Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


ജൂൺ 22 മുതൽ 30 വരെ നടന്ന UGC-NET പരീക്ഷയുടെ ഫലത്തിനായി രണ്ട് മാസത്തോളം കാത്തിരുന്ന വിദ്യാർത്ഥികൾക്ക് ഒടുവിൽ ലഭിച്ചത് ഫലമല്ല, വീണ്ടും പരീക്ഷ എഴുതാനുള്ള അറിയിപ്പാണ്. ജൂൺ 24, 25, 30 തീയതികളിൽ നടന്ന കൊമേഴ്സ്, ഇംഗ്ലീഷ്, സോഷ്യോളജി എന്നീ മൂന്ന് വിഷയങ്ങളിലെ ചോദ്യപേപ്പറുകളിൽ ഗുരുതരമായ പിഴവുകൾ കണ്ടെത്തിയതിനെ തുടർന്നാണ് National Testing Agency (NTA) വീണ്ടും പരീക്ഷ നടത്താൻ തീരുമാനിച്ചത്. ഇംഗ്ലീഷ്, കൊമേഴ്സ് പരീക്ഷകൾ സെപ്റ്റംബർ 9 നും സോഷ്യോളജി പരീക്ഷ സെപ്റ്റംബർ 10 നും നടത്തും.
ഈ മൂന്ന് പേപ്പറുകളിലെ പ്രശ്നങ്ങൾ പരിശോധിച്ചാൽ പ്രശ്നം ആ മൂന്ന് വിഷയങ്ങളിൽ മാത്രം ഒതുങ്ങുന്നില്ലെന്ന് വ്യക്തമാകും. ദേശീയതല പരീക്ഷയുടെ ചോദ്യപേപ്പർ തയ്യാറാക്കുകയും പരിശോധിക്കുകയും ചെയ്യുന്ന സംവിധാനത്തിന്റെ നിലവാരമാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്. ഒന്നോ രണ്ടോ പിഴവുകളല്ല ഇത്തവണ കണ്ടെത്തിയത്. വസ്തുതാപരമായ തെറ്റുകൾ, വിവർത്തനത്തിലെ പിഴവുകൾ, പേരുകളിലെ തെറ്റുകൾ, പുസ്തകങ്ങളുടെ പേരുകളിലെ പിഴവുകൾ — ഇവയെല്ലാം ഉണ്ടായിരുന്നു. മുൻ പരീക്ഷകളിലെ ചോദ്യങ്ങളുടെ വലിയ തോതിലുള്ള ആവർത്തനവും കണ്ടെത്തിയിട്ടുണ്ട്. ചില റിപ്പോർട്ടുകൾ 150 ചോദ്യങ്ങളിൽ 67 എണ്ണം മുൻ പേപ്പറുകളുമായി ആവർത്തിച്ചതായി ചൂണ്ടിക്കാണിക്കുന്നു. ഇംഗ്ലീഷ്, കൊമേഴ്സ് പേപ്പറുകളിലും മുൻ പരീക്ഷകളിലെ ചോദ്യങ്ങളുമായി വലിയ സാമ്യം കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്.


പ്രശ്നം ചോദ്യങ്ങളുടെ ആവർത്തനത്തിൽ മാത്രം ഒതുങ്ങുന്നില്ല. അടിസ്ഥാന വസ്തുതകളിലും ഭാഷയിലും പേരുകളിലും പുസ്തകങ്ങളുടെ തലക്കെട്ടുകളിലും വരെ തെറ്റുകൾ കടന്നുവന്നു. ഒരു പേപ്പറിൽ ഇത്രയും തരത്തിലുള്ള വീഴ്ചകൾ ഒരുമിച്ച് സംഭവിക്കുന്നത് പരിശോധനാ സംവിധാനത്തെക്കുറിച്ച് വലിയ ചോദ്യങ്ങൾ ഉയർത്തുന്നു.
