പ്രൊഫ. അലി ഖാൻ മഹ്മൂദാബാദും അഭിപ്രായ സ്വാതന്ത്ര്യവും

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ചതിന് പിന്നാലെ അറസ്റ്റിലായ അശോക യൂണിവേഴ്സിറ്റി പൊളിറ്റിക്കൽ സയൻസ് വിഭാഗം മേധാവി പ്രൊഫസർ അലി ഖാൻ മഹ്മൂദാബാദിന് സുപ്രീം കോടതി ഇന്നലെ ഇടക്കാല ജാമ്യം അനുവദിച്ചു. കര്‍ശന ഉപാധികളോടെയാണ് പ്രൊഫ. അലി ഖാന് ജാമ്യം നല്‍കിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ഒന്നുംതന്നെ എഴുതുകയോ പങ്കുവയ്ക്കുകയോ ചെയ്യരുത്, പഹൽഗാം ആക്രമണത്തെ കുറിച്ചോ ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ടോ യാതൊരുവിധ അഭിപ്രായവും പറയാൻ പാടില്ല, പാസ്പോർട്ട് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാക്കണം എന്നിവയാണ് വ്യവസ്ഥകൾ. പ്രൊഫ. അലി ഖാന്റെ, ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റുകളെ കുറിച്ച് കൂടുതൽ അന്വേഷിക്കാനായി സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിനെ (SIT) നിയമിക്കണമെന്നും ജസ്റ്റിസുമാരായ സൂര്യകാന്ത്, എന്‍.കെ സിങ് എന്നിവരടങ്ങിയ ബെഞ്ച് നിർദ്ദേശിച്ചു. ഹരിയാനയ്ക്ക് പുറത്തുള്ള ഒരു വനിതാ ഉദ്യോഗസ്ഥയടക്കം മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥർ അടങ്ങുന്ന ടീമിനാണ് പ്രത്യേക അന്വേഷണത്തിന്റെ ചുമതല. ഫേസ്ബുക്ക് കുറിപ്പിലെ പദപ്രയോഗങ്ങളെ കുറിച്ച് അന്വേഷിക്കാനാണ് എസ്.ഐ.ടിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം, ജാമ്യം അനുവദിച്ചെങ്കിലും അന്വേഷണം സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല. മുതിര്‍ന്ന അഭിഭാഷകനായ കപില്‍ സിബലാണ് അലി ഖാന് വേണ്ടി സുപ്രീംകോടതിയില്‍ ഹാജരായത്.

പ്രൊഫ. അലി ഖാൻ മഹ്മൂദാബാദ്. കടപ്പാട്: facebook

അലി ഖാൻ മഹ്മൂദാബാദിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഇന്നലെ സ്വമേധയാ കേസ് എടുത്തിരുന്നു. മീഡിയ റിപ്പോർട്ട് അനുസരിച്ച് അലി ഖാൻ മഹ്മൂദാബാദിന്റെ മനുഷ്യാവകാശവും സ്വാതന്ത്ര്യവും പ്രഥമ ദൃഷ്ട്യാ ലംഘിക്കപ്പെട്ടുവെന്നാണ് മനുഷ്യാവകാശ കമ്മീഷനെ ഉദ്ധരിച്ച് ദി ഹിന്ദു റിപ്പോർട്ട് ചെയ്യുന്നത്. കൂടാതെ സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിശദീകരണം തേടാൻ ഹരിയാന ഡിജിപിയെ മനുഷ്യാവകാശ കമ്മീഷൻ വിളിച്ചിട്ടുണ്ട്.

