

Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


“കുടുംബം ആയി ജീവിക്കാൻ അറിയാവുന്ന ഒരേ ഒരു നടി, അവതാരിക, എനിക്ക് ഒത്തിരി ഇഷ്ടം ആണ് ഈ ചേച്ചിയേ…”
“PEARLY നല്ലൊരു 1) അമ്മയാണ് 2) ഭാര്യയാണ്❤ 3) മകളാണ് ❤ 4) നല്ലൊരു കൂട്ടുകാരിയാണ് ❤ 5) കുടുംബിനി ആണ് ❤ 6) നല്ലൊരു മരുമകൾ ആണ് ❤ 7) വളരെയധികം സന്തോഷവതി ആണ് ❤“
“പേർളി രണ്ട് കുടുംബത്തെയും ഒരു പോലെ ചേർത്ത് പിടിക്കുന്നത് കാണുമ്പോൾ സന്തോഷം തോന്നുന്നു. ഈ വീഡിയോ കണ്ട് കരയാത്തവർ ആരും തന്നെ ഉണ്ടെന്നു തോന്നുന്നില്ല. കാരണം അത്രമാത്രം ഈ വീഡിയോ ഹൃദയത്തിലേക്ക് കയറി. എല്ലാ സുഖസൗകര്യങ്ങളുമുള്ള ഒരു വീട്ടിൽ വളർന്ന പെൺകുട്ടി. എന്നാ തനി നാട്ടിൻപുറത്തുകാരനായി സാധാരണ കുടുംബത്തിൽ ജനിച്ചു വളർന്ന ഒരാളെ വിവാഹം കഴിച്ചു. എല്ലാ ചുറ്റുപാടുകളോടും ഇണങ്ങി ജീവിക്കുന്ന പേർളിയ്ക്ക് ഒരു ബിഗ് സല്യൂട്ട് ❤. ഇങ്ങനെ ഒരു മകൾക്ക് ജന്മം കൊടുത്ത മാതാപിതാക്കൾ പുണ്യം ചെയ്തവരാണ്… പെർളിയെ സ്വന്തം മകളെ പോലെ ചേർത്ത് നിർത്തുന്ന ശ്രീനിഷിന്റെ കുടുംബത്തിനും ബിഗ് സല്യൂട്ട് ❤❤.. ദൈവം ഇനിയും ആയുസും ആരോഗ്യവും നൽകി ഇവരെ അനുഗ്രഹിക്കട്ടെ…”
നടിയും അവതാരകയും ഏകദേശം നാല് മില്യണിനോട് അടുത്ത് സബ്സ്ക്രൈബേഴ്സുള്ള കേരളത്തിലെ സെലിബ്രിറ്റി യൂട്യൂബറിന്റെ കുടുംബവുമായി ബന്ധപ്പെട്ട വീഡിയോകളിലെ കമന്റുകളാണ് ഇവ. സ്വന്തമായി പ്രൊഡക്ഷൻ യൂണിറ്റ് വരെയുള്ള ഈ സെലിബ്രിറ്റി ആകട്ടെ അത്തരം പ്രൊഡ്ക്ഷൻ കണ്ടന്റുകൾക്കൊപ്പം തന്റെ വ്യക്തി ജീവിതത്തിലെ വിവാഹം, ഗർഭധാരണം, കുട്ടികൾ, കുടുംബം എന്നിവയുമായി ബന്ധപ്പെട്ടുള്ള കണ്ടന്റുകൾ വീഡിയോയും റീൽസുകളുമായി സമൂഹ മാധ്യമങ്ങളിലൂടെ പബ്ലിഷ് ചെയ്യാറുണ്ട്. അവയ്ക്കെല്ലാം നിമിഷങ്ങൾക്കകം വളരെ വലിയ പിന്തുണ ലഭിക്കുകയും മില്യൺ കണക്കിന് കാഴ്ചക്കാർ ഉണ്ടാകാറുമുണ്ട്.
“Kalyani is an outstanding mom, wife and a daughter in law. Kuttikalde anavashyam aya vaashik kottunikathe neeraya reethik valarthun und. Nale appu nalla oru kutti aayi valarumbo you will be so proud as a mom kalyani…”
“നല്ലൊരു മകൾ, നല്ലൊരു ഭാര്യ, നല്ലൊരു അമ്മ അതാണ് കല്യാണി…. ഇതുകൊണ്ടാണ് കല്യാണി എന്റെ favourite vlogger… ആയത്… ഞാൻ കല്യാണിയുടെ വലിയ ഫാൻ ആണ്… എന്നെങ്കിലും നേരിൽ കാണണമെന്നുണ്ട്… അങ്ങനെ അപ്രതീക്ഷിതമായി കണ്ടാൽ ‘ഹലോ കുട്ടികളെ’ എന്നെനിക് പറയണം…”
മറ്റൊരു യൂട്യൂബറുടെ കണ്ടന്റിന് വന്ന കമന്റുകളാണിവ. രാവിലെ വളരെ നേരത്തെ അടുക്കളയിൽ കയറി ജോലിക്ക് പോകുന്ന ഭർത്താവിനും സ്കൂളിൽ പോകുന്ന മകനും വേണ്ടി ഇഷ്ടമുള്ളതൊക്കെ വെച്ചുണ്ടാക്കുക, ഒന്നും രണ്ടുമല്ല നാലും അഞ്ചും കറികളും പ്രഭാത ഭക്ഷണവുമൊക്കെ ഉണ്ടാക്കി അതൊക്കെ അവർക്ക് വിളമ്പി അതിൽ സന്തോഷം കണ്ടെത്തുന്ന 1.1 മില്യൺ സബ്സക്രൈബേഴ്സുള്ള കേരളത്തിലെ മറ്റൊരു യൂട്യൂബറാണ് ഈ കല്യാണി. തിങ്കൾ മുതൽ ശനി വരെ രാവിലെ ഒരു അഞ്ചരയാകുമ്പോൾ തന്നെ വീട്ടിലെ പണികളെല്ലാം തീർന്നിട്ടുണ്ടാകും എന്നാണ് അവർ തന്റെ റീലിൽ തന്നെ പറയുന്നത്. ഇന്റർവ്യൂവിലും കണ്ടന്റിലും ചെറുപ്പം മുതൽ തന്നെ തനിക്ക് കല്യാണം കഴിച്ച് വീട്ടമ്മയായി ഇരിക്കാനായിരുന്നു ഇഷ്ടം, ജോലിക്കാൻ പോകാൻ ഇഷ്ടമില്ലായിരുന്നുവെന്നും പറയുന്നുണ്ട്. എന്നാൽ കുലസ്ത്രീയെന്ന വിളികളെ നിഷേധിക്കുന്ന, വിമർശിക്കുന്നവരോട് തന്റെ പാഷനാണിതെന്നും തനിക്ക് വരുമാനം ലഭിക്കുന്നുണ്ടെന്നും അവർ അവകാശപ്പെടുന്നുണ്ട്. പത്രം വായിക്കാറില്ലെന്നും വോട്ട് ചെയ്യാനൊന്നും പോയിട്ട് പോലുമില്ലെന്നും, ഈ ലോകത്ത് നടക്കുന്നത് എന്താണെന്ന് പോലുമറിയത്തില്ലെന്നും വളരെ നിഷ്കളങ്കമായി അവർ പറയുന്നുണ്ട്.


