അടിയന്തരാവസ്ഥയും രാഷ്ട്രീയ സ്വയംസേവക സംഘും

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

നുണകളുടെ പ്രൊപ്പഗാൻഡാ മെഷീനിൽനിന്ന് പുറന്തളപ്പെടുന്ന മാലിന്യങ്ങൾ സത്യാനന്തരത്തിന്റെ വിലകൂടിയ വർണ്ണശബളമായ പാക്കറ്റുകളിൽ തലച്ചോറിനെ മയക്കിക്കിടത്തുന്നതോടെ നമ്മുടെ നാഗരിക യുവാക്കൾ, യുക്തിയും ചരിത്രവും വെടിഞ്ഞ് അധികാരികൾക്കും അവരുടെ ദല്ലാൾമാർക്കും വേണ്ടി ജയാരവങ്ങൾ മുഴക്കുന്നു. ലക്ഷക്കണക്കിന് മനുഷ്യരുടെ ചോര കുടിച്ച ബലിക്കല്ലിൽ സത്യത്തെ വെട്ടിയും വെടിയുതിർത്തും ബോംബു വെച്ചും തകർക്കുമ്പോൾ, അവർക്ക് കിട്ടാൻ പോകുന്നത് തങ്ങളുടെ തന്നെ സഹോദരീ സഹാദരന്മാരുടെ രണ്ടിറ്റ് ചോരമാത്രമാണെന്ന് അവർ അറിയുന്നില്ല. ഇത്രയും വേദനയോടെ എഴുതിയത് അടിയന്തരാവസ്ഥയിൽ (1975-1977) ആർ.എസ്.എസ്സിന്റെ പ്രമുഖർ എന്ത് ചെയ്യുകയായിരുന്നു എന്ന് ചൂണ്ടിക്കാണിക്കാനാണ്. ഇന്ത്യയുടെ ചില തടവറകളിൽ മർദ്ദിക്കപ്പെട്ടും പീഡിപ്പിക്കപ്പെട്ടും കുറച്ച് സാധാരണക്കാരായ സ്വയംസേവകർ ഉണ്ടായിരുന്നു എന്നത് വസ്തുതയാണ്. എന്നാൽ അവരുടെ നേതാക്കൾ എന്തെടുക്കുകയായിരുന്നു? അനേകം അണികളും? എ.ജി നൂറാണിയുടെ The RSS: A Menace to India (2019) എന്ന പുസ്തകത്തിന്റെ പതിനാലാം അദ്ധ്യായത്തിൽ -The RSS, the Emergency and the Janatha Party (പുറം-172 -202) ഇത് വസ്തുനിഷ്ടമായി വിശദീകരിക്കുന്നുണ്ട്. സത്യം അറിയാൻ താൽപ്പര്യമുള്ളവർക്ക് ഈ അദ്ധ്യായം വായിച്ചുനോക്കാവുന്നതാണ്.

എ.ജി നൂറാണി, ബുക്ക് കവർ

1974 നും 1979 നും ഇടയിലുള്ള ഇന്ത്യൻ രാഷ്ട്രീയത്തിലെ സംഭവ ബഹുലമായ കാലം, 1948 ലെ ഗാന്ധിവധത്തിൽ മുഖം നഷ്ടപ്പെട്ട് ഇരുട്ടിലേക്ക് ഒതുങ്ങേണ്ടിവന്ന ആർ.എസ്.എസ്സിന് സ്വയം പുറത്ത് വരാനും ‘ജനാധിപത്യ’ത്തിന്റെ വെളിച്ചത്തിൽ നിൽക്കാനുമുള്ള അവസരം നൽകി. 1968 ഡിസംബർ 28 ന് ഡൽഹിയിൽ നടന്ന വർഗ്ഗീയതയ്ക്കെതിരായുള്ള ദേശീയ കൺവെൻഷനിൽ അദ്ധ്യക്ഷപ്രസംഗം നടത്തി ജയപ്രകാശ് നാരായൺ ഇപ്രകാരം നിരീക്ഷിക്കുകയുണ്ടായി.