മെയ് 22 ഞായറാഴ്ചയാണ് പ്രൊഫ. അലി ഖാൻ മഹ്മൂദാബാദിനെ ഹരിയാന പൊലീസ് അറസ്റ്റ് ചെയ്തത്. രാജ്യത്തിന്റെ പരമാധികാരത്തെയും അഖണ്ഡതയെയും അപകടപ്പെടുത്തൽ, രണ്ട് മതവിഭാഗങ്ങൾ തമ്മിലുള്ള സാമൂഹിക ഐക്യം തകർക്കൽ തുടങ്ങിയവയുമായി ബന്ധപ്പെട്ടുള്ള ഭാരതീയ ന്യായ സംഹിതയിലെ (BNS) വകുപ്പുകളാണ് പ്രൊഫ. അലി ഖാൻ മഹ്മൂദാബാദിനെതിരെ ചുമത്തിയിരുന്നത്. ‘ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട കേണൽ സോഫിയ ഖുറേഷിയുടെ പ്രസ്സ് ബ്രീഫിങ്ങിനെ പുകഴ്ത്തുന്ന വലതുപക്ഷ വക്താക്കൾ, ഇന്ത്യയിലെ ആൾക്കൂട്ട ആക്രമണത്തിന്റെ ഇരകളെ, ബുൾഡോസർ രാജിന്റെ ഇരകളെ, ബിജെപിയുടെ വിദ്വേഷ പ്രചരണത്തിന് ഇരകളായ മറ്റ് മനുഷ്യരെയെല്ലാം തന്നെ ഇന്ത്യൻ പൗരന്മാരായി സംരക്ഷിക്കണമെന്ന് ആവശ്യപ്പെടേണ്ടതല്ലേ’ എന്നാണ് തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ അലി ഖാൻ മഹ്മൂദാബാദ് ചൂണ്ടികാണിച്ചത്. രണ്ട് വനിതാ സൈനിക ഉദ്യോഗസ്ഥർ തങ്ങളുടെ കണ്ടത്തലുകൾ വിശദീകരിക്കുന്നത് പ്രധാനപ്പെട്ടതാണെന്നും എന്നാൽ ഇത്തരം ദൃശ്യങ്ങൾ യാഥാർത്ഥ്യത്തിലേക്ക് വിവർത്തനം ചെയ്യപ്പെടേണ്ടതുണ്ട് അല്ലാത്തപക്ഷം അത് വെറും കാപട്യം മാത്രമാണെന്നും പ്രൊഫ. അലി ഖാൻ മഹ്മൂദാബാദ് കൂട്ടിചേർത്തു. മെയ് 8നാണ് അലി ഖാൻ ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചത്. ഈ ഫേസ്ബുക്ക് കുറിപ്പുമായി ബന്ധപ്പെട്ട് ഹരിയാന വനിതാ കമ്മീഷൻ (HSWC) അലി ഖാന് സമൻസ് അയച്ചിരുന്നു. തുടർന്ന് ഹരിയാന വനിതാ കമ്മീഷൻ ചെയർപേഴ്സൺ രേണു ഭാട്ടിയ, ബിജെപി യുവമോർച്ച ജനറൽ സെക്രട്ടറി യോഗേഷ് ജതേരി എന്നിവർ നൽകിയ രണ്ട് വ്യത്യസ്ത പരാതികളുടെ അടിസ്ഥാനത്തിലാണ് പ്രൊഫ. അലി ഖാൻ മഹ്മൂദാബാദിനെ അറസ്റ്റ് ചെയ്തത്. അന്വേഷണവുമായി ബന്ധപ്പെട്ട് പൊലീസുമായി പൂർണ്ണമായും സഹകരിക്കുമെന്നാണ് അശോക യൂണിവേഴ്സിറ്റി പ്രൊഫ. അലി ഖാൻ മഹ്മൂദാബാദിന്റെ അറസ്റ്റിന് പിന്നാലെ ഔദ്യോഗികമായി പറഞ്ഞത്.

ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് അലി ഖാൻ മഹ്മൂദാബാദ് പങ്കുവെച്ച കുറിപ്പ്. കടപ്പാട്: facebook

