കർണ്ണാടകയിലെ വിവിധ സിവിൽ സൊസൈറ്റി സംഘടനകളുമായി സഹകരിച്ച് എദ്ദേളു കർണ്ണാടക മൂവ്മെന്റ് പ്രസിദ്ധീകരിച്ച ലഘുലേഖയിൽ നിന്നും. പരിഭാഷ: സിസിലി
വാഗ്ദാനം ചെയ്തത്
തൊഴിലാളികളുടെ ക്ഷേമവും തൊഴിലിനോടുള്ള ബഹുമാനവും
മുനിസിപ്പൽ തൊഴിലാളികളെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുക
യഥാർത്ഥത്തിൽ സംഭവിച്ചത്
തൊഴിലാളികളുടെ അവകാശങ്ങളും പ്രത്യേകാനുകൂല്യങ്ങളും അസാധുവാക്കി.
അസംഘടിത/ ദിവസക്കൂലി/കരാർ ജോലിക്കാരുടെ എല്ലാ അവകാശങ്ങളും എടുത്തുകളഞ്ഞു. തൊഴിൽ സുരക്ഷയില്ലാതെ തൊഴിലാളികൾ തികഞ്ഞ അരക്ഷിതാവസ്ഥയിലാണ്. കരാർ തൊഴിൽ ആധുനിക രീതിയിലുള്ള ഒരു അടിമത്തത്തൊഴിലാണ്. ഈ തൊഴിലാളികൾക്ക് യാതൊരുവിധ ആനുകൂല്യങ്ങളും ലഭിക്കുന്നില്ല എന്ന് മാത്രമല്ല തൊഴിലുടമയുടെ ഇഷ്ടാനുസരണം എപ്പോൾ വേണമെങ്കിലും പിരിച്ചുവിടാവുന്നതുമാണ്.
തൊഴിൽ സുരക്ഷയില്ല, പ്രൊവിഡന്റ് ഫണ്ടില്ല, ഇ.എസ്.ഐ ഇല്ല, പെൻഷൻ ഇല്ല, ബോണസ് ഇല്ല.
കരാർ തൊഴിലാളികളുടെ ശമ്പളം പരിതാപകരമാണ്. ഇരട്ട ബിരുദമുള്ള കരാർ അധ്യാപകരുടെ ശരാശരി പ്രതിമാസ ശമ്പളം ഏകദേശം 8,000 രൂപയാണ്.
നമ്മുടെ നഗരങ്ങൾ വൃത്തിയാക്കാനായി ഹീനവും കഠിനവുമായ തൊഴിൽ സാഹചര്യങ്ങളിൽ ഗട്ടറുകളിൽ ഇറങ്ങി പണിയെടുക്കുന്ന മുനിസിപ്പൽ തൊഴിലാളികൾക്ക് കിട്ടുന്നത് തുച്ഛമായ വരുമാനമാണ്. അവരുടെ കാലുകളിൽ നമസ്കരിക്കുക എന്ന മോദിയുടെ വിലകുറഞ്ഞ നാടകം അവരുടെ ജീവിതം ഉയർത്തിയില്ല. തെരുവുകളും ഓവുചാലുകളും ശുചീകരിക്കുന്ന മുനിസിപ്പൽ തൊഴിലാളികൾക്ക് കിട്ടുന്നത് തുച്ഛപ്രതിഫലം – മാസത്തിൽ 5000 രൂപ.
ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും സ്ത്രീകൾക്കായുള്ള പദ്ധതികളിൽ ആശാവർക്കർമാർ, അംഗനവാടി വർക്കർമാർ, ഉച്ചഭക്ഷണം തയ്യാറാക്കുന്നവർ – തൊഴിലെടുക്കുന്നവർക്കും ശരാശരി 5000 രൂപയാണ് ഒരു മാസത്തിൽ കിട്ടുന്നത്.
ഓല, യൂബർ, സ്വഗി, സൊമാറ്റോ എന്നിവയിലെ തൊഴിലാളികൾ, അവരുടെ വീടുകളെയും പ്രതീക്ഷകളെയും ഉപേക്ഷിച്ചുകൊണ്ട് ദിവസം മുഴുവൻ തെരുവുകളിൽ പണിയെടുക്കുന്നവർ – അവർക്ക് കിട്ടുന്നത് മാസത്തിൽ 10,000 രൂപയാണ്.
ഓട്ടോ/ടാക്സി ഡ്രൈവർമാരുടെ ഉപജീവനം അനിശ്ചിതത്വത്തിലാണ്. കൂടാതെ ഇപ്പോൾ ആപ്പ് അടിസ്ഥാനമാക്കിയ ഓല, യൂബർ കമ്പനികളെ ആശ്രയിക്കേണ്ടി വരുന്നതിനാൽ ലോട്ടറി അടിക്കുന്നതുപോലെ അനിശ്ചിതത്വത്തിലാണ് അവരുടെ വരുമാനവും.