ഒരു ദേശീയതല പരീക്ഷയുടെ ചോദ്യപേപ്പർ ഒരാൾ തയ്യാറാക്കി നേരിട്ട് പരീക്ഷാകേന്ദ്രത്തിലെത്തുന്നതല്ല. വിഷയവിദഗ്ധർ, എഡിറ്റർമാർ, വിവർത്തകർ, റിവ്യൂ ചെയ്യുന്നവർ തുടങ്ങി പലഘട്ടങ്ങളിലൂടെയാണ് അത് കടന്നുപോകേണ്ടത്. ഒരു സ്കോളറുടെ പേര് ശരിയാണോ, പുസ്തകത്തിന്റെ പേര് ശരിയാണോ, ചോദ്യം വസ്തുതാപരമായി ശരിയാണോ, വിവർത്തനത്തിൽ അർത്ഥവ്യത്യാസമുണ്ടോ, മുൻവർഷത്തെ ചോദ്യവുമായി ആവർത്തനമുണ്ടോ — ഇതൊക്കെ പരിശോധിക്കപ്പെടണം. ഇത്രയും ഘട്ടങ്ങളുണ്ടെന്ന് പറയുന്നു. അപ്പോഴും ഇത്രയും പിഴവുകളുള്ള പേപ്പർ പുറത്തുവന്നു. ഇത് ചെറിയ വീഴ്ചയായി കാണാനാകില്ല. അതിൻ്റെ ഭാരം ഏറ്റെടുക്കേണ്ടിവരുന്നത് വിദ്യാർത്ഥികളാണ്.
മാസങ്ങളോളം തയ്യാറെടുത്ത് പരീക്ഷ എഴുതിയവർ വീണ്ടും അതേ തയ്യാറെടുപ്പിലേക്ക് മടങ്ങണം. പലർക്കും പരീക്ഷാകേന്ദ്രത്തിലെത്താൻ ദൂരത്തേക്ക് യാത്ര ചെയ്യേണ്ടിവരും. യാത്രയും താമസവും വീണ്ടും ക്രമീകരിക്കേണ്ടിവരും. NET ഒരു സാധാരണ മത്സരപരീക്ഷയായി കാണാനാകില്ല. ഗവേഷണത്തിലേക്കും സർവകലാശാല അധ്യാപനത്തിലേക്കുമുള്ള പ്രധാന പ്രവേശനവഴികളിലൊന്നാണിത്. JRF, Assistant Professor, PhD പ്രവേശനം തുടങ്ങിയ അക്കാദമിക അവസരങ്ങളുമായി പരീക്ഷയുടെ ഫലം നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. അധിക ഫീസ് ഈടാക്കില്ലെന്ന പ്രഖ്യാപനം മാത്രം വിദ്യാർത്ഥികൾ നേരിട്ട നഷ്ടത്തിന് പരിഹാരമാകില്ല. നഷ്ടപ്പെട്ട സമയം തിരികെ ലഭിക്കില്ല. മാസങ്ങളോളം പഠിച്ചശേഷം പരീക്ഷ എഴുതി മറ്റ് അക്കാദമിക കാര്യങ്ങളിലേക്ക് മാറിയ വിദ്യാർത്ഥിയോട് വീണ്ടും അതേ തയ്യാറെടുപ്പ് നടത്താൻ പറയുന്നത് അവരിൽ വലിയ മാനസിക സമ്മർദ്ദം സൃഷ്ടിക്കും.