“ഇന്ത്യ അനേകം മതങ്ങളുടെ രാജ്യമാകയാൽ, ഏതാണ്ട് എല്ലാ മതസമുദായങ്ങൾക്കും അവരുടേതായ വർഗ്ഗീയ ബ്രാൻഡുണ്ട്. അവയെല്ലാം വിനാശകരമാണ്; എന്നാൽ ഹിന്ദു വർഗ്ഗീയത മറ്റെല്ലാതിനേക്കാൾ കൂടുതൽ വിനാശകാരിയാണ്. ഒരു കാരണം, ഹിന്ദുക്കൾ ഇന്ത്യൻ ജനസംഖ്യയിലെ ബഹുഭൂരിപക്ഷമാണ്. ഹിന്ദു വർഗ്ഗീയതയ്ക്ക് വളരെ എളുപ്പത്തിൽ ഇന്ത്യൻ നാഷണലിസമായി വേഷപ്പകർച്ച നടത്താനാവും. അതിനെ എതിർക്കുന്നവരെ രാജ്യദ്രോഹികളാക്കി നിന്ദിക്കാനും. ആർ.എസ്.എസ്സിനെ പോലുള്ള ചിലർ, ഇന്ത്യാരാജ്യത്തെ ഹിന്ദു രാഷ്ട്രമാക്കി മുഖമറയില്ലാതെ അടയാളപ്പെടുത്തും. മറ്റുള്ളവർ കുറേക്കൂടി നീഗൂഢമാക്കിയും.” (പുറം:173).

തുടർന്ന് ജെ.പി പറഞ്ഞു, “ഒരു രാഷ്ട്രീയ പാർട്ടിയെ നയിക്കുന്ന (manipulate) സംഘടനയായതിനാൽ ആർ.എസ്.എസ്സിനെ ഒരു സാംസ്കാരിക സംഘടനയായി കാണാനാവില്ല. ജനസംഘത്തിന്റെ മതേതര നാട്യം മുഖവിലയ്ക്കെടുക്കാനാവില്ല.”

അടിയന്തരാവസ്ഥ കാലത്ത് ഒരു റാലിയെ അഭിസംബോധന ചെയ്യുന്ന ജയപ്രകാശ് നാരായണൻ. കടപ്പാട്:Hindustan Times

എന്നാൽ, 1974 ബിഹാർ സമരമുഖത്ത് ജെ.പി ആർ.എസ്.എസ്സിന്റെ സഹായം സ്വീകരിച്ചു. 1976 ആഗസ്റ്റ് 28 ൽ ബിഹാർ ജനങ്ങൾക്കുള്ള തുറന്ന കത്തിൽ ജെ.പി ആർ.എസ്.എസ്സിനെ ‘ജ്ഞാനസ്നാനം’ ചെയ്തു. അദ്ദേഹം പറഞ്ഞു, “ഞാൻ ആർ.എസ്.എസ്സിന്റെ തീവ്ര വിമർശകനായിരുന്നു; എന്നാൽ ലോകത്ത് ഒന്നും നിശ്ചലമായതല്ല (static). എപ്പോഴും മാറിക്കൊണ്ടിരിക്കുന്നതാണ്. ഞാൻ വിചാരിക്കുന്നു, ആർ.എസ്.എസ്സും മാറിയിട്ടുണ്ട്.” (പുറം:174).

1975 മാർച്ച് 7 ന്റെ പ്രസംഗത്തിൽ, അദ്ദേഹം ഒരുപടി കൂടി കടന്നു. “ജനസംഘം ഫാസിസ്റ്റാണെങ്കിൽ, ജയപ്രകാശ് നാരായണനും ഒരു ഫാസിസ്റ്റാണ്.”