ഈ രണ്ട് പേരും വീട്ടിലിരുന്ന് തങ്ങളുടെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കണ്ടന്റാക്കി അതുവഴി വരുമാനം കണ്ടെത്തുകയും, എല്ലാത്തരം സൗകര്യങ്ങളോടും കൂടി ജീവിക്കുകയും ചെയ്യുന്ന വളരെ പ്രിവിലേജ്ഡായ രണ്ട് സ്ത്രീകളാണ്. ആഗോളതലത്തിൽ സമൂഹ മാധ്യമങ്ങലളിൽ ട്രെൻഡായി നിൽക്കുന്ന ട്രാഡ് വൈഫ് കൾച്ചറിന്റെയും, മം ഇൻഫ്ലൂവൻസേഴ്സിന്റെയും ഷേയ്ഡുകളുള്ള രണ്ട് യൂട്യൂബ് സെലിബ്രിറ്റികളാണ് ഇരുവരും. ഇവർ ചെയ്യുന്ന വീഡിയോകൾ വഴി ലക്ഷങ്ങളാണ് ഇവർക്ക് വരുമാനമായി ലഭിക്കുന്നത്. എന്നാൽ ഉത്തമയായ അമ്മ, ഭാര്യ, മരുമകൾ പദവി ഇവർക്ക് നൽകി ഇങ്ങനെ വേണം പെണ്ണുങ്ങളെല്ലാം എന്ന് കമന്റിടുന്നവർ കേരള സമൂഹത്തിൽ മലയാളി സ്ത്രീ നേരിടുന്ന ഗാർഹിക പീഡനങ്ങളെ അങ്ങനെ മറന്നുകളയരുത്. മാസങ്ങൾക്ക് മുൻപ് ഭർതൃഗൃഹത്തിലെ പീഡനം മൂലം അഭ്യസ്തവിദ്യരായ രണ്ട് സ്ത്രീകളാണ് തങ്ങളുടെ മക്കളെയും കൂട്ടി ആത്മഹത്യ ചെയ്തത്. ഗാർഹിക പീഡനങ്ങളും സ്ത്രീധന പീഡന മരണങ്ങളും അനുദിനം വർധിക്കുന്ന, വിദ്യാഭ്യാസമുള്ള സ്ത്രീകൾക്ക് കുടുംബഭാരം കാരണം ജോലി ഉപേക്ഷിക്കേണ്ടി വരുന്ന കേരളത്തിലിരുന്നുകൊണ്ടാണ് പ്രിവിലേജ്ഡായ സ്ത്രീകൾ തങ്ങളുടെ വരുമാനത്തിനായി വളരെ ആലോചിച്ച് തയ്യാറെടുത്ത്, ക്യാമറക്ക് മുന്നിൽ ജൻഡർ റോളുകളെ ആദർശവത്കരിക്കുന്ന ഇത്തരം കണ്ടന്റുകൾ അവതരിപ്പിക്കുന്നത്. സമൂഹ മാധ്യമങ്ങളിലേക്ക് കണ്ണോടിച്ചാൽ വളരെ പിന്തിരിപ്പനും, സ്ത്രീ വിരുദ്ധവുമായ ഇത്തരം കണ്ടന്റുകളുടെ ഒരു കുത്തൊഴുക്ക് നമുക്ക് കാണാൻ സാധിക്കും. ഇൻഫ്ലുവൻസർ കണ്ടന്റുകളിലൂടെ(influencer-generated content)യും അതിലെ കമന്റുകളിലൂടെയും സമൂഹ മാധ്യമങ്ങളിൽ അവതരിപ്പിക്കപ്പെടുന്ന സ്ത്രീ വരുദ്ധതയുടെയും സവർണതയുടേയും പല മാനങ്ങൾ വിമർശനാത്മകമായി വിലയിരുത്തുകയാണ് ഈ ലേഖനം.
കണ്ടന്റ് ക്രിയേറ്റേഴ്സ്
സമൂഹ മാധ്യമങ്ങളിലൂടെ ദൃശ്യ-ശ്രവ്യ രൂപത്തിൽ കണ്ടന്റുകൾ നിർമ്മിക്കുന്നവരെയാണ് കണ്ടന്റ് ക്രിയേറ്റേഴ്സ് എന്ന് പറയുന്നത്. 2000ത്തിന് ശേഷമെത്തിയ ഫേസ്ബുക്കും യൂട്യൂബും ഇൻസ്റ്റാഗ്രാമും, ടിക്ടോക്കുമൊക്കെ കണ്ടന്റ് ക്രിയേറ്റേഴ്സിനെ സംബന്ധിച്ച് വലിയൊരു വിപ്ലവകരമായ മാറ്റമാണുണ്ടാക്കിയത്. സ്മാർട്ട് ഫോണുകളുടെ വരവും ഇന്റർനെറ്റ് ഡാറ്റാ ലഭ്യതയും കണ്ടന്റ് ക്രിയേഷൻ ജനാധിപത്യവത്കരിക്കുന്നതിനായി കാരണമായി. നിങ്ങളുടെ ക്രിയാത്മകതയെ, കഴിവുകളെ വീഡിയോകളായി അപ്‌ലോഡ് ചെയ്യാനും ആഗോള പ്രേക്ഷകരിലേക്ക് എത്തിക്കാനുമുള്ള ഒരു വേദി ഇത് തുറന്നു. പരമ്പരാഗത മാധ്യമങ്ങൾ, ചെലവേറിയ പ്രൊഡക്ഷൻ സ്റ്റുഡിയോകൾ എന്നിങ്ങനെയുള്ള തടസ്സങ്ങളില്ലാതെ ജീവിതത്തിന്റെ എല്ലാ തുറകളിലുമുള്ള മനുഷ്യർക്ക് അവരുടെ കഴിവുകൾ, അഭിപ്രായങ്ങൾ, അറിവ്, സർഗ്ഗാത്മകത എന്നിവയൊക്കെ ലോകവുമായി ഇന്ന് വളരെ വേഗം പങ്കിടാൻ കഴിയും. മാത്രമല്ല, ഇത് വരുമാന സാധ്യതകൾ കൂടി തുറന്നതോടെ കണ്ടന്റ് ക്രിയേറ്റേഴ്സിന്റെ എണ്ണം വർധിച്ചു. പലരും മറ്റ് ജോലികളുപേക്ഷിച്ച് കണ്ടന്റ് ക്രിയേഷനെ പ്രൊഫഷനായി കാണാൻ തുടങ്ങി.
ഇൻസ്റ്റഗ്രാമിന്റെ ജനപ്രിയതക്കൊപ്പം ഉയർന്നുവന്ന മറ്റൊരു സാധ്യതയാണ് ഇൻഫ്ലുവൻസേഴ്സ്. അത്രയധികം ഫോളോവേഴ്സുള്ളവരെ വൻകിട കമ്പനികൾ അവരുടെ ഉത്‍പ്പന്നങ്ങളുടെ പ്രമോഷനായി വൻതുക നൽകി ഉപയോഗിക്കാൻ തുടങ്ങി. അങ്ങനെ അവർ ഇൻഫ്ലുവൻസർമാരായി. ഇന്ത്യയിലെ ഇൻഫ്ലൂവൻസർമാരുടെ എണ്ണം 2020 ൽ ഒരു മില്യണിൽ താഴെയായിരുന്നത് 2024 ൽ നാല് മില്യൺ കവിഞ്ഞതായാണ് റിപ്പോർട്ട്. കോവിഡ് കാലം ഇത്തരത്തിൽ കണ്ടന്റ് ക്രിയേഷന് നിർണായകമായ പങ്കുവഹിച്ച കാലഘട്ടമായിരുന്നു. മഹാമാരിക്ക് ശേഷം, ഇന്ത്യയിൽ കണ്ടന്റ് ക്രിയേറ്റേഴ്സ് ഇക്കോണമി വൻ വളർച്ചയാണുണ്ടായത്. കണ്ടന്റ് ക്രിയേഷൻ വഴി യൂട്യൂബർമാർക്ക് വൻതുക കിട്ടാൻ തുടങ്ങിയതോടെ യൂട്യൂബ് വീഡിയോ, വ്ലോഗ്, ഷോർട്ട്സ്, ഇൻസ്റ്റാഗ്രാം റീലൊക്കെയായി കണ്ടന്റുകളുടെ കുത്തൊഴുക്കാണ്. ഫാഷൻ, പാചകം, ലൈഫ് സ്റ്റൈൽ, ടെക്നോളജി ഒക്കെയായിരുന്നു ആദ്യം കണ്ടന്റുകളെങ്കിൽ അതിനൊപ്പം ഇന്ന് എന്തും കണ്ടന്റായി മാറി. വ്യക്തിജീവിതമെന്നോ സ്വകാര്യതയെന്നോ ഉള്ള അതിരുകളൊന്നുമില്ല. ഏതാണ്, എപ്പോഴാണ് സോഷ്യൽ മീഡിയയിൽ ട്രെൻഡ് ആകുക എന്ന് പ്രവചിക്കാൻ സാധിക്കാത്തതിനാൽ ട്രെൻഡാകാൻ അപകടം നിറഞ്ഞ സാഹസികതകൾ ചെയ്യാനും മടിയില്ലാതെയായി. ഇത് പലപ്പോഴും ജീവൻ വരെ നഷ്ടമാകുന്ന അപകടങ്ങളിലേക്കും ആളുകളെ എത്തിച്ചിട്ടുണ്ട്.