പരീക്ഷ ജൂണിലാണ് നടന്നത്. പരീക്ഷ കഴിഞ്ഞ ഉടൻ തന്നെ വിദ്യാർത്ഥികൾ പല ചോദ്യങ്ങളിലെയും പിഴവുകൾ ചൂണ്ടിക്കാണിച്ചിരുന്നു. എന്നിട്ടും മൂന്ന് പേപ്പറുകളിലെ പ്രശ്നം ഇത്രയും ഗുരുതരമാണെന്ന് ഔദ്യോഗികമായി അംഗീകരിക്കുന്നതും റീ-ടെസ്റ്റ് പ്രഖ്യാപിക്കുന്നതും ഓഗസ്റ്റ് മധ്യത്തിലാണ്. പരീക്ഷ കഴിഞ്ഞ് ആഴ്ചകൾ പിന്നിട്ട ശേഷമാണ് വിദ്യാർത്ഥികൾക്ക് വീണ്ടും പരീക്ഷ എഴുതേണ്ടിവരുമെന്നറിയുന്നത്. ഒരു ചോദ്യപേപ്പറിലെ തെറ്റ് വിദ്യാർത്ഥികൾക്ക് പരീക്ഷാഹാളിൽ വെച്ചുതന്നെ തിരിച്ചറിയാൻ കഴിയുമ്പോൾ, അത് തയ്യാറാക്കുകയും പരിശോധിക്കുകയും ചെയ്ത സംവിധാനത്തിന് അതേ തെറ്റ് കണ്ടെത്താൻ ഇത്രയും സമയം വേണ്ടിവന്നത് തന്നെ ചോദ്യമുയർത്തുന്നു. പരീക്ഷ കഴിഞ്ഞുള്ള പരാതികൾ പരിശോധിക്കുന്ന സംവിധാനം എത്രത്തോളം ഫലപ്രദമാണ് എന്നതും പരിശോധിക്കണം.
ഇത് ആദ്യത്തെ സംഭവമല്ല. 2024 ജൂണിലെ UGC-NET പരീക്ഷ കേന്ദ്ര സർക്കാർ റദ്ദാക്കിയിരുന്നു. വിഷയത്തിൽ CBI അന്വേഷണത്തിനും ഉത്തരവിട്ടു. പിന്നീട് പരീക്ഷ വീണ്ടും നടത്തേണ്ടിവന്നു. അതിനുശേഷം പരീക്ഷാ സംവിധാനത്തിന്റെ സുരക്ഷയും പരിശോധനയും ശക്തമാക്കുമെന്ന് പ്രഖ്യാപനങ്ങളുണ്ടായി. എന്നിട്ടും 2026-ൽ വീണ്ടും UGC-NET ചോദ്യപേപ്പറുകൾ ഗുരുതരമായ പിഴവുകളുടെ പേരിൽ റദ്ദാക്കേണ്ടിവരുന്നു. ഇതിനിടയിൽ NEET-UG അടക്കമുള്ള NTA നടത്തുന്ന ദേശീയതല പരീക്ഷകളെ നിരവധി വിവാദങ്ങളുണ്ടായി. 2024-ലെ NTA പരീക്ഷകളെക്കുറിച്ച് പാർലമെന്ററി സമിതിയും ഗുരുതരമായ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു.


പരിഷ്കാരങ്ങൾ എന്തുകൊണ്ട് പരാജയപ്പെട്ടു?
ഇപ്പോഴത്തെ സംഭവത്തെ ഒരു ഒറ്റപ്പെട്ട ചോദ്യപേപ്പർ ഇറർ ആയി കാണുന്നത് പ്രശ്നത്തിന്റെ ഗൗരവം കുറയ്ക്കും. 2024-ൽ പ്രതിസന്ധിയുണ്ടായി, തുടർന്ന് പരിഷ്കാരങ്ങൾ പ്രഖ്യാപിച്ചു. രണ്ട് വർഷം കഴിയുന്നതിന് മുമ്പ് വീണ്ടും സമാനമായ പ്രശ്നം. അതിനാൽ 2024-ന് ശേഷം പ്രഖ്യാപിച്ച പരിഷ്കാരങ്ങൾ യഥാർഥത്തിൽ നടപ്പാക്കിയോ എന്നത് പരിശോധിക്കണം. നടപ്പാക്കിയെങ്കിൽ അവ എന്തുകൊണ്ട് ഫലപ്രദമായില്ല? ഇപ്പോഴത്തെ പരിശോധനാ, സംവിധാനത്തിൽ എവിടെയാണ് വീഴ്ച സംഭവിച്ചത്? ഈ ചോദ്യങ്ങൾക്ക് NTA മറുപടി നൽകണം.