ജനസംഘവും ആർ.എസ്.എസ്സും സൂത്രക്കാരായിരുന്നു. ലാൽകൃഷ്ണ അഡ്വാനി ഈ കൗശലം തുറന്ന് സമ്മതിക്കുന്നുണ്ട്. “ഒരു ദിവസം അദ്ദേഹം (ജെ.പി.) അടൽജിയെയും എന്നെയും വിളിച്ചുപറഞ്ഞു, ‘എനിക്ക് നിങ്ങളുടെ സഹകരണം ആവശ്യമാണ്. നിങ്ങൾ എന്റെ പ്രസ്ഥാനത്തിൽ എന്നോടൊപ്പം ചേരണം’ ജയപ്രകാശ് ജിയുടെ നിർദ്ദേശം പരിഗണിക്കാൻ ഞാൻ ഹൈദബാദിൽ പാർട്ടിയിലെ മുതിർന്ന നേതാക്കന്മാരുടെ ഒരു പ്രത്യേകയോഗം വിളിച്ചുചേർത്തു. സത്യത്തിൽ, രാജ്യവ്യാപകമായി ജനസംഘത്തിന്റെ ജനസമ്മതിയും ജനപിന്തുണയും കാര്യമായി വിശാലമാക്കാനുള്ള ഒരവസരമായി ഞാനിതിനെ കണ്ടു.” (പുറം:175).

ലാൽകൃഷ്ണ അഡ്വാനി. കടപ്പാട്:timesofindia

1975 ജൂലായ് 4 ന് 1971 ലെ ഡിഫൻസ് ഓഫ് ഇന്ത്യ നിയമപ്രകാരം 20 സംഘടനകളെ ഇന്ദിരാഗാന്ധി നിരോധിച്ചു. അതിൽ ആർ.എസ്.എസ്സുമുണ്ടായിരുന്നു. അവരുടെ ചില നേതാക്കൾ ജയിലിലടയ്ക്കപ്പെട്ടു. ആർ.എസ്.എസ്സ് മുഖ്യൻ ബാലാസാഹേബ് ദിയോറസ്സ് 1975 ജൂൺ 30 ന് ജയിലിലായി. പ്രതിപക്ഷ നേതാക്കളുട അക്കാലത്തെ സമീപനങ്ങൾ സോഷ്യലിസ്റ്റ് നേതാവ് മധുലിമെ, Janata Party Experiment: An insiders Account of opposition politics-1975-77- Vol:I ൽ (1994) വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. 1976 മുതൽ ആർ.എസ്.എസ്സിന്റെ പങ്കും നിലപാടും ലിമെ ചർച്ച ചെയ്യുന്നുണ്ട്. (പുറം: 175) “ഇന്ദിരാഗാന്ധിയെ പ്രീണിപ്പിക്കാനുള്ള ആർ.എസ്.എസ്സിന്റെ (രണ്ടു വഞ്ചിയിൽ കാലിടുന്ന രീതി ലിമെ രേഖപ്പെടുത്തുന്നുണ്ട്. അതിന്റെ മുഴുവൻ എഴുത്തുകുത്തുകളും മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് അസംബ്ലിയിൽ 1977 ഒക്ടോബർ 18 ന് സ്റ്റേറ്റ് ആഭ്യന്തര മന്ത്രി ആർ.പി ദാൽവിയുടെ മേശപ്പുറത്ത് വെയ്ക്കപ്പെടുന്നുണ്ട്.” (പുറം: 175).