ട്രാഡ് വൈഫ്, ഗർഭ ധാരണം, പ്രസവം, കുട്ടികൾ, കപ്പിൾസ്… കേരളത്തിൽ അതിവേഗം ട്രെൻഡാകുന്ന ചില കണ്ടന്റുകളാണിവ. വിവാഹിതയാകാത്ത യൂട്യൂബറാണെങ്കിൽ അവരുടെ പെണ്ണുകാണലിൽ തുടങ്ങുന്ന കണ്ടന്റുകൾ, പിന്നീട് അവർക്ക് കുട്ടികളായി അവരും കണ്ടന്റുകളായി മാറുന്നതിലേക്ക് വരെ നീളുന്നു. ഇത്തരം കണ്ടന്റുകളുടെയൊക്കെ പൊതുവായ പ്രത്യേകത സ്ത്രീയുടെ ജൻഡർ റോളുകൾ ഊട്ടിയുറപ്പിക്കുന്നവയും പരമ്പരാഗത കുടുംബ സങ്കൽപ്പങ്ങളെ പുനരാവിഷ്കരിക്കുന്നവയുമാണ് അവ എന്നതാണ്.
ട്രെൻഡാകുന്ന ട്രാഡ് വൈഫ്
ട്രഡിഷണൽ വൈഫ് അല്ലെങ്കിൽ പരമ്പരാഗത ഭാര്യ എന്നതിന്റെ ചുരുക്കപ്പേരാണ് ട്രാഡ് വൈഫ്. പരമ്പരാഗതമായി സ്ത്രീയുടെ ഉത്തരവാദിത്തമാണെന്ന് പറയപ്പെടുന്ന ജൻഡർ റോളുകൾ തിരഞ്ഞെടുക്കുന്ന സ്ത്രീകളെ വിളിക്കുന്ന പേരാണിത്. ഭർത്താവിന്റെയും കുട്ടികളുടെയും കാര്യങ്ങൾ നോക്കുക, വീട്ടുജോലികൾ നിർവഹിക്കുക, കുടുംബം നോക്കുക എന്നിവയൊക്കെയാണ് സ്ത്രീകളുടെ കടമ എന്നും അതുപോലെ ജീവിക്കാൻ ശ്രമിക്കുന്ന സ്ത്രീകളാണിവരെന്നും ട്രാഡ് വൈഫ് കണ്ടന്റുകൾ പറയുന്നു. മറ്റൊരു ജോലിക്കും പോകാൻ ഇവർ ആഗ്രഹിക്കുന്നില്ല. ഭർത്താവാണ് വീടിന്റെ വരുമാന സ്രോതസ്. സാഹചര്യം കൊണ്ട് ജോലിക്ക് പോകാൻ സാധിക്കാത്തവരല്ല ട്രാഡ് വൈഫുമാർ, മറിച്ച് ഇത് അവരുടെ തെരഞ്ഞെടുപ്പാണ്, അവർക്ക് ജോലിക്ക് പോകാൻ താൽപ്പര്യമില്ല, ചിലരാകട്ടെ ജോലി ഉപേക്ഷിച്ച് ട്രാഡ് വൈഫ് ആകാറുമുണ്ട്. ആഗോള തലത്തിൽ സമൂഹ മാധ്യമങ്ങളിൽ 2018 മുതൽ ഇത്തരത്തിൽ ട്രാഡ് വൈഫുമാരെ കാണാൻ സാധിക്കും. വിദേശ രാജ്യങ്ങളിൽ സ്വയം പ്രഖ്യാപിത ട്രാഡ് വൈഫുമാർ നിരവധിയുണ്ട്. പഴയകാലത്തെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചാണ് അവിടെ ട്രാഡ് വൈഫുമാർ തങ്ങളെ അവതരിപ്പിക്കുന്നത്.
ആഗോളമായി കാണുന്ന ട്രാഡ് വൈഫ് കണ്ടന്റുകളെ അതേപടി പകർത്തുന്നത് പോലെയല്ലെങ്കിലും കേരളത്തിലും ഇത്തരത്തിൽ യൂട്യൂബിലും ഇൻസ്റ്റഗ്രാമിലും വളരെയേറെ പിന്തുണയുള്ള പല സെലിബ്രിറ്റികൾക്കും അവരുടെ കണ്ടന്റുകൾക്കും ട്രാഡ് വൈഫ് മാനങ്ങൾ ഉള്ളതായി കാണാം. നേരത്തെ കണ്ട കമന്റുകൾ പോലെ നല്ല കുടുംബിനി, സ്നേഹമുള്ള അമ്മ, മികച്ച ഭാര്യ, നല്ല മരുമകൾ എന്നിങ്ങനെയുള്ള ആശയങ്ങളെ സമൂഹത്തിലേക്ക് പടർത്തുന്നതിന് ഇവ കാരണമാകുന്നുവെന്ന് ഇത്തരം കണ്ടന്റുകളും അവയുടെ കമന്റുകളും നിരീക്ഷിച്ചാൽ മനസിലാക്കാൻ സാധിക്കും.
വളരെ വൃത്തിയാക്കി അടുക്കി വെച്ച വീടും അടുക്കളയുമാണ് പലപ്പോഴും ഇവർ വീഡിയോയിൽ കാണിക്കുക. വൃത്തിയുള്ള വസ്ത്രം ധരിച്ച് മേക്കപ്പ് ഇട്ടാണ് ഇവരിൽ പലരും അടുക്കളയിൽ ജോലി ചെയ്യുന്നത് തന്നെ. കാഴ്ചക്കാരെ കൂട്ടാനായി വീട്ടുജോലികളുടെ 60 സെക്കന്റ് ദൈർഘ്യമുള്ള റീലുകളാണ് മിക്കവാറും കണ്ടന്റ് ക്രിയേറ്റേഴ്സ് കൂടുതലായി ചെയ്യുന്നത്. അതായത് രാവിലെ ബെഡിൽ നിന്ന് ഉറക്കം എഴുന്നേൽക്കുന്നത് മുതൽ മണിക്കൂറുകൾ എടുത്തു ചെയ്യുന്ന അടുക്കള പണിയും പാചകവുമൊക്കെ ഒരൊറ്റ മിനിറ്റിൽ കാണാൻ സാധിക്കും. ചിരിച്ചും, കാര്യം പറഞ്ഞും വൃത്തിയുള്ള വേഷത്തിൽ വളരെ വൃത്തിയുള്ള അടക്കളയിൽ ക്യാമറാ ആങ്കിളും ലൈറ്റും സെറ്റ് ചെയ്യുന്നതാണ് ഈ ദൃശ്യങ്ങളെന്ന് മറന്നുപോകാൻ ഇടയാക്കുകയും ഈ പണിയൊക്കെ ഇത്ര നിസാരമായിരുന്നോ എന്ന് തോന്നിപ്പിക്കുകയും ചെയ്യുന്നതാണ് ഒറ്റ മിനിറ്റ് മാത്രമുള്ള ഈ വീഡിയോകൾ. അടുക്കളപ്പണി എന്നത് അത്ര നിസാരമല്ല. നാളെ എന്തുണ്ടാക്കണമെന്ന ചിന്തയിൽ തുടങ്ങുന്നു സ്ത്രീകൾക്ക് അതിന്റെ ഭാരം. പാചകത്തിനാവശ്യമായ പലതും അരിഞ്ഞും വെട്ടിയും അരച്ചും ഒരുക്കിയിട്ട് വേണം അത് പാചകം ചെയ്യാൻ. അതായത് ശാരീരകവും മാനസികവുമായി വളരെയേറെ സമയം അതിനായി ചെലവഴിക്കേണ്ടി വരുന്നു എന്ന് ചുരുക്കം. ജോലിക്ക് പോകുന്ന സ്ത്രീകളാണെങ്കിൽ അവരെ സംബന്ധിച്ച് ജോലിക്ക് പോകും മുൻപ് മറ്റ് സഹായങ്ങളില്ലാതെ എല്ലാം തയ്യാറാക്കുക എന്നത് അതിലും കടുപ്പം നിറഞ്ഞതാണ്. പലപ്പോഴും കൃത്യമായ ഉറക്കമോ, വിശ്രമമോ ഒന്നുമില്ലാതെ പണിയെടുക്കേണ്ടി വരുന്നവരാണ് സാധാരണ സ്ത്രീകൾ. അത്യാധുനിക സൗകര്യങ്ങളുള്ള അടുക്കളയോ ഉപകരണങ്ങളോ ഒന്നുമില്ലാതെ വേണം ഇവരീ ജോലികൾ പൂർത്തിയാക്കാൻ. എന്നാൽ കണ്ടന്റ് ക്രിയേറ്റേഴ്സിനെ സംബന്ധിച്ച് എല്ലാത്തരം സൗകര്യങ്ങളുണ്ടെന്ന് മാത്രമല്ല അവർക്ക് ചെയ്യുന്ന കാര്യങ്ങൾ വീഡിയോ ആയി ചിത്രീകരിക്കാനുള്ള സമയവും അവർക്ക് ലഭിക്കുന്നുണ്ട്. അടുക്കളയിൽ സ്ത്രീകൾക്ക് നേരിടേണ്ടിവരുന്ന ജോലിഭാരത്തെ നിസ്സാരവത്കരിക്കുകയോ മഹത്വവത്കരിക്കുകയോ ചെയ്യുന്നു ട്രാഡ് വൈഫ് കണ്ടന്റുകൾ.