ഇന്ത്യയിലെ അറിയപ്പെടുന്ന പൊളിറ്റിക്കൽ സയന്റിസ്റ്റും എഴുത്തുകാരനും സമാജ്‌വാദി പാർട്ടി നേതാവും ലഖ്നൗവിലെ മഹ്മൂദാബാദ് രാജവംശത്തിലെ അംഗവുമാണ് പ്രൊഫ. അലി ഖാൻ മഹ്മൂദാബാദ്. അദ്ദേഹത്തിന്റെ മുത്തച്ഛൻ ലഖ്നൗവിലെ അവസാന രാജാവായിരുന്ന മുഹമ്മദ് ആമിർ അഹമദ് ഖാൻ ആണ്. കോൺഗ്രസ്സ് എം.എൽ.എ ആയിരുന്ന മുഹമ്മദ് ആമിർ മുഹമ്മദ് ഖാൻ ആണ് അലി ഖാൻ മഹ്മൂദാബാദിന്റെ പിതാവ്. Enemy Property Act (1968) വഴി സർക്കാർ കണ്ടുകെട്ടിയ ബട്ട്ലർ പാലസ്, ഹൽവാസിയ മാർക്കറ്റ്, ഹസ്രത്ത്ഖഞ്ച് മാർക്കറ്റിന്റെ വലിയൊരു ഭാഗം, സീതാപൂരിലെയും നൈനിറ്റാളിലെയും ഭൂസ്വത്തുക്കൾ തുടങ്ങിയവ തിരികെ ലഭിക്കാനായി ദീർഘകാലം നിയമപോരാട്ടം നടത്തിയ വ്യക്തികൂടിയാണ് അലി ഖാൻ മഹ്മൂദാബാദിന്റെ പിതാവ്. ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറിയായിരുന്ന ജഗത്ത് സിങ്ങ് മേഹ്തയുടെ മകളായ റാണി വിജയ് ആണ് അദ്ദേഹത്തിന്റെ മാതാവ്.

ഇന്ത്യയിലെ മുസ്ലിം സമൂഹത്തിന്റെ രാഷ്ട്രനിർമ്മാണത്തിലെ പങ്കിനെക്കുറിച്ച് ആഴത്തിലുള്ള പഠനങ്ങൾ നടത്തിയ ചരിത്രകാരനാണ് പ്രൊഫ. അലി ഖാൻ. Poetry of Belonging: Muslim Imaginings of India 1850–1950 എന്ന പുസ്തകത്തിൽ, ഇന്ത്യയിലെ മുസ്ലീം സമൂഹം ദേശസ്നേഹം, മതം, ആധുനികത, രാഷ്ട്രീയ വിമർശനം എന്നിവയെ എങ്ങനെയാണ് സാഹിത്യരചകളിലൂടെ അവതരിപ്പിച്ചത് എന്നതാണ് അദ്ദേഹം വിശദീകരിക്കുന്നത്. പ്രധാനമായും ഉർദു കവിതകളിലൂടെ കടന്നുപോയാണ് അദ്ദേഹം ഈ പുസ്തകത്തിൽ അത് വിശകലനം ചെയ്യുന്നത്. ഇന്ത്യയിലെ മുസ്ലീം രാഷ്ട്രീയ നേതാക്കളുടെ ആശയധാരകളുടെ വൈവിധ്യത്തെ പരിചയപ്പെടുത്തുന്ന അദ്ദേഹത്തിന്റെ പുസ്തകമാണ് Islamic Politics and Modernity. അറബിക്, ഉറുദു, പേർഷ്യൻ ഭാഷകളിലുള്ള നൂറ്റാണ്ടുകളായി ശേഖരിച്ചും സംരക്ഷിച്ചും വരുന്ന മാനുസ്ക്രിപ്റ്റുകളുടെ ഡിജിറ്റൈസേഷൻ പ്രക്രിയയിൽ നിർണായകമായ പങ്ക് വഹിക്കുന്ന വ്യക്തികൂടിയാണ് പ്രൊഫ. അലി ഖാൻ മഹ്മൂദാബാദ്. ഇന്ത്യൻ ഉർദു സാഹിത്യകാരൻ അബ്‌ദുൽ ഹലീം ഷരാറിന്റെ പ്രധാന കൃതികളിലൊന്നായ, The Breaking of Dawn (Aghaaz-e-Sahar എന്ന് ഉറുദു പേര്) എന്ന ചരിത്ര നോവൽ 2021ൽ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത് അലി ഖാൻ മഹ്മൂദാബാദ് ആണ്. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് എതിരായി 1857ൽ നടന്ന ഒന്നാം സ്വാതന്ത്ര്യ സമരത്തെ ആസ്പദമാക്കി രചിക്കപ്പെട്ട നോവലാണ് The Breaking of Dawn.