ഇപ്പോഴത്തെ സംഭവത്തിന് പിന്നാലെ NTA വീണ്ടും പരിഷ്കാര നടപടികൾ പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിലെ പാനലുകളിൽ നിന്ന് 600 വിദഗ്ധരെ മാറ്റി പുതിയ വിദഗ്ധരെ ഉൾപ്പെടുത്താനുള്ള നടപടിയാണ് സ്വീകരിച്ചിരിക്കുന്നത്. ചോദ്യപേപ്പറുകൾക്ക് നാല് ഘട്ട പരിശോധന ഏർപ്പെടുത്തുമെന്നും അറിയിച്ചിട്ടുണ്ട്. പരീക്ഷാ സംഘത്തിലും സുരക്ഷാ സംവിധാനങ്ങളിലും മാറ്റം വരുത്താനും നടപടികളുണ്ട്. എന്നാൽ പുതിയ വിദഗ്ധരെ ഉൾപ്പെടുത്തുന്നതോ പരിശോധനയുടെ ഘട്ടങ്ങൾ കൂട്ടുന്നതോ മാത്രം കൊണ്ട് അടിസ്ഥാന പ്രശ്നം പരിഹരിക്കപ്പെടില്ല. ഇത്തവണ എവിടെയാണ് പരിശോധന പരാജയപ്പെട്ടത് എന്നത് ആദ്യം വ്യക്തമാക്കണം. ഉത്തരവാദിത്തം ആരുടേതാണ് എന്നതും പുറത്തുവരണം.
ഈ സംഭവത്തിൽ സ്വതന്ത്രമായ അന്വേഷണം വേണം. ചോദ്യപേപ്പർ തയ്യാറാക്കിയത് ആരാണ്? അത് പരിശോധിച്ചത് ആരാണ്? എത്ര ഘട്ടത്തിലാണ് പരിശോധന നടന്നത്? മുൻ ചോദ്യങ്ങളുമായുള്ള ആവർത്തനം പരിശോധിക്കാൻ സംവിധാനമുണ്ടായിരുന്നോ? വിവർത്തനം ആരാണ് പരിശോധിച്ചത്? അന്തിമ അംഗീകാരം നൽകിയത് ആര്? വിദ്യാർത്ഥികളുടെ പരാതികൾ എങ്ങനെയാണ് പരിഗണിച്ചത്? ഈ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി ലഭിക്കണം. തെറ്റായ വിവരങ്ങളുള്ളതും ആവർത്തിച്ച ചോദ്യങ്ങളുള്ളതുമായ ഒരു പേപ്പർ നൽകി ആയിരക്കണക്കിന് വിദ്യാർത്ഥികളെ പരീക്ഷിപ്പിക്കുന്നത് പരീക്ഷയുടെ നീതിയെയും വിശ്വാസ്യതയെയും ബാധിക്കുന്ന കാര്യമാണ്. ഒരു ദേശീയ പരീക്ഷയുടെ വിശ്വാസ്യത എന്നത് രഹസ്യസ്വഭാവം സംരക്ഷിക്കുന്നതിൽ മാത്രം ഒതുങ്ങുന്നില്ല. ചോദ്യങ്ങളുടെ കൃത്യതയും അക്കാദമിക നിലവാരവും തുല്യതയും സുതാര്യതയും അതിന്റെ ഭാഗമാണ്.
UGC-NET-ന്റെ പ്രാധാന്യം കണക്കിലെടുക്കുമ്പോൾ ഇതിന്റെ പ്രത്യാഘാതം കൂടുതൽ ഗൗരവമുള്ളതാണ്. ഗവേഷണ രംഗത്തേക്കും സർവകലാശാല അധ്യാപനത്തിലേക്കും കടക്കാൻ ശ്രമിക്കുന്ന വലിയൊരു വിഭാഗം യുവാക്കളുടെ ഭാവി ഈ പരീക്ഷയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒരു പരീക്ഷാ തീയതി മാറുന്നതോ ഫലം വൈകുന്നതോ ചിലരുടെ കാര്യത്തിൽ ഒരു വർഷത്തെ അക്കാദമിക അവസരം വരെ നഷ്ടപ്പെടുത്താം. അതിനാൽ റീ-ടെസ്റ്റ് നടത്തുക എന്ന അടിയന്തര നടപടിക്കൊപ്പം ഫലപ്രഖ്യാപനവും അനുബന്ധ അക്കാദമിക നടപടികളും സമയബന്ധിതമായി പൂർത്തിയാക്കാനുള്ള പ്രത്യേക സംവിധാനവും വേണം.
