക്കിയാക്കിയത്.