The Breaking of Dawn കവർ

അഭിപ്രായ പ്രകടനത്തിന്റെ പേരിൽ ഇത്രയും പ്രഗത്ഭനായ ഒരു അക്കാദമീഷ്യനെ ഭരണകൂടം വേട്ടയാടുന്നതിനെ ജനാധിപത്യവാദികളും ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികളും വലിയ രീതിയിലാണ് അപലപിച്ചത്. കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മധ്യപ്രദേശിലെ ബിജെപി മന്ത്രി വിജയ് ഷാക്കെതിരെ ഇത്തരത്തിൽ നിയമനടപടികൾ ഒന്നും തന്നെയില്ലാത്തത് ഭരണകൂടത്തിന്റെ ഇരട്ടനീതിയെ തന്നെയാണ് തുറന്നുകാണിക്കുന്നതെന്ന് വിമർശനമുയർന്നു.

പ്രൊഫ. അലി ഖാനെതിരായ പൊലീസ് നടപടിയും തുടർന്നുണ്ടായ പ്രതികരണങ്ങളും ഉന്നത വിദ്യാഭ്യാസരംഗത്തെ സ്വകാര്യവത്കരണത്തിന്റെ പ്രശ്നങ്ങൾ കൂടിയാണ് തുറന്നുകാണിക്കുന്നത്. ഇന്ത്യയിലെ പ്രധാന സ്വകാര്യ സർവകലാശാലകളിലൊന്നായ അശോക യൂണിവേഴ്സിറ്റിയിൽ ജനാധിപത്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും കോട്ടം സംഭവിക്കുന്ന സാഹചര്യം ഇത് ആദ്യമായല്ലെ ഉടലെടുക്കുന്നത്. അശോക യൂണിവേഴ്സിറ്റിയിലെ തന്നെ ഇക്കണോമിക്സ് വിഭാഗം പ്രൊഫസർ സബ്യസാചി ദാസിന്റെ ‘ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിന്റെ വീഴ്ച’ എന്ന ഗവേഷണ പ്രബന്ധം വലിയ പ്രത്യാഘാതങ്ങളിലേക്കാണ് അദ്ദേഹത്തെ കൊണ്ടുചെന്നത്തിച്ചത്. 2019ലെ ലോക്സഭ തെരെഞ്ഞെടുപ്പിലെ ബിജെപിയുടെ വിജയവും അതുമായി ബന്ധപ്പെട്ട് നടന്ന അട്ടിമറികളെയുമാണ് സബ്യസാചി ദാസ് പഠനവിധേയമാക്കിയത്. എന്നാൽ പേപ്പർ പ്രസിദ്ധപ്പെടുത്തിയതിന് പിന്നാലെ അദ്ദേഹത്തിനെതിരെ ഇന്റലിജൻസ് ബ്യൂറോ അന്വേഷണം ആരംഭിക്കുകയും, അശോക യൂണിവേഴ്സിറ്റിയുടെ നിലപാടിന്റെ പേരിൽ അദ്ദേഹം അവിടെനിന്ന് രാജി വെക്കുകയും ചെയ്തു. സബ്യസാചി ദാസിന്റെ പേപ്പറിനെ എതിർത്ത യൂണിവേഴ്സിറ്റിയോടുള്ള പ്രതിഷേധമെന്നോണം ഇക്കണോമിക്സ് വിഭാഗം മേധാവിയും പ്രമുഖ സാമ്പത്തിക ശാസ്ത്ര വിദഗ്ധനുമായ പ്രൊഫ. പുലാപ്ര ബാലകൃഷ്ണനും രാജി വെച്ചിരുന്നു. കശ്മീരിൽ ഹിത പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടുള്ള ഹർജിയിൽ ഒപ്പ് വെച്ചതിനെ തുടർന്നുണ്ടായ സർവകലാശാല നടപടിയിൽ പ്രതിഷേധിച്ച് 2016ൽ ഗണിതശാസ്ത്ര പ്രൊഫസറായ രാജേന്ദ്രൻ നാരായണൻ രാജിവെച്ചിരുന്നു. 2021ൽ രാഷ്ട്രീയ നിരീക്ഷകനും കോളമിസ്റ്റുമായ പ്രതാപ് ഭാനു മേത്തയും അശോക യൂണിവേഴ്സിറ്റിയിൽ നിന്നും രാജിവെച്ചിരുന്നു. സ്വന്തം എഴുത്തുകൾ യൂണിവേഴ്സിറ്റിക്ക് ബാധ്യതയാവുമെന്ന് സർവകലാശാല അധികൃതരുമായുള്ള മീറ്റിങ്ങിൽ ബോധ്യമായതുകൊണ്ടാണ് താൻ രാജി വെച്ചതെന്നാണ് പ്രതാപ് ഭാനു മേത്ത അന്ന് പറഞ്ഞത്. ഇതിനെ തുടർന്ന് പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞൻ ഡോ. അരവിന്ദ് സുബ്രഹ്മണ്യനും രാജിവെച്ചു. അക്കാദമിക സ്വതന്ത്ര്യത്തിന് ഇടമില്ല എന്ന് ചൂണ്ടികാണിച്ചുകൊണ്ടായിരുന്നു അരവിന്ദ് സുബ്രഹ്മണ്യന്റെ രാജി.