ഗവേഷണ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിലെ ഇത്തരം പ്രവണതകൾ നിരീക്ഷിച്ചതിലൂടെ മനസ്സിലാക്കിയ കാര്യങ്ങൾ ഗവേഷക മായാ പ്രമോദ് കേരളീയത്തോട് പങ്കുവെച്ചു. “മൈ വേ ഓഫ് കല്യാണി എന്നൊരു യൂട്യൂബ് ചാനലുണ്ട്, ഞാൻ സബ്സ്ക്രൈബ് ചെയ്തിട്ടില്ല പക്ഷെ എങ്ങനെയെങ്കിലുമൊക്കെ അവരുടെ വീഡിയോസ് എന്റെ ഫീഡിൽ വരാറുണ്ട്. ഇവർ ഡിഗ്രിയോ മറ്റോ കഴിഞ്ഞതാണ്. പക്ഷേ, അവർ പറയുന്നത് അവർക്ക് ജോലിക്ക് പോകാൻ താൽപ്പര്യമില്ലെന്നാണ്. അവരെല്ലാ ദിവസവും കാണിക്കുന്നത് മീൻ കറി വെക്കുന്നത്, ഒരു ദിവസം തന്നെ നാലും അഞ്ചും ഭക്ഷണമാണ് ഉണ്ടാക്കുന്നത്. ഞാനെന്റെ ക്യൂരോസിറ്റി കൊണ്ട് അവരുടെ കമന്റ് സെക്ഷനാണ് ശ്രദ്ധിച്ചത്. അവർ ഇത്രയും വളരെ പ്രിവിലേജ്ഡായിട്ടുള്ള സ്ത്രീ ആയിരിക്കുമ്പോഴും വീട്ടുജോലി ചെയ്യാനിഷ്ടപ്പെടുന്നു, അവര് വീട്ട് ജോലി ചെയ്യാൻ ഹൗസ് മെയ്ഡിനെ വെച്ചിട്ടില്ല, അവരുടെ ഹസ്ബന്റിന് വേണ്ടി സ്വയം ഭക്ഷണം ഉണ്ടാക്കുന്നു. സ്ത്രീകളാണല്ലോ ഇത്തരം കണ്ടന്റുകളുടെ വ്യൂവേഴ്സ്, അവർ കുറച്ചധികം കമന്റസിൽ ഇതിനെ പ്രെയിസ് ചെയ്യുന്നുണ്ട്. ഇപ്പോഴത്തെ തലമുറ ഇങ്ങനെയാണെങ്കിലും കല്യാണിയെ പോലെയുള്ളവർ കുടുംബത്തോട് കാണിക്കുന്ന സ്നേഹം എന്ന രീതിയിലാണ് പുകഴ്ത്തുന്നത്. സർക്കാർ ജോലിയുള്ള സ്ത്രീകളുടെ കമന്റുകൾ കാണാൻ സാധിക്കും. ഞങ്ങളിങ്ങനെയാണോ ഭർത്താവിനെ നോക്കുന്നത് എന്ന് അവര് തന്നെ സ്വയം ചോദിക്കുകയാണ്. നമുക്ക് ഇവരുടെ സൈക്കോളജിക്കൽ തോട്ട് എങ്ങനെയെന്ന് ട്രേസ് ചെയ്യാൻ പറ്റും? ഇവർ ഇതിനെ കൂടുതൽ കൂടുതൽ ജൻഡർ ബയാസ്ഡായിട്ട് ഉറപ്പിക്കുകയാണ് ചെയ്യുന്നത്. ഇത് മാത്രമാണ് ഇവരുടെ കണ്ടന്റ്. ഒരു പാചക വീഡിയോ പോലുമല്ല ഇത്. ഇതിനൊരു മറുവശം എന്താണെന്ന് വെച്ചാൽ, ഇവർ വളരെ പ്രിവിലേജ്ഡായിട്ടുള്ള സ്ത്രീയാണ്. ഇവരുടെ കാസ്റ്റ് കൊണ്ട്, സോഷ്യൽ സ്റ്റാറ്റസ് കൊണ്ട്, മറ്റെല്ലാം കൊണ്ട് വളരെ പ്രിവിലേജ്ഡായിട്ടുള്ള സ്ത്രീ. ഇവിരിതിനകത്ത് നിന്ന് വരമാനം ഉണ്ടാക്കുന്നുണ്ട്, ഒരേ സമയം സോഷ്യൽ സ്റ്റാറ്റസ് ക്രിയേറ്റ് ചെയ്യപ്പെടുന്നുണ്ട്. അവരുപയോഗിക്കുന്ന അടുക്കളയിലുള്ള എല്ലാ സംഭവങ്ങളും ഡിജിറ്റലൈസ് ചെയ്തിട്ടുള്ള ഉപകരണങ്ങളാണ്. ഇവരിതൊന്നും കൈകൊണ്ട് അരിയുന്നതല്ല, ഇവരുടെ ഉപ്പേരി അരിയുന്നത് ഒരു ടൈപ്പ് ഫിലിപ്സിന്റെ മിക്സിയാണ്. എന്റെ ഒരു ഊഹം വെച്ചിട്ട് ആ മിക്സിക്ക് ഏകദേശം 12000 രൂപക്കടുത്താണ് വില. ഇത് കാണുന്നവർ പറയുന്നത് ഇത്ര വലിയ വീടുള്ള, ഇത്ര വലിയ പൊസിഷനിൽ ഇരിക്കുന്ന ആളുടെ ഭാര്യയായ അവർക്ക് പോലും ഒരു ജോലിക്കാരിയെ വേണ്ടാ എന്നാണ്. ഇത് കാണുന്ന കുറച്ചധികം സാധാരണ സ്ത്രീകളുണ്ടാകാം, അവര് ഇതിനെ അനുകരിക്കാൻ ശ്രമിക്കുന്നുണ്ട്.”