Janata Party Experiment, ബുക്ക് കവർ

“അക്കാലത്ത് ആർ.എസ്.എസ്സ് മുഖ്യൻ ദിയോറസ്സ് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയോടും, മഹാരാഷ്ട്ര മുഖ്യമന്ത്രി എസ്.ബി ചവാനോടും വിനോബ ബാവയോടും തന്നെ തടവറയിൽനിന്ന് മോചിപ്പിക്കാനും ആർ.എസ്.എസ്സിന്റെ നിരോധനം നീക്കാനും മുട്ടുകുത്തി യാചിക്കുകയായിരുന്നെന്ന് ജയപ്രകാശ് നാരായണന് ഒട്ടുമേ അറിവില്ലായിരുന്നു. ദിയോറസിന് മറ്റൊരു ഉൽക്കണ്ഠയുമില്ലായിരുന്നു. ജെ.പിയുടെ മോചനമോ മറ്റു തടവുകാരുടെ മോചനമോ; എന്തിനധികം അടിയന്തിരാവസ്ഥ പിൻവലിക്കുന്നതുപോലും അദ്ദേഹത്തിന് വിഷയമല്ലായിരുന്നു.” (പുറം: 174)

മഹാരാഷ്ട്ര ആഭ്യന്ത്രമന്ത്രിയുടെ മുമ്പാകെ സമർപ്പിച്ച ദിയോറസ്സിന്റെയും യർവാദ് സെൻട്രൽ ജയിലിൽ തടവിലാക്കപ്പെട്ട ആർ.എസ്.എസ്സുകാരനായ വക്കീൽ വി.എൻ ബിൻഡേയുടെയും പതിനൊന്ന് കത്തുകളിൽ അമിത ഭീതിയും നിരാശയും കാണാം.
1975 ആഗസ്റ്റ് 22 ന് ദിയോറസ്സ് പ്രധാനമന്ത്രിക്കെഴുതിയ കത്തിൽ ആഗസ്റ്റ് 15 ലെ അവരുടെ സ്വാതന്ത്യദിന പ്രസംഗമാണ് തന്നെ കത്തെഴുതാൻ പ്രേരിപ്പിക്കുന്നതെന്ന് അദ്ദേഹം പറയുന്നുണ്ട്. “രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയ്ക്കോ നിയമസംവിധാനത്തിനോ അപകടകരമായ യാതൊരു പ്രവൃത്തിയിലും സംഘ് ഒരിക്കലും ഇടപെട്ടിട്ടില്ല. ആർ.എസ്.എസ്സിന്റെ ലക്ഷ്യം ഹിന്ദു സമൂഹത്തെ ഒന്നിപ്പിക്കുകയും സംഘടിപ്പിക്കുകയുമാണ്. ആർ.എസ്.എസ്സിന്റെ മേലുള്ള നിരോധനം നീക്കണമെന്ന് ഞാൻ അപേക്ഷിക്കുന്നു. നിങ്ങൾ ആഗ്രഹിക്കുന്നപക്ഷം നിങ്ങളെ നേരിൽ വന്നു കാണുവാൻ എനിക്ക് സന്തോഷമേയുള്ളൂ.” (പുറം: 175, 176).

1976 ജൂലായ് 16 ന് ദിയോറസ്സ് വീണ്ടും ‘ബഹുമാനപ്പെട്ട’ മിസിസ്സ് ഇന്ദിരാഗാന്ധിക്കെഴുതി. വർഗ്ഗീയ ലഹളകളിലെ അക്രമത്തിൽ സംഘ് പങ്കെടുത്തതായി ഏതെങ്കിലും കോടതിവിധികളിലോ, സർക്കാർ നിയോഗിച്ച കമ്മീഷൻ റിപ്പോർട്ടുകളിലോ ഇല്ലെന്ന് ദിയോറസ്സ് കത്തിൽ അവകാശപ്പെട്ടു. നൂറാണി എഴുതുന്നു, “ഇത് അസത്യമാണ്. 1969 ലെ അഹമ്മദാബാദ് കലാപങ്ങൾ അന്വേഷിച്ച ജഗൻമോഹൻ റെഡ്ഡി കമ്മീഷനും 1970 ലെ ഭീവണ്ടി സംഘർഷങ്ങൾ അന്വേഷിച്ച മദൻ കമ്മീഷനും ആർ.എസ്.എസ്സിനെ സെൻസർ ചെയ്തിട്ടുണ്ട്. ആർ.എസ്.എസ്സ് ഒരു വർഗ്ഗീയ സംഘടനയാണെന്ന് ചിലർ പറയുന്നത് അടിസ്ഥാനരഹിതമാണ് ദിയോറസ്സ് എഴുതി, ആർ.എസ്.എസ്സ് നിരോധനം നീക്കണം. അദ്ദേഹം ഇന്ദിരയോട് അപേക്ഷിച്ചു. പ്രധാനമന്ത്രിയെ സന്തോഷിപ്പിക്കാൻ അദ്ദേഹം അവരുടെ വിദേശനയത്തെ പുകഴ്ത്തി.” (പുറം: 176).