JRF, PhD പ്രവേശനം, Assistant Professor നിയമന നടപടികൾ എന്നിവയിൽ ഈ റീ-ടെസ്റ്റിന്റെ ഫലപ്രഖ്യാപനം മൂലം ഉണ്ടാകാവുന്ന താമസം ഒഴിവാക്കാൻ UGC-യും സർവകലാശാലകളും വ്യക്തമായ മാർഗ്ഗനിർദ്ദേശം നൽകണം. NTA-യുടെ പിഴവിന്റെ പേരിൽ വിദ്യാർത്ഥിയുടെ അടുത്ത അക്കാദമിക അവസരം നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകരുത്. വീണ്ടും പരീക്ഷ എഴുതേണ്ടിവരുന്നതിലൂടെ വിദ്യാർത്ഥികൾക്കുണ്ടാകുന്ന യാത്ര, താമസം തുടങ്ങിയ അധിക സാമ്പത്തിക ബാധ്യതകളും കേന്ദ്ര സർക്കാർ ഏറ്റെടുക്കണം.


കേന്ദ്രീകരണത്തിന്റെ പ്രശ്നങ്ങൾ
പരീക്ഷാ സംവിധാനത്തെ അമിതമായി കേന്ദ്രീകരിച്ചതിന്റെ പ്രശ്നവും ഇവിടെ ചർച്ച ചെയ്യേണ്ടതുണ്ട്. വളരെയേറെ വൈവിധ്യങ്ങളും അസമത്യങ്ങളും നിലനിൽക്കുന്ന ഇന്ത്യൻ സമൂഹത്തിൽ ഈ കേന്ദ്രീകരണം പരീക്ഷാ വിവേചനങ്ങൾ വർദ്ധിപ്പിക്കുവയുള്ളൂ. ദേശീയ പരീക്ഷകൾ കൂടുതൽ വികേന്ദ്രീകൃത രീതിയിൽ നടത്തണം. ഭാവിയിലെ NET പരീക്ഷകൾ സുതാര്യമായി നടപ്പിലാക്കാനുള്ള ഉത്തരവാദിത്തം മുമ്പ് ഉണ്ടായിരുന്നത് പോലെ UGC, CSIR തുടങ്ങിയ അക്കാദമിക സ്ഥാപനങ്ങൾക്ക് നൽകണം. കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലേക്കുള്ള പരീക്ഷകൾ അതാത് സ്ഥാപനങ്ങൾ തന്നെ നടത്തുകയും അതിന്റെ ഗുണനിലവാരവും സുതാര്യതയും കേന്ദ്ര സർക്കാർ ഉറപ്പാക്കുകയും വേണം. സംസ്ഥാന സർക്കാരിന് കീഴിലുള്ള സ്ഥാപനങ്ങളിലേക്കുള്ള പരീക്ഷകളും അതത് സംവിധാനങ്ങൾ വഴി നടത്താം.