‘പരമ്പരാഗത സ്ത്രീ’ എന്ന കള്ളം
ഇത്തരത്തിലുള്ള പല വീഡിയേകൾക്കും പ്രോത്സാഹനമായും വിമർശനമായും പരമ്പരാഗത സ്ത്രീയെന്നും കുല സ്ത്രീയെന്നും കമന്റുകൾ കാണാൻ സാധിക്കും. എന്നാൽ കേരളത്തിൽ അങ്ങനെ പരമ്പരാഗത സ്ത്രീ സങ്കൽപ്പമൊന്നുമില്ലായിരുന്നുവെന്ന് പറയുന്നു ചരിത്രകാരനായ ഡോ. വിനിൽ പോൾ. “പരമ്പരാഗത സ്ത്രീ എന്നൊന്ന് ഇല്ല. ഇരുപതാം നൂറ്റാണ്ടിന്റെ പകുതിയോട് കൂടി മാത്രം എമേർജ് ചെയ്ത് വന്നതാണത്, നൂറ്റാണ്ടുകളായിട്ട് ഇവിടുണ്ടായിരുന്നു എന്ന പ്രതീതിയാണ് ഇപ്പോഴുള്ളത്. സാരി എന്ന് പറഞ്ഞ സാധനം ഇവിടെയില്ലല്ലോ. തെറ്റ് വ്യാപകമായി വീണ്ടും, വീണ്ടും ഇവർ പ്രചരിപ്പിക്കുകയാണ്.” പെൺ പള്ളിക്കൂടങ്ങളുടെ ഭാഗമായി നല്ല ഭാര്യയാകാൻ മിഷണറിമാർ ആദ്യകാലങ്ങളിൽ ക്ലാസ് നൽകിയ ചരിത്രത്തെയും വിനിൽപോൾ ഓർമ്മിപ്പിച്ചു. “മിഷണറിമാർ കേരളത്തിലാദ്യമായി സ്ത്രീകൾക്ക് വേണ്ടി തുടങ്ങുന്ന സ്കൂൾ കോട്ടയത്തെ ബേക്കർ സ്കൂളാണ്. അതിന്റെ പേര് തന്നെ ഹസ്ബന്റ് ക്ലാസ് എന്നായിരുന്നു. അതായത് എങ്ങനെ നല്ല ഭാര്യമാരായി ജീവിക്കാം എന്നായിരുന്നു പഠിപ്പിക്കുന്നത്. അതിന്റ ഭാഗമായി അടുക്കള പണികളും പഠിപ്പിക്കും. കേരളത്തിലെ നായർ സമുദായത്തിനെ സംബന്ധിച്ച് കല്യാണം എന്നൊരു സംഭവമേ ഇല്ല, സംബന്ധമാണുള്ളത്. അവർക്ക് രണ്ടും മൂന്നും വിവാഹം കഴിക്കാം. പുരുഷന്മാർക്കും അത് പോലെ തന്നെ. വിക്ടോറിയൻ മൊറാലിറ്റി സങ്കൽപ്പത്തിൽ നിന്ന് നോക്കുമ്പോൾ ഇവിടെ രണ്ടും മൂന്നും കെട്ടുകയും മൂന്നും നാലും ഭർത്താക്കന്മാരും ഭാര്യമാരും ഒക്കെ ഉള്ള ഒരു സിസ്റ്റം നിലനിൽക്കുന്നു. ഭർത്താവ് ഇരിക്കുന്ന സാഹചര്യത്തിൽ തന്നെ നമ്പൂതിരിമാരായ ആളുകൾ വീട്ടിലേക്ക് വരുന്നു, ഇങ്ങനെയുള്ള കാര്യങ്ങളാണ് മിഷണറിമാർ കാണുന്നത്. ഇതിനെ ഒരു യൂറോപ്യൻ സിസ്റ്റത്തിലേക്ക് മാറ്റുന്നതിന്റെ ഭാഗമായിട്ടാണ് ഇവർ വ്യാപകമായി സ്കൂളുകളിൽ ഇത്തരത്തിലുള്ള ട്രെയിനിങ്ങ് കൊടുത്തത്. അടുക്കള പണികൾ പഠിപ്പിക്കുക, വീടിനുള്ളിൽ എങ്ങനെയാകണം, ഭാര്യ എന്താണ്, ഭർത്താവ് എന്താണ് എന്നുള്ളതെല്ലാം പഠിപ്പിച്ചു. കേരളത്തിൽ നിലനിന്നിരുന്ന ബഹുഭാര്യത്വം, ബഹുഭർതൃത്വം തന്നെയായിരുന്നു ഇതിന്റെ കോൺടെക്സ്റ്റ്. ഒരു കൊളോണിയൽ മോഡേണിറ്റിയുടെ ഭാഗമായിട്ടാണ് ഇങ്ങനെയൊരു സങ്കൽപ്പത്തിലേക്ക് വന്നത്. വൃത്തിയെ കുറിച്ച്, പാചകത്തെ കുറിച്ച്, ഭക്ഷണത്തെക്കുറിച്ച്, അതുപോലെ ഒരു ഭാര്യ, ഒരു ഭർത്താവ് എന്നതിലൊരു മാറ്റം പാപമാണ് എന്നും പഠിപ്പിച്ചു.”


ചോയ്സ് എന്നതിലെ പ്രശ്നം
ആഗോളതലത്തിലും ഇവിടെയും ഇത് ഞങ്ങളുടെ ചോയ്സാണെന്ന് പറയുന്നവരാണ് ഇത്തരം കണ്ടന്റ് ക്രിയേറ്റേഴ്സ്. ആ സങ്കൽപ്പത്തെ ചോദ്യം ചെയ്യുകയാണ് നാഷ്ണല്ർ യൂണിവേഴ്സിറ്റി ഓഫ് അയർലന്റിലെ ഗവേഷകയും എഴുത്തുകാരിയുമായ ഭവാനി കുഞ്ഞുലക്ഷ്മി. ”ഇവർ ഫെമിനിസത്തെ ആയുധമാക്കി കൊണ്ട് ഇത് ഞങ്ങളുടെ ചോയ്സാണെന്ന് പറയുന്നുണ്ടല്ലോ. ട്രാഡ് വൈഫ് എടുക്കുന്ന ചോയ്സ് വ്യക്തിപരമെന്ന് പറയുമ്പോഴും അത് കളക്റ്റീവ് ഹാം ചെയ്യുന്നില്ലായിരിക്കും. പക്ഷെ, അവർ ചില ആശയങ്ങളെ ഊട്ടിയുറപ്പിക്കുന്നത് മൊത്തം സ്ത്രീകൾക്കും കളക്റ്റീവ് ഹാം ആയി മാറുകയാണ്. അവരുടെ മാത്രം ഒരു പേർസണൽ ചോയ്സ് അല്ല, ആ ഒരു മൊമെന്റിൽ ഇത് സ്ത്രീകളുടെ മൊത്തം ഏജൻസിയെയാണ് ചോദ്യം ചെയ്യുക.”


മാത്രമല്ല ജൻഡർ റോൾസ് എന്നതിലുപരി വലതുപക്ഷ രാഷ്ട്രീയത്തിന്റെ സ്വാധീന വലയത്തിൽപ്പെട്ടവയാണ് മിക്കവാറും കണ്ടന്റുകളെന്നും ചൂണ്ടിക്കാട്ടുന്നു ഭവാനി കുഞ്ഞുലക്ഷ്മി. “അവസാനം എന്തൊക്കെ പറഞ്ഞാലും ഇവർ പ്രമോട്ട് ചെയ്യുന്ന ജൻഡർ റോൾസ് എന്നത് റീപ്രൊഡക്റ്റീവ് റോൾസാണ്. അതുകൊണ്ട് തന്നെ ഇതിനെ ബ്രാഹ്മണിസത്തിൽ നിന്ന് വേർതിരിച്ച് കാണാൻ സാധിക്കുകയില്ല. എവിടെയോ ഞാൻ വായിച്ചിട്ടുണ്ടായിരുന്നു Trad wife culture is whiteness in a-line dress എന്ന്. അതുപോലെ ഇവിടെ നമ്മുടെ കൊൺടെക്സ്റ്റിൽ ഇത് മനുസ്മൃതിയെ ഗ്ലാമറൈസ് ചെയ്യുന്നതിനുള്ള മാർഗമായാണ് തോന്നുന്നത്. രസകരമായ കാര്യം ഇത് അവരുടെ റിയാലിറ്റി അല്ല. കാരണം, ഇവർ വീട്ടിലിരിക്കുന്ന അമ്മമാരല്ല. യഥാർത്ഥത്തിൽ അവർ വീട്ടമ്മമാരല്ല. അവർ ഇൻഫ്ലുവൻസറായി ജോലി ചെയ്യുകയാണ്, അവരത് അംഗീകരിച്ചില്ലെങ്കിലും. പിന്നിൽ അവർക്കായി വീട്ടുജോലികൾ ചെയ്യാൻ സ്ത്രീകൾ ഉണ്ടാവും. അത് മിക്കവാറും ബഹുജൻ സ്ത്രീകളായിരിക്കും. അതിന് പുറകിൽ ലേബർ ഉള്ളതുകൊണ്ടാണ് അവർക്ക് ഇങ്ങനെ ബ്രാഹ്മണിക്കലായിട്ടുള്ള കൺസെപ്റ്റ്സ്, ഫെമിനിറ്റി, ഐഡിയൽ സവർണ സ്ത്രീയായി, മാതൃത്വം തുളുമ്പുന്ന, വൈഫ്ലി ഡിവോഷണൽ സ്ത്രീയായി പ്രസന്റ് ചെയ്യാൻ സാധിക്കുന്നത്. ചില സാമ്പത്തിക സാമൂഹിക സാഹചര്യങ്ങളിൽ നിന്നുള്ളവർക്ക് മാത്രമേ ഇങ്ങനെ ചെയ്യാൻ പറ്റൂ. ഇന്ത്യയിലുണ്ടോ എന്നറിയില്ല, പുറത്ത് ഞാൻ കേട്ടിട്ടുള്ളത് ട്രാഡ് വൈഫ് കോഴ്സസ് തന്നെ നടത്തുന്നുണ്ടെന്നാണ്.