1975 നവംബർ 10 ന് വീണ്ടും ദിയോറസ്സ് പ്രധാനമന്ത്രിക്കെഴുതി. 1976 ജൂൺ 16 ന് മുഖ്യമന്ത്രി ചവാനോട് ‘ചില കാര്യങ്ങൾ വിശദീകരിക്കാനായി തന്നെ പരോളിൽ വിടാൻ’ അപേക്ഷിക്കുന്നുണ്ട്.

ദിയോറസ്സ്. കടപ്പാട്:timesofindia

1975 ജൂലായ് 15 മുതൽ അഡ്വക്കേറ്റ് വി.എൻ ബിഡെയും ദിയോറസ്സും സംഘ് ഭാരവാഹികളും മഹാരാഷ്ട്ര മുഖ്യമന്ത്രി ചവാനും ഇന്ദിരാഗാന്ധിക്കും വിനോബയ്ക്കും എഴുതിയ പതിനൊന്ന് കത്തുകൾ നൂറാണിയുടെ പുസ്തകത്തിൽ അനുബന്ധരേഖകളായി പേജ് 488 മുതൽ ചേർത്തിട്ടുണ്ട്.

അവ താഴെ ചേർക്കുന്നു.

1) 15 ജൂലായ് 1975: അഡ്വ.വി.എൻ. ബിഡെ മുഖ്യമന്ത്രി എസ്.ബി ചവാന് യെർവാദ ജയിലിൽനിന്ന്.
2) 22 ആഗസ്റ്റ് 1975: ഇന്ദിരാഗാന്ധിക്ക് ദിയോറസ്സ് യെർവാദയിൽ നിന്ന്
3) 10 നവംബർ 1975: ഇന്ദിരാഗാന്ധിക്ക് ദിയോറസ്സിന്റെ രണ്ടാമത്തെ കത്ത്
4) 24 നവംബർ 1975: ചവാന് ആർ.എസ്.എസ്സ് മുഖ്യസംഘാടകന്റെ കത്ത്
5) 22 ഡിസംബർ 1975: ചവാന് ദിയോറസ്സ്
6) 24 ജനുവരി 1976: ബിഡെ ചവാന്
7) 12 ജൂലായ് 1976: ബിഡെ ചവാന്
8) 16 ജൂലായ് 1976: ദിയോറസ്സ് ഇന്ദിരാഗാന്ധിക്ക്
9) ദിയോറസ്സിന്റെ രണ്ട് കത്തുകൾ: വിനോബയ്ക്ക്
(എ) 12 ജനുവരി 1976
(ബി) രണ്ടാമത്തെ കത്തിന് തിയ്യതിയില്ല.