അശോക യൂണിവേഴ്സിറ്റി. കടപ്പാട്: citizensofscience.com

സ്വകാര്യവൽക്കരണത്തോടെ ഉപരിവർഗ്ഗ-സവർണ്ണ വിഭാഗങ്ങൾക്ക് മാത്രം പ്രാപ്യമായ ഇത്തരം അക്കാദമിക മേഖലകൾ അരാഷ്ട്രീയമായ ഒരു നവവിദ്യാർത്ഥി സമൂഹത്തിന്റെ രൂപീകരണത്തിന് വഴിയൊരുക്കുന്നതിന് തെളിവായി മാറുകയാണ് അശോക യൂണിവേഴ്സിറ്റിയിലെ ഈ അനുഭവങ്ങൾ. ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ് മുംബൈയിലെ ചില അധ്യാപകരെ പെട്ടെന്നൊരു ദിവസം പിരിച്ചുവിടാനൊരുങ്ങിയ സംഭവവും വിദ്യാർത്ഥി നേതാവായ രാമദാസ് പ്രിനി ശിവാനന്ദനെ വിദ്യാർത്ഥി സമരങ്ങളിൽ പങ്കെടുത്തതിന് രണ്ട് വർഷത്തേക്ക് സസ്പെന്റ് ചെയ്ത നടപടിയും ഉന്നതവിദ്യാഭ്യാസ മേഖലയിൽ പിടിമുറുക്കിയ കാവിവൽക്കരണത്തിന്റെയും കേന്ദ്രസർക്കാർ ഇടപെടലുകളുടെയും വ്യക്തമായ തെളിവുകളാണ്.

അലി ഖാൻ മഹ്മൂദാബാദിന് നേരെയുണ്ടായ ഭരണകൂട ഭീകരതയ്ക്കൊപ്പം തന്നെ ചർച്ച ചെയ്യപ്പെടേണ്ട ഒന്നാണ് എസ്.ആർ.എം യൂണിവേഴ്സിറ്റിയിൽ ഓപ്പറേഷൻ സിന്ദൂറിനെ വിമർശിച്ച കരിയർ ഡെവലപ്മെന്റ് സെന്റർ വിഭാഗം അസിസ്റ്റന്റ് പ്രൊഫസറെ സസ്പെന്റ് ചെയ്തത്. കേരളത്തിൽ, കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെയും കേരള യൂണിവേഴ്സിറ്റിയിലെയും കശ്മീരുമായി ബന്ധപ്പെട്ട സെമിനാറുകൾ വൈസ് ചാൻസലർ ഇടപെട്ട് റദ്ദ് ചെയ്തതും സമാനമായ സംഭവങ്ങളാണ്. അലി ഖാൻ മഹ്മൂദാബാദിന് ഇടക്കാല ജാമ്യം ലഭിച്ചെങ്കിലും പ്രത്യേക അന്വേഷണ സംഘം അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പുകളിൽ നിന്നും എന്തെല്ലാം പദപ്രയോഗങ്ങളാണ് കണ്ടെത്താൻ പോകുന്നതെന്നും, അശോക യൂണിവേഴ്സിറ്റി വരും ദിവസങ്ങളിൽ എന്ത് നിലപാടാണ് എടുക്കാൻ പോകുന്നതെന്നും പ്രാധ്യാനമർഹിക്കുന്ന കാര്യമാണ്.

Also Read

5 minutes read May 22, 2025 10:58 am