ഇത്തരം കണ്ടന്റുകൾ കണ്ട് ആസ്വദിക്കുമെങ്കിലും സ്വന്തം ജീവിത്തതിൽ ആളുകൾ ഇതൊന്നും പകർത്താൻ സാധ്യതയില്ലെന്നാണ് അധ്യാപികയും എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ ഡോ. ജെ ദേവികയുടെ അഭിപ്രായം. “ഈ പറയുന്ന ട്രാഡ് വൈഫിന്റെ വീട്ടിൽ എന്തായിരിക്കും എന്ന് കണ്ടറിയണം. ഇതൊന്നും കണ്ട് ആരും ഇൻഫ്ലുവൻസാകും എന്ന് തോന്നുന്നില്ല. മോശം ഇൻഫ്ലുവൻസ് ഇവരെ കൊണ്ട് ഉണ്ടാകുന്നുണ്ടെങ്കിൽ ഇത് അഭിനയമാണെന്നുള്ളത് എക്സ്പോസ് ചെയ്യുകയാണ് വേണ്ടത്. സോഷ്യൽ മീഡിയയിൽ കാണുന്നതൊക്കെ അഭിനയമാണെന്ന് നമ്മൾ എക്സ്പോസ് ചെയ്താൽ മാത്രം മതി. ഇന്നത്തെ കാലത്ത്, പഴയ പത്നിധർമ്മം അഭിനയിക്കാനല്ലാതെ ശരിക്കും ചെയ്യാൻ ബുദ്ധിമുട്ടാണെന്ന് എല്ലാർക്കുമറിയാം. അത്ര ട്രഡിഷണലായിട്ടുള്ളവർ പണമുണ്ടാക്കില്ലല്ലോ? നാട്ടുകാരുടെ മുന്നിൽ അത് പ്രദർശിപ്പിക്കേണ്ട കാര്യമായിട്ട് തോന്നില്ലല്ലോ? ജീവിക്കണ്ട കാര്യമായിട്ടല്ലേ തോന്നൂ. അവർ ആരുടെയും കിച്ചൺ ഇതുപോലെയല്ല ഇരിക്കുന്നതെന്ന് എല്ലാവർക്കുമറിയാം. അങ്ങോട്ട് തിരിച്ചുപോക്ക് ഉണ്ടാകുമെന്ന് എനിക്ക് വ്യക്തിപരമായി തോന്നുന്നില്ല. ഭർത്താവിന് വേണ്ടി ഭാര്യ രാത്രി മുഴുവൻ ഉറക്കമൊഴിഞ്ഞ് കാത്തിരിക്കുന്ന, അങ്ങനെയൊക്കെയുള്ള ഭാര്യമാരെയൊന്നും ഇനി കാണാൻ പോകുന്നില്ല എന്നാണ് എനിക്ക് തോന്നുന്നത്. ഇന്ദുലേഖ കോംപ്ലക്സ് ഒന്നും ഇന്ന് ചെറുപ്പക്കാരികളുടെ ഇടയിലില്ല.”


ഇത്തരം കണ്ടന്റുകളെ സ്വാധീനിക്കുന്നത് വിപണിയാണെന്നാണ് കാലടി സംസ്കൃത സർവകലാശാലയിലെ അധ്യാപികയും എഴുത്തുകാരിയുമായ ഡോ. ഷംഷാദ് ഹുസൈൻ പറയുന്നത്. “ഏതിനാണ് കൃത്യമായി പരസ്യം കിട്ടുക, ഏതിനാണ് വ്യൂവേഴ്സിനെ കിട്ടുക എന്നുള്ള മാർക്കറ്റ് മാത്രമാണ് പ്രധാനമായി അവർ കാണുന്നത്. ഞാൻ കാണുന്ന ചില വീഡിയോസിൽ കുക്കിംഗ് ചെയ്യുന്നത് ആണുങ്ങൾ മാത്രമാണ്. ജൻഡർ റോളുകൾ അതിൽ കൃത്യമായി വേർതിരിച്ച് പറയാൻ പറ്റുമോയെന്നുള്ള സംശയമുണ്ട്. കുറച്ച് സ്ത്രീകളുണ്ട് കുക്ക് ചെയ്യുന്ന റെസിപ്പീസ് ഒന്നും കാണിക്കാറില്ല, പക്ഷേ അവർ വീട്ടിൽ ജോലി ചെയ്യുന്ന കാര്യങ്ങൾ കാണിക്കും. ഭർത്താവിനെ വിട്ടു, സ്കൂളിൽ കുട്ടികളെ വിട്ടു എന്നതെല്ലാം കാണിക്കും. ജൻഡർ റോൾസ് സ്പെസിഫിക്കലി വീണ്ടും പ്രമോട്ട് ചെയ്യുന്ന കൾച്ചർ ഇവിടെ നിലനിൽക്കുന്നുണ്ട്. അതിനെ എനിക്കത്ര നെഗറ്റീവായി തോന്നിയിട്ടില്ല. ഒന്ന് ആണുങ്ങൾ പുറത്ത് പോയി ജോലി ചെയ്യുന്ന സമയത്ത് സ്ത്രീകൾ വീട്ടിനകത്ത് വർക്ക് ചെയ്യുന്നുണ്ടായിരുന്നു. അതുപക്ഷേ വിസിബിൾ അല്ലായിരുന്നു. നിനക്കെന്താ പണി എന്ന തരത്തിലുള്ള ചോദ്യങ്ങളായിരുന്നു നേരിട്ടതെങ്കിൽ ഇപ്പോൾ വീട്ടിനകത്ത് സ്ത്രീ എന്തൊക്കെ ചെയ്യുന്നുണ്ട് എന്നത്, സ്ത്രീകൾ വർക്ക് ചെയ്യുന്നുണ്ട് എന്നത് വിസിബിൾ ആകുകയല്ലേ? ആ അർത്ഥത്തിൽ അതിന് പ്രധാന്യമുണ്ട് എന്നാണ് ഞാൻ കരുതുന്നത്. പക്ഷേ, അതിനെ ഐഡിയലൈസ് ചെയ്യുമ്പോഴാണ് അത് പ്രശ്നമാകുന്നത്. അവർ മാർക്കറ്റ് മാത്രമാണ് നോക്കുന്നതെന്നാണ് എന്റെ തോന്നൽ.”


മുസ്ലീം സമൂഹത്തിൽ പലഹാരമുണ്ടാക്കി വിറ്റിരുന്ന സ്ത്രീകൾക്ക് ഇപ്പോൾ ലഭിച്ച വിസിബിലിറ്റിയെക്കുറിച്ചും ഷംഷാദ് ഹുസൈൻ കൂട്ടിച്ചേർത്തു. “വളരെക്കാലം മുമ്പ് തന്നെ കോഴിക്കോട്ടെ മുസ്ലീം സ്ത്രീകൾ വീട്ടിനകത്ത് പലഹാരങ്ങളുണ്ടാക്കി അത് വിപണിയിലെത്തിക്കുന്നുണ്ടായിരുന്നു. എന്നാൽ അത് പുറത്ത് കൊണ്ടുപോകുന്നതും വിൽക്കുന്നതുമൊക്കെ ആണുങ്ങളായിരുന്നു. ഇന്ന് ആ സ്ത്രീകൾക്ക് വിസിബിലിറ്റിയുണ്ടായി. വളരെ പോസിറ്റീവായാണ് എനിക്ക് തോന്നിയത്. സ്ത്രീകളുടെ അധ്വാനത്തിന് വാല്യൂ കിട്ടുന്നുണ്ട്, വിസിബിലിറ്റി കിട്ടുന്നുണ്ട്.”