യെർവാദ ജയിലിൽ ദിയോറസ്സിനൊപ്പമുണ്ടായിരുന്ന സോഷ്യലിസ്റ്റ് നേതാക്കൾ ഡോ.എച്ച്.കെ പരീഖും ബാബ അഥവയും ആർ.എസ്.എസ്സിന്റെ യഥാർത്ഥ മുഖം വരച്ചുകാട്ടുന്നുണ്ട്. ദിയോറസ്സിന്റെ സ്വയം മഹത്വവൽക്കരണ കാമ്പയിൻ അഥവിനെ നിരാശപ്പെടുത്തി. അദ്ദേഹം പറയുന്നു. “എവിടെയും സ്വയം പുകഴ്ത്തൽ അരങ്ങേറുന്നു. എന്നാൽ ആർ.എസ്.എസ്സിന്റെ അവകാശവാദങ്ങൾ സത്യമാണോ? ‘മിസ’ (MISA)യിൽ തടവിലാക്കപ്പെട്ട ആർ.എസ്.എസ്സുകാരുടെ എണ്ണം കൂടുതലാണ് എന്നത് ശരിയാണ്. എന്നാൽ അനേകം സംഘികൾ അടിയന്തിരാവസ്ഥ വിരുദ്ധ ജെ.പി സമരവുമായി യാതൊരു ബന്ധവുമില്ലാതെയാണ് തങ്ങളെ തടവിലാക്കിയിരിക്കുന്നതെന്ന് അവകാശപ്പെടുന്നു. വാസ്തവത്തിൽ, അവരിൽ നിരവധി പേർ എമർജൻസിയെ ഉയർത്തിപ്പിടിക്കുന്നുണ്ട്. ജയിലിലെ അവരുടെ ‘ബൗദ്ധികി’നോട് (ആർ.എസ്.എസ്സ്) അവർ പറയാറുണ്ട്, ‘ജെ.പി. സായുധസേനകളെ പ്രേരിപ്പിച്ചു.’ അവരുടെ ഭാഗത്ത് നിന്ന് ഇന്ദിരാ-സഞ്ജയ് രാഷ്ട്രീയത്തോട് യാതൊരു എതിർപ്പുമില്ല. വാസ്തവത്തിൽ സഞ്ജയ് ഗാന്ധിയുടെ ആന്റി കമ്മ്യൂണിസ്റ്റ്, ലെയ്സി-ഫെയർ (Laissey-Faire) സമഗ്രാധിപത്യ കാഴ്ച്ചപ്പാടുകളെ അവർ അപ്പാടെ വരവേൽക്കുകയാണ്.” (പുറം:178-79)

1979 ൽ ആർ.എസ്.എസ്സിനാൽ വഞ്ചിക്കപ്പെട്ട ജയപ്രകാശ് നാരായണൻ വളരെ ഖിന്നനായിരുന്നു. അദ്ദേഹത്തിൽ നിന്ന് ശക്തി സംഭരിച്ച ആർ.എസ്.എസ്സ് അദ്ദേഹം പറയുന്നത് ശ്രദ്ധിക്കാനോ പ്രവർത്തിക്കാനോ തയ്യാറായില്ല. ആർ.എസ്.എസ്സിന് ജനസംഘവുമായുള്ള ബന്ധം വിഛേദിക്കാൻ അവർ താൽപ്പര്യപ്പെട്ടില്ല.

തന്റെ സ്വപ്നങ്ങൾ പാടെ തകർന്നതായി ധാർമ്മികതയുടെ ഗാന്ധിയൻ ജൈവരൂപമായ ജെ.പി മനസ്സിലാക്കി. തന്റെ പ്രതീക്ഷകൾ വഞ്ചിക്കപ്പെട്ടു. 1979 മാർച്ച് 18 ന് ജാസ്ലോക് ആശുപത്രിയിലേക്ക് മാറ്റപ്പെടുന്നതിന് മുമ്പായി മൊറാർജി ദേശായിക്ക് ജെ.പി തന്റെ ആശയങ്ങൾ ഉൾക്കൊള്ളിച്ച് എഴുതിയ ഡ്രാഫ്റ്റ്, 1979 ഏപ്രിൽ 8-14 ലക്കത്തിൽ ഹിന്ദി വാരിക ‘ദിൻമാൻ’ (DINMAN) പ്രസിദ്ധീകരിക്കുകയുണ്ടായി. വാരികയുടെ പ്രത്യേക പ്രതിനിധി ആനന്ദ്കുമാർ പാറ്റ്നയിലെ കാദാംകൗൻ (KADAMKAUN ആശ്രമത്തിൽ വെച്ച് ജെ.പിയെ ഇന്റർവ്യൂ ചെയ്തു. ജെ.പിയുടെ പ്രധാന സഹപ്രവർത്തകർ ഒപ്പമുണ്ടായിരുന്നു.