ഇത് സുതാര്യതയുടെ മാത്രം വിഷയമല്ല. ഇത്തരമൊരു കേന്ദ്രീകൃത സംവിധാനം വന്നതോടെ ഗ്രാമീണ മേഖലയിലെയും പിന്നാക്ക സാഹചര്യങ്ങളിൽ നിന്നുമുള്ള വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്നങ്ങളും പരിശോധിക്കണം. പരീക്ഷാകേന്ദ്രങ്ങളുടെ ലഭ്യത, യാത്രാചെലവ്, ഭാഷാപരമായ പ്രശ്നങ്ങൾ തുടങ്ങിയ കാര്യങ്ങളും ദേശീയതല പരീക്ഷാ സംവിധാനത്തിന്റെ ഭാഗമായി പരിഗണിക്കേണ്ടതാണ്. NTA പിരിച്ചുവിടുക, റീ-ടെസ്റ്റിന്റെ തീരുമാനത്തിൽ വ്യക്തതയും നീതിയും ആവശ്യപ്പെട്ട് ഡൽഹിയിലെ ഒഖ്ലയിലെ NTA ആസ്ഥാനത്തിന് മുന്നിൽ വിദ്യാർത്ഥികൾ പ്രതിഷേധിക്കുകയും അവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്ത സംഭവവും ഗൗരവത്തോടെ കാണണം. പ്രതിഷേധിക്കുന്ന വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുക്കുന്നതിലൂടെ പ്രശ്നം തീരില്ല. അവരുടെ പരാതികൾ കേൾക്കുകയും പരീക്ഷാ സംവിധാനത്തിന്റെ പരാജയത്തിന് വ്യക്തമായ മറുപടി നൽകുകയുമാണ് വേണ്ടത്.
2024-ലെ പ്രതിസന്ധിക്ക് ശേഷം പല പരിഷ്കാരങ്ങളും പ്രഖ്യാപിച്ചു. രണ്ട് വർഷം കഴിഞ്ഞിട്ടും വീണ്ടും സമാനമായ പ്രശ്നം ആവർത്തിച്ചിരിക്കുന്നു. ഇനി പുതിയ പ്രഖ്യാപനങ്ങൾ കൊണ്ട് മാത്രം കാര്യമില്ല. എന്താണ് പരാജയപ്പെട്ടത് എന്നതിന് കേന്ദ്രസർക്കാർ മറുപടി പറയണം. വിദ്യാർത്ഥികൾക്കുണ്ടായ അക്കാദമികവും സാമ്പത്തികവുമായ നഷ്ടങ്ങൾക്ക് പരിഹാരം കാണണം. ഭാവിയിൽ ഇത്തരം വീഴ്ചകൾ ആവർത്തിക്കാതിരിക്കാനുള്ള സ്ഥിരമായ സംവിധാനം ഉണ്ടാക്കണം. NET പോലൊരു പരീക്ഷയിൽ ഒരു വിദ്യാർത്ഥി തന്റെ വർഷങ്ങളായുള്ള പഠനവും ഗവേഷണ സ്വപ്നങ്ങളും ഭാവിയിലെ അധ്യാപക ജീവിതവും ഒരു ഉത്തരക്കടലാസിൽ ഏൽപ്പിക്കുകയാണ്. ആ ഉത്തരക്കടലാസ് തയ്യാറാക്കുന്ന സ്ഥാപനത്തിന് അതിനൊത്ത ഉത്തരവാദിത്തം ഉണ്ടായിരിക്കണം. ഈ ഉത്തരവാദിത്തം നിറവേറ്റുന്നതിൽ NTA തുടർച്ചയായി പരാജയപ്പെടുകയാണ്.
ഇതുപോലൊരു കേന്ദ്രീകൃത സംവിധാനം വരുന്നതിന്റെ പരിമിതികൾ വിദ്യാഭ്യാസ വിദഗ്ധരും അധ്യാപക സംഘടനകളും വിദ്യാർത്ഥി സംഘടനകളും നേരത്തെ തന്നെ ചൂണ്ടിക്കാണിച്ചിരുന്നു. അതിനാൽ തന്നെ NTA ഉടനെതന്നെ പിരിച്ചുവിടുകയും പരീക്ഷ നടത്തിപ്പിന്റെ ഉത്തരവാദിത്തം അതത് അക്കാദമിക സ്ഥാപനങ്ങൾക്ക് നൽകുകയും, കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അതിന്റെ നിലവാരവും സുതാര്യതയും ഉറപ്പാക്കുകയും ചെയ്യുന്നതാണ് കൂടുതൽ ഉത്തരവാദിത്തമുള്ള വഴി.