മില്യണടിക്കുന്ന ഗർഭധാരണവും, പ്രസവവും, കുട്ടിയും
സമീപകാലത്തെ സമൂഹ മാധ്യമ കണ്ടന്റുകളിൽ ഏറ്റവും കൂടുതൽ വ്യൂ കിട്ടുന്ന കണ്ടന്റുകളിലൊന്നാണ് ഗർഭധാരണം, പ്രസവം സംബന്ധിച്ച കണ്ടന്റുകൾ. സമൂഹ മാധ്യമങ്ങളിൽ ഫോളോവേഴ്സുള്ള സ്ത്രീകൾ തങ്ങൾ ഗർഭിണിയായി എന്ന് മറ്റുള്ളവരെ അറിയിക്കുന്ന സർപ്രൈസ് വീഡിയോ മുതൽ കണ്ടന്റുകളുടെ പെരുമഴക്കാലം ആരംഭിക്കുകയാണ്. പിന്നീട് അങ്ങോട്ട് ഓരോ ദിവസവും ഗർഭകാല ഭക്ഷണം, ഗർഭകാല വസ്ത്രം, ഗർഭകാലത്തെ കൊതി തുടങ്ങി സകല കാര്യങ്ങളും ‘ഡേ ഇൻ മൈ പ്രഗ്നൻസി’ കണ്ടന്റായി മാറുന്നു. എടുത്ത് പറയേണ്ട കാര്യം ഈ ഗർഭിണികളൊക്കെ യൂട്യൂബർമാരായതിനാൽ തന്നെ അവരാരും ജോലിക്ക് പോകുന്നില്ല, വീടുകളിൽ തന്നെ വിശ്രമിക്കുന്ന ഗർഭകാലമാണ് മിക്കവർക്കും. ഇവരുടെ ഗർഭം പ്രമുഖ മാധ്യമമങ്ങളിൽ വരെ വാർത്തയായി മാറുന്നു എന്നതാണ് മറ്റൊരു രസകരമായ കാര്യം.
മറ്റൊന്ന് സംസ്കാരികമായ മാറ്റങ്ങളാണ്. കണ്ടന്റ് ക്രിയേറ്റേഴ്സ് വളരെ അത്യാഡംബരമായി ആഘോഷിക്കുന്ന ഒന്നായി മാറി വളകാപ്പ് എന്ന ചടങ്ങ്. ഇതിന്റെ ചുവട് പിടിച്ച് കേരളത്തിലങ്ങോളമിങ്ങോളം കോളേജുകളിലും മറ്റും വരെ അധ്യാപകരുടേയും സഹപാഠികളുടെയും ഗർഭകാലത്ത് വളക്കാപ്പ് ആഘോഷം ഇന്ന് സമൂഹ മാധ്യമങ്ങളിൽ ട്രെൻഡായിട്ടുണ്ട്. ഡെലിവറിക്കായി ബാഗ് ഒരുക്കുക എന്ന പേരിൽ ഇവർ പലപ്പോഴും പല ബ്രാൻഡുകളുടെയും പ്രമോഷനാണ് നടത്തുക. ശേഷം ഡെലിവറിയാണ് മറ്റൊരു കണ്ടന്റ്. ആത്യാധുനിക സൗകര്യങ്ങളുള്ള സ്വകാര്യ ആശുപത്രികളിലാണ് ഇവരുടെ ഡെലിവറി. കുട്ടി ജനിച്ച് കഴിഞ്ഞാൽ പിന്നെ കുട്ടികളായി മാറും ഇവരുടെ പ്രധാന കണ്ടന്റ്. പിന്നീട് കുട്ടിയുടെ 28 കെട്ട്, ഒന്നാം പിറന്നാൾ, രണ്ടാമത്തെ ഗർഭധാരണം തുടങ്ങി കണ്ടന്റുകൾ ആവർത്തിക്കപ്പെടുന്നു. സ്ത്രീയുടെ പ്രത്യുൽപ്പാദനപരമായ അവകാശങ്ങളെ ഉത്തരവാദിത്തമായി മാത്രം കാണുന്ന സമൂഹത്തിലാണ് ഇത്തരം കണ്ടന്റുകൾ ആഘോഷിക്കപ്പെടുന്നത് എന്നോർക്കണം. തനിക്ക് കുട്ടി വേണോ വേണ്ടയോ എന്ന് തീരുമാനമെടുക്കാൻ പോലും സ്വാതന്ത്ര്യമില്ലാത്ത സ്ത്രീകൾ ജീവിക്കുന്ന സമൂഹമാണ് നമ്മുടേത്. അങ്ങനെയൊരു സമൂഹത്തിൽ പ്രത്യുൽപ്പാദനപരമായ തെരഞ്ഞെടുപ്പ് പൂർണ്ണമായും സത്രീയുടെ അവകാശമാണെന്ന് ബോധവൽക്കരിക്കുന്നതിന് പകരം ഇത്തരം ആചാരങ്ങളെ/ചടങ്ങുകളെ സംസ്കാരത്തിന്റെ ഭാഗമാക്കി കൂട്ടിച്ചേർക്കുന്ന ഈ വിപണി തന്ത്രത്തിന് പിന്നിൽ വലതുലപക്ഷ മൂല്യങ്ങളാണുള്ളത്.
മംമ് ഇൻഫ്ലൂവൻസർമാരാണ് വേറൊരു കൂട്ടർ. ഇവർ തങ്ങളുടെ കണ്ടന്റുകളിൽ സ്വന്തം കുഞ്ഞുങ്ങളുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്നു. മിക്കവാറും ഇവരുടെ കണ്ടന്റുകളൊക്കെയും കുട്ടികളുമായി ബന്ധപ്പെട്ടതായിരിക്കും. എന്നാൽ കുഞ്ഞുങ്ങളെ കണ്ടന്റാക്കി മാറ്റുന്ന പലരും ഓർക്കാതെ പോകുന്ന ഒന്നാണ് കുഞ്ഞുങ്ങളുടെ സ്വകാര്യത എന്നത്. കുട്ടികളും അഭിപ്രായമുള്ള വ്യക്തികളാണ്. അമേരിക്കൻ പേരന്റിങ്ങ് വ്ലോഗർ ആയ റൂബി ഫ്രാങ്ക് തന്റെ കുഞ്ഞുങ്ങളെ ക്രൂരമായ പീഡിപ്പിച്ചതിന് ശിക്ഷിക്കപ്പെട്ടത് വാർത്തയായിരുന്നു. റൂബിയുടെ മകളായ Shari Franke എഴുതിയ പുസ്തകത്തിന്റെ പേര് ‘The House of My Mother: A Daughter’s Quest for Freedom’ എന്നായിരുന്നു. വിചാരണ വേളയിൽ ഷാരി പറഞ്ഞതിങ്ങനെയാണ്, “സന്മാർഗികമോ ധാർമ്മികമോ ആയ ഒരു കുടുംബ വ്ലോഗർ ഇല്ല” . കുട്ടികളുടെ ഫോട്ടോ വീഡിയോ എന്നിവ സമൂഹ മാധ്യമങ്ങൾ വഴി പങ്കുവെക്കുന്നത് Sharenting എന്ന പേരിലാണറിയപ്പെടുന്നത്. പലപ്പോഴും പിക്ചർ പെർഫെക്റ്റ് ഫാമിലിക്കായി കുട്ടികളുടെ സ്വകാര്യതയെ മാനിക്കാതെ പങ്കുവെക്കുന്നതൊക്കെയും അവരെ ബാധിക്കുന്നതെങ്ങനെയെന്ന് വ്യക്തമാക്കുന്നതാണ് ന്യൂയോർക്ക് ടൈംസ് പുറത്തിറക്കിയ വീഡിയോ. അതിൽ അനുവാദമില്ലാതെ ഫോട്ടോ സമൂഹ മാധ്യങ്ങളിൽ പങ്കുവെച്ചതിനെതിരെ അമ്മമാരെ ചോദ്യം ചെയ്യുന്ന ഏഴ് വയസുകാരിയെയും 18 വയസുകാരനെയും ഒരുപോലെ കാണാൻ സാധിക്കും.