കത്തിന്റെ ടെക്സ്:

“ഗവൺമെന്റിന്റെ നേതൃത്വം രാഷ്ട്രീയ സ്വയംസേവക് സംഘ് ഏറ്റെടുക്കാൻ ശ്രമിക്കുന്നതായി ചില സുഹൃത്തുക്കൾ എന്നോട് ആവർത്തിക്കുകയുണ്ടായി. മറ്റേത് രാഷ്ട്രീയ പാർട്ടിയെയും പോലെ രാഷ്ട്രീയത്തെ സ്വാധീനിക്കാം. അവർ അപ്രകാരം ചെയ്യുന്നു. എന്നാൽ എന്റെ ഒരേ ഒരു എതിർപ്പ് ആർ.എസ്.എസ്സുകാർ സാംസ്കാരിക സംഘടനയുടെ ലേബലിലാണ് രാഷ്ട്രീയത്തെ സ്വാധീനിക്കുവാൻ ശ്രമിക്കുന്നത് എന്ന് മാത്രമാണ്. ഞാൻ ആർ.എസ്.എസ്സ് നേതാക്കളോട് പറയുകയുണ്ടായി. നിങ്ങൾക്ക് താൽപ്പര്യ മുള്ള സംഘടനകളുമായി ലയിക്കുക. അല്ലെങ്കിൽ ജനതാപാർട്ടിയുമായി അഫിലിയേറ്റ് ചെയ്യുക. പക്ഷേ, അവരെന്റെ ഉപദേശം നിരാകരിച്ചു. അവർ പറയുന്ന കാരണം, ഞങ്ങൾക്ക് ഞങ്ങളുടേതായ സാംസ്കാരികമായ സ്വത്വമുണ്ട്. അതിന് രാഷ്ട്രീയവുമായി ഒരു ബന്ധവുമില്ല. ആർ.എസ്.എസ്സിന്റെ ഈ ലോജിക്കുമായി എനിക്ക് ഒരു തരത്തിലും യോജിക്കാനാവില്ല. എനിക്കിപ്പോഴും തോന്നുന്നത് ആർ.എസ്.എസ്സ് പ്രോ-ജനതാ സംഘടനകളുമായി ലയിക്കണം എന്നാണ്. എന്നാൽ അത് അതിന്റെ സ്വന്തം സ്വത്വം നിലനിർത്തണമെന്ന് ആവർത്തിക്കുകയാണെങ്കിൽ, അത് അതിൽ അഹിന്ദുക്കളെയും (മുസ്ലീങ്ങളെയും, ക്രിസ്ത്യാനികളെയും എല്ലാം) ഉൾപ്പെടുത്തണം. ആർ.എസ്.എസ്സിന്റെ ഹിന്ദു ദേശീയതയെ ഞാനെന്നും എതിർത്തിട്ടെയുള്ളൂ. അതൊരു അപകടകരമായ സിദ്ധാന്തമാണ്. ഇന്ത്യൻ ദേശീയതയുടെ വൈവിധ്യത്തിന് എതിരാണ്. ജനാധിപത്യത്തിൽ ഏത് സംഘടനയ്ക്കും അതിന്റെ ദർശനം പ്രചരിപ്പിക്കാൻ അവകാശമുണ്ട്. ജനാധിപത്യത്തിന്റെ അന്തഃസത്തയാണത്. എന്നാൽ, അത് രാഷ്ട്രീയത്തിൽ മുൻകൈ നേടാൻ ശ്രമിക്കുമ്പോൾ, ഇന്ത്യൻ ദേശീയതയുടെ അടിസ്ഥാന ദർശനത്തിന് ആ ഐഡിയോളജി ഭീഷണിയാകുമോയെന്ന് ശ്രദ്ധിക്കണം. ആർ.എസ്.എസ്സിന് ജനതാപാർട്ടിയുമായുള്ള ചാർച്ചയ്ക്ക് എനിക്ക് യാതൊരു വിരോധവുമില്ല. എന്നാൽ, അത് അതിന്റെ ഹിന്ദു ഇമേജ് ഉപേക്ഷിക്കണം; പൂർണ്ണമായും സെക്കുലർ ആകണം. അത് അങ്ങനെ ചെയ്യുന്നില്ലെങ്കിൽ രാഷ്ട്രീയത്തിൽനിന്ന് അതിന്റെ കൈകൾ പിൻവലിക്കണം; ജനതാപാർട്ടിയുമായുള്ള അതിന്റെ എല്ലാ ബന്ധങ്ങളും അറുത്തുമാറ്റണം. ഇന്ത്യൻ ദേശീയതയുടെയും സർക്കാരിന്റെയും (മൊറാർജി സർക്കാർ) സെക്കുലർ അടിത്തറ തകർക്കാനുള്ള അതിന്റെ (ആർ.എസ്.എസ്സ്) ശ്രമങ്ങൾ ചിന്തിക്കുന്ന മനുഷ്യരെല്ലാം ഒന്നുചേർന്ന് എതിർക്കണം.” (പുറം: 202, 203).