ഇത്തരത്തിൽ അന്തസ്സ് കെടുത്തുന്ന തരത്തിലുള്ള തുച്ഛമായ വരുമാനം കൊണ്ട് തൊഴിലാളികൾക്ക് എങ്ങനെ അതിജീവിക്കാൻ കഴിയും? വിലക്കയറ്റത്തിന്റെ ഭാരം താങ്ങിക്കൊണ്ട് കുടുംബങ്ങളുടെ ഉപജീവനം എങ്ങനെ കൈകാര്യം ചെയ്യാനാവും? കുട്ടികളുടെ സ്കൂൾ ഫീസ് എങ്ങനെ അടയ്ക്കാനാകും? അസുഖം ബാധിക്കുമ്പോൾ അവർക്ക് വായ്പ എടുക്കേണ്ടിവരുന്നു. ഇതിനെല്ലാം പുറമേ ഗ്രാമങ്ങളിൽ ജീവിക്കുന്ന പ്രായം ചെന്ന മാതാപിതാക്കൾക്ക് പണം അയച്ചുകൊടുക്കുകയും വേണം. സ്വന്തമായി ഒരു വീട് -അതിനെക്കുറിച്ച് സ്വപ്നം കാണാൻ പോലും സാധിക്കുമോ?
ഇതൊന്നും പോരാതെ, സത്യസന്ധത ഒട്ടുമില്ലാത്ത ഈ സർക്കാർ ദിവസത്തെ ജോലിസമയം എട്ട് മണിക്കൂറിൽ നിന്നും 12 മണിക്കൂർ ആയി നീട്ടുകയും ചെയ്തിട്ടുണ്ട്. ഇതുവരെ ഒരു ദിവസം എട്ട് മണിക്കൂർ തൊഴിൽസമയം എന്നത് 100 വർഷങ്ങൾക്കു മുമ്പ് നടന്ന നീണ്ട, കഠിനമായ തൊഴിൽ പോരാട്ടങ്ങളുടെ ഫലമായി അംഗീകരിക്കപ്പെട്ട അന്താരാഷ്ട്ര തൊഴിൽ മാനദണ്ഡമാണ്. അന്താരാഷ്ട്ര തൊഴിൽ നിയമങ്ങളെ അവഗണിച്ച് തൊഴിൽസമയം നാല് മണിക്കൂർ വർധിപ്പിച്ചുകൊണ്ട് തൊഴിലാളികളെ കൂടുതൽ ചൂഷണം ചെയ്യാൻ സർക്കാർ വഴിയൊരുക്കി.
ഇതിന്റെ കാരണങ്ങൾ
കോർപ്പറേറ്റ് കമ്പനികളുടെ ലാഭം വർദ്ധിപ്പിക്കുക, സർക്കാരിന്റെ ചെലവ് കുറയ്ക്കുക.
തൊഴിലാളികളുടെ അടിസ്ഥാന അവകാശങ്ങൾ എടുത്തുമാറ്റിക്കൊണ്ടും തൊഴിലവസരങ്ങൾ കുറച്ചും, തൊഴിലില്ലാത്ത ഗതികെട്ട വിദ്യാസമ്പന്നരായ വിദഗ്ധ തൊഴിലാളികളുടെ എണ്ണം വർദ്ധിപ്പിച്ചും ഇവരെ കുറഞ്ഞ ശമ്പളത്തിൽ 12 മണിക്കൂർ അടിമ ജോലിക്കാരാക്കി മാറ്റാൻ സാധിക്കും. ഇതോടൊപ്പം സ്കിൽ ഇന്ത്യ പോലുള്ള ഉപയോഗശൂന്യമായ പദ്ധതിയിലൂടെ ഏതാനും പേർക്ക് പരിശീലനം നൽകി, കോർപ്പറേറ്റുകളുടെ ലാഭത്തിനായി വിദഗ്ധരായ അടിമകളെ സൃഷ്ടിക്കുകയും ചെയ്യാം.
തുച്ഛവേതനത്തിൽ, അനുഭവജ്ഞാനവും പരിശീലനവും ലഭിച്ച തൊഴിലാളികളുടെ ലഭ്യത വിദേശ നിക്ഷേപകരെ ആകർഷിക്കും. കുറഞ്ഞ കൂലി നൽകി നേടുന്ന ലാഭത്തിന്റെ ഒരു പങ്ക് അഴിമതിക്കാരായ സർക്കാരിന് നൽകുകയും ചെയ്യുന്നു.
ലളിതമായി പറഞ്ഞാൽ മോദി സർക്കാരിന്റെ നയത്തെ ഇപ്രകാരം സംഗ്രഹിക്കാം – “തൊഴിലാളികളെ അടിച്ചമർത്തുക, കോർപ്പറേറ്റുകളെ ശാക്തീകരിക്കുക.”