ജാതീയത നിറയുന്ന കണ്ടന്റുകൾ
ഇന്ന് പ്രചാരമേറി വരുന്ന സ്ലോ ലൈഫ്, പഴമ, തറവാട്, നാട്ടിൻപുറം എന്നീ കണ്ടന്റുകളിലെല്ലാം സവർണ പാരമ്പര്യങ്ങളുടെ അടയാളങ്ങൾ കാണാൻ സാധിക്കും. “ബ്രാഹ്മണിക്കലായ ട്രെഡീഷൻസിനെ റീബ്രാൻഡ് ചെയ്ത് വളരെ പ്രോഗ്രസീവാക്കി കാണിച്ച് അതിന് കുറച്ച് ഗൃഹാതുരത്വം തുളുമ്പുന്ന വിഷ്വൽ എലമെന്റ്സ് കൂടി ചേർക്കും. ഞാൻ നഗര ജീവിതം കൊണ്ട് മടുത്തു, ഞാൻ എന്റെ തറവാട്ടിലേക്ക് തിരിച്ചുപോകുകയാണ്. എന്നിട്ട് ഇവരുടെ സവർണ തറവാടുകളിൽ നിന്നുള്ള വീഡിയോസ് ഇങ്ങനെ റീൽസാക്കിയിട്ട് ഷെയർ ചെയ്ത് കൊണ്ടിരിക്കുകയാണ്. ഗേൾസ് ബോസ്, ഫെമിനിസവും ഒക്കെ പോകട്ടെ, വെസ്റ്റേണൈസേഷനെ പ്രതിരോധിക്കുന്നതാണ് എന്ന് പറഞ്ഞിട്ടാണ് ഇതൊക്കെ ചെയ്യുന്നത്. ചെയ്യുന്നവരാകട്ടെ വളരെ യങ്ങ് ആയ, സവർണരായ, എജ്യുക്കേറ്റഡ് ആയിട്ടുള്ളവർ. ഇവർ റൊമാന്റിസൈസ് ചെയ്യുന്നത് ബഹുജൻ മനുഷ്യർ അടിമപ്പണി ചെയ്യിപ്പിച്ചിരുന്ന കാലത്തെയാണ്. അവരെ തല്ലിച്ചതയ്ക്കാനും അത് ലീഗലൈസ് ചെയ്യാനും കഴിയുന്ന കാലഘട്ടത്തിലുണ്ടായിരുന്ന കൾച്ചറിനെയാണല്ലോ ഇവർ പ്രമോട്ട് ചെയ്യുന്നത്. ആ കാലഘട്ടത്തിൽ ഈ കൾച്ചർ മെയിന്റയിൻ ചെയ്യുന്നതിന് വേണ്ടി, ഇവരുടെ മനോഹരമായി ജീവിതത്തിന് വേണ്ടി പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന, ചോരവാർക്കേണ്ടി വന്ന ഒരുപാട് ബഹുജൻ മനുഷ്യരുണ്ട്, സവർണ സ്ത്രീകൾക്ക് ഇത്തരത്തിൽ ഫെമിനിൻ ആയ കാര്യങ്ങൾ ചെയ്യാൻ വേണ്ടിക്കൂടി.” ഭവാനി കുഞ്ഞുലക്ഷ്മി സമൂഹ മാധ്യമങ്ങളിലൂടെ ഒളിച്ചുകടത്തുന്ന സവർണതയെ തുറന്നുകാട്ടുന്നു.
സമാന അഭിപ്രായം തന്നെയാണ് സമൂഹ മാധ്യമങ്ങളിലെ കണ്ടന്റിന്റെ പൊതു സ്വാഭാവത്തെ കുറിച്ച് വിനിൽ പോളും പങ്കുവെച്ചത്. “ഇപ്പോഴത്തെ ഈ ന്യൂജനറേഷൻ ജാതിയില്ലാ എന്നൊക്കെ പറയുന്നുണ്ടല്ലോ. അതിന് ഓപ്പോസിറ്റാണ് ഇവരെല്ലാം ഈ കാണിച്ചുകൊണ്ടിരിക്കുന്നത്. എങ്ങനെയാണോ ഈ കല്യാണത്തിന്റെ സിസ്റ്റം കിടക്കുന്നത് അതിനെ അതേ രീതിയിൽ ചിത്രീകരിക്കുന്ന പരിപാടികളാണ് ഇവരുടെ കല്യാണത്തെ കുറിച്ചും കുടുംബത്തെ കുറിച്ചും പ്രണയത്തെ കുറിച്ചും എല്ലാം കാണിക്കുമ്പോഴുള്ളത്. 60 -70 കളിലെ നായർ സങ്കൽപ്പത്തിലാണ് ഇതെല്ലാമുള്ളത്. സവർണത തന്നെയാണ് ഇവർ പ്രചരിപ്പിക്കുന്നത്. കേരളത്തിനെ സംബന്ധിച്ച് സ്വഭാവികമായിട്ടും നായർ സമുദായത്തെ മാത്രമാണിതിലെല്ലാം റപ്രസെന്റ് ചെയ്യുന്നത്. പഴയ ആറാം തമ്പുരാൻ – മോഹൻലാൽ സിനിമകളൊക്കെ പോലെ തന്നെയാണിതും.”
സാമ്പത്തികമായോ ജാതീയമായോ പ്രിവിലേജ്ഡല്ലാത്ത മനുഷ്യർ തങ്ങളുടെ യതാർത്ഥ ചുറ്റുപാടിൽ നിന്ന് ചെയ്യുന്ന കണ്ടന്റുകൾക്കടിയിൽ വൃത്തിയില്ലെന്നും മോശമായ വാക്കുകളുപയോഗിച്ച് അധിക്ഷേപിക്കുന്ന കമന്റിൽ തന്നെയുണ്ട് മലയാളിലയുടെ വരേണ്യ ബോധം.


കുടുംബത്തിലൊതുങ്ങേണ്ടുന്ന സ്ത്രീ
വീടാണ് തങ്ങളുടെ സ്വർഗമെന്ന് ട്രാഡ് വൈഫ് കണ്ടന്റുകൾ ആവർത്തിക്കാറുണ്ട്. ഭർത്താവിനോടുള്ള സ്നേഹം, കുട്ടികളോടൊപ്പമുള്ള നിമിഷങ്ങൾ, മാതാപിതാക്കൾക്കും ഭർതൃ മാതാപിതാക്കൾക്കൊപ്പമുള്ള ദിവസങ്ങളൊക്കെ കണ്ടന്റാകും. എന്നാൽ ഇവരൊക്കൊ മിക്കവാറും അണുകുടുംബങ്ങളായി ജീവിക്കുന്നവരാകും. മാതാപിതാക്കളും മറ്റും വളരെ കുറച്ച് ദിവസങ്ങളിലാകും ഇവർക്കൊപ്പമുണ്ടാകുക. പരസ്പരം സ്നേഹം മാത്രമുള്ള, അഭിപ്രായ വ്യത്യസങ്ങളോ വഴക്കുകളോ ഇല്ലാത്ത സന്തുഷ്ട കുടുംബങ്ങൾ. പരമ്പരാഗതമായി സ്ത്രീകൾ അനുഭവിക്കുന്ന ലിംഗപരമായ പ്രശ്നങ്ങൾ, അടിച്ചമർത്തലുകൾ എല്ലാം മൂടിവെച്ചുകൊണ്ട് സ്നേഹവും സൗന്ദര്യാത്മകതയും നിറയുന്ന വീടും, വൃത്തിയുള്ള അടുക്കളയും, മേക്കപ്പണിഞ്ഞ സ്ത്രീകളും, കുട്ടികളും, ഭർത്താവും ഉൾക്കൊള്ളുന്ന ആഘോഷ ദിവസങ്ങൾ. സോഷ്യൽ മീഡിയയിൽ അതെല്ലാം പോസ്റ്റ് ചെയ്യാൻ വേണ്ടി തയ്യാറായി നിൽക്കുന്ന ഒരു പിക്ചർ പെർഫെക്ട് കുടുംബം. സമൂഹ മാധ്യമങ്ങളിലെ മിക്ക കണ്ടന്റുകൾ പരിശോധിച്ചാലും ഇത്തരത്തിൽ കുടുംബ മൂല്യങ്ങളെ ഊട്ടിയുറപ്പിക്കുന്ന സ്ത്രീ-പുരുഷ ലിംഗാധിഷ്ടിത കുടുംബങ്ങളെ മാത്രമാണ് കാണാൻ സാധിക്കുക. അടുത്ത കാലത്തായി ശക്തിപ്പെടുന്ന വലതുപക്ഷ താത്പര്യങ്ങൾക്കും വിപണി മൂല്യങ്ങൾക്കും അത്തരത്തിലുള്ള ‘പെർഫെക്ട് കുടംബം’ ആവശ്യമാണ്. എന്നാൽ ഇത്തരം കണ്ടന്റുകൾ കണ്ടിട്ട് തങ്ങൾ പെർഫെക്ട് അല്ല എന്ന് തോന്നുന്ന സ്ത്രീകളും, ‘കുടുംബിനി’യായ സ്ത്രീകളെ ആഗ്രഹിക്കുന്ന പുരുഷന്മാരും തങ്ങളുടെ കുടുംബമെന്തേ ഇങ്ങനെയല്ല എന്ന് ചിന്തിച്ച് വിഷമിക്കുന്നവരും മനസിലാക്കുക, കണ്ടന്റ് ക്രിയേറ്റേഴ്സിന്റേത് വരുമാനത്തിനായി അഭിനയിച്ച് തീർക്കുന്ന റീൽ ലൈഫും നമ്മുടേത് നമ്മൾ ജീവിച്ച് തീർക്കേണ്ട റിയൽ ലൈഫുമാണ്.