ഒരു പഴയകാല ആർ.എസ്.എസ് യോഗത്തിൽ നിന്നും. കടപ്പാട്:timesofindia

ദിൻമൻ പ്രതിനിധി ജെ.പി. പറഞ്ഞതായി ഉദ്ധരിക്കുന്നു: “ഓരോ തവണയും ആർ.എസ്.എസ്സുകാർ എനിക്കുറപ്പുതന്നു, അവർ ആന്തരികമായി മാറുമെന്ന്. പക്ഷേ, അവർ ഇവിടെ നിന്ന് പോകുന്നതോടെ എന്താണ് ചെയ്യുന്നതെന്ന് എനിക്കറിയില്ല. കഴിഞ്ഞ നാല് വർഷങ്ങളായി ഇത് തുടരുന്നു. എല്ലാറ്റിനും ഒരു പരിധിയുണ്ട്.” (പുറം: 202)

1979 ഒക്ടോബറിൽ ജെ.പി അന്തരിച്ചു; നാന ദേശ്മുഖ്, ദിയോറസ്സ് മുതലായ ആർ.എസ്.എസ്സ് നേതാക്കളാൽ വഞ്ചിതനായി. അദ്ദേഹം വിശ്വസിച്ചു, ആർ.എസ്.എസ്സിന് പരിഷ്ക്കരിക്കാനാവും. എന്നാൽ ആർ.എസ്.എസ്സ് സ്വയം തെളിയിച്ചു, അതിന് ഒരു സെക്കുലർ യാഥാസ്ഥിതിക പാർട്ടിയാവാൻ ഒരിക്കലും കഴിയില്ലെന്ന്. എന്തുവന്നാലും, ഇന്ത്യ നശിച്ചാലും അത് ഹിന്ദുത്വയുമായി മുന്നോട്ടുപോകുകയാണ്. ഇത് നേടാൻ, അവർ എത്ര നുണ പറയാനും, ആരെ ചതിക്കാനും, വഞ്ചിക്കാനും തയ്യാറാണ്. ജെ.പി എന്ന രാഷ്ട്രീയ പിതാമഹന്റെ ധാർമ്മികത ആർ.എസ്.എസ്സിനാൽ വഞ്ചിതമായി. അതാണ് അടിയന്തിരാവസ്ഥയുടെ ഒരു ലളിത പാഠം.

Also Read

7 minutes read August 25, 2025 8:00 am